നിന്നെ ഇനിയാർക്കും ഞാൻ 4

അടുത്ത ദിവസം പതിവുപോലെ നടത്തം, ഓട്ടം. ദൂരെ പാർക്കിലിരിക്കുന്ന പിള്ളേരുടെ നേർക്ക്
ലിസി കണ്ണുകാണിച്ചപ്പോൾ കേശവൻ അവളേയും കൊണ്ടങ്ങോട്ടു ജോഗു ചെയ്തു. പിള്ളേരുടെ
മുഖത്ത് ഒരു കൺഫ്യൂഷൻ. പിന്നെയവർ തമ്മിൽ നോക്കി. ഒരണ്ടർസ്റ്റാൻഡിങ്ങിലെത്തി.
രണ്ടുപേരുമെണീറ്റു.

ഒരുത്തൻ ജിംടൈപ്പ്. ഒരു മസിൽമാൻ. മറ്റവനും മോശമില്ല.

കേശവൻ സിമന്റ് മേശയ്ക്കരികിൽ ഒരു ബെഞ്ചിലിരുന്നു. ലിസി അരികിലും. ഇരിക്കൂ. കേശവൻ
വിരൽ ചൂണ്ടി. അവരെതിരേയിരുന്നു.

നിങ്ങളിവളുടെ പൊറകേ നടപ്പാണോ? കേശവൻ ചോദിച്ചു.

ഇതെന്താ. ഒരു ഫ്രീ കൺട്രിയല്ലേ? മസിൽ പിന്നെയും മസിലുപിടിച്ചു.

ചോദിച്ചതിനുത്തരം നൽകൂ. കേശവൻെയുറച്ച ശബ്ദം അവിടെ മുഴങ്ങി. മസിലിന്റെ കാറ്റുപോയി.

അല്ല. മറ്റവൻ പതറാത്ത സ്വരത്തിൽ പറഞ്ഞു.

കേശവൻ അവനെ ക്ഷോഭമില്ലാതെ നോക്കി. എവിടെയാണ് വീട്?

അറിഞ്ഞിട്ടെന്തിനാ?

പറയടാ! കേശവന്റെയൊച്ച രൂക്ഷമായി.

പോടാ.. അവനെണീറ്റു. ലിസിയതേ കണ്ടുള്ളൂ. പടക്കം പൊട്ടുന്ന ശബ്ദം! അവൻ താഴെ! ലിസിയുടെ
ഹൃദയം ഉച്ചത്തിൽ പെരുമ്പറ കൊട്ടി!

നിന്റെ വീടെവിടെ? താഴെക്കിടന്നവനെ അവഗണിച്ച് കേശവൻ മസിലിനോടു ചോദിച്ചു. അവൻ
വിറച്ചുകൊണ്ട് ഉത്തരം നൽകി!

ഓ…ഇത്തിരി ദൂരെയാണല്ലോ. ഇവന്റെയോ? താഴെ നിലത്തു കഷ്ട്ടപ്പെട്ട്
എണീറ്റിരുന്നവനെച്ചൂണ്ടി.

എന്റെ വീടിന്റെയടുത്താണ്.

അപ്പോ ഇവിടെയെന്താണ് രണ്ടുപേരും? വളരെ കാഷ്വലായിട്ട് വീണുകിടന്നവനെ
കൈകൊടുത്തെണീപ്പിച്ച് ബെഞ്ചിലിരുത്തിയിട്ട് കേശവനാരാഞ്ഞു!

അത് ഞങ്ങൾ… രണ്ടെണ്ണവും വിക്കി.

കേശവൻ തുറന്നു ചിരിച്ചു.

പിന്നെ നിങ്ങളെന്താണിവിടെ ചുറ്റിക്കറങ്ങുന്നത്? ദേ ഇവളെ കാണാനാണോ? കേശവൻ ലിസിയുടെ
ചുമലിൽ കൈവെച്ചു. ആ തക്കത്തിന് അവളങ്കിളിനോടു ചേർന്നിരുന്നു!

ശരി. നിങ്ങൾ പരിചയപ്പെടൂ. ഞാനിതാ വന്നു. പേടിക്കണ്ട… പോലീസിനെയൊന്നും വിളിക്കാനല്ല.
കേശവൻ ചിരിച്ചു.

എന്റെ പേര് ലിസി. അവൾ അവന്മാരെ ഉറ്റുനോക്കി കൈനീട്ടി.

ജോൺ. മസിൽമാൻ അവൾക്ക് കൈകൊടുത്തു.

അരുൺ. മറ്റവനും ഒരളിഞ്ഞ ചിരിയോടെ ഹസ്തദാനം ചെയ്തു.

