“നീ ചോദിച്ച അർജ്ജു എന്ന് പറഞ്ഞവൻ ഐ.ഐ.എം കൊൽക്കത്തയിൽ എൻ്റെ ജൂനിയർ ആയിരുന്നു 2018 ബാച്ച്.”
“പിന്നെ അവൻ്റെ പേര് അർജ്ജുൻ എന്നല്ല ശിവ എന്നാണ്. മുഴുവൻ പെരുമറിയില്ല. രണ്ടാമത്തെ വർഷം പകുതിക്ക് വെച്ച് അവൻ കോഴ്‌സ് നിർത്തി പോയി എന്ന് മാത്രമാണ് അവനെ പറ്റി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അന്ന് അവനെ ക്ലാസ്സിൽ കണ്ടപ്പോൾ തന്നെ ഞാൻ തിരിച്ചറിഞ്ഞായിരുന്നു. അവൻ എന്നെയും. അവൻ എന്നെ ക്ലാസ്സിനു വെളിയിലേക്ക് വിളിച്ചിറക്കി ഭീഷിണി സ്വരത്തിൽ സംസാരിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ഇത്രയും അന്വേഷിച്ചത്.”
അന്നക്ക കുറച്ചു നേരം ഒന്നും മിണ്ടാൻ സാധിച്ചില്ല. അത്രക്ക് വലിയ ഷോക്കിലായിരുന്നു അവൾ.
“ഹലോ ആരാധിക അവിടെ തന്നെ ഉണ്ടോ ?”
സാറയുടെ ചോദ്യം കേട്ടാണ് അവൾ സുബോധത്തിലേക്ക് തിരികെ വന്നത്. ഉടനെ അവൾ രാഹുലിനെ കുറിച്ച് ചോദിച്ചു. രാഹുലിനെ മുൻപരിചയം ഇല്ലെന്നായിരുന്നു അവരുടെ മറുപടി.
കൂടുതൽ എന്തോക്കെയോ ചോദിക്കണം എന്ന് അന്നക്കു തോന്നി. പക്ഷേ എന്താണ് എന്ന് അവള്ക്ക് വ്യക്തതയുമില്ല. ഹോസ്റ്റൽ ഗേറ്റ് എപ്പോൾ വേണെമെങ്കിലും അടക്കാം. അത് കൊണ്ട് സാറക്ക് നന്ദി പറഞ്ഞിട്ട് അവൾ കാൾ അവസാനിപ്പിച്ച് ഹോസ്റ്റലിലേക്ക് തിരികെ പോയി.
ചെന്നതും ഡയറി തുറന്നു അറിഞ്ഞ കാര്യങ്ങൾ മുഴുവൻ എഴുതി. എന്നിട്ട് ഓരോന്ന് ആലോചിച്ചിരുന്നു. അവളുടെ ചെയ്‌തികൾ അമൃതയും അനുപമയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“എന്താടി ഒരു രഹസ്യം? നീ കുറച്ചു നാളയെല്ലോ ആ ഡയറയിൽ ഒരു കുത്തികുറിക്കൽ?”
അമൃതയായിരുന്നു അത് ചോദിച്ചത്
“അതെ അതെ, ഇടയ്ക്കു അതും തുറന്നു വെച്ചു സ്വപ്‌നം കണ്ടിരിക്കുന്നത് ഞാനും കണ്ടിട്ടുണ്ട് ഇനി വല്ല പ്രേമവും ആണോ ഡീ”
അനുപമയുടെ വക ചോദ്യം
ഇരുവരുടെയും ചോദ്യം കേട്ട് അന്ന ഒന്ന് ഞെട്ടി. എന്തു പറഞ്ഞാലും സംഭവം കൈവിട്ടുപോകും. ഒന്നാലോചിച്ചു ശേഷം അവൾ പറഞ്ഞു.
“നിങ്ങൾ ആരോടും പറയരുത് എന്ന് എനിക്ക് പ്രോമിസ് ചെയ്യതാൽ ഞാൻ പറയാം. “
അവരിരുവരും തലയാട്ടി
“അയ്യ ചുമ്മാ തലയാട്ടിയാൽ പോരാ കൈയിൽ അടിച്ചു പ്രോമിസ് ചെയ്യ്”
അവരിരുവരും പ്രോമിസ് ചെയ്‌തു കഴിഞ്ഞതും അന്ന പറഞ്ഞു
“ഇത് അവന്മാരെ കുറിച്ചുള്ള എൻ്റെ അന്വേഷണം ആണ് ആ അർജ്ജുവും രാഹുലും. രണ്ട് പേർക്കും കൂടി എന്തോ രഹസ്യമുണ്ട്. ഇപ്പോൾ എനിക്കും അറിയില്ല. പക്ഷേ ഞാൻ അത് കണ്ടുപിടിച്ചിരിക്കും മുഴുവനായി അറിയുമ്പോൾ ഞാൻ നിങ്ങളുടെ അടുത്ത് പറയാം “
“സൂപ്പർ അന്നേ സൂപ്പർ ഇപ്പോൾ ആണ് എൻ്റെ അന്ന പഴയതു പോലെ ആയത് നിന്നെ ഇങ്ങനെ ചവിട്ടി അരച്ച അവനോട് നീ പകരം ചോദിക്കണം. എന്തു ഹെല്പ് വേണേൽ ഞാൻ തരാം.
ഇതിനായിരിക്കും അല്ലേ നീ ജെന്നിയുടെ കൂടെ പുതിയ കൂട്ട്. ”
അമൃതാ ആവേശത്തോടെ പറഞ്ഞു
അന്ന ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്‌തത്.
“അവളുടെ ഒരു സിബിഐ ഡയറികുറിപ്പ് നിനക്കിതുവരെ മതിയായില്ലേ അന്നേ”
അനുപമ ഒരു ഉപദേശരൂപേണ പറഞ്ഞു
“നിങ്ങൾ നോക്കിക്കോ ഞാൻ അവനിട്ട് ഒരു പണി കൊടുക്കും ജീവിതകാലം മൊത്തം മറക്കാത്ത തരത്തിലുള്ള ഒരു പണി “
അവൾ അർജ്ജുവിനെ സ്വന്തമാക്കുന്നതായി മനസ്സിൽ കണ്ട് കൊണ്ടാണ് അത് പറഞ്ഞത്. അതിൻ്റെ ഒരു പുഞ്ചിരി അവളറിയാതെ അവളുടെ മുഖത്തു വിടർന്നു. പക്ഷേ അമൃതയും അനുപമയും വിചാരിച്ചത് അന്നക്ക് അർജ്ജുവിനോടുള്ള പകയുടെ, പ്രതികാരത്തിൻ്റെ കൊലചിരിയാണെന്നാണ് .
“പറഞ്ഞത് ഓർമ്മയുണ്ടല്ലോ ഒരാളോട് പോലും ഒന്നും പറയരുത്”
അനുപമയും അമൃതയും തലയാട്ടി സമ്മതിച്ചു.
ഉറങ്ങാൻ കിടന്നപ്പോൾ സാറ പറഞ്ഞ ഓരോ കാര്യത്തെ കുറിച്ച് അന്ന ആലോചിക്കുകയായിരുന്നു. പറഞ്ഞതൊക്കെ സത്യമാണ് എന്നവൾക്ക് മനസ്സിലായി. അർജുവിൻ്റെ പരീക്ഷയിലെ പെർഫോമൻസും ഒക്കെ ശരിക്കും ഉള്ളതാണ് ആണ് എന്ന മനസ്സിലായി.
രാജ്യത്തെ തന്നെ ടോപ് ഇന്സ്ടിട്യൂട്ടിൽ കയറാൻ തലയുള്ളവൻ അവിടെത്തെ കോഴ്‌സും നിർത്തി ഇവിടെ വരേണ്ട കാര്യമെന്താണ്?
പിന്നെ അവൻ്റെ പിന്നിലെ ശക്തി ആരാണ്?
അങ്ങനെ കുറെയേറെ ചോദ്യങ്ങൾ അന്നയുടെ മനസ്സിൽ ഉയർന്നു. പിന്നീട രാത്രി എപ്പോളോ അവൾ ഉറങ്ങിപ്പോയി
പിറ്റേന്ന് രാവിലെ സുഖമില്ലെന്നു പറഞ്ഞു വാർഡൻ്റെ അടുത്തു നിന്ന് പെർമിഷൻ എടുത്ത് അന്ന ഹോസ്റ്റലിൽ തന്നെ നിന്നു.
അനുപമയും അമൃതയും ക്ലാസ്സിൽ പോയപ്പോൾ തന്നെ ലാപ്ടോപ്പ് എടുത്ത് ശിവ എന്ന പേരിൽ fb പ്രൊഫൈൽ സെർച് ചെയ്തു. പക്ഷേ ശിവ എന്ന പേരിൽ ആയിരക്കണിക്കുന്നു പ്രൊഫൈലുകൾ ഉണ്ട് പോരാത്തതിന് ശിവയുടെ മുഴുവൻ പേരും അറിയില്ല. കുറെ എണ്ണം ഒക്കെ തുറന്നു നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം. അന്നക്ക് ദേഷ്യം വന്നു. ആ കോളേജിലേക്ക് എങ്ങാനും പോയാ മതിയായിരുന്നു അവനെ കാണുകയെങ്കിലും ചെയ്യാമായിരുന്നു.
അന്നക്ക് വേറേ ഒരു ഐഡിയ തോന്നി. കൊച്ചിയിലും സൗത്ത് ഇന്ത്യയിൽ തന്നെ പല നഗരങ്ങളിൽ CAT എൻട്രൻസ് കോച്ചിങ്ങ് നൽകുന്ന പ്രമുഖ സ്ഥാപനത്തിൻ്റെ മുഴുവൻ പേജ് പരസ്യം അവളുടെ മനസ്സിലേക്ക് വന്നു. ഏതെങ്കിലും ഒരു കോച്ചിങ്ങ് സെന്ററിൽ അർജ്ജുൻ എൻട്രൻസ് കോച്ചിങ്ങിന് പോകാൻ സാദ്യതയുണ്ട്. മാത്രമല്ല ഐ.ഐ.എം കൊൽക്കത്തയിൽ അഡ്മിഷൻ നേടണമെങ്കിൽ പ്രവേശന പരീക്ഷയിൽ നല്ല റാങ്കും വേണം. അങ്ങനെ റാങ്ക് നേടിയിട്ടുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങളുടെ പരസ്യത്തിൽ അവൻ്റെ പേരും ഫോട്ടോയും വരാൻ സാദ്യതയുണ്ട്. കോച്ചിങ്ങ് സ്ഥാപനങ്ങളുടെ ആ കൊല്ലത്തെ പരസ്യം നോക്കിയാൽ ഒരു പക്ഷേ അർജ്ജുവിൻ്റെ ഡീറ്റെയിൽസ് കിട്ടാൻ ചാൻസുണ്ട്.
അന്ന വൈകിട്ട് കാണണം എന്ന് അവളുടെ അനിയൻ സ്റ്റീഫന് മെസ്സേജ് ഇട്ടു. പിന്നെ പ്രത്യകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും അർജ്ജുവിനെ ചുമ്മാ കാണാനുള്ള മോഹത്തിൽ ലഞ്ച് ബ്രേക്ക് കഴിയുന്ന സമയം നോക്കി അന്ന ക്ലാസ്സിലേക്ക് പോയി.
വൈകിട്ട് സ്റ്റീഫനെ കണ്ട് സാറാ പറഞ്ഞതടക്കം ഉള്ള കാര്യങ്ങൾ അന്ന സ്റ്റീഫനോട് പറഞ്ഞു. ഐഐഎംമിൽ പഠിച്ചതാണ് എന്ന് പറഞ്ഞപ്പോൾ സ്റ്റീഫന് വിശ്വസിക്കാൻ തന്നെ പറ്റിയില്ല.
“ചേച്ചി ഐ.ഐ.എം കൊൽക്കത്തയിൽ പഠിച്ച ആൾ കോഴ്‌സ് നിർത്തി ഈ കോളേജിൽ ഒക്കെ ചേരുമോ?”
“അതിൻ്റെ കാര്യമല്ലേ നമ്മൾ അന്വേഷിച്ചു കണ്ട് പിടിക്കാൻ പോകുന്നത്”
“2018 ബാച്ച് ആകുമ്പോൾ 2016 ലെ എൻട്രൻസ് പരീക്ഷയിൽ നിന്നായിരിക്കും അഡ്‌മിഷൻ. അതിൽ പ്രധാനപ്പെട്ട എൻട്രൻസ് കോച്ചിങ്ങ് സെന്ററുകളുടെ പരസ്യം കാണും അർജ്ജു പോയിട്ടുണ്ടാകാൻ സാദ്യതയുണ്ട്. ഉയർന്ന റാങ്ക് വാങ്ങാതെ ഐ.ഐ.എം കൊൽക്കത്തയിൽ കയറി പറ്റാൻ സാദിക്കുകയുമില്ല.”
“ചേച്ചി പറഞ്ഞത് ശരി ആണ്”
“നീ പഴയ ന്യൂസ്‌പേപ്പർ എവിടുന്ന് കിട്ടുമെന്ന് പറ?”
“അതൊക്കെയുണ്ട് ചേച്ചി ജില്ലാ പബ്ലിക് ലൈബ്രറിയിൽ ഉണ്ടാകും . ഞാൻ അവിടെ പോയി അന്വേഷിക്കാം,”
പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് അവർ പിരിഞ്ഞു.
സ്റ്റീഫൻ അന്ന് വൈകുന്നേരം തന്നെ പബ്ലിക് ലിബററിയിൽ എത്തി. 2016 ലെ CAT റിസൾട്ട് പ്രസിദ്ധീകരിച്ച തീയതി ഒക്കെ ഗൂഗിൾ ചെയ്‌ത് മനസിലാക്കിയിട്ടാണ് വന്നിരിക്കുന്നത്. ഒരാഴ്ച്ചത്തെ പത്ര പരസ്യങ്ങൾ നോക്കേണ്ടതുണ്ട്. അപ്പോഴാണ് മെമ്പർഷിപ് ഉണ്ടെങ്കിലേ ലൈബ്രറിയിൽ പ്രവേശനം പോലും പറ്റൂ. മെമ്പർഷിപ് എടുക്കണമെങ്കിൽ തന്നെ ഇപ്പോൾ ഉള്ള ഏതെങ്കിലും ഒരു മെമ്പർ ആദ്യം പരിചയപ്പെടുത്തികൊണ്ട് എഴുത്ത് കൊടുക്കണം. വിദ്യാർഥി ആണേൽ പ്രിൻസിപ്പാളിൻ്റെ എഴുത്ത് വേണം. രണ്ടിനും സമയം എടുക്കും. അത് കൊണ്ട് സ്റ്റീഫൻ അവൻ്റെ അപ്പൻ്റെ പാർട്ടിയിലെ ഒരു ജില്ലാ നേതാവിൻ്റെ സഹായം തേടി. അതോടെ അവന് കാര്യങ്ങൾ എളുപ്പമായി. രാഷ്ട്രീയക്കാരൻ്റെ ശുപാർശ വന്നതും അവൻ്റെ സഹായത്തിന് അസിസ്റ്ററെ ലൈബ്രേറിയൻ തന്നെ എത്തി.
അവൻ ആവിശ്യപെട്ട പ്രകാരം ജനുവരി 1, 2016 മുതൽ 10 ദിവസത്തെ മേജർ ന്യൂസ്പേപ്പർസ് എല്ലാം ലൈബ്രേറിയൻ എത്തിച്ചു. അവൻ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി, രണ്ട് മൂന്ന് പേരുകേട്ട സ്ഥാപങ്ങളുടെ മുഴുവൻ പേജ് പരസ്യം ഉണ്ട്. അതിൽ ഗുരുകുലം എന്ന കോച്ചിങ്ങ് സ്ഥപനത്തിൻ്റെ മുഴുവൻ പേജ് പരസ്യത്തിൽ അവൻ ആ ഫോട്ടോ കണ്ടു AIR 23 ശിവ രാജശേഖരൻ (ഓൾ ഇന്ത്യ റാങ്ക് 23 ) അവൻ വേഗം തന്നെ മൊബൈൽ ഫോണിൽ ഒന്നു രണ്ടു ഫോട്ടോ എടുത്തു. എന്നിട്ട് ലൈബ്രേറിയൻ നന്ദി പറഞ്ഞു അവിടന്ന് ഇറങ്ങി.
