ചെമ്പകക്കുന്നും ഇലഞ്ഞിപ്പൂക്കളും

”എന്താ മോളൂന്‍റെ പേര്?”

രോഹിത്ത് ചോദിച്ചു.

”മീനുക്കുട്ടി”

”മോള്‍ക്ക് മാമനെ മനസ്സിലായൊ?”

”മ്” അവള്‍ മൂളി

രോഹിത്ത് മീനുക്കുട്ടിയുടെ മുന്നില്‍ മുട്ട് കുത്തി നിന്നു ആ മുഖം കൈകളില്‍ കോരിയെടുത്ത് ആ കണ്ണുകളിലേയ്ക്ക് നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നു രോഹിത്തിന്‍റെ മിഴികള്‍ നിറഞ്ഞു. അവസാനം വരെ തന്‍റെ മുഖം എപ്പോഴും കാണണം എന്ന് പറഞ്ഞിരുന്ന തന്‍റെ അമ്മുവിന്‍റെ കണ്ണുകള്‍. മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്നായിരുന്നു അമ്മുവിന്‍റെ ആഗ്രഹം. ആ ആഗ്രഹമാണ് ഇന്ന് ഈ കെച്ചു സുന്ദരിയ്ക്ക് വര്‍ണ്ണങ്ങളുടെ ലോകത്തേയ്ക്ക് മിഴി തുറന്നത്. ഏറി വന്ന വിതുമ്പല്‍ ഉളളിലൊതുക്കി രോഹിത്ത് എഴുന്നേറ്റ് നടന്നു. ചുറ്റുമുളളവര്‍ സംസാരിക്കുന്നതോ ചോദിക്കുന്ന ചോദ്യങ്ങളോ ഒന്നും രോഹിത്ത് കേട്ടില്ല. എങ്ങോട്ടെന്നില്ലാതെ നടന്നു ചുവടുകള്‍ക്ക് വേഗതയില്ല മനസ്സില്‍ അമ്മുവിന്‍റെ മുഖം മാത്രം. മുഖമുയര്‍ത്തി ആരെയും നോക്കനോ അവരുടെ നോട്ടങ്ങളെ നേരിടാനോ രോഹിത്തിന് കഴിഞ്ഞില്ല. അടിവാരത്ത് പതിവായി അമ്മുവിനെ കാത്തിരിക്കാറുണ്ടായിരുന്ന കലുങ്കില്‍ ഇരുന്നുകൊണ്ട് രോഹിത്ത് ചെമ്പകക്കുന്നിലേയ്ക്ക് നോക്കി.

കുട്ടിക്കാലം മുതലെ ചെമ്പകക്കുന്നിലേയ്ക്ക് ഓടിക്കയറുമ്പോള്‍ തന്‍റെ വലംകൈയ്യില്‍ ഭദ്രമായി ഒരു ഇടംകൈ ചേര്‍ത്ത് പിടിച്ചിരുന്നു. നിറയെ കുപ്പിവളകളിട്ട അമ്മുവിന്‍റെ ഇടംകൈ. മൈലാഞ്ചി ചോപ്പുളള കൈകള്‍. ”അമ്മു” ബാല്യകാലം തൊട്ടേ കളിക്കൂട്ടുകാരിയായിരുന്നവള്‍. കുപ്പിവളക്കിലുക്കവും പദസര മണികളുടെ പൊട്ടിച്ചിരികളും തന്‍റെ കാതുകള്‍ക്ക് സമ്മാനിച്ചവള്‍. യാത്രാമൊഴി ചൊല്ലിയകലുന്ന സൂര്യനെ നോക്കി ചെമ്പകക്കുന്നിലെ തണ്ണീര്‍പ്പന്തലില്‍ തന്‍റെ മാറോട് ചേര്‍ന്നിരുന്നവള്‍….

എന്നും വൈകുന്നേരം ചെമ്പകക്കുന്നേറി തണ്ണീര്‍പ്പന്തലിലെ നെല്ലിപ്പലക പാകിയ കരിങ്കല്‍ തോണിയില്‍ അമ്മു തണ്ണീര്‍ നിറയ്ക്കും ചെമ്പകക്കുന്നേറി വരുന്നവര്‍ക്ക് ദാഹമകറ്റുവാന്‍ വേണ്ടി. ചെമ്പകക്കുന്നും, തണ്ണീര്‍പ്പന്തലും, വായനശാലയിലെ പുസ്തകങ്ങളും

താനുമായിരുന്നു അമ്മുവിന്‍റെ ലോകം. അമ്മയുടെ വാല്‍സല്യത്തില്‍ അവളേകിയ സാന്ത്വനവും ധൈര്യവുമാണ് തന്നെ നാലാളറിയുന്ന ഒരു ബിസിനസ്സുകാരനാക്കിയത്…