ഒരു തുടക്കകാരൻ എന്നാ നിലയിൽ നിങ്ങൾ എനിക്ക് തന്ന സപ്പോർട്ടിന് എത്ര നന്ദി പറഞ്ഞാലും തീരില്ല… ഈ ഭാഗവും വായിക്കുക, കമെന്റുകളും സ്നേഹവും (❤️) നിറയെ തരിക…. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ…
നല്ല സ്നേഹം❤️😍
ശ്രീക്കുട്ടൻ
കാറിൽ കുഞ്ഞി സീതാലക്ഷ്മിയുടെ മടിയിലും കണ്ണൻ വൃന്ദക്കടുത്തുമായിരുന്നു, കണ്ണൻ ഇടക്കിടെ കുഞ്ഞിയെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു… കുഞ്ഞി അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.
ദേവടത്തെത്തി വൃന്ദ കണ്ണനുമായി അവരുടെ മുറിയിലേക്ക് പോയി, കുഞ്ഞിയെ ഭൈരവ് തോളിൽ എടുത്ത് അവളുടെ മുറിയിലേക്കും
കണ്ണനെ കിടത്തി വൃന്ദ പുറത്തേക്കിറങ്ങി അപ്പോൾ സീതലക്ഷ്മി അവിടേക്ക് വന്നു
“ഈ കുടുസ്സുമുറിയിലാണോ നിങ്ങള് കഴിയുന്നത്”
സീതലക്ഷ്മി ചോദിച്ചു,
വൃന്ദ ഒന്നുമിണ്ടാതെ നിന്നു
“ഇവിടെന്താ വേറെ മുറികളൊന്നുമില്ലേ…??”
“അത് സീതാമ്മേ എനിക്കീമുറിയാ സൗകര്യം രാവിലെ വിളക്കുവയ്ക്കാനും അടുക്കളയിൽ കയറാനുമൊക്കെ…”
സീത മുറിയാകമാനം ഒന്ന് നോക്കി
നിറയെ പാത്രങ്ങളും മറ്റും അടുക്കി വച്ചിരിക്കുന്നു, അടുക്കളയിലേക്കുള്ള സാധനങ്ങൾ മറ്റൊരു ഭാഗത്ത്,
അതിനിടയിൽ ഒരു ചെറിയ കട്ടിലും ഒരു പഴയ മേശയും അവരുടെ വസ്ത്രങ്ങളെല്ലാം ഭംഗിയായി അടുക്കി മേശയുടെ ഒരു ഭാഗത്ത് വച്ചിട്ടുണ്ട് പുസ്തകങ്ങൾ മറ്റൊരു ഭാഗത്ത്, എങ്കിലും ആ മുറി വൃത്തിയാക്കി സൂക്ഷിച്ചിട്ടുണ്ട്,
സീതലക്ഷ്മിക്ക് വിഷമം തോന്നി, അവൾ ഒന്നും മിണ്ടാതെ പുത്തേക്കിറങ്ങിപ്പോയി,
കുറച്ചുകഴിഞ്ഞു സീതലക്ഷ്മി വിളിക്കുമ്പോൾ വൃന്ദ അടുക്കളയിൽ നിൽക്കുകയായിരുന്നു, അവൾ ദൃതിപിടിച്ചോടി ചെന്നു, ചെല്ലുമ്പോൾ അവളുടെ മുറിയിൽ നിൽക്കുന്ന സീതാലക്ഷ്മിയേയും രുദ്രിനെയും ഭൈരവിനെയും കണ്ടു
“ഉണ്ണി… ഇവിടുള്ള നിങ്ങളുടെ സാധനങ്ങളെല്ലാം എടുത്ത് ഞങ്ങളുടെ മുറിയുടെ അടുത്തുള്ള മുറിയിലേക്ക് കൊണ്ട് വയ്ക്ക്…”
സീതലക്ഷ്മി പറഞ്ഞു
എന്താണ് ഇവിടെ നടക്കുന്നതെന്നറിയാതെ വൃന്ദ പകച്ചു നോക്കി നിന്നു
“സീതാമ്മേ അത്…. വലിയച്ഛൻ… അല്ല…. ഞങ്ങളിവിടെത്തന്നെ….”
“ഉണ്ണിമോളേ… നിന്റെ വലിയച്ഛന് ഈ വീട്ടിൽ ഉള്ള അതേ അധികാരം തന്നെയാ എനിക്കുമുള്ളത്… ഇതിനെപ്പറ്റി ആരേലും നിന്നോട് ചോദിച്ചാൽ അതിനുത്തരം ഞാൻ കൊടുത്തോളാം…”
അപ്പോഴേക്കും അവിടേക്ക് വന്ന ലതയും നളിനിയുമെല്ലാം അവളെ നിർബന്ധിച്ചു, അവസാനം അവൾ അവളുടെ സാധനങ്ങൾ ഓരോന്നായി പുതിയ മുറിയിലെക്കെടുത്തുവച്ചു, രുദ്രും ഭൈരവും ലതയും അവളെ സഹായിച്ചു,
പുതിയ മുറിയിലേക്ക് മാറിയതിൽ കണ്ണനായിരുന്നു ഏറ്റവും സന്തോഷം
ശില്പക്കും മറ്റുള്ള ബന്ധുക്കൾക്കുമൊന്നും ഇതത്ര രസിച്ചില്ലെങ്കിലും ആരും അത് പ്രകടിപ്പിച്ചില്ല,
ശില്പ കിട്ടുന്ന സന്ദർഭങ്ങളിൽ രുദ്രിനോട് ഒട്ടിനടക്കാൻ ശ്രമിച്ചു
രുദ്രും വൃന്ദയും പരമാവതി കണ്ടുമുട്ടൽ ഒഴിവാക്കി നടന്നു, എങ്കിലും വൃന്ദപോലുമറിയാതെ ഒരു നിഴലുപോലെ രുദ്ര് അവൾക്ക് പിന്നിൽ ഉണ്ടായിരുന്നു
അന്ന് രാത്രി വീട്ടിലെ മുതിർന്ന ആണുങ്ങളെല്ലാം ദേവടത്തെ മുറ്റത്ത് ഒത്തുകൂടി,
“ഞാനും ഈ നിക്കുന്ന മാധവനും ഒരേ മനസ്സായ് ജീവിച്ചവരാണ്… ഒരുപാട് സ്വത്തുക്കളുമുണ്ട്, പക്ഷേ അതിനിടയിൽ ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം നാടും വീടും അന്യമായി… അതുകൊണ്ട് ആ ഒരു അവസ്ഥ ഞങ്ങളുടെ മക്കൾക്ക് വരരുത് എന്നുണ്ട്… അവർക്ക് നാട്ടീന്നു തന്നെ വിവാഹം കഴിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം…. അത് മാത്രമല്ല… ഇനിയങ്ങോട്ട് എല്ലാം അവരെയെല്പിച്ചു സ്വസ്ഥമാകനാണ് ആഗ്രഹിക്കുന്നത്…”
വിശ്വനാഥൻ മാധവനെ നോക്കി പറഞ്ഞു
“അളിയനെന്താ പറഞ്ഞു വരുന്നത്…!!?”
രാജേന്ദ്രൻ ചോദിച്ചു
“അതുതന്നെ… രുദ്രിനും ഭൈരവിനും ഇന്നാട്ടീന്നുതന്നെ… പറ്റിയാ നമ്മുടെ തറവാട്ടിനുള്ളീന്ന് രണ്ട് പെൺകുട്ടികളെ കണ്ട് പിടിക്കണം… എന്നിട്ട് ശില്പമോളുടെ കല്യാണത്തിനോടൊപ്പം ഈ തറവാട്ടിൽവച്ചുതന്നെ അവരുടേം കല്യാണം നടത്തണം….”
അപ്പോഴേക്കും അവിടുണ്ടായിരുന്ന പലരും മനക്കോട്ട കെട്ടി തുടങ്ങിയിരുന്നു
രാജേന്ദ്രൻ ഗൂഢമായി ചിരിച്ചു
••❀••
അതേ സമയം രുദ്രും ഭൈരവും കുളക്കരയിൽ ഒത്തുകൂടി
“Doubt that the stars are fire, Doubt that the sun doth move his aides, Doubt truth to be a liar, But never doubt I love her…”
കയ്യിലിരുന്ന മദ്യ ഗ്ലാസ്സ് മുകളിലേക്കുയർത്തി രുദ്ര് നാടകീയമായി വിളിച്ചു പറഞ്ഞു, അവന്റെ നാക്ക് കുഴയുന്നുണ്ടായിരുന്നു
“പതുക്കെ അലറ് മൈരേ… നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്താതെ…”
ഭൈരവ് അവന്റെ വാ പൊത്തി…
“വിഡ്രാ…”
രുദ്ര് അവന്റെ കൈ തട്ടി മാറ്റി… (കയ്യിലിരുന്ന ഗ്ലാസ്സ് കാലിയാക്കിയശേഷം)
“എനിക്ക് സംസാരിക്കണം… അല്ലേ നീ പറ… എനിക്കെന്താടാ ഒരു കുറവ്… എന്തുമാത്രം പെൺപ്പിള്ളേര് എന്റെ ഒരു നോട്ടത്തിനായി കൊതിക്കുന്നു… അപ്പൊ… അപ്പൊ… എന്നെ കാണാൻ ലുക്ക്… ണ്ട്… ല്ലേ…?
നമ്മുടെ അപ്പാമാരുടെ കയ്യിലുള്ളത്രേം പണം ഇവിടെ അടുത്താരുടെയും കയ്യിലില്ല… അപ്പൊ… ഞാൻ പണക്കാരനാണ്… ല്ലേ…?
അഹമ്മദാബാദ് IIM ൽ നിന്നും ഫസ്റ്റ് റാങ്കോടെയാണ് ഞാൻ MBA പാസായത്… അപ്പൊ… എനിക്ക് വിദ്യാഭ്യാസമുണ്ട്… ല്ലേ…?പിന്നെന്താടാ എനിക്കൊരു കുറവ്… ന്താടാ അവക്കെന്നെ ഇഷ്ടമില്ലാത്തത്… ഞാനവളെ പൊന്നുപോലെ നോക്കില്ലേ…?”
ഭൈരവിന്റെ ടീ ഷർട്ടിന്റെ കോളറിൽ പിടിച്ചുതൂങ്ങിക്കൊണ്ട് ചോദിച്ചു…
ഭൈരവ് ഒരു നിമിഷം അവനെത്തന്നെ വിഷമത്തോടെ നോക്കിനിന്നു
“നക്ഷത്രലോകത്തെ സ്വപ്നവാണിഭക്കാരെ… എനിക്ക് സ്വപ്‌നങ്ങൾ കടമായിത്തരൂ… ഞാനവൾക്ക് നൽകട്ടെ… ആ സ്വപ്നങ്ങൾക്കൊണ്ടവളെന്നെ… പ്രണയിക്കട്ടെ… ആ പ്രണയംകൊണ്ട് എന്റെ ഹൃദയത്തിലെ മുറിവുണക്കട്ടെ…”
രുദ്ര് ആകാശത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു
“ഇതിനാണ് പറയുന്നത് വേലീക്കെടക്കണ പാമ്പിനെയെടുത്തു കൊണാനുടുത്തെന്ന്…”
ഭൈരവ് ആത്മഗതിച്ചു
“എന്റെ പൊന്നു കുണ്ണേ… ഒരു പത്തുമിനിറ്റ് വെറുതെയിരി… ഞാനിപ്പോ വരാം… ശബ്ദമുണ്ടക്കല്ലേ…”
രുദ്രിനെ പതിയെ പടിയിലിരുത്തിയിട്ട് ഭൈരവ് പുറത്തേക്ക് പോയി.
ഭൈരവ് തറവാട്ടിലെ അടുക്കളയിലേക്കാണ് പോയത്, അവിടെയെത്തുമ്പോൾ വൃന്ദ അവിടെ നിൽപ്പുണ്ട്
“ഉണ്ണിമോളെ… ശ്…”
അവൻ പതിയെ അവളെ വിളിച്ചു
വൃന്ദ തിരിഞ്ഞു നോക്കിയപ്പോൾ പുറത്തേക്കുള്ള വാതിൽക്കൽ ഭൈരവിനെ കണ്ടു
“എന്താ ഏട്ടാ…?”
“മൊരിരിപ്പുണ്ടോ മോളേ…”
“മോരോ… എന്തിനാ ഈ രാത്രി മോര്…”
അവൾ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു
“അത്… ഉണ്ണിമോളെന്തോ പറഞ്ഞെന്നും പറഞ്ഞൊരുത്തൻ കുളത്തിനടുത്ത് അടിച്ചു കിണ്ടിയായി ഇരിപ്പുണ്ട്… അവന് വേണ്ടിയാ മോര്…”
വൃന്ദ ഒന്ന് ഞെട്ടി നെഞ്ചിൽ കൈ വച്ചു
“എന്റെ കാവിലമ്മേ… കള്ളുകുടിച്ചോ…?”
