ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 8

ക്ഷോഭം കൂടിയ നായർ അതെ ഭാവത്തോടെ വീണ്ടും….” നീ കല്യാണം കഴിച്ചു ഇവിടാർക്കും ഒരു
കാര്യവും സാധിക്കാനില്ല . അങ്ങനെ ഒരു പൈതൃകവും നീയായിട്ട് ഇവിടെ കാത്തുസൂക്ഷിക്കണം
എന്നു ഇവിടാർക്കും ഒരു പിടിവാശിയും ഇല്ല . പക്ഷേ കുട്ടിക്കാലം തൊട്ടേ …കൂട്ടത്തിൽ
കൂട്ടി, ചിരിച്ചും കളിച്ചും കളിപറഞ്ഞു൦ ഒപ്പം കൊണ്ട് നടന്നിട്ടുണ്ടായിരുന്നല്ലോ
ഒരുവളെ !.മുറപ്പെണ്ണ് എന്നതൊക്കെ പോട്ടേ ….നാട്ടീന്ന് ഒളിച്ചോടി പോയിട്ടും , വിടാതെ
കത്തുകളയച്ചും….തുടരെ നാട്ടുവിശേഷങ്ങൾ പങ്കുവച്ചും…അവളിൽ സ്‌ഥിരമായി ഒരു ആശ
ഉണ്ടാക്കികൊടുത്തിട്ട്, സമയം വന്നപ്പോൾ കാലുമാറാൻ ശ്രമിച്ചാൽ ഉണ്ടല്ലോ?…വിവരമറിയും
നീ പറഞ്ഞേക്കാം !.”

ഒരൊറ്റനിമിഷം!…അഭി സ്തബ്ധനായിപ്പോയി !.അവൻറെ കന്ധം ഇടറി, എങ്കിലും തുടർന്നു ….”
അവളുമായി കുട്ടിക്കാലം മുതലുള്ള ഇഷ്‌ടവും അടുപ്പവും കത്തിലൂടെ എന്നല്ല , എല്ലാ
രീതിയിലും ഇപ്പോഴും തുടരുന്നുണ്ട് എന്നത് വാസ്‌തവം തന്നെ, നിഷേധിക്കുന്നില്ല .
പക്ഷേ അത് എത്തരം ബന്ധമാണെന്ന് നിങ്ങൾ മനസ്സിലാക്കണം . ഒരു കുഞ്ഞനുജത്തിയും
കളികൂട്ടുകാരിയും ആയിട്ട് മാത്രമേ ഇന്നോളം ഞാൻ അവളെ കണ്ടിട്ടും …കരുതീട്ടും ഉള്ളൂ .
അതിനപ്പുറം ഒരു ആശയും പ്രതീക്ഷയും ഞാൻ ആരുമായും പങ്കുവച്ചിട്ടില്ല. ഒരു വാക്കും
ആർക്കും കൊടുത്തിട്ടുമില്ല .ഇതെല്ലാം ഈ അമ്മയ്ക്കും അവൾക്ക് തന്നെയും നല്ല
ബോധ്യങ്ങൾ ഉണ്ടായിരുന്ന കാര്യമായിരുന്നു . പിന്നെ , എന്തിന് ഇനി ,അതേക്കുറിച്ചൊരു
തർക്കം ?….”

കോപം പിന്നെയും വർധിച്ചു, വികാരാധീനനായി നായർ വിളിച്ചുകൂവി ….” എടാ കഴുവേറീ ,അത്
നിനക്ക് മാത്രം തോന്നിയാ മതിയോ ?…അവളുടെ വീട്ടുകാർക്ക് കൂടി മനസ്സിലാവണ്ടേ ?…”

അമ്മിണിഅമ്മ ഇടക്ക് വീണ്ടും തടസ്സമിട്ട്…..” നിൻറെ മനസ്സിൽ അങ്ങനൊരു ഉദ്ദേശം
ഉണ്ടായിരുന്നില്ലെന്ന് നിന്നെപ്പോലെ ഇവിടുള്ളവർക്കും അറിയാമായിരുന്നു . പക്ഷെ
കൊച്ചിലെ മുതലേ കളിച്ചുചിരിച്ചു കൂടെനടന്ന് ..മുതിർന്നപ്പോഴും , സ്‌ഥിരമായി
കത്തുകളയച്ചും….വിശേഷങ്ങൾ പങ്കുവച്ചും ആ അടുപ്പവും ഇഷ്‌ടവും പിന്തുടരുമ്പോൾ….വലിയ
പ്രേമമൊന്നും പരസ്പരം ഇല്ലെങ്കിലും,കല്യാണം കഴിക്കാൻ തക്ക ഒരു സ്നേഹബന്ധം നിങ്ങൾ
തമ്മിൽ ഉണ്ടെന്നല്ലേ ?… അത് കാണുന്ന അവളുടെ വീട്ടുകാർ ന്യായമായും കരുതൂ . ഞാൻപോലും
പണ്ട് നിങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ഏട്ടൻ –അനിയത്തി ബന്ധം ഇപ്പോഴും ഉണ്ടോ?…അതോ മാറിയ
പരിതസ്‌ഥിതിയിൽ അത് മാറ്റി , നിങ്ങൾ തമ്മിൽ പ്രണയബന്ധം ശരിക്കും ഉണ്ടോ എന്നൊന്നും
അറിയാത്ത സാഹചര്യങ്ങളിൽ ആയിരുന്നു .ആലോചിച്ചുനോക്കൂ!…. അവരുടെകാര്യം പിന്നെ
പറയാനുണ്ടോ ?.”

നായർ തൻറെ നയം വ്യക്തമാക്കി , കുറേക്കൂടി ആഴത്തിൽ തുടർന്നു …. ” എടീ കാര്യങ്ങൾ ഇവൻ
പറയുന്നതൊന്നുമല്ല .അവരുടെ വീട്ടുകാർ മാത്രമല്ല , ശ്രീ യുടെ വിശ്വാസവും അതുതന്നെയാ
. ആ നസ്രാണി പെണ്ണുമായുള്ള ഇവൻറെ ബന്ധം നടക്കാതെ പോയശേഷം അവളുടെ ചിന്തയും അനുമാനവും
ഇവൻ അവളെ കെട്ടുമെന്ന് തന്നെയായിരുന്നു . ഇന്നാളുകൂടി അവൾ എന്നോട് പറഞ്ഞു , നമ്മുടെ
അഭിയേട്ടൻറെ മനസ്സൊക്കെ മാറും അമ്മാവാ. എത്രയും വേഗം നാട്ടിൽവന്ന് എല്ലാം മറന്ന്
ഏട്ടനെന്നെ കെട്ടാൻ തയ്യാറാവും എന്നൊക്കെ . ഇവന് അവളെ കെട്ടേണ്ടെങ്കിൽ എന്തിനു
കൊടുത്തു ആ പാവത്തിന് അങ്ങനൊരു പ്രതീക്ഷ ?.അതാണെൻറെ ചോദ്യം !. ഇനി ആ കണ്ണീരു കൂടി
നമ്മൾ കാണണ്ടേ ?…..ഞാൻ എന്താ പറയുക ? ”

” അത് എൻറെ കുറ്റമല്ലല്ലോ ?. നിങ്ങടെയൊക്കെ മനസ്സ് പെട്ടെന്ന് മാറുന്നതാണെന്ന്
അവൾക്കറിയാം . അങ്ങനെ നിങ്ങളെ മാറ്റിക്കാൻ …ഓരോന്നും പറഞ്ഞു നടക്കുവ്വാ അവള് .അതിന്
ചിരിച്ചും കരഞ്ഞു ഒക്കെ കാണിക്കും . അതിലൊരു കാര്യവുമില്ല. ഞാൻ അവളെ പറഞ്ഞു
മനസ്സിലാക്കിച്ചു കൊള്ളാം .പിന്നെ എൻറെ മനസ്സ് , അവളേയും നിങ്ങളെയും പോലൊന്നുമല്ല ,
അടിക്കടി അങ്ങനെ മാറിമറിഞ്ഞു പോകാൻ . ഒറ്റ മനസ്സേയുള്ളൂ….അതിനി അന്നും ഇന്നും
എന്നും.” ഒരു ദൃഡനിശ്ചയം പോലെ അഭി അരുളി .

ഒരു സമാശ്വാസം പോലെ ‘അമ്മ….” അഭീ എപ്പോഴായാലും …ഒരു കല്യാണം നിൻറെ ജീവിതത്തിൽ
ആവശ്യമാണ് . ശ്രീമോൾടെ മനസ്സിൽ എന്തെങ്കിലും ഒരു ആശ കൊടുത്തിട്ട് ,
മറ്റെന്തെങ്കിലും കാരണങ്ങളാൽ നീ അവളെ ഒഴിവാക്കാൻ ശ്രമിച്ചാൽ ….”

അച്ഛൻ പൂരിപ്പിച്ചു…..” ബോംബെയിൽ അല്ല , ലോകത്തു ഏത് കോണിൽ പോയി നീ ഒളിച്ചാലും
ഗതിപിടിക്കില്ല!. അവളുടെ ശാപമേറ്റു നീ ഇല്ലാതാവും പറഞ്ഞേക്കാം .”

സമാധാനത്തോടെ അറിയിച്ചു അഭി…..” അങ്ങനൊന്നുമില്ല , ഒക്കെ വെറുതെ നിങ്ങളുടെ
തോന്നലുകളാ .ശ്രീമോളെ ഒന്ന് നേരിട്ട് കണ്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ
ഉള്ളൂ എല്ലാം .ഞാനത് നേരിട്ടൊളാ൦ .”

ഒരു നീണ്ട യുദ്ധം കഴിഞ്ഞു ,ഒരു ശകല സമാധാനത്തിലെത്തിയ പ്രഭാകരൻ നായർ ” അവളൊരു
കഥയില്ലാത്ത ബുദ്ദുസ് പെണ്ണാ .എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിൻറെ അമ്മാവനെത്തന്നെ
നേരിട്ട് കണ്ട് അറിയിക്ക് . അളിയൻ ഭയങ്കര പിണക്കത്തിലും ദേഷ്യത്തിലും ഒക്കെയാ .
നിങ്ങടെ മകൻ ഒറ്റയൊരുത്തൻ കാരണം കെട്ടുപ്രായം കഴിഞ്ഞ ഞങ്ങടെ മോൾടെ ഭാവി , ആകെ
അവതാളത്തിലായി നിൽക്കയാ എന്നും പറഞ്ഞു .”

