നീ ഞാനാവണം

ഹായ്…
വീണ്ടും ഞാൻ. ഇതൊരു ചെറുകഥയാണ്. ശെരിക്കും പറഞ്ഞാൽ 2019 ഒക്ടോബർ 4 തിങ്കളാഴ്ച
രാത്രി 11 മണിക്ക് തുടങ്ങി 11.20ന് എഴുതി അവസാനിപ്പിച്ച നാലഞ്ചു വരികൾ. കുറച്ചുകൂടി
വിശദമാക്കിയാൽ ആൽബിച്ചായന്റെ ഇരുട്ടിന്റെ സന്തതികൾ വായിച്ച ഹാങ്ങോവറിൽ
എഴുതിക്കുറിച്ച വരികൾ. ഇഷ്ടപ്പെടുമോന്നോ പ്രസിദ്ധീകരണ യോഗ്യമാണോ എന്നൊന്നുമറിയില്ല.
എന്നും മനസ്സിൽ തോന്നിയത് കുത്തിക്കുറിച്ചു പോസ്റ്റ് ചെയ്യുന്നതുപോലെ നിങ്ങളിൽ
ചിലരെങ്കിലും വായിക്കുമെന്നുള്ള ഉറപ്പിൽ എഡിറ്റ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നു.

ആ കല്യാണപ്പന്തലിലേക്ക് നടക്കുമ്പോഴും അവളിപ്പോഴും നഷ്ട്ടപ്പെട്ടിട്ടില്ലെന്നു
മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. അല്ലെങ്കിലത് പൊട്ടിപ്പോകുമെന്നെനിക്കു
തോന്നിയിരുന്നു. തലേന്ന് വരെ… അല്ല, ആ നിമിഷം വരെ കാത്തിരുന്നത് ഒരു
ഫോൺകോളായിരുന്നു. അല്ലെങ്കിലൊരു വരവായിരുന്നു.

അതുണ്ടാവില്ലെന്നു തോന്നിയപ്പോൾ അവസാനം… അവസാനമൊരു പ്രതീക്ഷ. അതുകൊണ്ട്… അതുകൊണ്ട്
മാത്രമാണ് പോയത്. ജീവന്റെ ജീവനായിരുന്നവൾ മറ്റൊരുത്തന്റെ ഭാര്യയാവുന്നത് കണ്ട്
പൊട്ടിക്കരയാനല്ല, സിനിമാ സ്റ്റൈലിൽ പോടീ പുല്ലേന്നു പറഞ്ഞു സ്ലോമോഷനിൽ തിരിച്ചു
നടക്കാനുമല്ല, പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു.

പ്രതീക്ഷിച്ചിരുന്നു… സിനിമാ സ്റ്റൈലിൽ കെട്ടാനോങ്ങുന്ന താലി തള്ളിമാറ്റി,
ആളുകൾക്കിടയിലൂടെ ഓടിവന്നെന്നെ കെട്ടിപ്പിടിച്ചു കരയുന്നൊരു മുഖം.!!! ആ കണ്ണുകൾ
കൊണ്ടുള്ള മാപ്പ് ചോദിക്കൽ… മാലോകരെ സാക്ഷിനിർത്തി ഇതാണെന്റെ ചെക്കനെന്നവൾ
പറയുന്നൊരു സീൻ.!!!

പക്ഷേ… പക്ഷേ… ഒന്നുമുണ്ടായില്ല. ആളുകളുടെ മുറുമുറുപ്പുകൾക്കിടയിലും ആ
മണ്ഡപത്തിലിരുന്നാൽ കാണുന്ന ഭാഗത്തു പോയി നിന്നതും പ്രതീക്ഷയോടെയവളെ
നോക്കിയതുമെല്ലാം അവളെ കിട്ടുമെന്നുള്ള ഉറപ്പോടെയായിരുന്നു. പക്ഷേ ഒന്ന്
കണ്ണുയർത്തി നോക്കിയ അവൾ വീണ്ടും അതേപടി മുഖം താഴ്ത്തിയപ്പോൾ എന്റെ നെഞ്ചാണ് താണ്
പോയതെന്നെനിക്കു തോന്നി. അവനാ താലിയെടുത്തു കെട്ടുമ്പോഴും ഒന്ന് മുഖമുയർത്തി
നോക്കാതെ അവൾ താഴേക്ക് നോക്കി നിന്നത് കണ്ടപ്പോൾ പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല.

