അനുപമ – Part 11

“പോയി ചോറ് വെക്കട്ടെ..

എണീറ്റ് പോയെ.. പകല് അധികം ഉറങ്ങണ്ട… “എന്റെ ദേഹത്ത് നിന്നും എണീറ്റ് മുടി

വാരികെട്ടി അമ്മു കട്ടിലിൽ എണീറ്റിരുന്നു കൊണ്ട് പറഞ്ഞു.

“അതെന്താ പകല് ഒറങ്ങിയാ

പ്രശ്നം…?

മയക്കത്തിന്റെ ആലസ്യത്തിലായിരുന്ന ഞാൻ കണ്ണ് തുറക്കാതെ ചോദിച്ചു.

“പകല് ഒറങ്ങിയാ രാത്രി കണ്ണും തുറന്ന് കെടക്കും പിന്നെ എനിക്ക് സ്വസ്ഥായിട്ട്

ഒറങ്ങാൻ പറ്റൂല അതെന്നെ….

അവൾ എന്റെ കവിളിൽ കുത്തി കൊണ്ട് ദേഷ്യം നടിച്ചു..

“ഓ നമ്മളായിട്ട് ആരുടേം

വ്രതം തെറ്റിക്കാനില്ലേ…. ”

ഞാൻ കണ്ണ് തുറന്ന് പുച്ഛത്തോടെ പറഞ്ഞു

“ആ അതാ നല്ലത് അല്ലെങ്കി തടി കേടാവും !

ഭീഷണിയോ അതും എന്നോട്.. !

“ഓഹോ എന്നാ പിന്നെ അതൊന്ന് കാണട്ടെ… ”

പറയുന്നതിനോടൊപ്പം ഞാൻ അവളുടെ കൈ പിടിച്ചു തിരിച്ചു.

“ആഹ് ഞാൻ ചുമ്മാ പറഞ്ഞതാ..

വിട് വേദനിക്കുന്നു…..

അവൾ ഓവർ എക്സ്പ്രഷൻ ഇട്ട് അഭിനയിക്കാൻ തുടങ്ങി…

ഞാൻ പക്ഷെ പിടുത്തം വിട്ടില്ല ഏത് വരെ പോവും എന്ന് നോക്കണമല്ലോ

“മര്യാദക്ക് വിട്ടോ അല്ലെങ്കി തുപ്പും ഞാൻ…. “

അവൾ വായ തുറന്ന് ഭീഷണി പെടുത്തി.

“തുപ്പിക്കൊ.. ന്നാലും വിടൂല.. “

“വിടെടാ പട്ടീ, തെണ്ടീ, നാറീ.. ”

ഇപ്രാവശ്യം അവൾക്ക് ഇത്തിരി വേദനിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി എന്നിട്ടും

ഞാൻ പിടുത്തം ഒന്നയച്ചതല്ലാതെ വിട്ടില്ല.

“മര്യാദക്ക് പറഞ്ഞാൽ വിടാം..

ജാഡയാണെങ്കിൽ കൈ ഞാൻ ഒടിക്കും…. ”

ഞാൻ കണ്ണുരുട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചു..

“വിടൂ പ്ലീസ്.. കൈ വേദനിക്കുന്നു…. “

അവൾ കണ്ണിൽ വെള്ളം നിറച്ചു ദയനീയമായി കെഞ്ചിയതോടെ ഞാൻ കയ്യിലെ പിടുത്തം വിട്ടു.അവൾ

മുഖം വെട്ടിച്ചു കട്ടിലിൽ നിന്ന് എണീക്കാൻ തുടങ്ങിയതും ഞാൻ കൈ പിടിച്ച് വലിച്ചു

അവളെ എന്റെ ദേഹത്തേക്ക് കിടത്തി.

“വേദനിച്ചോ..?

“നല്ലോണം വേദനിച്ചു ഇതിപ്പോ ഉണ്ണിയേട്ടനും നീയും തമ്മില് വല്യ മാറ്റം ഒന്നും

ഇല്ലല്ലോ….?

സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

“എടീ ദുഷ്ടേ.. എന്തൊക്കെയാ പറയ്ണെ….?

അവളുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്നെ സ്വയം വരുത്തി വെച്ചതാണല്ലോ

എന്നോർക്കുമ്പോൾ ഒരു സമാധാനം

“കണക്കായിപ്പോയി ന്നെ വെറുതെ വേദനിപ്പിച്ചിട്ടല്ലേ.. !

പെണ്ണിന്റെ കലിപ്പ് അടങ്ങിയിട്ടില്ലാ….

“അമ്മൂ.. ചോറൊന്നും ണ്ടാക്കണ്ടേ.. വർത്താനം പറഞ്ഞിരുന്നാ മത്യോ?

വാതിലിൽ തട്ടി കൊണ്ട് അച്ഛമ്മ വിളിച്ചു ചോദിച്ചു.

“അയ്യേ.. നാണം കെടുത്തിയപ്പോ സമാധാനം ആയല്ലോ കൊരങ്ങാ.. ”

എന്റെ കവിളിൽ അമർത്തി നുള്ളി കൊണ്ട് അവൾ എണീക്കാനൊരുങ്ങി.എന്തോ അരുതാത്തത് ചെയ്ത്

പിടിക്കപ്പെട്ട ഭാവം ആയിരുന്നു അവൾക്കപ്പോൾ.

“എങ്ങോട്ടാ ഈ പോണേ.. ഇന്ന് ചോറ് വെക്കണ്ടാ…. ”

അവളെ തടഞ്ഞു കൊണ്ട് ഞാൻ

പറഞ്ഞു..

“പിന്നെ രാത്രി മണ്ണ് വാരി തിന്നുവോ.. കൊഞ്ചാതെ മാറ് ചെക്കാ..”.

അവളെന്റെ കുസൃതി ആസ്വദിക്കാനുള്ള മൂഡിലായിരുന്നില്ല

“നമുക്ക് എന്തേലും പുറത്ത്ന്ന് വാങ്ങാടീ… എനിക്കെന്റെ കുഞ്ഞൂനെ കെട്ടിപിടിച്ചു

മതിയായില്ല.. പ്ലീസ്.. ”

“ഇതെന്ത് ഭ്രാന്താ പൊന്നൂസേ

ഇങ്ങനെ ആണെങ്കിൽ എന്നെ ജോലിക്ക് പോവാനൊന്നും സമ്മതിക്കൂലേ…?

അവൾ കുറുമ്പൊടെ ഉണ്ടക്കണ്ണുരുട്ടി ഇടുപ്പിൽ കൈ കുത്തി എന്നെ നോക്കി.

“അതൊക്കെ എനിക്ക് തോന്നിയ പോലെ ചെയ്യും. നീ ഇവിടെ ഇരുന്നേ കുഞ്ഞൂ…. ”

ഞാൻ ശാഠ്യം പിടിച്ചു കൊണ്ട് അവളെ വരിഞ്ഞു മുറുക്കാൻ തുടങ്ങി..

“മോശാട്ടോ.. അമ്മ പുറത്തു നിക്ക്ണ്ട്…..”

