എന്റെ ചങ്ക് പിടച്ചു. വേഗം ചാറ്റ് ഓപ്പൺ ചെയ്തു നോക്കി. അത് കണ്ട ഞാൻ തകർന്ന് പോയി.
ആമിയും നയനയും കൂടി ചാറ്റ് ചെയ്തേക്കുന്നു. ഹോസ്പിറ്റലിൽ എല്ലാരും കൂടി ഇരിക്കുന്ന ഫോട്ടോ ഒക്കെ അയച്ചിട്ടുണ്ട്. അതൊന്നും പോരാത്തതിന് ഞാൻ കിടന്നു ഉറങ്ങുന്ന ഫോട്ടോയും അവൾ അയച്ചിട്ടുണ്ട്.
ചതിച്ചല്ലോ…
ഞാൻ വേഗം ഒരു ഹായ് അയച്ചു. കുറച്ച് നേരം നോക്കി ഇരുന്നു. അവൾ ഓൺലൈൻ ഇല്ല. ഞാൻ ഫോൺ വെച്ചിട്ട് ബാത്‌റൂമിൽ ഒക്കെ പോയി വന്നു. അപ്പോഴേക്കും മെസ്സേജ് വന്നിട്ടുണ്ട്. ഞാൻ എടുത്തു നോക്കി.
“ഹായ് ആമീസ്…” ഞാൻ ആമി ആണെന്ന് കരുതി കാണും.
“ഞാൻ ആമി അല്ല. അരവിന്ദ് ആണ്.” റിപ്ലൈ അയച്ചു കഴിഞ്ഞപ്പോൾ ആമിയോട് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു. എന്ത് പറഞ്ഞു മെസ്സേജ് അയക്കും എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു ഞാൻ. അവൾ എന്തായാലും ആ ബുദ്ധിമുട്ട് മാറ്റി തന്നു.
“അയ്യോ സോറി…അരവിന്ദേട്ടൻ എഴുന്നേറ്റോ? നല്ല ഉറക്കം ആരുന്നല്ലോ. ആമി ഫോട്ടോ എടുത്തു അയച്ചിരുന്നു.”
അത് ഒരു തുടക്കം ആയിരുന്നു. എന്തൊക്കെ സംസാരിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. രാത്രി 1 മണി വരെ ഒരേ ചാറ്റിങ്.
നടന്നത് സ്വപ്നമാണോ എന്നൊരു സംശയം മാത്രം ആയിരുന്നു ബാക്കി. കാരണം എനിക്ക് പെണ്ണുങ്ങളോട് സംസാരിക്കാൻ അറിയില്ലായിരുന്നു. അത്കൊണ്ട് തന്നെ എനിക്ക് പെൺ സുഹൃത്തുക്കൾ ആരും തന്നെ ഇല്ലായിരുന്നു. എന്റെ കമ്പനി മുഴുവൻ ആണുങ്ങൾ തന്നെ ആയിരുന്നു.
അതിൽ എനിക്ക് നഷ്ടബോധം ഒന്നും ഇല്ല. എനിക്ക് പെണ്ണെന്നാൽ അമ്മയും ആമിയും ആണ്. അവർക്കപ്പുറം ഉള്ളവരോടൊന്നും ഞാൻ അധികം സംസാരിക്കാറേ ഇല്ലായിരുന്നു. ആ ഞാൻ ആണ് ഇപ്പൊ ഒരു പെണ്ണിനോട് അതും ആദ്യ കാഴ്ച്ചയിൽ തന്നെ ഞാൻ പോരെടുത്ത ഒരു പെണ്ണിനോട് ഇത്ര നേരം ഉറക്കം പോലും കളഞ്ഞ് സംസാരിച്ചത്.
“അരവിന്ദേ ഇത് നിന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലാണ് മോനേ.” അങ്ങനെ ആരോ എന്റെ ഉള്ളിൽ തന്നെ ഇരുന്നു പറഞ്ഞു.
ആദ്യായിട്ടാണ് ഞാൻ ഒരാളോട് ഇങ്ങനെ ചാറ്റ് ചെയ്യുന്നത്. ശെരിക്കും പറഞ്ഞാൽ അവളുടെ സംസാരം ഞാൻ ആസ്വദിക്കുവായിരുന്നു. പിന്നെ ഇതൊരു പതിവായി. എന്ത് ചെറിയ കാര്യം ആയാലും തമ്മിൽ ഷെയർ ചെയ്യാൻ തുടങ്ങി. 3 – 4 ദിവസം കൊണ്ട് ഞങ്ങൾ അത്ര ക്ലോസ് ആയി.
പതിയെ ചാറ്റുകൾ ഫോൺ വിളികൾക്കും നേരിട്ട് ഉള്ള മീറ്റിംഗുകൾക്കും വഴി മാറി. മീറ്റിംഗ് എന്ന് പറയുമ്പോ അവളുടെ ഓഫീസ് വിട്ട് അവൾ ബസ് കേറുന്ന വരെ ഉള്ള സമയം. പക്ഷേ അതിൽ ഞങ്ങൾ ഹാപ്പി ആയിരുന്നു. ഞങ്ങൾ രണ്ടും ജോലി ചെയ്യുന്നത് എറണാകുളം ആയതിനാൽ കാണാൻ അധികം ബുദ്ധിമുട്ട് ഉണ്ടായില്ല.
പതുക്കെ പതുക്കെ എന്റെ ചിന്തകൾ മുഴുവൻ അവളെ കുറിച്ചായി. അതും അല്ല പണ്ടത്തെ പോലെ എനിക്ക് അവളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ ഒരു ബുദ്ധിമുട്ട്. ഒരു കള്ളത്തരം. എന്നോട് സംസാരിക്കുമ്പോ അവളുടെ മുഖത്തും ഒരു കള്ളത്തരം ഞാൻ കാണാറുണ്ട്. അതൊക്കെ ആലോചിക്കുമ്പോ എന്റെ പകുതി മനസ്സ് എന്നോട് പറയും “എടാ മോനേ ഇതാണ് പ്രേമം. അവൾ നിന്നേം നീ അവളേം പ്രേമിക്കാൻ തുടങ്ങിയിരിക്കുന്നു.” എന്ന്.
അടുത്ത നിമിഷം തന്നെ എന്റെ മനസ്സിന്റെ മുക്കാൽ ഭാഗവും കയ്യെറി ഇരിക്കുന്ന ഇൻട്രോവെർട്ട് എന്നോട് പറയും “മാങ്ങാത്തൊലി ആണ്… പ്രേമം.. അതും നിന്നോട്. എട പൊട്ടാ നിനക്ക് ബോധം ഇല്ലേ, ഒന്ന് ചിന്തിച്ചു നോക്ക് നിന്നേം അവളേം കൂടെ… അവളെ പോലെ കിടു ലുക്ക് ഉള്ള ഒരു പെണ്ണിന് പ്രേമിക്കാൻ പറ്റിയ ഒരു കാര്യം ഒരേ ഒരു കാര്യം നിന്നിൽ ഉണ്ടെങ്കിൽ നീ ഒന്ന് പറഞ്ഞേ കേക്കട്ടെ. അവൾ നിന്റെ നല്ലൊരു ഫ്രണ്ട് ആണ്. നീ ഈ ഇഷ്ടം പറയണ ദിവസം വരെ അതുണ്ടാവു. നീ എങ്ങാനും അങ്ങനെ പോയി പറഞ്ഞാൽ പിന്നെ അവൾ നിന്നെ മൈൻഡ് ആക്കില്ല ഓർത്തോ.”
സ്വാഭാവികം ആയിട്ട് ഞാൻ ഇൻട്രോവെർട്ട് പറയുന്നതേ കേൾക്കു. കാരണം ഇനി എന്ത്കൊണ്ട് തന്നെ ആയാലും അവൾ എന്നിൽ നിന്ന് അകന്ന് പോകുന്നത് എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒരു കാര്യം ആയിരുന്നില്ല. അങ്ങനെ തോന്നിയ ഇഷ്ടം ഒക്കെ മനസ്സിൽ കുഴിച്ചിട്ട് ഞാൻ നടക്കും. എന്നാലും ആ സമയം ഉള്ളിൽ ഒരു നോവ് ആണ്.
ഇങ്ങനെ പറയാതെ പോയ ഒരുപാട് ഇഷ്ടങ്ങൾ ഉണ്ടാവും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ.
**********************************
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, ഉച്ച കഴിഞ്ഞപ്പോൾ നയനയുടെ ഒരു കാൾ വന്നു.
“ഹലോ.. അരവിന്ദേട്ടൻ ബിസി ആണോ?”
“എയ് അല്ല പറയെടോ എന്താ ഒരു ഫോർമാലിറ്റി ഒക്കെ?”
