അവളുടെ പെട്ടെന്നുള്ള പ്രവൃത്തിയിൽ ഞാനും പകച്ചു പോയി,…
എന്റെ നെഞ്ചു നനച്ചുകൊണ്ടു അവളുടെ കണ്ണീരൊഴുകിയിറങ്ങുന്നുണ്ടായിരുന്നു,..
“എന്താ ചാരു…എന്താ പറ്റിയെ….എന്തിനാ നീ ഇങ്ങനെ കരയുന്നെ….”
അവളുടെ മുതുകിൽ തട്ടി ഞാൻ ചോദിക്കുമ്പോഴും എന്നെ ഇറുക്കെ പുണർന്നുകൊണ്ടു ഏങ്ങലടി ആയിരുന്നു അവളിൽ നിന്നു വന്ന മറുപടി,…
“കരയാതെ കാര്യം പറ ചാരു,…വാ….”
അവളെയും പിടിച്ചുകൊണ്ട് ഞാൻ റൂമിലേക്ക് കയറി, ബെഡിൽ പിടിച്ചിരുത്തി, എന്റെ നെഞ്ചിൽ കിടന്നു കരയുന്ന അവളുടെ മുഖം ഞാൻ താടിയിൽ പിടിച്ചുയർത്തി,
ഒലിച്ചിറങ്ങുന്ന അവളുടെ കവിളിലെ കണ്ണീരു ഞാൻ തുടച്ചു.
കലങ്ങിക്കിടക്കുന്ന കണ്ണ് കണ്ടു ഞാനും വല്ലാതെ ആയി…
“എന്താ പറ്റിയെ എന്നു പറ ചാരു…പറയാതെ എങ്ങനാ അറിയുന്നെ…”
എന്നെ ചുറ്റിപ്പിടിച്ചു ഇരിക്കുന്ന ചാരുവിനെ നോക്കി ഞാൻ ചോദിച്ചു.
“എന്നെ….എന്നെ ഇവിടുന്ന് എങ്ങോട്ടേലും കൊണ്ടോവോ… ഏട്ടാ….,എനിക്ക് ഇനിയും ഇവിടെ പേടിയാ…”
എന്റെ നെഞ്ചിൽ മുഖം ചേർത്തു പറഞ്ഞ ചാരുവിനെ ഞാൻ ഒന്നൂടെ, ചേർത്തു പിടിച്ചു.
തള്ളക്കോഴിയുടെ ചൂട് പറ്റി ഇരിക്കുന്ന കുഞ്ഞിനെ പോലെ ആയിരുന്നു അപ്പൊൾ അവൾ…
“എനിക്ക്….വേറെ ആരുമില്ല…പറയാനും, കരയാനും….എന്നെ ഇവിടുന്ന് കൊണ്ടുപോ ഏട്ടാ…”
ഏങ്ങി ഏങ്ങി കരയുന്ന ചാരുവിന്റെ മുതുകിൽ തഴുകി കൊണ്ടു ഞാൻ ഇരുന്നു,…
എന്തോ അരുതാത്തത് നടന്നു എന്നു എനിക്ക് മനസ്സിലായി…
അവളുടെ ഉള്ളം പേടിച്ചു വിങ്ങുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്…
അവൾ തന്നെ പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.അതുകൊണ്ട് അവളുടെ മുടിയിഴയിൽ തലോടി ഞാൻ അവളെ കേട്ടിരുന്നു…
“ഇന്ന്….അച്ഛനും അമ്മേം…പൊയ്ക്കഴിഞ്ഞപ്പോ,…അവൻ എന്റടുത്തു വന്നു…
സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞപ്പോ എനിക്ക് കേൾക്കാൻ കൂടി, തോന്നിയില്ല…വെറുപ്പാ എനിക്കവനെ….
എന്നിട്ടു, കോണിപ്പടി കേറുമ്പോ അവൻ എന്റെ കൈ പിടിച്ചു വലിച്ചു….എന്നെ അവൻ…ഞാൻ ഓടി മുറിയിൽ കയറി വാതിലടച്ചോണ്ട…
അവൻ…അവനുള്ള വീട്ടിൽ എനിക്ക് പേടിയാ…
അവൻ,…ഇനിയും വരും….
എന്നെ കൊണ്ടുപോ ഏട്ടാ….എവിടേക്കെങ്കിലും…”
എന്റെ നെഞ്ചിൽ കണ്ണീർ വാർക്കുന്ന ചാരുവിന്റെ മുടിയിൽ തഴുകുമ്പോഴും എന്റെ നെഞ്ചും ഉടലും വിറയ്ക്കുകയായിരുന്നു…
മറു കൈയ്യിൽ ഞാൻ ബെഡ്ഷീറ് ചുരുട്ടി, കലി ഒടുങ്ങാതെ എന്നിൽ നിർത്തി…
മുന്നിൽ ഇനി ചെയ്യേണ്ടത് അലോചിച്ചുകൊണ്ട്. ഞാൻ ഇരിക്കുമ്പോഴും ആലോചിച്ചത് ചാരുവിനെ കുറിച്ചായിരുന്നു…
പാവം നല്ലോണം പേടിച്ചിട്ടുണ്ട്.
“എന്നെ ഒരു ഹോസ്റ്റലിൽ ആക്കി തരുവോ…..ഞാൻ അവിടെ നിന്നോളാം…”
എന്റെ ഷർട്ടിൽ തെരുപിടിപ്പിച്ചു കൊണ്ടു അവൾ ഏങ്ങി പറഞ്ഞു,
അവളെ ഇനിയൊരിക്കലും തനിച്ചു വിടില്ലെന്ന് എപ്പോഴോ ഞാൻ തീരുമാനം എടുത്തിരുന്നു…
“നീ,….നമ്മുടെ എല്ലാം എടുത്തു പാക്ക് ചെയ്തോ…നമുക്ക് പോവാം…”
ഞാൻ പറഞ്ഞപ്പോൾ, അമ്പരപ്പോടെ അവൾ എന്നെ നോക്കി.
“നിന്നെ ഞാൻ, തനിച്ചു വിടില്ല…
എവിടേക്കാണെങ്കിലും കൂടെ ഉണ്ടാവും…”
എന്റെ സ്വരത്തിലെ ഉറപ്പ് കണ്ടിട്ടാവണം അവൾ എന്റെ നെഞ്ചിൽ തന്നെ കിടന്നു.
അവൾക്ക് എന്നെ വിടാൻ മടിയായിരുന്നെങ്കിലും, ചെയ്തു തീർക്കാൻ ഒരുപാടുള്ളത് കൊണ്ട്, അവളെ സമാധാനിപ്പിച്ചു ഞാൻ ഇറങ്ങി,
ആദ്യം വിളിച്ചത് അവന്മാരെയാണ്, വേണ്ട കാര്യങ്ങൾ പറഞ്ഞു വെച്ചു,…
ആദ്യം മുടക്ക് പറഞ്ഞെങ്കിലും, കാര്യം പറഞ്ഞപ്പോൾ സമ്മതിച്ചു.
ബൈക്കെടുത്തു ഞാൻ പിന്നെ പോയത് ഓങ്ങി വെച്ചിരുന്ന ഒരു തല്ലിന് വിരാമം ഇടാനായിരുന്നു.
ഇരുട്ടാൻ നേരം ആരെയോ കണ്ടു തിരിച്ചു വന്നുകൊണ്ടിരുന്ന വിനീതിനെ ഞാൻ ചിറയിലേക്ക് ഫോൺ വിളിച്ചു വരുത്തി,…
സംഭവിച്ചതൊന്നും,അറിയാത്ത ഭാവത്തിൽ സംസാരിക്കാനാണ് എന്നു പറഞ്ഞുകൊണ്ടാണ് ഞാൻ അവനെ വിളിച്ചു വരുത്തിയത്.
അവന്റെ മുഖത്തു എന്നെ കാണുമ്പോൾ ഒളിക്കാൻ പാടുപെടുന്ന ഒരു പകപ്പ് ഉണ്ടായിരുന്നു.
“എന്തിനാ ഇങ്ങോട്ടു വരാൻ പറഞ്ഞത്…”
എന്റെ അടുത്തു നിന്നു ഒരു കയ്യകലത്തിൽ നിന്നവൻ ചോദിച്ചു.
“നീ ഇരിക്ക്….”