എന്റെ കുറുമ്പനല്ലേ ഒന്ന് വിടെടാ ഞാൻ വാതില് തുറക്കട്ടെ… ”

അവൾ എന്റെ മുഖത്ത് തഴുകി കൊണ്ട് എന്നെ ആശ്വസിപ്പിച്ചു.ബോണസായിട്ട് ഒരുമ്മയും

കിട്ടി.

“എന്നാ അച്ഛമ്മയോട് ഇങ്ങോട്ട് വരാൻ പറ.. ചോറൊന്നും വെക്കണ്ട സംസാരിച്ചിരിക്കാം.. ”

പിടി വിട്ടുകൊണ്ട് ഞാൻ പറഞ്ഞതും അവൾ ഓടിപ്പോയി

വാതിൽ തുറന്നു. അവൾ അകത്തേക്ക് ക്ഷണിച്ചതും അച്ഛമ്മ ഒന്ന് മടിച്ചു പക്ഷെ

നിർബന്ധിച്ചപ്പോൾ കൂടെ വന്ന്

കട്ടിലിൽ ഇരുന്നു.പിന്നെ ചിരിയോടെ എന്നെ നോക്കി..

“ഇവന് ഇവന്റെ അച്ഛച്ചന്റെ സ്വഭാവം അതെ പോലെ കിട്ടീട്ട്ണ്ട്.

ഏത് നേരോം എന്നെ കെട്ടിപിടിച്ചിരിക്കാനായിരുന്നു മൂപ്പർക്ക് കമ്പം.. ”

അത് പറഞ്ഞപ്പോൾ അച്ഛമ്മ പഴയ പതിനാറുകാരിയിലേക്ക് പുനഃപ്രവേശം നടത്തിയത് പോലെ തോന്നി

എനിക്ക്.ആ മുഖത്തെ ചുളിവുകൾ പോലും മായ്ച്ചു കൊണ്ട് വല്ലാത്തൊരു നാണം അച്ഛമ്മയുടെ

മുഖത്ത് വിരിഞ്ഞു.

“എടീ നിനക്ക് അച്ഛമ്മയുടെ പ്രണയകഥ അറിയോ..

അച്ഛമ്മയെ കൗതുകത്തോടെ നോക്കിയിരിക്കുന്ന അമ്മുവിനെ തോണ്ടി കൊണ്ട് ഞാൻ ചിരിയോടെ

ചോദിച്ചു.

“ഇല്ലാ……പറഞ്ഞെ കേൾക്കട്ടെ.!

അമ്മു ഉഷാറായി.ക്രാസിയിൽ ചാരി ഇരിക്കുന്ന അച്ഛമ്മയുടെ മടിയിലേക്ക് തലവെച്ച് അവൾ

മലർന്ന് കിടന്നു പിന്നെ കാൽ എടുത്ത് നേരെ എന്റെ മടിയിലേക്കു വെച്ചുകൊണ്ട് അവൾ കഥ

കേൾക്കാൻ തയ്യാറായി.കാല് കയറ്റി വെച്ചത് ഇഷ്ടപ്പെട്ടില്ലേ എന്ന് അവൾ എന്നെ പാളി

നോക്കുന്നുണ്ടായിരുന്നു. എന്റെ പുഞ്ചിരി കണ്ടതോടെ അവൾക്ക് സമാധാനം ആയി.

“അങ്ങോട്ട് പറഞ്ഞു കൊടുക്ക് ലക്ഷ്മി കുട്ടീ…. എന്താ പെണ്ണിന്റെ ഒരു നാണം.. ”

ഞാൻ ചിരിയോടെ അച്ഛമ്മയെ പ്രോത്സാഹിപ്പിച്ചു..

“ഒന്നങ്ങട്ട് തരും ഞാൻ ചെക്കാ..

നല്ലോണം കര്തിക്കോ.. ”

എനിക്ക് നേരെ കൃത്രിമ ദേഷ്യത്തോടെ കയ്യോങ്ങി കൊണ്ട് അച്ഛമ്മ കഥ പറയാൻ തുടങ്ങി.

അത് ഞാൻ നിങ്ങളോട് പറയാം..

അച്ഛച്ചന്റെ ഭാര്യയുടെ ചേച്ചി ആയിരുന്നു ഈ ലക്ഷ്മി കുട്ടി.അച്ഛമ്മയുടെ കല്യാണവും

ആദ്യം കഴിഞ്ഞതാണ് ഒരു പട്ടാളക്കാരനുമായി.അച്ഛമ്മയുടെ ചേച്ചി ഒരു നിത്യ രോഗി

ആയിരുന്നു.ഒരു പെൺകുഞ്ഞിനെ അച്ഛച്ചനു സമ്മാനിച്ചു അധികം വൈകാതെ അവര് മരിച്ചു. ആ

പെണ്കുഞ്ഞാണ് അന്ന് വന്ന വല്യമ്മ.പ്രസവത്തോടെ മരിച്ച ചേച്ചിയുടെ മകളെ വളർത്താനുള്ള

നിയോഗം പിന്നെ അച്ഛമ്മക്കായിരുന്നു. ഒരമ്മയുടെ മുഴുവൻ വാത്സല്യത്തോടെയും ലക്ഷ്മി

കുട്ടി ആ കുഞ്ഞിനെ വളർത്തി. ആയിടക്കാണ് സഹ പ്രവർത്തകനായ ഏതോ ഒരു സിഖ് കാരന്റെ

കുത്തേറ്റു അച്ഛമ്മയുടെ ആദ്യം ഭർത്താവ് മരണപ്പെടുന്നത്.അതോടെ തുല്യ ദുഖിതരായ

അച്ഛച്ചനും ലക്ഷ്മികുട്ടിയും തമ്മിൽ കൂടുതൽ അടുത്തു. അതിന് ആ കുട്ടി ഒരു കാരണമായി

എന്ന് മാത്രം. സംഗതി പോസിറ്റീവ് ആണെന്ന് മനസ്സിലായ അച്ഛച്ചൻ ഒരു രാത്രി

അച്ഛമ്മയെയും കുഞ്ഞിനേയും പൊക്കി ഇങ്ങ് പോന്നു. പിന്നെ അവർ തമ്മിൽ കല്യാണം

കഴിച്ചുണ്ടായതാണ് എന്റെ അച്ഛനും കുണ്ടനും അടക്കമുള്ള സന്തതികൾ. കല്യാണം കഴിയുന്ന

സമയത്ത് അച്ഛച്ചന് മുപ്പത്തിയൊന്നും അച്ഛമ്മക്ക് ഇരുപത്തിയെട്ടും വയസായിരുന്നു

പ്രായം.

“മരിക്ക്ണ വരെ ഇന്നെപറ്റി ഒരു കുറ്റം പോലും പറഞ്ഞ് ഞാൻ കേട്ടിട്ടില്ല..,

ജീവനായിരുന്നു മൂപ്പര്ക്ക്.. ”

ദീർഘനിശ്വാസത്തോടെ അച്ഛമ്മ പറഞ്ഞു നിർത്തി.

“ഇവിടെ കല്യാണം കഴിഞ്ഞില്ല അപ്പോഴേക്കും എന്റെ കണ്ണീര് വറ്റി.”