അമ്മിണിയമ്മ ….” അതെയതെ , ഇനി നീ ന്യായീകരണങ്ങളൊന്നും പറഞ്ഞാൽ അവർ കേൾക്കുമെന്ന്
തോന്നുന്നില്ല . അത്രക്ക് പെണ്ണിനെ വേറെ ആലോചനക്ക് ഒന്നും ശ്രമിക്കാതെ , ഇത്രനാളും
നിനക്ക് വേണ്ടിയാ അവർ വെയിറ്റുചെയ്‌തു കാത്തുകാത്തു നിന്നേ . നിനക്കിത്
താൽപര്യമില്ലെങ്കിൽ കുറച്ചുമുന്നേ അറിയിച്ചിരുന്നേൽ…. അവർ എങ്ങനെലും ആ പെണ്ണിൻറെ
കെട്ടൊന്ന് നടത്തിയേനെ .ഇതിപ്പോ ആകെ കഷ്‌ടമായല്ലോ ഈശ്വരാ…. ”

അതേ ശാന്തതയിൽ നായർ….” അമ്മിണി , ഇവൻ ഇതിനി സംസാരിക്കാൻ പോയാൽത്തന്നെയും ലഹളയിൽ
അല്ലാതെ , അത് അവസാനിക്കുമെന്ന് തോന്നുന്നില്ല . നീ ഒന്ന് കാര്യമായി ചിന്തിക്കെടാ
…എന്തായാലും നിനക്കൊരു കല്യാണം വേണം . പിന്നെ , അറിഞ്ഞുവച്ചു അറിയാവുന്നവർ തമ്മിൽ
ഇതിൻറെ പേരിൽ തല്ലു കൂടണമോ ?.”

എല്ലാം അറിഞ്ഞിട്ടും ‘അമ്മ സമാധാനത്തിൻറെ വെള്ളക്കൊടി വീശി …..” അതേ അവൾക്കെന്താ
ഒരു കുറവ് ?.എല്ലാംകൊണ്ടും നിനക്കും കുടുംബത്തിനും ചേർന്ന ഒരു പെണ്ണല്ലേ അവള്
?.പോരെങ്കിൽ വീട്ടുകാർ തമ്മിൽ പറഞ്ഞുവച്ചു , കുട്ടിക്കാലം മുതലേ നമുക്കെല്ലാം
അറിയുന്ന പെണ്ണല്ലേ അത് .പിന്നെ എന്തിനാ എല്ലാവര്ക്കും ആഗ്രഹം കൊടുത്തു ഇതുവരെ
കൊണ്ടെത്തിച്ചിട്ട്….”

ഉപസംഹാരം എന്നോണം അച്ഛൻ…..” പറയാനുള്ളത് ഞങ്ങൾ പറഞ്ഞു .ബാക്കിയൊക്കെ നിൻറെ ഇഷ്‌ടം.
ഇതിൻറെ പേരിൽ കലഹംകൂടാനൊന്നും ഞങ്ങൾക്ക് വയ്യ !. ”

അച്ഛൻ കൈവിട്ട രോഷഭാവം സ്വയം ആർജ്ജിച്ചു അഭി…..” നിങ്ങളോടൊക്കെ ഇനി , ഒന്നും
പറഞ്ഞിട്ട് ഒരു കാര്യവുമില്ല . പോത്തിനോട് പോയി വേദം ഓതുന്നതാ ഇതിലും ഭേദം .
പ്രത്യേകിച്ച് എല്ലാമെല്ലാം അറിയുന്ന ‘അമ്മ പോലും ഇങ്ങനൊക്കെ സംസാരിക്കുമ്പോൾ .
അമ്മാവനോടെങ്കിൽ അമ്മാവനോട് . ഞാൻ അദ്ദേഹത്തോട് പോയി സംസാരിച്ചുകൊള്ളാം .
മനസ്സിലാക്കുന്നെങ്കിൽ മനസ്സിലാക്കട്ടെ . ഇല്ലേൽ വരുന്നിടത്തുവച്ചു കാണാം
.അല്ലാതെന്താ ?…” അതിഗൗരവത്തോടെ ഇത്രയും പറഞ്ഞു , ആരെയും വകവയ്ക്കാതെ അഭി , അവൻറെ
വഴിക്കു പോയി .

അടുത്ത ദിവസം രാവിലെ പതിവുപോലെ അഭി , പൂമുഖത്തു പത്രവും വായിച്ചു ചൂട് കട്ടൻചായയും
മൊത്തിക്കുടിച്ചു ചാരുകസേരയിൽ അങ്ങനെ കിടക്കുകയാണ് . തലേരാത്രിയിലെ കാര്യങ്ങൾ
ആലോചിച്ചു ആകെ സംഘര്ഷഭരിതമാണ് മനസ്സ്!. എങ്കിലും വാർത്തകൾ ഓരോന്നായി വായിച്ചു
അവയുമായി താദാത്മ്യം പൂണ്ട് , ചിന്തകൾ തിരിഞ്ഞും മറിഞ്ഞും സഞ്ചരിക്കുമ്പോൾ…മുഖത്തു
ഭാവങ്ങളും അതിനൊത്തു മാറിമാറി മിന്നി മറയുന്നു . ‘അമ്മ അടുക്കളയിൽ പ്രാതലിനുള്ള
നല്ല തിരക്കിലാണ് . പ്രഭാതസവാരിക്കൂ പോയ അച്ഛൻ ഇതുവരെ തിരിച്ചു വന്നിട്ടില്ല . ഓരോ
വാർത്തകളിലൂടെയും കണ്ണയച്ചുപോയ അഭി , അവിചാരിതം എന്നോണം നടുവിലെ ചരമപേജിലും
വന്നെത്തി…വെറുതെ ഒന്ന് ഓടിച്ചു നോക്കി . കഴിഞ്ഞ ദിവസങ്ങളിൽ മരണം കവർന്നെടുത്ത
ഹതഭാഗ്യരുടെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ . നാട്ടിലെ ഏതെങ്കിലും പരിചിതമുഖങ്ങൾ
കൂട്ടത്തിലുണ്ടോ ?…എന്നൊരു സ്വാഭാവിക അവലോകങ്ങളോടെ, ചരമകോളങ്ങളുടെ .താഴെയറ്റത്തു
സഞ്ചരിച്ചു മിഴികളെത്തി . പൊടുന്നനെയാണ് ചരമ വാർത്തകളുടെയെല്ലാം താഴെയറ്റത്തു ,
നാലുകോളം വലിപ്പത്തിൽ വലതുവശത്തായി ഒരു വലിയ ചരമ അനുസ്‌മരണ ഫോട്ടോ അയാളുടെ
ശ്രദ്ധയിൽ പെടുന്നത് . കൗതുകത്താൽ അടുത്ത നോട്ടത്തിൽ ,ഫോട്ടോക്ക് കീഴെ മുട്ടൻ
അക്ഷരത്തിലുള്ള ആളുടെ നാമധേയത്തിൽ കണ്ണുടക്കി. ”ലവ്വിങ്‌ മെമ്മറീസ് ഓഫ്
മിസ്റ്റർ.ഡാനിയൽ ടിസ്സുസ്സാ എഡ്‌വിൻ ”. പേര് വായിച്ചു ഒറ്റനോട്ടത്തിൽ അഭിജിത്
ഞെട്ടിത്തരിച്ചു .

വിശ്വസിക്കാനാവാതെ , ചിത്രത്തിലെ ആളിനെ വീണ്ടും വീണ്ടും ശ്രദ്ധിച്ചു നോക്കി
.നോക്കുന്നതിനൊപ്പം ശരീരം ആകവേ വിറകൊണ്ടു .ഞെട്ടൽ വിട്ടൊഴിയാതെ , തരിച്ച മനസ്സും
ദേഹത്തോടും പേരും ചിത്രവും പലവുരു മാറിമാറി നോക്കി…ഉറപ്പിച്ചു . അതേ , മറ്റാരുമല്ല
തൻറെ അലീനയുടെ പ്രിയ ഭർത്താവ്…ഡാനി എന്ന ഡാനിയൽ തന്നെ!…തെല്ലും സംശയമില്ല .നന്നേ
പരിചിതനായ വ്യക്തിയുടെ പേരും ചിത്രവും പൂർണ്ണമായി മനസ്സിലായി കഴിഞ്ഞപ്പോൾ
ഞെട്ടലിൻറെ ആഘാതം വർദ്ധിച്ചു . നെഞ്ചു പിടച്ചു , ഹൃദയസ്പന്ദനം പിന്നെയും കൂടി .
അയാൾ മരണപ്പെട്ടു എന്ന് മാത്രമല്ല , ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്ഷം
തികഞ്ഞിരിക്കുന്നു . അതിൻറെ അനുസ്മരണാർദ്ധം ഓർമ്മദിവസം ബന്ധുമിത്രാദികൾ പരസ്യം
ചെയ്തിരിക്കുന്ന സ്മരണാഞ്ജലിയാണ് താനിപ്പോൾ ദർശിക്കുന്നത് . എത്ര ദാരുണം ആണിത് ?.
ആൾ മരിച്ചിട്ട് ഇത്ര കാലം ആയെങ്കിലും ആരെങ്കിലും ആ വാർത്ത എങ്ങനെങ്കിലും ഒന്ന്
തന്നോട് കൈമാറാനുള്ളൊരു സാമാന്യബോധം ഇല്ലാതെപോയത് എന്തേ ?. അത്രക്ക് അന്യനായി
മാറിയോ താൻ ഈ നാട്ടിൽ ?.എങ്ങനെ മരിച്ചു ?…എന്താണ് കാര്യം ?…വിശദാ൦ശങ്ങൾ
ഒന്നുമറിയില്ല . താൻ അറിയണമെന്ന് ആരും ആഗ്രഹിച്ചു കാണില്ല . അല്ലെങ്കിൽ , എല്ലാവരും
മനപ്പൂർവ്വം എല്ലാം തന്നിൽ നിന്നും മറച്ചുവച്ചു . എങ്ങനാണേലും , തന്നെ
ഒറ്റപ്പെടുത്തി തന്നിൽ നിന്നുമവൾ അകന്നു മാറി പോയ ശേഷമുള്ള ഒരു കാര്യവും താൻ
അറിഞ്ഞിട്ടില്ല . അറിയാൻ ആഗ്രഹിക്കുകയും ചെയ്‌തിട്ടില്ല , എന്നതുംശരിതന്നെ!. ആ
ബന്ധത്തിൽ അവർക്ക് കുട്ടികൾ ജനിച്ചിരുന്നോ ?…ഉണ്ടെങ്കിൽ ആൺകുട്ടിയാണോ പെണ്ണാണോ
?…തുടങ്ങി ഒന്നും .പക്ഷെ അതുപോലൊക്കെ ആണോ ഇത് ?…അവളുടെ സ്വകാര്യ ജീവിതത്തിൽ,
സ്വന്തം ജീവിതം തന്നെ തകർന്നടിയുന്ന വിധത്തിൽ ഒരു അത്യാഹിതം, ഒരു ദാരുണവിയോഗം
നടന്ന് നീണ്ട മൂന്ന് വര്ഷം ആയിട്ടും താൻ ഒന്നും അറിഞ്ഞില്ലെന്നുവച്ചാൽ…വല്ലാത്ത
ദുര്യോഗം തന്നെ!. ആ ചിന്തകൾ അഭിയെ ഞെട്ടലിൽ നിന്ന് മാറ്റി …മൊത്തത്തിൽ വല്ലാത്തൊരു
അവസ്‌ഥയിൽ ,വേദനയുടെ പരമകോടിയിൽ കൊണ്ടെത്തിച്ചു . പത്രം ഒന്നുകൂടി നോക്കി .
ഫോട്ടോക്കടിയിൽ , ” ഫ്രം ആൾ സോറോയിങ് ഫാമിലി ” എന്ന് മാത്രമേ അടിയിൽ
കൊടുത്തിട്ടുള്ളൂ . ആയതിനാൽ മക്കൾ തുടങ്ങി ഒരു കാര്യത്തെക്കുറിച്ചും യാതൊരു സൂചനയും
ഇല്ല .അടുത്ത ക്ഷണം പത്രം മടക്കിവച്ചു അഭി അമ്മയെ വിളിച്ചു . വിവരം ചൂണ്ടി
കാണിച്ചപ്പോൾ ….”ആണോ?, അയ്യോ!, ശ്ശെ , കഷ്‌ടം ” എന്നിങ്ങനെ ആശ്ചര്യ
വ്യാക്ഷേപങ്ങളോടെ , അറിയില്ല എന്ന് വ്യക്തമാക്കി അവർ കൈമലർത്തി .