സോറി. ഞാനന്ന് താല്പര്യമില്ലെന്നു പറഞ്ഞത്…പത്തു ദിവസം കഴിഞ്ഞാൽ ഞാനിവിടെ നിന്നും
ഹോസ്റ്റലിലേക്കു പോവും. കൊറച്ചു ദൂരെയാണ്. അതുകൊണ്ടാണ്…അവൾ മന്ദഹസിച്ചു. അപ്പോൾ
ഫ്രണ്ട്സ്?

തീർച്ചയായും. അരുണും ജോണും ചിരിച്ചു. ഒരു സുന്ദരിപ്പെണ്ണ് ഇങ്ങനെ പറയുമ്പഴ്
പിന്നെന്നാ വേണം!

കേശവൻ ഒരു ട്രേയിൽ നാലു ചായയും ചൂടുള്ള പരിപ്പുവടകളുമായി വന്നു. പിന്നെ നാലുപേരും
ചായകുടി, വർത്തമാനം… അങ്ങനെ കൂട്ടായി.

ലിസി. വീടെത്തിയപ്പോൾ കേശവൻ വിളിച്ചു. ഇന്നത്തെ കാര്യം വീട്ടിലൊന്നും പറയണ്ട.
വെറുതേ അച്ഛനുമമ്മയ്ക്കും ടെൻഷൻ ഒണ്ടാക്കണ്ട. എന്താ?

അങ്കിൾ! ആദ്യം താങ്ക്സ്! യൂ ആർ ഗ്രേറ്റ്! വീട്ടിലമ്മ മാത്രേയുള്ളൂ. ഞാനൊന്നും
പറയില്ല. പിന്നെ അരുണും ജോണും എന്റെ ഫ്രണ്ട്സല്ലേ!

കേശവൻ ചിരിച്ചു. തിരിഞ്ഞു ഗേറ്റു തുറന്നകത്തേക്കു പോയി.

ഹോസ്റ്റലിലേക്കു പോവുന്നതിന്റെ തലേന്ന് ലിസി ഓട്ടോയിൽ വരുമ്പോൾ സാറയ്ക്ക് കേശവന്റെ
വീടു കാട്ടിക്കൊടുത്തു. വേറൊന്നും പറഞ്ഞില്ല. അങ്കിളിനോട് അവൾ നേരത്തേ യാത്ര
ചോദിച്ചിരുന്നു.

നീ അങ്കിളിനോട് യാത്ര പറഞ്ഞില്ലേടീ? സ്റ്റേഷനിലേക്ക് ഓട്ടോയിൽ പോവുന്നവഴി സാറ
ചോദിച്ചു. ഓ പറഞ്ഞു മമ്മീ! അവളെ യാത്രയാക്കാൻ സ്റ്റേഷനിൽ വന്ന അരുണിനേം ജോണിനേം
കണ്ട് അവരുടെ അടുത്തേക്കോടുന്നതിനിടയിൽ ലിസി പറഞ്ഞു.

അവന്മാരാരാടീ? ട്രെയിൻ വിട്ടിട്ട് വീട്ടിലേക്ക് പോണ വഴി ഇത്തിരി ടെൻഷനായ സാറ
മൊബൈലിൽ വിളിച്ചു ചോദിച്ചു. ലിസി നടന്ന കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു.

മാതാവേ! കുരിശ്ശടിയിൽ ഒരു മെഴുകുതിരി കൊളുത്തിയിട്ട് സാറ വീട്ടിലേക്ക് പോയി.
ശനിയാഴ്ച അവധിയായിരുന്നു. ശൂന്യമായ വീടവളെ വിഴുങ്ങാൻ വരുന്നതുപോലെ തോന്നി.
എങ്ങിനെയോ സാറ ദിവസം മുഴുമിച്ചു.

അടുത്ത ദിവസം ഞായറാഴ്ച സാറ അഞ്ചുമണിക്കെണീറ്റു പോയി! സാധാരണ അവധികളിൽ വൈകിയാണ്
ഉണരുന്നത്. മുഖം കഴുകിയിട്ട് ഒരു കുർത്തിയും പഴയ ജീൻസുമെടുത്തിട്ട്
സ്നീക്കേർസിന്റെയുള്ളിൽ പാദങ്ങളും കേറ്റി അവൾ വെളിയിലിറങ്ങി. പോണോ വേണ്ടയോ എന്നൊരു
ചിന്തയിൽ കുറച്ചുനേരം തീരുമാനമെടുക്കാനാവാതെ കുഴങ്ങി. പെട്ടെന്ന് വാച്ചിൽ
നോക്കിയപ്പോൾ സമയം അഞ്ച് നാല്പത്! അവൾ വേഗം നടന്നു.

