ഗിരിയും ജാക്കിയും കൂടി പുഴയിൽ പോയി കുളി കഴിഞ്ഞു വന്നു……
സോപ്പുപെട്ടി തറയുടെ “” പത്തരവാന” ത്തിൽ വെച്ച് നനച്ച വസ്ത്രങ്ങൾ ഗിരി ഒന്നു കൂടി കുടഞ്ഞ് അഴയിൽ വിരിച്ചിട്ടു…
ജാക്കി കൗതുകത്തോടെ ഗിരിയുടെ ചെയ്തികൾ നോക്കി നിന്നു…
“” എന്നാടാ………. “”
ഗിരി തോർത്ത് കൂടി അഴയിലേക്ക് പിഴിഞ്ഞിടുന്നതിനിടയിൽ ചോദിച്ചു…
നായ വാലാട്ടിക്കൊണ്ട് അവന്റെ കാലുകളിൽ മുട്ടിയുരുമ്മി നിന്നു…
“” ചേട്ടൻ വഴിയിൽ നിന്ന് എടുത്തു കൊണ്ടു വന്നതാ……. “
തിണ്ണയിലേക്ക് വന്ന മല്ലിക പറഞ്ഞു…
“” പട്ടിണിയായ കാലത്തും ആ ചാക്കിനു മുകളിലുണ്ടാകും കക്ഷി… …. “
ഗിരി ബാഗിൽ നിന്ന് ഒരു ഷർട്ടെടുത്ത് ധരിച്ചു…
“”ഗിരിക്ക് ചോറെടുത്താലോ… ?””
മല്ലിക ചോദിച്ചു……
“” വെച്ചായിരുന്നോ… ?””
അവൻ തിണ്ണയിലേക്ക് കയറി..
“” ചോറും കറിയുമൊക്കെ ഇരിപ്പുണ്ട്.. കയറി വാ……………”
മല്ലിക അവനെ അകത്തേക്ക് ക്ഷണിച്ചു……
ഗിരി ചെരുപ്പൂരിയിട്ടിട്ട് അകത്തേക്ക് കയറി..
ഇടവും വലവും രണ്ടു മുറികൾ…
ഹാളൊന്നുമല്ല..
ഒരു ചെറിയ മുറി തന്നെ…
ചുവരിലെ അലമാരയിൽ അയ്യപ്പനും ഗണപതിയും ശിവനും ചോറ്റാനിക്കരയമ്മയും ഇരിക്കുന്നു…… തൊട്ടു താഴത്തെ തട്ടിൽ ഒരു ഇടത്തരം നിലവിളക്കും ചന്ദനത്തിരിയുടെ പായ്ക്കറ്റും……
മരത്തിന്റെ ഊൺ മേശ തന്നെയാണ്……
നിറം മങ്ങി , മുകളിലെ ആവരണം പൊളിഞ്ഞു തുടങ്ങിയ കസേരയിൽ ഗിരി ഇരുന്നു…
സിമന്റിട്ട തറ അവിടവിടെയായി പൊളിഞ്ഞിട്ടുണ്ട്……
ചുമരുകൾ എല്ലാം തന്നെ പുകനിറം ബാധിച്ചതാണ്……….
മല്ലിക ചോറുമായി വന്നു… ….
ഒരു പാത്രത്തിൽ ഗിരി പ്രതീക്ഷിച്ചതിലധികം ചോറുണ്ടായിരുന്നു…
“” ഇത്രയൊന്നും വേണ്ട ചേച്ചീ……….””
“” അതധികമൊന്നുമില്ല… “
മല്ലിക വീണ്ടും അടുക്കളയിലേക്ക് പോയി…
ഒരു കാലിയായ പ്ലേറ്റും തവിയും കറികളുമായി അവൾ വന്നു……
കുറച്ച് ചോറ് മാറ്റിവെച്ച് ഗിരി കഴിച്ചു തുടങ്ങി…
“ ഗിരി വകയിലൊരമ്മാവന്റെ മോനാന്നാ ഞാനിവിടെ പറഞ്ഞത്…””
മല്ലിക ഭിത്തിയിലേക്ക് ചാരി നിന്നു പറഞ്ഞു.
“ ആരാ അതിനു ചോദിച്ചത്… ?”
“” നല്ല കഥ… ഗിരി അയാളെ തല്ലിയ കാര്യം നാട്ടിലിപ്പോ പാട്ടായിക്കാണും….. അങ്ങനത്തെ നാട്ടുകാരാ… “
“ ഈ കാര്യത്തിൽ എല്ലാ നാട്ടുകാരും കണക്കാ ചേച്ചീ……….””
ഗിരി സ്റ്റീൽ കപ്പിലിരുന്ന വെള്ളമെടുത്ത് കുടിച്ചു …
“”ഗിരി പുറത്തായിരുന്നു എന്നൊക്കെ ഞാൻ വെച്ചു കാച്ചിയിട്ടുണ്ട്… “
മല്ലിക ചിരിയോടെ പറഞ്ഞു…
“” അത് നന്നായി….. ജയിലിൽ കിടന്ന കാര്യം പറഞ്ഞില്ലല്ലോ…”.
ഗിരി ഭക്ഷണം മതിയാക്കി എഴുന്നേറ്റു…
“”ശ്ശോ………. മതിയാക്കിയോ…… ?””
മല്ലിക ടേബിളിനടുത്തേക്ക് വന്നു…
“” വയറു നിറഞ്ഞു ചേച്ചീ………..””
ഗിരി സംതൃപ്തിയോടെ പറഞ്ഞു……
“” കറി ഒന്നും കൊള്ളില്ലായിരിക്കും അല്ലേ… ?””
