ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 4
Bahrainakkare Oru Nilavundayirunnu Part 4 | Previous Parts
ബസ്സിൽ കയറി അവൾ നിൽക്കുന്നതിന്റെ കുറച്ച് ബാക്കിലായി അവളേയും നോക്കി നിൽക്കുമ്പോഴായിരുന്നു പതിവില്ലാതെ ബാഗ് തപ്പുന്ന അവളുടെ ബേജാറായ മുഖം ശ്രദ്ധിച്ചത് . അധികം വൈകിയില്ല അവൾ ഞാൻ നിൽക്കുന്ന ഭാഗത്തേക്കൊന്നു നോക്കി. അവളെന്നെ നോക്കിയതും ഞാൻ പെട്ടെന്ന് നോട്ടം പിൻവലിച്ചു .
ഞാനിങ്ങനെ പിന്നാലെ നടന്ന് എല്ലാം ശ്രദ്ധിക്കുന്നത് കണ്ടിട്ടാണ് എന്നെ നോക്കുന്നതെന്ന് തോന്നിയത് കൊണ്ടായിരുന്നു നോട്ടം വലിച്ചതെങ്കിലും കൂടുതൽ വൈകാതെ ഇടങ്കണ്ണിട്ടവൾ തിരിഞ്ഞോ എന്ന് നോക്കിയപ്പോൾ എന്റെ ഹൃദയമിടിപ്പ് കൂട്ടി കൊണ്ട് അവൾ എന്നോട് മുന്നിലേക്കൊന്നു വരാൻ ആംഗ്യം കാണിച്ചു .
കയ്യിലുള്ള ബാഗ് സീറ്റിലിരിക്കുന്നവനെ ഏൽപ്പിച്ച് ഞാൻ അവളുടെ അടുത്തേക്ക് ആളുകൾക്കിടയിലൂടെ നടന്നു . അവളുടെ അടുത്തെത്തി നെറ്റി ചുളിച്ച് കാര്യം ചോദിച്ചപ്പോൾ ഓളന്ന് പൈസ എടുക്കാൻ മറന്നിരിക്കുന്നു. എന്റെ കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് ഹെല്പ്പ് ചെയ്യോന്നു ചോദിച്ചു . നീ പറഞ്ഞാൽ ഈ ബസ്സ് മൊത്തം വേണമെങ്കി ഞാൻ വാങ്ങി തരാല്ലോ എന്ന് പറയാൻ തോന്നിയെങ്കിലും നല്ല പരിചയം ഉള്ളത് പോലെ മിണ്ടിയതെല്ലാം കണ്ട് തൊണ്ടയിലെ വെള്ളം മുഴുവൻ വറ്റിയത് കാരണം ഒന്നും പറയാൻ കഴിഞ്ഞില്ല.
പെട്ടെന്ന് പൈസയെടുത്തു കൊടുത്തതും അവളെന്നോട് ആദ്യമായി ചിരിച്ചു . അന്നുമുതൽ ഇടക്കെങ്കിലും സംസാരിക്കാൻ തുടങ്ങി. കൂടുതൽ വൈകിയില്ല എനിക്കവളെ ഇഷ്ടമാണെന്നും, ഇഷ്ടമല്ലന്നു പറയരുതെന്നുമൊക്കെ പറഞ്ഞ് കുറെ ഫീലിംങ്ങും കുത്തി നിറച്ച് കൊടുത്ത എന്റെ പ്രേമലേഖനം കണ്ടതോടെ അവള് വീണു.
“ആ കുട്ടിയുടെ പേരെന്തായിരുന്നു..?” എന്ന് ഞാനവനോട് ചോദിച്ചപ്പോൾ അൻവർ പറഞ്ഞു ” റൈഹാനത്ത് “
” ഞാൻ മഗ്രിബ് നിസ്ക്കരിച്ച് വരുമ്പൊ കിണറ്റിനരികിൽ കാത്ത് നിൽക്കുന്ന അവള്ക്ക് വല്ലപ്പോഴും ഒരു കത്ത് കൊടുക്കും മറുപടിയും തരും . കോളേജിൽ വെച്ചും , ബസ്സ് സ്റ്റാൻഡിൽ വെച്ചും സംസാരിക്കാൻ അവൾക്കു പേടിയായിരുന്നു. ധൈര്യം കൊടുത്ത് സംസാരിപ്പിക്കാൻ എനിക്കും താൽപര്യമുണ്ടായിരുന്നില്ല കാരണം അതിനേക്കാളൊക്കെ എത്രയോ സന്തോഷം അവളെ ഓർത്ത് ജീവിക്കുമ്പോൾ എനിക്ക് കിട്ടിയിരുന്നു .