അവൾ വേവലാതിയോടെ ചോദിച്ചു
“ആം… കൊറച്ചു മോര് കൊടുത്തില്ലെങ്കിൽ അവൻ നാട്ടുകാരെയെല്ലാം വിളിച്ചുണർത്തും… ആകെ നാശമാക്കും…”
ഭൈരവ് പറഞ്ഞു
“തൈരിരിപ്പുണ്ട്… ഞാനത് മോരാക്കി തരാം…”
വൃന്ദ പെട്ടെന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞു
“എന്നാ മോള് അതുംകൊണ്ട് കുളത്തിനടുത്തേക്ക് വരാമോ…? ഞാനങ്ങോട്ടു ചെല്ലട്ടെ അല്ലേൽ അവൻ നാണംകെടുത്തും…”
അവൾ ഒന്ന് മൂളി
ഭൈരവ് തിരികെ ചെല്ലുമ്പോൾ രുദ്ര് ബാക്കിയുണ്ടായിരുന്നത് കുപ്പിയോടെ വായിലേക്ക് കമിഴ്ത്തുകയായിരുന്നു, ഭൈരവ് ഓടിച്ചെന്ന് ആ കുപ്പി പിടിച്ചു വാങ്ങി
“മതി വിഴുങ്ങിയത്…”
“വിട്രാ പുല്ലേ… എനിക്കിനീം കുടിക്കണം, നീപോയൊരു കുപ്പീടെ കൊണ്ടുവാ…”
“കുപ്പിയല്ല… നിനക്ക് അൺ… (ഒന്ന് നിർത്തിയിട്ട്) എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട…”
കുറച്ചുനേരം അവർ ഒന്നും മിണ്ടാതെയിരുന്നു
“എനിക്കവളെ വേണോടാ… അവളില്ലേ ഈ രുദ്ര് പൂർണ്ണനല്ലടാ…? എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവളാണെടാ അവൾ… എന്റെ സ്വപ്നങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചവളാടാ അവൾ… മറക്കാൻ പറ്റുന്നില്ലെടാ… അവളെന്റെയാടാ… എന്റെ മാത്രം… ഈ രുദ്രിനായി പിറന്നവൾ…”
രുദ്ര് കുഴയുന്ന നാവോടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
“നീയൊരു കാര്യം ചെയ്യ്… ഇവിടുത്തെ കാവിലമ്മയോട് പറ, ഉണ്ണിമോളുടെ ഏറ്റവും അടുത്ത ആളാണ് ദേവടം കാവിലമ്മ…”
ഭൈരവ് അവനെ ചേർത്തുപിടിച്ച് പറഞ്ഞു
“ശരിയാടാ… ഇനി കാവിലമ്മയ്ക്ക് മാത്രേ എന്നെ സഹായിക്കാൻ കഴിയൂ…”
അവൻ എന്തോ ആലോചിക്കുന്നപോലിരുന്ന് പറഞ്ഞു
“എന്റെ കാവിലമ്മേ… എന്നോടല്പം കരുണ കാണിക്കൂ… അവളെ എനിക്ക് തരൂ, എന്റെ അവസാന ശ്വാസം വരെ ഞാനവളെ പൊന്ന് പോലെ നോക്കിക്കൊള്ളാം… ഞാനവളെ അത്രക്കിഷ്ടപ്പെട്ടുപോയി… അവളില്ലാതെ എനിക്കൊരു ജീവിതമില്ല…”
രുദ്ര് വിളിച്ചു പറഞ്ഞു അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
ഭൈരവിന് അതുകണ്ട് വല്ലാത്ത വിഷമം തോന്നി
“ദേ.. നോക്കടാ… കാവിലമ്മ… എന്റെ പ്രാർത്ഥനകേട്ട് കാവിലമ്മ വന്നടാ… നോക്ക്…”
രുദ്ര് ഭൈരവിന്റെ പിറകിലേക്ക് നോക്കി ഉത്സാഹത്തോടെ വിളിച്ചു പറഞ്ഞു
ഭൈരവ് തിരിഞ്ഞു നോക്കി, കണ്ണ് നിറച്ചുകൊണ്ട് വൃന്ദ കയ്യിലൊരു മൊന്തയുമായി രുദ്രിനെതന്നെ നോക്കി നിൽക്കുന്നു, പറഞ്ഞതെല്ലാം അവൾ കെട്ടിട്ടുണ്ടെന്ന് ഉറപ്പ്
രുദ്ര് അവൾക്കരികിലേക്ക് ചെന്നു കാലിടറി വീഴാൻ പോയതും വൃന്ദ അവനെ താങ്ങിപ്പിടിച്ചു പടിയിലിരുത്തി തൊട്ടടുത്തായി അവളുമിരുന്നു,
“എന്റെ കാവിലമ്മേ… അമ്മതന്നെ എനിക്കൊരു വഴി പറഞ്ഞതാ…”
രുദ്ര് വൃന്ദയുടെ കൈ പിടിച്ച്കൊണ്ട് പറഞ്ഞു, വൃന്ദ കൈ വലിച്ചെങ്കിലും അവൻ വിട്ടില്ല, അവൾ ദയനീയമായി ഭൈരവിനെ നോക്കി, ഭൈരവ് സാരമില്ലെന്ന് കണ്ണ് കാണിച്ചു,
രുദ്ര് അവളുടെ കൈ അവന്റെ മുഖത്തേക്കടിപ്പിച്ചു,
“ഇന്ന് കാവിലമ്മയ്ക്ക് വീട്ടിൽ സാമ്പാറായിരുന്നല്ലേ… കയ്യിൽ നല്ല കായത്തിന്റെ മണം…”
അവൻ തന്റെ മൂക്ക് അവളുടെ കയ്യിൽ ചേർത്തുകൊണ്ട് ചോദിച്ചു,
അതുകേട്ട് ഭൈരവ് ഉറക്കെ ചിരിച്ചുപോയി, വൃന്ദയ്ക്കും ചുണ്ടിലൊരു ചിരി മിന്നി മാഞ്ഞുപോയി
“അറിയോ… എന്റെ ഉണ്ണിയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി… കഴിച്ചാൽ നാവ് വിഴുങ്ങിപ്പോകും അത്രയ്ക്ക് രുചിയാ…
എന്ത് ഭംഗിയാണെന്നോ എന്റെ പെണ്ണിനേക്കാണാൻ, ഇങ്ങറ്റം വരെ പനങ്കോല പോലെ കറുത്ത മുടിയും നല്ല വലിയ ഉണ്ടക്കണ്ണും… ആ കണ്ണിൽ നിറയേ എന്നോടുള്ള പ്രണയം നിറച്ചു വച്ചൊരു നോട്ടമുണ്ട് ഹോ… അവളുടെ ആ മൂക്കുത്തിക്ക് പോലും ഭംഗി തോന്നുന്നത് അതവളുടെതായതുകൊണ്ടാ… എന്റെ ഇത്രേള്ളൂ പൊക്കം പെണ്ണിന്…
ഭൂമിയിലെ സകല സൗന്ദര്യവും നൽകി ആണ് അവളെ സൃഷ്ടിച്ചത്…ശരിക്കും കാവിലമ്മയെപോലെ ഐശ്വര്യവും കുഞ്ഞു കുട്ടികളെ പോലെ നിഷ്കളങ്കതയും നിറഞ്ഞ പെണ്ണ്. എന്റെ ഉള്ളിൽ തെളിഞ്ഞു കത്തുന്ന ദീപം പോലൊരു പെണ്ണ്…”
അവൻ ഉത്സാഹത്തോടെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു, വൃന്ദ കണ്ണിമ വെട്ടാതെ അവന്റെ നീലക്കണ്ണുകളിൽ നോക്കിയിരുന്നു,
“ഇനീപ്പോ ഇതൊന്നും കാവിലമ്മ അവളോട് പറയാൻ നിക്കണ്ട കേട്ടോ… കാരണം എന്നെയവൾക്ക് ഇഷ്ട്ടല്ല…”
അവൻ നിരാശയോടെ പറഞ്ഞുനിർത്തി
“ഹാ… പഷ്ട്ട്…”
ഭൈരവ് ആത്മഗതിച്ചു
വൃന്ദ കണ്ണ് നിറച്ചു വിടർന്ന കണ്ണുകളോടെ അവന്റെ നീലക്കണ്ണുകളിൽ ഉറ്റുനോക്കിയിരുന്നു, അവൻ പറയുന്നതെല്ലാം അവളുടെ ഹൃദയം നിറയുന്നതായിരുന്നു, അറിയാതെ അവളുടെ കൈകൾ അവന്റെ കയ്യിൽ മുറുകി,
“എന്റെ ജീവനും ജീവിതവുമെല്ലാം അവളാണ്… അവളെ നേരിട്ട് കാണും മുന്നേ ഇഷ്ടപ്പെട്ടതാ ഞാൻ, ഒരുപാടലഞ്ഞു അവളെത്തേടി, എന്റെ സ്വപ്നത്തിൽമാത്രം കണ്ടിട്ടുള്ള എന്റെ പെണ്ണിനെത്തേടി… ആദ്യം വെറും തമാശയായി തോന്നി… പിന്നെ ഞാൻപോലുമറിയാതെ എന്റെ ഹൃദയത്തിൽ എവിടേയോ കയറിക്കൂടി അവൾ… എന്റെ ശ്വാസം പോലും അവളായി… പിന്നീട് ഉറങ്ങുന്നതുപോലും അവളെക്കാണാൻ വേണ്ടിയായി… പക്ഷേ ഇപ്പൊ കണ്ടപ്പോ അവൾക്കെന്നെ വേണ്ട, അവളുടെ അവഗണന… അത് എന്റെ നെഞ്ച് നീറുവാ… പോയ ജന്മത്തിലും ഈ ജന്മത്തിലും വരും ജന്മത്തിലും വൃന്ദ ഈ രുദ്രിനുള്ളതാ… എന്റെ മാത്രമാ… അവൾക്ക് വേണ്ടി ഈ രുദ്ര് ഏത് ജാതകദോഷത്തോടും… എത്രവലിയ മദയാനയോടും ഏറ്റുമുട്ടും… ഉണ്ണി… അവളെന്റേതാ… അവൾക്ക് പ്രീയപ്പെട്ടതെല്ലാം എനിക്കും പ്രീയപ്പെട്ടതാ…
കാവിലമ്മ എന്നോട് ക്ഷമിക്കണം ഞാൽപ്പം കുടിച്ചിട്ടുണ്ട്, സങ്കടം സഹിക്കാൻ വയ്യാത്തോണ്ടാ… അവളെന്നാൽ എനിക്ക് ജീവനാ, എന്താ കാവിലമ്മേ അവളെന്നെ മനസിലാകാത്തത്…?”
പിന്നീട് അവൻ കൈ വിടുവിച്ചുകൊണ്ട് പടിക്കെട്ടിലേക്ക് കിടന്ന് കണ്ണുകൾ അടച്ചു അപ്പോഴും അവൻ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു
വൃന്ദ അത് കണ്ട് തേങ്ങികരഞ്ഞു, ഭൈരവ് വിഷമത്തോടെ വൃന്ദയെ നോക്കി
“മോളേ… വെറും പാവമാ മോളേ ഇവൻ, സ്നേഹിക്കുന്നവർക്കുവേണ്ടി എന്തുചെയ്യും, ഇന്നേവരെ അവൻ ഒരു കാര്യത്തിനും ഇതുപോലെ വാശിപിടിച്ചിട്ടില്ല… മോളെന്നു വച്ചാൽ ഇവന് ജീവനാ… മോക്കറിയോ… എന്നും ഉറക്കമെഴുന്നേറ്റ് സ്വപ്നത്തിൽ കണ്ട അവന്റെ പെൺകുട്ടിയെപ്പറ്റി പറയുമ്പോൾ ഞാനവനെ കളിയാക്കിയിട്ടുണ്ട്… പക്ഷേ ഇവന്റെ പ്രതീക്ഷ കാണുമ്പോ സത്യത്തിൽ പേടി തോന്നിയിട്ടുണ്ട്.. അവനാ പെൺകുട്ടിയെയും തേടി നടക്കുമ്പോൾ ഇവന് ഭ്രാന്താണെന്ന് പോലും തോന്നിയിട്ടുണ്ട്… പിന്നെ ഒരു നിയോഗം പോലെ മോളേക്കണ്ടപ്പോ മോളുടെ സ്വപ്നത്തേക്കുറിച്ചറിഞ്ഞപ്പോ അത്ഭുതമായിരുന്നു… മോളോരിക്കലും ഇവനെ വിഷമിപ്പിക്കരുത്… മോളോട് യാചിക്കുകയാണ്… അവന് അതിനുള്ള അർഹതയുണ്ടെങ്കിൽ എന്റെ രുദ്രിന് അവന്റെ സ്നേഹം തിരികെ കൊടുത്തൂടെ… നിങ്ങൾക്ക് വേണ്ടി എന്റെ ജീവൻ ഞാൻ പകരം തരാം…”
ഭൈരവ് കൈകൂപ്പി യാചിച്ചു
അത് കണ്ട് വൃന്ദ അന്ന് ഞെട്ടി
“അയ്യോ… ഏട്ടാ അരുത്… എന്നോട് ഇങ്ങനൊന്നും പറയരുത്… അർഹതയില്ലാത്തത് കുഞ്ഞീടേട്ടനല്ല… എനിക്കാണ്… ശാപം കിട്ടിയ ഈ എനിക്ക്… എനിക്ക് പേടിയാണേട്ടാ ഞാൻ കാരണം കുഞ്ഞീടേട്ടന് എന്തെങ്കിലും സംഭവിക്കോ എന്ന്…”
അവൾ അവന്റെ കൈ കൂട്ടിപ്പിടിച്ചു എങ്ങലടിച്ചു
“മോളുടെ ജാതക ദോഷം അറിഞ്ഞു തന്നെയാണ് ഞാൻ പറയുന്നത്… ചിലപ്പോ ദൈവം നിങ്ങളുടെ രണ്ടുപേരുടെയും എല്ലാ ദോഷങ്ങളും മാറ്റാനായിരിക്കും നിങ്ങളെ ചേർത്ത് വയ്ക്കുന്നത്… ഇതെല്ലാം ഒരു നിമിത്തമായിരിക്കും… മോളാലോചിക്ക്… നല്ലൊരുത്തരം കണ്ട് പിടിക്ക്…”
ഭൈരവ് പറഞ്ഞു
വൃന്ദ അപ്പോഴും തേങ്ങികരഞ്ഞുകൊണ്ടിരുന്നു
“പിന്നെ ഇപ്പൊ നടന്നതെല്ലാം നമ്മള് മാത്രമറിഞ്ഞാ മതി കേട്ടോ…?”
