ഒരു കുടിലല്ല 4

“Kk യിൽ ആരാ…ഫേവ് ഓതർ….”

മുകളിൽ നിന്ന് ചിരിയോടെ ഉള്ള ചോദ്യം.. ഈ കാന്താരി അപ്പൊ kk യിലെ വായനക്കാരി ആണോ…അടിപൊളി…

“ചാരു, അപ്പോ നീയും kk യിലെ കഥയൊക്കെ വായിക്കുവോ…”

ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു,

“അതെന്താ വായിക്കാതിരിക്കാൻ എനിക്ക് മലയാളം അറിഞ്ഞൂടെ…”

മുകളിൽ നിന്ന് വഴക്കാളിയുടെ മറുചോദ്യം.

“ഏയ്…ഞാൻ ചുമ്മാ ഒരു എക്സയ്റ്മെന്റ് കൊണ്ടു ചോദിച്ചതാ…”

“ഉം….പറ ഏട്ടന്റെ ഫേവ് ഓതർ ആരാ…”

വീണ്ടും ചോദ്യം…

“അങ്ങനെ ഒരാളായിട്ട് ഇല്ല…അത്യാവശ്യം കുറച്ചു പേരുണ്ട്… നിനക്കോ…”

“എനിക്കും അങ്ങനെ പ്രത്യേകിച്ചു ഒരാളില്ല, പിന്നെ ലൗ സ്റ്റോറിസ് ആണ് കൂടുതൽ ഇഷ്ടം, അപ്പൊ ആഹ് ടൈപ്പ് എഴുതുന്ന ഓതേർസിനോട് ഒരു ചായ്‌വ്‌ ഉണ്ട്….ഹി ഹി ഹി…”

കുണുങ്ങിയുള്ള അവളുടെ ചിരി കേൾക്കാൻ നല്ല രസം. പിന്നെ ഓരോന്നു പറഞ്ഞു പറഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങി,…

മാസങ്ങളിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുവാണ്, അവൾ കോച്ചിങ്ങിന് പോവുമെങ്കിലും, അമ്മയോടൊപ്പം അത്യവശ്യം ജോലി ഒക്കെ തീർക്കുമായിരുന്നു,…പക്ഷെ എന്നോടുള്ള ദേഷ്യം പലപ്പോഴും അമ്മയും അച്ഛനും കാണിക്കുന്നത് വീട്ടിൽ എന്നെക്കാൾ കൂടുതൽ കാണാൻ കിട്ടുന്ന അവളോടായിരുന്നു, വല്ലപ്പോഴും ഒക്കെ അതിനു എനിക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, എങ്കിലും പലപ്പോഴും എന്നെ അറിയിക്കാതെ ഒളിച്ചു വെക്കാൻ ആയിരുന്നു അവളും ശ്രമിച്ചിരുന്നത്, കാണുമ്പോഴെല്ലാം അവളെ ചേർത്ത് പിടിച്ചു ഞാൻ കൂടുതൽ അവരുടെ വഴക്കിൽ നിന്നും ഒക്കെ രക്ഷിക്കും, അപ്പോഴെല്ലാം പല തവണ ഇവൾ അവരുടെ പുന്നാര മോൻ്റെ പെണ്ണാണ് എന്ന് പറയാൻ എനിക്ക് തോന്നിയിട്ടുണ്ട്,

ഉള്ള സത്യം പറഞ്ഞാൽ നിനക്ക് ഇവിടെ ഒരു രാജകുമാരിയെ പോലെ കഴിയമായിരുന്നല്ലോ പെണ്ണേ എന്ന് ഞാൻ ചോദിക്കുമ്പോൾ ഈറനണിഞ്ഞ കണ്ണും വെച്ചൊണ്ടവൾ ചിരിക്കും,

ഇതിൽ നിന്നെല്ലാം ഒരു ബ്രേക്ക് ആയിട്ടാണ് ഞാൻ അവളെ ശനിയും ഞായറുമൊക്കെ പുറത്തേക്ക് കൊണ്ടുപോവുന്നതും, തല്ലു പിടിക്കുന്നതുമെല്ലാം,… പക്ഷെ ഈയിടെയായി അവൾ വല്ലാതെ ഡൗണ് ആയ പോലെ എനിക്ക് തോന്നി, അധികം ചിരി ഇല്ല, കുറുമ്പ് കാട്ടലും എന്നോട് തല്ലു പിടിക്കലും ഒന്നുമില്ല, ഞാൻ എന്തേലും പറഞ്ഞു ചെന്നാലും വെറുതെ ഒരു ചിരി ചിരിച്ചു അവൾ വിടും, ആദ്യം ഞാൻ കണ്ടിരുന്ന എനിക്ക് അറിയാവുന്ന ചാരു ആകെ മാറിയ പോലെ…
“ഡി ചാരുവേ…വാ നമുക്കൊന്നു പുറത്തു പോയിട്ടു വരാം….”

