എന്റെ ഹോസ്റ്റൽ ജീവിതത്തിന്റെ ഏകാന്തതയിലേക്ക് ഇടയ്ക്കിടയ്ക്ക് അവൾ പാദസരങ്ങൾ കിലുക്കി കൊണ്ട് കടന്നുവരുമായിരുന്നു.
“രോഹിണി” അതാണ് അവൾക്കു ഞങ്ങൾ ഇട്ടിരുന്ന പേര്. ശരിക്കുള്ള പേര് വേറെന്തോ ആണ്. എന്തായലും അവൾക്കും ഈ പേരിഷ്ടമായിരുന്നെന്ന് തോന്നുന്നു.ആര് ചോദിച്ചാലും രോഹിണി എന്നായിരുന്നു അവൾ പേര് പറഞ്ഞിരുന്നത്.
ആറ് മാസങ്ങൾക്കു മുൻപുള്ള ഒരു ഞായറാഴ്ച ആണ് ആദ്യമായവൾ ഇവിടേയ്ക്ക് വന്നത്. പകലുടനീളം നൈറ്റ് ഷിഫ്റ്റ്ന്റെ ആലസ്യം നീണ്ടുനിന്ന അന്ന്, ജനാലയിലിലൂടെ താഴേക്കു നോക്കി നിൽക്കവെയാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. സ്വന്തം അച്ഛന്റെയും അമ്മയുടെയും കൈകളിൽത്തൂങ്ങി അഞ്ച് വയസ്സുള്ള രോഹിണി.
അവളുടെ ചെമ്പിച്ച തലമുടി കാറ്റിൽ പാറിപ്പറന്നു കളിച്ചു. ഓറഞ്ച് നിറമുള്ള ഒരു കുഞ്ഞുടുപ്പിട്ടു, ചുവന്ന ഗുൽമോഹർ പൂവുപോലെ സുന്ദരിയായ ഒരു പെൺകുട്ടി.
വാർഡനോട് ചോദിച്ചപ്പോളാണ് മനസ്സിലായത്, അവർ ബംഗാളികളാണെന്ന്.
അയാൾ വാച്ച്മാറെ ജോലിയും അയാളുടെ ഭാര്യ അടുക്കളപ്പണിയും ചെയ്തോളും എന്ന വ്യവസ്‌ഥയിലാണ് അവർക്ക് ജോലി കൊടുത്തിരിക്കുന്നത്.
ആ കുടുംബം അങ്ങനെ ഞങ്ങളുടെ ഹോസ്റ്റലിന്റെ ഔട്ട്ഹൗസിൽ താമസമായി.
ജീവിതം ഓഫീസിന്റെ ഭ്രമണപഥത്തിലൂടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു . രോഹിണിയുടെ ആയിയും(അമ്മ ) ബാബയും(അച്ഛൻ) ഹോസ്റ്റലിലെ അവരുടെ ജോലികളാരംഭിച്ചു. രോഹിണിയാകട്ടെ ,പകൽ മുഴുവൻ ഓരോമുറികളിലായി പെൺകുട്ടികളോട് കളിച്ചും,ആർക്കും മനസ്സിലാകാത്ത അവളുടെ ഭാഷയിൽ വർത്തമാനം പറഞ്ഞുമങ്ങനെ പറന്നു നടന്നു.
ചുരുങ്ങിയ സമയം കൊണ്ടുതന്നെ എല്ലാ മുറികളിലെ പെൺകുട്ടികളുമായും അവൾ നല്ല അടുപ്പത്തിലായി. എന്റെ മുറിയിൽ , ഞാൻ രണ്ടു സ്വർണ്ണമീനുകളെ വളർത്തിയിരുന്നു. അവയെകാണാനെന്ന മട്ടിൽ അവൾ ഇടയ്ക്കിടയ്ക്ക് എന്റെ മുറിയിൽ വരുന്നത് പതിവാക്കി. പിന്നെപ്പിന്നെ മണിക്കൂറുകളോളം അവൾ എന്റെ മുറിയിൽ ചിലവിടാൻ തുടങ്ങി..
