“ക്യാപ്റ്റൻ,”
റെജി ജോസ് വീണ്ടും വിളിച്ചു.
“ങ്ഹേ?”
ഞെട്ടിയുണർന്ന് പരിസരത്തേക്ക് വന്ന് പിമ്പിൽ നിന്ന കൂട്ടുകാരെ നോക്കി രാകേഷ്
ചോദിച്ചു.
“എന്താ ഇത്? അവരെന്ത് കരുതും? ആ കുട്ടിയെ ഇങ്ങനെ തുറിച്ച് നോക്കിക്കൊണ്ടിരുന്നാൽ?”
രാകേഷ് മാത്രം കേൾക്കേ വിമൽ മന്ത്രിച്ചു.
“ങ്ഹാ…”
പത്മനാഭൻ തമ്പി പെട്ടെന്ന് പറഞ്ഞു.
“ഇത് ഗായത്രി,”
അയാൾ ആ പെൺകുട്ടിയുടെ തോളിൽ കൈവെച്ചു.
“എൻറെ മോൾ…”
“ഹെലോ,”
രാകേഷ് വിസ്മയം വിട്ടുമാറാതെ പറഞ്ഞു.
“ഹായ്…”
രാകേഷിൻറെ നേരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
പനിനീർപ്പൂക്കളും ക്രിസാന്തിമവും ലൈലാക്കുകളും നിറഞ്ഞ ഉദ്യാനത്തിൽ നിന്ന് ഒരു
കാറ്റുവന്ന് തൻറെ അകതാരിനെ തൊട്ടതുപോലെ തോന്നി രാകേഷിന് അവളുടെ ശബ്ദം കേട്ടപ്പോൾ.
വസന്തം കത്തുന്ന ഒരു മലഞ്ചെരിവിൽ ഗിത്താർ മീട്ടിപ്പാടുന്ന ഒരു ഗായികയെ അയാൾ ഒരു
നിമിഷനേരത്തേക്ക് സങ്കൽപ്പിച്ചു.
പ്രണയത്തിൻറെ സൈക്കഡലിക് വർണ്ണങ്ങൾ സൂര്യവെളിച്ചം പോലെ എനിക്ക് ചുറ്റും നിറയുകയാണ്
നിൻറെ ശബ്ദമിപ്പോൾ ഞാൻ ആദ്യമായി കേൾക്കുമ്പോൾ.
“നിങ്ങൾ ഇവിടെ നിൽക്കാതെ അകത്തേക്ക് വരൂ…”
വിമൽ പെട്ടെന്ന് അവരോട് പറഞ്ഞു.
“ഇന്ന് ഞങ്ങളുടെ റെജിമെൻറ്റിൻറെ ഫൗണ്ടിങ് ഡേയാണ് സാർ …”
എല്ലാവരും അകത്തേക്ക് നടക്കവേ റെജി പറഞ്ഞു.
“അതുകൊണ്ട് ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്…”
പദ്മനാഭൻ തമ്പി അത് കേട്ട് പുഞ്ചിരിച്ചു.
“രാകേഷ്…”
അകത്തേക്ക് നടക്കുന്നതിനിടയിൽ പദ്മനാഭൻ തമ്പി പെട്ടെന്ന് നിന്ന് രാകേഷിനെ നോക്കി.
“നല്ലമലയിൽ രാകേഷും രാകേഷിൻറെ ബറ്റാലിയനും നടത്തിയ ഓപ്പറേഷനും അതിൽ രാജ്യത്തിൻറെ
തീരാത്തതലവേദനയായി മാറിയിരുന്ന നാഗേശ്വർ റെഡ്ഢിയെ വളരെ സമർത്ഥമായി പിടികൂടി
നിയമത്തിനേൽപ്പിച്ചതും ഒരു യക്ഷിക്കഥപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്…”
അയാളുടെ വാക്കുകൾ രാകേഷിൽ പുഞ്ചിരിയുണർത്തി. അയാൾ കൂട്ടുകാരെ നോക്കി. അവർ
അഭിമാനത്തോടെ തിരിച്ച് അയാളെ നോക്കി. പുഞ്ചിരിയോടെ അയാൾ ഗായത്രിയെ നോക്കിയെങ്കിലും
അവളുടെ ശ്രദ്ധ വിദൂരത്തവിടെയോ ആയിരുന്നു.