വക്കീലിന്റെ വീടിന്റെ ഗേറ്റു കണ്ടപ്പോൾ അവളുടെ നടത്തം പതുക്കെയായി. എന്തോ
ഒരാകാംക്ഷയവളെ വലയം ചെയ്തു. നെഞ്ചിടിപ്പ് ഇത്തിരി കൂടിയെന്നവൾക്കു തോന്നി. മോളുടെ
വക്കീലങ്കിളിനെക്കണ്ടൊരു നന്ദി പറയണം. പിന്നെ? എന്തിനാടീ സാറേ? അതിനാന്നേല്
നിനക്കങ്ങേരെ വല്ല നല്ലനേരത്തും കണ്ടാപ്പോരായിരുന്നോടീ! മേരി അങ്ങുമോളിലിരുന്ന്
ചിരിക്കുന്നതു പോലെയവൾക്കു തോന്നി. അമ്മേ.. ഒന്നു മിണ്ടാതിരുന്നാട്ടെ. എപ്പഴുമോരോ
ഡയലോഗുകളാ! എനിക്കിത്രേം പ്രായോമൊക്കെയായില്ല്യോ? മൂത്ത പെണ്ണിനൊരു കൊച്ചുമായി!
സാറ, അമ്മയുമായി സ്ഥിരം നടത്തുന്ന സംഭാഷണത്തിന്റെ പുതിയ സ്ക്രിപ്റ്റെഴുതി.

അയ്യോടിയേ! ദാണ്ടൊരു മുനിസിപ്പാലിറ്റീടെ വേസ്റ്റ്ട്രക്ക്! അങ്ങേരടെ ഗേറ്റും
കാണാനില്ലല്ലോ. അവളോടി. ദാണ്ടങ്ങേര് ഗേറ്റും തൊറന്നു നടക്കുന്നു. മങ്ങിയ
വെളിച്ചത്തിൽ ആ രൂപം മാത്രം കാണാം. അവളും പൊറകേ നടന്നു. ഇയാളിതെങ്ങോട്ടാ ഇത്രേം
സ്പീഡില് നടക്കണേ! വല്ല പെണ്ണുമ്പിള്ളമാരും നടക്കാനെറങ്ങിക്കാണുമോ? അവൾ കാലുകൾ
വലിച്ചുവെച്ച് നടത്തത്തിന്റെ സ്പീഡ് കൂട്ടി. പഴയ കൊച്ചുപെണ്ണല്ല താനിപ്പോൾ.
കസേരയിലിരുന്ന് കുണ്ടീമൊക്കെ വലുതായി, ആകെമൊത്തം ചത കൂടി. അവൾ ശ്വാസമാഞ്ഞുവലിച്ചു.
മുന്നിൽ നടക്കുന്ന നെടിയ രൂപത്തിൽ മാത്രം ശ്രദ്ധിച്ചു.

അയ്യോ! അങ്ങേരോടുന്നു! സാറയും ഓടി. ഏതാണ്ടൊക്കെ കെടന്നു
കുലുങ്ങിത്തുളുമ്പുന്നു! അഞ്ചുമിനിറ്റിനകം നെഞ്ചു പൊട്ടിത്തെറിക്കുമെന്നു തോന്നി.
ഒന്നു നിക്കണേ! അവസാനത്തെ ശ്വാസവുമെടുത്തവൾ വിളിച്ചു.

കേശവൻ നിന്നു. പിന്നിലാരോ വരുന്നതറിഞ്ഞിരുന്നു. ലിസിയെ കൊറച്ചു മിസ്സും
ചെയ്യുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കി. കുറച്ചു ദൂരെ ഒരു സ്ത്രീ മുട്ടുകളിൽ
കൈപ്പത്തികൾ കുത്തി കുനിഞ്ഞുനിന്നു കിതയ്ക്കുന്നു. മുടിയിത്തിരിയഴിഞ്ഞ് മുഖമത്ര
ക്ലിയറല്ല.

കേശവൻ മെല്ലെ അടുത്തേക്കു നടന്നു. പെട്ടെന്ന് അവർ മുഖമുയർത്തി. ഷോക്കടിച്ചു
നിന്നുപോയി! വർഷങ്ങൾ പിന്നോട്ടോടി! എന്റെ പേര് പെണ്ണെന്നല്ല. സാറയെന്നാണ്! കാലുകൾ
വിറയ്ക്കുന്നതുപോലെ. വശത്തുണ്ടായിരുന്ന ലാംപ് പോസ്റ്റിൽ കയ്യമർത്തി ഒന്നു
സ്റ്റെഡിയായി.

സാറയുടെ കണ്ണുകൾ നിറഞ്ഞുപോയി. ഏതോ തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞുപോയ ജീവൻ!
തന്റെയെല്ലാം! ചോരക്കുഴലുകളിലൂടെ, ജീവന്റെ അവസാനത്തെ തുടിപ്പുവരെ, ഹൃദയത്തിൽ
പതിഞ്ഞ് ശരീരമാസകലം ഒഴുകുന്ന വികാരം. ഇതാ കണ്മുന്നില്. അവൾ കുഴഞ്ഞുവീണു.