എന്റെ പുസ്‌തകങ്ങൾ മറിച്ചു നോക്കി, ചിലപ്പോൾ ചിലതെടുത്ത് ഒളിച്ചു വെച്ചു . ഞാൻ കാണാത്തപ്പോൾ എന്റെ ലാപ്ടോപ്പിന്റെ കീബോർഡിൽ കളിച്ചു. എന്റെ പൗഡറും ചീർപ്പുമൊക്കെയെടുത്ത് കണ്ണാടിയുടെ മുന്നിൽ നിന്ന് ഗോഷ്ടി കാണിച്ചു.എന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളും’ , ‘ഖസാക്കിന്റെ ഇതിഹാസവു’ മെല്ലാംഅവളുടെ ചിത്രപ്പണികൾക്കിരയായി.
അവളുടെ ആയി അവളെ ശകാരിച്ചു “ദീദിയെ ശല്യം ചെയ്യരുത് ..!’
എന്നാൽ അവൾ എനിക്കൊരു ശല്യമേ ആയിരുന്നില്ല. അവളുടെ കൂടെയുണ്ടായിരുന്ന സമയങ്ങളിൽ മാത്രമായിരുന്നു ഞാൻ ശരിക്കു ജീവിച്ചിരുന്നത്. മറ്റു സമയങ്ങൾ നിലനിൽപ്പിനുവേണ്ടിയുള്ള ഓട്ടപാച്ചിൽ മാത്രം..
എന്റെ അവശേഷിക്കുന്ന പുസ്തകങ്ങളെയെങ്കിലും രക്ഷിക്കാനായിട്ടാണ് ഒരു ദിവസം ഞാനവൾക്കു ഒരു നോട്ടുബുക്കും പെൻസിലും വാങ്ങിച്ചു കൊടുത്തത്, അവൾക്കു വരയ്ക്കാനുള്ളതൊക്കെ അതിലായിക്കൊള്ളട്ടെ എന്ന ചിന്തയിൽ. പിന്നീട് ഞാനതിൽ അവളുടെ കൈ പിടിച്ച് അക്കങ്ങളും അക്ഷരങ്ങളും എഴുതി ചേർത്തു. പതുക്കെ അവൾക്കും ഉത്സാഹമായി. ഹിന്ദിയക്ഷരമാലയാണ് അവൾ ആദ്യം എഴുതാൻ പഠിച്ചത്. ഒരു ദിവസം അവൾ പറഞ്ഞു തനിക്ക് മലയാളം പഠിക്കണമെന്ന്. അവളുടെ ഉള്ളിൽ പഠിക്കാനുള്ള ആഗ്രഹം വളരുന്നത് ഞാൻ കണ്ടു.
അവളുടെ ആയിയെക്കണ്ടപ്പോൾ അവളെ സ്കൂളിൽ അയച്ചുകൂടെ എന്ന് ഞാൻ ചോദിച്ചു.. എന്നാൽ അവർ ആ സംസാരം മനഃപൂർവം ഒഴിവാക്കുന്നതു പോലെയാണെനിക്ക് തോന്നിയത്. എന്തൊക്കെയോ ഒഴിവുകഴിവുകൾ പറഞ്ഞൊപ്പിച്ചു മുഖത്ത് നോക്കാതെ അവർ ധൃതിയിൽ നടന്നു നീങ്ങി..
ഒരു ദിവസം ഞങ്ങളുടെ പഠിത്തത്തിനിടയിൽ അവൾ പറഞ്ഞു, അവൾക്കു ഒരു അനിയൻ ഉണ്ടാകുവാൻ പോവുകയാണ്..
“അനിയത്തി ആയാലോ?” എന്ന് ചോദിച്ചപ്പോൾ, അനിയൻ തന്നെ വേണമെന്ന് അവൾ തീർത്തു പറഞ്ഞു.