മല്ലിക പതിവു ചോദ്യം എടുത്തിട്ടു…
“ പിന്നേ… …. ജയിലിലെ അത്ര ടേസ്റ്റ് പോരാ… …. “
ചിരിയോടെ പറഞ്ഞിട്ട് ഗിരി മുറ്റത്തേക്കിറങ്ങി…
കൈയ്യും വായും കഴുകി വീണ്ടും അരഭിത്തിയിൽ വന്നിരുന്നു……
പത്തു മിനിറ്റിനകം മല്ലികയും മുൻവശത്തേക്ക് വന്നു…
“” ചേച്ചി കഴിച്ചോ……….?””
“” ഉം… ……””
മല്ലിക അത്ഭുതത്തോടെ അവനെ നോക്കി..
അങ്ങനെ ഒരന്വേഷണം അവൾ പ്രതീക്ഷിച്ചതല്ലായിരുന്നു……
“” വേറെന്തൊക്കെ പറഞ്ഞു പരദൂഷണ കമ്മറ്റിക്കാരോട്…… ?””
“” അങ്ങനെ കമ്മറ്റിക്കാരൊന്നും ഇല്ല ഗിരീ… ഒന്നുരണ്ടു പേര്…… “”
മല്ലിക ചിരിയോടെ സംസാരിച്ചു തുടങ്ങി…
മിനിയോട് പറഞ്ഞ കാര്യങ്ങൾ അവൾ ഗിരിയോട് ആവർത്തിച്ചു…
“” ചേച്ചിയൊക്കെ എങ്ങനെയാ ഇവിടേക്ക് വന്നത്… ?”
ഗിരി ഒന്നിളകി ചുമരിലേക്ക് പുറം ചാരി…
“ അതൊക്കെ പറഞ്ഞാൽ കുറേയുണ്ട്…… ഞങ്ങള് കോട്ടയത്ത് ആപ്പാഞ്ചിറയിലായിരുന്നു… എന്റെ മൂത്ത ചേച്ചിയുടെ മോളാ ഉമ………. “
ഒന്നു നിർത്തി മല്ലിക ഗിരിയുടെ മുഖത്തേക്ക് നോക്കി…….
തന്നെക്കുറിച്ച് ഗിരി എന്ത് കരുതും എന്ന് ഒരു ഭാവം അവളുടെ മുഖത്തുണ്ടായിരുന്നു……
“” ചേച്ചിക്ക് എന്നും അസുഖങ്ങൾ തന്നെ… സത്യം പറഞ്ഞാൽ ചേട്ടൻ ജോലി ചെയ്യുന്നതു തന്നെ അവൾക്ക് മരുന്നു വാങ്ങാനായിരുന്നു… “
ഗിരി അവളുടെ വാക്കുകൾ ശ്രദ്ധിച്ചിരുന്നു…
“” ഞങ്ങൾ നാല് പെൺമക്കളാ… ബാക്കിയുള്ള രണ്ടു പേര് നാട്ടിലുണ്ട്… ചേച്ചിക്ക് സുഖമില്ലാത്തതിനാൽ ഞങ്ങളായിരുന്നു തറവാട്ടിൽ… അച്ഛൻ നേരത്തെ മരിച്ചിരുന്നു……….പിന്നെ അമ്മയും………..””
ഗിരി അവരുടെ ജീവിത പശ്‌ചാത്തലം ഊഹിച്ചു തുടങ്ങിയിരുന്നു…
“ എനിക്ക് ചൊവ്വാദോഷമാ……….. ഒരു കണക്കിന് അത് നന്നായി.. ഉമയെ ചെറുപ്പം മുതൽ നോക്കിയത് ഞാനാ…””
കുറച്ചു നേരം നിശബ്ദമായി കടന്നുപോയി…
“ ചേച്ചി മരിക്കുമ്പോൾ അമ്പൂട്ടൻ എന്നിൽ ……..””
ബാക്കി പറയാതെ കസേര ഒന്ന് നിരക്കി ഗിരിക്ക് പെട്ടെന്ന് മുഖം കിട്ടാത്ത രീതിയിൽ മല്ലിക ഇരുന്നു ….
“” അങ്ങനെ സംഭവിച്ചു പോയി…… ആകെ നാണക്കേടായിരുന്നു… ചേട്ടനെന്നെ കെട്ടാന്നൊക്കെ ഒരുപാട് പറഞ്ഞതാ… ഈ ദോഷം കാരണം ഞാനാ വേണ്ടാന്ന് പറഞ്ഞത്……….എന്നിട്ടും……..?:
വിങ്ങലിന്റെ ഒരു ചീള് ഗിരിയുടെ കാതിൽ വന്നു വീണു…
“” ആദ്യമൊക്കെ ഉമ വലിയ ബഹളമായിരുന്നു… അവളവിടെ കുറച്ചു കാലം നഴ്സിംഗ് പഠിക്കാനൊക്കെ നിന്നതാ… അതും ഇല്ലാതായി… “
“ ഇപ്പോൾ എന്റെ പഴയ അവസ്ഥയിലാ അവള്…..””
വാക്കുകൾ കൂട്ടിച്ചേർത്തിട്ട് കസേരയിലേക്ക്, മല്ലിക ശിരസ്സു ചായ്ക്കുന്നത് ഗിരി കണ്ടു…
പാവങ്ങൾ……………..!
ഇവരുടെ ഒരേ ഒരു പ്രതീക്ഷയാണ് ഒറ്റയടിക്ക് അണഞ്ഞു പോയത്…
മല്ലികയുടെ നെഞ്ചകം വിങ്ങുന്നത് കണ്ടപ്പോൾ ഗിരി ദൃഷ്ടികൾ പുറത്തേക്ക് മാറ്റി…
“ ഇരുപത്തെട്ടു കഴിഞ്ഞു അവൾക്ക്… …. “
മല്ലിക പതിയെ സംസാരിച്ചു തുടങ്ങി…
“” ഉമയ്ക്കും ദോഷമാണോ… ?””