ഇടക്ക് മാത്രം നേരിട്ട് കാണണമെന്നെഴുതും അന്ന് ഇടവഴിയിൽ കാത്ത് നിന്ന് കാണും. മുന്നിൽ വന്നാ പിന്നെ അവളെന്റെ മുഖത്തേക്ക് നോക്കില്ല . തലകുനിച്ചോ അല്ലെങ്കിൽ വേറെ എങ്ങോട്ടെങ്കിലും നോക്കിയോ സംസാരിക്കും . ഒരിക്കൽ ഈ മുഖത്തേക്ക് നോക്കാത്തതിന്റെ കാരണം കേട്ടപ്പോ ഇടവഴി മറന്ന് ഞാൻ ചിരിച്ചു പോയി ” ഹറാമാണ് ചെക്കാ അന്യ പുരുഷനെ നോക്കുന്നത് ” എന്നവൾ പറഞ്ഞപ്പോൾ
” അപ്പൊ അന്യ പുരുഷനായ എന്നോട് നീ മിണ്ടുന്നത് സുന്നത്താണോ ഡീ ?” എന്ന് തിരിച്ചു ചോദിച്ചപ്പോൾ
” അതിന് ഞാൻ തൗബ ചെയ്യാൻ നിക്കാ . ഒരിക്കലും പ്രേമിക്കില്ലെന്ന് വാശിയുണ്ടായിരുന്ന നീയെന്നെ കുടുക്കീതല്ലേ ” എന്ന് പറഞ്ഞ് കരയുന്ന പോലെയൊക്കെ കാണിച്ചു അവളെന്റെ ഖൽബിലേക്ക് വല്ലാതെ
അടുക്കുമായിരുന്നു .
ഒരു ദിവസം കോളേജ് വിട്ടു വരുന്ന അവളെ കാത്തുനിന്ന ഞാൻ മനസ്സിനെ വീർപ്പു മുട്ടിക്കുന്ന എന്തോ ഒരു ടെൻഷൻ ചെന്ന് പറഞ്ഞപ്പോൾ അവൾ ” നിന്റെ പേനയെന്നു തെരോ ? ” ന്ന് ചോദിച്ചു . സംഗതി മനസ്സിലാവാതെ
” എന്തിനാണെന്ന്.. ? ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയാണ് ” നീ ഇപ്പൊ പറഞ്ഞ സെന്റി വരികൾ എഴുതി വെക്കാനാണെന്നും തിരക്കഥ എഴുതുമ്പോൾ അതിലിത് ചേർക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാമെന്നും. നല്ല രസമുള്ള വരികളാണിത് ” എന്നല്ലാം . .. ടെൻഷൻ അടിച്ചു എന്തെങ്കിലും പറയുന്ന നേരത്ത് ഇങ്ങനത്തെ ഓരോന്ന് പറഞ്ഞു ചിരിപ്പിച്ചു ലാസ്റ്റ് ചോദിക്കും
” എങ്ങനെയുണ്ടന്ന് .. ?” അതോടെ ചിരി കൂടും ദുഃഖങ്ങൾ പോണതറിയില്ല . അതായിരുന്നു എന്റെ റൈഹാന. എന്നെ മനസ്സിലാക്കിയവൾ , എന്റെ മനസ്സറിഞ്ഞവൾ.
ഇഷ്ടമായിരുന്നെടാ എനിക്കവളെയും അവൾക്കെന്നെയും എന്ത് ചെയ്യാനാ കൊതിച്ചത് കിട്ടാൻ ഇഷ്ട്ടപ്പെട്ടവർ മാത്രം വിചാരിച്ചാൽ പോരല്ലോ.
സൗദിയിലേക്ക് വരുന്നതിന്റെ തലേ ദിവസം നിറഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്റെ മുഖത്തേക്ക് ആദ്യമായി മടിയില്ലാതെ നോക്കി കൊണ്ടവൾ ചോദിച്ചിരുന്നു ” നമ്മള് പിരിയാണോന്ന് ” !
എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല . അവളുടെ മനസ്സ് പറഞ്ഞു കാണും ഞങ്ങളിനി ഇങ്ങനെ കാണില്ലെന്നും വിധിയില്ലെന്നുമൊക്കെ .
ഗള്ഫിലേക്ക് പുലർച്ചക്കന്ന് വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി നടക്കുമ്പോഴാണ് അവളുടെ വീടിനടുത്തെത്തിയപ്പോൾ ആരോ ജനലിനരികിൽ നിന്നും വിളിച്ചതായി തോന്നിയത് .തിരിഞ്ഞു നോക്കിയപ്പോൾ ജനലിനരികിൽ നിൽക്കുന്ന അവളെ കണ്ടതും കൂടെയുണ്ടായിരുന്ന കുടുംബക്കാരനും ഉപ്പയും മുന്നിൽ നടന്നു തുടങ്ങിയപ്പോൾ ഞാനവളുടെ അടുത്തേക്ക് ചെന്നു .