അവളുടെ ആയിയുടെ ദിവസന്തോറും വലുതായി വരുന്ന വയറിനോടൊപ്പം അവരുടെ ജോലിയും ദിനന്തൊറും കൂടിക്കൂടി വരുന്നത് ഞാൻ കണ്ടു. പണ്ട് അടുക്കളയിൽ മാത്രമായിരുന്നു പണിയെങ്കിൽ ഇപ്പോൾ മൂന്ന് നിലയുള്ള ആ ഹോസ്റ്റൽ മുഴുവൻ അടിച്ചുവാരിത്തുടക്കുന്നതുൾപ്പെടെ സകല ജോലിയും അവരെക്കൊണ്ടാണ് ചെയ്യിക്കുന്നത്. എന്തോ എനിക്കൊരു വല്ലായ്മ തോന്നി. ഞങ്ങൾ എല്ലാവരും ചേർന്ന് ഇതിനെക്കുറിച്ച് വാർഡനോട് സംസാരിച്ചു. എങ്കിൽ പിന്നെ മുറിയും വരാന്തയും മറ്റും പെൺകുട്ടികൾ എല്ലാവരും ചേർന്ന് വൃത്തിയാക്കിക്കൊള്ളണമെന്നായിരുന്നു മറുപടി . പിന്നീട് ആരും അതിനെപ്പറ്റി സംസാരിച്ചു കണ്ടില്ല…
അതിനടുത്ത ദിവസം ഞാൻ ഓഫീസിൽ നിന്ന് വരുമ്പോൾ രോഹിണിയുടെ ആയി മുറ്റത്തു നിൽപ്പുണ്ടായിരുന്നു.
“ഞാൻ നിങ്ങളെ നോക്കി നിൽക്കുകയായിരുന്നു”
അവർ പറഞ്ഞു.
ഞാൻ ചോദ്യഭാവത്തിൽ മൂളി.
അവർ തുടർന്നു,
“നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി സംസാരിച്ചൂന്ന് ഞാൻ അറിഞ്ഞു. അതിന്റെയാവശ്യം ഉണ്ടായിരുന്നില്ല . ഇവിടുത്തെ ജോലിയെല്ലാം ഒറ്റക്ക് ചെയ്തോളാമെന്ന് ഞാൻ തന്നെയാണ് വാർഡൻനോട് പറഞ്ഞത്. ഓണർ സർ (ഹോസ്റ്റലിന്റെ ഓണർ) സമ്മതിച്ചു. അഞ്ചാറ് മാസം ഇതുപോലെ തുടർന്നാൽ നല്ലൊരു തുക കൈയ്യിൽ കിട്ടും. അതുകൊണ്ടു വേണം ഞങ്ങൾക്ക് ഞങ്ങളുടെ നാട്ടിലേക്ക് തിരിച്ചു പോകാനുള്ള ടിക്കറ്റ് എടുക്കാൻ. പിന്നെ അവിടെ ചെന്ന് ബാക്കി പൈസ കൊണ്ട് ഞങ്ങളുടെ വീടൊന്ന് ശരിയാക്കണം .. ഇവിടം കൂടാതെ, വേറെയുമൊന്നു രണ്ടു വീടുകളിൽ പുറം ജോലികൾക്കു രോഹിണിയുടെ ബാബയും പോകുന്നുണ്ട്. വലിയ ചെലവുകൾ വരാൻ പോവുകയല്ലേ?”
ചിരിച്ചുകൊണ്ട് അവർ തന്റെ വയറൊന്നു തടവി.
” പക്ഷെ, ഈ സമയത്തിങ്ങനെ നിങ്ങൾ ഇത്രയും ജോലി ചെയ്യാൻ പാടില്ല!” ഞാൻ പറഞ്ഞു.
“ഞങ്ങൾക്കിതൊക്കെ ശീലമാണ് . നിങ്ങൾ ദുബായിക്കു പോകുന്നതു പോലെയാണ് ഞങ്ങൾ ഇവിടേയ്ക്ക് വരുന്നത് . ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് നാട്ടിൽ. ആ പിന്നെ… ” അവർ ഒന്നു നിർത്തി എന്നിട്ടു തുടർന്നു ,
“നിങ്ങൾ പറഞ്ഞത് പോലെ പറ്റുമെങ്കിൽ രോഹിണിയെ പഠിപ്പിക്കണം എന്നുമുണ്ട്” ‘
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല . അവരെ അവരുടെ സ്വപ്നങ്ങൾക്ക് വിട്ടുകൊടുത്തു കൊണ്ട് ഞാൻ നടന്നു മുറിയിലേക്ക് പോയി.
തുടർന്നുള്ള ദിവസങ്ങളിൽ ഇല കൊഴിയുന്നത് പോലെ ആ ഹോസ്റ്റലിലെ ഓരോ ജോലിക്കാരായി കൊഴിഞ്ഞു പോവാൻ തുടങ്ങി. പലരും മുറുമുറുത്തു കൊണ്ടാണ് ഇറങ്ങിപ്പോയത് . രോഹിണിയുടെ ആയിയാകട്ടെ ഗോവണിപ്പടികൾ കയറുമ്പോൾ വരുന്ന തലചുറ്റലുകളും, ശരീര വേദനയും, ചർദ്ദിയുമൊന്നും വകവയ്ക്കാതെ ഒരു യന്ത്രം കണക്കെ ഹോസ്റ്റലിലെ എല്ലാ ജോലികളും ചെയ്തു പോന്നു.