അമ്മു എന്നെ ഒന്ന് ആക്കികൊണ്ട് ചിരിയോടെ പറഞ്ഞു.അച്ഛമ്മയും ആ ചിരിയിൽ പങ്കാളിയായി.

“ഓ ഇതിന് മുന്നേ നീ എന്നും ചിരിക്കായിരുന്നല്ലോ..”

അവളുടെ കളിയാക്കൽ എനിക്കിഷ്ടപെട്ടില്ല. പക്ഷെ ഞാൻ വിചാരിച്ചത്

പോലെയല്ല അവൾ അതെടുത്തത് എന്ന് ആ മുഖം കണ്ടപ്പോൾ എനിക്ക്

മനസ്സിലായി.വേണ്ടായിരുന്നു..

“ഇനി അതൊന്നും ഓര്മിപ്പിക്കണ്ട ചെക്കാ….”

അച്ഛമ്മ എന്നെ വിലക്കി.

“ഏയ്‌ എന്റെ കുട്ടിക്ക് അതൊന്നും പ്രശ്നല്ല അച്ഛമ്മാ..

ഞാൻ തമാശ പറഞ്ഞതല്ലേ.. ”

എന്റെ മടിയിൽ കിടക്കുന്ന അമ്മുവിന്റെ കാൽപ്പാദം പിടിച്ചുയർത്തി ഉമ്മവെച്ചു കൊണ്ടാണ്

ഞാനത് പറഞ്ഞത്.ഉമ്മവെച്ചു കഴിഞ്ഞപ്പോൾ ആണ് അച്ഛമ്മ തൊട്ടടുത്തിരിക്കുന്നത്

എനിക്കോർമ്മ വന്നത്.

“ശ്ശേ.. പരിസരബോധംന്ന് പറയണ സാധനം ഇല്ല നാണോം മാനോം ഇല്ലാത്തവൻ.. !

എന്റെ പ്രവർത്തിയിൽ ചൂളിപ്പോയ പെണ്ണ് എന്റെ നേരെ പല്ലുറുമ്മി

അച്ഛമ്മ അത് കണ്ട് ചിരിച്ചതെ ഒള്ളൂ..

“തനി പൊട്ടനാ അമ്മാ എന്താ പറയണേ ചെയ്യണേന്ന് ഒരു ബോധം ഇല്ല.”

അവൾ എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി.

“ന്നാലും ഓനെപ്പോലെ സ്നേഹിക്ക്ണ ഒരുത്തനെ കിട്ടണെങ്കിൽ ഭാഗ്യം ചെയ്യണം പെണ്ണെ…..

അപ്രതീക്ഷിതമായി അച്ഛമ്മ എന്റെ പക്ഷം പിടിച്ചു..

“അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്ക് ലക്ഷ്മി കുട്ടീ.. പോത്തിന് ബോധം വരട്ടെ…

എന്റെ ഡയലോഗ്മാഡത്തിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. എന്നെ നോക്കി കൊഞ്ഞനം കുത്തുവാണ്.

“ഇങ്ങളെ കൊത്തികടിക്കല് കണ്ട് നിന്നിട്ട് കാര്യല്ല… ഞാൻ പോയി ന്റെ പണി ഒര്ക്കട്ടെ….

ചെല്ലി പറഞ്ഞു കൊണ്ട് അച്ഛമ്മ എണീറ്റു പുറത്തേക്ക് പോയതോടെ ഞങ്ങൾ മാത്രമായി.

അതോടെ അവൾ എന്നെ വന്ന് തൊട്ടുരുമ്മാനും എന്റെ വിയർപ്പ് മണം ആസ്വദിക്കാനും തുടങ്ങി..

“ബ്രോസ്റ്റ് വാങ്ങി തരോ…?

എന്റെ കാതിൽ ഒരു മർമ്മരം കേട്ടു

“ഇല്ലാ…..”

“പ്ലീസ് ഞാനിത് വരെ തിന്നിട്ടില്ല..

ഒന്ന് ടേസ്റ്റ് അറിയാനാ…”

“പോടീ കൊതിച്ചിപ്പാറു.

വേണെങ്കിൽ അത് പറ കള്ളം പറയാൻ നിക്കണ്ടാ.. ”

അവളെ പിടിച്ചു മടിയിൽ ഇരുത്തി കൊണ്ട് ഞാൻ പറഞ്ഞു.

“പൊന്നൂസാണ് സത്യം ഞാനിത് വരെ തിന്നിട്ടില്ലാന്നെ.”

എൻറെ കഴുത്തിലൂടെ കയ്യിട്ട് ലോക്കാക്കികൊണ്ട് അവൾ അമർന്നിരുന്നു.

“പിന്നെന്താ ഇത്ര നാളും പറയാഞ്ഞേ..?

“അത് കളിയാക്കിയാലോന്ന് പേടിച്ചിട്ടാ….”

“അപ്പൊ ഇപ്പൊ പറഞ്ഞതോ..?

“അതോ ഇന്നലെ എന്റെ കൂടെ പഠിച്ച വർഷ ബ്രോസ്റ്റ് കഴിക്കുന്നത് സ്റ്റാറ്റസ്

ഇട്ടിരുന്നു. അത് കണ്ടപ്പോ കൊതിയായതാ..”

അത് പറഞ്ഞപ്പോൾ അവൾക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നു.

“വേറെ വല്ലതും വേണോ..?

അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാനത് ചോദിച്ചപ്പോൾ അവൾ അതിശയോക്തി

കലർത്തി എരിവലിച്ചു.

“പിന്നെ പൊരിച്ച കോഴി ഇല്ലേ അതും വേണം ”

അൽഫാമോ..?

“ആ അത് തന്നെ…

പേര് ഞാൻ മറന്ന് പോയതാ.. ”

“പൈസ ണ്ടെങ്കി മതി ട്ടോ..

അല്ലെങ്കി പിന്നെയാക്കാം.. ”

എന്റെ എക്സ്പ്രഷൻ കണ്ടപ്പോൾ അവൾക്കൊരു സംശയം പോലെ..

“ഈ കുംഭ നിറക്കാനുള്ള പൈസ ഒക്കെ ന്റെ കയ്യിലുണ്ട്..പാറൂ.. ”

അത് കേട്ടപ്പോൾ പെണ്ണ് പാൽപ്പല്ലുകൾ കാട്ടി

“പൊക്കിളിൽ തൊടരുത്.. !

ഞാൻ ചിരിയോടെ പറഞ്ഞ് അവളുടെ വയറിലൂടെ കൈ ഓടിച്ചതും അവൾ തടഞ്ഞു

“തൊട്ടാൽ…?

“തൊട്ടാൽ… തൊട്ടാൽ കെട്ട് പൊട്ടും അതെന്നെ…. ”

എന്റെ കൈ പിടിച്ചു മാറ്റിക്കൊണ്ട് അവൾ നാണത്തോടെ പറഞ്ഞു കൊണ്ട് എന്നെ

മുറുക്കിയണച്ചു..

” തരിക്കുന്നു….. ”

എന്നെ മുറുക്കി കെട്ടി പിടിക്കുന്നതിനിടെ അമ്മു പറഞ്ഞു.

“അതിനും മാത്രം ഒന്നും ണ്ടായില്ലല്ലോ പെണ്ണെ ….”

