കിളിക്കൂട് Part 19

അവർ മൂന്നു പേരും അടുക്കളയിലേക്ക് പോയി. പുറത്ത് മഴ തകർത്തു പെയ്യുകയാണ്. നല്ല തണുപ്പും യാത്ര ചെയ്ത് ക്ഷീണവും കൊണ്ട് കിടക്കണമെന്ന് കുറച്ചു നേരമായി ചിന്തിക്കുന്നു. മഴയായതുകൊണ്ട് കരണ്ട് പോകുമെന്ന സംശയം ഉള്ളതിനാൽ പെട്ടെന്ന് ആഹാരം കഴിച്ച് എല്ലാവരും എഴുന്നേറ്റു. ഞാൻ നോക്കുമ്പോൾ അതാ വെള്ളത്തിൽ വീണ കോഴിയെപ്പോലെ കിളി തൂങ്ങി നിൽക്കുന്നു. അപ്പോഴേക്കും സീത വന്നു.
സീത: അണ്ണാ ചേച്ചിക്ക് തണുക്കുന്നു ഉണ്ടെന്ന് തോന്നുന്നു എന്നാൽ നിങ്ങൾ പോയി കിടക്കു.
അതു പറയാൻ ഞങ്ങൾ ബാഗ് വെച്ച് റൂമിലേക്ക് ചൂണ്ടികാണിച്ചു. ഞങ്ങൾ ആ റൂമിൽ കയറി വാതിൽ അടച്ചു. അകത്തു കയറിയ ഉടനെ കിളി കട്ടിലിൽ കയറി ഷീറ്റ് എടുത്ത് അടപടലം മൂടി കിടന്നു. ഞാൻ കിടന്നപ്പോൾ എൻറെ അടുത്തേക്ക് ചേർന്നു ഒരു പൂച്ചക്കുട്ടിയെ പോലെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇറുകി പുണർന്നു കിടന്നു.
കിളി: ഇങ്ങനെ തന്നെയാണ് നാളെയും എങ്കിൽ ഞാൻ ഒരു സ്ഥലത്തേക്കും ഇല്ല.
ഞാൻ: നല്ല തണുപ്പ് ഉണ്ടല്ലേ എൻറെ അടുത്തേക്ക് ചേർന്ന് കിടന്നോ.
എന്ന് പറഞ്ഞ് ഞാൻ അവളെ എന്നിലേക്ക് ചേർത്തു.

രാവിലെ തന്നെ രണ്ടുപേരും കുളിച്ച് റെഡിയായി, എന്നിട്ടാണ് എന്നെ വിളിച്ചു നോക്കിയത്. ഞങ്ങൾ എട്ടുമണിയോടെ വണ്ടിയിൽ കയറി യാത്ര പുറപ്പെട്ടു. ആദ്യം വേളി ബീച്ചിൽ എത്തി. ബീച്ചിൽ അധികം പോകാത്ത കിളി, കടൽ കണ്ടപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ തിരമാലകളിൽ കളിച്ചു, ഒപ്പം സീതയും. കുറെ നേരം അവിടെ കഴിച്ചുകൂട്ടി ഉച്ചക്കത്തെ ഭക്ഷണവും അവിടെ നിന്ന് കഴിച്ചു. നേരെ പൊന്മുടിയിലേക്ക് വിട്ടു, പോകുന്ന വഴി കയറ്റത്തിന് ഇടയിൽ അവിടെ അവിടെ ഇറങ്ങി അവിടെയെത്തുമ്പോൾ മൂന്നര. അവിടെ ചുറ്റിനടന്ന് കോഡ് വീഴുന്നതും കണ്ടാണ് തിരിച്ച് ഇറങ്ങിയത്. വീടെത്തുമ്പോൾ 9 മണി കഴിഞ്ഞു. പിറ്റേദിവസം ഉച്ചയ്ക്കത്തെ ഭക്ഷണം കഴിച്ചാണ് സീത ഞങ്ങളെ അവിടെനിന്നും വിട്ടത്. പോരുന്ന വഴി അമ്മൂമ്മയുടെ നിർബന്ധത്തിന് എറണാകുളത്ത് എൻറെ വീട്ടിൽ കയറി. അവിടെ അമ്മയും പെങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെങ്ങൾ ഞങ്ങളെ കണ്ടപ്പോൾ ഓടി വന്നു അമ്മ അത് കണ്ട് അവളെ അടിച്ചു ഓടിച്ചു.
അമ്മ: നീ എന്നെ ഉദ്ദേശിച്ചാണ് ഇങ്ങോട്ട് വന്നത് നിൻറെ ആരും ഇവിടെയില്ല. എൻറെ മകൻ നേരത്തെ മരിച്ചുപോയി. ഇനി നീയോ ഞാനോ മരിച്ചാൽ അങ്ങോട്ടുമിങ്ങോട്ടും വരുകയോ പോവുകയൊ ഇല്ല.
ഇതു കേട്ടതോടെ കിളി പൊട്ടിക്കരയാൻ തുടങ്ങി.

ഞാൻ: ഇതൊന്നും കണ്ട് ഒന്നും അല്ല മോളെ നിന്നെ ഞാൻ കല്യാണം കഴിച്ചത്. ഞാനും നീയും മാത്രമേ ഉള്ളൂ. ഇത് കേട്ടിട്ട് നീ കരയണ്ട.
ഞങ്ങൾ അവിടെനിന്നും വണ്ടിയിൽ കയറി യാത്ര തിരിച്ചു. വരുന്ന വഴി മുഴുവൻ അവൾ കരയുകയായിരുന്നു. ഞാൻ അവളെ സമാധാനിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണിൽ ഹോട്ടൽ കാവേരി രാത്രി ഭക്ഷണവും കഴിച്ച് അമ്മമാർക്കുള്ള രണ്ടു പാർസൽ വാങ്ങി വീടെത്തുമ്പോൾ 9:00 മണി.
പിറ്റേദിവസം ചായകുടിക്കാൻ ഇരിക്കുമ്പോൾ അമ്മമാർ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി
അമ്മ: നിങ്ങൾക്ക് ഈ പോക്കിൽ അമ്പലങ്ങളിൽ ഒന്നും കയറാൻ പറ്റിയില്ല അല്ലേ? നിങ്ങളോട് പറഞ്ഞതല്ലേ വേറൊരു ദിവസം പോകാം എന്ന്. കല്യാണത്തിന് അന്ന് വൈകുന്നേരം തന്നെ പുറത്തായ കാര്യം കിളി എന്നോട് പറഞ്ഞു.
ഞാൻ: ഇനി ഞങ്ങൾ തിരുവനന്തപുരത്തേക്ക് അല്ലേ പോകുന്നത് അപ്പോൾ അമ്പലത്തിൽ പോകാൻ സമയമുണ്ടല്ലോ?
അമ്മൂമ്മ: എടാ മോനെ ഇനി എന്താ നിൻറെ പരിപാടി? ഇവളെ എപ്പോഴാണ് നീ കൊണ്ടുപോകുന്നത്.
