സുന്ദരി – 13

ഹലോ..! ഇത് ചെറിയൊരു പാർട്ട്‌ ആണ്. തൽകാലത്തേക്ക് ഇത് വച്ചൊന്ന് അഡ്ജസ്റ്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു 🙃. എഴുതാനുള്ള മൂഡ് കിട്ടുന്നില്ല. അതോണ്ട് ഇപ്രാവിശ്യം കൂടെയൊന്ന് ക്ഷമിക്കണം. ചിലപ്പോ അടുത്ത പാർട്ട്‌ വൈകും.

വായിച്ച് അഭിപ്രായം അറിയിക്കു ❤

ഓഡിറ്റിംഗ് കഴിഞ്ഞുള്ള രണ്ട് ദിവസം കൂടെ ഓഫീസിൽ നല്ല തിരക്കായിരുന്നു. ഈ ദിവസങ്ങളിൽ വൈകീട്ട് ഭക്ഷണം കഴിച്ച ശേഷമുള്ള കൂടിച്ചേരൽ ഉണ്ടായിരുന്നില്ല. ജിൻസിയും അമ്മുവും തന്നെയാണ് അങ്ങനെ ഒരു തീരുമാനമെടുത്തത്. ഞങ്ങളുടെ ക്ഷീണം മുഖത്ത് നിന്ന് തന്നെ അവർക്ക് മനസിലാക്കാൻ പറ്റി എന്നതിനെ തുടർന്നായിരുന്നു അത്.

പകരം ഭക്ഷണം കഴിക്കുമ്പോൾ കുറച്ച് നേരം വല്ലോം സംസാരിക്കും.

അതിനിടെ അമ്മ വിളിച്ച് നാട്ടിലേക്ക് ചെല്ലുന്ന കാര്യം ഓർമിപ്പിച്ചുകൊണ്ട് ഇരിക്കുകയും ചെയ്യും.

ഓഫീസിലെ തിരക്കുകൾ ഒരുവിധം ഒതുക്കി എല്ലാം പഴയ നിലയിലേക്ക് എത്തിയപ്പോഴാണ് പിന്നേ ഞങ്ങളൊന്നിച്ച് കൂടുന്നത്.

സാധാരണ അഭിരാമി ഞങ്ങൾക്കൊപ്പം കൂടുമ്പോൾ സൈലന്റ് ആണേലും ഞാനുമായി കമ്പനി ആയേപിന്നെ അവളും അത്യാവശ്യം കാര്യങ്ങളൊക്കെ പറഞ്ഞു തുടങ്ങി.

“” എടാ…! നീയിപ്പോ ഹെൽത്തൊട്ടും നോക്കണില്ലാലെ.! വയറു ചാടിത്തുടങ്ങീട്ടുണ്ട്.!””

അങ്ങനെയൊരു ചർച്ചയ്ക്കിടെ ജിൻസിയാണ് ആ കാര്യം പറയുന്നത്.

“” ഹ്മ്മ്…! ഇപ്പൊ കാര്യായിട്ട് എക്സർസൈസോ വർക്ഔട്ടോ ഒന്നും ഇല്ലല്ലോ…! രാവിലേ കാറിൽ കേറി ഓഫീസിൽ പോണു അതുപോലെ തിരിച്ച് വരണു…! “”

ഞാൻ വല്യ താല്പര്യമില്ലാതെ പറഞ്ഞു. പക്ഷേ അതവൾക്ക് പിടിച്ചില്ല. അവൾ ഒന്നുല്ലേ ഒരു ഡോക്ടർ ആണല്ലോ.!

“” എന്നാ ഇനിത്തൊട്ട് അങ്ങനെ പോയേച്ചാ പോരാ…! മര്യാദക്ക് രാവിലെയോ വൈകീട്ടോ ജോഗിങ്ങിനു പൊക്കോണം..! “”

കിടന്നുത്തരവിടാനിവളാര് ജില്ലാ കലക്ടറാ…! മുഖത്ത് പുച്ഛഭാവം വന്നെങ്കിലും വായിലുള്ളത് പുറത്തോട്ട് തള്ളീല. കാരണമുണ്ട്. ടീ പോയയിൽ ഇരിക്കണ ഫ്‌ളവർ വേസ് തന്നെ കാരണം.

ഇനി ഞാമ്പറഞ്ഞിട്ട് അതിഷ്ടായില്ലേൽ ഇവളതെടുത്ത് എറിഞ്ഞ് എന്റെ തലപൊട്ടി… അവസാനം സ്റ്റിച്ച് അവള് തന്നെ ഇടേണ്ടിവരും. എന്തിനാ വെറുതേ പാവത്തെ മെനക്കെടുത്തണേ…!

എന്റെ മുഖഭാവം കണ്ട് കാര്യം മനസിലായിട്ടൊയെന്തോ അഭിരാമിയെന്നെ നോക്കിയൊന്ന് ചിരിച്ചു.

“” എങ്കി രാവിലെ പോവാം…! ഞാനും കുറച്ചൂസായിട്ട് പോവണമെന്ന് ഓർത്ത് ഇരിക്കുവായിരുന്നു. “”

അഭിരാമി അവളുടെ തീരുമാനം പറഞ്ഞു.

