ഗോൾ – 6



നേരം പുലർന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ…..

കരിപ്പൂരിൽ നിന്ന് സല്ലുവിനെ കൂട്ടാൻ അബ്ദുറഹ്മാനും സുഹാനയുമാണ് പോയത് …….

കാറിൽ തന്റെ ഇടതു വശത്തിരിക്കുന്ന സല്ലുവിനെ അവൾ ഒന്ന്, നോക്കി……

ആകെ കോലം കെട്ടിട്ടുണ്ട്.. ….

സാധാരണ ഗൾഫിൽ പോയി വരുന്നവർ മിനുത്ത് തുടുത്തു വരുന്ന കാഴ്ച കണ്ടു പരിചയിച്ച സുഹാനയുടെ ഉള്ളം ഒന്ന് പിടഞ്ഞു……

ഷെരീഫുമായുള്ള സംസാരം കഴിഞ്ഞ് പിന്നെയും ഒരു മാസത്തിലേറെ കഴിഞ്ഞാണ് സൽമാൻ വരുന്നത്……

ആ ഒരു മാസത്തിനിടയിൽ സുഹാനയും സല്ലുവും തമ്മിൽ വളരെ കുറച്ചു സംസാരമേ ഉണ്ടായിട്ടുള്ളൂ…

അവന്റെ സമയക്കുറവായിരുന്നു പ്രശ്‌നം……

സല്ലുവിന്റെ ഓരോ ദിവസത്തേയും വിശേഷങ്ങളറിയാൻ അവൾ ഉറക്കമൊഴിച്ച് കാത്തിരിക്കുമായിരുന്നു …

അല്ലെങ്കിലും അവന്റെ അവസ്ഥ അറിഞ്ഞതു മുതൽ അവൾക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു…

തിരികെ പോകുന്ന കാര്യം സല്ലുവിനെ അറിയിക്കണ്ട എന്ന് ഷെരീഫ് സുഹാനയോട് പറഞ്ഞിരുന്നു…

അതുകൊണ്ട് തന്നെ അവന്റെ യാത്രയും വളരെപ്പെട്ടെന്നായിരുന്നു…

അധികമെന്നല്ല, ലഗേജുകളേ ഇല്ലായിരുന്നു..

ഉള്ളത് ഷെരീഫിന്റെ സുഹൃത്തുക്കളുടേതായിട്ടുള്ളത് മാത്രം……

ദുരിതങ്ങൾക്കിടയിൽ നിന്ന് നാട്ടിലെത്തിയ സന്തോഷമൊന്നും തന്നെ സുഹാന അവന്റെ മുഖത്ത് കണ്ടില്ല……….

പകരം ആലോചന മാത്രം… ….

ഗഹനമായ ചിന്ത മാത്രം… …. ….

തന്നെ ഒരു തവണ നോക്കിയതല്ലാതെ ഒരു ചിരി പോലും അവന്റെ മുഖത്ത് വിരിയാതിരുന്നത് സുഹാനയ്ക്ക് അത്ഭുതവും അമ്പരപ്പും നൊമ്പരവും ഒരുപോലെ ഉളവാക്കി…

ഭക്ഷണം കഴിച്ച പാത്രം വീട്ടിൽ കഴുകി വെക്കാത്തവൻ രണ്ടു മാസത്തോളം അതേ ജോലിയുമായി അന്യദേശത്ത് നിന്നു എന്നത് അവൾക്ക് ആശ്ചര്യവുമായിരുന്നു……

കാര്യങ്ങൾ എല്ലാമറിയുന്ന അബ്ദുറഹ്മാൻ അവനോടൊന്നും ചോദിക്കാൻ നിന്നില്ല…

കാർ വീട്ടിലെത്തിയിരുന്നു..

സല്ലു തന്റെ ബാഗുമായി പുറത്തിറങ്ങി……

മറുവശത്തെ ഡോർ തുറന്ന് സുഹാനയും ഇറങ്ങി…

അബ്ദുറഹ്മാൻ കാർ പോർച്ചിലേക്ക് കയറ്റിയിട്ടു…

സല്ലു തന്നെയാണ് ആദ്യം സിറ്റൗട്ടിലേക്ക് കയറിയത്……

ഫാത്തിമ അപ്പോഴേക്കും മുൻ വശത്തെ വാതിൽ തുറന്നിരുന്നു…

ഫാത്തിമയേയും ശ്രദ്ധിക്കാതെ സൽമാൻ അകത്തേക്ക് കയറി..

മറന്നു വെച്ചതെന്തോ എടുക്കാൻ പോയതു പോലെ സല്ലു കോണിപ്പടികൾ കയറി മുകളിലേക്ക് പോകുന്നത് സുഹാന കണ്ടു..

അബ്ദുറഹ്മാൻ അകത്തേക്ക് കയറി വന്നു…

എന്തു പറ്റി ? എന്നയർത്ഥത്തിൽ ഫാത്തിമ ഭർത്താവിനെ നോക്കി..

അബ്ദുറഹ്മാൻ ചുമലിളക്കുന്നത് സുഹാന കണ്ടു…

സുഹാനയും പതിയെ പടികൾ കയറി…

അവൾ അവന്റെ മുറിയുടെ വാതിൽ ഒന്ന് തള്ളി നോക്കി……

അത് അകത്തു നിന്ന് കുറ്റിയിട്ടിരുന്നു..

സുഹാന പിന്തിരിഞ്ഞ് അവളുടെ മുറിയിലേക്ക് കയറി…

തന്റെ മകനെന്തു പറ്റി… ?

വളരെ സന്തോഷത്തോടെയായിരിക്കും അവൻ വരുന്നത് എന്ന് കരുതിയിരുന്നു……

വസ്ത്രം മാറി അവൾ ഒന്നുകൂടി പുറത്തിറങ്ങി വാതിൽ തള്ളി നോക്കി..

അടച്ചിട്ടിരിക്കുക തന്നെയാണ്…

“ സല്ലൂ………. ടാ…………….’’

അവൾ വാതിലിൽ തട്ടി വിളിച്ചു..

ആദ്യം അകത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല……

മൂന്നാലാവർത്തി അവൾ വിളിച്ചപ്പോൾ സല്ലു വാതിൽ തുറന്നു…

“” കയറി നോക്ക്……….”

അവൻ ആദ്യം പറഞ്ഞ വാക്ക് അതായിരുന്നു…

സുഹാന ഒന്നും മനസ്സിലാകാതെ രണ്ടു ചുവട് മുറിക്കകത്തേക്ക് കയറി…

സൽമാൻ ഒരു വശത്തേക്ക് മാറി നിന്നു…

“” ഞാനൊറ്റയ്ക്കാ വന്നത്, ഇങ്ങള് കണ്ടതല്ലേ… ….? “

കടിച്ചു പിടിച്ചതു പോലെയായിരുന്നു അവന്റെ സ്വരം…

തീക്കാറ്റടിച്ചതു പോലെ അവളൊന്നു പൊള്ളി……

അവൻ പറഞ്ഞതിനർത്ഥം……….?

“”ടാ………..””

വാക്കുകളുടെ അർത്ഥം മനസ്സിലായതും സുഹാന അവനു നേരെ കയ്യോങ്ങി…

“”ന്നെ വെറുതെ വിട്ടൂടേ………. “

കരച്ചിൽ പോലെയായിരുന്നു അവന്റെ സ്വരം…

സുഹാന ഉയർത്തിയ കൈത്തലം അവനെ ഉറ്റുനോക്കിക്കൊണ്ട് തന്നെ താഴ്ത്തി…

അവൾ പുറത്തിറങ്ങിയതും പിന്നിൽ വാതിലടഞ്ഞു…

അവൾ പതിയെ സ്റ്റെപ്പുകളിറങ്ങി…
അവളുടെ മിഴികൾ നനഞ്ഞു തുടങ്ങിയിരുന്നു…

ഓനാരേയും അകത്ത് ഒളിപ്പിച്ചു വെച്ചിട്ടില്ല……

അവൻ പറഞ്ഞത് അങ്ങനെയാണ്…

അവൾ പത്രം വായിക്കുകയായിരുന്ന ബാപ്പയുടെ അടുത്തേക്ക് ചായയുമായി ചെന്നു…

“ സല്ലു എവിടെ…….?””

“” മുറിയടച്ചിരുപ്പുണ്ട്…..””

അവളുടെ സ്വരത്തിലെ ദീനത അബ്ദുറഹ്മാൻ തിരിച്ചറിഞ്ഞു……

“” ഇയ്യതൊന്നും കണ്ടില്ലാന്ന് കരുതിയാൽ മതി…… ഓന്റെ പ്രായം വകതിരിവില്ലാത്തതല്ലേ… ….””

അയാൾ അവളുടെ കൈയ്യിൽ നിന്നും ചായ വാങ്ങി…

“ ന്നോടാ ഓന് ദേഷ്യം… …. ഉപ്പയ്ക്കറിയോ, ഞാനെത്ര ദിവസായി ഉറങ്ങീട്ടെന്ന്… …. “

സുഹാന കണ്ണുനീരില്ലാതെ കരഞ്ഞു…

അബ്ദുറഹ്മാൻ അവളിൽ നിന്ന് മുഖം തിരിച്ചു……

“ ഓന്റുപ്പയുടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടിട്ടാ ഞാനോനെ………..””

