ഇല്ലല്ലോ അപ്പാ. ആരാ? അവൾ ചോദിച്ചു.
എടീ ഇവൻ നിന്റെ പഴയ കൂട്ടുകാരി ദേവകീടെ ഒറ്റ മോനാണെടീ. സാറു ചിരിച്ചു.
കർത്താവേ! മേരി മൂക്കത്തു വെരലു വെച്ചു. ഇങ്ങു വന്നേടാ, ദേവൂന്റെ മോൻ!
അവക്കെങ്ങനെയൊണ്ടെടാ? എന്താ നിന്റെപേര്?
മുഖത്ത് വിഷാദം കലർന്ന, സുന്ദരിയായ മേരിയെ നോക്കി കേശവൻ മന്ദഹസിച്ചു. സൈക്കിൾ
സ്റ്റാൻഡിൽ വെച്ചിട്ടവനിറങ്ങി.
ചേച്ചീടെ രണ്ടാമത്തെ ചോദ്യത്തിനുത്തരം.. കേശവൻ. തീപ്പൊരി കേശവൻ! സാറ അമ്മയുടെ
ചെവിയിൽ മന്ത്രിച്ചു. പിന്നെ അമ്മ സുഖമായിരിക്കുന്നു. അച്ഛൻ മരിച്ചുകഴിഞ്ഞ്
ജോലിക്ക് കേറി. പഞ്ചായത്തോഫീസിലാണ്.
നാരായണൻ മരിച്ചോ! മേരി മുന്നിൽ നിന്ന ഉയരമുള്ള കേശവനെ നോക്കിപ്പറഞ്ഞു. ദൈവമേ!
നീയിങ്ങു കേറിയിരിക്ക്.
ചേച്ചീ പോണം. അവനൊന്നു മടിച്ചു. മേരിയിറങ്ങിച്ചെന്ന് അവന്റെ കയ്യിൽപ്പിടിച്ചു
വരാന്തയിലേക്ക് വലിച്ചു.
ദേവൂന്റെ മോൻ വന്നിട്ട് ചായേങ്കിലും തരാതെ ഞാൻ വിടത്തില്ല.
ഓ ഇനിയമ്മ ചായകൊടുക്കണ്ട കൊറവേയുള്ളൂ. ഇയാള് വല്ല്യ നക്സലൈറ്റാ. സൂക്ഷിച്ചാൽ
കൊള്ളാം. സാറ പിറുപിറുത്തു.
പോടീ. മേരിയവളുടെ തലയിൽ മേടി. മോനിരിക്ക്.
അവിടെനിന്നും പാർട്ടിയോഫീസിലേക്കു സൈക്കിൾ ചവിട്ടുമ്പോൾ കേശവൻ സാറ, മേരി, മേരി
ചുരുക്കിപ്പറഞ്ഞ അമ്മയുടേയും അച്ഛന്റേയും കഥകൾ, ഇവയൊക്കെ അയവിറക്കി.
സഖാവേ ദാണ്ടെയൊരു പെണ്ണ് തന്നെ തുറിച്ചുനോക്കുന്നു. പാർട്ടിയുടെ വരുന്ന കോളേജ്
ഇലക്ഷന്റെ ഒരു സ്ഥാനാർഥിയായ ഉഷ കേശവനെ തോണ്ടി.
ഏതു പെണ്ണ്?
ദാണ്ടവിടെ എടതുവശത്ത്.
കേശവൻ നോക്കിയപ്പോൾ മൂന്നാലു പെണ്ണുങ്ങളുടെ ഇടയിൽ നിൽക്കുന്നു കാന്താരി. അവനെ
നോക്കി കൈവീശിക്കാട്ടുന്നു.
നമസ്കാരം സാറ. സാറും ചേച്ചീം സുഖമായിരിപ്പില്ലേ. അവൻ അവരുടെ അടുത്തേക്ക്
നടന്നുകൊണ്ട് കുശലം ചോദിച്ചു. മറ്റുള്ള പെണ്ണുങ്ങൾ എന്തൊക്കെയോ കുശുകുശുക്കുന്നത്
അവൻ കണ്ടു.
അവൾ കൂട്ടം വിട്ട് മുന്നോട്ടു വന്നു. അതേയ് അവരടെ കാര്യം അറിയണേൽ
വീട്ടീച്ചെന്നന്വേഷീര്. വല്ല്യ ചോദ്യങ്ങൾ! ഈ ഞാനെങ്ങനെയൊണ്ടെന്ന് ചോദിച്ചില്ലല്ലോ.
