ദിവാകരേട്ടൻ ഒരു ഗുണ്ടയാണ്. ആറടി പൊക്കം, അതിനൊത്ത തടിയും. മണൽ വാരലും പുഴപ്പണികളുമാണ് ജോലി. ഒരുമിച്ചു പണിയെടുത്തും കുടിച്ചും തിന്നും നടക്കുന്ന മൂന്നു സുഹൃത്തുക്കളോടൊഴിച്ചാൽ ദിവാകരേട്ടനുമായി പൊതുവെ നാട്ടുകാർക്ക് സംബർക്കമില്ല. എല്ലാവർക്കും ദിവാകരേട്ടനെ പേടിയാണ്. എനിക്കും.
ഒന്ന് രണ്ട് തവണ പുഴയോരത്തു വന്ന കോളേജ് പിള്ളാർ ദിവാകരേട്ടന്റെ തെറിയഭിഷേകം മുഴുവൻ കേട്ടിട്ടാണ് പോയത്. എതിർത്ത് സംസാരിച്ചവന്റെ സൈക്കിളെടുത്തു ദിവാകരേട്ടൻ പുഴയിലേക്കിട്ടു.
കടവിൽ ഒരൊറ്റമുറിപ്പീടികയുണ്ട്. തൂങ്ങിമരിച്ച സുരേന്ദ്രേട്ടന്റെ ഒരു പൊളിഞ്ഞ ഒറ്റമുറിപ്പീടിക. പൊളിഞ്ഞുതുടങ്ങി. വൈകുന്നേരമായാൽ അതിന്റെ തിണ്ണയിൽ ദിവാകരേട്ടന്റെയും കൂട്ടുകാരുടെയും കള്ളുസഭയാണ്. ഒച്ചയും ബഹളവും തെറിയും തമ്മിലടിയുമൊക്കെയാണ് പിന്നെ. അങ്ങനെയൊക്കെയാണേലും മദ്യം അകത്തു ചെന്നാൽ ദിവാകരേട്ടൻ പാടും. ദിവാകരേട്ടൻ നന്നായിത്തന്നെ പാടും. അപ്പോൾ ദിവാകരേട്ടൻ ഗുണ്ടയല്ല, ഗായകനാണ്. ഒഴിഞ്ഞ കുപ്പിയിലും കടവിൽ കയറ്റിയിട്ട വഞ്ചിയിലുമൊക്കെയായി താളം പിടിച്ചു കൊണ്ട് നന്നായിത്തന്നെ പാടും. ആ പാട്ട് പുഴയിലോടെ ഒഴുകും. ചെറു മീനുകൾ പാട്ടിനു ചുറ്റും നൃത്തം വക്കും. മെല്ലെയൊഴുകുന്ന പുഴയിലൂടെ പാട്ട് തത്തി തത്തി ഓരോ കുടിലിലുമെത്തും. അത് കേട്ട് എല്ലാവരും ഉറങ്ങും, ഞാനും.
ദിവ്യ സുന്ദരിയാണ്! വെറും സുന്ദരിയല്ല, അതിസുന്ദരി. പ്ലസ്ടുവിന് പഠിക്കുന്നു. പക്ഷെ ദിവാകരേട്ടന്റെ മോളായത് കൊണ്ട് ആരും മുഖത്തുപോലും നോക്കില്ല. ഞാനും.
സുരേഷിനും തോമാച്ചനും സുരേഷിനും ഉണ്ണിയേട്ടനും എന്ന് വേണ്ട സ്കൂള് തുടങ്ങി കടവ് വരെ കാണുന്ന എല്ലാ ആൺപിള്ളേർക്കും ദിവ്യയോട് പ്രേമമാണ്. എനിക്കും.
ഇതൊക്കെയാണേലും ദിവ്യയുടെ വരവും കാത്തു നിക്കുന്ന എല്ലാവരും ദിവ്യ അടുത്തിയാൽ താഴേക്കോ തെങ്ങിന്റെ മുകളിലേക്കോ പുഴക്കക്കരെക്കോ നോക്കും. കാരണം ദിവ്യ ദിവാകരേട്ടന്റെ മോളാണ്.