കണ്ണുകൾ തുറന്നപ്പോൾ ഒരു ബെഞ്ചിൽ കിടക്കുന്നു. നല്ല സുഖമുള്ള തലയിണ. മുകളിലേക്ക്
നോക്കി. വികാരങ്ങളലയടിക്കുന്ന കണ്ണുകൾ! അവൾ പിടഞ്ഞെണീറ്റു. മനസ്സെത്തുന്നിടത്ത്
ശരീരമെത്തുന്നില്ല! പിന്നെയും തളർന്നാ മടിയിൽ തലയമർത്തി.

സാറ. ആ മനസ്സലിയിക്കുന്ന ആഴമുള്ള സ്വരം. ഒരു മാറ്റവുമില്ല. കൈവിരലുകൾ അവളുടെ
നെറ്റിയിൽ തഴുകി.

അവളാ കയ്യിൽ പിടിച്ച് ചൂണ്ടുവിരലിലൊറ്റക്കടി വെച്ചുകൊടുത്തു. ആഹ് നൊന്തല്ലോടീ!
കേശവൻ കൈ കുടഞ്ഞു.

നൊന്തോ, നന്നായി. ഹൃദയമില്ലാത്ത മനുഷ്യൻ! ഞാനെന്തോരം തീയാ തിന്നത്! എന്നാലും അവളുടെ
ഹൃദയമലിഞ്ഞു. അവൾ കടിച്ച കൈവിരൽ കയ്യിലെടുത്തു നുണഞ്ഞു.

ഇപ്പോ വേദനയുണ്ടോടാ കള്ളസഖാവേ! പൂത്തിരി കത്തിച്ച ഭംഗിയുള്ള അവളുടെ പുഞ്ചിരിയിൽ
കേശവനലിഞ്ഞുപോയി.

ഇല്ലെടീ പെണ്ണേ! നിനക്കെണീക്കാമോടീ? വർഷങ്ങൾ കൊഴിഞ്ഞുപോയി. മരങ്ങളുടെ പിന്നിൽ
ഒളിഞ്ഞിരുന്ന ബെഞ്ചിൽ നിന്നും അവരെണീറ്റു. മെല്ലെ ഒന്നുമധികം സംസാരിക്കാതെതന്നെ
വാചാലമായ ആ ചെറിയ തണുപ്പുള്ള രാവിലെ ലിസിയും പുതിയ കൂട്ടുകാരുമൊപ്പം ഇരുന്ന
പാർക്കിലേക്ക് കേശവൻ സാറയെ കൂട്ടിക്കൊണ്ടുപോയി.

ചായയും കുടിച്ചുകൊണ്ട് പഴയ കാമുകർ കാലം രൂപങ്ങളിൽ വരഞ്ഞിട്ട രേഖകളിലൂടെ ഇത്തിരി
സങ്കടം കലർന്ന കൗതുകത്തോടെ കടന്നുപോയി. തങ്ങളുടെ ജീവിതത്തിൽ
വിടപറഞ്ഞതിൽപ്പിന്നെ നടന്ന കാര്യങ്ങൾ അവർ തല്ക്കാലം ഓർക്കാനോ കൈമാറാനോ ഉള്ളൊരു
മാനസികാവസ്ഥയിൽ അല്ലായിരുന്നു.

കേശവേട്ടന്റെ താടിയിത്തിരി നരച്ചു. അധികമില്ലാട്ടോ. പിന്നെ ചെന്നിയിലിത്തിരി നര.
മുഖം കുറച്ചൂടെ നീണ്ടു. മെലിഞ്ഞു… വേറെ മാറ്റമൊന്നുമില്ല. എത്ര പിള്ളേരായി?
കല്ല്യാണം കഴിച്ചോ എന്ന് പഴയ പ്രിയതമയുടെ വളച്ചുകെട്ടിയ ചോദ്യം!

ഒറ്റത്തടിയാണ് സാറ. കേശവൻ പറഞ്ഞു. പെട്ടെന്നുള്ളിൽ നുരഞ്ഞ സന്തോഷം സാറ വെളിയിൽ
കാട്ടിയില്ല. ധാരാളം പെണ്ണുങ്ങൾ പുറകേ കാണുമല്ലേ! കേശവന്റെ കൈത്തണ്ടയിൽ ഒരു
കുത്തിന്റെയൊപ്പം ഒരു വിചാരണ!

കേശവനൊന്നും മിണ്ടാതെ അവളുടെ വിരലുകൾ മെല്ലെ തഴുകിക്കൊണ്ടിരുന്നു. ലിസി, മോളാണല്ലേ!
അവളുടെ പുലർവെട്ടത്തിൽ തിളങ്ങിയ മുഖത്തേക്ക് നോക്കി കേശവൻ ചോദിച്ചു.