ബാക്കി പറയാതെ സുഹാന തിരിഞ്ഞു നടന്നു……….

പാവം… ….!

അബ്ദുറഹ്മാൻ പിറുപിറുത്തു…

അയാൾ ചായക്കപ്പുമായി എഴുന്നേറ്റു…

പത്രം മടക്കി ചൂരൽക്കസേരയിലേക്ക് ഇട്ടു കൊണ്ട് അയാൾ ചായ ഒറ്റ വലിക്ക് കുടിച്ചു തീർത്ത് ഹാളിലേക്ക് കടന്നു……

ടേബിളിൽ ഗ്ലാസ്സ് വെച്ച ശേഷം അയാൾ പടികൾ കയറി…

അബ്ദുറഹ്മാന്റെ രണ്ടാമത്തെ വിളിക്ക് സൽമാൻ വാതിൽ തുറന്നു …

കരഞ്ഞതു പോലെയായിരുന്നു അവന്റെ മുഖം…

അയാൾ അകത്തേക്ക് കയറി …

“ അനക്കെന്തിയാ പറ്റിയത്……?”

അബ്ദുറഹ്മാൻ അവനെ നോക്കി……

“” ഒന്നുമില്ല ഉപ്പൂപ്പാ……””

സല്ലു പെട്ടെന്ന് മറുപടി പറഞ്ഞു……

“”ഇയ്യ്, തെറ്റ് ചെയ്തോ ഇല്ലയോ, എന്നല്ല.. ഒരുമ്മയ്ക്കും സഹിക്കാൻ പറ്റാത്ത കാര്യമാ അന്റുമ്മ കേട്ടത്……””

സല്ലു മുഖം താഴ്ത്തി…

“” ഇയ്യ് സലാലേൽക്കിടന്ന് കഷ്ടപ്പെട്ടതറിഞ്ഞിട്ട് , അന്റുപ്പാന്റെ ചീത്ത കേട്ടിട്ടാ ഓള് അന്നെ ഇവിടെ എത്തിച്ചേ… “

സൽമാൻ നേരിയ അവിശ്വസനീയതയോടെ മുഖമുയർത്തി……

സുഹാനയുടെ മുഖം സല്ലു വാതിൽക്കൽ കണ്ടു..

“” ഓളെപ്പോലെ ഒരുമ്മാനെ അനക്ക് കിട്ടൂല…… വെറുതെ ഓളെ വിഷമിപ്പിക്കണ്ട…”

പറഞ്ഞിട്ട് അബ്ദുറഹ്മാൻ തിരിഞ്ഞു..

പിന്നെ എന്തോ ഓർമ്മവന്നതു പോലെ ശിരസ്സു ചെരിച്ചു..

“ ഇതിനകത്ത് അടച്ചുപൂട്ടി ഇരിക്കാനാണോ ഇയ്യ് വന്നത്…… ?””

സല്ലു മുഖം കുനിച്ചു……

“” കളിക്കാനോ കുളിക്കാനോ എവിടാണെച്ചാ പൊയ്ക്കോ… അന്തിക്കു മുൻപ് പൊരേലെത്തിക്കോണം……….”

അതൊരു താക്കീതായിരുന്നു……

“ ഇവിടെയാരും ഒന്നും അന്നോട് ചോദിക്കാൻ വരൂല്ല………. “

അവനെ ഒന്നു കൂടി നോക്കി അബ്ദുറഹ്മാൻ മുറിവിട്ടു…

സല്ലു മുഖമുയർത്തിയതും സുഹാന അവനെ ഒന്നു നോക്കി……

ഇരുവരുടെയും മിഴികൾ ഒന്നിടഞ്ഞു..

“ വാ………. ചായ കുടിക്കാം…………”

സുഹാന പതിയെയാണ് പറഞ്ഞത്…

പൊരിച്ച പത്തിരിയും തലേ ദിവസം പാകമാക്കി വെച്ച ബീഫ് കറിയും സുഹാന അവനോട് ചേർന്ന് നിന്ന് വിളമ്പി…

അവന്റെ ഇഷ്ട വിഭവമായിരുന്നു അത്…

ഒരു ഇറച്ചിക്കഷ്ണം അവന്റെ പാത്രത്തിൽ നിന്ന് സുഹാന എടുത്ത് വായിലേക്കിട്ടു…

സാധാരണ അങ്ങനെ അവൾ ചെയ്യാറുള്ളതാണ്‌……

അപ്പോഴത് സല്ലു ശ്രദ്ധിക്കാറില്ലായിരുന്നു..

പക്ഷേ, ഇത്തവണ അവൻ മുഖമുയർത്തി നോക്കി…

നടുവിരലിലും പെരുവിരലിലും പറ്റിയ ചാറ്, അവൾ വിരലുകൾ കൂട്ടിപ്പിടിച്ച് നുണഞ്ഞു കൊണ്ട് അവനെ നോക്കി……

“” ഇയ്യ് ഒമാനിലേക്കല്ലേ പോയത്…… ? ജയിലിലേക്കൊന്നുമല്ലല്ലോ… ഇങ്ങനെ സ്വഭാവം മാറാൻ……….”

അവന് മാത്രം കേൾക്കാൻ പറ്റുന്നസ്വരത്തിൽ സുഹാന പറഞ്ഞു……

സല്ലു അതു കേട്ടതും. മുഖം താഴ്ത്തി കഴിച്ചു തുടങ്ങി…

ഫ്ളാസ്കിലെ ചായ ഗ്ലാസ്സിൽ പകർത്തി , ദേഷ്യത്തോടെ ഇടിച്ചു മേശപ്പുറത്ത് വെച്ചിട്ട്

സുഹാന പിന്തിരിഞ്ഞു…

അവൾ തട്ടമെടുത്ത് , ഒന്ന് വീശി കഴുത്തിൽ ചുറ്റിക്കൊണ്ട് സല്ലുവിനെ തിരിഞ്ഞു നോക്കി…

അവനും അവളെ നോക്കിയിരിക്കുകയായിരുന്നു…

കണ്ണുകൾ കൂർപ്പിച്ച്, അവനെ ഒരു നോട്ടം നോക്കി , അവൾ കിച്ചണകത്തേക്ക്‌ മറഞ്ഞു…

സല്ലു ഭക്ഷണം കഴിഞ്ഞതും വീണ്ടും മുകളിലെ മുറിയിലേക്ക് പോയി……

ഇത്തവണ അവൻ വാതിൽ ചാരിയിരുന്നില്ല…

ജോലികൾ ഒതുക്കിയ ശേഷം സുഹാനയും മുകളിലേക്ക്‌ കയറി..

അവനെന്തെങ്കിലും സംസാരിക്കുമോ എന്നറിയാനായി അവൾ സല്ലുവിന്റെ മുറിയിലേക്ക് കയറിച്ചെന്നു…
ടേബിളിനു മുകളിൽ ഒരു ചെറിയ ഫുട്ബോൾ അവൾ കണ്ടു …

ശ്രദ്ധിച്ചു നോക്കിയപ്പോൾ അവൾക്ക് അവന്റെ വാട്സാപ്പ് ഡി. പി. ഓർമ്മ വന്നു……

ഇതിന്റെ ഫോട്ടോയാണ് എടുത്തിട്ടിരിക്കുന്നത്……

സുഹാന മുറിയിലേക്ക് കയറിയത് അറിഞ്ഞെങ്കിലും സൽമാൻ അനങ്ങിയില്ല..

വാരി വലിച്ചിട്ടിരിക്കുന്ന അവന്റെ വസ്ത്രങ്ങൾ എടുത്ത് അവൾ മുറി വിടാൻ ഒരുങ്ങിയതും സല്ലു കിടക്കയിൽ നിന്ന് അനങ്ങി…

“” ഇങ്ങടെ അക്കൗണ്ടിൽ പൈസയുണ്ടോ… ?””

സുഹാന തിരിഞ്ഞു നിന്നു…

“”ന്നെ കണ്ടൂടാത്ത അനക്ക് എന്റെ പൈസ എന്തിനാ… ?”

സല്ലു അവളെ ഒന്ന് നോക്കിയ ശേഷം കിടക്കയിലേക്ക് മുഖം അമർത്തി……

സുഹാന പുറത്തുള്ള വാഷിംഗ് മെഷീനരികിലേക്ക് നീങ്ങി……

അവൾ വസ്ത്രങ്ങൾ മെഷീനിലിട്ട് തിരികെ വരുമ്പോൾ സല്ലു , അവളുടെ മുറിയിൽ നിന്ന് ധൃതിയിൽ ഇറങ്ങിപ്പോകുന്നത് മിന്നായം പോലെ സുഹാന കണ്ടു..

അവൾ പെട്ടെന്ന് തന്റെ മുറിയിലേക്ക് കയറി..

പ്രത്യക്ഷത്തിൽ ഒന്നും അവൾക്ക് കാണാൻ സാധിച്ചില്ല……

കിടക്കയിലുള്ള തന്റെ ഫോൺ മിന്നിയണയുന്നത് കണ്ടു കൊണ്ട് അവൾ പെട്ടെന്ന് ഫോണെടുത്തു നോക്കി……

പ്രീവിയസ് ലിസ്റ്റിൽ ഫോൺ പേ കണ്ടതും അവൾക്ക് സംഗതി മനസ്സിലായി……

ശബ്ദം പുറത്തു വരാതിരിക്കാൻ സൈലന്റ് മോഡിലിട്ടായിരുന്നു ഓപ്പറേഷൻ…

സുഹാന അകമേ ഒന്ന് ചിരിച്ചു…

റീ- ചാർജ്ജ് ചെയ്തതാണ്..

അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും സല്ലു തല വലിച്ചു പിൻമാറുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു…

പിൻ നമ്പർ അവനറിയാം……

തനിക്ക്‌ ഫോൺ – പേ റെഡിയാക്കി തന്നതും അവനാണ്…

ഇതു പോലെ തന്നെയാണ് പലപ്പോഴും അവൻ ഫോൺ റീ ചാർജ്ജ് ചെയ്യുന്നത്.

പഴയ സല്ലുവിന്റെ കള്ളത്തരം ഉള്ളിലേക്ക് വന്നതും സുഹാനയുടെ മനം കുളിർത്തതിന്റെ ബഹിർസ്ഫുരണം അധരങ്ങളിലുമുണ്ടായി..

സമയം ഉച്ച കഴിഞ്ഞിരുന്നു…

പുറത്ത് ഉണക്കാനിട്ട വസ്ത്രങ്ങളുമായി സുഹാന കയറി വന്നപ്പോൾ സല്ലുവിന്റ മുറിയിൽ നിന്ന് പാട്ടു കേട്ടു…

അവൾ ചെന്ന് നോക്കിയപ്പോൾ പാട്ടുകേട്ട് നല്ല ഉറക്കത്തിലാണ് കക്ഷി……

അവൾ ഉണർത്താൻ പോയില്ല…

മേലാക്കത്ത് സല്ലുവിന് കൂട്ടുകാർ കുറവാണ്…

അതുകൊണ്ട് തന്നെയായിരിക്കുംആരും വിളിക്കാത്തതും കാണാൻ വരാത്തതെന്നും സുഹാന ഊഹിച്ചു……

വൈകുന്നേരമായി……

ഷെരീഫിന്റെയും സഫ്നയുടെയും സുൾഫിക്കറിന്റെയും വോയ്സുകൾക്ക് മറുപടി കൊടുത്ത് റൂമിനു പുറത്തിറങ്ങിയതും സല്ലു ആരോടോ ഫോണിൽ സംസാരിക്കുന്നത് അവൾ കേട്ടു..

നാളെ വരുമെന്ന് ഉറപ്പു കൊടുത്തുള്ള സംസാരം കേട്ടതും അവൾക്ക് സംശയമായി……

ആരോടാണ് സംസാരം… ?

ആരാണ് മറുവശത്ത്… ?

അവൾ ചെവിയോർത്തെങ്കിലും പിന്നീടു വന്ന സംസാരത്തിന് വ്യക്തത ഉണ്ടായില്ല……

അബ്ദുറഹ്മാൻ വന്നു……

ചായയുമായി ചെന്നത് സുഹാന തന്നെയായിരുന്നു…

അവളുടെ മുഖത്തു നിന്നും സല്ലുവിന്റെ മാറ്റം അബ്ദുറഹ്മാൻ വായിച്ചെടുത്തു……

“ ഒരു കാര്യമുണ്ട് ഉപ്പാ… …… “

സുഹാന മുഖവുരയിട്ടു……

അബ്ദുറഹ്മാൻ മുഖമുയർത്തി..

നിസ്ക്കാരം കഴിഞ്ഞ് ഫാത്തിമയും സിറ്റൗട്ടിലേക്ക് വന്നു…

“” സുനൈനയുടെ നാത്തൂന്റെ മോളുടെ നിക്കാഹുണ്ട്……. “

“”ന്നേക്കൊണ്ട് ആവൂല്ല ട്ടോ മോളെ… …. “

ഫാത്തിമ ആദ്യം തന്നെ നയം വ്യക്തമാക്കി……

“” സഫ്നയ്ക്ക് ഒരു പവൻ തന്നതാ………. “

സുഹാന ഫാത്തിമയെ നോക്കി പറഞ്ഞു……

“ സല്ലു ഉണ്ടല്ലോ… ഇയ്യും ഓനും കൂടെ പോയാൽപ്പോരെ… ….?””

അബ്ദുറഹ്മാൻ ചൂരൽക്കസേരയിലേക്ക് ചാഞ്ഞു…

“ ഓൻ വരുമോന്നാ… ….””

സുഹാന സംശയിച്ചു……

“” അത് ഞാൻ പറഞ്ഞോളാം…””

“” പൊന്ന്, ഇക്ക കടയിൽ പറഞ്ഞിട്ടുണ്ട്…… എല്ലാവരോടും ചെല്ലാനാ പറഞ്ഞിരിക്കുന്നത്…””

“” എനിക്കെന്തായാലും വരാൻ പറ്റില്ല… ഇലക്ഷനടുത്തു…… “

അബ്ദുറഹ്മാനും യാത്രയിൽ നിന്ന് ഒഴിഞ്ഞു…

അടുത്തയാഴ്ചയാണ് കല്യണം…

മട്ടന്നൂരെത്തണം…

ഒന്നു വന്നുപോയിട്ട് അധികമാകാത്തതിനാൽ സുൾഫിക്കയുടെ വരവിന്റെ കാര്യം സംശയത്തിലാണെന്ന് വോയ്സ് ഇട്ടിരുന്നു…

മൂസ ഇവിടില്ല……..

പിന്നെ താനേയുള്ളു……

സുൾഫിക്ക ഇല്ലാതെ റൈഹാനത്തിന്റെയും മക്കളുടെയും കൂടെ പോകുന്ന കാര്യം ആലോചിച്ചതേ സുഹാനയ്ക്ക് മടുപ്പു തോന്നി……
ഇപ്പോൾ സല്ലു ഉള്ളതും ഇല്ലാത്തതും കണക്കാണ്…

അത്താഴത്തിന് സല്ലുവിനെ വിളിക്കേണ്ടി വന്നില്ല……

സംസാരങ്ങളൊന്നും ഉണ്ടായില്ല എന്ന് മാത്രം…

ഭക്ഷണം കഴിഞ്ഞതും സല്ലു മുറിയിലേക്ക് പോയി……

പാത്രങ്ങളൊക്കെ കഴുകി സുഹാന മുകളിലെത്തിയതും സല്ലു കിടന്നിരുന്നു…

അന്ന് സുഹാന സ്വസ്ഥമായി കിടന്നുറങ്ങി…

അവൾ അല്പം വൈകിയാണ് എഴുന്നേറ്റത്……

മുറിക്കു പുറത്തിറങ്ങിയതും കുളിച്ചു വേഷം മാറി നിൽക്കുന്ന സല്ലുവിനെ അവൾ കണ്ടു…

പന്തു കളിക്കാൻ പോകുമ്പോൾ കൊണ്ടുപോകുന്ന ബാഗിലേക്ക് ഡ്രസ്സ് എടുത്തു വെക്കുന്നു…

“” ഇയ്യ് എങ്ങോട്ടാ… ….?””

സുഹാന അഴിഞ്ഞ മുടി വാരിക്കെട്ടിക്കൊണ്ട് ചോദിച്ചു…

സൽമാൻ മിണ്ടിയില്ല…

ഇന്നലെ സല്ലു ഫോൺ ചെയ്ത കാര്യം സുഹാനയ്ക്ക് ഓർമ്മ വന്നു…

“” എവിടേക്കാണെന്നാ ചോയ്ച്ചേ………. “

അവൾ ശബ്ദമുയർത്തി…

“” പണിയുണ്ട്……..””

അവളുടെ മുഖത്തു നോക്കാതെ അവൻ പറഞ്ഞു…

“” പണിയോ………..!!?””

സുഹാന വിശ്വാസം വരാതെ എടുത്തു ചോദിച്ചു…

സല്ലു മറുപടി പറയുന്നതിനു മുൻപേ , പുറത്ത് ഒരു ബൈക്കിന്റെ ഹോണടി കേട്ടു……

തിടുക്കത്തിൽ ബാഗുമെടുത്ത് സല്ലു അവളെ കടന്ന് പടികളിറങ്ങി……

സുഹാനയും അവനു പിന്നാലെ പടികളിറങ്ങി……

“”ടാ …… ഏടേക്കാണെന്ന് പറഞ്ഞിട്ടു പോടാ… …. “

സല്ലു മുറ്റത്തെത്തിയിരുന്നു…

ഗേയ്റ്റിനു പുറത്തുണ്ടായിരുന്ന ബൈക്കിന്റെ പിന്നിലേക്ക് അവൻ കയറുന്നത് സിറ്റൗട്ടിൽ നിന്ന് സുഹാന കണ്ടു……

ബൈക്കിൽ വന്നത് ആരാണെന്ന് അവൾക്ക് വ്യക്തമായിരുന്നില്ല…

ബൈക്ക് വിട്ടു പോയി……….

“” ഓനേടാക്കാ പൊലർച്ചെ……….?””

അബ്ദുറഹ്മാൻ സിറ്റൗട്ടിലേക്ക് വന്നു…

“” പണിക്ക്… ….”

സുഹാന ബാപ്പയെ നോക്കി……

“” പണിക്കോ………………!!?”

