വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു പോകാനിറങ്ങിയ നേരത്താണ് ഫോണ്‍ ശബ്ദിച്ചത്.
“ഹലോ, പോലീസ് സ്റ്റേഷന്‍”
“സര്‍, എന്നെ സഹായിക്കണം. പ്ലീസ് സര്‍” മറുഭാഗത്ത് നിന്നും പരിഭ്രാന്തമായ ഒരു
സ്ത്രീസ്വരം എസ് ഐ മധുവിന്റെ കാതിലെത്തി.
“ആരാണ് നിങ്ങള്‍? കാര്യം പറയൂ”
“സര്‍ എന്റെ ഭര്‍ത്താവ് പനിയുടെ ലക്ഷണങ്ങളുമായി വിദേശത്ത് നിന്നും വന്നിട്ടുണ്ട്.
എത്ര പറഞ്ഞിട്ടും ഹോസ്പിറ്റലില്‍ പോകുന്നില്ല. എനിക്കും കുട്ടികള്‍ക്കും
പേടിയായിരിക്കുകയാണ് സര്‍. ഞാനിത് അദ്ദേഹം അറിയാതെയാണ് വിളിക്കുന്നത്. മറ്റു
നിര്‍വ്വാഹം ഇല്ലാഞ്ഞിട്ടാണ് സര്‍..”
“ഓഹോ, നിങ്ങളുടെ വിലാസം നല്‍കൂ”
മധു പേപ്പറും പേനയും എടുത്ത് അവര്‍ നല്‍കിയ വിലാസം കുറിച്ചെടുത്തു.
“എത്ര ദിവസമായി അയാള്‍ എത്തിയിട്ട്?”
“രണ്ടു ദിവസം”
“കുട്ടികളെ നിങ്ങള്‍ ഏതെങ്കിലും ഒരു മുറിയിലാക്കുക. അയാള്‍ കുട്ടികളെ തൊടാനോ
പിടിക്കാനോ പാടില്ല. നിങ്ങളും അയാളോട് ക്ലോസായി ഇടപടരുത്. ഞങ്ങള്‍ ഉടന്‍
എത്തുന്നതാണ്”
“ഞാന്‍ പരമാവധി കരുതല്‍ എടുത്തിരുന്നു സര്‍. കുട്ടികളെ ഞാന്‍ എന്റെ മുറിയില്‍
നിന്നും പുറത്തേക്ക് വിട്ടിട്ടില്ല. പക്ഷെ അദ്ദേഹം അവരെ കാണണം എന്നുപറഞ്ഞു ബഹളമാണ്.
കുടിച്ച് ലക്കുകെട്ട് എന്നെ കൊല്ലാന്‍ വരെ വന്നു സര്‍” ആ സ്ത്രീയുടെ കരച്ചില്‍
മധുവിനെ അസ്വസ്ഥനാക്കി.
“ഡോണ്ട് വറി. ഞാന്‍ വേണ്ടത് ചെയ്യാം”
ഫോണ്‍ വച്ചിട്ട് മധു ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലെത്തി
സല്യൂട്ട് നല്‍കി.
“തോമസേ, ജനറല്‍ ആശുപത്രിയില്‍ ഫോണ്‍ ചെയ്ത് ഈ വിലാസത്തിലേക്ക് ഉടന്‍ ഒരു ആംബുലന്‍സ്
അയയ്ക്കാന്‍ പറയണം. ഒരു കോറോണാ സസ്പെക്റ്റ് അവിടെയുണ്ട്. അതും പ്രത്യേകം പറയണം”
“ശരി സര്‍”
അയാള്‍ പോയപ്പോള്‍ മധു പുറത്തിറങ്ങി ക്ലോക്കില്‍ നോക്കി. സമയം എട്ടുമണി
കഴിഞ്ഞിരിക്കുന്നു. ഭാര്യ ചിക്കന്‍ വാങ്ങിക്കൊണ്ടു ചെല്ലണം എന്ന് പറഞ്ഞാണ് വിട്ടത്.
സാധാരണ ആറുമണിക്ക് പോകുന്ന അയാള്‍ക്ക് അന്ന് ചില തിരക്കുകള്‍ കാരണം ഇറങ്ങാന്‍
സാധിച്ചില്ല.