അവൻ പറഞ്ഞു, അതിനവളൊന്ന് മൂളി
“എന്നാ മോള് പൊയ്ക്കോ… ഞാൻ കൊണ്ടാക്കണോ…?”
അവൾ വേണ്ടെന്ന് തലയാട്ടി, പിന്നീട് രുദ്രിനെ ഒന്ന് നോക്കി പതിയെ പുറത്തേക്ക് നടന്നു
‘ഒരു പെണ്ണിന് ഇത്രത്തോളം ഒരു പുരുഷൻ പ്രീയപ്പെട്ടവനാകുമോ എന്ന് എനിക്കറിയില്ല… ഈ നിമിഷവും ഞാൻ എന്റെ ജീവനെപ്പോലെ സ്നേഹിക്കുന്നുണ്ട് ആ മനുഷ്യനെ… പക്ഷേ ഞാൻ കാരണം ഒരു മുള്ളുപോലും ആ ദേഹത്തേൽക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല… കാവിലമ്മേ എന്ത് ഭയങ്കരമായ വിധിയാണെന്റേത്…’
എല്ലാം ആലോചിച്ചു വൃന്ദയ്ക്ക് നെഞ്ച് പൊട്ടുമ്പോലെ തോന്നി, രുദ്ര് തന്റെ ആരോ ആണെന്ന തോന്നൽ അവളിൽ വർധിച്ചു കിടക്കാനായി വന്നപ്പോൾ അവളുടെ കണ്ണുനീർ തലയിണയെ നനച്ചു
അവൾ കിച്ചയെ വിളിച്ചു…
“ഉണ്ണി നിനക്കായി കാവിലമ്മ കൊണ്ടുവന്ന നിന്റെ മാത്രം രാജകുമാരനാണ് അയാൾ…
എന്റെ മനസ്സങ്ങനെ പറയുന്നു,
നിന്റെ എല്ലാം പ്രശ്നങ്ങൾക്കും തുണയായി അയാളുണ്ടാകും… നീ ധൈര്യമായിരിക്ക് എല്ലാം നല്ലതുപോലെ നടക്കും… ഞാനിപ്പോഴും പറയുന്നു… ദൈവമായിട്ട് ഒരു വഴി കാണിച്ചു തന്നതാണ്, ആ വഴി നടക്കാതെ തിരിഞ്ഞു നടന്നാൽ ചിലപ്പോ, പിന്നീടൊരിക്കലും ആ വഴി പോകാൻ കഴിയില്ല… നീയാലോചിക്ക് എന്നിട്ട് നല്ലൊരു തീരുമാനത്തിലെത്ത്…”
വൃന്ദയ്ക്കൊന്നും തീരുമാനിക്കാൻ കഴിഞ്ഞില്ല…
അന്നും കണ്ണീരിന്റെ കൂട്ടോടെ അവൾ എപ്പോഴോ ഉറങ്ങി
‘വൃന്ദ കണ്ണടച്ചുകൊണ്ട് ആ യുവാവിന്റെ നെഞ്ചിൽ ചേർന്ന് നിന്നു, അവന്റെ ദേഹത്തെ തന്റെ പ്രീയപ്പെട്ട ഗന്ധം അവളറിഞ്ഞു… താനിപ്പോൾ ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്ന് അവളറിഞ്ഞു… പതിയെ അവൾ മുഖമുയർത്തി ആ യുവാവിന്റെ മുഖത്തേക്ക് നോക്കി… നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന, അവളെയെന്നും മോഹിപ്പിച്ച ആ നീലക്കണ്ണുകൾ…, ഒരു നിമിഷം അവൾക്കായ് ചന്ദ്രൻ കൂടുതൽ പ്രകാശിച്ചു, ആ മുഖം… അവളെന്നും കാണാൻ കൊതിച്ച മുഖം… അവൾ കണ്ടു, ‘രുദ്ര്’… അവളൊരു എങ്ങലടിയോടെ അവന്റെ മുഖത്ത് അവളുടെ കൈകൾ കൊണ്ട് പരതി, പിന്നീട് പെരുവിരലിൽ ഉയർന്നു ആ മുഖത്താകമാനം ഉമ്മകൾ കൊണ്ട് നിറച്ചു… പിന്നീടാവളൊരു തളർച്ചയോടെ ഊർന്ന് താഴേക്ക് വീണു…
ഒരു വലിയ മുല്ലപ്പന്തൽ ആ പന്തലിന്റെ നടുക്കുള്ള മണ്ഡപത്തിൽ തിളങ്ങുന്ന നീലക്കണ്ണുകളുമായി സുന്ദരനായ ഒരു യുവാവ് ഇരിക്കുന്നു, താലമേന്തിയ പെൺകുട്ടികൾക്ക് പിന്നിലായി സർവ്വഭരണഭൂക്ഷിതയായി സുന്ദരിയായ ഒരു പെൺകുട്ടി മുഖം നിറയേ സന്തോഷത്തോടെ മണ്ഡപത്തിലേക്കടുക്കുന്നു, അവളെക്കണ്ട ആ യുവാവ് പ്രണയത്തോടെ അവളെ നോക്കി ചിരിച്ചു, അത് കണ്ട് അവളുടെ മുഖം നാണം കൊണ്ട് ചുവന്നു, ആരോ ഒരാൾ അവളുടെ കൈപിടിച്ച് ആ മണ്ഡപത്തിൽ ആ യുവാവിനടുത്തായി ഇരുത്തി, മുന്നിലെ നിലവിളക്കിലെ തിരി ഒന്നുകൂടി ശോഭയോടെ തെളിഞ്ഞു, ആ വെളിച്ചത്തിൽ ആ പെൺകുട്ടിയുടെ മുഖം തളിഞ്ഞു കണ്ടു, താൻ… താൻ തന്നെയല്ലേ അത്… അപ്പോഴും ആ യുവാവിന്റെ മുഖം വ്യക്തമല്ല… താലികെട്ടിന് സമയമായപ്പോൾ ആ യുവാവ് അവളുടെ കഴുത്തിലേക്ക് താലികെട്ടി, ആ നിമിഷം അവൾ അറിഞ്ഞു രുദ്രിന്റെ പെർഫ്യൂമിന്റെ സുഖകരമായ ഗന്ധം, അവൾ തലയുയർത്തി നോക്കി, രുദ്ര് അവളെത്തന്നെ നോക്കി പ്രണയത്തോടെ പുഞ്ചിരിച്ചു…’
വൃന്ദ ഞെട്ടി ഉറക്കംവിട്ടഴുന്നേറ്റു,
കുറച്ചുനേരം ആ സ്വപ്നത്തിൽ അലിഞ്ഞു നിന്നു,
പിന്നീട് മനസ്സിൽ ഒരു ഉറച്ച തീരുമാനത്തോടെ പ്രാർത്ഥിച്ചെഴുന്നേറ്റു,
••❀••
പിറ്റേന്ന് കണ്ണൻ തറവാടിന്റെ മുറ്റത്തു നിൽക്കുമ്പോൾ കുഞ്ഞി അടുത്തുള്ള മാവിന്റെ ചുറ്റുമുള്ള കെട്ടിൽ ഇരിക്കുകയായിരുന്നു, കയ്യിൽ ഒരു പൊതി വർണകടലാസ്സിട്ട് ഗിഫ്റ്റ് പോലെ മനോഹരമായി പൊതിഞ്ഞിട്ടുണ്ട്,
കണ്ണന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, അവൻ കുഞ്ഞി കാണാതെ മാവിന് പിറകിലായി ചെന്നു
“കുഞ്ഞിപ്പൂച്ചേ….”
അവൻ അവളെ കളിയാക്കി വിളിച്ചു, കുഞ്ഞി അത് കേട്ട് ഞെട്ടി തലയുയർത്തി ചുറ്റുംനോക്കി പിന്നീട് ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു,
കണ്ണൻ പതിയെ അവളെ നോക്കി
“കുഞ്ഞിപ്പൂച്ചേ… മ്യാവൂ… ചൊറിയൻ പൂച്ചേ… മ്യാവൂ…”
അവൻ വീണ്ടും കുറച്ചുകൂടി ഉച്ചത്തിൽ വിളിച്ചു
അപ്പോഴും കുഞ്ഞി ആ ഇരിപ്പുതുടർന്നു
കണ്ണൻ പതിയെ നെറ്റി ചുളിച്ച് സംശയത്തോടെ അവൾക്കരികിലേക്ക് വന്നു
“എന്തുപറ്റി… കുഞ്ഞിപ്പൂച്ചേടെ മിണ്ടാട്ടം മുട്ടിയോ… കുഞ്ഞിപ്പൂച്ച മിണ്ടാപ്പൂച്ചയായോ…?”
അവൻ അല്പം കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കളിയാക്കി ചോദിച്ചു,
അവൾ പതിയെ മുഖമുയർത്തി കണ്ണനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു, പിന്നീട് കുഞ്ഞി മുഖം പൊത്തി പൊട്ടിക്കരഞ്ഞു
അതുകണ്ട് കണ്ണൻ പരിഭ്രമത്തോടെ ചുറ്റും നോക്കി,
“അയ്യോ… കുഞ്ഞി… കരയല്ലേ… ആരേലും കണ്ടാ വല്യച്ഛന്റേന്ന് എനിക്ക് നല്ല തല്ല് കിട്ടും… സോറി കുഞ്ഞി, ഞാനിനി കുഞ്ഞിയെ കളിയാക്കൂല… സോറി…”
അവൻ പരിഭ്രമത്തോടെ പറഞ്ഞു
കുഞ്ഞി കരഞ്ഞുകൊണ്ട് പതിയെ താഴെക്കിറങ്ങി കണ്ണനെ കണ്ണുകൾ നിറച്ചുകൊണ്ട് നോക്കി, പിന്നീട് കണ്ണനെ പെട്ടെന്ന് കെട്ടിപ്പിടിച്ചു തേങ്ങികരഞ്ഞു
“സോറി കണ്ണേട്ടാ… സോറി… ഹൺഡ്രഡ് ടൈംസ് സോറി…”
കുഞ്ഞി സോറി പറഞ്ഞ് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“വിട് കുഞ്ഞി… എന്താ കാണിക്കുന്നേ…”
കണ്ണൻ അമ്പരപ്പോടെ കുതറിമാറാൻ ശ്രമിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു, കുഞ്ഞി അവനെ വിട്ടു മാറാതെ ഇറുകെ പിടിച്ചു.
“ഞാൻ കാരണം കണ്ണേട്ടന് തല്ല് കിട്ടിയില്ലേ…? സോറി…”
“വിട് കുഞ്ഞി… എന്റെ ഉടുപ്പൊക്കെ ചീത്തയാ…”
അവൾ പറയുന്നതൊന്നും കാര്യമാക്കാതെ പരിഭ്രമത്തോടെ പറഞ്ഞു
“കണ്ണേട്ടൻ എന്നോട് കൂട്ടുകൂടോ…?”
കുഞ്ഞി ചോദിച്ചു
“കൂടാം… വിട് കുഞ്ഞി…”
അവൻ പരിഭ്രമത്തോടെ പറഞ്ഞു
“എന്റെകൂടെ കളിക്കോ…?”
“കളിക്കാം…”
“സത്യം…??”