ഉറങ്ങാതെ കാത്ത് നിൽക്കുന്ന അവളെ കണ്ട് എന്ത് പറയുമെന്നറിയാതെ നിൽക്കുമ്പോൾ ” പോവാണോ.. ? ” എന്ന് ദയനീയമായി ചോദിച്ച ആ മുഖം കണ്ടതും ഞാനത് വരെ പിടിച്ചു നിന്ന അവളെ പിരിയുന്ന ടെൻഷൻ കാണിക്കാതിരിക്കാൻ പിന്നെയെനിക്ക് കഴിഞ്ഞില്ല. അന്നാദ്യമായി അവളുടെ മുന്നിൽ കരഞ്ഞ് കൊണ്ട് തന്നെയായിരുന്നു പറഞ്ഞത് കാത്തിരിക്കാൻ .
കണ്ണും തുടച്ചു മുന്നോട്ട് പോകുമ്പോൾ അറിയില്ലായിരുന്നു ഒരുപാട് വർഷങ്ങൾ കഴിഞ്ഞായിരിക്കും ഇനിയൊരു തിരിച്ചു വരവെന്ന് . അവളുടെ വിവരങ്ങൾ പെങ്ങളിലൂടെ അറിയും . എന്റെ വിവരങ്ങൾ അവളോടും പറയും. മടുക്കാതെ എന്നെയവൾ കാത്തിരുന്നു .
എന്റെ പ്രശ്നങ്ങൾ ഒന്ന് തീരുമ്പോൾ ഒന്ന് ജനിക്കുന്നത് ഞാൻ മുൻപ് പറഞ്ഞല്ലോ കൊല്ലങ്ങൾ കഴിഞ്ഞിട്ടും വരാതിരുന്നത് കൊണ്ടാവാം അവളുടെ കല്ല്യാണം കഴിഞ്ഞു . പെണ്ണല്ലേ വീട്ടുകാരുടെ കുത്തു വാക്കുകൾ എത്രയെന്നു വെച്ചാ കേട്ടു നിൽക്കുക . മനസ്സില്ലാ മനസ്സോടെ സമ്മതിച്ചാണെന്നു എന്റെ പെങ്ങളോടവൾ പറഞ്ഞിരുന്നു .
ജീവിതം പടുത്തുയർത്തുമ്പോൾ എന്റെ കയ്യിൽ നിന്നും വീണു പോയതിൽ ഏറ്റവും വലിയ നഷ്ടമായിരുന്നു എനിക്കെന്റെ റൈഹാന . ഞാനിവിടെ ആക്സിഡന്റ് ആയി കിടക്കുമ്പോഴാ അവളുടെ കല്ല്യാണം കഴിഞ്ഞതറിയുന്നത് . അതുകൊണ്ട് രണ്ട് വേദനയും ഒരുമിച്ചനുഭവിച്ചാ മതിയെന്ന പടച്ചോന്റെ ഒരു ഓഫർ കിട്ടി .
മാസങ്ങളോളം അവളുടെ ഓർമ്മകളും ഈ മരുഭൂമിയും ചേർന്ന് എന്നെ കൊല്ലാകൊല ചെയ്തു . അവസാനം മനസ്സിനോട് ക്ഷമിക്കണമെന്നു പറഞ്ഞു പഠിപ്പിച്ചാണ് ഒന്നടങ്ങിയത് . അവളെന്റെ കൂടെയുണ്ടായിരുന്നെങ്കിൽ ഈ ദുനിയാവെനിക്ക് സ്വർഗ്ഗമാവുമായിരുന്നു . പക്ഷേ വിധിയിങ്ങനെ തോൽപ്പിക്കാൻ ഒരുങ്ങി പുറപ്പെട്ടാൽ നമ്മളെങ്ങനെ പൊരുതി നോക്കും ഡാ . ഹാ.. അത് വീട്. അവൾ സന്തോഷത്തോടെ ജീവിക്കുന്നത് കേട്ടാൽ മതി .
നീയിപ്പോൾ പോകുന്നത് പോലെയായിരുന്നു ഞാനന്നു ആറു വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയത് .
