സ്നേഹം

എനിക്ക് പേടിയാ അച്ഛാ… എനിക്കങ്ങോട്ടു പോവാൻ വയ്യ..
അവരെന്നെ കുത്തും… വേദനയെടുക്കും.. എനിക്ക് വയ്യ..
ഞാൻ പോവില്ല അച്ഛാ… എനിക്ക് പേടിയാ…”
നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായി ഒരു പിഞ്ചു ബാലൻ…… സ്വന്തം അച്ഛനെയും
കെട്ടിപിടിച്ചുകൊണ്ട് നിന്നു കരയുകയാണ്.
ആ നിഷ്കളങ്കതയ്ക്കു മുന്നിൽ ഹൃദയം കല്ലല്ലാത്തവരെല്ലാം ഒന്ന് അലിഞ്ഞുപോവും…
അത്രയ്ക്കും ആഴമുണ്ട് ആ നിലവിളിക്ക്…

മൂകമായ ആശുപത്രി വരാന്തയിലെ ഡ്രസ്സിംഗ് റൂമിനു മുന്നിൽ വണ്ടിയിൽ നിന്ന് വീണു കാൽ
മുറിഞ്ഞ കൂട്ടുകാരനായ അരുണിനെയും കാത്തുനിൽക്കുകയായിരുന്നു ഞാൻ..

അപ്പോഴാണ് തൊട്ടടുത്ത ഇരുന്ന കുഞ്ഞിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നത്…
ഒരു അഞ്ചോ ആറോ വയസ്സുകാണും.. നിക്കർ മാത്രം ഇട്ടിരിക്കുന്ന ചെക്കന് അധികം വണ്ണം
ഒന്നുമില്ല. ഒരു അസ്ഥികൂടരൂപം..കൈ ഒടിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു…
കെ നെഞ്ചിനോട് ചാരിവെച്ചിട്ടാണ് കിടന്നു കരയുന്നത്.
അമ്മയും അനിയനും അടുത്ത് നിൽപ്പുണ്ട്.. ചേട്ടന്റെ കരച്ചിൽ സഹിക്കാൻ വയ്യാതെ അനിയനും
ചെറുതായി കരയുന്നുണ്ട്…

“എന്ത് പറ്റിയതാണ്… ”
മകന്റെ അനുസരണകേടിന്റെ എല്ല ദേഷ്യവും കണ്ണിലൂടെ പ്രകടിപ്പിച്ചുകൊണ്ടിരുന്ന അമ്മയോട്
ഞാൻ കാര്യം തിരക്കി…

വീണതാണ്… “

“മരത്തിൽ നിന്നോ.. “

“അതെ മോനെ.. വീടിന്റെ മുറ്റത്തു ഒരു ചെറിയ മാവു നിൽപ്പുണ്ട്.. നേരം വെളുത്താൽ
ചേട്ടനും അനിയനും കൂടി അതിന്റെ മുകളിൽ ആണ്.. എത്ര പറഞ്ഞാലും കേൾക്കില്ല…
വെക്കേഷൻ ആയതു കൊണ്ട് പിന്നെ പറയുകയും വേണ്ട…”
പല്ലുകടിച്ചു പിടിച്ചു കൊണ്ടുള്ള സംസാരത്തിന്റെ
ഇടയിലും അമ്മ അവനിലേക്ക് കണ്ണ് ഉരുട്ടുന്നത് എനിക്ക് കാണാമായിരുന്നു. അമ്മയുടെ
കണ്ണുരുട്ടൽ പിന്നെയുംഅവന്റെ കണ്ണുനീരിനെ ഇളക്കിവിട്ടു…

” സാരമില്ലടാ.. മോൻ വിഷമിക്കേണ്ട… വേദനയൊന്നുംകാണില്ല… അതു മോന് തോന്നുന്നതാ…
അച്ഛനില്ലേ കൂടെ..”

ഒരു നേർത്ത ആശ്വാസം പോലെ അച്ഛൻ അവനിലേക്ക് അടുത്തു…

“ഇല്ല അച്ഛാ.. നമുക്ക് വീട്ടിൽ പോവാം… വാ…
വേദനയെടുക്കുന്നു ..