“ഇന്ന് ഒന്ന് കാണാൻ പറ്റുവോ?” അവളുടെ ശബ്ദത്തിൽ സങ്കടം ആണോ ക്ഷീണം ആണോ നിസ്സഹായത ആണോ എന്നെനിക്ക് വേർതിരിച്ചു എടുക്കാൻ ആയില്ല.
“ഹലോ അരവിന്ദേട്ടാ.. കേൾക്കുന്നില്ലേ?”
“ആ കേൾക്കാം.. ഞാൻ എവിടാ വരേണ്ടത്?”
“ഒരു 5 മണി ആകുമ്പോ എന്റെ ഓഫീസിന്റെ മുന്നിൽ വന്ന മതി.”
“മം.. വരാം. എന്താ നിന്റെ ശബ്ദം വല്ലാണ്ടിരിക്കണേ? എന്തെങ്കിലും പ്രശ്നം ഉണ്ടോ?”
“എയ്… ഒന്നുല്ല ഏട്ടന് തോന്നിയതാവും. 5 മണിക്ക് തന്നെ വരണേ ലേറ്റ് ആവരുത്.”
“ഇല്ല ഞാൻ എത്തിയേക്കാം. ലേറ്റ് ആവില്ല.”
“എന്നാ ശെരി.. കാണാം…”
എന്റെ മറുപടിക്ക് കാത്ത് നില്കാതെ തന്നെ അവൾ ഫോൺ വെച്ചു.
എന്തോ പറ്റിയിട്ടുണ്ട് അത് ഉറപ്പാണ്. പിന്നെ എനിക്ക് ജോലി ചെയ്യാൻ ഒന്നും ഒരു മൂഡ് തോന്നിയില്ല.
“കൊറേ നേരായല്ലോ നീ വാച്ച് നോക്കി വെപ്രാളപ്പെടുന്നു. എന്താ പ്രശ്നം?” ബിനോയ്ടെ ചോദ്യം കേട്ടാണ് എനിക്ക് ബോധം വന്നത്. ബിനോയ് എന്റെ കൂടെ വർക്ക് ചെയ്യുന്നതാണ്. കട്ട കമ്പനി. അവന് അറിയാം നയനയുടെ കാര്യം ഒക്കെ.
“ഓ ഒന്നുല്ല മാൻ… നമുക്ക് ഒരു ചായ കുടിച്ചാലോ?”
“പിന്നെന്താ…വാ പോയേക്കാം ഞാൻ ഒരാളെ കമ്പനി കിട്ടാൻ നോക്കി ഇരിക്കുവാരുന്നു.”
2 കപ്പിൽ ചായ എടുത്ത് ഞങ്ങൾ ബാൽക്കണി പോയി നിന്നു.
“ആഹ് ഇനി പറ എന്താ നിന്റെ പ്രശ്നം?”
“നിനക്ക് എങ്ങനെ അറിയാം പ്രശ്നം ഉണ്ടെന്നു?”
“അതിനു വല്യ വിവരം ഒന്നും വേണ്ട ഒരാളുടെ മുഖം കണ്ടാൽ അറിഞ്ഞുടെ. നീ കെടന്നു ഉരുളാതെ കാര്യം പറ.”
“അത് വേറൊന്നും അല്ല, നയന വിളിച്ചിരുന്നു. എന്തോ അത്യാവശ്യം ആയി കാണണം എന്നു പറഞ്ഞു. അവളുടെ ശബ്ദം കേട്ടിട്ട് എനിക്കെന്തോ ഒരു പന്തികേട് തോന്നി അതാ.”
“നീ അവളോട് പറഞ്ഞോ ഇഷ്ടാണെന്ന്?”
“എയ്… എനിക്ക് ഇതുവരെ അതിനുള്ള ധൈര്യം വന്നില്ല.”
“ഒന്ന് പോയെടാ… നീ ഇങ്ങനെ ഇരുന്നോ അവസാനം പെണ്ണുകാണാൻ വരുന്ന ഏതേലും ഒരുത്തനെ അവൾ കെട്ടും നീ പിന്നേം ഇങ്ങനെ ഇരിക്കും.
ഡാ ഇഷ്ടാണെന്ന് പറയണത് അത്ര മോശം കാര്യം ഒന്നുമല്ല. അത് പറയണ രീതി മാന്യമാവണം അത്രേ ഉള്ളു. പിന്നെ അവരുടെ റിപ്ലൈ നെഗറ്റീവ് ആണെങ്കിൽ അതിനെ ഉൾക്കൊണ്ടു മാറി കൊടുക്കണം അത്രേ ഉള്ളു. നീ ഒന്ന് ആലോചിച്ചു നോക്ക്, നീ നിന്റെ ഇഷ്ടം അവളോട് പറഞ്ഞില്ല ഒരുപക്ഷെ കൊറേ വർഷങ്ങൾ കഴിഞ്ഞ് നീ ഇത് ആലോചിക്കുമ്പോൾ നിനക്ക് തോന്നും അന്ന് ചെയ്‌തത് വൻ മണ്ടത്തരം ആയെന്നു. നീ കൊറച്ച്കൂടി ധൈര്യം കാണിച്ചിരുന്നേൽ അവൾ ചെലപ്പോ നിന്റെ ഭാര്യ ആയി വന്നേനെ എന്ന്. ആ കുറ്റബോധം അപ്പൊ തോന്നാതെ ഇരിക്കണം എങ്കിൽ ഇപ്പൊ നീ കുറച്ച് ധൈര്യം കാണിച്ചേ പറ്റു.”
“നീ പറഞ്ഞത് വെച്ച് അവൾ നല്ലൊരു കുട്ടിയാണ്, നിന്റെ ഇഷ്ടം പറഞ്ഞെന്ന് വെച്ച് അവൾ നിന്നെ ഇട്ടിട്ട് പോകും എന്നൊന്നും എനിക്ക് തോന്നണില്ല. നീ നല്ലൊരു അവസരം നോക്കി കാര്യം പറ. യെസ് ആണേലും നോ ആണേലും ഇതിനൊരു തീരുമാനം വേണ്ടേ. ഒരു ചേട്ടനായി നിന്ന് അവളുടെ കല്യാണം നടത്തികൊടുക്കണോ അതോ ഒരു ജീവിതകാലം മൊത്തം അവളെ കൂടെ കൂട്ടണോ എന്ന് നീ ആലോചിക്ക്”
ബിനോയിയുടെ വാക്കുകൾ എനിക്ക് ഒരു പുത്തൻ ഉണർവ്വ് ആയിരുന്നു. പക്ഷേ എന്റെ ഇൻട്രോവെർട്ട് തെണ്ടി ഉണർവിനെ കെടുത്തുന്നതിനു മുന്നേ അവളോട് കാര്യം അവതരിപ്പിക്കണം എന്ന് ഞാൻ തീരുമാനിച്ചു.
************
“കാത്തിരുന്നു മടുത്തോ?”
പെട്ടെന്നുള്ള ചോദ്യം കേട്ട് നയന തിരിഞ്ഞു നോക്കി…അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന അരവിന്ദിനെ ആണ് കണ്ടത്.
നിമിഷ നേരം കൊണ്ട് അവളുടെ മുഖത്ത് ആശ്വാസം മിന്നി മറഞ്ഞു അത് നിരാശയായി മാറുന്നത് അരവിന്ദ് കണ്ടു.
“ലേറ്റ് ആവല്ലേ എന്നു ഞാൻ പറഞ്ഞതല്ലേ” അവൾ ദേഷ്യത്തോടെ ചോദിച്ചു.
“അയ്യോ സോറി സർ.. മെട്രോയുടെ പണി നടക്കുന്ന കൊണ്ട് ചെറിയ ബ്ലോക്ക് കിട്ടി അതാ ലേറ്റ് ആയെ.. അല്ല ആകെ 15 മിനിറ്റ് അല്ലേ ലേറ്റ് ആയുള്ളൂ”
“ഉവ്വ… എല്ലാത്തിനും കൊറേ ന്യായം പറച്ചിൽ ആണ്..” അവൾ അവന്റെ മുഖത്ത് നോക്കാതെ പിറുപിറുത്തു.
“നല്ല ദേഷ്യത്തിൽ ആണല്ലോ… വാ നമുക്ക് ഒരു റൗണ്ട് ആ മറൈൻ ഡ്രൈവിൽ കൂടി നടന്നിട്ട് വരാം.” അവളെ ഒന്ന് തണുപ്പിക്കാൻ ആയി അരവിന്ദ് പറഞ്ഞു.
അവൻ ബൈക്ക് പാർക്ക് ചെയ്തിട്ട് അവളുടെ അടുത്തേക്ക് നടന്നു.
ദൂരേയ്ക്ക് നോക്കി എന്തോ ചിന്തിച്ചു നിൽക്കുന്ന നയനയെ ആണ് അരവിന്ദ് കണ്ടത്.