ഞാൻ: ഇന്ന് ഞാൻ പോയി അവിടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങി ഈ ആഴ്ച തന്നെ ഞാൻ തിരിച്ചു വരും എന്നിട്ട് അടുത്തദിവസം തന്നെ ഞങ്ങൾ തിരിച്ചു പോകും.
അമ്മുമ്മ: ഗൾഫിൽ നിന്നും അവൻ സുബ്രഹ്മണ്യനെ വിളിച്ചിരുന്നു, നിങ്ങളോട് പെട്ടെന്ന് ഇവിടെ നിന്നും മാറണം എന്നാണ് അവൻ പറയുന്നത്. എനിക്ക് അവൻ പറയുന്നത് കേൾക്കാൻ അല്ലേ പറ്റൂ.
അമ്മ: ഏതായാലും ഒരാഴ്ചത്തെ കാര്യമല്ലേ ഞാൻ കൊണ്ടുപോയി കൊള്ളാം. മോൻ പോയി അവിടെ ഉള്ള കാര്യങ്ങൾ ഒക്കെ ശരിയാക്കി വേഗം തിരിച്ചു വാ.
ഞാൻ: ഇവളെ കൊണ്ട് അങ്ങോട്ട് ചെല്ലാൻ അവർ സമ്മതിക്കുമോ?
അമ്മ: അത് ഓർത്ത് മോൻ വിഷമിക്കേണ്ട ഞാൻ പറഞ്ഞു ശരിയാക്കി കൊള്ളാം. മോൻ ഞങ്ങളെ ഒന്ന് അവിടെ എത്തിച്ചു തന്നാൽ മതി.
രാവിലത്തെ കാപ്പികുടിയും കഴിഞ്ഞ് ഞാൻ അമ്മയെയും മകളെയും അവരുടെ വീട്ടിൽ എത്തിച്ചു. അച്ഛനെ കണ്ട് അനുഗ്രഹവും വാങ്ങി തിരിച്ച് ഇരിങ്ങാലക്കുട ടൗണിൽ എത്തിയപ്പോൾ ഞങ്ങളുടെ കൂട്ടുകാരൻ രജിസ്റ്റർ ഓഫീസിൽ വർക്ക് ചെയ്യുന്ന അവനെ വിളിച്ചു, രജിസ്ട്രേഷൻ കാര്യം ചോദിച്ചപ്പോൾ. ഏതോ ബഹളത്തിനിടയിൽ നിൽക്കുന്നതുപോലെ ആണ് അവൻ സംസാരിക്കുന്നത് കേട്ടത്. രജിസ്ട്രേഷനിൽ എന്തോ ഒബ്ജക്ഷൻ ഉണ്ടെന്ന് അവൻ പറഞ്ഞത് പോലെ എനിക്ക് തോന്നി, ബഹളത്തിനിടയിൽ ആയതുകൊണ്ട് ഒന്നും ക്ലിയർ അല്ലാത്തതിനാൽ അവൻ എവിടെയാണെന്ന് ഞാൻ അന്വേഷിച്ചു. ആ സ്ഥലം കണ്ടെത്തി അവിടെ ചെന്ന് അവനെ അന്വേഷിച്ചെങ്കിലും, അവനെ കണ്ടെത്താനായില്ല. പിന്നെ ഫോൺ ചെയ്തിട്ട് എടുത്തതും ഇല്ല. അവനെ അന്വേഷിച്ചു നടന്ന സമയം പോയത് അറിഞ്ഞില്ല, സമയം വൈകുന്നേരം ആറര കഴിഞ്ഞിരിക്കുന്നു. ടൗണിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിനു മുമ്പ് കിളിയെ വിളിച്ച് വിവരങ്ങൾ പറഞ്ഞു. അവിടെ എത്തിയിട്ട് വിളിക്കാം

എന്നും പറഞ്ഞു. മൂന്നുനാല് ദിവസം തുടർച്ചയായുള്ള യാത്രയാലും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാത്തത് ക്ഷണത്താലും യാത്രയ്ക്കിടയിൽ ഒന്ന് രണ്ട് തവണ കണ്ണടഞ്ഞു പോയി. ഇടയ്ക്ക് ഒരു തട്ടുകടയിൽ നിർത്തി ഒരു കട്ട നടിച്ച് വീണ്ടും യാത്ര തുടർന്നു. വീണ്ടും ഉറക്കം തോന്നിയതിനാൽ വണ്ടി ഒരു സൈഡിൽ ഒതുക്കി കയ്യിലുണ്ടായിരുന്ന കുപ്പിവെള്ളം കൊണ്ട് മുഖം കഴുകുകയും കുടിക്കുകയും ചെയ്തു. യാത്രയ്ക്കിടയിൽ സീത വിളിച്ചിരുന്നു, അപ്പോഴാണ് സമയത്തിൻറെ കാര്യം ബോധ്യമായി ബോധമുണ്ടായത്, 11 മണി. നോക്കുമ്പോൾ കൊല്ലം ജില്ല കഴിയാറായി ഇരിക്കുന്നു. ഞാൻ സീതയോട് ഈ വിവരം പറഞ്ഞു, ഏതാണ്ട് രണ്ടു മണിക്കൂറിനുള്ളിൽ ഞാൻ എത്തും എന്ന് പറഞ്ഞു. വരുമ്പോൾ വിളിക്കണം എന്നും സീത പറഞ്ഞു. വണ്ടി സാവധാനമാണ് ഓടിച്ചത്. നീണ്ട ഹോൺ അടിയും കണ്ണിലേക്ക് വെളിച്ചം അടിച്ചപ്പോൾ ആണ്, ബോധം വന്നത് ഞാൻ ഉറങ്ങുകയായിരുന്നു. വലിയൊരു ശബ്ദം പിന്നെ നിശ്ചലം.

