എന്റെ യാത്ര

കൂട്ടുകാരെ. ഇതൊരു കമ്പിക്കഥയല്ല. ഈ കഥ ഈ സൈറ്റിലെ എന്റെ കൂട്ടുകാർ വായിക്കണമെന്ന് തോന്നി. ഇതൊരു കഥ മാത്രമായി എടുക്കുക. കുറച്ച് കാലമായി എന്റെ മനസ്സിൽ കിടന്നിരുന്ന ആശയങ്ങളും ഭാവനകളും ഒക്കെ ഒന്ന് ചേർത്തുവച്ചാണ് ഈ കഥ ഉണ്ടാക്കിയത്. ഇതിൽ വർഗ്ഗീയത ആരും കാണരുതെന്ന് അപേക്ഷിക്കുന്നു. ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അതു തികച്ചും യാദൃശ്ചികം മാത്രമാണെന്ന് പറഞ്ഞുകൊള്ളട്ടെ. അഭിപ്രായം നല്ലതായാലും മോശമായാലും അറിയിക്കണേ.
കഥ തുടങ്ങുന്നു.

കൊല്ലവർഷം 1193 ധനുമാസം ആരംഭം. ധനുമാസത്തിലെ തണുപ്പ് ഈ പ്രഭാതത്തിൽ തന്റെ മേൽ തഴുകിപ്പോകുന്നത് അവന്റെ രോമകൂപങ്ങളെ പുളകം കൊള്ളിച്ചു.
കോളേജിൽ നിന്ന് ഹോസ്റ്റലിലേക്കുള്ള യാത്രയിൽ വഴിവക്കിൽ വച്ച് പോലീസ് ചെക്കിംഗ്. അവൻ തന്റെ റോയൽ എൻഫീൽഡ് സൈഡാക്കി നിർത്തി.
” ഉം. സൈഡ് മിറർ ഒന്നും ഇല്ലാതെയാണോ ബൈക്കോടിക്കുന്നത്. ലൈസൻസെടുക്ക്. ” വണ്ടി കൈകാണിച്ച് നിർത്തിയ പോലീസുകാരൻ കർക്കശമായ സ്വരത്തിൽ പറഞ്ഞു. അവൻ തന്റെ പേഴ്സിൽ നിന്ന് ലൈസൻസ് എടുത്ത് നീട്ടി.
” രാഘവ്, S/o രഘു, അയോദ്ധ്യ ഹൗസ്, തൃപ്പൂണിത്തുറ, എറണാകുളം. കൊള്ളാലോടാ നിന്റെ അഡ്രസ്സ്. ആകെ ഒരു വർഗ്ഗീയത. ” പോലീസുകാരൻ പരുഷമായി അവനോടു പറഞ്ഞു. അവനൊന്നും മിണ്ടാതെ ഒന്നു പുഞ്ചിരിച്ചു.
” ശരി. 100 രൂപ പെറ്റിയടിച്ചിട്ട് പൊയ്ക്കോ. ഉം. ” പോലീസുകാരൻ പറഞ്ഞതനുസരിച്ച് അവൻ പൈസ അടച്ച് വീണ്ടും യാത്ര തുടർന്നു.

ആ പോലീസുകാരൻ അങ്ങിനെ പറഞ്ഞതിൽ അത്ഭുതപ്പെടാനൊന്നുമില്ല. തന്റെ വിലാസം അറിയുമ്പോൾ പലർക്കും ഉണ്ടാകുന്ന അമ്പരപ്പാണ് അയാളിലും അവൻ കണ്ടത്. കൊല്ലത്തെ ചടയമംഗലത്ത് നിന്ന് എറണാകുളത്തെ തുപ്പൂണിത്തറയ്കക്ക് മാറി താമസിച്ചപ്പോൾ പുതിയ വീടിന് മുത്തശ്ശി നിർദ്ദേശിച്ച പേരാണ് അയോദ്ധ്യ ഹൗസ് എന്ന്. കോളേജിൽ നിന്ന് ഇങ്ങോട്ട് പോരുന്നതിനു മുൻപ് തന്റെ സഹപാഠി ഗോകുൽ പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ വന്നലച്ചു.
” രാഘവ്. ഇത് നമ്മുടെ ക്രിസ്തുമസ് വെക്കേഷനല്ലേ. നമ്മുടെ കൂട്ടുകാരുടെ ഒപ്പം അടിച്ചു പൊളിക്കേണ്ട സമയം. അന്നേരത്ത് നീ ഒറ്റയ്ക്ക് രാമേശ്വരത്തോട്ട് ടൂർ പോകാന്ന് വച്ചാൽ അതെന്ത് പരിപാടിയാടാ. ” ഗോകുൽ സങ്കടത്തോടെ പറഞ്ഞു.
കാലടി ശങ്കരാചാര്യ കോളേജിലെ ഹിസ്റ്ററി സ്റ്റുഡന്റ്സാണ് രാഘവും ഗോകുലും. അവരുടെ ഒരു സുഹൃത്ത് കൂട്ടായ്മയായ ശങ്കരാ ബോയ്സിന്റെ ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായിട്ട് ഗോവയിലേക്കുള്ള ടൂർ പ്ലാനിംഗായിരുന്നു രാഘവിന്റെ ഈ രാമേശ്വരം വിസിറ്റോടെ തകർന്നു പോയത്.
” അതു പിന്നെ ഗോകുൽ എനിക്ക് പോയേ പറ്റൂ. നിനക്കറിയാലോ കാര്യങ്ങളൊക്ക. ” രാഘവ് തന്റെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

