Kambi Malayalam Kathakal കോളേജിൽ എത്തിയ ആദ്യ ദിവസം ഞാൻ കേട്ടതെല്ലാം ഒരാളെ പറ്റിയായിരുന്നു. അത് വേറെയാരുമല്ല, കോളേജ് ഹീറോയായ ഹേമന്ത് ചേട്ടനെ പറ്റിയായിരുന്നു. ഭയങ്കര സംഭവം പോലെയാണ് എല്ലാവരും ആ ചേട്ടനെ പറ്റി പറഞ്ഞ് നടന്നിരുന്നത്. എനിക്ക് ആ ചേട്ടനെ പറ്റി കൂടുതലറിയാൻ കഴിഞ്ഞത് ശ്വേതയിലുടെയാണ്. ശ്വേത എന്റെ ക്ലാസ്സ്മേറ്റാണ്. അവളുടെ കസിൻ, ഹേമന്ത് ചേട്ടന്റെ കൂടെയാണ് പഠിക്കുന്നത്.
കോളേജിൽ വന്ന ആദ്യ ദിവസം തന്നെയാണ് ഞാനും ശ്വേതയും കൂട്ടായത്. പുസ്തകപുഴു ആയതുകൊണ്ട് ഞാനും എപ്പോഴും ലൈബ്രറിയിൽ തന്നെയായിരിക്കും. അന്നൊരു ദിവസം കോളേജിൽ അടിയുണ്ടായതും കോളേജ് പിരിഞ്ഞതും ഞാനറിഞ്ഞില്ല. അന്ന് മുഴുവൻ ഹേമന്ത് ചേട്ടനെ പറ്റി ശ്വേത പറയുന്നത് കേട്ടു കൊണ്ടിരുന്നു.
എല്ലാവരും ഒരു വീരപുരുഷന്റെ പരിവേഷമാണ് ചേട്ടന് നൽകിയത്. പ്രിൻസിപ്പലിനെ തല്ലിയവൻ, ഒരു പാർട്ടിക്കും വേണ്ടിയല്ലാതെ സമരം ചെയ്തവൻ, കോളേജിൽ റാഗിംങിന്റെ പേരിൽ നടന്ന പീഡനം നിർത്തലാക്കിയവൻ, അങ്ങനെ പട്ടങ്ങൾ ഒരുപാടുണ്ട്.
ആരാധന മൂത്ത് പുള്ളിക്കാരനെ കാണാൻ വേണ്ടി ബി എസ് സി കെമിസ്ട്രികാരിയായ ഞാൻ അങ്ങ് എം കോമ് ഡിപ്പാർട്മെന്റിൽ ചെന്നു. അടുത്തുള്ള കെട്ടിടമായതുകൊണ്ട് അധികം കഷ്ടപെടേണ്ടി വന്നില്ല. അങ്ങനെ ഞാൻ എന്റെ നായകനെ കണ്ടു. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു. എന്താ ഒരു ഐശ്വര്യം! കട്ടി പുരികവും താടിയും പിരിച്ചു വച്ച മീശയും ഉറച്ച ശരീരവുമുള്ള ഒരു അജാനുബാഹു. എന്തായാലും പുള്ളിക്കാരനെ ദിവസവും വായിനോക്കാൻ തുടങ്ങി. ഒറ്റ മോളായതു കൊണ്ട് എല്ലാം കുരുത്തകേടും കൈയ്യിലുണ്ടെനിക്ക്. എല്ലാത്തിനും കൂട്ടായി ശ്വേതയുമുണ്ട്. അവളാണ് എനിക്കുവേണ്ട വിവരങ്ങൾ ശേഖരിച്ചു തരുന്നത്. ചേട്ടന് ഇതുവരെ ഒരു പ്രേമമില്ലെന്നറിഞ്ഞത് എനിക്ക് വലിയൊരാശ്വാസമായിരുന്നു.
ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഞാൻ മനസ്സിലാക്കി. പുള്ളിക്കാരന് എന്നെ പോലെ തന്നെ വായന ഭയങ്കര ഹരമാണ്. അപ്പോഴാണ് ശ്വേത പറഞ്ഞത്.
“നീ ഇത്രയും വായിക്കുന്നതല്ലേ ? ഒന്നെഴുതി കൂടെ ? അങ്ങനെ ആ ചേട്ടനെ ഇമ്പ്രെസ്സ് ചെയ്യാം.”
