സുന്ദരി – 12

എന്നാലടുത്ത നിമിഷമെന്റെ ഹൃദയം ഒന്ന് നിലച്ചു. താടകയുടെ നേർക്ക് പാഞ്ഞടുക്കുന്ന ഒരു കറുത്ത മഹിന്ദ്ര താർ.!!

“” ഹേയ്…!! “” ഒരു വിറയലോടെ ഞാനലറിക്കൊണ്ട് താടകയുടെ നേർക്ക് ഓടി.

അവളൊന്ന് പതറി.! അത് കഴിഞ്ഞാണ് തനിക്കുനേരെ പാഞ്ഞടുക്കുന്ന വാഹനമവളുടെ ശ്രദ്ധയിൽ പെട്ടത്.

താടക തറഞ്ഞവിടെ നിന്നുപോയി. അതവളുടെ തൊട്ടടുത്ത് എത്തിയിരുന്നു. പേടിച്ചിട്ടൊരടിപോലുമവൾക്ക് അനങ്ങാനായില്ല. അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

ആ കാഴ്ച കാണാനാവാതെ ഞാൻ തലയിൽ കൈവച്ചവിടെ ഇരുന്നുപോയി…!!

********

ഒരു മൂളലോടെ താർ അവളുടെ തൊട്ടടുത്തുവച്ചൊന്ന് വെട്ടിച്ചു. പിന്നേ അതൊരിരമ്പലോടെ അവളെ ഉരുമ്മിയെന്നോണം പുറത്തേക്ക് പാഞ്ഞുപോയി.

അപ്പോൾ തോന്നിയ ആശ്വാസം..!!

തടകയപ്പോഴും ചെവിപൊത്തി കണ്ണുകൾ ഇറുക്കിയടച്ച് നിൽപ്പായിരുന്നു. അവളുടെ കയ്യിലുണ്ടായിരുന്ന വാഴയിലക്കീറ് മണ്ണിൽ വീണിരുന്നു.

ഞാൻ വേഗം തന്നെയവളുടെ അടുത്തേക്കൊടി. അവളപ്പോഴും മരവിച്ച് അതേ അവസ്ഥയിൽ തന്നെയായിരുന്നു.

“” ഡോ..! താനോക്കെയാണോ..! “”

അവളൊന്നുമറിയുന്നില്ല എന്ന് കണ്ട് ഒന്ന് പരിഭ്രമിച്ച ഞാൻ അവളുടെ തോളിൽ പിടിച്ചൊന്നിളക്കി ചോദിച്ചു.

അവൾ നല്ലപോലെ വിറക്കുന്നുണ്ടായിരുന്നു.

താടക പേടിയോടെ കണ്ണ് തുറന്നെന്നെയൊന്ന് നോക്കി. തൊട്ടടുത്ത നിമിഷമൊരു കരച്ചിലോടെയവളെന്റെ നെഞ്ചിൽ വീണു. ഒന്ന് പതറിയെങ്കിലും ഞാനവളെ ചേർത്തുപിടിച്ചു.

പാവം നല്ലപോലെ പേടിച്ചിട്ടുണ്ടെന്നേ..! അവളുടെ ശരീരം കിടന്ന് വിറക്കണത് അതിന് തെളിവാണ്.

“” ഡോ… ഓക്കെയാണോ?! “”

മറുപടിയൊന്നും ഇല്ലായെങ്കിലും അവളുടെ കേട്ടിപ്പിടുത്തമോരോ നിമിഷവും ഇറുകിക്കൊണ്ടിരുന്നു.

എന്നിലുള്ളയീ പിടിവിട്ടാലവള് മരിച്ചുപോവുമെന്നകണക്കെ.!!

“” അഭിരാമീ… ഡോ…! “”

അഭിരാമി !!. ആദ്യമായിട്ടാണെന്ന് തോന്നണു ഞാനവളെ പേര് വിളിക്കുന്നത്.

ഞാനൊരല്പം ബലം പിടിച്ചവളെ എന്നിൽനിന്നടർത്തി.

അവളിപ്പോ ഒന്ന് കൂളായപോലെ തോന്നി. അവളെന്നെയൊന്ന് മിഴിച്ച് നോക്കി.

പേടിച്ചണ്ടം കീറിപ്പോയ അവസ്ഥേൽ ഇത്രേന്നേരം എന്നേം ചുറ്റിപ്പിടിച്ചാണ് നിന്നതെന്നവൾ ഓർത്തുപോലുമില്ല. അതിന്റൊരു ചമ്മലവളുടെ മുഖത്ത് പൊടുന്നനെ പടർന്നു.

എന്നാൽ ഞാനത് കാര്യമാക്കിയില്ല. അവളുടെ അവസ്ഥ എനിക്ക് മനസിലാക്കാൻ പറ്റും.

“” അത്… അപ്പൊ…! സോറി!! “”

താടക ഒരു ജാള്യതയോടെ പറഞ്ഞു.

“” ഹേയ് കുഴപ്പുല്ലടോ…! താൻ ഓക്കെയാണോ..! “”

ഞാനിത്രയും മയത്തിലവളോട് സംസാരിക്കുന്നത് ആദ്യമായായതിനാലാവും അവളെന്നെയൊരമ്പരപ്പോടെ നോക്കിയത്.

“” കുഴപ്പൂല്ല… ഇടിച്ചൂന്നാ കര്ത്യേ!! “”

അപ്പോഴും വിട്ട് പോയിട്ടില്ലാത്ത ഒരു വിറയലോടെ അവൾ പറഞ്ഞു.

“” ഹ്മ്മ്…” ഞാനൊന്ന് മൂളി

ഇങ്ങനൊരാവസ്ഥേല് വണ്ടിനമ്പറൊന്നും നോട്ടെയ്യാൻ പറ്റീല. മിക്കവാറും ഏതേലും ഞരമ്പന്മാർ അവൾടടുത്ത് ഷോ ഇറക്കിയതാവും എന്ന നിഗമനത്തിൽ ആയിരുന്നു ഞാനപ്പോൾ.

“” എടൊ കുഴപ്പൊന്നൂല്ലല്ലോ…! നമുക്കെന്നാ പോയ്ക്കൂടെ..! “”

ഞാനൊന്നൂടെ ചോദിച്ചതും അവള് സമ്മതമെന്നോണം തലയാട്ടി. പിന്നേ മണ്ണിൽ വീണയാ ഇലക്കീറിലേക്കൊന്ന് പാളിനോക്കി.

അതിന് ശേഷമൊരു നെടുവീർപ്പോടെ അവൾ കാറിൽ വന്ന് കയറി. സമയമാകുന്നേയുള്ളു. ഓഫീസിലേക്ക് അധികം ദൂരവുമില്ല. ഇത്ര നേരത്തേ പോയാലവിടെ എന്തായാലും പോസ്റ്റടിക്കേണ്ടിവരും. തടകേം അതേ ചിന്തയിൽ ആണെന്നെനിക്ക് തോന്നി.

“” അതേയ്… ഇത്രേന്നേരത്തെ ഓഫീസിലോട്ട് പോണോ..? “”

എന്റെ തോന്നൽ ശരിയാണെന്ന് തെളിയിച്ചുകൊണ്ട് അവൾ മടിച്ച് മടിച്ചാണത്‌ ചോദിച്ചത്.

അവൾടെ ചോദ്യം കേട്ട് ഞാനവളെയൊന്ന് നോക്കിയതും അവള് മുഖം കുനിച്ചു. ഇവള് ഭയങ്കര ബോൾഡ് ആണെന്ന് കരുതിയിരുന്ന എന്റെ ചിന്തകളൊക്കെ തകർക്കുന്ന കാര്യങ്ങളാണല്ലോ കുറച്ചായിട്ട് നടന്നോണ്ടിരിക്കുന്നെ.

“” ഇപ്പോപ്പിന്നെ എവിടെ പോണംന്നാ.!! “”

ഞാനത് ചോദിച്ചതുമാവളൊരു അമ്പരപ്പോടെ എന്നെനോക്കി. ഞാൻ സമ്മതിക്കൂന്ന് അവളോർത്ത് കാണില്ല. അതിന്റൊരു സന്തോഷമൊക്കെയവളുടെ മുഖത്ത് പ്രകടമാണ്.

“” ഇവിടന്ന് കുറച്ചുപോയാലൊരു ഓർഫനേജുണ്ട്. ഒന്നത്രേടംവരെ പോയാലോ..! “”

ഞാനവളെയൊരത്ഭുതത്തോടെ നോക്കി. ഓർഫനെജ്ലിവൾക്കെന്താ പരുപാടി..!! മാസസിലിങ്ങനെ ഒരു ചിന്ത വന്നേലും ഞാനത് ചോദിച്ചില്ല.

“”ഹ്മ്മ്…””

ഒന്ന് മൂളി ഞാനവള് പറഞ്ഞ വഴിയേ കാറോടിച്ചു.

അവസാനം ഒരല്പം പഴക്കം തോന്നിക്കുന്ന കെട്ടിടത്തിനടുത്തെത്തിയപ്പോൾ അവിടേക്ക് കയറ്റാനവള് പറഞ്ഞു.

അവിടെ മുറ്റത്ത് നല്ലൊരു ഗാർഡൻ ഒരുക്കിയിട്ടുണ്ട്. അതിലെ പുൽത്തകിടിയിൽ കുറച്ച് കുട്ടികൾ കളിച്ച് നടക്കുന്നു. കാറ് വന്ന് നിന്നത് കണ്ട് അവരുടെ ശ്രദ്ധ ഒരുനിമിഷം അതിലേക്ക് തിരിഞ്ഞെങ്കിലും വീണ്ടുമവർ കളി തുടർന്നു.