“എന്താ കാര്യം എന്നു വെച്ചാൽ പറ…
പോയിട്ടു ഒരുപാട് പണിയുള്ളതാ…”
ഈർഷയോടെ എന്നോട് പറഞ്ഞു മുഖം തിരിച്ച അവനെ ഞാൻ ആദ്യമായി കാണുകയായിരുന്നു,…ഞാൻ അറിയുന്ന എന്റെ അനിയനായിരുന്ന വിനീത് അല്ല ഇപ്പോൾ എന്റെ മുന്പിലുള്ളത് എന്നു എനിക്ക് അവൻ തന്നെ വീണ്ടും വീണ്ടും കാണിച്ചു തന്നു.
പിന്നെ വൈകിക്കാൻ ഞാനും നിന്നില്ല, കൈകുത്തി ഞാൻ എഴുന്നേറ്റു അവനരികിലേക്ക് നടന്നു.
അവന്റെ മുഖം ഒന്നു വലിഞ്ഞു വരുന്നുണ്ട്.
“നിന്റെ കല്യാണത്തിന്റെ പരിപാടി ഒക്കെ എവിടെ വരെ ആയി,…”
ഞാൻ വരുന്നത് കണ്ടു അവൻ ഇനി ഒടുമോ എന്നോട് ഡൗട് വന്നപ്പോൾ അവനെ അവിടെ തന്നെ കിട്ടാനായി ഞാൻ ഒന്ന് എറിഞ്ഞു..
“ആഹ് അതിന്റെ ഓരോ കാര്യം ചെയ്തു കൊണ്ടിരിക്കുവാണ്….”
എവിടെയും തൊടാതെ അവൻ പറഞ്ഞു,…
ഒരു പുഞ്ചിരിയോടെ ഞാൻ കൈ എടുത്തു അവന്റെ തോളിൽ ഇട്ടു,…
“നിങ്ങൾ തമ്മിൽ അവിടെ വെച്ചുള്ള പരിചയം തുടങ്ങിയിട്ട്, എത്ര നാളായി…”
“അത്…അത് കുറച്ചായി..എന്താ…”
“ഏയ് ഒന്നുല്ല… വെറുതെ അറിയാൻ ചോദിച്ചെന്നെ ഉള്ളൂ….
പിന്നെ…വീട്ടിൽ ഉള്ള ഒരാളുണ്ട്…അവളെ എന്തു ചെയ്യാനാ പ്ലാൻ….”
അവനോടു ഞാൻ ചോദിച്ചപ്പോൾ, അവനു ഞെട്ടൽ ഒന്നും ഉണ്ടായില്ല…
“ഓഹ് ഇത്ര നാളും ഏട്ടൻ അല്ലെ നോക്കിയിരുന്നെ…ഇനി,…എച്ചിലായിക്കഴിഞ്ഞപ്പോൾ,..എന്റെ തലേൽ വെക്കാനാണോ…
എനിക്ക് അവളെയൊന്നും, വേണ്ട…എന്റെ ചിലവിൽ ഫ്രീ ആയി ഏട്ടനൊരു പെണ്ണ് അങ്ങനെ അങ്ങു പോട്ടെ,…ഇനി മടുത്തേല്,..ഏട്ടന് ഇഷ്ട്ടമുള്ള പോലെ ചെയ്തോ….അവളുടെ കാര്യത്തിൽ എനിക്കൊന്നുമില്ല….”
വിറച്ചിട്ടാണെങ്കിലും ഒരു പുച്ഛത്തോടെ ആണവൻ പറഞ്ഞത്, കേട്ടു നിന്ന എന്റെ ചെവി പുളിച്ചെങ്കിലും, ഞാൻ എന്റെ അവസരത്തിനു വേണ്ടി കാത്തു.
“ഓഹ് ആയിക്കോട്ടെ….അപ്പൊ, എന്തായാലും നീ അവൾ എന്റെ പെണ്ണാണ് എന്നു പറഞ്ഞല്ലോ….അങ്ങനെ തന്നെ ആയിക്കോട്ടെ…അപ്പൊ,…ഇനിയുള്ള ചില കാര്യങ്ങൾ നമുക്ക് രണ്ടു പേരുടെയും ഇടയിൽ നിന്നാൽ മതി,…
അതിൽ ആദ്യത്തേത്…
ഇന്ന് വീട്ടിൽ ചെന്നിട്ട്, അച്ഛനോടും അമ്മയോടും ഞങ്ങൾ വീടുമാറുന്ന കാര്യം പറയും, അപ്പോൾ നീയും ആഹ് കാര്യം പറഞ്ഞു അതു സമ്മതിപ്പിക്കണം…കുറച്ചു ദേഷ്യപ്പെട്ടു പറഞ്ഞാലും സാരമില്ല….മനസ്സിലായോ,…”
അവൻ എന്നെ തന്നെ തുറിച്ചു നോക്കി നിൽക്കുവാണ്…
“ഇനി രണ്ടാമത്തെ കാര്യം….”
പറഞ്ഞ അടുത്ത നിമിഷം ഞാൻ അവന്റെ കഴുത്തിനു പിടിച്ചു ഉന്തി അടുത്തുള്ള തെങ്ങിലേക്ക് മുഖം പിടിച്ചു അമർത്തി വെച്ചു,….അവന്റെ ഒരു കൈ പിരിച്ചു പിന്നിലേക്ക് വെച്ചു,….
“ആഹ്…..ആഹ്…എന്താ ഈ കാണിക്കണേ….വിടടാ വിടാൻ….”
“വിടാട,…പുല്ലേ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ട് പക്ഷെ…ഒരേ ചോര ആയതുകൊണ്ടാ…
നിനക്ക് ഞാൻ ഈയൊരു അടി ഓങ്ങി വെച്ചിട്ട് കാലം കുറച്ചായി,….”
അവനെ തള്ളി പിടിച്ചു ഞാൻ പറയുമ്പോൾ അവൻ ഞരങ്ങുന്നുണ്ടായിരുന്നു,…
“എല്ലാം പോട്ടെ എന്നു കരുതി ഒതുങ്ങി നിന്നതാ ഞാൻ….പക്ഷെ ഇന്ന് നീ കാണിച്ച തന്തയില്ലാത്തരത്തിന്,…ഞാൻ നിന്നെ തല്ലിയില്ലെങ്കിൽ, ഞാൻ എന്നെ തന്നെ ചതിക്കുന്നത് പോലെ ആവും….പിന്നെ പാവം അവളെയും….എന്തു അവകാശത്തിലാട നായെ നീ അവളെ തൊട്ടത്…..”
തെങ്ങിൽ നിന്നും വലിച്ചെടുത്തു അവന്റെ വയറ്റിൽ എന്റെ കൈ ഊക്കിന് പതിഞ്ഞു, വേദനയിൽ കുമ്പിറ്റു നിന്ന…
അവന്റെ നടുവിന് ചവിട്ടിതെറിപ്പിച്ചു,
“നീ എന്നോടും അവളോടും ചെയ്തതിനു, നിന്നെ പച്ചയ്ക്ക് കൊല്ലാനുള്ള ദേഷ്യം ഉണ്ടെനിക്ക്….ചെറ്റെ….”
അവനെ കോളറിൽ തൂക്കിയെടുത്തു, കവിളിൽ ഞാൻ ആഞ്ഞു പൊട്ടിച്ചു,…
തെങ്ങിൽ അമർത്തിയപ്പോൾ ഉണ്ടായ മുറിവിൽ നിന്നും അവന്റെ വായിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു.
“ഇവിടെക്കൊണ്ടു ഞാൻ തീർക്കുവാ,ഞാനും നീയും തമ്മിലുള്ള ബന്ധവും കണക്കും….,…ഇനി ഇതിന്റെ ബാക്കി തീർക്കാൻ എന്റേയോ അവളുടെയോ പുറകെ നീ വന്നാൽ…പിന്നെ എനിക്ക് ആലോചിക്കാൻ മറ്റൊരു വഴി ഇല്ല….
ഇനി അവളുടെ നിഴൽവെട്ടത്തു പോലും, നിന്നെ ഞാൻ കാണാൻ പാടില്ല…കേട്ടല്ലോ….”
കുഴയുന്ന കണ്ണുമായി അവൻ എന്നെ നോക്കി…
പിന്നെ തല കുലുക്കി,…
“ആഹ് അപ്പൊ മക്കള് വിട്ടോ,…എവിടേലും വീണു പറ്റിയതാണെന്ന് പറഞ്ഞാൽ മതി…കേട്ടല്ലോ…എന്നാൽ ചെല്ല്…”
അവന്റെ കവിളിൽ തട്ടി ഞാൻ പറഞ്ഞു,…
കുഴഞ്ഞു ആടിക്കൊണ്ടു പൊട്ടിയൊലിച്ച ചോരയും തുടച്ചു, അവൻ നടന്നു നീങ്ങി.