സന്തോഷം തന്നെയായിരുന്നു മനസ്സിൽ . ദുഃഖങ്ങൾ ഒരുപാട് മാറിയിരുന്നു. കടങ്ങൾ വീട്ടി, ബാധ്യതകൾ കുറെയൊക്കെ ഒഴിവാക്കി അങ്ങനെ ഈ മണ്ണ് പലതും സമ്മാനിച്ചല്ലോ . നാട്ടിൽ പോകുന്നതിനു തലേ ദിവസം അറബി അടുത്ത് വന്ന് ചോദിച്ചു “അൻവർ നീ പോയാൽ ഇനി തിരിച്ചു വരുമോ ?” . പ്രതീക്ഷിക്കാതെയുള്ള ആ ചോദ്യം കേട്ടതും അങ്ങനെ ചോദിക്കാനുള്ള കാരണം തിരക്കിയപ്പോൾ അറബി പറഞ്ഞു ” നീ മാത്രമാണ് ഞങ്ങളുടെ വീട്ടിൽ ഇത്രയും കാലം നിൽക്കുന്നത്. എന്റെ ഉമ്മയുടെ സ്വഭാവം ഒരു ഡ്രൈവർക്കും ഇഷ്ടപെടുന്നതല്ല എന്നെനിക്കറിയാം. പക്ഷേ നീ നിന്നല്ലോ എന്റെ ഉമ്മ നിന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നത് എന്റെ വൈഫ് പറയാറുണ്ട് . ഉമ്മ കിടപ്പിലാണെന്നു നിനക്കറിയാമല്ലോ ഒന്നും മനസ്സിൽ വെക്കരുത് . നീ തിരിച്ചു വരണം വന്നാലിനി എന്റെ ഡ്രൈവർ ആയിരിക്കും .
സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നിയ നിമിഷമായിരുന്നു അത് . കാരണം അത്രയും നല്ലൊരു അറബിയെ ഞാനിത്രയും കൊല്ലം ഈ നാട്ടിൽ നിന്നിട്ട് എവിടെയും കണ്ടിരുന്നില്ല . അറബി വക്കീൽ ആയിരുന്നെങ്കിലും നല്ല മനുഷ്യൻ . ആറു മാസം നാട്ടിൽ നിൽക്കുവാൻ കുറച്ച് കാശും തന്ന് എന്നെ യാത്രയാക്കി.
ഇതിനിടയിൽ മഹർ വാങ്ങിയ ദിവസം മുതൽ ഞാൻ ബഹറിനക്കരെയിരുന്നു കണ്ട കുറെ സ്വപ്നങ്ങളുണ്ടായിരുന്നു. കെട്ടുന്ന പെണ്ണിനെ കുറിച്ച് . സൗന്ദര്യത്തേക്കാൾ കൂടുതൽ സ്വഭാവമുള്ളവളായിരിക്കണം, എന്നേക്കാൾ എന്റെ വീട്ടുകാരെ സ്നേഹിക്കുന്നവൾ , എന്റെ കൂടെ നിഴലായി നിൽക്കാൻ കഴിയുന്നവൾ, എന്നെ മറ്റാരേക്കാളും മനസ്സിലാക്കാൻ കഴിയുന്നവൾ, എന്ത് വിശേഷങ്ങളും ദുഖങ്ങളും എന്നോട് പറയാൻ കാത്തിരിക്കുന്നവൾ ,
എന്റെ ദുഖങ്ങളുടെയും, സന്തോഷങ്ങളുടെയും അവകാശിയായവൾ, എന്നോട് മിണ്ടിയാൽ കൊതി തീരാത്തവൾ, എന്റെ തെറ്റുകളെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നവൾ, എനിക്ക് സ്നേഹിച്ചാൽ കൊതി തീരാത്തവൾ… അങ്ങനെ ഒരു പുറത്തിൽ കവിയാതെ എഴുതിയാലും തീരാത്ത സ്വപ്നങ്ങളുണ്ടായിരുന്നെങ്കിലും ചിലപ്പോൾ ഇതൊന്നും ഒരു പെൺകുട്ടിക്ക് നൽകാൻ കഴിഞ്ഞെന്നു വരില്ലെന്നും അറിയാമായിരുന്നു പക്ഷേ
ഇതൊന്നും ഇല്ലെങ്കിലും എന്റെ വീട്ടുകാരെ ആത്മാർഥമായി സ്നേഹിക്കാൻ കഴിയുന്നവളെങ്കിലും ആയിരിക്കണമെന്നുണ്ടായിരുന്നു. എന്റെ ഉമ്മയും ഉപ്പയും പെങ്ങന്മാരും അടങ്ങുന്ന കൊച്ചു കുടുംബത്തിൽ അവളും കൂടി വന്നാൽ അവരുടെയൊക്കെ സന്തോഷവും, സമാധാനവും കൂടുന്നത് എനിക്ക് കാണണമായിരുന്നു .