ദീപുവിനാണെങ്കിൽ കീർത്തനയുടെ സ്നേഹം എങ്ങനെയെങ്കിലും നേടിയെടുക്കണം എന്ന ചിന്തയിൽ ആണ്. കീർത്തനയാണ് അർജ്ജുവിൻ്റെ രഹസ്യ ആരാധിക എന്നവൻ സംശയിച്ചു. അവസാനം അവൻ അവൻ്റെ ഉറ്റ സുഹൃത്തും റൂം മേറ്റുമായ രമേഷിൻ്റെ അടുത്ത കാര്യങ്ങൾ അവതരിപ്പിച്ചു
“ഡാ എനിക്ക് കീർത്തനയെ ഒത്തിരി ഇഷ്ടമാണ്. “
ആദ്യം ഒന്ന് അമ്പരുന്ന് രമേഷ് അവനെ കളിയാക്കി പറഞ്ഞു
“ഹാ ബെഷ്ട, കീർത്തന അതും നിനക്ക്, നീ നിൻ്റെ മുഖം ഒന്ന് ആ കണ്ണാടിയിൽ നോക്കിക്കേ “
“ഡാ കളിയാക്കാതെ മൈനെ. ഞാൻ സീരിയസ്സായി പറഞ്ഞതാണ്. എനിക്കവളെ ഒത്തിരി ഇഷ്ടമാണ്. മനസ്സിലെ ഒരു ചാഞ്ചാട്ടം മാത്രമാണ് എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓരോ ദിവസം കഴിയും തോറും എനിക്ക് പറ്റുന്നില്ലെടാ. ഞാൻ അവളുടെ അടുത്തു ഞാൻ എല്ലാം തുറന്ന് പറയാൻ പോകുകയാണ്.”
“ഡാ അത് വേണോ അതും മീര മാമിൻ്റെ മരുമകൾ. അവസാനം നിനക്ക് അവളെ കിട്ടുകയുമില്ല അവര് നിന്നെ ഇൻ്റെർണൽ എക്സാമിനു തോൽപ്പിക്കുകയും ചെയ്യും.”
“അവൾ ഇല്ലാതെ പറ്റുമെന്ന് തോന്നില്ല”
“ഡെസ്പാക്കാതെടാ, ആദ്യം നീ കമ്പനി അകാൻ നോക്ക്”
“മ്മ്മ് ഓക്കേ “
“എൻ്റെ ഫുൾ സപ്പോർട്ട്. ഹംസം ആകണമെങ്കിൽ പറഞ്ഞാൽ മതി. പക്ഷേ ചിലവുള്ള ഹംസമാണ് ട്ടോ”
മനസ്സിലുള്ളത് രമേഷിനോട് പറഞ്ഞപ്പോൾ അവന് ഒരു ആശ്വാസം തോന്നി.
പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ ദീപു മനഃപൂർവ്വം കീർത്തനയുടെ സീറ്റിന് അരികിലുള്ള സീറ്റിലായി ഇരുന്നു. അന്ന ഇരിക്കാറുള്ള സീറ്റ് ആണ് എങ്കിലും അവൾ ഒന്നും പറയാതെ പിൻ നിരയിലേക്ക് മാറി ഇരുന്നു
കീർത്തന അന്ന് പതിവിലും സുന്ദരിയായ ആണ് ക്ലാസ്സിൽ എത്തിയത്. ക്ളാസ്സ് റൂമിലേക്ക് കടന്നപ്പോൾ ദീപു അന്നയുടെ സീറ്റിൽ ഇരിക്കുന്നതാണ് കണ്ടത്. പിൻ നിലയിലായി അന്നയും. പതിവ് സീറ്റ് വിട്ട് കീർത്തന അന്നയുടെ അരികിൽ പോയിരുന്നു. ദീപുവിന് വല്ലാത്ത നിരാശ തോന്നി എങ്കിലും അവൻ അത് പ്രകടിപ്പിച്ചില്ല. ഇനിയും വൈകി കൂടാ എന്നവൻ്റെ മനസ്സ് പറഞ്ഞു. ഇങ്ങനയാണെങ്കിൽ കീർത്തനയെ നഷ്ടപ്പെടും എന്നവന് തോന്നി. നേരത്തെ എടുത്ത തീരുമാനത്തിന് വിരുദ്ധമായി ബ്രേക്കിൻ്റെ സമയം ദീപു കീർത്തനയുടെ അടുത്ത് ചെന്ന് കണ്ണുകളിൽ നോക്കി പറഞ്ഞു
“കീർത്തന , ഐ ലവ് യു ”
കീർത്തനയുടെ മുഖത്ത് ആദ്യം ഒരു അമ്പരപ്പായിരുന്നു. അവൾ ചുറ്റും നോക്കി. ക്ലാസ്സിൽ കുറെ പേർ തിരിഞ്ഞു നോക്കുന്നുണ്ട്. ഒരു നിമിഷം അവളുടെ നോട്ടം അർജ്ജുവിലായി. തന്നെ ബാധിക്കുന്ന ഒരു വിഷയം അല്ലാ എന്ന രീതിയിൽ അർജ്ജു അങ്ങോട്ട് നോൽക്കുന്നതേ ഇല്ല. അതു കണ്ട് അവൾക്ക് പെട്ടന്ന് ദേഷ്യം തോന്നി. അർജ്ജുവിനായി കാത്തിരിക്കുമ്പോൾ ആണ് ഇവിടെ ഒരുത്തൻ വന്ന് തന്നെ പ്രൊപ്പോസ് ചെയുന്നത്. മുൻപ് രണ്ട് പേർ വന്നപ്പോൾ താൻ ഒഴുവാക്കിയതാണ്. ഇപ്പോൾ വീണ്ടും ദേ ഒരുത്തൻ. ഈ പരിപാടി ഇവിടം കൊണ്ട് അവസാനിപ്പിക്കണം.
“കണ്ട പെണ്ണുപിടിയനെ ഒക്കെ പ്രേമിക്കാൻ എന്നെ കിട്ടില്ല.”
കീർത്തന ദേഷ്യത്തിൽ ദീപുവിനോടായി പറഞ്ഞു. എന്നിട്ട് ക്ലാസ്സിൽ നിന്നിറങ്ങി പോയി
ആ മറുപടി ദീപുവിൻ്റെ മുഖത്തു ഏറ്റ ഒരു പ്രഹരമായിരുന്നു. എല്ലാവരും അവനെ അന്ധാളിച്ചു നോക്കുന്നുണ്ട് ചിലരുടെ മുഖത്തു സഹതാപം വേറെ ചിലരുടെ മുഖത്തു പുച്ഛം അവൻ്റെ കണ്ണുകൾ ചെറുതായി ഒന്ന് നനഞ്ഞു. പിന്നെ അത് ദേഷ്യമായി മാറി. തനിക്ക് ഈ പേര് വീഴാൻ കാരണക്കാരിയായവളോടുള്ള ദേഷ്യം. കീർത്തനയുടെ അരികിലായി ഇരുന്നിരുന്ന അന്നയെ അവൻ ദേഷ്യത്തോടെ നോക്കി.
‘എല്ലാത്തിനും കാരണക്കാരി ഇവളാണ്. ഇവൾ കാരണമാണ് എനിക്ക് പെണ്ണുപിടിയൻ എന്ന പേര് വീണത്. എന്നിട്ടിപ്പോൾ സഹതപോത്തോടെ എന്നെ നോക്കുന്നു. ഇവൾക്കിട്ട് പണിയും, ആ അർജ്ജു കൊടുത്തതിലും വലിയ പണി’
അപ്പോഴേക്കും രമേഷ് വന്നവനെ പുറത്തേക്ക് കൂട്ടികൊണ്ടു പോയി. പിന്നെ ക്ലാസ്സിൽ കയറാൻ നിന്നില്ല. രണ്ട് പേരും നേരെ ബാറിലേക്ക്.
ക്ലാസ്സിൽ തിരിച്ചെത്തിയിട്ടും കീർത്തന ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു. ദേഷ്യം ഒന്ന് കുറഞ്ഞപ്പോൾ അന്ന അവളോട് പറഞ്ഞു
“ഡി നീ വിചാരിക്കും പോലെ ദീപു പെണ്ണുപിടിയൻ ഒന്നുമല്ല. അന്ന് അറിയാതെ ഞാൻ ആണ് അവൻ്റെ ദേഹത്ത് ചെന്ന് കയറിയതും. പിന്നെ അന്ന് എൻ്റെ പൊട്ട ബുദ്ധിക്ക് ഞാൻ അത് വിഷയമാക്കി.”
“അതൊക്കെ ഞാൻ കേട്ടിട്ടുണ്ട് അന്നേ. പക്ഷെ എനിക്ക് അവനെ ഇഷ്ടമല്ല . അത്ര തന്നെ”
“പിന്നെ അവൻ്റെ നോട്ടം കണ്ടാൽ തന്നെ അറിയാം അവൻ ആള് ശരിയല്ല”
“എന്നാലും ഇത്രക്ക് വേണ്ടായിരുന്നു കീർത്തു. ഇത് ഇപ്പൊ എല്ലാവരുടെയും മുൻപിൽ “
“എത്രയാണ് എന്ന് വെച്ചാ, ഇത് ഇപ്പോൾ മൂന്നാമത്തെ ആളാണ്. സീനിയർസിൻ്റെ ശല്യം വേറെ. എനിക്കാണെങ്കിൽ ഇതൊന്നും ഇഷ്ടമല്ല. ഒരാൾക്ക് നല്ലത് പോലെ ഒന്ന് കൊടുത്താൽ പിന്നെ ശല്യങ്ങൾ ഒഴുവായികോളും. “
അവളുടെ വാക്ക് കേട്ടപ്പോൾ അർജ്ജുവിനു പണി കൊടുക്കാൻ പോയി സ്വയം പണി കിട്ടിയ സ്വന്തം അനുഭവം ആണ് അന്നക്ക് ഓർമ്മ വന്നത്. അന്ന പിന്നെ കൂടുതൽ ഒന്നും പറയാൻ പോയില്ല.
അന്നുച്ചക്ക് തന്നെ സ്റ്റീഫൻ അന്നയെ ചെന്ന് കണ്ട് കാര്യങ്ങൾ അറിയിച്ചു. അവൻ്റെ ഫോണിൽ എടുത്ത ഫോട്ടോസ് കാണിച്ചു കൊടുത്തു. ഫോട്ടോസ് കണ്ടതും അന്നയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.
“ചേച്ചി നമ്മൾ അന്വേഷിച്ച കണ്ട് പിടിച്ചു.”
അർജ്ജു ചേട്ടൻ്റെ ശരിക്കുള്ള പേര് ശിവ രാജശേഖരൻ എന്നാണ്.
CAT ഇന് ആൾ ഇന്ത്യ റാങ്ക് ഇരുപത്തിമൂന്നൊക്കെ ഉണ്ട്
ചേച്ചി ഞാൻ ഫോട്ടോസ് whatsapp ചെയ്യട്ടെ. “
“ഡാ അത് വേണ്ടാ നീ എനിക്ക് മെയിൽ അയച്ചാൽ മതി.
ഗുരുകുലം ഇത് ഏതാടാ ഈ കോച്ചിങ്ങ് സെൻറ്റെർ? നമ്മുടെ നാട്ടിൽ ഇല്ലല്ലോ.”
ചേച്ചി ഈ പത്രം ശ്രദ്ധിച്ചോ ടൈംസ് ഓഫ് ഇന്ത്യ ബാംഗ്ലൂർ എഡിഷൻ ആണ്.
“ഈ ഗുരുകുലം അകെ ബാംഗ്ലൂർ, ദില്ലി നോയിഡ മുംബൈ ഈ നാലു സ്ഥലത്തെ ഉള്ളു. ഇതിൽ ഏതെങ്കിലും ഒരു സ്ഥലത്തു ആകാൻ ആണ് ചാൻസ്.”
“പേര് കിട്ടിയ സ്ഥിതിക്ക് നമുക്ക് വേറെ രീതിയിലും അന്വേഷിക്കാമെടാ.”
ഡാ താങ്ക്സ് ഡാ.
അവൾ വേഗം തന്നെ ഫേസ്ബുക്കിൽ ശിവ രാജശേഖരൻ എന്ന് സെർച്ച് ചെയ്‌തു. ആ പേരിൽ കുറച്ചു പ്രൊഫൈലുകൾ ഉണ്ട്. പലതും ലോക്കഡ് ആണ്. പക്ഷേ ഒന്നിൽ മാത്രം പ്രൊഫൈൽ ഫോട്ടോ ഇല്ല. അതായിരിക്കാനാകും ചാൻസ് എന്നവളുറപ്പിച്ചു. അന്നക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിടണം എന്ന് തോന്നി. എങ്കിലും അവൾ സ്വയം നിയന്ത്രിച്ചു.
ക്ലാസ്സിൽ തിരിച്ചെത്തിയ അന്ന ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. അർജ്ജു ക്ലാസ്സിലേക്ക് കടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ അവനെ നോക്കി ‘ശിവാ’ എന്ന് വിളിച്ചു കൂവാൻ അവൾക്കു തോന്നി. എങ്കിലും അവൾ സംയമനം പാലിച്ചു.
ക്‌ളാസ്സിലേക്ക് കടന്നു വന്ന അർജ്ജുവും അന്നയിലെ മാറ്റം ശ്രദ്ധിച്ചു. പതിവിലും വിപിരീതമായി തന്നെ നോക്കി എന്ധോക്കയോ ആലോചിച്ചിരിക്കുന്ന അന്നയെ ആണ് അർജ്ജുൻ കണ്ടത്. മുഖത്തു വല്ലാത്ത ഒരു വിജയ ഭാവം. അർജ്ജുൻ കൂടുതൽ ശ്രദ്ധിക്കാൻ നിന്നില്ല. അവൻ പതിവുപോലെ അവൻ്റെ സീറ്റിൽ പോയി ഇരുന്നു
ഇതിനിടയിൽ അമൃത അവളുടെ ഒന്ന് രണ്ട് കൂട്ടുകാരികളുടെ അടുത്ത് അന്ന ഇനിയും അർജ്ജുവിനിട്ട് പണി കൊടുക്കും എന്ന് തള്ളി. അന്ന അന്ന് ഡയറി എഴുതുമ്പോൾ പറഞ്ഞത് വെച്ചാണ് അമൃത ഇത് പറഞ്ഞത്. എന്നാൽ ഈ സംഭവം ജെന്നിയുടെ ചെവിയിൽ എത്തി. ജെന്നി വഴി രാഹുലും.
വൈകിട്ട് ഫ്ളാറ്റിലെ ബാൽക്കണിയിൽ അർജ്ജുവും രാഹുലും ക്ലാസ്സിലെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
“ഡാ ജെന്നി എന്നോട് ഒരു കാര്യം പറഞ്ഞായിരുന്നു. ആ അന്ന നിനെക്കെതിരെ എന്തോക്കയോ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് പെണ്ണുങ്ങളുടെ ഇടയിൽ ഒരു സംസാരം. അവളുടെ റൂം മേറ്റ് അമൃത പറഞ്ഞതാണ് പോലും “
അർജ്ജു അതിന് മറുപടി ഒന്നും പറഞ്ഞില്ല. അവൻ്റെ മനസ്സിലേക്ക് കഴിഞ്ഞ ദിവസം അവനെ നോക്കുന്ന അന്നയുടെ മുഖമാണ് വന്നത്.