പ്രതികാരം എന്നു പറഞ്ഞു അവൻ ഇനി വരുമോ എന്നറിയില്ല,..പക്ഷെ വന്നാലും എനിക്കൊരു പുല്ലുമില്ല…
അവൻ പോകുന്നതും നോക്കി ഞാൻ നിന്നു…
ചിറയിലെ മാടത്തിൽ ഇരുന്നു, ഇനിയുള്ള കാര്യങ്ങൾ കണക്കു കൂട്ടുമ്പോൾ ആയിരുന്നു,
അവന്മാര് എത്തിയത്….
“എന്തായി….കാര്യങ്ങൾ…”
“കുറച്ചൊക്കെ സെറ്റ് ആയി…
നീ ശെരിക്കും ആലോചിച്ചിട്ടാണോടാ…”
എന്റെ അടുത്തു വന്നിരുന്ന അർജ്‌ജുൻ ചോദിച്ചു.
“ഉം…ഇനിയും അവിടെ പറ്റില്ലെടാ…..നുണയൻ എവിടെ….”
“അവൻ വേറെ കുറച്ചു കാര്യങ്ങൾക്ക് പോയിരിക്കുവാ….നമുക്ക് ഇന്ന് പോണോ…വീട് കാണാൻ…”
“ആടാ…വൈകിക്കണ്ട…എത്ര പെട്ടെന്നു എന്നു വെച്ചാൽ അങ്ങനെ….നാളെ കേറാൻ പറ്റിയാൽ അത്രേം നല്ലത്…”
“കുറച്ചു ഉള്ളിലാണ് കിട്ടിയത്…ഒരു ചെറിയ വീടാ…നിങ്ങൾക്ക് രണ്ടുപേർക്കും അതു മതിയാവുമല്ലോ…ചെറുതാണെങ്കിലും നല്ല ഭംഗിയുണ്ട് വൃത്തിയും…”
“ചെറുത് മതിയെടാ….. വാ…പോയേക്കാം…”
അതോടെ അവൻ എഴുന്നേറ്റു….
അവന്റെ ബൈക്കിനു പിന്നിൽ ഇരുന്നു പുതിയ തീരം തേടിയുള്ള യാത്ര ആരംഭിച്ചു.
നഗരത്തിന്റെ തിരക്കിൽ നിന്നൊക്കെ മാറി ഉള്ളിലേക്കാണ് സ്ഥലം,
റോഡിലൊരു ബസ് സ്റ്റോപ് കണ്ടു, പിന്നെ അടുത്തു കണ്ട ഇടറോട്ടിലൂടെ കുറച്ചു ദൂരം കൂടെ പോയി…
വീടുകൾ തമ്മിലുള്ള അകലം കുറയുന്നുണ്ട്…
ഒടുക്കം ഒരു ചെറിയ വിക്കറ്റ് ഗേറ്റ് വെച്ചിരിക്കുന്നതിന്റെ മുന്നിൽ അവൻ കൊണ്ടു പോയി നിർത്തി,…
ഞാൻ അകത്തേക്കു നോക്കി കൺവെട്ടത്തായി, വെള്ള നിറമുള്ള പെയിന്റ് അടിച്ച ഒരു കുഞ്ഞു ഓടിട്ട വീട് കണ്ടു.
മുൻപിലുള്ള വഴിയിൽ ചെറു മെറ്റൽ വിരിച്ചു വശങ്ങളിൽ കുറെ ചെടികൾ പൂവുമായി നിക്കുന്ന വഴി,
കണ്ടപ്പോഴേ എനിക്ക് ഇഷ്ടപ്പെട്ടു,….പക്ഷെ ദൂരം ആയിരുന്നു പ്രശ്നം…
ബസ് സ്റ്റോപ്പിൽ എത്തണമെങ്കിൽ തന്നെ ഇവിടുന്ന് കുറച്ചു പോണം,…
ഞാൻ ചുമ്മ വീടിന്റെ പരിസരം ഒക്കെ ഒന്നു കണ്ണോടിച്ചു നോക്കി,…
അല്പം മാറി ഒരു വീട് കാണാം…
കുറെ മരങ്ങൾ നിക്കുന്ന പറമ്പാണ് ചുറ്റും, നല്ല തണുപ്പും…
ചാരുവിന് ഇഷ്ടപ്പെടുവൊ എന്തോ…
“ഡാ…”
അർജ്‌ജുന്റെ വിളി കേട്ടാണ് ഞാൻ നോക്കിയത്, അവൻ ഇത്ര നേരം ആരെയോ ഫോണിൽ വിളിക്കുകയായിരുന്നു.
നോക്കുമ്പോൾ അവനൊപ്പം വേറെ ഒരാളെ കൂടി കണ്ടു, നല്ലൊരു പ്രായം തോന്നിക്കുന്ന മനുഷ്യൻ…കണ്ട കാണുന്ന ഏതു കണ്ണുപൊട്ടനും മനസ്സിലാവും ബ്രോക്കർ ആണെന്ന്…കക്ഷത്തിൽ തിരുകിയിരിക്കുന്ന ആഹ് കറുത്ത ബാഗ് മാത്രം നോക്കിയാൽ മതി.
“ഡാ… ഇതാണ്, ദിനേശൻ ചേട്ടൻ…ഈ വീട് പുള്ളിയെയാ നോക്കാൻ ഏല്പിച്ചെക്കുന്നെ…”
“നമസ്കാരം….”
വിനയ വിധേയനായി അയാൾ ഇളിച്ചുകൊണ്ട് പറഞ്ഞു.
“ഓഹ് ആയിക്കോട്ടെ…”
തിരിച്ചു ഞാനും പറഞ്ഞു.
“ഡാ… എങ്ങനെയ അകത്തു കയറി നോക്കാല്ലോ….”
ഞാൻ തല കുലുക്കിയതും അയാൾ ഗേറ്റ് തുറന്നു അകത്തേക്കു നടന്നു വാലുപോലെ പിന്നിൽ ഞങ്ങളും,..
“മുന്പിവിടെ…ഒരു പണിക്കു വന്ന കുറച്ചു ബംഗാളികളാ താമസിച്ചത്,…അവന്മാരുടെ പണി കഴിഞ്ഞപ്പോൾ ഇവിടുന്ന് പോയി, അതു കഴിഞ്ഞു പിന്നെ വീടിന്റെ കിടപ്പു കണ്ടപ്പോൾ ശോശാമ്മ ടീച്ചർ എന്റെ നെറുകം തല അടിച്ചു പൊട്ടിച്ചു, അവന്മാര് അതുപോലെ ആക്കിയാ ഇവിടുന്ന് പോയത്, ആശാരിയേം പെയിന്റർ നേം ഒക്കെ വിളിപ്പിച്ചു നിർത്തിയാ ഒന്നു നേരെ ആക്കി എടുത്തത്,…
പിന്നെ വെറുതെ കിടന്ന് നശിഞ്ഞു പോയാലോ അതുകൊണ്ടു നാട്ടിലുള്ള ഏതേലും ഫാമിലിക്ക് ആണേൽ കൊടുത്താൽ മതി എന്ന് പറഞ്ഞാ പിന്നേം എനിക്ക് ഇതിന്റെ താക്കോല് തന്നെ…”
അയാള് വാതിൽ തുറന്നു അകത്തേക്ക് നടത്തിച്ചു…
പുതിയ പെയിന്റ് ന്റെ മണം മാറാത്ത ചുവരുകൾ…
മുകളിൽ മച്ചാണ്,…ഒരു ഹാൾ ഉണ്ട്, പിന്നെ ഒരു മുറിയും കിച്ചണും, അതിനോട് അടിപ്പിച്ചു ഒരു കുഞ്ഞു ഡൈനിങ്ങ് റൂമും.
എല്ലാം ഒഴിഞ്ഞു കിടപ്പാണ്,…
കണ്ടു കഴിഞ്ഞു ഞാനും അർജ്‌ജുനും ഒന്നു മാറി നിന്നു സംസാരിച്ചു,
“ഡാ… എങ്ങനാ…എടുക്കുന്നോ….ദൂരം കുറച്ചു കൂടുതല…”
എന്റെ മനസ്സിൽ അപ്പോൾ കുറഞ്ഞ അഡ്വാൻസും, വാടകയുമായിരുന്നു, ദൂരം അല്പം കൂടിയാലും, ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കി ഉള്ളതുകൊണ്ട് ഇതൊറപ്പിക്കാം എന്ന ചിന്ത ആയിരുന്നു എനിക്ക്…
ഞാൻ അവനെയും പറഞ്ഞു സമ്മതിപ്പിച്ചു അങ്ങേരുടെ അടുത്തെത്തി.