പതിവ് ഞായറാഴ്ച്ച ഞാൻ അവളെ വിളിച്ചു,…

“ഇല്ല ഏട്ടാ….ഞാൻ വരണില്ല… എനിക്കെന്തോ ഒരു മൂഡ് തോന്നുന്നില്ല…”

അവളുടെ പറച്ചിൽ കേട്ടതെ എനിക്കും എന്തോ പോലെ ആയി, അല്ലെങ്കിൽ ഞായറാഴ്ച്ച ഒരു ബക്കറ്റ് വെള്ളവും കൊണ്ടു വന്നു എന്നെ കുലുക്കി എണീപ്പിച്ചു ബൈക്ക് കഴുകാൻ എന്റെ കൂടെ കൂടി, ഓടിപ്പോയി കുളിച്ചു പുറത്തു പോകാൻ ബൈക്കിനു മുന്നിൽ ആദ്യം ഹാജർ വെക്കുന്ന പെണ്ണാണ് ഇപ്പൊ നനഞ്ഞ കോഴിയെപോലെ ഇരിക്കുന്നത്, അവളുടെ ഉള്ളിൽ എന്തോ കിടപ്പുണ്ടെന്നു എനിക്കും തോന്നി, പിന്നെ ഞാൻ വേറൊന്നും നോക്കിയില്ല, നേരെ റൂമിൽ ചെന്നു കട്ടിലിൽ കമിഴ്ന്നു കിടന്ന സാധനത്തിനെ വലിച്ചു പൊക്കി ബാത്‌റൂമിൽ ആക്കി, മാറാനായി അവളുടുത്താൽ എനിക്ക് ഏറ്റവും ഭംഗി തോന്നുന്ന മാമ്പഴ നിറമുള്ള ചുരിദാറും, കറുത്ത ലെഗ്ഗിൻസും എടുത്തു കട്ടിലിനു മുകളിൽ വെച്ചു.

“അര മണിക്കൂർ അതിനുള്ളിൽ ഉടുത്തൊരുങ്ങി മോള് താഴെ എത്തിയില്ലേൽ, ഞാൻ മുകളിലേക്ക് വരും എന്നിട്ടു ഉടുത്ത ഡ്രസ് പടി നിന്നെ ഞാൻ കൊണ്ടോവും,…കേട്ടല്ലോ….”

അതും പറഞ്ഞു ഞാൻ താഴേക്ക് പോയി,

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾ താഴെ എത്തി, സാധാരണ എപ്പോഴും പോലെ ഒരുങ്ങിയിട്ടൊന്നും ഇല്ല…ആകെ ഗ്ലൂമി ആയി അവള് വന്നു ബൈക്കിൽ കയറി, പുറകിൽ അമ്മയുടെ വഴക്കു കേട്ടു, അവളെയും കൊണ്ടു പുറത്തു പോവുന്നതിനുള്ള മുടക്കം ആണ്, കേൾക്കാനൊന്നും നിൽക്കാതെ വണ്ടി എടുത്തു,

ബീച്ചിൽ ഇരുന്നു കടൽക്കാറ്റ്‌ കൊള്ളുമ്പോഴും അവളുടെ മുഖത്തിനു ഒരു മാറ്റവുമില്ല, ഹോ…ആഹ് മുഖത്തൊരു ചിരി കാണാൻ ഞാൻ എന്തൊക്കെ ചെയ്യണം ആവോ.. നീട്ടിയ ഐസ് ക്രീം പോലും വേണ്ട എന്നു പറഞ്ഞിരിക്കുന്ന അവളെ ഞാൻ വായും പൊളിച്ചു നോക്കി ഇരുന്നു, സാധാരണ അവളുടെ ഐസ് ക്രീം മുഴുവൻ കയറ്റിയിട്ട് എന്റേതു കൂടി തട്ടിപ്പറിച്ചു തിന്നുന്ന പെണ്ണാണ്…

“എന്താടി ചാരുവേ…നിനക്ക് എന്തു പറ്റി,…ഈ ഒരു ആറ്റിറ്റ്യൂഡ്‌…നിനക്കൊട്ടും ചേരണില്ല,..എന്താണെങ്കിലും എന്നോട് പറഞ്ഞൂടെ,…ഒന്നൂല്ലേലും ഞാൻ തന്റെ ഒരു വർഷത്തേക്കുള്ള കെട്ട്യോൻ അല്ലെ ചാരു…”

“ഹ ഹ ഹ….”
ഒന്നു ചിരിച്ചുകൊണ്ട് അവൾ എന്റെ തോളിൽ തലവെച്ചു കയ്യുംചുറ്റിപിടിച്ചു ഇരുന്നു,

ഒന്നു കൂളായി എന്നു തോന്നിയപ്പോൾ അവള് തന്നെ ഓരോന്നു പറഞ്ഞു,…. അവളുടെ അച്ഛനെയും അമ്മയെയും അനിയത്തിയെയും മുത്തശ്ശിയെയും ഒക്കെ മിസ്സ് ചെയ്യുന്നതും വീട്ടിൽ അവളോട് എന്റെ അമ്മയും അച്ഛനും കാണിക്കുന്ന അകൽച്ചയും, പിന്നെ ഈയിടെയായി വിനീതും അവളെ അവോയ്ഡ് ചെയ്യുന്നതായി അവൾക്ക് തോന്നുന്നു, എന്ന്, അതു ഞാനും ശ്രെദ്ധിച്ചിരുന്നു, രാത്രിയിൽ കുറച്ചു നാളുകളായി ഇപ്പോൾ വിളി ഇല്ല,

“ഞാൻ അങ്ങോട്ടു വിളിച്ചാലും എപ്പോഴും തിരക്കാണ് എന്നു പറഞ്ഞു വെക്കും, എന്നാൽ എന്നെ ഒട്ടു വിളിക്കത്തും ഇല്ല….വിനു ഏട്ടൻ എന്നെ ഒഴിവാക്കുകയാണോ എന്നൊരു തോന്നൽ,….”

എന്റെ തോളിൽ കിടന്നവൾ പറഞ്ഞു,..