” ടാ രാഘവേ. കാര്യമൊക്കെ ശരിയാണ്. നമ്മളൊക്കെ ഹിസ്റ്ററി സ്റ്റുഡന്റ്സാണ്. എന്നു പറഞ്ഞ് നീ ആരുടെ ഹിസ്റ്ററിയാണ് അന്വേഷിച്ചു പോകുന്നേ. അതൊക്കെ നടക്കാത്ത കാര്യങ്ങളാണ്. നീ അതു ഉപേക്ഷിക്കുന്നതാണ് നല്ലത്. ” രാഘവിനെ അവന്റെ കൃത്യത്തിൽ നിന്ന് പിൻതിരിപ്പിക്കാനായി ഗോകുൽ പറഞ്ഞു.
” ഗോകുലേ. അത് എനിക്ക് കിട്ടിയിരിക്കുന്ന ഒരു നിയോഗമായിട്ടാണെടാ തോന്നുന്നത്. ഇതിനു മുൻപുള്ള കാര്യങ്ങളൊക്കെ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ. പിന്നെന്താടാ നിനക്ക് പറഞ്ഞിട്ട് മനസ്സിലാവാത്തത്?. ” അക്ഷമയോടെയായിരുന്നു രാഘവിന്റെ ചോദ്യം.
” അതൊക്കെ ശരിയാണ്. പക്ഷേ നിന്റെ ഒറ്റയ്ക്കള്ള ഈ പോക്ക്. എനിക്കെന്തോ പേടി തോന്നുന്നെടാ. ” ഗോകുലിന്റെ കുട്ടിത്തം തുളുമ്പുന്ന മുഖത്ത് ഭയാശങ്കകൾ കണ്ടു അവൻ.
” ഇതുപോലുള്ള യാത്രകൾ ഞാൻ മുൻപും ചെയ്തിട്ടുള്ളതായി നിനക്കറിവുള്ളതല്ലേ. നീ പേടിക്കാതിരിക്ക്. പിന്നെ ഇതിനെപ്പറ്റി ജാനകിയോട് ഞാൻ പോയതിനു ശേഷം മാത്രം പറഞ്ഞാൽ മതി. ” അതു പറഞ്ഞിട്ട് രാഘവ് ബൈക്കിൽ കേറി സ്റ്റാർട്ട് ചെയ്തു.

” എടാ നിൽക്ക്. ഞാൻ പറയുന്നതൊന്ന്. ” പറഞ്ഞ് മുഴുവനാക്കുന്നതിനു മുൻപേ രാഘവ് അവന്റെ കണ്ണിൽ നിന്നും മറഞ്ഞിരുന്നു.
ജാനകി. രാഘവിന്റെ കാമുകി. രാഘവിന് പെൺകുട്ടികളോട് വല്യ അടുപ്പമൊന്നും ഇല്ലായിരുന്നു. എല്ലാവരോടും ഒരുപോലെയായിരുന്നു അവന്റെ പെരുമാറ്റം. അവന്റെ കൂട്ടുകാർക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ രാഘവുണ്ടാകും മുൻപിൽ. ജാനകി തങ്ങളുടെ ഡിപ്പാർട്ട്മെന്റേ അല്ല. ഈ വർഷം സയൻസ് ഗ്രൂപ്പിലെ പുതിയ ബാച്ചിൽ വന്ന കുട്ടിയാണ്. ഒരു ശാലീന സുന്ദരി.
അവൻ പക്ഷേ അവളുടെ കാര്യം തന്നോട് പറയുന്നത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. പുതുതായി വന്ന കുട്ടികളുടെ വെൽകം പ്രാഗ്രാമിന് ജാനകിയെ സദസ്സിന് പേരു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴാണ് അത്രയും നേരം കൂട്ടുകാരുമായി സല്ലപിച്ചു നിന്നിരുന്ന രാഘവ് സ്റ്റേജിൽ നിന്ന് പാട്ടുപാടുന്ന ആ പെൺകുട്ടിയെ ശ്രദ്ധിച്ചത്.