കള്ളച്ചിരിയോടെ ഞാൻ മറുചോദ്യം ഉന്നയിച്ചു..

“അതല്ല പൊട്ടാ ഫോൺ തരിക്കുന്നു.. ആരാന്ന് നോക്ക്..”

അവൾ എന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത്‌ എന്റെ നേരെ നീട്ടി വീണ്ടും എന്നെ പഴയപോലെ

കെട്ടിപിടിച്ചു.

ലച്ചുവാണല്ലോ….

“എന്താ ലച്ചൂ..?

എന്തെങ്കിലും കാര്യമില്ലാതെ വിളിക്കുന്ന പതിവില്ലാത്തതിനാൽ തടിച്ചിയുടെ കോൾ

കാണുമ്പോ ടെൻഷൻ ആണ്..

“പെണ്ണുണ്ടോ നിന്റെ അടുത്ത് ..?

“ആ…. “

അടുത്തില്ല മടിയിലാണ് എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും മിണ്ടിയില്ല..

“എന്നാ അവിടുന്ന് മാറി നിക്ക്.. ”

ഗൗരവത്തിൽ തന്നെയാണ് അമ്മക്കുട്ടിയുടെ സംസാരം.

ഞാൻ അവളെ എഴുന്നേൽപ്പിച്ചു കട്ടിലിൽ ഇരുത്തി റൂമിൽ നിന്ന് പുറത്തേക്ക് പോന്നു.

“എന്താ അമ്മാ…. “

ലച്ചുവിന്റെ ബിൽഡ് അപ്പ് കണ്ട് എനിക്ക് ചെറുതായി ടെൻഷൻ ആവുന്നുണ്ടായിരുന്നു.

“ഒന്നൂല്ല നിന്റെ പിതാശ്രീ മറ്റന്നാൾ ഇവിടെ ലാൻഡ് ചെയ്യും.എന്നെ ഇപ്പൊ

വിളിച്ചിരുന്നു…”

“ആ വരട്ടെ… ”

ഞാൻ നിസ്സംഗമായി മറുപടി നൽകി.

“മൂപ്പര് ഉണ്ണിയെ വിളിച്ച് എല്ലാം ഒറ്റികൊടുത്തിട്ടുണ്ട്. അവനോടും നാട്ടിലേക്ക്

വരാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു.. ”

“ആ എല്ലാരും വരട്ടെ അല്ലെങ്കിലും ഈ നാടകം അവസാനിപ്പിക്കാൻ സമയമായി.”

അപ്പോഴേക്കും അമ്മു ഉമ്മറത്തു വന്ന് ചെവി കൂർപ്പിക്കാൻ തുടങ്ങിയിരുന്നു.

“പിന്നെ വേറൊരു കാര്യം നാളത്തെ ദിവസത്തിന് ഒരു പ്രത്യേകത ണ്ട്..”

എന്താന്നറിയോ?

തടിച്ചി ആകാംഷയോടെ ചോദിച്ചു.

“ഇല്ലാ.. ഇതെന്താ ക്വിസ് ആണോ ലച്ചൂസെ?

“എടാ പൊട്ടാ നാളെ പെണ്ണിന്റെ പിറന്നാളാണ്.”

“ആഹാ എന്താ ടൈമിംഗ്.. ”

എന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായി പോയി

“ഒരു കാര്യം ചെയ്യാം നാളെ അവളേം കൂട്ടി അവള്ടെ വീട് വരെ ഒന്ന് പോവാ. പിറന്നാൾ

അവിടുന്ന് ആഘോഷിച്ച് അവളെ അവിടെ നിർത്തി പോരാം.ഈ കോലാഹലങ്ങൾ ഒക്കെ അവസാനിച്ചിട്ട്

തിരികെ കൊണ്ട് വരാം.. ”

ലച്ചു മുൻകൂട്ടി പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്..

“ഡൺ.. 👍”

അമ്മു പിന്നിൽ നിൽക്കുന്നത് കൊണ്ട് എനിക്കധികം സംസാരിക്കാൻ

പറ്റുമായിരുന്നില്ല.പറഞ്ഞതിനൊക്കെ മൂളിക്കൊണ്ട് ഞാൻ ഫോൺ വെച്ചു.

“എന്തിനാ അമ്മ വിളിച്ചേ..?

ഞാൻ ഉമ്മറത്തേക്ക് കയറിയതും അമ്മു തിരക്കി.

“നാളെ നിന്റെ വീട് വരെ ഒന്ന് പോവാന്ന്. അമ്മക്ക് നിന്റെ വീട്ടുകാരെ ഒക്കെ ഒന്ന്

കാണണം എന്ന് പറഞ്ഞു ”

ഞാനവളുടെ തോളിലൂടെ കയ്യിട്ട് അകത്തക്ക് നടക്കുന്നതിനിടെ പറഞ്ഞു.

“അയ്യോ എന്നാ ഇപ്പൊ തന്നെ വിളിച്ചു പറയട്ടെ.. ഒക്കെ അലങ്കോലമായി കിടക്കാവും അമ്മ

വരുമ്പോ വൃത്തിയില്ലാതെ കണ്ടാൽ മോശല്ലേ… ”

“പിന്നേ മഹാറാണിയുടെ എഴുന്നള്ളത്തല്ലേ….?

ഒന്ന് പോയെടി… ”

“അങ്ങനെ അല്ല ന്നാലും ഒന്ന് വൃത്തിയാക്കി ഇടാലോ !

കണ്ടാൽ കയറി ഇരിക്കാനെങ്കിലും തോന്നണ്ടേ?

“അതൊക്കെ തോന്നിക്കോളും

നീ ബേജാറാവണ്ട.. ”

ഞാൻ അവളെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും അവൾ അപ്പോഴേക്കും വിളി കഴിഞ്ഞിരുന്നു.AEO

യുടെ ഇൻസ്‌പെഷന്റെ തലേന്ന് സ്കൂൾ മാഷുമാർക്ക് ഉണ്ടാവുന്ന അതെ ടെൻഷൻ ആയിരുന്നു

അവൾക്ക്.ഒന്നോരോന്ന് ഓർമിച്ചു പറഞ്ഞ് അവൾ നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു. എല്ലാം

മൂളികേട്ട് കൊണ്ട് അവളുടെ അമ്മ ഫോൺ വെച്ചു.അവളെ ചുറ്റി പറ്റി നടന്ന് സമയം കളഞ്ഞു.