“ഏയ്…അവനു തിരക്കായിട്ടാവും,… ഇങ്ങോട്ടു വരാനും, പിന്നെ നിന്നെ കൊണ്ടോവാനും ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടാവുമല്ലോ, അതിന്റെ തിരക്കിൽ ആവും…അതിനു ഇങ്ങനെ വിഷമിക്കാതെ ചാരു….”

“എനിക്ക് വിഷമൊന്നുമില്ല….”

കവിള് വീർപ്പിച്ചു പഴേ കുറുമ്പ് വീണ്ടെടുത്തു അവള് പറഞ്ഞു,…

“എന്നിട്ടാണ് മുഖവും കേറ്റിപ്പിടിച്ചു ഇത്ര നേരം ഇരുന്നത്,…”

“പോടാ ഏട്ടാ….”

പറഞ്ഞു തീർന്നതും കിട്ടി എന്റെ തോളിൽ അവളുടെ കടി,…ഇതു കഴിഞ്ഞ ജന്മം വല്ല പട്ടിയും ആയിരുന്നോ എന്തോ,…

“വിനു ഏട്ടൻ വന്നാൽ ഞാൻ പോവേണ്ടി വരുവോ….”

എന്തോ ആലോചിച്ചിരുന്നു അവൾ ചോദിച്ചു,

“പിന്നെ പോവണ്ടേ….ഇവിടെ എങ്ങനെയാ നിൽക്കാ…”

“അപ്പൊ ഏട്ടനും വരുവോ….ഞങ്ങളുടെ കൂടെ….”

“ഞാൻ എന്തിനാ ചാരു വരുന്നേ കട്ടുറുമ്പായിട്ട്….നിങ്ങൾ രണ്ടുപേരും മതി അതാ ഭംഗി…”

എന്റെ കയ്യിലെ അവളുടെ പിടി മുറുകുന്നത് ഞാൻ അറിഞ്ഞു, പിന്നെ അവളൊന്നും ചോദിച്ചില്ല മൗനം മാത്രം,… അവൾ എന്നെ എങ്ങനെയാണ് കാണുന്നത് എന്നു എനിക്കറിയില്ല…പക്ഷെ അവന്റെ കൂടെ അവളെ കാണാൻ എനിക്ക് കഴിയില്ലായിരുന്നു, അതിനു ഏറ്റവും നല്ലത് അവളെ എന്നിൽ നിന്നും അകറ്റുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി, ഇവളെ മറക്കാൻ കഴിയുമോ എന്നു എനിക്ക് അറിയില്ല പക്ഷെ മറന്നേ പറ്റൂ എന്നറിയാം… രാത്രി വൈകിയാണ് ഞങ്ങൾ തിരികെ എത്തിയത്, പിടി തരാത്ത ഒരു മൗനം എപ്പോഴോ ഞങ്ങളെ മൂടിയിരുന്നു, അന്ന് രാത്രി അവളോ ഞാനോ ഒന്നും സംസാരിച്ചില്ല,… പിന്നീടുള്ള നാളുകളിലും അതു തുടർന്നു ഉള്ളിൽ വല്ലാത്ത നോവുണ്ടായിരുന്നെങ്കിലും, അവളെ പിരിയുമ്പോൾ ഉള്ള വേദന കുറയ്ക്കാൻ ഈയൊരു അകൽച്ച ഇപ്പോൾ അത്യവശ്യമാണ് എന്നു തോന്നി,
രാത്രികളിൽ ഞാൻ വീണ്ടും ചിറയിൽ ആയി, ആദ്യമൊക്കെ അവൾ ചോദിച്ചെങ്കിലും പിന്നീട് അവൾ അതും ചോദിക്കാതെ ആയി, നുണയനോടും അർജ്ജു്നോടും രാഹുലിനോടും പിണങ്ങിപോയി തിരിച്ചു വന്ന മനീഷിനോടും ഒക്കെ പറഞ്ഞപ്പോൾ അവർക്കും മനസ്സിലായി,… രാത്രികളിൽ ചിറയിൽ അവളെ മറക്കാനായി ലഹരി തൊണ്ടക്കുഴിയിലൂടെ ഇറങ്ങി, അവളോടൊപ്പം ഒരു മുറിയിൽ ഇനിയും പേടിച്ചു കഴിയുന്നതിലുള്ള വീർപ്പുമുട്ടൽ ഒഴിവാക്കാൻ ചിറയിൽ ഞാൻ രാത്രികൾ കഴിച്ചു കൂട്ടി തുടങ്ങി,

ഇടയ്ക്ക് എന്നെ കാണുമ്പോൾ കണ്ണും നിറച്ചു നിൽക്കുന്ന അവളെ കാണുമ്പോൾ എന്റെ ഉള്ളും പിടയുന്നുണ്ടായിരുന്നു, അവൾക്കും കാര്യം മനസ്സിലായിരിക്കണം,….