“കഥകളങ്ങനെ ഒരുപാടുണ്ട്…”
പദ്മനാഭൻ തമ്പി തുടർന്നു.
“മുംബയിലെ ഗാണ്ടീവലിയിൽ നിന്ന് ചോട്ടാ റോഷനെ പിടിച്ചത്. ടാജ് ഹോട്ടലിലെ
ഓപ്പറേഷൻ…പക്ഷെ…”
അയാളുടെ മുഖത്ത് സംഭ്രമം പടർന്നത് അവർ ശ്രദ്ധിച്ചു.
“പക്ഷെ …ഇവരാരും തന്നെ …എന്താ അയാളുടെ പേര്? ആഹ് …അങ്ങനെ ആർക്കും മറക്കാൻ പറ്റുന്ന
പേരല്ലല്ലോ അയാളുടെ …മോനേ…”
അയാൾ ആദ്യമായി തന്നെ അങ്ങനെ സംബോധന ചെയ്തപ്പോൾ രാകേഷ് അൽപ്പം തരളിതനായി.
“ബെന്നറ്റ്….ജോയൽ ബെന്നറ്റ്…ഈ പറഞ്ഞവരാരും ജോയൽ ബെന്നറ്റിൻറെയത്രയും
ക്രൂരന്മാരല്ല…അതുകൊണ്ട് മോൻ …”
“അങ്കിൾ പേടിക്കണ്ട,”
അയാളുടെ പരിഭ്രമം തിരിച്ചറിഞ്ഞ് രാകേഷ് പറഞ്ഞു.
“ലോകത്ത് കിട്ടാവുന്ന ഏറ്റവും സോഫിസ്റ്റിക്കേറ്റഡ് ആയ ആയുധങ്ങൾ ഞങ്ങളുടെ
കൈയിലുണ്ട്. ഈ ഓപ്പറേഷന് എന്നെ ലീഡറായി തെരഞ്ഞെടുത്തപ്പോൾ ഞാൻ ഹോം മിനിസ്ട്രിയോട്
ആദ്യം ആവശ്യപ്പെട്ടത് ഈ രണ്ടുപേരെയും എനിക്ക് വിട്ടുതരണമെന്നായിരുന്നു…”
രാകേഷ് വിമലിന്റെയും റെജിയുടെയും തോളിൽ കൈകൾ വെച്ച് പറഞ്ഞു.
“ഇത് വിമൽ ഗോപിനാഥ്,”
രാകേഷ് വിമലിൻറെ മുഖത്തേക്ക് നോക്കി അഭിമാനം തുളുമ്പുന്ന സ്വരത്തിൽ പറഞ്ഞു.
“രാജ്യത്തെ ഏറ്റവും നല്ല മിലിട്ടറി സ്ട്രാറ്റജിസ്റ്റുകളിലൊരാൾ…ഇത് റെജി ജോസ്…”
പിന്നെ അയാൾ റെജിയെ നോക്കി.
“ഏത് ടാസ്‌ക്കും അനായാസമായി കാരി ഔട്ട് ചെയ്യുന്നയാൾ. ദ ബെസ്റ്റ് ഷാർപ്പ് ഷൂട്ടർ
എറൗണ്ട്…”
“ആൻഡ് വീ ഹാവ് ക്യാപ്റ്റൻ രാകേഷ് മഹേശ്വർ ആസ് ഔർ ലീഡർ,”
റെജി പുഞ്ചിരിയോടെ പദ്മനാഭൻ തമ്പിയോടും കൂടെയുള്ളവരോടും പറഞ്ഞു.
“അതുകൊണ്ട് സാർ ഒന്നും ഭയപ്പെടേണ്ട. ഞങ്ങളുടെ മിഷൻ …ദാറ്റ് വിൽ ബി അകംപ്ലിഷ്ഡ്…”
റെജിയുടെ സ്വരം ദൃഢമായിരുന്നു.
അവരുടെ വാക്കുകൾ പദ്മനാഭൻ തമ്പിയിൽ, അയാളുടെ ഭാര്യയിൽ അൽപ്പം ആശ്വാസം നൽകിയതായി
അവർക്ക് തോന്നി.
ഗായത്രിയുടെ ഭാവമെന്താണ്?
അത്‍ രാകേഷിനു വിവേചിക്കാനായില്ല.