ഗിരി മുഖം തിരിച്ചു ചോദിച്ചു…
“”ങ്ങും… …. പണമില്ലാത്ത ദോഷം… “
കണ്ണീരിനിടയിലൂടെ മല്ലിക പുഞ്ചിരിച്ചു…
“” ഒന്ന് രണ്ട് കൂട്ടര് കാണാൻ വന്നതാ… അവള് ഇഷ്ടായീല്ലാന്ന് പറഞ്ഞു വിട്ടു…… “”
ഗിരി ചോദ്യഭാവത്തിൽ മല്ലികയെ നോക്കി…
“” ഞങ്ങളെ ഒറ്റക്കാക്കി പോകാനുള്ള മടി കൊണ്ടാ… …. “
പറഞ്ഞതും മല്ലിക എഴുന്നേറ്റ് അകത്തേക്ക് പോയി… ….
അവർ അകത്തേക്ക് പോയത് എന്തിനാണെന്ന് ഗിരിക്ക് അറിയാമായിരുന്നു..
ആരുമില്ലാത്ത ജൻമങ്ങൾ… ….!
ഉദയവും അസ്തമയവും മാത്രം കണ്ട് ജീവിതമൊടുങ്ങാൻ വിധിക്കപ്പെട്ടവർ… !
നാലഞ്ചു നിമിഷം കഴിഞ്ഞാണ് മല്ലിക പുറത്തേക്ക് വന്നത്…
വീണ്ടും അവൾ കസേരയിൽ വന്നിരുന്നു…
“” പഴയതൊന്നും ഓർക്കാറില്ലായിരുന്നു…ഗിരിയോട് ഓരോന്ന് പറഞ്ഞ്… …. “
“ എനിക്കു മനസ്സിലാകും ചേച്ചീ… ഇതൊന്നും എന്നോട് സുധാകരേട്ടൻ പറഞ്ഞിട്ടില്ല…… “
ഗിരി മല്ലികയെ നോക്കി…
അവളുടെ മിഴികളിലെ നീർത്തിളക്കം അവൻ കണ്ടു…
“” എല്ലാം ശരിയാകും………. “
അവൻ ആശ്വാസവാക്ക് മൊഴിഞ്ഞു…
“” അങ്ങനെ തന്നെയാ ഇത്രനാളും കഴിഞ്ഞത്… ഇപ്പോഴാ പ്രതീക്ഷയും നശിച്ചു തുടങ്ങി… “
മല്ലിക പറഞ്ഞു…
“” ഉമ പോകും… അമ്പൂട്ടനും പോകും… തൊഴിലുറപ്പൊന്നും ഇല്ലാത്ത സമയം ഇതിനകത്തിങ്ങനെ ഓരോന്ന് ആലോചിച്ച്… …. “
മല്ലിക കസേരയുടെ കൈപ്പിടിയിൽ പതിയെ നഖം കൊണ്ട് പോറിത്തുടങ്ങി……
“” ജീവിക്കാനുള്ള ആശ മരിച്ചതാ… പിന്നെ ഉമയേയും അമ്പൂട്ടനെയും ഓർത്തിട്ടാ… “
ഗിരി ഒരക്ഷരം ശബ്ദിച്ചില്ല…
കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞു പോയി……
“ വാഴകൃഷി ചെയ്യാൻ തന്നെ തീരുമാനിച്ചോ…… ?””
ഒടുവിൽ മല്ലിക തന്നെ മൗനം ഭേദിച്ചു…
“” പിന്നല്ലാതെ… ഏതായാലും സോമന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കണം…… അതിനിവിടെ കുറച്ചു ദിവസം നിൽക്കണം..എന്നാൽപിന്നെ പത്തു വാഴ വെച്ചേക്കാമെന്ന് കരുതി… “
ഗിരി ചിരിച്ചു…
“” പന്നി കുത്തിക്കളയാതിരുന്നാൽ ഭാഗ്യം… “
മല്ലികയും ചിരിച്ചു……
“” അതിനൊക്കെ വഴിയുണ്ട് ചേച്ചി… നമുക്ക് നോക്കാമെന്ന്………. “
“” ഞാൻ കരുതി ഗിരി ചുമ്മാ പറഞ്ഞതാണെന്നാ… “
“” ഏതായാലും ഇവിടെ നിൽക്കുകയല്ലേ… നിങ്ങൾക്കെന്തെങ്കിലും കാര്യമാകുമല്ലോ… “
ഗിരി പതിയെ അരഭിത്തിയിൽ നിന്നിറങ്ങി……
“” ഏതായാലും ഇവിടെ വന്ന് സ്ഥലം വാങ്ങിയ നിങ്ങളെ സമ്മതിക്കണം…… “
ഗിരി പറഞ്ഞു…
“” അതിനുള്ള പണമേ അന്നുണ്ടായിരുന്നുള്ളൂ… പിന്നെ വീടും… ഇതിലെ ഹൈവേയോ, തുരങ്കപാതയോ ഒക്കെ ഉടനെ വരും, വിറ്റാൽ നാലിരട്ടി പണം കിട്ടും എന്നൊക്കെ പറഞ്ഞ് ബ്രോക്കർ പറ്റിച്ചതാ… …. “
മല്ലികയും കസേരയിൽ നിന്ന് എഴുന്നേറ്റു..