രാവിലെയാ മഞ്ഞത്ത് എണീറ്റ് ഓടാൻ പോണ കാര്യമോർത്തപ്പോൾ തന്നെ പല്ല് കൂട്ടിയിടിച്ചു…! അപ്പൊ പിന്നാ തണുപ്പത്തിറങ്ങി നടക്കണ കാര്യം പ്രത്യേകം പറയണ്ടല്ലോ…!

പക്ഷേ ഒന്നും പറയാൻ പറ്റില്ല. രണ്ടിന്റേം സ്വഭാവം വെറും കച്ചറയാണ്. അതെപ്പോഴാ പുറത്ത് വരണേയെന്ന് അതുങ്ങൾക്ക് പോലും വല്യ നിശ്ചയങ്കാണൂല..!

അങ്ങനെ ആ കാര്യത്തിൽ ഏകകണ്ഠമായി തീരുമാനമായ സ്ഥിതിക്ക് അന്നത്തെ ചർച്ചയവസാനിപ്പിച്ച് ഞാനും അഭിരാമിയും ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വന്നു.

“” ഡാ…! J&D ടെ സ്റ്റാറ്റസ് എന്താ…! നാളെക്കൊണ്ട് സബ്‌മിറ്റ് ചെയ്യാനൊക്കുവോ..?! “”

ഫ്ലാറ്റിലേക്ക് കയറി ഡോറും ലോക്ക് ചെയ്തിട്ടവള് ചോദിച്ചു.

“” എന്റെ പൊന്നഭിരാമി… വീട്ടിലേലും ഇത്തിരി മനഃസമാധാനം താ…! “”

ഞാനവൾക്ക് നേരെ കൈ കൂപ്പി.

“”ഓക്കേ ഓക്കേ…! നടക്ക്…””

എന്റെ കാട്ടിക്കൂട്ടലുകണ്ട് ചുണ്ടിൽ വിടർന്നയൊരു പുഞ്ചിരിയോടെ അവളെന്നെ ഉന്തിത്തള്ളി റൂമിൽ കയറ്റി.

“” ഗുഡ് നൈറ്റ്‌…! “”

എന്നെ വിഷ് ചെയ്ത് അവൾ അവളുടെ റൂമിലേക്ക് ചെന്നു.

ഞാനും ഒരു ചിരിയോടെ അവളെ വിഷ് ചെയ്ത ശേഷം ഉറങ്ങാൻ കിടന്നു.

****************

“” രാഹുലേ……!! ഡാ എണീക്ക്….! ജോഗിങ്ങിന് പോണ്ടേ…ഇതെന്തുറക്കാ…!””

തലവഴി മൂടിയിരുന്ന പുതപ്പും വലിച്ചെടുത്ത് അഭിരാമിയെന്നെ പിടിച്ച് കുലുക്കി ഉണർത്താൻ ശ്രമിച്ചു.

ഞാൻ പയ്യെ കണ്ണ് തുറന്നു. പുറത്തിപ്പഴും ഇരുട്ട് തന്നെയാണ്. സമയം നാലേമുക്കാലെന്തോ ആയെ ഉള്ളു.

“” എടിയൊരഞ്ചുമിനുട്ടൂടെ…! “”

ഉറക്കച്ചടവിൽ അഭിരാമിയോട് പറഞ്ഞിട്ട് ഞാൻ വീണ്ടും പുതപ്പ് വലിച്ചു.

“” അയ്യടാ…! വേഗം വന്നേ… മതി ഉറങ്ങീത്.””

അവള് ശാട്യം പിടിച്ചു.

“” ഉഫ്…! ഈ തടകേനെക്കൊണ്ട്….!!””

ഉറക്കം കളഞ്ഞ ദേഷ്യത്തിൽ ഞാനവളെ ഒന്ന് കലിപ്പിച്ച് നോക്കി.

“” പോടാ തെണ്ടീ….! ദേ വീണ്ടും കിടക്കാനാണ് പ്ലാനെങ്കി തലേക്കൂടെ ഞാൻ വെള്ളങ്കോരിയൊഴിക്കും…! കേട്ടാ…! “”

അതുമ്പറഞ്ഞ് അവൾ പുറത്തോട്ട് പോയി.

വീണ്ടും ഉറങ്ങാമെന്ന പ്ലാനിൽ ആയിരുന്ന ഞാനതോടെ ആ ചിന്തയങ്ങ് കുഴിച്ചുമൂടി. ചെയ്യൂന്ന് പറഞ്ഞാലവള് ചെയ്യും. ഒറ്റബുദ്ധിയാണെന്ന് ഞാമ്മുന്നേ പറഞ്ഞല്ലോ…!

പിന്നേ കിടന്നുരുളാണ്ട് ഞാനൊന്ന് ഫ്രഷ് ആയി ഒരു ഷോർട്സും ടീഷർട്ടും എടുത്തിട്ട് ഹാളിലേക്ക് ചെന്നു.

താടക അവിടെ ഇരുന്ന് അവളുടെ ഷൂസ് ഇടുകയായിരുന്നു. അവളെക്കണ്ട് ഒരു നിമിഷം ഞാൻ ഒന്ന് മിഴിച്ചുനിന്നുപോയി.

ഒരു അയഞ്ഞ ടീഷർട്ടും സ്‌കിൻഫിറ്റ് ടൈപ്പ് യോഗ പാന്റ്സും ആയിരുന്നു അവൾടെ വേഷം. മുടി പോണിടെയ്ൽ രീതിയിൽ കെട്ടിവച്ചിട്ടുമുണ്ട്. അവളെ ഇങ്ങനെയൊരു വേഷത്തിൽ മുന്നേ കണ്ടിട്ടില്ലാത്തോണ്ട് ഞാനവളേം മിഴിച്ചുനോക്കിയവിടെ നിന്നു.