എങ്ങിനെ മനസ്സിലായി കേശവേട്ടാ? അവൾ മുന്നോട്ടാഞ്ഞു.

അത്…അവളെ മൂന്നാലുവട്ടം കണ്ടപ്പോൾ.. അവളുടെ കുസൃതിയും.. പിന്നെ പെരുമാറ്റവും
പ്രസരിപ്പും ഒക്കെ ഒരു പഴയ കൂട്ടുകാരിയെ, അല്ല എന്റെ എല്ലാമായിരുന്ന ഒരു
വഴക്കാളിപ്പെണ്ണിനെ ഓർമ്മിപ്പിച്ചു. കേശവൻ മന്ദഹസിച്ചു.

സാറയുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു. ലിസിയൊണ്ടാരുന്നേല് ഈ ദുഷ്ടൻ സഖാവിനൊരു നുള്ളു
തന്നേനേ. അവടമ്മേ ഇങ്ങനെ കരയിക്കണതിന്! സാറ കേശവന്റെ വിരലുകളിൽ മുറുക്കിപ്പിടിച്ചു.

സാരമില്ല മോളൂ. സഖാവറിയാതെ പറഞ്ഞുപോയി. എന്നാൽ ആ അമ്മൂമ്മയെ അത്
പതിനെട്ടുകാരിയാക്കി. സാറയെണീറ്റു.

സഖാവെന്നാ വക്കീലായേ? അവർ തിരികെ നടന്നപ്പോൾ അവൾ ചോദിച്ചു.

കഥ നാളെപ്പറയാം. ഇന്ന്, ഇവിടെ, ഇപ്പോൾ നിന്റെയൊപ്പം നടന്നോട്ടെ? കേശവൻ
പ്രിയപ്പെട്ടവളുടെ കൈ കവർന്നു.

അതേയ്.. ഈ കെളവീടെ കയ്യും പിടിച്ചോണ്ടു നടന്നാല് ആരാധികമാരെന്തു പറയും? എതിരേ
നടക്കാൻ വന്ന കോളനിയിലെ രണ്ടു ചെറുപ്പക്കാരികൾ അവരെ നോട്ടംകൊണ്ടുഴിയുന്നതു കണ്ട്
സാറ ചിരിച്ചു.

ആരാധികമാരോ? വട്ടായോടീ? കേശവൻ ആ പഴയ യുവാവായിക്കഴിഞ്ഞിരുന്നു.

ഈ വട്ട് ഞാൻ മരിക്കണവരെ കാണും. അല്ല അതു കഴിഞ്ഞും. കേട്ടോ കള്ള സഖാവേ! സാറ കേശവന്റെ
വിരലുകളിൽ ഞെരിച്ചു.

മനസ്സില്ലാമനസ്സോടെയാണെങ്കിലും അവർ പിരിഞ്ഞു. സാറ പള്ളിയിലേക്കും കേശവൻ
ഓഫീസിൽ കാത്തിരിക്കുന്ന കക്ഷികളുടെ അടുത്തേക്കും. വക്കീലിന്
അവധിയൊന്നുമില്ലായിരുന്നു.

രണ്ടുപേരും അന്ന് മധുരിക്കുന്ന അനുഭൂതികളിലായിരുന്നു. സാധാരണ ഒറ്റപ്രാവശ്യം കക്ഷികൾ
പറയുന്നതു കേട്ടാൽ നെല്ലും പതിരും തിരിച്ചറിയുന്ന, അവരേയും ഗുമസ്തൻ
ഗോവിന്ദക്കുറുപ്പിനേയും മുനയിൽ നിർത്തുന്ന കേശവൻ വക്കീലന്ന് വളരെ സൗമ്യമായി
ചിരിച്ചുകൊണ്ടു പെരുമാറി. ആരോടും ചാടിക്കേറുകയോ കുറുപ്പിനെ കടിച്ചുകുടയുകയോ ഒന്നും
തന്നെയുണ്ടായില്ല. ഇടവേളകളിൽ ജനാലയിലൂടെ വെളിയിലേക്കു നോക്കിയിരുന്ന, മുഖത്ത്
നേരിയ മന്ദഹാസം മിന്നിമാഞ്ഞിരുന്ന, വക്കീലിനെക്കണ്ട് കുറുപ്പത്ഭുതം കൂറി. മാത്രമല്ല
പോവാൻ നേരം പതിവില്ലാതെ കുറുപ്പിന്റെ പോക്കറ്റിൽ രണ്ടായിരത്തിന്റെ ഒരു നോട്ടും
വീണു!

