പല വിധ സാഹചര്യങ്ങളാല്‍ ദീര്‍ഘ വിരാമം വന്നുപോയ കഥയാണ് ഇത്. ഞാന്‍ അടുത്തിടെ
എഴുതിയ കഥകളില്‍ പലരും ഇതിന്റെ തുടര്‍ച്ചയ്ക്ക് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ്
ഇതിന്റെ ആറാം അദ്ധ്യായം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. അധികം ആരും തന്നെ
വായിക്കാന്‍ തെരഞ്ഞെടുക്കാത്ത കഥ എന്നത് കൊണ്ട് എന്റെ ഉത്സാഹവും പോയിരുന്നു. ഇതിന്
ലഭിക്കുന്ന പ്രതികരണം കണ്ടതിനു ശേഷം മാത്രമേ ഇതിന് ഒരു തുടര്‍ച്ച വേണമോ എന്ന് ഞാന്‍
ചിന്തിക്കുകയുള്ളൂ…
സസ്നേഹം,
സ്മിത.
****************************************************
കൊല്ലങ്കോടുള്ള വീട്ടിലെത്തുമ്പോള്‍ രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു.
അടുത്തൊന്നും അയല്‍ വീടുകളില്ലാത്ത, ഏകദേശം വിജനമായ ഒരിടമായിരുന്നു അത്.
പ്രധാന പാതയില്‍ നിന്നും ഏകദേശം അരക്കിലെമീറ്റര്‍ ഉള്ളിലേക്ക് മണ്‍പാതയിലൂടെ
നടന്നാണ് വീട്ടിലെത്തേണ്ടത്.
പാതയുടെ അരികില്‍ വലിയ, എന്നാല്‍ പഴയ ഒരു വീട്.
“വിഷ്ണു,”
ഗേറ്റിനു വെളിയില്‍ എത്തിയപ്പോള്‍ വീരപ്പന് സന്തോഷ് വിഷ്ണുവിനെ നോക്കി.
വിഷ്ണു ആജ്ഞകാത്ത് അയാളെയും.
“നീയും ലാലപ്പനും ഞാനും ഗ്രൗണ്ടില്‍. ബാക്കിയുള്ളവര്‍ ടെറസ്സില്‍. റിയയും ഷബ്നവും
ജോയലും മാത്രം വീടിനകത്ത്. മനസ്സിലായോ?”
പിന്നെ സന്തോഷ് ജോയലിനെ കണ്ണ് കാണിച്ചു.
അവന് ഗേറ്റ് തുറന്നു.
അതിന്റെ ശബ്ദം കേട്ടിട്ടെന്നോണം വീടിനകത്ത് ലൈറ്റ് തെളിഞ്ഞു.
അവര്‍ കോമ്പൌണ്ടില്‍ എത്തിയപ്പോഴേക്കും വീടിന്റെ മുന്‍വാതില്‍ തുറക്കപ്പെട്ടു.
കതകിനു പിമ്പില്‍ നിന്നും സുന്ദരിയായ ഒരു മധ്യവയസ്ക്ക പുറത്തേക്ക് വന്നു.
ക്രീം നിറത്തിലുള്ള സാരിയും ബ്ലൌസുമായിരുന്നു വേഷം.
നേര്‍ത്ത ഫ്രെയിമുള്ള കണ്ണട ധരിച്ചിരുന്നു അവര്‍.
“ജോയലിന് സിസ്റ്റര്‍ ഉണ്ടോ?”
അവരെ കണ്ട് ഷബ്നം റിയയുടെ കാതില്‍ മന്ത്രിച്ചു.
“സിസ്റ്ററോ? ഇത് ജോയലിന്റെ മമ്മിയാടീ?”
അവള് ഷബ്നത്തിന്റെ കാതില്‍ മന്ത്രിച്ചു.
“ആണോ? ചെറുപ്പം ആണല്ലോ! എന്ത് ക്യൂട്ടാ കാണാന്‍!”
വിഷ്ണുവും ലാലപ്പനും തങ്ങളുടെ ബാക്ക്പാക്കറുകളുമായി കൊമ്പൌണ്ടിലെ ഷെഡ്ഢിലേക്ക്
കയറി.
മറ്റുള്ളവര്‍ അകത്തേക്കും.
ജോയലും റിയയും ഷബ്നവുമൊഴികെയുള്ളവര്‍ കോണിപ്പടികള്‍ കയറി ടെറസ്സിലേക്ക് പോയി.