അബ്ദുറഹ്മാനും നടുങ്ങിയതു പോലെ അവൾക്ക് തോന്നി…

ഒരു നിമിഷത്തിനു ശേഷം, അബ്ദുറഹ്മാൻ ചിരിച്ചു തുടങ്ങി…

“” അന്റെ മാപ്പിള നല്ല കനത്തിൽ കൊടുത്തിട്ടുണ്ട്…….”

“” ആൾക്കാര് വല്ലോം പറയില്ലേ ഉപ്പാ…….?”

സുഹാന സംശയത്തോെടെ അബ്ദുറഹ്മാനെ നോക്കി..

“ ജോലിക്ക് പോകുന്നതിന് ആരെന്തു പറയാനാ മോളേ……. ആ ഒരൊറ്റ പ്രശ്‌നം കൊണ്ട് അവൻ നന്നായി എന്ന് കൂട്ടിക്കോ……. “

അബ്ദുറഹ്മാൻ മന്ദഹാസത്തോടെ തന്നെ പറഞ്ഞു…

പക്ഷേ സുഹാനയ്ക്ക് അതത്ര വിശ്വാസ്യതയുള്ളതായി തോന്നിയില്ല…

ബാപ്പയ്ക്ക് ചായ കൊടുത്ത ശേഷം അവൾ സല്ലുവിനെ വിളിച്ചു……

അവൻ ഫോണെടുത്തില്ല…

അവൾ ജോലികളൊക്കെ ധൃതിയിൽ തീർത്തു..

പണിയിലാണ് എന്നൊരു മെസ്സേജ് മാത്രം ഫോണിൽ വന്നു കിടപ്പുണ്ടായിരുന്നു……

അതും അവൾക്കത്ര വിശ്വാസ്യമായി തോന്നിയില്ല……

പന്തുകളിയല്ലാതെ മറ്റൊന്നും അവനറിയില്ല…

അവനെ ആര് പണിക്കു വിളിക്കാൻ… ?

ഇനി അഥവാ വിളിച്ചാലും വിളിച്ചവർ തന്നെ കുറച്ചു കഴിയുമ്പോൾ അവനെ പറഞ്ഞു വിട്ടേക്കും……

അബ്ദുറഹ്മാൻ പോയിരുന്നു…

സല്ലു എവിടെ എന്ന് ചോദിച്ച ഫാത്തിമയോട് സുഹാന കാര്യം പറഞ്ഞെങ്കിലും അവരും അത് വിശ്വസിച്ചിട്ടില്ല എന്ന് മുഖഭാവത്തിൽ നിന്ന് സുഹാനയ്ക്ക് മനസ്സിലായി……

പത്തു മണിക്കും സല്ലു വന്നില്ല…

ജനലരികിലും വാതിൽക്കലും അവനെ പ്രതീക്ഷിച്ചു പല തവണ വന്നും പോയിയും നിന്ന് സമയം കടന്നുപോയതും സുഹാന അറിഞ്ഞില്ല……

ഉച്ചക്ക് ഭക്ഷണത്തിന് ഫാത്തിമ വിളിച്ചെങ്കിലും സുഹാന വിശപ്പില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി……

മൂന്നുമണി കഴിഞ്ഞപ്പോൾ ഗേയ്റ്റിനു പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടതും സുഹാന ഓടി വാതിൽക്കലേക്ക് ചെന്നു…

ബാഗും ചുമലിലിട്ട് രണ്ടു കയ്യിലും സഞ്ചികൾ പിടിച്ച് സല്ലു വരുന്നത് കണ്ടുകൊണ്ട് അവൾ അകത്തേക്ക് വലിഞ്ഞു…

സല്ലു അകത്തേക്ക് കയറി……

ഹാളിൽ നിന്ന ഉമ്മയെ അവൻ ഗൗനിച്ചതു കൂടെയില്ല …

ഒരു കയ്യിൽ പവിഴത്തിന്റെ പത്തുകിലോയുടെ അരിച്ചാക്ക്…

മറു കൈയ്യിൽ പച്ചക്കറികൾ…

അത്ഭുതവും സന്തോഷവും സങ്കടവും തിക്കു മുട്ടിയ മനസ്സുമായി സുഹാന നിന്നു…

സല്ലു കിച്ചണിൽ നിന്ന് പുറത്തേക്ക് വന്നു…

എട്ടാമത്‌ഭുതം കണ്ടതു പോലെ ഫാത്തിമയും അവന്റെ പിന്നാലെ തുറിച്ച മിഴികളുമായി ഹാളിലേക്ക് വന്നു..
ആരെയും ശ്രദ്ധിക്കാതെ സല്ലു പടികൾ കയറി മുകളിലേക്ക് പോയി…

“” ഓനെന്തു പറ്റി……..?”

ഫാത്തിമ അവൾക്കടുത്തേക്ക് വന്നു…

അറിയില്ല , എന്ന ഭാവത്തിൽ സുഹാന ചുമലുകൾ കൂച്ചി……

അബ്ദുറഹ്മാൻ വന്നതേ ഫാത്തിമ കാര്യങ്ങൾ വിശദീകരിച്ചു…

അയാളൊന്നു ചിരിക്കുക മാത്രം ചെയ്തു..

അത്താഴത്തിന് ആരും വിളിക്കാതെ തന്നെ സല്ലു ഇറങ്ങി വന്നു……

അവൻ കൊണ്ടുവന്നത് സുഹാന കറികൾ വെച്ചിരുന്നു……

അതറിഞ്ഞിട്ടാകണം അവൻ പതിവിലും ആർത്തിയോടെയും വാശിയോടെയും ഭക്ഷണം കഴിക്കുന്നത് സുഹാന നോക്കി നിന്നു…

“” അനക്കെന്താ പണി… ?””

അബ്ദുറഹ്മാൻ ചോദിദിച്ചു…

“” പെയിന്റിംഗാ………. “

സല്ലു ആർക്കും മുഖം കൊടുക്കാതെ മറുപടി പറഞ്ഞു…

“” എവിടെയാ……….?””

“”നെല്ലിപ്പറമ്പാ… “

“” ആരുടെ കൂടെ…….?””

“” വിനീതിന്റെ കൂടെയാ……….””

വിനീതിനെ സുഹാനയ്ക്കറിയാം…..

പ്ലസ് ടു പൂർത്തിയാക്കാതെ, അച്ഛന്റെ മരണ ശേഷം, അച്ഛൻ ചെയ്തിരുന്ന ജോലിക്കിറങ്ങിയവൻ……

ആറു മാസം മുൻപ് ഒരു സഹോദരിയെ അവൻ വിവാഹം കഴിപ്പിച്ചയച്ചതും അദ്‌ധ്വാനം ഒന്നു കൊണ്ട് മാത്രമായിരുന്നു…..

കല്യാണം ഇവിടെയും ക്ഷണിച്ചിരുന്നു…

സല്ലുവിനേക്കാൾ രണ്ടോ മൂന്നോ വയസ്സ് മൂത്തതാണ്…

ചോദ്യങ്ങൾ മുറുകിയതും സല്ലു ഭക്ഷണം മതിയാക്കി എഴുന്നേറ്റു…

അത് സുഹാനയ്ക്ക് മനസ്സിലായി…

“” എവിടെപ്പോയാലും പറഞ്ഞിട്ട് പൊയ്ക്കൊള്ളണം…… ന്നോടല്ല, അന്റുമ്മാനോട്…… “

അവൻ വാഷ്ബേസിനിൽ മുഖവും വായും കഴുകി തിരിഞ്ഞതും അബ്ദുറഹ്മാൻ ഓർമ്മിപ്പിച്ചു..

“” ഞാനുമ്മാനോട് പറഞ്ഞിരുന്നു…””

സല്ലു നനഞ്ഞ സ്വരത്തിൽ പറഞ്ഞു……

പടികൾ കയറി സല്ലു മുകളിലേക്ക് പോയി……

ലാൻസിംഗിൽ നിന്ന് അവൻ ,താഴേക്ക് ഒന്നു നോക്കി..

തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന ഉമ്മയെ കണ്ടതും അവൻ മുറിയിൽ കയറി വാതിലടച്ചു……

പിറ്റേന്നും തനിയാവർത്തനമായിരുന്നു…

സല്ലു , നേരത്തെ എഴുന്നേറ്റിരുന്നു……

സുഹാന എഴുന്നേറ്റു വരുമ്പോൾ സല്ലു അവന്റെ വസ്ത്രങ്ങൾ കഴുകിയിട്ടു, കുളിയും കഴിഞ്ഞിരുന്നു……

അവന്റെ അവഗണന സുഹാനയ്ക്ക് അസഹ്യമായി തുടങ്ങിയിരുന്നു..

തന്നെക്കൊണ്ട് ഇനി ആവശ്യമൊന്നുമില്ല…….

ജോലിക്ക് പോകാനായി… ….

വീട്ടുകാര്യങ്ങൾ നിറവേറ്റാൻ പ്രായമായി… ….

താനില്ലെങ്കിലും സല്ലു അതെല്ലാം ചെയ്യും… ….

അവൾ വീണ്ടും കിടക്കയിലേക്ക് വീണു…

സാധാരണ ഒരുമ്മ സന്തോഷിക്കേണ്ട കാര്യമാണ്.

മകൻ വിയർത്ത പണം കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ഏതൊരുമ്മയും സന്തോഷത്തോടെ മനസ്സു നിറഞ്ഞ് കണ്ണു നനയേണ്ടവളാണ്……

പക്ഷേ, ഇവിടെ…………….?