“സത്യം…”
കണ്ണൻ പറഞ്ഞു
കുഞ്ഞി കണ്ണനെവിട്ട് പുറംകൈകൊണ്ട് കണ്ണ് തുടച്ചു,
പിന്നീട് മാവിന്റെ ചുവട്ടിലിരുന്ന സമ്മാനപ്പൊതി എടുത്തു കണ്ണന് നേരേ നീട്ടി, കണ്ണൻ ഒന്നും മനസ്സിലാകാതെ പൊതിയേയും അവളെയും മാറി മാറി നോക്കി
“മേടിക്ക് കണ്ണേട്ടാ…”
കുഞ്ഞി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, കണ്ണനും ഒന്ന് പുഞ്ചിരിച്ചിട്ട് സമ്മാനപ്പൊതി വാങ്ങി
“തുറന്നുനോക്ക്…”
സമ്മാനം തിരിച്ചും മറിച്ചും നോക്കുന്ന കണ്ണനെ നോക്കികൊണ്ട് കുഞ്ഞി പറഞ്ഞു
കണ്ണൻ പതിയെ സമ്മാനം തുറന്നു
ഒരു ചോക്ലേറ്റ് ബോക്സ്, അതിനു മുകളിൽ ഒരു ചിത്രം വെള്ളപേപ്പറിൽ ഭംഗിയായി വരച്ചു വച്ചിട്ടുണ്ട്, ഒരു പെൺകുട്ടിയെ തോളിലിരുത്തി പറക്കുന്ന സൂപ്പർമാന്റെ ചിത്രം, തൊട്ടടുത്ത് അതിനൊപ്പം പറക്കുന്ന ചിറകുള്ള ഒരു നായ, സൂപ്പർമാന്റെ മുഖം കണ്ണന്റെ മുഖം പോലെയും പെൺകുട്ടി കുഞ്ഞിയെപോലെയും ആണ് വരച്ചിരിക്കുന്നത്, താഴെ ചുവപ്പുനിറത്തിൽ
“മൈ സൂപ്പർഹീറോ…കണ്ണേട്ടൻ”
എന്നെഴുതിയിരിക്കുന്നു, കണ്ണന്റെ മുഖം സന്തോഷംകൊണ്ട് വിടർന്നു
“എന്താ സൂപ്പർഹീറോ…?? “
അവൻ ചോദിച്ചു
“നമ്മളെ ആപത്തുകളിൽനിന്നും രക്ഷിക്കുന്ന ആളാണ് സൂപ്പർഹീറോ… ഇപ്പൊ കണ്ണേട്ടനാ എന്റെ സൂപ്പർഹീറോ…”
കുഞ്ഞി ആവേശത്തോടെ അവനെ ചേർന്ന് നിന്ന് പറഞ്ഞു
കണ്ണൻ ബോക്സ് തുറന്ന് ഒരു ചോക്ലേറ്റ് എടുത്ത് കുഞ്ഞിയുടെ വായിൽ വച്ചുകൊടുത്തു, കുഞ്ഞി തിരിച്ചും കൊടുത്തു,
“ഇതാരാ വരച്ചത് കുഞ്ഞിയാണോ…??”
“അല്ല… ഏട്ടനെക്കൊണ്ട് ഞാൻ വരപ്പിച്ചതാ…”
കുഞ്ഞി വായിലെ ചോക്ലേറ്റ് ഒരു സൈഡിലേക്കൊതുക്കിക്കൊണ്ട് പറഞ്ഞു
“കുഞ്ഞിക്ക് ഞാനൊരു സമ്മാനം തരട്ടേ…??”
കണ്ണൻ അവളുടെ മുഖത്ത് നോക്കിക്കൊണ്ട് ചോദിച്ചു
“എന്ത് സമ്മാനാ കണ്ണേട്ടാ…??”
“അതൊക്കെയുണ്ട്…വാ…”
കണ്ണൻ അത്രയും പറഞ്ഞ് കുഞ്ഞിയുടെ കയ്യിൽപിടിച്ചു അകത്തേക്കോടി,
“ആഹാ… രണ്ടുപേരുടേം പിണക്കം തീർന്ന് കൂട്ടായോ…”
അവരെക്കണ്ട ലത ചിരിച്ചുകൊണ്ട് ചോദിച്ചു
കുഞ്ഞിയും കണ്ണനും നാണത്തോടെ പുഞ്ചിരിച്ചു
പിന്നീട് അകത്തേക്ക് കയറിഓടി
കണ്ണൻ തന്റെ മുറിയിലെത്തി അവനെന്തോ എടുത്ത് പിറകിൽ പിടിച്ചു, കുഞ്ഞീടെ മുന്നിലെത്തി
“കുഞ്ഞി… കണ്ണടയ്ക്ക്….”
കണ്ണൻ പറഞ്ഞു
കുഞ്ഞി കണ്ണടച്ചു
“ഇനി കൈനീട്ട്…”
കുഞ്ഞി പതിയെ കൈനീട്ടി, കണ്ണൻ കയ്യിലിരുന്ന അവളുടെ റ്റെഡി അവളുടെ കയ്യിൽ വച്ചുകൊടുത്തു, കുഞ്ഞി പതിയെ കണ്ണ് തുറന്നു,
അവൾ തന്റെ കയ്യിലിരിക്കുന്ന റ്റെഡിയെ സൂക്ഷിനോക്കി പിന്നീട് അവളുടെ കണ്ണുകൾ വികസിച്ചു മുഖം സന്തോഷത്താൽ വിടർന്നു
“താങ്ക് യു കണ്ണേട്ടാ…”
കുഞ്ഞി സന്തോഷംകൊണ്ട് തുള്ളിചാടി, കണ്ണന്റെ കവിളിൽ ഒരുമ്മകൊടുത്തു, കണ്ണൻ പുഞ്ചിരിച്ചുകൊണ്ട് നിന്നു
“എന്താ കുഞ്ഞിക്ക് ഇത്രേം സന്തോഷം…??”
അവിടേക്ക് വന്ന ഭൈരവ് കുഞ്ഞിയോട് ചോദിച്ചു,
“കുഞ്ഞേട്ടാ… ദേ എന്റെ റ്റെഡ്ഢി… എനിക്ക് കണ്ണേട്ടൻ കൊണ്ട് വന്നതാ…”
“കണ്ണേ…ട്ടനോ…!!? അപ്പൊ കണ്ണനോടുള്ള പിണക്കം മാറിയോ…?”
“മ്… മാറി…”
“വേണേ ഇവനെ ഇടിച്ചു പപ്പടമാക്കാം…”
“അയ്യോ… വേണ്ട… ന്റെ കണ്ണേട്ടൻ പാവാ…”
കണ്ണന്റെ മുന്നിൽക്കേറിനിന്ന് ഒരു കൈകൊണ്ട് കണ്ണനെ പുറകിലേക്ക് നീക്കിക്കൊണ്ട് കുഞ്ഞി പറഞ്ഞു,
“ന്റെ കണ്ണേട്ടനോ…”
പെട്ടെന്ന് പുറകിൽ നിന്നും ഒരു ശബ്ദംകേട്ടു
അവർ തിരിഞ്ഞു നോക്കുമ്പോൾ വാതിലിൽ അവരെ നോക്കി ചിരിച്ചു നിൽക്കുന്ന രുദ്രും സീതാലക്ഷ്മിയും മാധവനും വിശ്വനാഥനും,
കുഞ്ഞി അവരുടെ മുന്നിൽ ചമ്മിയപോലെ കണ്ണന്റെ കയ്യിലൂടെ കൈ വട്ടം പിടിച്ച് അവനോട് ചേർന്ന് നിന്നു,
അപ്പോഴേക്കും അടുക്കളയിൽനിന്നും വൃന്ദയും അവിടേക്ക് വന്ന് അവരെ നോക്കി പുഞ്ചിരിച്ചു
“അപ്പൊ പിണക്കം മാറിയെങ്കിൽ കണ്ണേട്ടനും കുഞ്ഞിചേച്ചിയും പോയി റെഡിയാവ്…”
സീതാലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു
“എവിടെപ്പോവാനാ അമ്മേ…”
കുഞ്ഞി ചോദിച്ചു
“കുറച്ചു ഷോപ്പിംഗ്… ഉത്സവത്തിന് പുതിയ ഡ്രെസ്സുകളെടുക്കണം… പിന്നൊരു കറക്കം, ഒരു സിനിമ…”
ഭൈരവ് കുഞ്ഞിയോട് പറഞ്ഞു
“മോളും ചെല്ല്… പോയി റെഡി ആയി വാ…”
മാധവൻ വൃന്ദയോട് പറഞ്ഞു.
വൃന്ദ ഒന്നും മനസ്സിലാകാതെ അവരെ നോക്കി
“ചെല്ല് മോളേ സമയം കളയാതെ…”
സീതാലക്ഷ്മി അവളെ തലോടിക്കൊണ്ട് പറഞ്ഞു
വൃന്ദ പിന്നൊന്നും പറയാതെ തിരിഞ്ഞു നടന്നു,
••❀••
എല്ലാവരും റെഡിയായി ഉമ്മറത്തെത്തി വൃന്ദക്കുവേണ്ടി കാത്തുനിന്നു,
ശില്പ അവരോടൊപ്പം പോകാൻ ശ്രമിച്ചെങ്കിലും നളിനി വിലക്കി
വൃന്ദ പുറത്തേക്ക് വന്നു, ഒരു കടുംനീലനിറത്തിലുള്ള ഒരു പഴയ കോട്ടൺ സാരിയാണ് അവളുടുത്തിരുന്നത്, ആ നിറത്തിൽ അവൾക്ക് വല്ലാതെ ഭംഗി തോന്നിച്ചു,
ഒരലങ്കാരവുമില്ലാതെ ചന്ദ്രനുദിച്ചപോലെ നടന്നു വരുന്ന അവളെ എല്ലാവരും നോക്കി നിന്നു, ഡ്രൈവിംഗ് സീറ്റിലിരുന്ന രുദ്ര് ഒരു നിമിഷം അവളെ നോക്കിയിരുന്നു അതുകണ്ട വൃന്ദ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പെട്ടെന്ന് അവൻ കണ്ണുകൾ മാറ്റി, അത് കണ്ട് അവളുടെ ചുണ്ടിലെ പുഞ്ചിരിക്ക് മങ്ങലേറ്റു,
“വാ മോളേ…”
സീതലക്ഷ്മി അവളെ അരികിലേക്ക് വിളിച്ചു
“മോളെന്താ സാരിയുടുത്തിട്ട്… ചുരിദാറൊന്നുമില്ലേ…?”
സീതലക്ഷ്മി ചോദിച്ചു
“അത് ശിൽപ്പേച്ചി…”
കണ്ണൻ എന്തോ പറയാൻ വന്നതും വൃന്ദ അവന്റെ വായ പൊത്തിപ്പിടിച്ചു
അതുകണ്ട് പിന്നീടാരും അവളോട് ഒന്നും ചോദിച്ചില്ല… അവളെ കാറിലേയ്ക്ക് കയറ്റി
ഇതെല്ലാം കോപംകൊണ്ട് എരിയുന്ന മിഴികളോടെ ശില്പ നോക്കി നിൽക്കുന്നുണ്ടായിരുന്നു,
••❀••
കാറിലിരിക്കുമ്പോഴും വൃന്ദയുടെ മിഴികൾ രുദ്രിനെ തേടിച്ചെന്നു, എന്നാൽ രുദ്ര് ഒരു നോട്ടംകൊണ്ട് പോലും അവളെ കാടാക്ഷിച്ചില്ല, അവൻ കോഡ്രൈവർ സീറ്റിലിരിക്കുന്ന ഭൈരവിനോട് എന്തെക്കെയോ സംസാരിച്ചു ചിരിക്കുന്നുണ്ടായിരുന്നു
സീതാലക്ഷ്മി അവളോട് പറയുന്നതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല
‘ഇയാളെന്താ… ഇങ്ങനെ മസിലുപിടിക്കുന്നെ… ഞാനെത്രപ്രാവശ്യം ചിരിച്ചു… എന്റെ മുഖത്തോട്ട് നോക്കിക്കൂടെ… മൊരടൻ…
ഇന്നലെ എന്തായിരുന്നു ഡയലോഗ്, ഉണ്ണിയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല, ഉണ്ണിയെന്റെ ജീവനാണ്, ജീവിതമാണ്… എന്നിട്ടിപ്പോ എന്നെയൊന്നു നോക്കുന്ന പോലുല്ല…
എനിക്കും അതുപോലെയാണെന്ന് ഞാൻ പറയാതെ പറയുന്നില്ലേ, എന്നെയൊന്നു മനസ്സിലാക്കിക്കൂടെ… കടുവ…’
വൃന്ദ മുഖം കൂർപ്പിച്ചു രുദ്രിനെ നോക്കി മനസ്സിൽ പറഞ്ഞു,
പോകുന്ന വഴിക്ക് കിച്ചയുടെ വീട്ടിൽ കയറി, കിച്ചയെക്കൂടി കൂടെക്കൂട്ടാൻ അവർ തീരുമാനിച്ചിരുന്നു,
അവർ ചെല്ലുമ്പോൾ കിച്ചയുടെ അച്ഛൻ ശ്രീകുമാർ അവിടുണ്ടായിരുന്നു, അയാൾ അവരെ സ്വീകരിച്ചിരുത്തി പരസ്പരം പരിചയപ്പെട്ടു,
വൃന്ദയെയും കണ്ണനെയും അയാൾ ചേർത്തു പിടിച്ചു വിശേഷങ്ങൾ ചോദിച്ചു, ചോദിച്ചതിനെല്ലാം അവർ ആവേശത്തോടെ ഉത്തരം പറയുന്നത്, മറ്റുള്ളവർ കൗതുകത്തോടെ നോക്കി നിന്നു,
സീതാലക്ഷ്മി കിച്ചയുടെ അമ്മയുടെ കൂടെ അകത്തേക്ക് പോയി, കണ്ണനും കുഞ്ഞിയും വൃന്ദയും കിച്ചയുടെ മുറിയിലേക്ക് നടന്നു,
ഉമ്മറത്ത് ബാക്കിയുള്ളവർ ഇരുന്ന് സംസാരിച്ചു
വളരെകുറച്ചു സമയം കൊണ്ടുതന്നെ ശ്രീകുമാറും വിശ്വനാഥനും മാധവനുമൊക്കെ നല്ല കമ്പനിയായി…
“നമുക്ക് പുറത്തേക്ക് ഒന്ന് നടന്നാലോ…?”