“ഇവിടെ ഈ ഭാഗത്ത് വേറെ വീടൊന്നും ഇല്ലേ ചേട്ടാ…ഒരാവശ്യം വന്നാൽ അടുത്തൊന്നും ആരും ഇല്ലെങ്കിൽ…”
“എന്റെ കൊച്ചനെ, ഇവിടെ ഈ ഭാഗത്തു തന്നെ ഒരു നാലഞ്ചു വീടുണ്ട്…
ദോ ആഹ് കാണുന്നത് ഞാൻ പറഞ്ഞില്ലേ ഈ വീടിന്റെ ഉടമസ്ഥ ശോശാമ്മ ടീച്ചറുടെ വീട്, ആള് ഇപ്പോൾ റിട്ടയേർഡ് ആയി വീട്ടിൽ തന്നെ ഉണ്ട്..പിന്നെ ഈ ഇറക്കം ഇറങ്ങി ചെന്നാൽ രണ്ടു വീടുണ്ട്…
പിന്നെ ദേ ഈ പറമ്പു ആഹ് കാണുന്ന വീട്ടുകരുടെയാ…”
നോക്കുമ്പോൾ അയാൾ ചൂണ്ടി കാട്ടുന്നിടത്തെല്ലാം അവിടെ അവിടെ വീടുകൾ ഉണ്ട്…
മുട്ടി മുട്ടി ഇല്ലെന്നെ ഉള്ളൂ…
“നിങ്ങൾക്ക് സമ്മതം ആണേൽ കയ്യോടെ പോയി ടീച്ചറെ കണ്ട് ഉറപ്പിക്കാം…”
അയാൾ നിന്നു തലചൊറിയുന്നത് കണ്ട ഞാൻ ഓക്കെ പറഞ്ഞു.
ഇപ്പൊ കണ്ട വീടിന്റെ പറമ്പ് കഴിഞ്ഞു അവരുടെ വീടിന്റെ പറമ്പു തുടങ്ങുന്നു, ഉള്ളിലേക്ക് അല്പം കയറി കവുങ്ങും ജാതിയും നിറഞ്ഞ പറമ്പിന് നടുവിൽ വലിയൊരു ഇരു നില വീട്, വാ ഒന്നു പൊളിഞ്ഞു പോയെങ്കിലും,…
ഉടനെ അടച്ചു എയർ വലിച്ചു പിടിച്ചു നടന്നു.
മുന്നിൽ കാളിംഗ് ബെല്ലിന് പകരം മണി ആയിരുന്നു,
അങ്ങേരു പിടിച്ചൊന്നു അടിച്ചു,…
അല്പം കഴിഞ്ഞു,
വെളുപ്പിൽ ഇളം നീല കുഞ്ഞുപൂക്കൾ പ്രിന്റ് ചെയ്ത സാരിയിൽ കൈ തുടച്ചുകൊണ്ടു ഒരു പത്തമ്പതു വയസ്സു തോന്നിക്കുന്ന സ്ത്രീ ഇറങ്ങി വന്നു,
ഭയങ്കര ഐശ്വര്യം,…
കറുപ്പ് മുടിയാണേലും, ഇടയ്ക്കോരോ വെള്ളിക്കെട്ടു കാണാം…
തടിച്ച ശരീരം, മുഖത്തു നല്ലൊരു ചിരി കണ്ടതോടെ പകുതി ആശ്വാസമായി.
“ടീച്ചറെ ഇവരാ…നമ്മുടെ ചെരുവിലെ വീടിനു വന്നത്….”
“കാര്യങ്ങളൊക്കെ സംസാരിച്ചില്ലേ…ബാക്കി എല്ലാം നേരത്തെ പറഞ്ഞ പോലെ…
പേരെന്താ…”
കൈ കെട്ടി നിക്കുന്ന അവരുടെ മുഖത്തൂന്നു കണ്ണെടുക്കാൻ പോലും തോന്നുന്നില്ല…കണ്ണുകളിൽ തിളക്കം…
“വിവേക്…”
“വിവേക് ഒറ്റയ്ക്കാണോ ഇവിടെ…”
എന്തോ ചെറിയ പേടി കണ്ണിൽ വരുന്നത് പോലെയുള്ള ചോദ്യം.
“ഏയ് ഇല്ല ടീച്ചറെ…ഇയാൾക്കും ഭാര്യയ്ക്കും കൂടിയാ…”
ബ്രോക്കർ പറഞ്ഞതു കേട്ട ടീച്ചർ ആശ്വാസത്തോടെ ചിരിച്ചു…
“ആളും അനക്കവും ഉണ്ടാവണം എന്നു കരുതിയാ…നേരത്തെ അവർക്ക് വാടകയ്ക്ക് കൊടുത്തത് അതോടെ മതിയായി…
അപ്പോഴേ ഓർത്തതാ ഇനി ഏതേലും ഫാമിലിക്കെ കൊടുക്കൂന്ന്… അതാട്ടോ…”
നനുത്ത ശബ്ദത്തിൽ പരിഭവം ഉണ്ടാവാതിരിക്കാനുള്ള ലാഞ്ചന തെളിഞ്ഞു കാണാമായിരുന്നു….
ഞാൻ ചിരിച്ചു, കരാർ എഴുതി അഡ്വാൻസ് കൊടുത്തു.
രണ്ടു ദിവസത്തിനുള്ളിൽ മാറാം എന്നു പറഞ്ഞു ഇറങ്ങി.
കണ്ടിട്ട് പാവം സ്ത്രീ ആണെന്ന് എനിക്ക് തോന്നി, ചാരുവിനൊരു കൂട്ട് ഇവിടെ ഉണ്ടാവുമെന്ന് ഓർത്തു കുറച്ചു ആശ്വാസം ആയി.
തിരികെ വീട്ടിലേക്ക് പോകും വഴി ഒരെത്തും പിടിയും കിട്ടുനില്ലായിരുന്നു…
ആവേശത്തിൽ ഇറങ്ങിയത് തെറ്റായി പോയോ എന്ന ചിന്ത നിറഞ്ഞു വരുന്നു…
അഡ്വാൻസ് കൊടുത്തത് ബാങ്കിൽ ഇട്ടിരുന്ന കുറച്ചു കാശ് എടുത്തിട്ടാ….ഇനി അങ്ങോട്ടും എന്തൊക്കെ വേണ്ടി വരുമെന്ന് ഒരു പിടിയും ഇല്ല…
ഓരോന്നു ആലോചിച്ചു വീട്ടിൽ എത്തുമ്പോൾ,
എന്നെ നോക്കി മുറ്റത്തു തന്നെ അവൾ നിൽപ്പുണ്ടായിരുന്നു,…
മുന്നിൽ എത്തിയ എന്നെ ചൂഴ്ന്നു നോക്കി നിക്കുന്ന ചാരുവിനെ ഞാനും ഒന്നു കിള്ളി നോക്കി.
പിന്നെ എന്റെ ഒപ്പം കൂടെ വീട്ടിലേക്ക് നടക്കുമ്പോഴും പെണ്ണിന്റെ കണ്ണ് ഇടയ്ക്ക് തട്ടിത്തെറിച്ചു എന്നിലേക്ക് നീളുന്നുണ്ടായിരുന്നു..
“ഏട്ടൻ ഇന്ന് എവിടെപോയതാ….”
ഒടുക്കം ഒന്നു മടിച്ചവൾ ചോദിച്ചു.
“എവിടെ പോവാൻ…കുറച്ചു കാര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു…നമുക്കു ഇവിടുന്ന് മാറണ്ടേ അതിനുള്ള ഓട്ടം…”
അതു പറയുമ്പോൾ അവളുടെ തല ഒന്നു കുനിഞ്ഞു,….
പെട്ടെന്ന് വിഷമം ആയപോലെ…
“ഏട്ടന് ഒത്തിരി ബുദ്ധിമുട്ടായല്ലേ…ഞാൻ കാരണം…”
അവളുടെ സ്വരത്തിൽ, അടക്കിപ്പിടിക്കാൻ കഷ്ടപ്പെടുന്ന ഒരു നോവുണ്ടായിരുന്നു.
അതോടെ ഞാൻ അവളെ ഒന്ന് ചുറ്റിപ്പിടിച്ചു,..അതു കാത്തിട്ടെന്നപോലെ എന്റെ മേത്തേക്ക് അവൾ ചാഞ്ഞു,.