സുഹാനയുടെ ഹൃദയം വിണ്ടു തുടങ്ങിയിരുന്നു…

സല്ലു യാത്ര പോലും പറയാതെ ഇറങ്ങിപ്പോയതും സുഹാന കിടക്കയിലേക്ക് വീണു വിമ്മിക്കരഞ്ഞു..

സല്ലു തന്നിൽ നിന്ന് അകന്നു തുടങ്ങിയിരിക്കുന്നു……

അല്ല..!

അവൻ എല്ലാത്തിൽ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു….

ജോലികളൊക്കെ സുഹാന ഒരു വിധത്തിൽ തീർത്തു…….

ഷെരീഫ് വിളിച്ചെങ്കിലും അവൾ സല്ലുവിന്റെ കാര്യം പറഞ്ഞതേയില്ല……

പോകുന്നതിന്റെ തലേന്ന് ചിലപ്പോൾ സുൾഫിക്ക എത്തിയേക്കുമെന്ന് വോയ്സ് ഇട്ടിട്ടുണ്ടായിരുന്നു……

സുനൈനയുടെ കോൾ വന്നു……

തലേ ദിവസം തന്നെ എത്തുവാൻ ഇത്തവണയും അവൾ ആവർത്തിച്ചു……

സല്ലുവും മൂസയും പിടിക്കപ്പെട്ടത് അവൾക്കും അറിയാം……

സല്ലുവിനെ നേരിട്ടു കാണുവാൻ കാത്തിരിക്കുകയാണ് സുനൈന……

മൂന്നുമണി കഴിഞ്ഞതും സല്ലു വന്നു……

കയ്യിൽ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല……

കുളി കഴിഞ്ഞ് അവൻ വന്നതും സുഹാന അവളുടെ മുറിയിലായിരുന്നു……

“”ഉമ്മാ …..””

സല്ലു അവളുടെ മുറിയിലേക്ക് കയറി വിളിച്ചു……

അത്ഭുതത്തോടെ അവൾ തിരിഞ്ഞു നോക്കിയതും അവൻ കയ്യിലിരുന്ന നോട്ട് അവളുടെ നേരെ നീട്ടി……

“”റീ – ചാർജ്ജ് ചെയ്ത പൈസയാ……””

സുഹാന ശരീരമാസകലം വിറയലോടെ അവനെ നോക്കി……

സല്ലു മുഖം കുനിച്ചു..

താൻ അവന് അന്യയായിത്തീരുകയാണ്……

വിടർന്നു വിരിഞ്ഞു തുടങ്ങുന്ന ഹൃദയത്തോടെ സുഹാന കൈ നീട്ടി നോട്ട് വാങ്ങി……

അവളത് വാങ്ങിയതും സല്ലു മുറിയിൽ നിന്നിറങ്ങി……

തന്റെ മിഴികൾ നിറഞ്ഞത് സുഹാന തട്ടമെടുത്ത് തുടച്ചു…
അത്താഴമേശയിലായിരുന്നു എല്ലാവരും……

“”എന്നാ മോളെ പോകുന്നത്……?””

അബ്ദുറഹ്മാൻ ചോദിച്ചു……

ബാപ്പ ആ വിഷയം മനപ്പൂർവ്വം എടുത്തിട്ടതാണെന്ന് സുഹാനയ്ക്ക് മനസ്സിലായി …

“” മറ്റന്നാളാ ഉപ്പാ……….””

“”സല്ലൂ………. ഇയ്യും ഉമ്മയും കൂടെ പോയാൽ മതി കല്യാണത്തിന്…… “

അബ്ദുറഹ്മാൻ പറഞ്ഞു……

“”നിക്ക് പണിയുണ്ട്………. “

“” അത് ഞാൻ ആ ചെക്കനോട് പറഞ്ഞോളാം…….””

അബ്ദുറഹ്മാൻ ആ വഴി അടച്ചു……

ഉപ്പുപ്പ സർവ്വജന സമ്മതനായതിനാൽ അത് വിലപ്പോകുന്ന കാര്യമല്ലെന്ന് സല്ലുവിനും അറിയാമായിരുന്നു…

“” പിന്നെ പണി ഉണ്ടാകില്ല…….””

സല്ലു ശബ്ദം താഴ്ത്തി പറഞ്ഞു…

“”രണ്ടു ദിവസത്തെ കാര്യമല്ലേ……. ഞാൻ പറഞ്ഞാൽ അവൻ കേൾക്കും……….””

ആ സംസാരം അവിടെ തീർന്നു……….

സുൾഫിക്കർ രാവിലെ എത്തിയിരുന്നു……

സുഹാനയും സല്ലുവും സ്കൂട്ടിയിലാണ് സുൾഫിക്കറിന്റെ വീട്ടിലേക്ക് പോയത്……

സുൾഫിയുടെ ഇന്നോവയിലാണ് യാത്ര……

സുൾഫിയുടെ ഭാര്യയും കുട്ടികളും റെഡിയായിരുന്നു…

സുൾഫിക്ക് രണ്ടു പെൺകുട്ടികളാണ്……

മൂത്തവൾ ഒൻപതാം ക്ലാസ്സുകാരി നിയ……

രണ്ടാമത്തെയാൾ നാലാം ക്ലാസ്സുകാരി നിഹ……

സല്ലുവിനെ കണ്ടതും നിയ ഓടി വന്നു……

“” ഇക്കാക്കാനെ കണ്ടിട്ട് കുറേ ആയ്ക്ക്ണ്…… “

സല്ലു പക്ഷേ, പഴയ പരിചിതഭാവം ആരോടും കാണിച്ചില്ല…

സുഹാനയുടെ ഉമ്മയും ബാപ്പയും പുറത്തുണ്ടായിരുന്നു……

നിഹയെ എടുത്തുകൊണ്ട് സുഹാന അവളുടെ ഇരു കവിളുകളിലും ചുംബിച്ചു..

“ അമ്മായിയുടെ കുട്ടിയെ അങ്ങോട്ടൊന്നും കാണുന്നില്ലല്ലോ… “

“” നിക്ക് സ്കൂളില്ലേ അമ്മായീ……………”

നിഹ തിരിച്ചും സുഹാനയ്ക്ക് ഉമ്മ കൊടുത്തു……

ഒരു ബൈക്ക് മുറ്റത്തേക്ക് കയറി വന്നു…

അപ്പോഴേക്കും സുൾഫിയും വസ്ത്രം മാറി പുറത്തേക്ക് വന്നു……

“” രവിയേ… …. അഞ്ചു മിനിറ്റ്……. “

“” ആയ്ക്കോട്ടെടാ…..””

ബൈക്ക് സ്റ്റാൻഡിലിട്ട് രവി പറഞ്ഞു…

സുഹാനയെ നോക്കി രവി പുഞ്ചിരിച്ചു……

സുൾഫിക്കായുടെ സുഹൃത്താണ്..

രവിയും കുറച്ചു കാലം സുൾഫിയുടെ കൂടെ ഗൾഫിലുണ്ടായിരുന്നു……

ഉമ്മയേയും ബാപ്പയേയും കണ്ടു സംസാരിച്ച് സുഹാന ഇറങ്ങി വന്നു……

സല്ലു , രവിയുടെ അടുത്ത് കാറിന്റെ കണ്ടീഷൻ പരിശോധിക്കാനെന്ന വ്യാജേന നിൽക്കുന്നത് സുഹാന കണ്ടു…

സുൾഫിക്കർ മുറ്റത്തേക്ക് വന്നു..

ഉമ്മയ്ക്കും ബാപ്പയ്ക്കും നിർദേശങ്ങൾ കൊടുത്ത് റൈഹാനത്തും ഇറങ്ങി വന്നു…….

രവി കാർ തിരിച്ചിട്ടിരുന്നു…

“” പോയേക്കാം……. “

സുൾഫിക്കർ കാറിലേക്ക് കയറി.

സുഹാന സല്ലുവിനെ ഒന്ന് നോക്കിയ ശേഷം കാറിലേക്ക് കയറി..

അവൾക്കു പിന്നാലെ സ്കൂട്ടിയിലിരുന്ന ചെറിയ ബാഗുമെടുത്ത് സല്ലുവും കയറി…

മറുവശത്തുകൂടി കയറി നിഹ സുഹാനയുടെ മടിയിലിരുന്നു…

“” ഞാനിക്കാക്കയുടെ അടുത്തിരുന്നോളാം……. “

നിയ മറുവശത്തേക്ക് ഓടാൻ തുനിഞ്ഞതും റൈഹാനത്ത് അവളെ പിടിച്ചു നിർത്താൻ ശ്രമിച്ചു……

നിയ വാതിൽ തുറന്ന് സല്ലുവിന്റെ അടുത്തേക്കിരുന്നതും റൈഹാനത്ത് അവളെ വലിച്ചിറക്കി…..

സല്ലുവിന്റെ മുഖം ഒന്ന് വിളറിയത് സുഹാന ശ്രദ്ധിച്ചു…

“” ഒന്ന് കേറ് റൈഹാനത്തേ……. “”

സുൾഫിക്കർ ദേഷ്യപ്പെട്ടു…

റൈഹാനത്ത് നിയയേയും വലിച്ചുകൊണ്ട് മറുവശത്തേക്ക് കയറി..