“” ഞാനൊന്നു കവല വരെ പോയി വരാം ചേച്ചീ… അമ്പൂട്ടൻ വരാനായല്ലോ.. അവന്റെ കൂടെയിങ്ങ് പോരാം……””
മല്ലിക തലയാട്ടി……
“” ഗിരി പോയിട്ടു വാ……. എനിക്കും കുറച്ച് ജോലിയുണ്ട്… “
മല്ലിക തിരിഞ്ഞു…
“” ങ്ഹാ… ഗിരിയേ… …. “
അവൾ പെട്ടെന്ന് ഓർത്ത് തിരിഞ്ഞു…
“” ഞാനീ സങ്കടം പറഞ്ഞ കാര്യമൊന്നും ഉമയറിയണ്ട ട്ടോ…””
“” പിന്നേ… വെട്ടു പോത്തിനടുത്ത് വേദമോതാൻ പോകുവല്ലേ ഞാൻ…”
ഗിരി തിരിഞ്ഞു നിന്ന് ചിരിച്ചു…
മല്ലികയും ചിരിച്ചു……
“” പാവമാ… …. ഓരോന്നൊക്കെ ആലോചിച്ച് അങ്ങനെയായിപ്പോയതാ… …. “
ഗിരി ഒതുക്കുകളിറങ്ങിയതും ജാക്കിയും പിന്നാലെ ഇറങ്ങി…
കവലയിലേക്ക് തിരിയുന്ന വഴിയിൽ ജാക്കി നിന്നു…
ഗിരി അവനെ വിളിച്ചെങ്കിലും നായ കൂടെപ്പോയില്ല…
വൈകുന്നേരമായിരുന്നു…
വഴിയരികിൽ കണ്ട ഒന്നുരണ്ടു പേർ അവനോട് പരിചയമുള്ളതു പോലെ ചിരിച്ചു കടന്നു പോയി…
“മിഷൻ സോമൻ “” എല്ലാവരും അറിഞ്ഞിട്ടുണ്ടെന്ന് അവന് മനസ്സിലായി……
അങ്ങാടിയിൽ അവിടിവിടെയായി പത്തോ പതിനഞ്ചോ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ……
ഗിരി കഴിഞ്ഞ ദിവസം കയറിയ ചായക്കടയിലേക്ക് കയറി…
ചില്ലലമാരിയിൽ കായപ്പവും പഴംപൊരിയും അടുക്കി വെച്ചിട്ടുണ്ടായിരുന്നു……
കടക്കാരനും അവനെ നോക്കി പുഞ്ചിരിച്ചു…
രണ്ട് പേർ അകത്തിരുന്ന് ചായ കുടിക്കുന്നു…
“” ചായയല്ലേ…..?:””
കടക്കാരൻ ഗിരിയെ നോക്കി…
“” ആയ്ക്കോട്ടെ……. “
ഗിരി ടാർ റോഡ് കാണുന്ന വിധം ഒരു കസേരയിലേക്ക് ഇരുന്നു…
“” സുധാകരന്റെ ആരാ…….? “”
കടക്കാരൻ ചായയുമായി വന്നു……
“” എന്റെ അമ്മാവനായിട്ടു വരും… “
മല്ലിക പറഞ്ഞ കാര്യം ഗിരിക്ക് ഓർമ്മയുണ്ടായിരുന്നു…
“” കാര്യം ചെയ്തതൊക്കെ നല്ലതാ… ആ പിള്ളേർക്കാണേൽ ആരുമില്ല … പക്ഷേ, റാവുത്തർമാരുടെ പണിക്കാരോടു പോലും ഇവിടാരും ഇടയാൻ നിൽക്കാറില്ല … “
കടക്കാരൻ പറഞ്ഞു……
“” ഒരു പഴം പൊരി തന്നേരേ ചേട്ടാ… “
ഗിരി പുഞ്ചിരിയോടെ പറഞ്ഞു…
കടക്കാരൻ സ്‌റ്റീൽപ്ലേറ്റിൽ പഴം പൊരി എടുത്തു വെച്ചു…
ഇനി ഇയാളല്ലേ , സോമനെ തല്ലിയത് എന്നൊരു ചോദ്യം കടക്കാരന്റെ മുഖത്തുണ്ടായി……
റോഡിലൂടെ അമ്പൂട്ടനും മൂന്നാലു കുട്ടികളും നടന്നു വരുന്നത് ഗിരി കണ്ടു…
ഗിരി കടയുടെ വരാന്തയിലേക്കിറങ്ങി അമ്പൂട്ടനെ വിളിച്ചു…
ഗിരിയെ കണ്ടതും അത്ഭുതവും സന്തോഷവും ഒരേ സമയം അവനിലുണ്ടായി……
കൂട്ടുകാരോട് എന്തോ പറഞ്ഞ ശേഷം അവനോടി ഗിരിക്കരുകിലേക്ക് വന്നു…
“” ചേട്ടായി എപ്പ വന്നു… ?””
“” അതിന് ഞാനെവിടെപ്പോകാനാ അമ്പൂട്ടാ… “
ഗിരി ഒരു കണ്ണടച്ച് മറുപടി കൊടുത്തു …
കാര്യം അവിടെ നിന്ന് പറയണ്ട എന്ന് മനസ്സിലായ അമ്പൂട്ടൻ വരാന്തയിലേക്ക് കയറി…
“ ചേട്ടാ… ഇവനും ഒരു കടുപ്പം കുറഞ്ഞ ചായയെടുക്ക്………. “
ഗിരി കടക്കാരനോട് പറഞ്ഞു……
ഇത്തവണ അമ്പൂട്ടന് അഭിമാന ബോധമൊന്നും പ്രശ്നമല്ലായിരുന്നു……
അവനും ഗിരിക്കൊപ്പം കടയ്ക്കുള്ളിലേക്ക് കയറി……
തനിക്ക് വേണ്ടപ്പെട്ട ഒരാൾ ക്ഷണിച്ചതു പോലെ ഗിരിയുടെ അടുക്കൽ അവൻ കയറിയിരുന്നു…
“” നിനക്കെന്താ വേണ്ടത്……… ? കായപ്പമോ പഴംപൊരിയോ…… …? “”
ഗിരി ചോദിച്ചു…
ഏതു വേണം, ഏതു കഴിച്ചാൽ വയർ നിറയും എന്നൊരു ചിന്ത ഒരു നിമിഷം അവന്റെ മുഖത്തുണ്ടായി…
“” കായപ്പം മതി… “
ഗിരിയും അമ്പൂട്ടനും ചായ കുടിച്ച്, പണം കൊടുത്ത് ഇറങ്ങിയതും ഒരു ട്രാൻസ്പോർട്ട് ബസ് വന്നു നിന്നു…
ബസ് അവിടെ വരെയേ ട്രിപ്പ് ഉള്ളൂ….