“ചാരു…ഇതു നീ കാരണം ഒന്നും അല്ല…അതോർത്തു ഇനി ആലോചിച്ചു വിഷമിച്ചിരിക്കേണ്ട,…അവനെ പോലെ ഒരുത്തനുള്ള വീട്ടിൽ പേടിച്ചു കഴിയുന്നതിലും ബേധം, മാറി പോവുന്നതല്ലേ…ഇന്നല്ലെങ്കിൽ നാളെ എന്തായാലും ഞാൻ ഈ വീട് അവനു വിട്ടു കൊടുക്കണം…ഇതിപ്പോ ഇങ്ങനൊരു കാരണം കൂടി ഉണ്ടായി എന്നെ ഉള്ളൂ..അതലോചിച്ചു എന്റെ കൊച്ചിനി വിഷമിക്കേണ്ട….”
അവളെ ഒന്നു ചേർത്തു കുലുക്കി ഞാൻ അകത്തേക്കു നടന്നു.
ഹാളിൽ തന്നെ ആഹ് കാഴ്ച്ച കണ്ടു,…
സോഫയിൽ നീലിച്ച മുഖവും, മേല് മുഴുവൻ എണ്ണയും, നീര് വന്നു വീർത്ത കാലും, ഒക്കെയായി അവനെ ഇട്ടു ഉഴിയുന്ന അമ്മ.
ഞാൻ വന്നത് കണ്ട എന്നെ ഒന്ന് നോക്കിയ അവൻ അതേപോലെ മുഖം തിരിച്ചു കിടന്നു.
“ഇവൻ എങ്ങാണ്ടോ പോയി വീണു മോനെ…..
ദേ നെഞ്ചും മുഖോം കാലും എല്ലാം നീര് വന്നു കിടപ്പുണ്ട് ചതവും ഉണ്ട്…”
“ആശുപത്രിയിൽ കാണിച്ചില്ലെടാ…വേണേൽ ഞാൻ വരാം..”
ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു…
ഒന്നു ഞരങ്ങിയതല്ലാതെ വേറെ പ്രതികരണം ഒന്നുമില്ല…ഹോ എനിക്ക് ആഹ് കിടപ്പു കണ്ടിട്ട് കുണ്ടിക്ക് ഒരു ചവിട്ടും കൂടി കൊടുക്കാൻ തോന്നിപ്പോയി…
കൊതി അടക്കി പിടിച്ചു,…
ഞാൻ മേളിലേക്ക് കയറുമ്പോൾ എന്റെ പിന്നാലെ വാല് പോലെ ചാരുവും ഉണ്ടായിരുന്നു.
ഞാൻ അകത്തു കയറിയതും പെണ്ണ് ഉടനെ വാതിൽ കുറ്റിയിട്ടു,
“എന്താ മോനൂസെ പരിപാടി…”
എന്നെ കണ്ണു കൂർപ്പിച്ചു നോക്കി പെണ്ണ് ചോദിച്ചു.
“എന്ത് പരിപാടി ഒന്നു കുളിക്കണം….”
“ഏട്ടനും ഇന്നെവിടേലും വീണോ…”
അവളുടെ ചോദ്യത്തിൽ തന്നെ വശപ്പിശക് മണുത്ത ഞാൻ എന്റെ മേത്തൊക്കെ ഒന്നു നോക്കി…
“അവിടെ ഒന്നുമല്ല…ദേ ഇവിടെ…”
പറഞ്ഞു വന്നു ചാരു എന്റെ കൈമുട്ടിനു പിന്നിൽ ഒന്നു പിടിച്ചു വലിച്ചു തൊട്ടു,…
അവളുടെ കൈ വീണപ്പോൾ അവിടെ തൊലി പോയിട്ടുണ്ട് എന്നു നീറിയപ്പോൾ മനസ്സിലായി…
“സ്സ്…വിട് പെണ്ണെ…”
“ഹി ഹി ഹി…ഇതെവിടെ പോയി വീണതാ ഏട്ടാ…”
“പൊടി കുരുപ്പേ…”
കള്ളിവെളിച്ചതായതോടെ അധികം ചീയാൻ നിക്കാതെ ഞാൻ ബാത്‌റൂമിൽ കയറി.
“എനിക്ക് എല്ലാം മനസ്സിലായീ ട്ടാ…”
ഞാൻ കയറിയതും പുറത്തു നിന്നവൾ വിളിച്ചു പറഞ്ഞു…
***********************************
“നിനക്കിതെന്തിന്റെയാട….ഇവിടെ നിനക്കിപ്പോ എന്താ കുറവ്….ഇവന്റെ കെട്ടൊറപ്പിച്ചു നിക്കുന്ന സമയത്തു നീ വീടുമാറുന്നു എന്നു പറയുമ്പോൾ നാട്ടുകാര് എന്തു പറയും…”
വിഷയം രാത്രി ഞാൻ എടുത്തിട്ടതും പൊട്ടിത്തെറിച്ചത് അമ്മയാണ്.
അച്ഛൻ ഒന്നും മിണ്ടാതെ ഇരുന്നതെ ഉള്ളൂ…
“ഇതു ഞാൻ കുറച്ചു നാളായി ആലോചിച്ചു ഇരുന്ന കാര്യമാണമ്മേ….ഇപ്പോഴാണ് എല്ലാം ശെരി ആയത് ഇവിടുന്ന് കുറച്ചു മാറി ഒരു വീട് ശെരിയായിട്ടുണ്ട്…”
“നിങ്ങള് ഇതൊന്നും കേൾക്കുന്നില്ലേ….ഈ കുടുംബം ഇങ്ങനെ ചിതറിപ്പോവുമ്പോൾ മിണ്ടാതെ ഇരിക്കാനാണോ…”
അമ്മ കണ്ണും നിറച്ചു അച്ഛനെ നോക്കി ചീറി…
“അവൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞില്ലേ…ഇനി പറഞ്ഞിട്ടു എന്തു മാറാനാ…”
അത്രയും പറഞ്ഞു അച്ഛൻ എഴുന്നേറ്റു പോയി…
ആഹ് ഉള്ളെരിയുന്നത് എനിക്ക് കാണാമായിരുന്നു, പക്ഷെ ഇത് സംഭവിച്ചേ പറ്റൂ…എന്നെങ്കിലും അവർക്കിത് മനസ്സിലാവും എന്നു പ്രതീക്ഷിക്കാനെ എനിക്ക് കഴിയൂ എന്നറിയാം…”
“‘അമ്മ അപ്പോഴും ഇരുന്നു പതം പറഞ്ഞു ഇരുന്നു മൂക്ക് പിഴിയുന്നുണ്ട്…”
അപ്പോഴാണ് ഒരു മൂലയിൽ കണ്ണും നിറച്ചു മിണ്ടാതെ ഇരിക്കുന്ന ചാരുവിനെ അമ്മ കണ്ടത്,…അമ്മയുടെ മുഖഭാവം മാറുന്നത് കണ്ടതും എനിക്ക് കാര്യം മനസ്സിലായി…
“ഇവള് ഈ കുടുംബത് കേറി വന്നേപ്പിന്നെയാ എല്ലാം നശിക്കാൻ തുടങ്ങിയത്,….
ഇപ്പൊ നിന്റെ ബുദ്ധി ആയിരിക്കും എന്റെ മോനെ ഇപ്പോൾ ഈ നിലയിൽ ആക്കിയത്….”
ആർത്തു കൊണ്ടു ചാരുവിന് നേരെ പാഞ്ഞു വന്ന അമ്മയെ ഞാൻ കയിൽ ഒതുക്കി പിടിച്ചു…
സങ്കടം സഹിക്കാൻ ആവാതെ എന്റെ ചുമലിലേക്ക് വീണു കരഞ്ഞു തുടങ്ങി.
അമ്മയെ താങ്ങി പുറത്തെ കോലായിലേക്ക് നടക്കുമ്പോൾ വിങ്ങിപ്പൊട്ടി ഇപ്പൊ കാറിപ്പൊളിക്കും എന്ന നിലയിൽ നിക്കുന്ന ചാരുവിനെ നോക്കി ഒന്നു കണ്ണടച്ചു കാട്ടി അമ്മയേം കൂട്ടി ഞാൻ നടന്നു.
“അമ്മാ….ഈ തീരുമാനം എൻറെയാ….ചാരു പോലും ഇപ്പഴാ ഇതറിയുന്നെ….”
“പോടാ…അവള് പറഞ്ഞിട്ടല്ലാതെ നീ ഇപ്പൊ എന്തിനാ വീട് വിട്ടിറങ്ങുന്നെ…എനിക്കറിയാം….”