രണ്ടു കൂട്ടുകാരികളുടെ നടുക്ക് പച്ച ഫുൾപാവാടയും വെളുത്ത ജാക്കറ്റുമിട്ട് നടന്നു വരുന്ന ദിവ്യക്കുചുറ്റും ഒരു പ്രകാശ വലയം തന്നെയുണ്ടെന്ന് തോന്നും. കാത്തു നിന്ന ഞങ്ങളെയെല്ലാവരെയും ഒരുമായാലോകത്ത് വിട്ട് ദിവ്യ കടന്നു പോകും. കുറച്ചു നേരത്തേക്ക് ചെളിമണവും ചകിരി ചീഞ്ഞ മണവുമൊക്കെ പുഴക്കടവിൽനിന്നു മാറിനിക്കും. തോട് കടന്നു ദിവ്യ വീട്ടിൽ കയറുന്നതോടേ കടവിൽ അന്നത്തെ വെളിച്ചം കെടും. പിന്നെ ദിവാകരേട്ടൻ വരും കുടിക്കും വഴക്കിടും ഒച്ചവെക്കും പിന്നെ പാടും ഞങ്ങളെല്ലാവരും ഉറങ്ങും.
മറ്റുള്ളവരോടൊക്കെ ദിവ്യക്ക് വളരെ സ്നേഹമാണ്. പഞ്ചായത്തു പൈപ്പിൽ വെള്ളമെടുക്കാൻ വന്നാൽ പോലും ദിവ്യയോട് ചേച്ചിമാർ പറയും. മോള് വെള്ളമെടുത്തു പൊക്കോ, ഞങ്ങളത് കഴിഞ്ഞെടുത്തോളാമെന്ന്. എന്നാലും അവൾ എല്ലാവർക്കും പുറകിൽ ഊഴത്തിനായി മാറിനിൽക്കും.
‘അമ്മ ഇടയ്ക്കു പറയും ദിവ്യ നല്ല കുട്ടിയാണ് മുഖം പോലെത്തന്നെ സ്വഭാവവും. പാല് വാങ്ങാൻ ഇടക്ക് വീട്ടിലേക്കു വരും. അരമതിലിൽ കൈകുത്തിനിന്നു അമ്മയോട് കൊച്ചുവർത്തമാനമൊക്കെ പറയും.എന്നെ കണ്ടാലോ ഞാനവിടുണ്ടെന്നറിഞ്ഞാലോ, ചേച്ചി… പാല് വീട്ടിലേക്ക് കൊണ്ടുവയോട്ടാ. എന്നും പറഞ്ഞു തിരിഞ്ഞു നടക്കും. തിരിയുന്നതിനിടയിൽ എന്നെയൊന്നു നോക്കും ഞാൻ തല താഴത്തും. കാരണം എനിക്ക് ദിവാകരേട്ടനെ പേടിയാണ്. ദിവ്യ പൈപ്പിൻകടയിൽ വെള്ളമെടുക്കാൻ വന്നാൽ ഉണ്ണിയേട്ടൻ ദൃതിപിടിച്ചു സൈക്കിളോടിച്ചു വരും. ദിവ്യയെ കാണാനുള്ള വരവാണ്. പൈപ്പിനടുത്തെത്തുംബോൾ ദിവ്യയെയൊന്നു നോക്കും ദിവ്യയും. സൈക്കിളിൽ ബലം പിടിച്ചിരിക്കുന്ന ഉണ്ണിയേട്ടന്റെ കണ്ണ് രണ്ടും പുറത്തേക്കു ചാടുമെന്നു തോന്നും.