***********************************

വീണ്ടും ഒരു മാസം കൂടി കൊഴിഞ്ഞു, ചാരു വീട്ടിൽ വന്നിട്ടു ഇപ്പോൾ എട്ടു മാസം കഴിഞ്ഞു,… ചാരുവുമായി ഞാൻ തീർത്ത അകലം ഇപ്പോൾ ഒരു മതിലായി ഞങ്ങൾക്കിടയിൽ ഉയർന്നു,… ചിറയിലെ ഒരു രാത്രി കഴിഞ്ഞു ഉറക്കം എഴുന്നേറ്റ ഞാൻ കണികണ്ടത് നുണയനെ ആയിരുന്നു,

“നീ ഇന്നലെ രാത്രി വീട്ടിൽ പോയതല്ലേ…രാവിലെ ഇങ്ങു വീണ്ടും പോന്നോ…”

കണ്ണും തിരുമ്മി ഞാൻ എഴുന്നേറ്റു, അടുത്തു വെച്ചിരുന്ന കുപ്പിയിൽ നിന്നും മൂട്ടിൽ കിടന്നിരുന്ന വെള്ളം എടുത്തു വായ് കഴുകി, പിന്നെ കുറച്ചുകൂടെ വെള്ളം എടുത്തു മുഖം കഴുകി,

“നീ പോയി റെഡി ആയിക്കോ ഞാൻ എത്തിക്കോളാം,…”

അവനോടു പറഞ്ഞു ഞാൻ ചിറയിലെ മാടത്തിലേക്ക് നടന്നു, അവന്റെ കൈ പെട്ടെന്ന് എന്റെ കൈക്ക് മേൽ വീണു,

“ഡാ,…നീ വാ…നമുക്ക് നിന്റെ വീട്ടിൽ എത്തണം….”

അവന്റെ മുഖം ആകെ കുറുകി ഇരുന്നു,…

“എന്താടാ എന്താ പ്രശ്നം…”

അവന്റെ മുഖത്തു നിന്നും എന്തോ പന്തികേട് എനിക്ക് ഊഹിക്കമായിരുന്നു,

“നീ വാ…ഞാൻ പറയാം….”

എന്റെ കയ്യും വലിച്ചു നടന്നതല്ലാതെ അവൻ മറ്റൊന്നും പറഞ്ഞില്ല.

അവന്റെ പിറകിൽ ബൈക്കിൽ ഇരുന്നു പോകുമ്പോഴും അവൻ ഒന്നും പറഞ്ഞില്ല, വീട്ടിലെ വഴി തിരിഞ്ഞു മുറ്റത്തേക്ക് കടന്നപ്പോൾ വീടിനു മുന്നിൽ ഒരു കൂട്ടം ഞാൻ കണ്ടു, ഉള്ളിൽ അകാരണമായ ഒരു ഭയം ഉടലെടുത്തു, പെട്ടെന്ന് ബൈക്കിൽ നിന്നും ചാടി ഇറങ്ങിയ ഞാൻ ആളുകളെയും മാറ്റി അകത്തേക്ക് കയറുമ്പോൾ കസേരയിൽ ചാഞ്ഞു നെറ്റിയിൽ പുറംകൈ വെച്ചുകൊണ്ട് അച്ഛൻ ഇരിപ്പുണ്ട്, അകത്തു കയറിയപ്പോൾ, ഭിത്തിയിൽ ചാരി കണ്ണീർ തുടച്ചു അമ്മയും, ഹാവൂ ആശ്വാസമായി…
കൂടെ നിക്കുന്ന അയലത്തുള്ളവർ അമ്മയെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്, അവിടെ നിക്കുന്നവർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നു, കാര്യം അറിയാതെ എനിക്ക് ആകെ വട്ടു പിടിക്കുന്നുണ്ടായിരുന്നു, ചാരുവിനോട് ചോദിക്കാനായി മുകളിലേക്ക് കയറാൻ നേരത്തായിരുന്നു എന്റെ തോളിൽ ഒരാളുടെ കൈ വീണത്,

തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്, വിനീതിനെ ആണ്.

“വിനു…നീ..എങ്ങനെ ഇവിടെ,…നീ എപ്പൊ വന്നു…”

അവന്റെ മുഖം പെട്ടെന്ന് കണ്ടതിലുള്ള അമ്പരപ്പിൽ ഞാൻ ഒന്ന് വിയർത്തു,…

“ഞാൻ,…ഞാനിപ്പോ വന്നേ ഉള്ളൂ….ലീവ് നേരത്തെ ആയി,…”

പെട്ടെന്ന് എന്റെ ഉള്ളിലെന്തോ വെട്ടി,…ഇവൻ വന്നതിനെന്തിനാ ഇവിടെ ഈ കരച്ചിലും പിഴിച്ചിലും ആൾക്കൂട്ടവും ഒക്കെ,…. ഉത്തരം തേടി അധികം നിൽക്കേണ്ടി ഒന്നും വന്നില്ല, അവന്റെ പിറകിൽ നിന്നു ഒരു പെണ്ണ് നീങ്ങി നിന്നു, അവളെ ഒന്നുഴിഞ്ഞു നോക്കിയ എന്റെ കണ്ണു നിന്നത് അവളുടെ അല്പം ഉന്തി നിന്ന വയറിൽ ആയിരുന്നു.

അവന്റെ കണ്ണിൽ ഒരു നിസ്സഹായത വിരിഞ്ഞു വന്നു, അവന്റെ കുനിഞ്ഞ തല ഞാൻ കരുതിയത് സത്യമാണ് എന്നുള്ളതിന്റെ തെളിവായിരുന്നു,

പെരുവിരലിൽ നിന്നു അരിച്ചെത്തിയ കോപം കയ്യിലേക്ക് ഇരച്ചെത്തിയപ്പോൾ കോളറിൽ കൊരുത്തു പിടിച്ചു അവനെ ഭിത്തിയിലേക്ക് ഞാൻ ചേർത്തു, അമ്മയും അഖിലും വന്നെന്നെ വട്ടം പിടിച്ചു വലിച്ചു മാറ്റി, പിടഞ്ഞു മാറിയ ഞാൻ അലറിക്കൊണ്ടു അവനു നേരെ കുതിക്കാൻ ഒരുങ്ങുമ്പോൾ മുന്നിലേക്ക് അച്ഛൻ വന്നു നിന്നു,…