അച്ഛനോടും പിന്നെ ,അന്വേഷിച്ചിട്ട് വല്യ അർഥവും ഇല്ല, എന്നറിഞ്ഞു കൊണ്ടുതന്നെ
ചുമ്മാ തിരക്കി .ഉത്തരം അവിടെയും ‘തഥൈവ’. ”വളരെ വൈകിയാണ് അറിഞ്ഞത് ”, ”പറയാൻമറന്നു”
തുടങ്ങിയ കുറെ പല്ലവികൾ പിറകെവന്നു . പിന്നോട്ടും താമസിച്ചില്ല , വീർപ്പുമുട്ടലുകൾ
പഴയ അസ്വാസ്ഥ്യങ്ങളിലേക്ക് സംക്രമിച്ചാലോ?. നീറ്റലുണ്ടാക്കുന്ന ചിന്തകൾ , അയാളെ
വേഗം പല്ലുതേപ്പിച്ചു, കുളിപ്പിച്ച്, കാപ്പിയും കുടിപ്പിച്ചു പുറത്തേക്കിറക്കി .
ഷെഡിൽ ചാരിവച്ചിരുന്ന അച്ഛൻറെ പഴ ബൈക്ക് സ്റ്റാർട്ട്ചെയ്ത് പതിയെ റോഡിലോട്ടുവിട്ടു
.ഡിസംബർ മാസം ആയതുകൊണ്ടാവാം ….റോഡിൽ തണുപ്പുമാറി ,വലിയ ചൂടൊന്നും ആയിട്ടില്ല .
നേരിയ തിരക്ക് മാത്രമുള്ള വീഥിയിലൂടെ ബൈക്ക് കുതിച്ചു. പ്രത്യേക ഉദ്ദേശമൊന്നും
ഇല്ലാത്തപോലെ അലസമായി വണ്ടി ഓടി നേരെ തിരുമല ചർച്റോഡിൽ ചെന്ന് അറിയാതെനിന്നു
.അവിടെ, സെൻറ്ജോർജ്ജ് വലിയ പള്ളിക്ക് തൊട്ടുമുന്നിലുള്ള കടക്കു വെളിയിൽ വണ്ടിവച്ചു,
കടയിൽ നിന്നൊരു തണുത്ത സോഡാ വാങ്ങി കുടിച്ചു …അഭി , ഒരു ‘വിൽസു’വാങ്ങി മെല്ലെ
ചുണ്ടിൽവച്ചു തിരികൊളുത്തി ചിന്തക്ക് ചിന്തേരിട്ടു . അതാ…..പള്ളിയിൽ നിന്നും
പ്രാർഥനകഴിഞ്ഞു, പുറത്തേക്കിറങ്ങി വരുന്ന പുരുഷാരം . ആണും പെണ്ണും കുട്ടികളും
എല്ലാമുണ്ട് കൂട്ടത്തിൽ. ഒറ്റതിരിഞ്ഞും, പല ഗണങ്ങളായും പലരും പലവഴിക്ക് സംഘംവിട്ടു
പിരിഞ്ഞു പോകുന്നു. കത്തിത്തുടങ്ങിയ സിഗരറ്റ് , അൽപമൊന്ന് ആഞ്ഞു ഉള്ളിലേക്ക്
വലിച്ചു …ചുരുളുകളായി പുക പുറത്തേക്ക് ഊതിവിട്ടു… കുഞ്ഞൊരു ആത്മശാന്തിയോടെ ,
കൗതുകപൂർവ്വം അഭി അങ്ങോട്ട് നോക്കിനിന്നു . ദേ മറ്റൊരുകൂട്ടം പെണ്ണുങ്ങൾ ..പല
വേഷത്തിലും പ്രായത്തിലും ഉള്ള കുട്ടികളടങ്ങിയ ചെറു വിഭാഗം , സംസാരിച്ചും പറഞ്ഞും
തനിക്കരികിലൂടെ റോഡിലേക്ക് നടന്നുകയറുന്നു . അവരുടെ കൂട്ടത്തിൽ , എന്നാൽ ഒരൽപം
ഒറ്റതിരിഞ്ഞു , ഏറ്റവും പിറകിലായി ചെറുപ്പക്കാരിയായൊരു സ്ത്രീ വിരൽത്തുമ്പിൽ
ഒരുകൊച്ചു പെൺകുട്ടിയുമായി തീർത്തും മന്ദഗതിയിൽ… നടന്നു കേറി വരുന്നു .
ഒറ്റനോട്ടത്തിൽ!….ആദ്യമേ, വളരെദൂരെ നിന്നേ അഭിക്ക് ആളെ തീർത്തും മനസ്സിലായി .
ഒരുകാലത്തു തൻറെ എല്ലാം എല്ലാം ആയിരുന്ന ”അലീന ”എന്ന ‘അലീന അമൽദേവ് ‘.
സാരിത്തുമ്പുകൊണ്ട് മൂർദ്ധാവും മുഖപാർശ്വങ്ങളും മറച്ചുപിടിച്ചു…ആരെയും
ശ്രദ്ധിക്കാതെ ,കുനിഞ്ഞ ശിരസ്സുമായി തനിക്ക് മുന്നിലൂടെ . ക്ഷിപ്രവേഗം സിഗററ്റ്
വലിച്ചെറിഞ്ഞു , മുന്നേക്ക് ഉറ്റുനോക്കുമ്പോൾ …മുഖത്തു വിഷാദം വിളിച്ചോതുന്ന
അർത്ഥരഹിതമായൊരു വിളറിയ ദയനീയ പുഞ്ചിരിയോടെ, ഒന്ന് ഞെട്ടി തന്നെ നോക്കി തീരെ
താഴ്‌മയോടെ, അവൾ…

.” നാട്ടിലുണ്ടായിരുന്നോ ?….” .

തന്നെ കണ്ട് ഭയന്നോ എന്തോ ആ ഒരൊറ്റ മാത്രയിൽ , പെൺകുട്ടി വിരൽത്തുമ്പ് ഉപേക്ഷിച്ചു
പെട്ടെന്ന് മുന്നിൽ ആരിലേക്കോ ഓടിമറഞ്ഞു .

”ഇല്ല , ഇന്നലെ എത്തിയിട്ടേ ഉള്ളൂ . ” ശോകഛായ പടർത്തിയുള്ള അഭിയുടെ ഉത്തരത്തിനു
പകരമായ് അവൾ…

” സുഖംതന്നെ അല്ലെ ?”…..

അതേ വിഷാദം തിരികെ പകർത്തി, നേരെ വിഷയത്തിലേക്ക് വന്ന് അഭീടെ ഉത്തരം ….” ഇന്ന്
കാലത്തു പത്രം നോക്കിയപ്പോൾ മാത്രമാണ് ഞാൻ വിവരങ്ങളറിയുന്നത് . വർഷം മൂന്ന്
ആയിട്ടും ആരും ഒന്നും എന്നെ അറിയിച്ചിരുന്നില്ല .പത്രം നോക്കിയതുകൊണ്ട് , അവിചാരിതം
ആയെങ്കിലും …അത് കണ്ടു.”

നേരിയ മന്ദഹാസത്തിൽ , ലീനയുടെ സൗമ്യമായ മറുപടി ….” ഒന്നും അറിയാൻ തീരെ ആഗ്രഹിച്ചു
കാണില്ല. അതാവും…ഇതും ആരും അറിയിക്കാതിരുന്നത് . വെറുതെ , പഴയ ഓർമ്മകളിലേക്കൊക്കെ
മടക്കികൊണ്ട് പോകാൻ ഒരാളും താത്പര്യപ്പെട്ടിട്ടുണ്ടാവില്യ .സാരമില്ല, ഒക്കെ
കഴിഞ്ഞില്ലേ ?….വർഷം 2 -3 ആയി. എല്ലാം എൻറെ വിധി!. അല്ലാതെ എന്ത് പറയാൻ?.”

പരിതാപ ചുവയിൽ അഭി മൗനം തുടർന്നപ്പോൾ …ലേശം സംശയമുനയോടെ ലീന ,….” ആട്ടെ , അഭിയുടെ
ഭാര്യ? …മക്കൾ?…..എല്ലാവരും ഒപ്പമുണ്ടോ ?.”