“” ബസ് താമസിച്ചാ…….”.
അമ്പൂട്ടൻ പറഞ്ഞു……
“” അതെന്താ……..?”
“” ഞാനങ്ങു കേറ്റത്തിൽ വെച്ചാ എന്നും കാണുന്നത്…………”
അവൻ താഴെ ഇറക്കത്തിലേക്ക് കൈ ചൂണ്ടി പറഞ്ഞു…
ഒരു ജീപ്പ് കിടന്നതിനാൽ ബസ് അല്പം ബുദ്ധിമുട്ടിയാണ് അവിടെയിട്ട് തിരിച്ചത്……
ഡ്രൈവർ തല പുറത്തേക്കിട്ട് ചീത്ത വിളിക്കുന്നത് ഗിരി കണ്ടു……
ബസ് കാത്തു നിന്നവർ കയറിയതും അത് ഇറക്കമിറങ്ങി വേഗത്തിൽ പോയി… ….
ബസ് താഴേക്കിറങ്ങിയതും എയർ ഹോൺ അടിച്ചു കൊണ്ട് ഒരു കറുത്ത മഹീന്ദ്ര താർ, ഓഫ് റോഡ് ജീപ്പ് കയറ്റം കയറി വേഗത്തിൽ വന്നു…
അതിന് മൂടിയില്ലായിരുന്നു…….
ഗിരിയും അമ്പൂട്ടനും തിരിഞ്ഞതും അവരെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അത് ബ്രേക്കിട്ടു…
അമ്പൂട്ടനെ എടുത്ത് ഗിരി വലതു വശത്തേക്ക് നിർത്തി……
ജീപ്പിന്റെ മുൻ സീറ്റിൽ ഇരു കൈകളും ബാൻഡേജിട്ട് സോമൻ ഇരിക്കുന്നു……
ഡ്രൈവറെക്കൂടാതെ മൂന്നു പേർ പിൻസീറ്റിൽ…
ഒരു നിമിഷം കൊണ്ട് ഗിരിക്ക് അപകടത്തിന്റെ ചൂരടിച്ചു……
ബസിറങ്ങിയവർ കടത്തിണ്ണയിലേക്ക് കാഴ്ച കാണാൻ കയറുന്നത് ഗിരി കണ്ടു…
“ ചേട്ടായീ… അതയാളുടെ ആൾക്കാരാ… “
അമ്പൂട്ടന്റെ ഭയം നിറഞ്ഞ സ്വരം അവൻ കേട്ടു……
ജീപ്പിന്റെ പിൻസീറ്റിൽ നിന്ന് മൂന്നുപേരും ഇറങ്ങി…
അതിൽ ഉയരം കൂടിയവൻ ഗിരിക്കടുത്തേക്ക് വന്നു……
“”സേട്ടോ……. സേട്ടനാണോ സേട്ടോ കിരി………. ?””
ഗിരി മിണ്ടാതെ അവന്റെ ചലനം ശ്രദ്ധിച്ചു നിന്നു…
“” സോമേട്ടോ… …. യിവനാണോ നിങ പറഞ്ഞ ലവൻ………. “
രണ്ടാമൻ സോമനെ നോക്കി ചോദിച്ചതും സോമൻ കണ്ണു കാട്ടിയത് ഗിരി കണ്ടു……
“” അമ്പൂട്ടാ… …. മാറി നിൽക്കെടാ… …. “
ഗിരി മുരണ്ടു……….
അമ്പൂട്ടൻ ഭയം ഓളം വെട്ടുന്ന മിഴികളുമായി അവരെ തന്നെ നോക്കി പിന്നിലേക്ക് അടി വെച്ചു..
ഉയരമുള്ളവൻ കാൽ വീശിയതും ഗിരി കുനിഞ്ഞു മാറി…
അയാൾ മുന്നോട്ടു വേച്ചതും അവന്റെ പിൻകഴുത്തിൽ കുത്തിപ്പിടിച്ച്, ഗിരി അടുത്തു കിടന്ന ജീപ്പിന്റെ ഫ്രണ്ട് ഗ്രില്ലിൽ ഒറ്റയിടി……..!
ജീപ്പിന്റെ ബോണറ്റ് ഒന്ന് തുറന്നടഞ്ഞു…
ഗിരി കൈ വിട്ടതും കഴുത്തൊടിഞ്ഞ പോലെ അവൻ ബംപറിലൂടെ ഊർന്ന് റോഡിലേക്ക് വീണു…
ഒരു നിമിഷം കവല നിശബ്ദമായി…
രണ്ടാമൻ പകച്ച് ഗിരിയെ നോക്കി…
ഡ്രൈവിംഗ് സീറ്റിലിരുന്നവനും സംഭവിച്ചത് മനസ്സിലാകാതെ പുറത്തേക്കിറങ്ങി…
“” വാടാ……..””
ഗിരി മുണ്ടു മടക്കിക്കുത്തി ഒന്ന് നിവർന്നു…
അവൻ മുന്നോട്ട് രണ്ടടി വെച്ചതും മുന്നിൽ നിന്നവർ ഭയന്ന് പിന്നോട്ട് മാറി…….
“” ചേട്ടായീ……………….!”