അവൻ ചിരിച്ചുപോയി. കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും നീ ഒരേപോലാന്നല്ലോടീ!
നിന്നെക്കണ്ടാലറിയാല്ലോ! ഒരു കൊഴപ്പോമില്ലെന്ന്!
ഓ പിന്നേ! കണ്ടാലറിയാം! ഇങ്ങോട്ടു വന്നേ! അവളവന്റെ കയ്യിൽ സ്വാതന്ത്ര്യത്തോടെ
കൈകോർത്ത് മരച്ചുവട്ടിലേക്കു നടന്നു.
കേശവന് കൗതുകം തോന്നി. ഒരു പെണ്ണും ഇതുവരെ ധീരശൂരപരാക്രമിയായ കേശവൻ സഖാവിനോട്
ഇങ്ങനെ പെരുമാറിയിട്ടില്ല.
കേശവേട്ടനെന്തിനാ കണ്ണീക്കണ്ട പെണ്ണുങ്ങടെ കൂടെ നടക്കണത്? എപ്പഴും കാണും
ഉപഗ്രഹങ്ങൾ രണ്ടുമൂന്നെണ്ണം! അവൾ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു.
എടീ സാറക്കൊച്ചേ. അവരെല്ലാം പാർട്ടിക്കാരോ അല്ലെങ്കിൽ അനുഭാവികളോ ആണ്.
നിനക്കെന്താടീ?
കേശവേട്ടന്റെ കൂടെ ഒരുപെണ്ണിനേം കാണുന്നതെനിക്കിഷ്ട്ടമല്ല! അവൾ കടുപ്പിച്ചു പറഞ്ഞു.
കേശവനു ദേഷ്യം വന്നു. അവന്റെ സ്വഭാവത്തിന് മുഖത്തടിച്ചപോലെ എന്തെങ്കിലും
പറയണ്ടതാണ്. അവന്റെ ചോരയിരമ്പി ചുവന്നു വന്ന മുഖം കണ്ടപ്പോൾ സാറയൊന്നു ഞെട്ടി. അവൾ
പിന്നിലേക്കു നീങ്ങി.
അവളുടെ ഭയന്ന മുഖം കണ്ടപ്പോൾ അവൻ പെട്ടെന്ന് സമചിത്തത വീണ്ടെടുത്തു. സ്വയം
നിയന്ത്രിച്ചു. സാറാ…സ്വരം ശാന്തമായിരുന്നു. നീ ചെല്ല്. കൂട്ടുകാരികൾ
നോക്കിനിൽക്കുന്നു. വൈകുന്നേരം എന്റെ കൂടെ വാ. വീട്ടിൽ കൊണ്ടാക്കിയേക്കാം. അപ്പോ
സംസാരിക്കാം.
ആ ദേഷ്യമുള്ള മുഖം പോലും എത്ര സുന്ദരമാണ്. കടിച്ചുതിന്ന് വയറ്റിനുള്ളിൽ
ഒളിപ്പിക്കണം ഈ സഖാവിനെ! ആർക്കും കൊടുക്കരുത്. കൂട്ടുകാരികളുടെ അടുത്തേക്ക്
ചെല്ലുമ്പോൾ സാറ ഉള്ളിലോർത്തു ചിരിച്ചു.
ഡീ! എന്നാലും നീയാ തീപ്പൊരീടെ കയ്യീക്കേറിപ്പിടിച്ചല്ലോ! പൊള്ളിയോടീ? ഷെർളി അത്ഭുതം
കൂറി
ഇല്ലെടീ. സാറ മന്ദഹസിച്ചു. ന്നാലും നല്ല ചൂടൊള്ള കൈത്തണ്ട!
നിനക്കു വട്ടായെടീ. അല്ലേല് ഒരാമ്പ്രന്നോന്റെ കയ്യീക്കേറി പിടിക്കുമോ?
എടീ, ഞാനീ കോളേജിൽ ചേർന്ന അന്ന് കേശവേട്ടൻ ക്ലാസ്സിൽ വന്ന് നമ്മളെയൊക്കെ സ്വാഗതം
ചെയ്തില്ലേ? അന്നുതൊട്ടെന്റെ നെഞ്ചിലൊണ്ടടീ.