കാർ വന്നത് കണ്ട് അവിടെ ചുമതലയുള്ള അല്പം പ്രായമുള്ള ഒരു സ്ത്രീയിറങ്ങിവന്നു. ഒപ്പം വേറെയും രണ്ട് സ്ത്രീകളുണ്ടായിരുന്നു.

അവരെ കണ്ട് ഒരു ചിരിയോടെ താടക വണ്ടിയിൽനിന്നിറങ്ങി.

അവൾക്ക് പിന്നാലെ ഞാനും. അവളെക്കണ്ടതും അവരുടെ മുഖത്തുമൊരു പുഞ്ചിരി വിടർന്നു.

ഞാനതൊക്കെ തെല്ലൊരു സംശയത്തോടെ നോക്കിനിന്നു.

ഇവളെന്തിനിവിടെ..? ഇവളെയവർക്കെങ്ങനെ പരിചയം? എന്നൊക്കെയുള്ള സംശയമെന്റെ ഉള്ളിലേക്ക് സ്വാഭാവികമായി വന്നു.

“” മോളേ… സുഖാണോ..! “”

ആ സ്ത്രീ അവളോട് ചോദിച്ചപ്പോൾ അവളൊരു ചിരിയോടെ തലയാട്ടി.

“” അക്ക മറന്നോ…! ഇന്നഭിരാമീടെ പിറന്നാളല്ലേ..! “”

അവരോടൊപ്പമുണ്ടായിരുന്ന സ്ത്രീ അവരെ ഓർമിപ്പിക്കാനെന്നോണം തിരക്കി.

“” അതെങ്ങനാ മറക്കുന്നെ… കുട്ടികളൊക്കെ ഇന്നലെത്തന്നെ അതുംപറഞ്ഞല്ലേ നടക്കുന്നെ…! “”

അവരോരു ചിരിയോടെ പറഞ്ഞവളുടെ തലയിലൊന്ന് തഴുകി.

“” അല്ല ഇതാരാ…! “”

പിന്നേ എന്നെയൊന്ന് നോക്കി ചിരിയോടെ അവളോടായി തിരക്കി.

“” എന്റെ ഭർത്താവാ അക്ക..! “”

അവളെന്നെയൊന്ന് നോക്കിയിട്ടാണത് പറഞ്ഞത്.

“” അപ്പൊ..! അന്ന് മുടങ്ങീത്?! “”

അവർ തെല്ലൊരു സംശയത്തോടെ തിരക്കി.

“” അത് മുടങ്ങി… ഇത് പെട്ടന്നുനടന്നതാ… ചെറിയ ചടങ്ങേ ഉണ്ടായുള്ളൂ. എന്റൊപ്പം ഓഫീസില് വർക്ക്‌ ചെയ്യണ ആളാണ് രാഹുൽ..! “”

ഞാൻ വല്ലോം പറയോ എന്ന പേടിയിൽ അവള് ചാടിക്കേറിപ്പറഞ്ഞത് കേട്ട് എനിക്ക് ചിരിവന്നെങ്കിലും ഞാനതൊതുക്കി.അവർ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

ഞാനും.

“” അകത്തേക്ക് വാ..! “”

ഞങ്ങളെ അകത്തേക്ക് ക്ഷണിച്ച് തിരിച്ചുനടന്ന അവരെ താടക തടഞ്ഞു.

“” ഇല്ലക്ക…! ഇപ്പൊ കേറണില്ല…! ഓഫീസിലേക്ക് പോണം. ഞങ്ങള് വൈകീട്ട് വരാം.! “”
.
അവളാവസാനം എന്നെനോക്കിയാണ് പറഞ്ഞത്. അത് എന്തിനാണെന്ന് മനസിലായതും ഞാനവളെ നോക്കി വരാമെന്ന് സമ്മതിച്ചുകൊണ്ട് തലയാട്ടി. അല്ലേലും വൈകീട്ടവളെ എങ്ങനെ വൈകിപ്പിക്കാം എന്നോർത്ത് നടക്കുകയായിരുന്നല്ലോ ഞാൻ. അതോടവളുടെ മുഖമൊന്ന് വിടർന്നു.

“” ഉച്ചക്കത്തേക്കുള്ള ഫുഡ് ഞാൻ ഏല്പിച്ചിട്ടുണ്ട് അക്കാ..! സമയമാവുമ്പോ അവരത് കൊണ്ട് തരും. ഇതാ ഇത് വച്ചോ…!””

അവരോട് പറഞ്ഞിട്ടുവള് കുറച്ചഞ്ഞൂറിന്റെ നോട്ടവരുടെ കയ്യിലേക്ക് വച്ചുകൊടുത്തു. അവരത് വാങ്ങി രണ്ട് കണ്ണിലുമൊന്ന് തൊട്ട് തൊഴുത് സഹായിയുടെ കയ്യിലേൽപ്പിച്ചു.

“” ഇത്രേടം വരെ വന്നിട്ട് കേറാണ്ടെങ്ങനാ മോളേ…! “”

അവരൊന്നൂടെ പറഞ്ഞെങ്കിലും വൈകീട്ടുറപ്പായും വരുമെന്നവൾ വാക്ക് കൊടുത്തു. പിന്നേ അവരോട് യാത്ര പറഞ്ഞവിടുന്നിറങ്ങി.

“” എന്താ ഒന്നും മിണ്ടാണ്ടിരിക്കണേ…! “”

കുറച്ച് നേരമായി ഓരോ ചിന്തകളിൽ മുഴുകിയിരുന്ന എന്നോടായി താടക ചോദിച്ചു. സാധാരണ ഞങ്ങളൊന്നിച്ചുണ്ടാവുമ്പോ കാര്യമായ സംസാരമൊന്നും ഉണ്ടാവാത്തതാണ്. എന്നാലവള് ഇന്നത്തെ എന്റെ പെരുമാറ്റം കണ്ടിട്ടോ എന്തോ ഓരോന്നൊക്കെ ചോദിച്ച് തുടങ്ങി.

“” ഹേയ് ഓരോന്ന് ചിന്തിച്ചിരുന്നതാ…! “”

മുഷിപ്പിക്കണ്ട എന്നോർത്ത് ഞാനും സംസാരിച്ച് തുടങ്ങി. സത്യത്തിലീ ശോകാവസ്ഥ എനിക്കും മടുത്ത് തുടങ്ങിയിരുന്നു.

“”ഹ്മ്മ്…!!””

അതിനവളൊന്ന് മൂളി.

“” തനിക്കെങ്ങനാ അവിടൊക്കെ പരിചയം?!””

ഓർഫനെജുമായി അവൾക്കുള്ള ബന്ധമോർത്ത് ഞാൻ ചോദിച്ചു.

“” അങ്ങനെ ചോദിച്ചാ..! കുറച്ച് കാലമായിട്ട് ബന്ധമുണ്ടെന്ന് കൂട്ടിക്കോ..!! “”

അവളൊരു ചിരിയോടെ പറഞ്ഞെന്നെ നോക്കി.

എനിക്കവളുടെ മറുപടി കേട്ടപ്പൊഴെന്തോ പന്തികേട് തോന്നി. തടകേടെ അച്ഛന്റെ അന്നത്തെ പെരുമാറ്റോം അവൾടെ ഇപ്പോഴുള്ള മറുപടിയുമൊക്കെ കൂട്ടിവായ്ക്കുമ്പോൾ…!

ഇവളെ അവർ ദത്തെടുത്തതാണോ എന്നൊരു ചിന്ത എന്നിലേക്ക് കടന്നുവന്നു. എന്നാലത് മനസ്സിൽ വച്ച് ഞാനവളോട് ചോദിച്ചു.

“” എന്ന് വച്ചാ…! “”

“” എന്നവച്ചാ ചെറുപ്പം മുതൽ ഞാനിവിടെ വരാറുണ്ട്. എല്ലാവർഷോം എന്റെ പിറന്നാളിന് അവിടെ ഫുഡ് ഞങ്ങളുടെ വക ആയിരുന്നു. അമ്മേടെ ആഗ്രഹം ആണത്. പിന്നേ പിന്നേ എനിക്കും അവിടിഷ്ടായി. ഇപ്പൊ പിന്നേ ഇടയ്ക്കിടെ അവിടെ ചെല്ലും…! “”

അവളൊരു ചിരിയോടെ പറഞ്ഞെങ്കിലും അമ്മയെ ഓർത്ത് അവൾക്ക് നല്ല വിഷമം ഉണ്ടെന്ന് അവളുടെ ശബ്ദമൊന്നിടറിയപ്പോൾ എനിക്ക് മനസിലായി. അതോടൊപ്പം ഞാൻ കുറച്ച് മുന്നേ ചിന്തിച്ചതോർത്ത് ഒരല്പം ജാള്യതയും എനിക്ക് തോന്നി.

“” അമ്മയെ മിസ്സെയ്യണുണ്ടോ…? “”

ഞാനത് ചോദിച്ചപ്പോഴവൾ ഒന്ന് മൂകയായി.

“” ഹേയ് ഡോ… ഞാൻ ചുമ്മാ..! വിഷമായെങ്കി സോറി…!! “”

അവളതോർത്ത് കണ്ണ് നിറക്കുന്നകണ്ടപ്പോൾ ഞാൻ വല്ലാതായി.

“” ഹേയ്… കുഴപ്പല്ല.! “”

അവള് കണ്ണ് തുടച്ച് മുഖത്ത് ഒരു ചിരിവരുത്തി.