രോഹിണി പതിവുപോലെ എല്ലാ മുറികളിലും കയറി അവൾ പഠിച്ച മലയാളത്തിലെല്ലാവരോടും സംസാരിച്ചു . ഞാൻ അവൾക്കു ക്രയോൺസും ഒരു കരടിപ്പാവയും വാങ്ങിച്ചു കൊടുത്തു . ആ ക്രയോൺസുപയോഗിച്ച് അവൾ എന്റെ മുറിയുടെ ചുമരിൽ രണ്ടു വട്ടങ്ങൾ വരച്ചു. ഒന്ന് വലുതും പിന്നെയൊന്ന് ചെറുതും . അതിനുചുറ്റും മുടിയിഴകൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കുറെ വരകളും വരച്ചു. പിന്നെ രണ്ടു കണ്ണുകളും വലിയൊരു ചിരിയും വരച്ചിട്ടു എന്നോട് പറഞ്ഞു
” ഇത് ദിദി.. ഇത് ഞാൻ”.
അങ്ങനെയിരിക്കെയാണ് പെട്ടെന്ന് ജോലി ആവശ്യത്തിനായി ഒരു മാസത്തേക്ക് എനിക്ക് വിദേശത്തേക്ക് പോവേണ്ടി വന്നത് . എല്ലാം വളരെ പെട്ടന്നായപ്പോൾ പിന്നെയൊന്നിനും സമയമില്ലാതായി . സാധനങ്ങളൊക്കെ ധൃതിയിൽ പായ്ക്ക് ചെയ്തു പിറ്റേന്നു വെളുപ്പിന് എയർപോർട്ടിലേക്ക് പോകാനായി ഇറങ്ങുമ്പോൾ രോഹിണിയുടെ ആയി പറഞ്ഞു,
“അവൾക്കു വലിയ വിഷമമാവും. അവളോട് പറയാതെ പോയാൽ”.
പറഞ്ഞാൽ അവൾ വലിയ വായിൽ കരയാൻ തുടങ്ങും. പോവാൻ സമ്മതിക്കുകയുമില്ല . പിന്നെ അതെനിക്ക് വല്ലാത്ത വിഷമമാവുകയും ചെയ്യും.
” ദീദി എവിടെ എന്നവൾ ചോദിച്ചാൽ ഓഫീസിലാണെന്ന് പറഞ്ഞാൽ മതി.. കുറച്ചു ദിവസം കഴിഞ്ഞാൽ അവൾ ചിലപ്പോൾ എന്നെ മറന്നു എന്നുതന്നെ വരും. ചെറിയ കുട്ടിയല്ലേ ? ”
ഞാൻ പറഞ്ഞു.
പോകുന്നതിനു മുൻപ് ബാഗിൽ നിന്ന് ഞാൻ ഒരു ‘ഹിന്ദി അക്ഷരമാല’ പുസ്‌തകം എടുത്തു രോഹിണിയുടെ ആയിക്കു കൊടുത്തു.
“രോഹിണി ഇപ്പോൾ ഒരുവിധം നന്നായി ഹിന്ദി എഴുതാനും വായിക്കാനും തുടങ്ങിയിട്ടുണ്ട്. ഞാൻ ഇല്ലെങ്കിലും അവളെയെന്നും എഴുതിപ്പിക്കണം. ഈ പുസ്‌തകത്തിലെ അഞ്ചാറ് വാക്കുകൾ എന്നും എഴുതാൻ കൊടുത്താൽ മതി, അവൾ എഴുതിക്കോളും.”
അവളുടെ ആയി ഒരു നിമിഷമെന്നെ നോക്കി. പിന്നീട് പറഞ്ഞു,
” ഇല്ല.. നിങ്ങളെ അവൾ മറക്കുമെന്നു തോന്നുന്നില്ല..”
“ഒരു മാസത്തിനുള്ളിൽ ഞാൻ വരും. എന്നിട്ടേ നിങ്ങൾ നാട്ടിലേക്ക് പോകാവൂ. എന്നെ കാണാതെ പോകരുത്..’”