ഉം. അവളുടെ മുഴുത്ത മുലകളിൽ നോക്കി ഷെർലി ചിരിച്ചു. ഇതുങ്ങൾക്കവിടെ സ്ഥലം പോരാ.
പിന്നെയാ തീപ്പൊരീംകൂടെ.
പോടീ. സാറ നാണിച്ചു തുടുത്തു. അവൾ ദുപ്പട്ട വലിച്ചു മുലകൾ മറച്ചു.
അവടെയൊരു കേശവേട്ടൻ! നിന്റെ കാര്യം പോക്കാടീ മോളേ! ഷെർലി കുരിശു വരച്ചു.
സാറ വൈകുന്നേരമാവാൻ ഒട്ടും ക്ഷമയില്ലാതെ കാത്തു. ഷെർലിയോട് പൊക്കോളാൻ പറഞ്ഞിട്ട്
അവൾ പോർട്ടിക്കോയിൽ പടിയിലിരുന്നു. ദൂരെ വോളിബോൾ കോർട്ടിൽ പേശികളുടെ ചലനം കണ്ടു.
മൈതാനത്തിന്റെയരികിൽ നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങൾ മെല്ലെയുലഞ്ഞു.
വൈകുന്നേരമായി. കോളേജ് ആളൊഴിഞ്ഞ അരങ്ങായി.
പിന്നിൽ ഉറച്ച കാലടികൾ അടുത്തുവരുന്നതവളറിഞ്ഞു. എണീറ്റു നിന്നു. കേശവൻ നടന്നുവന്നു.
പോകാം സാറ. അവളുടെ മറുപടിക്കു കാക്കാതെയവൻ നടന്നു. ഒന്നമ്പരന്നെങ്കിലും അവൾ
കൂടെയോടിയെത്തി.
ഒന്നു നില്ലെന്റെ സാറേ. ഒന്നുമില്ലെങ്കിലും ഒരു പാവം സുന്ദരിപ്പെണ്ണ്
കാത്തിരുന്നതല്ലേ.. ഇത്രേം വെയിറ്റിടണോ? അവൾ അണച്ചുകൊണ്ട് ചോദിച്ചു.
കേശവൻ നിന്നു. അവളെ സൂക്ഷിച്ചു നോക്കി. മുടിയഴിഞ്ഞു പാറിക്കിടന്നിരുന്നു.
ചാഞ്ഞവെയിലിൽ അവളൊരു പുൽക്കൊടിപോലെ ചെറുതായി ആടി.
വാ. ഒറ്റവാക്ക്. അവൻ പിന്നെയും നടന്നുതുടങ്ങി, പക്ഷേ ധൃതി കുറഞ്ഞിരുന്നു.
സ്ത്രീയേ നീയും ഞാനും തമ്മിലെന്ത്? ഈശോയെപ്പോലത്തെ ചോദ്യം കേട്ടവളമ്പരന്നു. മുഖം
ഉയർത്തിയപ്പോൾ അവന്റെ തീക്ഷ്ണമായ, ചിരിയൊളിപ്പിച്ച കണ്ണുകളിൽ കണ്ണുകളുടക്കി.
എനിക്ക് ഈ തീപ്പൊരിയെ ഇഷ്ട്ടാണ്. അവളങ്ങു നേരേ ചൊവ്വേ വളച്ചുകെട്ടില്ലാതെ പറഞ്ഞു.
ഹഹഹഹ…അവന്റെ പൊട്ടിച്ചിരി അവളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല!
എടീ സാറക്കുട്ടീ! അവൻ നീട്ടി വിളിച്ചു.
എന്താ ഇച്ചായാ…അവളും അതേ ഈണത്തിൽ ചോദിച്ചു.
നീ ശരിക്കും ഒരു കുരിശാണല്ലോടീ. കേശവൻ ചിരിച്ചു.
ഇച്ചായനങ്ങ് ചൊമന്നോ! ഇതേ കർത്താവ് തീരുമാനിച്ചതാ. അവളുടെ സംസാരം കേട്ടവൻ
ചിരിയടക്കി.
നിനക്ക് എന്നെപ്പറ്റി എന്തറിയാം? അവൻ സീരിയസ്സായി.
ആരോഗ്യമുള്ള പുരുഷൻ. ഞാനിഷ്ട്ടപ്പെടുന്നയാൾ. എനിക്കിത്രേമൊക്കെ മതി കേശവേട്ടാ.