“” അവിടെവച്ച് അവർക്കൊക്കെ തന്നെ പരിചയമുണ്ടെന്നറിഞ്ഞപ്പോ ഞാങ്കരുതി തന്നെയവിടന്ന് ദത്തെടുത്തതാന്ന്…!! “”

അവളുടെ മൂഡ് മാറ്റാനായി ഞാനൊരു തമാശയെന്നോണം നേരത്തേ ഞാൻ ചിന്തിച്ച കാര്യമവളോടായി പറഞ്ഞു.

“” ഏഹ്… “”

തേല്ലോരമ്പരപ്പോടെ എന്നെനോക്കിയ അവളടുത്തനിമിഷം പൊട്ടിച്ചിരിച്ചു.

നല്ല ശബ്ദമുണ്ടാക്കിയുള്ള അവളുടെ ചിരിക്കണ്ട് എനിക്കും ചെറുതായി ചിരിവന്നു.

“” അപ്പൊ എന്നെ തവിട് കൊടുത്ത് വാങ്ങീതാണെന്നാണോ…!! “”

അവളതേ ചിരിയോടെ എന്നെനോക്കി ചോദിച്ചു.

“” ആഹ്… എനിക്കതിൽ ചെറിയ സംശയമൊക്കെയുണ്ട്…! “”

ഞാനും ചിരിയോടെ പറഞ്ഞതും അവളെന്നെ തുറിച്ചുനോക്കി.

“” പോടാ…! “”

പറഞ്ഞ് കഴിഞ്ഞ് നാക്ക് കടിച്ച് ഒരുകണ്ണടച്ചുള്ള അവളുടെയിരുത്തം കണ്ട് ഞാൻ ചിരിച്ചുപോയി. സംഭവം ആ ഫ്ലോയിൽ വന്നതാണെന്ന് എനിക്ക് മനസിലായിരുന്നു.

“” ഇത്തിരി ഫ്രീഡം തന്നൂന്ന് വച്ച് തലേക്കേറാൻ നിക്കണ്ട..!! “”

എന്നാലും അവളെയൊന്ന് വിരട്ടിയേക്കാമെന്ന ഉദ്ദേശത്തോടെതന്നെ ഞാനത് പറഞ്ഞപ്പോൾ താടകയൊന്ന് പതറി.

“” സോറി…!! “”

അവളത് പറഞ്ഞ് മുഖം കുനിച്ചപ്പോൾ ഞാനറിയാതെ ചിരിച്ചുപോയി.

എന്നാലെന്റെ ചിരികണ്ട് അവളെന്നെ ഒരമ്പരപ്പോടെ മിഴിച്ച് നോക്കി.

ഇനി ഞാൻ വല്ല സൈക്കോയും ആണോന്ന് കരുതിക്കാണുവോ എന്തോ…!!

“” ഞാൻ ചുമ്മാ കളിപ്പിക്കാൻ പറഞ്ഞതാ… താനിത്ര പാവമായിരുന്നോ!!. ഓഫീസിലെല്ലാരേം ഇട്ട് വിറപ്പിക്കണ ആളാന്ന് കണ്ടാപറയുവോ..!! “”

ഞാനൊരു ചിരിയോടെ പറഞ്ഞപ്പോൾ അവളും ഒരുചിരിയോടെ എന്നെ നോക്കിയതല്ലാതെ മറുപടി തന്നില്ല.

ഇത്രേം ഫ്രണ്ട്‌ലി ആയ്ട്ട് അവളോട് സംസാരിക്കണത് ആദ്യമായിട്ടാണ്. എന്തായാലും താടക നല്ല കമ്പനി ആണെന്ന് എനിക്ക് കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ തോന്നി.

“” എന്തായാലും ഇത്രൊക്കെ ആയസ്ഥിതിക്ക് ഇനിത്തോട്ട് നമ്മൾ ഫ്രണ്ട്‌സ്..!! “”

ഞാൻ ഒരുചിരിയോടെ പറഞ്ഞവൾക്ക് നേരെ കൈനീട്ടി.

തടകേം ഒരു ചിരിയോടെ എന്റെ കയ്യിൽ പിടിച്ച് കുലുക്കി.

കുറച്ച് നേരം കൊണ്ടുതന്നെ ഞങ്ങൾ ഓഫീസിലെത്തി. കേറിചെന്ന ഞങ്ങളെ എല്ലാരും വിഷ് ചെയ്തു. അതോടൊപ്പം തടകക്ക് ബിർത്തഡേ വിഷും എല്ലാരും പറയുന്നുണ്ട്. അവർക്കൊക്കെ ചിരിയോടെ നന്ദിയും പറഞ്ഞ് താടക കാബിനിലേക്ക് പോയി. ഞാൻ എന്റെ കാബിനിലേക്കും.

ഉച്ചക്ക് ലഞ്ച് ബ്രേക്കിനു തടകേടെ ബർത്ഡേ പ്രമാണിച്ച് ചെറിയൊരു ഫങ്ക്ഷന് ഉണ്ടായിരുന്നു. കാര്യമായിട്ട് ഒന്നുമില്ല. ചെറിയൊരു കേക്ക് കട്ടിങ്. അത് സ്റ്റാഫ്സ് എല്ലാരും കൂടി പിരിച്ചെടുത്ത് വാങ്ങിച്ചതാണ്.

അവൾ കേക്ക് കട്ട്‌ ചെയ്ത് ഒരു ചെറിയ പീസ് കയ്യിൽ എടുത്തതും എല്ലാരും എനിക്ക് നേരെ തിരിഞ്ഞു.

“” സാർ ചെല്ല്…! “”

അവൾക് കേക്ക് കൊടുക്കാനായി എല്ലാരും നിർബന്ധിച്ചു.

“” ഹേയ്… അതൊന്നും വേണ്ട…!! “”

ഞാനൊരു ചിരിയോടെ ഒഴിഞ്ഞ് മാറാൻ നോക്കി.

“സാറിന്റെ നാണം നോക്യേ…! അങ്ങട് കൊടുക്ക് പാപ്പാ!! ” എന്നൊക്കെയുള്ള കമന്റ് വന്നതും ഞാനൊന്ന് ചമ്മി.

തമ്മിൽ വല്യ അടുപ്പമൊന്നുമില്ലേലും ഇവരുടെ ഒക്കെ മുന്നിൽ ഞങ്ങൾ ഭാര്യേം ഭർത്താവും ആണല്ലോ.!

തടകേം ചെറിയൊരു പ്രതീക്ഷയോടെ എന്നെ നോക്കണപോലെ എനിക്ക് തോന്നി.

അതോടെ മടിച്ച് നിൽക്കാതെ ഞാൻ മുന്നോട്ട് നീങ്ങി താടകേടെ കയ്യിലിരിരുന്ന കേക്കിൽ നിന്നൊരു പീസ് പൊട്ടിച്ച് അവൾടെ വായിലേക്ക് വച്ച് കൊടുത്തു.

അവിടെ കൂടിനിന്നവരൊക്കെ ആർപ്പ് വിളിയും കയ്യടിയുമൊക്കെ ആയിരുന്നു. അതെന്തിനാണെന്ന് മാത്രമേനിക്ക് അങ്ങ് കത്തിയില്ല.

“” ഇനി മാഡം കൊടുക്ക്…!! “”

കൂട്ടത്തീന്ന് ഏതോ വെടല വിളിച്ച് പറഞ്ഞതും ഞാനൊന്ന് പരുങ്ങി. തടകേടെ മുഖത്തുമൊരു ചമ്മലൊക്കെ ഉണ്ട്.

പിന്നേ മടിച്ച് മടിച്ചവൾ കേക്ക് എനിക്ക് നേരെ നീട്ടി. അത് വായിലേക്കെത്തുന്നതിനു മുന്നേതന്നെ അതീന്നൊരു പീസ് പൊട്ടിച്ച് ഞാൻ വായിലേക്ക് വച്ചു. അതോടെ അവിടെ കുക്കിവിളിയായി.

എന്നാലത്തിന് വല്യ വിലകൊടുക്കാതെ ഞങ്ങള് മാറിയതും ബാക്കിയുള്ളവര് കേക്കിന്‌ പിന്നാലെയായി.

ഇടക്ക് ജിൻസി വൈകീട്ട് അവളെ ഡീലേ ആക്കേണ്ട കാര്യം ഓർമിപ്പിക്കാനെന്നോണം വിളിച്ചായിരുന്നു. അങ്ങനെ ജോലിയൊക്കെ ഒതുക്കി വൈകീട്ട് തടകയുടെ കൂടെ ഓർഫനേജിലേക്ക് യാത്ര ചെയ്യുമ്പോൾ അവളുടെ മുഖത്ത് ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത സന്തോഷം കളിയാടുന്നുണ്ടായിരുന്നു. അതും ശ്രദ്ധിച്ച് ഞാൻ അവിടേക്ക് കാർ പായിച്ചു.

*********************************

ഇടക്ക് ഒരുഷോപ്പിന് മുന്നിൽ വണ്ടിനിർത്താൻ പറഞ്ഞ് താടക ഇറങ്ങിപ്പോയി ഏതാണ്ടൊക്കെ വാങ്ങിച്ചോണ്ട് വന്നിരുന്നു. കവറിനകത്തു ആയതിനാൽ എനിക്കത് എന്താണെന്ന് മനസിലായില്ല. എങ്കിലും ഞാനത് ചോദിക്കാനൊന്നും പോയുമില്ല. അവളത് കാറിന്റെ പിൻസീറ്റിലേക്ക് വച്ച് മുന്നിൽ കയറി ഇരുന്നു.

