തിരുവട്ടൂർ കോവിലകം 10

തിരുവട്ടൂർ കോവിലകം 10
Story Name : Thiruvattoor Kovilakam Part 10
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

അവരേയും വഹിച്ചു കൊണ്ട് ആ കാർ കോവിലകത്തിന്റെ മുറ്റത്ത് എത്തിയപ്പോള്‍,
അവര്‍ കണ്ടു പൂമുഖത്തേ ആട്ടുകട്ടിലിൽ സർവ്വാഭരണ വിഭൂഷിതയായി അവന്തിക ഇരിക്കുന്നു . കാർ നിറുത്തി അവര്‍ പുറത്തേക്ക് ഇറങ്ങി .

രംഗം ശരിയല്ല എന്ന് മനസ്സിലാക്കിയ വാര്യർ അപ്പോള്‍ തന്നെ കോവിലകത്ത് നിന്നും രക്ഷപ്പെട്ടു .

പൂമുഖത്തേക്ക് കയറിയ ശ്യാം അവന്തികയെ കണ്ട് കൂടുതല്‍ ഞെട്ടി.

ചുവന്ന പട്ടു സാരി ഉടുത്ത്, നെറ്റിയില്‍ വട്ടത്തിൽ കുങ്കുമം കൊണ്ട് പൊട്ട് തൊട്ട്, ചുറ്റി കെട്ടി വെച്ച മുടിയിൽ മുല്ലപ്പൂ ചൂടി.
കാലിൽ കിലുങ്ങുന്ന വീതികൂടിയ വെള്ളികൊലുസ്സുമിട്ട് ആട്ടു കട്ടിലില്‍ ആടിക്കൊണ്ടിരിക്കുന്ന അവന്തികയെ നോക്കി ശ്യാം ചോദിച്ചു..

“അവന്തികാ എന്തു വേഷമാണിത്, നിനക്ക് എന്താ പറ്റിയത് “

ചോദ്യം കേട്ട അവന്തിക തല ചെരിച്ച് കോപത്തോടെ ശ്യാമിനേ നോക്കി കണ്ണുകള്‍ ചുവപ്പിച്ചു ഒന്ന് മൂളുക മാത്രം ചെയ്തുകൊണ്ട് ആട്ടം തുടർന്നു.

“അവന്തികേ ….. എന്താ മോളെയിത്.?

അങ്ങോട്ട് വന്ന മേനോന്‍ വിഷമത്തോടെ പരിഭ്രമിച്ചുകൊണ്ട് ചോദിച്ചു .

ഒന്നും പറയാതെ തൊണ്ട അനക്കി കിതച്ചുകൊണ്ട് ആട്ടുകട്ടിലിന്റെ ചങ്ങലയിൽ മുറുകെ പിടിച്ചു കുലുക്കിക്കൊണ്ട്‌ അവന്തിക
ഉച്ചത്തിൽ അലറി.

“മോനേ ശ്യാമേ എന്താടാ ഇതൊക്കെ.?

മേനോന്‍ കരയുകയായിരുന്നു.

അവിടെ നിന്നും ചാടി എഴുന്നേറ്റ അവന്തിക ചീറിക്കൊണ്ട് ചോദിച്ചു

“അവന്തികയോ?

“ഹഹ …ഹഹ…….

“അവന്തിക ……….
ഞാന്‍ ഉമയാണ് ഈ കോവിലകത്തേ ഉമ തമ്പുരാട്ടി”
“തേടി പോയിട്ടും കണ്ടത്തിയില്ല അല്ലേ”
കഴിയില്ല നിങ്ങൾക്കാർക്കും അതിന് കഴിയില്ല..”

അവളുടെ കണ്ണുകളില്‍ നിന്നും അഗ്നി പുറത്തേക്ക് വമിക്കാൻ തുടങ്ങി. ചോരയൊലിക്കുന്ന കോമ്പല്ലുകൾ പുറത്തേക്ക് നീണ്ടു വന്നു . മുഖത്തേ രക്ത മയം മാഞ്ഞു വിളറി വെളുത്തു.
കൈകളില്‍ കൂർത്ത നഖങ്ങൾ വളർന്നു . അവള്‍ ശ്യാമിനു നേരെ ചീറിക്കൊണ്ട് പാഞ്ഞടുത്തു . അവളുടെ ഓരോ കാൽവെപ്പിലും കോവിലകം ഒന്നടങ്കം പേടിച്ചു വിറക്കുന്നത് പോലെ തോന്നി.

