ഇത് മാലിനി 2

വൈഗ,മിനിമം ഒരാഴ്ച്ച കിടക്കെണ്ടി വരും.

കുഴപ്പമില്ല.കാര്യങ്ങൾ നടന്നല്ലെ പറ്റു.

ഡോക്ടർ നരേഷ് ആണ്.നല്ലൊരു മനുഷ്യനാ.കണ്ടിരുന്നോ ഡോക്ടർ.

ഉവ്വ്,ഡോക്ടർ ആണ് റൂം ഒക്കെ ശരിയാക്കാൻ സഹായിച്ചത്.ആരും അധികം
ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
എന്തോ ഒരു വിധത്തിലുള്ള പെരുമാറ്റം.ഏതൊ നികൃഷ്ട ജീവിയെ
കാണുന്നതു പോലെ.വേദനയെടുത്ത്
പുളയുകയായിരുന്നു.എന്നിട്ടും ഒന്ന് നോക്കാൻ സമയമെടുത്തു.ഒരു കടമ
തീർക്കുന്നപോലൊരു നോട്ടം.

സ്റ്റാഫ്‌ ഉണ്ടല്ലോ ആവശ്യത്തിന്,
ചിലപ്പൊ ആരെങ്കിലും വന്നുകാണില്ല. അല്ലേൽ തിരക്കാവും.

അല്ല റിനോഷ്,യൂണിഫോം ധരിച്ച ആറുപേരുണ്ട്.വല്യ തിരക്കൊന്നും കണ്ടില്ല.അവരൊക്കെ
ചായയും കുടിച്ച് വർത്താനം പറഞ്ഞിരിക്കുന്നു.
ഇപ്പൊ പറഞ്ഞ ഡോക്ടറില്ലെ, അദ്ദേഹം വന്നശേഷമാണ് കാര്യങ്ങൾ ഒന്ന് നേരെ നടന്നത്.

നല്ല മനുഷ്യനാണ്.

അതെ.ഇപ്പൊ നിന്നെ കണ്ടപ്പോൾ ഒരു സമാധാനം.

ഓക്കേ ഫൈൻ.പെയിൻ കൂടിയപ്പോ
ചെറിയൊരു സെഡേറ്റീവ് കൊടുത്തു. അതിന്റെയാ മയക്കം,ഉറങ്ങിക്കോട്ടേ.
പിന്നെ എന്തുണ്ടെങ്കിലും പറയാൻ മടിക്കരുത്.ഞാൻ കൗണ്ടറിലുണ്ട്.
മെഡിസിന്റെ സ്ലിപ് തരാം,താഴെയാ ഫർമസിയൊക്കെ…….

കാര്യങ്ങൾ വിശദീകരിച്ചു നിൽക്കെ അർച്ചനയും അങ്ങോട്ടെത്തി.കേസ് ഫയൽ
ഏൽപ്പിച്ചു,പരിശോധനക്ക് ശേഷം അത്യാവശ്യം ഒറിയന്റെഷനും നൽകി അവൻ അടുത്ത ക്ലൈന്റിന്
വേണ്ട സഹായങ്ങളുമായിറങ്ങി.

മൊത്തത്തിൽ എല്ലാവരെയും ഒന്ന് നോക്കി കൗണ്ടറിൽ എത്തുമ്പോൾ ഹൗസ് കീപ്പിങ് അടക്കം
പറഞ്ഞു ചിരിക്കുന്നുണ്ട്.ചിലപ്പോൾ ഭാഗ്യയെ എത്തിനോക്കുന്നുണ്ട്.മഞ്ജുവും മറ്റു
രണ്ടു സ്റ്റാഫും തങ്ങളുടെ ജോലിയിൽ മുഴുകിയിരിക്കുന്നു.ജെസ്സി ചേച്ചി അവരുടെ കമന്റ്‌
കേട്ട് ഒരു
വികാരവുമില്ലാതെ ചിരിക്കുന്നു.
അവനെ കണ്ടതും,അറിയുന്നതു കൊണ്ട് അവർ പലവഴിക്കായി.
റിനോഷ് അവരെ കൗണ്ടറിലേക്ക് വിളിച്ചു.

“നിങ്ങൾ ആരാന്നാ നിങ്ങളുടെ വിചാരം”കലിപ്പിച്ചുള്ള ചോദ്യം കേട്ട് അവരൊന്നു
പതറി.”കുറെ നേരമായി ശ്രദ്ധിക്കുന്നു,ഇവിടെ വട്ടം കൂടിനിന്ന്.. ഇവിടെന്താ വല്ല
അന്താരാഷ്ട്ര ചർച്ച വല്ലതും ആണോ.അതിന് കൂട്ടായി ഇൻചാർജും.ചേച്ചി ഒരു ഇൻചാർജ്
ആണ്,അതിന്റെ അന്തസ്സ് കാണിക്ക്. അല്ലാതെ ആ പൊസിഷൻന്റെ വില കളയല്ലെ.

പിന്നെ ഇവിടെ കൂടി നിക്കുന്നവരോട് ആയിട്ട് പറയുവാ.അവിടെ ഉള്ളതും മനുഷ്യൻ
തന്നാ.അല്ലാതെ അന്യഗ്രഹ
ജീവിയൊന്നുമല്ല.ഇങ്ങനെ എപ്പഴും ചെന്ന് നോക്കാൻ.അവർക്കൊരു പ്രൈവസിയുണ്ട്,അത്‌
മാനിച്ചേ പറ്റു.
അവർ ആരാ എന്താ എന്നൊന്നും നോക്കണ്ട,അവരെ കെയർ ചെയ്തെ പറ്റു.അങ്ങനെ ഉണ്ടെങ്കിൽ
മാത്രം ഈ
പണിക്ക് ഇങ്ങോട്ട് വന്നാൽ മതി.
മഞ്ജുവിനോടും കൂടിയാണ് പറഞ്ഞത്

മഞ്ജുവിന്റെ മുഖമൊന്ന് കുനിഞ്ഞു. എല്ലാവരെയും ഒന്ന് ഇരുത്തി നോക്കി അവൻ പുറത്തേക്ക്
നടന്നു.
*****
ഇതവന്റെ ബ്രേക്ക്‌ ടൈം ആണ്. കഫെറ്റീരിയയിൽ റിനിയുടെ കണ്ണിൽ നോക്കിയിരിക്കുന്നു.

എന്താ ഇങ്ങനെ നോക്കണേ

അല്ല എനിക്ക്‌ നോക്കിക്കൂടെ

കുന്തം,എന്തായിരുന്നു ജാഡ.എന്നിട്ട് വാലുപോലെ പുറകെ വന്നേക്കുന്നു. മരങ്ങോടൻ.

ദൈവമേ ഈ പെണ്ണ്…….

അതെ മോനെ അധികം ശൃംഗരിച്ചു നിൽക്കാൻ ടൈമില്ല.അക്കൗണ്ട് സെക്ഷനിലേക്ക്
ഇന്റർവ്യൂ.അതിന്റെ തിരക്കുണ്ട്.വൈകുന്നേരം പതിവ് സ്ഥലം,മറക്കല്ലേ…… ധൃതിയിൽ
പോകുമ്പോൾ വിളിച്ചുപറഞ്ഞു

ഇത്രേയുള്ളൂ അവരുടെ പിണക്കം.
എല്ലാം നിമിഷങ്ങൾക്കുള്ളിൽ തീരും.
ഡോക്ടർ അർച്ചന പറഞ്ഞത് ശരിയെന്ന് അവനും തോന്നി.ആദ്യ പ്രണയം പൂർണ്ണതയിൽ
എത്താതിരിക്കുന്നതാണ് നല്ലത്. പിന്നീട് കിട്ടുന്നതിന് മധുരം കൂടും.
*****
ദിവസം രണ്ട് കഴിഞ്ഞു.ഭാഗ്യയുടെ കാലിന് സർജറി വേണ്ടിയിരുന്നു.
ഒ.ടി കഴിഞ്ഞു റൂമിലെത്തുമ്പോൾ
ഒപ്പം മാലിനി മാത്രം.ഭാഗ്യയുടെ മുഖം പഴയതിലും തെളിഞ്ഞിട്ടുണ്ട്.
വന്നപാടെ വൈറ്റൽ പാരാമീറ്റർ നോട്ട് ചെയ്തു,ഫ്ലൂയിടും സ്റ്റാർട്ട്‌ ചെയ്തു കൌണ്ടറിൽ
വരുമ്പോൾ സുഗുണ മുൻപിലുണ്ട്.ഒ ടിയിൽ നിന്നും ഓവർ തരാനെത്തിയതാണ് കക്ഷി.