അമ്പൂട്ടന്റെ വിളി കേട്ട് ഗിരി തിരിഞ്ഞതും തന്റെ ഇടതു ചുമലിനു താഴെക്കൂടി , ഒരു കത്തി മുന കയറിയത് അവനറിഞ്ഞു,……
മൂന്നാമൻ ഗിരിക്കു പിന്നിലൂടെ ഒന്നുകൂടി കത്തി വീശി…
ഒഴിഞ്ഞു മാറിയ ഗിരിയുടെ മുഖത്തിനു മുന്നിലൂടെ കത്തി വീശിയകന്നു……
അടുത്ത് ആക്രമണം ഗിരി തടഞ്ഞെങ്കിലും ഇടതു കൈയുടെ മുട്ടിനു താഴെ മുറിഞ്ഞു…
അമ്പൂട്ടൻ വാവിട്ടു നിലവിളിക്കുന്നത് കണ്ട് ഗിരി കൈ കുടഞ്ഞു…
നേർ രേഖ പോലെ കുത്തുകളായി ചോര റോഡിലേക്ക് വീണു…
പുറം ചോരയിൽ നനയുന്നത് ഗിരി അറിഞ്ഞു…
അടുത്ത ഊഴം ഗിരിയുടേതായിരുന്നു…
കത്തിയുമായി വന്നവനെ ഗിരി ചവിട്ടി തെറുപ്പിച്ചു…
കത്തി പിടി വിട്ട് അവൻ റോഡിലേക്കു മലർന്നതും അടുത്തു വന്നവന്റെ തല കൊണ്ട് , ഗിരി ജീപ്പിന്റെ ഹെഡ്ലൈറ്റ് തകർത്തു കളഞ്ഞു…
ഇടിയുടെ ആഘാതത്തിൽ താർ ഒന്നു കുലുങ്ങി… ….
റോഡിലേക്ക് വീണവൻ കത്തിയുമായി വീണ്ടും വന്നതും മുകളിലെ ഗട്ടർ റോഡിലൂടെ കല്ലുകൾ ചാടി ഒരു ജീപ്പ് ഇറങ്ങി വന്നു…
അതൊരു ഫോറസ്റ്റ് ജീപ്പായിരുന്നു…
ജീപ്പിന്റെ ഫ്രണ്ട് നെയിം കണ്ടതും കത്തിയുമായി വന്നവൻ ഒന്നു നിന്നു…
ജീപ്പിൽ കൈ കുത്തി , ഗിരി കിതച്ചു കൊണ്ട് മുന്നോട്ടു നോക്കി…
ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരു ഫോറസ്റ്റുകാരൻ ഇറങ്ങി അവനടുത്തേക്ക് വന്നു……
“” എന്താടാ… എന്താടാ ഇവിടെ…….? “”
“” സാറേ… …. ഇത് ഫോറസ്റ്റ് കേസൊന്നുമല്ല… സാറ് പോയാട്ടെ… “
മഹീന്ദ്രയുടെ ഡ്രൈവർ പറഞ്ഞു…
“” കേസും വകുപ്പും നീ എന്നെ പഠിപ്പിക്കണ്ട… “
അയാൾ മുന്നോട്ടടുത്തു…
“” ഹർഷൻ സാറേ… അതിലിടപെടണ്ട… സാറിന്റെ പണി കൂടി പോകും…”
നാട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞു..
ഗിരി മുഖമുയർത്തി…
ഹർഷൻ……….!
കഴിഞ്ഞ ദിവസം ചായക്കടയിൽ വെച്ച് കണ്ടത് ഗിരിക്ക് ഓർമ്മ വന്നു..
“ ഇയാള് വന്ന് വണ്ടിയിൽ കയറ്………. “
ഹർഷൻ ഗിരിയോടായി പറഞ്ഞു……
“ വേണ്ട സാറേ………..””.
ഗിരി കയ്യുയർത്തി തടഞ്ഞു..
ഹർഷൻ നിലത്തു വീണു കിടക്കുന്ന രണ്ടു പേരെയും ഗിരിയേയും മാറി മാറി നോക്കി…
“” വണ്ടിയിൽ കയറെടോ……. “
ഹർഷൻ ഗിരിയെ പിടിച്ച് ഫോറസ്റ്റ് ജീപ്പിനടുത്തേക്ക് നടത്തിച്ചു…
കീശയിൽ നിന്ന് ഫോണെടുത്ത് , ഹർഷൻ മൂന്നാലു ഫോട്ടോസ് എടുക്കുന്നത് കണ്ടു കൊണ്ട് ഗിരി ജീപ്പിന്റെ മുൻ സീറ്റിലേക്ക് കയറി……
“ വന്നിട്ട് രണ്ടു ദിവസം തികഞ്ഞില്ലല്ലോടോ… താൻ ചാകാൻ വന്നതാണോ… ?””
ഹർഷൻ ഫോൺ കീശയിലിട്ടു കൊണ്ട് സ്റ്റാർട്ടിംഗിൽ കിടന്ന ജീപ്പ് മുന്നോട്ടെടുത്തു…
താറി, നരുകിലേക്ക് ജീപ്പ് ഹർഷൻ വളച്ചെടുത്തു……
“” എല്ലാത്തിനേയും വാരിയെടുത്ത് വാടാ പൊറകെ… …. “
പറഞ്ഞിട്ട് ഹർഷൻ ആക്സിലേറ്ററിലേക്ക് കാൽ അമർത്തി…
അമ്പൂട്ടൻ നിലവിളിച്ചു കൊണ്ട് റോഡിൽ നിൽക്കുന്നത് ഗിരി കണ്ടു…
അത്താഴത്തിന് അരി അടുപ്പത്തിട്ട് തിരിഞ്ഞതും അമ്പൂട്ടന്റെ നിലവിളി കേട്ട് മല്ലിക തിണ്ണയിലേക്ക് പാഞ്ഞു ചെന്നു……
അവന്റെ ബാഗ് നിലത്തു കിടപ്പുണ്ടായിരുന്നു……
അവന്റെയൊപ്പം കയറി വന്ന ജാക്കി , മുരൾച്ചയോടെ നിലം മാന്തിപ്പൊളിച്ചു കൊണ്ടിരുന്നു……
“” എന്നതാടാ………..?””