ഏകദേശം എട്ടു മണി ആയപ്പോൾ ഞാൻ ഫുഡ്‌ വാങ്ങിക്കാൻ പുറത്തേക്ക് പോയി.ഓർഡർ

ചെയ്തതെല്ലാം പാർസൽ വാങ്ങി തിരിച്ചെത്തി.വരുന്ന വഴിക്ക് വഴിയിൽ വെച്ച് കൂടെ പഠിച്ച

പലരെയും കണ്ടെങ്കിലും ഞാൻ കാണാത്ത ഭാവം നടിച്ചു.അത് വേറൊന്നും കൊണ്ടല്ല അവള് കൂടെ

ഇല്ലാതെ എനിക്കിപ്പോ ഒരിടത്തും ഒരു സമാധാനവും ഇല്ലാ.ആകെ ഒരു ടെൻഷനും വെപ്രാളവും

ആണ്.ഒരു ലക്ഷണമൊത്ത പെൺകോന്തനായി ഞാൻ മാറിക്കൊണ്ടിരിക്കുകയാണെന്ന ദുഃഖ സത്യം

എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. പക്ഷെ എന്റെ ജീവിതത്തിൽ ആ രണ്ട് പെണ്ണുങ്ങൾ കഴിഞ്ഞേ

ഒള്ളൂ മറ്റാരും. അവരെ ഒട്ടി നടന്നുണ്ടാവുന്ന ചീത്തപ്പേര് ഞാനങ്‌ സഹിക്കും. അല്ല

പിന്നെ !

തറവാട്ടിൽ എത്തിയപ്പോൾ ഉമ്മറത്തു ലൈറ്റുണ്ട് പക്ഷെ ആരും ഇല്ലാ.ഞാൻ വന്നത് മാഡം

അറിഞ്ഞിട്ടില്ല അല്ലെങ്കിൽ പാല്പല്ലും കാട്ടി ഉമ്മറത്തുണ്ടായേനെ !

ടി വിയിൽ നിന്ന് കമൽ ഹാസന്റെ വിശ്വരൂപം സിനിമയിലെ ഉന്നൈ കാണാത നാൻ ഇൻട്രു നാനില്ലയെ

എന്ന മനോഹരമായ ഗാനം ഉയർന്നു കേൾക്കുന്നുണ്ട്. അകത്തു നിന്ന് കൊലുസിന്റെ താളാത്മകമായ

ശബ്ദവും . പാതി ചാരിയ ഉമ്മറവാതിൽ പതിയെ തള്ളി തുറക്കുമ്പോൾ പെണ്ണ് തകർത്ത്

കളിക്കുകയാണ്.അതി മനോഹരമായ നടനം. സാധാരണ തടിയനങ്ങി കളിക്കാത്ത ക്ലാസിക്കൽ നൃത്തം

കാണാൻ വല്യ താല്പര്യം ഇല്ലാത്ത ഞാൻ വായും പൊളിച് നോക്കി നിന്ന് പോയി.പക്ഷെ ആ

ഒളിഞ്ഞു നോട്ടത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പാട്ടിനൊത്ത്‌ കളിച് തിരിഞ്ഞ അവൾ

കണ്ടത് വാതിൽക്കൽ നിന്ന് സീൻ പിടിക്കുന്ന എന്നെ ആണ്.പിടിക്കപ്പെട്ട ജാള്യതയിൽ അവൾ

ഡാൻസ് നിർത്തി മുഖം വെട്ടിച്ചു നിന്നു . ഞാൻ അവളെ മൈൻഡ് ചെയ്യാതെ കടന്ന് പോയി ഫുഡ്‌

ഡൈനിങ്ങ് ടേബിളിൽ കൊണ്ട് പോയി വെച്ചു തിരിച്ചു പോന്ന് ഉമ്മറത്തു കസേരയിൽ

വന്നിരുന്നു.അധികം താമസിച്ചില്ല നർത്തകി കുണുങ്ങി കുണുങ്ങി വന്ന് എന്റെ അടുത്ത്

കസേര വലിച്ചിട്ടിരുന്നു.

“എങ്ങനെ ഉണ്ടായിരുന്നു..?

“എന്ത്…?

“ഞാൻ കളിച്ചത്…. ”

അത് ചോദിക്കുന്നതോടൊപ്പം അവൾ എന്റെ അടുത്തേക്ക് നീങ്ങി ഷർട്ടിന്റെ കുടുക്കിൽ

പിടിച്ചു വലിക്കാൻ തുടങ്ങിയിരുന്നു.

“ഉള്ളത് പറയാല്ലോ പത്തു പൈസക്കില്ല..”

ഞാൻ തീർത്തും അവജ്ഞയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി..

“ങ്‌ഹും.. പൊന്നൂസേ…. ”

അവൾ അതിഷ്ടപ്പെടാതെ ചിണുങ്ങാൻ തുടങ്ങി.

“ചുമ്മാ കൊഞ്ചാതെ

കാര്യം പറ പെണ്ണെ.. ”

ദേഷ്യം അഭിനയിക്കാൻ അല്ലെങ്കിലും എനിക്ക്

പ്രത്യേക പാടവമുണ്ട്.

“ശരിക്കും കൊള്ളൂലെ..?

“കൊള്ളൂലാന്ന് പറയാൻ പോലും കൊള്ളൂല, അത്രക്ക് ബോറാണ് ”

മുഖത്ത് പരമാവധി പുച്ഛം വരുത്തിക്കൊണ്ട് ഞാൻ മറുപടി നൽകി.

“പോടാ കോന്താ… അന്ന് ഞാൻ കളിച്ചു തരാത്തതിന്റെ കുശുമ്പല്ലേ.. എനിക്കറിയാ.”

പെണ്ണിന് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.

“അന്ന് കാണാഞ്ഞത് നന്നായി. ഇത്ര ഊള ഡാൻസ് ആണെന്ന് ഞാൻ വിചാരിച്ചോ.. പത്തു പതിനാറു

കൊല്ലം കൊണ്ട് നീ ഇതാണോ പഠിച്ചേ.?

അമ്പലപ്പറമ്പിൽ പിള്ളേര് ഇതിലേറെ നന്നായിട്ട് കളിക്കും

ത്ഫൂ… ”

എന്റെ മറുപടി കേട്ടതും കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് എന്നെ ഒരു നോട്ടം നോക്കി അവൾ

എണീറ്റ് അകത്തേക്ക് പോയി.

“പഴയ വീടാ ചവിട്ടി പൊളിക്കണ്ട ”

ദേഷ്യം പിടിപ്പിക്കാനായി ഞാൻ പിറകിൽ നിന്ന് വിളിച്ച് പറഞ്ഞു.

ദേഷ്യം വന്ന അമ്മുവിന്റെ മുഖത്തിന്‌ ഒരു പ്രത്യേക ഭംഗിയാണ്.എനിക്കാണെങ്കിൽ അത്

കാണുന്നത് വല്യ ഇഷ്ടവുമാണ്.

ഭക്ഷണം കഴിക്കുന്ന സമയത്ത് വല്യ മൈൻഡ് ഉണ്ടായില്ല. എന്നോടുള്ള ദേഷ്യംകൊണ്ടാണോ

എന്നറിയൂല പതിവിലും കൂടുതൽകഴിക്കുന്നുണ്ട് അവസാനം എന്റെ പ്ലേറ്റിൽ

അവശേഷിച്ചിരുന്നതും കൂടെ അനുവാദം ചോദിക്കാതെ അവൾ അടിച്ചു മാറ്റി.ഞാൻ ഉള്ളിൽ

ചിരിച്ചു കൊണ്ട് അവളുടെ കുറുമ്പ് ആസ്വദിച്ചുകൊണ്ടിരുന്നു

കൊടുത്തു.

