എല്ലാവർക്കും നന്ദി !!!
വൈകിട്ട് റൂമിലെത്തിയ ഫ്രഷായി ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ, ചേട്ടൻ സിറ്റൗട്ടിൽ ഇരുന്നു പത്രം വായിക്കുന്നു. ഞാനും അവിടെ തന്നെ ഇരുന്നു, മറ്റുള്ള കാര്യങ്ങൾ സംസാരിച്ചതിനു ശേഷം, എൻറെ കാര്യം പറയാൻ തീരുമാനിച്ചു.
ഞാൻ: എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാനുണ്ട്, നമുക്കൊന്നു പുറത്തേക്കിറങ്ങിയാലൊ.
ചേട്ടൻ അകത്തു പോയി ഷർട്ട് എടുത്തിട്ടു ഞങ്ങൾ പുറത്തേക്ക് നടന്നു. ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ കുറച്ചു ദൂരം നടന്നു. നടത്തം അവസാനിച്ചത് കുറച്ചു പിള്ളേർ കളിക്കുന്ന ഗ്രൗണ്ടിന് അടുത്താണ്. അവിടെയുള്ള ഒരു മരത്തിന് ചുവട്ടിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു.
ചേട്ടൻ: കുറെ നേരമായി നമ്മൾ നടക്കുന്നു. എന്താണ് അജയ് പറയാനുള്ളത്?
ഞാൻ എങ്ങനെ തുടങ്ങും എന്ന് ആലോചിച്ചാണ് നടന്നത്, എങ്ങനെയായാലും പറഞ്ഞല്ലേ പറ്റൂ.
ഞാൻ: ചേട്ടാ, കല്യാണമൊക്കെ വരികയല്ലേ? ചെലവുകളും കൂടുതലാണ്. ഞാൻ ഇത്രയും നാൾ നിന്നത് ചെറിയ വാടകയ്ക്ക് ആണ്. അതും ചില സമയങ്ങളിൽ നിങ്ങൾ വാങ്ങാറില്ല. വാങ്ങിയാൽ തന്നെ അത് മിക്കവാറും ഏതെങ്കിലും വിധത്തിൽ എനിക്ക് തരാറുണ്ട്. ഇപ്പോൾ തന്നെ ഞാൻ ഹോസ്പിറ്റലിൽ കിടന്ന പൈസ ഇതുവരെ ഞാൻ തന്നിട്ടില്ല, ബാങ്കിൽ പൈസ കിടപ്പുണ്ട് അത് എടുത്ത് തന്നാൽ മതി. പല കാരണങ്ങളാൽ ഞാൻ മറന്നുപോകുന്നു. ഇനിയിപ്പോൾ കല്യാണം വരികയല്ലേ ആ പൈസ കിട്ടിയാൽ ചേട്ടന് ഉപകാരമായിരിക്കും.
ചേട്ടൻ: വളച്ചുകെട്ടില്ലാതെ അജയന് പറയാനുള്ളത് പറയുക.
ഞാൻ: ഞാനവിടെ നിന്നും മാറിയാൽ ചേട്ടനെ ആ വീട് ഒരു ഫാമിലിക്ക് വാടകക്ക് കൊടുക്കാം. നല്ല വാടകയും കിട്ടും നിങ്ങൾക്കൊരു നല്ല അയൽക്കാരെയും കിട്ടും. ഞാൻ ശ്രുതിയോട് വിളിച്ചേ ഒരു റൂം നോക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്. അവൻ നോക്കാം എന്ന് പറഞ്ഞു.