അവിടന്നിറങ്ങി ഓർഫനേജിൽ എത്തുമ്പോൾ കുട്ടികളൊക്കെ അവിടവിടെയായി ഇരിക്കുന്നതാണ് കണ്ടത്. രാവിലെ ചെന്നപ്പോ അവരിൽ കണ്ട ചുറുചുറുക്കൊന്നും അപ്പോൾ പ്രകടമായിരുന്നില്ല. ഞങ്ങളുടെ കാർ കണ്ടൊന്ന് നോക്കിയെന്നല്ലാതെ അവരതിന് വലിയ വിലകൊടുത്തില്ല.

ഇതൊക്കെ കണ്ട് താടകേടെ മുഖത്തൊരു ചിരി വിരിഞ്ഞു.

“” താനെന്താ ചിരിക്കണേ…! “”

അതിന്റെ കാരണമറിയാനായി ഞാനവളോട് തിരക്കി.

“” ഏയ്‌…! അവരുടെയിരുത്തം കണ്ട് ചിരിച്ചെയാ…! മിക്കവാറും രാവിലെ വന്നത് അറിഞ്ഞുകാണും. പിള്ളേരെ കാണാതെ പോയേലുള്ള പിണക്കം ആവണം “”

താടകയൊരു ചിരിയോടെ പറഞ്ഞെന്നെ നോക്കി.

കാണാണ്ട് പോയേല് ഇത്ര സങ്കടപ്പെടാനിവളാര്…!

അങ്ങനൊരു ചിന്തയപ്പോ മനസില് വന്നേലും പുറത്തോട്ടെഴുന്നള്ളിക്കാൻ നിന്നില്ല. സംഭവം ഇപ്പൊ ഫ്രണ്ട്‌സ് എന്നൊക്കെ പറഞ്ഞ് സെറ്റ് ആക്കിവച്ചിട്ടുണ്ടേലും അവള് ഒറ്റ ബുദ്ധിയാ…! എന്റെ മൂക്കാമ്മണ്ടയടിച്ച് പൊട്ടിച്ചിട്ട് അതല്ല ഇതാന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ.!

ഞാനുമവളെ നോക്കിയൊന്ന് ചിരിച്ചു. അതോടെ അവൾ ഡോറും തുറന്ന് പുറത്തോട്ടിറങ്ങി.

അവളെക്കണ്ട് പിള്ളേരുടെ മുഖം വിടർന്നേലും ആരുമാവളെ മൈൻഡ് ചെയ്യാഞ്ഞത് കണ്ടെനിക്ക് ചിരിവന്നു. സംഭവമവള് പറഞ്ഞപോലെ പിണങ്ങിയിരിക്കണേ ആണ്.

അത് കണ്ട് താടക ഒരു ചിരിയോടെ തന്നെ പിൻസീറ്റിൽ വച്ചിരുന്ന കവറെടുത്ത് അവർക്കടുത്തേക്ക് നടന്നു. കാറിൽ നിന്നിറങ്ങി ഞാൻ അതും നോക്കി അവിടെ തന്നെ നിന്നു.

“” എന്താണ് പിള്ളേരെ ഭയങ്കര ഗൗരവത്തിലാണല്ലോ…! “”

താടക ചിരിയോടെ ചോദിച്ചുകൊണ്ട് കെട്ടിടത്തിന്റെ നീളൻ പടവുകളിലായി ഇരുന്ന പിള്ളേർ സെറ്റിന് മുന്നിൽ മുട്ട് കുത്തിയിരുന്നു.

“” ഹും… “”

പിള്ളേര് മുഖം തിരിച്ചു.

“” അച്ചോടാ…! പിണങ്ങിയിരിക്കുവാണോ… എങ്കിലത് പറയണ്ടേ…! എങ്കിപ്പിന്നെ കൊണ്ടുവന്ന ചോക്കലേറ്റ് ഒക്കെ വേറെ ആർക്കേലും കൊടുത്തേക്കാം… “”

താടകയൊരു കൊഞ്ചലോടെ പറഞ്ഞിട്ടവരെ നോക്കി. ഇതോക്കേ ഞാനൊരു കൗതുകത്തോടെ നോക്കിനിന്നു. അവളൊരു കൊച്ചുകുട്ടിയായപോലാണ് അവരോട് കൊഞ്ചുന്നത്.

ചോക്കലേറ്റ് എന്ന് കേട്ടപ്പോൾ പിള്ളേർക്ക് മിണ്ടണോ വേണ്ടയോ എന്ന കൺഫ്യൂഷനായി. ആ കൺഫ്യൂഷൻ അവള് മുതലെടുക്കേം ചെയ്തു.

“” പാവല്ലേ അഭിയേച്ചി….!! “”

കൊച്ചുപിള്ളേരെപ്പോലെ ചുണ്ടുമലർത്തി പിള്ളേരോട് പരിഭവം പറയണ അവളെക്കണ്ട് ഞാൻ വണ്ടറടിച്ചു നിൽപാണ്. കൂടുതൽ മനസിലാക്കുന്തോറും അവളൊരു പാവം പൊട്ടിപ്പെണ്ണാണ് എന്ന് തെളിഞ്ഞ് വരുകയാണ്.

അവളുടെ ഭാവാഭിനയം കൂടിയായപ്പോൾ പിള്ളേരുപട മൂക്കുങ്കുത്തി വീണു. അവർ അവളെ പൊതിഞ്ഞു.

പിന്നീടങ്ങോട്ട് പിറന്നാൾ ആശംസകളുടെയും ചോക്ലേറ്റ് തട്ടിപ്പറിക്കണേന്റേം ബഹളമായിരുന്നു.

ഓർഫനേജിന്റെ വക അവൾക്ക് വേണ്ടിയൊരു കേക്കും മുറിച്ചിട്ടാണ് പിന്നെയവിടാന്നിറങ്ങുന്നത്. ഇറങ്ങാൻ നേരം ഉച്ചക്ക് കൊണ്ടുവന്നതിൽ ബാക്കിയായ ബിരിയാണി രണ്ട് പൊതി പൊതിഞ്ഞു തരുകയും ചെയ്തു. എല്ലാരോടും യാത്രപറഞ്ഞ് അവിടന്ന് ഞങ്ങൾ ഇറങ്ങി. താടക വളരെ സന്തോഷവതിയായിരുന്നു. അതവളുടെ മുഖത്ത് പ്രകടമാണുതാനും.

“” താങ്ക്സ്… “”

കുറച്ച് നേരം മൗനമായി തുടർന്ന യാത്രക്കിടയിൽ തടകയെന്നോടായി പറഞ്ഞു.

“” എന്തേ…! “”

ഞാൻ അതിന്റെയർത്ഥം മനസിലാവാത്തപോലെ അവളെ നോക്കി.

“” കുറേ നാളുകൂടിയാണ് ഞാനിത്തിരിയെങ്കിലും സന്തോഷിക്കുന്നത്. അതിനെന്നെ സാഹയിച്ചതല്ലേ…! “”

അവളൊരു ചിരിയോടെ പറഞ്ഞു.

“” ഓഹ് വരവ് വെച്ചേക്കണു…! “”

ഞാനുമൊരു തമാശപോലെപ്പറഞ്ഞിട്ട് ഒന്ന് ചിരിച്ചു.

തടകയുടെ വീടുവരെ ഒന്ന് പോവണം. അവൾക്ക് അമ്മയെ കാണണമെന്ന് അധിയായ ആഗ്രഹമുണ്ട്. നേരത്തേ അമ്മയെപ്പറ്റി ചോദിച്ചപ്പോൾ തന്നെയെനിക്കത് മനസിലായിരുന്നു.

അതുകൊണ്ട് അവളുടെ അനുവാദം ചോദിക്കാതെ തന്നെ ഞാനവളുടെ വീട്ടിലേക്ക് വണ്ടിയോടിച്ചു. അന്ന് അവളുടെ നടക്കാതെ പോയ കല്യാണത്തലേന്ന് വന്ന ചെറിയൊരോർമ വച്ചാണ് ഇപ്പോഴുള്ളയാത്ര.

ഞങ്ങളുടെ ഫ്ലാറ്റിലേക്കുള്ള വഴിയേ തിരിയാഞ്ഞത് കണ്ട് അവളൊന്ന് എന്നെ സംശയത്തോടെ നോക്കി.

“” ഇതെങ്ങോട്ടാ ഇപ്പൊ…! “”

“” ഒരാളെക്കാണാനുണ്ട്..! തനിക്കൊപ്പം വരാനെന്തേലും ബുദ്ധിമുട്ടുണ്ടോ…! “”

ഞാനവളെയൊന്ന് ചെറഞ്ഞുനോക്കിക്കൊണ്ട് തിരക്കി.

“” ഹേയ്… എന്ത് ബുദ്ധിമുട്ട്. ഞാൻ ചുമ്മാ തിരക്കിയതാ…! “”

അവളില്ലായെന്ന അർത്ഥത്തിൽ തലയിളക്കിക്കൊണ്ട് പറഞ്ഞു.

“” ഹ്മ്മ്… “”

ഞാനതിനൊന്ന് മൂളി വണ്ടി പായിക്കുന്നതിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു.

തടകയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് കാറ് തിരിഞ്ഞതും അവളുടെ മുഖം വല്ലാതാവുന്നത് ഞാൻ ശ്രെദ്ധിച്ചു.“” എന്താടോ…! എന്ത്പറ്റി… “”

അവളുടെ ഭാവം ശ്രെദ്ധിച്ച് ഞാൻ തിരക്കി.