വെള്ളി ശനി ദിവസങ്ങളിൽ സീനിയർസ് വക മാനേജ്‍മെന്റ് ഫെസ്റ്റ് ആണ്. വെളളിയാഴ്ച്ച മുഴുവനും ശനിയാഴ്ച്ച ഉച്ച വരെയും സെമിനാറുകളും പ്രബന്ധ അവതരണങ്ങളും അങ്ങനെ ഓരോ പരിപാടികൾ. അതിൽ ഞങ്ങൾ ജൂനിയർസിന് വലിയ റോൾ ഒന്നുമില്ല. സെമിനാർ ഹാളിൽ പോയി ഉറങ്ങാതെ ഇതെല്ലം കേട്ടിരിക്കണം. ശനിയാഴ്ച്ച വൈകിട്ട് മുതൽ ഞങ്ങൾ ജൂനിയർസ് വക ആർട്സ് പരിപാടികൾ ഫാഷിന് ഷോ സ്കിറ്റ് ഡാൻസ്, അങ്ങനെ പലതും . കോളജിൻ്റെ പുറത്തു ഓപ്പൺ വലിയ സ്റ്റേജും കാര്യങ്ങളും ഒക്കെ സെറ്റ ആക്കിയിട്ടുണ്ട്.
ഞങ്ങളുടെ ബാച്ചിലെ കുറെ പേർ പെർഫോം ചെയുന്നുണ്ട്. ഞാനും രാഹുലും ഒരു പരിപാടിക്കും ഇല്ല. ശനിയാഴ്ച്ച അറ്റെൻഡസ് നിർബന്ധം ആണെങ്കിലും പോലും മുങ്ങാണം എന്നാണ് ഞാൻ തീരുമാനിച്ചത് എന്നാൽ ജെന്നിയുടെ ഡാൻസ് ഉണ്ട് എന്ന് പറഞ്ഞു രാഹുൽ എന്നെ പിടിച്ചു വലിച്ചു കൊണ്ടുവന്നു. ഞാനും രാഹുലും അല്പം ലേറ്റ് ആയാണ് എത്തിയത്.
മൈക്കിൽ പരിപാടികൾ അന്നൗൻസ് ചെയുന്ന ശബ്‌ദം കേട്ടപ്പോൾ തന്നെ മെയിൻ അവതാരക അന്നയാണ് എന്ന് മനസ്സിലായി. ഞാനും രാഹുലും ഏറ്റവും പുറകിലായി നിൽപ്പുറപ്പിച്ചു. സ്റ്റേജിൽ അന്ന ഒരു കറുത്ത സാരിയും ഗോൾഡൻ സ്ലീവ് ലെസ്സ് ബ്ലൗസ് ഒക്കെ അണിഞ്ഞു അതി സുന്ദരിയായിട്ടുണ്ട്. ഇംഗ്ലീഷും മലയാളവും അല്പം നർമ്മവും ഒക്കെ കൂട്ടി കലർത്തി നല്ല ഭംഗിയായി ഓരോ പരിപാടിക്കും അവൾ ഇൻട്രോ പറയുന്നുണ്ട്. പഴയതിലും കൂടുതൽ എനർജി ലെവൽ.
ജെന്നിയുടെ ഡാൻസ് തുടങ്ങാറായപ്പോൾ അവൻ അങ്ങോട്ട് പോയി. സൂര്യയും പ്രീതിയും ഒക്കെ ചേർന്നുള്ള ഗ്രൂപ്പ് ഡാൻസ് ആണ്. ഡാൻസ് കഴിഞ്ഞു അവർ സ്റ്റേജിൽ നിന്നിറങ്ങിയിട്ടും രാഹുലിനെ കണ്ടില്ല. പതിവ് പോലെ അവൻ സൊള്ളാൻ പോയി കാണും. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സുമുഖനായ ഒരു ചെറുപ്പക്കാരൻ ഒരു ഔഡി കാറിൽ വന്നിറങ്ങി. അയാൾ ഞാൻ നിൽക്കുന്നതിൻ്റെ അവിടന്ന് കുറച്ചു മാറി നിലയുറപ്പിച്ചു. എവിടെയോ കണ്ട് മറഞ്ഞ ഒരു മുഖം. അവൻ സ്റ്റെജിൻ്റെ അരികിലായി നിൽക്കുന്ന അന്നയെ നോക്കി ഒന്ന് കൈ വീശി കാണിച്ചു. അവനെ കണ്ടതും നിമിഷ നേരത്തേക്ക് അന്ന ആശ്ചര്യപ്പെട്ടു. മുൻപരിചയം ഉണ്ടെന്നു വ്യക്തമാണ്. അവൾ പിന്നെലേക്ക് വന്ന് അൽപ്പ നേരം സംസാരിച്ചിട്ട് തിരിച്ചു സ്റ്റേജിലേക്ക് പോയി. അപ്പോളാണ് ആളെ എനിക്ക് മനസ്സിലായത്. അന്ന് രാഹുൽ എടുത്തിട്ടടിച്ച ജിമ്മിയുടെ ചേട്ടൻ. അന്നയുടെ ഭാവിവരന്‍.
അപ്പോഴേക്കും സ്റ്റേജിൽ അന്ന ഞങ്ങളുടെ ബാച്ച്കാർ അവതരിപ്പിക്കുന്ന സ്കിറ്റ അന്നൗൻസ് ചെയ്‌തു. എന്തായാലും അരമണിക്കൂർ കാണും. സ്റ്റേജിൽ നിന്നിറങ്ങിയതും അവൾ വീണ്ടും അവൻ്റെ അടുത്തേക്ക് ചെന്നു. ഈ തവണ ഞാൻ നിൽക്കുന്ന സൈഡിലൂടെ ആണ് നടന്നു വന്നത്. അവിടെ നിൽക്കുന്ന എന്നെ കണ്ടതും അവളുടെ മുഖത്തു ആദ്യം ഒരു ഞെട്ടലും പിന്നെ ഒരു ചമ്മലും വന്നു. എങ്കിലും വേഗത്തിൽ അവൾ അത് മറച്ചു പിടിച്ചു അവൻ്റെ അടുത്തേക്ക് നീങ്ങി. അവർ എന്തോക്കെയോ സംസാരിച്ചു നിൽക്കുന്നുണ്ട്.
സ്റ്റേജിൽ സ്കിറ്റ് തകർക്കുകയാണെങ്കിലും എൻ്റെ ശ്രദ്ധ മുഴുവൻ അവരിലാണ്. തലേ ദിവസം അന്നയെ കുറിച്ച് രാഹുൽ പറഞ്ഞതു കൊണ്ടാണോ അതോ അവൾ ആ ചെറുപ്പക്കാരൻ്റെ അടുത്തു പോയി സംസാരിക്കുന്നത് കണ്ടത് കൊണ്ടാണോ എന്നറിയില്ല എനിക്ക് എന്തോ മനസ്സിൽ വല്ലാത്ത ദേഷ്യം തോന്നുന്നു. ആ തെണ്ടി രാഹുലിനെ ആണെങ്കിൽ കാണാനുമില്ല. അവൻ വന്നിരുന്നെങ്കിൽ പോകാമായിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ്റെയും അന്നയുടെയും സംസാരം എന്നെ കുറിച്ചാണ് എന്ന് വ്യക്തമായി. അവൻ്റെ മുഖ ഭാവം പെട്ടന്ന് മാറി. എന്നെ കലിപ്പിൽ നോക്കുന്നുണ്ട്. സ്റ്റേജിൽ നിന്നുള്ള അരണ്ട വെളിച്ചത്തിലും അത് വ്യക്തമാണ്. അന്ന അവനോട് വീണ്ടും എന്തോക്കയോ പറയുന്നുണ്ട്. പക്ഷേ അവൻ ചിറഞ്ഞു തന്നെയാണ് എന്നെ നോക്കുന്നത്. ഞാൻ തിരിച്ചും.
സംഭവം പന്തിയല്ല എന്ന് അന്നക്ക് മനസ്സിലായി എന്ന് തോന്നുന്നു അവൾ അവൻ്റെ കൈയിൽ കയറി പിടിച്ചു. അത് കണ്ടതും എൻ്റെ ദേഷ്യം ഒന്ന് കൂടി വർദ്ധിച്ചു. അവൻ പെട്ടന്ന് വാകൊണ്ട് പോടാ പോടാ എന്ന് ആംഗ്യം കാണിച്ചു.
പെട്ടന്ന് ഞാൻ അവൻ്റെ അടുത്തേക്ക് നീങ്ങി എൻ്റെ വരവ് കണ്ട് അവൻ ഭയന്ന് ഒരടി പിന്നോട്ട് മാറി. അന്നയും തരിച്ചു നിൽക്കുകയാണ്. എനിക്കെന്തോ സ്വയം നിയന്ത്രിക്കാനായില്ല ഞാൻ കൈ വീശി അവൻ്റെ മുഖത്തിനിട്ടു ഒന്ന് പൊട്ടിച്ചു. അവൻ പിന്നോട്ടൊന്ന് വെച്ചു പോയി. അടുത്ത നിമിഷം എൻ്റെ മുഖത്തിന് നേരേ അന്ന കൈ വീശിയതും ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു. ഞാൻ അവളുടെ മുഖത്തക്ക് നോക്കി ആള് നല്ല ദേഷ്യത്തിൽ ആണ് കണ്ണൊക്കെ നിറഞ്ഞു ഒഴുക്കാറായിട്ടുണ്ട് .
“വിളിച്ചോണ്ട് പോടീ നിൻ്റെ മറ്റവനെ”
അതും പറഞ്ഞിട്ട് ഞാൻ അവിടന്ന് ഇരുട്ടിൻ്റെ മറവിലേക്ക് നടന്നകന്നു
അന്ന ചുറ്റുമൊന്നു നോക്കി. ബാക്ക് വരിയിൽ ഇരുന്ന ഏതാനും സീനിയർസ് തിരിഞ്ഞു നോൽക്കുന്നുണ്ട്. എങ്കിലും സംഭവം മുഴുവൻ കണ്ടിട്ടില്ല. എന്ധെങ്കിലും പറയുന്നതിന് മുമ്പ് ജോണിച്ചായൻ ഒന്നും മിണ്ടാതെ കാറിൻ്റെ അടുത്തേക്ക് പോയി. സ്റ്റേജിൽ സ്കിറ്റിൻ്റെ അവസാന ഭാഗമായി. ഒഴുകി വന്ന കണ്ണീർ തുടച്ചിട്ട് അവൾ സ്റ്റേജിൻ്റെ അടുത്തേക്ക് പോയി.
“അർജ്ജു ശിവ നിനക്ക് ഇതിനെല്ലാം കൂടി ചേർത്ത് ഞാൻ തരുന്നുണ്ട്, നിന്നെ കുറിച്ച് ബാക്കി കാര്യങ്ങൾ കൂടി അറിയട്ടെ”
അതേ സമയം അർജ്ജു ആകെ ചിന്ത കുഴപ്പത്തിലാണ്. എത്ര ദേഷ്യം വന്നാലും കൂളായി നേരിടാറുള്ള തനിക്കിത് എന്തു പറ്റി അന്നയുടെ അടുത്ത് മാത്രം തനിക്ക് എന്തു കൊണ്ടാണ് സ്വയം നിയന്ത്രണം നഷ്ടമാകുന്നത്. അവളും ആ പയ്യനും കൂടി സംസാരിക്കുന്നതിൽ എനിക്ക് എന്താണ്. പോയി ഒരു സോറി പറഞ്ഞാലോ. അല്ലെങ്കിൽ വേണ്ടാ സോറി പറയാൻ ചെന്ന് കൂടുതൽ പ്രശ്നമായാലോ. അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോളേക്കും രാഹുൽ വന്നു. രാഹുലാണെങ്കിൽ ജെന്നിയുടെ ഡാൻസിനെ കുറിച്ച് തള്ളി മറക്കുകയാണ്. തിരിച്ചു ഫ്ലാറ്റിൽ എത്തുന്നത് വരെ അവൻ നടന്ന കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല. പിന്നെ ഒഴുക്കൻ മട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു.
രാഹുലാണെങ്കിൽ സംഭവം അറിഞ്ഞപ്പോൾ അതിലും കലിപ്പ്. അവൾക്കിട്ടും കൂടി രണ്ടെണ്ണം കൊടുക്കാത്തതിലാണ് അവന് വിഷമം. ഞാൻ അവനെ തിരുത്താൻ ഒന്നും പോയില്ല.
ഹോസ്റ്റലിൽ ചെന്നതും അന്ന ജോണിയെ വിളിച്ചു ആശ്വസിപ്പിച്ചു. അർജ്ജുവിനിട്ട് പണി കൊടുക്കും എന്നൊക്കെ അവൻ തള്ളി. അന്ന ചുമ്മാ കേട്ടുകൊണ്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. അവൻ്റെ അനിയൻ ജിമ്മിയുടെ അത്ര പോലും ധൈര്യം അവന് ഇല്ല എന്ന് അന്നക്കു നന്നായി അറിയാം. പക്ഷേ ഒരു കാര്യം അവൾക്കറിയില്ലായിരുന്നു കെട്ടാൻ പോകുന്ന പെണ്ണിൻ്റെ മുൻപിൽ വെച്ച് മറ്റൊരാളാൽ അപമാനിക്കപ്പെട്ടതിൽ അവനുണ്ടായ പക.
തിങ്കളാഴ്ച്ച അർജ്ജുവും രാഹുലും പതിവിലും നേരത്തെ എത്തി. ക്ലാസ്സിലേക്ക് കടന്ന് വരുന്ന അന്നയുടെ മുഖഭാവം അർജ്ജു ശ്രദ്ധിച്ചു.
ശനിയാഴ്ച്ച ഒന്നും സംഭവിക്കാത്ത പോലെയാണ് അവളുടെ നടപ്പ്. ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയത് പോലും ഇല്ല. അവൾ സ്ഥിരം ഇരിക്കുന്ന കസേരയിൽ പോയിരുന്നു.
എന്നും അവളുടെ കൂടെ ഇരിക്കാറുള്ള കീർത്തന അന്നയുടെ ചെവിയിൽ എന്തോ പറഞ്ഞിട്ട് ഞാനിരിക്കുന്ന ഡെസ്കിൽ എൻ്റെ അരികിൽ ഒഴിഞ്ഞു കിടന്ന സീറ്റിൽ വന്നിരുന്ന. ഇരിക്കുന്നതിന് മുന്നേ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും അത് അത്രക്കങ്ങു വിജയിച്ചില്ല. അവളുടെ മുഖത്തു ചെറിയ ഭയം നിഴലിക്കുന്നുണ്ട്.
കുറെ പേർ അവൾ എൻ്റെ അടുത്ത് വന്നിരിക്കുന്നത് കണ്ട് തിരിഞ്ഞു തിരിഞ്ഞു നോൽക്കുന്നുണ്ട്. കാരണം ഒരു പെണ്ണും ഇത് വരെ ക്ലാസ്സിൽ എൻ്റെ അടുത്ത് വന്നിരുന്നിട്ടില്ല. സാദാരണ ഏറ്റവും പിൻ നിരയിൽ എൻ്റെ അരികിലായി ആരും തന്നെ ഇരിക്കാറില്ല. വേറെ ഒന്നും കൊണ്ടല്ല ക്ലാസ്സ് ബോറാണെങ്കിൽ ഞാൻ കിടന്നുറങ്ങും. ഇനി ഇരിക്കാറുണ്ടെങ്കിൽ തന്നെ എൻ്റെ പഴയ റൂം മേറ്റ് മാത്യു അല്ലെങ്കിൽ രാഹുലാണ് എൻ്റെ അടുത്ത സീറ്റിൽ ഇരിക്കാറു. രാഹുലാണെങ്കിൽ കുറച്ചു നാളായി സ്ഥിരം ജെന്നിയുടെ അടുത്താണ് ഇരിക്കുന്നത്.