ചേട്ടൻ: ഇതിനാണോ ഇത്ര ചുറ്റിക്കെട്ടി പറയുന്നത്, അജയൻ പറഞ്ഞ ചെലവ് അത് എങ്ങനെയൊക്കെ നടന്നുപോകും. എല്ലാവരും എല്ലാം കരുതി ഇതൊന്നും നടക്കില്ല. പിന്നെ കല്യാണം. അതിനെപ്പറ്റി പറയുകയാണെങ്കിൽ ഒരുപാട് പറയണം. ചീതമ്മ ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ അന്ന് അജയൻറെ വീട്ടിൽ വന്നത്. വീട്ടുകാരുമായി സംസാരിച്ച് ഒരു തീരുമാനത്തിൽ എത്താം എന്ന് കരുതിയാണ് വന്നത്. വന്നപ്പോൾ ഇങ്ങനെയൊരു ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ, ചീതമ്മ ഞങ്ങളോട് പറഞ്ഞു ഇനി ഒന്നും സംസാരിക്കണ്ട എന്ന്. അതോടെ ആ സംസാരം അവിടെ വച്ച് നിന്നു. ചീതമ്മക്ക് അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു, അത് പറഞ്ഞില്ല എന്നേയുള്ളൂ. ഞങ്ങൾക്കാർക്കും അജയൻറെ മറ്റ് ബന്ധങ്ങളൊന്നും അവിടെ വരുന്നതുവരെ അറിയില്ലല്ലോ. ചീതമ്മ ഒട്ടു അജയനോട് ഇഷ്ടമാണെന്ന് പറഞ്ഞും ഇല്ല. ഇപ്പോൾ
ആക്സിഡൻറ് നടന്നതിന് ശേഷം സീതയും ഞാനും കൂടിയാണ് അജയനെ പരിചരിച്ചത്. ഇത് കേൾക്കുമ്പോൾ അജയൻ റെ ബന്ധുക്കൾക്ക് ആയാലും ഒരു സംശയം ഉണ്ടാകാം, കല്യാണം കഴിക്കാത്ത ഒരു പെൺകുട്ടി പ്രായപൂർത്തിയായ ഒരു ആണിനെ പരിചരിക്കാൻ നല്ല കുടുംബത്തിൽപ്പെട്ട അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന്. ആര് കേട്ടാലും അതു തന്നെ പറയൂ. പക്ഷേ എൻറെ മോള് പറഞ്ഞത്, അച്ഛാ എനിക്ക് അണ്ണനെ ഇഷ്ടമാണ് അത് നേരത്തെ ഞാൻ പറഞ്ഞിട്ടുള്ളതാണ്. അതിനിടയിൽ ആ ചേച്ചിയും അണ്ണനും ആയി പ്രണയത്തിലാണെന്നും കല്യാണം കഴിക്കാൻ പോകുന്നു എന്നു പറഞ്ഞു. അതോടെ ഞാൻ അവരുടെ ഇടയിൽ ഒരു അധികപ്പറ്റ് ആക്കണ്ട എന്ന് കരുതി പിന്മാറി. ഇപ്പോൾ ആ ചേച്ചി അണ്ണനിൽ നിന്നും അകന്നു. വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഈ കണ്ടീഷനിൽ അണ്ണനെ ശുശ്രൂഷിക്കാൻ ആരാണുള്ളത്, വീട്ടുകാർ പോലും തിരിഞ്ഞുനോക്കുന്നില്ല. അച്ഛനെ കൊണ്ട് ഒറ്റയ്ക്ക് പറ്റുമോ? ഞാൻ ഒരുപാട് സ്നേഹിച്ച അണ്ണനല്ലേ, അതുകൊണ്ട് ഞാൻ പരിചരിച്ചു കൊള്ളാം. ആരുമില്ലാത്ത ആ അവസ്ഥയിൽ അജയനെ ഞങ്ങൾ എന്ത് ചെയ്യണമായിരുന്നു.
ഞാൻ: എല്ലാം ശരിയാണ്. എനിക്ക് ആരും ഉണ്ടായില്ല, നിങ്ങളല്ലാതെ. അതുകൊണ്ട് തന്നെയാണ് ഞാൻ പറയുന്നത്, സീത വന്നിരിക്കുന്ന ഇപ്പോഴത്തെ കേസ് നല്ലതാണ്. അത് എത്രയും പെട്ടെന്ന് നടത്താൻ നോക്കുക.