“മമ്മി ഇത് റിയ,”
റിയയെ ചൂണ്ടി ജോയല്‍ അമ്മയോട് പറഞ്ഞു.
“ഓ!മമ്മിയ്ക്ക് റിയയെ അറിയാമല്ലോ! ഇത്ഷബ്നം,”
അവന് ഷബ്നത്തെ ചൂണ്ടി പറഞ്ഞു.
ഷബ്നത്തിന്റെ കണ്ണുകള്‍ ഭിത്തിയിലെ ഒരു വലിയഫ്രെയിം ചെയ്ത ഫോട്ടോയില്‍ പതിഞ്ഞു.
ജോയുടെ മമ്മി, നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതെന്ന് തോന്നിക്കുന്ന ജോ, പിന്നെ
സുഭഗനായ ഒരു മദ്ധ്യവയസ്ക്കനും.
“ബെന്നറ്റ് അങ്കിള്‍,”
റിയ ഷബ്നത്തിന്റെ കാതില്‍ വീണ്ടും മന്ത്രിച്ചു.
“ഞാന്‍ കണ്ടിട്ടുണ്ട്, എവിടെയോ…!”
ഷബ്നം നെറ്റി ചുളിച്ച് ഓര്‍ക്കാന്‍ ശ്രമിച്ചു.
“പടച്ചോനെ! ബെന്നറ്റ് ഫ്രാങ്ക്…ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ….”
സാവധാനമെങ്കിലും,ശബ്ദം നിയന്ത്രിച്ചുകൊണ്ട് അതിരില്ലാത്ത അദ്ഭുതത്തോടെ അവള്
പറഞ്ഞു.
എന്നിട്ട് അദ്ഭുതം വിട്ടുമാറാതെ റിയയെ നോക്കി.
“അതെ, ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ന്യൂഡല്‍ഹി റസിഡന്റ്റ് എഡിറ്ററായിരുന്ന…”
റിയ വിശദീകരിച്ചു.
ഷബ്നത്തിന്റെ കണ്ണുകള്‍ വേണ്ടും വിടര്‍ന്നു.
അവളെന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ റിയ അവളെ ആംഗ്യത്താല്‍ വിലക്കി.
എന്നിട്ട് കൂടെ വരാന്‍ കണ്ണുകള്‍ കാണിച്ചു.
“ഞാന്‍ കരുതി, മോനെ കുറെ നാളുകള്‍ക്ക് ശേഷം കാണുന്നതല്ലേ? മമ്മീം മോനും തമ്മില്‍
ഇമോഷണല്‍ സീന്‍ ഒക്കെ കാണുംന്നാ. ഒരു ഹഗ്ഗിംഗ്. അല്‍പ്പം കരച്ചില്…അങ്ങനെ”
അകത്തേക്ക് നടക്കവേ ഷബ്നം വീണ്ടും റിയയുടെ ചെവിയില്‍ മന്ത്രിച്ചു.
“ഹഗ് ചെയ്യാത്തതിന് കാരണമുണ്ട്,”
റിയ വിശദീകരിച്ചു.
“നമ്മള് കൂടെയില്ലേ? നമുക്ക് വിഷമം ഉണ്ടാകും എന്നുമമ്മി കരുതുന്നുണ്ട്…”
അനാഥരുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുത് എന്ന നബി വചനം ഷബ്നം
അപ്പോള്‍ ഓര്‍ത്തു.
“വാ…”
റിയ ഷബ്നത്തെയും കൊണ്ട് ഒരു മുറിയിലേക്ക് കയറി.
“മമ്മിയ്ക്കും മോനും മാത്രമായ നിമിഷങ്ങള്‍..അവര്‍ കരഞ്ഞോ ചിരിച്ചോ അവരുടെ
സങ്കടങ്ങള്‍ തീര്‍ക്കട്ടെ!”
റിയയും ഷബ്നവും അകത്തേക്ക് കയറിയപ്പോള്‍ ജെയിന്,ജോയലിന്റെ അമ്മ അവനെ ആശ്ലേഷിച്ചു.
അവന്റെ നെറ്റിയില്‍ ഉമ്മ വെച്ചു.
അവരുടെ മിഴികള്‍ നിറഞ്ഞൊഴുകി.
ജോയലും കണ്ണുനീര് നിയന്ത്രിച്ചില്ല.
“കരയല്ലേ…!”
അവന്റെ കണ്ണുകള്‍ തുടച്ചുകൊണ്ട് അവര്‍ പറഞ്ഞു.