നേരിയ ഒരു ഓർമ്മയിൽ എവിടെയോ കിടക്കുകയാണ് ഞാൻ.പീക്……. പീ…… എന്ന ശബ്ദങ്ങൾ കേൾക്കുന്നു. വെള്ള ഉടുപ്പിട്ട മാലാഖമാർ നീന്തി നടക്കുന്നു. മാലാഖ മാരിൽ ചിലരൊക്കെ എൻറെ അടുത്ത് വന്നിട്ട് പോകുന്നുണ്ട്. വീണ്ടും ഇരുട്ട് -………

പിന്നെ ബോധം വരുമ്പോൾ നേരിയ കാഴ്ചയിൽ ഒരു സിസ്റ്റർ ട്രിപ്പ് മാറുന്നതാണ് കണ്ടത്. എന്താണ് എനിക്ക് സംഭവിച്ചത്? എവിടെയാണ് ഞാൻ? ഒന്നും ഓർമ്മയില്ല. ഞാൻ എന്ന ഒരു വസ്തു ഇവിടെ ഒരു സ്ഥലത്ത് കിടക്കുന്നു എന്നല്ലാതെ എനിക്ക് ശരീരം തന്നെ ഉണ്ടോ എന്നു സംശയമാണ്. കണ്ണുകൾ തന്നെ മര്യാദയ്ക്ക് തുറക്കാൻ സാധിക്കുന്നില്ല. വായ എന്നൊരു വസ്തു അല്ല തലതന്നെ ഉണ്ടോ എന്ന് സംശയമാണ്. അങ്ങനെ എത്ര ദിവസം കിടന്നു എന്നറിയില്ല. സിസ്റ്റർമാർ തമ്മിൽ പറയുന്നത് കേട്ടപ്പോഴാണ് അത് ഐസിയു ആണെന്ന് മനസ്സിലായത് എല്ലാദിവസവും രണ്ടുനേരം ചേട്ടനും സുധിയും സീതയും മാറി മാറി കയറി എന്നെ കാണാറുണ്ട്. പക്ഷേ ഞാൻ ഉദ്ദേശിച്ച ആൾ ഇതുവരെ കണ്ടില്ല. എൻറെ പെണ്ണ് കിളി. അവിടെ അവൾ ഇത് അറിഞ്ഞില്ലേ? അല്ലെങ്കിൽ പുറത്തു ഉണ്ടാകുമായിരിക്കും. എന്നെ ഈ കോലത്തിൽ കാണേണ്ട എന്ന് വിചാരിച്ച് കയറാത്തത് ആയിരിക്കും. ആരോട് ചോദിക്കാൻ എങ്ങനെ ചോദിക്കാൻ? വായയുടെ ഉള്ളിൽ എന്തോ ഇരിക്കുന്നതുപോലെ. എത്ര ദിവസം അവിടെ കിടന്നു എന്ന് ഓർമ്മയില്ല. ഒരു ദിവസം എന്നെ റൂമിലേക്ക് മാറ്റി, അപ്പോൾ റൂമിൽ ചേച്ചിയും ചേട്ടനും സുധിയും സീതയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറെ ആരെയും അവിടെ കണ്ടില്ല. വായിൽ വച്ചിരുന്ന ആ കുന്ത്രാണ്ടം എടുത്തു മാറ്റിയെങ്കിലും എനിക്ക് സംസാരിക്കാൻ പറ്റുന്നില്ല. വായ തുറക്കുമ്പോൾ നല്ല

വേദന. പിന്നീട് അവിടെ നിന്നത് സീതയും ചേട്ടനും സുധിയുമാണ്. മിക്കവാറും ഉണ്ടായിരുന്നത് ചേട്ടനും സീതയും. സുധി ഏതെങ്കിലും ദിവസം പകല് വന്നു പോകുമായിരുന്നു. ഇടയ്ക്ക് ഒന്നുരണ്ട് തവണ അമ്മുമ്മയും ചിറ്റയും കുഞ്ഞച്ചനും കൂടി വന്നിട്ടുണ്ടായിരുന്നു. അവർ വന്നപ്പോൾ ഞാൻ കിളിയെ പ്രതീക്ഷിച്ചു, കാണാത്തതിനാൽ എനിക്ക് വിഷമം ഉണ്ടായിരുന്നു. ഈ സമയത്ത് എൻറെ അരികിൽ നിന്ന് ശുശ്രൂഷിക്കേണ്ട അവൾ എവിടെയാണാവോ? ഒന്നു ചോദിച്ചറിയാൻ എന്തു ചെയ്യും. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോകവേ ഒരു ദിവസം എന്നെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം പറഞ്ഞു. ഡിസ്ചാർജ് ചെയ്തത് ഞാൻ എങ്ങോട്ട് പോകും, ആലോചിച്ചിട്ട് ഒരു അന്തവുമില്ല. ചേട്ടൻ പോയി ആംബുലൻസ് വിളിച്ചു കൊണ്ടുവന്നു, എന്നെ അതിൽ കയറ്റി സുധിയും സീതയും ചേട്ടനും അതിൽ കയറി. ഞാൻ സുധിയെ നോക്കി, എനിക്ക് സംസാരിക്കാൻ പറ്റുമായിരുന്നെങ്കിൽ….. ആംബുലൻസ് പോയി നിന്നത് ചേട്ടൻറെ വീട്ടിൽ ആണ്. അവിടെ അന്ന് ഞങ്ങൾ കിടന്നിരുന്ന മുറിയിൽ എന്നെ കൊണ്ടുപോയി കിടത്തി. കുറേനേരം സുധി എൻറെ ഒപ്പം ഇരുന്നു. വൈകുന്നേരം ആയപ്പോൾ അവൻ തിരിച്ച് പോയി. സീത മുറിയിലേക്ക് വന്നു.
സീത: അണ്ണാ, പൊടിയരി കഞ്ഞി എടുക്കട്ടെ.
ഞാൻ വേണ്ട എന്ന് കണ്ണടച്ചു കാണിച്ചു.
സീത: അതു പറഞ്ഞാൽ പറ്റില്ല വിശപ്പ് ഉണ്ടാവും രാവിലെ കഴിച്ചതല്ലേ. മരുന്നൊക്കെ കഴിക്കാൻ ഉള്ളതാണ്.
സീത പോയി കഞ്ഞി എടുത്തുകൊണ്ടുവന്ന് എന്നെ പൊക്കി തലയണ എടുത്ത് വെച്ച് ചാരി ഇരുത്തി, എൻറെ അരികിൽ ഇരുന്നു സാവധാനം കോരിത്തന്നു. അതിനുശേഷം കിടക്കാൻ നേരം ചേട്ടൻ റൂമിലേക്ക് വന്നപ്പോൾ
സീത: അച്ഛൻ ഇന്നലെ രാത്രി നിന്നതല്ലേ, ഞാൻ ഇരുന്നോളാം അണ്ണൻറെ കൂടെ.
ചേട്ടൻ പോയി സീത വാതിൽ ചാരി, കസേരയെടുത്ത് ബെഡിനരികിൽ ഇട്ടു. എന്നിട്ട് എന്നെ പുതപ്പിച്ചിരിക്കുന്നു ബെഡ്ഷീറ്റ് എടുത്തുമാറ്റി ബെഡ് പാൻ വെച്ചു. കുറച്ചുകഴിഞ്ഞ് എൻറെ മുഖത്തേക്ക് നോക്കി കഴിഞ്ഞു എന്ന് മനസ്സിലായപ്പോൾ അതെടുത്ത് ബാത്റൂമിലേക്ക് പോയി. തിരിച്ചുവന്നു കസേരയിലിരുന്നു. ഞാൻ സീതയെ നോക്കുമ്പോൾ, എൻറെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്. സീതാ കണ്ണുകൊണ്ട് എന്താണ് എന്ന് ചോദിച്ചു? എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി.
സീത: എന്തിനാണ് കരയുന്നത്? ഞങ്ങളൊക്കെ ഇല്ലേ, എൻറെ അണ്ണനെ ഞാൻ നോക്കിക്കോളാം.