ചേട്ടൻ: അജയനെ ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല. ഞങ്ങൾക്ക് ഒരു കൊമ്പത്തെ കേസിനോട് താല്പര്യമില്ല. ഞാൻ പറഞ്ഞില്ലേ ഞങ്ങൾക്ക് അജയൻ റെ കാര്യത്തിൽ താൽപ്പര്യം ഉള്ളതുകൊണ്ടാണ് അന്ന് വീട്ടിൽ വന്നത്. ഇപ്പോഴും ഞങ്ങൾക്ക് താൽപര്യമാണ് അജയ.
ഞാൻ: ഞാൻ അങ്ങനെ ഒരു മാനസികാവസ്ഥയിലല്ല ചേട്ടാ.
ചേട്ടൻ: അജയന് ഇഷ്ടമല്ല എങ്കിൽ ഞാൻ മോളോട് പറഞ്ഞു മനസ്സിലാക്കി കൊള്ളാം. പക്ഷേ മോൾ എത്രത്തോളം ഇത് ഉൾക്കൊള്ളും എന്ന് എനിക്കറിയില്ല.
ഞങ്ങൾ രണ്ടു പേരും എഴുന്നേറ്റു, തിരിച്ച് വീട്ടിലേക്ക്. അവിടെ ചെല്ലുമ്പോൾ സിറ്റൗട്ടിൽ സീത ഇരിപ്പുണ്ട്. ഞങ്ങളുടെ വരവും പ്രതീക്ഷച്ചുള്ള ഇരിപ്പാണ്. പക്ഷേ ചേട്ടൻറെ മുഖഭാവം കണ്ടപ്പോൾ തന്നെ സീതക്ക് വിവരം മനസ്സിലായി. സീത എൻറെ മുഖത്തേക്ക് നോക്കി, ഞാൻ മുഖം കൊടുക്കാതെ അകത്തേക്ക് കയറി. ചേട്ടൻ അകത്തേക്ക് വന്ന് ടിവി ഓൺ ചെയ്ത് ന്യൂസ് ചാനൽ വച്ചു, ഞാനും അത് കണ്ടിരുന്നു. തിരിച്ച് റൂമിലേക്ക് നടക്കുമ്പോൾ എൻറെ മനസ്സ് കലുഷിതമായിരുന്നു. ഞാൻ റൂമിലേക്ക് പോകുന്നത് നോക്കി സീത സിറ്റൗട്ടിൽ നിൽപ്പുണ്ടായിരുന്നു. എൻറെ ജീവിതം ആകെ താറുമാറായി പോയിരിക്കുന്നു. സുധി പറഞ്ഞത് കേട്ടപ്പോൾ, എന്നെ വിട്ടു പോയെങ്കിലും അവൾ സുഖമായിരിക്കുന്നു എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ കണ്ടപ്പോൾ ഉള്ള അവസ്ഥ, വളരെ പരിതാപകരമാണ്. ഒരു ആക്സിഡൻറ് പറ്റി അത്യാസന്ന നിലയിൽ കിടന്നിട്ട് എനിക്ക് ആരുമുണ്ടായില്ല, ചേട്ടൻ ഓഴിച്ച്. ഇനി എന്തിനു ജീവിക്കണം, ആർക്കുവേണ്ടി ജീവിക്കണം. ഒന്നിനോടും പ്രതിപത്തി ഇല്ല. സീതക്ക് നല്ലൊരു ഭാവി ഉണ്ടാകണമെങ്കിൽ ഞാൻ ഇവിടെ നിന്ന് പോയേ പറ്റൂ. ഇവിടെ നൽകുന്ന ഓരോ നിമിഷവും ആ പെൺകൊച്ച് എന്നിലേക്ക് കൂടുതൽ അടുക്കാനേ ശ്രമിക്കു. അത് അനുവദിച്ചു കൊടുത്തു കൂടാ, നല്ല ഭാവിയാണ് ആ പെൺകുട്ടിക്ക് വേണ്ടത്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ നിന്നും വിടുക.