“ഇവൾക്ക് എന്തോ കാര്യമായിട്ട് പറ്റിട്ടുണ്ടല്ലോ.. ആകെ ഒരു മ്ലാനത.. പതുക്കെ ചോദിച്ചു നോക്കാം..” അരവിന്ദ് നയനയെ തന്നെ നോക്കികൊണ്ട് അവളുടെ അടുത്തെത്തി.
“എന്താടോ ആകെ ഡിസ്റ്റ്ബ്ഡ് ആണല്ലോ. എന്ത് പറ്റി?”
“വാ നമുക്ക് ഒന്ന് നടക്കാം…” അവന്റെ ചോദ്യം അവഗണിച്ചുകൊണ്ട് അവൾ മുന്നേ നടന്നു… അവൻ പിന്നാലെയും..
തിരക്ക് കുറഞ്ഞ ഒരിടം എത്തിയതും നയന ഒന്ന് നിന്നു.
“അരവിന്ദേട്ടാ… നാളെ എന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.” നെഞ്ചിൽ ഇടിത്തീ വീണത് പോലെ ആണ് അരവിന്ദ് അത് കേട്ടത്. എന്തൊക്കെയോ അവന് അവളോട് ചോദിക്കണം എന്നുണ്ട് പക്ഷെ ഒന്നും സംസാരിക്കാൻ പറ്റാത്ത ഒരു അവസ്ഥ.
“മം..അതിനാണോ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്? പെണ്ണുകാണൽ അല്ലേ അവർ വന്നു കണ്ടിട്ട് പോട്ടെടോ അതിനിപ്പോ എന്താ. ഇതിനു മുന്നേയും പെണ്ണുകാണാൻ വന്നിട്ടില്ലേ നിന്നെ.” അവൻ സമനില വീണ്ടെടുത്തുകൊണ്ട് ചോദിച്ചു.
അത് കേട്ടതും അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.
“പണ്ടത്തെ പോലെ അല്ല ഇപ്പൊ… ഇനിയും ഓരോ ആൾക്കാരുടെ മുന്നിൽ ഒരുങ്ങി കെട്ടി നിൽക്കാൻ എനിക്ക് പറ്റില്ല.” നയന അവന്റെ മുഖത്ത് നോക്കി തറപ്പിച്ചു പറഞ്ഞു.
“എയ് ഇയാൾ ടെൻഷൻ ആവണ്ടിരിക്ക്. നമുക്ക് എന്തെങ്കിലും ഒരു വഴി നോക്കാം.”
“എന്ത് വഴി? ഞാൻ എന്റെ അച്ഛനെ എതിർത്തു ഒന്നും ചെയ്യില്ല. അച്ഛന് ഇതാണ് ഇഷ്ടമെങ്കിൽ എനിക്ക് നാളെ വരുന്ന ആൾക്ക് തല കുനിച്ചു കൊടുക്കേണ്ടി വരും. പക്ഷേ എന്തോ ഒന്ന് എന്നെ അതിൽ നിന്നെല്ലാം പിന്നോട്ട് വലിക്കുന്നുണ്ട്. എന്നാൽ അത് എന്താണെന്ന്….” നയന വാക്കുകൾ മുഴുവിക്കാൻ വയ്യാതെ വിതുമ്പിപ്പോയി.
“അരവിന്ദേട്ടന് എന്നോട് ഒന്നും പറയാനില്ലേ?” അവൾ അരവിന്ദിന്റെ കണ്ണിൽ നോക്കിയാണ് അത് ചോദിച്ചത്.
ആ നോട്ടം അവന് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. എന്നെ കൂടെ കൂട്ടിക്കൂടെ എന്ന് അവളുടെ കണ്ണുകൾ അവനോടു പറയുംപോലെ അവന് തോന്നി.
അരവിന്ദിന്റെ മനസ്സിൽ ഒരു യുദ്ധം അരങ്ങേറുക ആയിരുന്നു ആ സമയം. ഒരു ഭാഗത്ത് നയനയോട് അവനുള്ള പ്രണയവും മറുഭാഗത്തു അവളെ വിട്ട് പിരിയേണ്ടി വരുമോ എന്ന ഭയവും.
യുദ്ധം മുറുകിയതും അവൻ മെല്ലെ അവളുടെ അടുത്ത് നിന്ന് നീങ്ങി ദൂരേക്ക് നോക്കി നിന്നു.
അവന്റെ മൗനം അവൾക്ക് താങ്ങാൻ കഴിയുന്നുണ്ടാരുന്നില്ല.
അല്പസമയം കഴിഞ്ഞതും എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ അരവിന്ദ് അവൾക്കരുകിലേക്ക് വന്നു അവളെ തന്നെ ഉറ്റു നോക്കി.
“നയന… തീരെ റൊമാന്റിക് അല്ലാത്ത ഒരു മനുഷ്യജീവി ആണ് ഞാൻ. അത്കൊണ്ട് സാഹിത്യം പറയാനൊന്നും എനിക്ക് അറിയില്ല എന്നാലും ഞാൻ ഒന്ന് ശ്രമിക്കാം.”
അരവിന്ദിന്റെ പെട്ടെന്നുള്ള ആ വാക്കുകൾ കേട്ട് നയന ഒന്ന് അമ്പരന്നു. അവളുടെ കണ്ണുകൾ വിടർന്നു.
“എന്റേതെന്നു ഞാൻ വിശ്വസിക്കുന്ന രണ്ടേ രണ്ട് സ്ത്രീകളെ ഈ ലോകത്ത് ഉണ്ടായിരുന്നുള്ളു. എന്റെ അമ്മയും പിന്നെ ആമിയും.” അരവിന്ദ് ഒന്ന് പറഞ്ഞു നിർത്തി അവളെ നോക്കി.
“അതിനിടയിലേക്ക് ആണ് നീ ഒരു ഫുട്ബോളുമായി പാഞ്ഞു കേറി വന്നത്. ദേഷ്യം ആയിരുന്നു എനിക്ക് നിന്നോട്. എന്നാൽ അന്ന് ആ ഹോസ്പിറ്റലിൽ നിന്ന് നിന്റെ വീട്ടിലേക്ക് ഉള്ള യാത്ര… അത് ഒരിക്കലും അവസാനിക്കരുതേ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. പിന്നീട് ഓരോ തവണ നിന്നെ കാണുമ്പോഴും സംസാരിക്കുമ്പോഴും ഞാൻ നിന്നിലേക്ക് കൂടുതൽ അടുക്കുക ആയിരുന്നു. ഇപ്പൊ ഈ നിമിഷം എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും എനിക്ക് എന്റേത് എന്ന് പറയാൻ ഒരാൾ കൂടി ഉണ്ട് എന്ന്.”
കേട്ടത് സത്യമാണോ സ്വപ്നമാണോ എന്ന അവസ്ഥയിൽ ആയിരുന്നു നയന. സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി.
അത് കണ്ടു അരവിന്ദ് അവന്റെ മുഖം അവളുടെ മുഖത്തിന് നേരെ കൊണ്ടുവന്നു അവളെ നോക്കി മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“പോരുന്നോടി പുല്ലേ.. എന്റെ വീടിന്റെ ഗോൾകീപ്പർ ആവാൻ?”
അവൻ പറഞ്ഞു മുഴുവൻ ആക്കുന്നതിനു മുന്നേ അവൾ അവന്റെ ഷിർട്ടിൽ കൈ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് വീണ് കെട്ടിപിടിച്ചു കരഞ്ഞു. അവന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.
അരവിന്ദ് അവളുടെ നെറുകയിൽ ചുണ്ട് ചേർത്ത് ചുംബിച്ചു. അങ്ങനെ തന്നെ കുറച്ച് നേരം നിന്നു.
പരിസരം മോശമായതിനാൽ അവൾ വേഗം തന്നെ അവനിൽ നിന്ന് വിട്ടു മാറി കണ്ണ് തുടച്ചു.
അവരുടെ കണ്ണുകൾ പക്ഷെ ഒരായിരം പരിഭവങ്ങൾ തമ്മിൽ പറഞ്ഞുകൊണ്ടേ ഇരുന്നു.
*********************
അൽപ സമയം എടുത്തു രണ്ടുപേർക്കും ആ പ്രൊപ്പോസലിന്റെ ഹാങ്ങോവർ മാറാൻ.
അസ്തമയ സൂര്യനെയും കണ്ട് അരവിന്ദിന്റെ തോളിൽ ചാരി ഇരുന്നു ഐസ് ക്രീം നുണഞ്ഞുകൊണ്ട് അവർ തമ്മിൽ കണ്ടുമുട്ടിയത് മുതൽ ഇങ്ങോട്ട് ഉണ്ടായ എല്ലാ സംഭവവികാസങ്ങളും തമ്മിൽ പങ്കുവെച്ചു ചിരിച്ചു.