അപ്പോൾ ഇരുപത് കിലോമീറ്ററുകൾക്കപ്പുറത്ത് ജില്ലാ ആസ്ഥാനത്ത് ജില്ലാ പോലീസ്
അധികാരിയുടെ കാര്യാലയത്തിൽ അടിയന്തിരമായ ഒരു സമ്മേനം നടക്കുകയായിരുന്നു.
“കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച പ്രത്യേക ദൗത്യസംഘം നെല്ലിയാമ്പതിയിൽ ഇന്നലെ
എത്തിച്ചേർന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ,”
എസ് പി ചന്ദ്രശേഖരൻ നായർ മുമ്പിലിരിക്കുന്ന ഓഫീസർമാരെ നോക്കി.
“പക്ഷെ സ്റ്റേറ്റ് ഹോം മിനിസ്ട്രിയുടെ നിർദ്ദേശം കേന്ദ്രമയച്ച കമാൻഡോകളെപ്പോലെ
അല്ലെങ്കിൽ അവരെക്കാളും സ്ട്രാറ്റജിക്കായി നമ്മൾ ജോയലിൻറെ പിന്നാലെ പോകണമെന്നാണ്,”
“സാർ…”
എസ് പിയെ തുടരാനനുവദിക്കാതെ ഡി വൈ എസ് പി പോത്തൻ ജോസഫ് എഴുന്നേറ്റു.
സംസ്ഥാനപോലീസിന്റെ ചരിത്രം മുഴുവനുമെഴുതാനുള്ള സ്ഥലം അയാളുടെ ദേഹത്തുണ്ടായിരുന്നു.
നല്ല വണ്ണവും അതി ദീർഘവുമായ ശരീരം.
“ജോയൽ ബെന്നറ്റിനെ പിടിക്കാനുള്ള ചുമതല സാർ ആർക്കും കൊടുക്കരുത്. അതെൻറെ
പ്രസ്റ്റീജ് ഇഷ്….”
“വേണ്ട!”
എസ് പി ചന്ദ്രശേഖരൻ നായർ കയ്യിയർത്തി അയാളെ വിലക്കി.
“ഇതിന് മുമ്പ് മൂന്ന് തവണ ശ്രമിച്ചതല്ലേ? അന്നൊക്കെ തലമുടിനാരിഴയ്ക്കല്ലേ നിങ്ങൾ
അവൻറെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത്? ജോയലിനെ പിടിക്കാൻ തണ്ടും തടിയും മാത്രം പോരാ.
നിങ്ങൾക്ക് തീരെയില്ലാത്ത ചില ഗുണങ്ങൾ കൂടിവേണം. അതിലൊന്നാണ് അഴിമതിയില്ലായ്മ
എന്നൊരു ഗുണം. കേന്ദ്രപ്പൊലീസിൽ ഡെപ്യൂട്ടേഷനിൽ പോയ ആളൊക്കെയാണ് എന്നതൊക്കെ ശരി.
പക്ഷെ വിജിലൻസ് അന്വേഷണം നേരിടുന്ന ഒരു ഓഫീസർ എന്ന നിലയ്ക്ക് നിങ്ങൾ ജോയൽ ഓപ്പറേഷൻ
ടീമിൽ വേണ്ട!”
മറ്റെന്തോ പറയാൻ പോത്തൻ ജോസഫ് ശ്രമിച്ചെങ്കിലും എസ് പിയുടെ നോട്ടത്തിലെ ചൂടറിഞ്ഞ്
അയാൾ ആരും കേൾക്കാതെ പിറുപിറുത്തുകൊണ്ട് തന്റെ ഇരിപ്പിടത്തിലിരുന്നു.
“സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ,”
എസ് പി ജോസഫ് പോത്തന്റെയടുത്തിരുന്ന ഒരു യുവ ഉദ്യോഗസ്ഥനെ നോക്കി.
അയാൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു.
“യൂ വിൽ ലീഡ് ദ ഓപ്പറേഷൻ,”
എസ് പി പറഞ്ഞു. യൂസുഫ് അദിനാൻ പുഞ്ചിരിയോടെ, അഭിമാനത്തോടെ അദ്ദേഹത്തെ നോക്കി.
“എസ് സാർ,”
അയാൾ പ്രതികരിച്ചു.
“ടീമിൽ ആരൊക്കെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. എനിക്ക് വേണ്ടത് റിസൾട്ടാണ്.