“നാളെ എന്റെ ബർത്ത്ഡേ ആണ്.. ”

ഉമ്മറത്തു നിലാവും നോക്കി ഇരിക്കുമ്പോൾ അവൾ എന്നെ നോക്കാതെ പറഞ്ഞു.

“അയിന്?..

“ഗിഫ്റ്റ് ഒന്നും തരുന്നില്ലേ?

അവൾ അവിശ്വസനീയതയോടെ എന്നെ നോക്കി.

“ആ ബെസ്റ്റ്, അല്ലെങ്കിലേ ആകെ ടൈറ്റാണ് പത്തു പൈസ കയ്യിൽ ഇല്ലാ.. ”

“അതിന് വല്യ ഗിഫ്റ്റൊന്നും വേണ്ട, ഒരു മുട്ടായി കിട്ടിയാലും മതി. ”

അവൾക്കപ്പോഴും പ്രതീക്ഷ അവശേഷിച്ചിരുന്നു

“പറയണ്ടേ ബാലന്സില്ലാത്തോണ്ട് കടയിൽ നിന്ന് തന്ന ഏലാദി മുട്ടായി ഉണ്ട്. ന്നാ

തിന്നോ.. ”

ഞാൻ പോക്കറ്റിൽ നിന്ന് മുട്ടായി എടുത്ത് അവൾക്ക് നേരെ നീട്ടി.

“അച്ഛന് കൊണ്ട് കൊടുക്ക്.. !

ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ കസേരയിൽ നിന്ന് എണീറ്റു

“കൊറേ ആയി ഞാനിത് സഹിക്കുന്നു, ഇനി എന്റെ തന്തക്ക് പറഞ്ഞ മോന്ത ഞാൻ അടിച്ചു

പൊളിക്കും. ”

അവളിരുന്ന കസേര മുറ്റത്തേക്ക് ചവിട്ടി തെറിപ്പിച്ചു കൊണ്ട് ഞാൻ കൈ ചൂണ്ടി അലറി.അവൾ

എന്റെ പ്രകടനം കണ്ട് അന്തം വിട്ട് നിക്കുകയാണ്.പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക്

പോയി.

തമാശ അതിരു വിട്ടെന്ന് മനസ്സിലായ ഞാൻ അവളുടെ പിന്നാലെ ചെന്നു. കട്ടിലിൽ കമിഴ്ന്നു

കിടന്ന് കരയുകയാണ്.

ഈ തൊട്ടാവാടിയെ കൊണ്ട് തോറ്റല്ലോ ഈശ്വരാ..

അവളുടെ അടുത്ത് ചരിഞ്ഞു കിടന്ന് ആ നീണ്ട മുടിയിഴകൾക്കു മീതെ തലോടി.

“എന്നെ തൊടണ്ട !

അവൾ നീങ്ങി കിടന്നു കൊണ്ട് പറഞ്ഞു

“ഞാൻ തമാശക്ക് പറഞ്ഞതാ കുശുമ്പി പാറൂ.. ”

എനിക്കപ്പോഴും ചിരിയാണ്.

“തമാശക്കൊന്നും അല്ല എനിക്കറിയാം.. ”

അവൾ വിതുമ്പുന്നതിനിടെ പറഞ്ഞു.

“എന്തറിയാന്ന്.. എന്റെ ലച്ചു ആണ് സത്യം. സൗകര്യമുണ്ടെങ്കി വിശ്വസിക്ക്. ”

അതോടെ പെണ്ണ് കരച്ചിൽ നിർത്തി തല വശത്തേക്ക് ചെരിച്ച് എന്നെ തന്നെ നോക്കി

കിടക്കുന്നതിനിടെ അവൾ അടുത്ത ചോദ്യം ഉന്നയിച്ചു.

“ശരിക്കും എന്നെ മടുത്തു തുടങ്ങിയോ പൊന്നൂസെ?

“ആ മടുത്തു എന്തെ?.

ആ കൊണച്ച ചോദ്യം എനിക്കിഷ്ടപെട്ടില്ല

“അല്ല എനിക്ക് തോന്നി.ഇപ്പൊ വെറുതെ ദേഷ്യപ്പെടാൻ തുടങ്ങീട്ട്ണ്ട്.ഒന്നും

വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ അതോ ശരീരത്തിൽ തൊടാൻ സമ്മതിക്കാത്തതിന്റെ

ദേഷ്യം ആണോ?

“ശരീരം കിട്ടാഞ്ഞാൽ എന്റെ സ്നേഹം കുറയും ല്ലേ..

എന്നോട് തന്നെ ഇതൊക്കെ പറയണം ട്ടോ..”

വിഷമത്തോടെ പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു കിടന്നു.അങ്ങനെ ഉറങ്ങിപ്പോയി.മൂത്രശങ്ക

തോന്നി എണീറ്റപ്പോൾ സമയം ഒരു മണി ആയിട്ടുണ്ട്.

അമ്മു നല്ല ഉറക്കത്തിൽ ആണ്. കമിഴ്ന്നു കിടന്ന് കാല് രണ്ടും വിടർത്തി ചന്തി

കൂർപ്പിച്ച് വെച്ച് കുഞ്ഞുങ്ങൾ ഉറങ്ങുന്ന പോലെയാണ് പെണ്ണ് ഉറങ്ങുന്നത്. സ്ഥിരം ശൈലി

ആണിത്.

“ഹാപ്പി ബർത്ഡേ മൈ കുറുമ്പി.. !

അവളുടെ കാതിൽ പതിയെ വിഷ് ചെയ്തു കുറച്ച് നേരം അവളെത്തന്നെ നോക്കി ഇരുന്നുപോയി.

“വിഷ് മാത്രേ ഒള്ളോ സമ്മാനം ഒന്നും ഇല്ലേ കോന്താ ”

എന്നെ അമ്പരപ്പെടുത്തിക്കൊണ്ട് അവൾ ചോദിച്ചു. അപ്പോഴും കണ്ണ് തുറക്കാതെ

പിടിച്ചിരിക്കുവാണ്.അത് ശരി എല്ലാം അറിഞ്ഞു കിടക്കുകയായിരുന്നു കള്ളിപെണ്ണ്.

അവളുടെ കവിളിൽ അമർത്തി ഒരുമ്മ വെച്ചുനൽകി കൊണ്ട് ഞാൻ പുഞ്ചിരിച്ചു.

“സമ്മാനം ഇത് പോരെ?

“ഉം . ധാരാളം..

അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

ഞാൻ പുറത്ത് പോയി മൂത്രമൊഴിച്ചു വന്നപ്പോളും പെണ്ണ് അതെ കിടപ്പ് തന്നെ ആണ്. ലൈറ്റ്

ഓഫാക്കി കട്ടിലിലേക്ക് കിടന്നു കൊണ്ട് ഞാൻ അവളെ ഇറുക്കിയണച്ചു.അമ്മുവിനെ ഇങ്ങനെ

കെട്ടിപ്പിടിച്ചു കിടക്കുന്നതിന്റെ സുഖം.. ഹോ എന്റെ സാറേ…

“ശരിക്കും എന്റെ ഡാൻസ് കൊള്ളൂലെ പൊന്നൂസെ?

എന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു കൊണ്ട് കിടക്കുന്നതിനിടെ അവൾ തിരക്കി.