ദൈവമേ,ഈ പെണ്ണുംപിള്ള ആണോ, ഒരു ഉടക്ക് ഉണ്ടാവല്ലേ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്
അവനങ്ങോട്ടെത്തി.

അഹ് റിനോഷ്,ആംഗിൾ ട്വിസ്റ്റഡ് ആയിരുന്നു.അത്‌ ഫിക്സ് ചെയ്തു.
പെയിൻ കില്ലർ കൊടുത്തിട്ടുണ്ട്.
ഇനി പോസ്റ്റ്‌ ഓപ് മെഡിസിൻ സ്റ്റാർട്ട്‌ ചെയ്യണം.പിന്നെ ആ ഹിജഡയുടെ പേരില് കുറച്ച്
സാധനങ്ങൾ റീപ്ലേസ് ഉണ്ട്.അതിന്റെ ലിസ്റ്റ് ഇതാണ്.ഇത് അങ്ങെത്തിക്കണം….

അതവിടെ നിക്കട്ടെ ചേച്ചിയിപ്പോ എന്തോ പറഞ്ഞല്ലോ.

എന്ത്?

ഇടക്ക് എന്തോ ഒരു വാക്ക്.

ഓഹ്,പിന്നെ എന്താ വിളിക്കണ്ടത്.

അവർക്കൊരു പേരുണ്ട്,ഡിഗ്നിറ്റിയും.
അല്ലാതെ വഴിയെ പോകുന്ന ആര് എന്തു വിളിച്ചാലും അതെ വിളിക്കു എന്നുള്ള
നിങ്ങളുടെയൊക്കെ മനോഭാവം മാറ്റിയെ പറ്റു.

നീയെന്നെ പഠിപ്പിക്കുവാണോ?

ചിലപ്പോൾ ചിലരെ ചിലത് പഠിപ്പിച്ചു കൊടുക്കേണ്ടി വരും.

ഒന്ന് പോയെ ചെക്കാ.അവൻ പഠിപ്പിക്കാൻ വന്നേക്കുന്നു.

ചേച്ചി,അറിയില്ലയെങ്കിൽ പഠിച്ചേ പറ്റു.
പിന്നെ വിദ്യാഭ്യാസം ഉണ്ടായാൽ പോരാ.അല്പം സംസ്കാരം കൂടെ വേണം.അത്‌
തൊട്ടുതീണ്ടിയിട്ടില്ല എങ്കിൽ ഇതാവും സ്ഥിതി.

ഓഹ് സംസ്കാരം.നീ പറയുന്ന ഈ ഹിജഡയെക്കാൾ ആ പറഞ്ഞത് എനിക്കുണ്ട്.

അതെ ചേച്ചിയിപ്പോൾ പറഞ്ഞില്ലേ, എന്താ ചേച്ചിയുടെ സംസ്കാരം.അത് മിക്കവാറും
ഇവിടെയൊക്കെ പാട്ടാണ്
ചേച്ചിയുടെ ചില മെസ്സേജുകൾ ഇന്നും എന്റെ ഫോണിലുണ്ട്.അതില് വ്യക്തമായുണ്ട്
ചേച്ചിയുടെ സംസ്കാരം.അക്കമൊഡേഷനിൽ ഭർത്താവ് പുറത്ത് പോയ നേരത്ത് പ്ലംബറെ
വിളിച്ചുകേറ്റുന്നതാണോ സംസ്കാരം.ചുരുക്കി പറഞ്ഞാൽ ചേച്ചിയിലും മേലെ ആണ് അവർ.

കയ്യും കൊട്ടി പെൺവേഷം ധരിച്ചു
രാത്രിയിൽ ഇറങ്ങിനടക്കുന്നവർ അല്ലെ.അവരുടെ സംസ്കാരം എന്നെ പഠിപ്പിക്കണ്ട.

ശരിയാ……അങ്ങനെയുണ്ട്.ഒരു
നിവൃത്തിയും ഇല്ലാഞ്ഞിട്ടാവും.ഒരു ജോലിയുള്ള ചേച്ചി വ്യഭിചരിച്ചു നടക്കുന്ന കഥകൾ
വിളമ്പിക്കരുത്.
അവർ അങ്ങനെയായിപ്പോയി.അത്‌ അവരുടെ തെറ്റല്ലല്ലോ.ഹോർമോൺ വ്യതിയാനം കൊണ്ട് ശാരിരികവും
മാനസീകവുമായി മാറ്റമുള്ളതു കൊണ്ട് അവർ വീടിനും സമൂഹത്തിനും പുറത്തായി.ഒരു
ജോലിയില്ല.കിടക്കുന്നത് എവിടെ, എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന് ഇവരെപ്പറ്റി
ചിന്തിച്ചു നോക്കിയാൽ അവരുടെ ഭാഗത്താ ന്യായം.പിന്നെ ഒരു സപ്പോർട്ട് കിട്ടിയാൽ,ഒന്നു
ചേർത്ത് നിർത്തിയാൽ നല്ലരീതിയിൽ ജീവിക്കും ഇവരൊക്കെ.അതൊന്നും ആരും
ചിന്തിക്കില്ല.എന്നിട്ട് പഴി ആ പാവങ്ങൾക്കും.പിന്നെ ഇരുട്ടിനെ മറയാക്കി ഇവരെ
തേടിപ്പോകുന്ന കൂട്ടത്തിൽ കെട്ടിയോനും ഇല്ല എന്ന് ഉറപ്പ് വരുത്തിക്ക.

എടാ നീ…… നിന്നെ ഞാൻ…… സുഗുണയുടെ കണ്ട്രോൾ തെറ്റി.

ഒന്നടങ്ങ് സിസ്റ്റർ,പിന്നെ വിളിച്ചല്ലോ ഹിജഡയെന്ന്.ചേച്ചിയുടെ ഹോർമോൺ ലെവൽ ഒന്ന്
നോക്ക്.
ചിലപ്പോൾ ടെസ്റ്റോസ്റ്റിറോൺ ലെവല് കൂടുതൽ ആയിരിക്കും.

സീൻ വഷളായിക്കൊണ്ടിരുന്നു.റിനോ
വിടാൻ ഭാവമില്ലാതെ നിൽക്കുന്നു.
അവനെ നന്നായി അറിയുന്ന ജെസ്സി അവനെ പിടിച്ചുമാറ്റി.അർച്ചന സുഗുണയുമായി
പുറത്തേക്കും.ഒന്ന് പറഞ്ഞു തണുപ്പിക്കാൻ ജെസ്സി പാട് പെട്ടു.തൊണ്ടവരണ്ടതുകൊണ്ട്
അല്പം വെള്ളം കുടിച്ചുകൊണ്ട് ഇരുന്ന
നേരം നോക്കുമ്പോൾ മുന്നിലുണ്ട് വൈഗ,റൂമിന്റെ വാതിൽ ചാരിനിന്ന അവൾ അവൻ കണ്ടതും
അകത്തേക്ക് വലിഞ്ഞു.
*****
എന്തിനാ റിനോഷ് ആർക്കും വേണ്ടാത്ത ഞങ്ങൾക്ക് വേണ്ടി….

അപ്പൊ നിങ്ങൾ എന്നെ സുഹൃത്തായി കാണുന്നില്ല അല്ലെ. ആയിരുന്നു എങ്കിൽ ഇങ്ങനെയൊരു
ചോദ്യം ഉയരില്ല.

അതല്ല റിനോഷ്.ഒരു നിമിത്തം പോലെ എനിക്ക്‌ കിട്ടിയ സുഹൃത്ത് ആണ് നീ.അധികം
കണ്ടിട്ടില്ല.വളരെ കുറച്ചു സമയത്തെ പരിചയം കൊണ്ട്
തന്നെ നീ….. അങ്ങനെയോരാൾ ഞങ്ങൾക്ക് വേണ്ടി ഒരു പ്രശ്നത്തിൽ പെട്ടിരിക്കുന്നു.