ഗുരുവായൂരപ്പാ, ഇങ്ങേർക്കിതെന്നും തോന്നണേ. കുറുപ്പ് മനമുരുകി പ്രാർത്ഥിച്ചു!

സാറയുടെ കാര്യം അതിലും കഷ്ട്ടമായിരുന്നു. അച്ചൻ പറഞ്ഞതോ, അതുകഴിഞ്ഞ് വീട്ടിലെത്തി
ടീവിയിൽ കണ്ടതോ, ന്യൂസ് പേപ്പർ വായിച്ചതോ ഒന്നുമങ്ങ് തലയിൽ കേറിയില്ല. ഏതോ
ലോകത്തായിരുന്നു. എത്രയോ വട്ടം വിരലുകൾ മൊബൈലിൽ അമരാൻ തരിച്ചു. കളഞ്ഞുപോയെന്നു
കരുതിയ നിധി , പിന്നെയും പിന്നെയും എടുത്തു താലോലിക്കാൻ മനസ്സു കൊതിച്ചു.

വൈകുന്നേരം മൊബൈലു റിങ്ങ് ചെയ്തപ്പോൾ വിറയ്ക്കുന്ന കൈകൊണ്ടവളെടുത്തു.
അഞ്ചുമിനിറ്റ്. ഞാൻ വെളിയിൽ കാണും. പച്ച മാരുതി.

സാറ വസ്ത്രം മാറാനൊന്നും മിനക്കെട്ടില്ല. മുഖം കഴുകി, മുടിയിലൂടെ ബ്രഷോടിച്ചിട്ട്
പിന്നിലൊരു ഹെയർബാൻഡു വെച്ചു കെട്ടി.

വീടും പൂട്ടി വെളിയിലിറങ്ങിയപ്പോൾ കാറു വളവു തിരിഞ്ഞു വരുന്നു. അവൾ വാതിലു തുറന്ന്
സീറ്റിലമർന്നു. തിരിഞ്ഞു കേശവനെ നോക്കി.

ഒരു ചാരനിറത്തിലുള്ള കൈകൾമടക്കിവെച്ച ഷർട്ടും കറുത്ത ബാഗി പാന്റും.

നല്ല സ്റ്റൈലിലാണല്ലോ സഖാവ്. അവൾ മനോഹരമായി ചിരിച്ചു.

ഒരു സുന്ദരീടെ കൂടെ കൊറേ നാളായിട്ട് വെളിയിലേക്കു പോയിട്ടില്ല. അതുകൊണ്ട് അല്പം
ഡീസന്റാവാം എന്നു കരുതി. വണ്ടി മുന്നോട്ടെടുത്ത് കേശവൻ പറഞ്ഞു.

ഓഹോ! അപ്പം സുന്ദരിമാരുടെ കൂടെ കൊറേ നാളു മുൻപ് ധാരാളം ചുറ്റിയിട്ടുണ്ട് അല്ലേ! സാറ
കേശവന്റെ ചെവിക്കു പിടിച്ചു തിരുമ്മി.

നിന്നോട് വാദിച്ചു ജയിക്കാൻ വക്കീലിന്റെ ബിരുദമൊന്നും പോരെടീ. കേശവൻ ചിരിച്ചു.

ദേ! രണ്ടു മുതിർന്ന പിള്ളാരുടെ അമ്മയാ ഞാൻ! എന്നെക്കേറി എടീ പോടീന്നൊക്കെ
വിളിച്ചാലൊണ്ടല്ലോ!

എന്തു ശിക്ഷയും അടിയൻ സ്വീകരിച്ചോളാമേ തമ്പുരാട്ടീ! കേശവൻ ചിരിച്ചു.

ശരി. ആദ്യം കൊറച്ചു വിശക്കുന്നു.

ശരി. കേശവൻ ആ പട്ടണത്തിന്റെ അതിരിലേക്ക് വണ്ടിയോടിച്ചു. ഒരു പുകപിടിച്ച ചുമരുകളുള്ള
ഓലപ്പുരയുടെ മുന്നിൽ നിറുത്തി.

വെണ്ണപോലത്തെ ആവി പറക്കുന്ന കപ്പ പുഴുങ്ങിയതും, കാന്താരിയുമുള്ളിയും ഉടച്ചതും
കട്ടൻകാപ്പിയുമകത്താക്കിയപ്പോൾ സാറയ്ക്കു ജീവൻ വെച്ചു. എന്റെ കേശവേട്ടാ, കാലത്ത്
നമ്മളു കുടിച്ച ചായ കഴിഞ്ഞ് ഇപ്പൊഴാ എന്തേലുമകത്തു ചെല്ലുന്നേ. അവൾ കേശവന്റെ ചുമലിൽ
ചാരി.