“അല്ല മോളെ അപ്പൊ എങ്ങനാ? നാളെ അച്ഛൻ കൊണ്ട്വരുന്നവനെ കെട്ടി നീ അങ്ങ് സെറ്റിൽ ആവാൻ തന്നെയാണോ പ്ലാൻ?”
നയന കൈ ചുരുട്ടി അരവിന്ദിന്റെ വയറിൽ ആഞ്ഞു കുത്തി.
“ആഹ്ഹ….ഭാവി ഭർത്താവിനെ ഇങ്ങനെ ഇടിക്കല്ലേ പെണ്ണെ ശാപം കിട്ടും.”
“അയ്യോ… ഒരു ഭാവി ഭർത്താവ്.. എനിക്ക് ഒറപ്പ് ആണ് ഞാൻ ഇന്ന് ഇത് പറഞ്ഞില്ലാരുന്നേൽ നിങ്ങൾ ഇത് ഒരിക്കലും എന്നോട് പറയാൻ പോണില്ല. അവസാനം ഞാൻ നാളെ വരണ കൊന്തനേം കെട്ടി ജീവിക്കേണ്ടി വന്നേനെ.”
അവൾ ദേഷ്യം അഭിനയിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ ഇത് പറയണം എന്ന് കരുതി തന്നെ ആണ് ഇരുന്നത്. ഇനി ഒരുപക്ഷെ നിനക്ക് അങ്ങനെ ഒന്നും മനസ്സിൽ ഇല്ലായിരുന്നു എങ്കിൽ പിന്നെ നീ എന്നിൽ നിന്ന് അകന്നാലോ എന്നോർത്ത് പറയാഞ്ഞതാ.”
“ഇനി കൂടുതൽ പറഞ്ഞു ബോർ ആക്കണ്ട മരിയാദയ്ക്ക് നാളെ വന്ന് എന്നെ പെണ്ണ് ചോദിച്ചോണം.” അവൾ ചിരിച്ചു.
“അത് പിന്നെ പറയാനുണ്ടോ… പക്ഷേ ഇത് കുറച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആയിപോയി. ഇന്ന് പ്രൊപോസിംഗ് നാളെ പെണ്ണ് ചോദിക്കൽ”
അവളുടെ നുണക്കുഴിയിൽ വിരൽ കൊണ്ട് കുത്തി അവൻ പറഞ്ഞു.
“എടോ എടോ അരവിന്ദൻ തെണ്ടി എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. താൻ ഇന്ന് പറയും നാളെ പറയും എന്ന് കരുതി ഞാൻ ഇരിക്കാൻ തുടങ്ങിട്ട് എത്ര നാൾ ആയെന്ന് അറിയുവോ തനിക്ക്.”
“ഓഹോ… എന്ന പിന്നെ നിനക്ക് എന്നെ അങ്ങ് വളച്ചെടുത്തുടാരുന്നോ. അല്ല ഞാൻ തന്നെ പറയണം എന്ന് എന്താ നിർബന്ധം, നിനക്ക് അങ്ങ് പറഞ്ഞൂടാരുന്നോ എന്നോട്. ഇതിപ്പോ പ്രേമിച്ചു നടക്കേണ്ട എത്ര സമയം ആണ് ഈ മറൈൻ ഡ്രൈവിൽ വെറുതെ വെയില് കളഞ്ഞത് ശ്ശെ…”
“എനിക്ക് നാണം ആരുന്നു… പിന്നെ ഇയാൾ തേക്ക് മരത്തിനു കാറ്റ്‌പിടിച്ച പോലെ ഒരു കുലുക്കോം ഇല്ലാണ്ട് നിന്നപ്പഴാ എനിക്ക് മനസ്സിലായത് ഞാനായിട്ട് മുൻകൈ എടുത്തില്ലേൽ ഇയാൾ എന്റെ കല്യാണത്തിന് വന്ന് സദ്യ ഉണ്ട് പോവത്തെ ഉള്ളു എന്ന്. അതോണ്ടാ ഞാൻ ഇന്ന് തന്നെ കാണണം എന്ന് പറഞ്ഞത്.” നയന പറഞ്ഞത് കേട്ട് അരവിന്ദ് അവളുടെ കൈ മുറുകെ കോർത്ത് പിടിച്ചു.
“സോറി… പറയണം എന്ന് പലവട്ടം കരുതിയതാ.. പക്ഷേ ഒരു നോ പറഞ്ഞ് നീ പോയാൽ അത് താങ്ങാൻ തക്ക മനക്കട്ടി ഒന്നും എനിക്ക് ഇല്ല. കുറച്ചുനാൾ കഴിഞ്ഞ് ഓക്കേ ആയാലും നിന്റെ ഫ്രണ്ട്ഷിപ്പ് നഷ്ടപ്പെടുന്നത് എനിക്ക് അപ്പോഴും ഓർക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ടാണ്. ഒത്തിരി കോംപ്ലക്സ് ഒക്കെ ഉള്ളൊരു സാധാരണ നാട്ടിൻപുറത്തുകാരൻ ആണ് ഞാൻ. ഒരുപക്ഷേ ഞാൻ വളർന്നു വന്ന സാഹചര്യങ്ങൾ ആവാം. നീ ഇനി വന്നിട്ട് വേണം എല്ലാം ഒന്നെന്നു തുടങ്ങാൻ.” അരവിന്ദ് പറഞ്ഞത് കേട്ട് നയന അവന്റെ തോളിലേക്ക് ഒന്നുടെ ചാരി ഇരുന്നു.
“അല്ല അമ്മ സമ്മതിക്കുവോ?”
“സമ്മതിക്കാതെ ഇരിക്കാൻ വഴി ഇല്ല, അമ്മക്ക് നിന്നെ വല്യ കാര്യം ആണ് പിന്നെ ഞാൻ എങ്ങനേലും ഒരുത്തിയെ കെട്ടണം എന്നാണ് അമ്മയുടെ ആഗ്രഹം. എന്തായാലും ഇന്ന് തന്നെ പോയി സംസാരിക്കണം.”
“മം.. എന്നെ അല്ലാതെ ഇനി വേറെ ആരെയെങ്കിലും കെട്ടാൻ നോക്കിയ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും പറഞ്ഞേക്കാം.”
“ദൈവമേ ഇങ്ങനൊരു ഗുണ്ടിയെ ആണല്ലോ നീ എനിക്ക് പ്രേമിക്കാൻ തന്നത്.” അവൻ മേലോട്ട് നോക്കി കൈ രണ്ടും കൂപ്പിക്കൊണ്ട് പറഞ്ഞു.
“ആഹ് അത് ഓർമ്മവേണം എപ്പഴും.” അവൾ മീശ പിരിക്കുംപോലെ ആക്ഷൻ കാണിച്ചുകൊണ്ട് പറഞ്ഞു.
“സമയം കൊറേ ആയി പോകണ്ടേ? ഇനി ചെന്നിട്ടു വേണം ഫുൾ പ്ലാൻ ചെയ്യാൻ. അമ്മയെ കൊണ്ട് സമ്മതിപ്പിക്കാനും നിന്റെ അച്ഛനോട് പറയാനുള്ളത് പ്ലാൻ ചെയ്യാനും ഒക്കെ ഇന്നൊരു രാത്രിയെ ടൈം ഉള്ളു.”
“മം.. ശെരിയാ. എന്നാ എന്നെ ആ ബസ് സ്റ്റോപ്പിൽ ഇറക്കുവോ?” അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു.
“ബസ് സ്റ്റോപ്പിൽ ഒക്കെ ഇറക്കാം. പക്ഷേ ഏത് ബസ് സ്റ്റോപ്പ് എന്ന് ഞാൻ തീരുമാനിക്കും. വാ വന്ന് വണ്ടിയിൽ കേറാൻ നോക്ക്. ആഹ് പിന്നെ വലത് കാൽ വെച്ച് തന്നെ കേറിക്കോ”
“അയ്യട.. ആദ്യം പോയി എല്ലാം പറഞ്ഞു റെഡി ആക്കാൻ നോക്ക്. എന്നിട്ട് മതി വലത് കാൽ ഒക്കെ”
നയന കേറിയതും അരവിന്ദ് വണ്ടി മുന്നോട്ട് എടുത്തു. വഴി നീളെ അവർ ഓരോ കാര്യങ്ങൾ പ്ലാൻ ചെയ്തോണ്ട് ഇരുന്നു. അവളുടെ വീടിന്റെ ഒരു സ്റ്റോപ്പ് മുന്നിൽ അവൻ അവളെ ഇറക്കി.