ഓഫീസിൽ ഒക്കെ ചുരിദാറിലും ഫ്ലാറ്റിലാണെൽ പാവാടയും ടീഷർട്ടും ഒക്കെയാണ് അവളുടെ വേഷം. ഒരുവട്ടം മാത്രം സാരിയിലും അവളെ കണ്ടിട്ടുണ്ട്.

എന്റെ മിഴിച്ചുനോട്ടം കണ്ട് അവളെന്നെനോക്കിയൊന്ന് പുരികമിളക്കി. അപ്പോഴാണ് ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വരുന്നത്.

അവൾ കണ്ടതില്ഒരല്പം ജാള്യത തോന്നിയെങ്കിലും അത് വലിയ കാര്യമാക്കാതെ ഞാൻ എന്റെ ഷൂസ് എടുത്തിട്ട് റെഡി ആയി.

ജഗ്ഗിൽ നിന്ന് ഒരല്പം വെള്ളം എടുത്ത് കുടിച്ച് ഞാൻ പുറത്തേക്കിറങ്ങി. എനിക്ക് പിന്നാലെ അവളും.

ജിൻസിയും അമ്മുവും ഉറക്കം തന്നെയാവണം. അവരെണീക്കുന്ന സമയം ആവണെയുള്ളു. അതോർത്തപ്പോ ജിൻസിയെ മനസുകൊണ്ട് ഞാൻ അറിഞ്ഞു പ്രാകി.

ആ തെണ്ടി കാരണമാണല്ലോ ഈ കാട്ടിക്കൂട്ടൽ.

പുറത്തോട്ടിറങ്ങിയതേ പല്ല് കൂട്ടിയിടിച്ചു…! അതോടെ ഓടാൻ പോവാനുള്ള മൂടോക്കെപ്പോയി പുതച്ചുമൂടി കിടക്കാനുള്ള ഒരു മൂഡിലേക്ക് ഞാനെത്തി.

തിരിച്ച് റൂമിലേക്ക് പോവാനായി തിരിഞ്ഞതും പിന്നിൽ കയ്യും കെട്ടി എന്നേം തുറിച്ച് നോക്കി നിൽക്കുന്ന താടക.

പ്ലാൻ അമ്പേ പരാജയപ്പെട്ട സ്ഥിതിക്ക് അവൾക്കൊരു ഇളിഞ്ഞ ചിരിയും സമ്മാനിച്ച് പതിയെ ഓടിതുടങ്ങി.പിന്നാലെ അഭിരാമിയും. ശരീരമൊന്ന് ചൂടായതും തണുപ്പ് കാര്യമായി ബാധിക്കാതെയായി.

ഇരുട്ട് ഇപ്പഴും വിട്ട് മാറിയിട്ടില്ല. തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചം അവിടെയൊക്കെ പരന്ന് കിടപ്പുണ്ട്. ടൌൺ ക്ലീൻ ചെയ്യാൻ ഇറങ്ങിയവർ അവിടവിടെ അടിച്ചുവാരുന്നൊക്കെ ഉണ്ടായിരുന്നു. ഓടുമ്പോൾ ഇളകിയാടുന്ന അഭിരാമിയുടെ പോണിടെയ്ൽ കെട്ടിയ നീണ്ട് അറ്റംചുരുണ്ട മുടിക്കെട്ടിനേയും ശ്രെദ്ധിച്ച് ഞാൻ ഫുട്പാത്തിലൂടെ നീങ്ങി.

“” ഡാ..! എന്തുവാ നോക്കണേ…! “”

“” ങേ..! ഹാ അത് തന്റെ മുടിയിളകണത് കാണാന്നല്ല രസൂണ്ട്…! “”

ആസ്ഥാനത് തടകേടെ ചോദ്യം കേട്ടൊന്ന് ഞെട്ടിയപ്പോൾ ഓർക്കാപ്പുറത്ത് ഞാനവളോട് പറഞ്ഞു.

“” എന്താന്ന്…! “”

അപ്പോഴാണ് എന്താണ് ഞാൻ പറഞ്ഞതെന്ന് ഓർക്കുന്നത്.

‘അയ്യേ അവളെന്ത് കരുതിക്കാണും. ‘

എന്നാലതിന് മറുപടി പറയാതെ ഞാനൊന്ന് ഇളിച്ചുകാണിച്ചു.

അത് കണ്ടിട്ടവൾടെ ചുണ്ടിലും നേർത്തൊരു ചിരി വിരിഞ്ഞത് ഞാൻ കണ്ടു.

“”ഡാ..! നീയെന്താ ഇന്നീവേഷത്തിലോട്ട് മാറിയേ..?! “”

അവൾടെ പുതിയ ഡ്രസിങ് ഓർത്ത് ഞാൻ ചോദിച്ചു.

“” ഈ ഡ്രെസ്സിനെന്താ കുഴപ്പം…! “”

അവളോട്ടം നിർത്തി അരക്ക് കയ്യൂന്നി നിന്നുകൊണ്ട് ചോദിച്ചു.