തിരിച്ചു പോരുമ്പോഴും മനസ്സിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയില്ലായിരുന്നു.
ആസിഡ് ബോംബ് എറിയാനോ പെട്രോളൊഴിച്ചു കത്തിക്കാനോവൊന്നും ആ നിമിഷം തോന്നിയില്ല.
അത്രക്ക് തീവ്രമായ പ്രണയമൊന്നും എന്നുള്ളിൽ ഇല്ലായിരുന്നിരിക്കണം.

മദ്യപിക്കുന്ന പതിവില്ലാത്തതിനാൽ ബാർ അന്വേഷിച്ചു നടക്കേണ്ടി വന്നില്ല. കടലിനോട്
ഇഷ്ടംകൂടാൻ അവളില്ലാതെ ആവില്ലെന്ന് തോന്നിയതിനാൽ അതിനും മുതിർന്നില്ല. പക്ഷേ
അപ്പോഴും മഴ പെയ്തിരുന്നു… അവൾക്കേറ്റവും ഇഷ്ടമുള്ള, എനിക്കേറ്റവും വെറുപ്പുള്ള
തുലാവർഷം.

തുള്ളിക്കൊരു കുടം പോലെ പെയ്തിറങ്ങിയ മഴയിൽ നനഞ്ഞു വീട്ടിൽ കയറുമ്പോഴും
കണ്ണീരുണങ്ങിരുന്നില്ല. അതവളെ നഷ്ടപ്പെട്ടതിനെക്കാളുപരി അവളെന്തിനെന്നെ ഉപേക്ഷിച്ചു
എന്നതിനാലായിരുന്നു.

ആരോടും മിണ്ടാത്ത, സൗന്ദര്യമോ ആകാരമോ പണമോയില്ലാത്തവനോടവൾ പ്രണയം ചൊല്ലിയപ്പോൾ
ആദ്യമൊരു തമാശയായാണ് തോന്നിയത്. പിന്നെപ്പിന്നെ അവളത് തുടർന്നപ്പോളാണ് ശെരിക്കും
അവളെയൊന്നു ശ്രദ്ധിച്ചത് തന്നെ. എന്നും വിടർന്ന ചിരിയായിരുന്നു അവൾക്ക്. കരിനീല
കണ്ണുകളിൽ എപ്പോഴും കുസൃതിയായിരുന്നു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ചിരിയും
കളിയും അടിയും പിടിയുമായി പാറിപ്പറന്നു നടക്കുന്നവൾ എന്റെയരുകിൽ മാത്രം
മൗനിയായിരുന്നു. സർവരെയും അത്ഭുതപ്പെടുത്തുന്നതും ആ മാറ്റമായിരുന്നു. എന്റെ തോളിൽ
തല ചായ്ച്ചിരുന്നു സ്വപ്നം കാണാനായിരുന്നു അവൾക്കിഷ്ടം. ആ സ്വപ്നങ്ങളിലത്രയും അവളും
ഞാനും മാത്രമായിരുന്നു.

പ്രണയം തലക്ക് കയറുമ്പോൾ പലവട്ടം അവളാ ശരീരത്തിലൊന്നു പടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അവളെയൊന്നു പുണരാൻ… കെട്ടിപ്പിടിച്ചു കിടക്കാൻ.. അവൾക്ക് മതിവരുവോളം അവളിലേക്ക്
ആഴ്ന്നിറങ്ങാൻ ആഗ്രഹമുണ്ടായിട്ടും ചിരിയോടെ നിരസിച്ചിട്ടേയുള്ളൂ. ഒരു
നോക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല. ഒന്നും ആവശ്യപ്പെട്ടിട്ടില്ല… എല്ലാം…
എല്ലാം അവളുടെ ഇഷ്ടമായിരുന്നു. അന്ന്… അന്ന് തലവേദനയെന്നും പറഞ്ഞു വീട്ടിൽ പോയവൾ
തിരിച്ചുവന്ന് ഒരു കല്യാണക്കുറി തന്ന് പോയപ്പോൾ ശെരിക്കുമൊരു മരവിപ്പായിരുന്നു.