അടുത്തെമ്ബോൾ വനജേച്ചി ദിവസോം ചോദിക്കും. ടാ, ഉണ്ണീ എവിടെക്കാ, നിന്റമ്മക്ക് വായുഗുളിക വാങ്ങാൻ പോകാ? കൂട്ടാരന്റെ വീട്ടിപോണം, ദിവസോം ഉണ്ണിയേട്ടൻ പറയും. കൂടിനിന്നവരെല്ലാവരും ഒരുകളിയാക്കി ചിരിക്കും. എന്റെ വീട്ടിലേക്കാ വരവ്. വന്നാലൊന്നും പറയാനില്ലേലും ഉണ്ണിയേട്ടൻ ദിവസോം വരും. ‘അമ്മ ചായ ദിവസോം ഉണ്ടാക്കിക്കൊടുക്കും.
പുഴപ്പണിക്കുപോകുന്നവരിൽ നിന്നും ഉണ്ണിയേട്ടൻ ഉന്നത ജോലിക്കാരനാണ്. കല്പണിയാണ്. ഉണ്ണിയേട്ടൻ കുടുംബം നോക്കിയാ. ദിവസോം പണിക്കുപോകും.
പതിവ് പോലെ വീട്ടിൽ വന്ന ഉണ്ണിയേട്ടനോട് ഞാൻ പറഞ്ഞു, ഒരു സന്തോഷ വാർത്തയുണ്ട്. ദിവാകരേട്ടൻ വരാൻ രണ്ടു ദിവസമെടുക്കും. എവിടെപ്പോയി. ഉണ്ണിയേട്ടന്റെ കണ്ണ് ഒന്നൂടെ തുറിച്ചുവന്നു. ദാസൻ മുതലാളിക്ക് വേണ്ടി തൊണ്ട് കൊണ്ടുവരാൻ പോയേക്കാ. ദിവാകരേട്ടനില്ലാത്ത ആ രാത്രി. ഞങ്ങൾ സുരേന്ദ്രേട്ടന്റെ പൊളിഞ്ഞ പീടികത്തിണ്ണയിൽ ഒത്തുകൂടി.കാമുകന്മാരെല്ലാവരുമുണ്ട്. ഉണ്ണിയേട്ടന്റെ വക ഒരു കുപ്പി പൊട്ടി. പൂസായ ഉണ്ണിയേട്ടൻ തന്റെ ആത്മാർത്ഥ പ്രേമം എല്ലാവരോടും പറഞ്ഞു. പിന്നെ കരഞ്ഞു. എല്ലാവർക്കും വിഷമായി. വെകിളി സുരേഷ് മുന്നിട്ടിറങ്ങി പ്രഖ്യാപനം നടത്തി. നാളെമുതൽ നമ്മളാരും ദിവ്യേടെ വരവും കാത്തുനിൽക്കില്ല. ദിവ്യ ഇനി ഉണ്ണിയേട്ടനുള്ളതാണ് കുപ്പി വാറ്റി കുടിച്ചുകൊണ്ട് പറഞ്ഞു നിർത്തി. ഉണ്ണിയേട്ടന്റെ കണ്ണ് വീണ്ടുംതുറിച്ചു. എല്ലാവരും വാക്കു പാലിച്ചു. പിറ്റേ ദിവസം ദിവ്യയുടെ വരവും കാത്ത് ആരും നിന്നില്ല. വഞ്ചിയിൽ ചാരി ഉണ്ണിയേട്ടൻ മാത്രം. കൂട്ടുകാരികളോടൊത്ത് ദിവ്യ നടന്നു വരുന്നത് കണ്ട് ഉണ്ണിയേട്ടന്റെ കാലുകൾ വിറച്ചു. തൊണ്ടയിലെ വെള്ളം വറ്റി. പുഴക്കാറ്റേറ്റു ഉണ്ണിയേട്ടൻ കോരിത്തരിച്ചു. കണ്ണ് തുറിച്ചു.
ദിവ്യാ!!! വെപ്രാളത്തിൽ ഉദ്ദേശിച്ച മൃദുത്വം വിളിയിൽ വന്നില്ല. വിളി കട്ടിയായിപ്പോയി. ദിവ്യയും കൂട്ടുകാരികളും ഞെട്ടി.