കണ്ണു അമർത്തിതുടച്ചു വീണ്ടും ഏങ്ങിക്കൊണ്ടു അമ്മ പറഞ്ഞു.
“എന്റെ ഉഷകൊച്ചേ….ഇതെടുത്തിട്ട് ഒത്തിരി നാളായി…
ഇപ്പൊ സമയം ആയെന്നു തോന്നി, അതുകൊണ്ടു കൂടിയാ…എന്നായാലും ഈ വീട് അവനുള്ളതല്ലേ..ഇപ്പൊ അവന്റെ കല്യാണോം ആയി,…അവന്റെ പെണ്ണിന്റെ ആൾക്കാരു നോക്കുമ്പോൾ അവന്റെ വീട്ടിൽ കടിച്ചു തൂങ്ങി കിടക്കുന്നവനായിട്ടെ എന്നെ കാണൂ…പിന്നെ അതിന്റെ പേരിൽ പ്രശ്നങ്ങളായി,…അതിലും നല്ലത് നന്നായിരിക്കുമ്പോൾ തന്നെ മാറുന്നതാ… ഗള്ഫിലെക്കൊന്നും അല്ലല്ലോ എന്റെ ഉഷാമ്മേ… ഒരു വിളി അടുത്ത സെക്കന്റിൽ ഞാൻ ഇങ്ങെത്തില്ലേ….”
ഒന്നു കൂട്ടിപിടിച്ചു പറഞ്ഞതും എന്റെ മുഖം കോരി എടുത്തു ഉമ്മകൊണ്ടു പൊതിഞ്ഞിരുന്നു അമ്മ…
കുറെ നോക്കിയെങ്കിലും കണ്ണു നിറയുന്നത് തടയാൻ എനിക്കും കഴിഞ്ഞില്ല…
***********************************
വീട് വിട്ടിറങ്ങുമ്പോൾ അധികം ഒന്നും കയ്യിൽ ഉണ്ടായിരുന്നില്ല…രണ്ടു ബാഗിൽ കൊള്ളാവുന്ന സാധനങ്ങൾ എല്ലാം ഇനി ഒന്നെന്നു തുടങ്ങണം എന്നറിയാം…
അത്യവശ്യം വേണ്ട കുറച്ചു സാധനങ്ങൾ ഒക്കെ ഞാൻ വാങ്ങി നേരത്തെ അവിടെ എത്തിച്ചിട്ടുണ്ട്…
സത്യം പറഞ്ഞാൽ ബൈക്ക് സ്വപ്നം കണ്ടു ബാങ്കിൽ കൂടിയിരുന്ന പണം ഒക്കെ വീടിന്റെ അഡ്വാൻസും അല്ലറ ചില്ലറ സംഭവങ്ങളും വാങ്ങിയപ്പോൾ തന്നെ തീരാറായി…
എന്റെ ബൈക്കും എടുത്തു ബാഗൊരെണ്ണം കയ്യിൽ ചുറ്റിപ്പിടിച്ചു ഇരുന്നു ചാരുവും ഞാനും വീടിനോടു യാത്ര പറഞ്ഞു,
കെട്ടിവന്നപ്പോൾ മുതൽ ഞാൻ കഴിഞ്ഞു ചാരുവിന്റെ അടുത്ത കൂട്ടായിരുന്നു പോഞ്ഞിക്കര…
പെണ്ണിനി അതിനെ വല്ലോം എടുത്തു ബാഗിലിട്ടൊ എന്നറിയാൻ കുലുക്കി ആണ് ബാഗ് എടുത്തു ബൈക്കിൽ വെച്ചത്.
വീട് വിട്ടിറങ്ങുന്നതിൽ അച്ഛനുള്ള നീരസം പരസ്യമായിരുന്നു, അമ്മയ്ക്ക് കൂടെ വരണം എന്നുണ്ടായിരുന്നെങ്കിലും അച്ഛന്റെ വാക്കിൽ വീട്ടിൽ തന്നെ നിന്നു, പക്ഷെ എന്നെ പോലും അറിയിക്കാതെ അമ്മയുടെ രണ്ടു വളകൾ അമ്മ ചാരുവിന് കൊടുത്തിരുന്നു,…
വീട്ടിലേക്ക് ഞങ്ങളുടെ ഒപ്പം നുണയനും
നുണയന്റെ അനിയത്തി നിത്യയും ഉണ്ട്,..ആള് കോളേജിൽ പഠിക്കുവാണ് ഒരു കാന്താരി.
മിററിലൂടെ നോക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് കണ്ണു തുടയ്ക്കുന്ന ചാരുവിനെ കാണാം…
അതിനി മാറണോങ്കിൽ കുറച്ചു നാളെടുക്കും എന്നു എനിക്ക് അറിയാവുന്നത് കൊണ്ടു ഞാനും പിന്നെ ഒന്നും മിണ്ടിയില്ല…
വീട്ടിലേക്ക് വളയുമ്പോൾ മുൻപിൽ തന്നെ കണ്ടത് അർജ്‌ജുനെയും രാഹുലിനെയും മനീഷിനെയും ആണ്,…
എന്തൊക്കെയോ സാധനങ്ങൾ അടുക്കിയും പൊക്കിയും ഒക്കെ എടുക്കുന്ന മൂന്നിനെയും നോക്കി ഞാൻ കയറുമ്പോഴേക്കും
ടീച്ചർ അങ്ങോട്ട് വന്നിരുന്നു…
ഇന്ന് വരുമെന്ന് പറഞ്ഞതു വെച്ച് ഇരുന്നപ്പോഴാ ഇവരിവിടെ നിക്കുന്നത് കണ്ടേ…അപ്പൊ എന്താ സംഭവം ന്നു നോക്കാൻ വന്നതാ…
സ്വതവേ ഉള്ള തിളങ്ങിയ ചിരിയോടെ ടീച്ചർ പറയുമ്പോഴും,
രണ്ടുമൂന്നു കസേരയും, ബെഡും ഇറക്കുന്ന അവന്മാരിൽ ആയിരുന്നു ഞാൻ നോക്കി നിന്നത്..
“ഓഹ് കാശ് നിനക്ക് മേടിക്കാൻ മടിയല്ലേ ഇതാവുമ്പോൾ ഞങ്ങടെ ഗിഫ്റ് ആയി എടുത്തോളുവല്ലോ…”
രാഹുൽ അതും പറഞ്ഞു ചിരിച്ചു ഓട്ടോയിൽ നിന്നെല്ലാം മുറ്റത്തിറക്കുമ്പോൾ പറഞ്ഞു.
“ദാ രണ്ടുപേരും ഐശ്വര്യമായിട്ട് വാങ്ങിച്ചോ എന്നിട്ട് പ്രാർത്ഥിച്ചു ഒരുമിച്ചു അകത്തേക്ക് കയറിക്കോ ട്ടോ…”
ഞങ്ങളെ രണ്ടുപേരെയും നോക്കി ചിരിയോടെ താക്കോൽ നീട്ടിയ ടീച്ചർ പറയുമ്പോൾ എല്ലാവരുടെയും സ്നേഹം ഉള്ളു നിറക്കുന്ന സന്തോഷത്തിൽ ചാരു നേരത്തെ തന്നെ കരഞ്ഞു തുടങ്ങിയിരുന്നു.
“കണ്ണു തുടച്ചു ചിരിച്ചോണ്ടങ് കേറ് കൊച്ചേ…”
ടീച്ചർ വീണ്ടും പറഞ്ഞു ചിരിച്ചു.
“നിന്നെ ഒന്നു ഞെട്ടിക്കാൻ വേണ്ടി നിങ്ങള് വരുന്നേന് മുന്നേ…അകത്തുകയറി എല്ലാം സെറ്റ് ചെയ്യാൻ ആയിരുന്നു പ്ലാൻ…ബട് ഈ ടീച്ചർ നിങ്ങള് വന്നു, ആദ്യം അകത്തു നിങ്ങളയെ കയറ്റു എന്നു പറഞ്ഞു നിപ്പായിരുന്നു.
അകത്തു ചാരുവിനൊപ്പം ഞാൻ കയറുമ്പോൾ ഞങ്ങളുടെ പിറകെ ഓരോ സാധനങ്ങളുമായി അവന്മാരും ടീച്ചറും നിത്യയും കയറിയിരുന്നു.
നിത്യ ചാരുവിന്റെ കയ്യിലേക്ക് കൊടുത്ത ഒരു ശിവപാർവ്വതി ശിൽപം വീടിന്റെ ഭിത്തിയിലെ തട്ടിൽ വെച്ചു.