കണ്ടു കൂട്ടിയ മോഹങ്ങളുമായി ഞാനും നാട്ടിലേക്ക് വിമാനം കയറി. ഒരുപാട് വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ നാടാകെ മാറിയിരുന്നു . ആദ്യം കാണാൻ തോന്നിയത് റൈഹാനത്തിനെ ആയിരുന്നെങ്കിലും മനസ്സ് ഇനിയാ ഓർമ്മകൾ തുറക്കണ്ടന്നു പറഞ്ഞു .
അങ്ങനെ നടക്കുമ്പോഴാണ് ഇടക്കൊരു ദിവസം അവൾ വീട്ടിലേക്ക് വന്നപ്പോൾ എന്റെ മുന്നിൽപ്പെട്ടത് .
വന്നവരെ തടഞ്ഞു നിർത്താൻ ശേഷിയുള്ള അറ്റംകാണാത്ത നീലക്കടലുള്ള പൊന്നു വിളയുന്ന നാട്ടിൽ കൊണ്ടിട്ട് വിധി അറുത്തുമാറ്റി ആഘോഷിച്ച എന്റെ ഹൃദയത്തിന്റെ കഷ്ണം .
എന്ത് പറയണമെന്നറിയാതെ ഞാനും അവളും കുറച്ച് നേരം അങ്ങനെ നോക്കി നിന്നു. സമ്മതം കൂടാതെ ഖൽബിൽ നിന്നും അവളെ പിടിച്ചിറക്കി കൊണ്ടുപോയ ആ വേദന ഒരിക്കൽക്കൂടി അനുഭവപ്പെട്ടത് ഞാനറിഞ്ഞു . മനസ്സിനെ വല്ലാതെയുലക്കുന്ന അവളുടെ കണ്തടങ്ങൾ കറുത്ത കാഴ്ച്ച ടെൻഷൻ നല്ലോണം അനുഭവിക്കുന്നത് കാരണമാണെന്ന് ഊഹിക്കാമായിരുന്നു .
ഉള്ളിലെരിയുന്ന കനലിന്റെ ചൂട് പുറത്ത് കാണിക്കാതെ ‘ സുഖമാണോ. ?? ‘ എന്ന് ചോദിച്ചപ്പോൾ അതെയെന്ന മട്ടിൽ അവൾ പതിയെ തലയാട്ടി ‘ നിനക്കോ.. ? ‘ എന്നവൾ ചോദിച്ചതും ‘ നീയില്ലെന്ന ഒരൊറ്റ ദുഖമുണ്ടെന്നു പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല ” ഇങ്ങനെ പോകുന്നു ” എന്ന് പറഞ്ഞു.
ആര് ചോദിക്കും , എന്ത് ചോദിക്കും എന്നറിയാതെ നിന്നു രണ്ടാളും. ഓർമ്മകൾ വെട്ടുകത്തിക്കൊണ്ടെന്റെ മനസ്സിനെ തലങ്ങും വിലങ്ങും ആഞ്ഞു വെട്ടുകയായിരുന്നു കാരണം പണ്ടിവൾ എന്റെ മുന്നിൽ നിൽക്കുമ്പോൾ ഈ ദുനിയാവ് തന്നെ എനിക്കവളായിരുന്നു . ഇന്നിപ്പോൾ എന്റെയാരാണ് എന്നുപോലും എനിക്കറിയില്ല.
‘കല്ല്യാണം എന്തായി.. ?’ എന്നവൾ പ്രതീക്ഷിക്കാതെ ചോദിച്ചപ്പോൾ “ഒന്നും ശെരിയായിട്ടില്ല നോക്കി കൊണ്ടിരിക്കുന്നു ‘എന്ന് പറഞ്ഞിട്ട് ഞാൻ വീണ്ടും പറഞ്ഞു ‘ നിന്നെ പോലെ ഒരാളെ കിട്ടാൻ നീ പ്രാർത്ഥിക്കണം ‘ കേട്ടതും അവളുടെ മറുപടിയായിരുന്നു
‘ അൻവറിനെ പോലെ ഒരാളെ എനിക്ക് കിട്ടിയിട്ടില്ലല്ലോ .