സീത എൻറെ കണ്ണുതുടച്ചു. പിന്നീടുള്ള ദിവസങ്ങൾ ഇതൊക്കെ തന്നെ ആവർത്തിച്ചു. എൻറെ എല്ലാ കാര്യങ്ങളും നോക്കി ചെയ്തിരുന്നത് സീതയായിരുന്നു, പിന്നെ ചേട്ടനും. ഇതിനിടയിൽ രണ്ടുമൂന്നു തവണ അമ്മുമ്മയും ചിറ്റയും വന്നുപോയി. ആദ്യ തവണ വരുമ്പോൾ ചേട്ടനോട്
അമ്മുമ്മ: ഞങ്ങൾ, മോനെ ഇവിടെ നിന്നും കൊണ്ടു പോകാം എന്ന് കരുതിയാണ് വന്നിരിക്കുന്നത്.
ചേട്ടൻ: അത് വേണ്ടമ്മെ. ഇവിടെ ആകുമ്പോൾ ഡോക്ടറെ കാണിക്കാൻ എളുപ്പമാണ്.
അമ്മൂമ്മ: നിങ്ങൾക്ക് അതൊരു ബുദ്ധിമുട്ട് ആകില്ലേ?

ചേട്ടൻ: ഇത്രയും ദിവസം ഇല്ലാത്ത ബുദ്ധിമുട്ട് ഇനിയെങ്ങനെ?
പിന്നെ അമ്മുമ്മക്ക് മറുപടിയുണ്ടായില്ല. ഇതൊക്കെ കേട്ടുകൊണ്ടാണ് സീത മുറിയിലേക്ക് വന്നത്. എൻറെ മുഖത്തേക്ക് സീത നോക്കിയപ്പോഴാണ് ഞാൻ കരയുന്നത് കാണുന്നത്. അല്ലേ കണ്ണിൽ ഒക്കെ തുടച്ചു കളഞ്ഞു.
സീത: അച്ഛാ, ഇതുപോലുള്ള വർത്തമാനം ഒക്കെ അപ്പുറത്ത് പോയി ഇരുന്നു സംസാരിക്കു.
ആ സംസാരം അവിടം കൊണ്ട് തീർന്നു. ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോകവേ എഴുന്നേറ്റ് ഒരാൾ പിടിച്ചാൽ നടക്കാം എന്ന അവസ്ഥയായി. അപ്പോഴും ക്ലാസിൽ നിന്നും വന്നാൽ സീത യാണ് എൻറെ കൂടെ നിൽക്കുന്നത്. പകലൊക്കെ ചേട്ടൻ ജോലിക്ക് പോയാലും ഇടക്കിടക്ക് വന്ന് എന്നെ നോക്കാറുണ്ട്. പിന്നീട് അമ്മയും ചിറ്റയും കൂടിവന്നപ്പോൾ എനിക്ക് സംസാരിക്കാം എന്നൊരു കണ്ടീഷനായി.
ഞാൻ: നിങ്ങൾ വന്നപ്പോൾ കിളിയെ കൂടി കൊണ്ടുവരാം ആയിരുന്നില്ലേ?
ചിറ്റ: ഏതു കിളി, ആ കിളിയൊക്കെ പണ്ടേ പറന്നു പോയില്ലേ മോനെ.
ഞാൻ മനസ്സിലാകാതെ ചിറ്റയുടെ മുഖത്തുനോക്കി.
ചിറ്റ: ഇവർ ഒന്നും നിന്നോട് പറഞ്ഞില്ലേ? അവളുടെ കല്യാണം കഴിഞ്ഞു. ആ ഷിബുവുമായി, ഒരു മാസം കഴിഞ്ഞു.
ഇത് കേട്ടുകൊണ്ടാണ് സീത വന്നത്.
ഞാൻ: അതെങ്ങനെ ഞങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞതാണല്ലോ?
സീത: അണ്ണാ അത് ഒബ്ജക്ഷൻ ആയി. കിളിയുടെ അച്ഛൻ തന്നെ ഒബ്ജക്ഷൻ കൊടുത്തു. പിന്നെ അത് ഫോർവേഡ് ചെയ്യാൻ അണ്ണൻ ആശുപത്രിയിലായി പോയില്ലേ? അതുകൊണ്ട് അത് അപ്രൂവ് ആയില്ല. പിന്നെ ചേച്ചിക്കും കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു ആ കല്യാണത്തിന്.
എന്തൊക്കെ നാടകങ്ങളായിരുന്നു അവൾ നടത്തിയിരുന്നത്. അവളുടെ ശരീരത്തിൽ മുഴുവൻ അവൻ്റെ അഴുക്ക് ആണെന്ന് പറഞ്ഞു എന്നെ കൊണ്ട്………. പോട്ടെ. ദിവസങ്ങൾ നീങ്ങി പതിയെ നടന്നു തുടങ്ങി, അതിൻറെ ക്രെഡിറ്റ് മുഴുവൻ സീതക്കാണ്. ഒരു ദിവസം ഞാനും ചേട്ടനും കൂടി ഓഫീസിൽ പോയി ഇതുവരെയുള്ള ലീവ് മെഡിക്കൽ ആക്കാൻ ഉള്ള ലെറ്റർ കൊടുത്തു. അടുത്ത തിങ്കളാഴ്ച മുതൽ ജോലിക്ക് പോയി തുടങ്ങി. നടക്കുമ്പോൾ കാലിന് ചെറിയ വേദനയും വൈകിട്ട് ആകുമ്പോൾ നീരും ഉണ്ടാകാറുണ്ട്. വൈകിട്ട് വീട്ടിൽ വന്നാൽ സീത കുഴമ്പ് ഇട്ട് വെള്ളം ചൂടാക്കി പിടിച്ചു തരും. അങ്ങനെ ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഇപ്പോൾ കാലൊക്കെ റെഡിയായി, ഞാൻ ഇവിടെയൊക്കെ സഞ്ചരിക്കാൻ ഒരു ടൂവീലർ സ്പ്ലെൻഡർ വാങ്ങിയിട്ടുണ്ട്. ഇടിച്ച വണ്ടി നന്നാക്കി അതു കൊടുത്തു, സീതയുടെയും ചേട്ടനെയും നിർബന്ധത്തിനു വഴങ്ങി വേറൊരു വണ്ടി ക്വാളിസ് വാങ്ങി. എന്നാലും ഉച്ചകഴിഞ്ഞ് വൈകിട്ട് നാട്ടിൽ പോവുകയാണെങ്കിൽ സീത വണ്ടി തന്ന് വിടാറില്ല. നാട്ടിൽ അധികം അങ്ങനെ പോകാറില്ല, രണ്ടുമൂന്നു മാസം എത്തുമ്പോൾ അമ്മൂമ്മയെ കാണാൻ പോകും പിറ്റേ ദിവസം ഇങ്ങോട്ട് തിരിച്ചു പോരും. അങ്ങനെ ഓണം അവധിക്ക്

നാട്ടിലേക്ക് വണ്ടിയുമായി ഞാൻ പോയി, പോകുന്ന വഴി കുറച്ച് പർച്ചേസ് നടത്തുന്നതിന് വേണ്ടിയാണ് വണ്ടി എടുത്തത്. അമ്മൂമ്മയ്ക്കും ചിത്രയ്ക്കും കുഞ്ഞച്ചനും പിള്ളേർക്കും പെങ്ങൾക്കും ഡ്രസ്സുകൾ എടുത്തു. പോകുന്നവഴി വീട്ടിൽ കയറി പെങ്ങൾക്കുള്ള ചുരിദാർ കൊടുക്കാൻ. ചെന്നപ്പോൾ എന്നെ കണ്ടതും ഞങ്ങൾ ഓടി വന്നു, പുറകെ അമ്മയും. പെങ്ങളുടെ പുറത്തു നിന്ന് ഡ്രസ്സ് കൊടുത്തു.