പിന്നെ അവര്‍ അവനെ കിടക്കയിലിരുത്തി.
“കണ്ണില്‍ ഒരു തുള്ളി വെള്ളം വരാതെ, ലോകത്തോട് മൊത്തം യുദ്ധം ചെയ്യാന്‍ പറ്റുന്ന
നിനക്ക് എന്റെ മുമ്പില്‍ കരയാതിരിക്കാന്‍ പറ്റുന്നില്ലേ മോനെ?”
ഉത്തരമൊന്നും പറയാതെ ജോയല്‍ അവരുടെതോളില്‍ തന്റെ മുഖം ചേര്‍ത്തു.
“ഇവിടെ എന്തെങ്കിലും പ്രശ്നം മമ്മി?”
വളരെ നേരം അവരുടെ ചുമലില്‍ മുഖം ചേര്‍ത്ത് ഇരുന്നതിനു ശേഷം ജോയല്‍ ചോദിച്ചു.
“ഇത് എന്റെ തറവാട് വീടല്ലേ?”
അവന്റെ മുഖത്ത് തലോടിക്കൊണ്ട് ജോയല്‍ ജെയിന് പറഞ്ഞു.
“ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതും ഒക്കെ ഇവിടെയല്ലേ? അപ്പോള്‍ ഏത് നേരോം
അതൊക്കെയാണ് ഓര്‍ക്കേണ്ടത്. പക്ഷെ ഓര്‍മ്മയില്‍, ചിന്തയില്‍ അതൊന്നുമില്ല മോനെ…”
അവരുടെ മിഴികള്‍ വീണ്ടും നിറഞ്ഞു.
“ഓര്‍ക്കുന്നത് ഡെല്ലിയിലെ നമ്മുടെ വില്ല, പപ്പയെ, നിന്നെ, സ്കൂള്‍ യൂണിഫോമിലുള്ള
നിന്നെ, കളിച്ചും ചിരിച്ചും എന്റെയും പപ്പാടെം പിന്നാലെ നിന്ന് മാറാത്ത നിന്നെ…”
വീണ്ടും ഒഴുകിയിറങ്ങിയ നീര്‍ത്തുള്ളികള്‍ തുടച്ചുകൊണ്ട് അവര്‍ വിദൂരതയിലേക്ക്
നോക്കി.
“ആരോടും ശബ്ദമുയര്‍ത്തി സംസാരിക്കില്ലായിരുന്നു നീ…”
അവര്‍ തുടര്‍ന്നു.
“ആരെങ്കിലും വഴക്കോ ബഹളമോ ഉണ്ടാക്കിയാല്‍ അപ്പോള്‍ ഓടിയെത്തി അതൊക്കെ സോള്‍വ്
ചെയ്യുമായിരുന്നു നീ…”
അവര്‍ അവന്റെ മുഖം തന്റെ കൈകളിലെടുത്തു.
“ആ നീയാണ് ഇപ്പോള്‍ കൈകളില്‍ തോക്കും ബോംബും ഒക്കെ…ആ നീയാണ് ഇപ്പോള്‍ രാജ്യം കണ്ട
മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍… “
ജോയല്‍ മുഖമുയര്‍ത്തി ജെയിനെ നോക്കി.
ആ നോട്ടം സഹിക്കാനാകാതെ അവര്‍ അവന്റെ മുഖം കൈകളിലെടുത്തു.
“നമുക്ക് ഇനി പഴയത് പോലെ ഒരു ജീവിതം പോസ്സിബിള്‍ ആണോ മോനെ?”
“ഈ രാജ്യത്ത് സാധ്യമല്ല. രാജ്യദ്രോഹിയാണ് ഞാനിപ്പോള്‍ പബ്ലിക്കിനും
ഗവണ്മെന്റ്റിനും. സര്‍ക്കാര്‍ തലയ്ക്ക് ലക്ഷങ്ങളുടെ വിലയിട്ട ക്രിമിനല്‍.
ടെററിസ്റ്റ്! മറ്റൊരു രാജ്യത്തിലേക്ക് ഏത് സമയത്തും വിട്ടുപോകാം. അവിടെ ഒരുക്കിയ
മറ്റൊരു വില്ലയില്‍ നോര്‍മ്മല്‍ ആയി ജീവിക്കാം. പോലീസിനെ ഭയപ്പെടാതെ, ഒളിക്കാതെ,
പക്ഷെ…”
നിറമിഴികളോടെ അവന് അവരെ നോക്കി.