പിന്നെ എങ്ങനെയാ എന്റെ പ്രാർത്ഥന പടച്ചോൻ കേള്ക്കുക ‘ എന്ന് പറഞ്ഞവൾ തട്ടം കൊണ്ട് കണ്ണ് തുടക്കുന്നത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത വല്ലാത്തത്തൊരു സങ്കടം തോന്നിയെങ്കിലും പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു ” നിന്റെ പേനയൊന്നു തന്നെ ഇതൊന്നു എഴുതി എടുക്കട്ടെ നല്ല വരികൾ ” . അതുകേട്ടതും മുറിഞ്ഞിറ്റി വീഴുന്ന കണ്ണീര് തുടക്കാതെ ചിരിച്ചു കൊണ്ടവൾ പറഞ്ഞു ” ഇതാ ഞാൻ പറഞ്ഞത്…. നിന്നെ പോലെ .. നീ മാത്രേ എനിക്കുണ്ടായിരുന്നൊള്ളൂന്ന് “.
നൊമ്പരങ്ങളിറക്കി വെക്കാൻ പ്രയാസപ്പെടുന്ന അവളോട് എന്റെയുള്ളിൽ കിടന്നു നീറുന്ന നെടുവീർപ്പുകളിലൂതി ഞാൻ പറഞ്ഞു ‘നീയിതൊക്കെ മറക്ക് ഇന്ന് പണ്ടത്തെ പോലെയല്ല നമ്മൾ . നീ ഒരാളുടെ ഭാര്യയായില്ലേ അയാളൊരുപാട് സ്നേഹിക്കുന്നുണ്ടാവും നിന്നെ . ഒന്നുമറിയാത്ത അയാളെ നീ വേദനിപ്പിക്കരുത് . ‘
‘ഇല്ല അൻവർ എന്റെ അവസ്ഥകൾ അറിയാം ഇക്കാക്ക് . മൂപ്പരും സ്നേഹിച്ച പെണ്ണിനെ കിട്ടാതെ പോയ ഒരാളാണ്. എന്റെ മാനസികാവസ്ഥകൾ മനസ്സിലാവും . ഞാനിപ്പൊ കുറെ മാറിയില്ലേ…. ഇങ്ങനെയൊന്നും ആയിരുന്നില്ല.. നിന്നെ കണ്ടല്ലോ അത് മതി. ഞനൊരിക്കലും നിർബന്ധമോ, ധൃതിയോ കാണിച്ചിട്ടില്ല കല്യാണത്തിന്. ഉപ്പാക്ക് എന്റെ കല്യാണമൊന്നു കണ്ടിട്ട് മരിക്കാൻ ഭാഗ്യമുണ്ടാവോ എന്നൊരു ചോദ്യം എന്നെ കേൾപ്പിച്ചു ഉമ്മയോടൊരു ദിവസം ചോദിക്കുന്നത് കേട്ടപ്പോൾ സഹിച്ചില്ല . സമ്മതിച്ചു.
“എനിക്കറിയാം നീയാ വിഷയം വിട്ടേ ” എന്ന് പറഞ്ഞ് നെടുവീർപ്പിട്ടു വിശേഷങ്ങളൊക്കെ ചോദിച്ചും പറഞ്ഞും കുറച്ചുനേരം ഞങ്ങളവിടെയിരുന്നു. രണ്ടുപേരുടെയും കുറെയൊക്കെ വേദനകൾ അതുകാരണം കുറഞ്ഞിരുന്നു . അല്ലാതെന്തു ചെയ്യാൻ വിധിക്കും ഇഷ്ടം അതായിരിക്കും .
ലീവ് തീർന്നു കൊണ്ടിരുന്നു പെണ്ണൊരുപാട് പോയി നോക്കിയെങ്കിലും ഒന്നുമങ്ങോട്ട് ശെരിയായില്ല. ആലോചനകൾ കുറെ വന്നു കൊണ്ടിരുന്നു . കുറെ പക്വതയില്ലാത്ത ചിന്താഗതികളുണ്ടായിരുന്നു അന്നെനിക്ക് . ഒരുപാട് കുട്ടികളെ ഇഷ്ടപ്പെട്ടെങ്കിലും വലിയ വലിയ ടീമുകളിൽ നിന്നും ആയ കാരണം കൊണ്ട് മാത്രം ഞാൻ വേണ്ടന്ന് പറഞ്ഞു , ചിലത് ഇഷ്ടപ്പെടാതെ വേണ്ടന്ന് വെച്ചു , മനസ്സിൽ പാവപ്പെട്ട കുടുംബത്തിൽ നിന്നും ഒരു കുട്ടിയെ
കെട്ടിയാലേ എനിക്ക് ചേരൂ എന്നൊരു കടുംപിടുത്തം എങ്ങനെയോ വളർന്നു പന്തലിച്ചിരുന്നു . അതിന് വേണ്ടി കാത്തിരുന്നു .