“” അയ്യോ അങ്ങനല്ല…! സാധാരണ ഇങ്ങനല്ലല്ലോ…! അതോണ്ട് ചോദിച്ചതാ… “”

അവൾ എന്റെ ചോദ്യം തെറ്റായി വ്യാഖ്യാനിച്ചോ എന്നൊരു സംശയത്തോടെ ഞാൻ എന്റെ ഭാഗം ന്യായീകരിക്കാൻ നിന്നു.

“”ഹ്മ്മ്…! “”

അതിനൊന്ന് കനപ്പിച്ച് മൂളീട്ട് അവൾ പയ്യെ നടന്നു.

“ശ്യേ… വേണ്ടായിരുന്നു..! ” ഞാൻ മനസിലോർത്ത് കൊണ്ട് മുന്നോട്ട് നടന്നു.

“” അതീ പാവാടേമിട്ടോണ്ട് ഓടാൻ ബുദ്ധിമുട്ടല്ലേ…! അതോണ്ട് ഇതാവട്ടെ എന്ന്കരുതി. അല്ലേലും ജോഗിങ്ങിന് പോവുമ്പോഴേന്റെ സ്ഥിരം വേഷമിതാണ്. “”

അവൾ ചെറിയൊരു ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി.

ആ സമയം കൊണ്ട് തന്നെ ഞങ്ങൾ അത്യാവശ്യം നന്നായി വിയർത്തിരുന്നു. വിയർപ്പ് തുള്ളികൾ വീണ് അവളുടെ ടീഷർട്ടിന്റെ മുൻഭാഗം കുറച്ച് നനഞ്ഞിട്ടുമുണ്ട്.

ഞങ്ങൾ അവിടെയുള്ള തട്ടുകടയിൽനിന്ന് ഓരോ ചായേം വാങ്ങിക്കൂടിച്ച് ഫ്ലാറ്റിലേക്ക് തിരിച്ച് നടന്നു.

ഫ്ലാറ്റിലെത്തി ഒന്ന് ഫ്രെഷായി ഇറങ്ങിയപ്പോൾ എന്തോ നല്ല ഉണർവ് തോന്നി. എന്തായാലും രാവിലത്തെ ജോഗിംഗ് മനസിന് ഒരു ഫ്രഷ്നെസ് നൽകുന്നുണ്ട്.

കുറച്ച് കഴിഞ്ഞപ്പോൾ ജിൻസിയും അമ്മുവും ഫുഡ്ഡുമായി കേറിവന്നു.

“”ജോഗിംങിനൊക്കേ പോയിട്ടേങ്ങനുണ്ടെടെ…! “”

കൊണ്ടുവന്ന ഫുഡ് ടേബിളിൽ നിരത്തുന്നതിനിടെ ജിൻസി ചോദിച്ചു.

“” എന്റെ പൊന്നേച്ചി…! ഒന്ന് മിണ്ടാണ്ടിരിക്ക്… എന്തൊന്നിനാ രാവിലെത്തന്നെ ഏട്ടനെയിട്ട് ചൊറിയണേ..!!””

ജിൻസീടെ ചോദ്യം കേട്ടപ്പൊത്തന്നെ അമ്മു അവളെ എതിർത്തുകൊണ്ട് പറഞ്ഞു. കാര്യം ഓടാൻ പോവാൻ പറഞ്ഞതെനിക്കൊട്ടും പിടിച്ചിട്ടില്ലാന്ന് അമ്മൂന് മനസിലായിരുന്നു.

അത് കേട്ട് മുഖം കൊട്ടി അമ്മുവിനെ തുറിച്ചു നോക്കുന്ന ജിൻസിയെക്കണ്ടപ്പോൾ സത്യത്തില് ചിരി വന്ന് പോയി. ഡോക്ടർ ആണത്രേ…!

“” നീ ചുമ്മായിരിയമ്മു…! അവള് ചോദിക്കട്ടെ. നല്ലതായിരുന്നുഡീ… മനസിനും ശരീരത്തിനുമൊരു ഫ്രഷ്‌നെസ് ഒക്കെ ഫീല് ആവണുണ്ട് “”

ഞാൻ കാര്യമായ്തന്നെ പറഞ്ഞു.

“” ഹ്മ്മ്മ് …. നാളേമിത് തന്നെ പറഞ്ഞേച്ചാമതി.!!””

“”അതെന്താടി അങ്ങനൊരു ടോക്ക്… ഏഹ്…! “”

“” ഒന്നുല്ലായെ….!!””

അവൾ അതും പറഞ്ഞ് കഴിക്കാനെടുത്തുവച്ചു.

“” അല്ല…! എവിടെ നിന്റെ പൊണ്ടാട്ടി…! തമ്പ്രാട്ടിക്ക് എഴുന്നള്ളാനായില്ലെയാവോ…!””

മുഖത്ത് ഒരുകൊട്ട പുച്ഛം വാരിവിതറി ജിൻസിയെന്നോട് തിരക്കി. എനിക്ക് അഭിരാമിയോട് ഒരു ചായ്‌വുണ്ടെന്ന് മനസിലാക്കിയപ്പോ തൊട്ട് തുടങ്ങിയതാണ് തെണ്ടിയെന്നേയിട്ട് കളിയാക്കാൻ.

“” ഡീ ഡീ…! വേണ്ട…! “”

“” ഉയ്യോ…! ഭർത്താവിന് നൊന്തോ…! എങ്കി സഹിച്ചോട്ട…!””