ഈ പരിപാടി കഴിയുമ്പോൾ അവളെ പോയി പരിചയപ്പെടണമെന്നും അവൻ തന്നോട് പറഞ്ഞു. ഇത്ര നാളും ഇല്ലാത്ത ഒരു ഭാവം അവന്റെ മുഖത്ത് ഗോകുൽ ദർശിച്ചു. എത്രയോ പെൺകുട്ടികൾ അവന്റെ പുറകേ നടക്കുന്നു. ഒരെണ്ണത്തിനേയും അടുപ്പിച്ചിട്ടില്ലാത്ത രാഘവ് എന്തുകൊണ്ട് ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടതെന്ന് പിന്നീടാണ് ഗോകുലിനു മനസ്സിലായത്.
രാഘവ് കാണാൻ സുമുഖനാണ്. അറടി പൊക്കം. ജിമ്മിൽ പോയി ഉരുക്കിയെടുത്ത നല്ല സിക്സ് പാക്ക് ബോഡി. ഉറപ്പുള്ള ചുരുണ്ടമുടി പിന്നിൽ കഴുത്ത് വരെ ഇറക്കമുണ്ട്. മീശ ഒന്ന് പൊടിച്ച് വരുമ്പോളേക്കും അവൻ വടിച്ചു കളയും. ഇപ്പോഴത്തെ ഹിന്ദി സിനിമാ നടൻമാരുടെ പോലെയാണ് ആശാന്റെ നടപ്പ്. ടീഷർട്ടും ജീൻസുമാണ് ഇഷ്ടവേഷം. പുകവലിയില്ല. മദ്യപാനമില്ല. എപ്പോഴും ശാന്തത കളിയാടുന്ന മുഖം അവന് ഒത്തിരി കൂട്ടുകാരെ സമ്മാനിച്ചു.

ഇതൊക്കെയാണെങ്കിലും പിടികിട്ടാത്ത ഒരു സ്വാഭാവമാണ് രാഘവിന്റെ. ആരേയും വേദനിപ്പിക്കാറില്ല എങ്കിലും അവന്റേതായ ലോകത്തേക്ക് അവൻ ആരേയും പ്രവേശിക്കാൻ അനുവദിക്കാറില്ല.
ഇതേ സമയം ആലുവയിലെ ഹോസ്റ്റലിൽ നിന്ന് ഒരു ബാഗിൽ തനിക്ക് ആവശ്യമുള്ള ഡ്രസ്സും സാധനങ്ങളൊക്കെ പാക്ക് ചെയ്ത് അവൻ ആലുവ മെട്രോ റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ഓട്ടോ പിടിച്ചു. മെട്രോ സ്റ്റേഷനിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്തു. 5 മിനിട്ട് ഇടവിട്ട് വരുന്ന മെട്രോ താമസം കൂടാതെ മുക്കാൽ മണിക്കൂറിനുള്ളിൽ അവനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. അപ്പോൾ സമയം 2 മണി. 2.15 ന് എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്കുള്ള ഗുരുദേവ് എക്സ്പ്രസ്സാണ് അവന്റെ ലക്ഷ്യം.
അതാ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ തന്റെ ട്രെയിൻ. എ.സി കോച്ചിന് പുറത്ത് ഒട്ടിച്ചുവച്ചിരുന്ന പാസഞ്ചേഴ്സ് ലിസ്റ്റിൽ തന്റെ പേരുണ്ടെന്ന് ഉറപ്പു വരുത്തിക്കൊണ്ട് രാഘവ് ആ കമ്പാർട്ടുമെന്റിലേക്ക് കയറി.
താനിരിക്കുന്ന കൂപ്പയിലേക്കു കയറിയ രാഘവിന് കന്യാകുമാരിയിലേക്ക് പോകുന്ന ഒരു ഫാമിലിയെ പരിചയപ്പെടാൻ കഴിഞ്ഞു. അവർ അന്യോന്യം സംസാരിച്ചു. ഇവിടന്ന് രാമേശ്വരത്തേക്ക് പതിനഞ്ച് മണിക്കൂർ യാത്രയുണ്ട്.

” രാമേശ്വരത്തേക്കോ?. ആരെയെങ്കിലും കാണാനാണോ?. ” ആ കുംടുംബത്തിലെ കൂട്ടത്തിൽ പ്രായം ചെന്നയാൾ അവനോട് ചോദിച്ചു.
” ഏയ്. ഇതൊരു ടൂറാണ്. സ്ഥലമൊക്കെ കണ്ടിരിക്കാമല്ലോ. ” അവൻ പറഞ്ഞൊഴിഞ്ഞു.
” യെസ് ഓഫ് കോഴ്സ്. കാണേണ്ട ഒരു സ്ഥലം തന്നെയാണ് അത്. ” അയാൾ അതിനെ ശരിവച്ചു.
അവർ കന്യാകുമാരിയിലെ സൂര്യോദയത്തിനെ പറ്റിയൊക്കെ പരസ്പരം വാചാലമായി സംസാരിച്ചപ്പോൾ രാഘവ് തന്റെ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ചും. മുൻപ് താൻ ഇതിനു വേണ്ടി നടത്തിയ യാത്രകളെക്കുറിച്ചും ചിന്തിച്ചു. ഇതൊരു പക്ഷേ അതിന്റെയെല്ലാം അവസാനമായിരിക്കുമെന്ന് അവന് തോന്നി. എത്ര നാളായി താനിങ്ങനെ ഓടാൻ തുടങ്ങിയിട്ട്?. എന്തിനു വേണ്ടി?. ആർക്കു വേണ്ടി?. അവന്റെ ചിന്തകൾ കാലത്തിനു പിറകിലേക്ക് സഞ്ചരിച്ചു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ നാട്. തന്റെ ജന്മസ്ഥലം. ആ സ്ഥലത്തെക്കുറിച്ച് തന്റെ മുത്തശ്ശി പറഞ്ഞിരുന്നത് അത് അസുര രാജാവ് മഹാബലി വാണിരുന്ന സ്ഥലമാണ് എന്നാണ്. അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൊട്ടാരം ഉണ്ടായിരുന്ന സ്ഥലമാണ് എന്നാണ്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ വിഗ്രഹം വച്ച് പൂജിക്കുന്ന ക്ഷേത്രമാണ് എറണാകുളം കുസാറ്റ് യൂണിവേഴ്സിറ്റിയുടെ അടുത്തുള്ള തുക്കാക്കര അമ്പലം. പിന്നെ വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയ സ്ഥലത്തിന്റെ പേര് ഇപ്പോഴും മാറിയിട്ടില്ല. കളമശ്ശേരി മെട്രോയുടെ അടുത്തുള്ള പാതാളം എന്ന സ്ഥലം ആണത്. മുത്തശ്ശി അച്ഛനോട് അതൊക്കെ പറയുമ്പോൾ അച്ഛൻ അതൊക്കെ ചുമ്മാ പുച്ഛിച്ഛ് തള്ളുമായിരുന്നു.
പക്ഷേ താനതൊക്കെ വളരെ ആകാംക്ഷയോടെ കേട്ടിരിക്കും. അച്ഛനും അമ്മയേക്കാളുമൊക്കെ തനിക്ക് അടുപ്പമുള്ളത് തന്റെ മുത്തശ്ശിയോടാണ്. താനും മുത്തശ്ശിയും തമ്മിൽ വല്യ കൂട്ടായിരുന്നു. പഴയ മിത്തുകളുടെ തിരുശേഷിപ്പുകളുടെ ബാക്കിയാണ് ഇപ്പോഴുള്ള യാഥാ‌ത്ഥ്യങ്ങളെന്ന് മുത്തശ്ശി എപ്പോഴും പറയുമായിരുന്നു. നല്ല വിദ്യാഭ്യാസമുണ്ടായിരുന്ന മുത്തശ്ശിക്ക് സംസ്കൃതത്തിലൊക്കെ നല്ല പ്രാവീണ്യമായിരുന്നു.