“” വീട്ടിലോട്ടാണോ നമ്മള് പോണേ…! “”

“” തനിക്കമ്മേക്കാണണ്ടേ…! “”

“” പ്ലീസ്… വേണ്ട രാഹുൽ നമുക്ക് തിരിച്ചുപോവാം…! “”

അവൾ വേണ്ടായെന്ന അർത്ഥത്തിൽ തലയിളക്കി സ്റ്റീറിങ്ങിൽ വച്ചിരുന്ന എന്റെ കയ്യുടെ മുട്ടിനു മുകളിൽ പിടിമുറുക്കി.

പക്ഷേ അപ്പോഴേക്കും കാർ അവളുടെ വീടിന് മുന്നിലെത്തിയിരുന്നു.

“” താനെന്ത ഇങ്ങനെ പറയണേ…! അവരെയൊന്നും കാണണോന്ന് ആഗ്രഹുല്ലേ തനിക്ക്… ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടാണെൽ ആ ചിന്ത മനസീന്നെടുത്ത് കളഞ്ഞേക്ക്. നമ്മൾ തെറ്റ് ചെയ്തിട്ടില്ലാന്ന് നമുക്കറിയാലോ…! “”

ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ചപ്പോഴവൾ ഒന്ന് കൂളായി. ഗേറ്റ് കടന്ന് കാർ വരുന്നത് കണ്ട് അവളുടെ അമ്മ സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു.

ഞങ്ങൾ കാറിൽനിന്ന് ഇറങ്ങിയതും അവരുടെ കണ്ണുകളിലൊരു തിളക്കം ഞാൻ കണ്ടു. പക്ഷേ തെല്ലൊരു നിമിഷത്തേക്ക് മാത്രമേ അതിനായുസ്സുണ്ടായുള്ളൂ.

“” ഉം… എന്തിനാ ഇപ്പൊ വന്നേ…!! “”

ശബ്ദം കടുപ്പിച്ച് അവരുടെ ചോദ്യമെത്തിയതും ഞാനൊന്ന് പതറി. അവരിങ്ങനെ പെരുമാറുമെന്ന് ഞാങ്കരുതിയില്ല എന്നതാണ് സത്യം.

“” അമ്മേ…! “”

തടകയെന്തോ പറഞ്ഞ് തുടങ്ങിയതും കൈ ഉയർത്തി അവരത് തടഞ്ഞു.

“” എനിക്കൊന്നും കേൾക്കണോന്നില്ല…! “”

അവര് അത് പറഞ്ഞതും തടകേടെ കണ്ണ് നിറഞ്ഞുതുടങ്ങി.

“” കേൾക്കണം…! ഇത്രേം വളർത്തി വലുതാക്യ മോളെ പടിയടച്ച് പിണ്ഡം വെക്കണേനു മുന്നേ സത്യത്തിലെന്താ സംഭവിച്ചേ എന്ന് തിരക്കാമായിരുന്നു നിങ്ങൾക്ക്. വളർത്തിവലുതാക്യ മക്കളേ വിശ്വാസമില്ലാന്ന് പറയുമ്പോ സ്വയം വിശ്വാസമില്ലാന്ന് തന്നെയാ അതിനർത്ഥം! “”

അവരുടെ സംസാരം കേട്ട് പൊളിഞ്ഞതും വായില് വന്നതൊക്കെ ഞാൻ വിളിച്ച് പറഞ്ഞു. അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അതിലവളോടുള്ള സ്നേഹം മുഴച്ച് നിന്നിരുന്നു. എന്നിട്ടും എന്തുകൊണ്ടവർ ഇങ്ങനെ പെരുമാറുന്നു..!! അതൊരു സംശയമായി എന്നിൽ പടർന്നു.

പെട്ടന്ന് ഒരു കാർ ആ കോമ്പൗണ്ടിലേക്ക് കേറിവന്നു. അതവളുടെ അച്ഛനായിരുന്നു.

“” ആരോട് ചോദിച്ചിട്ടാടി നായേ എന്റെ പറമ്പിൽ കേറിയേ…!! “”

കാറിൽനിന്ന് ചാടിയിറങ്ങി അങ്ങേര് തടകക്ക് നേരെ കുരച്ചു. പിന്നാലെ എന്നെ തുറിച്ചൊരു നോട്ടവും.

എങ്ങനെ ഇവർക്കിങ്ങനെ പെരുമാറാൻ പറ്റണു എന്നായിരുന്നു എന്റെയപ്പോഴത്തെ ചിന്ത.

“” ഇറങ്ങിപ്പോടീ….!! “”

എന്ന് അയാളലറിയതും താടക എക്കികരഞ്ഞുകൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു. അവൾക്ക് ആ താങ്ങ് അപ്പോഴാവശ്യമായിരുന്നു. ഞാനവളെ താങ്ങി കാറിൽ കൊണ്ടിരുത്തി.

എന്നിട്ട് അവരെയൊന്ന് തിരിഞ്ഞുനോക്കി.

അച്ഛൻ കലിപ്പിച്ചു നോക്കുകയാണെങ്കിലും അമ്മയുടെ കണ്ണിലെ നനവ് ഉത്തരം കിട്ടാത്ത സമസ്യയായി എന്നിലേക്കിരച്ചുകയറി.

കാറ് റിവേഴ്‌സിലിട്ട് ഒന്നിരപ്പിച് ഞാൻ പിന്നോട്ടെടുത്തു. ഫ്ലാറ്റിലേക്കുള്ള വഴി കയറി ഞാൻ കാർ സൈഡിലൊതുക്കി. താകയുടെ മാൻമിഴികളപ്പോഴും പെയ്തു തോർന്നിരുന്നില്ല. എനിക്ക് നല്ല കുറ്റബോധം തോന്നി.

അവളുടെ സന്തോഷം മൊത്തമൊരുനിമിഷം കൊണ്ട് തല്ലിക്കെടുത്തിയപോലെ…!. അവിടേക്ക് പോകുന്നത് വരെയും അവളെന്ത് സന്തോഷത്തിലായിരുന്നു.

“” അഭിരാമി…! സോറിഡോ…! അവരങ്ങനെ പെരുമാറൂന്ന് ഞാനോർത്തില്ല. നല്ലൊരു ദിവസായിട്ട് ഞാൻ തന്റെ മൂഡ് കളഞ്ഞല്ലേ…! “”

ഞാൻ സത്യസന്ധമായിത്തന്നെ അവളോട് മാപ്പ് പറഞ്ഞു.

“” ഹേയ്… പ്ലീസ് ഡോണ്ട് ബി സോറി…! ഞാനോക്കെയാണ്. രാഹുലുള്ളൊണ്ട് അവരെ ഒന്ന് കാണാനേലും പറ്റി..! താങ്ക്യു സോമച്ച്…! “”

കവിളിലൂടെ ഒലിച്ചിറങ്ങിയ മിഴിനീരിനേ തുടച്ചുമാറ്റിക്കൊണ്ട് ആവൾ ഒരു ചിരിയോടെ പറഞ്ഞു.

ഞാനുമൊരു ചിരി വരുത്തി കാർ മുന്നോട്ടെടുത്തു. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ ഒരാൾക്കൂട്ടം കണ്ട് ഞാൻ കാറൊന്ന് സ്ലോ ചെയ്തു. ആ ആൾക്കൂട്ടത്തിന് നടുവിൽ പേടിച്ചരണ്ടപോലെ നിന്നിരുന്ന ഇഷയേയും വീറിനെയും കണ്ടപ്പോളെന്റെ ഉള്ളൊന്ന് കാളി. ഇന്നലെ തെരുവിൽ കണ്ട പിള്ളേരാണ്. എന്താണ് സംഭവമെന്ന് അറിയാനായി കാറൊതുക്കി ഞാനവിടേക്ക് ഓടി.

“” രാഹുൽ… നീയിതെങ്ങോട്ടാ…!! “”

എന്റെ നീക്കം കണ്ട് അമ്പരന്ന താടക എന്നോടായി തിരക്കി.

പക്ഷേ അത് എന്റെ ശ്രെദ്ധയിൽ വന്ന് പെട്ടതുപോലുമില്ല. ആ പിള്ളേർ മാത്രമായിരുന്നു അപ്പോൾ മനസ്സിൽ.

“” പോലീസിനെ വിളിക്ക്…!, കൊച്ചുപ്രായത്തിൽ മോഷ്ടിക്കാനിറങ്ങിയേക്കുവാ…! “”

എന്നൊക്കെയുള്ള ആക്രോശങ്ങൾ കെട്ടുകൊണ്ട് ഞാൻ അവരുടെ അടുത്തെത്തി.

അവിടെ ഒരല്പം തടിച്ച ഒരു മധ്യവയസ്കനും ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവരുടെ ഭാര്യ ആണെന്ന് തോന്നുന്നു.

അയാൾ ഇഷക്കും വീറിനും നേരെ കയ്യൊങ്ങുന്നുണ്ട്. ആ സ്ത്രീ അത് തടയുന്നുമുണ്ട്.

“” എന്താ…! എന്താ പ്രശ്നം..! “”

ഞാൻ പിള്ളേരുടെ അടുത്തേക്ക് നിന്നുകൊണ്ട് ചോദിച്ചു.

“” അത് ചോദിക്കാൻ താനാരാടോ..!””

അയാളെന്നോട് ചാടിക്കടിച്ചു.

“” ഹേയ്…! ഞാൻ മര്യാദക്ക് അല്ലേ ചോദിക്കുന്നെ സഹോദരാ..! “”

“” എങ്കി കേട്ടോ…! ഇവരെന്റെ ഭാര്യയുടെ മാല മോഷ്ടിച്ചു..! “”

അയാൾ പിള്ളേരെ തുറിച്ചുനോക്കിക്കൊണ്ട് പറഞ്ഞു.