“അപ്പൊ പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ അല്ലേ. നാളെ ഉച്ച കഴിഞ്ഞാണ് അവർ വരുന്നത് അതിനു മുന്നേ തന്നെ വന്ന് എല്ലാം പറഞ്ഞു ശെരിയാക്കാൻ നോക്കിക്കോ ഇല്ലേ ഞാൻ പെട്ടീം കെടക്കേം ഒക്കെ എടുത്തു അങ്ങ് വരും.”
“പൊന്നുമോളെ എന്നെ കൊലയ്ക്കു കൊടുക്കരുത്. നാളെ രാവിലെ തന്നെ എത്താൻ നോക്കാം പോരെ?”
“നോക്കിയാൽ പോരാ… വരണം.”
“ഹ വരാടി പുല്ലേ. ഇങ്ങനെ ഉണ്ടോ കച്ചറ…
ആഹ് പിന്നെ എന്തായാലും ഇത്രേം ആയില്ലേ. നീ വേഗം ചേട്ടന് ഒരുമ്മ തന്നേ.” അരവിന്ദ് അവൾക്ക് നേരെ കവിൾ നീട്ടികൊണ്ട് പറഞ്ഞു.
“പൊക്കോണം അവിടുന്ന്… ഉമ്മേം ഇല്ല ബാപ്പേം ഇല്ല ആദ്യം മോൻ പോയി ഇത് നടത്താൻ ഉള്ള വഴി നോക്ക്. അങ്ങനാണേൽ ഈ നയനേച്ചി ഒരു കൈ നോക്കാം.”
“മം…. ശെരി… അപ്പൊ ഉമ്മയില്ല… ആയിക്കോട്ടെ. എന്നാ പിന്നെ ഇത് നടത്തിട്ടു തന്നെ ബാക്കി കാര്യം.”
രണ്ടുപേരും മനസ്സ് നിറഞ്ഞു ചിരിച്ചു.
അവളെ ബസ്സിൽ കേറ്റി വിട്ടശേഷം ആണ് അരവിന്ദ് പോയത്.
അവന് മുന്നിൽ ഉള്ള അടുത്ത കടമ്പ ഒറ്റ രാത്രി കൊണ്ട് അമ്മയെ പറഞ്ഞു കൺവീനസ് ചെയ്യിക്കുക എന്നത് ആയിരുന്നു.
****************************
അരവിന്ദിന്റെ മനസ്സ് ശാന്തമായിരുന്നു. ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടന്ന ഭാരം ഒന്നിറക്കി വെച്ച പോലെ തോന്നി. അവൾ പറഞ്ഞത് ശെരിയാണ് ഒരുപക്ഷെ അവൾ മുൻകൈ എടുത്ത് ഇത് പറഞ്ഞില്ലായിരുന്നു എങ്കിൽ എല്ലാം കൈവിട്ടു പോയേനെ. അവന് അവനോടു തന്നെ പുച്ഛം തോന്നി.
വീട് എത്താറായതും എന്തെന്നില്ലാത്ത ഒരു ഭയം അവന് തോന്നി.
“ഒരു പക്ഷെ അമ്മ സമ്മതിച്ചില്ലെങ്കിലോ… എയ് അങ്ങനെ ഒരിക്കലും ഉണ്ടാവില്ല.” അവൻ സ്വയം ആശ്വസിച്ചു.
ഗേറ്റ് കടക്കുമ്പോഴേ അവൻ കണ്ടു സിറ്റ് ഔട്ടിൽ തൂണിൽ ചാരി ഇരിക്കുന്ന അമ്മയും അമ്മയുടെ മടിയിൽ കിടന്നു എന്തോ വായിക്കുന്ന ആമിയും. “ദൈവമേ ആമി ഉള്ളപ്പോ പറഞ്ഞാൽ ഇനി അവൾ ബഹളം ഉണ്ടാക്കുവോ..ഈശ്വരാ കാത്തോണേ.”
അവൻ ബൈക്ക് പാർക്ക് ചെയ്തു ഒന്നും മിണ്ടാതെ അകത്തേക്ക് കേറാൻ ഒരുങ്ങി, അപ്പോഴേക്കും ആമി ചാടി വീണു.
“ഏട്ടാ നമക്ക് ടൗണിൽ പോവാം എനിക്ക് ഇപ്പൊ ബിരിയാണി തിന്നാൻ തോന്നുന്നു.”
“പിന്നെ പാതിരാത്രി അല്ലേ ബിരിയാണി. നിനക്ക് എന്നാ ഫോൺ വിളിച്ചു പറഞ്ഞൂടെ അങ്ങനാണേൽ ഞാൻ വരുമ്പോൾ വാങ്ങി വരില്ലേ.”
“പ്ലീസ് പ്ലീസ് പ്ലീസ്.. ഏട്ടാ ഞാൻ അത് മറന്നു പോയി.”
“നാളെ പോവാം ഇന്ന് വയ്യ ക്ഷീണം.”
“ഓ ഒരു ക്ഷീണക്കാരൻ. എന്നാ നാളെ പോവാം മോളെ ഇന്ന് വല്യമ്മ ഇവിടെ നല്ല മീൻ കറി ചോർ ഒക്കെ വെച്ചിട്ടുണ്ട്. അത് അപ്പൊ വേസ്റ്റ് ആവില്ലേ. നാളെ വല്യമ്മ ഒന്നും ഉണ്ടാക്കുന്നില്ല. നാളെ നമക്ക് ബിരിയാണി കഴിക്കാൻ പോവാം പോരെ?”
ആമിയുടെ മുഖം അത് കേട്ടതും വിടർന്നു.
“ബിരിയാണിന്ന് കേട്ടപ്പഴേ അവൾടെ കിളി പോയി. നിക്കണ കണ്ടില്ലേ കഴുത”
“ഓ.. ” അവൾ ചുണ്ട് കോട്ടി അകത്തേക്ക് പോയി. പിന്നാലെ അമ്മയും ഞാനും.
*************
കുളിക്കുമ്പോഴും ഇത് എങ്ങനെ അവതരിപ്പിക്കും എന്നായിരുന്നു എന്റെ ചിന്ത. അവസാനം വരണത് വരട്ടെ എന്ന് തീരുമാനിച്ചു കുളി കഴിഞ്ഞു ഇറങ്ങി.
“ഡോ തന്നോട് ഫോണിൽ കുത്തി കളിക്കാതെ വന്ന് ചോറ് കഴിക്കാൻ പറഞ്ഞു വല്യമ്മ.” ഞാൻ ഫോൺ എടുക്കാൻ തുടങ്ങിയതും ആമി എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ഇവൾ ഇനി വല്ല ചാത്തനോ മറുതായോ വല്ലോം ആണോ ഈ വീട്ടിൽ ഒരു കാര്യം ഇവളെ ഒളിച്ചു ചെയ്യാൻ പറ്റില്ല.
“ഹ വരുന്നു..നീ കെടന്നു ബഹളം വെക്കണ്ട. അങ്ങോട്ട് ചെല്ല് ഞാനിപ്പം വരാം.”
“തന്നേം കൂട്ടി വരാനാ വല്യമ്മ പറഞ്ഞത്.”
“ഓ ഒരു വല്യമ്മയും മോളും വന്നേക്കുന്നു.”
പെട്ടെന്നാണ് എനിക്ക് ആ ഐഡിയ തോന്നിയത്. കാര്യം ഇവൾ മഹാ പാര ആണെങ്കിലും ഇടക്കൊക്കെ എന്നെ തല്ലുകൊള്ളിക്കാതെ ഇവൾ രക്ഷപെടുത്താറുണ്ട്. എന്റെ സിഗരറ്റ് വലിയുടെ കാര്യം ഇവൾ ഒന്ന് പൊക്കിയത് ആണ്. അന്ന് എന്നെ വാണിംഗ് തന്ന് വിട്ടയച്ചു അമ്മയോട് ഇതുവരെ പറഞ്ഞുകൊടുത്തില്ല. പക്ഷേ ഇനി കണ്ടാൽ ഉറപ്പായും പറയും എന്ന ശക്തമായ താക്കീത് അന്നേ എനിക്ക് കിട്ടിയത് ആണ്. അങ്ങനാണേൽ ഇവളെ ചാക്കിട്ട് പിടിച്ചാൽ അമ്മയെ പെട്ടെന്ന് വളക്കാം.
ഞാൻ ഓരോന്ന് മനസ്സിൽ കണക്ക് കൂട്ടി നോക്കി.
അമ്മ എന്തായാലും സമ്മതിക്കും എന്നെനിക്ക് ഉറപ്പാണ് പക്ഷേ എന്തെന്നില്ലാത്ത ഒരു ഭയം എനിക്ക് ഉണ്ടായിരുന്നു.
