ഗോൾ – 4



ചെവി കൊട്ടിയടച്ച പോലെ സുഹാന ഫാത്തിമക്ക് മുൻപിൽ നിന്നു…

സല്ലു… ….!

തന്റെ മകൻ…… !

“” വളർത്തു ദോഷം… അല്ലാതെന്താ… ?””

ഫാത്തിമ ആരോടെന്നില്ലാതെ പറഞ്ഞു……

പറഞ്ഞത് തന്നോടാണെന്ന് സുഹാനക്കറിയാമായിരുന്നു..

പക്ഷേ കേട്ടത് വിശ്വസിക്കാനാവാതെ നിന്ന അവൾക്ക് മറുപടി പറയുക എന്നത് ചിന്തയിൽ പോലും വന്നില്ല…

“”ന്റെ മക്കൾ ഇതുവരെ ഒന്നും പെഴച്ചിട്ടില്ല… അങ്ങനുള്ള അമ്മോൻമാര് തറവാട്ടിലുമില്ലായിരുന്നു………….””

കുത്ത് തുടങ്ങിയിരിക്കുന്നു…

മൂസയെ കയ്യിൽ കിട്ടിയാൽ അടിച്ചു കരണം പുകയ്ക്കാൻ സുഹാനയുടെ കൈ തരിച്ചു…

ഓൻ ബന്ധമൊഴിഞ്ഞു നടക്കുമ്പോൾ ഇമ്മാതിരി കാര്യങ്ങളിലൊന്നും താല്പര്യമില്ലാന്ന് കരുതി…

ഇതിപ്പോ… ?

ചെലവിന് കൊടുക്കാതെ കാര്യം നടത്താൻ ഓൻ കണ്ടെത്തിയ വഴിയായിരിക്കും……

അതിന് അവന് പോയാൽപ്പോരേ…

തന്റെ മോനേയും കൂട്ടി… ….

ഫാത്തിമയോട് മറുപടി പറയാതെ സുഹാന മുകളിലേക്ക് കയറി..

തലക്ക് പിരാന്ത് പിടിക്കുന്നു…

ജനലരികിൽ ചെന്ന് സുഹാന പുറത്തേക്ക് എത്തി നോക്കിക്കൊണ്ടിരുന്നു..

സല്ലുവിന്റെ ചെയ്തികൾ ഓരോന്നും അവൾ പിന്നിലേക്ക് ഓടിച്ചു നോക്കി…

ഇല്ല… !

അങ്ങനെയൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല…

പെൺകുട്ടികൾ അങ്ങനെയൊന്നും വഴി പിഴക്കില്ല……

പക്ഷേ ആൺകുട്ടികൾ………..?

മുറിക്കുള്ളിൽ സുഹാന എരിപൊരി സഞ്ചാരം കൊണ്ടു..

നാണക്കേട്…… !

അപമാനം…… !

ഇനിയെങ്ങനെ പുറത്തിറങ്ങി നടക്കുമെന്ന് സുഹാന മനസ്സിലോർത്തു……

ഫോൺ ബല്ലടിച്ചതും സുഹാന ഒന്നു നടുങ്ങി……….

ഇക്ക……..!

വിറച്ചു കൊണ്ട് അവൾ ഫോണെടുത്തു……

“ ഓനവിടെ എത്തിയോ………?””

ഷെരീഫിന്റെ സ്വരം അവൾ കേട്ടു…

“ ഇല്ല……..””

“” ആ ദജ്ജാറിനെ പൊരയ്ക്കകത്ത് കേറ്റരുത്… തറവാട് മുടിക്കാൻ… …. “

സുഹാന ഒന്നും മിണ്ടിയില്ല…

“” ഞാൻ വരുന്നുണ്ട്………. “

അത്രയും പറഞ്ഞിട്ട് ഷെരീഫ് ഫോൺ കട്ടാക്കി…

ഇക്ക സല്ലുവിനെ കൊല്ലാനും മടിക്കില്ലെന്ന് അവൾക്ക് തോന്നി……

അടുത്ത കോൾ സുൾഫിക്കറിന്റെയായിരുന്നു…

വിഷയം അതു തന്നെ..!

സംസാരത്തിൽ ശകലം മയമുണ്ടായിരുന്നു എന്ന് മാത്രം…

“” അനക്ക് ഭ്രാന്തായിരുന്നോ മൂസേടടുത്തേക്ക് ഓനെ പറഞ്ഞു വിടാൻ… ?””

“” അതിക്കാ… ….””

അവൾ നിന്നു വിക്കി… ….

“” ഓനോ വെളിവില്ല… അനക്കും ഇല്ലാണ്ടായോ………?””