അവളും തമാശ നിർത്തി സീരിയസ്സായി.
സാറ. ഞാനൊരു ഇടതുപക്ഷ പ്രവർത്തകനാണ്. അതും ഇപ്പോഴത്തെ മെയിൻസ്റ്റ്രീമിനും
ഇടത്തോട്ട്. നാടു ഭരിക്കുന്ന പാർട്ടിക്കാർക്ക് ഞങ്ങൾ പ്രധാന ശത്രുക്കളാണ്.
രാഷ്ട്രീയ ഭാവിയൊന്നും ഞാൻ മുന്നിൽ കാണുന്നില്ല. നമ്മുടെ കോളേജിൽ പ്രസ്ഥാനമുള്ളത്
ഒരു പാരമ്പര്യമുള്ളതുകൊണ്ടാണ്. നിന്റെ ജീവിതം മുന്നിൽ നിവർന്നുകിടപ്പൊണ്ട്. എന്റെ
കൂടെയായാൽ ഭാവി ഇരുളടയും. തന്നേമല്ല, എനിക്ക് ഒരു ബന്ധം ആലോചിക്കാൻ പറ്റില്ല.
രണ്ടുപേരും നിശ്ശബ്ദരായി നടന്നു.
ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? അവൾ മൗനം മുറിച്ചു.കേശവനവളെ നോക്കി.
തീർച്ചയായും. അവനൊരു സംശയവുമില്ലായിരുന്നു.
കേശവേട്ടനെന്നെ ഇഷ്ടമല്ലേ? അവൾ വഴിയോരത്തു നിന്നു. എന്നിട്ട് അവളുടെ കണ്ണുകളിൽ
നോക്കിയ അവനോട് സ്വരം ചിലമ്പാതെ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.
ഇഷ്ട്ടമാണ്. ആ ഉത്തരം കേട്ടപ്പോൾ അവൾ കോരിത്തരിച്ചു. ഒരു നിമിഷം അവൾ
കണ്ണച്ചുനിന്നു. ഇപ്പോൾ അവളും അവനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഈ നിമിഷം
അവസാനിക്കാതിരുന്നെങ്കിൽ!
അവൻ അവളുടെ കൈ കവർന്നപ്പോൾ സാറ ഞെട്ടിയുണർന്നു. പോവാം. അവൻ കൈ വിട്ടു. നിഴലുകൾ
നീണ്ടുതുടങ്ങിയിരുന്നു. അവരൊന്നും മിണ്ടാതെ സ്വസ്ഥതയുള്ള നിശ്ശബ്ദതയിൽ ആലോചനകളിൽ
മുഴുകി നടന്നു.
ആരാണെന്റെയൊപ്പം നടക്കുന്ന ഈപ്പെണ്ണ്! ഒരാഴ്ച്ചയ്ക്കു മുമ്പ് അവളീ ചക്രവാളത്തിലേ
ഇല്ലായിരുന്നു. ഇപ്പോഴിതാ അവളിടിച്ചുകേറി കസേര വലിച്ചിട്ടിരിക്കുന്നു! അവളെ
കണ്ടുകൊണ്ടിരിക്കണമെന്നു തോന്നുന്നു. അവളുടെ കുശുമ്പും പിണക്കങ്ങളും എന്തു രസമാണ്..
സഖാവോരോന്നാലോചിച്ചു പോയി.
സാറ ഒപ്പം നടക്കുന്ന ഉയരമുള്ള താടിക്കാരനെ അവനറിയാതെ ഇടംകണ്ണുകൊണ്ടു
കോരിക്കുടിച്ചു. ആ തിങ്ങിവളരുന്ന കറുത്തുചുരുണ്ട മുടിയിൽ മുഖം ചേർത്ത്
ശ്വാസമെടുക്കണം. ആ മുടിക്കുപിടിച്ചു തന്റെ മുഴുത്ത മുലകളിലേക്കമർത്തണം. ആ ചുവന്ന
കവിളുകളിൽ, താടിക്കു മുകളിൽ തിളങ്ങുന്ന ആ തൊലിയിൽ നുള്ളിനോവിക്കണം. വേറെ
പെണ്ണുങ്ങളെ നോക്കിയാൽ ആ നെഞ്ചിൽ പല്ലുകളമർത്തി തൊലി പൊട്ടിച്ചു ചോരവരുത്തണം. ഈ
കോന്തൻ സഖാവെന്തു പറഞ്ഞാലും തനിക്കൊന്നുമില്ല. ഇവനെനിക്കായി പിറന്നതാണ്. ഇവനെന്റെ
മാത്രമാണ്. ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും!