ഓഹ് അത്‌ വലിയ കാര്യമൊന്നുമല്ല.
സുഗുണ,ആ പെണ്ണുംപിള്ളക്ക് ഇടക്ക് ആരോടെങ്കിലും ഒരു പ്രശനം ഉള്ളതാ.
ഇത്തവണ എന്നോടായി.

എന്തെങ്കിലും കുഴപ്പം……

ഒന്നും ഉണ്ടാവില്ല.എന്താകും എന്ന് കണ്ടറിയണം.മെഡിക്കൽ സൂപ്രണ്ട് ഇന്നാണ്
വന്നത്.വിളിപ്പിച്ചിട്ടുണ്ട്.

എനിക്കെന്തോ പോലെ……

ദേ പിന്നേം…..ഒന്ന് പറഞ്ഞുകൊടുക്ക്
ഭാഗ്യ.ഇത് അത്ര വലിയ സംഭവമല്ല.

അല്ലടാ,ഞങ്ങക്ക് വേണ്ടി നിന്നിട്ട് ഒരു പ്രശ്നം വന്നാൽ എങ്ങനെ ഒന്ന്
സമാധാനിക്കും.അന്നത്തെ യാത്രയും
ഇപ്പൊ ഈ നാല് ദിവസവും കൊണ്ട് നല്ലൊരു സുഹൃത്തിനെ കിട്ടി.ആദ്യമായി ഞങ്ങളോട് അല്പം
മനുഷ്യത്വം കാട്ടിയ,ഞങ്ങളുടെ സത്വം മനസിലാക്കി മാന്യമായി ഇടപെട്ട ഞങ്ങളുടെ
സുഹൃത്ത്.നീ വഴിക്ക് ഇപ്പൊ റിനിയും മഞ്ജുവും.അതാ ഞാൻ………..

ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ മഞ്ജുവാണ്.”ഏട്ടാ ഓഫീസിൽ
വിളിക്കുന്നുണ്ട്”

വൈഗ….. ഞാൻ ചെല്ലട്ടെ.എന്താകും എന്ന് നോക്കാം.പിന്നെ മഞ്ജു ഒന്ന് നോക്കിക്കോണെ….
ഭാഗ്യ പിന്നെ വരാം….അവൻ ഓഫീസ് ലക്ഷ്യമാക്കി
നടന്നു.
*****
സൂപ്രണ്ടിന്റെ റൂം,നഴ്സസ് ഹെഡും, ക്വാളിറ്റി ഹെഡും അവിടെയുണ്ട്. ഹരാസ്‌മെന്റ്
കമ്മറ്റിയിൽ നിന്ന് ഒരു ലേഡി ഡോക്ടറും,എച് ആർ ഹെഡ് റിനിയും
സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അവർക്കുമുന്നിൽ സുഗുണയും അവൾ കൊടുത്ത പരാതിയും.റിനി ശിരസ്സ് താഴ്ത്തി നിസ്സഹായയായി
ഇരിക്കുന്നു.

സുഗുണയുടെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് ഒന്നാമത്തെ ആരോപണം.ഒരു
അഴിഞ്ഞാട്ടക്കാരി എന്നധിക്ഷെപിച്ചു എന്നത് രണ്ടാമത്തേതും.

റിനി എന്നാൽ തുടങ്ങാം.എച് ആർ ഹെഡ് എന്ന നിലക്ക് ഇതിൽ എന്ത് നടപടി എടുക്കാം.

അത്‌ സർ,തെറ്റ് ആര് ചെയ്താലും പണിഷ്മെന്റ് കൊടുക്കണം.നീതി തുല്യമായി കിട്ടണം.നടപടി
ഫോർവേഡ് ചെയ്യുക.ഞാൻ ആക്ട് ചെയ്യാം.

കൂടുതൽ ചോദ്യം ഉണ്ടായില്ല.സി സി ടി വി ദൃശ്യവും അതിനൊപ്പമുള്ള സൗണ്ട് റെക്കോർഡർ
പിടിച്ച ശബ്ദശകലവും മതിയായിരുന്നു അവനെതിരെ.അവനെ ടെർമിനേറ്റ് ചെയ്യാം എന്ന്
തീരുമാനമായി.ഭാവി നടപടിക്കായി എച് ആറിന് വിട്ടു.
സുഗുണയുടെ മുഖത്ത് എന്തോ നേടിയ തിളക്കം.വിജയിച്ച ഭാവം. അവൾ ചിരിച്ചു.

റിനി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.
സുഗുണ അവളെ ഒന്ന് നോക്കി.
“എടി നിന്റെ കാമുകന് നീ തന്നെ ടെർമിനേഷൻ ലെറ്റർ കൊടുക്കുന്നു.
സന്തോഷം മോളെ”

എടി പുല്ലേ,ഇവനെ നിന്റെ വലയിൽ കിട്ടാഞ്ഞതിന്റെ ചൊറുക്കാണ്
നിനക്ക്.അതെനിക്കറിയാം.എനിക്കും ഇവനും ജീവിക്കാൻ ഈ ജോലിയുടെ ആവശ്യവും ഇല്ല.അതിനൊള്ള
മൊതല് ഞങ്ങടെ കുടുംബത്തിൽ ഉണ്ട്.മോള്‌ ചെല്ല്.

റീന,നിന്റെ ഫ്രസ്‌ട്രേഷൻ തീർക്കാൻ ഇതല്ല സ്ഥലം.ഡു യുവർ ഡ്യൂട്ടി.

യെസ് സർ………

അവൾ ഡോർ തുറന്നതും ഡോക്ടർ നരേഷ് അകത്തേക്ക് കയറിയതും ഒരുമിച്ച്.പോകാൻ തുടങ്ങിയ
റിനിയെ
അദ്ദേഹം തടഞ്ഞു.”സൂപ്രണ്ട് സാറെ എന്താ ഇവിടെയൊരു മീറ്റിംഗ്”

എന്താ ഡോക്ടർ നരേഷ് ഇതുവഴി. പതിവില്ലാത്തതാണല്ലോ.

പതിവില്ലാത്തത് നടക്കുമ്പോൾ വന്നല്ലെ പറ്റു.

പതിവുള്ളതാണ് നരേഷ്.തെറ്റ് ചെയ്തോ ശിക്ഷ കിട്ടും.

എങ്കിൽ നാല് ദിവസം മുന്നേ എമർജൻസിയിൽ ഉണ്ടായിരുന്ന ഡോക്ടർ,മറ്റു സ്റ്റാഫ്‌ അടക്കം
എല്ലാരേം,പിന്നെ ഇവളെയും അടക്കം
ടെർമിനേറ്റ് ചെയ്യേണ്ടി വരും.

എന്തിന്?

എന്റെ ക്ലൈന്റിനെ ടേക് കെയർ ചെയ്തില്ല അത്‌ തന്നെ.ഞാൻ പറഞ്ഞു
വിട്ടതാണ്,ഭിന്നലിംഗമാണ് എന്നതിന്റെ പേരിൽ വേണ്ട കെയർ ലഭിക്കാത്തതിന്.ഞാൻ വരുമ്പോൾ
വന്ന അതെ അവസ്ഥയിൽ തന്നെ.
പിന്നെ ഇവള്,എന്റെ ക്ലൈന്റിന് ഒരു പേരുണ്ട്. അത്‌ നിലനിൽക്കെ ഹിജഡ
എന്നുവിളിച്ചപമാനിക്കൽ അവരുടെ അന്തസ്സിനെ ചോദ്യം ചെയ്തതിന്……..

ഡോക്ടർ എന്താ ഹ്യൂമാനിറ്റി എടുത്തു തലയിൽ വച്ചിട്ടുണ്ടോ?

വല്യ ഹ്യൂമാനിറ്റേറിയൻ അവാർഡ് നേടിയ സാർ അതിന്റെ അർത്ഥം മറക്കുമ്പോൾ ചിലത്
ഇങ്ങനെയും സംഭവിച്ചു പോകും.സൂപ്രണ്ട് സാറിന് അതിനു കഴിയുന്നില്ലയെങ്കിൽ കിട്ടിയ
പുരസ്‌കാരത്തോട് നീതി പുലർത്താൻ കഴിയുന്നില്ലയെങ്കിൽ അന്തസ്സായി അതങ്ങ് തിരിച്ചു
കൊടുക്കണം സർ.അതിനുള്ള തണ്ടെല്ല് താങ്കൾക്ക് വേണം.
അല്ലാതെ അല്പം കടന്നുപോയി എങ്കിലും എന്റെ ചിലരുടെ മോശം കാഴ്ച്ചപ്പാടുകളെ എതിർത്ത
ഇവനെ ഒറ്റക്ക് ക്രൂശിക്കുകയല്ല വേണ്ടത്.