അങ്ങനെ നടക്കുമ്പോഴാണ് ഞാനറിയുന്ന ഒരു നാട്ടുകാരൻ വഴി ഒരാലോചന വരുന്നത് . നാട്ടിൽ നിന്നും ഒരു അരമണിക്കൂർ യാത്രയുണ്ടെങ്കിലും അവനറിയുന്ന കുട്ടിയാണെന്നും നിനക്ക് നല്ലോണം യോജിക്കുമെന്നും, ഇങ്ങനെയുള്ള ഒരു ബന്ധം ഇനി നിനക്ക് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞപ്പോൾ പോയി നോക്കാമെന്നു പറഞ്ഞു . പിറ്റേന്ന് വൈകുന്നേരം അവന്റെ ബൈക്കിൽ ഞാൻ കാണാൻ പോയി.
പോകുന്ന വഴിക്ക് നല്ല കുടുംബമാണെന്നും അതുകൊണ്ട് കൂടുതൽ അന്വേഷിക്കേണ്ട എന്നവൻ പറഞ്ഞപ്പോൾ ഞാനതങ്ങോട്ട് വിശ്വസിക്കുകയായിരുന്നു .
അവൻ കാണിച്ചു തന്ന ഒന്നുരണ്ട് ആളുകളോട് അന്വേഷിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞതും പോയി കണ്ടു. പെണ്ണ് വന്നു കൂടുതലൊന്നും സംസാരിക്കാതെ അകത്തേക്ക് പോയി .
നാല് പെൺമക്കളിൽ രണ്ടാമത്തെ കുട്ടിയാണെന്നൊക്കെ കേട്ടപ്പോൾ ഇതെന്റെ വീട്ടിലേക്ക് പറ്റും എന്ന് തോന്നി വീട്ടുകാരോട് കാണാൻ പറഞ്ഞു . കഷ്ട്ടപെട്ടു ജീവിച്ചവളാകുമ്പോൾ എന്റെ കുടുംബത്തിലേക്ക് വന്നാൽ സന്തോഷമായിരിക്കും അവൾക്കുണ്ടാവുക എന്നുറപ്പുണ്ടായിരുന്നു കാരണം അങ്ങനെ ഒത്തൊരുമയോടെ ജീവിക്കുന്ന ഒരു കുടുംബമാണ് എന്റേത്.
കൂടുതൽ വൈകാതെ
കുടുംബക്കാരും വീട്ടുകാരും പോയി കണ്ടു. എനിക്കിഷ്ടപ്പെട്ടത് അവർക്കും ഇഷ്ടപ്പെട്ടു കാരണം കെട്ടുന്നത് ഞാനാണല്ലോ കൂടുതൽ അഭിപ്രായങ്ങൾ ആർക്കുമുണ്ടായില്ല. നോക്കിയതുമില്ല . അവർക്കും കുട്ടിയെ പറ്റി . പിന്നെയെല്ലാം പെട്ടെന്നായിരുന്നു . ആറു മാസം ലീവുള്ള എന്നേക്കാൾ ധൃതി അവളുടെ വീട്ടുകാർക്കായിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു . കൂടുതൽ വൈകാതെ നിശ്ചയവും കഴിഞ്ഞു .
നിക്കാഹ് കല്യാണത്തിന് മുൻപ് വേണമെന്ന് പറഞ്ഞപ്പോൾ അവരെന്തോ കാരണം പറഞ്ഞു അവസാനം കല്യാണത്തിനന്നേക്ക് മാറ്റി.
അത് കാരണം കൂട്ടികൊണ്ടു വരുന്നതിനു മുൻപ് എനിക്കവളോട് സംസാരിക്കാനുള്ള അവസരം കിട്ടിയില്ല .
കാത്തിരുന്നവസാനം കല്യാണദിവസവും വന്നു . ഒരുപാട് ആളുകൾ പങ്കെടുത്ത കല്ല്യാണം . ഭക്ഷണമൊക്കെ കഴിച്ച് ഫ്രെണ്ട്സ്ന്റെ കൂടെ ഞാനവളുടെ വീട്ടിലേക്ക് പുറപ്പട്ടു. ജീവിതത്തിലെ ഏറ്റവും നല്ല ദിവസം .
അവളുടെ വീട്ടിലെത്തി കൂടുതൽ വൈകാതെ നിക്കാഹും കഴിഞ്ഞു . ഇനി ഞാനൊരു ഭർത്താവാണ് എന്നൊക്കെയുള്ള തോന്നൽ മനസ്സിലൂടെ ഓടി കളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു .
ഒരുകൂട്ടി വെച്ച സ്വപ്നങ്ങളുടെ നിലവറ തുറക്കാൻ പോകുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസം .
ആദ്യമായി കണ്ടന്നു മുതൽ മനസ്സിലെവിടെയെങ്കിലും കാണുമായിരുന്ന റൈഹാനത്ത് അന്നാ ദിവസം എന്റെ മനസ്സിലൊരുവട്ടം പോലും വന്നില്ലായിരുന്നു.. അന്നുതന്നെയായിരുന്നു എന്റെ ജീവിതത്തിലെ അവസാനത്തെ സന്തോഷം നിറഞ്ഞ ദിവസവും .
വൈകുന്നേരമായതോടെ എന്റെ വീട്ടിൽ നിന്നും വന്ന പെണ്ണുങ്ങൾ അവളെ ഒരുക്കി പുറത്തേക്ക് കൊണ്ടുവന്നു. കൂടുതൽ വൈകിയില്ല ഞങ്ങൾ എന്റെ നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയ ഉടനെ ഫോട്ടോഗ്രാഫറുടെ മുന്നിലുള്ള അഭിനയം കഴിഞ്ഞപ്പോഴേക്കും മഗ്രിബ് വാങ്ക് കൊടുത്തു.
കുളിച്ച് ഫ്രഷായ ശേഷം നമസ്ക്കരിച്ച ഞാൻ റൂമിൽ തല താഴ്ത്തി ഒന്നും മിണ്ടാതെയിരിക്കുന്ന അവളോട് അങ്ങാടിയിൽ പോയി വരാമെന്നു പറഞ്ഞെങ്കിലും അവളൊന്നും പറഞ്ഞില്ല.
ഇശാ നമസ്ക്കരിച്ചു വീട്ടിലെത്തിയപ്പോൾ ഉമ്മ വന്ന് സ്വകാര്യത്തിൽ പറഞ്ഞു ” ഡാ അവള് ഭയങ്കര നാണക്കാരിയാണെന്നു തോന്നുന്നു ഞങ്ങളെ അടുത്തേക്കൊന്നും വിളിച്ചിട്ട് വന്നിട്ടില്ല. നീ കൂട്ടി കൊണ്ടുവാ ഭക്ഷണം കഴിക്കാൻ “. ഉമ്മയോടൊന്നു ചിരിച്ച് വിളംബാൻ പറഞ്ഞ് ഞാൻ റൂമിൽ ചെന്ന് അവളോട് ഭക്ഷണം കഴിക്കണ്ടേ എന്ന് ചോദിച്ചതും അവൾ വേണ്ടന്ന് പറഞ്ഞു.
‘അവരവിടെ കാത്ത് നിൽക്കുന്നുണ്ട് വാ’ എന്ന് നിർബന്ധിച്ചപ്പോൾ വലിയ രസമില്ലാത്ത ഭാവത്തോടെ എഴുന്നേറ്റു വന്ന് കൂടെയിരുന്നു. ഞങ്ങളെല്ലാവരും പല കാര്യങ്ങളും സംസാരിച്ചിട്ടും അവളൊന്നു ചിരിക്കുകയോ, നോക്കുകയോ ചെയ്തില്ല . എല്ലാവരും ഇത് ശ്രദ്ധിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിച്ച് കഴിഞ്ഞവൾ എഴുന്നേറ്റ് അവളുടെ പാത്രവും കഴുകി വെച്ച് റൂമിലേക്ക് തന്നെ പോയി. എന്ത് കണ്ടാലും അപ്പപ്പോൾ മറുപടി പറയുന്ന എന്റെ മൂത്തപെങ്ങൾ പറഞ്ഞു
” ഇതെന്ത് സാധനാ ഉമ്മാ…!!! “.
“പതുക്കെ പറ ഡീ പുത്യേ വീടായതോണ്ടാവും
കോളേജിൽ പോകുന്ന കുട്ടിയല്ലേ… ” എന്നുമ്മ അവളോട് പറഞ്ഞതൊക്കെ കേട്ട് ഞാൻ എഴുന്നേറ്റ് കൈ കഴുകി റൂമിലേക്ക് നടന്നു .
ഒരാണിന്റെ ജീവിതത്തിൽ അവനൊരുപാട് കാത്തിരിക്കുന്നതും , അവനെയൊരുപാട് സന്തോഷം തോന്നിപ്പിക്കുന്നതും , ഒരു പുതിയ ജീവിതം തുടങ്ങുകയുമൊക്കെ ചെയ്യുന്ന ആദ്യ രാത്രി എന്ന ആ പരിചയമില്ലാത്ത മുഹൂർത്തത്തിലേക്ക് …
” തുടരും ”
_____________________
” ജീവിതത്തിൽ അറിയിക്കാതെയും, പറയാതെയും വരുന്ന ചില നൊമ്പരങ്ങളെ നോക്കി നിൽക്കാൻ മാത്രമേ ചിലപ്പോൾ നമുക്ക് കഴിയൂ “