“നമ്മുടെ പപ്പാ അവിടെ ഉണ്ടാവില്ല. അവിടെ ഇന്ത്യയുണ്ടാവില്ല. ഓണവും ദീപാവലിയും ദേശീയ
പതാകയും സ്വാതന്ത്ര്യദിനാഘോഷവും ഒന്നുമുണ്ടാവില്ല…”
അവന്റെ മിഴികള്‍ വീണ്ടും നിറഞ്ഞു.
“സ്വന്തം രാജ്യത്തിന്റെ മണവും നിറവും അനുഭവിക്കാതെ ഏത് സ്വര്‍ഗ്ഗത്തില്‍പ്പോയാലും
പ്രയോജനമെന്താണ് എന്നൊക്കെ എപ്പോഴും ഓര്‍ക്കും. പക്ഷെ ഇവിടെ ഇനി തുടര്‍ന്നാല്‍
മമ്മിയ്ക്ക് എന്നെ നഷ്ട്ടപ്പെടും. എനിക്ക് മമ്മിയെ നഷ്ട്ടപ്പെടും…”
“ഗായത്രിയെ? അവളെയോ?”
ജെയിന് ചോദിച്ചു.
ആ ചോദ്യംകേട്ട് ഭയന്നിട്ടെന്നോണം ജോയല്‍ ജെയിനെ നോക്കി.
ആ സംസാരമത്രയും ശ്രദ്ധിക്കുകയായിരുന്ന ഷബ്നം വിടര്‍ന്ന മിഴികളോടെ റിയയോട്
ചോദിച്ചു.
“ആരാടീ ഗായത്രി?”
റിയ ആ ചോദ്യം പ്രതീക്ഷിച്ചെന്നത് പോലെ അവളെ നോക്കി.
അവള് ഒന്ന് നിശ്വസിച്ചു.
അവളുടെ ഊഷ്മളമായ നിശ്വാസം അവളുടെ മുഖത്ത് തട്ടി.
ഷബ്നത്തിന്റെ മുഖത്ത് നേരിയ ഒരു ഭയം മിന്നിമറയുന്നത് പോലെ തോന്നി.
“ആരാ റിയേ, ഗായത്രി?”
“ഡല്‍ഹി വരെ പോകണം അതിന്റെ ഉത്തരമറിയാന്‍,”
റിയ പറഞ്ഞു.
മനസ്സിലാകുന്നില്ല എന്ന അര്‍ത്ഥത്തില്‍ ഷബ്നം റിയയെ നോക്കി.
“അതെ ഡല്‍ഹിയില്‍, ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍,”
ഷബ്നം അവളെ അതിരറ്റ ആകാംക്ഷയോടെ റിയയെ നോക്കി.
“എനിക്ക് പോകണം,”
ഷബ്നം പറഞ്ഞു.
“ഡല്‍ഹിയല്ല, ന്യൂയോര്‍ക്ക് ആയാലും ടോക്കിയോ ആയാലും വേണ്ടില്ല. എവിടെപ്പോകാനും
തയ്യാറാ, ആരാ ഗായത്രി എന്നറിയാന്‍! നീ പറ!”
റിയ പുറത്ത് നിലാവിലേക്ക് നോക്കി.
പുറത്തെ രാക്കാറ്റില്‍ അവള് ആരുടെയോ സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്ന്
ഷബ്നത്തിന് തോന്നി.
“അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്…”
റിയ പുറത്തെ നോട്ടം മാറ്റാതെ സാവധാനം പറഞ്ഞു.
“സ്വാതന്ത്ര്യം ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടകുകയാണ് യൂണിവേഴ്സിറ്റി
ക്യാമ്പസ്സില്‍…വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍,
അധ്യാപകര്‍, കുട്ടികള്‍ എല്ലാവരും കൊമ്പൌണ്ടിന്റെ വിശാലതയില്‍ ത്രിവര്‍ണ്ണ
പതാകയുയര്‍ത്താന്‍ എത്തിച്ചേരാമേന്നേറ്റ കേന്ദ്ര മന്ത്രി മലയാളിയായ പത്മനാഭന്
തമ്പിയേ പ്രതീക്ഷിച്ച് നില്ക്കുന്നു….”
ഷബ്നം ആകാക്ഷയോടെ റിയയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
“പറഞ്ഞ സമയത്ത് തന്നെ അംഗരക്ഷകാരുടെ അകമ്പടി വാഹനങ്ങള്‍ക്ക് പിമ്പില്‍ തമ്പിയുടെ
ഔദ്യോഗിക വാഹനം ഗേറ്റില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴാണ്…”
ഷബ്നം അവളെ വീണ്ടും ആകാംക്ഷയോടെ നോക്കി.