അവളുടെ ദുഖത്തോട്. ചേർന്നുനിന്ന് ,ഒരു വെറും ചിരി വരുത്തി എന്ന് ഭാവിച്ചു അവൻ
ഉരുവിട്ടു …” ഇല്ല , അങ്ങനെയൊന്ന് എനിക്കും വിധിച്ചിട്ടില്ല .”

” വിധിക്കാത്തതോ ?…അതോ ശ്രമിക്കാഞ്ഞതോ ?…..” ലീന സംശയം മറച്ചുവച്ചില്ല .

ജാള്യത മറച്ചുവച്ചു, എന്നാലൊരു പാളിയ ഗൗരവം വെറുതെ വരുത്തിക്കൊണ്ട് അഭി ,…..”
കല്യാണത്തെക്കുറിച്ചു ഇതുവരെ ആലോചിച്ചിട്ട് കൂടിയില്ല .” പിന്നെ അത് വേഗം മാറ്റി ,
മനസ്സിലെ ശങ്ക ചോദ്യമായ് പുറത്തു വരീച്ചു…” ലീനയുടെ മക്കളൊക്കെ എവിടെവരെയായി?….”

” ഒരാളേ ഉള്ളൂ . പെണ്ണാണ് , എമിലിമോൾ .ഒന്നാം ക്ളാസ്സിൽ ചേർത്തു . കണ്ടില്ലേ?…അതാ
അവർക്കൊപ്പം പോകുന്നു . ”

പണ്ടെങ്ങോ പോയി മറഞ്ഞ, ഒളിമങ്ങാത്ത തേജസുറ്റ ആ പാല്പുഞ്ചിരി അൽപാൽപമായി ചുണ്ടത്തു
വിരിയിച്ചു , മുന്നിലേക്ക് വിരൽചൂണ്ടി അറിയിച്ചു , അവൾ തുടർന്നു …അവരൊക്കെ അങ്ങ്
പോയിക്കഴിഞ്ഞു . ഓർമ്മദിവസമായിട്ട് പള്ളിയിലെ ശുശ്രൂഷകൾക്ക് വന്നവരാണ് എല്ലാരും .
അവരെ കാത്തുനിർത്തിക്കാൻ കഴിയില്ല . എനിക്കും ഒപ്പം പോയേ തീരൂ . അഭി നമുക്ക്
പിന്നീട് കാണാം. അല്ലേൽ നിനക്ക് സമയമുണ്ടെങ്കിൽ നീ സ്‌കൂളിൽ വന്നാ മതി .
വിവരങ്ങളെല്ലാം നമുക്കപ്പോൾ സംസാരിക്കാം ”

” എന്ത് സ്‌കൂൾ ?…”

” എൻറെ വീടിനോട് ചേർന്ന് ഒരു കുഞ്ഞുങ്ങളുടെ പ്‌ളേസ്‌കൂൾ ഉണ്ട് . ഞാനാണ് നടത്തുന്നത്
. അവിടെത്തി അന്വേഷിച്ചാൽ മതി . ഇപ്പോൾ, എന്നാൽ ഞാൻ നടക്കട്ടെ …”
ഇതികർത്തവ്യമൂഢനായി അഭി നിൽക്കുമ്പോൾ അലീന അതും പറഞ്ഞു നടന്നുനീങ്ങി .

അഭി അവിടുന്ന് വണ്ടിയെടുത്തു . ബൈക്കോടിച്ചു , ഒന്ന് രണ്ട് സ്നേഹിതരുടെ അടുത്തും
അത്യാവശ്യം പോകേണ്ട കുറെ സ്‌ഥലത്തുമൊക്കെ പോയി, ചുറ്റിത്തിരിഞ്ഞു വീട്ടിൽ
വന്നുകയറുമ്പോൾ രാവേറെ ഇരുട്ടിയിരുന്നു . അച്ഛനടുക്കൽ , അമ്മാവനോട് അടുത്ത ദിവസം
സംസാരിക്കാം എന്ന് ഉറപ്പുകൊടുത്തു ഭക്ഷണം കഴിക്കുവാൻ കിടന്നു . മനസ്സിൽ നിറയെ
ഉഷ്‌ണമേഘങ്ങൾ നിറഞ്ഞുനിന്നിരുന്നു. അവ ഇരുളുപടർത്തി, കാറും കോളും കൊണ്ട് എപ്പോൾ
പെയ്യുമെന്നറിയാതെ വിങ്ങിപ്പൊട്ടി നിന്നു . നിദ്രാവിഹീനമായ ഒരു മകരമാസ രാവ് കൂടി….
അങ്ങനെ അഭിയുടെ ജീവിതത്തിൽ നിന്ന് അടർന്ന് കൊഴിഞ്ഞു വീണു, ഒരു ക്രിസ്തുമസ്സ്കാല
രാവ് ! .

പിറ്റേദിവസം!…എങ്ങനെയോ ഇരുട്ടി വെളുപ്പിച്ചു, സമയം തികച്ചു… പകൽ ഏതാണ്ട് പത്തുമണി
കഴിഞ്ഞ നേരം അലീനയെ അന്വേഷിച്ചു അഭി അവളുടെ പ്ളേസ്കൂളിൻറെ മുന്നിൽ എത്തിച്ചേർന്നു.
കുഞ്ഞുങ്ങളുമായി , കളിച്ചുചിരിച്ചു അവൾ ക്ലാസ്സിനു പുറത്തു ഗാർഡനിൽതന്നെ
നിൽപ്പുണ്ടായിരുന്നു . അവനെ കണ്ട ക്ഷണത്തിൽ കുട്ടികളെ മറ്റൊരു അധ്യാപികയെ
ഏൽപ്പിച്ചു അവനരികിലേക്കവൾ നടന്നുവന്നു . ആ സമയത്തിനുള്ളിൽ…മുന്നേക്ക് നടന്ന് ,
അലീന വകയായുള്ള ആ കൊച്ചു വിദ്യാലയം അഭിജിത് മൊത്തത്തിലൊന്ന് വീക്ഷിച്ചു .

അത്യാവശ്യം സുഖസൗകര്യങ്ങളുള്ള , അത്യാഢംബരത്തിൻറെ ധാരാളിത്തം ഒന്നുമില്ലാത്ത,
കാഴ്ചയിൽ നല്ല ശോഭ തോന്നുന്നൊരു കുഞ്ഞുസ്‌കൂൾ !. സ്‌കൂൾ മുറികളും ഓഫിസുമൊക്കെ ഓലയും
പുല്ലും കൊണ്ടുമേഞ്ഞ , സുഖകരമായ കാറ്റും വെളിച്ചവുമൊക്കെ കടന്നുകയറി…കുഞ്ഞുങ്ങളിൽ
ഉണർവ്വും ഉന്മേഷവും കുളിർമയും പകരും വിധമുള്ള സജ്ജീകരണങ്ങൾ . നയനസുഭഗങ്ങളായ നിറങ്ങൾ
ചായംപൂശിയ, തെങ്ങിൻതടിയും ഈറയും ഇഴകൾ പാകി തീർത്ത, വൃത്തിയുള്ള വിദ്യാലയ മുറികൾ.
പുറത്താണെങ്കിൽ , വർണ്ണമനോഹരങ്ങളായ ചെടികൾ നിറയെ പൂത്തുവിടർന്നു…പരിമളം പൂശി ,
അലങ്കരിച്ചു കുടപിടിച്ചു നിൽക്കുന്ന വല്യ ഉദ്യാനങ്ങൾ !. ഒപ്പം , കുഞ്ഞുങ്ങൾക്ക്
ഒത്തിരുന്നു കളിക്കാനും …കഥപറയാനും പാട്ടുപാടി ഉറങ്ങാനും വിശ്രമം ഒരുക്കുന്ന
നിഴൽപടർപ്പുകൾ നിറഞ്ഞ ചെറുതും വലുതുമായ തണൽവൃക്ഷങ്ങൾ…മരത്തടി ബെഞ്ചുകൾ .സർവ്വവും
കൂടി, ഒരു ആശ്രമം പോലെ പരിശുദ്ധവും , ശാന്തസുന്ദരവും.എന്നാൽ , ഒപ്പം നിലവാരമാർന്ന
ഒരു വിദ്യാലയത്തിൻറെ എല്ലാ സുരക്ഷിതത്വവും വിഭാവനം ചെയ്യുന്ന…പ്രകൃതി രമണീയതയാൽ
സമൃദ്ധമാർന്ന ഒരു കളിസ്‌കൂളും പരിസരവും . ഒരൊറ്റ അവലോകനത്തിൽ അഭിക്ക് ആ വിദ്യാലയവും
ചുറ്റുപാടും ഹഠാതാകർഷിച്ചു. അത് ചുറ്റിനടന്ന് കണ്ട് ആസ്വദിച്ചു നിൽക്കെ ,അലീന
ചുവടുവച്ചു വിദ്യാലയ കെട്ടിടത്തിന് പിറകുവശത്തു അഭിക്കരികിലേക്ക് …വന്നെത്തി . ചെറു
തണൽവൃക്ഷക്കീഴിലെ കളിയൂഞ്ഞാലും , സീസ്സാസ്സും, മേരിഗോറൗണ്ടും, സ്ലൈഡിചാനൽസും
ഒക്കെച്ചേർന്ന കുട്ടികളിയിടം . അവിടെ കുളിർകാറ്റ് മേവുന്ന ഫലവൃക്ഷ ചുവട്ടിലെ വിശാല
തണുപ്പടർപ്പിൽ, നനുത്ത സുഖം പേറി അവർ മുഖത്തോട് മുഖം നോക്കി നിന്നു .