ദിവ്യ നിന്നു. മം, എന്താ അവൾ അരിശത്തോടെ ചോദിച്ചു. പറയാൻ വച്ചതെല്ലാം തൊണ്ടക്കുഴിയിൽ കുടുങ്ങിക്കിടന്നു. സിനിമ പ്രേമിയായ ഉണ്ണിയേട്ടൻ രണ്ടും കല്പിച്ചു പറഞ്ഞൊപ്പിച്ചു.
ഐ ലവ് യു. ദിവ്യയുടെ ചുറ്റുമുള്ള വെളിച്ചം പൊടുന്നനെ കേട്ടു. കൂട്ടുകാരികൾ രണ്ടു വശത്തേക്കുമായി ഓടി. ഉണ്ണിയേട്ടന്റെ തുറിച്ച കണ്ണിൽ ഇരുട്ട് കയറി. കരഞ്ഞുകൊണ്ട് ദിവ്യ വീട്ടിലേക്കോടി. പുഴക്കടവിൽ ഉണ്ണിയേട്ടൻ-ദിവ്യ പ്രണയകഥകൾ പറന്നു നടന്നു.
ദിവ്യ സ്കൂളിൽ പോയില്ല. ഉണ്ണിയേട്ടൻ പണിക്കും പോയില്ല. എവിടേക്കെങ്കിലും ഒന്ന് മാറിനിക്കാൻ ഞങ്ങളും ഉണ്ണിയേട്ടന്റെ അമ്മയും ആവത് പറഞ്ഞുനോക്കി. ഉണ്ണിയേട്ടൻ എവിടേം പോയില്ല. അകലെ ദിവാകരേട്ടന്റെ തൊണ്ടുമലയും കുത്തിയുള്ള വരവ് കണ്ട് കൂടെയുണ്ടണ്ടായിരുന്ന പലരും ക മ്പികു ട്ടന്‍.നെ റ്റ് പിൻവാങ്ങി. കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. ഉണ്ണിയേട്ടൻ പറഞ്ഞു. പുഴക്കരയെത്തുന്നതിനുമുന്പേ കൂട്ടുകാരൻ ദിവാകരേട്ടനോട് സംഭവം വിളിച്ചു പറഞ്ഞു. മുഴുവനാക്കുന്നതിനു മുന്നേ ദിവാകരേട്ടൻ പുഴയിലേക്ക് ചാടി. എല്ലാവരും ഓടി. ഉണ്ണിയേട്ടനും.
കരയിൽ കിടന്ന കവണം മടലെടുത്തു ഉണ്ണിയേട്ടന്റെ പുറകേയോടി പാതി ഉണ്ണിയേട്ടന്റെ നടുംപുറത്തും പാതി റോഡിലൂടെ അടിവീണു. സ്‌ഥാനം തെറ്റിയ അടിയിൽ ദിവാകരേട്ടൻ റോഡിൽ നെഞ്ചുമടിച്ചു വീണു. ഉണ്ണിയേട്ടൻ ഓടി വീട്ടിൽകേറി, ഉണ്ണിയേട്ടന്റമ്മ വാതിലടച്ചു കുറ്റിയിട്ടു. ദിവാകരേട്ടൻ വാതിൽ ചവിട്ടി പൊളിക്കാൻ നോക്കി. ജനൽ ചില്ല് ഇടിച്ചു പൊട്ടിച്ചു കൈത്തണ്ടയിലിരുവശവും ചില്ലു കഷ്ണം തുളഞ്ഞുകയറി. കൈയിട്ടു ഉണ്ണിയേട്ടന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. ഉണ്ണിയേട്ടന്റെ കണ്ണുതുറിച്ചു. ചോര ചുമരിലൂടെ ഒഴുകി. പിന്നെ മണ്ണിലേക്കും.
ദിവാകരേട്ടൻ ബോധമറ്റു നിലത്തു വീണു.
ദിവാകരേട്ടനെ ആശുപത്രിക്ക് കൊണ്ട് പോയതിനു ശേഷമാണ് ഉണ്ണിയേട്ടന്റെ വാതിൽ തുറന്നത്.