ഞാൻ പറഞ്ഞു.
അന്ന് കാറിൽ എയർപോർട്ടിലേക്ക് പോവുമ്പോൾ രോഹിണിയുടെ ആയിക്കുണ്ടായിരുന്നതു പോലെ എന്റെ മനസ്സിലുമുണ്ടായിരുന്നു, ചെയ്തു തീർക്കാനായി നിശ്ചയിച്ച ചില കാര്യങ്ങൾ, നാട്ടിലേക്ക് തിരിച്ചു വന്നതിനു ശേഷം..
ഒരു മാസം കടന്നുപോയതറിഞ്ഞില്ല … നാട്ടിലേക്ക് തിരിച്ചുവന്ന് എന്റെ വീട്ടിലും കൂടി പോയതിനുശേഷമാണ് ഞാൻ ഹോസ്റ്റലിലേക്ക് വന്നത്.
തിരിച്ചുവന്ന് ആദ്യം അന്വേക്ഷിച്ചത് രോഹിണിയെയായിരുന്നു. കൈയിൽ ഒരു വലിയ സഞ്ചിയിൽ നിറയെ ഫോറിൻ മിഠായികളും കളിപ്പാട്ടങ്ങളും ഉടുപ്പുകളുമായി ഞാൻ ഔട്ട് ഹൗസിലേക്ക് ചെന്നു . ആരെയും കണ്ടില്ല . മുറിയിൽച്ചെന്നു നോക്കി.അവളേയൊ അവളുടെ അമ്മയെയോ അച്ഛനെയോകണ്ടില്ല എങ്ങും കാണാൻ കഴിഞ്ഞില്ല. “ഇവരിതെവിടെപ്പോയി?”
അടുത്ത മുറിയിലെ പെൺകുട്ടിയെ കണ്ടപ്പോൾ ഞാൻ രോഹിണിയെ കുറിച്ചന്വേഷിച്ചു.
“അവരെല്ലാവരുംകഴിഞ്ഞയാഴ്ച തന്നെപ്പോയല്ലോ!”
അവൾ പറഞ്ഞു.
“എവിടേക്ക്??”
“വേറെവിടെക്കാ? അവരുടെ നാട്ടിലേക്ക്.!”
ഞാനാകെ വല്ലാതായി. “ഇത്രപെട്ടെന്നോ.?
അവർ ഇനിയും രണ്ട് മൂന്നു മാസം കൂടിക്കഴിഞ്ഞേ പോകത്തുള്ളു എന്നായിരുന്നാല്ലോ പറഞ്ഞത്?”
“നീ പോയി ഒന്ന് രണ്ടു ആഴ്ചകഴിഞ്ഞപ്പോൾ രോഹിണിയുടെ നാനിക്കു (അമ്മൂമ്മ) സുഖമില്ലെന്നും പറഞ്ഞു ഫോൺ വന്നു .അവർക്കു പെട്ടന്ന് പോകേണ്ടിയുംവന്നു . അപ്പോളാണ് ഞങ്ങളറിയുന്നത് ഓണർ അവർക്കു അഞ്ചാറ് മാസത്തെ ശമ്പള കുടിശ്ശിക കൊടുക്കാനുണ്ടെന്നുള്ള കാര്യം. ഇവർ ചോദിക്കുമ്പോളൊക്കെ എല്ലാംകൂടെ ചേർത്ത് അവസാനം തരാം എന്ന് പറഞ്ഞു അയാൾ ഒഴിഞ്ഞുകൊണ്ടേയിരിക്കുവായിരുന്നത്രേ. തിരിച്ചു പോവുകയാണെന്നുംപറഞ്ഞു രോഹിണിയുടെ അച്ഛൻ അയാളോട് കാശ് ചോദിച്ചപ്പോളാണ് അയാളുടെ തനിനിറം മനസ്സിലായത്. ചോദിച്ച കാശ് മുഴുവൻ കൊടുത്തില്ലാന്ന് മാത്രമല്ല അവരെ അപമാനിക്കുകയും കൂടി ചെയ്തു. അവസാനംവാക്ക് തർക്കവും കൈയേറ്റവുംവരെയെത്തി കാര്യങ്ങൾ….”.
എനിക്കാകെ ദേഷ്യവുംസങ്കടവും വന്നു.