ഞാൻ ഇഷയെ ഒന്ന് നോക്കി. അവളുടെ കടും നീലക്കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. അവൾ ഇല്ലായെന്ന അർത്ഥത്തിൽ തലയിളക്കി.

“” നിങ്ങൾ കണ്ടായിരുന്നോ അവൾ മാല പൊട്ടിച്ചത്.””

ഞാൻ ചോദിച്ചതും അയാൾ എനിക്ക് നേരെ ആക്രോശിച്ചു.

“” താനാരാടോ..! അവളുടെ കയ്യീന്ന് മാല കിട്ടിയതാ…! “”

“” അത് തറേൽ കിടന്ന് കിട്ടിയതാ.!! “”

ഞാനൊന്നൂടെ ഇഷയെ നോക്കിയതും അവൾ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.

“” കള്ളം പറഞ്ഞാലുണ്ടല്ലോ…!! “”

അയാളവൾക് നേരെയലറി മുന്നോട്ട് വന്നതും ഞാൻ ഇഷയെ ഇടത് കൈകൊണ്ട് എന്റെ പിന്നിലേക്ക് നീക്കി നിർത്തി.

അയാളെ അവരുടെ ഭാര്യയും പിടിച്ച് വച്ചു. അവർക്കെന്തോ പറയാനുള്ളത് പോലെ തോന്നി എനിക്ക്. പക്ഷേ അവരൊന്നും തന്നെ പറഞ്ഞുമില്ല.

അപ്പോഴേക് പോലീസ് ജീപ്പ് അവിടേക്ക് എത്തി. 2 ലേഡി ഓഫീസർസ് അടക്കം 5 പോലീസുകാർ ജീപ്പിൽ നിന്നിറങ്ങി.

അവിടെ നിന്ന ആരൊ സംഭവം വിശദീകരിച്ച് കൊടുക്കുന്നുണ്ടായി. പോലീസുകാർ പരിസരം വീക്ഷിച്ച് അടുത്തുള്ള ഒരു കടയിലേക്ക് കയറിപ്പോയി. കുറച്ച് നേരം കഴിഞ്ഞ് അവരെ അവിടേക്ക് വിളിപ്പിച്ചു.കൂടെ ഞാനും ചെന്നു. അവിടെ CCTV ചെക്ക് ചെയ്യുകയായിരുന്നു അവർ.

അതിൽ ഇഷ താഴെ നിന്ന് മല എടുക്കുന്നത് വ്യക്തമായിരുന്നു. എനിക്കത് കണ്ടപ്പോഴെന്തോ വല്ലാത്ത ആശ്വാസം തോന്നി.

പോലീസുകാർ മറ്റേ പുള്ളിയെ ഒന്ന് വിരട്ടിയതും മലയുടെ കൊളുത്ത് പൊട്ടാറായി ഇരുന്നതാണെന്ന് പുള്ളിക്കാരി അവരോട് പറഞ്ഞു.

പോലീസുകാരോട് അനുവാദവും വാങ്ങി ഞാൻ ഇഷയെയും വീറിനെയും കൂട്ടി ഇന്നലെ ഇരുന്ന മരച്ചുവട്ടിലേക്ക് ചെന്നിരുന്നു.

“” പേടിച്ചുപോയോ…! “”

ഞാൻ ഇഷയോട് തിരക്കി.

“” മ്മ്…!! പറഞ്ഞതാ ഞാനല്ലാന്ന്…! ആരും കേൾക്കാൻ കൂട്ടാക്കിയില്ല.!””

“” പോട്ടെ സാരമില്ല… എന്തേലും കഴിച്ചോ നിങ്ങള്. ”

“” ഇന്നലെ വാങ്ങിത്തന്ന ബ്രഡ് ഉച്ചക്ക് കഴിച്ചു. “”

ഇഷ ഒരു ചിരിയോടെ പറഞ്ഞപ്പോൾ സത്യത്തിലെന്റെ ഉള്ള് വിങ്ങി. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ്.

“” നിങ്ങളുടെ അച്ഛനും അമ്മേം…!””

“” ഒരു ആക്സിഡന്റിൽ മരിച്ചു. അച്ഛൻ സ്കൂൾ ടീച്ചർ ആയിരുന്നു. അവര് പോയപ്പോ അമ്മേടെ അകന്ന ബന്ധത്തിൽ ഉള്ള ഒരു അങ്കിളാണ് ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നത്. അയാൾ ഞങ്ങളെ ഒരു മാർവാടിക്ക് വിൽക്കാൻ നോക്കിയപ്പോൾ അവിടന്ന് ഇറങ്ങി ഓടിയതാ….!! “”

അവള് പറഞ്ഞതൊക്കെ ഒരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്. എങ്ങനെ ജീവിക്കേണ്ടിയിരുന്നവരാണ്. ഈ ചെറുപ്രായത്തിൽ അവളെന്തോരം അനുഭവിച്ചു.

അവളുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു.

“” വണ്ടീല് ബിരിയാണിയുണ്ട്… ഞാനതെടു…!!! “”

ഈശ്വരാ…! താടക. അവളെന്നോടൊപ്പമുണ്ടായിരുന്നെന്നത് ഞാനപ്പാടെ മറന്നു.!

ഞാനൊരു ഞെട്ടലോടെ കാറിന് നേർക്ക് ഓടി. എന്റെ പെരുമാറ്റം കണ്ട് ഇഷ ഞെട്ടലോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

ഞാൻ കാറിനടുത്തെത്തി. എന്നാൽ അവിടെയവളുണ്ടായിരുന്നില്ല. എന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു.

ഇന്ന് രാവിലെ അമ്പലത്തിൽ വച്ച് നടന്ന സംഭവം കൂടെ മനസിലേക്ക് വന്നതും എന്റെ കണ്ണിലേക്ക് ഇരുട്ട് കേറുന്നതുപോലെ തോന്നി.

ഈശ്വരാ…! ഇവളിതെവിടെപ്പോയി…!.

കൂടെ വന്ന അവളെ പൂർണമായും മറന്നുപോയതിലെനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. എന്ത് ചെയ്യണമെന്ന് ഒരൂഹവുമില്ലാതെ ഞാൻ അവിടെ നിന്നു. എന്തോ മനസ് കിടന്ന് പിടക്കണു.

പക്ഷേ അതിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ഞാൻ നിന്നിടത്തുനിന്ന് കുറച്ച് മാറിയുള്ള ചായക്കടേടെ മുന്നിൽ നിൽപ്പുണ്ട് കക്ഷി.

അവളെ കണ്ടപ്പോൾ തോന്നിയ ആശ്വാസം…! ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും ഉപരിയായിരുന്നു.

ഞാൻ വേഗം തന്നെ അവളുടെയെടുത്തേക്ക് നടന്നു. അവളൊരു ഡിസ്പോസിബിൽ ഗ്ലാസിൽ ചായ ഊതിക്കുടിക്കുകയായിരുന്നു. അവളുടെയെടുത്തേക്ക് വരുന്ന എന്നെക്കണ്ട് ചായക്കപ്പ് ചുണ്ടോട് ചേർത്ത് തന്നെ ചായവേണോ എന്ന അർത്ഥത്തിൽ അവൾ എന്നോട് ചായക്കടയ്ക്ക് നേരെ കണ്ണ് കാണിച്ചു. ഞാനത് കാര്യമാക്കാതെ അവളുടെ അടുത്തെത്തി.

“” പേടിപ്പിച്ച് കളഞ്ഞല്ലോടി തെണ്ടി…! “”

ഞാനവളുടെ അടുത്ത് നിന്നിട്ടവളോടായി പറഞ്ഞു.

“” ഇത് നല്ലകൂത്ത്…! ഒന്നുമ്പറയാണ്ട് വണ്ടീന്നിറങ്ങിയോടിയിട്ട് ഞാൻ പേടിപ്പിച്ചെന്നോ…! അല്ല എന്തിനാ സാറ് പേടിച്ചേ…! “”

ഞങ്ങൾ കാറിന് നേർക്ക് നടക്കണേനിടക്ക് അവൾ ചോദിച്ചു .

“” അത്…! അത് നിന്നെയവിടെ കാണാഞ്ഞപ്പോ..! “”

“” ഹ്മ്മ്…. ഇങ്ങനൊരാളു കൂടെയുള്ളകാര്യം ഇറങ്ങിയോടിയപ്പോൾ ഓർത്തില്ലല്ലോ…! അല്ല എന്തുവാ പ്ലാൻ…! ആ ചായക്കടേലെ ചേട്ടൻ സംഭവമൊക്കെ അവിടന്ന് വിവരിക്കണുണ്ടായി…!. തിരിച്ച് വന്നിട്ട് രണ്ട് തരണോന്നും കരുതിയാ ഞാൻ നിന്നേ… പിന്നേ ഒരു നല്ലകാര്യത്തിനായോണ്ട് ഞാൻ ചുമ്മാവിടുന്നു..!! “”

“” നീ വാ…! “”

ഞാൻ കാറിൽനിന്ന് ബിരിയാണിപ്പൊതിയും എടുത്ത് പിള്ളേരുടെയടുത്തേക്ക് നടന്നു. എനിക്ക് പിന്നാലെ അഭിരാമിയും.

ഞാൻ ആ പൊത്തി ഇഷയുടെ കയ്യിൽ കൊടുത്തിട്ട് അഭിരാമിയെ അവൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അവൾ അഭിരാമിയോട് വിശേഷങ്ങളൊക്കെ തിരക്കുന്നുമുണ്ടായിരുന്നു.