“ഡ്രൈവര്‍, വണ്ടി ഇറക്ക്. ആരെങ്കിലും രണ്ടുപേരെ കൂടി വിളി” ഡ്രൈവറെ നോക്കി അങ്ങനെ
പറഞ്ഞിട്ട് മധു പുറത്തേക്കിറങ്ങി.
ഒരു ഇടത്തരം വാര്‍ത്ത വീടായിരുന്നു അത്. പോലീസ് വാഹനം അവിടെത്തി ബ്രേക്കിട്ടപ്പോള്‍
അയലത്തുള്ള ആള്‍ക്കാര്‍ വേഗം പുറത്തിറങ്ങി. മധു വണ്ടിയില്‍ നിന്നുമിറങ്ങി നോക്കി.
മുന്‍വാതില്‍ തുറന്ന് കിടപ്പുണ്ട്. വാഹനത്തിന്റെ ശബ്ദം കേട്ട് ഒരു ചെറുപ്പക്കാരി
സ്ത്രീ പുറത്തേക്ക് വന്നു.
“നിങ്ങളാണോ ഫോണ്‍ ചെയ്തത്” മധു ചോദിച്ചു. അവര്‍ ഭീതിയോടെ തലയാട്ടി.
“എവിടെ ഭര്‍ത്താവ്?”
“ഉള്ളിലുണ്ട് സര്‍”
“വിളി”
അവര്‍ തലയാട്ടിയ ശേഷം ഉള്ളിലേക്ക് പോയി.
“പോലീസോ? എന്നെ വിളിക്കുന്നോ? എന്തിന്? ഞാനാരണ്ട്രെ സാമാനം മോട്ടിച്ചോ? പാന്‍
പറേടീ” അയാളുടെ അട്ടഹാസം മധുവിന്റെ കാതിലെത്തി. അയാളുടെ മുഖത്തേക്ക് കോപം
ഇരച്ചുകയറി.
“ഇറങ്ങിവാടാ നായിന്റെ മോനെ കൈയ്ക്ക് പണി ഒണ്ടാക്കാതെ” ഉള്ളിലേക്ക് നോക്കി അയാള്‍
ആക്രോശിച്ചു. ഉടന്‍തന്നെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍, ലുങ്കി മാത്രം ധരിച്ച,
ഏതാണ്ട് മുപ്പത്തിയഞ്ചു വയസ്സ് മതിക്കുന്ന ഇരുനിറവും തടിച്ച മുഖവും ശരീരവുമുള്ള ഒരു
യുവാവ് പുറത്തെത്തി.
“ഇങ്ങോട്ടിറങ്ങി നില്‍ക്കടാ” മധു മുരണ്ടു.
“എ..എന്താ സാറെ..എന്താ കാര്യം”
ധൈര്യം ചോര്‍ന്ന്‍ മല എലിയായ പോലെ അവന്‍ കൈകൂപ്പിക്കൊണ്ട് താഴേക്കിറങ്ങി.
“നിനക്ക് എത്ര ദിവസമായി പനിയായിട്ട്?”
“ഒരാഴ്ച”
“കൊറോണ എന്ന രോഗം പടര്‍ന്നു ലോകമെമ്പാടും പിടിക്കുന്ന വിവരം നീ മാത്രം
അറിഞ്ഞില്ലേ?”
“ഉവ്വ്”
“എന്നിട്ട് നീ നിന്റെ രോഗം ഏതാണെന്ന് പരിശോധിച്ചോ?”
“ഇ..ഇല്ല”
“ഭ നായിന്റെ മോനെ. ഇത്തരമൊരു സാഹചര്യത്തില്‍ രോഗം ഉറപ്പായും പരിശോധിച്ച് ഉറപ്പ്
വരുത്തണം എന്ന് നിനക്കറിയില്ലേടാ? നീ വന്ന ഫ്ലൈറ്റിലും, നീ യാത്ര ചെയ്ത ടാക്സിയിലും
എല്ലാം ഒരു പക്ഷെ നീ രോഗാണുവിനെ വിതറിക്കാണില്ലേടാ? അതും പോരാഞ്ഞ് സ്വന്തം
ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും കൂടി അത് നല്‍കാന്‍ നീ ശ്രമിച്ചില്ലേ? ഒരു തൊഴിക്ക്
നിന്നെ കൊന്നു തള്ളേണ്ടതാണ്. അങ്ങോട്ട് മാറി നില്‍ക്കടാ” സ്വയം മറന്ന
നിലയിലായിരുന്നു മധുവിന്റെ സംസാരം. അവന്‍ ഭീതിയോടെ അയാള്‍ പറഞ്ഞിടത്തേക്ക് മാറി
നിന്നു.
