കരിമഷിക്കണ്ണുകൾ

ജീവിതത്തിൽ ഇനിയെനിക്ക് ദിവസങ്ങളില്ല;

നിമിഷങ്ങൾ‌ മാത്രം ബാക്കി.

ഞാനോർത്തുപോകുന്നു…

നിങ്ങൾ കാണുന്നില്ലേ, വീതികുറഞ്ഞ പാതയ്ക്കപ്പുറം നിറഞ്ഞാടി നിരന്നുനിൽക്കുന്ന

ഞാവൽമരങ്ങൾ!

നല്ല കരിമഷിനിറമുള്ള കായകളാണതിൽ.

അതിൽ കാണുന്ന നിറഞ്ഞുകായ്ച്ച ആ തടിയൻ ഞാവൽമരച്ചുവട്ടിലാണ് ആദ്യമായ് സ്റ്റമ്പുകുത്തി

പന്തെറിഞ്ഞത്.

ഓർമ്മയിലെ ആദ്യത്തെ വലിയൊരു ആഗ്രഹമായിരുന്നൊരു പന്തും ബാറ്റും സ്വന്തമാക്കൽ.

ഓട്ടമുക്കാലിന് ഗതിയില്ലാത്ത അക്കാലത്ത് അത് നടക്കാതെ പോയി…

ആ തൊടിയിൽ തന്നെ പാതയോരത്തെ പൊട്ടക്കിണറിനോട് ചേർന്ന് പൊന്തക്കാട്

പടർന്നുകയറിയിട്ടും പിടികൊടുക്കാതെ വാനംമുട്ടെ വളർന്നു നിൽക്കുന്ന തേന്മാവ് നോക്കൂ…

ആ മാവിൻചുവട്ടിലാണ് അവളെ ആദ്യമായ് അടുത്ത് കണ്ടതും, പൊട്ടിവീണ നീലക്കല്ലുമാല

കോർത്തു കൈവെള്ളയിൽ വെച്ചു കൊടുത്തതും.

തൊടിയ്ക്കു കുറുകേ കൂറ്റൻ വരമ്പുകാണുന്നില്ലേ.

പണ്ട് തോട്ടത്തിലാകെ വെള്ളം യഥേഷ്ടം ഒഴുക്കിവിടാൻ നിർമ്മിച്ചതാകണം.

അതിനുമുകളിലാണ് അവൾക്കായൊരു നാൾ കാത്തിരുന്നതും, നിന്നോടെനിക്ക് പ്രണയമാണെന്ന

വാക്കുകൾ സഹികെട്ട് അവളിൽ നിന്നടർന്നു വീണതും.

അന്നാ പ്രണയം പൂവിട്ടതിനും, പിന്നിടത് കൊഴിഞ്ഞതിനുമിടയിൽ ഒരു മഴക്കാലം

പെയ്തൊഴിഞ്ഞിരുന്നു.

അന്നാ വരമ്പത്തിറ്റുവീണ കണ്ണുനീർ ആരും കണ്ടിട്ടുണ്ടാവില്ല…ചിണുങ്ങിപ്പെയ്തൊരു

മഴയിലത് അലിഞ്ഞുപോയിരുന്നു.

ആശിച്ചതെല്ലാം നഷ്ടമായവന്റെ വാശിയായിരുന്നു പിന്നീട്.

അന്നുമുതൽ ആശകൾക്ക് പരിധി വെച്ചു‌ തുടങ്ങി.

കൃത്യമായ ലക്ഷ്യത്തോടെ പലതും ആശിച്ചു.

സമ്പത്തും അധികാരവും പടിപടിയായി ആഗ്രഹങ്ങൾക്കൊത്ത് കയറി വന്നു.

ആ പടിയിലൂടെ അഹങ്കാരം നുഴഞ്ഞുകയറി വന്നത് ഇഷ്ടമായില്ലെങ്കിലും കൂടെയെപ്പഴോ സ്ഥാനം

പിടിച്ചു.., അതോടെ ആശകൾ പരിധി ലംഘിച്ചും തുടങ്ങി.

കൊട്ടാരം പോലൊരു വീടും‌ അതിലൊരു റാണിയും ഉണ്ടായി.