അവരെ കഴിക്കാൻ വിട്ട് ഞാനും അഭിരാമിയും അല്പം മാറിനിന്നു.

“” എടൊ…! ഒരു ഹെല്പ് ചെയ്യാവോ…! തനിക്ക് ആ ഓർഫനേജിൽ നല്ല പരിചയമൊക്കെ ഉള്ളതല്ലേ…! ഇവരെ എവിടെയാക്കിയാ ആ പിള്ളേർക്കതൊരു അനുഗ്രഹമാവും. നീയൊന്ന് അവിടുത്തെ അക്കയെ വിളിച്ച് സംസാരിക്കാവോ…! “”

ഞാൻ ചോദിച്ചത് കേട്ട് അവളെന്നെ ആശ്ചര്യത്തോടെ നോക്കി.

“” അതൊക്കെ സംസാരിക്കാം… എന്നാലുവാ പിള്ളേരോടെന്താ ഒരു വല്ലാത്ത സെന്റിമെന്റ്സ്…! “”

അവളൊരു ചിരിയോടെ എന്നോട് തിരക്കി.

കുറച്ച് മുന്നേ ഇഷ എന്നോട് പറഞ്ഞ കാര്യങ്ങൾ അവളോട് പറഞ്ഞപ്പോൾ അവളൊന്ന് വല്ലാണ്ടായി. അവൾ പിന്നൊന്നുമാലോചിക്കാതെ വേഗം തന്നെ ഓർഫനേജിലേക്ക് ഫോൺ ചെയ്തു.

“” ഹലോ…! ആക്കാ… ഇത് ഞാനാ അഭിരാമി. അവിടെ രണ്ട് പിള്ളേർക്ക് അഡ്മിഷൻ എടുക്കാനായിരുന്നു. “”

അവിടന്ന് പറയണതിനൊക്കെ അഭിരാമി മൂളിക്കൊണ്ട് മറുപടി കൊടുക്കണുണ്ടായി.

“” ഞാൻ രാഹുലിന് കൊടുക്കാം…! “”

അവളെനിക്ക് നേരെ ഫോൺ നീട്ടി.

ഞാനത് വാങ്ങി കാര്യങ്ങളൊക്കെ അവരോട് സംസാരിച്ചു.

“” അവരുടെ ചിലവിനുള്ള എമൗണ്ട് ഞാൻ മാസത്തിൽ അടച്ചോളാം..! ഇവരെ അവിടെ ആക്കുന്നതിനു വേറെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ…! “”

“” വേറെ കുഴപ്പമൊന്നുമില്ല. നിങ്ങൾ എന്നാൽ ഇന്ന് തന്നെ വന്നോളൂ..! “”

അവരോടോക്കെ പറഞ്ഞിട്ട് ഞാൻ കാൾ കട്ട്‌ ചെയ്തു.

“” താൻ വാ…! നമുക്ക് അവരോടൊന്നുസംസാരിക്കാം. “”

ഇഷയോട് കാര്യങ്ങൾ പറയുന്നത് ഉദ്ദേശിച്ച് ഞാൻ പറഞ്ഞു.

ഇഷയോട് കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും ആദ്യമവൾ എതിർത്തു.

“” വേണ്ട ഏട്ടാ…! ഞങ്ങൾ എങ്ങനേലും ജീവിച്ചോളാം.. “”

“” എങ്ങനെ ജീവികൂന്നാ മോളേ നീ പറയുന്നേ… നീ വീറിന്റെ കാര്യം കൂടെ ചിന്തിക്ക്. അവിടെ സ്കൂളിൽ രണ്ടാൾക്കും പഠിക്കാം. പഠിച്ച് നല്ല ജോലിയൊക്കെ ആയാൽ സ്വർഗത്തിലിരുന്ന് നിങ്ങളുടെ അച്ഛനും അമ്മേം എത്രമാത്രം സന്തോഷിക്കും. “”

ഞാൻ വീണ്ടും പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

“” ഏട്ടാ…!!”” എന്ന് വിളിച്ചവൾ എന്നെ ഇറുക്കിപ്പുണർന്നു. വീർ കാര്യം മനസിലാവാതെ ഞങ്ങളെ നോക്കിയിരിപ്പുണ്ട്.

താടകയെ നോക്കിയപ്പോൾ എനിക്ക് ചിരിവന്നു. അവിടിരുന്ന് കണ്ണീർ വാർക്കുകയായിരുന്നു അവൾ.

ഇവളിത്രേം ലോല ഹൃദയയായിരുന്നോ.!!

“” ഇരുന്നുമോങ്ങാണ്ട് ഇങ്ങ് വാഡോ….! നമുക്ക് പോയേക്കാം… “”ഞാൻ അഭിരാമിയോട് പറഞ്ഞതും അവൾ ‘പോടാ..!’ എന്ന് ശബ്ദമില്ലാതെ ചുണ്ടനക്കി.

ഞങ്ങൾ വീറിനെയും ഇഷയെയും കാറിൽ കയറ്റി ഓർഫനേജ് ലക്ഷ്യമാക്കി നീങ്ങി.

ജിൻസിയുടെ കോൾ ഇടക്ക് വരുന്നുണ്ടെങ്കിലും ഞാനത് കാര്യമാക്കിയില്ല. മിക്കവാറും അവര് ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് കാത്തിരിക്കുകയാവും.

ഓർഫനേജിൽ എത്തി അവിടുത്തെ കാര്യങ്ങൾ ഓക്കെ തീർത്ത് ഞങ്ങൾ ഇഷയെ അടുത്തേക്ക് വിളിച്ചു. വീർ അപ്പോഴേക്കും അവിടുള്ള മറ്റുകുട്ടികളോടൊപ്പം കളി തുടങ്ങിയിരുന്നു.

ഇഷ അത് കണ്ട് കണ്ണ് നിറച്ചു.

“” ഹേയ്…! എന്താടോ… ഇനി കരയാൻ പാടില്ലാട്ടോ. നന്നായി പഠിക്കണം. ഞങ്ങൾ എന്നാൽ പോയിട്ട് പിന്നേ വരാട്ടോ…! “”

അവളുടെ കണ്ണുനീർ തുടച്ചു മാറ്റി തലയിലൊന്ന് തഴുകി ഞാൻ പറഞ്ഞു.

അവളുടെ സങ്കടം അണപ്പൊട്ടി. ഒരു എക്കിക്കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് വീണു.

“” അച്ഛനും അമ്മേം പോയെല്പിന്നെ ആരേലും ഒപ്പമുണ്ട് എന്ന് തോന്നിയത് ഏട്ടനെക്കണ്ടേൽ പിന്നെയാ… ഞാൻ എങ്ങനാ ഇതിനൊക്കെ നന്ദി പറയണ്ടേ…! “”

അവൾ കരച്ചിലിനിടക്ക് പറഞ്ഞൊപ്പിച്ചു. അവളുടെ വാക്കുകൾ ഇടറിയിരുന്നു. കരച്ചിലിനിടയിൽ പലപ്പോഴായി അത് മുറിഞ്ഞു.

“” നന്നായി പഠിച്ച് ഒരു ജോലി വാങ്ങിയാൽ മതി…! എനിക്ക് അതിലും വലുതായി ഒന്നും വേണ്ട…! “”

“” ഞാൻ വാക്ക് തരുന്നു.! ഞാൻ നന്നായി പഠിച്ച് ഒരു ജോലി വാങ്ങിയിരിക്കും… ഓഫർ ലെറ്റർ ആദ്യം ഏട്ടനെത്തന്നെ ഞാൻ കാണിക്കും…! “”

ഇപ്രാവിശ്യമവളുടെ ശബ്ദത്തിനിടർച്ച ഇല്ലായിരുന്നു. അത് അവളുടെ ഉറച്ച തീരുമാനമായിരുന്നു.

അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ ഫ്ലാറ്റിലേക്ക് ചെന്നു.

പാർക്കിങ്ങിൽ കാർ ഇട്ട് ഞങ്ങൾ ഇറങ്ങി.

“” താൻ നടന്നോ…! എനിക്കൊരു കാൾ ചെയ്യാനുണ്ട്. “”

അഭിരാമിയോട് പറഞ്ഞിട്ട് ഞാൻ ഫോൺ കയ്യിൽ എടുത്തു.

അവളതിന് തലയിളക്കി സ്റ്റെയർ കയറിത്തുടങ്ങി. ഞാൻ വേഗം തന്നെ ജിൻസിയെ വിളിച്ച് ഞങ്ങൾ എത്തി എന്ന് പറഞ്ഞ് കാൾ കട്ട് ആക്കി.

എന്നിട്ട് ഞാനും മുകളിലേക്ക് കയറി.

അഭിരാമി ഞങ്ങളുടെ ഫ്ലാറ്റിന്റെ ഡോർ തുറന്നതും രണ്ട് സൈഡിൽ നിന്നും പാർട്ടി പോപ്പർ പൊട്ടിക്കുകയും ലൈറ്റ് തെളിയുകയും ചെയ്തു. ഒപ്പം കൊറസ് പോലെ ‘ഹാപ്പി ബർത്ഡേ ടു യൂ…’ എന്ന പാട്ടും.

പോപ്പർ പൊട്ടിയതിന്റെ ഞെട്ടലിൽ താടക മലർന്നടിച്ച് പുറകോട്ട് വീഴെങ്കൂടെ ചെയ്തതോടെ പൂർത്തിയായി.