കിലുകിലെ വിറയ്ക്കുന്ന അമ്പൂട്ടനെ നെഞ്ചോട് ചേർത്ത് ആധിയോടെ മല്ലിക ചോദിച്ചു…
“ പോയി… …. കൊണ്ടുപോയി… “
അവൻ കിതച്ചു കൊണ്ട് പറഞ്ഞു……
“” ആരെ……? ആര്… ….?””
അവളുടെ പിടി വിടുവിച്ച് അമ്പൂട്ടൻ അരഭിത്തിയിലേക്ക് ഇരു കൈകളും കുത്തി നിന്ന് കിതച്ചു…
ഒരു നിമിഷം കഴിഞ്ഞപ്പോൾ കിതപ്പടങ്ങി അവൻ കാര്യങ്ങൾ വിശദീകരിച്ചു…
നടുക്കത്തോടെ മല്ലിക ചുമരിലേക്ക് ചാരി……….
**** ***** ****** ***** *****
താമരശ്ശേരി……….
ഗവ: ഹോസ്പിറ്റൽ………..
ഗിരിയുടെ പുറത്ത് ആറ് സ്റ്റിച്ചുണ്ടായിരുന്നു… ….
കൈയ്യിൽ മൂന്ന്………..
ഡ്രസ്സ് ചെയ്തതിനു ശേഷം ഗിരിയെ ഹർഷൻ എഴുന്നേൽപ്പിച്ചിരുത്തി……
ഹർഷൻ ഡോക്ടറെ കണ്ണു കാണിച്ചതും ഡ്യൂട്ടി ഡോക്ടറും നേഴ്സും പുറത്തേക്കിറങ്ങി… ….
“” എന്നതാ ഗിരി പ്രശ്നം… ….? “
“”പ്രശ്‌നമങ്ങനെ പറയാൻ മാത്രമൊന്നും ഇല്ല സാറേ… …. “
ഗിരി ഇടതു കൈയുടെ സ്റ്റിച്ചിനു മുകളിൽ വലതു കയ്യാൽ ഒന്നുഴിഞ്ഞു……
“” ആണും തുണയും ഇല്ലാത്ത വീടാ… മര്യാദയ്ക്ക് ഞാൻ കാര്യം പറഞ്ഞതാ… പറഞ്ഞ് മണിക്കൂറൊന്ന് തികയും മുൻപേ അവന് പിന്നെയും ഞരമ്പിളകി………. “
ഗിരി ഹർഷനോട് ചുരുങ്ങിയ വാക്കുകളിൽ കാര്യം വിശദീകരിച്ചു……
“”റേഞ്ചറും പിന്നെ ഡി. വൈ. എസ് പി.യുമൊക്കെ ഞാനറിയുന്ന ആളാ… ഇനി പ്രശ്‌നമുണ്ടാകാതിരിക്കാൻ ഞാൻ പറഞ്ഞു നോക്കാം…… “
ഹർഷൻ പറഞ്ഞു……
“ അവരാകെ ദുരിതത്തിലാ സാറേ… ആകെയുള്ളത് അഭിമാനമാ… അതും കൂടി ഇങ്ങനെ ആൾക്കാരുടെ മുന്നിലിട്ടു നാറ്റിക്കുകാന്നു വെച്ചാൽ… …. “
“” ഗിരി പേടിക്കണ്ട… താനും നല്ല അക്രമമാ കാണിച്ചത്……. താനത്ര കുറഞ്ഞ പുള്ളിയൊന്നുമല്ലല്ലേ…?”
ഹർഷൻ പതിയെ ചിരിച്ചു…
“ ജീവിക്കണ്ടേ സാറേ…….”
ഗിരി വലം കൈ കുടഞ്ഞു……
“” ഞാനൊന്നു സംസാരിച്ചു നോക്കാം…… പിന്നെ തനിക്കു പരാതിയൊന്നുമില്ലല്ലോ… ….?””
ഹർഷൻ കസേരയിൽ നിന്ന് എഴുന്നേറ്റു…
“” എനിക്കെന്ത് പരാതി സാറേ… അവൻമാർക്കൊന്നും പറ്റാതിരുന്നാൽ മതി…… “
ഗിരി പറഞ്ഞതും ഹർഷൻ എഴുന്നേറ്റു…
ഹർഷൻ വാതിൽ കടന്നപ്പോഴാണ് ഗിരി, അയാളുടെ പഴ്സ് വീണു കിടക്കുന്നത് കണ്ടത്……
അവനതെടുത്ത് ടേബിളിലേക്ക് വെച്ചു…
പുറത്ത് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു……
ആശുപത്രി പരിസരം പ്രകാശമാനമായിരുന്നു…
ഹർഷൻ പുറത്തേക്കിറങ്ങിയതും ഒരു കിയ ഹോസ്പിറ്റലിന്റെ ഗേയ്റ്റ് കടന്നു വന്നു…
കോ- ഡ്രൈവർ സീറ്റിലെ ഡോർ തുറന്നു…
സെക്കന്റ് സ്റ്റെണ്ണറിന്റെ ഒരു ജോഡി ചെരുപ്പ് തറയിലേക്ക് പതിച്ചതു കണ്ട് ഹർഷൻ മുഖമുയർത്തി …
കുർത്തയും പൈജാമയും ധരിച്ച് വെളുത്തു കുറുകിയ ഒരു മനുഷ്യൻ പതിയെ ഹർഷനരികിലേക്ക് വന്നു……
ഹബീബ് റാവുത്തർ… ….!
അയാൾക്കു പിന്നിൽ മഹേന്ദ്രയിൽ കണ്ട ഡ്രൈവറെ ഹർഷന് മനസ്സിലായി……
“” നമ്മുടെ കേസില് ആരും ഇടപെടാറില്ല ഓഫീസറേ… സാറിന് കാര്യങ്ങൾ അറിയാഞ്ഞിട്ടാ… …. “
ഹർഷൻ അയാളെ അളക്കുന്ന പോലെ നോക്കി…
“” പോട്ട്…. അത് നമ്മള് വിട്ടു…….”