ആ മുഖത്ത് , ആ പഴയ അലീനയെ വല്ലാതെ അന്വേഷിച്ചവൻ മിഴികൾ പായിച്ചു . എങ്ങോ മറന്ന ആ
പഴയ വദനം അവനു തിരികെ ലഭിക്കുന്നില്ല . എങ്കിലും തലേന്ന് പള്ളിയിൽ വച്ച്
കണ്ടതിനേക്കാൾ എന്തുകൊണ്ടോ കുറേക്കൂടി ഊർജ്ജ്വസ്വല ആയിട്ടുണ്ട് . ഒട്ടും ചമയങ്ങൾ
ഒരുക്കാതെ മുഖകാന്തിയിൽ…സ്‌ഥായിയായ വിഷാദം കൂടുകെട്ടി എന്തിനോ അതിന് തടസ്സമായി
നിൽക്കുന്നു . കൺതടങ്ങളിലെ കറുത്ത തടിപ്പും ,മയങ്ങിയ കണ്ണിണകളും അതിന് നല്ലൊരു
ഉദാഹരണങ്ങളാണ് .പഴയ മാൻപേട കണ്ണുകളിലെ ദീപ്‌തി ഒന്നാകവേ മങ്ങിമാഞ്ഞു പോയിരിക്കുന്നു
. അധികം നിറങ്ങളില്ലാത്ത സാരിയും ആടയാഭരണങ്ങളുടെ ആലങ്കാരികതകൾ ഒന്നുമില്ലാത്ത
ദേഹവും അവളിലെ തന്മയത്വങ്ങളെ അതുപോലെ വിളിച്ചറിച്ചു . എങ്കിലും പ്രായം
…സൗന്ദര്യത്തിന് ഒരു ഏറ്റക്കുറച്ചിലും വരുത്താതെ, ആ രൂപലാവണ്യത്തെ അതേ അളവിലും
ഭാവത്തിലും ഇപ്പോഴും അതുപോലെ കാത്തു സൂക്ഷിച്ചിട്ടുണ്ട് . അത് ഒരുപക്ഷേ ആ മനസ്സിൻറെ
നന്മയും നൈർമ്മല്യവും കൊണ്ടാവാം . അഭിയിലെ കൗതുകക്കാരൻ തൻറെ കണ്ണുകളിലൂടെ പഴമയുടെ
വസന്തം തിരയുകയാണോ ?…എന്നുള്ള സംശയങ്ങളാൽ ആവാം കയ്യിൽ കരുതിയിരുന്ന ഒരു
”പ്ലെയിൻഗ്ളാസ്സ് ” അവൾ എടുത്തണിഞ്ഞു ഒന്നുകൂടി അവനടുത്തേക്ക് നിന്നു .

ആ ശാരീരിക സൗന്ദര്യത്തിനെ ഒന്നുകൂടി ബലപ്പെടുത്തി , കാഴ്ചക്കാർക്ക് മുമ്പിൽ
ഗൗരവക്കാരിയുടെ ”നിറപട്ടം ”ചാർത്തികൊടുക്കാൻ എന്നപോലെ…എല്ലാറ്റിനും ഒരു മറയും
മഹിമയുമായി മുഖമാകെ മറക്കുന്നൊരു വലിയ വട്ടക്കണ്ണട !. ഗൗരവത്തിനു മാത്രമല്ല ,
അവളുടെ സൗന്ദര്യത്തിനും മാറ്റുകൂട്ടുന്നുണ്ട്..കണ്ണടയും ലളിതം എങ്കിലും,
പാകതയോടുള്ള അവളുടെ വേഷവിധാനവും ഭാവങ്ങളും .അവൾ ജീവിതത്തെ ശരിക്ക് അറിഞ്ഞു ,
പഠിച്ചുകഴിഞ്ഞിരിക്കുന്നു എന്നഭി തീർച്ചയാക്കി .മൗനമവസാനിപ്പിക്കാതെ ഇരുവരും
പരസ്പരം മുഖാമുഖം നോക്കി നിന്നു . ആരും ഒന്നും മിണ്ടാൻ തയ്യാറായില്ല. നീണ്ട
നോട്ടങ്ങളിലൂടെ രണ്ടുപേരും പരസ്പരം നോക്കി പഠിക്കയോ, കാലങ്ങൾ അളന്നു തിട്ടമാക്കുകയോ
ആയിരുന്നിരിക്കാം…ആരെയും കാത്തുനിൽക്കാതെ സമയം അതിൻറെ വഴിക്കുപോയി . കുറെയധികം നേരം
, ഇമയനക്കാതെ , വിചിന്തനങ്ങളിൽ വ്യാപാരിച്ചു നിന്ന ശേഷം , പൊടുന്നനെ
ഒന്നുണർന്ന്…അഭിയെ പിന്തിരിപ്പിച്ചു മൗനംഭജിച്ചു ലീന മൊഴിഞ്ഞു…..

” അഭിക്കെങ്ങനെ….ഇവിടമൊക്കെ ഇഷ്‌ടപ്പെട്ടോ ?…..”

അവളിൽ നിന്നുമകന്ന്..ചുറ്റുപാടും ഒന്നുകൂടി പരതി നോക്കി പുഞ്ചിരിയോടെ അവനറിയിച്ചു ”
പിന്നെ , കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല . അത്രക്ക് സുന്ദരം!. റിയലി
മാർവെല്ലസ് . ലീന ആയിരിക്കും എല്ലാത്തിനും പിന്നിൽ ല്ലേ ?…..”.

അവൻറെ പ്രസന്നതക്ക് മറുപടിയായി അവൾ നന്നായൊന്ന് പ്രസാദിച്ചു , നിറഞ്ഞ നല്ലൊരു
പുഞ്ചിരി മാത്രം അവൾ ഉത്തരം നൽകി. അഭി വീണ്ടും ഗൗരവക്കാരനായി മുഖത്തേക്ക്
നോക്കിത്തന്നെ ചോദിച്ചു .

” സൗന്ദര്യത്തിനും മറ്റും…വല്ലാത്തൊരു മാറ്റം തോന്നിപ്പിക്കാനോ?…അതോ മൊത്തത്തിൽ ഒരു
ഗൗരവക്കാരിയുടെ ഭാവം ക്ഷണിച്ചു വരുത്താൻ വേണ്ടിയോ?…ഒരു കണ്ണടയുടെ പുകമറ?……”

” ഉം ….ചേരുന്നുണ്ടോ?…..” ഒരു മോഡലിനെ അനുസ്മരിപ്പിച്ചു, കണ്ണട കീഴ്മേൽ ചലിപ്പിച്ചു
അലീന.

” ഇല്ലേയില്ല എന്നു മാത്രമല്ല , ഒരു കപട അഭിനയം നന്നായി നിഴലിക്കുന്നുമുണ്ട് .
നിനക്കോ നിൻറെ മുഖത്തിനോ ഒരിക്കലും ഇണങ്ങുന്നതല്ല , ഈ കിന്നരി തുന്നിയ കള്ളങ്ങൾ !
അത് നീ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .” മുഖത്ത് നിന്ന് കണ്ണ് പറിയ്ക്കാതെ അഭി
മൊഴിഞ്ഞു .

” വേറാർക്കും വേണ്ടിയല്ല , ഇങ്ങനെയെങ്കിലും സ്വല്പം ഗൗരവം സ്വയം വരട്ടെ എന്നു
കരുതി. എന്നെത്തന്നെ എപ്പോഴും ബോധ്യപ്പെടുത്തികൊണ്ടിരിക്കാൻ ഒരു എളിയ ശ്രമം. ഈ
പുതിയ ജീവിതയാത്രയിൽ സഹയാത്രികയായി ഇതെപ്പോഴും എനിക്ക് അത്യന്താപേക്ഷിതമാ…..”
ഒന്നുനിർത്തി ,കണ്ണാടി ബലപ്പിച്ചവൾ കൂട്ടിച്ചേർത്തു ”…നിനക്കിപ്പോഴും ആ എന്നെ
അതുപോലെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് അല്ലെ ?…”

അഭി തുടർന്നു …”ഒക്കെറ്റിലും ഒരു മാറ്റം…കാലം എല്ലാം ആവശ്യപ്പെടുമ്പോൾ നാമും
അതിനനുസരിച്ചു മാറാൻ വിധിക്കപ്പെടും…സ്വാഭാവികം !. എന്നിട്ട് എങ്ങനെ?…ഈ
അന്തരീക്ഷവും മോളും ഒക്കെ ജീവിതം സന്തോഷകരമായി മുന്നോട്ട് നടത്തിക്കുന്നുണ്ടോ?….”

അഭിയെ ഉറ്റുനോക്കി അലീന തുടർന്നു….” ഈ കണ്ണടയുടെ കാര്യംപോലെ മറ്റൊരു തമാശ അതും
…അല്ലാതെന്താ?.യഥാർത്ഥ വലിയ പ്രശ്നങ്ങൾ സ്‌ഥിരമായി അലട്ടി , മുന്നിൽ നിൽക്കുമ്പോൾ
തന്നെയും…. ഇവിടുത്തെ അന്തരീക്ഷം, ജീവിതവേദനകളെയും പിരിമുറുക്കങ്ങളെയും ഏതാണ്ട്
നന്നായിത്തന്നെ പിടിച്ചു നിർത്തുന്നുണ്ട് . ഇപ്പോൾ ഞാൻ ഒന്നിനെക്കുറിച്ചും അധികം
ആലോചിച്ചു തല പുണ്ണാക്കാറില്ല .എല്ലാം വരുന്നപോലെ വരട്ടേ എന്ന് കരുതും . പക്ഷേ മോൾ
!…അവളെക്കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമേ…ആവലാതി തോന്നാറുള്ളൂ . എന്നാൽ അവളാണ്
എന്നും എന്നെ മുന്നോട്ട് ജീവിച്ചു പോകുവാൻ പ്രേരണ തോന്നിപ്പിക്കുന്ന ഏക ശക്തിയും .

വളരെ ഔൽസുക്യത്തോടെ അലീനയെ നോക്കി അഭി, ” എന്നിട്ട് , അവൾ എവിടെ ?…അവളെ ഒന്നു
കാണുന്നതിൽ തെറ്റുണ്ടോ ?”

” എന്ത് തെറ്റ് ?. എന്താ അഭി ഇങ്ങനെ ?…കാണാത്ത നിന്നെയൊന്ന് പെട്ടെന്ന് കണ്ടപ്പോൾ
മറന്നുപോയതാ, ഐയാം സോറി …ഞാൻ വിളിപ്പിക്കാം മോളൂനെ ….”
എന്നിട്ട് , കുറച്ചു ദൂരെ മറ്റൊരു കുട്ടിയെ നോക്കി…” മോളേ ,മിലിമോളെ മമ്മി
വിളിക്കുന്നു എന്നൊന്ന് പറഞ്ഞേ …പ്ലീസ് ഒന്ന് പോയി വേഗം കൂട്ടികൊണ്ട് വന്നേ….”