എടീ! കേശവൻ വിളിച്ചു. എന്തോ? അവൾ മുഖമുയർത്തി. ഇനി സമയത്ത് കഴിച്ചോണം.
മനസ്സിലായോടീ? ശരി കേശവേട്ടാ. സാറയ്ക്കുള്ളിലൊരു കുളിരു തോന്നി.

ബീച്ചിൽ അസ്തമയം കഴിഞ്ഞിരുന്നു. ആകാശത്തേക്കവൾ നോക്കി. “ചോക്കുന്നു കാടന്തിമേഘങ്ങൾ
പോലെ”.കേശവനവളുടെ ചെവിയിൽ മന്ത്രിച്ചു.

അവസാനം കണ്ടുകഴിഞ്ഞിട്ട് സഖാവിനെന്തു പറ്റി? അപ്പോഴും സുന്ദരിയായ സാറയെ കേശവൻ
നോക്കി. ഒത്തിരി പറയാനുണ്ടെന്റെ മോളൂ. ഇനിയെത്രയോ സമയമുണ്ട്. ജയിലിൽ
കിടന്നാണ് വർഷങ്ങൾക്കുശേഷം നിയമം പഠിച്ചത്. അമ്മ സ്ഥലമെല്ലാം വിറ്റ് ഈ നഗരത്തിൽ
ഒരാശ്രമത്തിലേയ്ക്കു മാറിയിരുന്നു. ഞാനിവിടെ വന്ന് പ്രാക്റ്റീസു തുടങ്ങിയിട്ടും
അമ്മ അവിടെ നിന്നും മാറിയില്ല. ഞാനും നിർബ്ബന്ധിച്ചില്ല. വർഷങ്ങളായി
വിട്ടു പോയിട്ട്. ഞാൻ പഴയ പാർട്ടിക്കാരുടേയും, പാവങ്ങളുടേയും കേസുകളാണ് കൂടുതലും
നടത്തുന്നത്. ജീവിക്കാനായി പക്കാ ക്രിമിനലുകളേയും ഡിഫൻഡു ചെയ്യുന്നു.

കുര്യച്ചനുമായി എന്തോ ആദ്യമേ പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. സാറയുടെ സോഫയിൽ
കേശവന്റെ മടിയിൽ കാലുകൾ ഉയർത്തിവെച്ചിരിക്കയായിരുന്നു. നീണ്ട വിരലുകൾ പാദങ്ങളുടെ
വളവുകളിലൂടെ മെല്ലെയമർത്തിയപ്പോൾ അവൾ സുഖം കൊണ്ടു കുറുകി.

ഉം. ബാക്കി? അവളുടെ വിരലുകൾ ഓരോന്നായി ഞൊട്ടയൊടിച്ചുകൊണ്ട് കേശവൻ ചോദിച്ചു.

പിന്നെ രണ്ടു പെൺമക്കളായി. മറിയം, അമ്മായിയമ്മേടെ പേര്. എലിസബത്ത്. അമ്മച്ചീടെ
പേര്. പേരുപോലെ തന്നെ പിള്ളേരും. മറിയം കുര്യച്ചന്റെ മോളായിരുന്നു. ഡൈവോർസിന്റെ
സമയത്തും അപ്പന്റെയൊപ്പമായിരുന്നു. പാവം ലിസി എന്നെപ്പോലെയും.

സാറ… കേശവന്റെ സ്വരം നേർത്തു.

എന്താ കേശവേട്ടാ? അവളെണീറ്റിരുന്നു. കേശവന്റെ മുഖം അവൻ കൈകളിലെടുത്തു.

നീയെന്നെ ഓർക്കാറുണ്ടോ? വല്ലപ്പോഴുമെങ്കിലും? വാക്കുകൾ ഉച്ചരിക്കാൻ കേശവനു
പണിപ്പെടേണ്ടി വന്നു.

എന്റെ ജീവനല്ലേ ഈ കരുണയില്ലാത്തവൻ! അവളുടെ കണ്ണുകൾ നിറഞ്ഞു. അരുവികളായി കണ്ണീർ
താഴേക്കൊഴുകും മുന്നേ അവൾ തേങ്ങിക്കൊണ്ട് കേശവന്റെ നെഞ്ചിൽ മുഖം അമർത്തി. ആ ചുമലുകൾ
ഉലഞ്ഞു. എന്നും…എന്നും… അവൾ മന്ത്രിച്ചു.

കേശവന്റെ കൈകൾ തന്റെ പെണ്ണിനെ വരിഞ്ഞുമുറുക്കി. നിന്നെ ഇനിയാർക്കും ഞാൻ
വിട്ടുകൊടുക്കില്ല. ഒരിക്കലും…. അവളുടെ നിറുകയിലും, നനഞ്ഞ കണ്ണുകളിലും, കവിളുകളിലും
അവൻ ആർത്തിയോടെ ഉമ്മകൾ വർഷിച്ചു. അവളൊരു പൂച്ചക്കുഞ്ഞിനെപ്പോലെ ആ വിരിഞ്ഞ
നെഞ്ചിലമർന്നു.