സുഹാന നിശബ്ദം നിന്നു…

“” ഞാൻ വരുന്നുണ്ട്… …. “

സുൾഫിക്കറും ഫോൺ കട്ടാക്കി… ….

എല്ലാം കൂടി വന്ന് ഒരു ലഹളയ്ക്കുള്ള പുറപ്പാടാണെന്ന് സുഹാനയുടെ മനസ്സ് പറഞ്ഞു..

തെറ്റ് ചെയ്തത് സല്ലുവാണ്…….

പക്ഷേ എല്ലാത്തിനും ഉത്തരം നൽകേണ്ടത് താനാണ്……….

കാരണം താനവന്റെ ഉമ്മയാണ്…

മക്കൾ വലിയ നിലയിലെത്തിയാൽ ബാപ്പയുടെ പേരോ, തറവാട്ടു മഹിമയോ പറഞ്ഞ് നിർവൃതിയടയുന്നവർ ഉമ്മയുടെ കഷ്ടപ്പാട് സാധാരണ കാണാറില്ല…

മക്കൾ നശിച്ചാലോ… ….?

അതിനുത്തരവാദി ഉമ്മ മാത്രമാണ്…

ഇവിടെയും അതിനു മാറ്റമില്ല… ….

പ്രഭാത കൃത്യങ്ങൾ ചെയ്യാൻ വരെ മറന്ന് ജനാലയ്ക്കൽ പുറത്തേക്ക് നോക്കി സുഹാന നിന്നു…

കടയിൽ പോകുന്നില്ല…

മകനെ വേശ്യയുടെ വീട്ടിൽ നിന്ന് പിടികൂടിയ കാര്യം മഞ്ചേരി മൊത്തം അറിഞ്ഞു കാണും…

ബാപ്പ രാഷ്ട്രീയവുമായി നടക്കുന്നതിനാൽ എങ്ങനെയൊക്കെ ഒതുക്കിത്തീർത്താലും എതിർ പാർട്ടിക്കാർ മണത്തറിഞ്ഞ് കുത്തിപ്പൊക്കുമെന്നുറപ്പ്…

മൂസയെക്കൊണ്ട് ഒന്നിനും കൊള്ളില്ല……

ബാപ്പയ്ക്കും ഉമ്മയ്ക്കും ഒരു സഹായമാകട്ടെ എന്ന് കരുതി നിർത്തിയതാണ്…

പക്ഷേ അതിങ്ങനെ കറങ്ങി തിരിഞ്ഞു വരുമെന്ന് കിനാവിൽ പോലും കരുതിയില്ല……

അല്ലെങ്കിലും മൂസ……..?

ന്റെ റബ്ബേ……………….!

സുഹാന ഉള്ളു കൊണ്ട് കരഞ്ഞു തുടങ്ങിയിരുന്നു…

അടുത്ത നിമിഷം ഗേയ്റ്റ് കടന്നു വരുന്ന കാർ അവൾ കണ്ടു..

സമയം പാഴാക്കാതെ അവൾ പടികൾ ഓടിയിറങ്ങി ……….

മെയിൻ ഡോർ അവൾ വലിച്ചു തുറന്ന് സിറ്റൗട്ടിലേക്ക് വന്നു…

ആദ്യമിറങ്ങിയത് അബ്ദുറഹ്മാനാണ്…

അയാൾ ഇടതു ചെവിയോട് ചേർത്ത് ഫോൺ വെച്ചിരുന്നു……
കാറിനു മുന്നിലൂടെ വന്ന് അയാൾ മറുവശത്തെ ഡോർ തുറന്നു…

സല്ലുവിനെ ബാപ്പ പിടിച്ചിറക്കിയത് സുഹാന കണ്ടു…

അവൾ മുറ്റത്തേക്ക് എത്തിയതും ഫാത്തിമ സിറ്റൗട്ടിലെത്തിയിരുന്നു……

ഒരൊറ്റ ഓട്ടത്തിന് സുഹാന സല്ലുവിന്റെ മുന്നിലെത്തി.

കാറിൽ നിന്ന് പുറത്തിറങ്ങിയ സല്ലുവിന്റെ ഇടതു കവിളടച്ച് ഒരടി വീണു…

“” ഹറാം പിറന്നോനേ…… “

സുഹാന ഗർജ്ജിച്ചു……

അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചുലച്ച് അവൾ ഒരടി കൂടി കൊടുത്തു…

മരവിച്ച മുഖവുമായി സല്ലു ഇത്തവണ മുഖമുയർത്തി……

സുഹാന അന്ധാളിച്ചു പോയി…

മുഖത്ത് മുറിപ്പാടുകൾ…

കവിളിലും പുരികങ്ങളിലും രക്തവും ഓയിൽമെന്റും കൂടിക്കുഴഞ്ഞ് നീരൊഴുകിയ പാട്…….