നമുക്ക് പ്രൂവ് ചെയ്യണം. സ്റ്റേറ്റിലെ ഫോഴ്‌സിലെ ഒരു സർക്കിളിന് ചെയ്യാനുള്ള
ജോലിയേയുള്ളൂ ജോയൽ ബെന്നറ്റ് എന്ന കൊടും ഭീകരനെ പിടിക്കുക എന്നുള്ളത് എന്ന്,”
“യെസ്, സാർ,”
യൂസുഫ് അദിനാൻ വീണ്ടും പറഞ്ഞു.
“ആസാം റൈഫിൾസിനും ഗ്രേഹൗണ്ട്സിനും ജോയൽ ബെന്നറ്റ് വല്യ മറ്റവനായിരിക്കാം. എന്നാൽ
കേരളാ പൊലീസിന് അവൻ പുല്ലാണ് വെറും രോമം മാത്രമാണ് എന്ന് നമുക്ക് പ്രൂവ് ചെയ്യണം.
ഓക്കേ?”
“യെസ്സാർ!”
യൂസുഫ് അദിനാൻ വീണ്ടും ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“”ഒന്നുകിൽ അവനെ ഞാൻ കെണിവെച്ച് എലിയെപ്പിടിക്കുന്നത് പോലെ ജീവനോടെ
പിടിച്ചിരിക്കും. അല്ലെങ്കിൽ പേപ്പട്ടിയെപ്പോലെ വഴിയിലിട്ട് തല്ലിക്കൊല്ലും,”
“എന്ത് വേണേലും ചെയ്യ്,”
ചന്ദ്രശേഖരൻ നായർ പറഞ്ഞു.
“സർക്കാര് ലക്ഷങ്ങൾ വിലയിട്ടിട്ടുണ്ട് അവൻറെ തലയ്ക്ക്,”
പോലീസ് ജില്ലാ മേധാവിയുടെ കാര്യാലയത്തിന് നാൽപ്പത് കിലോമീറ്ററിനകലെ
നെല്ലിയാമ്പതിക്കടുത്ത കൊടുംകാടിന്റെ ദുർഗ്ഗമമായ പാതയിലൂടെ കിതച്ചുകൊണ്ട് ഓടി
വരികയായിരുന്നു നെൽസൺ.
വീരപ്പൻ സന്തോഷ് എന്നറിയപ്പെടുന്ന തൻ്റെ തൻറെ നേതാവിനെ അറിയിക്കാനുള്ള
വാർത്തയുമായി.
വീരപ്പനെപ്പോലെ വലിയ മീശയുള്ളതിനാൽ പോലീസുകാർക്കിടയിൽ അയാൾ അറിയപ്പെട്ടത് വീരപ്പൻ
സന്തോഷ് എന്നായിരുന്നു.
ഒരു പക്ഷെ തൻറെ സംഘം ഇത്ര ദുഖകരമായ ഒരു വാർത്തയെ മുമ്പ്
അഭിമുഖീകരിച്ചിട്ടുണ്ടാവില്ല.
കഴിയുന്നത്ര വേഗം കാടിൻറെ നടുക്കുള്ള കൂടാരങ്ങളിൽ എത്തിച്ചേരണം.
അയാൾ കിതപ്പ് വകവെക്കാതെ കാട്ടിലൂടെ സഞ്ചാരത്തിന് വിലങ്ങ് തീർക്കുന്ന
വള്ളിപ്പടർപ്പുകളും ബ്ലേഡിന്റെ മൂർച്ചയുള്ള പുൽത്തലപ്പുകളും വകഞ്ഞ് മാറ്റി അതിവേഗം
ഓടി.
പെട്ടെന്ന് വള്ളിപ്പടർപ്പുൾക്കും ദീർഘവൃക്ഷങ്ങളുടെ ഇലച്ചാർത്തുകൾക്കുമിടയിലൂടെ
തങ്ങളുടെ കൂടാരങ്ങൾ കണ്ട് ഒരു നിമിഷം അയാൾ നിന്നു.
ഒരു മിനിറ്റ് കിതപ്പടക്കാൻ നോക്കി.
പക്ഷെ അതിന് മിനക്കെടാതെ അയാൾ കൂടാരങ്ങളുടെ നേരെ ഓടി.
“സന്തോഷ് ചേട്ടാ!!”
അയാൾ അലറി വിളിച്ചു.