“” എന്തുവാടിയിത്…! ഒന്നുല്ലേ നീയൊരു ഡോക്ടറല്ലേ…! അതിന്റെ പക്വതയേലും…!””

അവളുടെ കാര്യമോർത്ത് ഞാൻ പറഞ്ഞു.

“” അതേ ഏട്ടാ…! ആ പറഞ്ഞേലെനിക്കൊരു സംശയമുണ്ട്ട്ടാ…! ഇതെവിടന്നേലും കള്ള സർട്ടിഫിക്കേറ്റ് ഉണ്ടാക്യതാവും… വ്യാജഡോക്ടറ്…!””

അമ്മു ഞങ്ങളുടെ ഇടേൽ കേറി.

“” ഡീ…..! അങ്ങനെ പ്രഫഷനെത്തൊട്ടുള്ള കളിയൊന്നും വേണ്ടാട്ടോ…!””

അവളെ കളിയാക്കിയതിഷ്ടപ്പെടാതെ ജിൻസി അമ്മുനെ തുറിച്ചുനോക്കി.

അഭിരാമി വരേണ്ട സമയം കഴിഞ്ഞു. എന്ത് പറ്റിയാവോ ഇന്നിത്ര ലേറ്റ് ആവാൻ. ഞാനവളുടെ റൂമിന്റെ ഡോറും നോക്കീട്ടിരുന്നത് കണ്ടിട്ടൊയെന്തോ ജിൻസിയൊരു ചിരിയോടെ എണീറ്റ് അവളെ വിളിക്കാനായി ചെന്നു. ഡോറിൽ തട്ടി അവൾ വിളിച്ചപ്പോൾ “വരുവാ” എന്ന മറുപടി കിട്ടി. അതോടെ ജിൻസി വന്നിരുന്ന് കഴിപ്പ് തുടങ്ങി.

പിന്നെയും അഞ്ചാറുമിനുട്ട് കഴിഞ്ഞാണ് അവൾ റൂമീന്ന് വെളിയിൽ വന്നത്.

രാവിലേ കണ്ടത് പോലെ ആയിരുന്നില്ല. അവളുടെ മുഖം വല്ലാണ്ടിരിക്കുന്നു.കണ്ണ് ചെറുതായി ചുവന്നിട്ടുമുണ്ട്. അവൾ കരയുകയായിരുന്നോ?. അത് മനസിലാവാതിരിക്കാനാണോ മുഖം കഴുകിയിട്ടുള്ളത്.

ആകെയൊരു ശോകഭാവം.

“” എന്താടി മുഖം വല്ലാണ്ടിരിക്കുന്നെ…! വയ്യേ…! “”

അവളുടെ ഭാവം ശ്രദ്ധിച്ച് ജിൻസിയവളോട് തിരക്കി.

“” ഹേയ് ഒന്നുല്ല… ഒരു തലവേദന…! “”

“” എങ്കിപ്പിന്നെ ഇന്ന് ലീവ് എടുത്തോ….! വയ്യാണ്ട് എന്തിനാ ഓഫീസിലോട്ട് വരണേ…!””

അവൾ പറഞ്ഞത് കേട്ട് ഞാൻ ചോദിച്ചു.

“” ഇതത്രക്കൊന്നുല്ല…! മാറിക്കോളും. “”

അവൾ എനിക്ക് മുഖം തരാതെ പറഞ്ഞൊപ്പിച്ചു.

അവൾ തലവേദനയാണെന്ന് പറഞ്ഞത് അത്ര വിശ്വാസമായില്ലേലും പിന്നേ ഒന്നും മിണ്ടാൻ നിൽക്കാതെ ഞങ്ങൾ കഴിച്ചു തുടങ്ങി.

അങ്ങനെ പ്രാതലൊക്കെ പൂർത്തിയാക്കി ഞാനും അഭിരാമിയും ഇറങ്ങി.

അമ്മുവിനെ ജിൻസി ബസ് സ്റ്റാൻഡിൽ വിടും. അമ്മുവിന്റേത് വേറെ റൂട്ട് ആയതിനാൽ ആണ് അത്. അവിടന്നൊരു മുക്കാൽ മണിക്കൂർ യാത്രയുണ്ട് അമ്മുവിന്റെ ജോലിസ്ഥലത്തേക്ക്.

ഓഫീസിലേക്കുള്ള യാത്രയിലും അഭിരാമി ആകെ മൂകയായിരുന്നു. അവൾ കാര്യമായ എന്തോ ചിന്തയിൽ ആയിരുന്നു.

പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു.

ഗഹനമായ ചിന്തയിലായിരുന്ന അവൾ പെട്ടന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞെട്ടി. ആരാണ് വിളിക്കുന്നത് എന്ന് പോലും ശ്രെദ്ധിക്കാതെ അവൾ ഫോൺ കട്ട്‌ ചെയ്തു.

“” എടൊ…! ന്തേലും പ്രശ്നമുണ്ടോ…? “”

അവളുടെ പെരുമാറ്റം കണ്ട് ഞാൻ ചോദിച്ചു.

“” ഒന്നുല്ല…! “”

ഒറ്റവാക്കിലുള്ള അവളുടെ മറുപടി എന്നെയൊട്ടും തൃപ്തിപ്പെടുത്തിയില്ല.

അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തു.

