ഡീ… ഞാൻ നിന്നെ കെട്ടിക്കോട്ടെ….? !!
വരിക്കാശ്ശേരി മനയുടെ നടുത്തളത്തിൽ പെയ്തു നിറയുന്ന മഴയുടെ സീൽക്കാരത്തിനു കാതോർത്ത്, തെന്നി തെറിക്കുന്ന മഴത്തുള്ളികളുടെ കുളിരേറ്റ് അവളുടെ മടയിൽ കിടക്കുമ്പോൾ ചോദിക്കാൻ തോന്നിയത് അങ്ങിനെ ആയിരുന്നു…
“വട്ടായല്ലേ മനുഷ്യാ ഇങ്ങൾക്കു”….
പുഞ്ചിരിച്ചുകൊണ്ടു മഴയിലേക്ക് മിഴികളൂന്നി തന്നെ ആയിരുന്നു അവളുടെ ഉത്തരവും..
ആ പുഞ്ചിരിയിൽ നിറഞ്ഞു നിന്ന ഭാവത്തിൽ വിഷാദമോ തമാശയോ…?
വിഷാദം തന്നെ ആയിരുന്നു.
നഷ്ട്ടപെട്ട ഇന്നലകളിലെ വേദനിക്കുന്ന നിമിഷങ്ങളിൽ കൂടി അവൾ ഒന്നുകൂടി സഞ്ചരിച്ചിട്ടുണ്ടാകണം….
നടുത്തളത്തിൽ ആർത്തലച്ചു പെയ്യുന്ന മഴക്ക് കൂട്ടായി അവളുടെ കണ്ണുകളും ചെറുതായി പെയ്യാൻ തുടങ്ങിയോ….?
” അപ്പഴേക്കും മുഖം മങ്ങിയല്ലോടി പോത്തേ.! എന്റെ മനസ്സിൽ അങ്ങിനെ ഒരിഷ്ടം അല്ല നിന്നോടെന്ന് നിനക്ക് അറിയാലോ…പിന്നെന്തിനാ മുഖത്തു എത്ര കാർമേഘങ്ങൾ..? നമ്മുടെ സൗഹൃദം പ്രണയത്തിന്റെ കപടതയിലേക്കു മാറില്ലെന്ന് നിനക്കറിയില്ലേ പെണ്ണെ…? നാളെയുടെ താളുകളിൽ എഴുതപ്പെടേണ്ടതല്ലേ നമ്മുടെ സൗഹൃദം..?
പക്ഷെ പറഞ്ഞ വാക്കുകൾ അവൾ കേട്ടില്ലെന്നു തോനുന്നു… എന്തോ…. ഓർക്കാൻ ആഗ്രഹിക്കാത്ത, മറക്കാൻ ശ്രമിച്ചിട്ടും മാടിവിളിക്കുന്ന മരണഗന്ധം നിറഞ്ഞ നിമിഷങ്ങളുടെ അവളുടെ മനസ്സു സഞ്ചരിച്ചു തുടങ്ങി ഇന്ന് തോന്നിയപ്പോൾ അവളുടെ കയ്യിൽ ഞാൻ ചെറുതായൊന്നു കടിച്ചു…
ക്ഷതമേറ്റ വേദനയിൽ മനസ്സു പിന്തിരിച്ചു പോയ ഭൂതകാലത്തിൽ നിന്നും യാഥാർഥ്യത്തിന്റെ നിമിഷത്തേക്ക് അവൾ വീണ്ടും വന്നപ്പോൾ ആ കണ്ണുകളിലെ നനവ് ഉരുണ്ടു കൂടി പെയ്യാൻ തുടങ്ങിയിരുന്നു…
” തുടങ്ങി അവൾ, നീ ഇങ്ങനൊരു തൊട്ടാവാടി ആയി പോയല്ലോടി നീ.. വെറുതെയല്ല……… ”
ആ വാക്കുകൾ മുഴുവനാക്കും മുന്നേ അവൾ എന്റെ വായ പൊതി സംസാരത്തെ തടഞ്ഞു……
“മതി, വേണ്ട….
എല്ലാം അറിയുന്ന നിങ്ങളും……..
ഒരിക്കൽ ഒരാളുടെ മുന്നിൽ കഴുത്തു കഴുത്തു നീട്ടി കൊടുക്കുമ്പോൾ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം ചെയ്ത കുട്ടിയാ നീ എന്ന് അമ്മ പറയുമായിരുന്നു….
പക്ഷെ, കൂടെ കുടക്കുന്നവന്റെ മോഹം എന്നിൽ ആയിരുന്നില്ല… 18നേക്കാൾ വളർച്ചയുള്ള എന്റെ ശരീരത്തിൽ ആയിരുന്നു….