ദിവാകരേട്ടന്റെ കൈ ആഴത്തിൽ മറിഞ്ഞിരിക്കുന്നു. പോകുന്ന വഴിക്കു ധാരാളം ചോര വാർന്നുപോയി. ദിവാകരേട്ടന് ചോര കയറ്റണം. അത്യാവശ്യത്തിനുള്ളത് ആശുപത്രിക്കാർ തന്നെ ചെയ്തു. ദിവാകരേട്ടന് ബോധം വന്നതിനൊപ്പം മറ്റൊരു വാർത്ത കൂടി എല്ലാവരും അറിഞ്ഞു. ദിവാകരേട്ടനും.
ദിവാകരേട്ടന് എയ്ഡ്സ്. തിരിച്ചു വന്ന ദിവാകരേട്ടൻ ഗുണ്ടയല്ല. എയ്ഡ്സ് രോഗിയാണ്. എന്നിട്ടും കൂട്ടുകാർ വീണ്ടും ഒത്തുകൂടി. കള്ളുകുടിച്ചു. ഒരു ഗ്ലാസ് വേറെ. അത് ദിവാകരേട്ടനായി മാത്രം. ബഹളമില്ല, പാട്ടില്ല.
കിടക്കപ്പായിൽ കിടന്നു എല്ലാവരും കാതോർത്തു. ഇല്ല ദിവാകരേട്ടൻ പാടിയില്ല. എയ്ഡ്സ് രോഗി പാടാറില്ലെന്നു തോന്നുന്നു. ആരുടെയും മുഖത്തുനോക്കാനാവാതെ ഉണ്ണിയേട്ടൻ മേമയുടെ നാട്ടിൽ ജോലിക്കു പോയി. ദിവ്യയുടെ കൂടെയുള്ള കുട്ടികൾ സ്കൂളിൽ പോക്ക് വേറെ വഴിക്കാക്കി. ദിവ്യയുടെ വരവ് കാത്തിരിക്കുന്നവരെല്ലാം ഇല്ലാതായി. ഞാനും.
ദിവ്യയുടെ ചുറ്റുമുള്ള പ്രകാശമില്ലാതായി. പൈപ്പിൻകടയിൽ വെള്ളമെടുക്കാൻ വന്നാൽ എല്ലാവരും മാറി നിൽക്കും. ദിവ്യയും പുറകിൽപോയി ഊഴം കാത്തു നിക്കാറുമില്ല. എയ്ഡ്സ് രോഗിയുടെ മകൾ ഊഴത്തിനായി കാത്തുനിക്കേണ്ടതില്ല. ‘അമ്മ പതിവുപോലെ ദിവ്യക്കുള്ള പാലെത്തിച്ചു കൊടുത്തു.
ദിവാകരേട്ടൻ വളരെ ക്ഷീണിതനായിരിക്കുന്നു. ഉയരം പോലും കുറഞ്ഞതായി തോന്നി. പുഴക്കടവിൽ അവഗണന കൂടി വന്നതോടെ ദിവാകരേട്ടൻ കിടപ്പു സുരേന്ദ്രേട്ടന്റെ പീടികത്തിണ്ണയിലേക്കു മാറ്റി. കിടപ്പു തുടങ്ങിയതിന്റെ രണ്ടാം ദിവസം ഓരോട് ഇളകി ദിവാകരേട്ടന്റെ തലയിൽ വീണു. പതിയെ ആ ചെറിയ മുറിവിൽ വിങ്ങലും നീരുമായി ചലം കെട്ടിത്തുടങ്ങി.
ഭക്ഷണവും മുണ്ടുമെല്ലാം ദിവ്യ തിണ്ണയിലെത്തിക്കും. ദിവ്യയെ നോക്കി ദിവാകരേട്ടൻ കുറേനേരമങ്ങിനിരിക്കും, കണ്ണ് നിറയും. കഴിക്കാത്തത് കാണുമ്പോൾ. ദിവ്യ എഴുന്നേറ്റു പോകും..