സാറേ, ദാ കൊച്ചുമോളെ ഏൽപ്പിക്കുന്നേ! അവൾ വൈകിയതു കാരണം ഗേറ്റിൽ അവളേയും
കാത്തുനിന്ന അപ്പച്ചനോട് സഖാവ് പറയുന്നത് കേട്ടപ്പോൾ അവൾ സ്വപ്നത്തിൽ നിന്നും
ഞെട്ടിയുണർന്നു. പിന്നെ തലകുനിച്ചകത്തേക്കു കേറിപ്പോയി.
കേശവാ. ചായ കുടിച്ചിട്ട് പോയാ മതി. ഞാനിന്ന് ദേവൂനെക്കണ്ടാരുന്നു! മോൻ വല്ല്യ
പരാക്രമിയാണെന്നപ്പഴല്ല്യോ മനസ്സിലായത്! മേരി ചിരിച്ചുകൊണ്ട് വെളിയിലേക്കു വന്നു.
സത്യം പറഞ്ഞാൽ ചേച്ചീടെ കൈകൊണ്ടിടുന്ന ചായയ്ക്ക് ഒരു പ്രത്യേക രുചിയാണ്.
കേശവനുള്ളിലേക്ക് കയറി. അമ്മയോട് പറഞ്ഞേക്കല്ലേ!
അയ്യട! എന്തൊരു സോപ്പിടൽ! അമ്മേ പോവാൻ നേരം സ്വന്തം കഴുത്തേല് തലയൊണ്ടോന്ന്
നോക്കണേ! സാറ തലനീട്ടി.
എടാ മോനേ. മേരിയവന്റെയടുത്തിരുന്നു. ദേവൂന് നല്ല വിഷമമൊണ്ടടാ. നീ മാത്രേ
അവക്കൊള്ളൂ. നാരായണൻ ലോക്കപ്പീക്കെടന്നാന്ന് അവളു പറഞ്ഞു. കേട്ടു നിന്ന സാറ ഒന്നു
ഞെട്ടി.
ചേച്ചീ. അമ്മയൊരു സഖാവിന്റെ ഭാര്യയാണ്. എന്റെ വഴിയമ്മയ്ക്കറിയാം. ഐം ആം ലിവിങ്
ഡേഞ്ചറസ്ലി. അതെനിക്കുമറിയാം. ഈ പ്രായത്തിലേ പറ്റൂ. ഞാനതെന്നേ തെരഞ്ഞെടുത്തതാണ്.
നല്ല ചായ. അവൻ ചായ മൊത്തിക്കൊണ്ടു പറഞ്ഞു.
അവൻ പോയിക്കഴിഞ്ഞ് മേരിയൊരു ദീർഘശ്വാസം വിട്ടു. എന്തു നല്ല ചെറുക്കനാണ്!
അവനിങ്ങനേം.
എങ്കിലമ്മയങ്ങു കെട്ടിക്കോന്നേ. സാറ വന്നു മേരീടെ കഴുത്തിൽ തൂങ്ങി.
ഒറ്റയടിവെച്ചുതരും. വന്നുവന്ന് പെണ്ണിനെന്തും പറയാന്നായി. മേരി മോളുടെ ചെവിക്കു
പിടിച്ചു കിഴുക്കി.
തിരിഞ്ഞ സാറയുടെ കയ്യിൽ മേരി പിടിച്ചു. നീയൊന്നു നിന്നേടീ.
കർത്താവേ പണിയായി. സാറ മേരി കാണാതെ കുരിശുവരച്ചു.
നീയിവിടെയിരുന്നേടീ. മേരി സാറയെ സൂക്ഷിച്ചു നോക്കി. അവളിരുന്നു ഞെളിപിരികൊണ്ടു.
മുഖത്തു നോക്കടീ. മേരി ചിരിയമർത്തി.
എന്താമ്മേ? സാറ ചളിച്ച മോന്ത അമ്മയുടെ നേർക്കു തിരിച്ചു.
നീയെന്തിനാടീ കേശവന്റെ കൂടെ വന്നേ?