“” പ്രായം തെകഞ്ഞ പെണ്ണാ… …. “

കാറിലേക്ക് ഇരിക്കുന്നതിനിടയിൽ റൈഹാനത്ത് പിറുപിറുക്കുന്നത് സുഹാന കേട്ടു…….

ഒരിടിമിന്നൽ അവളുടെ ഹൃദയത്തെ കുലുക്കിക്കളഞ്ഞു… ….

സല്ലുവും അത് കേട്ടിരിക്കാമെന്ന് സുഹാനയ്ക്ക് തോന്നി…

ചോര വറ്റിയ മുഖവുമായി അവൾ തിരിഞ്ഞു നോക്കിയതും സല്ലു പുറം കൈകൾ കൊണ്ട് മിഴികൾ തുടയ്ക്കുന്നത് അവൾ കണ്ടു …

തന്റെ ഹൃദയം ചിതറിത്തുടങ്ങുന്നത് അവളറിഞ്ഞു…….

കാർ നീങ്ങിത്തുടങ്ങിയിരുന്നു…

“” നല്ല ക്ഷീണമുണ്ട്. ഞാൻ ചിലപ്പോൾ ഉറങ്ങിപ്പോകും…… . അതാ നിന്നെ വിളിച്ചു വരുത്തിയത്…… “

സുൾഫി പറഞ്ഞു……

“ നീ ഉറങ്ങിക്കോ…… “”

രവി ഗിയർ ഡൗൺ ചെയ്തു കൊണ്ട് പറഞ്ഞു……

സുഹാന അവരുടെ സംസാരമൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല……

ആത്മാഭിമാനത്തിനേറ്റ അടി അവളെ അത്രയേറെ ഉലച്ചു കളഞ്ഞിരുന്നു……

രവി ഉള്ളതു കൊണ്ട് മാത്രം സുഹാന കടിച്ചു പിടിച്ചിരുന്നു……….
അവൾ ഒന്നുകൂടി അവനെ നോക്കി..

സല്ലു ഹെഡ്റെസ്റ്റിലേക്ക് തല ചായ്ച്ച് കിടക്കുന്നു……

അവന്റെ കവിളിൽ കണ്ണുനീരൊഴുകിയ പാട് കണ്ടതും അവളുടെ ഹൃദയം ആർദ്രമായി…

ഒരു കാമഭ്രാന്തനായി സല്ലുവിനെ മുദ്രകുത്തിയിരിക്കുന്നു…

നിയ അവന്റെ സഹോദരിയാണ്…

സല്ലു അവളെ ഒക്കത്തെടുത്ത് നടന്നിട്ടുണ്ട്……

നിഹയുടെ പ്രസവത്തിന് റൈഹാനത്ത് പോയപ്പോൾ നിയ കുറച്ചു കാലം നിന്നതും പഠിച്ചതും തന്റെ വീട്ടിൽ നിന്നാണ്……

അല്ലെങ്കിലും പതിമൂന്നോ പതിനാലോ വയസ്സുള്ള കുട്ടി അടുത്തിരുന്നാൽ , അതും സഹോദരി, ഉണരുന്ന കാമത്തിനടിമയാക്കി തന്റെ മകനെ ചിത്രീകരിച്ച റൈഹാനത്തിനെ സുഹാന അവജ്ഞയോടെ നോക്കി……

സുഹാന പതിയെ അവനരികിലേക്ക് നിരങ്ങിയിരുന്നു….

ഇടതു കൈത്തലമെടുത്ത് അവൾ അവന്റെ കവിളിൽ അരുമയോടെ ഒന്ന് തഴുകി..

സല്ലു ഞെട്ടി മുഖമുയർത്തി അവളെ നോക്കി…

“” സാരമില്ലടാ…….”

അവൾ മുഖമടുപ്പിച്ച് അവനു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു……

സല്ലു ദീനതയോടെ അവളെ നോക്കിയിരുന്നു…

നോക്കി നിൽക്കെ അവന്റെ മിഴികൾ നിറഞ്ഞു തുളുമ്പി…….

ഹൃദയം കരഞ്ഞ് സുഹാന അവന്റെ ശിരസ്സ് ചുമലിലേക്ക് ചായ്ച്ചു…

കാർ ഓടിക്കൊണ്ടിരുന്നു… ….

തന്റെ നിർബന്ധം കൊണ്ടാണ് അവൻ വന്നത്..

അതുകൊണ്ടാണ് അവൻ നാണം കെട്ട് ഇരിക്കേണ്ടി വന്നത്…….

സുൾഫി ഉറക്കത്തിൽ തന്നെയായിരുന്നു……

വടകര എത്തിയപ്പോൾ രവി കാർ ഒതുക്കി, ചായകുടിക്കാനിറങ്ങി…

അനിഷ്ടം പുറത്തു കാണിക്കാതെ സുഹാന സല്ലുവിനെയും നിർബന്ധിച്ച് ഇറക്കി…

യാത്ര വീണ്ടും തുടർന്നു…

മാഹിയിൽ നിന്ന് ഫുൾ ടാങ്ക് പെട്രോളടിച്ചു…

നിഹ ഉറങ്ങിത്തുടങ്ങി..

സുൾഫിക്കയും രവിയും സംസാരിക്കുന്നതൊന്നും സുഹാന ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല……

മട്ടന്നൂർ എത്തിയപ്പോൾ സന്ധ്യയാകാറായിരുന്നു…

കുറച്ച് ഉള്ളിലേക്കായിരുന്നു കല്യാണ വീട്…

സാധാരണ മലബാർ കല്യാണത്തിന്റെ ബഹളം… ….

പാട്ടും ഡാൻസും അരങ്ങേറിത്തുടങ്ങിയിരുന്നു…

സുൾഫിയേയും സുഹാനയേയും സുനൈന അകത്തേക്ക് സ്വീകരിച്ചിരുത്തി…

സുഹാന മണവാട്ടിക്ക് ഗിഫ്റ്റ് കൊടുക്കാനായി സല്ലുവിനെ വിളിച്ചെങ്കിലും അവൻ പോയില്ല……..

സല്ലു പുറത്ത് വഴിപോക്കനെപ്പോലെ നിൽക്കുന്നത് സുഹാന ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

സുനൈന സല്ലുവിനടുത്തേക്ക് ചെന്നു……

“ ഇയ്യെന്താടാ മാറിനിക്കണേ… ….?””

“” ഒന്നുമില്ല എളേമ്മാ… “

സല്ലു മറുപടി കൊടുത്തു……

“” അന്റെ തുണക്കാര് ഒരുപാട് ഉണ്ടിവിടെ…… ചെന്ന് അടിച്ചു പൊളിക്കെടാ……. “

അവൾ അവനെ ഉന്തിത്തള്ളിയിട്ടും അവൻ അനങ്ങാതെ നിന്നു…

“” അനക്ക് പറ്റിയ കുട്ടികളുണ്ടോന്ന് നോക്ക്…… ഇയ്യേതായാലും പൂതി കേറി നിൽക്കുവല്ലേ…….””

സുനൈന അവന്റെ കവിളിൽ ഒരു പിച്ചു കൊടുത്ത് ചിരിയോടെയാണ് പറഞ്ഞതെങ്കിലും സല്ലുവിന്റെ മുഖം വിളറി……

അത് സുനൈന തിരിച്ചറിയുകയും ചെയ്തു……

“” ഞാൻ ചുമ്മാ പറഞ്ഞതാടാ…… മൂസാനെ പിന്നെ കണ്ടിട്ടില്ല…… അനക്കു വേണ്ടീട്ട് ഞാൻ കൊടുത്തോളാം ഓന്……….””

രാത്രി ഭക്ഷണ ശേഷം സുനൈനയുടെ വീട്ടിലേക്കാണ് എല്ലാവരും പോയത്……

റൈഹാനത്ത് മകളെ ഒരു തരത്തിലും സല്ലുവിനടുത്തേക്ക് വിടാത്തത് സുഹാന ശ്രദ്ധിക്കുന്നുണ്ടായിരുന്നു……

സല്ലു സോഫയിലാണ് കിടന്നത്……

മറ്റുള്ള ബന്ധുക്കളും വന്നു ചേർന്നിരുന്നതിനാൽ സ്ഥല പരിമിതി വലിയ പ്രശ്‌നം തന്നെയായിരുന്നു……

“ ടീ………. ഞാൻ നേരത്തെ പോകും…… എനിക്കിങ്ങനെ ഇവിടെ നിൽക്കാൻ വയ്യ……….””

സുനൈനയെ കിടക്കാൻ നേരം തനിച്ചു കിട്ടിയപ്പോൾ സുഹാന പറഞ്ഞു……

“”എന്താ കാര്യം……….?””

സുനൈന ചോദിച്ചു……

സംഭവിച്ച കാര്യങ്ങൾ സുഹാന അവളെ അറിയിച്ചു……

“” കഴിഞ്ഞിട്ട് പോകാന്ന്……….””

സുനൈന അവളെ നിരുത്സാഹപ്പെടുത്തി……

“” ന്റെ കുട്ടിക്ക് വട്ടായിപ്പോകുമെടീ…… നീ കണ്ടില്ലേ ഓന്റെ കോലം……….””