കഞ്ചാവിന്റെ കരുത്തിൽ ശരീരത്തിലേറ്റ ക്ഷതങ്ങളെക്കാൾ വേദനിപ്പിച്ചത് ഒരു രാത്രി കൂടെ കിടക്കാൻ വന്നത് അവന്റെ സഹോദരൻ ആണെന്നറിഞ്ഞപ്പോൾ ആണ്..
ചേട്ടൻ വാങ്ങിയ കടം വീട്ടാൻ അമ്മേയെ പോലെ കരുതേണ്ട ചേട്ടത്തിയമ്മയെ മോഹിച്ചവന്റെ കയ്യിൽ കിടന്നു പിടയുമ്പോൾ പുറത്ത് മദ്യലഹരിയിൽ എല്ലാം ആസ്വദിക്കുന്ന ഭർത്താവിന്റെ മുഖം….
ഇതൊരു ഭാര്യക്കും മരണത്തിനിപ്പുറം ചിന്തിക്കാൻ കഴിയാത്ത നിമിഷം…
ചോര പൊടിഞ ചുണ്ടുകൾ തുടച്ചു കുളിമുറി ലക്ഷ്യമാക്കി നടക്കുമ്പോൾ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ…
ഒറ്റസോപ്പിന്റെ മണത്തിൽ കഴുകി കളയണം എല്ലാം… നിണം പൊടിച്ച ശരീരത്തിൽ വെള്ളം തെറിക്കുമ്പോൾ നീറിപ്പുകഞ്ഞത് മനസ്സായിരുന്നു…
നിർവികാരമായി ഷവറിന്റെ ചോട്ടിൽ നിൽക്കുമ്പോളും
അറിയാതെ ആണെങ്കിലും ഉടലിൽ ഉയിരെടുത്ത കുഞ്ഞിന് വേണ്ടി ജീവിക്കണം എന്ന വാശി മാത്രം ആയിരുന്നു…. അന്ന് തീർന്നതാണ് ദാമ്പത്യം…ഇന്ന് കോടതിയുടെ ഇരുണ്ട മുറിയിൽ ഒരു ഒപ്പിന്റെ ബലത്തിൽ ഒറ്റജീവിതത്തിന്റെ യാത്രക്കായി കാത്തിരിക്കുന്നവൾ ആണ് ഞാൻ… മരണത്തിന്റെ സ്നേഹത്തോടെ ഉള്ള വിളി വരുന്നത് വരുന്നത് വരെ…
പറഞ്ഞു തീരുമ്പോൾ വായിച്ചെടുക്കാൻ കഴിയാത്ത ഒരു ഭാവം ആയിരുന്നു അവളുടെ മുഖത്തു… ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടവളുടെ വേദന ആയിരുന്നില്ല… മറിച്ചു നഷ്ട്ടപെട്ട ഇന്നലെകളെ നാളെയുടെ നന്മയാക്കാൻ കൊതിക്കുന്ന വാശി
ഉണ്ടായിരുന്നു ആ മുഖത്തു എന്ന് തോന്നി…
എല്ലാം പറഞ്ഞു നിർത്തിയപ്പോഴേക്കും മഴയുടെ ശക്തിയും കുറഞ്ഞിരുന്നു….
എന്തു പറയണം എന്നറിയാതെ ഇരിക്കുന്ന എന്റെ മുഖം പിടിച്ചുയർത്തി അവൾ പുഞ്ചിരിച്ചു..
മാഷേ, ഇങ്ങളെന്തിനാ കരയുന്നെ… അന്ന് ആ ബന്ധം അവസാനിച്ചത് കൊണ്ടല്ലേ നിങ്ങളെ പോലെ എത്ര സ്നേഹിക്കുന്ന ഒരു കൂട്ടുകാരനെ എനിക്ക് കിട്ടിയത്..? അന്ന് എനിക്ക് നഷ്ട്ടമായ സ്നേഹം ഇന്നെനിക്കു കിട്ടുന്നു… അതിൽ എത്രമാത്രം സന്തോഷവതി ആണെന്നോ ഞാൻ…. അത് എന്നും ഉണ്ടാകണം എന്റെ കൂടെ….
അത് കൊണ്ടു ന്റെ മോൻ വേറെ ചിന്തകളൊന്നും മനസ്സിൽ വെക്കാതെ എന്റെ കൂടെ ഉണ്ടാകണം.. കേട്ടോടാ പട്ടി….
അവൾ ചിരിച്ചു കൊണ്ടു എന്റെ നെറ്റിയിൽ ഉമ്മ വെച്ചപ്പോൾ അറിയാതെ ഞാനും പൊട്ടിച്ചിരിച്ചു….. സൗഹൃദം എന്ന സത്യമായ വാക്കുകളിൽ നെഞ്ചോടു ചേർത്ത്കൊണ്ടു….
ആ സന്തോഷനിമിഷത്തെ കുളിരണിയിക്കാൻ എന്ന പോലെ വീണ്ടും വരിക്കാശ്ശേരിയുടെ നടുത്തളത്തിൽ മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങിയിരുന്നു…. !!