അന്നയും ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് നോൽക്കുന്നുണ്ട്. അവളുടെ മുഖം കോപത്താൽ ചുവന്നിട്ടുണ്ട്. കടന്നൽ കുത്തിയ പോലെയുണ്ട് അന്നയുടെ മുഖം. കീർത്തനെയെയും എന്നെയും തുറിച്ചു നോൽക്കുന്നുണ്ട്. ഞാൻ അവളെ പഴയതു പോലെ കലിപ്പിച്ചു നോക്കി. അവൾ കീർത്തനെയെയും എന്നെയും ഒന്നു കൂടി തുറിച്ചു നോക്കിയിട്ടു തിരിഞ്ഞിരുന്നു. ആദ്യ പീരീഡ് ബീന മിസ്സ് വന്നതും എൻ്റെ അടുത്തിരിക്കുന്ന കീർത്തനയെ കണ്ടൊന്ന് അന്ധാളിച്ചു നോക്കി. എങ്കിലും അവർ ഒന്നും പറഞ്ഞില്ല.
ഇൻ്റെർവെലായപ്പോൾ കീർത്തന അന്നയുടെ അടുത്തേക്ക് സംസാരിക്കാനായി പോയി. അന്ന എന്നെ നോക്കികൊണ്ട് അവളുടെ അടുത്ത് എന്തോ പതുക്കെ പറഞ്ഞിട്ട് ക്ലാസ്സിൻ്റെ വെളിയിലേക്ക് പോയി. കീർത്തനയുടെ മുഖം ഒന്ന് വാടി. പിന്നെ ഒന്നും മിണ്ടാതെ എൻ്റെ അടുത്ത് വന്നിരുന്നു. ഞാൻ എന്താണ് സംഭവം എന്ന് അന്വേഷിക്കാനൊന്നും പോയില്ല.
അന്ന നേരെ ഹോസ്റ്റലിലേക്കാണ് പോയത്. അവൾ അകെ സങ്കടത്തിലാണ്. ശനിയാഴ്ച്ചത്തെ സംഭവം എല്ലാം കുഴിച്ചു മൂടി ഒന്നും സംഭവിക്കാത്ത പോലെയാണ് അന്ന രാവിലെ ക്ലാസ്സിലേക്ക് എത്തിയത്. എന്നാൽ കീർത്തന വന്ന് ഇന്ന് അർജ്ജുവിൻ്റെ അടുത്തിരിക്കാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഹൃദയം പൊട്ടുന്ന വേദന തോന്നി. പിന്നെ അത് കീർത്തനയോടുള്ള വെറുപ്പായി മാറി. ഞാൻ അവരെ തിരിഞ്ഞു നോക്കിയപ്പോൾ അർജ്ജുവിനു അത് ഇഷ്ടപ്പെട്ടില്ല. ഇൻ്റെർവെൽ ആയപ്പോൾ കീർത്തന എൻ്റെ അടുത്ത് വന്ന് അർജ്ജുവിൻ്റെ അടുത്തിരിക്കാൻ തീരുമാനിച്ചതിനെ എന്തൊക്കെയോ പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചു. ഞാൻ അവളെ ചീത്ത പറഞ്ഞിട്ട് ഹോസ്റ്റലിലേക്ക് പോന്നു. വാർഡൻ്റെ അടുത്ത് സുഖമില്ല എന്ന് പറഞ്ഞിട്ട് റൂമിൽ തന്നെ ഇരുന്നു.
ഇതിൽ താൻ എന്തിന് വിഷമിക്കണം. എന്തിന് കീർത്തനയെ ചീത്ത പറയണം. അവൾ അവർക്കിഷ്ടമുള്ള സ്ഥലത്തിരിക്കട്ടെ. നാളെ തന്നെ അവളുടെ അടുത്ത് സോറി പറയണം.
അടുത്ത ഇന്റർവെൽ ആയപ്പൊളേക്കും കീർത്തനയുടെ ഫോണിൽ മെസേജ് വന്നു. അവളുടെ ചെറിയമ്മയാണ് ഡയറക്ടർ മീര മാം ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. കീർത്തന റൂമിലേക്ക് ചെന്നപ്പോൾ തന്നെ ചെറിയമ്മ ദേഷ്യത്തിലാണ് എന്ന് കീർത്തനക്ക് മനസ്സിലായി
“നീ എന്തിനാണ് ആ അര്ജ്ജുൻ്റെ അടുത്ത സീറ്റിൽ പോയിരിക്കുന്നത്. നിന്നോട് ആദ്യമേ പറഞ്ഞതല്ലേ അവനുമായി യാതൊരുവിധ സംസാരം വേണ്ടാ എന്ന്.”
“ഇല്ല ചെറിയമ്മേ അത് ഞാൻ വെറുതെ ബാക്കിൽ പോയിരുന്നന്നെയുള്ളൂ “
“ശരി ശരി ഇനിയിങ്ങനെയുണ്ടായാൽ നിന്നെ ബാച്ച് ഒന്നിലേക്ക് മാറ്റും
ഇപ്പൊ പൊയ്ക്കോ. നീ എന്തു കാണിച്ചാലും ഞാൻ അറിയും”
തിരിച്ചു പോരുമ്പോൾ അന്നയെങ്ങനെങ്കിലും ആണോ ചെറിയമ്മ യുടെ അടുത്ത് പോയി പറഞ്ഞത് എന്നായി കീർത്തനയുടെ സംശയം. രഹസ്യമായിട്ടാണെങ്കിലും തൻ്റെ ഇഷ്‌ടം അർജ്ജുവിനെ അറിയിക്കണം. അർജ്ജുവിന് ഇഷ്ടമാണെങ്കിൽ പിന്നെ ചെറിയമ്മയെ വരെ അവൻ വരച്ച വരയിൽ നിർത്തിക്കോളും. അവൾ ക്ലാസ്സിൽ പഴയ സീറ്റിൽ തന്നെ പോയിരുന്നു.
കീർത്തന അർജ്ജുവിൻ്റെ അടുത്ത് സീറ്റിൽ പോയിരുന്നതിനെകുറിച്ച് രാഹുലിന് ചില സംശയങ്ങൾ ഉണ്ട്
“ഡാ രാവിലെ എന്താ കീർത്തന നിൻ്റെ അടുത്ത സീറ്റിൽ വന്നിരുന്നത് ?”
“ആ എനിക്കറിയില്ല”
“ആ അന്നയുടെ പ്ലാനായിരിക്കും. നിനക്കിട്ട് പണിയാൻ. എന്നിട്ട് രണ്ടും കൂടി നാടകം കളിക്കുന്നതായിരിക്കും “
അർജ്ജു രാഹുലിനെ ഒന്ന് നോക്കി
“ഡാ നിനക്കയിടെയായി സംശയങ്ങൾ ഇത്തിരി കൂടുതലാണെല്ലോ “
“ഞാൻ പറഞ്ഞെന്നേയുള്ളൂ.”
അർജ്ജുവും രാഹുലും ഉച്ചക്ക് ഊണ് കഴിഞ്ഞു വന്നപ്പോൾ കീർത്തന തിരിച്ചു അവളുടെ പഴയ സീറ്റിലേക്ക് തന്നെ മാറിയിരിന്നു. അത് കണ്ടപ്പോൾ തന്നെ അർജ്ജുവിന് ആശ്വാസം തോന്നി.
അന്നയാണെങ്കിൽ രാവിലത്തെ ബ്രേക്ക് കഴിഞ്ഞു തിരിച്ചു വന്നിട്ടില്ല. ഇവൾ ഇത് എന്തു ഭാവിച്ചാണ്, അവളുടെ കൂട്ടുകാരി ഒന്നിവിടെ വന്നിരുന്നതിനാണോ ഇത്രയും പ്രശനം.
പിറ്റേ ദിവസം അന്ന ക്ലാസ്സിൽ എത്തിയപ്പോൾ കീർത്തന പഴയ സീറ്റിൽ തന്നെ ഇരിക്കുന്നത് കണ്ടു. അന്ന അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സോറി പറഞ്ഞു.
“സോറി ഡി. നീ ഇന്നലെ പെട്ടന്ന് അവൻ്റെ അടുത്ത് പോയി ഇരുന്നപ്പോൾ എനിക്ക് ദേഷ്യം വന്നു.”
കീർത്തന അൽപ്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
“നമ്മുക്ക് ഇതിനെകുറിച്ച ബ്രേക്കിന് ക്യാന്റീനിൽ പോയി സംസാരിക്കാം.”
അന്ന പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. രണ്ട് പേരും കൂടി ബ്രേക്കിന് ക്യാന്റീനിൽ പോയി ആളൊഴിഞ്ഞ ഒരു ഭാഗത്തായി ഇരുന്ന്.
അന്ന വീണ്ടും അവളോട് സോറി പറയാൻ തുടങ്ങി.
“ അന്നേ ഞാൻ നിൻ്റെ അടുത്ത് നേരത്തെ പറയേണ്ടിയിരുന്നു. “
“അത് കുഴപ്പമില്ല കീർത്തു സീറ്റ് മാറി ഇരിക്കുന്നതിനെക്കുറിച്ചൊക്കെ എന്തിന് നേരത്തെ പറയണം. തെറ്റ് എൻ്റെ ഭാഗത്തല്ലേ. എനിക്കുണ്ടായ അനുഭവം വെച്ച് ഞാൻ അങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു.”
കീർത്തന അൽപ്പ സമയം ഒന്നും മിണ്ടിയില്ല എന്നിട്ട് അന്നയോട് പതുക്കെ പറഞ്ഞു.”
“എനിക്ക് അർജ്ജുവിനെ ഇഷ്ടമാണ്.”
അത് കേട്ടതും അന്ന മരവിച്ചു പോയി. എന്തു പറയണം എന്ന് അവൾക്കറിയാതെയായി. അവളുടെ മനസ്സിലുള്ളത് മറയ്ക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ ചെറുതായി നിറഞ്ഞു. ഒന്നും കാണാനും പറയാനും പറ്റാത്ത അവസ്ഥ,
“ഡി എനിക്കറിയാം അർജ്ജു നിൻ്റെ ശത്രു ആണെന്ന്. അവനെ കുറിച്ചു എനിക്കൊന്നും തന്നെ അറിയില്ല എങ്കിലും എപ്പോളോ ഞാൻ അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. തത്കാലം നീ ഇതാരോടും പറയരുത്. ഇപ്പോൾ തന്നെ ചെറിയമ്മക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ട്.”
കീർത്തന പറഞ്ഞതൊന്നും തന്നെ അന്ന കേൾക്കുന്നുണ്ടായിരുന്നില്ല. കുലുക്കി വിളിച്ചപ്പോളാണ് അന്ന സുബോധത്തിലേക്ക് വന്നത്. അവൾ എല്ലാം മനസ്സിലി ഒതുക്കി ഒന്ന് ചിരിച്ചു കാണിച്ചു. ഒരാളുടെ ഇഷ്ടത്തെ തടഞ്ഞു നിർത്താനാകില്ല എന്ന് അവൾക്ക് മനസ്സിലായി. പിന്നെ അർജ്ജു അവളെ ഇഷ്ടപെടുന്നൊന്നുമില്ലല്ലോ. മാത്രമല്ല കീർത്തന തൻ്റെ കൂട്ടുകാരി കൂടി ആണ്. അവൾക്ക് എതിരെ ഞാൻ ഒന്നും പ്രവർത്തിക്കില്ല. അത് കൊണ്ട് തൽക്കാലം വരുന്നിടത്തു വെച്ച് കാണാം.
“നിനക്ക് അവനെ ഇഷ്ടപെടാനുള്ള എല്ലാ സ്വാതന്ത്യ്രവും ഉണ്ട് ഞാൻ അതിൽ ഇടപെടില്ല. പക്ഷേ നീ എനിക്കൊരു വാക്ക് തരണം. ഞങ്ങളുടെ ഇടയിലേക്ക് നീ ഒരു കാര്യത്തിനും കടന്ന് വരരുത് എന്ന്.”
അന്നയും അർജ്ജുവും തമ്മിലുള്ള ശത്രുതയെ കുറിച്ചയിരിക്കും അന്ന പറയുന്നത് എന്നാണ് കീർത്തന കരുതിയത്. അവൾ സമ്മതമെന്നു തല കുലുക്കി സമ്മതിച്ചു. ഓരോ ചായ കുടിച്ചിട്ട് അവരിരുവരും ക്ലാസ്സിലേക്ക് പോയി.
ക്ലാസ്സുകൾ തുടർന്ന് പോയിക്കൊണ്ടിരുന്നു. കീർത്തനയെ എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്നായിരുന്നു ദീപുവിൻ്റെ ചിന്ത. അർജുവിനെ എങ്ങെനെയെങ്ങിലും സ്വന്തമാക്കണം എന്ന് കീർത്തനയും. അർജ്ജുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനാണ് അന്നയുടെ ശ്രമം. ഗുരുകുലം കോച്ചിങ് സെൻറെർ നാല് സ്ഥലത്താണ് ഉള്ളത് അതിൽ അടുത്തുള്ള ബാംഗ്ലൂർ കേന്ദ്രീകരിച്ചു അന്വേഷിക്കാൻ തീരുമാനിച്ചു
ബാംഗ്ളൂർ ഉള്ള കോച്ചിങ്ങ് സെൻ്റെറിൽ അവളുടെ ഒരു കസിൻ വഴി അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവർ സ്റ്റുഡൻസ് ഡീറ്റെയിൽസ് കൈമാറാൻ സാധിക്കില്ല എന്ന് പറഞ്ഞു. അതോടെ ആ വഴി അടഞ്ഞു.
അവളും സ്റ്റീഫനും കൂടി ബാംഗ്ലൂർ ഉള്ള പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളുടെ ലിസ്റ്റ് ഉണ്ടാക്കി, അടുത്ത പരിപാടി അവിടെ ആ കൊല്ലം പഠിച്ചിട്ടുള്ള ആരെയെങ്കിലും കണ്ടെത്തണം. അല്ലെങ്കിൽ അവിടെ പഠിപ്പിക്കുന്ന ആരെയെങ്കിലും. പക്ഷേ കാര്യങ്ങൾ എങ്ങനെ മുന്നോട്ട് നീക്കണം എന്നൊരു നിശ്ചയവും ഇല്ല.
അവിടെ പോയി അന്വേഷിക്കാം എന്ന് വെച്ചാൽ ലീവൊന്നുമില്ല താനും.
അതിനിടയിൽ കീർത്തനക്ക് അർജ്ജുവിനെ ഇഷ്ടമാണ് എന്ന തരത്തിൽ ഒരു സംസാരം എല്ലാവരുടെയിടയിലും പരന്നു. സംഭവം തുടങ്ങിയത് മെൻസ് ഹോസ്റെലിലിൽ നിന്നാണ്. ഇഷ്‌ടം തുറന്ന് പറഞ്ഞ ദീപുവിനെ പരസ്യമായി അധിഷേപിച്ചതും കുറച്ചു നേരത്തേക്കെങ്കിലും കീർത്തന അർജ്ജുവിൻ്റെ അടുത്ത് പോയിരുന്നതും ചേർത്ത് വെച്ചാണ് ആളുകൾ പറഞ്ഞു തുടങ്ങിയത്. കീർത്തന ഹോസ്റ്റലിൽ അല്ലാത്തത് കൊണ്ട് ആദ്യമൊന്നും അവളിതറിഞ്ഞില്ല. സംഭവത്തിൻ്റെ നിജസ്ഥിതി അറിയാൻ വേണ്ടി രാഹുൽ ജെന്നിയെക്കൊണ്ട് കീർത്തനയുടെ അടുത്തു ചോദിപ്പിച്ചു. എന്നാൽ കീർത്തന അത് നിരാകരിക്കുകയാണ് ചെയ്‌തത്.