അവളതും കട്ട്‌ ചെയ്തു. പിന്നീട് ഒന്നിന് പുറകെ ഒന്നായി വന്ന നാലോ അഞ്ചോ കാൾ കൂടെ അവൾ കട്ട്‌ ആക്കി.

“” എടാ…! എന്താ പ്രശനം…! ആരായീ വിളിച്ചോണ്ടിരിക്കണേ. തനിക്ക് ഫോണെടുത്താലെന്താ…?! “”

അവളുടെ ഭാവം കണ്ട് ഞാൻ തിരക്കി.

“” ഒന്ന് മിണ്ടാണ്ടിരിക്കണുണ്ടോ….! ശല്യം….!””

അഭിരാമി പെട്ടന്ന് എനിക്ക് നേരെ ഷൗട്ട് ചെയ്തു.

അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാനാകെ വല്ലാതായി. കുറച്ച് മുന്നേവരെ എന്നോട് ചിരിച്ച് കളിച്ച് സംസാരിച്ചവളാണ്.

പെട്ടന്നുള്ളയീ ഭവപ്പകർച്ചയുടെ കാരണം എന്താണെന്ന് ഒരു പിടിയുമില്ല. ചോദിച്ചിട്ടാണെങ്കിൽ അവളൊട്ട് പറയുന്നുമില്ല.

അവളുടെ പ്രതികരണം ഒരു കഠാരയെന്നോണം എന്റെ ചങ്കിൽ ആഴ്ന്നിറങ്ങി.

അവിചാരിതമായി ജീവിതത്തിലേക്ക് കടന്നുവന്നെങ്കിലും അവളെ ഞാനിന്ന് സ്നേഹിക്കുന്നുണ്ട്. അതവളോട് ഇനിയും തുറന്നു പറഞ്ഞില്ലായെങ്കിലും.

നമ്മുടെ സ്നേഹിതർ മുഖത്ത് നോക്കി നമ്മൾ അവർക്കൊരു ശല്യമാണെന്ന് പറയുമ്പോഴുള്ള വേദനയിലും മറ്റെന്താണ്.

ചങ്കിൽനിന്ന് ചോരപൊടിയുമ്പോഴും അതോർത്തെന്റെ ചുണ്ടിൽ വിരിഞ്ഞത് ഒരു ചെറുപുഞ്ചിരിയായിരുന്നു.

നിർവചിക്കാനസാധ്യമായ ആയിരമായിരം അർഥങ്ങൾ ഒളിച്ചിരുന്നയൊരു നറുപുഞ്ചിരി.!

*******************

ഓഫീസ് ലക്ഷ്യമാക്കി കാർ നീങ്ങിക്കൊണ്ടിരുന്നു.

അവളുടെ വാക്കുകളാൽ ഏറ്റ മുറിവുകളുടെ നീറ്റൽ അപ്പോഴും വിട്ട് മാറിയില്ല.

ഒരുപക്ഷെ ശരീരത്തിനേൽക്കുന്ന മുറിവുകൾ പെട്ടന്ന് കരിഞ്ഞുണങ്ങും…! എന്നാൽ മനസിനേൽക്കുന്നമുറിവുകൾ വ്രണമായി വീണ്ടും വീണ്ടും വേദനിപ്പിച്ചുകൊണ്ടിരിക്കും.

തെളിഞ്ഞിരുന്ന അന്തരീക്ഷം പൊടുന്നനെ മേഘാവൃതമായി. കാർമേഘങ്ങൾ സൂര്യനുമേൽ തിരശീലതീർത്തു. കരിങ്കൽ ചീളുകൾപോൽ മഴത്തുള്ളികൾ അടർന്നുവീണു. പ്രകൃതിയുടെ കരച്ചിൽ.!

ഉള്ളാൽ ഞാനും കരയുകയാണ്. എന്റെ സങ്കടത്തിനു കൂട്ടുവന്ന മഴയേയും ചേർത്ത് പിടിച്ച് ഞങ്ങളുടെ കാർ ഓഫീസിന്റെ പാർക്കിങ്ങിലേക്ക് കയറി.

കാർ നിന്നതും അഭിരാമിയിറങ്ങി നടന്നു. അവിടെയും അവളെന്നെ തളർത്തി.

ഞാൻ അറിയാതെ എന്തേലും തെറ്റ് ചെയ്തോ…?

അതൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുകയാണ്.

കാർ ഒതുക്കിയിട്ട് ഞാനും കാബിനിലേക്ക് ചെന്നു. ആകെയൊരു അസ്വസ്ഥത. ഒന്നിലും ശ്രെദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഇടയ്ക്കിടെ അഭിരാമിയുടെ ചിന്ത മനസിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു.

“” രഘു ഭയ്യാ…! കുറച്ച് നേരത്തേക്ക് എന്നെ ഡിസ്റ്റർബ് ചെയ്യല്ലേട്ടോ…! “”

ഒരുകെട്ട് ഫയലുമായി എന്റെ കാബിനിലേക്ക് കയറിവന്ന രഘു ഭായിയോട് ഞാൻ പറഞ്ഞു.

“” എന്ത് പറ്റി സാർ..! “”

“” ഒന്നുമില്ല. എന്തോ ഒരു അസ്വസ്ഥത. കുറച്ച് നേരമൊന്ന് റെസ്റ് എടുക്കണമായിരുന്നു. “”

“” ശരി സർ.. “”

അയാൾ അത് സമ്മതിച്ച് കാബിന്റെ ഡോർ അടച്ചതിന് ശേഷം പുറത്തേക്ക് പോയി.

