ഭർത്താവൊക്കെ ഇയാൾ തന്നാ!

ഈസ്റ്ററായതുകൊണ്ട് പള്ളിയിൽ പതിവിലധികം ആളുണ്ടായിരുന്നു. പ്രാർഥനയ്ക്കുശേഷം ആൾക്കൂട്ടത്തിലൂടെ പതിയെ പുറത്തേക്ക് നടന്നപ്പോൾ ഇടംകൈത്തണ്ടയിൽ ഒരു നുള്ളു കിട്ടി.

തിരിഞ്ഞുനോക്കാതെ തന്നെ മനസിലായി ആളാരാണെന്ന്. മൈൻഡ് ചെയ്യാതെ പിന്നെയും നടന്നു. ഒരെണ്ണം കൂടി കിട്ടി. ഇത്തവണ നന്നായി വേദനിച്ചു. എന്റെ തൊലി കൂടെ പറിഞ്ഞുപോയെന്ന് തോന്നി. പതിവായി കണ്ടുമുട്ടുന്നെടത്തേക്ക് ചെല്ലാനുള്ള സിഗ്നലാണത്. സാധാരണ ആദ്യത്തെ നുള്ളിന് തന്നെ ഞാൻ തിരിഞ്ഞുനോക്കിയിട്ട് കണ്ണുകൊണ്ട് പറയും പൊക്കോ വന്നേക്കാമെന്ന്. ഇന്ന് തിരിഞ്ഞുനോക്കാത്തേന്റെ ശിക്ഷയാ രണ്ടാമത്തെ കട്ടികൂടിയ നുള്ള്. ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ഇപ്പവരാംന്ന് പറഞ്ഞ് കിഴക്കുവശത്തേക്ക് നടന്നു. മരച്ചുവട്ടിൽ അവളെ കണ്ടില്ല. അല്ലെങ്കിൽ ദൂരെ നിന്നേ ഞാൻ വരുന്നത് നോക്കി നിൽക്കുന്നതാ. എവിടെപ്പോയി…

എന്റെ ചിന്തകളെയും കാഴ്ചകളെയും മുറിച്ചുകൊണ്ട് രണ്ട് കൈകളെന്റെ കണ്ണുകളെ മറച്ചു. റോസാപ്പൂവിതൾ കൊണ്ട് എന്റെ കണ്ണുകളെ തലോടുന്ന പോലെ. ആ കൈകളിൽ പിടിച്ച് അവളെ ഞാൻ എന്റെ മുന്നിൽ നിർത്തി.

വലിയ കണ്ണുകളിൽ കുസൃതി കാണിക്കുന്ന കുട്ടികളുടെ ഭാവം. ചുണ്ടിൽ കള്ളച്ചിരി. ഇളംനീല ചുരിദാറിൽ സുന്ദരിയായിട്ടുണ്ട്.

“കുട്ടിക്കളി മാറീട്ടില്ല ഇതുവരെ, അല്ലേ… വയസ് പത്തിരുപത്തിയഞ്ചായി.”

“എത്ര വയസായാലും ഇയാൾടെ അടുത്ത് വരുമ്പോ ഞാൻ കൊച്ചുകുട്ടിയാകും.”

എന്റെ മാറിലേക്ക് ചാരി കൊഞ്ചിയുള്ള മറുപടി.

“നിന്റെ കുഞ്ഞുകളി ഞാൻ മാറ്റിത്തരാം…”

ഞാനവളുടെ ചെവിയ്ക് പിടിച്ചു.

“യ്യോ… ചെവിയേന്ന് വിട്. നോവുന്നു…”

“ആഹാ… നിനക്ക് മാത്രേയുള്ളോ വേദന..? നീ മുമ്പേ എന്നെ നുള്ളിയപ്പോ ഓർത്തില്ലാരുന്നോ..? ഹോ… തേൾ കുത്തുന്നപോലായിരുന്നു.”