“അടങ്ങി നിക്കട……. ഏട്ടന്റെ അധികാരം കാണിക്കാൻ നിനക്ക് എന്ത് അവകാശം….നീ നിനക്ക് തോന്നിയ ഒരുത്തിയെ കൊണ്ടു വന്നു, നീ കാണിച്ച ധൈര്യം അവനും അവന്റെ തോന്നിയവാസത്തിനു കാണിച്ചു,….നീ ഓർക്കാതെ പോയ ഞങ്ങളെ അവനും ഓർത്തില്ല….അത്രേ ഉള്ളൂ….അവനെ തല്ലാൻ നിനക്കെന്തു യോഗ്യതയാടാ ഉള്ളേ….”

മുന്നിൽ നിന്നു അച്ഛൻ അലറി ചോദിച്ചപ്പോൾ ഉരുകിയത് ഞാൻ ആയിരുന്നു,…ഇപ്പോൾ ഇവിടെ വെച്ചു എല്ലാം തുറന്നു പറഞ്ഞാൽ അവൻ എല്ലാം സമ്മതിക്കുമെന്ന ഉറപ്പ് എനിക്ക് എപ്പോഴേ നഷ്ടപ്പെട്ടിരുന്നു. പറഞ്ഞാലും ഇവർക്ക് മുന്നിൽ ഞാനും അവളും വെറും കോമാളി ആവത്തെ ഉള്ളെന്ന് എനിക്ക് തോന്നി. അവന്റെ കണ്ണിലേക്ക് ഞാൻ നോക്കി, അവിടെ കുറ്റബോധത്തിന്റെ ഒരു കണിക പോലും ഉണ്ടായില്ല,…അവൻ ചതിച്ചത് എന്നെയാ, ഈ വീടിനെ, അച്ഛനെ അമ്മയെ….ചാരുവിനെ… ചാരു…പെട്ടെന്നാണ് അവളെക്കുറിച്ചു ഞാൻ ഓർത്തത്,….ഈശ്വരാ… പടി ഓടി ഞാൻ മുറി തള്ളി തുറന്നു ചെല്ലുമ്പോൾ കയ്യിൽ എടുത്തു പിടിച്ച കത്തി മറു കൈക്ക് മേൽ വരയാൻ ഒരുങ്ങി നിക്കുന്ന ചാരു,… ഡോർ ഞാൻ ലോക്കിട്ടു,… എന്റെ വരവിൽ ഞെട്ടി ഇരിക്കുവാണ് പെണ്ണ്, കണ്ണീരൊലിച്ചു മുടി പാറി ഒരു ഭ്രാന്തിയെപോലെ…
“ചാരു….മോളെ…എന്താ ഈ കാട്ടണെ….ഇങ്ങു വാ…ഞാൻ ഒന്ന് പറയട്ടെ…”

“വേണ്ട….വേണ്ട ഏട്ടാ…., സ്നേഹിച്ചതിനു എനിക്ക് കിട്ടി,….ഇനി വയ്യ..ന്റെ അച്ഛനേം അമ്മയേം വിഷമിപ്പിച്ചതിനുള്ളതാവും,…ന്നാലും…എനിക്ക് സഹിക്കാൻ പറ്റണില്ല…ഇനി എനിക്ക് ഇതേ ഉള്ളൂ വഴി,…. ഏട്ടൻ പാവാ….ഇവിടെ ഇനി നിക്കണ്ട…അവൻ ഏട്ടനേം ചതിക്കും….”

“മോളെ….പ്ലീസ്….എന്നെ ഒന്ന് നോക്ക്…..ചെയ്യല്ലേ…..നീ കൂടെ പോയാൽ ഒറ്റയ്ക്ക്,…ഞാൻ….ഞാൻ ശെരിക്കും ഒന്നുമല്ലാത്തവനായി പോവും,…ഒറ്റപ്പെട്ടു പോവും,….എനിക്ക് വേണ്ടി, പ്ലീസ്…”

ഇടറിപ്പോയി, വിതുമ്പിപോയി,പറഞ്ഞു തീർന്നതും കരഞ്ഞുപോയി, എന്റെ കരച്ചില് കണ്ടു, അവളുടെ കയ്യിലെ കത്തി ഊർന്നു പോയി, ആർത്തലച്ചു പെണ്ണ് എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു.

മുടി തഴുകി അവളെ ആശ്വസിപ്പിക്കുമ്പോൾ ചതിയുടെ ആണി തറച്ച നോവിൽ എന്റെ നെഞ്ചു പിടഞ്ഞു പൊടിയുകയായിരുന്നു.