ഡോക്ടർ നരേഷ്…. വിൽ യു സ്റ്റോപ്പ്‌

ടെമ്പർ തെറ്റണ്ട സാറെ.താനൊന്നും ചെയ്യില്ല.ഇവൻ ഇവിടെത്തന്നെ കാണും.തെറ്റ് കണ്ടാൽ
മുഖം നോക്കി പറയാൻ ധൈര്യമുള്ള ഇവനൊക്കെ ഇവിടെ വേണം.അല്ലേൽ ചിലർക്ക് അഴിഞ്ഞാടാൻ
അതൊരു അവസരം ഉണ്ടാക്കിക്കൊടുക്കും.

വാടാ ഒരു ആക്ഷനും എടുക്കില്ല.
പോയി രണ്ടെണ്ണം അടിച്ചു സെറ്റ് ആവാൻ നോക്ക്.എടി കൊച്ചെ നീ പോയി നിന്റെ പണിനോക്ക്…..
നരേഷ് അവന്റെ തോളിലും കയ്യിട്ട് പുറത്തേക്ക് നടന്നു.കിളിപോയി നിൽക്കുന്ന സുഗുണയെ
നോക്കി ഒരു ആപ്പ് സിംബലും കൊടുത്തു റിനിയും
*****
ഒരു പ്രശ്നം ഒഴിഞ്ഞതിന്റെ ആശ്വാസം വൈഗയിൽ കണ്ടു.
അവന്റെ പ്രസൻസ് വൈഗക്ക് ഒരു ആശ്വാസമായിരുന്നു.അവർ കൂടുതൽ സംസാരിച്ചു
തുടങ്ങി.ഡ്യൂട്ടി
ഇല്ലാത്ത സമയം പോലും ഇടാക്ക് അവന്റെ നോട്ടം ഭാഗ്യയിൽ എത്തി.
ആ മുത്തശിയും അവരോടടുത്തു. ഒന്ന് മിണ്ടാൻ ആളെ കിട്ടിയ സന്തോഷം.അവരുടെ കഥയും
മറിച്ചല്ല.രണ്ട് മക്കൾ.ഒരു മോനും മോളും.സർക്കാർ ഉദ്യോഗസ്ഥർ.
വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ചു.പറന്നു തുടങ്ങിയപ്പോൾ അവരെ മറന്നു.

ഭർത്താവ് മരിച്ചപ്പോൾ പോയത് ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാനുള്ള അവസരം
കൂടിയായിരുന്നു.ഒന്ന് സംസാരിക്കാൻ പോലും സമയം കണ്ടെത്താത്ത മക്കൾ….. അവർ പറയുന്നത്
കേട്ടുനിന്ന അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.മകനും ഭാര്യയും ഉലകം ചുറ്റി
നടക്കുമ്പോൾ ഇല്ലാത്ത അസുഖം പറഞ്ഞു അഡ്മിറ്റ് ചെയ്യും.ഗവണ്മെന്റ് വക ക്ലെയിം
ഉള്ളതുകൊണ്ട് അതും കഴിച്ചിൽ.വരുന്നതുവരെ അവരീ ആശുപത്രിയിൽ……..

പ്രായമായവർ ആഗ്രഹിക്കും മക്കൾക്കും കൊച്ചു മക്കൾക്കും ഒപ്പം അല്പം സമയം
ചിലവിടാൻ.കൂടുതൽ അവർ ഒട്ടും ആഗ്രഹിക്കാറില്ല.
നമ്മുടെ സ്നേഹസാമിപ്യം ഒഴികെ.
ഈ കഥ കേട്ടിരിക്കുമ്പോൾ റിനോഷ് ഓർത്തത് ബാപ്പുവിന്റെ ഈ വാക്കുകളായിരുന്നു.
*****
ഡിസ്ചാർജ് കിട്ടി ഭാഗ്യ പോകുമ്പോൾ ആ സൗഹൃദം ദൃഡമായിരുന്നു.ചിലർ വിചാരിക്കും ഏതാനും
ദിവസം കൊണ്ട് പറ്റുമോ എന്ന്.ബന്ധങ്ങൾ ചിലത് അങ്ങനെയുമുണ്ട്.അല്ലെങ്കിൽ
ചില നിമിത്തങ്ങളാവാം.

യാത്ര പറഞ്ഞു പോകുമ്പോൾ അവനെ അഥിതിയായി ക്ഷണിക്കാൻ വൈഗ മറന്നിരുന്നില്ല.ഒരു
സുഹൃത്ത് അവൾക്കുണ്ട് എന്ന സന്തോഷത്തിൽ വീണ്ടും ഒരു ആശുപത്രി വാസം ഉണ്ടാവരുത് എന്ന
പ്രാർത്ഥനയോടെ അവർ വീട്ടിലേക്ക് യാത്രയായി.
*****
ക്ഷണപ്രകാരം റിനോഷ് വൈഗയുടെ വീട്ടിലെത്തി.സന്ധ്യമയങ്ങിയ സമയം.
കാലിൽ ബാൻഡേജും കയ്യിൽ ആം ബാഗും തൂക്കി ഭാഗ്യ വിശ്രമിക്കുന്നു.
അവളെ കാണാൻ വന്നിരിക്കുന്നവർ വേറെയും.മാലിനി വന്നവരുടെ കാര്യം നോക്കി
ഓടിനടക്കുകയാണ്.ഇടക്ക് അവനെ കണ്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് അവനരികിലെത്തി,അവനെ
മുറിയിലേക്ക് കൈപിടിച്ച് കയറ്റിയ മാലിനിയെക്കണ്ട് അവിടെയുള്ളവർ സാകൂതം
നോക്കിനിന്നു.അവൻ ആ ചുറ്റുപാടും ഒന്ന് നോക്കി.ഒരു ചെറിയ
ലിവിങ് റൂം,ചെറിയ അടുക്കളയും ഒരു ബെഡ്‌റൂമും കോമൺ ടോയ്ലറ്റും അടങ്ങുന്ന വലിയ
സൗകര്യമൊന്നും ഇല്ലാത്ത അപ്പാർട്ട്മെന്റ്.ചെറിയൊരു ബാൽക്കണിയുണ്ട് ബെഡ്‌റൂമിനോട്‌
ചേർന്നുതന്നെ.ഇവിടെയാണ്‌ വൈഗ,
മാലിനിക്കും ഭാഗ്യക്കുമൊപ്പം താമസം അവിടെയുള്ളവരെ കൂടാതെ ആരോ വേറെയും ഉണ്ട്.

മാ ജി,ഞങ്ങൾ പറഞ്ഞില്ലേ റിനോഷ്.
ഇതാണ് ആള്.

ആളെ മനസിലാവാതെ അവൻ നോക്കിനിന്നു.അപ്പോൾ അല്പം പ്രായം തോന്നിക്കുന്ന സ്ത്രീ
അവനരികിൽ വന്നു.”ആരാണെന്ന് ചിന്തിക്കുന്നു അല്ലെ.ഞാൻ തേജസ്വിനി.ഇവരുടെ മാ
ജി.എനിക്കിവർ മക്കളും”

“ഞാൻ പറഞ്ഞിട്ടില്ലേ റിനോഷ്………
ഞങ്ങളുടെ കമ്മ്യൂണിറ്റിയെക്കുറിച്ച്,
ഞങ്ങളുടെ ഗുരുവിനെക്കുറിച്ച്.ആ പറഞ്ഞ വ്യക്തിയാണിത്.ഞങ്ങളുടെ ഒക്കെ മാ ജി”അവന്റെ
മുഖത്തെ സംശയങ്ങൾ തീർത്തത് വൈഗയുടെ വാക്കുകളായിരുന്നു.അവൻ അവരെ നോക്കി കൈകൂപ്പി,അവർ
തിരിച്ചും.
അവർക്കൊരു സഹോദരനെക്കിട്ടിയ
പ്രതീതിയായിരുന്നു.വിശേഷങ്ങൾ തിരക്കുവാൻ ഉത്സാഹപ്പെടുന്നു.ഒപ്പം മാലിനി അവനെ
സൽക്കരിക്കുന്ന തിരക്കിലും.അവൻ അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തും കുശലാന്വേഷണം
നടത്തിയും അവർക്കൊപ്പം ചേർന്നു.അവരോട് സംസാരിക്കുമ്പോൾ,ചിരിച്ചുകൊണ്ട് അവരുടെ
വേദനകൾ പങ്കിടുമ്പോൾ
തനിക്ക് കിട്ടിയ നല്ലതിനെ ഓർത്ത് അവൻ ആർക്കൊക്കെയൊ നന്ദി
പറയുന്നുണ്ടായിരുന്നു.തനിക്കൊന്നും ഇവർ അനുഭവിക്കുന്നതിന്റെ നൂറിൽ ഒന്നുപോലും
അറിയേണ്ടി വന്നിട്ടില്ല എന്നവൻ ഓർത്തു.