എന്റെ കല്യാണമാണ്… വരണം…

മുഖത്തു നോക്കാതെ, അവളാ കല്യാണക്കുറി നീട്ടിക്കൊണ്ടു പറഞ്ഞപ്പോൾ ആ സ്വരം
വിറച്ചിരുന്നോ??? അറിയില്ല. പക്ഷേ വാങ്ങുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു.
എന്തിനെന്നറിയാതെ.!!! എന്നിട്ടും മനസ്സിലൊരു പ്രതീക്ഷയായിരുന്നു. അവൾ പറയുന്നത്
പോലെ… എനിക്കൊരു ജീവിതമുണ്ടെങ്കിൽ അതിൽ നീയുണ്ടാവുമെന്ന വാക്കുകളിൽ നിറഞ്ഞുനിന്ന
പ്രതീക്ഷ.

നാലഞ്ചു മാസങ്ങൾ കടന്നുപോയത് വളരെ പതുക്കെയായിരുന്നു. യുഗങ്ങൾക്ക് നീളം കൂടിയത്
പോലെ. സെക്കന്റ് സൂചിപോലും ചലനമറ്റത്പോലെ. അന്ന്… അന്നായിരുന്നു ആ സ്വരം അവസാനമായി
കേട്ടത്. അന്നും പേര് മായ്ച്ചിട്ടില്ലാത്ത നമ്പറിൽ നിന്നും കോള് വന്നപ്പോൾ എടുക്കണോ
വേണ്ടയോ എന്നൊട്ടും സംശയിച്ചില്ല.

എനിക്കൊന്നു കാണണം.. ഞാൻ ഇവിടെയുണ്ട്…

അത്ര മാത്രമായിരുന്നു. അത്… അത് മതിയായിരുന്നു. അവളെവിടെ കാണുമെന്നു
ചിന്തിക്കേണ്ടിയിരുന്നില്ല. ചെല്ലുമ്പോൾ പതിവുകൾ തെറ്റാതെ അവളുണ്ടായിരുന്നു. നിറഞ്ഞ
ചിരിയോടെ… മെലിഞ്ഞ ശരീരത്തെ പറ്റിക്കിടക്കുന്ന ആ സാരിയിൽ, ആ അസ്തമയ സൂര്യന്റെ
തിളക്കത്തിൽ അവളന്നു കൂടുതൽ സുന്ദരിയായിരുന്നു.

അന്നും പതിവുകൾ തെറ്റിയില്ല. കൈകൾ കൊരുത്തുപിടിച്ച് ആ തിരമാലകൾക്കരികിലൂടെ
നടക്കുമ്പോഴും ഞങ്ങൾ പതിവുപോലെ മൗനികളായിരുന്നു. പരസ്പരം സുഖമാണോന്നു പോലും
ചോദിക്കാതെ, കണ്ണിൽ കണ്ണിലൊന്നു നോക്കാതെ പരസ്പരം കണ്ടതേ കൈകൾ കോർത്ത് മെല്ലെയൊരു
നടത്തം.

എനിക്കന്നും ചോദിക്കാൻ ഒന്നുമില്ലായിരുന്നു. പക്ഷേ അവൾക്കുണ്ടായിരുന്നു.
ചോദിക്കാനല്ല, പറയാൻ. എനിക്കുള്ളിൽ ഞാൻ കുഴിമൂടി പുതച്ചിരുന്ന
ചോദ്യങ്ങൾക്കെല്ലാംഅവൾക്ക് ഉത്തരമുണ്ടായിരുന്നു. ആ കല്ലിന്റെ തണലിൽ, എന്റെ തോളിൽ
ചാരിയിരുന്ന് അസ്തമയം കണ്ടുകൊണ്ട് അവളാ ഉത്തരങ്ങളിലേക്ക് കടന്നു. ചെറുചിരിയോടെ,
കാൻസർ ആണെന്ന് വെട്ടിത്തുറന്നു പറഞ്ഞപ്പോൾ നടുങ്ങിയത് ഞാനായിരുന്നു.