അപ്പോൾ ദിവാകരേട്ടൻ എന്തേലും കഴിക്കും. സുരേന്ദ്രട്ടന്റെ പൊളിഞ്ഞു വീഴാറായ കടയും ദിവാകരേട്ടനെയും കണ്ടാൽ തിരിച്ചറിയാതെയായി. രണ്ടും എപ്പോ വേണേലും നിലംപൊത്താം. എല്ല് തൊലികൊണ്ടു പൊതിഞ്ഞു വച്ച ഒരു രൂപമായി ദിവാകരേട്ടൻ. മിക്കവാറും സമയം മൂടിപ്പുതച്ചു കിടക്കുന്ന ശരീരത്തിനുള്ളിൽ നിന്ന് വരുന്ന ഞരക്കങ്ങളും തേങ്ങിക്കരയലുകളും ദിവാകരേട്ടൻ മരിച്ചിട്ടില്ല എന്നതിനു തെളിവായി.
ദിവാകരേട്ടാ… പരിചയമുള്ള ശബ്ദം കേട്ട് ദിവാകരേട്ടൻ തലയിൽ നിന്നും മുണ്ടു മാറ്റി. കീറിയ പുതപ്പിനുള്ളിൽ നിന്നും രണ്ടുമൂന്ന് ഈച്ചകൾ പറന്നു പോയി.
ആരാ…
ഞാനാ ഉണ്ണിയാ… കുഴിഞ്ഞകണ്ണുകളിൽ തവിട്ടുനിറത്തിൽ പീള കനം കെട്ടി നിന്നു കാഴ്ചയെ തടഞ്ഞു നിർത്തി. ദിവാകരേട്ടൻ ആകുന്നപോലെ നിരങ്ങി, വളഞ്ഞു, ചാരിയിരുന്നു. ഉണ്ണിയേട്ടൻ അടുത്തിരുന്നു. രണ്ടുപേരും ഒന്നും മിണ്ടിയില്ല. ദിവാകരേട്ടൻ വീണ്ടും ഞരങ്ങി തുടങ്ങി. പിന്നെ വളഞ്ഞു, ചെരിഞ്ഞു, കിടന്നു.
ഉണ്ണിയേട്ടൻ പോകാനായി എഴുന്നേറ്റു. മുന്നോട്ടാഞ്ഞു. പിന്നെ തിരിഞ്ഞു നിന്നു.
ദിവാകരേട്ടാ. ഞാൻ ദിവ്യെനെ കല്യാണം കഴിച്ചോട്ടെ. ഭയമില്ലാതെ ഉണ്ണിയേട്ടൻ ചോദിച്ചു.
കണ്ണുനീർ തവിട്ടുനിറത്തിലുള്ള കൺപീളയെ രണ്ടായി മുറിച്ചു കൊണ്ട് ദിവാകരേട്ടന്റെ കവിളിലൂടെ ഒലിച്ചിറങ്ങി. ഒച്ചയില്ലാതെ ദിവാകരേട്ടൻ കുറെ നേരം കരഞ്ഞു.
ഉണ്ണിയേട്ടൻ ആണത്തമുള്ളൊനാ. ‘അമ്മ പറയും പോലെ കുടുംബം നോക്കി. കള്ളുകുടിക്കാതെ, അന്ന് ദിവാകരേട്ടൻ വീണ്ടും പാടി. ഒന്നല്ല രണ്ടല്ല നേരം പുലരും വരെ പാടി. നെഞ്ചുപൊട്ടിയുള്ള ആ പാട്ടുകേട്ട് ചെറുമീനുകളെല്ലാം പുഴയോരത്തുവന്ന് ദിവാകരേട്ടനെത്തന്നെ നോക്കി നിന്നു. ആ ഗ്രാമം മുഴുവനും കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റ് ഉമ്മറത്തും കടവിലുമൊക്കെയായി ദിവാകരേട്ടന്റെ പാട്ട് കേട്ടുനിന്നു. പുഴക്കരയിലാരും അന്നുറങ്ങിയില്ല…
10cookie-checkദിവ്യ സുന്ദരിയാണ്! വെറും സുന്ദരിയല്ല, അതിസുന്ദരി