തനിക്കൊരു അനുജനുണ്ടായപ്പോൾ തന്റേതു പോലെ മുത്തശ്ശിയാണ് അവനും പേരിട്ടത്. മിത്രൻ. ആ പേരിടാനുള്ളതിന്റെ കാരണം അച്ഛൻ മുത്തശ്ശിയോടു ചോദിച്ചപ്പോൾ മുത്തശ്ശി പറയുന്നത് കേട്ടു. സൗമിത്രൻ എന്ന പേരാണ് ഞാനിടാനുദ്ദേശിച്ചത്. പക്ഷേ ഇന്നത്തെ കാലത്ത് പിള്ളേരൊക്കെ അവനെ അത് പഴയ പേരാണെന്ന് പറഞ്ഞ് കളിയാക്കില്ലേ. അതു കൊണ്ടാണ് മിത്രൻ എന്ന് ഞാൻ ചുരുക്കിയത്. അതു പറഞ്ഞിട്ട് മുഖത്ത് നിറഞ്ഞ ചിരിയോടെ മുത്തശ്ശി അച്ഛനെ നോക്കി ചിരിക്കുന്നത് ഞാനിന്നും ഓർക്കുന്നു. അനുജന്റെ പേരിന്റെ ശരിയായ അർത്ഥം കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. മുത്തശ്ശി ഒരു വലിയ ബുക്കെടുത്ത് എന്റെ കയ്യിൽ തരുന്നതു വരെ. അന്ന് താൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.
” മോനേ രാഘവാ. ഇത് നീ വച്ചോ. ശരിക്ക് വായിച്ച് പഠിച്ചോ. ” മുറിയിൽഇരുന്ന് ബാലരമ വായിച്ചു കൊണ്ടിരുന്ന തന്റെയടുത്ത് മുത്തശ്ശി നീട്ടിയ ആ ബുക്ക് എടുത്ത് അതിന്റെ പുറം ചട്ടയിൽ എഴുതിയിരിക്കുന്നത് ഞാൻ നോക്കി. ” രാമായണം ചിത്രകഥ ”
” മുത്തശ്ശിയേ. ഇതു ചിത്രകഥയാണോ?. ” വെളുക്കനെ ചിരിച്ചു കൊണ്ട് താനതു പറഞ്ഞപ്പോൾ മുത്തശ്ശിയിലും ആ ചിരിയുടെ പ്രതിഫലനം കണ്ടു.