അന്ന് മുഴുവൻ ചാരുവിനെ നോക്കി, ഞാൻ ആഹ് മുറിയിൽ തന്നെ കഴിച്ചുകൂട്ടി, എന്നിൽ നിന്ന് ഒരുനിമിഷം പോലും അവൾ മാറിയില്ല. അവളെ ഒറ്റയ്ക്ക് വിട്ടു പോവാൻ എനിക്കും പേടി ആയിരുന്നു,… എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു കരഞ്ഞു തളർന്നു ഉറങ്ങി, അവളെ എന്റെ മടിയിൽ കിടത്തി, തലമുടി തഴുകി ഇരിക്കുമ്പോഴും സ്വന്തം കൂടെപ്പിറപ്പ് എന്നെ ശെരിക്കും ഒരു പൊട്ടനാക്കിയ വിഷമത്തിൽ ആയിരുന്നു ഞാൻ, അവനു വേണ്ടി ഇത്രയും സഹിച്ച, കൂടെ നിന്ന എന്നെ മനസാക്ഷിക്കുത്തു പോലും ഇല്ലാതെ ചതിച്ചു, പാവം ചാരു, എല്ലാം വിട്ടെറിഞ്ഞു അവനെ വിശ്വസിച്ചു ഇറങ്ങിപ്പോന്ന ഇവളെ അവനൊന്നു ഓർത്തു കൂടി കാണില്ല,… ഇവളെ ഞാൻ കൈ വിടില്ല, എനിക്ക് ശ്വാസം ഉള്ളിടത്തോളം കാലം ചാരുവിനെ ഞാൻ ഒറ്റയ്ക്കാക്കില്ല,…. എന്റെ മടിയിൽ തല ചായ്ച്ചു ഉറങ്ങുന്ന ചാരുവിന്റെ നെറ്റിയിൽ തലോടി ഞാൻ ഉറപ്പിച്ചു,… പതിയെ എഴുന്നേറ്റു മാറാൻ ഒരുങ്ങിയപ്പോൾ, അവൾ ഒന്നൂടെ എന്നെ ചുറ്റിപ്പിടിക്കുന്നത് ഞാൻ അറിഞ്ഞു. അവളെ പതിയെ അടർത്തിമാറ്റി ഞാൻ പുറത്തിറങ്ങി,

സന്ധ്യ ആയിട്ടുണ്ട്, ഇതുവരെ അവളും ഞാനും ഒന്നും കഴിച്ചിട്ടില്ല, വയറ്റിൽ കാളാൻ തുടങ്ങി, വീട്ടിൽ നിന്നൊന്നും കഴിക്കാൻ തോന്നിയില്ല,… താഴെ ആരെയും കാണാനും ഇല്ല ഞാൻ ആരെയും നോക്കാനും പോയില്ല, എല്ലാത്തിനോടും എല്ലാരോടും ഒരു മടുപ്പ്, താഴെ ചെന്നു ബൈക്കെടുത്തു ഞാൻ റോഡിലേക്ക് കയറ്റി,
ഫോൺ നിർത്താതെ അടിക്കുന്നത് കണ്ടാണ്, ബൈക്ക് സൈഡിലൊതുക്കി ഞാൻ എടുത്തത്,…

“നിനക്കൊന്നു ഫോൺ എടുത്തൂടെ മൈരേ, എത്ര നേരായി വിളിക്കുന്നു….”

രാഹുൽ ആയിരുന്നു.

“ഡാ….ആകെ വല്ലാത്ത ഒരവസ്ഥയിലാ ഞാൻ….ഞാൻ പിന്നെ വിളിക്കാം…”

“ങും….നുണയൻ എല്ലാം പറഞ്ഞു,നീ…പേടിക്കണ്ട, എന്തിനാണേലും ഞങ്ങൾ എല്ലാം കൂടെ ഉണ്ട്….”

ഞാൻ മൂളിയിട്ട് ഫോൺ വെച്ചു, മനസ്സിൽ ഇപ്പൊ ചാരുവിനെക്കുറിച്ചു ആലോചിക്കുമ്പോഴാ പേടി,…

ഹോട്ടലിൽ നിന്ന് ഫുഡും വാങ്ങി നേരെ ഓടി വീട്ടിലെത്തി, അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു തന്നെ കിടക്കുവാണ് കതകിന് മുന്നിൽ അവർക്കുള്ള ഫുഡ് വെച്ചിട്ട് ഞാൻ മുട്ടി, തുറക്കും മുന്നേ മുകളിലേക്ക് കയറി,

മുറി അടച്ചിരുന്നു, ഞാൻ രണ്ടു തവണ മുട്ടി, അകത്തു നിന്നു ഒച്ചയും അനക്കവും ഒന്നുമില്ല… ഉള്ളിൽ ഒരു പേടി അരിച്ചിറങ്ങാൻ തുടങ്ങി,…

“ചാരു…ചാരു……ചാരു വാതിൽ തുറന്നേ…”

ഉച്ചത്തിൽ വിളിച്ചുകൊണ്ടു ഞാൻ കതകിൽ അടിച്ചു, ഒരു നിമിഷം അവളെ തനിച്ചാക്കി പോയതിൽ ഞാൻ എന്നെ തന്നെ ശപിച്ചു,

കതകു തല്ലിപ്പൊളിച്ചു അകത്തു കയറാൻ നോക്കുന്ന നേരം പെട്ടെന്ന് അവൾ കതകു തുറന്നു, മുഖത്താകെ വെള്ളത്തുള്ളികൾ പടർന്നിരുന്നു, അവൾ ബാത്‌റൂമിൽ ആയിരുന്നെന്ന് തോന്നി,… അവളെ കണ്ടപ്പോൾ എനിക്കെന്റെ പ്രാണവായു തിരികെ കിട്ടിയ പോലെ ആയിരുന്നു.

“എന്താ….ഏട്ടാ….പേടിച്ചു പോയോ…ഞാൻ ഇനി ചാവത്തൊന്നും ഇല്ല….ഏട്ടന് ഞാൻ വാക്ക് തന്നതല്ലേ….”