“ഇയാൾ ഇതെന്താ നിന്ന് സ്വപ്നം കാണണേ വരുന്നുണ്ടോ അതോ വല്യമ്മ വന്നാലേ വരൂ എന്നുണ്ടോ?” അവൾ പുരികം ഇളക്കി കൊണ്ട് ചോദിച്ചു.
“നീ ഇങ് വന്നേ, ഒരു കാര്യം പറയാനുണ്ട്.” ഞാൻ അവിടെ കിടന്ന കസേര എടുത്ത് അതിൽ കയറി ഇരുന്നു.
“മം..? എന്താ..? എന്നെ പറ്റിക്കാൻ അല്ലേ..?”
അവൾ എന്തോ പന്തികേട് ഉള്ളപോലെ അവിടെ തന്നെ നിന്ന് പരുങ്ങി.
“പറ്റിക്കാൻ ഒന്നുമല്ല സീരിയസ് ആണ്.”
ഞാൻ അല്പം ഗൗരവത്തിൽ പറഞ്ഞു. പിന്നെ അവൾ അധികം ഒന്നും സംസാരിക്കാതെ തന്നെ എന്റെ കട്ടിലിൽ കേറി ഇരുന്നു.
“എന്താ പറ..” എന്റെ മുഖഭാവം കണ്ടിട്ടാവണം അവളും സീരിയസ് ആയി.
ഞാൻ ഒരു നിമിഷം അവളുടെ മുഖത്ത് തന്നെ നോക്കി.
“അതെ നീ കാര്യം കേട്ട ഒടനെ കിടന്നു ബഹളം ഉണ്ടാക്കരുത്. പിന്നെ ഒച്ച ഉണ്ടാക്കി പോയി അമ്മയോട് പറയേം ചെയ്യരുത് സമ്മതിച്ചോ.? ”
“ഓ.. ഒന്ന് പറയുന്നുണ്ടോ. ഞാൻ ആരോടും പറയില്ല പോരെ. പറ.” അവളുടെ കണ്ണ് രണ്ടും ക്യൂരിയോസിറ്റി കൊണ്ട് തള്ളി പുറത്തേക്കു വന്നു.
“അതെ നയനയെ പറ്റി എന്താ നിന്റെ അഭിപ്രായം.?” ഞാൻ ഒരു തുടക്കം എന്നോണം പതിയെ ചോദിച്ചു.
“നയനയോ..? ഏത് നയന..? ഓ…നമ്മടെ നയനെച്ചിയോ?”
“എന്റെ പൊന്നെ ഒന്ന് പതുക്കെ പറ..” ഞാൻ കൈ കൂപ്പി.
“അയ്യോ സോറി സോറി.. നമ്മടെ നയനെച്ചി ആണോ?”
“ആ അത് തന്നെ. എന്താ അഭിപ്രായം നിന്റെ?”
“ചേച്ചി സൂപ്പർ അല്ലേ.. എന്നെ വല്യ കാര്യം ആണ്. അന്ന് പനി പിടിച്ചു കെടന്നപ്പോ ചേച്ചി വന്നില്ലേ ഹോസ്പിറ്റലിൽ. അന്ന് ചേച്ചി ആണ് എന്നെ ഫുൾ നോക്കിയത് ഒക്കെ. ഭയങ്കര കമ്പനി ആണ് സമയം പോണതെ അറിയില്ല.” അവൾ വാ തോരാതെ നയനയെ പുകഴ്ത്തി കൊണ്ടേ ഇരുന്നു. അത് കേക്കും തോറും എനിക്ക് ഒരു കാര്യം ഉറപ്പായി ആരൊക്കെ കൂടെ നിന്നില്ലേലും ആമി എന്റെ കൂടെ തന്നെ നിക്കും.
“അല്ല… ഇതെന്താ ഇപ്പൊ ചോദിക്കാൻ?” അവൾ പെട്ടന്ന് പറഞ്ഞു നിർത്തിട്ട് എന്നെ സംശയ ദൃഷ്ടിയോടെ കണ്ണ് കൂർപ്പിച്ചു ഒന്ന് നോക്കി.
“ഈൗ…” ഞാൻ ഒന്ന് നല്ലോണം ഇളിച്ചുകൊടുത്തു…
“ഏഹ്ഹ്…. എന്താണ് ലൈൻ ആണാ..? സത്യം പറഞ്ഞോ ഇല്ലേ ഞാൻ ഇപ്പൊ വിളിച്ചു കൂവും.” ആമി ചാടി എഴുനേറ്റ് കട്ടിലിൽ കേറി നിന്ന് എന്നെ തന്നെ നോക്കി.
അവളുടെ മുഖം കണ്ടാൽ അറിയാം ഉള്ളിൽ നല്ല സന്തോഷം ഉണ്ടെന്ന്.
“എന്റെ പൊന്നുമോൾ അല്ലേ, നാളെ വരുമ്പോൾ ഞാൻ എന്തായാലും ബിരിയാണി വാങ്ങി തരാം. നീ എന്നെ ഒന്ന് സഹായിക്കണം അമ്മയോട് പറയാൻ.”
“നടക്കുല്ല മോനേ… ഇത് ഒരു ബിരിയാണിയിൽ ഒതുങ്ങുന്ന കേസ് അല്ല. എനിക്ക് വേറേം കൊറേ കാര്യങ്ങൾ വേണം. പറ്റുവോ?”
“നിനക്ക് എന്ത് വേണേലും തരാം എന്റെ കൂടെ ഒന്ന് നിന്ന് തന്നാ മതി. അമ്മക്ക് എതിർപ്പ് ഉണ്ടാവാൻ ചാൻസ് ഇല്ല എന്നാലും ഇൻ കേസ് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നീ എന്റെ കൂടെ നിക്കണം കേട്ടാ. ചതിക്കല്ലേ. പ്ലീസ്…” ഞാൻ തൊഴുതു പറഞ്ഞു.
“മം… അതൊക്കെ ഞാൻ ഏറ്റു. അത് ഇയാളോട് ഉള്ള സ്നേഹം കൊണ്ടൊന്നും അല്ല, എനിക്ക് ആ ചേച്ചിയെ നല്ല ഇഷ്ടായി. ചേച്ചി ഇവിടെ വന്നാ പിന്നെ എനിക്ക് ഒരു കൂട്ട് ആയില്ലേ. അതോണ്ട് മാത്രം ആണ് കേട്ടാ മണ്ടുസേ.”
മനസ്സിൽ വന്ന തർക്കുത്തരങ്ങൾ ഒക്കെ ഞാൻ അപ്പാടെ വിഴുങ്ങിയിട്ട് ആമിയെ നോക്കി ചിരിച്ചു. കാരണം എന്തെങ്കിലും സംഭവിച്ചാൽ ഇവൾ ആണ് എന്റെ തുറുപ്പ് ചീട്ട്. ഈ വീട്ടിൽ എന്നേക്കാൾ ഹോൾഡ് ഉള്ള കക്ഷി ഇവൾ മാത്രം ആണ്.
“അല്ല ഈ കാര്യം ആ ചേച്ചിക്ക് അറിയുവോ?” ആമിക്ക് വീണ്ടും സംശയം.
“അറിയാണ്ട് പിന്നെ… അവൾ ആണ് എന്നെ പ്രൊപ്പോസ് ചെയ്തത്. നീ എന്നെ കുറിച്ച് എന്താ കരുതിയത്.”
“ഉണ്ട… ഇങ്ങനെ പുളു അടിക്കല്ലേ. നയനേച്ചി എന്തായാലും അത്ര മണ്ടി ഒന്നും അല്ല.”
“ഉവ്വ.. എന്താടി എനിക്കൊരു കുറവ്. എന്റെ ലുക് കണ്ടു അവൾ വീണു അത്ര തന്നെ.”
“പിന്നേ… ലുക്കെ.. മരിയാദക്ക് പറഞ്ഞോ കാര്യങ്ങൾ എന്നിട്ട് വേണം എനിക്ക് ചില കാര്യങ്ങൾ തീരുമാനിക്കാൻ.”
“എന്റെ പൊന്നോ പറയാം ആദ്യം നീ ആ കട്ടിലെന്നു ഇങ് ഇറങ്ങു.”
ആമി കട്ടിലിൽ നിന്ന് ഇറങ്ങി മേശമേൽ കേറി കഥ കേൾക്കാൻ റെഡി ആയി ഇരുന്നു.
പിന്നെ ഞാൻ ഒട്ടും താമസിപ്പിച്ചില്ല. അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ടത് മുതൽ ഇങ്ങോട്ട് വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു. ഇതെല്ലാം കേട്ട് അവൾ വാ പൊളിച്ചു ഇരുന്നു.