” അയ്യോന്ന് ” വിളിച്ചു അമ്മു വേഗം തന്നെ അഭിരാമിയെ വലിച്ചെണീപ്പിച്ചെങ്കിലും പിന്നീടങ്ങോട്ട് കൂട്ടച്ചിരിയായിരുന്നു.

ഒന്ന് നിലം ടെസ്റ്റ്‌ ചെയ്തേന് ഇത്രേം ചിരിക്കാനെന്തിരിക്കണു എന്നൊരു ഭാവത്തോടെ താടക ഞങ്ങളെ മൂന്നിനേം നോക്കി കണ്ണുരുട്ടി.!

“” സർപ്രൈസ് സർപ്രൈസ് എന്ന് പറഞ്ഞപ്പോ ഞാനിത്രേം കരുതീല….! ഇത് വല്ലാത്ത സർപ്രൈസ് ആയിപ്പോയീ ലേ ചേച്ചി…! “”

അമ്മു ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് അഭിയോട് ചോദിച്ചപ്പോൾ അവളുടെയൊരു ഇളിഞ്ഞ ചിരിയുണ്ടായിരുന്നു. അത് കണ്ടതും ചിരിയൊന്നൂടെ മുറുകി.

കുറച്ച് നേരം ജിൻസിയും അമ്മുവും താടകയെ അതുമ്പറഞ്ഞ് താറ്റിയെങ്കിലും അതും ഒരു രസമായിരുന്നു.

ഞാൻ ഫ്ലാറ്റ് ഒന്ന് വീക്ഷിച്ചു. ഹാളിലേ ഒരു ഭാഗം രണ്ടുപേരും ചേർന്ന് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. അവിടെ ഒരു ടേബിളിൽ വലിയ ഒരു കേക്കും രണ്ടും സെറ്റ് ആക്കീട്ടുണ്ട്.

ഒരുക്കങ്ങൾ കണ്ട് അഭിരാമിയെപ്പോലെ തന്നെ ഞാനും ഞെട്ടിയിരിക്കുകയാണ്. സർപ്രൈസ് ഫങ്ക്ഷൻ എന്നൊക്കെ പറഞ്ഞെങ്കിലും ഞാനും ഇത്രക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അത് കൂടാതെ വിഭവ സമൃതമായ സദ്യ തന്നെ ജിൻസി ബർത്ഡേ പ്രമാണിച്ച് ഒരുക്കീട്ടുമുണ്ട്.

കേക്ക് കട്ട്‌ ചെയ്യുന്നതിന് മുന്നേ തന്നെ ജിൻസി എന്റെ അമ്മയെ വീഡിയോ കാൾ ചെയ്തു. അമ്മയുടെയും അല്ലിയുടെയും ഒക്കെ ബർത്ഡേ വിഷ് കൂടെ കിട്ടിയ ശേഷമാണ് അവൾ കേക്ക് കട്ട്‌ ചെയ്തത്.

അവരോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് കുറച്ചുനേരമിരുന്നു. പിന്നേ ഞങ്ങൾ കഴിക്കാനായി ഇരുന്നു.

“” ഇവളേങ്കൂട്ടി എവിടേലുങ്കറങ്ങാൻ പോണോന്ന് പറഞ്ഞപ്പോ എന്തൊരു ജാടയായിരുന്നവന്…! ന്നിട്ട് നോക്ക്യേ…! അവസാനം കാണാഞ്ഞിട്ട് വിളിക്കേണ്ടി വന്നു. “”

കഴിക്കണേനിടെ ജിൻസി എനിക്കിട്ടൊന്ന് കൊട്ടിയപ്പോൾ അഭിരാമി സംശയത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

ഒരുപക്ഷെ ഇന്ന് അവളോട് നല്ല രീതിയിൽ പെരുമാറിയത് ജിൻസിയുടെ നിർദേശപ്രകാരമുള്ള അഭിനയമായിരുന്നോ എന്നാവണം അവളപ്പോൾ ചിന്തിച്ചത്.

“” കറങ്ങാനോ…! അതിനിവളെന്നേം വലിച്ച് ഏതോ ഓർഫനേജിലേക്കാണ് കൊണ്ടോയെ…! “”

അഭീടെ നോട്ടം കണ്ട് അവൾക്കൊരു പുഞ്ചിരി സമ്മാനിച്ച് ഞാൻ പറഞ്ഞു.

ജിൻസീം അമ്മുവും അന്തം വിട്ട് ഞങ്ങളെ നോക്കിയപ്പോൾ ഇന്നുണ്ടായ കാര്യങ്ങളൊക്കെ ഞാൻ വിവരിച്ച് കൊടുത്തു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രണ്ടിനും ഇഷയെയും വീറിനെയും കാണണം എന്ന്.

പിന്നീടൊരു ദിവസം പോവാന്ന് പറഞ്ഞ് ഒരു കണക്കിന് ഒതുക്കി രണ്ടിനേം ജിൻസീടെ ഫ്ലാറ്റിലേക്ക് ഉന്തിത്തള്ളി വിട്ടു. അതിന് മുന്നേ തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ഒക്കെ അമ്മുവും അഭിരാമിയും ചെന്ന് കേക്ക് കൊടുത്തിട്ട് വന്നിരുന്നു.

ആ ഗ്യാപ്പിൽ ഞാൻ ഒന്ന് പോയി കുളിച്ചു. റെയിൻ ഷവറിലൂടെ പെയ്തിറങ്ങുന്ന ജലധാര എന്നിൽ അവശേഷിച്ചിരുന്ന ക്ഷീണത്തെയും അലിയിച്ചു കളഞ്ഞു.

ഫ്രഷ് ആയി ഇറങ്ങുമ്പോഴേക്ക് അഭിരാമി തിരിച്ചെത്തിയിരുന്നു.

“” രാഹുൽ..! ഞാങ്കിടക്കുവാട്ടോ. ചെറിയൊരു തലവേദനപോലെ.! “”

ഹാളിൽ എന്നെയും കാത്തെന്നോണം ഇരുന്ന അവൾ എന്നെക്കണ്ടതും പതിയെ എണീറ്റ് കൊണ്ട് പറഞ്ഞു.

“” കൂടുതലാണോ…! ടാബ്ലെറ്റ് വല്ലോമിരിപ്പുണ്ടാവും.! “”

എനിക്ക് ഇടയ്ക്കിടെ തലവേദന വരുമ്പോൾ കഴിക്കുന്ന മരുന്ന് ഓർത്ത് ഞാൻ പറഞ്ഞു.

” ഹേയ് അത്രക്കൊന്നുമില്ലടോ…! ഇതൊന്നുറങ്ങിയാ മാറിക്കോളും. എന്ന ശരി! ഗുഡ് നൈറ്റ്‌..! “”

“” ശരി…! ഗുഡ് നൈറ്റ്‌..! “”

അവളോടൊരു ഗുഡ് നൈറ്റും പറഞ്ഞ് ഞാനും കയറിക്കിടന്നു.

പിന്നീട് കുറച്ച് ദിവസം ഓഫീസിലെ തിരക്ക് കാരണം പ്രാന്തെടുത്തു നിക്കുവായിരുന്നു ഞാനും അഭിരാമിയും. ഓഡിറ്റിംഗ് ഉണ്ടായിരിക്കും എന്ന അറിയിപ്പിന്റെ ഭാഗമായിട്ടുള്ള കണക്കെടുപ്പും റെക്കോർഡ്സ് റീ-ചെക്ക് ചെയ്യുന്നതിന്റെയും ഒക്കെ തിരക്കിൽ സമയം പോയത് പോലും അറിഞ്ഞിരുന്നില്ല.

പക്ഷേ ഈ ദിവസങ്ങളിൽ ആയിരുന്നു ഞാനും അഭിരാമിയും കൂടുതലായി അടുത്തിടപഴകിയതും കുറേ കൂടെ പരസ്പരം മനസിലാക്കിയതും.

സത്യത്തിലവളേ മനസിലാക്കുന്തോറും അവൾ എന്നിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

പുറമേ തന്റെടിയെന്നുള്ള മുഖമ്മൂടിക്കുള്ളിൽ ഒളിച്ചിരുന്ന അഭിരാമി എന്ന പൊട്ടിപ്പെണ്ണിനോട് എനിക്ക് തോന്നിയ വികാരമാണോ പ്രണയം?!.

ഒരുപക്ഷെ ആയിരിക്കാം.

അവളെ കണ്ടമാത്രയിൽ പിടഞ്ഞുണരുന്ന എന്റെ ഹൃദയ താളമെത്രയോ തവണ വിളിച്ചുപറഞ്ഞിരിക്കണം.

” നിന്നെ പുൽകിയുണർത്താനാണ് ഞാൻ മിടിക്കുന്നതെന്ന് ”

അവളുടെ കാപ്പിപ്പൊടിക്കണ്ണുകളെ നേരിടാൻ ശേഷിയില്ലാതെ ഓടിയോളിച്ചപ്പോൾ “കുത്തിനോവിക്കല്ലേയെന്ന് ” എന്റെ മിഴികൾ തേങ്ങിയത് എന്തിനായിരുന്നു.?!

അവളുടെ കണ്ണുനീർ എന്നെ ചുട്ട് പൊള്ളിച്ചത് എന്തിനായിരുന്നു..!

ഒരേയൊരുത്തരം.

“..ദേവീ..” പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്…!! “” ( credit goes to ♡ദേവേട്ടൻ♡ )

തുടരും ❤

2cookie-checkസുന്ദരി – 12

  • എന്റെ ചേച്ചി

  • കുമ്പസാരം 3

  • കുമ്പസാരം 2