അതിന് മറുപടിയായി ആയുധ ധാരികളായ നാലഞ്ചു കൂടാരങ്ങൾക്ക് വെളിയിലേക്കോടി വന്നു.
“എന്താ നെൽസാ?”
ഒരാൾ അവൻറെയടുത്തേക്ക് ഓടിവന്ന് ചോദിച്ചു.
“എന്ത്യേ സന്തോഷ് ചേട്ടൻ?”
“അകത്തുണ്ട്…കാര്യവെന്നാ?”
“പറയാം…”
അയാൾ ബാക്കിപറയാൻ നിൽക്കാതെ നടുക്കുള്ള കൂടാരത്തിലേക്ക് ഓടികയറി.
മുളകൊണ്ടും കമ്പുകൾകൊണ്ടും ഉണ്ടാക്കിയ ഒരു കട്ടിലിൽ ഒരു ദീർഘകായൻ കിടന്നിരുന്നു.
“സന്തോഷ് ചേട്ടാ!!”
അയാൾക്ക് മുമ്പിലെത്തി നെൽസൺ ഉറക്കെ വിളിച്ചു.
വീരപ്പൻ സന്തോഷ് പെട്ടെന്ന് കണ്ണുകൾ തുറന്നു.
അൻപത് വയസ്സിനു മേൽ പ്രായമുള്ള കട്ടിപുരികങ്ങളുള്ള കരുത്തൻ.
വളരെ ശാന്തതയോടെ അയാൾ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
“പറ!”
അയാൾ ആവശ്യപ്പെട്ടു.
“സന്തോഷ് ചേട്ടാ…”
അയാൾ വീണ്ടും കിതച്ചു.
വീരപ്പൻ സന്തോഷും ചുറ്റും നിന്ന കൂട്ടാളികളും അയാൾ എന്താണ് പറയാൻ പോകുന്നതെന്ന്
കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു.
“സന്തോഷ് ചേട്ടാ…ജോയലിനെ …”
“ജോയലിനെ?”
കൂടി നിന്നവർ ഭയത്തോടെ ചോദിച്ചു. എന്നാൽ അവരുടെ മുഖത്തെ ഭയം വീരപ്പൻ സന്തോഷിൻറെ
മുഖത്ത് ദൃശ്യമായില്ല.
“സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാനും സംഘവും ജോയലിനെയും കൂടെയുള്ളവരെയും
പിടിച്ചു…”
ചുറ്റും നിന്ന കൂട്ടാളികൾ തങ്ങൾ ഇതുവരെ കേട്ട ഏറ്റവും ഭീതിദമായ ആ വാർത്തയ്ക്ക്
മുമ്പിൽ തരിച്ചിരുന്നു.
“കൂടെയുള്ളവരുടെ കൂടെ നീയുമുണ്ടായിരുന്നല്ലോ?”
സ്വതേയുള്ള പരുക്കൻ സ്വരത്തിൽ സന്തോഷ് ചോദിച്ചു.
നെൽസൺന്റെ മുഖം വിവർണ്ണമായി.
“ഞാൻ ഒരു വിധത്തിൽ രക്ഷപ്പെട്ടു…”
നെൽസൺ തുടർന്ന്പറഞ്ഞു.
“എന്നിട്ട് സന്തോഷ് ചേട്ടനെ വിവരമറിയിക്കാൻ കാടുമുഴുവൻ ഓടി വരികയായിരുന്നു…”
“ഗുഡ്..!”
സന്തോഷ് നെൽസൺന്റെ കണ്ണുകളിൽ നോക്കി ചിരിച്ചു.
“നിനക്ക് നല്ല ഒരവാർഡ് തരണം!”
സന്തോഷ് തന്റെ ചുറ്റും നിൽക്കുന്ന കൂട്ടുകാരെ നോക്കി.
“നമ്മുടെ സര്ക്കാര് …അല്ല നമ്മുടെ സർക്കാരല്ല ..നമുക്കെവിടെയാ സർക്കാര്? അവമ്മാര്
കൊടുക്കുന്നത് പോലെ ഭരത് അവാർഡ് ..അല്ല പത്മശ്രീ ..അല്ലല്ലോ ധീരതയ്ക്കുള്ള
അവാർഡ്…അതുപോലത്തെ ഒരു അവാർഡ് നിനക്കും തരണം നെൽസാ, ഈ കഷ്ടപ്പാടും ചങ്ക് കഴപ്പും
ഒക്കെ അനുഭവിച്ച് ഇക്കണ്ട മലേം കാടും കടന്ന് ഓടി ഇവിടെ വന്ന് ഇക്കാര്യം പറഞ്ഞതിന്
…”
“ഇവൻ, വിഷ്ണു ദാസ്,”
സന്തോഷ് എഴുന്നേറ്റ് തോക്കുധാരിയായ ഒരാളുടെ തോളിൽ പിടിച്ചു.