അത്രയും പറഞ്ഞുകൊണ്ട് നനഞ്ഞു തുടങ്ങുന്ന കണ്ണുകൾ എന്നെ ഒളിക്കാൻ അവൾ തിരിഞ്ഞു നടന്നു,

“ഏട്ടൻ എങ്ങോട്ടു പോയതാ…”

ടവ്വൽ എടുത്തു മുഖം തുടച്ചു അവൾ എന്നോട് ചോദിച്ചു.

“രാവിലെ മുതൽ പട്ടിണി അല്ലെ,…എന്തേലും കഴിക്കണ്ടേ….”

ഞാൻ കയ്യിൽ ഉണ്ടായിരുന്ന കവർ പൊക്കി കാണിച്ചു,

“എനിക്ക് വേണ്ട ഏട്ടാ…വിശക്കുന്നില്ല….”

“ഡി ചാരു…കളിക്കാതെ വന്നിരുന്നു കഴിക്കാൻ നോക്ക്…അല്ലേൽ നീ അവനേം ഓർത്തു കരഞ്ഞോണ്ടിരുന്നോ… എനിക്കെന്താ…”

ഞാൻ പറഞ്ഞിട്ട് പൊതി അഴിച്ചു രണ്ടാക്കി കട്ടിലിൽ വെച്ചു, ജഗ്ഗിൽ നിന്നു വെള്ളവും എടുത്തു വെച്ചു, അവളപ്പോഴും ജനലിൽക്കൂടി പുറത്തേക്കും നോക്കി ഇരിക്കുകയായിരുന്നു.

ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നിരുന്നു.

“വാ..ചാരു….നീ കഴിച്ചില്ലേൽ എനിക്കും വേണ്ട….”

ഞാൻ പിന്നെയും കുറെ നേരം ഇരുന്നു പറഞ്ഞപ്പോൾ എന്റെ ശല്യം സഹിക്കാതെ ആണോ എന്തോ അവള് എടുത്തു കഴിച്ചു തുടങ്ങി, അന്ന് മുഴുവൻ ഞാനും അവളും മുറിയിൽ തന്നെ ആയിരുന്നു.
രാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല, തിരിഞ്ഞും മറിഞ്ഞും പായയിൽ കിടന്നു ഉരുണ്ടു, അവസാനം എഴുന്നേറ്റു, മുറിയുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു,

“ഏട്ടാ….”

കട്ടിലിൽ നിന്നു ചാരുവിന്റെ വിളി.

“നീ ഉറങ്ങിയില്ലേ ചാരു….”

ഇരുട്ടിലും അല്പം തെളിഞ്ഞു കാണുന്ന അവളെ നോക്കി ഞാൻ ചോദിച്ചു.

“ഉറക്കം വരുന്നില്ലേട്ട….ഉറങ്ങാൻ പറ്റണില്ല…..ഏട്ടൻ ഉറങ്ങിയില്ലേ….”

“ഇല്ല എനിക്കും ഉറക്കം വരുന്നില്ല…”

“എന്റെ ഒപ്പം കുറച്ചു നേരം കിടക്കുവോ….”

മടിച്ചു മടിച്ചാണവൾ ചോദിച്ചത്. അവളുടെ ഉള്ള് എനിക്ക് മനസിലാകുമായിരുന്നു,… ഞാൻ കട്ടിലിൽ അവളോട്‌ ചേർന്നു കിടന്നു, എന്റെ കൈ എടുത്തു സ്വയം ചുറ്റിച്ചു ചാരു എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു.

“അവൻ വരണ്ടായിരുന്നു അല്ലെ ഏട്ടാ….എങ്കിൽ ഇപ്പോഴും ഒന്നും അറിയാണ്ട് ജീവിക്കായിരുന്നു….”

എന്നെ കെട്ടിപ്പിടിച്ചു കിടന്നു അവൾ പറഞ്ഞു,…

“ചാരു വേണ്ട അവനെക്കുറിച്ചൊന്നും ഇനി പറയേണ്ട….ഓർക്കുംതോറും, അതു മറക്കാൻ പാടായിരിക്കും….”

പിന്നെ അവൾ ഒന്നും പറഞ്ഞില്ല, പതിയെ എപ്പോഴോ അവളുടെ ശ്വാസം താളത്തിലായി.

***********************************

വീട്ടിൽ ഞാനും അവളും ഒറ്റപ്പെട്ടത് പോലെ ആയിരുന്നു,

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവന്റെ കൂടെ ഉള്ള പെണ്ണിന്റെ വീട്ടിൽ നിന്ന് ആളുകൾ വന്നു,… അവർക്ക് നാണക്കേട് കൂടാതിരിക്കാൻ അവർ തമ്മിലുള്ള കല്യാണത്തിന് സമ്മതം അറിയിക്കാൻ ആണ് വന്നത്,

അവന്റെ ഗൾഫിലെ മാനേജരുടെ അനിയത്തിയാണ് അവൾ, കർണാടകത്തിൽ നിന്നുള്ളവർ, അവിടെവെച്ചു പെട്ടെന്ന് പ്രശ്നം ആയപ്പോൾ ഇവളുമായി നാട് വിട്ടതാണ് ഇവൻ,…