“” നാട്ടുകാര് അത്യാവശ്യത്തിന് കൊടുത്തിട്ടുണ്ട്……ഇനി നീ കൂടി തല്ലണ്ട… “

അബ്ദുറഹ്മാൻ അവളുടെ കൈയ്യിൽ പിടിച്ച് പിന്നോട്ടു വലിച്ചു…

അവനെ തല്ലിപ്പോയല്ലോ എന്നൊരു ചിന്ത സുഹാനയിലുണ്ടായി…

ദൈന്യവും അപമാനവും സങ്കടവും സല്ലുവിന്റെ മുഖത്തു കണ്ട് അവളുടെ മനസ്സൊന്നിടിഞ്ഞു…

ഇരുവരെയും ശ്രദ്ധിക്കാതെ അബ്ദുറഹ്മാൻ അകത്തേക്ക് കയറിപ്പോയി…

“ സല്ലൂ………..”

സുഹാന പൊട്ടിയടർന്ന് വിളിച്ചു…

സൽമാൻ പതിയെ കുനിഞ്ഞു പോയ മുഖമുയർത്തി…

“” നീയിത്ര അധ:പ്പതിച്ചു പോയല്ലോടാ… …. “

ഉമ്മയുടെ വാക്കുകൾക്ക് മുന്നിൽ ഉത്തരമില്ലാതെ അവൻ ചൂളിപ്പിടിച്ചു നിന്നു…

പിന്നെ ഒരു നിമിഷം പാഴാക്കാതെ അവളെ മറികടന്ന് അവൻ വേഗത്തിൽ വീടിനു നേർക്ക് നടന്നു.

ഫാത്തിമ അവനെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു..

സുഹാന പതിയെ വീടിനകത്തേക്ക് കയറി..

ഫാത്തിമയും അബ്ദുറഹ്മാനും ചർച്ചയിലായിരുന്നു……

സല്ലു മുകളിലെ മുറിയിലേക്ക് പോയിക്കാണുമെന്ന് സുഹാന ഊഹിച്ചു……

അവളും മുകളിലേക്ക് കയറാൻ തുനിഞ്ഞതും അബ്ദുറഹ്മാൻ വിളിച്ചു……

“” മോള് നില്ക്ക്……..””

സുഹാന ഹാൻഡ് റെയിലിൽ പിടിച്ച് തിരിഞ്ഞു നിന്നു…

“” അവനോട് ഇപ്പോഴൊന്നും ചോദിക്കണ്ട… വല്യ കാര്യമാക്കണ്ട… “

“” ഇത് വല്യ കാര്യമല്ലേ… ….?””

ചോദിച്ചത് ഫാത്തിമയാണ്…

“” ഇയ്യ് വായടക്ക്… ….””

അബ്ദുറഹ്മാൻ ഭാര്യയ്ക്ക് താക്കീതു നൽകി…

“” ഞാനെന്തിനാ നാവടക്കണേ……. മക്കളെ ഗൊണദോഷിച്ചു വളർത്തണം… ഓന്റെ കളി പിരാന്ത് മാറാൻ കടയിട്ടു കൊടുത്തതല്ലേ… അത് പറ്റാഞ്ഞിട്ട് പോയതല്ലേ… “

സംഗതി ശരിയാണ്…

സല്ലുവിന്റെ കളിഭ്രാന്തിന് ശമനം കിട്ടാനാണ് ഷെരീഫ് കട തുടങ്ങിയത്……

അവസാനം അത് സുഹാനയിൽ എത്തിച്ചേരുകയായിരുന്നു……

ഫാത്തിമയുടെ വാക്കുകളിൽ സുഹാനയ്ക്ക് അത്ഭുതമൊന്നും തോന്നിയില്ല…

ഉമ്മ ദീനിയാണ്…

യാഥാസ്ഥിതികയാണ്…

മുഖം മറയ്ക്കാതെ പുറത്തിറങ്ങിയാൽ തന്നെ സിറാത്ത് പാലം കടക്കേണ്ടി വരുമെന്ന് കരുതി ജീവിക്കുന്നവരാണ്……

“ ഒരമ്മോനും മര്യോനും… ….””