“ലാൻസ്നായക് ആയിരുന്നു…തേർട്ടി റ്റു ബറ്റാലിയൻ ഈസ്റ്റേൺ ഫ്രണ്ടിയർ…പേരിനൊരു കോർട്ട്
മാർഷൽ ചടങ്ങിന് ശേഷം വെടിവെച്ചുകൊല്ലാൻ കൊണ്ടുപോവുകയായിരുന്നു ഇവനെ. ഇവന്റെ മേജറുടെ
ഓർഡർ പ്രകാരം. ഇവൻ ചെയ്ത കുറ്റം ക്യാമ്പിനടുത്ത ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ
ബലാത്സംഗം ചെയ്യുകയായിരുന്ന സ്വന്തം മേജറെ തോക്കിന്റെ പാത്തികൊണ്ട് അടിച്ച്
തലപൊട്ടിച്ചത്. കൂട്ടത്തി നാല് പട്ടാളക്കാരെ വെടിവെച്ച് കൊല്ലേണ്ടി വന്നു
സ്വയരക്ഷയ്ക്ക്…. വിഷ്ണു ഓടിഎത്തിയത് എന്റെ മുമ്പിൽ….”
നെൽസണും കൂട്ടുകാരും ഒന്നും മനസ്സിലാകാതെ സന്തോഷിനെ നോക്കി.
“സന്തോഷ് ചേട്ടാ, അതെനിക്കറിയാവുന്നതല്ലേ…?”
“”ഇത് സൈനുൽ അസ്‌ലം,”
നെൽസന്റെ വാക്കുകളെ അവഗണിച്ച് സന്തോഷ് മറ്റൊരാളുടെ തോളിൽ കൈവെച്ചു.
“നിനക്ക് എല്ലാം അറിയാവുന്നതല്ലേ? അങ്ങനെയല്ലേ നീയിപ്പോൾ പറഞ്ഞെ? ശരി പറ. എന്താ
സൈനുൽ അസ്‌ലത്തിന്റെ ബാക് ഗ്രൗണ്ട്?”
സന്തോഷ് നെൽസണെ രൂക്ഷമായി നോക്കി.
“അസ്‌ലം പോലീസിൽ ഡിപ്പാർട്ട്മെൻറ്റിൽ ആയിരുന്നു.”
നെൽസൺ പറഞ്ഞു.
“അൽ ക്വയ്‌ദയിലേക്ക് കേരളത്തിലെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഒരു പാക്കിസ്ഥാനി
ഏജന്റ് അസ്‌ലത്തിന്റെ അനുജനെ വശീകരിച്ച് വാഗമണ്ണിൽ ഒരു ക്യാമ്പിൽ കൊണ്ടുപോയി. ഒരു
ടിപ്പിന്റെ സഹായത്താൽ പോലീസ് അവിടെയെത്തി. കൂടെ അസ്ലവുമുണ്ടായിരുന്നു. സ്വന്തം
അനുജനെ ക്യാമ്പിൽ കണ്ട അസ്ലം ആകെ അമ്പരന്ന് പോയി. അവനെ വെടിവെക്കാൻ തുടങ്ങിയ സബ്
ഇൻസ്പെക്റ്ററുടെ തോക്കിന് കയറിപ്പിടിച്ച് അസ്ലം അയാളെ വിലക്കി…”
നെൽസൺ പറഞ്ഞു.
“നല്ല ഡിസ്‌ക്രിപ്‌ഷൻ,”
സന്തോഷ് പരുഷമായി ചിരിച്ചു.
“അപ്പോൾ ബാക്കി നടന്നത് കൂടി അറിയാമായിരിക്കൂലോ?”
“പിന്നെ അറിയില്ലേ സന്തോഷ് ചേട്ടാ?”
നെൽസണും ചിരിച്ചു.
“പോലീസ് അന്നേരവാ അറിഞ്ഞത് അവൻ അസ്ലത്തിന്റെ സ്വന്തം അനുജൻ ആണ് എന്ന്,”
നെൽസൺ തുടർന്നു.