“ദുഷ്ടാ.. ഇത്ര ഒക്കെ ഉണ്ടായിട്ടും എന്നോട് ഒരു വാക്ക് പറഞ്ഞോ എന്നിട്ട് ഇപ്പൊ വല്യമ്മയെ സോപ് ഇടാൻ ഞാൻ വേണം അല്ലേ.” അവൾ മേശയിൽ നിന്ന് ചാടി ഇറങ്ങി എന്നെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.
“എടി എടി ഞാൻ പറയട്ടെ. ഞാൻ അറിഞ്ഞോ നിനക്ക് അവളെ ഇഷ്ടം ആണെന്ന്. അത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇത് പണ്ടേ പറഞ്ഞേനെ നിന്നോട് സത്യം…”
“വേണ്ട വേണ്ട ഇനി താൻ ഒന്നും പറയണ്ട…” അവൾ എന്റെ മുടി പിടിച്ചു വലിച്ചു കുടഞ്ഞു.
“ആഹ്ഹ് എടി ദ്രോഹീ…”
“എന്തോന്നാ പിള്ളേരെ ഇത്. കണ്ണ് തെറ്റിയ രണ്ടും കൂടി അടിയാണല്ലോ. ചോറ് വിളമ്പി വെച്ച് എത്രനേരം കാത്ത് ഇരിക്കണം രണ്ടിനേം. പൊയ്‌ക്കെ അങ്ങോട്ട് പോയി എടുത്തു കഴിക്കാൻ നോക്ക് എന്നിട്ടാവാം ബാക്കി അടി.”
അമ്മയുടെ രംഗപ്രവേശം കണ്ട് ഞങ്ങൾ രണ്ടും ഞെട്ടി. ദൈവമേ എല്ലാം കേട്ടു കാണുവോ.. എയ്..
പിന്നെ ഞങ്ങൾ അധികം അവിടെ നിന്നില്ല നേരെ പോയി ഡൈനിങ്ങ് ടേബിൾ കയ്യടക്കി. അമ്മയും വന്നു ഞങ്ങളുടെ കൂടെ ഇരുന്നു. എല്ലാരും കഴിക്കാൻ തുടങ്ങി.
അമ്മയോട് പറയാൻ ഞാൻ ആമിയോട് കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു. ഒരു തുടക്കം കിട്ടാതെ കേറി പറഞ്ഞു കുളമാക്കണ്ട എന്ന് കരുതി.
“വല്യമ്മേ… ഈ ആഴ്ച ഏട്ടന് പെണ്ണുകാണൽ ഒന്നൂല്ലേ?”
“ഈ ആഴ്ചത്തെ കാര്യം ഒന്നും ബ്രോക്കർ പറഞ്ഞില്ല മോളെ. അതെങ്ങനാ ഇവനും കൂടി ഒരു ബോധം വേണ്ടേ. ഇത് ഞാൻ ഇങ്ങനെ വഴിപാട് നേരുന്ന പോലെ പറഞ്ഞോണ്ട് ഇരിക്കുന്നു എന്നല്ലാതെ ഇവന് ഒരു കുലക്കോം ഇല്ല.”
“ആര് പറഞ്ഞു. അമ്മ പറഞ്ഞ എല്ലാ പെണ്ണിനേം ഞാൻ പോയി കണ്ടില്ലേ? ശെരിയാവാത്തത് എന്റെ കുഴപ്പം ആണോ?”
“ആ…എനിക്കറിഞ്ഞൂട.. എനിക്ക് വയ്യ ഇനി നിന്നേം എഴുന്നള്ളിച്ചു നടക്കാൻ.”
“വല്യമ്മേ നമ്മക്കെ മറ്റേ നയന ചേച്ചിയെ ഏട്ടന് വേണ്ടി നോക്കിയാലോ ഒന്ന്?”
ആമിയുടെ ഇടിവെട്ട് ചോദ്യത്തിൽ ഞാൻ ഒന്ന് നടുങ്ങി. യവള് ഞാൻ വിചാരിച്ച പോലെ അല്ല അതുക്കും മേലെ ആണ്. ഇത്ര സ്പീഡിൽ ഇങ്ങനെ ചോദിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും ഓർത്തില്ല.
“എയ്… അതൊന്നും വേണ്ട. ആ പെണ്ണ് ഒരു മരംകേറിയാണ്.” ഞാൻ ഇടയിൽ കേറി പറഞ്ഞു. അങ്ങനെ നമ്മൾ പെട്ടന്ന് സമ്മതിച്ചു കൊടുക്കരുതല്ലോ. ഒരു വെയിറ്റ് ഒക്കെ ഇടണ്ടേ.
ആമി എന്നെ കടുപ്പിച്ചൊന്ന് നോക്കി. ഞാൻ അവളെ നോക്കി കണ്ണടച്ചു കാണിച്ചു. അവൾക്ക് കാര്യം മനസ്സിലായി.
“ഓ പിന്നേ ഏട്ടന്റെ സ്വഭാവത്തിന് പറ്റിയ പെണ്ണാണ് എന്തായാലും. ഇയാളും വല്യ മോശം ഒന്നും അല്ലല്ലോ.
വല്യമ്മ പറ. ആ ചേച്ചിയെ ആലോചിച്ചുടെ ഏട്ടന് വേണ്ടി?”
“മം.. എനിക്കും ഇഷ്ടാണ് ആ കുട്ടിയെ. ഇവൻ പറയണ പോലെ ഒന്നുല്ല. നല്ല പെരുമാറ്റം ആണ്, നല്ല കാര്യപ്രാപ്തിയും ഉണ്ട്.” അമ്മയുടെ മുഖം ഒന്ന് തെളിഞ്ഞു. എന്നെ നോക്കി.
“ആ കുട്ടിക്ക് എന്താടാ ഒരു കുഴപ്പം? നോക്കിയാലോ നമുക്ക്? നിനക്ക് ഇഷ്ടമില്ലേൽ വേണ്ട എനിക്ക് എന്തായാലും ഇഷ്ടാണ്. എന്നാലും ഞാൻ ആ കുട്ടീടെ കാര്യം അങ്ങ് മറന്നുപോയി അല്ലാരുന്നേ അന്ന് കണ്ടപ്പോ തന്നെ ചോദിക്കരുന്നു.”
“ആഹ്..അമ്മ എന്താന്ന് വെച്ചാ ചെയ്യ്. ഇനി ഞാൻ ആയിട്ട് പ്രശ്നം ഒന്നും ഉണ്ടാക്കണില്ല.” ഞാൻ അലസമായി അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
ആമി എന്റെ അഭിനയം കണ്ട് വാ പൊളിച്ചു.
“നീ അങ്ങനെ ബുദ്ധിമുട്ടി ഒന്നും സമ്മതിക്കണ്ട, താല്പര്യം ഒണ്ടേൽ മതി.” അമ്മയുടെ ആ ഡയലോഗ് കേട്ട് എനിക്ക് ഒരു അങ്കലാപ്പ് ഉണ്ടായി. ഞാൻ ഇനിയും വെയിറ്റ് ഇടാൻ നിന്നാൽ ചെലപ്പോ കാര്യങ്ങൾ കൈ വിട്ട് പോകും എന്ന് തോന്നി.
“അങ്ങനെ അല്ല അമ്മേ. എനിക്ക് കുഴപ്പൊന്നും ഇല്ല. നിങ്ങൾക്ക് ഒക്കെ ഇഷ്ടം ആണേൽ പിന്നേ എനിക്കെന്തു ഇഷ്ടക്കേട് ഉണ്ടാവാൻ ആണ്.” ഞാൻ ഒരു വിധം പറഞ്ഞു ഒപ്പിച്ചു.
“അപ്പൊ അത് ഫിക്സ്…ഇനി ഒന്നും നോക്കണ്ട വല്യമ്മേ നമക്ക് നാളെ തന്നെ പോയി പെണ്ണ് കാണാം.”
“നാളെയോ? നാളെ ഇവന് ഓഫീസിൽ പോവണ്ടേ?”
“ആഹ് ഞാൻ പറയാൻ മറന്നു, നാളെ എനിക്ക് ലീവ് ആണ്.”
“ലീവോ?? നാളെ എന്ത് ലീവ് ആണ്?” അമ്മയിലെ സംശയ രോഗി ഉണരുന്നത് ഞാൻ കണ്ടു.
“അത്… പിന്നേ…. ആഹ്.. നാളെ എന്റെ ഡിപ്പാർട്മെന്റിൽ ഉള്ളവരൊക്കെ ടൂർ പോകുവാ ഇടുക്കി മൂന്നാർ ഒക്കെ. ഞാൻ അവിടെ കുറെ തവണ പോയതല്ലേ അതോണ്ട് ഞാൻ വരണില്ലന്ന് പറഞ്ഞു.”
“മം… അങ്ങനാണേൽ നാളെ പോകാം. എന്താ നിന്റെ അഭിപ്രായം. ഇനി നാളെ പോകാൻ നേരം ആ പന്തും ഉരുട്ടി ഇറങ്ങുവോ?”