ഇതൊക്കെ കേട്ട് അറിയാതെ കണ്ണു നിറഞ്ഞ അവൻ പതിയെ പുറത്ത് ബാൽക്കണിയിലേക്ക്
നിന്നു.ഒരു സിഗരറ്റ് കൊളുത്തുമ്പോൾ അവന് അരികിലായി ആരോ നിൽക്കുന്നത് അറിഞ്ഞ അവൻ
നോക്കുമ്പോൾ ദൂരേക്ക് നോക്കിനിൽക്കുന്നു മാ ജി

വൈഗ………അവൾ?

അവൾ അവിടെയല്പം പാചകത്തിൽ ആണ്.തന്റെ സുഹൃത്തിനെ തന്നാൽ കഴിയും വിധം സൽക്കരിക്കാൻ
ഓടി നടക്കുന്നു.ഒരു സഹോദരനെ കിട്ടിയ സന്തോഷം ആ മുഖത്തുണ്ട്.

മ്മ്മ്, അവനൊന്നു മൂളിക്കൊണ്ട് ഒരു പുകയെടുത്തു.

എന്തുപറ്റി മോന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു

ഹേയ് ഒന്നുല്ലമ്മാ….അല്ല മാ ജി…..

“ആദ്യമായി ഒരാൾ അങ്ങനെ അമ്മ എന്ന് തികച്ചും.അങ്ങനെ തന്നെ മതി”
അവരുടെ കണ്ണ് നിറഞ്ഞോ എന്നവന് തോന്നിപ്പോയി.

മോൻ കാര്യം പറഞ്ഞില്ലല്ലോ?

ഒന്നുല്ല,ചിലതൊക്കെ കേട്ടപ്പോൾ അറിയാതെ…….

നല്ല മനസ്സുകൾക്കെ അങ്ങനെ പറ്റു. മറ്റുള്ളവരുടെ വേദന മനസിലാക്കാൻ സാധിക്കു.ഞങ്ങളുടെ
കാര്യം തന്നെ നോക്ക്,പലരുടെയും ആട്ടും തുപ്പും കേട്ട്….പലർക്കും തല ചായ്ക്കാൻ
ഒരിടം…….വഴിവക്കിലാ ഞങ്ങളിൽ ഭൂരിഭാഗവും.ഒരുനേരത്തെ ഭക്ഷണം അതിനുപോലും
ബുദ്ധിമുട്ടുന്നു.ഒരു ജീവനാണ് എന്നൊരു പരിഗണന പോലും ആരും തരാറില്ല.അപൂർവം
മോനെപ്പോലെ ചിലരല്ലാതെ.ഒന്ന് പൊതു സ്ഥലത്ത് ഇറങ്ങിനടക്കാൻ, ഒരസുഖം വന്നാൽ ഒന്ന്
കാണിക്കാൻ വല്ലാത്ത ബുദ്ധിമുട്ടാ.ഒന്നും വേണ്ട…
പൊതു സ്ഥലത്തുള്ള ഒരു ടോയ്ലറ്റ് ഉപയോഗിക്കാൻ പോലും പലരുടേം ആട്ടും തുപ്പും
പരിഹാസങ്ങളും കേൾക്കണം.

ഞങ്ങൾ പിന്നെ ഇങ്ങനെ ആയില്ല എങ്കിലേ അത്ഭുതമുള്ളൂ.ഞങ്ങളിലെ മാറ്റം ഉൾക്കൊള്ളാൻ
ശ്രമിക്കാറില്ല,
ഒരാളും.തങ്ങളിലെ മാറ്റം അറിഞ്ഞു അതുമായി പൊരുത്തപ്പെട്ടു വരുന്ന സമയം വീട്ടിൽ
നിന്നും സമൂഹത്തിൽ നിന്നും പുറന്തള്ളിയിരിക്കും.പിന്നെ ആർക്കും വേണ്ട.ഒന്ന്
മനസിലാക്കി കൂടെ ചേർത്തു നിർത്താൻ ആരും ഇല്ലാത്തവരാ ഞങ്ങൾ.അങ്ങനെ ആയിരുന്നേൽ
ഞങ്ങളും മാന്യമായി ജീവിച്ചേനെ.സ്വന്തം കുടുംബത്തിന് വേണ്ടെങ്കിൽ സമൂഹവും വിലതരില്ല.
ഒന്ന് ചിന്തിച്ചു നോക്ക് ഞങ്ങളുടെ തെറ്റുകൊണ്ടാണോ ഞങ്ങളിങ്ങനെ ആർക്കും
വേണ്ടാത്തവരായെ.പണ്ട് ഏതൊ രാജാവ് പറഞ്ഞതുപോലെ “ദൈവത്തിന്റെ വികൃതികൾ”

ഒക്കെ ഒരിക്കൽ ശരിയാകും.

ഒരു ഭംഗിവാക്കിനു വേണമെങ്കിൽ അങ്ങനെ പറഞ്ഞാശ്വസിക്കാം.
അല്ലാതെ……. ഈ സമൂഹത്തിന്റെ ചിന്താഗതികൾ അങ്ങനെയൊന്നും മാറില്ല മോനെ.മാറി
ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്താനും എതിരെ നിക്കാനും
ഒരുപറ്റം തന്നെ കാണും.

ആഹാ നീയിടെ നിൽക്കുവാ റിനോഷ്

ഞാൻ വെറുതെ അമ്മയുമായി……..
എന്താ വൈഗ?

അവിടെ നോക്കിയിട്ട് കണ്ടില്ല.നിക്ക് ഞാൻ ദാ വരുന്നു.

വൈഗ അകത്തേക്ക് ഓടി.തിരിച്ചു വരുമ്പോൾ കയ്യിൽ ഒരു ചെറിയ സെറ്റപ്പിനുള്ള
സാധനവുമുണ്ട്.”റിനോ
തത്കാലം നിന്റെ ബ്രാൻഡ് അല്ലടാ, അത്‌ ഞാൻ തങ്ങില്ല.ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ”ആദ്യമെ
തന്നെ ക്ഷമയും പറഞ്ഞു വൈഗ അവനായി ഡ്രിങ്ക് പകർന്നു.ഒപ്പം അവളും മാ ജി യും.
വലിയ വിഭവങ്ങൾ ഒന്നുമില്ലാതെ ഭക്ഷണവും കഴിഞ്ഞു അഥിതികൾ പതിയെ യാത്രയായി.ഇറങ്ങുമ്പോൾ
മാജി അവനെ തന്റെ നെഞ്ചോടു ചേർത്ത് നെറുകയിൽ ഒരു ചുംബനം സമ്മാനിച്ചു.ഒരു മകനോടുള്ള
സ്നേഹം അതിലുള്ളയായി അവന് തോന്നി.അവനെ വാത്സല്യപൂർവ്വം നോക്കി ഒരു തലോടലോടെ അവിടെ
നിന്നും ഇറങ്ങുമ്പോൾ,തങ്ങളെയും അംഗീകരിക്കുന്ന ചില മനസുകൾ ഉണ്ടെന്നുള്ള സന്തോഷം
അവരുടെ മുഖത്തവൻ കണ്ടു.

വൈഗ നീറ്റായിട്ട് ഒരെണ്ണം ഒഴിച്ചേ, ഒന്നാറിത്തണുക്കട്ടെ….