ഇങ്ങനെയൊരു സംസാരം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾക്ക് സന്തോഷം തോന്നി അതേ സമയം പേടിയും. കാരണം ചെറിയമ്മ എങ്ങാനും അറിഞ്ഞാൽ പിന്നെ പഠിത്തം തന്നെ നിർത്തിക്കും.
രണ്ടും കൽപ്പിച്ചു എൻ്റെ ഇഷ്‌ടം അർജ്ജുവിനെ അറിയിക്കാൻ തീരുമാനിച്ചു. നേരിട്ട് പറയാൻ ഭയമുള്ളതു കൊണ്ട് ഒരു ലവ് ലെറ്റർ ഒക്കെ എഴുതി.
നേരിട്ട് കൊടുക്കാൻ ധൈര്യമില്ല. ആരും കാണാതെ എങ്ങെനെയെങ്ങിലുംഅർജ്ജുവിൻ്റെ ലാപ്ടോപ്പ് ബാഗിൽ വെക്കണം. പക്ഷേ അവസരം കിട്ടാത്തത് കൊണ്ട് കുറച്ചു നാളായി ബാഗിൽ തന്നെ കൊണ്ടു നടക്കുന്നു. അവസാനം രണ്ടും കൽപ്പിച്ചു നേരിട്ട് കൊടുക്കാൻ തന്നെ തീരുമാനിച്ചു.
ഒരു ദിവസം വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോൾ അന്നയോടെ മാത്രം കാര്യം പറഞ്ഞു.
“ഡി ഞാൻ എൻ്റെ ഇഷ്‌ടം ഈ ലെറ്ററിൽ എഴുതിയിട്ടുണ്ട്. കുറച്ചു നാളായി ഞാനിത് ബാഗിൽ കൊണ്ട് നടക്കുന്നു. ഞാനിത് ഇപ്പോൾ കൊടുക്കാൻ പോകുകയാണ്.”
കീർത്തന രണ്ടും കൽപ്പിച്ചു അർജ്ജുവിൻ്റെ അടുത്തേക്ക് ചെന്ന് എഴുത്തു കൊടുത്തു. ഒന്നും മിണ്ടാതെ തിരിഞ്ഞു അന്നയുടെ അടുത്തേക്ക് തന്നെ നടന്നു. ക്ലാസ്സിൽ എല്ലാവരും കീർത്തനയെയും അർജ്ജുവിനെയും നോക്കുന്നുണ്ട്.
ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ പോകാൻ നിൽക്കുമ്പോൾ തൻ്റെ അടുത്തേക്ക് ഒരു വർണ്ണ കവറുമായി വരുന്ന കീർത്തനെയെ കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി. അവൾ അത് തന്നിട്ട് തിരിഞ്ഞു നടന്നു. ക്ലാസ്സ് മൊത്തം ഞങ്ങളെ നോക്കി നിൽക്കുകയാണ്. ഞാൻ കവർ തുറന്ന് നോക്കി. ചുവന്ന ഒരു കഷ്ണം കടലാസ്സിൽ. ഐ ലവ് യു എന്ന് കുറെ പ്രാവിശ്യം എഴുതിയിരിക്കുന്നു.
ഇതൊന്നും നടക്കുന്ന കാര്യമല്ല. കീർത്തന എന്നല്ല ആരെയും പ്രേമിക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ അല്ല ഞാൻ. അത് അവളുടെ അടുത്ത് വ്യക്തമാക്കണം.
ഞാൻ വേഗം തന്നെ കീർത്തനയുടെ അടുത്തേക്ക് ചെന്നു. ഞാൻ അവിടെ ചെന്നതും അന്ന എഴുന്നേറ്റ് പോയി. അവളുടെ മുഖം കടന്നൽ കുത്തിയപോലെയുണ്ട്. അത് കണ്ടപ്പോൾ തന്നെ എൻ്റെയുള്ളിൽ ദേഷ്യം വന്നു. എങ്കിലും ഞാൻ അത് കടിച്ചമർത്തി. എൻ്റെ മുഖ ഭാവം കണ്ട് കീർത്തനയും പേടിച്ചാണ് നിൽക്കുന്നത്. ഞാൻ അവളുടെ എഴുത്തു തിരികെ നൽകി.
“ഇതൊന്നും നടക്കില്ല കീർത്തന. എനിക്ക് തന്നെ ഇഷ്‌ടമല്ല അത് കൊണ്ട് എൻ്റെ പിന്നാലെ നടക്കരുത്.”
അത്രയും പറഞ്ഞിട്ട് ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി പോയി.
അർജ്ജുവിൻ്റെ വാക്ക് കേട്ടതും കീർത്തനയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവിടെ സീറ്റിൽ തന്നെ ഇരുന്നു. എല്ലാവരും അവളെ നോക്കുന്നുണ്ട്. അർജ്ജുവിനെ അവൾക്ക് കിട്ടില്ല എന്ന് തോന്നി. സ്നേഹം ആരുടെയും കയ്യിൽ നിന്ന് പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ എല്ലാവരുടെ ഇടയിൽ ഒറ്റപ്പെട്ട അവസ്ഥ. അന്ന് താൻ ദീപുവിനെ വിഷമിപ്പിച്ചതിന് ഇന്ന് തനിക്ക് തിരിച്ചു കിട്ടി.
കുറച്ചു കഴിഞ്ഞപ്പോൾ ചെറിയമ്മയുടെ ഡ്രൈവർ അവളെ തിരക്കി വന്നു. കണ്ണെല്ലാം തുടച്ചിട്ട് കീർത്തന ഇറങ്ങി.
നടന്നതെല്ലാം കണ്ട് ദീപുവിൻ്റെ മനസ്സിൽ ലഡു പൊട്ടി. എങ്കിലും അവൻ പുറത്തു കാണിച്ചില്ല. രമേഷിനെ വിളിച്ചു കൊണ്ട് നേരെ ബാറിലേക്കാണ് പോയത്.
“ഡാ രമേഷേ എനിക്കിന്ന് ആഘോഷിക്കണം. അർജ്ജു അവളുടെ പ്രൊപോസൽ നിരാകരിച്ചതോടെ അന്ന് ഞാൻ അനുഭവിച്ചത് എന്താണ് എന്ന് അവൾ പഠിച്ചു കാണും.”
“ഡാ നീ അതിന് ഇത്ര മാത്രം എന്തിനാണ് സന്തോഷിക്കുന്നത്. അവൻ വേണ്ടെന്ന് പറഞ്ഞല്ലേ ഉള്ളു. കീർത്തന നിന്നെ വേണം എന്നൊന്നും പറഞ്ഞില്ലല്ലോ.”
“നീ നോക്കിക്കോടാ ഞാൻ ഈ സെന്റിമെൻ്റെസിൽ കയറി പിടിക്കും. അതിന് നിൻ്റെ സഹായം എനിക്ക് വേണം.”
“മോൻ എന്താണ് ഉദ്ദേശിക്കുന്നത്. അന്ന് ഞാൻ പറഞ്ഞതല്ലേ നല്ല പോലെ കമ്പനി അടിച്ചു കൂട്ടായിട്ട് നിൻ്റെ ഇഷ്‌ടം പറഞ്ഞാൽ മതി എന്ന്. അപ്പോൾ നീ അന്ന് നേരത്തെ കൊണ്ട് പോയി ഉണ്ടാക്കി. “
“ഡാ അന്ന് ഒരബദ്ധം പറ്റി നീ അത് വിട്. ഇന്ന് അത് പോലെ അല്ല, കളി വേറെയാ “
“നാളെ മുതൽ നമ്മൾ അന്നയും അർജ്ജുവും തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞു പരത്തും. അതോടെ കീർത്തന അന്നയെയും അവനെയും വെറുക്കും. ആ ഗ്യാപ്പിൽ കൂടി വേണം എനിക്ക് കയറാൻ. “
“ഡാ അത് വേണോ , ആ അർജ്ജു എങ്ങാനും അറിഞ്ഞാൽ. അറിയാല്ലോ അവൻ ഇടിച്ചു പരിപ്പിളക്കും. പോരാത്തതിന് ക്ലാസ്സിൽ ആണുങ്ങളുടെ ഇടയിൽ അവന് നല്ല വിലയാ. എല്ലാവരുടെയും വല്യേട്ടൻ”
“ഒന്നും ഉണ്ടാകില്ലെടാ നമ്മൾ അത് പോലെ കാര്യങ്ങൾ നീക്കിയാൽ മതി. “
“ഒരു വെടിക്ക് മൂന്നു പക്ഷി. അന്ന് പെണ്ണുപിടിയൻ എന്ന് പേര് അന്ന ചാർത്തി തന്നപ്പോൾ നീ അല്ലാതെ ഒരുത്തനും ഉണ്ടായിരുന്നില്ലല്ലോ. അവനിട്ടുള്ള പണിയാണ് എന്നറിഞ്ഞിട്ടും അന്ന് അവൻ ഇടപെട്ടില്ല ഞാൻ വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങിയാൽ അവർക്ക് രണ്ടു പേർക്കിട്ട് പണിയുമാകും കീർത്തനയെ എനിക്ക് സെറ്റാകുകയും ചെയ്യും.”
“ഡാ അതിപ്പോൾ എങ്ങനെയാണ് അടിച്ചിറക്കുക. ആ സുമേഷ് ആണെങ്കിൽ എളുപ്പമുണ്ടായിരുന്നു. പക്ഷേ അവൻ രണ്ട് പെരുമായിട്ട് കമ്പനിയാണ്. നമ്മൾ എന്ധെങ്കിലും പറഞ്ഞാൽ അവൻ നേരെ പോയി ചോദിക്കും. പിന്നെ നീ പറഞ്ഞ പോലെ അർജ്ജുവിന് അങ്ങോട്ടാണ് പ്രേമം എന്നടിച്ചിറക്കാൻ ആണെങ്കിൽ അത് ക്ലച്ചു പിടിക്കില്ല. അന്നക്ക് ഇങ്ങോട്ടാണ് എന്ന് പറഞ്ഞാൽ നിൻറ്റെ പ്ലാൻ വർക്കാകില്ല. കാരണം അന്നക്കിങ്ങോട്ടുള്ള പ്രേമത്തിന് അർജ്ജു കീർത്തനയോട് എന്തിന് നോ പറയണം”
“നീ പറഞ്ഞതിൽ കാര്യമുണ്ട് അത് കൊണ്ട് നമ്മൾ വേറെ കളി കളിക്കും പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ നമ്മൾ അർജ്ജുവിന് അന്നയോടാണ് പ്രേമം എന്ന് പരത്തും. ആണുങ്ങളുടെ ഹോസ്റ്റലിൽ തിരിച്ചും. “
“ഡാ അപ്പോളും പ്രശ്നമുണ്ട് രാഹുലും ജെന്നിയും സെറ്റാണ്. അവർ വഴി സംഭവം പൊളിയും.”
“അത് കുഴപ്പമില്ലഡാ നമുക്ക് ചെറിയ ഒരു തീ പൊരി മാത്രം മതി. ചിലപ്പോൾ അത് കെട്ടു പോകും അല്ലെങ്കിൽ പൊട്ടിത്തെറിക്കും “
“ഉവ്വ് അവസാനം നമ്മൾ പൊട്ടിത്തെറിക്കാതിരുന്നാൽ മതി. “
“എന്തായാലും നമുക്കൊന്ന് എറിഞ്ഞു നോക്കാം.”
അവർ കാര്യങ്ങൾ എങ്ങനെ തുടങ്ങി വെക്കണം എന്ന് പ്ലാൻ ചെയ്‌തിട്ട് ഹോസ്റ്റലിലേക്ക് പോയി.
അതേ സമയം ഫ്ലാറ്റിൽ
“ഡാ നീ എന്തിനാ ആ കീർത്തനയോടു ഇത്ര കടിപ്പിച്ചു നോ പറഞ്ഞത്. അവൾ നല്ല കുട്ടിയല്ലേ.”
“ഡാ നിനക്കറിഞ്ഞു കൂടെ എൻ്റെ അവസ്ഥ”
“എന്തു അവസ്ഥ? ഈ അവസ്ഥകൾ ഒക്കെ മാറാൻ അല്ലെ നമ്മൾ ഇങ്ങോട്ട് വന്നത്.”
അർജ്ജു പിന്നെ ഒന്നും മിണ്ടിയില്ല
പിറ്റേ ദിവസം ക്ലോളേജിൽ എത്തിയതും രമേഷ് പ്രീതിയെ മാറ്റി നിർത്തി സംസാരിച്ചു
“ഡി ഞാൻ ഒരു കാര്യം ചോദിക്കട്ടെ നീ രഹസ്യമായി അന്വേഷിച്ചു പറഞ്ഞാൽ മതി. ആ അന്നക്ക് അർജ്ജുവിനോട് വല്ല ഇഷ്ടവുമുണ്ടോ?”
അത് കേട്ട് പ്രീതി ചിരിച്ചു പോയി
“നിനക്ക് എന്താ വട്ടായോ? അന്നക്ക് അർജ്ജുവിനെ ഇഷ്‌ടമാണോ എന്ന്. അതികം വൈകാതെ അവന് പണി കൊടുക്കും എന്നാണ് അവളുടെ റൂം മേറ്റ് ഈയടുത്തു കൂടി പറഞ്ഞതാണ്”
“അതെ അത് അങ്ങനെ തന്നയാണ് ഞാനും കരുതിയത്. പക്ഷേ അന്ന് അർജ്ജുവിൻ്റെ അടുത്ത് കീർത്തന പോയിരുന്നപ്പോൾ അന്നയുടെ മുഖം വാടി എന്നൊരാൾ എന്നോട് പറഞ്ഞു. അത് കൊണ്ട് ചുമ്മാ ചോദിച്ചെന്നെ ഉള്ളു. നീ ആരോടും ചോദിക്കാൻ നിൽക്കേണ്ട.”
എന്നാൽ അന്ന് വൈകിട്ടായപ്പോളേക്കും സംഭവം പെണ്ണുങ്ങളുടെ ഇടയിൽ കാട്ടുതീ പോലെ പടർന്നു. അറിയാത്തതായി അന്നയും കീർത്തനയും മാത്രമേ ഉള്ളു. സംഭവം അവിടന്ന് മെൻസ് ഹോസ്റ്റലിലേക്ക് എത്തി. വൈകിട്ട് അതിനെ പറ്റി സംസാരമുണ്ടായി. രമേഷ് രണ്ടും കൽപിച്ചു അടിച്ചു വിട്ടു പറഞ്ഞു.
“എനിക്ക് തോന്നുന്നത് തിരിച്ചാണ് അന്നക്ക് അങ്ങോട്ട് പ്രേമമൊന്നുമില്ല അർജ്ജുവിന് ആണ് അങ്ങോട്ട് എന്ന്.”
ഇത് കേട്ടതും എല്ലാവരും പൊട്ടി ചിരിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ദീപു തന്നെ അവനെ കളിയാക്കി ചോദിച്ചു
“പിന്നെ അർജ്ജുവിന് അന്നയോട് പ്രേമം ഒന്ന് പൊടപ്പ.”
“അല്ലെങ്കിൽ നിങ്ങൾ പറ കീർത്തനയെ പോലെ ഒരു സുന്ദരി ഇഷ്ടമാണെന്ന് പറഞ്ഞിട്ട് അവൻ എന്തിനു റിജെക്ട് ചെയ്യണം”
“അത് അവന് ഇഷ്ടമില്ലാത്തത് കൊണ്ടായിരിക്കും.”
“ഞാൻ ഒരു സംശയം പറഞ്ഞെന്നേയുള്ളൂ.”
“അർജ്ജു ഇടക്ക് അന്നയെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ പ്രേമം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല” ടോണി കൂട്ടിച്ചേർത്തു.