സുഹാനയുടെ ശബ്ദം ഇടറിയിരുന്നു……

സുഹാന സല്ലു ഗൾഫിൽ നിന്ന് വന്നതിനു ശേഷമുള്ള കാര്യങ്ങൾ വിശദീകരിച്ചു…

എല്ലാം കേട്ടതും സുനൈന സ്തബ്ധയായി നിന്നു……

“”ഓൻ തെറ്റുകാരനല്ല…… പക്ഷേ, ഇങ്ങനെപോയാൽ…………….””

ബാക്കി സുഹാന പറഞ്ഞില്ല……
“ സുൾഫിക്ക ചോദിക്കുമ്പോൾ…….?””

സുനൈന അവളെ നോക്കി……….

“”ഇയ്യ് പോയി എന്ന് പറഞ്ഞാൽ മതി…… ഫോൺ വിളിച്ചാലോ ചോദിച്ചാലോ കാര്യം ഞാൻ പറഞ്ഞോളാം……””

സുഹാനയുടെ വാക്കുകൾ ദൃഡമായിരുന്നു

രാവിലെ സുഹാന സല്ലുവിനെ വിളിച്ച് എഴുന്നേൽപ്പിക്കുകയാണ് ഉണ്ടായത്……

അല്ലെങ്കിലും കഴിഞ്ഞ രാത്രി അവൾ ഉറങ്ങിയിരുന്നില്ല…

കുളി കഴിഞ്ഞ് വേഷം മാറി സുനൈനയോട് മാത്രം യാത്ര പറഞ്ഞ് , ബാഗുമെടുത്ത് ഇരുവരും റോഡിലേക്കിറങ്ങി……

“” എങ്ങോട്ടാണുമ്മാ…….?”

അവളെ അനുഗമിക്കുന്നതിനിടയിൽ അവൻ ചോദിച്ചു …

“” വീട്ടിലേക്ക്……..””

പിന്തിരിയാതെ അവൾ പറഞ്ഞു.

സല്ലു അത്ഭുതം വിടാതെ അവളെ പിന്തുടർന്നു…

കല്യാണ വീട്ടിലേക്ക് ആളെ കൊണ്ടുവന്നു, തിരികെ ഇറങ്ങിയ ഒരു ഓട്ടോറിക്ഷ അവൾ കൈ കാണിച്ചപ്പോൾ നിന്നു…

ഇരുവരും ഓട്ടോയിലേക്ക് കയറി…

“” മട്ടന്നൂർ………..””

അവൾ സ്ഥലം പറഞ്ഞു…

ഓട്ടോ ഓടിത്തുടങ്ങി… ….

സല്ലുവിന്റെ മുഖത്തെ പിരിമുറുക്കം മാഞ്ഞു തുടങ്ങുന്നത് സുഹാന ശ്രദ്ധിച്ചു…

ഓട്ടോക്കാരന് കാശു കൊടുത്ത് അവർ മട്ടന്നൂരിറങ്ങി…

“” അനക്ക് വഴിയറിയോ…….?””

ബസ്റ്റാൻഡിലെത്തിയതും അവൾ ചോദിച്ചു……

“” ഉം… …. “

അവൻ മൂളി…

തലശ്ശേരിക്ക് ബസ് കിടപ്പുണ്ടായിരുന്നു……

ഇരുവരും ബസ്സിൽ കയറി…

ഒരു സീറ്റിലാണ് ഇരുവരും ഇരുന്നത്……

“” ഇയ്യവള് പറഞ്ഞതൊന്നും കാര്യമാക്കണ്ട .. “”

സല്ലു നിർവ്വികാരതയോടെയിരുന്നു…

“” നിക്കറിയാം ന്റെ കുട്ടി തെറ്റുകാരനല്ലാന്ന്…….””

അവന്റെ വലതു കൈ എടുത്ത് സുഹാന കൂട്ടിപ്പിടിച്ചു…

സല്ലു അവളെ ഉറ്റുനോക്കുക മാത്രം ചെയ്തു……

ബസ് ഇളകിത്തുടങ്ങി……

തലശ്ശേരി എത്തുന്നവരെ പിന്നീടിരുവരും സംസാരിച്ചില്ല…

തലശ്ശേരിയിൽ നിന്ന് ഇരുവരും ചായ കുടിച്ചു…

സുഹാന ഫോണെടുത്തു നോക്കിയപ്പോൾ സുൾഫിയുടെ എട്ട് മിസ്ഡ് കോൾ കണ്ടു……

അവൾ സൈലന്റ് മോഡിൽ ഇട്ടിരിക്കുകയായിരുന്നു…

“” അന്റെ ഫോണെവിടെ………..?”

സുഹാന തിരക്കി ….

“” സൈലന്റിലാ…””

അവൻ പാന്റിന്റെ കീശയിൽ തൊട്ട് പറഞ്ഞു……

സുഹാന സുൾഫിക്കറിനെ തിരികെ വിളിച്ചു……

രണ്ടാമത്തെ ബെല്ലിന് സുൾഫി ഫോണെടുത്തിരുന്നു……

ശകാരം മുഴുവനും സുഹാന കേട്ടു നിൽക്കുന്നത് സല്ലു ശ്രദ്ധിക്കുന്നുണ്ടായിരുന്നു ….

കണ്ണൂർ – പാലക്കാട് ഒരു ഫാസ്റ്റ് പാസഞ്ചർ വരുന്നതു കണ്ടതും സല്ലു സുഹാനയേയും വലിച്ച് ബസ്സിനടുത്തേക്കു ചെന്നു…… .

തിരക്കുണ്ടായിരുന്നു ബസ്സിൽ…

മുന്നിൽ നിന്നും പിന്നിൽ നിന്നും ആളുകൾ ഇടിച്ചു കയറിയതോടെ സുഹാന ഞെരുങ്ങി……

സീറ്റിനടുത്തേക്ക് അവളെ വലിച്ചു നിർത്തി, സല്ലു അവൾക്കു പിന്നിൽ ഒരു കവചം തീർക്കുന്നതു പോലെ നിൽക്കുന്നത് സുഹാന അറിയുന്നുണ്ടായിരുന്നു…

മുകളിലെ പൈപ്പിൽ കൈ എത്തിപ്പിടിച്ചു നിൽക്കുക സുഹാനയ്ക്ക് സാദ്ധ്യമല്ലായിരുന്നു……

സീറ്റിന്റെ കമ്പിയിൽ പിടിച്ച്, സുഹാന നിന്നു..

ബസ്സ് ഓടിത്തുടങ്ങി…

ഒരു വശത്ത് മൂന്നുപേർക്കുള്ള സീറ്റും , മറുവശത്ത് രണ്ടു പേർക്കുള്ള സീറ്റുമായിരുന്നു ബസ്സിനുണ്ടായിരുന്നത്.

അടുത്ത സ്റ്റോപ്പിൽ ബസ്സ് നിർത്തിയപ്പോൾ ഇറങ്ങിയ ആളുകളെക്കാൾ കൂടുതൽ കയറുവാനുണ്ടായിരുന്നു……

സല്ലു അവളോട് ഒട്ടിത്തുടങ്ങി ….

വലതു വശത്ത് നിന്നിരുന്ന മദ്ധ്യവയസ്കൻ സുഹാനയിലേക്കടുത്തതും സല്ലു , അവളുടെ ഇടുപ്പിൽ കൈ ചുറ്റി തന്നിലേക്ക് അടുപ്പിച്ചു നിർത്തി……

സുഹാന മുഖം ചെരിച്ച്, അവനെ നോക്കി പുഞ്ചിരിച്ചു…

സല്ലു നിർവ്വികാരനായി നിന്നതേയുള്ളു…

ചുമലിലെ ബാഗ് വലതു വശത്തേക്കാക്കി , അയാൾ അവളെ സ്പർശിക്കാനിടവരാതെ സല്ലു ശ്രദ്ധിച്ചു…

അത് സുഹാന അറിയുന്നുണ്ടായിരുന്നു…

തന്നോട് അവന് സ്നേഹമുണ്ട്… ….

തന്നെ സംരക്ഷിച്ചു കൂടെ നിർത്തുന്നുമുണ്ട്…….

പിന്നെ എന്താണ് സംഭവിച്ചത്… ?

എവിടെയാണ് പിഴച്ചത്… ?

സീറ്റ് കിട്ടാൻ ബസ്സ് മുക്കം എത്തേണ്ടിവന്നു……

ഇടതു വശത്തെ രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റ് കിട്ടിയതും സല്ലു അവളെ വിൻഡോയ്ക്കരുകിലേക്കാക്കി…

ബാഗുമായി , അവനും കയറിയിരുന്നു ….