“അപ്പോള്‍ ? അപ്പോള്‍ എന്താ?”
അകാംക്ഷയടക്കാന്‍ പറ്റാതെ ഷബ്നം ചോദിച്ചു.
“…ഡല്‍ഹി യൂണിവേഴ്സിറ്റി പോലെയുള്ള ഒരു ക്യാമ്പസ്സില്‍ എപ്പോഴും തീവ്ര ഇടത് പക്ഷ
സംഘടനകള്‍ ഒക്കെയുണ്ടാവുമല്ലോ. നക്സല്‍ സ്വഭാവുള്ള സംഘടനകള്‍. എണ്ണത്തില്‍ കുറവാണ്
എങ്കിലും അവര്‍ക്ക് ചില കാര്യങ്ങളില്‍ ഒക്കെ ഒരു മേല്‍ക്കൈ എപ്പോഴുമുണ്ടാവും.
അത്തരം ഒരു സംഘടന ഡി യൂവിലും ഉണ്ടായിരുന്നു. അഴിമതി ആരോപണം നേരിടുന്ന പദ്മനാഭന്
തമ്പിയെപ്പോലെയുള്ള ഒരു മന്ത്രിയെക്കൊണ്ട് ദേശീയ പതാക ഹോസ്റ്റ് ചെയ്യിക്കില്ല
എന്നവര്‍ പ്രതിജ്ഞ എടുത്തിരുന്നു….പദ്മനാഭന് തമ്പിയുടെ വാഹനം ഗേറ്റ്
കടന്നുവന്നപ്പോള്‍ സെക്യൂരിറ്റി വലയം ഭേദിച്ച് അവര്‍ തമ്പിയെ വളഞ്ഞു. ചിലര്‍
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുകളില്‍ കയറി ഹോസ്റ്റ് ചെയ്യാന്‍ വേണ്ടി ഒരുക്കിയ
ഫ്ലാഗ് പോസ്റ്റില്‍ നിന്ന് പതാക അഴിച്ചെടുത്ത് ചുരുട്ടിക്കൂട്ടി. പതാക താഴേക്ക്
വലിച്ചെറിഞ്ഞു….”
“എന്നിട്ട്?”
“ഇന്ത്യന്‍ ദേശീയ പതാക നിലത്തേക്ക് വായുവിലൂടെ ഒഴുകി ഒഴുകി താഴേക്ക്
വന്നുകൊണ്ടിരിക്കുകയാണ്. ഏത് സമയത്തും നിലം തൊടാം. പ്രതിഷേധക്കാരെ ഭയന്ന് ആരും
ഒന്നും ചെയ്യാതെ സ്തംഭിച്ച് നില്‍ക്കുകയാണ്. കേന്ദ്ര മന്ത്രിയാകട്ടെ എന്ത്
ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയോടെ നില്ക്കുന്നു. അയാളെ മുമ്പോട്ടോ പിമ്പോട്ടോ
പോകാനനുവദിക്കാതെ കയ്യില്‍ വടിയും ഹോക്കി സ്റ്റിക്കുകളും ക്രിക്കറ്റ്
ബാറ്റുകളുമൊക്കെയായി പ്രതിഷേധക്കാരും…”
ആ രംഗം മുമ്പില്‍ കണ്ടിട്ടെന്നത് പോലെ ഷബ്നം ഭയന്ന് റിയയെ നോക്കി
“…ത്രിവര്‍ണ്ണ പതാക ഇപ്പോള്‍ പൊടിയിലും മണ്ണിലും തൊടും….”
റിയ തുടര്‍ന്നു.
“…..മണ്ണിനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഒരാള്‍ താഴ്ന്ന്
വരുന്ന പതാകയുടെ കീഴെ ഉരുണ്ടു വീഴുന്നത് എല്ലാവരും കാണുന്നത്. അയാളുടെ കൈ പതാകയെ
തൊട്ടു. നിലത്തെ പൊടിയിലെക്ക് വീണ് അപമാനിതാകാവുന്ന പതാക അയാള്‍ സുരക്ഷിതമായി
അയാള്‍ കയ്യില്‍…”
ഷബ്നത്തിന്റെ കണ്ണുകള്‍ തിളങ്ങി.
“ആരാ…? ആരായിരുന്നു അത്?”