ഫുൾ ഫോമിൽ ആണല്ലോ,ഇതിപ്പോ എത്രയാണെന്ന് വച്ചാ.

മൂന്നെണ്ണം അല്ലെ ആയുള്ളൂ.ഇല്ലേൽ വാങ്ങിക്കാം.

അയ്യോ വേണ്ട……നീ വാ…

അവൾക്കൊപ്പം പതിയെ ലഹരിയും നുണഞ്ഞു നിൽക്കുന്ന സമയം.മണി പത്തുകഴിഞ്ഞു.’വൈഗാ
എവിടെയാ’
വിളികേട്ട് തിരിയുമ്പോഴുണ്ട് മാലിനി.
ഒരു ചുവന്ന സാരിയിൽ ചായങ്ങൾ തേച്ചുമിനുക്കിയ മുഖവുമായി ചെറു ചിരിയോടെ നിൽക്കുന്നു.

എന്താടാ,നിനക്കീ ബാൽക്കണി അങ്ങ് പിടിച്ചോ.

ഒന്നുല്ലടാ,അല്പം കാറ്റുകൊണ്ട് നിന്നു അത്രേയുള്ളൂ.പിന്നെ ദാ ഇതും.

മ്മ്മ്,അധികം വേണ്ടാട്ടോ…വൈഗാ ഞാനിറങ്ങുവാ.അവളെ നോക്കണെ.

അല്ല,നീയിതെങ്ങോട്ടാ.

ഒന്ന് പുറത്തേക്ക്,ഒരു കസ്റ്റമർ. സ്ഥിരം ആളാ.ഒഴിവാക്കാനും വയ്യ. രണ്ട് മണിക്കൂറിൽ
തിരിച്ചുവിടാം എന്നാ.

എന്നാ ചെന്നിട്ട് വാ……..എന്തോ ചോദിക്കാൻ തുടങ്ങിയ റിനോഷിന്റെ കയ്യിൽ വൈഗ
പിടുത്തമിട്ടിരുന്നു.
അവന്റെ ചോദ്യം പുറത്തേക്ക് വന്നില്ല എങ്കിലും മനസിലായതുപോലെ……

ശരീടാ,കുറച്ചു വെയ്റ്റ് ചെയ്യുവാണെ
ഒരുപകാരമാവും ഇവൾക്ക്.

ഞാൻ നിന്നോളാം.നീ ചെല്ല്…….

ദാ… അയാളാ.താഴെ എത്തിക്കാണും
അതും പറഞ്ഞവൾ താഴേക്ക് ഓടി.

അവൻ വൈഗയെ ഒന്ന് നോക്കി.
അവളുടെ പിടുത്തം അയഞ്ഞിരുന്നു.
അവന്റെ കണ്ണുകളിലെ ചോദ്യങ്ങൾ അവൾ വായിച്ചെടുത്തു.അകത്ത് ഒന്ന് നോക്കി,ഭാഗ്യ
ഉറക്കത്തിലേക്ക് വഴുതിയിരുന്നു.അവളുടെ നിദ്ര കണ്ട് അവനും ഒന്ന് നോക്കിനിന്നു.

മരുന്നിന്റെ ക്ഷീണമുണ്ട്.ചെറിയ മയക്കമുണ്ട് ഗുളികക്കൊക്കെ.

അതുണ്ടാവും,ചെറിയ രീതിയിൽ ഉറങ്ങാനുള്ള മരുന്നുമുണ്ട്.

അവള് വരാൻ വൈകുവോ?

കാര്യം മനസിലായി…..ഇല്ലടാ പെട്ടെന്ന് വരും.

എന്തിനാടാ ഇനീം,ഇപ്പൊ ബ്യുട്ടിക്കും
സ്റ്റിച്ചിങ്ങും ഒക്കെയുണ്ടല്ലോ.

നീയിത് എന്തറിഞ്ഞിട്ടാ റിനോഷ്.
അറിയാല്ലോ കാര്യങ്ങളൊക്കെ.മാസം ഒന്ന് തട്ടീം മുട്ടീം പോണേൽ ചിലവ് എത്രയാന്നാ.അതും
ഇതുപോലെ ഒരു സിറ്റിയിൽ.നിനക്ക് ഒന്നുമറിയണ്ട ശമ്പളം ഇഷ്ട്ടത്തിനു ചിലവിടാം,അമ്മ
ചോദിക്കില്ലല്ലോ,ഇള്ളക്കുട്ടിയല്ലെ.
താമസിക്കാൻ ചിലവില്ല.ഭക്ഷണം നോക്കിയാൽ മതി.പക്ഷെ ഇവിടെ,
ഇതിനുണ്ട് മോനെ മാസം 12000 വാടക.വീട്ടുചിലവ് അത് വേറെ. കൂടാതെ
കറന്റ്‌,വെള്ളം,ഗ്യാസ്
സിലിണ്ടർ ഒക്കെ കൂടെ മാസം 20000 അടുത്ത് വരും.ഒന്ന് പുറത്ത് പോണേലും വേണം
അല്പമൊക്കെ കയ്യിൽ.പബ്ലിക് ട്രാൻസ്‌പോർടെഷൻ പലപ്പോഴും ഉപകാരപ്പെടാറില്ല.സ്ഥിരം
അവഗണനകൾ തന്നെ കാരണം.
അവിടെയും ചിലവാണ്……..പിന്നെ ഞങ്ങളുടെ ബ്യുട്ടിക്ക്,അതിന്റെ വക
ചിലവുകൾ വേറെ.വാടകയും മറ്റും.

ജീവിക്കാൻ വേണ്ടിയാ അങ്ങനെ ഒരു
സംരംഭം തുടങ്ങിയത്.
കയ്യിലുണ്ടായിരുന്നതും, തെണ്ടിക്കിട്ടിയതും ഒക്കെ അതിലുണ്ട്
തുറന്നു വക്കുന്നു എന്നെയുള്ളൂ.വല്യ മെച്ചമൊന്നും ഉണ്ടായിട്ടല്ല.തൊഴില് ചെയ്തു
അല്പം ഭക്ഷണം കഴിക്കാൻ ഉള്ള കൊതി.അതിനും ഈ സമൂഹം സമ്മതിച്ചു തരില്ലെന്ന് വച്ചാൽ
എന്താ ചെയ്യുക.ഞങ്ങളായതുകൊണ്ട് മാത്രം കയറാൻ മടിക്കുന്നവരാ അധികവും.വല്ലപ്പോഴും
ചിലർ വരും നിവൃത്തിയില്ലാതെ.അതാണ്‌ അവിടെ ഉള്ളൊരു വരുമാനം.ഈ പരിസരത്ത് വേറെ ഒരെണ്ണം
ഉണ്ടായിട്ടല്ല,ഞങ്ങൾ അല്ലെ നടത്തുന്നത്,അതുകൊണ്ടുള്ള
അപകർഷത.ഞങ്ങളിവിടെ മൂന്ന് പേരാ,മാസം ഒരാൾക്ക് എല്ലാംകൂടെ വേണം,പേർസണൽ ചിലവുൾപ്പടെ
ചുരുങ്ങിയത് 12000 രൂപ.അത്‌ മാന്യമായി നോക്കീട്ട് കിട്ടാതെവന്നാൽ വേറെ എന്താ ഒരു
വഴി,ഇടക്ക് വീണ്ടും
തെരുവിലേക്കിറങ്ങേണ്ടി വരുന്നു.
ഒരു ലൈംഗിക തൊഴിലാളിയുടെ കുപ്പായം ധരിക്കേണ്ടി വരുന്നു.എന്റെ അവസ്ഥയും
ഇതൊക്കെത്തന്നെയാ.
എത്രയൊക്കെ നന്നായി ജീവിക്കാൻ ശ്രമിച്ചാലും സമൂഹം മാറ്റിനിർത്തിയാൽ എങ്ങനെ കഴിയും.
വഴിവക്കിലൊന്ന് തലചുറ്റി വീണാൽ
പോലും ആരും തിരിഞ്ഞു നോക്കില്ല.
ഒന്നും വേണ്ട വെറുപ്പോടെ നോക്കുന്നതിന് പകരം ഒരു പുഞ്ചിരി എങ്കിലും തന്നൂടെ.