വിശ്വനാഥൻ ചോദിച്ചു
അവർ മൂന്നുപേരും കൂടി പുറത്തേക്കിറങ്ങി
മാധവനും വിശ്വനാഥനും വൃന്ദയെയും കണ്ണനെയും മീനാക്ഷിയെയുമൊക്കെപ്പറ്റി ചോദിച്ചു… ശ്രീകുമാർ എല്ലാത്തിനും കൃത്യമായി ഉത്തരം കൊടുത്തു
“ഞാനൊരു കാര്യം പറയാം… ദേവടം ഗ്രൂപ്പിൽ നടക്കുന്നത് മുഴുവൻ കള്ളക്കളിയാണ്… പതിനല് സ്ഥാപനങ്ങളുണ്ടായിരുന്നതാണ്, നിങ്ങളുടെ ഭാഗത്തിൽ ഉള്ളതുൾപ്പെടെ, ഇന്നത് നാലെണ്ണമായി… ആ രാജേന്ദ്രന്റെ കൈകടത്തൽ കാരണമാണ് ഇതെല്ലാം പൂട്ടിപ്പോയത്… ഇപ്പൊ ആകെ ലാഭത്തിലോടുന്നത് ദേവടം ഓയിൽ മില്ലും ഡയറി ഫാംമും മാത്രമാണ്… കാരണം അതിൽ തൊടാൻ അയാൾക്ക് പറ്റില്ല…”
അവർ സംശയത്തോടെ ശ്രീകുമാറിനെ നോക്കി
“രാജേന്ദ്രന്റെ സ്വഭാവം അറിയാവുന്നോണ്ടാവണം ഈ കുട്ടികളുടെ മുത്തശ്ശൻ വിശ്വട്ടന്റെ അച്ഛൻ, അത് നോക്കി നടത്താൻ ഭരതൻ വക്കീലിനെ ഏൽപ്പിച്ചത്… വക്കീലത് ഒരു ഒരു കമ്പനിയെ ഏൽപ്പിച്ചു… ഉണ്ണിയ്ക്ക് പ്രായപൂർത്തിയാകുമ്പോൾ ആ കുട്ടികൾക്കേറ്റെടുക്കാം… അതിനുവേണ്ടിയാ രാജേന്ദ്രൻ കാത്തിരിക്കുന്നത്… ഉണ്ണിയെ പറ്റിച്ചു പവർ ഓഫ് അറ്റോർണി ഉണ്ടാക്കി അത് വരുതിയിലാക്കാൻ…”
വിശ്വനാഥനും മാധവനും മുഖത്തോട് മുഖം നോക്കി
“അതിനു വേണ്ടിയാ ഉണ്ണിയുടെ പഠിത്തം വരെ നിർത്തിയത്… പ്ലസ് ടുവിന് തൊണ്ണൂറ്റിയെട്ട് ശതമാനം മാർക്ക് വാങ്ങിയ കുട്ടിയാ ഉണ്ണി…”
അതുകേട്ട് അവർ അമ്പരപ്പോടെ നിന്നു
“ഞാൻ കുറേ നോക്കിയതാ അവളെ വീണ്ടും പഠിപ്പിക്കാൻ… പക്ഷേ വീട്ടിലെ ഭീക്ഷണിയാണെന്ന് തോന്നുന്നു അവൾക്ക് താല്പര്യമില്ലായിരുന്നു…”
അവർക്ക് കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ നിന്നു
“ഇതൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു…”
അമ്പരപ്പോടെ വിശ്വനാഥൻ പറഞ്ഞു
“ഇപ്പൊ ഉണ്ണിയ്ക്ക് പ്രായപൂർത്തിയായി, കാവിലെ ഉത്സവത്തിനുശേഷം പ്രോപ്പർട്ടി അവളുടെ പേരിലേക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുകയാ…”
ശ്രീകുമാർ പറഞ്ഞു നിർത്തി
“ആ കുട്ടികളെ അയാൾ ഉപദ്രവിക്കുമെന്നറിയാമായിരുന്നു… അല്ലാതെ ഇതൊന്നും ഞങ്ങൾക്കറിയില്ല…”
മാധവൻ പറഞ്ഞു
“ഇതെല്ലാം ഒരു നിയോഗം പോലെ തോന്നുന്നു… കറക്ട് സമയത്ത് നിങ്ങളെത്തിയില്ലേ… ഉണ്ണിയ്ക്ക് പ്രായപൂർത്തിയാൽ അയാൾ അവളെ അപായപ്പെടുത്താൻ വരെ ശ്രമിക്കും… അതുകൊണ്ട് അവളുടെ മേലെ ഒരു കണ്ണ് വേണം…”
ശ്രീകുമാർ ഒരു അപേക്ഷപോലെ പറഞ്ഞു അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി ആ മുഖങ്ങളിൽ എന്തോ തീരുമാനിച്ചുറപ്പിച്ച ഭാവമുണ്ടായിരുന്നു
••❀••
വൃന്ദ കിച്ചയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ ഒളിമ്പിക്സിനു ഓടാൻ പോകുന്ന പോസിൽ കമിഴ്ന്നു കിടന്നുറങ്ങുകയായിരുന്നു അവൾ
ആ പോസ് കണ്ട് മുറിയിലേക്ക് കയറിയ കണ്ണനും കുഞ്ഞിയും ചിരിച്ചുപോയി
വൃന്ദ അവളെ കുലുക്കി വിളിച്ചു,
“ഒരു പത്തുമിനിറ്റമ്മേ…”
അവൾ ഉറക്കപ്പിച്ചിൽ ചിണുങ്ങി
“അച്ചോടാ… അമ്മേടെ കുട്ടി ചാച്ചുവാണോ…?”
വൃന്ദ കൊഞ്ചിച്ചുകൊണ്ട് അവളോട് പറഞ്ഞു
വൃന്ദയുടെ ശബ്ദം കേട്ടതും കിച്ച ചാടിയെണീറ്റു
“നീയോ…? നീയെങ്ങനെ…?”
കിച്ച അന്തംവിട്ട് അവളോട് ചോദിച്ചു
“അതൊക്കെപ്പറയാം… നീപോയി റെഡിയായി വാ…”
വൃന്ദ അവളോട് പറഞ്ഞു
“എന്തിന്…? എവിടെപ്പോവാൻ…?”
കിച്ച അമ്പരപ്പോടെ ചോദിച്ചു
“അതൊക്കെയുണ്ട്… നീപോയി പല്ലുതേച്ച് കുളിച്ച് വാ… വായ നാറീട്ട് വയ്യ…”
“കുളിക്കാനോ… എനിക്ക് വയ്യ… നാളെ കുളിക്കാം…”
കിച്ച മടിപിടിച്ചു തല മാന്തി
“ചീ… വൃത്തികെട്ട ജന്തു… പോയി കുളിച്ചിട്ടുവാടി അസത്തെ…”
വൃന്ദ അവളെ തള്ളി കുളിമുറിയിലേക്കയച്ചു,
••❀••
ഉമ്മറത്തിരിക്കുകയായിരുന്നു രുദ്രും ഭൈരവും
രുദ്ര് ഫോണിൽ തോണ്ടിയിരുന്നു,
ഭൈരവ് അവനെ സൂക്ഷിച്ചു നോക്കിയിരുന്നു, എപ്പോഴോ രുദ്ര് മുഖമുയത്തിയപ്പോൾ തന്നെത്തന്നെ നോക്കി ഗൗരവത്തിൽ നെറ്റി ചുളിച്ചിരിക്കുന്ന ഭൈരവിനെ കണ്ടു
രുദ്ര് പുരികമുയർത്തി എന്താ എന്ന് ചോദിച്ചു,
“എന്താ നിൻറുദ്ദേശം…?”
ഭൈരവ് ചോദിച്ചു
“എന്തുദ്ദേശം…?”
“അതല്ലേ ഞാനങ്ങോട്ടു ചോദിച്ചത്…? ഇന്ന് രാവിലെ മുതൽ ആ പാവം കൊച്ച് നിന്റെ മുഖത്തുനോക്കി ചിരിക്കുന്നു… എന്നിട്ടവൻ മോന്തേം കേറ്റിപിടിച്ചു നടക്കുന്നു…”
അത് കേട്ട് രുദ്ര് ഒന്ന് ചിരിച്ചു
“നീയെന്താ കിണിക്കുന്നേ…?”
“അയ്യോ… നമ്മള് പാവം… ഇനിയെങ്ങാനും ഞാൻ അവളെ നോക്കി ചിരിച്ചാൽ ദേവടത്തെ കൊച്ചുതമ്പുരാട്ടിക്ക് ഉവ്വാവ് വന്നാലോ…”
രുദ്ര് പരിഹാസത്തോടെ പറഞ്ഞു
“ഡാ… പുല്ലേ… കൂടുതൽ വെയിറ്റ് ഇടല്ലേ… ആ കൊച്ചിന്റെ കാര്യങ്ങളെല്ലാം അറിഞ്ഞോണ്ട്… നീ കളിക്കല്ലേ…”
“എന്ത് കാര്യങ്ങൾ…? അവളല്ലേ എന്നെ കളിപ്പിക്കുന്നെ… അവൾക്ക് എന്നോടുള്ള സ്നേഹം അവളോളിപ്പിച്ചു വച്ചിരിക്കുകയല്ലേ…? ഞാനവളോട് കെഞ്ചിപ്പറഞ്ഞതല്ലേ…? അവള് കേട്ടോ…? അവൾക്ക് വക്കാലത്തു പറയാൻ നീയൊണ്ട്… എനിക്കോ…?”
രുദ്ര് ചോദിച്ചു
“എടാ… പാവല്ലേടാ അവള്…?”
“എനിക്ക് പറയാനുള്ളത് ഞാനവളോട് പറഞ്ഞു, അതിനുള്ള മറുപടിയും അവള് തന്നു, ഇനിയതിനൊരു മാറ്റം വരുമ്പോ അവളെന്നോട് വന്ന് പറയട്ടെ…”
പറഞ്ഞുകൊണ്ട് മൊബൈലിലേക്ക് മുഖം പൂഴ്ത്തി,
ഭൈരവ് ഒരു ദീർഘനിശ്വാസം വിട്ട് എഴുന്നേറ്റു
കുറച്ചുകഴിഞ്ഞ് വൃന്ദയും കിച്ചയും കുഞ്ഞിയും കണ്ണനും കൂടി പുറത്തേക്ക് വന്നു,
വൃന്ദയെ നോക്കി നിൽക്കുന്ന രുദ്രിനെക്കണ്ടു വൃന്ദ ഒന്നുകൂടി അവനെനോക്കി പുഞ്ചിരിച്ചു, രുദ്ര് പെട്ടന്ന് മുഖം മാറ്റി, അത് കണ്ട വൃന്ദയുടെ മുഖം വാടി, ഭൈരവ് അവനെ കലിപ്പിച്ചു നോക്കി
“ഹലോ…”
ഭൈരവ് കിച്ചയെ നോക്കി നൂറ് വാൾട് പുഞ്ചിരിയോടെ പറഞ്ഞു, അതിനവൾ അവന് ചുണ്ട് കോട്ടി ഒരു പുഞ്ചിരി കൊടുത്തു,
“ഹലോ രുദ്രേട്ടാ… സുഖമാണോ…?”