അമ്മ: കയറി വാടാ.
ഞാൻ ഗൗനിക്കാതെ വണ്ടിയുടെ അടുത്തേക്ക് നടന്നു. ചിറ്റയുടെ വീട്ടിൽ ചെന്ന് അവർക്കൊക്കെ ഡ്രസ്സ് കൊടുത്തു. കഴിഞ്ഞ വർഷം ഇതേ സമയം അമ്മാവൻറെ വീട്ടിൽ കിളിയോടൊപ്പം ആയിരുന്നു. ഇപ്പോൾ അവൾ എവിടെയാണാവോ? രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് അമ്മ ഒരു കാര്യം പറയുന്നത്.
അമ്മൂമ്മ: എടാ മോനെ, പ്രദീപിന് മഴയുള്ള ഒരു ദിവസം ജോലി കഴിഞ്ഞു വരുന്ന വഴി വണ്ടിയുടെ മുകളിലേക്ക് മുകളിലേക്ക് മരം വീണ് നടക്കാൻ വയ്യാതെ കിടപ്പിലാണ്. നീ ഒന്നു പോയി അവൻ ഒന്നു കാണു.
ഞാൻ: എന്തിന്, അവൻ അന്ന് അവിടെ വന്നു കാണിച്ച പെർഫോമൻസ് ഒക്കെ അമ്മൂമ്മ കണ്ടതല്ലേ? അതുമല്ല കിളിയുടെ ഈ കല്യാണം നടത്താൻ ഏറ്റവും മുൻപന്തിയിൽ നിന്നത് അവനായിരിക്കും.
അമ്മൂമ്മ: അവൻ എന്തൊക്കെ ചെയ്താലും ഇപ്പോൾ നീ അതൊന്നും കാണിക്കരുത്.
ഞാൻ: ഞാൻ ഇവിടെ വന്ന് കാര്യം ആരും അറിയുന്നില്ല ഞാൻ അടുത്ത ദിവസം തന്നെ പോകും.
അമ്മൂമ്മ: എടാ അവളുടെ അമ്മ, എൻറെ അനിയത്തി ഇക്കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു. നിൻറെ വിശേഷം ഒക്കെ ചോദിച്ചു. ഞാനപ്പോൾ പറഞ്ഞു അവൻ ഓണത്തിനെത്തും ആയിരിക്കുമെന്ന്.
ഞാൻ: എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കേസ് ആണ് എന്നാലും അമ്മൂമ്മ പറഞ്ഞ സ്ഥിതിക്ക് ഞാൻ നാളെ അവിടെ വരെ ഒന്ന് പോകാം.
പിറ്റേന്ന് രാവിലെ കാപ്പികുടിയും കഴിഞ്ഞ് വണ്ടിയുമെടുത്ത് പ്രദീപ് അങ്കിളിനെ കാണാൻ പോയി. പോകുംവഴി അവിടെയുള്ള രണ്ടു കുട്ടികൾക്ക് ഡ്രസ്സ് എടുത്തു. പ്രദീപ് അങ്കിളിൻ്റെ വീട്ടിൽ കയറിച്ചെല്ലുമ്പോൾ സിറ്റൗട്ടിൽ ഷിബുവും കിളിയുടെ അച്ഛനുമമ്മയും ഇരിപ്പുണ്ട് അവർ എന്തോ കണക്കു പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നെ കണ്ടപ്പോൾ നിർത്തി ഞാൻ അകത്തേക്ക് കയറി പോയപ്പോൾ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. അങ്കിളിൻറെ റൂമിൽ ചെല്ലുമ്പോൾ കട്ടിലിൽ ക്ഷീണിച്ച് അവശനായി കിടക്കുന്ന ഒരാൾ. എന്നെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. വീണ്ടും പുറത്ത് കണക്കു പറച്ചിലിൻ്റെ ശബ്ദം കേട്ടു തുടങ്ങി. ഈ കിടക്കുന്ന ആൾക്ക് വേണ്ടി ആശുപത്രിയിൽ ചെലവാക്കിയ പൈസയുടെ കണക്ക് ആണ് പറയുന്നത്. ഞാൻ അങ്കിളിൻറെ അരികിലിരുന്നു.
അങ്കിൾ: സുഖമല്ലേ?
ഞാൻ: അതെ, അമ്മൂമ്മ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്.
അപ്പോഴേക്കും പ്രകാശൻ എത്തി, കുറച്ചുകഴിഞ്ഞ് പ്രകാശൻ എന്നെയും വിളിച്ചു പുറത്തേക്കിറങ്ങി. തറവാട്ടിലേക്ക് നടക്കുന്ന വഴി അങ്കിളിനെ വീടിൻറെ പുറകിൽ ഷീമയും കിളിയും സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു. ആള് ക്ഷീണിച്ച് ഇപ്പോൾ ആ ഉണ്ട കണ്ണുമാത്രം മുഖത്തുണ്ട്. തറവാട്ടിൽ പോയിരുന്നു സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ

പ്രകാശൻ: എടാ നീ കണ്ടില്ലേ, ഇതൊക്കെയാണ് അവിടുത്തെ അവസ്ഥ. അവൾ എങ്കിലും നിൻറെ കൂടെ വന്നിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇവരൊക്കെ കൂടി തന്നെയാണ് അവളെ ഈ ഗതിയിൽ ആക്കിയത്. നീ ആസ്പത്രികൾ കിടന്ന സമയത്ത് അവൾ ഒരുപാട് നിർബന്ധിച്ചാണ് നിൻറെ അടുത്തേക്ക് വരാൻ. അപ്പോൾ അവർ നീ മരിച്ചു പോയി കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം രജിസ്റ്റർ ആകാത്തതിനാൽ ഒരു ജോലി പോലും കിട്ടില്ല. നിന്നെ കിട്ടിയാൽ തന്നെ ഏത് കോലത്തിൽ ആണ് കിട്ടുന്നത് എന്നുമറിയില്ല, നിൻറെ വിധി കണ്ടവരാരും ഉണ്ടാകില്ല. അവൻറെ വീട്ടുകാർ പോലും എതിരാണ്. എന്നൊക്കെ പറഞ്ഞ് ഒരുപാട് നിർബന്ധിച്ച് അവളുടെ മനസ്സു മാറ്റി. പക്ഷേ ഒരു വാക്ക് അവൾ എൻറെ കൂടെ തന്നെ നൽകുകയുള്ളൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിങ്ങളെ നോക്കിയേനെ. എല്ലാവരും ആ ഷിബുവിനെ പണത്തിൽ മയങ്ങിപ്പോയി, അവൾ പോലും. ഇവിടെ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. അവിടെ എൻറെ കാര്യങ്ങളൊക്കെ നോക്കുന്നത് ഒരു പെൺകുട്ടിയാണെന്ന്. അവൾക്ക് നിന്നോട് ഒരു ബന്ധവുമില്ല എങ്കിലും, അവൾ നിന്നെ ശുശ്രൂഷിച്ചു ഈ നിലയിലാക്കി. ഇവിടെ സ്വന്തം ഭാര്യ, ചേട്ടൻറെ മൂത്രവും മലവും എടുക്കുന്നത് വെറുപ്പോടെയാണ്.