അവൾ പറഞ്ഞത് ശരിയാണെന്ന് തോന്നി. അങ്ങനെ ഊണും ഉറക്കവും ഉപേക്ഷിച്ചു കാലാലോകത്തേക്ക് പോയി. എന്നിലെ എഴുത്തുകാരി പിറന്നു. മോശമല്ലാത്ത പ്രകടനമായത് കൊണ്ട് കോളേജ് മാഗസിൻ ടീമിൽ എന്നെ എടുത്തു. അതിന്റെ എഡിറ്റർ ഹേമന്തേട്ടൻ ആയിരുന്നു. അങ്ങനെ നേരിട്ട് പരിചയപെടാനും സംസാരിക്കാനും അവസരം കിട്ടി. പിന്നെ എപ്പോ കണ്ടാലും ഞാൻ ഇടിച്ചു കേറി കുശലം അന്വേഷണം തുടങ്ങി. ഒരു നിഴലായി നടന്ന എന്റെ മനസ്സ് ചേട്ടൻ അറിയുന്നുണ്ടായിരുന്നില്ല.
കോളേജ് സ്പോർട്സ് നടന്ന സമയത്ത് കുശലം ചോദിക്കാൻ അടുത്തു പോയി നിന്നതേ എനിക്ക് ഓർമയുള്ളൂ. ബോധം പോയ വഴി അറിഞ്ഞില്ല. അന്നെനിക്ക് മനസ്സിലായി കളിച്ചു വിയർത്ത് നിൽക്കുന്ന ആണുങ്ങളുടെ അടുത്ത് നിൽക്കരുതെന്ന്.
പക്ഷേ ചേട്ടനെ ചുറ്റി പറ്റിയുള്ള എന്റെ സന്തോഷങ്ങൾക്ക് അധികമായുസ്സ് ഉണ്ടായിരുന്നില്ല. 2 ദിവസമായി ഒരു ചേച്ചിയെ എപ്പോഴും ചേട്ടന്റെ കൂടെ കാണാൻ തുടങ്ങി. എനിക്ക് കുശുമ്പ് സഹിക്കാൻ പറ്റിയില്ല. ശ്വേത പറഞ്ഞതാണ്, അവർ തമ്മിൽ ഒന്നുമില്ലെന്ന്. എന്നിട്ടും എനിക്ക് അടങ്ങിയിരിക്കാൻ തോന്നിയില്ല. ചേട്ടനെ സ്നേഹിക്കുന്ന പല പെൺകുട്ടികളിൽ ഒരുവൾ മാത്രമാണ് ഞാൻ. പക്ഷേ ഞാൻ സ്നേഹിക്കുന്നത് ആ ഒരാളെ മാത്രമാണ്. ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ ആയപ്പോൾ ചേട്ടനോട് സംസാരിക്കാൻ പോയി. പുറകെ ശ്വേതയും വന്നു. ചേട്ടനെ കണ്ട ഉടനെ ഞാൻ ചൂടായി.
“ഏതാ ആ ചേച്ചി ? കുറച്ചു ദിവസമായി ചേട്ടന്റെ അടുത്ത് നിന്ന് മാറുന്നില്ലല്ലോ. എനിക്ക് ഇഷ്ടപ്പെടുന്നില്ല. ബിക്കോസ്സ് ഐ ലവ് യു. അതെ, എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് മറുപടി ഒന്നും തരേണ്ട. എനിക്ക് നന്നായിയറിയാം, ഞാൻ ചേട്ടന് ഒരു രീതിയിലും ചേരില്ലയെന്ന്. ആരാധന മൂത്ത് ഭ്രാന്ത് ആയതാ. ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ചായ കുടിക്കാൻ വരുന്ന ഏതെങ്കിലും ഒരുത്തനെ കെട്ടി, ഉണ്ടാകുന്ന കുഞ്ഞിന് ചേട്ടന്റെ പേരിടാനാകും എന്റെ വിധി. അതുവരെ ഞാൻ സ്നേഹിക്കും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. ചേട്ടൻ വേറൊരാളെ സ്നേഹിക്കാൻ സമ്മതിക്കുകയുമില്ല.”
ഇത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു, നിറ കണ്ണുകളോടെ.
“ഡോ സ്വാതി, ഒന്ന് നിന്നേ.”