“മിണ്ടാതെ ഉറങ്ങിക്കെ വാവ.. ”

എന്റെ ശാസന കിട്ടിയതോടെ അവൾ പിന്നെ ഒന്നും മിണ്ടീല.

ലോകത്തെ ഏറ്റവും വല്യ ലഹരി മദ്യവും മയക്കുമരുന്നും കഞ്ചാവും കാമവും ഒന്നും അല്ല.

അത് പ്രേമം തന്നെയാണ്.സ്വന്തം പെണ്ണിനെ ഇങ്ങനെ ചുറ്റി വരിഞ്ഞു കിടക്കുന്നതിനേക്കാൾ

വല്യ ഭാഗ്യമൊന്നും വേറെയില്ല.ഇനി ഉണ്ടാവാനും പോണില്ല !

*~~~~~~~~~~~~~~~~~~~~*

മൂന്ന് പേർക്കും കൂടി പോവാൻ ബുദ്ധിമുട്ടായത് കൊണ്ട് രാവിലെ ജിഷ്ണുവിന്റെ

കാറെടുത്താണ് പോയത്. എന്നെ ഡ്രൈവർ ആക്കി അമ്മയും മോളും ബാക്കിലിരുന്ന്

കുറുകിക്കൊണ്ടിരുന്നു.

“ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ

അല്ലെങ്കി ഞാൻ രണ്ടിനേം ഇറക്കി വിടും ”

കുറുകൽ കൂടിയതോടെ എനിക്ക് കുരു പൊട്ടി.

“എന്നാ ഇതിനേക്കാൾ വേഗത്തിൽ എത്താമായിരുന്നു ”

എന്റെ മെല്ലെപ്പോക്കിനെ പരിഹസിച്ചു കൊണ്ട് അമ്മയുടെ മറുപടി എത്തി. അതിന് കോറസായി

മറ്റവളുടെ ചിരിയും.

“അമ്മേ പിറന്നാളായിട്ട് ഒരു മുട്ടായി പോലും വാങ്ങി തന്നില്ല ദുഷ്ടൻ ”

അമ്മു പരാതിയുടെ കെട്ടഴിച്ചു.

“ഇവനല്ലെങ്കിലും മൺവെട്ടിയെ പോലാണ് പെണ്ണെ എല്ലാം അങ്ങോട്ടെ ഒള്ളൂ തിരിച്ചൊന്നും

ഇല്ലാ… ”

“ദേ ഈ ഷർട്ട്‌ ഞാൻ കഴിഞ്ഞ പിറന്നാളിന് വാങ്ങി കൊടുത്തതാ എന്നിട്ടാണ്.. എനിക്കൊന്നും

തരാത്തെ ”

അമ്മുവിന് ടോപ്പിക്ക് വിടാനുള്ള ഉദ്ദേശമില്ല

“അങ്ങനെ നോക്കാണെങ്കിൽ ഞാൻ നിനക്കെന്തൊക്കെ വാങ്ങി തന്നിട്ട്ണ്ടെടീ തെണ്ടീ..

അതൊക്കെ നീ മറന്ന് പോയോ?

അല്ല പിന്നെ അവളുടെ ഒരു പായാരം പറച്ചിൽ

“അയ്യ! ഒന്നൂടെ പറഞ്ഞെ, സ്വന്തം പൈസക്കൊന്നും അല്ലല്ലോ

നീ കൊണ്ട് കൊടുത്തു എന്ന് പറഞ്ഞ മതി. വാങ്ങിയത് ഞാനാ… ”

ഇത്രേം കാലം കൊണ്ട് നീ എന്നെ പറ്റിച്ച കണക്കെടുത്താ ഇത് പോലൊരു വണ്ടി

വാങ്ങായിരുന്നു ”

തള്ള ഈ കൌണ്ടർ അടിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ചോദിച്ചു വേടിച്ച പോലെയായി.

“ഇല്ലമ്മേ എന്റേല് കണക്കില്ല, എന്റെ അധ്വാനത്തിന് കണക്കില്ലാ,എന്റെ ജീവിതത്തിന്

കണക്കില്ലാ,

പക്ഷെ ഞാൻ തന്ന സ്നേഹത്തിന് കണക്ക്ണ്ട്, എന്റെലല്ലാ ഈശ്വരന്റേല് ”

ആവശ്യത്തിന് ദയനീയത മിക്സ്‌ ചെയ്ത് നെടുനീളൻ ഡയലോഗ് പറഞ്ഞ് ഞാൻ മിററിലൂടെ അവരെ പാളി

നോക്കി.അമ്മുവിന് അത് ഫീൽ ചെയ്ത മട്ടുണ്ട് അവളെന്നെ സഹതാപത്തോടെ നോക്കുന്നുണ്ട്

പക്ഷെ ലച്ചുവിന്റെ മുഖത്ത് അങ്ങനെ യാതൊന്നും ഇല്ലാ..

“എന്ത് ഊളത്തരം കേട്ടാലും കണ്ണ് നിറക്കാൻ ഇങ്ങനെ ഒരുത്തി !

എടീ പെണ്ണെ ഇത് വാത്സല്യത്തില് മമ്മൂട്ടി പറഞ്ഞ ഡയലോഗ് ആണ്.അല്ലാതെ ഇത്രേം വല്യ

ഡയലോഗ് പറയാനുള്ള ശേഷി ഒന്നും ഇവനില്ല. ഇപ്പഴും അക്ഷരമാല എഴുതിച്ചാ ഇവൻ തെറ്റിക്കും

അതെനിക്കുറപ്പാ… ”

അതും പറഞ്ഞു കൊണ്ട് ലച്ചു കുലുങ്ങി ചിരിക്കാൻ തുടങ്ങി.ഇനി അങ്ങനെ ഓസിന് കൗണ്ടർ

അടിച്ചു തടിച്ചി ആളാവണ്ട. ഞാൻ ഇനി മിണ്ടാതിരുന്നാൽ പോരെ!.

പിന്നെ അധികം സംസാരം ഒന്നും ഉണ്ടായില്ല അവിടെ എത്തിയപ്പോൾ സമയം പത്തുമണി ആയിരുന്നു.

അച്ഛനും അമ്മയും മുറ്റത്തേക്കിറങ്ങി വന്ന് ഞങ്ങളെ സ്വീകരിച്ചു കൊണ്ട് പോയി.

ലച്ചുവിനോടുള്ള അവരുടെ പെരുമാറ്റം വളരെ കരുതലോടെയായിരുന്നു.പക്ഷെ സംസാരത്തിലൂടെ

തടിച്ചി അവരെയൊക്കെ ചാക്കിലാക്കി.അതിന് പണ്ടേ പ്രത്യേക മിടുക്കാണ് അമ്മച്ചിക്ക്.

അമ്മു പറഞ്ഞേൽപ്പിച്ചതെല്ലാം അതെ പോലെ അവിടെ റെഡി ആയിട്ടുണ്ടായിരുന്നു.നല്ല ഉഗ്രൻ

പിറന്നാൾ സദ്യ !