അങ്ങനെ വർത്തമാനം പറഞ്ഞ് ഞങ്ങൾ തിരിച്ച് അങ്കിളിനെ വീട്ടിലേക്ക് നടന്നു. അപ്പോഴും അവറ് വീടിൻറെ പുറകിൽ നിന്ന് വർത്തമാനം പറയുന്നുണ്ട്. ഞങ്ങൾ പാസ് ചെയ്തപ്പോൾ ഷീമ പറയുന്നു. എൻറെ മേത്ത് നിന്ന് മണം വിട്ടുപോകുന്നില്ല. ഞാൻ അങ്കിളിനെ മുറിയിലേക്ക് ചെല്ലുമ്പോഴും സിറ്റൗട്ടിൽ നല്ല ചർച്ചകൾ ആണ്. അങ്കിൾ എൻറെ കയ്യിൽ 5000 രൂപ കൊടുത്തപ്പോൾ, വേണ്ട എന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ച് ഞാൻ കൊടുത്തു. വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ കിളിയേ നെ ഏന്തിവലിഞ്ഞു നോക്കുന്നുണ്ട്. ഓണം കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തേക്ക് തിരിച്ച് യാത്ര ചെയ്തു. റൂമിലെത്തി കുളിച്ച് ഫ്രഷായി ചേട്ടൻറെ വീട്ടിലേക്ക് വന്നു. വീട്ടിലെ വിശേഷങ്ങൾ തിരക്കി. സീതക്ക് ആയിരുന്നു കൂടുതൽ താല്പര്യം. വിശേഷങ്ങളൊക്കെ പറയുന്നതിനിടയിൽ അമ്മൂമ്മ നിർബന്ധിച്ച് കിളിയുടെ ചേട്ടൻ ആക്സിഡൻറ് ആയി കിടക്കുന്ന വീട്ടിൽ പോയതും കിളിയെ കണ്ടതും പറഞ്ഞു. കിളിയെ കണ്ട കാര്യം പറഞ്ഞതോടെ സീതയുടെ മുഖം മാറി. ഓരോന്നും എടുത്ത് ചോദിച്ചിരുന്ന സീത പെട്ടെന്ന് നിശബ്ദയായി. എന്നിട്ടും മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി അവിടെ ഇരുന്നു. എല്ലാം കഴിഞ്ഞപ്പോൾ റൂമിലേക്ക് പോയി. ഭക്ഷണം കഴിക്കുന്ന സമയത്ത് കണ്ടില്ല. ഞാൻ റൂമിലേക്ക് പോകാൻ ഇറങ്ങി, സാധാരണ ഞാൻ പോകുമ്പോൾ സിറ്റൗട്ടിൽ വന്നു നിൽക്കുന്നതാണ്, ഇന്ന് അതിനും വന്നില്ല. പിറ്റേന്ന് സാധാരണ രാവിലെ വരുന്ന ചായ കണ്ടില്ല. ഞാൻ ഓഫീസിൽ പോകാൻ റെഡിയായി ചേട്ടൻറെ വീട്ടിലേക്ക് വന്നു. ഡൈനിംഗ് ടേബിളിൽ ചെന്നിരുന്നു അപ്പോൾ ചേച്ചി ചായയും പുട്ടും കടലയും കൊണ്ടുവന്നു വെച്ചു.
ചേച്ചി: ഇന്ന് രാവിലെ ചായ കിട്ടിയില്ല അല്ലേ? ഇവിടെ ഒരാൾക്ക് തലവേദനയായിരുന്നു. എനിക്ക് അടുക്കളയിൽ നിന്നും ഇറങ്ങാനും സമയം കിട്ടിയില്ല.
ഞാൻ: അത് സാരമില്ല ചേച്ചി, സീത എങ്ങനെയുണ്ട് തലവേദന.
ചേച്ചി: അറിയില്ല, ഇന്ന് എഴുന്നേറ്റിട്ടില്ല.

ഉച്ചയ്ക്കത്തെ ക്കുള്ള ഭക്ഷണവും വാങ്ങി ഞാൻ ഓഫീസിലേക്ക് പോയി. എല്ലാ ദിവസത്തെയും പോലെ അന്നും നല്ല തിരക്കായിരുന്നു. അതുകൊണ്ട് സമയം പോകുന്നത് അറിയുന്നില്ല. രണ്ടുദിവസമായി രാവിലെ വന്നിരുന്ന ചായ സ്വാഹ. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഒരു ദിവസം വൈകിട്ട് ചേട്ടൻറെ വീട്ടിൽ ചെന്നപ്പോൾ സംസാരത്തിനിടയിൽ
ചേട്ടൻ: ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി അജയ, ചീതമ്മക്ക് ഒരു കാര്യം വന്നിട്ടുണ്ട്. കൊല്ലത്താണ് വീട് പയ്യൻ 27 വയസ്സ് കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ ആണ്. അവർ രണ്ടു മക്കൾ, മൂത്തയാൾ മിലിട്ടറിയിൽ എൻജിനീയർ ആണ്. അയാൾ കുടുംബസമേതം ഡൽഹിയിലാണ്. ബ്രോക്കർ കൊണ്ടുവന്ന കേസാണ്.
ഞാൻ: നല്ല കേസ് ആണല്ലോ ചേട്ടാ, ഇപ്പോൾ അസിസ്റ്റൻറ് എൻജിനീയർ ആണെങ്കിൽ അധികം താമസിയാതെ നല്ലൊരു പൊസിഷനിൽ എത്താം. പിന്നെ ആലോചിക്കേണ്ട കാര്യമില്ല, ആലോചന മുൻപോട്ടു കൊണ്ടുപോവുക.
ചേട്ടൻ: ഞാൻ വിവരങ്ങളൊക്കെ പറഞ്ഞു. മകൾ പഠിക്കുകയാണെന്നും പഠിപ്പ് കഴിഞ്ഞിട്ട് വിവാഹം നടക്കുക എന്നൊക്കെ, അയാൾ അത് അവിടെ ചെന്ന് പറഞ്ഞപ്പോൾ അവർക്ക് അതൊരു പ്രശ്നമല്ല കല്യാണം കഴിഞ്ഞാലും തുടർന്നും പഠിക്കാം, പഠിപ്പ് കഴിഞ്ഞാൽ ജോലി മേടിച്ചു കൊടുക്കാം എന്നൊക്കെ പറഞ്ഞു.