അധികം താമസിയാതെ , ഒരു നീളൻ പാവാടയും…തിളങ്ങുന്ന ഉടുപ്പുമൊക്കെ ഇട്ട ഒരു സുന്ദരിമോൾ
ലീനക്കരികിലേക്ക് ഓടിവന്നു . കാഴ്ചക്ക് ഒരു അഞ്ചു വയസ്സ് തോന്നിക്കും. ലീനയെപ്പോലെ
നല്ല വെളുത്ത , നല്ല നീളൻ മുടിയും ഐശ്വര്യവും ഒത്തിണങ്ങിയ പഴയ ലീനയെ
അനുസ്മരിപ്പിക്കുന്ന അതേ രൂപം , അതേ കുസൃതിഭാവം .ലീനയിൽ തൻറെ മകളായി തനിക്ക്കൂടി
പ്രിയപ്പെട്ടവളായി തനിക്കൊപ്പം ജീവിക്കേണ്ടിയിരുന്നവൾ !. ആ അരുമയെ
നെഞ്ചോടടുക്കിപ്പിടിച്ചു സ്നേഹിച്ചു ഉമ്മവച്ചു ലാളിക്കാൻ ഒരു നിമിഷം വല്ലാതങ്ങു
കൊതിച്ചു .പിന്നെ, ലീനയെ കരുതി അടക്കി . കവിളിൽ ഒന്ന് നുള്ളി കൊഞ്ചിച്ചു…പിന്നെ,
തലമുടിയിൽ തഴുകി,താലോലിച്ചു വിശേഷങ്ങൾ തിരക്കി . കാൽ വിരലിൽ വൃത്തംവരച്ചു
ചിരിച്ചോണ്ട്, മോൾ നിന്ന് കറങ്ങി കുണുങ്ങി. ‘അമ്മ മകളെ ചേർത്തുനിർത്തി, അഭിയെ
ചൂണ്ടി അറിയിച്ചു .

” മോളേ ഈ അങ്കിളിനെ മോൾ അറിയുമോ ?. ഈ അങ്കിളിനു കാണാനാ മോളെ ഇങ്ങോട്ട് വിളിപ്പിച്ചെ
. ” ഇല്ല മമ്മീ …”

” ഇതാണ് അഭിജിത് അങ്കിൾ . മമ്മീടെ അടുത്ത ഫ്രണ്ടാ .അങ്ങ് ബോംബെയിലാ ജോലിചെയ്യുന്നത്
.താമസവും അവിടെത്തന്നെ . ഇപ്പോൾ ലീവിന് നാട്ടിൽവന്നതാ . സ്‌കൂൾ ക്ലാസ്സുമുതൽ
കോളേജ്‌വരെ മമ്മയോടൊത്തു പഠിച്ചതാ . മാമന് ഒരു ഹായ് പറഞ്ഞേ…”

” ഹായ് അങ്കിൾ ”…ഹായ് പറഞ്ഞു മിലിമോൾ അങ്കിളിനു കൈനീട്ടി. തിരികെ ഹായ് പറഞ്ഞു
നീട്ടിയകയ്യിൽ ഷേക്ക്ഹാൻഡ് കൊടുത്തു അഭി എന്തൊക്കെയോ കാര്യങ്ങൾ കൂടി അന്വേഷിച്ചു
ലാളിച്ചു . എല്ലാത്തിനും അവൾ മമ്മിയെ നോക്കി, ചിരിച്ചുല്ലസിച്ചു കൃത്യമായി മറുപടി
പറഞ്ഞു ചിണുങ്ങി .ഒടുക്കം മമ്മി,പൊയ്ക്കോളാൻ പറഞ്ഞപ്പോൾ….അങ്കിളിനു റ്റാറ്റാ പറഞ്ഞു
ക്ലാസ്സിലേക്ക് ഓടിക്കേറിപോയി . മിലിമോൾ കാഴ്ചയിൽ നിന്ന് മറയുന്നത് രണ്ടുപേരും
കൗതുകത്തോടെ നോക്കിനിന്നു . അതിൻറെ ആത്മഹര്ഷങ്ങളിൽ നിന്ന് മോചിതരായി മാറിയപ്പോൾ
….നെഞ്ചിൽ നിറഞ്ഞ ഉൾപുളകത്തിൽ എന്തോ ഓർത്തെടുത്തപോലെ, അഭിയെ നോക്കി പുഞ്ചിരിയോടെ
ലീന ചോദിച്ചു .

” സ്മിത ആന്റി പറഞ്ഞുള്ള ഓർമ്മയാണ്.നമ്മുടെ വേര്പിരിയലിനു തൊട്ട് ചേർന്നാണെന്നു
തോന്നുന്നു .ഏതോ വാശിയാൽ എന്നവണ്ണം പെട്ടെന്നൊരു ദിവസം അഭി ബോംബേക്ക് നാടുവിട്ടു
.പിന്നെ , നീണ്ട അഞ്ചു വർഷക്കാലം…ആരുമായും ഒരടുപ്പവും സമ്പർക്കവും ഒന്നുമില്ലാത്ത
അതിതീവ്ര അജ്ഞാതവാസം !. അതുകഴിഞ്ഞു ഇപ്പോൾ ആണല്ലേ ഇങ്ങോട്ട് ഒരു മടങ്ങിവരവ് ?.”..

അഭിയുടെ ചെറു മൂളലിന് തുടർച്ചയായി…. ” എന്നിട്ട് ഈ 5 വർഷം, നിനക്ക് ജന്മനാട്ടിൽ
വന്നൊന്ന് എത്തിനോക്കണം എന്നുപോലും തോന്നിയില്ല. അല്ലേ ?. ഹോ!…എന്നെ അത്രക്ക് അങ്ങ്
വെറുത്തു കാണുമായിരിക്കും ല്ലേ ?…അതല്ലേ സത്യം?…എന്നിട്ടിപ്പോൾ എങ്ങനെ ?. എന്നെ
അഭിമുഖീകരിക്കാൻ ആ പഴയ വിദ്വേഷവും പകയും ഒക്കെ മാറിയോ നിനക്ക് . എങ്ങനെ കഴിഞ്ഞു
നിനക്ക് അതിനൊക്കെ ?.”

തമാശരൂപേണ എങ്കിലും തികച്ചും ഗൗരവതരം ആയിരുന്നു ആ ചോദ്യം . അതിന് ഗൗരവം ഒട്ടും
കുറക്കാതെതന്നെ അഭീടെ മറുപടി വന്നു. ” ശരിയാണ് . വെറുപ്പും വൈരാഗ്യവും ഒക്കെ ആവോളം
ഉണ്ടായിരുന്നു . നിന്നോടല്ല , ഈ നാടിനോട് മുഴുവൻ !. അതുകൊണ്ട് ആയിരിക്കാം…നീ
ചോദിച്ചപോലെ ഇടക്കുള്ളൊരു മടങ്ങിവരവിന് തീരെ ആഗ്രഹം തോന്നാതിരുന്നത് . എന്നുവെച്ചു
അതിപ്പോൾ മാറിയിട്ടൊന്നുമല്ല ഈ വരവ് ട്ടോ .രണ്ടാമത് പറഞ്ഞത്…അതിലും സത്യം. നിന്നെ
നേരിടാൻ , വല്ലാത്ത വൈക്ലബ്യം ഉണ്ടായിരുന്നു. അതുപക്ഷേ , നിന്നോടുള്ള പകയോ വിരോധമോ
ഒന്നും കൊണ്ടല്ല കേട്ടോ , നിന്നെ കാണാൻ , ഈ അവസ്‌ഥയിൽ നിന്നെ അഭിമുഖീകരിക്കാൻ
വല്ലാത്ത ദുഃഖം ഉണ്ടായിരുന്നു . പ്രത്യേകിച്ച് ഈ 3 വർഷത്തിനുള്ളിൽ നിന്നെ വന്നൊന്ന്
കണ്ട് ഒന്ന് ആശ്വസിപ്പിക്കാൻ കഴിയാതെ, ഈ വൈകിയവേളയിൽ വന്ന് , നീ മറന്നു
തുടങ്ങിയതെല്ലാം ഓർമ്മിപ്പിക്കേണ്ടി വന്നതിൽ .നിൻറെ ഉണങ്ങിത്തുടങ്ങിയ മുറിവുകളിൽ
വീണ്ടും വന്നു നീറ്റലുണ്ടാക്കാൻ ശ്രമിക്കുന്നതിൽ….ഒക്കെ സത്യം…വല്ലാത്ത നോവുണ്ട് .
പക്ഷെ…ഞാൻ ഇവിടെ ഉള്ള അവസരത്തിൽ, നിൻറെ ‘ബെറ്റർഹാഫ് ‘, നിൻറെ പ്രിയപ്പെട്ടവൻറെ,
ഓർമ്മദിവസം എങ്കിലും വന്നൊന്ന് കണ്ട് നിന്നെ സാന്ത്വനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ
…എൻറെ ഈ ജീവിതത്തിൽ ഒരിക്കലും എനിക്കൊരു മനസ്സമാധാനവും ഉണ്ടാകില്ല . അതാണ് ഒരുപാട്
വൈകിയാണെങ്കിലും അവിവേകമാണെങ്കിലും ….അറിഞ്ഞപ്പോൾ ഞാൻ വന്നെത്തിയത് . എന്നെ
അറിയുന്ന നീ അത് മനസ്സിലാക്കുമെന്ന് , അതിന് മാപ്പു നൽകുമെന്ന് വിശ്വസിക്കുന്നു . ”

അതിനുള്ള ലീനയുടെ ഉത്തരം അഭിമാനപൂർവ്വമായിരുന്നു…..” മാപ്പോ! ?.എന്തുവാടാ അഭീ
പറയുന്നത് ?…നീ അതിന് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ?. തെറ്റ് ചെയ്താലല്ലേ മാപ്പ്
പറയേൺടൂ. പക്ഷെ നിന്നിൽ എനിക്ക് വിശ്വാസമുണ്ട് . നീ പറഞ്ഞെതെല്ലാം വിശ്വസിക്കുന്നു
, മനസ്സിലാക്കുന്നു എന്ന് മാത്രമല്ല , അതിലെല്ലാം വലിയ സന്തോഷവുമുണ്ട് അഭി. അത്
അറിയിക്കാൻ ആണെങ്കിലും എന്നെ വന്നൊന്ന് കാണാൻ നിനക്കൊന്ന് തോന്നിയല്ലോ ?. മരണം
അതിനൊരു നിമിത്തം ആയിപ്പോയെങ്കിലും ആ താങ്ങാനാവാത്ത വേദനയിലും നിന്നെ ഓർത്തു അതിയായ
അഭിമാനവും മതിപ്പും എനിക്കുണ്ട് .പക്ഷെ ആ ആനന്ദങ്ങൾക്കിടയിലും ഒന്ന് മാത്രമേ ഒരു
പഴയ സതീർഥ്യ എന്ന നിലയിൽ എനിക്ക് നിന്നെ ഓർമ്മിപ്പിക്കാനുള്ളൂ . ”