അത് ഞാൻ കോളേജിൽ… ഷെർലി പോയപ്പോ… ആരും കൂട്ടിനില്ലാതെ…അപ്പോ കേശവേട്ടൻ… അവളിരുന്നു
വിക്കി.ഇരുനിറമാണെങ്കിലും മോൾടെ മുഖം തുടുത്തത് മേരിയറിഞ്ഞു.
ഞാൻ ഷേർലീടെ വീട്ടില് വിളിച്ചപ്പോ അവളോട് പൊക്കോളാൻ നീ പറഞ്ഞൂന്നാണല്ലോടീ
ഞാനറിഞ്ഞത്. മേരി സ്വരം കടുപ്പിച്ചു.
അത്..അമ്മേ… സാറയിരുന്നു വിക്കി. ഞാൻ…
മോളേ നീയിങ്ങു വന്നേ. മേരിയവളേം വലിച്ച് വരാന്തയിലേക്ക് ചെന്നു. മാത്യൂസാറു
മുഖമുയർത്തി.
അപ്പാ…മാത്യൂസാറ് മേരിയുടെ വിളികേട്ടപ്പോൾ പത്രത്തിൽ നിന്നും മുഖമുയർത്തി.
ദേ ഇവളോട് അവൾടെ അമ്മയ്ക്കെന്നാ പറ്റിയേന്ന് അപ്പനൊന്നു പറഞ്ഞുകൊടുത്താട്ടെ. ഞാൻ
അത്താഴത്തിന് ഇത്തിരി കഞ്ഞീം പയറും ഒണ്ടാക്കട്ടെ. മേരി സാറയെ അപ്പന്റെയടുത്തോട്ടു
തള്ളിയിട്ട് അകത്തേക്ക് പോയി.
അപ്പച്ചാ.. അമ്മയെന്നാ പറഞ്ഞേച്ചും പോയേ? സാറ സംശയത്തോടെ മാത്യൂസാറിനെ നോക്കിയിട്ട്
സാറിന്റെ കസേരക്കയ്യിൽ കേറിയിരുന്നു.
നീ നിന്റെയപ്പനെ കണ്ടിട്ടില്ലല്ലോ മോളേ. സാറ് കൊച്ചുമോളുടെ കൈ കൈകളിലെടുത്ത് തലോടി.
ഇല്ലപ്പച്ചാ. അമ്മയെന്നെ പ്രസവിക്കണതിനു മുൻപ് അപ്പൻ അപകടത്തിൽപ്പെട്ടു മരിച്ചു
എന്നാണമ്മ പറഞ്ഞേ. അപ്പന്റെ കൂടെ വർക്കുചെയ്തിരുന്ന രണ്ടുമൂന്നങ്കിളുമാരേം അവരടെ
ഭാര്യമാരേം കൊച്ചുങ്ങളേമൊക്കെ ഞാൻ കണ്ടിട്ടുണ്ട്.
മോളേ. അങ്ങു ബോംബേല് അപകടമായിരുന്നു. പക്ഷേ കരുതിക്കൂട്ടിയൊള്ളതായിരുന്നു.
ഫാക്ടറിയിൽ നിന്റപ്പൻ യൂണിയൻ നേതാവായപ്പഴേ നോട്ടപ്പുള്ളിയായിരുന്നു. രണ്ടുപ്രാവശ്യം
അവരു ശ്രമിച്ചതാ. ആഹ്. പോലീസും അവരുടെ കയ്യിലായിരുന്നു. പിന്നെ നിന്റമ്മ
ഇവിടെവെച്ചാ നിന്നെ പെറ്റത്. അവളു പിന്നെ ചെന്നൈയിൽ പോയി. അവക്കു
ബോംബേല് പണിയൊണ്ടായിരുന്നു. അവരടെ സൗത്തിൻഡ്യൻ റിജിയണൽ ഓഫീസിൽ ചേർന്നു. പിന്നെ
രണ്ടു വർഷം കഴിഞ്ഞപ്പോൾ അവള് ഇൻഷുറൻസ് കമ്പനീല് ചേർന്നു. ഇപ്പോ ട്രാൻസ്ഫറായപ്പഴാ
നിന്നെ ഇവിടെ നിർത്തിപ്പഠിപ്പിക്കാന്നു വിചാരിച്ചത്.
മോളേ. അരി കഴുകി അടുപ്പത്തുവെച്ചിട്ട് വരാന്തയിൽ വന്ന മേരി സാറയുടെ മുടിയിൽ തലോടി.