ഞാൻ: പിന്നെന്തു വേണം. ഒന്നും ആലോചിക്കാനില്ല പെട്ടെന്ന് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോട്ടെ.
ചേട്ടൻ: ചീതമ്മക്ക് കോഴ്സ് കഴിഞ്ഞിട്ട് മതി ഇപ്പോൾ കല്യാണം വേണ്ട എന്നാണ് പറയുന്നത്.
ഞാൻ: സീത എന്താ അങ്ങനെ പറയുന്നത്, ഞാൻ ചോദിക്കട്ടെ.
ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സീത പുറത്തേക്ക് വന്നു.
സീത: അതേ, എൻറെ കാര്യം നോക്കാൻ എനിക്കറിയാം. എല്ലാവരും അവരവരുടെ ഇഷ്ടാനുസരണം അല്ലേ ജീവിച്ചിരുന്നത്, മറ്റുള്ളവരുടെ ആഗ്രഹങ്ങൾ വല്ലതും അറിഞ്ഞിരുന്നോ? ഇപ്പോഴും അങ്ങനെ തന്നെ.
ഇത് കേട്ടതോടെ ഇടിവെട്ട് കൊണ്ടത് പോലെയായി, പിന്നെ ഒന്നും ഞാൻ പറഞ്ഞില്ല. അവിടെ കഴിച്ചുകൂട്ടിയ സമയമത്രയും നിർജീവമായി ഇരുന്നു. റൂമിലേക്ക് തിരിച്ചു പോരുമ്പോൾ, സീത സെറ്റിൽ ഇരുന്ന് റിമോട്ടിൽ ടിവിയിലെ ചാനൽ മാറ്റിക്കൊണ്ടിരുന്നു.

പിറ്റേന്ന് കോളിംഗ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത്, ഈ നേരത്ത് ആരാടാ. എന്താണെന്നുവെച്ചാൽ രണ്ടുമൂന്നു ദിവസമായി രാവിലെ വരുന്ന ചായയില്ല, പിന്നെ ആരാണാവോ ഈ രാവിലെ തന്നെ വന്നു ബെല്ലടിക്കുന്നത് എന്നുവിചാരിച്ച് വാതിൽ തുറന്നപ്പോൾ സീത ചായയുമായി നിൽക്കുന്നു.
സീത: അങ്ങോട്ടൊന്നും മാറിയേ.
എന്നെ തള്ളിമാറ്റി അകത്തേക്ക് കയറി രണ്ട് ഗ്ലാസ് എടുത്ത് ചായ പകർന്നു. ഒന്ന് എടുത്ത് കുടി തുടങ്ങി. പരുഷമായാണ് സംസാരിക്കുന്നത്
സീത: എന്താണ് ചായ വേണ്ടേ?
ഞാൻ പുറത്തേക്കിറങ്ങി സീതയുടെ വീട്ടിലേക്ക് നോക്കി, സിറ്റൗട്ടിൽ അവർ രണ്ടുപേരും ഇങ്ങോട്ട് നോക്കി നിന്ന് ചിരിക്കുന്നുണ്ട്.
സീത: പുറത്ത് എന്ത് കാഴ്ച കണ്ടു കൊണ്ട് നിൽക്കുകയാണ്, വന്ന് ചായ എടുത്തു കുടിക്ക് ചൂടാറി പോകും.
ഞാൻ ചെന്ന് ചായ ഗ്ലാസെടുത്തു തിരിഞ്ഞ് പോരാൻ നേരം എൻറെ കയ്യിൽ കയറി പിടിച്ചു.
സീത: അവിടെ ഇരിക്ക്, എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.
സൗമ്യയായി

സീത: അണ്ണന് ഇന്നലെ ഞാൻ പറഞ്ഞത് വിഷമം ആയി എന്ന് എനിക്കറിയാം. പക്ഷേ പറയാതിരിക്കാൻ പറ്റാത്ത സാഹചര്യം ആയിപ്പോയി. എത്ര നാളുകളായി ഞാൻ അണ്ണനെ എൻറെ ഹൃദയം തുറന്നു കാണിക്കുന്നു. എന്നിട്ടും കണ്ടില്ലെന്നു നടിച്ച് നടക്കുന്ന അണ്ണനോട് ഞാൻ എന്താണ് പറയേണ്ടത്. ഹൃദയം തുറന്നു കാട്ടിയാലും ചെമ്പരത്തിപ്പൂ ആണെന്ന് പറയുന്ന ആളോട് ഞാൻ എന്താണ് പിന്നെ പറയേണ്ടത്. എനിക്ക് അണ്ണനെ ഇഷ്ടമാണ്. വെറും ഇഷ്ടമല്ല പ്രണയം.
ഞാൻ: ഇതിൽ മൂന്ന് കാര്യങ്ങൾ ആണുള്ളത്. ഒന്ന് എൻറെ രണ്ട് അത്യാസന്ന നിലകളിലും എനിക്ക് കൈത്താങ്ങായത് നിങ്ങളാണ്. അതുകൊണ്ട് എനിക്ക് ചേട്ടനോട് കടപ്പാടുണ്ട്. രണ്ട്, ഞാനിതുവരെ ചീതമ്മയെ അങ്ങനെ കണ്ടിട്ടില്ല. മൂന്ന്, ഞാൻ കാറ്റ് വെള്ളത്തിൽ ചാടിയ പൂച്ചയാണ് പച്ച വെള്ളം കണ്ടാലും എനിക്ക് പേടിയാണ്. ചേട്ടനും ചേച്ചിക്കും ചീതമ്മയെ കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകൾ ഞാനായിട്ട് നശിപ്പിക്കാൻ പാടില്ല.
സീത: ഇതിനൊക്കെ എനിക്ക് മറുപടി ഉണ്ട് അണ്ണാ, അതൊക്കെ പറഞ്ഞാൽ സമയം ഒരുപാട് പിടിക്കും. അതുകൊണ്ട് ചുരുക്കി ഞാനൊരു കാര്യം പറയാം. അണ്ണൻ എന്നെ ഇഷ്ടമാണോ, അതിന് ആദ്യം ഉത്തരം പറയൂ.
ഞാൻ: ഇതെന്താണ് ക്വിസ്സ് ആണോ?
ഞാൻ ആലോചിച്ചു, ഇതിനെ ഒഴിവാക്കാൻ ഒറ്റ മറുപടിയിൽ തീരും.
ഞാൻ: എനിക്ക് ഇഷ്ടമല്ല, കാരണം ഞാൻ ഒരു വഞ്ചനയിൽ പെട്ടതാണ്. അതുകൊണ്ട് എനിക്ക് ഒരു പെണ്ണിനേയും വിശ്വാസമില്ല.