അവനവളെ വാരിയെടുത്തു. സാറയുടെ ബെഡ്ഡിലേക്കു നടന്നു. വസ്ത്രങ്ങൾ അഴിഞ്ഞുവീണപ്പോൾ
വർഷങ്ങളിലൂടെ കടന്നുപോയ ശരീരങ്ങളുടെ മാറ്റങ്ങൾ അവർ കണ്ടു, തൊട്ടു, തഴുകി,
അനുഭവിച്ചു. സാവധാനത്തിൽ ഒഴുകുന്ന പുഴ കായലിൽ ചേരുന്നപോലെ അവർ സൗമ്യമായി സംഗമിച്ചു.
വികാരങ്ങളുടെ കൊടുമുടിയിൽ വർഷങ്ങൾ കൊഴിഞ്ഞുപോയത് കുട്ടികളുടെ
ആഹ്ളാദത്തോടെയവരറിഞ്ഞു.

പിന്നെ കേശവന്റെ നെഞ്ചിലും, പുറത്തും, തുടകളിലും ഏറ്റ മർദ്ദനങ്ങളുടെ, ക്ഷതങ്ങളുടെ
പാടുകളിലൂടെ വിരലുകളോടിച്ചപ്പോൾ സാറയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞുതുളുമ്പി. ഇപ്പോഴും
കരുത്തുചോരാത്ത കൈകളിലമർന്നപ്പോൾ അവൾ സുരക്ഷിതമായി, ശാന്തമായി ഉറങ്ങി. അവളുടെ
അഴിഞ്ഞുലഞ്ഞ മുടിയിൽ തഴുകി, അവളുടെ മാറിടങ്ങളുടെ ചൂടനുഭവിച്ച് കേശവനും
ഉറക്കത്തിലാണ്ടു.

മമ്മിയിതെന്തുദ്ദേശിച്ചിട്ടാണ്! മറിയം മൂർച്ചയുള്ള സ്വരത്തിൽ ചോദിച്ചു. ഇത്രേം
പ്രായമായിട്ടാണോ പഴയ കാമുകന്റെയൊപ്പം.. ഛെ! ഇനി ഞാനെങ്ങിനെ ജോണിന്റെ വീട്ടുകാരുടെ
മുഖത്തു നോക്കും. ഇല്ല ഞാനിതു സമ്മതിക്കില്ല! അവൾ കേശവന്റെ നേർക്ക് തിരിഞ്ഞു.
നാണമില്ലാത്ത വർഗ്ഗം! കാശിന്റെ മുഷ്ക്കും പൊങ്ങച്ചവും അവളുടെ സ്വരത്തിൽ
തിളച്ചുമറിഞ്ഞു.

കേശവൻ അക്ഷോഭ്യനായി മന്ദഹസിച്ചു. അവൻ സാറയുടെ അരികിലേക്ക് നടന്നു. വലിയ
കണ്ണുകളുമായി പാവം ലിസി കേശവനോടു ചേർന്നു നിന്നു.

ഞാനെന്റെ മക്കളോട് വരാൻ പറഞ്ഞത് എന്റെ തീരുമാനങ്ങൾ അറിയിക്കാനാണ്. നിങ്ങളുടെ സമ്മതം
വാങ്ങാനല്ല. സാറ ശാന്തമായി പറഞ്ഞു.

മമ്മീ! മറിയം മുന്നോട്ടാഞ്ഞു. അതേവേഗത്തിൽ അവൾ പിന്നിലേക്ക് മലർന്നു… സാറയുടെ കൈ
ശക്തമായി അവളുടെ കവിളിൽ പതിഞ്ഞപ്പോൾ!

ഭാര്യയുടെ ചുവന്ന മുഖം കണ്ട് ജോൺ മുന്നോട്ടടുത്തു. പഴയ നക്സലിന്റെ കണ്ണുകളിൽ
മിന്നിമാഞ്ഞ തീകണ്ട് അവനറച്ചുനിന്നു.

വീടുപൂട്ടി താക്കോലുമായി സാറ കേശവന്റെ കൈപിടിച്ച് പടിയിറങ്ങി. ലിസി അവരുടെ കൂടെ
ഉത്സാഹത്തോടെ നടന്നു. പ്രിയതമന്റെ വീട്ടിൽ വലതുകാൽ വെച്ചു കേറിയപ്പോൾ മേരിയും
ദേവകിയും അനുഗ്രഹത്തിന്റെ തണുത്ത സ്പർശം കൊണ്ട് അവരെ മൂടുന്നതായി സാറയ്ക്കുതോന്നി.

(അവസാനിച്ചു)