” ആ കഥയെന്നും പറയാം. മോനിത് മുഴുവൻ വായിക്കണം കെട്ടോ. ” അതു പറഞ്ഞിട്ട് മുത്തശ്ശി പോയി.
ബാലരമ മാറ്റി വച്ചിട്ട് താൻ ആ ബുക്കെടുത്ത് വായിക്കാൻ തുടങ്ങി. ആദ്യമൊക്കെ ഒന്നും മനസ്സിലായില്ലെങ്കിലും വായിക്കാൻ നല്ല രസം തോന്നി. കുറേ ദേവൻമാർ. രാക്ഷസൻമാർ. കൊരങ്ങൻമാർ. അങ്ങിനെ അങ്ങിനെ കുറേ ആളുകൾ. അവരുടെ യുദ്ധം. ആരെയോ ഒക്കെ കട്ടുകൊണ്ടുപോകുന്നു. കാട്ടിൽ പോകുന്നു. അങ്ങിനെ എന്തൊക്കെയോ ആ കഥയിൽ ഉണ്ടായിരുന്നു.
ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയം. രാമായണം തനിക്ക് മനപ്പാഠമായിരുന്നു. വൈകിട്ടത്തെ സന്ധ്യാനാമം ചൊല്ലാൻ ഉപയോഗിച്ചിരുന്നതും രാമയണം ആയിരുന്നു. മുത്തശ്ശി ഓരോ വരിയുടേയും അർത്ഥം തനിക്ക് പറഞ്ഞു തരുമായിരുന്നു.
ആ കഥ തനിക്ക് വളരെ ഇഷ്ടമായി. അതിലെപ്പോലെ താനും അനിയനും കൂടി യുദ്ധം ചെയ്തു കളിക്കുമായിരുന്നു.
കാലം പിന്നെയും കടന്നു പോയി.
അങ്ങിനെ താൻ പ്ലസ്-ടു വിന് പഠിക്കുന്ന സമയം. മുത്തശ്ശിയുടെ ആഗ്രഹ പ്രകാരം സ്കൂളിൽ അണ്ടർ സെവന്റീൻ വിഭാഗത്തിൽ അമ്പെയ്ത്ത് മൽസരത്തിന് താൻ ചേർന്നു. സ്കൂളിനെ തന്നെ അമ്പരപ്പിച്ച് യാതൊരു മുൻപരിചയമില്ലാതിരുന്ന താൻ ആ മൽസരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ട്രോഫിയുമായി മുത്തശ്ശിയുടെ അടുത്ത് ഓടിയെത്തിയ തന്നെ മാറോടണച്ചു പിടിച്ച് മുത്തശ്ശി പറഞ്ഞത് ഇന്നും താൻ ഓർക്കുന്നു. ഇത് നിനക്ക് കിട്ടിയ വരദാനമാണു മോനേ. മുടങ്ങാതെ പ്രാക്ടീസ് ചെയ്യണം. അതു പ്രകാരം സമയം കിട്ടുമ്പോഴൊക്കെ മുത്തശ്ശിയുടെ വാക്കുകൾ അനുരിച്ച് താൻ കയ്യിൽ കിട്ടുന്ന കമ്പും കോലും വള്ളിയുമൊക്കെ ഉപയോഗിച്ച് പ്രാക്ടീസ് നടത്താറുണ്ടായിരുന്നു. അത് തനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സംഗതിയുമായിരുന്നു.

ഒരിക്കൽ ശീമക്കൊന്നയുടെ കമ്പു വച്ച് വില്ലും ഈർക്കിൽ വച്ച് അമ്പും ഉണ്ടാക്കി യുദ്ധം ചെയ്തു കളിച്ചപ്പോൾ താൻ വിട്ട ഒരമ്പ് അനിയന്റെ കാലിൽ കുത്തിക്കൊണ്ടു. ചെറുതായി ചോര പൊടിഞ്ഞു. ഇതു കണ്ടുകൊണ്ടു വന്ന അച്ഛന്റെ കയ്യിൽ നിന്ന് തനിക്ക് അന്ന് പൊതിരെ തല്ല് കിട്ടി.
” നീയെന്തിനാണെടാ അമ്പും വില്ലും കൊണ്ട് കളിച്ചത്?. കുട്ടികൾക്ക് കളിക്കാൻ വേറെ എന്തൊക്കെയുണ്ട്. ” അരിശം മൂത്ത് അച്ഛൻ തന്നോട് ചൂടായി.
” ഞങ്ങൾ രാമായണം കളിച്ചതാ. ” കരഞ്ഞു കൊണ്ട് താൻ അതു പറഞ്ഞപ്പോൾ അച്ഛന്റെ ദേഷ്യം പിന്നെ മുത്തശ്ശിയോടായി.
” ഈ അമ്മയാണ് കുട്ടികൾക്ക് വേണ്ടാത്ത കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നത്. ” മുത്തശ്ശിയെ ഒന്ന് ദേഷ്യത്തോടെ നോക്കിക്കൊണ്ട് അച്ഛൻ അകത്തേക്ക് പോയി. വിഷമത്തോടെ കിടക്കാൻ പോയ മുത്തശ്ശിയുടെ അടുത്തേക്ക് താൻ ചെന്നു. കട്ടിലിൽ കിടക്കുന്ന മുത്തശ്ശിയുടെ അരികിൽ പുറത്ത് തട്ടി താൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
” സാരമില്ല മുത്തശ്ശ്യേ. അച്ഛൻ ചുമ്മാ പറഞ്ഞതാന്നേ. ” അതു കേട്ട് മുത്തശ്ശി തന്നെ നോക്കി പുഞ്ചിരിച്ചു.
” മോനേ രാഘവാ. രാമായണം. അത് നിന്റച്ഛൻ പറയുന്നതു പോലെ ചുമ്മാതൊരു കഥയല്ലെടാ. ” വിഷമത്തോടെയാണെങ്കിലും മുത്തശ്ശിയുടെ ശബ്ദം ഉറച്ചതായിരുന്നു.
” കഥയല്ലന്നോ?. പിന്നെ?. ” സാമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും താൻ സംശയത്തോടെ ചോദിച്ചു.