അഭീടെ ” എന്താണത്?…” എന്നുള്ള ഉറ്റുനോട്ട ചോദ്യത്തിന് ഉത്തരമായി ലീന ……
” കുറച്ചുനാൾ …ഒരു രണ്ട് വര്ഷം മുന്നേ , എന്തോ ആവശ്യത്തിന് കോളേജിൽ പോയപ്പോൾ…സ്മിത
ആന്റിയെ കണ്ടു . അവരുമായി ഞാൻ എന്തോ സംസാരിച്ചു നിൽക്കുമ്പോൾ , നിൻറെ മുറപ്പെണ്ണ്
ശ്രീക്കുട്ടിയെ അവിടെവച്ചു യാദൃച്ഛികം ഞങ്ങൾ കണ്ടു. ആന്റിയാണ് ശ്രീമോളെ എനിക്ക്
പരിചയപ്പെടുത്തി തന്നത് . അവളെന്നേയും പരിചയപ്പെട്ട് ഒരുപാട് നേരം ഒരുപാട്
കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഒടുക്കം, ആന്റി നിൻറെ കാര്യം അന്വേഷിച്ചപ്പോൾ അവൾ
പറഞ്ഞാണ് ഞങ്ങൾ നീ ഇതുവരെ കല്യാണം കഴിച്ചിട്ടില്ലെന്നും….നീ ഉടൻതന്നെ വന്ന്‌
അവളുമായുള്ള ”കെട്ട് ” അധികം വൈകാതെ ഉണ്ടാവും എന്നൊക്കെ അവൾ പറയുന്നത് .അന്നത്
കേട്ട് , ആദ്യം വലിയ നിരാശ തോന്നിയെങ്കിലും …അവസാനകാര്യം കേട്ട് , വളരെ
സന്തോഷത്തിലാണ് ഞങ്ങളന്ന് മടങ്ങിയത് . പറഞ്ഞുവന്നത്…കഴിഞ്ഞത് കഴിഞ്ഞു . അഥവാ അവൾ
ഇതുവരെ കെട്ടിയില്ലെങ്കിൽ…..കെട്ടിക്കാണില്ല എന്നാ എനിക്ക് തോന്നുന്നത്.
കെട്ടിയില്ലേൽ അവളെതന്നെ കെട്ടുക !. നിനക്ക് നന്നായി ചേരുന്ന , നല്ലൊരു പെണ്ണാണവൾ .
നല്ല സ്വഭാവവും സൗന്ദര്യവും ഒത്തിണങ്ങിയ, പഠിക്കാനും സമർഥയായ മിടുമിടുക്കി പെണ്ണ് .
പോരെങ്കിൽ നിൻറെ കുടുംബത്തിൽ തന്നെയുള്ള, കുട്ടിക്കാലം മുതലേ പരസ്പരം അറിയുന്ന
…നിനക്ക് വിധിച്ച നിൻറെ സ്വന്തം പെണ്ണ്!. ഇത്ര സ്നേഹിച്ചു അവൾ നിൻറെ കൂടെ ഇത്രകാലം
ഉണ്ടായിരുന്നിട്ടും അവളെ കെട്ടാൻ, നീ ഇത്ര അമാന്തിച്ചതെന്തേ ?. അവളെ നീ ഇനി
ഒരിക്കലും കൈയ്യൊഴിയരുത് ,നിൻറെ ജന്മസൗഭാഗ്യം ആണവൾ . അവളെ കെട്ടി ജീവിതാവസാനം വരെ
നീ സസുഖം ജീവിക്കുക . കഴിയുമെങ്കിൽ, ഇടക്കുവന്നു ഈ പഴയ സുഹൃത്തിനെയൊക്കെ ഒന്ന്
കാണാൻ ശ്രമിക്കുക. ഇത്രേയുള്ളൂ . നിൻറെയീ സാന്ത്വനങ്ങളുടെ ഒക്കെ യഥാർത്‌ഥ സുഖവും
സന്തോഷവും അനുഭവഭേദ്യമായി…അപ്പോഴേ എനിക്ക് നിത്യസമാധാനമേകൂ . ”

അത് കേട്ട് അത്ര ഇഷ്‌ടപ്പെടാതെ , അഭി വാചാലനായി….” ഹും !….കാടടച്ചു ഉപദേശിക്കാൻ ,
ഒരു അഞ്ചുപൈസേടെ ചിലവില്ലല്ലോ?. ഇതൊക്കെ സ്വന്തം ജീവിതത്തിൽ അതുപോലെ
അനുവർത്തിക്കുന്ന ആളായിരുന്നെങ്കിൽ തരക്കേടില്ലായിരുന്നു . ഇടക്കുകയറി ,
സന്ദേഹഭാവത്തിൽ ലീന , ” അതെന്താ അഭീ ?”……

” എൻറെ സർവ്വകാല ജീവിതക്ഷേമവും കാംക്ഷിക്കുന്ന ആൾക്ക്, സ്വന്തം കാര്യത്തിൽ അതൊന്നും
വേണ്ടേ ?.വിവാഹം കഴിഞ്ഞു രണ്ടര വർഷത്തിൽ ഭർത്താവ് നഷ്‌ടപ്പെട്ടു…ജീവിതം ആരംഭിച്ച
നിനക്ക് ആവാമായിരുന്നില്ലേ…? ഒരു പുനർ വിവാഹം. ഈ പറഞ്ഞ ദാമ്പത്യ
സുഖവും….കുടുംബജീവിത സന്തോഷവുമൊന്നും നിനക്ക് ബാധകം ആയിരുന്നില്ലേ ?.” അഭി
കൂട്ടിച്ചേർത്തു .

ഇത്തിരി നേരത്തെ ഗഹന ചിന്തകൾക്ക് ശേഷം, പുഞ്ചിരിവിട്ട് അലീന ….”ഒരു പുനർവിവാഹത്തിന്
അല്ലല്ലോ ?…അഭീ നിന്നെ ഞാൻ നിർബന്ധിച്ചത് .”

അഭി തുടർന്നൂ …” അല്ലെന്ന് ആരുപറഞ്ഞു?. നമ്മുടെ ബന്ധത്തിൽ അന്ന്… ഒരു താലിച്ചരട്
കെട്ടിയിരുന്നില്ല,എന്നൊരു കുറവ് മാത്രമല്ലേ സംഭവിച്ചിരുന്നുള്ളൂ. അല്ലാതെ,
ശാരീരികമായി വരെ ഒന്നായി…ഭാര്യാ ഭർത്താക്കന്മാരെപ്പോലെ ഒരു ദിവസമെങ്കിലും
ജീവിച്ചിരുന്നവർ ആയിരുന്നില്ലേ നമ്മൾ ?. ”

അതുകേട്ട് , ലീനക്ക് അത്ഭുതവും വിഷമവും ഒരേപോലെ ഉണ്ടായി. അസ്വസ്‌ഥതയോടെ, കണ്ണട
മാറ്റി…താഴേക്കുതിരാൻ തുടങ്ങിയ കണ്ണീർമുത്തുകൾ സാരിത്തുമ്പിനാൽ തുടച്ചുകൊണ്ട്
അവളറിയിച്ചു….. അഭീ നീ ???….ശരിയാണ് നീപറഞ്ഞതു . കേവലം ഒന്നോരണ്ടോ ദിവസങ്ങൾ
!…..എല്ലാമെല്ലാം പങ്കിട്ടു ഭാര്യാഭർത്താക്കന്മാരായി നമ്മൾ ജീവിച്ചു . ഒരു
അൾത്താരക്കൂട്ടിൻറെയും കതിർമണ്ഡപത്തിൻറെയും ,മാംഗല്യസൂത്രത്തിൻറെയും പിൻതുണ ഇല്ലാതെ
. ഒരു പുണ്യയാളൻറെയും ,തിരുമേനിമാരുടെയും ,ബന്ധുമിത്രാദികളുടെയും അനുഗ്രഹാശ്ശിസുകൾ
കൂടാതെ. യാതൊരു നിലവിളക്കിൻറെയും പുണ്യഗ്രന്ഥങ്ങളുടേയും ജനസമൂഹത്തിൻറെയും
അനുമതിയില്ലാതെ , സാന്നിധ്യ സാക്ഷ്യങ്ങളില്ലാതെ !. നീ പറയാൻ ആഗ്രഹിക്കുന്ന പോലെ
തുറന്നുപറഞ്ഞാൽ…വെറും രണ്ട് ദിവസം ആണെങ്കിലും, ഒരു ജന്മത്തിൻറെ ഫലം
തോന്നിപ്പിക്കുന്നത്ര തീവ്രമായി…നമ്മൾ മാത്രമറിഞ്ഞ നമ്മുടേതായ ഒരു സംതൃപ്തജീവിതം .
ഈ ഇഹലോകജീവിതത്തിൽ …എൻറെ മനസ്സാക്ഷിക്കു മുന്നിൽ…. ഒട്ടും ഒളിമങ്ങാതെ , എന്നും ഒരു
ദീപ്‌തശോഭയായി അത് നിലനിൽക്കയും ചെയ്യും . പക്ഷെ , പ്രവർത്തിപഥത്തിൽ….ഈ പറഞ്ഞ
എല്ലാത്തിൻറെയും…മുഴുവൻ സമൂഹത്തിൻറെയും മുൻപിൽ… ഒപ്പീസ് ചൊല്ലി, താലിസ്വീകരിച്ചു…
ഞാൻ ഭർത്താവായി തിരഞ്ഞെടുത്ത ഒരു പുരുഷൻ , ഇന്ന് എനിക്കൊപ്പം
ഇല്ലെങ്കിലും…തത്വത്തിൽ എനിക്കുണ്ട് . അദ്ദേഹമാണ് എന്നും എൻറെ പ്രിയപ്പെട്ടവൻ,
എന്റെ സംരക്ഷകൻ,എൻറെ എല്ലാം എല്ലാം . എക്കാലമത്രയും ഭർത്താവായി അംഗീകരിച്ചുകൊണ്ട്
അല്ല, ഞാൻ നിന്നോടൊപ്പം കിടക്ക പങ്കിടാൻ തയ്യാറായത് . അന്ന് ഞാൻ നിന്നോട് ചെയ്‌ത
കടുത്ത അപരാധങ്ങൾക്കുള്ള പ്രായശ്ചിത്തം ആയിരുന്നത് .ഓർമ്മവച്ച നാൾമുതൽ നീ
ഹ്രദയത്തിൽ കൊണ്ടുനടന്ന് ….പരിധികളില്ലാത്ത പ്രണയിച്ച നിൻറെ സ്നേഹത്തിൻറെ
ആഴവും….മനസ്സിൻറെ നന്മകളും, നിസ്തുലങ്ങളായിരുന്നു . അത് തിരിച്ചറിഞ്ഞു…തിരികെ
അതുപോലെ ഉറച്ച പ്രേമവും ഇഷ്‌ടവും നിന്നിൽ എനിക്ക് തോന്നി തുടങ്ങിയപ്പോൾ…അതുവരെ
നിന്നോട് കാണിച്ച തെറ്റിലും എല്ലാത്തിലും ഉള്ള എൻറെ ഒരു മനസ്താപത്തിൻറെ
പ്രത്യുപകാരം മാത്രമായിരുന്നുത് . നീ അത് അന്നുമിന്നും ഏത് അർഥത്തിൽ ഉൾക്കൊള്ളാൻ
ശ്രമിച്ചിരുന്നെങ്കിലും .. വിലമതിക്കാൻ ആവാത്തൊരു പാരിതോഷികമായി….എൻറെ ശരീരംതന്നെ
നിനക്ക് കാഴ്ചവച്ചു തന്നുകൊണ്ട് ഞാൻ നിന്നോട് പ്രകടിപ്പിച്ചൊരു വിശ്വാസവും
സ്നേഹവുമായിരുന്നു അതിൽ മുഴുവൻ !. പുരുഷന് ചിലപ്പോൾ അത് എന്നും ”ചെളിയും പുഴയും
പോലെ ” നനഞ്ഞുണങ്ങുന്നൊരു… വെറും മാംസ സംതൃപ്‌തിയുടെ പ്രതിഭാസം മാത്രമായിരിക്കാം.
പക്ഷെ പതിവൃതയായ ഏതൊരു സ്ത്രീക്കും തൻറെ ഇഷ്‌ടപുരുഷനു സമർപ്പിക്കാൻ…ഇതിലും വലിയൊരു
മൂല്യവത്തായ, സ്നേഹസമ്മാനം ഈ ലോകത്തു വേറെ ഉണ്ടാവില്ല . അത്രക്കും
വിലമതിക്കാനാവാത്ത…അത്യഗാധ സ്നേഹം നിന്നിൽ എനിക്ക് വന്നുഭവിച്ചപ്പോൾ മാത്രമാണ്
ഞാനതിന് സുസമ്മതയായത്. ഒരിക്കലും, അതെൻറെ മാംസദാഹമോ …ദൗർബല്യമോ ആയി വിലയിരുത്തി,
അഭീ നീ അപമാനിച്ചു എന്നെ …ഒരു നികൃഷ്ടയായി കാണരുത് !. അതിന് വില പറയുകയും
അരുത്…പ്ലീസ് , എൻറെ ഒരു കേണപേക്ഷ ആണത്” .