കിച്ച രുദ്രിനോട് ചോദിച്ചു
“സുഖം…”
രുദ്ര് പുഞ്ചിരിയോടെ അവളോട് പറഞ്ഞു
‘അപ്പൊ ചിരിക്കാനൊക്കെ അറിയാം…’
വൃന്ദ ആത്മഗതിച്ചു,
പിന്നീട് കിച്ച എന്തൊക്കെയോ ചോദിച്ചതിന് രുദ്ര് പുഞ്ചിരിയോടെ മറുപടി പറഞ്ഞു
അവരെ മൈൻഡ് ചെയ്യാതെ ചിരിച്ചുകളിച്ചു സംസാരിക്കുന്ന രുദ്രിനെയും കിച്ചയെയും കണ്ട ഭൈരവിനും വൃന്ദക്കും കുശുമ്പ് കുത്തി, അവരുടെ മുഖഭാവം കണ്ടിട്ട് രുദ്രും കിച്ചയും പൊട്ടിവന്ന ചിരി കടിച്ചമർത്തി…
അവിടെനിന്ന് അവർ പോയത് മാളിലേക്കായിരുന്നു, കണ്ണനും കുഞ്ഞിയും കൈ കോർത്തുപിടിച്ചു മുന്നിൽ നടന്നു, കണ്ണനും വൃന്ദയും അവിടെയെല്ലാം കൗതുകത്തോടെ നോക്കി നടന്നു,
കിച്ചയ്ക്കൊപ്പം നടക്കുന്ന വൃന്ദ കൗതുകത്തോടും അത്ഭുതത്തോടും ഓരോന്ന് നോക്കി നടക്കുന്നത് ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ രുദ്ര് നോക്കികൊണ്ട് അവരുടെ പിന്നാലെ നടന്നു,
ഭൈരവ് കിട്ടുന്ന ചാൻസിലെല്ലാം കിച്ചയോടൊട്ടാൻ നോക്കി അവരോടൊപ്പം നടന്നു, കിച്ചയാണെങ്കിൽ അവനെ മൈൻഡ് ചെയ്യാത്തപോലെ നടക്കുന്നു, അതുകണ്ട് രുദ്ര് അവനെ കളിയാക്കി ചിരിക്കുന്നുമുണ്ട്,ഇടയ്ക്ക് വൃന്ദ രുദ്രിനെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നോക്കുന്നുണ്ട്, പക്ഷേ അവളുടെ നോട്ടമെത്തിയാൽ രുദ്ര് നോട്ടം മാറ്റും, അതുകണ്ടിട്ട് വൃന്ദയ്ക്ക് ചെറുതായി സങ്കടം വരുന്നുണ്ടായിരുന്നു,
അവർ വസ്ത്രങ്ങളെടുക്കാനായി മാളിലെത്തന്നെ വലിയ ബ്രാൻഡഡ് ആയിട്ടുള്ള ഒരു ടെസ്റ്റൈൽസിലാണ് കയറിയത്,
സീത എല്ലാവരെയും കൂട്ടി ലേഡീസ് സെക്ഷനിലേക്കാണ് ആദ്യം പോയത്, വൃന്ദയ്ക്ക് ചേരുന്ന ഡ്രെസ്സുകൾ തിരഞ്ഞെടുക്കാനായി കിച്ചയും സീതയും അവിടുണ്ടായിരുന്ന തുണികളെല്ലാം വാരി വലിച്ചിട്ടിട്ടും അവർക്കൊരു തൃപ്തി വരാതെ നിന്നു, അപ്പോഴേക്കും വിശ്വനാഥനും മാധവനും പുറത്തേക്ക് പോയി,
കുറെ നേരം അവിടെ നിന്ന് പോസ്റ്റ് ആയപ്പോ രുദ്ര് പതിയെ അവിടുണ്ടായിരുന്ന ഒരു സോഫയിൽ ഇരുന്നു, ഭൈരവ് കണ്ണനോടും കുഞ്ഞിയോടും എന്തെക്കെയോ പറഞ്ഞുകൊണ്ട് മാറി നിൽക്കുന്നുണ്ട്,
കുറച്ചു കഴിഞ്ഞ് ഡ്രെസ്സൊക്കെ എടുത്തതിനു ശേഷം സീത വേറെന്തോ വാങ്ങാൻ പോയപ്പോ കിച്ച രുദ്രിനടുത്തായി സോഫയിൽ വന്നിരുന്നു, അവനെനോക്കി ചിരിച്ചു, തൊട്ടുപിന്നാലെ വൃന്ദയും അവളുടെ അടുത്തായി വന്നിരിന്നു,
“എന്താ… ക്ഷീണിച്ചോ…?”
അവരുടെ ഇരുപ്പും ഭാവവും കണ്ടിട്ട് രുദ്ര് ചിരിയോടെ ചോദിച്ചു
അതിന് അവർ ഒന്ന് പുഞ്ചിരിച്ചു
കിച്ച ഇടക്കിടക്ക് ഭൈരവിനെ നോക്കുന്നത് രുദ്ര് ശ്രദ്ധിച്ചു
“ഞാൻ തന്നോടൊരു കാര്യം ചോദിക്കട്ടെ…?”
രുദ്ര് കിച്ചയോട് ചോദിച്ചു,
എന്താണെന്ന ഭാവത്തിൽ കിച്ച അവന്റെ മുഖത്തേക്ക് നോക്കി
“ഭൈരവിനെക്കുറിച്ച് എന്താ തന്റെ അഭിപ്രായം…?”
അവൻ ചോദിച്ചു
“അതെന്താ രുദ്രേട്ടാ അങ്ങനെ ചോദിച്ചത്…? എനിക്ക് പുള്ളിയെപ്പറ്റി നല്ല അഭിപ്രായമാ…”
കിച്ച പറഞ്ഞു, വൃന്ദയും അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു
“അല്ല,,, അവന് തന്നോട് ഒരു താല്പര്യമുണ്ട്, അത് തനിക്കറിയാം എന്നാണ് എന്റെ വിശ്വാസം… പിന്നെ അവനോട് തനിക്കുമൊരു സ്പാർക്കുണ്ടെന്ന് എനിക്ക് തോന്നി…”
അതിന് അവളൊന്നും മിണ്ടാതെ പുഞ്ചിരിച്ചു
“അവനൊരു പാവമാണ്, സ്വന്തക്കാരെന്ന് പറയാൻ ആരുമില്ലാത്ത ഒരുത്തൻ… പക്ഷേ ഞങ്ങളുടെയെല്ലാം ഏറ്റവും പ്രീയപ്പെട്ടവൻ…”
“ആരുമില്ലാവനോ… അപ്പൊ മാധവനങ്കിൾ…?”
കിച്ച അമ്പരപ്പോടെ ചോദിച്ചു, അതേ അമ്പരപ്പ് വൃന്ദയുടെ മുഖത്തുമുണ്ടായിരുന്നു
“മ്… പറയാം… ഞാനെന്റെ ഏട്ടാമത്തെ വയസ്സിലാണ് അവനെ ആദ്യം കാണുന്നത്… സ്കൂളിലേക്ക് പോകുമ്പോൾ ടൗണിൽ സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കരികിലേക്ക് ഒരു മുഷിഞ്ഞ കാവിമുണ്ടിൽ പൊതിഞ്ഞ് തോളിലൂടെ തൂക്കിയിട്ടിരിക്കുന്ന അവന്റെ രണ്ടുവയസ്സുകാരി കുഞ്ഞനുജത്തിയുമായി പോസ്റ്ററുകളും പാട്ട് പുസ്തകങ്ങളും മറ്റും വിൽക്കാൻ ഓടി നടക്കുന്ന എന്റെ ഭൈരവിനെ… ആകെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളുമണിഞ്ഞു വെട്ടാതെ ചെമ്പിച്ച മുടിയുമായി ദയനീയമായ നോട്ടത്തോടെ ഓരോ വാഹനങ്ങൾക്ക് നേരെയും പ്രതീക്ഷയോടെ ഓരോന്നും വിൽക്കാൻ നിൽക്കുന്ന അവനെ…
പിന്നീടും അവനെക്കണ്ടു, പറ്റുന്ന ജോലികളെല്ലാം ചെയ്യുന്ന അവനെ… അപ്പോഴേ എനിക്ക് അവന്റെ മുഖം മനസ്സിൽ മായാതെ കിടന്നു… ഓരോ ദിവസവും ടൗണിലെത്തുമ്പോ ഞാനവനെ തിരയും,
പിന്നെയും കണ്ടു… വിശന്ന് അലറിക്കരയുന്ന കുഞ്ഞുപെങ്ങളുടെ മുഖം കണ്ട് കയ്യിലുള്ള ഓരോ സാധനങ്ങളും വിൽക്കാൻ വിശപ്പും ക്ഷീണവും വകവെയ്ക്കാതെ ഓടി നടക്കുന്ന അവനെ,
ഒരിക്കൽ കണ്ടു ഏതോ വണ്ടിയിടിച്ചിട്ട് കാലുമുഴുവൻ ചോരയും മുറിവുമായി പേടിച്ചു വിരണ്ടിരിക്കുന്ന കുഞ്ഞുപെങ്ങളെ മാറോട് ചേർത്തുപിടിച്ചു വേദനകൊണ്ട് അലറിക്കരയുന്ന എന്റെ ഭൈരവിനെ…”
രുദ്ര് നിറഞ്ഞു വന്ന കണ്ണുനീർ കൈകൊണ്ട് തുടച്ചു, കിച്ചയുടേയും വൃന്ദയുടെയും കണ്ണുകളും നിറഞ്ഞൊഴുകി,
“ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന അവനെ, അന്ന് ആ കാറിലുണ്ടായിരുന്ന അപ്പയും മാധവനങ്കിളും ചേർന്ന് ഞങ്ങളുടെ കാറിലേക്ക് കയറ്റി ആശുപത്രിയിലെത്തിച്ചു, അന്നാ കാറിൽ വച്ച് വേദനകാരണം എന്നെ ചുറ്റിപ്പിടിച്ചു കരഞ്ഞ അവനെ ഇപ്പോഴും എനിക്കോർമ്മയുണ്ട്, അവന്റെ കരച്ചിൽ കേട്ട് പേടിച്ച് വിരണ്ടിരിക്കുന്ന അവന്റെ അനുജത്തിയെ… അല്ല ഞങ്ങളുടെ കുഞ്ഞിയെ… അവളുടെ പേടിച്ചരണ്ട മുഖവും എനിക്കോർമ്മയുണ്ട്…”
“കുഞ്ഞി…??”
കിച്ച ചോദിച്ചു
“മ്… കുഞ്ഞി, ഞങ്ങളുടെ കുഞ്ഞി, ഞങ്ങളുടെയെല്ലാമായിരുന്ന കുഞ്ഞി, ഇന്നും വേദനിപ്പിക്കുന്ന ഓർമകളോടെ ഞങ്ങളെയെല്ലാം വിട്ടുപോയ ഞങ്ങളുടെ കുഞ്ഞി…”
രുദ്ര് വിതുമ്പി
കിച്ചയ്ക്കും വൃന്ദയ്ക്കും ഒന്നും മനസ്സിലായില്ല
“അന്ന് ആ ഹോസ്പിറ്റലിൽ വച്ച് അവൻ അവന്റെ കഥ ഞങ്ങളോട് പറഞ്ഞു,
ഉണ്ടായിരുന്ന ഒരു ബിസിനസ് സ്വന്തം ബന്ധുക്കളുടെ ചതിയിൽ പെട്ട് ഭീമമായ കട ബാധ്യത വരുത്തി വച്ച് ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിച്ചവരാണ് അവന്റെ അച്ഛനും അമ്മയും, മക്കളെക്കൂടി കൂടെക്കൂട്ടനായിരുന്നു തീരുമാനം, അവന്റെ കുഞ്ഞനുജത്തിയുടെ കുഞ്ഞരിപ്പല്ലുകൾ കാട്ടിയുള്ള ചിരി അവരെ അതിൽ നിന്നും പുറകോട്ട് വലിച്ചു, അന്ന് അച്ഛന്റെയും അമ്മയുടെയും ജഡത്തിന് മുന്നിൽ പെങ്ങളെയും കെട്ടിപ്പിടിച്ചു നിന്ന അവനെ നാട്ടുകാരുടെ കുറ്റപ്പെടുത്തൽ കേൾക്കാൻ വയ്യാതെ അമ്മാവനും കുഞ്ഞിയെ അവന്റെ മറ്റൊരു ബന്ധുവും കൂടെ കൂട്ടി,
നരകത്തുല്യമായിരുന്നു അവനെവിടെ, അവനെക്കൊണ്ട് ചെയ്യിക്കാൻ പറ്റുന്നജോലിയെല്ലാം അവർ ചെയ്യിച്ചു ആഹാരം പോലും നന്നായി കിട്ടിയിരുന്നില്ല,
ഒരിക്കൽ തന്റെ കുഞ്ഞനുജത്തിയെ കാണാൻ ചെന്ന അവൻ കാണുന്നത് മേലുഞുണങ്ങി വൃത്തിയില്ലാതെ വീട്ടുമുറ്റത്തിരിക്കുന്നവളെയായിരുന്നു, അവന്റെ നെഞ്ച് പിടഞ്ഞു,
ആരോടും പറയാതെ എട്ടും പൊട്ടും തിരിയാത്ത ആ എട്ടുവയസുകാരൻ അവന്റെ കുഞ്ഞനുജത്തിയുമായി അന്ന് തെരുവിലേക്കിറങ്ങി, അനുജത്തിക്ക് ഒരു നേരത്തെ പാലിന് വേണ്ടി അവൻ അവനെക്കൊണ്ട് പറ്റുന്ന ജോലിയെല്ലാം ചെയ്തു, ആരുടെ മുന്നിലും ഭിക്ഷക്കായി കൈ നീട്ടിയില്ല…
പിന്നീട് അവർ ഞങ്ങൾക്കെല്ലാം പ്രീയപ്പെട്ടവരായി, അന്നാ ഹോസ്പിറ്റലിൽ നിന്നും അവർ വന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്, അന്ന് മാധവനങ്കിൽ പറഞ്ഞതാണ് ഈ വീട്ടിലുള്ള അവരുടെ അവകാശം എന്തെന്നാൽ മാധവനങ്കിളിന്റെ മക്കൾ…
ഞങ്ങൾ വളർന്നു, ഭൈരവും കുഞ്ഞിയും എന്റെ സഹോദരങ്ങളായിട്ട്… അവരില്ലാതെ ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു…
അന്ന് കുഞ്ഞിക്ക് ക്ലാസ്സിൽ അവസാന പരീക്ഷ ആയിരുന്നു, എന്നാൽ പരീക്ഷ കഴിഞ്ഞ് അന്ന് തിരികെ വന്നില്ല, പിറ്റേന്നു വന്നു… ഒരു വെള്ളത്തുണിയിൽ മൂടിപ്പുതച്ച് ജീവനറ്റ ശരീരമായി, പന്ത്രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളു അവൾക്ക്, ഏതോ തന്തയില്ലാത്തവന്മാരുടെ കയ്യിൽ കിടന്നു പിടഞ്ഞു മരിച്ച ഞങ്ങളുടെ കുഞ്ഞി,”രുദ്ര് വിതുമ്പി
“അന്ന് ഒന്ന് കരയുകപോലും ചെയ്യാതെ തലയിൽ കയ്യും കൊടുത്ത് നിലത്ത് കുഞ്ഞിയുടെ മുഖത്തേക്ക് നോക്കിയിരുന്ന ഭൈരവ്, അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ഒരുപാട് കഷ്ടപ്പെട്ടു…
പിന്നീട് ഇവൾ ജനിച്ചപ്പോൾ ആദ്യം കയ്യിൽ വാങ്ങിയത് അവനായിരുന്നു,
‘എന്റെ കുഞ്ഞി…’
എന്ന് പറഞ്ഞ് അവൻ കരഞ്ഞു… ഞങ്ങളും അങ്ങനാ വിശ്വസിക്കുന്നേ, ഞങ്ങളുടെ കുഞ്ഞി വീണ്ടും ജനിച്ചതാ… അതുകൊണ്ടാ ഇവൾക്ക് കുഞ്ഞിയെന്ന് പേരിട്ടതും…”
രുദ്ര് മുഖം അമർത്തി തുടച്ചിട്ട് സൺഗ്ലാസ് എടുത്തു വച്ചു…
കിച്ചയും വൃന്ദയും കേട്ടതൊന്നും വിശ്വസിക്കാനാവാതെ കണ്ണീരോടെ ഭൈരവിനെ നോക്കി
“ഇതൊന്നും നിങ്ങളറിഞ്ഞതായി ഭാവിക്കണ്ട… അവനെയാരും സഹതാപത്തോടെ നോക്കുന്നത് ഞങ്ങൾക്കാർക്കും ഇഷ്ടമല്ല അവൻ ഞങ്ങളുടെയെല്ലാം പ്രീയപ്പെട്ടവനാ…”
ഒരു പുഞ്ചിരിയോടെ രുദ്ര് പറഞ്ഞു,
തന്നെ നോക്കിയിരിക്കുന്ന വൃന്ദയെയും കിച്ചയെയും കണ്ട് ഭൈരവ് കുഞ്ഞിയെയും കണ്ണനെയും കൊണ്ട് അവരുടെ അടുത്തേക്ക് വന്നു, ആ സോഫയിൽ കിച്ചയ്ക്കടുത്തായി വന്നിരുന്നു, അവൻ കിച്ചയെ നോക്കി ചിരിച്ചു
“ദേ… ഒട്ടിയിരിക്കാതെ കൊറച്ചെങ്ങോട്ട് മാറിയിരുന്നേ…”
കിച്ച മുഖത്ത് കലിപ്പ് ഭാവം വരുത്തിക്കൊണ്ട് പറഞ്ഞു
“ഇത് നിന്റെ തറവാട്ടു സ്വത്തൊന്നുമല്ലല്ലോ, ഇതിൽ ആർക്ക് വേണെലുമിരിക്കാം…”
അവനും കലിപ്പിൽ തന്നെ പറഞ്ഞു
“ദേ… പറഞ്ഞിട്ടുണ്ട്… എന്നെ എടീന്നും നീയെന്നും വിളിക്കരുതെന്ന്…”
അവൾ അവന് നേരെ കൈചൂണ്ടി
“ഓ… മ്പ്രാ….”