ഇതൊക്കെ അവിടെ ഉള്ള അവന്റെ കൂടെ വർക് ചെയ്യുന്നവർ പറഞ്ഞു നാട്ടുകാരറിഞ്ഞ കൂട്ടത്തിൽ ഞാനും അറിഞ്ഞു, അവനോടു ചോദിക്കാനോ മിണ്ടാനോ പോലും തോന്നിയില്ല,…എനിക് വെറുപ്പായി തുടങ്ങിയിരുന്നു,…. ചാരു ആകെ സ്വയം അടച്ചു പൂട്ടി, തന്റെ ജോലി കഴിഞ്ഞാൽ മുറിയിൽ തന്നെ കൂടി,… ഞാൻ ഇപ്പോൾ ജോലി തേടി അലയുകയാണ്, എന്നെ വിശ്വസിച്ചു, എന്റെ ഉറപ്പിൽ നിൽക്കുന്ന ഒരു പെണ്ണ് കൂടെ ഉണ്ടെന്ന തോന്നൽ, എന്നെ ഉലച്ചു, സ്ഥിരമായ വരുമാനം ഇല്ലാതെ ഒന്നും കഴിയില്ല എന്നു ബോധ്യമായി,… പക്ഷെ ചെല്ലുന്ന ജോലികൾക്കെല്ലാം ഒന്നെങ്കിൽ എക്സ്പീരിയൻസും, കരിയർ ഗ്യാപും വില്ലനായപ്പോൾ പലയിടത്തും തഴയപ്പെട്ടു,…
അതിനിടയിൽ വീട്ടിൽ വിനീതിന്റെ കല്യാണം കൊടുമ്പിരി കൊള്ളുകയായിരുന്നു, പെണ്ണിനെ അവർ കല്യാണം വരെ വീട്ടിൽ നിർത്താനായി വന്നു കൊണ്ടു പോയി,… ഇതുപോലുള്ള കല്യാണം ആയതുകൊണ്ട് വലിയ ആഡംബരം ഒന്നും പ്ലാനിൽ ഇല്ല, ഞാൻ കൂടുതൽ ഒന്നിനും ഇടപെടാനും പോയില്ല,… അവന്റെ കാര്യം ഞാൻ ആകെ മൊത്തത്തിൽ ഉപേക്ഷിച്ച മട്ടായിരുന്നു,… അവനൊരെണ്ണം കനത്തിൽ പൊട്ടിക്കണം എന്നൊരാഗ്രഹം ഉള്ളിൽ ഉണ്ട്, പിന്നെ വീട്ടിൽ അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ടെന്നു വെച്ചു, ഞാൻ ഒന്ന് അടങ്ങി നടന്നു,… ജോലി തെണ്ടലും, തലയ്ക്ക് മീതെ കുമിഞ്ഞു കൂടുന്ന നൂറു പ്രശ്നവുമായിട്ടാണ് ഓരോ ദിവസവും, രാവിലെ എഴുന്നേറ്റ് തിരികെ വീട്ടിൽ വന്നു കേറുന്നത്… പക്ഷെ റൂമിലെത്തി, ചാരുവിന്റെ ഒരു ചിരി കാണുമ്പോൾ, അതുവരെ ഓടിയതിന്റെ ക്ഷീണം മുഴുവൻ മാറും…

അവൾ വിനീതിനോട് മിണ്ടാറു കൂടിയില്ല ഇടയ്ക്കെപ്പോഴോ അവൻ എന്തോ പറഞ്ഞു വരുമ്പോഴും തിരിഞ്ഞു കൂടി നോക്കാതെ, അവൾ പോകുമായിരുന്നു. ഒന്നു രണ്ടു തവണ ഞാൻ അതു കണ്ടു,… അവളുടെ കയ്യിൽ നിന്ന് എങ്കിലും അവനൊന്നു കിട്ടണം എന്നു എനിക്ക് തോന്നി,…

അന്നും പതിവ് പോലെ ഒരു ഇന്റർവ്യൂ കഴിഞ്ഞുള്ള വരവിൽ ആയിരുന്നു ഞാൻ, കിട്ടാൻ ചാൻസ് ഇല്ല…ജോലി ഏറ്റവും അത്യാവശ്യവുമായിരിക്കുന്നു,…ഇപ്പൊ തന്നെ എന്റെ കൂട്ടലിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് ജീവിക്കുന്നത്,…. വീട്ടിൽ എത്തിയപ്പോൾ മുൻപിൽ ആരെയും കണ്ടില്ല,.. കല്യാണം അടുത്തത് കൊണ്ടു അച്ഛനും അമ്മയും എപ്പോഴും ആരെയെങ്കിലും ക്ഷണിക്കാൻ പോയിരിക്കും, മുൻവാതിൽ തുറന്നു ഞാൻ അകത്തു കയറി, വാതിലും തുറന്നിട്ടു ഇവിടുള്ളവരൊക്കെ ഇവിടെ പോയി എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല… നേരെ മുകളിലെ റൂമിൽ ചെന്നു കൊട്ടി,… രണ്ടു മൂന്നു വട്ടം കൊട്ടിയിട്ടും അനക്കമില്ല…അവൾ ഉറങ്ങുവോ മറ്റോ ആയിരിക്കണം എന്നു തോന്നി ഞാൻ വിളിച്ചു.

“ചാരു……”

പെട്ടെന്ന് എനിക്ക് മുന്നിൽ വാതിൽ തുറന്നു, എന്റെ സ്വരം കേൾക്കാൻ കാത്തിരുന്ന പോലെ ആയിരുന്നു അത്,…. എന്നെ കണ്ടതും ചാരു എന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു….

തുടരും…❤️❤️❤️

1cookie-checkഒരു കുടിലല്ല 4

  • സുഖം അവൾക്കു നൽകിയ സമ്മാനം

  • വീണത് ഭാഗ്യം

  • മിസ്സിസ് 2