എന്നാണ് അറിഞ്ഞതെന്നു ചോദിച്ചപ്പോൾ നിന്നെ കല്യാണം വിളിക്കുന്നതിന്റെ
തലേന്നെന്നുത്തരം. അപ്പോൾ ഭർത്താവോ എന്നറിയാതെ ചോദിച്ചുപോയി. ഒരുനിമിഷം എന്നെ
നോക്കിനിന്നിട്ടാണ് ഉത്തരം വന്നത്.

അറിയാം… അതുകൊണ്ടാണ് വിവാഹം നടന്നത്. അമ്മാവന്റെ മകനാണ്. അന്നുതന്നെ സർവ
സ്വത്തുക്കളും ആ പേരിൽ എഴുതിക്കൊടുത്തു. ചികിത്സക്കുള്ളത് വേറെയും. സന്തോഷവാനാണ്.
ആവശ്യത്തിന് പണവും സുഖ സൗകര്യങ്ങളും…. പിന്നെന്തു വേണം???

അപ്പോഴും ആ മുഖത്താ നിർവികാരത തന്നെയായിരുന്നു. പക്ഷേ അന്നാദ്യമായി ആ ചിരിക്ക് ശോഭ
കുറവാണെന്നെനിക്കു തോന്നി. സൂക്ഷിച്ചു നോക്കിയപ്പോൾ ആ കരിനീല കണ്ണുകളിൽ ഇന്നോളം
കണ്ടിട്ടില്ലാത്ത നനവ്. ഒന്നുമാലോചിക്കാതെ വാരിപ്പുണർന്നപ്പോൾ അന്നാദ്യമായി എന്റെ
മുമ്പിൽ ആ കണ്ണുകൾ നിറഞ്ഞൊഴുകി. ആദ്യം ഒരു തേങ്ങലായിരുന്നെങ്കിൽ പിന്നെയാതൊരു
പൊട്ടിക്കരച്ചിലായി മാറി.

ജീവിക്കുന്നെങ്കിൽ നിന്റെ കൂടെയെന്നു ഞാൻ പറഞ്ഞു. പക്ഷേ… പക്ഷേ എനിക്ക്
ജീവിതമില്ലടാ…

നെഞ്ചിലാണത് കൊണ്ടത്. കെട്ടിപ്പിടുത്തിന്റെ മുറുക്കം കൂടുന്നതിനനുസരിച്ച് കണ്ണീരും
കൂടിക്കൊണ്ടിരുന്നു. അവസാനം അവൾതന്നെ പിടിച്ചകത്തുമ്പോഴേക്കും അവളെ മറ്റാർക്കും
കൊടുക്കില്ലെന്നു മനസ്സിൽ പലവട്ടം പറഞ്ഞുറപ്പിച്ചിരുന്നു. മരണത്തിന് പോലും.!!!
പറഞ്ഞപ്പോൾ കിട്ടിയത് ചിരിയായിരുന്നു. പിന്നെയൊരു ഉപദേശവും. വീണ്ടും നിർബന്ധിച്ചു.
എന്നിട്ടും…. അവസാനം പിരിയുമ്പോൾ ഒന്നുമാത്രം പറഞ്ഞു.

നീയല്ലാതെ മറ്റാരും എന്റെ ജീവിതത്തിൽ പുരുഷനായി ഉണ്ടായിട്ടില്ല. ഇനി
ഉണ്ടാവുകയുമില്ല. കാത്തിരിക്കാൻ പറയുന്നില്ല… കാത്തിരിക്കുകയും വേണ്ട. ഇനിയൊരു
തിരിച്ചുവരവ് ഉണ്ടാവില്ല. ഉപേക്ഷിക്കുകയാണ്… നിന്നെ… പിന്നെയീ ജീവിതവും….

നടുക്കത്തോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ വീണ്ടും ആ മുഖത്തു ചിരി.

പേടിക്കണ്ട. ആത്‍മഹത്യയൊന്നും ചെയ്യില്ല. മരിക്കാൻ ഭയമില്ലെങ്കിലും ആത്‍മഹത്യ
ചെയ്യാൻ പേടിയാണെടോ….

ആ മുഖത്തുനോക്കി എന്ത് പറയണമെന്നറിയാതെ നിൽക്കുമ്പോൾ അവളാ മൊബൈൽ കടലിലേക്ക്
വലിച്ചെറിഞ്ഞു. എല്ലാം ഏറ്റുവാങ്ങുന്ന ഉപ്പുവെള്ളം അതും സ്വീകരിച്ചു പിൻവാങ്ങുമ്പോൾ
അവളൊന്നു ചിരിച്ചു. എന്നിട്ട് കടലിലേക്ക് തന്നെ നോക്കിനിന്നു പറഞ്ഞു.