അന്ന് ഓഫീസിലെല്ലാർക്കും നല്ല കോളായിരുന്നു. അഭിരാമിയുടെ വായിലിരിക്കുന്നത് എല്ലാരും നല്ല വെടിപ്പായിട്ട് കേട്ടു.

ഞാൻ ആകെ മടുത്തു. കാരണം എന്തെന്നുപോലുമറിയാതെയുള്ള അവളുടെ ഈ പെരുമാറ്റം എന്നെ ആസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

**************

ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിൽനിന്ന് ഒരല്പം മാറിയുള്ള പതിനഞ്ച് നിലക്കെട്ടിടം.

ഒരു റോൾസ് റോയ്സ് ഫാന്റം ആ ഹോട്ടൽ കെട്ടിടത്തിന്റെ ലോഞ്ചിനുമുന്നിലേക്ക് ഒഴുകിവന്ന് നിശ്ചലമായി.

ഡോറിന് മുന്നിൽ നിന്ന സെക്യൂരിറ്റി പെട്ടന്ന് തന്നെ അവിടേക്ക് വന്ന് കാറിന്റെ ഡോർ തുറന്നുകൊടുത്ത് അകത്ത് ഇരിക്കുന്നയാളെ അഭിവാദ്യം ചെയ്തു.

കാറിൽ നിന്നും കോട്ടും സ്യൂട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ ഇറങ്ങി. അയാൾ ഫോണിൽ ആരെയോ കണ്ണക്ട് ചെയ്യാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എന്നാൽ കാൾ കണക്ട് ആയില്ല.

അതിന്റെ നീരസം അയാളുടെ മുഖത്ത് പ്രകടമായിരുന്നു.

ലോഞ്ചിലേക്ക് കയറിയതും അവിടുത്തെ ജീവനക്കാരൊക്കെ ബഹുമാനത്തോടെ അയാളെ വണങ്ങി. അയാൾ അതിനൊന്നും വിലകൊടുക്കാതെ ലിഫ്റ്റിനു നേരെ നടന്നു.

15ആം നിലയിലേക്കുള്ള ബട്ടൺ ഞെക്കി അയാൾ കാത്ത് നിന്നു.

തന്റെ സ്യൂട്ട് റൂമിലേക്ക് കയറി അയാൾ സോഫയിലേക്കിരുന്നു. ശേഷം ഫോൺ എടുത്ത് ആരെയോ ഡയൽ ചെയ്തു.

“സർ…!”

കാൾ കണക്ട് ആയതും അപ്പുറത്ത് നിന്ന് മറുപടിയെത്തി.

“” യെസ്…! നീയിപ്പോ എവിടെയാണ്. “”

“” അഭിരാമിയുടെ ഓഫീസിന് മുന്നിൽത്തന്നെയുണ്ട് സർ..! “”

“” ഹ്മ്മ്… അവളുടെ സന്തോഷം അവസാനിപ്പിക്കാൻ സമയമായി…! എന്റെ കയ്യിൽനിന്ന് രക്ഷപ്പെട്ടു എന്നൊരു തോന്നലവൾക്ക് വന്നിട്ടുണ്ടെങ്കിൽ അതിന്നത്തോടെ തീരണം. അവളെ എനിക്ക് ഇന്ന് വേണം…! ബ്രിങ് ഹേർ ടു മി…! “”

“” ഓക്കേ സർ…!.””

അയാളുടെ മറുപടി കിട്ടിയതും ആ ചെറുപ്പക്കാരൻ ഫോൺ കട്ട്‌ ചെയ്തു.

ശേഷം ഫോൺ ഗാലറിയിൽ ഉണ്ടായിരുന്ന അഭിരാമിയും അയാളും ചേർന്നെടുത്ത ഫോട്ടോയിലേക്ക് നോക്കി. അയാളുടെ മുഖത്തൊരു ചിരി വിരിഞ്ഞു. ഒരേ സമയും ക്രൂരവും കണ്ണിൽ കാമം കത്തിനിന്നതുമായ ഒരു ചിരി.

************

ഒരു യുഗം പോലെ കടന്നുപോയ ഓഫീസ് സമയം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങാൻ തയ്യാറായി.

അഭിരാമിക്ക് ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. മുഖത്ത് ആരോടൊയുള്ള ദേഷ്യം പ്രകടമായിരുന്നു. അതേസമയം അവളരെയോ ഭയപ്പെടുന്നത് പോലെയും തോന്നി.

പക്ഷേ ചോദിച്ചില്ല. ചോദിച്ചിട്ടും കാര്യമില്ലായെന്ന് രാവിലത്തന്നെ അവൾ തെളിയിച്ചതാണല്ലോ.!

ഇനിയും ഞാനെന്തിനാണ് വെറുതേ ശല്യമാവുന്നത്.

ഞാൻ കാറിലേക്ക് കയറി. എനിക്ക് പിന്നാലെ അഭിരാമിയും. അതോടെ ഞാൻ കാർ പയ്യെ മുന്നോട്ടെടുത്തു. ഓഫീസ് കോമ്പൗണ്ടിൽ നിന്നും കാർ റോഡിലേക്ക് ഇറക്കാൻ നിന്നതും ഞങ്ങളുടെ കാറിന്റെ തൊട്ടടുത്തുകൂടെ ഒരു കറുത്ത താർ കടന്ന് പോയി അതൊരിരമ്പലോടെ ബ്രേക്ക് ചവിട്ടി അവിടെ നിന്നു.