അതിന് എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കണം. പിറ്റേദിവസം മുതൽ അതിരാവിലെ എഴുന്നേറ്റ് റെഡിയായി അവിടെനിന്നും ഇറങ്ങി. രാത്രിയിൽ വളരെ വൈകിയാണ് റൂമിലെത്തി കൊണ്ടിരുന്നത്. ചേട്ടൻറെ വീട്ടിലേക്ക് ഉള്ള പോക്ക് നിന്നു. ഭക്ഷണം ഒക്കെ വെളിയിൽനിന്ന് ഏതെങ്കിലും സമയം കഴിച്ചെങ്കിൽ ആയി. ഓഫീസിൽ ചെന്നാൽ ജോലി ശ്രദ്ധിക്കാതെയായി. ഫയലുകൾ മേശപ്പുറത്ത് കുന്നുകൂടി കൊണ്ടിരുന്നു. പല ദിവസങ്ങളിലും വില്ലേജ് ഓഫീസർ വിളിച്ച് വഴക്കു പറച്ചിൽ പതിവായി. ഇതിനിടയിൽ ഒരു ദിവസം ചേട്ടൻറെ അടുത്ത് ചെന്ന് ഒരു ലോൺ എടുക്കാൻ സ്ഥിരം അഡ്രസ്സ് ഉള്ള ഒരാളുടെ അക്കൗണ്ട് നമ്പർ വേണം എന്ന് പറഞ്ഞു. ചേട്ടൻറെ അക്കൗണ്ട് നമ്പർ ഞാൻ വാങ്ങി, ദിവസങ്ങൾ അങ്ങനെ നീങ്ങി. മുടിയും താടിയും വളർന്നു, സീതക്കും ചേട്ടനും ചേച്ചിക്കും ഞാൻ പിടികൊടുക്കാതെ നടന്നു. സീതയെ എന്നിൽ നിന്നും എത്രയും പെട്ടെന്ന് അകറ്റാൻ വേണ്ടിയാണ്. പോകെപ്പോകെ റൂമിൽ ചെല്ലാത്ത അവസ്ഥയായി. എൻറെ രണ്ടു വണ്ടികളും ക്വാളിസും splendor ഉം ആരുമറിയാതെ കച്ചവടം ചെയ്തു. കാർ എടുക്കാൻ വാങ്ങിയവർ ചെന്നപ്പോഴാണ് അവർ അറിയുന്നത്. എന്നെ തിരക്കി സീതയും ചേട്ടനും പല ദിവസങ്ങളിൽ ഓഫീസിൽ വന്നെങ്കിലും ഞാൻ അവിടെ ഉണ്ടായിരുന്നില്ല. രാത്രിയിലെ കിടപ്പ് തമ്പാനൂർ ബസ്റ്റാൻഡ് ലേക്ക് മാറ്റി. ഇടക്ക് ഉച്ചനേരത്ത് റൂമിൽ ചെന്ന് ആരും കാണാതെ ഇട്ടിരുന്ന ഡ്രസ്സ് കഴുകിയിട്ട് മറ്റൊന്ന് ഇട്ട് റൂം പൂട്ടി പോരും. വണ്ടി വിറ്റ് കിട്ടിയ കാശ് ബാങ്കിൽ ഇട്ടു. ഓഫീസിൽ എന്നെപ്പറ്റിയുള്ള പരാതികൾ കൂടിക്കൊണ്ടിരുന്നു. എപ്പോഴും ചേട്ടൻ എന്നെ അന്വേഷിച്ച് ഓഫീസിൽ ചെന്നപ്പോൾ, എൻറെ പറ്റിയുള്ള പരാതികളുടെ ഒരു കൂമ്പാരം ആണ് ചേട്ടൻറെ മുമ്പിലേക്ക് അവർ നിരത്തിയത്. എന്നെ അന്വേഷിച്ച് ചേട്ടൻ പല ഭാഗത്തും നടന്നു. സുധിയെ വിളിച്ചു ചോദിച്ചു. എൻറെ ഫോൺ ചാർജ് ചെയ്യാത്തതിനാൽ ഓഫ് ആയി പോയിരുന്നു. അങ്ങനെ ഞാൻ ഒരു തീരുമാനത്തിൽ എത്തി. ഈ നാടുവിടുക. ആ തീരുമാനത്തിൽ ഉറച്ചു. എന്നെ ബാങ്കിൽ ഉണ്ടായിരുന്ന പൈസ മുഴുവൻ, വണ്ടി വിറ്റ പൈസ ഉൾപ്പെടെ ചേട്ടൻറെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിറ്റേന്ന് ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് അമ്മൂമ്മയെ കണ്ടപ്പോൾ.