എങ്ങനെ കഴിയുന്നു വൈഗ നിനക്ക്

ജീവിതം അങ്ങനെ ആയിപ്പോയി. 14. വയസിൽ എന്റെയുള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞപ്പോ,എന്താ
പറയുക അതുപോലെ ജീവിച്ചു തുടങ്ങിയപ്പൊ
കേൾക്കാൻ തുടങ്ങിയതാ ഇത്തരം കുത്തുവാക്കുകൾ.ആദ്യം കൂട്ടുകാരും പിന്നെ വീട്ടുകാരും
ചേർന്നുള്ള ശകാരവും കളിയാക്കലുകളും കേട്ട് മനസ്സ് തളർന്നിട്ടുണ്ട്.പഠിക്കാൻ
മോശമായിട്ടല്ല,അങ്ങനെ ഒരവസ്ഥ നിൽക്കെ വീട്ടുകാരും കൈവിട്ടു,
അങ്ങനെ ഡിഗ്രി പകുതിക്ക് വച്ചു പഠിപ്പും നിന്നു.ഒരു സന്ധ്യക്ക് വീട്ടിൽ ചെല്ലുമ്പോൾ
അച്ഛന്റെ വക ആക്രോശം,ആണിനെപ്പോലെ ജീവിക്കുന്നെങ്കിൽ കേറിയാമതിന്ന്.
അമ്മ വാതിൽ കൊട്ടിയടച്ചു.അന്ന് വീടുവിട്ടിറങ്ങിയതാ.എന്നിലെ സത്വം
തിരിച്ചറിഞ്ഞതുകൊണ്ട്,പുരുഷ ശരീരത്തിനുള്ളിൽ ഒരു സ്ത്രീമനസ്സ് ഉള്ളതുകൊണ്ട് കുറച്ചു
കൂട്ടുകാരെ കിട്ടി.പിന്നുള്ള ജീവിതം അവരുടെ കൂടെ ആയി.ഞങ്ങളെ തേടിയും
ആവശ്യക്കാരെത്തി.ഇരുളിന്റെ മറവിൽ സ്നേഹം വാരി വിതറുകയും വെളിച്ചത്തിൽ കാണുമ്പോൾ
വെറുപ്പ് കാട്ടി,ആട്ടിപ്പായിക്കുന്ന പ്രബുദ്ധരായ
സമൂഹം.ആ മാന്യവ്യക്തികൾക്ക് കിട്ടുന്നത്തിന്റെ ഒരംശം പരിഗണന കിട്ടിയിരുന്നെങ്കിൽ
എന്ന് ഒരുപാട് ആശിച്ചിട്ടുണ്ട്.

വൈഗ,ഈ ആഗ്രഹങ്ങളും അടക്കി
വച്ച് എത്രനാൾ മുന്നോട്ട് പോകും?

ആഗ്രഹങ്ങൾ,ഒരുപാടുണ്ട് റിനോഷ്. ഒരു പുരുഷനൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന്
യാത്രചെയ്യണം എന്ന് തുടങ്ങി,സമൂഹം അംഗീകരിച്ചു ഒരു സ്ത്രീയായി മാന്യതയോടെ ജീവിതം
നയിക്കാൻ.അന്തസോടെ ജോലി ചെയ്തു തലയുയർത്തി നിൽക്കാൻ.
പക്ഷെ,ഞങ്ങൾ വെറും………

അവൾ പൂർത്തിയാക്കുന്നതിനു മുമ്പ് അവന്റെ കൈകൾ അവളെ തടഞ്ഞു
“സമൂഹം ഏത്ര മാറ്റി നിർത്തിയാലും എന്തുതന്നെ പേരിട്ടു വിളിച്ചാലും,നീ എന്ന
വ്യക്തിയെ എനിക്കറിയാം.നീ നിന്റെ വ്യക്തിത്വത്തിൽ ഉറച്ചുനിന്ന് മുന്നോട്ട്
പോവുക.ഒരുക്കൽ നിന്റെ ലക്ഷ്യം,നിന്റെ ആഗ്രഹങ്ങൾ ഒക്കെ നിന്റെ കയ്യിലൊതുങ്ങും.

പറയാൻ എളുപ്പമാണ്,പക്ഷെ……

ഒരു ചൊല്ലുണ്ട് വൈഗ……..”യുവർ ഡിസൈർ ഫോർ സക്സസ് ഷുഡ് ബി ഗ്രെയ്റ്റർ ദാൻ യുവർ ഫിയർ
ഓഫ് ഫെയ്ലർ”……..ഒന്ന് ഓർത്തു വച്ചാൽ നന്ന്.

നീ വീണ്ടും ഫിലോസഫി തുടങ്ങിയൊ,
ഒന്നുല്ലേലും കേൾക്കാൻ രസമുണ്ട്.

അവർ സംസാരിച്ചു നിൽക്കവെ പുറത്തൊരു കാർ വന്നുനിന്നു.”ആഹ് അവൾ വന്നുന്നാ തോന്നണേ”വൈഗ
അത്‌ പറയുമ്പോഴേക്കും വാതിൽ തുറന്ന് മാലിനി അകത്തെക്കെത്തി. അപ്പോഴും ഭാഗ്യ നല്ല
ഉറക്കത്തിലും.

അവസാനം കുപ്പിയിലിരുന്ന അല്പം മദ്യം ഒറ്റവലിക്കുതീർത്ത റിനോഷ് അവളെയൊന്ന് നോക്കി…..

എന്താടാ ഇങ്ങനെ നോക്കുന്നെ.
ആദ്യം കാണുന്നതുപോലെ……

ഒന്ന് ചോദിക്കട്ടെ……

ചോദിക്ക്……. കേൾക്കട്ടെ…..

അല്ലെ വേണ്ട……തല്ക്കാലം ആദ്യം പറഞ്ഞ ആഗ്രഹം സാധിച്ചു തരട്ടെ, വരുന്നോ ഒരു ബൈക്ക്
റൈഡ്,
എന്റെ പിറകിലിരുന്ന്.നേരെ നൈനിറ്റാൾ,ആ നദിയുടെ കരയിൽ നിൽക്കുമ്പോൾ എന്തോ ഒരു
വല്ലാത്ത ഫീൽ ആടോ.ചിലപ്പൊ
എന്നിലെ പ്രണയം കൂടുതൽ ജ്വാലിച്ചു നിൽക്കുന്നത് അതിന്റെ തീരത്താവാം
എന്തോ അവിടെ നിൽക്കുമ്പോൾ ലോകം കണ്മുന്നിൽ മായാജാലം വിരിയിക്കുന്ന പ്രതീതിയാ…ലോകം
കൈക്കുമ്പിളിൽ നിറയുന്നതു പോലെ

ഓഹ് ഇത് വല്ലാത്തൊരു വട്ട് തന്നെ….

“വാ..വന്ന് കേറ്,തന്റെ ആഗ്രഹം ഇന്ന് സാധിച്ചിട്ടു തന്നെ കാര്യം”അവൻ അവളെയും കൂട്ടി
പുറത്തേക്കിറങ്ങി.
കൈക്കുപിടിച്ചു കൊണ്ടുപോകുമ്പൊ
അവൾ വിടുവിക്കാൻ ശ്രമിച്ചു,പക്ഷെ അവന്റെ മുന്നിൽ അറിയാതെയവൾ വഴങ്ങിപ്പൊയി.കുളിച്ച്
പുറത്തേക്ക് ഇറങ്ങിയ മാലിനി അവരെ നോക്കി ചിരിക്കുമ്പോൾ അവന്റെ ബുള്ളറ്റ് മുന്നോട്ട്
നീങ്ങിത്തുടങ്ങിയിരുന്നു.
ബുള്ളറ്റിൽ അവന്റെ തോളിൽ പിടിച്ചു യാത്ര ചെയ്യുമ്പോൾ തന്നെപ്പോലെ ഉള്ളവരെ
മാറ്റിനിർത്തുന്നവരുടെ
കൂട്ടത്തിൽ ഒപ്പം ചേർത്തുനിർത്തുന്ന
ചിലരും ഉണ്ടെന്നവൾ അവനിലൂടെ മനസിലാക്കുകയായിരുന്നു.അവൾ അവനോട് ചേർന്നിരുന്നു.അവരുടെ
അകലം വീണ്ടും കുറയുകയായിരുന്നു
*****
നൈനിറ്റാൾ തടാകത്തിന്റെ തീരത്ത് ആ ഓളപ്പരപ്പിലേക്ക് നോക്കി അവർ നിന്നു.ആ തണുപ്പിൽ
കൈകൾ കൂട്ടി തിരുമ്മി ആ ജലാശയത്തിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുന്ന അവനെ അവളങ്ങനെ
നോക്കിനിന്നു.