” അത് നടന്ന സംഭവമാണ്. ” കലങ്ങിയ കണ്ണുകളോടെ മുത്തശ്ശി പറഞ്ഞു.
” നടന്ന സംഭവമോ. മുത്തശ്ശി എന്താ പറയുന്നേ. അപ്പൊ ഇത് കഥയല്ലേ. ” ഞാൻ മുത്തശ്ശി പറയുന്നതെന്താണെന്ന് മനസ്സിലാക്കാതെ ഇരുന്നു.
“എന്റെ ചെറുപ്പകാലത്ത് ഞാൻ കേട്ടറിഞ്ഞതാണ് ഇതൊക്കെ. ആ ചിത്രകഥയിൽ പറയുന്ന രാമന്റെ രാജ്യമായ അയോദ്ധ്യ. അതിപ്പോഴും അവിടെയുണ്ട്. അവർ വനവാസകാലത്ത് താമസിച്ചിരുന്ന ദണ്ഡകാരണ്യം. രാമേശ്വരത്തുള്ള രാമസേതു. അങ്ങിനെ എത്രയോ എത്രയോ തെളിവുകൾ.” മുത്തശ്ശി തന്റെ പ്രായത്തെ മറന്ന് വർദ്ധിച്ച ആവേശത്തോടെ പറഞ്ഞു.
” അതിനിപ്പോ എന്താ മുത്തശ്ശീ. ” മുത്തശ്ശി പറയുന്നതൊക്കെ ഒന്ന് മനസ്സിലിട്ട് ചിന്തിച്ച് ഞാൻ പറഞ്ഞു.
” അതിനിപ്പോൾ കാര്യമുണ്ട് കുട്ടാ. നീ വേറാരോടും പറയില്ലെങ്കിൽ മുത്തശ്ശി നിന്നോടൊരു രഹസ്യം പറയാം. ” കണ്ണുകൾ ചിമ്മിച്ചു കൊണ്ട് മുത്തശ്ശി അതു പറഞ്ഞപ്പോൾ അടക്കാനാവാത്ത ആകാംക്ഷയോടെ താൻ മുത്തശ്ശിയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച് ചോദിച്ചു.
” ഞാനാരോടും പറയില്ല മുത്തശ്ശീ. പറഞ്ഞോ. ” തന്റെ മുഖത്തെ ആകാംക്ഷ കണ്ട് മുത്തശ്ശി ഒരു ദീർഘ നിശ്വാസമെടുത്തു.
” പണ്ട് നമ്മൾ താമസിച്ചിരുന്നത് കൊല്ലം ജില്ലയിലെ ചടയമംഗലത്താണ്. അതു മോനറിയില്ലേ. ” ഒരു രഹസ്യം പറയുന്ന പോലെ അവർ തന്നോടായി ചോദിച്ചു.
” അത് മുത്തശ്ശി പറഞ്ഞിട്ടുണ്ടല്ലോ. ജടായുപ്പാറ സ്ഥിതി ചെയ്യുന്ന സ്ഥലം അല്ലേ. ” തനിക്കറിയാവുന്നതാണ്. മുത്തശ്ശി തന്നെ എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ആ സ്ഥലത്തെ പറ്റി.
” അതേ. അവിടെ ആയിരുന്നപ്പോൾ ഞാൻ ഇടയ്ക്കൊക്കെ ആ പാറയുടെ മുകളിൽ പോകുമായിരുന്നു. അവിടെ രാമന്റെ കാലടി പതിഞ്ഞ പാടുകൾ ഉണ്ട്. അതു കാണാൻ. ” മുത്തശ്ശി നിർത്തി നിർത്തി പറഞ്ഞു.
” ഇതും മുത്തശ്ശി എന്നോട് മുൻപ് പറഞ്ഞിട്ടുണ്ട്. ഇതാണോ രഹസ്യം. ” അതൊക്കെ തനിക്കറിയാമെന്ന മട്ടിൽ താൻ അതിനെ നിസാരവൽക്കരിച്ചു പറഞ്ഞു.
” ഇടയ്ക്ക് കേറി പറയാതെ മുഴുവൻ കേൾക്കെടാ മോനേ. ” മുത്തശ്ശിക്ക് ചെറുതായി ദേഷ്യം വന്നു.
” ശരി. ഇനി ഞാൻ ഇടയ്ക്ക് കേറില്ല. പറ.” ഒരു ചമ്മിയ മുഖത്തോടെ താൻ മുത്തശ്ശി പറയുന്നത് കേൾക്കാനായി ചെവി കൂർപ്പിച്ചിരുന്നു.
” അങ്ങിനെ ഒരു ദിവസം ആ ജടായുപാറയുടെ മുകളിൽ പോയപ്പോൾ അവിടെ ഒരു സന്യാസി ഇരിക്കുന്നത് കണ്ടു. അദ്ദഹത്തിനെ കണ്ടപ്പോൾ അടുത്ത് ചെന്ന് വണങ്ങിയപ്പോൾ അദ്ദേഹം ഹിമാലയസാനുക്കളിൽ നിന്ന് വന്നതാണെന്നറിഞ്ഞു. ആ സ്ഥലത്തിന്റെ പ്രത്യേകതകളും. രാമന്റേയും ജടായുവിന്റേയും രാവണന്റേയും കാര്യങ്ങളൊക്കെ വിശദമായി തന്നെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. അതു കൂടാതെ ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യവും. ” മുത്തശ്ശി ഒന്ന് നിർത്തി.
” അതെന്താണെന്ന് ഒന്ന് പറ മുത്തശ്ശി. ” ആകാംക്ഷ തെല്ലും അടക്കാനാവാതെ എനിക്ക് ചോദിക്കേണ്ടി വന്നു.