അടുക്കളയിൽ ഞാൻ രണ്ടു ദിവസം കൊണ്ടു വാങ്ങിച്ചുവെച്ച അത്യവശ്യം പാത്രങ്ങളും പെരുമാറാനുള്ള കത്തിയും കൊട്ടയും ഒക്കെ കണ്ടു ചാരു എന്നെ തുറിച്ചു നോക്കി.
റൂമിൽ ഒരു ഷെൽഫ് ഞാൻ സെക്കന്റ്ഹാൻഡ് കിട്ടിയപ്പോൾ വാങ്ങി വെച്ചിരുന്നു, ഉടുപ്പും മറ്റുമെല്ലാം വെക്കാൻ ഒരു സംഭവം വേണോല്ലോ…മരത്തിൽ അത്യാവശ്യം ഉറപ്പുള്ള ഒരു കുഞ്ഞു അലമാര കൂടെ മുറിയിൽ വെച്ചപ്പോഴേക്കും അത്യവശ്യം സ്ഥലം മുഴുവൻ അവര് രണ്ടും കൂടെ കയ്യേറി ഇരുന്നു.
“ബെഡ് എവിടെ ഇടൂട….കട്ടിലിന്റെ കാര്യം ഞങ്ങൾ മറന്നോയി…”
“ഓഹ് കട്ടിൽ ഒന്നും വേണ്ടട…നിലത്തു ഒന്നടിച്ചു വാരി പായിട്ട് അതിനു മേലെ ഇപ്പോൾ ഇടാം കട്ടിൽ പതിയെ വാങ്ങാം..”
ഞാൻ പറഞ്ഞത് കേട്ട അവന്മാര് ബെഡ് മുറിയിലെ ഭിത്തിയിൽ ചാരി വെച്ചു.
ഹാളിലേക്കും മുറിയിലേക്കും ഫാൻ വാങ്ങി വെച്ചിരുന്നത്, കസേരയിട്ട് അപ്പോഴേക്കും അവന്മാര് പിടിപ്പിക്കാൻ തുടങ്ങി.
“ചാരു…താനും നിത്യയും കൂടി ചെന്ന് അടുക്കളയിൽ കേറി പാൽചായ വെച്ചു തന്നെ തുടങ്ങിക്കോ…”
എല്ലാം കണ്ടു ചാരുവിന്റെ മുഖം വല്ലാതെ ആയപോലെ തോന്നി….
അവൾക്കിതൊന്നും ഉൾകൊള്ളാൻ കഴിയുന്നുണ്ടാവില്ല എന്നു എനിക്ക് തോന്നി…എങ്ങനെ കഴിഞ്ഞിരുന്നവൾ ആവണം…ആലോചിച്ചപ്പോൾ എനിക്കും എന്തോ പോലെ…
രാത്രി ഇരുട്ടും വരെ അവന്മാരെല്ലാം ഓരോ കാര്യം പറഞ്ഞും കളിയാക്കിയും കൂടെ ഉണ്ടായിരുന്നു,…അത്രയും ബഹളത്തിനിടയിൽ ഇരുന്നിട്ട് പോലും ചാരു ആകെ ഗ്ലൂമി ആയി ഇരുന്നത് എന്നെ കുറച്ചൊന്നും അല്ല വലച്ചത്…
ഒടുക്കം എല്ലാവരും യാത്ര പറഞ്ഞിറങ്ങി,
ആദ്യ ദിവസമായതുകൊണ്ടു ചിലവ് അവന്മാരുടെ വക ആയിരുന്നു, കൊണ്ടു വന്ന ഫുഡ് ഒരുമിച്ചിരുന്ന് കഴിച്ചു അവർ ഇറങ്ങി.
മിണ്ടാതെ മുന്നിൽ ചാരു നടക്കുന്ന കാരണം എനിക്കും നെഞ്ചിനകത്തു കല്ല് വെച്ച പോലെ ആയിരുന്നു…
മിണ്ടാതെ ഇനിയും നിക്കണ്ടാന്നു തോന്നി, എല്ലാം അവളോട് പറയാം…വേണോങ്കിൽ വീട്ടുകാരുടെ കാലു പിടിച്ചിട്ടാണേലും അവളെ തിരിച്ചു അവളുടെ സ്വന്തം വീട്ടിൽ ആക്കാം എന്ന ചിന്തയുമായി, ഞാൻ അടുക്കളയിൽ നാളത്തെക്കുള്ള അരി നോക്കുന്ന ചാരുവിനടുത്തെത്തി.
“ചാരു….നിനക്ക് എന്താ പറ്റിയെ…ഇവിടെ ഇഷ്ടമായില്ലേ…..ഞാൻ….പെട്ടെന്ന് എനിക്കിതെ ഒപ്പിക്കാൻ പറ്റിയുള്ളൂ….
ഇവിടെ ബുദ്ധിമുട്ടാണേൽ നമുക്ക് വേറെ എവിടേലും നോക്കാം….ഇല്ലേൽ ഞാൻ വേണേൽ ചാരുവിന്റെ വീട്ടിൽ പോയി സംസാരിക്കാം,…എല്ലാം പറഞ്ഞാൽ ചിലപ്പോൾ ചാരുവിനെ…..”
പറഞ്ഞു തീർക്കാൻ അവൾ അനുവദിച്ചില്ല എന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു പൊട്ടിക്കരയുകയായിരുന്നു അവൾ,…
എന്തു ചെയ്യണം എന്നറിയാതെ അമ്പരന്നു നില്ക്കാനെ എനിക്ക് പറ്റിയുള്ളൂ….
“ഞാൻ കാരണോല്ലേ ഏട്ടൻ ഇപ്പൊ ഇങ്ങനെ കഷ്ടപ്പെടുന്നെ….ഒരു തെറ്റും ചെയ്യാണ്ട്….എനിക്ക് വേണ്ടി വീട്ടിൽ നിന്നും ഇറങ്ങി….ആരുമില്ലാത്ത വനെപോലെ….എനിക്ക് സഹിക്കാൻ പറ്റണില്ല ഏട്ടാ….”
എന്റെ നെഞ്ചിൽ മുഴുവൻ കണ്ണീരും മൂക്കൊലിപ്പും പടർത്തി എന്നെയും ചുറ്റി നിന്നു പതം പറയുന്ന ചാരുവിനെ…കാണുമ്പോൾ ഉള്ളം തുള്ളുകയായിരുന്നു.
“ഏട്ടൻ ഇനിയും എന്നെ ചുമന്നു കഷ്ടപ്പെടേണ്ട…ഞാൻ…ഞാൻ….”
“നിന്നെ ഞാൻ ഒരിടത്തും വിടത്തില്ല ചാരു,…
… ഇപ്പൊ കഷ്ടപ്പാടില്ലെന്നല്ല..നല്ല രീതിയിൽ കഷ്ടപ്പാടുണ്ട്…നാളെ എന്താകും എന്നോർത്തു ഒരു പിടിയും ഇല്ല പക്ഷെ ഇപ്പോൾ എനിക്കെന്തെലും ഒക്കെ നേടണം എന്നു തോന്നുന്നുണ്ട്…
നിനക്ക് ഇവിടത്തോട് അഡ്ജസ്റ് ചെയ്യാൻ പറ്റുവോന്നു എനിക്കറിയില്ല …വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീണ പോലെയാ നിന്റെ അവസ്‌ഥ എന്നെനിക്കറിയാം…ഈ അവസ്ഥയിൽ നിന്നെ കൊണ്ടെത്തിച്ചതിന് എനിക്ക് പറയാൻ സോറി മാത്രേ ഉള്ളൂ…”
എന്റെ നെഞ്ചിൽ നിന്നും തലപൊക്കി മൂക്ക് ഒന്നു വലിച്ചു കണ്ണു കൂർപ്പിച്ചു നോക്കിയ ചാരു എന്റെ വയറ്റിൽ ബനിയൻ കൂട്ടി തൊലിക്ക് പിടിച്ചു പിച്ചി.
“ഔ….ഇപ്പൊ എന്തിനാ എന്നെ പിച്ചിപ്പറിച്ചെ…”
“എനിക്ക് ഇപ്പൊ എന്ത് സന്തോഷാ ന്നറിയോ….
അതില് ഏട്ടൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ എന്ന വിഷമം മാത്രേ ഉണ്ടായുള്ളൂ….
എന്നെ കൈ വിടാതെ ചേർത്തു പിടിക്കണില്ലേ….ഒരു ബന്ധോം ഇല്ലാത്ത എനിക്ക് വേണ്ടി ഇപ്പൊ എല്ലാരേം വിട്ടു വരേണ്ടി വന്നില്ലേ…..”