“ലോകം മുഴുവന്‍ ഈ വൈറസിനെ പ്രതോരിധിക്കാന്‍ വേണ്ട കരുതലുകള്‍ എടുക്കാനും,
മറ്റുള്ളവരിലേക്ക് പകരാതെ രോഗികള്‍ സൂക്ഷിക്കാനും വേണ്ട ബോധവല്‍ക്കരണം
നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ എന്ത് വന്നാലും പഠിക്കാത്ത നിന്നെപ്പോലെയുള്ള കുറെ
മറ്റേ മോന്മാരാണ് പ്രശ്നം. നീ കാരണം ഇനി ഈ സ്ത്രീയും നിന്റെ മക്കളും ഇപ്പോള്‍ അപകട
സാധ്യതയില്‍ ആയില്ലേ? തുടക്കത്തില്‍ത്തന്നെ നിനക്ക് പരിശോധന നടത്താന്‍
തോന്നിയിരുന്നെങ്കില്‍, ഇപ്പോള്‍ എനിക്കിവിടെ വരേണ്ടി വരില്ലായിരുന്നു”
“പേ..പേടിച്ചിട്ടാണ് സര്‍”
“ഭ നായെ. പേടിച്ചിട്ടാണോടാ നീ രോഗം പകരുമെന്ന് അറിഞ്ഞിട്ടും യാത്ര ചെയ്തതും സ്വന്തം
വീട്ടില്‍ എത്തി താമസിച്ചതും? ചികിത്സിച്ചാല്‍ ഭേദമാകുന്ന അസുഖമാണ് ഇതെന്ന്
നിനക്കറിയില്ലേ? പക്ഷെ ചികിത്സിക്കണം. മൂടി വച്ചു നടന്നാല്‍ ഉറപ്പായി നീ ചാകുകയും
മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നു നല്‍കുകയും ചെയ്യും. കൊറോണ വൈറസിനെതിരെ പ്രതിരോധ
മരുന്നാണ് ഇല്ലാത്തത്. പക്ഷെ അതുണ്ടാക്കുന്ന രോഗത്തിന് ചികിത്സയുണ്ട്; മനസ്സിലായോടാ
റാസ്ക്കല്‍?”
ആംബുലന്‍സിന്റെ ശബ്ദം കേട്ടതോടെ മധു അവനെ വിട്ടു.
“ദാ ഇവനാണ്” മാസ്ക് ധരിച്ച് പുറത്തിറങ്ങിയ ആശുപത്രി ജീവനക്കാരോടായി മധു പറഞ്ഞു.
അവര്‍ അവന് ധരിക്കാന്‍ പ്രത്യേകം വസ്ത്രവും, മാസ്കും ഗ്ലൌസുകളും നല്‍കി. അവനെയും
കൊണ്ട് പോകുന്നതിനു മുന്‍പായി നഴ്സ് ആ സ്ത്രീയോടായി ഇങ്ങനെ പറഞ്ഞു:
“നിങ്ങള്‍ എങ്ങോട്ടും പോകരുത് കേട്ടോ. ഭര്‍ത്താവിന്റെ പരിശോധനാഫലം പോസിറ്റീവ്
ആണെങ്കില്‍ നിങ്ങളെയും പരിശോധിക്കേണ്ടി വരും. അതുവരെ മറ്റുള്ളവരുമായി ഇടപെടരുത്.
കുട്ടികളെയും പുറത്ത് വിടണ്ട. വീടിനകം അണുവിമുക്തമാക്കാന്‍ ക്ലോറക്സോ ലൈസോളോ
ഉപയോഗിച്ച് കഴുകുക. വീട്ടിലേക്ക് വരുന്നവരെ ഉള്ളിലേക്ക് കയറ്റരുത്; പുറത്ത്
നിര്‍ത്തി, മിനിമം ഒന്നര മീറ്റര്‍ അകലെനിന്ന് സംസാരിക്കുക. ഒരിക്കലും പുറത്തുള്ള
ആരുമായും ക്ലോസ് സമ്പര്‍ക്കം പാടില്ല. അരിയോ അങ്ങനെയുള്ള സാധനങ്ങളോ വേണ്ടിവന്നാല്‍
അയല്‍ക്കാരോട് പറഞ്ഞു വാങ്ങിപ്പിച്ചാല്‍ മതി”
“ശരി മാഡം”
ആംബുലന്‍സ് പടികടന്നു പോയപ്പോള്‍ അയല്‍ക്കാരില്‍ ചിലരെ മധു വിളിപ്പിച്ചു.