അവളുടെ വരവ് കണ്ട ശ്യാം മുറ്റത്തേക്ക് ഓടിയിറങ്ങി. മേനോന്‍ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയാതെ ഒരു പൂച്ച കുഞ്ഞിനെ പോലെ പേടിച്ച് പൂമുഖമത്തിന്റെ ഒരു കോണില്‍
ചൂളി നിന്നുകൊണ്ട് വാ പൊത്തി കരഞ്ഞു.

ശ്യാമിന്റെ മുന്നിലെത്തിയ അവള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ മുരണ്ടു കൊണ്ട് ചോദിച്ചു .

“ഹൂം…വീണ്ടും അവളെ തേടി പോയീ ല്ലേ……..?

“ആരെ?

ഭയപ്പാടോടെ ശ്യാം ചോദിച്ചു

“അറിയില്ല അല്ലേ ?

ദേഷ്യം കൊണ്ട് അവളുടെ കണ്ണുകള്‍ കൂടുതല്‍ ചുവന്നു തുടുത്തു. കെട്ടി വെച്ച മുടി അഴിഞ്ഞു വീണു . തലയില്‍ ചൂടിയ മുല്ലപ്പൂമാല താഴെ ഭൂമിയില്‍ പതിച്ചതും ഒരു കരിനാഗമായി പരിണമിച്ച് ഫണം വിടർത്തി ശീൽക്കാരം മുഴക്കി അവളുടെ ആജ്ഞക്കെന്നപോലെ നിലയുറപ്പിച്ചു.
തലവെട്ടിച്ചു കൊണ്ട് അവള്‍ ഇടത് ഭാഗത്തേക്ക് നോക്കിയതും വായുവില്‍ ഒരു തീ ഗോളം പ്രത്യക്ഷപ്പെട്ടു . ആ തീഗോളം വായുവില്‍ ജ്വലിച്ചു കൊണ്ട് നിന്നു.

എന്നിട്ടും അരിശം തീരാതെ അവിടെ നിറുത്തിയിട്ടിരുന്ന കാർ ഒരു കളിപ്പാട്ടം പോലെ ദൂരേക്ക് തട്ടിയെറിഞ്ഞു.
അവളുടെ മാറ്റം കണ്ട ശ്യാം പേടിച്ചരണ്ട് ഓടാന്‍ ശ്രമിച്ചതും ഒരു വശത്ത് നിന്നും ആ തീഗോളവും പുറകില്‍ നിന്നും കരിനാഗവും ശ്യാമിനു നേരേ തിരിഞ്ഞു വന്നു.

ശ്യാം നിൽക്കുമ്പോൾ അവ നിൽക്കുകയും, ശ്യാം ഓടുമ്പോള്‍ പിറകെ കൂടുകയും ചെയ്തു കൊണ്ടിരുന്നു .

പൂച്ച എലിയെ തട്ടിക്കളിക്കുന്നത് പോലെ ശ്യാമിനെ ഇട്ട് കളിപ്പിച്ചു കൊണ്ട് അവള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു .

ഈ സമയം കോവിലകത്തിന്റെ ഗെയ്റ്റിനു മുന്നില്‍ ഒരു വെള്ള അംബാസട്ടർ കാർ വന്നു നിന്നു. അതിന്റെ പുറകിലേ ഡോർ തുറന്ന് ആദ്യം വെള്ളിയിൽ പുലിമുഖം കെട്ടിയ ഒരു ഊന്നു വടി പുറത്തേക്ക് വന്നു . ആ വടി നിലത്ത് തൊട്ടതും കോവിലകം ഒന്ന് വിറച്ച പോലെ തോന്നി …….!

(തുടരും………..)