“ഇതൊക്കെ ഓക്കെ… അതിനെന്തിനാടി വട്ടത്തി നീ എന്നെ പിച്ചിയെ…”
“ആഹ് അതോ…ഇനി മേലാൽ…നേരത്തെ പറഞ്ഞപോലൊന്നും പറയാതിരിക്കാൻ…..
സമാധാനം ഉണ്ടെങ്കിൽ കുടില് പോലും എനിക്ക് സ്വർഗം പോലെയാ കേട്ടോടാ ഏട്ടൻ തെണ്ടി…”
“ഉവ്വെന്റെ ചാരു….മതി കുണുങ്ങിയത്…
റൂം ഒന്നു അടിച്ചു വാരിയിട്ട് നമുക്ക് ബെഡ് പിടിച്ചി,…. യ്യോ…”
ഇപ്രാവശ്യം അവളുടെ വായെത്തിയത് എന്റെ കയ്യിലായിരുന്നു, ഒരൊറ്റ കടിയിൽ അവൾ വാച്ച് ഉണ്ടാക്കി തന്നു.
“യ്യോ….യ്യോ…ഇതെന്തിനാടി തെണ്ടി….”
തുള്ളിക്കൊണ്ടു ഞാൻ ചോദിച്ചു.
“അത്…അതിനിയെന്നെ ചാരൂന്ന് വിളിക്കണ്ട…..”
കണ്ണുരുട്ടി അവളതു പറഞ്ഞതും ഞാൻ ശെരിക്കും ചൂഴ്ന്നു അവളെ ഒന്നു നോക്കി…
ഇനി ഇവൾക്ക് ശെരിക്കും പ്രാന്ത് വല്ലോം കാണുവോ…
അതായിരിക്കുവോ അവനിനി വേറെ കെട്ടിയെ…”
എന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ട അവൾ മുഖം താഴ്ത്തി…
“എനിക്ക് ചാരൂന്ന് പേരിട്ടത് ആഹ് തെണ്ടിയാ….ആഹ് പേര് കേൾക്കുമ്പോൾ ഇപ്പൊ എനിക്ക് അവനെ ഓർമ വന്നിട്ട് ചൊറിഞ്ഞു കയറിയിട്ട് പാടില്ല…..ഹും…”
അത്രേം പറഞ്ഞിട്ട് പെണ്ണ് തലപൊക്കി കുറ്റം ചെയ്തു പിടിക്കപ്പെട്ട ഒരു നാല് വയസുകാരിയുടെ മുഖഭാവവുമായി എന്നെ നോക്കി.
“ഒത്തിരി നോന്തോ…”
ചിണുങ്ങി കൊഞ്ചിക്കൊണ്ടു എന്റെ കൈ വലിച്ചു നോക്കി അവള് ചോദിച്ചു.
“ഇല്യാ നല്ല ചുഗം…..”
“സോറി….”
കണ്ണു ചിമ്മി പൂച്ചകുട്ടിയെപോലെ അവൾ പറഞ്ഞു.
“ഉവ്വാ…”
“ന്നാലും ഇനിയെന്നെ ചാരൂന്നു വിളിക്കണ്ട…”
“പിന്നെന്തോ വിളിക്കും…ശരണ്യ എന്നു നീട്ടി വിളിക്കാനൊക്കെ മെനക്കേടാ…”
“എങ്കി അമ്മൂന്ന് വിളിച്ചാൽ മതി….”
ആലോചിക്കാൻ പെണ്ണിന് നിമിഷങ്ങൾ പോലും വന്നില്ല…ഉണ്ടക്കണ്ണുകൾ വിടർത്തി, എന്നെ നോക്കി അവൾ പറഞ്ഞു.
“അതെപ്പോ ഇട്ടു…”’
“ഓഹ് അതൊക്കെ ഇട്ടു..ഹി ഹി ഹി …അതെന്നെ വീട്ടിൽ വിളിച്ചിരുന്ന പേരാ…”
“എങ്കിലും പെട്ടെന്ന് പേര് മാറ്റി വിളിക്കാൻ ഒക്കെ പാടാ ചാരൂ…..”
ഞാൻ വിളിച്ചതും പെണ്ണ് കണ്ണുരുട്ടി.
“അതൊക്കെ ഞാൻ മാറ്റി വിളിപ്പിച്ചോളാട്ട….വന്നേ…”
എന്റെ കയ്യും വലിച്ചു അവൾ മുറിയിലേക്ക് നടന്നു.
റൂമൊന്നു തൂത്തു വാരി ബെഡ് പിടിച്ചിട്ട് ഷീറ്റും തലയിണയും ഇട്ടതും പെണ്ണ് കുഴഞ്ഞു അതിന്റെ മേലെ വീണു…
“ഹോ വയ്യാണ്ടായി….”
കയ്യും വിരിച്ചു കിടക്കുന്ന അവളുടെ അടുത്തു നിന്ന് ഒരു തലയിണയും മൂലയ്ക്ക് വാങ്ങിച്ചു വെച്ചിരുന്ന പായും എടുത്ത് ഞാൻ റൂമിന് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും…
അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു ബെഡിൽ കുത്തിയിരുന്നു.
“ഏട്ടൻ ഇതെവിടെ പോവാ…”
എന്നെ നോക്കി പെണ്ണ് കണ്ണു കൂർപ്പിച്ചു.
“ഓഹ് ഇവിടെ അച്ഛനും അമ്മയും ഒന്നുമില്ലല്ലോ..അപ്പൊ ബോധിപ്പിക്കാൻ ഒരു മുറിയിൽ കിടക്കേണ്ട കാര്യമെന്താ….”
പറഞ്ഞു തീർന്നതും വാരി കുത്തി എഴുന്നേറ്റു എന്റെ കയ്യിലെ തലയിണ വാങ്ങി ബെഡിലേക്കെറിഞ്ഞിട്ട് എന്റെ കൈ വലിച്ചവൾ ബെഡിലേക്ക് തള്ളി ഇട്ടു.
“എന്നിട്ട് ഞാൻ ഒറ്റയ്ക്ക് ഈ മുറിയിൽ കിടക്കാനോ…എനിക്ക് പേടിയാ….
ഏട്ടൻ ഹാളിലാണേൽ ഞാനും അവിടെ…എന്നെ ഒറ്റയ്ക്കിട്ട് എങ്ങാനും പോയാലുണ്ടല്ലോ….”
കുണുങ്ങി പറഞ്ഞു എന്റെ കയ്യിലേക്ക് അവളുടെ മുഖം താഴ്ന്നു വരുന്നത് കണ്ടതേ അപകടം മനസ്സിലാക്കി ഞാൻ കൈ വലിച്ചു.
കടിക്കാൻ കൈ കിട്ടാതിരുന്ന സങ്കടത്തിൽ അവളുടെ മുഖം ചെറുതാവുന്നത് കണ്ടപ്പോൾ ഒരു വിഷമം…പക്ഷെ സങ്കടം തോന്നി അതിന്റെ വായിൽ കൈ വെച്ചു കൊടുക്കാനും മാത്രം മണ്ടത്തരം ഇല്ലാതിരുന്നത് കൊണ്ടു അവളെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു.
മുറിക്കുള്ളിൽ കറങ്ങുന്ന ഫാനിന്റെ കട കട ഒച്ചയും കേട്ട് മലർന്നു കിടക്കുമ്പോൾ ആദ്യം നെഞ്ചത്തൊരു കൈ വന്നു വീണു പിന്നെ തുടയ്ക്കു മീതെ വട്ടത്തിൽ ഒരു കാലും…
ചിണുങ്ങി ചിണുങ്ങി ഒരു സാധനം എന്റെ അടുത്തേക്ക് നീങ്ങി വന്നു കിടപ്പായി.
അവളുടെ ചൂടും പറ്റി കിടക്കാൻ വല്ലാത്ത സുഖം തോന്നി…എന്നും ഉണ്ടായിരുന്നെങ്കിൽ എന്നു വല്ലാത്തൊരു കൊതിയും പക്ഷെ, ഇവളുടെ മനസ്സിൽ ഞാൻ ഇപ്പോഴും ഒരു മൂത്ത സഹോദരനോടുള്ള അടുപ്പമാണോ എന്നറിയാതെ ഉള്ളിൽ ഉള്ള ഇഷ്ടം എങ്ങനെ പറയും എന്ന ചിന്ത എന്റെ ഉറക്കം കളഞ്ഞു.
***********************************
00cookie-checkഒരു കുടിലല്ല 5