കൈ കെട്ടിക്കൊണ്ട് ഭൈരവ് പറഞ്ഞു
“any problem…?”
അവരുടെ ഭാവം കണ്ട് അവിടുണ്ടായിരുന്ന രണ്ട് ഫ്രീക്കൻ കോഴികൾ കിച്ചയോട് ചോദിച്ചു
“ഏയ്.. ഒന്നൂല്ല ചേട്ടാ…”
അവൾ അവരോട് പറഞ്ഞു, എന്നിട്ടും അവിടെനിന്നും പോകാതെ ചിക്കി ചികയുന്ന കോഴികളെ എങ്ങനെ ഓടിക്കും എന്ന് കിച്ച ആലോചിച്ചു
“അത് ചേട്ടാ… ഇയാളെന്റെ പിറകെ നടന്ന് ശല്യം ചെയ്യാൻ തുടങ്ങിയിട്ട് കുറെ നാളായി… അത് ചോദിക്കാനായി ചെന്ന എന്റെ നാല് കരാട്ടെ ആങ്ങളമാരെ ഇയാൾ ഒറ്റക്ക് തല്ലി പരുവമാക്കി ഹോസ്പിറ്റലിൽ icu ൽ ആക്കി… ഇന്നോ നാളെയോ എന്ന് പറഞ്ഞ് കിടക്കുകയാ അവർ… അത് ചോദിക്കാൻ വന്നപ്പോ ഇയാൾ എന്നെ വഴക്ക് പറയുന്നു… നിങ്ങളൊന്ന് ചോദിക്ക് ചേട്ടാ ഇയാളോട്…”
കിച്ച വിഷമത്തോടെ അവരോട് പറഞ്ഞു
അത് കേട്ട് ഫ്രീക്കന്മാർ ഒന്ന് ഞെട്ടി, അവർ ഭൈരവിനെ ആകമാനം നോക്കി ഉമിനീരിറക്കി, അതെല്ലാം കണ്ട് രുദ്രും വൃന്ദയും കണ്ണനും കുഞ്ഞിയുമെല്ലാം ചിരി കടിച്ചു പിടിച്ചു, ഭൈരവ് വലത് കൈ ഒന്ന് ചുരുട്ടിപ്പിടിച്ച് ഇടത് കൈപത്തിയിൽ ഇടിച്ചു, അവന്റെ മസിലുകൾ ഒന്നുകൂടി ഉരുണ്ടു, ഫ്രീക്കന്മാർ പരസ്പരം നോക്കി,
“സാധാരണ ഞാൻ അഞ്ചു പേരെയാണ് തല്ലാറുള്ളത്, ഇതിപ്പോ നാലുപേരെ കിട്ടിയുള്ളൂ, ആ വെഷമം ഇപ്പൊ മാറി… വാ.. ആരാ ആ ഭാഗ്യവാൻ…”
ഭൈരവ് വലതുകൈ ചുരുട്ടി ഇടതു കൈപ്പത്തിയിൽ ഇടിച്ചുകൊണ്ട് എഴുന്നേറ്റു,
“ചെല്ല് ചേട്ടാ… ഇടിച്ചവനെ icu ൽ ആക്ക്…”
കിച്ച പ്രോത്സാഹിപ്പിച്ചു
ഫ്രീക്കൻമാർ മുഖത്തോട് മുഖം നോക്കി
“അത് പെങ്ങളെ… ഞങ്ങൾ ശബരിമലയ്ക്ക് പോകാൻ മലയിട്ടുപോയി ഇല്ലേൽ കാണാർന്ന്… മാത്രോല്ല ഞങ്ങക്ക് അത്യാവശ്യമായിട്ട് എവിടേക്കോ പോകാനുണ്ട്… അപ്പൊ കാണാം പെങ്ങളെ…”
അവർ പതിയെ വലിഞ്ഞു.
അതുകണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു, വൃന്ദ ചിരിക്കുമ്പോഴും രുദ്രിനെ നോക്കി, അതുകണ്ട് അവൻ ചിരി നിർത്തി മുഖത്ത് ഗൗരവം വരുത്തി…
“മൊരടൻ…”
അവൾ ആത്മഗതം പറഞ്ഞു.
“നല്ല കിടിലൻ ചേട്ടൻ അല്ലേ…? സിനിമ നടനെ പോലുണ്ട്…”
രണ്ട് സെയിൽസ് ഗേൾ പരസ്പരം രുദ്രിനെപ്പറ്റി സംസാരിക്കുന്നത് കേട്ട വൃന്ദയിൽ കുശുമ്പ് നിറഞ്ഞു, അതുകണ്ട് ഭൈരവ് വൃന്ദയുടെ അടുത്തെത്തി,
“എന്താണ് ഒളിച്ചുനിന്ന് രക്തം ഊറ്റിക്കുടിക്കുന്നത്…? ഇതിന്റെ വല്ല കാര്യോം ണ്ടോ…? ഒരൊറ്റ വാചകം അവന്റെ മുഖത്ത് നോക്കി പറഞ്ഞാമതി, രുദ്രേട്ടാ ഐ ലവ് യു… കാര്യം കഴിഞ്ഞു…”
വൃന്ദ അവനെ നോക്കി
“ഇല്ലേ… ദേ നോക്ക്, ഇവിടുള്ള സകല പിടക്കോഴികളുടെയും നോട്ടം അവന്റെ മേലാണ്… മനുഷ്യന്റെ കാര്യമാണ് ചിലപ്പോ അവൻ നിങ്ങളുടെ സ്വപ്നവും തന്നെയുമൊക്കെ മറന്നെന്നു വരും…”
വൃന്ദ ചുറ്റും നോക്കി,
‘ഭൈരവേട്ടൻ പറഞ്ഞപോലെ ഒട്ടുമിക്ക പെൺപിള്ളേരുടെയും നോട്ടം കുഞ്ഞിടേട്ടന്റെ മേലാണ്, ഇവറ്റകൾക്ക് വീട്ടിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ, അല്ലങ്കിൽ തന്നെ അവരെ പറയുന്നതെന്തിനാ, ഇങ്ങേർക്ക് ആ ഷർട്ടിന്റെ മുകളിലത്തെ ബട്ടണെങ്കിലും ഇട്ടൂടെ, വെറുതെ മസിലെല്ലാം നാട്ടുകാരെ കാണിക്കാതെ…’
അവൾ കുശുമ്പോടെ നെറ്റി ചുളിച്ച് ചുണ്ട് കൂർപ്പിച്ചു മനസ്സിൽ പറഞ്ഞു,
“ആഹ്…”
ഭൈരവിന്റെ നിലവിളി കേട്ടാണ് അവൾ അവനെ നോക്കിയത്, അപ്പോഴാണ് അവളിത്രനേരവും കുറുമ്പോടെ രുദ്രിനെ നോക്കികൊണ്ട് ഭൈരവിന്റെ കയ്യിൽ നുള്ളിപ്പിടിച്ചിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞത്, അവൾ കൈ പിൻവലിച്ചു,
“അയ്യോ… സോറി ഏട്ടാ… ഞാനറിഞ്ഞില്ല… സോറി… നോക്കട്ടെ കൈ…”
അവൾ അവന്റെ കൈ പിടിച്ചു നോക്കികൊണ്ട് പറഞ്ഞു
“കൊള്ളാം… ഇങ്ങനെ സ്വപ്നം കണ്ടാൽ…”
അവൻ ഒരു ചിരിയോടെ പറഞ്ഞു
വൃന്ദ ചമ്മിയ ചിരി ചിരിച്ചുകൊണ്ട് അവിടുന്ന് പോയി,
മൊബൈലും നോക്കിയിരിക്കുന്ന രുദ്രിനടുത്തേക്ക് ഭൈരവ് വന്നു
“നമ്മട ഉണ്ണിമോളേ കാണാൻ നല്ല ഭംഗിയുണ്ടല്ലേ…?”
ഭൈരവ് പറഞ്ഞു
അതുകേട്ട് രുദ്ര് തലയുയർത്തി ഭൈരവിനെ നോക്കി,
“അല്ല… ഇവിടുള്ള സകലയെണ്ണവും അവളെ വായിനോക്കി നടക്കുന്നു അതുകൊണ്ട് പറഞ്ഞതാ…”
അവൻ പറയുന്ന കേട്ട് രുദ്ര് ചുറ്റും നോക്കി, കുറച്ചു മാറി വൃന്ദയും കിച്ചയും സീതലക്ഷ്മിയുമെല്ലാം കണ്ണനോടും കുഞ്ഞിയോടും കൂടി ഇരിക്കുന്നു, കുഞ്ഞി വൃന്ദയുടെ കൈകളിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്നുണ്ട്, കൂടെ എന്തെക്കെയോ പറയുന്നത് കൗതുകത്തോടെ വൃന്ദ കേട്ടിരിക്കുന്നു,
‘ശരിയാ നല്ല ഭംഗിയാ പെണ്ണിന്… ഇന്ന് തന്നെ താൻ അവളെ നോക്കാതിരിക്കാൻ പെടുന്ന പാട് എനിക്കല്ലേ അറിയൂ… കടുംനീല സാരികൂടെയായപ്പോ ഒന്നൂടെ ഭംഗി തോന്നിച്ചു… എന്റെ ഭൈരവ സാമി ഇതിനെ എനിക്കുതന്നെ തന്നേക്കണേ…’
പുഞ്ചിരിയോടെ അവളെ നോക്കി മനസ്സിൽ പറഞ്ഞു.