സീത: ഈ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ അണ്ണാ, ഈ ജീവൻ എൻറെ ആണ്. ഞാൻ, സാവിത്രിയെ പോലെ കാലൻറെ പുറകെ പോയി തിരിച്ചു വാങ്ങിയതാണ് ഈ ജീവൻ. അണ്ണൻറെ ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ കിടക്കുമ്പോൾ, ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു അത്രയും ഒരാളും കരഞ്ഞിട്ടില്ല. അതുകൊണ്ട് അണ്ണൻറെ മനസ്സു മാറാൻ എത്ര കാലം വരെയും കാത്തിരിക്കും. ആരൊക്കെ വന്നാലും അല്ല രാജകുമാരൻ വന്നാൽപോലും എൻറെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല. പാർവതി ശിവനു വേണ്ടി കാത്തിരുന്നതുപോലെ അണ്ണന് വേണ്ടി അല്ല എൻറെ ശ്രീരാമന് വേണ്ടി സീത കാത്തിരിക്കും. പക്ഷേ വെറും കാത്തിരിപ്പ് അല്ല വിശ്വാമിത്രൻ്റെ തപസ്സിളക്കിയ മേനകയെ പോലെ അണ്ണൻറെ മനസ്സുമാറ്റാൻ ഇന്നുമുതൽ അതിനുള്ള ശ്രമത്തിൽ ആയിരിക്കും. അതിൻറെ ഫസ്റ്റ് ഘട്ടമെന്ന നിലയ്ക്ക് നാളെ വൈകിട്ട് തമ്പാനൂർ ബസ് സ്റ്റാൻഡിൽ അണ്ണനെ കാത്തിരിക്കും. അണ്ണൻ അവിടെ വന്നിട്ടേ അണ്ണൻറെ ബൈക്കിൽ കയറി വീടെത്തു, ബൈക്കിൽ തന്നെ വരണം കാറിൽ വന്നാൽ ഞാൻ കയറില്ല. ഒരു കാര്യം കൂടി, അന്ന് നിങ്ങൾ രണ്ടു പേരും കൂടി എന്നുവച്ചാൽ രാമനും ലക്ഷ്മണനും കൂടി മായാ സീതയെ തേടി പോയത് അറിയില്ലേ അടൂര്. അന്ന് ഒറിജിനൽ സീതയായ ഞാൻ കാത്തിരിക്കും എന്ന് പറഞ്ഞിട്ട് പോലും, എന്നെ മറന്നു പോയി. എന്നിട്ട് രണ്ടുപേരും കൂടി അന്വേഷിച്ചുപോയ മായാസീത എവിടെ മായ ആയില്ലേ? എന്നിട്ടും അണ്ണൻ വരുന്നതു വരെ ഞാൻ കാത്തു നിന്നത് അണ്ണന് ഓർമയുണ്ടല്ലോ. അതുപോലെ ഞാൻ അവിടെ കാത്തു നിൽക്കും അണ്ണൻറെ വണ്ടിയിൽ കയറിയ ഞാൻ വീടെത്തു. ബൈ, നാളത്തെ കാര്യം മറക്കണ്ട.
സീത എൻറെ കയ്യിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ ഗ്ലാസ് വാങ്ങി കഴുകി വെച്ച് തിരിച്ചു പോയി. ശരിയാണ്, അന്ന് ഞാൻ മറന്നു പോയിട്ടും എന്നെ കാത്ത് കോളേജ്

ഗേറ്റിനു മുമ്പിൽ നിന്നതാണ്. അതും ഒരു സമയം കഴിഞ്ഞാൽ ആൾ സഞ്ചാരമില്ലാത്ത സ്ഥലം. നോക്കിയപ്പോൾ ജോലിക്ക് പോകാനുള്ള സമയമായി, പെട്ടെന്ന് കുളിച്ച് റെഡിയായി ചേട്ടൻറെ വീട്ടിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോൾ ചേട്ടൻ ജോലിക്ക് പോയിട്ടുണ്ടായിരുന്നു, ചേച്ചി അടുക്കളയിലും. ഞാൻ ഡൈനിംഗ് ടേബിളിൽ കസേരയിൽ ഇരുന്നു ദോശയും ചമ്മന്തിയും ആയി സീത വന്നു. ഭാര്യ ഭർത്താവിന് വിളമ്പി കൊടുക്കുന്നത് പോലെ, എന്നിലേക്ക് ചാരിനിന്നു ദോശ യിലേക്ക് ചമ്മന്തി പകർന്നു. ഇവിടെനിന്നും പെട്ടെന്ന് മാറണം. സുധിയുടെ ഒരു റൂം അന്വേഷിക്കാൻ പറയണം. ചേട്ടനോട് ചെയ്യുന്ന വഞ്ചന ആകരുത്. ചേച്ചി എങ്ങാനും കണ്ടു വന്നാൽ എന്തു വിചാരിക്കും. ഞാൻ ഒരു കണക്കിന് കഴിച്ച് എഴുന്നേറ്റു. ഉച്ചക്ക് കൊണ്ടുപോകാനുള്ള ആഹാരം കൊണ്ടുവന്ന തന്നതും സീതയാണ്. ഞാനത് വാങ്ങുമ്പോൾ എൻറെ മൂക്കിന് പിടിച്ചുലച്ചു. എന്നിട്ട് ഉമ്മ എന്ന് പറയുകയും ചെയ്തു. ഇന്നുതന്നെ മാറുന്ന കാര്യം ചേട്ടനോട് പറയണം. ഓഫീസിൽ ചെന്നപ്പോൾ പഴയ സ്ഥിതി തന്നെ. ഇടയ്ക്ക് സുധിയെ വിളിച്ചു. ഒരു റൂം നോക്കുന്ന കാര്യം അവനോട് പറഞ്ഞു. അവൻ എന്തിനാണ് നീ റും നോക്കുന്നത് അവിടെ നല്ല സൗകര്യമുള്ള വീടല്ലേ എന്ന് ചോദിച്ചു. ഞാൻ സീത ഒരു കല്യാണ ആലോചന വന്ന കാര്യവും, അവിടെ എപ്പോഴും കയറിയിറങ്ങി മറ്റുള്ളവർക്ക് ഒരു സംസാരവിഷയം ഉണ്ടാക്കേണ്ട എന്നുള്ളത് കൊണ്ടുമാണ് റൂം നോക്കുന്നത് എന്ന് പറഞ്ഞു. അവൻ അപ്പോൾ കല്യാണക്കാര്യം വന്നതല്ലേ ഉള്ളൂ ഒന്നും ആയിട്ടില്ലല്ലോ, ഞാൻ നോക്കട്ടെ എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. വൈകിട്ട് റൂമിലെത്തിയ ഫ്രഷായി ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ, ചേട്ടൻ സിറ്റൗട്ടിൽ ഇരുന്നു പത്രം വായിക്കുന്നു. ഞാനും അവിടെ തന്നെ ഇരുന്നു, മറ്റുള്ള കാര്യങ്ങൾ സംസാരിച്ചതിനു ശേഷം, എൻറെ കാര്യം പറയാൻ തീരുമാനിച്ചു.
ഞാൻ: എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാനുണ്ട്, നമുക്കൊന്നു പുറത്തേക്കിറങ്ങിയാലൊ.
ചേട്ടൻ അകത്തു പോയി ഷർട്ട് എടുത്തിട്ടു ഞങ്ങൾ പുറത്തേക്ക് നടന്നു.