അമ്മുമ്മ: എന്തു കോലം ആണെടാ ഇത്. നീയിപ്പോൾ കുളിക്കുകയും ജപിക്കുകയോ ഒന്നുമില്ലേ. മുടിയും താടിയും വളർന്ന ഏതോ ഭ്രാന്തനെ പോലെ ആയല്ലോ. എന്തു പറ്റിയെടാ നിനക്ക്.
ചിറ്റക്കും ഇതേ പരാതി തന്നെയായിരുന്നു. രണ്ട് ദിവസം അവിടെ നിന്നു. എനിക്ക് അവസാനമായി പ്രകാശനെ കാണണമെന്നുണ്ടായിരുന്നു. ചിറ്റയുടെ അടുത്തുനിന്ന് പ്രകാശൻറെ നമ്പർ വാങ്ങി, ചിറ്റയുടെ ഫോണിൽ നിന്നും അവനെ വിളിച്ചു. അവൻ വീട്ടിൽ ഉണ്ടെന്നും അങ്ങോട്ട് വന്നാൽ കാണാൻ വന്നു പറഞ്ഞു. ഞാൻ പറഞ്ഞു അങ്ങോട്ട് വരുന്നില്ല. എന്തിനാ അങ്ങോട്ട് പോകണം എന്നെ ഈ അവസ്ഥയിൽ ആക്കിയത് അവളും അവളുടെ കുടുംബക്കാരും ആണ്. എനിക്ക് ആരോടും ഇനി ഒരു പ്രതിബദ്ധതയും ഇല്ല. എല്ലാം അവസാനിക്കട്ടെ,
എല്ലാവർക്കും സമാധാനം ആകട്ടെ. ഇത് ഇങ്ങനെ അവസാനിക്കുന്നതാണ് നല്ലത്. ഞാൻ പ്രകാശനെ കാണാൻ പോയില്ല, അവൻ ഇങ്ങോട്ടൊന്നും വന്നില്ല. തിരിച്ച് തിരുവനന്തപുരത്തേക്ക്. എന്നെ സ്നേഹിക്കുന്ന എല്ലാവരെയും ഞാൻ കണ്ടു. ഇനി ചേട്ടൻറെ വീട്ടുകാരെ കൂടി കാണണം. അവരാണല്ലോ എൻറെ മോശം സമയത്ത് രക്ഷിക്കാൻ ഉണ്ടായിരുന്നത്. രാത്രിയിൽ റൂമിൽ എത്തി. ഓഫീസിൽ കൊടുക്കാനുള്ള റിസൈൻ ലെറ്റർ എഴുതി വെച്ചു. പച്ച മലയാളത്തിൽ പറഞ്ഞാൽ ജോലി രാജിവെക്കുന്നു, എന്നിട്ട് നാടുവിടുന്നു. കട്ടിലിൽ കയറി കിടന്നു. ഈ വീട്ടിലെ അവസാനത്തെ രാത്രി. നാളെ കാലത്തെ ചേട്ടൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് എല്ലാവരെയും കണ്ടു. ഇവിടെനിന്ന് കിട്ടുന്നവർ ട്രെയിനിൽ കയറി പോകണം. എന്നാൽ കുറച്ച് തീരുമാനത്തിൽ ഉറങ്ങി.