അവൻ പതിയെ മുന്നോട്ട് നടന്നു, വൃന്ദയ്ക്ക് അടുത്തായി അവളറിയാതെ അവളുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന ഒരുത്തനെ രുദ്ര് പതിയെ പിന്നിലേക്ക് വലിച്ചു മാറ്റി ചുവരിൽ ചേർത്ത് നിർത്തി, കയ്യിൽനിന്നും ഫോൺ പിടിച്ച് വാങ്ങി ഫോട്ടോസ് ഡിലീറ്റ് ചെയ്തു
“നീ ഇവിടുള്ള ഏത് പെണ്ണിനേ വേണമെങ്കിലും നോക്കുകയോ ഫോട്ടോ എടുക്കുകയോ എന്ത് വേണേലും ചെയ്തോ പക്ഷേ അവളുടെ മേലെ ശരിയല്ലാത്ത ഒരു നോട്ടം വീണാൽ ആ കണ്ണുകൾ ഞാൻ ചൂഴ്ന്നെടുക്കും… മനസ്സിലായോടാ…”
രുദ്ര് അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു ആട്ടിക്കൊണ്ട് പറഞ്ഞു, അവന്റെ കണ്ണിലെ ദേഷ്യം കണ്ട അയാൾ ആലില പോലെ വിറച്ചു, കയ്യിലിരുന്ന ഫോൺ രുദ്ര് തറയിലെക്കെറിഞ്ഞു പൊട്ടിച്ചു, പിറകെ വന്ന ഭൈരവ് അവന്റെ ഭാവം കണ്ട് അവനെ പിടിച്ച് മാറ്റി കൊണ്ട് പോയി, ഒരു ചുവരിനപ്പുറം അതെല്ലാം കേട്ടുനിന്ന വൃന്ദ സന്തോഷം കൊണ്ട് കണ്ണുനീർ വാർത്തു,
കിച്ച നോക്കുമ്പോൾ ഭൈരവ് ഒരു മൂലയിൽ രണ്ട് പെൺകുട്ടികളുമായി നിന്ന് കുറുകുന്നു, ഒരുത്തി അവന്റെ തോളിൽ അടിച്ചുകൊണ്ട് അവന്റെ തമാശക്ക് ചിരിക്കുന്നു, കിച്ചയ്ക്ക് കുശുമ്പ് കുത്തി, അവൾ കത്തുന്ന കണ്ണുകളോടെ അവർക്കരികിലേക്ക് ചവിട്ടിതുള്ളി ചെന്നു, അവരുടെ അടുത്തെത്തിയതും ശൃംഗാരഭാവത്തോടെ ഭൈരവിന്റെ അടുത്തേക്ക് ചെന്നു
“ചേട്ടനെ എവിടെയെല്ലാം അന്വേഷിച്ചു, ഇവിടെ വന്ന് നിക്കുകയായിരുന്നോ… ചേട്ടന്റെ വയറിന് സുഖമില്ലായിരുന്നല്ലോ… ഇപ്പൊ എങ്ങനൊണ്ട്…?”
അവൾ അവന്റെ കയ്യുടെ ഇടയിലൂടെ കൈ കടത്തി ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു, ഭൈരവ് അന്തംവിട്ട് നില്കുകയായിരുന്നു
“ചേട്ടന് രാവിലെ മുതൽ വയറിന് സുഖമില്ല, ലൂസ് മോഷൻ… ഇപ്പൊത്തന്നെ അഞ്ചാറു പ്രാവശ്യമായി… അയ്യേ… ബ്വാ…”
കിച്ച മുഖം ചുളിച്ച്, മൂക്ക് പൊത്തി അവിടുണ്ടായിരുന്ന പെൺകുട്ടികളെ നോക്കി പറഞ്ഞു, അതുകേട്ട പെൺകുട്ടികളുടെ മുഖം ചുളിഞ്ഞു,
“അപ്പൊ ശരി ചേട്ടാ, ഞങ്ങൾ പൊയ്ക്കോട്ടേ…??”
അവർ സ്കൂട്ടാവാൻ നോക്കി,
“അയ്യേ… എനിക്കൊരു കൊഴപ്പമില്ല… ഇവൾ ചുമ്മാ പറയുന്നതാ…”
ഭൈരവ് അവരോട് പറഞ്ഞിട്ട് കലിപ്പിച്ചു കിച്ചയെ നോക്കി
“ചുമ്മാതൊന്നുമല്ല… ലൂസ്മോഷൻ കാരണം നേരത്തെ വയറും പൊത്തി നടന്നതാരാ…?”
കിച്ച വീണ്ടും പറഞ്ഞു
“നിന്റച്ഛനാടി ലൂസ്മോഷൻ…”
ഭൈരവ് കിച്ചയെ കലിപ്പോടെ പറഞ്ഞു
“ഓഹോ… എന്റച്ഛനെവിളിച്ചല്ലേ… ഇനി ഒരു നിമിഷം ഞാൻ നിങ്ങളോടൊപ്പം ജീവിക്കില്ല… നമ്മുടെ അഞ്ചു മക്കളെയും കൊണ്ട് ഞാനിന്ന് എന്റെ വീട്ടിപോകും… നിങ്ങൾ ബാത്‌റൂമിൽ പോയി പോയി അവിടിരുന്ന് ചാവും നോക്കിക്കോ…”
അതും പറഞ്ഞ് ചാടിത്തുള്ളി പോയി,
‘ഇത്രക്ക് ചീപ്പാണോ ആര്ടിസ്റ് ബേബി…’ എന്ന ഭാവത്തിൽ അവൾ പോയ വഴിയേ നോക്കി നിന്നു
‘ഹോ… എന്തൊരാശ്വാസം…’
കിച്ച ആത്മഗതിച്ചുകൊണ്ട് പതിയെ നടന്നു, പെട്ടെന്ന് ആരോ അവളുടെ കയ്യിൽ പിടിച്ച് അടുത്തുള്ള ട്രയൽ റൂമിൽ കയറ്റിയിരുന്നു, അവൾ ഞെട്ടി നോക്കി, ഭൈരവ് അവളെ നോക്കി കലിപ്പിൽ മീശ ചുരുട്ടുന്നുണ്ടായിരുന്നു,
അവൻ പതിയെ അവളോടടുത്തു,
“നിന്നെ നോക്കി നടക്കുകയായിരുന്നു, നീയെന്താ പറഞ്ഞേ… നീയെന്റെ ഭാര്യയാണെന്നോ…? ശരി… അപ്പൊ ഭർത്താവിന് ഭാര്യയെ ഒന്ന് സ്നേഹിക്കലോ…?”
അവൾക്ക് ഇരു വശത്തും കൈകൾ ഊന്നിക്കൊണ്ട് ഒരു വഷളൻ ചിരി മുഖത്ത് വരുത്തി പറഞ്ഞു, കിച്ച അവനെത്തന്നെ കൂസലില്ലാതെ നോക്കി കൈ കെട്ടി നിന്നു, അത് കണ്ട് അവൻ ഒന്ന് പതറി,
“എന്താ ഏട്ടാ… സ്നേഹിക്കുന്നില്ലേ…? പ്ലീസ് ഏട്ടാ… എന്നെ സ്നേഹിക്കേട്ടാ…”
അവൾ അവന്റെ ഷർട്ടിൽ പിടിച്ചുകൊണ്ടു ചിണുങ്ങി
അത്രേം നേരം ഉണ്ടാക്കിക്കൊണ്ടുവന്ന ബിൽഡ്അപ്പ് ഒരു നിമിഷം കൊണ്ട് കാറ്റുപോയ ബലൂൺ പോലായി
“അയ്യേ… ഇതെന്താ ഇങ്ങനെ…??”
എന്ന് മനസ്സിൽ പറഞ്ഞ് ഭൈരവ് പിന്നിലേക്ക് മാറി,
“എന്നാപ്പിന്നെ ഞാൻ സ്നേഹിക്കട്ടെ…?”
ഒരു വല്ലാത്ത ഭാവത്തോടെ അവനോട് ചോദിച്ചു,
അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു,
അവൾ മുഖത്ത് അവനോടുള്ള പ്രണയം നിറഞ്ഞു… അവൾ അവന് നേർക്ക് നടന്നു… പിറകിലേക്ക് പോയി ചുമരിൽ ഇടിച്ചു നിന്ന ഭൈരവിന്റെ ദേഹത്തേക്ക് അവൾ പതിയെ ചാരി, ഭൈരവ് വല്ലാത്ത ഭാവത്തോടെ അവളുടെ കണ്ണുകളിൽ നോക്കി ഉമിനീരിറക്കി, അവളുടെ മാറിടം അവന്റെ നെഞ്ചിന് തൊട്ടു താഴയായി അമർന്നു, അവൻ ആ ഒരു സുഖത്തിൽ പതിയെ കണ്ണുകളടച്ചു, കിച്ച വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ഇടത് കൈ കൊണ്ട് അവന്റെ നെഞ്ചിലുഴിഞ്ഞു മുകളിലത്തെ രണ്ട് ബട്ടനുകൾ വേർപെടുത്തി, അവൾ തന്റെ ചുണ്ടുകൾ ആ നെഞ്ചിലേക്ക് ചേർക്കാനൊരുങ്ങി, അവളുടെ ചുടുനിശ്വാസം അവന്റെ ദേഹത്ത് തട്ടി, അവൻ കണ്ണടച്ചുകൊണ്ട് ഉമിനീരിറക്കി, കിച്ച തന്റെ വലതുകൈകൊണ്ട് കൊണ്ട് അവന്റെ മുഖമൊന്നുഴിഞ്ഞു, ആ കൈകൾ അവന്റെ മീശയിൽ തഴുകി അവന്റെ ചുണ്ടുകളിൽ എത്തി നിന്നു, പെട്ടെന്ന് അവൾ അവന്റെ വായ ഇറുകെ പൊത്തിപ്പിടിച്ചതും അവന്റെ നെഞ്ചിലേക്ക് ആഞ്ഞു കടിച്ചതും നിമിഷ നേരം കൊണ്ടായിരുന്നു, അതിന്റെ വേദനയിൽ അവൻ തുള്ളിപ്പോയി, വായ പൊത്തിപ്പിടിച്ചിരിക്കുന്നതിനാൽ ഒരു അമറൽ മാത്രമേ പുറത്തു വന്നുള്ളൂ, അവൻ അവളെ തള്ളി മാറ്റാൻ ശ്രമിച്ചപ്പോൾ അവൾ കൂടുതൽ അവനിൽ ചേർന്ന് കടിച്ചു, എങ്ങനെയോ അവൻ അവളെ തള്ളിമാറ്റി,
“എടി… പുല്ലേ… എന്റെ നെഞ്ച് കടിച്ച് പറിച്ചല്ലോടി…”
അവൻ തന്റെ നെഞ്ചിലേക്ക് നോക്കികൊണ്ട് പറഞ്ഞു, അവളുടെ ഉമിനീരിന്റെ പാട് അവന്റെ നെഞ്ചിൽ നനഞ്ഞു തെളിഞ്ഞു കിടന്നിരുന്നു,
“ഇനിയും സ്നേഹം വേണോ ചേട്ടാ…? വേണേ പറയണേ…”
കിച്ച പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിപ്പോയി
“എന്റെ ഭൈരവസാമി… ഇത് ഭൂലൻദേവിയല്ല ആറ്റം ബോംബാണ്…”
പിന്നീട് കിച്ച ട്രയൽറൂമിന്റെ വാതിലിൽ നിന്ന് തല ഉള്ളിലേക്കിട്ട് പറഞ്ഞു
“ദേ… കണ്ട പെൺപിള്ളേരെടുത്ത് കൊഞ്ചിക്കുഴയാൻ പോയാ… ഇപ്പൊ കിട്ടിയത് പോലാകില്ല, പറഞ്ഞേക്കാം…”
അത് കേട്ട ഭൈരവിന്റെ തലയിലെ കിളികൾ tolet ബോർഡ് തൂക്കി പെട്ടിയും പ്രമാണവും എടുത്ത് നാട് വിട്ടു
അവൻ നെഞ്ചിൽ തിണർത്ത് കിടന്ന ആ പല്ലുകളുടെ പാടിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു പിന്നെ പതിയെ പുഞ്ചിരിച്ചു.
••❀••
വൃന്ദ അവിടെ ഓരോന്നും കൗതുകത്തോടെ നോക്കി ചുറ്റി നടന്നു, അവിടെ ഡിസ്പ്ലേ വച്ചിരുന്ന ഒരു പർപ്പിൾ കളർ പാർട്ടി വെയർ സാരി അവളെ ആകർഷിച്ചു, അവൾ അതിൽ തൊട്ടും തടവിയുമൊക്കെ നിന്നു, പിന്നീട് മറ്റുള്ളവരുടെ അടുത്തേക്ക് പോയി,
വൃന്ദയ്ക്കും കണ്ണനും വേണ്ടി വലിയൊരു ഷോപ്പിംഗ് തന്നെ നടത്തിയിരുന്നു, വൃന്ദ ഒന്നും വേണ്ടായെന്ന് പറഞ്ഞു നടന്നെങ്കിലും സീതാലക്ഷ്മി പിടിച്ച പിടിയാലേ അവർക്കുള്ള തുണികളെല്ലാം എടുത്തു, കുഞ്ഞിയാണ് കണ്ണന് വേണ്ട ഡ്രെസ്സെല്ലാം സെലക്ട് ചെയ്തത്,
ഭൈരവ് പിന്നീട് കിച്ചയോട് സംസാരിക്കാൻ നോക്കിയെങ്കിലും അവൾ അവനെ ഒഴുവാക്കി നടന്നു,
ഫുഡ് കോർട്ടിൽ നിന്നും ഭക്ഷണം കഴിച്ച്, വൃന്ദയ്ക്ക് അത്യാവശ്യം വേണ്ട ആഭരണങ്ങൾ അടുത്തുള്ള ജ്വലറിയിൽനിന്നും വാങ്ങിയ ശേഷമാണ് അവർ ദേവടത്തേക്ക് വന്നത്.
(കഥ തുടരും…)