ഷാളെടുത്ത് തലവഴി മൂടി, അവൾ അവനെ നോക്കി …
സല്ലു പക്ഷേ ഗൗരവത്തിൽ തന്നെയായിരുന്നു……

സീറ്റ് കിട്ടിയതും സുഹാന ചെറുതായി മയങ്ങിത്തുടങ്ങി……

ഇടയ്ക്കവൾ അവന്റെ ചുമലിലേക്കും തല ചായ്ച്ചിരുന്നു…

മഞ്ചേരിയിൽ ബസ്സിറങ്ങി , സുൾഫിയുടെ വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷ വിളിച്ചാണ് ഇരുവരും പോയത്……

ഉമ്മയേയും ബാപ്പയേയും കാര്യം പറഞ്ഞു മനസ്സിലാക്കി തന്നെയാണ് സുഹാന , സല്ലുവുമായി സ്കൂട്ടിയെടുത്തു തിരിച്ചത്……

ആ സമയങ്ങളിലൊക്കെ , ഒന്നും ശബ്ദിക്കാതെ ഒരാജ്ഞാനുവർത്തിയായി സല്ലു അവൾക്കൊപ്പം നിന്നു…

അബ്ദുറഹ്മാൻ എത്തിയിരുന്നില്ല……

ഫാത്തിമ, അവരോട് കല്യാണവിശേഷങ്ങൾ തിരക്കിയത് സുഹാന വെറും മൂളലിലൊതുക്കി…….

“” അങ്ങോട്ട് പോയപ്പോൾ മോനുമാത്രമായിരുന്നു കുഴപ്പം.. ഇപ്പോൾ ഉമ്മയ്ക്കുമായോ…….?””

ഫാത്തിമ പിറുപിറുത്തു കൊണ്ട് സ്ഥലം വിട്ടു…

സല്ലുവും സുഹാനയും കുളി കഴിഞ്ഞ് ചായകുടിക്കുമ്പോഴാണ് അബ്ദുറഹ്മാന്റെ വരവ്…

അയാൾ അകത്തേക്ക് കയറിയതും മുറ്റത്തേക്ക് സുൾഫിയുടെ ഇന്നോവ വന്നു നിന്നു…

സല്ലു സുഹാനയെ നോക്കി……….

അവൾ എഴുന്നേറ്റതും സുൾഫി ഹാളിലെത്തിയിരുന്നു…

“” ഇക്കായിരിക്ക്… …. ഞാൻ ചായയെടുക്കാം……. “

സുഹാന പറഞ്ഞതും സുൾഫിക്കർ കൈ ഉയർത്തി വിലക്കി……

“” അനക്കറിയോ… …. .അന്നെയും അന്റെ അനിയത്തീനേം നിക്കാഹ് കഴിപ്പിച്ചയക്കാൻ പതിനെട്ടു തികഞ്ഞതിന്റെ പിറ്റേന്ന് വെയിലു കൊള്ളാൻ തുടങ്ങിയവനാ ഞാൻ…. യത്തീമായിട്ടല്ല, ഹൂറികളായിട്ടു തന്നാ ഇങ്ങളെയൊക്കെ ഞാൻ പറഞ്ഞയച്ചതും……. “

കാര്യമെന്തെന്നറിയാതെ അബ്ദുറഹ്മാനും ഹാളിലേക്കു വന്ന ഫാത്തിമയും അമ്പരന്നു നിന്നു…

“ ആ എന്നെ തോല്പിക്കാൻ മാത്രം ഇയ്യ് വളർന്നു അല്ലേ……….?””

അവസാനമായപ്പോഴേക്കും സുൾഫിയുടെ ശബ്ദമിടറി……

“ ന്റെ ഇക്കാനെ തോൽപ്പിക്ക്വേ……..””

സുഹാന അയാളിലേക്കടുത്തു…

“” എന്റെയും ഇക്കാന്റെയും കൂടെപ്പിറന്ന ഒരുത്തനുണ്ടല്ലോ…… , അവൻ കാണിച്ച ചെറ്റത്തരത്തിന് ന്റെ മോനെ പഴി പറയുന്നത് കേട്ടു നിൽക്കാൻ നിക്കാവാഞ്ഞിട്ടാ…….””

അവളും വിങ്ങിത്തുടങ്ങിയിരുന്നു…

“” നിയ ന്റെ മോളാ………. സല്ലുവിന്റെ പെങ്ങളാ… ഓള് അടുത്തിരുന്നാൽ ന്റെ ചെക്കന് എന്ത് തോന്നലുണ്ടാകൂന്നാ ഇക്കാടെ പുതുപ്പണക്കാരി മണവാട്ടി കരുതിയേ…..?””

ഒരു നടുക്കം സുൾഫിയിലുണ്ടായത് സുഹാന കണ്ടു……

അമ്മാവനോട് അത്ര ധൈര്യത്തോടെ നേർക്കുനേർ നിന്ന് സംസാരിക്കുന്ന ഉമ്മയെ അമ്പരപ്പോടെയും അവിശ്വസനീയതയോടെയും സല്ലു നോക്കി നിന്നു..

“” ഇക്കാക്കാനോട് നിക്ക് ഒന്നൂല്ലാ…””

സുഹാനയുടെ ശബ്ദമിടറി…

“ ഇക്ക റൈഹാനത്തിനോട് ഒന്നും ചോദിക്കാൻ നിക്കണ്ട… പിന്നെ വാശിക്ക് വല്ലതും കൂട്ടിച്ചേർത്തു പറയും… ….””

സുൾഫിക്കർ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായ മട്ടിൽ അനങ്ങാതെ നിന്നു…..

“” വെന്തുരുകിയാ ഞാനും ഇവനും ആ വണ്ടീലിരുന്നേ………. “

സുഹാന സല്ലുവിനെ തന്റെയരികിലേക്ക് വലിച്ചു നിർത്തി……

“” ഇക്കയായിട്ടും ഷെരീഫിക്കയായിട്ടും, ഉമ്മയായിട്ടും കഴിഞ്ഞ രണ്ടു മൂന്നു മാസമായിട്ടു സമാധാനമെന്തെന്ന് ഞാനറിഞ്ഞിട്ടില്ല……ന്റെ ഉപ്പാനേം ഉമ്മാനേം നോക്കാൻ ന്റെ കുട്ടിയെ ഞാൻ പറഞ്ഞു വിട്ടതാ ആകെ ചെയ്ത തെറ്റ്…….”

സുഹാന പൊട്ടിയടർന്ന് ജ്വലിച്ചു തുടങ്ങിയിരുന്നു…

“”ന്റെ സ്വന്തം ആങ്ങള ചെയ്ത തെറ്റിന് ഞാൻ ആരോടു പറയാൻ…….?….””

“” മോളേ……….””

മതി എന്ന അർത്ഥത്തിൽ അബ്ദുറഹ്മാൻ വിളിച്ചു…

“”ങ്ങക്കും എല്ലാം അറിഞ്ഞുകൂടെ ഉപ്പാ……………”

സുഹാന അബ്ദുറഹ്മാനു നേരെ തിരിഞ്ഞു…

അയാൾ ദൃഷ്ടികൾ മാറ്റിക്കളഞ്ഞു…

“” സല്ലുവും എന്നോട് മിണ്ടിയിട്ട് മാസങ്ങളായി… “”

സുഹാന തുടർന്നു…

സൽമാനെ സുൾഫി നോക്കിയതും അവൻ മുഖം കുനിച്ചു………

“ ഇനിയും ന്റെ കുട്ടി ന്നോട് മിണ്ടാതിരുന്നാൽ……..””

കരച്ചിലിന്റെ വക്കോളമെത്തിയ സുഹാന ഒന്ന് ശ്വാസം ഏങ്ങിവലിച്ചു……

“” ഞാനുള്ളപ്പോൾ ന്റെ കുട്ടിയെ ആരും ഒന്നും പറയണ്ട… ന്റെ മുന്നിൽ വെച്ചും വേണ്ട………. “

സല്ലുവിന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു…

“” കുടുംബത്തിൽ പെടാത്ത ഒരാള് വണ്ടീലുണ്ടായിപ്പോയി… അല്ലേൽ അപ്പോ ഞാൻ മറുപടി കൊടുത്തേനേ………..””
“” മതി……..”

സുൾഫി അവൾക്കടുത്തേക്കു വന്നു……

“” ഓള് പറഞ്ഞത് ഇയ്യ് കാര്യാക്കണ്ട… …. “

സുൾഫി, അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

“” അതേ ഇക്കാക്കാ………. അവസാനം എല്ലാർക്കും ഇതേ പറയാനുണ്ടാകൂ…… കാര്യാക്കണ്ടാന്ന്… …..””

സുഹാന തട്ടമെടുത്ത് മുഖം തുടച്ചു…

“”ന്റെ കുട്ടി, നാടു വിട്ടാലും വല്ലതും ചെയ്തു പോയാലും അവസാനം എല്ലാർക്കും ഇതേ പറയാനുണ്ടാകൂ… ….””

സുൾഫിയും അബ്ദുറഹ്മാനും ഒരു നടുക്കത്തിൽ മുഖമുയർത്തി…..

“” നഷ്ടം നിക്ക് മാത്രാ…….. നിക്ക് മാത്രം… ….””

വീണ്ടും ഒലിച്ചു തുടങ്ങിയ മിഴികളോടെ സുഹാന സല്ലുവിനെ തന്റെ നെഞ്ചിലേക്ക് ചേർത്തു…

“” കാരണം ഓനെ നൊന്തുപെറ്റത് ഞാനാ……. “

“” ഉമ്മാ……..””

വിങ്ങിക്കരഞ്ഞു കൊണ്ട് സല്ലു അവളുടെ നെഞ്ചിലേക്ക് മുഖമണച്ചു……

“” ഓനെ ശാസിക്കാനും ഞാൻ മതി… …. “

സുഹാന സല്ലുവിനെ ചേർത്തുപിടിച്ച് കൂട്ടിച്ചേർത്തു………..



(തുടരും……..)