“എയ് ഞാൻ അതൊക്കെ പണ്ടേ വിട്ടില്ലേ.”
“ഉവ്വ ഉവ്വ..ആഹ് പിന്നേ നേരെ ചൊവ്വെ വരാൻ പാറ്റുവാണേൽ വന്നാ മതി. ഈ താടി ഒക്കെ വെട്ടി ഒതുക്കാൻ നോക്ക്. നിന്ന ഒരു മനുഷ്യകോലത്തിൽ ആ പെണ്ണ് കണ്ടോട്ടെ. സത്യം പറഞ്ഞാൽ എനിക്ക് ഇത് വല്യ പ്രതീക്ഷ ഒന്നുല്ല. പിന്നെ ആ കുട്ടി ആയോണ്ട് ആണ്, ശെരിക്കും നല്ല തങ്കം പോലത്തെ സ്വഭാവം ആണ്.”
“ശെരിയാ. ഇനി ഏട്ടന്റെ കൂടെ കൂടി മോശവാതെ ഇരുന്നാൽ മതി.” ആമി എന്നെ നോക്കി ഇളിച്ചു.
“പോടീ…”
“നീ പോടാ…”
“ആ മതി മതി ഇനി അതിന് അടി കൂടാൻ നിക്കണ്ട. കഴിച്ചു കഴിഞ്ഞില്ലേ എഴുനേറ്റു പോ രണ്ടും.
നാളെ അപ്പൊ ഒരു 10 മണി ആവുമ്പോൾ പോവാം അല്ലേ.”
“ആ 10 എങ്കിൽ 10 അമ്മ പറയണ പോലെ.”
“അല്ല ആ കുട്ടിക്ക് കല്യാണം വല്ലതും ഉറപ്പിച്ചിട്ടുണ്ടെങ്കിലോ?”
“എയ് അതൊന്നും ഇല്ല.” പറഞ്ഞു കഴിഞ്ഞാണ് ഞാൻ അബദ്ധം മനസ്സിലാക്കിയത്.
“ഏഹ്ഹ് അത് നിനക്ക് എങ്ങനെ അറിയാം?”
“അ.. അല്ല.. അന്ന് വീട്ടിൽ കൊണ്ടാക്കാൻ പോയപ്പോൾ ഞാൻ ആ പെണ്ണിന്റെ അച്ഛനോട് സംസാരിക്കുന്ന കൂട്ടത്തിൽ പുള്ളി പറഞ്ഞാരുന്നു ഒന്നും ആയില്ലെന്ന്.” ഞാൻ ഒന്ന് പരുങ്ങി.
“ഹ അത് എപ്പഴാ.. അതൊക്കെ കഴിഞ്ഞിട്ട് എത്ര നാളായി. അതിനിടയിൽ ഏതെങ്കിലും ഉറപ്പിച്ചിട്ടുണ്ടെങ്കിലോ?”
“അതൊന്നും സാരമില്ല വല്യമ്മേ. എന്തായാലും നാളെ പോയി നോക്കാം. പെണ്ണ് കാണാൻ വന്നത് ആണെന്ന് ആദ്യമേ പറയണ്ട. വല്യമ്മ അന്ന് നമ്മൾ കല്യാണത്തിന് പോയ വീട്ടിൽ പോയ വഴി വന്നത് ആണെന്ന് പറഞ്ഞാൽ മതി. എല്ലാം ചോദിച്ചു അറിഞ്ഞു കഴിഞ്ഞ് കുഴപ്പൊന്നും ഇല്ലെങ്കിൽ കാര്യം പറഞ്ഞാൽ മതി.” വീണ്ടും ആമിയുടെ കുരുട്ടു ബുദ്ധി പ്രവർത്തിച്ചു.
“എടി പാറു നീ ആള് കൊള്ളാലോ. എന്തൊക്ക കുരുത്തക്കേട് ആണ് തലക്കുള്ളിൽ.” അമ്മക്ക് അവൾടെ ഐഡിയ കേട്ട് ആശ്ചര്യം തോന്നി. എനിക്ക് അഭിമാനവും ആശ്വാസവും.
“ഇതൊക്കെ എന്ത്… ആമിയുടെ ബുദ്ധികൾ കമ്പനി കാണാൻ ഇരിക്കുന്നതെ ഉള്ളു.”
എല്ലാവരും ചിരിച്ചുകൊണ്ട് തന്നെ എഴുനേറ്റു കൈ കഴുകി.
ഉറങ്ങാനായി വീട്ടിലേക് പോകുന്നതിനു മുന്നേ ആമി വന്നു എന്റെ അരികിൽ.
“എങ്ങനുണ്ടാരുന്നു ആമിമോൾടെ പെർഫോമൻസ്..?”
ഞാൻ അവൾടെ രണ്ട് വശത്തും പിന്നി ഇട്ട മുടിയിൽ പിടിച്ചു അവളെ വട്ടം കറക്കി..
“സമ്മതിച്ചിരിക്കുന്നു. നീ സൂപ്പർ ആണ്. ഇത്ര പെട്ടന്ന് ഇത് നടക്കും എന്ന് ഞാൻ വിചാരിച്ചില്ല. പക്ഷേ എനിക്ക് എന്തോ ഞാൻ അമ്മയെ പറ്റിക്കുവല്ലേ എന്നൊരു തോന്നൽ. ശെരിക്കും ഞാൻ ഉള്ള കാര്യം ഉള്ളത് പോലെ അമ്മയോട് പറഞ്ഞിരുന്നേൽ തന്നെ അമ്മ സമ്മതിച്ചേനെ. ഇല്ലേ? ഇതിപ്പോ എനിക്ക് ഒരു കുറ്റബോധം പോലെ.”
“മം.. അത് ശെരിയാണ്.” ആമി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏട്ടന് വിഷമം ആകുവോ?”
“എന്താടി? നീ പറഞ്ഞോ.”
ഒരു നിമിഷം അവൾ എന്നെ തന്നെ നോക്കി.
“ഏട്ടൻ ശെരിക്കും വല്യമ്മയെ മനസ്സിലാക്കിട്ടില്ല ഇത് വരെ. വല്യമ്മ ഏട്ടനെ വഴക്കിടും എങ്കിലും ഏട്ടന്റെ ഏതെങ്കിലും ആഗ്രഹത്തിന് എതിര് നിന്നിട്ടുണ്ടോ?
അപ്പൊ പിന്നെ ഈ വളച്ചുകെട്ടിന്റെ ആവിശ്യം ഇല്ലായിരുന്നു.”
അവളുടെ ചോദ്യത്തിന് മുന്നിൽ എനിക്ക് ഉത്തരം ഒന്നും തന്നെ ഇല്ലായിരുന്നു.
ശെരിയാണ് എന്റെ ഒരു ആഗ്രഹത്തിനും അമ്മ എതിര് നിന്നിട്ടില്ല. എത്ര വഴക്ക് ഇട്ടാലും എപ്പോഴും എന്നെ സപ്പോർട് ചെയ്യുക മാത്രേ ചെയ്തിട്ടുള്ളു. എനിക്കെന്തോ വലിയൊരു തെറ്റ് ചെയ്തപോലെ തോന്നി. എല്ലാം പോയി ഇപ്പൊ തന്നെ പറഞ്ഞാലോ..?
“ഏട്ടാ.. നാളെ എന്തായാലും ഈ കല്യാണം ഉറപ്പിക്കും. ഒരു കാര്യം ഞാൻ ഏട്ടനോട് പറയാം, കല്യാണത്തിന് മുന്നേ എങ്കിലും ഏട്ടൻ ഇത് അമ്മയോട് തുറന്നു പറയണം. അത് ഏട്ടന്റെ അമ്മയാണ്… എല്ലാ അർത്ഥത്തിലും.”
അവൾ അവസാനം പറഞ്ഞ വരിയുടെ അർത്ഥം എനിക്ക് ഗ്രഹിച്ചെടുക്കാൻ പറ്റിയില്ല.
എന്റെ മറുപടിക്ക് കാത്തു നില്കാതെ അവൾ ഇറങ്ങി വീട്ടിലേക്ക് നടന്നു.
എന്റെ മനസ്സിലും അത് തന്നെ ആയിരുന്നു ചിന്ത സൗകര്യം പോലെ അമ്മയോട് കാര്യങ്ങൾ പറയണം.
അവൾ പോയിട്ടും കുറെ നേരം കൂടി ഞാൻ അവിടെ തന്നെ ഓരോന്ന് ആലോചിച്ചു നിന്നു. പിന്നെ പതുക്കെ വാതിൽ പൂട്ടി റൂമിലേക്കു നടന്നു.
30cookie-checkവേഗം വാ Part 3