“അതൊന്നും പറയാൻ പറ്റില്ല ഈ ദീപു തന്നെ കീർത്തനയെ നോക്കുന്നുണ്ട് എന്ന് നമ്മൾ ആരെങ്കിലുമറിഞ്ഞോ?”
രമേഷ് കിട്ടിയ അവസരത്തിൽ ദീപുവിനിട്ട് തിരിച്ചു വെച്ച്. പിന്നെ കുറെ നേരം കൂടി ക്ലാസ്സിലെ പെണ്ണുങ്ങളെ പറ്റിയും പ്രേമവും ഒക്കെ പറഞ്ഞിരുന്നു
റൂമിൽ എത്തിയതും സുമേഷ് അർജ്ജുവിനെ വിളിച്ചു
“ഡാ നിനക്ക് അന്നയെ ഇഷ്ടമാണോ?”
“എന്താടാ പാതിരാത്രി നിനക്കൊരു സംശയം?”
സുമേഷ് ആയതു കൊണ്ട് അർജ്ജു ദേഷ്യത്തിലൊന്നുമല്ല ചോദിച്ചത്.
“അതല്ല പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ അന്നക്ക് നിന്നോട് പ്രേമം ആണെന്ന് ഒരു സംസാരമുണ്ട്. ഇവിടയാണെങ്കിൽ നേരെ തിരിച്ചും.”
“നിങ്ങൾക്കൊന്നും വേറെ പണി ഇല്ലേടാ. ഈ കഥ ഇറക്കുന്നവന്മാർ എൻ്റെ കയ്യിൽ നിന്ന് വാങ്ങും.”
അർജ്ജു തമാശ രൂപത്തിലാണ് പറഞ്ഞത്. അൽപ നേരം കൂടി സംസാരിച്ചിട്ട് അർജ്ജുൻ കിടന്നു. സുമേഷ് അത് പറഞ്ഞപ്പോൾ അർജ്ജുവിന് ദേഷ്യം തോന്നിയതേ ഇല്ല. മറിച്ചു അവൻ്റെ മനസ്സിൽ ഒരു കുളിർമ്മ അനുഭവപ്പെട്ടു. അവൻ അന്നയെ ആദ്യമായി കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ ഓർത്തു കിടന്നു.
“ഡാ നീ ഉറങ്ങിയായിരുന്നോ.”
ജെന്നിയോടുള്ള പതിവ് സല്ലാപം കഴിഞ്ഞു എത്തിയ രാഹുൽ ചോദിച്ചു
“പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ ഒരു സംസാരമുണ്ടെന്ന് ജെന്നി പറഞ്ഞു. അന്നക്ക് നിന്നോട് പ്രേമം ആണെന്ന് പോലും “
“ഞാനും അറിഞ്ഞായിരുന്നു. കുറച്ചു മുൻപ് സുമേഷ് വിളിച്ചിരുന്നു. ആണുങ്ങളുടെ ഹോസ്റ്റലിൽ തിരിച്ചാണ് എനിക്ക് അങ്ങോട്ടാണ് പ്രേമം എന്ന്. ഇവർക്കൊന്നും വേറെ പണിയില്ലേ”
അർജ്ജു തമാശ രൂപേണ പറഞ്ഞു.
“എനിക്ക് തോന്നുന്നത് നിനക്കവളോട് മുടിഞ്ഞ പ്രേമം ആണെന്നാണ് ഞാൻ നാളെ തന്നെ ജെന്നിയോട് പറയാൻ പോകുകയാണ് “
കിട്ടിയ അവസരം മുതലാക്കി രാഹുൽ അവനെ കളിയാക്കി
“പൊക്കോണം അവിടന്ന്.”
പിന്നെ ഓരോന്നൊക്കെ പറഞ്ഞിട്ട് അവർ കിടന്നുറങ്ങി.
പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ അന്നയുടെ മുറിയിൽ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അമൃത വിഷയമെടുത്തിട്ടു.
“ഡി ഇവിടെ ക്ലാസ്സിലെ പെണ്ണുങ്ങളുടെ ഇടയിൽ ഒരു സംസാരമുണ്ട്. നിനക്ക് ആ അർജ്ജുവിനെ ഇഷ്ടമാണെന്ന്. അന്നേരമേ ഞാനും ഇവളും അതൊക്കെ കള്ളമാണ് എന്ന് പറഞ്ഞു. “
ഇത് കേട്ട അന്നക്ക് ദേഷ്യമാണ് വന്നത്.
“ആരാണ് ഇങ്ങനെയൊക്കെ പറഞ്ഞോണ്ട് നടക്കുന്നത്.?”
“അതറിയില്ല അന്നേ ഒരു റൂംമർ മാത്രമാണ്. താനെ കെട്ടണ്ടങ്ങിക്കോളും.”
ആ അർജ്ജു എങ്ങാനും ഇത് കേട്ടാൽ വലിയ പ്രശ്നമാകും അവനോട് ഒരു പ്രശ്നവും ഇല്ലാത്ത കീർത്തന അവനെ പ്രൊപ്പോസ് ചെയ്തപ്പോൾ തന്നെ ഇതാണ് അവസ്ഥ. അപ്പോൾ ശത്രു പക്ഷത്തിരിക്കുന്ന എന്നെ കുറിച്ചറിഞ്ഞാലോ. ഇതാണ് അന്നയുടെ മനസ്സിലേക്ക് വന്നത്. അവൾക്ക് ആധിയായി. കുറെ നേരം ആലോചിച്ചപ്പോൾ അവൾക്ക് ഒരു ഐഡിയ തോന്നി. അത് പറയാനായി നോക്കിയപ്പോളേക്കും രണ്ടെണ്ണവും ഉറങ്ങി കഴിഞ്ഞിരുന്നു.
രാവിലെ കോളേജിൽ പോകാൻ തുടങ്ങും മുൻപ് അമൃതയുടെയും അനുപമയുടെയും അടുത്തു പറഞ്ഞു
“നിങ്ങൾ ഞാൻ പറഞ്ഞത് ശ്രദ്ധിച്ചു കേൾക്കണം. ഇത് ആ അർജ്ജുവിനിട്ട് പണിയാനായി ഒരു അവസരമാണ്. നിങ്ങൾ ഇതൊന്ന് ആളി കത്തിക്കണം, അവന് പ്രേമം ഒന്നും ഇഷ്ടമല്ലല്ലോ. അപ്പോൾ വട്ടക്കാൻ പറ്റിയ അവസരമാണ്. ഞാനീ അവസരം ഉപയോഗിക്കും. “
അമൃതക്കും അനുപമക്കും കാര്യമൊന്നും മനസിലായില്ലെങ്കിലും തലയാട്ടി സമ്മതിച്ചു.
പിറ്റേ ദിവസം രാവിലെ ക്ലാസ്സിൽ എത്തിയതും ദീപു കീർത്തനയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പക്ഷേ കീർത്തന മൈൻഡ് ചെയ്യാൻ പോയില്ല. പക്ഷേ ദീപുവിന് നിരാശയൊന്നും തോന്നിയില്ല. കാരണം മാരത്തോൺ ഓടാനാണ് അവൻ്റെ പ്ലാൻ. ഉച്ചയോടെ അന്നക്ക് അർജ്ജുവിനോട് പ്രേമമാണെന്ന് കിംവദന്തി കീർത്തനയുടെ ചെവിയിലുമെത്തി. തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ അന്നയുടെ അടുത്ത് നേരിട്ട് ചോദിക്കാൻ അവൾ തീരുമാനിച്ചു.
“അന്നേ, നിനക്ക് അർജ്ജുവിനെ ഇഷ്‌ടമാണോ?”
ഒരു നിമിഷത്തേക്ക് അന്ന ഒന്ന് പകച്ചു.
ക്ലാസ്സ് കഴിഞ്ഞിട്ട് പറയാം എന്ന് തത്കാലം ഒഴിവ് പറഞ്ഞു.
അന്നയാണെങ്കിൽ കീർത്തനയുടെ അടുത്ത് എന്തു പറയണം എന്നാലോചനയിലാണ്. കീർത്തനയാണെങ്കിൽ അന്ന എന്തു പറയും എന്ന ആലോചനയിലാണ്.
ക്ളാസ്സ് കഴിഞ്ഞതും ഗ്രൂപ്പ് പ്രസൻ്റെഷന് സ്ലൈഡ് ഉണ്ടാക്കാനുണ്ട് അത് കൊണ്ട് വൈകും എന്ന് അവളുടെ ചെറിയമ്മക്ക് മെസ്സേജ് ഇട്ടു. എല്ലാവരും പോയപ്പോൾ അവൾ വീണ്ടും അന്നയോട് ചോദിച്ചു
“അന്നേ നിനക്ക് അർജ്ജുവിനെ ഇഷ്‌ടമാണോ? അങ്ങനെ ഒരു സംസാരം ഞാൻ കേട്ടല്ലോ ?”
അന്ന അല്പനേരത്തേക്കു ഒന്നും മിണ്ടിയില്ല.
എന്നിട്ട് അവളുടെ ലാപ്ടോപ്പിലേക്ക് ഗൂഗിൾ ഡ്രൈവിൽ നിന്ന് അർജ്ജു അവൾക്കിട്ട് കൊടുത്ത പണിയുടെ C.C.T.V വീഡിയോ ഡൗൺലോഡ് ചെയ്‌ത് ശേഷം കീർത്തനയെ കാണിച്ചു കൊടുത്തു. വീഡിയോ കണ്ട കീർത്തന നിശബ്ദയായി.
“അവനെ സ്‌നേഹിക്കാൻ കഴിയും എന്ന് നിനക്ക് തോന്നുണ്ടോ കീർത്തനേ? എനിക്ക് അവനോട് തീർത്താൽ തീരാത്ത പക മാത്രമാണ് ഉള്ളത്. ഇപ്പോൾ ഇങ്ങനെ ഒരു കിംവദി ഉണ്ടായത് ഞാൻ ഉപയോഗിക്കാൻ പോകുകയാണ്. നീ അന്ന് തന്ന വാക്ക് ഓർമ്മയുണ്ടല്ലോ എൻ്റെയും അർജ്ജുവിൻ്റെയും ഇടയിൽ ഒരു കാര്യത്തിനും നീ വരില്ല എന്ന്.”
പിന്നെ ഈ വീഡിയോ നീ കണ്ടിട്ടില്ല ഞാൻ ഈ പറഞ്ഞത് നീ കേട്ടിട്ടുമില്ല.
കീർത്തന തല കുലുക്കി സമ്മതിക്കുക മാത്രം ചെയ്‌തു. കാരണം അർജ്ജുവിൻ്റെ ആ പ്രവർത്തി കീർത്തനയെ സംബന്ധിച്ചു ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല.
അങ്ങനെ അന്ന രണ്ടും കൽപ്പിച്ചു അർജ്ജുവുമായിട്ടുള്ള രണ്ടാം ഘട്ടം തുടങ്ങി വാർ ആൻഡ് ലവ്.
പിറ്റേ ദിവസം ക്ലാസ്സ് തുടങ്ങനുള്ള അവസാന ബെൽ അടിച്ചപ്പോളാണ് അന്ന ക്ലാസ്സിലേക്ക് കയറിയത്. ഒരു പുഞ്ചിരിയുമായി നേരെ കയറി ചെന്ന് അർജ്ജുവിൻ്റെ അടുത്തു ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു. പഠിപ്പിക്കാൻ വന്ന സൂസൻ മിസ്സ് അടക്കം എല്ലാവരും തിരിഞ്ഞു നോക്കുന്നുണ്ട്. തൻ്റെ വരവിൽ അർജ്ജുവും ഒന്നമ്പരന്നിട്ടുണ്ട്. ചിലരൊക്ക കുശുകുശുക്കുന്നുണ്ട്. വേറെ ചിലരാകട്ടെ പൊട്ടിത്തെറിയുണ്ടാകും എന്ന മട്ടിലാണ് നോക്കുന്നത്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി കേട്ടിരുന്ന കിംവദന്തിക്ക് ചുവന്ന പേന കൊണ്ട് അടി വര ഇടുന്നതായിരുന്നു അന്നയുടെ പ്രവർത്തി.
പെട്ടന്നുള്ള അന്നയുടെ പ്രവർത്തിയിൽ അർജ്ജുവും അമ്പരന്നു.
ഇവളിത് എന്തു ഭാവിച്ചാണ്? അവിടെന്ന് എഴുന്നേറ്റ പോയാലോ എന്നായി അവൻ്റെ ആലോചന. അല്ലെങ്കിൽ വേണ്ട ഞാൻ എന്തിനു എഴുന്നേറ്റ് പോകണം. ഇന്റർവെൽ ആകുമ്പോൾ ആലോചിക്കാം. അർജ്ജു ഓരോന്ന് ആലോചിച്ചിരുന്നു. ബ്രേക്ക് ആയപ്പൊളേക്കും രാഹുൽ ഓടിയെത്തി. പിന്നാലെ ജെന്നിയും
“എടി അന്നേ നീ ഇത് എന്തു ഭാവിച്ചിട്ടാണ് ഇവിടെ കയറിയിരിക്കുന്നത്? നിനക്കിതുവരെ മതിയായിട്ടില്ലേ?”
“അത് എന്താ രാഹുലെ ഇവിടെ ഇരുന്നാൽ. ഞാൻ ഇവിടെ ഇരുന്നത് കൊണ്ട് ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല. പിന്നെ ആർക്കെങ്കിലും പേടിയുണ്ടെങ്കിൽ അവര് മാറി ഇരുന്നോട്ടെ. “
ചിരിച്ചു കൊണ്ടുള്ള അവളുടെ മറുപടി കേട്ടതും രാഹുലിന് ദേഷ്യം കൂടി. ജെന്നി അവൻ്റെ ഒരു കൈയിൽ കയറി മുറുക്കെ പിടിച്ചിട്ടുണ്ട്.
“ഡി ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലക്ക് തന്നെ അത് നിനക്ക് ഇത്രയുമായിട്ട് മനസിലായില്ലേ?”
അന്ന കൂടുതൽ ഒന്നും പറയാൻ നിന്നില്ല തിരിഞ്ഞു അർജ്ജുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
സീറ്റ് മാറി ഇരിക്കാൻ പോയ അർജ്ജുവിന് അന്നയുടെ വാക്കുകൾ വലിയ തിരിച്ചടിയായിരുന്നു. അവിടെന്ന് പൊക്കോളാൻ രാഹുലിനോട് കണ്ണ് കൊണ്ട് കാണിച്ചു.
രണ്ടാമത്തെ പീരീഡ് കഴിയാറായപ്പോളേക്കും അറ്റൻഡറെ വിട്ട് ഡയറക്ടർ മീര മാം അന്നയെ ഓഫീസിലേക്ക് വിളിപ്പിച്ചു
“അന്നേ നീ എന്തിനാണ് അർജ്ജുവിൻ്റെ അടുത്ത് വീണ്ടും പോയിരിക്കുന്നത് വീണ്ടും തല്ലുണ്ടാക്കാനാണോ ?”
“ഇല്ല മാം ഇപ്പോൾ ഞങ്ങൾ ഫ്രണ്ട്സ ആയി. “
അന്ന തട്ടി വിട്ടു
മീര മാമിന് അത് അത്രക്ക് അങ്ങ് വിശ്വാസമായില്ല. എങ്കിലും കൂടുതൽ ഒന്നും പറയാൻ നിന്നില്ല.
ഉച്ചക്ക് തന്നെ സുമേഷ് അന്നയോട് ഇനിയും തല്ലു തുടങ്ങരുത് എന്ന് അപകേഷിച്ചു. ഒരു കുഴപ്പവുമുണ്ടാക്കില്ല എന്ന് അന്ന അവന് വാക്ക് കൊടുത്തു
ലഞ്ച് സമയം കഴിഞ്ഞപ്പോളേക്കും അർജ്ജു കാറും എടുത്ത് ഫ്ലാറ്റിൽ പോയി. രാഹുലിനോട് യൂബർ വിളിച്ചു വന്നേക്കാൻ പറഞ്ഞു. വൈകിട്ടായപ്പോളേക്കും കോളേജ് മൊത്തം സംഭവം ഫ്ലാഷായി. ഹോസ്റ്റലിൽ ചിലരൊക്കെ അന്നയോട് അർജ്ജുവിനെ ഇഷ്ടമാണോ എന്നൊക്കെ ചോദിച്ചു. അന്ന അതിനൊന്നും മറുപടി പറഞ്ഞില്ല.
തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോൾ രാഹുൽ ഭയങ്കര ദേഷ്യത്തിലാണ്.
“ആ അന്ന നിനക്കിട്ട് വീണ്ടും പണി തുടങ്ങി, ഞാൻ അന്നേരമേ പറഞ്ഞതാണ് അവൾ ഒരു നടക്ക് പോകുന്നവൾ അല്ലെന്ന്.”
“നീ ഒന്ന് അടങ്ങു രാഹുലെ ഞാൻ ഇന്റെർവെലിന് മാറിയിരിക്കാൻ തുടങ്ങുമ്പോളാണ് നീ വന്ന് കുളമാക്കിയത്. ഇനി മാറി ഇരിക്കാൻ പറ്റാത്ത അവസ്ഥയായി.”
“അത് ശരിയാണ് അവളുടെ മറുപടിയിൽ ഞാൻ ക്ലീൻ ബൗൾഡ് ആയി പോയി .”
“ഒരു പണി ചെയ്യാം നാളെ നിൻ്റെ അരികിലായി ഞാനും ജെന്നിയുമിരിക്കാം.”
“ആഹാ! ബെഷ്ട ഐഡിയ അവളെ പേടിച്ചു എനിക്ക് രണ്ട് ബോഡി ഗാർഡ്‌സിനെ കൊണ്ട് വന്നു എന്ന് എല്ലാവരും പറയണം. പോരാത്തതിന് നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പു എന്ന പഴി ഞാൻ തന്നെ കേൾക്കേണ്ടി വരും “
“പിന്നെ എന്താണ്ടാ ചെയ്യുക “
“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം അടുത്ത് വന്നിരുന്നത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല.”
ഹോസ്റ്റലിൽ അന്നയുടെ റൂമിൽ
“പിള്ളേരെ എങ്ങനയുണ്ടായിരുന്നു എൻ്റെ പെർഫോമൻസ്?”
“സൂപ്പർ ആയിട്ടുണ്ട് അന്നേ ആ അർജ്ജുവിന് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. രാഹുലാണെങ്കിൽ മല പോലെ വന്നിട്ട് എലി പോലെ പോയി”
“എന്താണ് നമ്മുടെ ഹോസ്റ്റലിൽ സമാചാർ?”
“എല്ലാവരും കൺഫ്യൂഷനിലാണ് നിനക്ക് അവനോട് പ്രേമം ആണെന്ന് ചിലർ അതല്ല പകരം വീട്ടാനുള്ള് നിൻ്റെ പുതിയ നമ്പർ മാത്രമാണ് എന്ന് ചിലർ. ആകെ ജഗ പുകയായിട്ടുണ്ട്.”
“എന്നാലും അന്നേ ഇതൊക്കെ വേണോ നീ ചീഞ്ഞു നാറി നാറ്റം അടിപ്പിച്ചിട്ട് എന്തു കാര്യം?” അനുപമയാണ് ചോദിച്ചത്.
“ഞാൻ ഇതിൽ കൂടുതൽ എന്തു നാറാൻ ?.”
പിന്നെ അതിനെ പറ്റി കൂടുതൽ സംസാരമൊന്നുമുണ്ടായില്ല
ദീപുവും രമേഷും അവരുടെ മുറിയിൽ ഇത് തന്നയാണ് ചർച്ച.
“ഡാ ദീപു ആദ്യ ഘട്ടം ഇത്ര വിജയിക്കുമെന്ന് ഞാൻ പോലും കരുതിയില്ല? “അടുത്ത പരിപാടി എന്താണ് ?”
“ശരിയാടാ അന്ന ഒതുങ്ങി പോയി എന്നാണ് ഞാൻ കരുതിയത്. അവളുടെ അടുത്തു നിന്ന് ഇങ്ങനെ ഒരു പെർഫോമൻസ് ഉണ്ടാകും എന്ന് ഞാൻ പോലും കരുതിയില്ല. “
“ഡാ അവൾക്കിനി അവനോട് ശരിക്കും പ്രേമം ഉണ്ടോ?”
“തേങ്ങാക്കൊല അവൾക്ക് അവനോട് ഒടുങ്ങാത്ത പകയാണ്. അതാണ് അവളീയവസരം ശരിക്കും പ്രയോജനപ്പെടുത്തിയത്. നമ്മക്കും ഇത് തന്നയാണ് വേണ്ടത്. ഈ ഗ്യാപ്പിൽ കീർത്തനയുമായി ഒരു അടുപ്പമുണ്ടാക്കി എടുക്കണം “
“ശരി ശരി പക്ഷേ കഴിഞ്ഞ തവണ നടന്നത് ഓർമ്മയുണ്ടല്ലോ”
ദീപു ഓർമ്മയുണ്ടെന്ന് രീതിയിൽ തലയാട്ടി
പിറ്റേ ദിവസം അന്ന ഒരു പടി കൂടി കടന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. അവൾ ഒരു ചുവന്ന സാരിയാണ് ഉടുത്തത്. കാലിൽ വെള്ളി പാദസരവും അണിഞ്ഞു . പിന്നെ മനം മയക്കുന്ന പെർഫ്യൂം എടുത്ത് ദേഹത്തടിച്ചു. അമൃതയും അനുപമയും വരെ അവളുടെ സൗന്ദര്യം കണ്ട് അന്ധാളിച്ചു നിന്ന് പോയി.
നമുക്ക് കൃത്യം ബെല്ലടിക്കുന്ന സമയത്തു എത്തുന്ന രീതിയിൽ ഇറങ്ങിയാൽ മതി. അമൃതയുടെയും അനുപമയുടെയും പിന്നിലായി അവൾ കോളേജിലേക്ക് നടന്നു. കാണുന്നവർ കാണുന്നവർ അന്ധാളിച്ചു നോക്കുന്നുണ്ട്. ക്ലാസ്സിൽ കയറായപ്പോൾ അന്ന മുന്നിലോട്ട് നടന്നു. വെളിയിൽ നിൽക്കുന്നവർ ഒക്കെ അവളുടെ ഭംഗിയിൽ മയങ്ങി പോയി.
ക്ലാസ്സിൽ കയറിയതും അവൾ അർജ്ജുൻ ഇരിക്കുന്ന ഭാഗത്തേക്ക് തന്നെ നോക്കി. അവൻ അവിടെ തന്നെ ഇരിക്കുന്നുണ്ട്. ലാപ്ടോപ്പിൽ എന്തോ ചെയുന്നത് പോലെ അഭിനയിക്കുകയാണ്. താൻ കരുതിയത് പോലെ തന്നെ സീറ്റ് മാറിയിട്ടില്ല. അവൾ തലേ ദിവസം ഇരുന്ന സീറ്റിൽ തന്നെ പോയിരുന്നു. ലാപ്ടോപ്പിൽ നോക്കികൊണ്ടിരിക്കുന്ന അർജ്ജുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
” ഹലോ ഗുഡ് മോർണിംഗ്”
അന്ന ക്ലാസ്സിലേക്ക് കടന്നു വന്നത് ഞാൻ കണ്ടിരുന്നു ചുവന്ന സാരി ഒക്കെ അണിഞ്ഞാണ് വന്നിരിക്കുന്നത്. ഞാൻ വേഗം തന്നെ തുറന്നു വെച്ച ലാപ്ടോപ്പിലേക്ക് നോട്ടം മാറ്റി. ഒരു നിമിഷ നേരത്തേക്കേ അവളെ ശ്രദ്ധിച്ചതെങ്കിലും അവളുടെ ആ വരവ് എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. രണ്ടും കൽപ്പിച്ചാണ് അവളുടെ നീക്കങ്ങൾ എന്നെനിക്ക് മനസ്സിലായി. അവൾ അടുത്ത് എത്തിയതും അവളുടെ സാമീപ്യം അറിയിച്ചു കൊണ്ട് വില കൂടിയ ഏതോ പെർഫ്യൂമിൻ്റെ മണം എൻ്റെ മൂക്കിലേക്ക് എത്തി.
സീറ്റിൽ ഇരുന്നതും അവൾ കസേര എൻ്റെ നേരേ തിരിച്ചിരിക്കുന്നു എന്നെനിക്ക് മനസ്സിലായി.
പെട്ടന്ന് അവളുടെ വായിൽ നിന്ന് ആ വാക്കുകൾ വന്നു
” ഹലോ ഗുഡ് മോർണിംഗ്”
എൻ്റെ മനസ്സിലേക്ക് ആദ്യ ക്ലാസ്സിൻ്റെ അന്ന് അവൾ അപമാനിച്ചു കൊണ്ട് പറഞ്ഞ ഗുഡ്മോർണിംഗ് ആണ് കടന്ന് വന്നത്. എൻ്റെയുള്ളിൽ കോപം ഇരച്ചു കയറി. ഞാൻ ദേഷ്യത്തിൽ അവളെ നോക്കി. കൺട്രോൾ അർജ്ജുൻ കണ്ട്രോൾ. ഒരു നിമിഷം അവൾ ഞെട്ടി എന്നുറപ്പാണ് എങ്കിലും അവൾ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു
” മോർണിംഗ് അർജ്ജുൻ ”
അന്നത്തെ പോലെ പുച്ഛമോന്നുമില്ല. യഥാർത്ഥമായി ആണ് അവൾ വിഷ് ചെയ്‌തിരിക്കുന്നത്. എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. ഞാൻ വേഗം ലാപ്ടോപ്പിലേക്ക് തന്നെ നോട്ടം മാറ്റി. ക്ലാസ്സിൽ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ എന്തു ചെയ്യണം എന്നറിയാതെ ലാപ്ടോപ്പിൽ തന്നെ നോക്കിയിരുന്നു.
ആ പീരീഡ് ബീന മിസ്സാണ് വന്നത് . ക്ലാസ്സ് എടുക്കുന്നതിനിടയിൽ പുള്ളിക്കാരിയുടെ ശ്രദ്ധ മുഴുവൻ എന്നെയും അന്നെയെയുമാണ്. എൻ്റെ ഭാവം കണ്ടിട്ടാണോ എന്നറിയില്ല മിസ്സിന് ചിരി വരുന്നതായി എനിക്ക് തോന്നി. അവൾ സൈഡിൽ എന്തെടുക്കുകയാണ് എന്ന് നോക്കണം എന്നുണ്ട്. പക്ഷേ കടിച്ചു പിടിച്ചിരുന്നു. അകെ പാടെ ഉള്ളൊരു ആശ്വാസം ആ പെർഫ്യൂമിൻ്റെ മണമാണ്.
ഇന്റർവെൽ ആയപ്പോൾ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി നേരെ ക്യാന്റീനിലേക്ക്. ആകെ പാടെ ഒരു വീർപ്പുമുട്ടൽ. രാഹുൽ ചിരിച്ചു കൊണ്ടാണ് വരുന്നത്. കൂടെ ജെന്നിയുമുണ്ട്. ഞാൻ കൈകാര്യം ചെയ്യാം എന്ന് പറഞ്ഞതൊക്കെ പാളി എന്ന് അവൻ്റെ മുഖത്തെ ആ ചിരിയിൽ തന്നെയുണ്ട്.
ഡാ എന്തായി. എനിക്ക് ദേഷ്യം വരുന്നുണ്ട് എന്ന് അറിഞ്ഞോണ്ടാണ് അവൻ്റെ കൊണച്ച ചോദ്യം
“നീ ഒന്ന് മിണ്ടാതിരുന്നേ “ ജെന്നി അവനോട് പറഞ്ഞു
“അർജ്ജു നീ വിചാരിക്കുന്ന പോലെ ഇത് അടിച്ചും ഇടിച്ചും തീർക്കാൻ പറ്റില്ല. അന്ന ഒരു പെണ്ണാണ്. നല്ല ബുദ്ധിയുള്ള പെണ്ണ്.”
ജെന്നിയാണ് എന്നോട് പറഞ്ഞത്.
“പെണ്ണൊരുമ്പിട്ടാൽ എന്ന് കേട്ടിട്ടേയുള്ളു ഇപ്പൊ കണ്ടു” രാഹുൽ കൂട്ടി ചേർത്തു.
ജെന്നി പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി കുറച്ചു നാൾ മൈൻഡ് ചെയ്യാതിരിക്കുക. അതോടെ തീരുന്നെങ്കിൽ തീരട്ടെ.
അടുത്ത പീരീഡ് തുടങ്ങിയപ്പോളും എൻ്റെ അവസ്ഥയിൽ മറ്റൊമൊന്നുമില്ല. എപ്പോഴോ ഇടകണ്ണിട്ട് നോക്കിയപ്പോൾ അന്ന ഇങ്ങോട്ട് ശ്രദ്ധിക്കുന്നുപോലുമില്ല. ക്ലാസ്സിലാണ് അവളുടെ ശ്രദ്ധ. അതും ഏറ്റവും ബോർ ബിസിനസ്സ് ലോ ക്ലാസ്സിൽ. എല്ലാവരും ലാപ്ടോപ്പിൽ മെസെൻജർ തുറന്നു വെച്ചിരുന്നു ചാറ്റിങ്ങാണ്. ഞാൻ പതിവായി ഉറങ്ങാറുള്ള പീരീഡ്. അവള് കാരണം ഉറക്കവും പോയി.
അടുത്ത ബ്രേക്കിന് ഞാൻ അവിടെ തന്നെയിരുന്നു അന്ന എഴുന്നേറ്റ് അങ്ങോട്ടോ പോയി. രാഹുൽ അവിടെ വന്നിരിക്കട്ടെ എന്ന് ആംഗ്യ ഭാഷയിൽ കളിയാക്കി ചോദിക്കുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.
ദീപുവാണെങ്കിൽ കീർത്തനയുടെ അടുത്ത് പോയി എന്ധോക്കയോ പറയുന്നുണ്ട്, എന്നിട്ട് അന്ന ഇരിക്കാറുള്ള സീറ്റിലേക്ക് ഇരുന്നു. രമേഷ് അവന് ലാപ്ടോപ്പ് ബാഗ് എത്തിച്ചു കൊടുക്കുന്നുണ്ട്. നാശം അവളുടെ ആ സീറ്റിൽ അവനിരുപ്പുറപ്പിച്ചാൽ അവൾ ഇനി എങ്ങോട്ട് മാറിയിരിക്കും?
ഇന്റർവെൽ ആയപ്പോൾ ദീപു പതുക്കെ കീർത്തനയുടെ അടുത്ത് ചെന്ന്. കീർത്തനയാണെങ്കിൽ അകെ ദുഃഖിതയാണ്. താൻ മനസ്സിൽ കരുതിയ പോലത്തെ ആളല്ല അർജ്ജു എന്ന് അവൾക്ക് തോന്നി. ഒപ്പം അർജ്ജു നോ പറഞ്ഞതിൽ എവിടയോ ഒരു ദുഃഖം. അന്നയാണെങ്കിൽ പകരം വീട്ടാൻ പോയിരിക്കുന്നു. അകെ ഒറ്റപ്പെട്ട അവസ്ഥ. അന്നേരമാണ് ദീപു വീണ്ടും വരുന്നത്. കഴിഞ്ഞ തവണ അവനെ അപമാനിച്ചതിൽ അവൾക്ക് കുറ്റ ബോധം തോന്നി.