” രാമൻ രാവണനെ നിഗ്രഹിച്ചുവെങ്കിലും രാവണന്റെ പക അടങ്ങിയിട്ടില്ല. ലോകവസാനം കൽക്കി അവതരിക്കുമ്പോൾ അതേ സമയം രാവണൻ പുനർജനിക്കും. അതിനായി ശിവഭഗവാനിൽ നിന്ന് വരമായി നേടിയ രാവണന്റെ ചന്ദ്രഹാസം ലങ്കയിലെ രാവണഗുഹയിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്. രാവണന്റെ പിൻതലമുറക്കാർ അതിനായി കാത്തിരിക്കുകയാണ്. 3500 വർഷങ്ങൾക്കു ശേഷമാണ് അതു സംഭവിക്കുക. ” മുത്തശ്ശിയുടെ മുഖത്ത് ഭീതിയുടെ നിഴലാട്ടങ്ങൾ താൻ കണ്ടു.
” അതൊക്കെ ചുമ്മാ പറയുന്നതല്ലേ മുത്തശ്ശീ. ” താൻ മുത്തശ്ശിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
” അല്ല മോനേ. അന്ന് ആ സന്യാസി വന്നത് എന്നെ തേടി എത്തിയതായിരുന്നു. കൽക്കിയിലൂടെ രാമന്റെ അവതാരം പുനർജനിക്കുന്നതിനെ പറ്റി എഴുതിയിരിക്കുന്ന ഒരു താളിയോലെ എന്നെ ഏൽപ്പിച്ചിട്ട് അദ്ദേഹം കാട്ടിലേക്ക് പോയിമറഞ്ഞു. ” അതു പറഞ്ഞ് കഴിയുമ്പോൾ മുത്തശ്ശിയുടെ കണ്ണുകളിൽ നീർ പൊടിഞ്ഞത് താൻ കണ്ടു.
” മുത്തശ്ശി എന്താ പറഞ്ഞു വരുന്നത്. ” തന്റെയുള്ളിൽ ഉള്ളിൽ ഒരു ഭീതി തോന്നുന്നതു പോലെ രാഘവിന്.

” ആ താളിയോല നമ്മുടെ നിലവറയിലുണ്ട്. അതു നീ വായിക്കണം മോനേ. രാഘവാ. നിന്റെ നിയോഗമാണ് പുനർജനിക്കാനുള്ള ആ രാവണനെ തടയുകാ എന്നത്. ചന്ദ്രഹാസം നശിപ്പിക്കുക എന്നത്. ” തന്റെ മുഖത്തേക്ക് ആരാധനയോടെയുള്ള മുത്തശ്ശിയുടെ പറച്ചിൽ കേട്ട് രാഘവിന്റെ കണ്ണുകൾ വിടർന്നു.
” മുത്തശ്ശി പറയുന്നതെല്ലാം എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ” എന്നിൽ ഉളവായ അമ്പരപ്പ് കുറച്ചൊന്നുമായിരുന്നില്ല.
” രാമന്റെ കാൽപ്പാടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം കഴിയുന്നതും നീ പോകണം. ലങ്കയിൽ പോയി ചന്ദ്രഹാസം നശിപ്പിക്കണം. ഈശ്വരാ. ” ഇത്രയും പറഞ്ഞ് മുത്തശ്ശി കണ്ണുകൾ അടച്ചു. മുത്തശ്ശിയുടെ കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ താഴേക്കിറ്റു വീണു.
” മുത്തശ്ശീ. മുത്തശ്ശീ. ” രാഘവ് മുത്തശ്ശിയെ കുലുക്കി വിളിച്ചു. മുത്തശ്ശി വിളി കേട്ടില്ല. തന്റെ നിയോഗം കഴിഞ്ഞതും ആ പുണ്യദേഹത്തിൽ നിന്ന് ആത്മാവ് വിട്ടകന്നു.
കത്തുന്ന ചിതയ്ക്കരികിൽ നിന്ന് എല്ലാവരും പോയി. കത്തിത്തീരാറായ മുത്തശ്ശിയുടെ ചിത കത്തുന്നത് നോക്കിനിന്ന രാഘവിന്റെ കാതുകളിൽ അവരുടെ വാക്കുകൾ വന്ന് അലയടിച്ചു കൊണ്ടിരുന്നു. നീ ലങ്കയിൽ പോകണം. ചന്ദ്രഹാസം നശിപ്പിക്കണം. അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ അടർന്നു വീണുകൊണ്ടിരുന്നു.