“അമ്മേടെ കൈപ്പുണ്യം തന്നെ ആണ് അപ്പൊ ഇവൾക്ക് കിട്ട്യേത് ”

ലച്ചുവിന്റെ വക അഭിനന്ദനം എത്തി.

“എത്രേം പെട്ടന്ന് നമുക്കിത് നടത്തണം ട്ടോ.. അമ്മേ.. ”

അമ്മുവിന്റെ അമ്മ വളരെ വിനീത ഭാവത്തിൽ ലച്ചുവിനോട് പറഞ്ഞു.അവർ തമ്മിൽ കുറച്ച് നേരം

കൊണ്ട് തന്നെ നല്ല അടുപ്പം വന്നിട്ടുണ്ട്.

“എനിക്കിപ്പോ തന്നെ എന്റെ പെണ്ണിനെ കൊണ്ട് പോവാനാ കമ്പം. പക്ഷെ അച്ഛന്റെ ഉത്തരവ്

കിട്ടണ്ടേ?

അത് പറയുമ്പോൾ വല്ലാത്തൊരു നിരാശ ലച്ചുവിന്റെ മുഖത്ത് നിഴലിച്ചിരുന്നു.

“അച്ഛൻ സമ്മതിക്കാതിരിക്കോ?

“ഏയ് ഇതൊക്കെ ഉൾക്കൊള്ളാൻ ഉള്ള പ്രയാസം കൊണ്ടാവും.സമ്മതിക്കുമെന്നെ നമുക്ക്

കാത്തിരിക്കാം.. ”

ലച്ചു നെടുവീർപ്പോടെ പറഞ്ഞു നിർത്തി ഞങ്ങളെ മാറിമാറി നോക്കി.

സദ്യ കഴിഞ്ഞതോടെ ലച്ചു അവരുടെ ചരിത്രം ചികയാൻ തുടങ്ങി. ഓരോന്നും കൃത്യമായി

ചോദിച്ചറിഞ്ഞു കൊണ്ട് അമ്മ അവരെ കൂടുതലറിഞ്ഞു.അമ്മുവാകട്ടെ അപ്പോഴും ലച്ചുവിനെ

ചുറ്റിപറ്റിതന്നെ ഉണ്ടായിരുന്നു.അച്ഛനും ഉണ്ണിമാമയും വരുന്ന കാര്യം പറഞ്ഞപ്പോൾ അവൾ

അന്ധാളിപ്പോടെ എന്നെ പാളി നോക്കി.

“നീ പേടിക്കണ്ട എല്ലാം ശരിയാവുന്ന വരെ ഇവിടെ നിന്നോ.. ”

ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ആ പിന്നേ, എനിക്ക് പറ്റൂല പൊന്നൂസിനെ കാണാതെ..

എന്നെ കൊന്നാലും ഞാൻ കൂടെ വരും.. ”

അവൾ അപ്പഴേക്കും ചിണുങ്ങാൻ തുടങ്ങിയിരുന്നു.

“എന്റെ അവസ്ഥ നിനക്കറിയൂലെ

ഇത് നമ്മടെ നല്ലതിന് വേണ്ടിയാ ”

പെണ്ണിന്റെ മുഖം കണ്ട് എനിക്കും സങ്കടം വന്നു.

“എടീ പെണ്ണെ നിന്റെ പൊന്നൂസിനെ സ്ഥിരമായിട്ട് നിനക്ക് തരാൻ വേണ്ടീട്ടാ എല്ലാരും

പെടാപ്പാട് പെടുന്നെ”

ലച്ചു ഇടക്ക് കയറി അവളെ സമാധാനിപ്പിച്ചു.

“അവര് പറയുന്നത് കേക്ക് അമ്മൂ

കാണാൻ തോന്നുമ്പോ കണ്ണൻ ഇങ്ങോട്ട് വന്നോളും ”

കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലായ അവളുടെ അമ്മ അവളെ ചേർത്ത് പിടിച്ചു കൊണ്ട്

പറഞ്ഞു.

“ഞാൻ വിളിച്ചാ അപ്പൊ ഇവിടെ എത്തിക്കോണം.. കേട്ടല്ലോ.. ”

അവൾ നിബന്ധന വെച്ചു..

“പിന്നല്ല… പറന്നു വരും ഞാൻ ”

ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളെ ചിണുങ്ങി കൊണ്ട് എന്നെ കെട്ടിപിടിച്ചു.എന്നെ

പരിസരബോധം പഠിപ്പിക്കുന്നവളുടെ പക്വത കണ്ട് ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് അവളെ

ചേർത്ത് പിടിച്ചു.

“ഇവറ്റകളെ ഒക്കെ ഒന്നിപ്പിച്ചില്ലെങ്കിൽ പിന്നെ ദൈവം ണ്ട് ന്നൊക്കെ പറയണത് വെറുതെ

ആവും. !

ഞങ്ങളുടെ പ്രകടനം കണ്ട് അമ്മായിയമ്മ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

കനത്ത നിശബ്ദതയായിരുന്നു ആ വാക്കുകളോടുള്ള പ്രതികരണം.പിന്നേം സംസാരിച്ചിരുന്ന് നേരം

പോയതറിഞ്ഞില്ല.അതിനിടെ ലച്ചു എന്നെ വിളിച്ച് കേക്ക് ഓർഡർ ചെയ്യാൻ പറഞ്ഞു.

“പെണ്ണിന്റെ ഫോട്ടോ വെച്ചിട്ട്ള്ളതായിക്കോട്ടേ ”

ലച്ചു എന്റെ കാതിൽ പറഞ്ഞു.

“ആഹ് നടന്നത് തന്നെ, അത് ക്യാമറ വിരോധി ആണ് എന്റെ കയ്യിൽ പോലും ഒരു ആകെ സെൽഫി ആണ്

ഇള്ളത് ”

“അത് മതിയെടാ.. അവളെ ക്രോപ് ചെയ്ത് ഒറ്റക്കാക്കിയ മതി. വേഗം ചെല്ല് ”

ലച്ചു ധൃതി കൂട്ടി പറഞ്ഞയച്ചു.അവള് കാണാതെ ഞാൻ വണ്ടിയും കൊണ്ട് പോയി കേക്കും കൊണ്ട്

വന്നു. അപ്പോഴേക്കും സമയം ആറുമണി കഴിഞ്ഞിരുന്നു.പിന്നെ എല്ലാവരുടെയും സാനിധ്യത്തിൽ

ആ ചടങ്ങും നടന്നു.

“സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന ഒരുത്തിയെ ആണല്ലോ ദൈവമേ എനിക്ക്

കിട്ട്യേത്”

കണ്ണ് നിറച്ചു നിക്കുന്ന അവളെ കളിയാക്കി കൊണ്ട് ഞാൻ കളിയാക്കി.

“പോയി പണി നോക്ക്

ഞാൻ കരഞ്ഞിട്ടൊന്നും ഇല്ലാ..”

അവൾ കണ്ണ് തുടച്ചുകൊണ്ട് എന്നെ എതിർത്തു. മറ്റുള്ളവരെല്ലാം അതൊക്കെ ചിരിയോടെ നോക്കി

നിൽക്കുകയാണ്.

“ഇങ്ങ് വന്നേ പിറന്നാൾ സമ്മാനം തരട്ടെ ”