ചേട്ടനാണ്. എന്തിനാണാവോ. തല്ലാനായിരിക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചു. പതിയെ തിരിഞ്ഞ് നോക്കി.
“അതേ, ഒരു സംശയം. ഈ അച്ഛനും മകനും ഒരേ പേരിട്ടാൽ ആകെ കുഴപ്പമാകില്ലേ ?”
“എന്താ ??”
“ഡോ മാഷേ, എനിക്കും എന്റെ മകനും ഒരേ പേരിട്ടാൽ തനിക്ക് വിളിക്കാൻ ബുദ്ധിമുട്ടാകില്ലേ ? വിളിക്കുന്ന തനിക്ക് കുഴപ്പമില്ലെങ്കിലും കേൾക്കുന്ന ഞങ്ങൾക്ക് കൺഫ്യൂഷനാകും ഉറപ്പ്.”
തലയ്ക്ക് മുകളിൽ നക്ഷത്രങ്ങൾ മിന്നിയ നിമിഷം. ശ്വേത ചിരിച്ചുകൊണ്ട് വന്നു കെട്ടിപിടിച്ചു. മരപാവ കണക്കെ നിന്ന് പോയി ഞാൻ.
“പിന്നെ ഈ ശ്വേതയുണ്ടല്ലോ എന്റെ പെങ്ങളാണ് കേട്ടോ. എന്റെ അമ്മയുടെ അനിയത്തിയുടെ മകൾ. നത്തൂൻ പോര് പ്രതീക്ഷിച്ചോളളൂ.”
അവളും കൂടെ ചേർന്നാണല്ലോ എന്നെ പറ്റിച്ചതെന്ന് ഓർത്തപ്പോൾ രണ്ട് ഇടി കൊടുക്കാൻ തോന്നി, ആ ദുഷ്ടയ്ക്ക്.
“ഡോ മാഷേ, തനിക്ക് അറിയേണ്ടേ, എങ്ങനെയാണ് എനിക്ക് തന്നെ ഇഷ്ടപ്പെട്ടതെന്ന്?”
അറിയണമെന്ന് ഒരുപാട് ആഗ്രഹമുണ്ടെങ്കിലും ശബ്ദമൊന്നും പുറത്ത് വന്നില്ല. വേറെ സ്വപ്നലോകത്തായിരുന്നു ഞാൻ. എന്റെ നിൽപ്പും ഭാവവും കണ്ടിട്ട് ചേട്ടൻ തന്നെ പറഞ്ഞു തുടങ്ങി.
“എന്റെ മുഖത്ത് നോക്കി നേരിട്ട് ഇഷ്ടമാണെന്ന് പറയുന്ന ഒരു കാന്താരിയെ കെട്ടാനായിരുന്നു എന്റെ ആഗ്രഹം. ആരും എന്നോടങ്ങനെ ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു. പിന്നെ ശ്വേത വഴി തന്നെ പറ്റി ഞാൻ എല്ലാം അറിയുന്നുണ്ടാരുന്നു. എനിക്ക് വേണ്ടി എഴുതി തുടങ്ങിയതും എന്നെ വായിനോക്കി നടന്നതും, ബോധം കെട്ടതുമൊക്കെ ഇഷ്ടമായി. ശരിക്കും പറഞ്ഞാൽ തന്റെ ഈ കുശുമ്പാണ് എനിക്കേറെ ഇഷ്ടം. ഞാൻ സ്നേഹിക്കുന്ന ആൾ വേറെ ആരെയും സ്നേഹിക്കെണ്ടന്ന വാശിയും. സ്വന്തം ആണെന്ന് വിചാരിച്ചു കൊണ്ടുളള തന്റെ നടപ്പും അങ്ങനെയെല്ലാം.”
ഒന്നും പറയാൻ കഴിയാത്തതുകൊണ്ട് ഞാൻ എന്റെ ഹീറോയെ പോയി കെട്ടിപിടിച്ചു കരഞ്ഞു. പിറ്റേന്ന് മുതൽ ഹീറോയുടെ പെണ്ണെന്ന പേരിൽ കോളേജിൽ പുള്ളിക്കാരന്റെ കൈയും പിടിച്ചു നടന്നു, വലിയ ആളാണെന്ന് ഭാവത്തിൽ.
~ ശാരി പി പണിക്കർ ( ചാരു )