അതിനി വേണ്ട. പോകുമ്പോൾ തിരിച്ചു വിളിക്കാൻ നിനക്കു തോന്നിയാൽ ഞാൻ തീർന്നുപോകും..

പക്ഷേ പോകും മുമ്പേ എനിക്കറിയണം എന്തിനായിരുന്നു ഈ വിവാഹ നാടകം???

പെങ്ങളെ സന്തോഷിപ്പിച്ചു മരണത്തിലേക്കയക്കയണ്ടേ എന്റെ ആങ്ങളമാർക്ക്…??? ഭാവിയിൽ
ഉണ്ടാകാവുന്ന രോഗീപരിചരണം ഒഴിവാക്കണ്ടേ എന്റെ നാത്തൂന്മാർക്ക്…???

എങ്കിൽപിന്നെ…

പറയണ്ട… എനിക്കറിയാം. സ്വന്തം സമ്പാദ്യം മുഴുവൻ ചിലവാക്കി നീയെന്നെ ചികിത്സിക്കും.
എന്നിട്ടും… എന്നിട്ടും ഞാൻ പോകുമ്പോൾ എന്റെ പണമെടുത്തു ജീവിക്കുമോ നീ…??? അതും
ഉപേക്ഷിച്ച്…, സ്വന്തം സമ്പാദ്യങ്ങളും നഷ്ടപ്പെടുത്തി… നീ… നീ കണ്ണീരൊഴുക്കി
നടക്കുന്നത് എനിക്കിഷ്ടമല്ലടാ… അതുകൊണ്ട്… അതുകൊണ്ട് മാത്രം.

എന്നോട്… എന്നോടൊന്നു പറയാമായിരുന്നു….

നിന്നോട്… നിന്നോടത് പറഞ്ഞിരുന്നെങ്കിൽ മറ്റൊരാളെ കെട്ടാൻ നീയന്നെ
സമ്മതിക്കുമായിരുന്നോ???

എങ്കിലും… എങ്ങനെയാടീ ഞാൻ…

കരയരുത്. നീ കരഞ്ഞാൽപിന്നെ ഞാൻ ഇത്രനേരം സ്വരുകൂട്ടി വെച്ച ധൈര്യമെല്ലാം
ചോർന്നുപോകും…. അതുകൊണ്ട്… അതുകൊണ്ട് പോവുകയാണ് ഞാൻ… പിന്നിൽ നിന്നെന്നെ
വിളിക്കരുത്… തിരിഞ്ഞു ഞാൻ നോക്കില്ല. ഇനിയൊരു വിളിയും നീ പ്രതീക്ഷിക്കരുത്. ബൈ…

അവൾ തിരിഞ്ഞു നടന്നു. അല്പം മുമ്പോട്ടു പോയിട്ടവൾ പെട്ടന്ന് തിരിഞ്ഞു.
എന്നിട്ടെന്നെ നോക്കി. ആ നിറഞ്ഞ കണ്ണുകളിൽ അപ്പോഴൊരു തിളക്കമുണ്ടായിരുന്നു. അവൾ
പെട്ടന്ന് തിരിച്ചു വന്നു.

നീ തിരിച്ചു വിളിക്കില്ലെന്ന് എനിക്കറിയാമായിരുന്നു… ഞാൻ നിന്നെ കെട്ടിയാൽ നീയെന്റെ
സ്വത്തൊന്നും എടുക്കില്ലെന്നും…

എന്തേ…???

അത്… അതറിയാൻ നീ ഞാനാവണം..!!!

പിന്നെയൊന്നും പറയാനുണ്ടായിരുന്നില്ല. അവൾ തിരിച്ചു നടന്നപ്പോൾ അടർന്നുവീണ
കണ്ണീരിന് ഞാനും ആ കടലും മാത്രം സാക്ഷിയായി….

(ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതൊന്നു പറഞ്ഞേക്കണേ…)

ഹൃദയപൂർവ്വം

ജോ



44170cookie-checkനീ ഞാനാവണം