ഹബീബ് ഹർഷന്റെ ചുമലിൽ പതിയെ തട്ടി… ….
“” ഞാൻ വന്നത് ഓനെക്കാണാനാ… “”
പറഞ്ഞിട്ട് ഹബീബ് ഹർഷനെ കടന്ന് മുന്നോട്ടു നടന്നു……
ഹർഷൻ കീശയിൽ നിന്ന് ഫോണെടുത്ത് തിരിഞ്ഞു……
വാതിൽക്കൽ നിഴൽ വീണതറിഞ്ഞ് ഗിരി ഒന്നു തിരിഞ്ഞു..
വെളിച്ചത്തിനു കീഴെ വന്ന രൂപം കണ്ട് എഴുന്നേൽക്കാൻ ഗിരി തുനിഞ്ഞതും ഹബീബ് കയ്യെടുത്തു വിലക്കി…….
“” വേണ്ട……. കിടന്നോ……..””
ഹബീബ് കസേര, ഗിരിയുടെ അടുക്കലേക്ക് വലിച്ചിട്ട് ഇരുന്നു…….
“ ഗിരി……. ഗിരീന്ദ്രൻ മാധവൻ… “
ഹബീബ് ഗിരിയുടെ മുഖത്തേക്ക് നോക്കി.
നേരിയ ഒരത്ഭുതം ഗിരിയുടെ മുഖത്ത് മിന്നിമറഞ്ഞു……
“” ഇയ്യ് സോമനെ കൈ വെച്ചേന് ഒരു കാരണമുണ്ട്… ആ അന്നെ ഒന്ന് പേടിപ്പിക്കാനാ ഞാനാ കുണ്ടൻമാരെ അങ്ങോട്ടു പറഞ്ഞയച്ചത്……. “
ഗിരി ഹബീബിനെ മാത്രം നോക്കിയിരുന്നു……
“”റാവുത്തരുടെ കൂടെ നിൽക്കുന്നവരുടെ നേരെ ഒരാളും കൈ പൊക്കിയിട്ടില്ല… അത് ന്യായമുണ്ടെങ്കിലും ഇല്ലെങ്കിലും… “
ഹബീബ് ഇടതു കൈ പൊക്കി, കൂർത്തയ്ക്കു മുകളിലൂടെ നെഞ്ചിലൊന്നു തടവി…
“ അങ്ങനെ കൂടെ നിൽക്കുന്നവരെ സംരക്ഷിച്ചു പോരുന്ന റാവുത്തരുടെ നെഞ്ചിലാ നീയിന്ന് ദഫ് മുട്ട് നടത്തിയത്… “”
ഹബീബ് പതിയെ ഗിരിയുടെ അടുത്തേക്ക് മുഖമടുപ്പിച്ചു…
“ അന്റെ പിന്നാമ്പുറക്കഥകളൊക്കെ ഞാനൊന്നു തപ്പി… നീ സോമനോട്ടും നാട്ടുകാരോടും പറഞ്ഞ ജയിൽ കഥ അങ്ങോട്ടു മാച്ചാവുന്നില്ലല്ലോ ഗിരിയേ… ….”
ഒരമ്പരപ്പ് ഗിരിയുടെ മിഴികളിലുണ്ടായി…
“ ഗിരിയെന്ന പേരിൽ ഒരാളും സുധാകരന് ബന്ധുക്കളായില്ല… “
ഗിരി ശ്വാസമടക്കിയിരുന്നു…
“” സുധാകരൻ നമ്മക്ക് വേണ്ടപ്പെട്ടവനായിരുന്നു…… ഓനെന്റെ രണ്ടു രണ്ടരക്കോടിയുടെ രഹസ്യം ദുനിയാവിൽ ബാക്കി വെച്ചിട്ടാ പോയത്…… “
ഗിരി ഒന്ന് ശ്വാസം വലിച്ചു വിട്ടു…
ഹബീബ് ഒന്നുകൂടി അവനിലേക്ക് മുഖമടുപ്പിച്ചു…
“” വെറുതെ കത്തി കൊണ്ട് വരയാൻ മാത്രം അറിയുന്നവരല്ല ന്റെ കുണ്ടൻമാർ…
നീയും സുധാകരനും ഒരുമിച്ച് ജയിലിൽ കിടന്നിട്ടില്ല……
നീയവന്റെ ബന്ധുവുമല്ല… …. “
ഒരു നടുക്കം ഗിരിയുടെ സിരകളിലും നട്ടെല്ലിലും പാഞ്ഞു……
മറുത്തു പറയാൻ വന്ന വാക്കുകൾ വിഴുങ്ങി, ഗിരി ചെവിയോർത്തു..
“” നാലു വാഴ കുഴിച്ചു വെച്ച് കൊല വെട്ടി വിൽക്കാൻ മല കയറിയവനല്ല നീ… പെണ്ണിന്റെ മണമടിച്ചുറങ്ങാനാണ് നീയീ രക്ഷക വേഷം കെട്ടുന്നതെങ്കിൽ ഞാനാ വഴിക്കേ വരില്ല… …. അതല്ല……. “
ഹബീബിന്റെ മിഴികളിൽ ക്രൗര്യം തിളങ്ങി…
“”രണ്ടരക്കോടിയുടെ രഹസ്യം തപ്പിയാണ് നീ മല കയറി വന്നതെങ്കിൽ………..ഗിരിയേ………..””
പറഞ്ഞു കൊണ്ട് ഹബീബ് നിവർന്നു……
“” മലയിറങ്ങണോ മഞ്ചലു വേണോന്ന് അനക്ക് തീരുമാനിക്കാം……. “
(തുടരും……….)