“അതെങ്ങനെ.. വീട്ടിൽ പോയാൽ വേദന എങ്ങനെ മാറും..
ഇതിപ്പോൾ നമുക്ക് ശരിയാക്കാം.. മോൻ പേടിക്കാതെ..”

ഇനിയൊരു കുരുത്തകേടും കാണിക്കാതിരിക്കാൻ വേണ്ടി മകനോടുള്ള സ്നേഹം ഉള്ളിലൊതുക്കി
അവനെ
ശകാരിച്ചുകൊണ്ടിരിക്കുന്ന അമ്മയിൽ നിന്നും എന്റെ കണ്ണുകൾ അവനെ സ്വാന്തനവുമായി
തലോടുന്ന അച്ഛനിലേക്കു നീങ്ങി…

പാവം.. ഒരു കുത്തുവാക്കു പോലും പറയാതെ ആശ്വസിപ്പിക്കുകയാണ് തന്റെ മകനെ.. ഒരുപക്ഷെ
അവനെക്കാൾ ഏറെ കുരുത്തകേടുകൾ കുഞ്ഞുനാളിൽ
കാണിച്ചതിന്റെ അനുഭവങ്ങളുമായിട്ട് ആവും ആ അച്ഛന്റെ വരവ്….

അടർന്നുവീഴുന്ന അവന്റെ ഓരോ കണ്ണുനീർതുള്ളിയെയും തുടച്ചുമാറ്റി ഒരു പുഞ്ചിരിയുമായി
അവനിലേക്ക് അടുക്കുന്ന
അച്ഛനെ കണ്ടപ്പോൾ ഞാൻ പരിധിയില്ലാത്തൊരു
ചിന്തയിലേക്ക് വഴുതി വീണു പോയി…

വാങ്ങിച്ചു തന്ന കളിപ്പാട്ടങ്ങളെല്ലാം തല്ലി തകർത്തതിന്റെ ദേഷ്യത്തിൽ ചൂരലമെടുത്തു
തല്ലാനായി അച്ഛനെന്നെ ഓടിക്കുമ്പോൾ അച്ഛന്റെ ഓട്ടം കണ്ടു സഹിക്കാൻ വയ്യാതെ
അമ്മയെന്നെ പിടിച്ചു അച്ഛന്റെ മുന്നിലേക്ക് ഇട്ടുകൊടുക്കും. .

ഒടുക്കം കയ്യിലിരിക്കുന്ന ചൂരൽ കഷ്ണം നിലത്തേക്കിട്ടു തല്ലാൻ തുടങ്ങിയ കൈകൾ എടുത്ത്
തലോടി കൊണ്ട് അച്ഛൻ
പറയും .
” അത് തെറ്റല്ലേ. . ഇനി ചെയ്യരുത് കേട്ടോ….”

ശരിയാണ്. തെറ്റുകൾ ചെയ്യുമ്പോഴെല്ലാം അച്ഛൻ
ചൂരലെടുക്കാറുണ്ട് . പക്ഷെ ആ ചൂരലുകളൊന്നും തല്ലാൻ വേണ്ടി ഉള്ളതായിരുന്നില്ല.
മറിച്ചു തെറ്റുകളെ തിരുത്താൻ വേണ്ടിയുള്ളതായിരുന്നു. അത്തരം വിദ്യകളൊന്നും
അമ്മയ്ക്കറിയാത്തതു കൊണ്ടാകാം അമ്മയെക്കാൾ ചിലർക്കേറെ ആത്മബന്ധം
അച്ഛനോടായിരിക്കും..
അമ്മയോടുള്ള സ്നേഹ കുറവുകൊണ്ടാന്നും അല്ലത്. ചിലപ്പോൾ അമ്മയ്ക്കും അതാകും ഇഷ്ടം..