കേശവൻ നല്ല ചെറുക്കനാ. എനിക്കും നിന്റെയപ്പച്ചനും അവന്റെയമ്മേം
മരിച്ചുപോയ അച്ഛനേമൊക്കെ അറിയാം. എന്നാലും മോളേ, ഞാനും ഇഷ്ട്ടപ്പെട്ടു
കെട്ടിയതാടീ. എനിക്കിപ്പോ ഇതൊക്കെയാലോചിക്കുമ്പോ നെഞ്ചിൽ തീയാണ്. ഞാനടുത്താഴ്ച
പുതിയ സ്ഥലത്തേക്ക് പോവും. ജോയിൻ ചെയ്യണം. നീ വിവരമുള്ള പെണ്ണാണ്. അപ്പച്ചനെ
വെഷമിപ്പിക്കരുത്.
സാറയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പതുക്കെയെണീറ്റ് അകത്തേക്ക് പോയി.
പാവം. സാറു പറഞ്ഞു. മേരി വിഷമത്തോടെ ചിരിക്കാൻ ശ്രമിച്ചു.
സാറ അടുത്തദിവസങ്ങളിൽ ഒരൊതുങ്ങിയ മൂഡിലായിരുന്നു. എന്തു പറ്റിയെടീ? കാമുകനുമായി
വല്ല പ്രശ്നവും? ഷെർളി ചോദിക്കുകയും ചെയ്തു. എന്നാൽ കൂട്ടുകാരിയുടെ ദയനീയമായ മുഖം
കണ്ടപ്പോൾ അവൾ കൂടുതൽ കളിയാക്കാൻ നിന്നില്ല.
സാറ അപ്പന്റെ മരണത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്നും മുഴുവനും മോചിതയായിരുന്നില്ല.
ഒപ്പം രണ്ടുദിവസത്തിനകം മേരി പോവുകയും ചെയ്തതോടെ അവളുടെ സ്ഥിതി പിന്നെയും
ശോചനീയമായി. കോളേജിലാകട്ടെ കേശവനെ കാണാനുമില്ലായിരുന്നു. ഒടുവിൽ
മനസ്സുണ്ടായിട്ടല്ലെങ്കിലും അവൾ ഉഷയെ സമീപിച്ചു.
അതേയ്… ഒരു കാര്യം. അവൾ ശങ്കിച്ചു ശങ്കിച്ചു ചോദിച്ചു.
എന്താ കുട്ടീ? ഉഷയവളെ ഉറ്റുനോക്കി. എപ്പൊഴോ കണ്ടുമറന്നപോലെ.
അത്… പെട്ടെന്നവൾക്ക് വാക്കുമുട്ടി. അവളുടെ മുഖം തുടുത്തു. അവൾക്കവിടെനിന്നും
രക്ഷപ്പെട്ടാൽ മതിയെന്നായി. വല്ലാത്ത തിക്കുമുട്ടൽ.
ഉഷയ്ക്കവളുടെ പതറിച്ച മനസ്സിലായി. നന്നായി ചിരിച്ചുകൊണ്ട് ഉഷ സാറയുടെ കയ്യിൽ
പിടിച്ചു. വരൂ.. അവളേയും കൊണ്ട് ഉഷ മരത്തണലിലെ തറയിലിരുന്നു.
എന്താ മോൾടെ പേര്? ഉഷ ചോദിച്ചു.
സാറ. അവൾക്കും ശ്വാസം നേരെവീണു.
സാറയ്ക്കെന്താ അറിയണ്ടേ? ഉഷ ചിരിച്ചു.
കേശവേട്ടനെ കണ്ടിട്ടു കൊറച്ചു നാളായി. അതറിയാനാ. അവളൊറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.
ഇതിനാണോ സാറ ഇത്രേം മടിച്ചത്! പുള്ളി പാർട്ടി പ്ലീനത്തിനു പോയതാ. ഒരാഴ്ചത്തെ
പരിപാടിയാ മൊത്തം. പിന്നേം ഒന്നുരണ്ടു സ്ഥലങ്ങളിൽ പോയിട്ടേ വരൂ.
ശരി ചേച്ചീ.. സാറ ആശ്വാസം കൊണ്ടറിയാതെ പറഞ്ഞുപോയി.
എന്നാലിനി അനിയത്തി പോയി നല്ലകുട്ടിയായി ക്ലാസിലിരുന്നു പഠിക്ക്. ഉഷ മന്ദഹസിച്ചു.