“എന്തോരു ചതി..! രോഹിണിയുടെ അച്ഛന് പോലീസിൽ പരാതി കൊടുക്കായിരുന്നില്ലേ..? ഇതുപോലുള്ള ആളുകളെയൊന്നുംവെറുതെ വിടരുത്..!’
‘ അഭിനവ എം.എൽ.എ യുടെ ബിനാമിയാണ് നമ്മുടെ ഹോസ്റ്റൽ ഓണർ എന്ന കാര്യംനീ മറന്നു പോയോ?
പോലീസുകാർക്കു ഇവർ ബംഗാളിൽ നിന്നുവന്ന ഏതോ ക്രിമിനലുകളാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഉത്സാഹം..’”
അവൾപറഞ്ഞു .
” നാല് പേരുടെ ജോലി മുഴുവൻ ആ സ്ത്രീയെക്കൊണ്ട് ചെയ്യിച്ചു. കരഞ്ഞുകൊണ്ടാണ് അവരിവിടെനിന്നുമിറങ്ങിപ്പോയത്.. അല്ലെങ്കിലും നമ്മുടെ സമൂഹംഇങ്ങനെയൊക്കെ തന്ന്യാ ..അന്യനാട്ടിൽ നിന്ന് വന്നവരെ പരിഹസിച്ചും പറ്റിച്ചും അതിനുകൂട്ട് നില്ക്കാൻ…”
അവൾ ഘോരഘോരമായ വാക്കുകൾകൊണ്ട് സമൂഹത്തെ ഉദ്ധരിക്കുകയാണ്. അവൾ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല.രോഹിണി എന്നെ കുറിച്ചന്വേഷിച്ചോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെ അത് വേണ്ടെന്നു വച്ചു. അതിനിവിടെയെന്താണ് പ്രസക്തി? പിന്നെയും ഒരു നൂറായിരം ചോദ്യങ്ങൾ തികട്ടി വന്നു.. പക്ഷെ ഒന്നുംചോദിച്ചില്ല .. ആരോടും.. എന്നോടു പോലും..
എന്റെ കൈയിൽപിടിച്ച സഞ്ചിയിൽ രോഹിണിക്കു വേണ്ടി വാങ്ങിയ സാധനങ്ങൾക്ക് ഭാരം കൂടിക്കൂടി വരുന്നത് പോലെ തോന്നിയെനിക്ക്. അതിലുപരി അവൾക്കു വേണ്ടി ഞാൻ ചെയ്യാൻ മനസിലുറപ്പിച്ച ആ കാര്യം നെരിപ്പോട് പോലെ മനസ്സിൽ കിടന്നു നീറാനും തുടങ്ങി.. തുടങ്ങി വച്ചിട്ടും വായിച്ചു മുഴുമിപ്പിക്കാൻ കഴിയാതിരുന്ന സോളമന്റെ ഉത്തമഗീതം പോലെ..
മഴയുടെ വരവറിയിച്ചു കൊണ്ട് കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു. മഴ അവൾക്കു വലിയ ഇഷ്ടമാണ് .. അവൾ ആദ്യമായി എഴുതാൻ പഠിച്ച മലയാളം വാക്കും ‘മഴ’ ആയിരുന്നു. അനുസരണശീലം ലവലേശമിലാത്ത മനസ്സ് വീണ്ടും അവളുടെ ഓർമ്മകളിലേക്ക് എന്നെ വലിച്ചടുപ്പിക്കുകയാണ്..
മറക്കേണ്ടിയിരിക്കുന്നു.. മറന്നുപോയ മറ്റേതൊരധ്യായവും പോലെ .. അല്ലെങ്കിലും എനിക്ക് ആ പെൺകുട്ടി ആരായിരുന്നു?
ഒരു പക്ഷെ ആരുമല്ല.. കാറ്റിൽ എവിടെ നിന്നോ വാടിത്തുടങ്ങിയ ഒരു ഗുൽമോഹർപ്പൂവ് എന്റെ മുന്നിലെക്കു വന്നു വീണു. കൈയിലിരുന്ന എന്റെ ഫോൺ പതുക്കെ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി.. അതിന്റെ സ്‌ക്രീനിൽ ഒരു ഐ.എസ്.ഡി നമ്പർ പതുക്കെ തെളിഞ്ഞു വന്നു.. ഒപ്പമൊരു പേരും ..’ ROHINI SPONSOR calling ‘.