റിനോഷ്……….

എന്താ വൈഗ….. തനിക്കെന്തോ ചോദിക്കാനുണ്ട് അല്ലെ?

മ്മ്മ്,ഒരു സ്ത്രീ മനസ്സ് ഉള്ളതിനാൽ ആവാം,എന്റെ ഒരു തോന്നലാണ്.ഈ
തീരത്തിനൊരു പ്രണയകഥ പറയാൻ ഉണ്ട്.എന്താ ശരിയല്ലെ…….

എന്താ അങ്ങനെ തോന്നാൻ……

ചുരുങ്ങിയ കാലത്തെ പരിചയമെ ഉള്ളു.എങ്കിലും ആ മനസെനിക്ക് അറിയാം.ആരാ ആള്?എവിടാ ഇപ്പൊ

റീന…..പ്രണയം എന്താണെന്ന് എന്നെ പഠിപ്പിച്ചവൾ.പ്രണയം എന്റെ മനസ്സ് നിറയെ
അനുഭവമാക്കിയവൾ.ഇപ്പൊ
അങ്ങ് ടൊറന്റോയിൽ ഭർത്താവും കുഞ്ഞുമൊക്കെയായി സ്വസ്ഥം.

എന്താടാ അത് പറയുമ്പോൾ ഒരു ഇടർച്ച……..

ഹേയ് ഒന്നുമില്ല വൈഗ….. ചിലപ്പോൾ പ്രണയം അങ്ങനെയാണ്.ആഗ്രഹിച്ച പ്രണയം
കിട്ടില്ല.പ്രതീക്ഷിക്കാതെ ഒന്ന് കിട്ടുകയും ചെയ്യും,എന്റെ റിനിയെ പോലെ.

“പറഞ്ഞു തീർന്നില്ല അവളാ,
റീന……..ആദ്യം പറഞ്ഞ കക്ഷി.ഒന്ന് നിക്ക്,സംസാരിക്കട്ടെ…..” ഫോൺ ബെല്ലടിക്കുന്നതു
കേട്ട് അതും നോക്കി അവൻ തുടർന്നു.

അവൻ ഫോണുമായി അല്പം ദൂരെക്ക് പോയി.തിരികെയെത്തുമ്പോൾ ഒരു ചോദ്യം കണ്ണുകളിൽ
ഒളിപ്പിച്ചു വൈഗ അവന്റെ മുന്നിൽ നിന്നു.

ഒന്നുമില്ല വൈഗ….അവൾ നാട്ടിലുണ്ട്.
ഞങ്ങൾ പിരിഞ്ഞു എങ്കിലും അവളും ആ കുടുംബവുമായി ഇപ്പഴും നല്ല രസത്തിലാടൊ.ഇതിപ്പോ
അവളുടെ ഒരു ഗ്രാൻഡ് പാ ഉണ്ട്,വൺ ഓഫ് മൈ ഡിയറെസ്റ്റ് ഫ്രണ്ട്.എ സെവന്റി ഇയർ യങ്
മാൻ.ഒന്ന് കാണണമെന്ന്.
ഇടക്ക് ഒരു കൂടിക്കാഴ്ച്ച ഉള്ളതാണെ. ഇപ്പൊ കുറച്ചായി അതുവഴി പോയിട്ട്. അതാ ഇപ്പൊ
ഇങ്ങനെയൊരു കാൾ.

ഇതിനും വേണം ഒരു ഭാഗ്യം.യു ആർ സൊ ലക്കി.

ഭാഗ്യം,ശ്വാസം നിൽക്കുന്നതു തന്നെ ഏറ്റവും വലിയ ഭാഗ്യമല്ലെ വൈഗ.

നിന്നോട് പറഞ്ഞു ജയിക്കാൻ ഞാൻ ആളല്ല.അപ്പൊ എങ്ങനാ,ഇനിയെന്താ പ്ലാൻ.ഇവിടെയിങ്ങനെ
നിന്നാൽ മതിയോ….. പോവണ്ടേ?

മ്മ്മ്…….. അവനൊന്നു മൂളുക മാത്രം ചെയ്തുകൊണ്ട് ഒരു സിഗരറ്റ് കത്തിച്ചു.തൊട്ടു
പിന്നാലെ അത്‌ വാങ്ങി മണ്ണിൽ ചവിട്ടിയരച്ചുകൊണ്ട് അവളും നിന്നു….. അവളെയവൻ ഒന്ന്
നോക്കി….

വലി അല്പം കൂടുതലാണ്,കുറച്ചേ പറ്റു അല്പം സ്വാതന്ത്ര്യം എടുത്തു തന്നെ അവൾ പറഞ്ഞതും
അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

അവൻ വൈഗയെയും കൂട്ടി യാത്ര തുടർന്നു.നൈനിറ്റാളിന്റെ സൗന്ദര്യം മുഴുവൻ അവളെ
അനുഭവിപ്പിച്ച
ശേഷം റൂമിനുമുന്നിൽ വിടുമ്പോൾ
ഒരു ദിവസം കൂടി പിന്നിട്ടിരുന്നു.
ഒരാഗ്രഹം നിറവേറിയ സംതൃപ്തി അവനവളിൽ കണ്ടു.രാത്രിയിൽ കണ്ണിൽ കാമം നിറച്ചും,പകൽ
വെട്ടം
വീഴുമ്പോൾ വെറുപ്പോടെയും തന്നെ പോലുള്ളവരെ നോക്കിക്കാണുന്ന ലോകത്ത് നല്ലൊരു
സുഹൃത്തിനെ ലഭിച്ച സന്തോഷമായിരുന്നു അവൾക്ക്.

അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അവളുടെ കൈ തോളിൽ അമർന്നു.
“എന്താ വൈഗ?”

നിന്നോട് എങ്ങനെയാ……ഒരുപാട് സന്തോഷം.എന്റെ ഒരു ആഗ്രഹം ഇന്ന് സാധിച്ചു.താങ്ക്സ്…….

ഹേയ് വൈഗ…. എന്തിനാ നമ്മൾ തമ്മിൽ ഒരു ഫോർമാലിറ്റിയുടെ ആവശ്യം.നമ്മൾ ഫ്രണ്ട്‌സ്
അല്ലേടി….

കിക്കറിൽ ചവിട്ടുമ്പോൾ അവളൊന്ന് മുരടനക്കി….

എന്താടോ……?

ഒന്നുമില്ല….സമയം ഏത്രയായിന്നാ ഇവിടെ നിന്നിട്ട്?

പിന്നൊരിക്കൽ തീർച്ചയായും വരും. അധികം ഒന്നും ആയില്ലല്ലോ.രണ്ടു
കഴിഞ്ഞല്ലെയുള്ളൂ.ചെല്ലട്ടെ,എന്നിട്ട് വേണം ഒന്ന് ക്ഷീണം മാറ്റി ഒരു നാല് ദിവസം
അവധിയും പറഞ്ഞു ഷിംല പിടിക്കാൻ…………… അവളെയൊന്ന് നോക്കി ചെറുങ്ങനെ തലയും ആട്ടി അവൻ ആ
ഇരുളിലേക്ക് മറഞ്ഞു.
അവൾ തന്റെ റൂമിലേക്കും.ഇരുളിനെ കീറിമുറിച്ചുള്ള യാത്രയിൽ അവന്റെ മനസ്സവനോട്‌
പറയുന്നുണ്ടായിരുന്നു
ആ വാചകം.

പണ്ടൊരു രാജാവ് പറഞ്ഞതുപോലെ
“…..ദൈവത്തിന്റെ വികൃതികൾ…….”
എങ്കിലും അവരും ആഗ്രഹിക്കുന്നു,
അന്തസായി ജീവിക്കണമെന്ന്
കൊതിക്കുന്നു……….

❤ അവസാനിച്ചു ❤
ആൽബി



44580cookie-checkഇത് മാലിനി 2