ഹാപ്പിയായ സാറ വായുവിലൊഴുകി തിരികെപ്പോയി.
മീറ്റിങ്ങുകളുടെ തിരക്കുകൾക്കിടയിൽ കേശവന് ശ്വാസമെടുക്കാൻ സമയം കിട്ടിയില്ല.
തിരിച്ചുചെന്ന് നടപ്പിലാക്കണ്ട സമരപരിപാടികൾ, തന്ത്രങ്ങൾ, ആകപ്പാടെ വൈകുന്നേരം
വന്നു തളർന്നുകിടന്നുറങ്ങും. എന്നാലും ആ കുസൃതിപ്പെണ്ണിന്റെ മുഖം
വല്ലപ്പോഴുമെങ്കിലും സ്വപ്നങ്ങളിലും, ഉണർന്നിരിക്കുമ്പോഴും മിന്നിമാഞ്ഞിരുന്നു.
മധുരമുള്ള നൊമ്പരം കിള്ളി നോവിച്ചിരുന്നു. വികാരങ്ങളെ അകറ്റിനിർത്തേണ്ട
വിപ്ലവകാരിയുടെ പ്രതിരോധങ്ങൾക്കു വിള്ളലേല്പിച്ച് നുഴഞ്ഞുകയറിയ വികാരങ്ങൾ..
തിരികെ ട്രെയിനിലിരുന്നപ്പോൾ കേശവൻ പുസ്തകങ്ങളൊന്നും വായിച്ചില്ല. അവന്റെയൊപ്പം
യാത്ര ചെയ്ത രാമേട്ടൻ അവന്റെ സ്വപ്നം കാണുന്ന കണ്ണുകൾ ശ്രദ്ധിച്ചിരുന്നു.
എടാ മോനേ.. റെണിഗുണ്ട സ്റ്റേഷനിൽ നിന്നും കാലത്തേ ദോശയും, ചട്ണിയും ഓംലെറ്റും
അകത്താക്കുന്നതിനിടയിൽ രാമേട്ടൻ ഒരു ചോദ്യമെറിഞ്ഞു. ആരാടാ നിന്റെ മനസ്സില്?
അത്..രാമേട്ടാ… ഭക്ഷണം തൊണ്ടക്കുഴലിൽ തങ്ങി കേശവൻ ചുമച്ചു. അവനിത്തിരി
പരിഭ്രാന്തിയായി.
നീ കഴിക്കടാ. രാമേട്ടനവന്റെ പുറം തടവിക്കൊടുത്തു. പിന്നെ ചായ എന്നുപേരുള്ള
റെയിൽവേയുടെ വാട്ടവെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോൾ രാമേട്ടൻ മനസ്സു തുറന്നു.
കേശവാ. മൃദുവായ ആ സ്വരം കേൾക്കാൻ കേശവൻ മുന്നോട്ടാഞ്ഞിരുന്നു. നമ്മളെല്ലാം
മനുഷ്യരാണ്. നീ ഈ കമ്പാർട്ട്മെന്റിൽ നോക്കിയേ. കുട്ടികൾ, അച്ഛനമ്മമാർ,
ചെറുപ്പക്കാർ…എല്ലാവരും ജീവിതത്തിൽ മുഴുകിയിരിക്കുന്നു. വിപ്ലവമെന്നു പറഞ്ഞാൽ
വികാരങ്ങളില്ലാത്ത ഒരേ ലക്ഷ്യം നോക്കി മുന്നോട്ടു പോവുന്നവർ എന്നൊക്കെയുള്ള ശുദ്ധ
അസംബന്ധം പറയുന്ന മുരടന്മാരെ എനിക്കു കണ്ടൂടാ. ജീവിതം ജീവിച്ചുതന്നെ തീർക്കണം.
എന്നാൽ നമ്മുടെ മാർഗ്ഗം മറക്കരുത്. അത്രമാത്രം.
രാമേട്ടൻ ചരിഞ്ഞുകിടന്ന് ഏതോ അമേരിക്കൻ ക്രൈം നോവൽ വായന തുടങ്ങി. പ്രസ്ഥാനത്തിന്റെ
ഒരാചാര്യനായിരുന്നെങ്കിലും രാമേട്ടൻ കേശവനൊരത്ഭുതമായിരുന്നു.