“ഈ സ്ത്രീയ്ക്കും കുട്ടികള്‍ക്കും എന്തെങ്കിലും സാധനങ്ങളോ മറ്റോ വേണമെങ്കില്‍
നിങ്ങള്‍ വാങ്ങി നല്‍കണം. ഇവരുടെ ഭര്‍ത്താവിന്റെ പരിശോധനാഫലം വരുന്നതുവരെ ഇവര്‍ക്ക്
പുറത്ത് പോകാന്‍ അനുവാദമില്ല. പിന്നെ, തൊട്ടാലോ പിടിച്ചാലോ അതേപോലെ രോഗമുള്ളവരുടെ
ശരീരത്തില്‍ നിന്നുള്ള സ്രവം മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാല്‍
മാത്രമേ രോഗം പകരൂ. അതായത് രോഗമുള്ളവരുമായി വളരെ അടുത്തിടപഴകിയാല്‍ മാത്രം.
അതുകൊണ്ട് ഭയക്കേണ്ട കാര്യമില്ല, പക്ഷെ കെയര്‍ ഉറപ്പായും സ്വീകരിക്കണം.
വൈറസ് ബാധയുള്ള ഇടങ്ങളില്‍ നിന്നും എത്തുന്നവരുമായി ആരും ക്ലോസായി ഇടപെടരുത്.
ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക. തിരക്കുള്ള സ്ഥലങ്ങളില്‍ പെടാതെ സൂക്ഷിക്കണം.
ഏതെങ്കിലും കാരണവശാല്‍ തിരക്കില്‍ പെട്ടാല്‍, എത്രയും വേഗം കൈകള്‍ സോപ്പിട്ട്
കഴുകണം. കൈകള്‍ കഴുകിയ ശേഷം മുഖവും കഴുകണം. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ
ആശുപത്രിയില്‍ എത്തി ഡോക്ടറെ കാണുക. അലസതയാണ് ഇത്തരം രോഗങ്ങള്‍ വേഗം പകരാനുള്ള
കാരണം. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കുക, ഒപ്പം ഈ അറിവുകള്‍ എല്ലാവരിലേക്കും
എത്തിക്കുകയും ചെയ്യുക”
“ശരി സാറേ” അവരില്‍ ഒരാള്‍ പറഞ്ഞു.
“അപ്പൊ ശരി” മധു ആ സ്ത്രീയുടെ നേരെ തിരിഞ്ഞു:
“നിങ്ങള്‍ വിളിച്ചുപറഞ്ഞത് നന്നായി. അവന് വെറും പനിയായിരിക്കട്ടെ എന്ന് നമുക്ക്
ആശിക്കാം”
അവര്‍ നന്ദി സ്ഫുരിക്കുന്ന ഭാവത്തോടെ തലയാട്ടി.
“എടീ ഇന്നിനി ചിക്കന്‍ വാങ്ങാന്‍ പറ്റില്ല. ഒരുപാട് ലേറ്റായി” പോകുന്ന വഴിക്ക് മധു
ഭാര്യയെ വിളിച്ചുപറഞ്ഞു.
“ഇതാ നിങ്ങടെ കൊഴപ്പം. ഒരു കാര്യോം നേരത്തിനും കാലത്തിനും ചെയ്യത്തില്ല. ഇനി ഞാന്‍
എന്ത് പണ്ടാരമെടുത്ത് ഒണ്ടാക്കാനാ, നാശം” മറുഭാഗത്ത് നിന്നും ഭാര്യയുടെ ശകാരം
കാതിലെത്തിയപ്പോള്‍, ഇവളേക്കാള്‍ എത്രയോ ഭേദമാണ് കോറോണാ വൈറസ് എന്നയാള്‍
ഓര്‍ത്തുപോയി..