ഞാൻ നല്ലപോലെ ഞെട്ടി. അഭിരാമിയും ആകെ പേടിച്ചുപോയിരുന്നു. മനസ്സിൽ ഓരോ ചിന്തകളിൽ ശ്രദ്ധിച്ചിരുന്നതിനാൽ വാഹനം വരുന്നത് ഞാൻ കണ്ടില്ല.

“” എവിടെ നോക്കിയാടോ വണ്ടിയൊടിക്കുന്നെ…! “”

അഭിരാമിയുടെ സ്വരമാണ് എന്നെയാ ഞെട്ടലിൽ നിന്ന് മുക്തനാക്കിയത്.

“” സോറി. “”

എന്ന് മാത്രമവളോട് പറഞ്ഞു.

ആ താർ ഇപ്പോഴും അവിടെ ബ്രേക്ക് ചെയ്ത് നിർത്തിയിരിക്കയാണ്.

ഞാൻ പയ്യെ കാറിൽ നിന്നിറങ്ങി. അവരോട് ഒരു സോറി പറയണമെന്ന് തോന്നി.

ഞാൻ അതിന് അടുത്തേക്ക് നടന്നതും അതൊന്ന് ഇരപ്പിച്ച് വീൽ സ്പിൻ ചെയ്ത് മുന്നോട്ടെടുത്തു.

ആ ഒരു സീൻ എനിക്ക് ട്രിഗറായി..! അന്ന് അമ്പലത്തിൽ വച്ച് നടന്നത് ഏതാണ്ട് ഇതിന് സമാനമായ ഒരു സീനായിരുന്നു. മുന്നോട്ട് നീങ്ങിയ താറിന്റെ പുറകുവശത്തു സ്റ്റിക്കർ ചെയ്തിരുന്ന കഴുകൻ…!

അതേ ഇത് അതേ വാഹനം തന്നെ.!

“” ഹേയ്…! “”

ഞാനലറി.

അപ്പോൾ അവർ ഞങ്ങളെ ഫോളോ ചെയ്യുവാണോ…?. ഞങ്ങളെ ഹോട്ടൽ റൂമിലെത്തിച്ചവരുമായി ഇവർക്ക് ബന്ധമുണ്ടോ.? കുറേ ചോദ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മനസിലൂടെ കടന്നുപോയി.

ഞാൻ പെട്ടന്ന് തന്നെ തിരിച്ച് കാറിൽ കയറി ഒന്നിരപ്പിച്ച് താറിന് പിന്നാലെ വച്ച് പിടിച്ചു.

“” ഹേയ്…! രാഹുൽ എന്തായിത് പതുക്കെപ്പോ…! “”

അഭിരാമി വാഹനത്തിന്റെ വേഗത കണ്ട് പേടിയോടെ പറഞ്ഞു.

എന്നാലത് കാര്യമാക്കാതെ ഞാൻ കാറ് പായിച്ചു.

“” ഇരുതെങ്ങോട്ടാ ഈ പോവുന്നെ….! ആരാണ് അത്..!!””

നഗരത്തിൽനിന്ന് മാറിയാണ് താർ നീങ്ങിയത്. അതിന് പിന്നാലെ ചെന്ന എന്നോടായി അഭിരാമി ഒന്നിന് പിന്നാലെ ഒന്നായി ചോദ്യങ്ങൾ തൊടുത്തുവിട്ടു.

“” മിണ്ടാതിരിയെടി അവിടെ…! ഇതവരാ…! നിന്നെയന്ന് അമ്പലത്തില് വച്ച് വണ്ടിയിടിക്കാൻ നോക്കിയവർ. “”

ഞാനത് പറഞ്ഞതും തടകയൊന്ന് ഞെട്ടുന്നത് കണ്ടു.

“” വേണ്ട…! നമുക്ക് തിരിച്ച് പോവാം…! “”

അവള് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അവൾ അവളുടെ പ്രശ്നം തല്ക്കാലത്തേക്ക് എങ്കിലും മറന്നെന്നു തോന്നി എനിക്കപ്പോൾ.

പക്ഷേ ഞാനതിനു മറുപടികൊടുത്തില്ല. പിന്തിരിയാൻ ഞാനൊരുക്കമല്ലായിരുന്നു. എനിക്ക് വേണ്ടത് ഉത്തരങ്ങളാണ്. അത് ഒരുപക്ഷെ അവരിൽനിന്ന് കിട്ടിയേക്കും.!

എന്നാൽ ഉത്തരങ്ങൾ തേടി താൻ പോകുന്നത് അവരൊരുക്കിയ കെണിയിലേക്ക് ആണെന്ന് എനിക്കൊരു ഊഹവുമില്ലായിരുന്നു.

വേട്ടയാടുകയല്ല വേട്ടയാടപ്പെടുകയാണ് എന്ന സത്യം തിരിച്ചറിയാൻ ഞാനൊരല്പം വൈകിപോയിരുന്നു.

തുടരും ❤

0cookie-checkസുന്ദരി – 13

  • ഞാനും അവളും 2

  • ആർക്കിടെക്റ്റ്

  • സുന്ദരി – 14