കുരുത്തകേടുകൾ കുത്തനെ കൂടുന്ന ചില ദിവസങ്ങളിൽ ശകാരങ്ങളിൽ ഒതുക്കാൻ കഴിയാത്ത ചില
തെറ്റുകളെ
തല്ലി തന്നെ അച്ഛൻ ആട്ടി പായിക്കാറുണ്ട്.. കല്ലുകൾ എറിഞ്ഞു ഓട് പൊട്ടിച്ചതും കമ്പി
വേലി ചാടി കാല് മുറിച്ചതുമൊക്കെ തല്ലുകൊണ്ട് ഓർമകളുടെ കൂട്ടത്തിൽ
പെടുത്താവുന്നവയാണ്…

പക്ഷെ ഏറെ കരയേണ്ടി വരുമെന്നാലും അച്ഛൻ തല്ലുന്ന ദിവസങ്ങളൊക്കെ
അതിമനോഹരങ്ങളാണ്. . താരാട്ടും തലോടലുമായി അന്ന് അച്ഛന്റെ കൂടെ കിടന്നുറങ്ങാം. ..

പ്രായം വളർന്നു കയറിയത് മുതൽ അച്ഛൻ വടിയെടുക്കാറില്ല. വഴക്കു പറയാറില്ല. വാശി
പിടിക്കാറില്ല. ഇതൊന്നും ഇല്ലാത്തത്
കൊണ്ടാവാം ഇന്ന് കുരുത്തകേടുകളുമില്ല …

ഉള്ളിലുള്ള സ്നേഹം പോലും പുറത്തു കാട്ടാതെ കുടുംബത്തിന് വേണ്ടി വെയിലു കൊണ്ട്
പടർന്നു നിൽക്കുകയാണ് ആ
പടുവൃക്ഷമങ്ങനെ.

“അതെ, കുട്ടിയെ അകത്തേയ്ക്കു കൊണ്ടുവന്നോളു.” ചിന്തകളെ കീറിമുറിച്ചുകൊണ്ടായിരുന്നു
അകത്തു നിന്നുള്ള വിളി വന്നത്. കരഞ്ഞു തെളിഞ്ഞ കണ്ണുകളുമായി അവൻ അകത്തേയ്ക്കു
കയറിയപ്പോഴും അവന്റെ കൈയ്യുടെ മറ്റേ അറ്റത്തു അച്ഛൻ ചേർന്നു
നിൽക്കുന്നുണ്ടായിരുന്നു…

ആഗ്രഹമില്ലങ്കിലും തെല്ലും ഭയത്തോടെ ഞാൻ ഒരു നിലവിളിക്കായി കാതോർത്തിരുന്നു…
ഇല്ല.. പ്രതീക്ഷിച്ചത് പോലെ ഒന്നും അകത്തു സംഭവിച്ചില്ല… ഒരു മൂളൽ പോലും
കേട്ടതുമില്ല…

കേൾക്കില്ല. അതെനിക്ക് ഉറപ്പുണ്ട്. അച്ഛൻ എന്ന മരുന്നുമായി ആണ് അവൻ അകത്തേയ്ക്കു
കയറിയത്… പിന്നെ എങ്ങനെ
അവനു വേദനെയെടുക്കും…
നനഞ്ഞ കൺപീലികളുമായി അകത്തേയ്ക്കു കയറിയവൻ കുറെയേറെ നേരത്തിനു ശേഷം നാണത്തോടെയുള്ള
ഒരു ചെറിയ പുഞ്ചിരിയുമായാണ് തിരികെ വരാന്തയിലേക്ക് ഇറങ്ങി വന്നത്..

ഇത്രേ ഉണ്ടായിരുന്നുള്ളാ , അതിനാണോ ഇത്രയേറെ നിലവിളിച്ചത് എന്നാകും മുഖത്തെ ആ
നാണത്തിന്റെ അർത്ഥം… അച്ഛന്റെ കൈയും പിടിച്ചു ആരുടെയും മുഖത്ത് നോക്കാതെ അവനാ
വരാന്തയിലൂടെ നടന്നകന്നപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സ്
മന്ത്രിക്കുകയായിരുന്നു..

“അച്ഛൻ. . ഒരുപാടു അർത്ഥമുണ്ടാ വാക്കിന്…
വായിച്ചെടുക്കാൻ കഴിയാത്ത ഒരുപാടു ഒരുപാട് അർഥം. .”