“ഹായ് കീർത്തന… അന്നത്തെ സംഭവത്തിൽ ഒരു സോറി പറയണം എനിക്കുണ്ടായിരുന്നു പിന്നെ നീ എങ്ങനെ പെരുമാറും എന്നറിയാത്തത് കൊണ്ടാണ്” അവൻ നല്ല പോലെ നിഷ്കളങ്കത അഭിനയിച്ചു കൊണ്ട് പറഞ്ഞു
അത് കേട്ട് കീർത്തന ഒന്ന് ഞെട്ടി, താൻ അപമാനിച്ചതിന് അവൻ ഇങ്ങോട്ട് സോറി പറഞ്ഞിരിക്കുന്നു.
“അയ്യോ ഞാനല്ലേ സോറി പറയേണ്ടത് ഞാനല്ലേ ദീപുവിനെ എല്ലാവരുടെയും മുൻപിൽ നാണം കെടുത്തിയത്.”
“അത് സാരമില്ല കീർത്തന. ഞാൻ ഇവിടെ ഇരുന്നോട്ടെ. അന്നയിരിക്കുന്ന സീറ്റ് ചൂണ്ടി കാണിച്ചു കൊണ്ട് ദീപു ചോദിച്ചു.
ആദ്യമൊന്ന് മടിച്ചെങ്കിലും കീർത്തന ഇരുന്നോളാൻ പറഞ്ഞു
“കീർത്തന എന്താണ് എന്ന് വിചാരിക്കുന്നത് എന്ന് മനസ്സിലായി. ഇനി എൻ്റെ ഭാഗത്തു നിന്ന് അങ്ങനയൊന്നും ഉണ്ടാകില്ല. നമക്ക് നല്ല ഫ്രണ്ട്സാകം.”
അതിന് കീർത്തന തലയാട്ടുക മാത്രമാണ് ചെയ്‌തത്. ദീപു രമേഷിനോട് ബാഗ് കൊണ്ടുവരാൻ ആംഗ്യം കാണിച്ചതും അവൻ ബാഗ് എത്തിച്ചു കൊടുത്തു.
ദീപു സീറ്റ് മാറി ഇരുന്നത് ചിലരൊക്കെ ശ്രദ്ധിച്ചെങ്കിലും അന്നത്തെ അന്നയുടെ ആരവത്തിൽ അതൊക്കെ മുങ്ങി പോയി.
കാര്യങ്ങൾ അറിഞ്ഞ സ്റ്റീഫൻ അന്നയെ ഉപദേശിക്കാൻ നോക്കിയെങ്കിലും അന്ന പിന്മാറാൻ റെഡിയായില്ല. അർജ്ജുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള പരിപാടിയാണ് എന്ന് പറഞ്ഞു.
അന്ന പതിവിലും ഭംഗിയായി ഡ്രെസ്സൊക്കെ ചെയ്താണ് വരവ്. അവളുടെ വരവ് കാണാൻ തന്നെ കുറച്ചു പേർ രാവിലെ തന്നെ കുറ്റി അടിച്ചു നിൽപ്പുണ്ട്. ഫാൻസ് അസോസിയേഷനിൽ ഏതാനും സീനിയർസും ഉണ്ട്.
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ദീപുവും കീർത്തനയും ഫ്രണ്ട്സായി മാറി. അന്ന കീർത്തനയുടെ അടുത്ത് സംസാരിക്കുമെങ്കിലും കീർത്തന പഴയ അടുപ്പം കാണിക്കാറില്ല. കീർത്തനക്ക് അന്നയോട് എന്തോ ഒരു അകൽച്ച ഫീൽ ചെയുന്നുണ്ട്.
ക്ലാസ്സിലേക്ക് കയറി വരുമ്പോൾ അന്ന അർജ്ജുവിനെ നോക്കി പുഞ്ചിരിക്കും. പിന്നെ സീറ്റിൽ എത്തുമ്പോൾ ഒരു ഗുഡ്മോർണിംഗിന് ഉച്ചക്ക് ഒരു ഗൂഡാഫ്റ്റർ നൂണും പോകാൻ നേരം ഗുഡ്ബൈയും പറയും. ഒന്ന് രണ്ടു വട്ടം മുഖമുഖം വന്നപ്പോൾ അന്ന അർജ്ജുവിൻ്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. അർജ്ജുവിനാണെങ്കിൽ മുഖത്തു പോയിട്ട് ഇടക്കണ്ണിട്ട് പോലും അന്നയെ നോക്കാൻ സാധിക്കുന്നില്ല.
സുന്ദരിയായ അന്ന അടുത്തിരിക്കുന്നുണ്ട് എന്ന ഭാവം തന്നെ അവനില്ല. അന്നയാണെങ്കിൽ വാശിയിൽ ആണ്. പുതിയ പരിപാടിയായി സുമേഷ് അടക്കമുള്ളവരെ അങ്ങോട്ട് വിളിച്ചു വരുത്തി സംസാരിക്കും. സ്വാഭാവികമായി അവർ അർജ്ജുവിൻ്റെ അടുത്തും സംസാരിക്കും അപ്പോൾ തന്നെ അവളും കൂട്ടത്തിൽസംസാരിക്കാൻ കൂടും. ഇത് മനസ്സിലാക്കിയതോടെ അന്നയോട് സംസാരിക്കാൻ വരുന്ന അവൻ്റെ കൂട്ടുകാരുടെ അടുത്ത് പോലും സംസാരിക്കില്ല. സീറ്റിൽ ഇരുന്നാൽ മുഴുവൻ സമയവും ലാപ്ടോപ്പിൽ എന്ധെങ്കിലും ചെയ്തുകൊണ്ടിരിക്കും. ആദ്യം അന്നയുടെ സാമീപ്യം അസഹ്യമായി അർജ്ജുവിന് തോന്നിയെങ്കിലും ഇപ്പോൾ അത് ഇല്ല. പിന്നെ ക്ലാസ്സിലുള്ളവർ ഇപ്പോൾ കാര്യമായി ശ്രദ്ധിക്കാറില്ല.
ഇതിനിടയിൽ അർജ്ജുവിൻ്റെ ലാപ്ടോപ്പ് പാസ്സ്‌വേർഡ് അന്ന മനസ്സിലാക്കി.
‘അഞ്ജലി’ ഇനി ഇത് അവൻ്റെ പെങ്ങൾ ആകുമോ. അർജ്ജുൻ അഞ്ജലി ആയിരുന്നേൽ ചാൻസ് ഉണ്ട്. പക്ഷേ ശരിക്കുള്ള പേര് ശിവ എന്നായത് കൊണ്ട് അങ്ങനെ അകാൻ ചാൻസില്ല. ഇനി ഗേൾ ഫ്രണ്ട് ആയിരിക്കുമോ? ഇങ്ങനെ ഓരോരോ ചിന്തകൾ അന്നയുടെ മനസ്സിലേക്ക് വന്നു.
കുറച്ചു ദിവസത്തെ കണക്കുകൂട്ടലുകൾക്ക് ശേഷം അന്ന രണ്ടും കൽപ്പിച്ച അർജ്ജുവിൻ്റെ ലാപ്ടോപ്പിൽ കയറി പരതാൻ തീരുമാനിച്ചു. അവൾ വന്നിരിക്കാൻ തുടങ്ങിയതിൽ പിന്നെ അർജ്ജുൻ ലഞ്ച് കഴിക്കാൻ പോയാൽ ബെൽ അടിക്കുമ്പോൾ മാത്രമാണ് തിരികെ വരിക.
ഇന്ന് അവൻ വരുന്നതിന് മുൻപ് ലാപ്ടോപ്പ് എടുത്തു നോക്കണം. ഉച്ചക്ക് ബ്രേക്ക് തുടങ്ങിയപ്പോൾ അവൾ സ്വന്തം ലാപ് എടുത്ത് ബാഗിൽ വെച്ചു. എന്നിട്ട് ക്യാന്റീനിൽ പോയിട്ട് കുറച്ചു കഴിച്ചു എന്ന് വരുത്തിയിട്ട് തിരിച്ചു ഔടി വന്ന്. ഒന്നുമറിയാത്ത പോലെ അർജ്ജുവിൻ്റെ ലാപ്ടോപ്പ് എടുത്ത് അവളുടെ സീറ്റിൽ ഇരുന്നു ലോഗിൻ ചെയ്‌തു. ഓരോ ഡ്രൈവുകളായി പരതി. പക്ഷേ നിരാശയായിരുന്നു ഫലം. അകെ കുറച്ചു ക്ലാസ്സ് നോട്ടസും പൗർപോയിന്റ് സ്ലൈഡ്‌സ്. ഒരു ഫോൾഡറിൽ കുറച്ചു സിനിമ. ഒരു ഡ്രൈവ് മുഴുവൻ പാട്ടുകൾ. പിന്നെ കുറെ ഇ ബുക്‌സ്. ഇതല്ലാതെ പേർസണലയിട്ടുള്ള ഒന്നും തന്നെ ഇല്ല. ഇത്രയും നോക്കിയപ്പോളേക്കും സമയം കുറച്ചായി. കുറച്ചു പേരൊക്കെ ക്ലാസ്സിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു. അവൾക്ക് ടെൻഷൻ കൂടി
അവൾ പെട്ടന്ന് തന്നെ ബ്രൗസർ തുറന്നു. നോക്കി ജിമെയിലും ഫേസ്ബുക്കും ഒക്കെ ലോഗിനായി ആണ് കിടക്കുന്നത്. രണ്ടും അർജുൻ എന്ന പേരിൽ തന്നെ. ആദ്യമേ അവൾ ഇമെയിൽ കയറി നോക്കി. വളരെ കുറച്ചു മെയിൽ മാത്രം. മൈലുകളുടെ തീയതി വെച്ച് നോക്കിയാൽ അക്കൗണ്ട് തുടങ്ങിയിട്ട് അധികം നാൾ ആയിട്ടുള്ളു. അതായത് ക്ലാസ്സ് തുടങ്ങുന്നതിന് ഒരു മാസം മുൻപ്.
വേഗം തന്നെ ഫേസ്ബുക് തുറന്നു. നേരത്തെ കണ്ടത് പോലെ തന്നെ ഒറ്റ ഫോട്ടോസ് പോലുമില്ല. ഒരു ഫോട്ടോ ആൽബം പോലുമില്ല. ക്ലാസ്സിലെ കുറച്ചു പേർ മാത്രം ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട്. പെട്ടന്നാണ് ഫ്രണ്ട്ലിസ്റ്റിൽ കിടക്കുന്ന മറ്റൊരു പേര് അവളുടെ ശ്രദ്ധയിൽ പെട്ടത്. ശിവ രാജശേഖരൻ. പ്രൊഫൈൽ ഫോട്ടോ ഒന്നുമില്ല. അവൾ വേഗം പ്രൊഫൈൽ തുറന്നു നോക്കി. കോളേജ് സ്കൂൾ എല്ലാം എഴുതിയിട്ടുണ്ട്. അവൾ കരുതിയത് പോലെ തന്നെ ഐഐഎം കൊൽക്കട്ട മാസ്റ്റേഴ്സ് അതിൻ്റെ താഴെ ബാംഗ്ലൂർ ഉള്ള പ്രമുഖ എഞ്ചിനീയറിംഗ് കോളേജ്. സ്കൂളിംഗ് സൈനിക സ്‌കൂൾ പൂനെ. പ്രൊഫൈൽ ഫോട്ടോ ഇല്ലെങ്കിലും നിറയെ ഫോട്ടോ ആൽബങ്ങൾ ഉണ്ട്. കൂടുതലും യാത്രകളുടെ ഫോട്ടോസ് ആണ്. പിന്നെ ഒന്ന് രണ്ട് ആൽബം നിറയെ ഫാമിലി ഫോട്ടോസ്. അച്ഛനും അമ്മയും പെങ്ങളുമാണെന്ന് വ്യക്തം. അച്ഛൻ എയർ ഫോഴ്‌സിൽ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു. നല്ല സുന്ദരിയായ അമ്മ. അതിലും സുന്ദരിയായ പെങ്ങൾ. അർജ്ജുവും നല്ല സ്മാർട്ടായിട്ടുണ്ട്. അവൻ്റെ മുഖത്തു നല്ല സന്തോഷമുണ്ട്. അവൾ ആ ഫോട്ടോയിലേക്ക് കുറച്ചു നേരം നോക്കി നിന്ന് .
അവൾ തൻ്റെ മൊബൈൽ ഫോൺ എടുത്ത് ഫേസ്ബുക്കിൽ നിന്ന് ഫോട്ടോസ് എടുക്കാൻ പോയപ്പോഴാണ് രാഹുലും ജെന്നിയും ക്ലാസ്സിലേക്ക് കടന്ന് വരുന്നത്. അന്നക്ക് അവളുടെ നല്ല ജീവൻ പോയത് പോലെ തോന്നി. എപ്പോൾ വേണെമെങ്കിലും അർജ്ജുവും എത്തി ചേരാം. ഉള്ളൊന്ന് കാളിയെങ്കിലും അന്ന മനഃസാന്നിദ്യം കൈവിടാതെ എല്ലാം ക്ലോസ് ചെയ്‌തു. രാഹുലും ജെന്നിയും സീറ്റിൽ ഇരുന്ന നിമിഷം തന്നെ ലാപ്ടോപ്പ് അർജ്ജുവിൻ്റെ ഡെസ്കിൽ പഴയതു പോലെ തന്നെ വെച്ചു.
ബെല്ലടിച്ചതും അർജ്ജുവും കടന്ന് വന്നു. എങ്ങാനും പിടിക്കപെടുമോ എന്നൊരു പേടി അവൾക്കുണ്ടായി. പക്ഷേ ക്ലാസ്സ് തുടങ്ങിയപ്പോൾ അർജ്ജു പഴയതു പോലെ ലാപ്ടോപ്പ് തുറന്ന് നോട്ടസും നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ മാത്രമാണ് അവൾക്ക ആശ്വാസമായത്.
ക്ലാസ്സിലേക്ക് വന്ന അർജ്ജു അന്നയുടെ മുഖത്തെ മാറ്റം ശ്രദ്ധിച്ചിരുന്നു. സ്ഥിരം താൻ കടന്ന് വരുമ്പോൾ തന്നെ നോക്കിയുള്ള പുഞ്ചിരി ഇന്നില്ല. അടുത്ത എത്തുമ്പോളുള്ള ഗുഡ് അഫ്റ്റർനൂൺ വിഷും. എങ്കിലും അവൻ കൂടുതൽ ചിന്തിക്കാൻ നിന്നില്ല.
സ്റ്റീഫൻ്റെയും കൂട്ടുകാർ വഴിയും അന്നയുടെ കസിൻ വഴിയുമുള്ള ബാംഗ്ലൂർ അന്വേഷണം ഫലം കണ്ടില്ല. ക്രിസ്മസ് വെക്കേഷൻ തുടങ്ങുകയാണ് അത് കഴിഞ്ഞാൽ സ്റ്റഡി ലീവ് പിന്നെ യൂണിവേഴ്സിറ്റി വക സെമസ്റ്റർ എക്സാം. അതോടെ ആദ്യ സെമസ്റ്റർ കഴിയും. അർജ്ജു പഠിക്കുന്ന കോളേജിൻ്റെ പേര് കിട്ടിയ സ്ഥിതിക്ക് വെക്കേഷൻ തുടങ്ങുമ്പോൾ തന്നെ സ്റ്റീഫനെ കൂട്ടി ബാംഗ്ലൂർ പോയി കാര്യങ്ങൾ അന്വേഷിക്കണം.
കോളേജിലെ സി.സി.ടി.വി കളിൽ അർജ്ജുവിനെ മാത്രം നിരീക്ഷിച്ചിരുന്ന ത്രശൂൽ സർവെല്ലനസ് ടീം അർജ്ജുവിൻ്റെ ലാപ്ടോപ്പ് അന്ന കൈക്കലാക്കി അതിനുള്ളിൽ പരതിയതൊന്നും അറിഞ്ഞില്ല.
തുടരും ….
00cookie-checkജീവിതമാകുന്ന ബോട്ട് – Part 6