അവളുടെ ചെവിയിൽ നിന്ന് വിട്ടിട്ട് ഞാൻ എന്റെ കൈത്തണ്ട തടവി.

“അതെന്നെ നോക്കാഞ്ഞകൊണ്ടല്ലേ…

ആരെയാ ഇയാള് നോക്കിക്കൊണ്ടിരുന്നേ..? ആ ഓറഞ്ച് ചുരിദാറിട്ടവളെയാണോ..?”

അവൾ രണ്ട് കയ്യും എളിയ്ക്ക് കുത്തിക്കൊണ്ട് മുഖമല്പം ചരിച്ചിട്ട് ചോദിച്ചു.

കർത്താവേ ഇത് പണിയാകും. അവളുടെ മൂക്കിൻതുമ്പ് ചുവക്കാൻ തുടങ്ങി.

“എന്റെ പൊന്നേ നീ അത്രയ്ക്കൊന്നും കടന്ന് ചിന്തിക്കാതെ. ഞാൻ നിന്നെയല്ലാതെ പിന്നാരെ നോക്കാനാ..?

നിനക്ക് തോന്നിയതാകും.”

“ങാ… അങ്ങനാണേ ഇയാൾക്ക് കൊള്ളാം. ഞാനടുത്ത് നിക്കുമ്പോ എന്നെ നോക്കിനിന്നോണം. ഞാൻ സംസാരിക്കുമ്പോ എന്നോട് മാത്രം സംസാരിക്കണം. അങ്ങനൊന്നുവല്ലേൽ ഞാനിനീം പിച്ചും… മാന്തുവേം കടിക്കുവേം ഒക്കെ ചെയ്യും.”

നഴ്സറിക്കുഞ്ഞുങ്ങൾ വാശിയോടെ പറയുന്നപോലെ അവൾ പറയുന്നത് കേട്ടെനിക്ക് ചിരി വന്നു.

“ഓ… ശരി മാഡം.”

അവളെന്റെ കൈത്തണ്ടയിൽ തലോടി. നുള്ളുകൊണ്ട് തിണിർത്ത ഭാഗത്ത് പതിയെ ചുണ്ടുകളമർത്തി.

“സോറി… അന്നേരമെനിക്ക് ദേഷ്യം വന്നകൊണ്ടാ… ഒത്തിരി വേദനിച്ചോ..?”

“അതൊന്നും സാരമില്ല. വാ… പോകാം. നിന്നെ അന്വേഷിക്കത്തില്ലേ..?”

ഞാൻ പോകാനായി തുടങ്ങി.

“നില്ല് നില്ല്… പോകാൻ വരട്ടെ. ഞാനൊരു കാര്യം പറയാൻ വേണ്ടിയാ വന്നത്.”

“ങും. പറഞ്ഞോ… എന്തുവാ..?”

അവൾ പതിയെ എന്റെ ഷർട്ടിന്റെ ബട്ടണുകളിൽ പിടിച്ചു.

“അതേയ്… അടുത്ത പ്രാവശ്യത്തെ ഈസ്റ്ററിന് നമുക്കൊരുമിച്ച് പ്രാർഥനയ്ക്ക് കൂടണം.”

എന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. എനിക്ക് കാര്യം മനസിലായി. എന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു.

“ഇത്തവണ നമ്മളൊരുമിച്ചാണല്ലോ പ്രാർഥന കൂടിയത്..?”

“ഓ… അതല്ലാന്നേ… നമുക്കൊരുമിച്ച്… ഒരു വീട്ടീന്ന് വന്ന് പ്രാർഥന കൂടണമെന്ന്.”

“അത്രേയുള്ളോ… അടുത്ത ഈസ്റ്ററിന് തലേദിവസം നീ വീട്ടിലേക്ക് പോരെ. പിറ്റേന്ന് നമുക്കൊരുമിച്ച് പള്ളിയിൽ വരാം.”

“ഈ മനുഷ്യൻ… ഞാനതൊന്നുവല്ല പറഞ്ഞത്…”