രാമായണം. രാവണൻ. ലങ്ക. ചന്ദ്രഹാസം. ഇതൊക്കെ ഐതീഹ്യമല്ലേ. മുത്തശ്ശി പറഞ്ഞതൊക്കെ ശരിയാകുന്നതെങ്ങിനെ?. 3500 വർഷങ്ങൾക്ക് ശേഷം ഒരാൾ പുനർജ്ജനിക്കുമെന്നോ?. അതിന് ഇത്തിരിപ്പോന്ന താൻ എന്തുചെയ്യാൻ?. അങ്ങിനെയൊരു വാൾ ഉണ്ടെങ്കിൽ തന്നെ ഇത്രയും നാൾ കേടുകൂടാതെ ഇരിക്കുന്നതെങ്ങിനെ?. ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉൂരിത്തിരിഞ്ഞു.
എന്തായാലും മുത്തശ്ശി പറഞ്ഞതു പോലെ നിലവറയിൽ പോയി നോക്കുക തന്നെ. സത്യമറിയണമല്ലോ. അവൻ കത്തിത്തീർന്ന ചിതയ്ക്കരികിൽ നിന്നും ഉറച്ച കാലടികളോടെ വീട്ടിലേക്ക് തിരിഞ്ഞു നടന്നു. നിലവറയിലേക്ക്. മുത്തശ്ശിയുടെ മനസ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യം തേടി.
അന്ന് വൈകിട്ട് തന്നെ അമ്മയുടെ കയ്യിൽ നിന്ന് നിലവറയുടെ താക്കോൽ മേടിച്ച് പഴയ ബുക്കുകളിൽ ചിലത് എടുക്കാനെന്ന പേരിൽ രാഘവ് നിലവറയ്ക്കുള്ളിൽ കയറി. വീടിനകത്തളത്തിലെ ചായ്പ്പിൽ നെല്ലിടിക്കുന്ന ഉരൽ വച്ചിരുന്ന സ്ഥലമയിരുന്നു നിലവറയിലേക്കുള്ള വഴിയുടെ മുഖം. ഉരൽ തള്ളിനീക്കിയപ്പോൾ ചതുരത്തിലുള്ള ഒരു വാതിൽ കണ്ടു. സൂക്ഷിച്ച് നോക്കിയാൽ മാത്രമേ അതൊരു വാതിൽ ആണെന്ന് മനസ്സിലാകൂ. പഴയ വീടാണിത്. ഹൂം.
അവൻ താക്കോൽ കൊണ്ട് നിലവറ തുറന്ന് അകത്തു കയറി. മുത്തശ്ശി പറഞ്ഞ താളിയോല കണ്ടുപിടിക്കാൻ വല്യ ബുദ്ധിമുട്ട് അവന് അനുഭവപ്പെട്ടില്ല. മുത്തശ്ശിയുടെ ഒരു ട്രങ്ക് പെട്ടിയിൽ പട്ടുകൊണ്ട് പൊതിഞ്ഞ ഒരു ഓല. അതിന്റെ പട്ടഴിച്ച് അതിൽ രേഖപ്പെടുത്തിയിരിക്കുന്ന സംസ്കൃത ലിപികൾ അവൻ വായിച്ചു. ഇത് പഴയ സംസ്കൃതമാണ്. അതിൽ എഴുതിയിരിക്കുന്നതിന്റെ പൊരുൾ വായിച്ചെടുക്കാൻ അവൻ കുറച്ചു പ്രയാസപ്പെട്ടു.
വായിച്ചു കഴിഞ്ഞപ്പോൾ മുത്തശ്ശി പറയുന്നതു തന്നെയാണ് അതിലുള്ളതെന്ന് മനസ്സിലായി. അവൻ അതിൽ പറഞ്ഞിരിക്കുന്നത് തന്റെ കയ്യിലുള്ള പേപ്പറിലേക്ക് പകർത്തിയെഴുതി.
” ലങ്കാരാജ്യത്തെ രാവണഗുഹയിൽ രാവണന്റെ തലമുറക്കാരാൽ കല്ലിൽ തീർത്ത ഒരു പേടകം. അതിൽ ചന്ദ്രഹാസം കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു. രാവണന്റെ പുനർജന്മത്തിലേക്ക് തുറക്കുന്ന താക്കോൽ അതാണ്. അതു കണ്ടെത്തുക. നശിപ്പിക്കുക. അല്ലെങ്കിൽ ഭൂമിക്ക് ആപത്ത്. ” അവസാന വാചകം വായിക്കുമ്പോൾ അവന്റെ കൈകൾ വിറച്ചിരുന്നു.
അടുത്ത ദിവസം മുത്തശ്ശിയുടെ കുഴിമാടത്തിന് അരികിൽ നിന്ന് രാഘവ് സത്യം ചെയ്തു. ചെയ്യും. മുത്തശ്ശി തന്നോട് പറഞ്ഞത് എന്താണോ അതു താൻ ചെയ്യും. എന്റെ യാത്ര. രാഘവന്റെ അയനം. രാഘവായനം ഇവിടെ തുടങ്ങുന്നു.

*************************************
ഈ ടൈപ്പ് കഥ ഞാൻ ആദ്യമായാണ് എഴുതുന്നത്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടേ ബാക്കി എഴുതുന്നുള്ളൂ. പഴഞ്ചൻ.



18610cookie-checkഎന്റെ യാത്ര