പറഞ്ഞു തീരുമ്പോഴേക്കും അലീന വിങ്ങിപൊട്ടിയിരുന്നു . ലഭിക്കും ഏതവസരത്തിലും
ആയാലും…അത് പറയേണ്ടി വന്നതിലും, അവളത് തെറ്റിദ്ധരിച്ചു പോയതിലും വല്ലാത്ത വിഷമവും
കുറ്റബോധവും തോന്നി . കണ്ണുനീർ തൂവിയില്ലെങ്കിലും , ശോകമേറി….അവൻറെ നയങ്ങളും
ആർദ്രങ്ങളായി . അവളെ സമാധാനിക്കാൻ പരിശ്രമിച്ചു ഇടറിയ കണ്ഠമോടെ അഭി …..

”ഇല്ല, ലീനേ…നീ വിശ്വസിക്കുക. വിലപറഞ്ഞോ ?…അതിനെ മറ്റൊരു അർഥത്തിൽ കണ്ടോ…അല്ല,
നിന്നോട് ഞാനൊരു ആദ്യഭർത്താവിൻറെ സ്‌ഥാനം സ്വയം ഏറ്റെടുത്തു അത് പറഞ്ഞത്. നീ
പറഞ്ഞതെല്ലാം…സസന്തോഷം സ്വീകരിച്ചു അംഗീകരിച്ചു, തുറന്നു പറഞ്ഞാൽ….അന്ന്
എങ്ങനൊക്കെയോ എല്ലാം സംഭവിച്ചു നമ്മൾ ഒന്നായി. അതിനൊപ്പം നീ എൻറെ ഉള്ളിനുള്ളിൽ
അറിയാതെ, ഏത് വിധേനയോ ഒരു ഭാര്യയായും മാറിക്കഴിഞ്ഞിരുന്നു . നിൻറെ സ്ത്രീത്വത്തെ
ഞാൻ മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചതല്ല . വൈകാരിക തലങ്ങളിൽ നമ്മടെ ബന്ധം ചെന്ന്
പതിച്ച ആഴങ്ങളെക്കുറിച്ചു മാത്രമേ ഞാൻ ഓർമിപ്പിച്ചോളൂ .എങ്കിലും എല്ലാം തുറന്ന്
അറിയിച്ചപ്പോൾ…നിനക്കെന്തോ വല്ലാതെ നൊന്തു . എടുത്തു പറയാൻ പുരുഷന് ഒരു
”കന്യകാത്വമോ ”….”പരിശുദ്ധതയോ ”?…ഇല്ലാത്തതിനാൽ ആവാം…അവൻറെ ”കന്യാദാന”ത്തിന്,
”പുരുഷത്വ സമർപ്പണ”ത്തിന് ,ഇന്നുവരെ ഒരു സമൂഹവും ഒരുവിലയും നൽകാഞ്ഞത്
.സ്ത്രീയെപ്പോലെ, മനസ്സിൽ ഭാര്യയായി വരിച്ചുകൊണ്ട് , ഉഭയകക്ഷി സമ്മതത്തോടെ…അത്തരം
ബാന്ധവത്തിൽ ഏർപ്പെട്ടു അവൻ ”എല്ലാംചെയ്താൽ ”…ഈ ലിംഗനീതി, ഒരിക്കലും അവനു
ബാധകമാവില്ലേ ?.അതോ?…എല്ലാ ആണുങ്ങളെയും ഒരുപോലെ, ” നനഞ്ഞുണക്കുന്ന ചെളിക്കുണ്ട്”
ഗണത്തിൽ പെടുത്തണമോ ?. ഇനി, ഞാനത് പറഞ്ഞതുകൊണ്ട് നിൻറെ മാനത്തിൻറെ കാര്യത്തിൽ…
നിനക്ക് ഏതെങ്കിലും മനോവിഷമമോ?… അഭിമാനക്കുറവോ?…എന്തെങ്കിലും
സംഭവിച്ചിട്ടുണ്ടെങ്കിൽ…നിൻറെ കാലുപിടിച്ചു ഞാൻ നിരുപാധിക൦ മാപ്പ്‌ പറയുന്നു. ”

അപ്പോഴും അടരുന്ന മിഴിനീർ…സാരിതൂവാല കൊണ്ട് തുടച്ചു , അതേ ശോകാർദ്രതയിൽ അലീന
തുടർന്നു….” സാമ്പത്തിക -സാമൂഹ്യ വിഷയങ്ങൾ , ഒരുപോലെ ഒരുക്ലാസ്സിലിരുന്ന്
പഠിച്ചു…ഒരുപോലെ പുറത്തിറങ്ങിയവരാണ് നമ്മൾ. എങ്കിലും സാഹിത്യത്തിലും, ഇതര
പാഠ്യവിഷയത്തിലും ഉള്ള നിൻറെ അസാമാന്യ അറിവും അവഗാഹവും കൊണ്ടാവാം….എപ്പോഴും എന്നിൽ
നിന്നെല്ലാം വളരെ മികവ് പുലർത്തി നീ മുന്നിൽ നിന്നത് . ആ നിൻറെ നീതിബോധത്തിൻറെ
സാമൂഹ്യ ശാസ്ത്രവും പാണ്ഡിത്വത്തിൻറെ മനഃശാസ്ത്രവുമൊന്നും അത്രവേഗം എനിക്ക്
മനസ്സിലാക്കാൻ സാധിക്കില്ല. പക്ഷെ ഒന്നുമാത്രം എനിക്ക് എപ്പോഴും അറിയാം. എനിക്ക്
നിന്നെ അറിയാം… എന്ന് മാത്രമായ ആ ”പരമ സത്യ”ത്തെ. മറ്റൊന്നും അറിയുകയും
വേണ്ടെനിക്ക് . ആ അറിവും…പഴയ ചങ്ങാതിയോടുള്ള എല്ലാ പഴയ ഇഷ്‌ടവും നെഞ്ചിൽ
ചേർത്തുവച്ചു , നിൻറെ നന്മ മാത്രം ആഗ്രഹിച്ചു പറഞ്ഞതാണ് ഞാനെല്ലാം. തിരിച്ചു , ആ
സ്നേഹിതയോടു എന്തെങ്കിലും ഒരിഷ്‌ടം ഇപ്പോഴും ഉള്ളിൻ ഉള്ളിൽ എവിടെയെങ്കിലും
ഉണ്ടെങ്കിൽ ദയവായി അത് സ്വീകരിക്കുക !. ”

ലീനയുടെ ദയവേറിയ അപേക്ഷക്കുള്ള അഭീടെ ഉത്തരം പരിഹാസരൂപേണ ആയിരുന്നു……” പെരുത്ത
സന്തോഷം !…ഈ പഴയ സുഹൃത്തിൻറെ ”കൺസേൺ ” ഓർത്തുള്ള നിൻറെ എളിയ വ്യാകുലതകളിൽ…പ്രിയ
സ്നേഹിതേ . പക്ഷെ അവിടെയും നീ സെയിഫ് ആണെന്നുള്ള നിൻറെ ” പ്രിട്ടെൻഷൻ ”, ”
ഡിപ്ലോമസി ” നിന്നെ വല്ലാതെ വേട്ടയാടുന്നുണ്ട് . ആരെ, എത്ര കബളിപ്പിക്കാൻ
ശ്രമിച്ചാലും…സ്വന്തം മനസ്സാക്ഷിയെ ഒരിക്കലും നിനക്ക് വഞ്ചിക്കാൻ ആകില്ല,അലീന” .



31210cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 8