“പിന്നെ കഥ മുഴുവൻ മാറി. അസ്ലത്തെയും കുടുംബത്തെയും മുഴുവൻ പോലീസ് സംശയിച്ചു.
നിരന്തരം ചോദ്യം ചെയ്യലുകൾ. പത്രവാർത്തകൾ…നാട്ടുകാരുടെയും കൂട്ടുകാരുടെയും
ബന്ധുക്കളുടെയുമൊക്കെ അപമാനങ്ങൾ സഹിക്കാനാവാതെ അസ്‌ലത്തിന്റെ വാപ്പ അത്താഴത്തിൽ
വിഷം കലർത്തി. എല്ലാവരും മരിച്ചു. അസ്‌ലം ഒഴികെ…. തകർന്ന് തരിപ്പണമായ അസ്ലം പോലീസ്
സ്റ്റേഷനിലേക്ക് ഓടിക്കയറി തോക്കെടുത്ത് അപ്പോൾ അവിടെയുണ്ടായിരുന്ന മൂന്ന്
പൊലീസുകാരെ തട്ടി,””
സന്തോഷ് കൈയുയർത്തി നെൽസണെ വിലക്കി.
“വിഷ്ണു പട്ടാളക്കാരൻ, അസ്‌ലം പോലീസുകാരൻ. പൊതുസമൂഹം അവരെ അവമതിച്ചപ്പോൾ വേറെ
മാർഗ്ഗമില്ലാതെ അവർ ഈ നിലയിലായി. നീ ആരാണ് ശരിക്കും നെൽസാ?”
നെൽസൺ പരിഭ്രാന്തിയോടെ സന്തോഷിനെ നോക്കി.
പിന്നെ ചുറ്റും നിൽക്കുന്നവരെയും.
“ജോയലിന്റെ കൂടെനീയുണ്ടായിരുന്നു…”
സന്തോഷ് തുടർന്നു.
“ജോയൽ പോലീസ് പിടിയിലായി. ജോയലിന്റെ കൂടെയുള്ളവരെല്ലാം പോലീസ് പോലീസ് പിടിയിലായി.
എല്ലാ ഓപ്പറേഷനും ക്ളോക്ക് വർക്ക് പെർഫെക്ഷനോടെ ചെയ്യുന്ന ജോയലും റിയയും വേണുവും
ആദവും ഒക്കെ പിടിയിലായിട്ടും കഷ്ടിച്ച് ഒരു മാസം മുമ്പ് മാത്രം ഞങ്ങളുടെ കൂട്ടത്തിൽ
കൂടിയ നീ മാത്രം രക്ഷപ്പെട്ടു…”
“സന്തോഷ് ചേട്ടാ ഞാൻ…”
നെൽസന്റെ മുഖത്തുകൂടി വിയർപ്പ് ചാലുകളൊഴുകി.
“എടാ നെൽസാ…”
സന്തോഷ് നെൽസന്റെ നേരെയടുത്തു.
“അസ്‌ലത്തിന് ഒരു കഥയുണ്ട്. ഈ വിഷ്ണുവിന് ഒരു കഥയുണ്ട്. ഈ നിൽക്കുന്ന രാജനും
ഭാസ്ക്കരനും രവിക്കും സെബാസ്റ്റ്യനും റഷീദിനും ഒക്കെ ഇതുപോലെ കഥകൾ പറയാനുണ്ട്.
കഷ്ടപ്പെട്ട് ഇക്കണ്ട വഴിമൊത്തം അതും ഇതുപോലെ ഒരു കാട്ടിലൂടെയുള്ള വഴിമൊത്തം
ഓടിവന്ന് നീ പറഞ്ഞില്ലേ ജോയൽ പോലീസിന്റെ പിടിയിലായി എന്ന്? അവനും ഉണ്ട് ഒരു കഥ.
നിനക്ക് അറിയാൻ പാടില്ലാത്ത കഥ. അവന്റെ കൂടെയുള്ള റിയയ്ക്കും ഷബ്‌നത്തിനും
മാത്യുവിനും ഒക്കെയുണ്ട് നെൽസാ കഥ. ഈ ഗ്രൂപ്പ് നക്സലിസവും മാവോയിസവും കളിച്ച്
സമൂഹത്തെ ഉദ്ധരിക്കാൻ ഒണ്ടാക്കിയ ഗ്രൂപ്പ് അല്ല. ജീവിതവും നിലനിൽപ്പും വഴിമുട്ടി,
എന്തിനെയും വിൽക്കുകയും വാങ്ങുകയും മാത്രം ചെയ്യാൻ മാത്രമറിയാവുന്നവരോട് പടപൊരുതി
പിടിച്ചു നിൽക്കാനാവാത്തവരുടെ ഗ്രൂപ്പാ ഇത്! അവർക്ക് ഭരണകൂടവും പോലീസും ഇടുന്ന ഒരു
പേരുണ്ട്. മാവോയിസ്റ്റ്! നക്സലൈറ്റ്! ഇവമ്മാര് ആരെങ്കിലും കണ്ടിട്ടുണ്ടോ
മാവോയിസ്റ്റിനെ? കണ്ടാൽ പിടുക്ക് വിറയ്ക്കും. പാക്കിസ്ഥാന്റെ, ചൈനേടെ കയ്യീന്ന്
കാശും മേടിച്ച് ഇവിടെ പാവങ്ങളെ കൊന്ന് കൊലവിളിച്ച് നടക്കുന്നോമ്മാരായ
മാവോയിസ്റ്റുകളുടെ പേരാ പോലീസും സർക്കാരും നമ്മക്കും ഇട്ടേക്കുന്നെ! അവമ്മാരുടെ
കൂടെയാ നമ്മളേം പെടുത്തിയേക്കുന്നെ!”
സന്തോഷ് ഒന്ന് നിർത്തി.
“എൽ സി പി സി നാനൂറ്റി പത്ത്”
സന്തോഷ് നെൽസന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു. ഒരു പ്രേതത്തെ മുമ്പിൽ കണ്ടത് പോലെ
നെൽസൺ വിറച്ചു. അയാൾ പിമ്പോട്ട് വെച്ചുപോയി.
“എൽ സി പി സി നാനൂറ്റിപ്പത്ത് ജയമോഹൻ”
അവന്റെ കോളറിൽ പിടിച്ച് സന്തോഷ് പറഞ്ഞു.
“ഗ്രേഹൗണ്ട്സിലെ സോൾജ്യർ! വീരപ്പനെ പിടിക്കാൻ പണ്ട് എസ് പി ജയകുമാർ ഇങ്ങനെ ഒരു വേഷം
കെട്ടിയിട്ടുണ്ട്. വിജയിച്ചിട്ടുണ്ട്. നാണം കെട്ട വിജയം. കൂട്ടത്തിൽ കൂടി പിമ്പിൽ
നിന്ന് വെടിവെച്ചിട്ടിട്ട് ആഘോഷിക്കുന്നവന്മാരുടെ കെട്ട വിജയം. നെൽസാ നീ വന്ന ദിവസം
മുതൽക്കേ ഞാൻ നിന്നെ തിരിച്ചറിഞ്ഞതാ! നീ എന്തോരം അങ്ങ് പോകും എന്ന്
നോക്കുവാരുന്നു…”
“സന്തോഷ് ചേട്ടാ ഞാൻ…”
നെൽസൺ കൈകൾ കൂപ്പാൻ തുടങ്ങി.
“ചതിക്കുന്നതിനുള്ള ശിക്ഷ എന്താ?”
സന്തോഷ് കൂട്ടാളികളോട് ചോദിച്ചു.
“മരണം!”
അവർ കൈകളുയർത്തി പറഞ്ഞു.
വിഷ്ണു തന്റെ കയ്യിലെ തോക്ക് സന്തോഷിന് കൊടുത്തു.
“തോക്കിലെ ഉണ്ട നിന്റെ അച്ചി വീട്ടീന്ന് കൊണ്ടന്നതാണോ വിഷ്ണൂ വെറുതെ വെസ്റ്റ്
ചെയ്യാൻ?”
പറഞ്ഞു തീർന്നതും സന്തോഷിന്റെ ദീർഘമായ ബലിഷ്ഠമായ കൈകൾ നെൽസന്റെ കഴുത്തിൽ അമർന്നു.
രണ്ടുമിനിറ്റ്.
രണ്ടു മിനിറ്റ് മാത്രം.
നെൽസന്റെ ജീവനില്ലാത്ത ശരീരം നിലത്തേക്ക് വീണു.
00cookie-checkപ്രണയിച്ചവൾ 3