പറഞ്ഞിട്ട് ഫാത്തിമ അടുക്കളയിലേക്ക് പോയി …

“” ഇയ്യത് കാര്യാക്കണ്ട… …. “

അബ്ദുറഹ്മാൻ കസേരയിൽ നിന്ന് എഴുന്നേറ്റു…

“” നമ്മള് വിചാരിച്ച പോലെയൊന്നുമില്ല… മൂസ അവിടെ പോകാറുണ്ടായിരുന്നു… സല്ലു ഓനെ കൂട്ടാൻ പോയതാ… …. “”

സുഹാന ഒരു നിശ്വാസം പൊഴിച്ചു…

“ മൂസാനെ ഒന്ന് കയ്യിൽ കിട്ടണം…… പൊറത്തായതു കൊണ്ടാ ഞാൻ വെറുതെ വിട്ടത്……””

ബാപ്പ അവന് നാലെണ്ണം കൊടുക്കുന്നതിൽ സുഹാനയ്ക്കും എതിർപ്പില്ലായിരുന്നു…

“” സല്ലുവിനെ ഒന്ന് ശ്രദ്ധിച്ചാൽ മതി… ഓൻ വല്ല കുരുത്തക്കേടും കാണിക്കാതെ… “

ബാപ്പ പറഞ്ഞതു കേട്ട് സുഹാനയിൽ ഒരുൾക്കിടിലമുണ്ടായി…….

“” ഷെരീഫ് നാളെ എത്തുമായിരിക്കും…… ഓൻ വന്നിട്ടാകട്ടെ ബാക്കി… പ്രശ്നങ്ങളൊന്നും വരാതെ ഞാൻ ചെയ്തിട്ടുണ്ട്… …. “

ബാപ്പയെ ഒന്നു കൂടി നോക്കിയ ശേഷം സുഹാന പടികൾ കയറി…

മുകൾ നിലയിൽ കോറിഡോറിന് അഭിമുഖമായിട്ടായിരുന്നു ഇരുവരുടെയും മുറി…

മുറികളും ബാത്റൂമും കഴിഞ്ഞുള്ള സ്ഥലത്ത് ചതുര പൈപ്പുകളിൽ ഷീറ്റിട്ടിരിക്കുകയാണ്……

മഴക്കാലത്ത് തുണികൾ ഉണങ്ങാനാണ് അവിടം ഉപയോഗിക്കുന്നത്…

സല്ലുവിന്റെ മുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു…

കിടക്കയിൽ മുഖം ഭിത്തിക്കഭിമുഖമായി വെച്ച് സല്ലു കിടക്കുന്നത് അവൾ കണ്ടു…
മകനെ തല്ലിയതിൽ മനസ്താപം തോന്നിയെങ്കിലും അവനോട് ക്ഷമിക്കാൻ അവളുടെ മനസ്സ് പാകപ്പെട്ടിരുന്നില്ല…

മൂസ അവനെ വിളിച്ചത് തെറ്റ്…….

സല്ലുവിന് ഒഴിഞ്ഞു മാറാമായിരുന്നു…

താൻ വിളിച്ചതുമായിരുന്നു…

കൗമാര സഹജമായ കാര്യം തന്നെയാണത്..

അത് സംഭവിച്ചുകൂടാത്തതാണെങ്കിൽ കൂടിയും…

വഴി പിഴയ്ക്കുന്ന സമയം കൂടിയാണ്…

ആ സമയം അവളുടെ ഉള്ളിൽ നെറ്റി കയറിയ , ചട്ടുകാലുള്ള ആൾ ഒന്നു മിന്നി…

നായിന്റെ മോൻ… !

നാറിയ കഥകളെഴുതി പിള്ളേരെ വഴി തെറ്റിക്കാൻ നടക്കുന്നു…

സല്ലുവിനും ഫോണുണ്ടല്ലോ…

അവനും വായിക്കുന്നുണ്ടാകും…

അതൊക്കെ വായിച്ചാകും ഇമ്മാതിരി വൃത്തികെട്ട പണിക്കിറങ്ങിയത്……

ഇനി സല്ലുവും തന്നെ ആ രീതിയിൽ കാണുന്നുണ്ടോ എന്നൊരു സംശയവും ഭീതിയും ഒരേ സമയം അവളിലുണ്ടായി……

എങ്കിൽ അവനെ കൊന്നിട്ട് ജയിലിൽ പോകുമെന്ന് അവൾ മനസ്സിൽ ഊട്ടിയുറപ്പിക്കുകയും ചെയ്തു…

ഉച്ചയ്ക്ക് അവൾ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും സല്ലു എഴുന്നേറ്റതേയില്ല..

ചായയും കുടിച്ചില്ല …

സുഹാന നിർബന്ധിക്കാനും പോയില്ല…

മണിക്കൂറുകൾ പോകെ, തനിക്കിനി മകനെ പഴയ സല്ലുവായി കാണാൻ കഴിയില്ലെന്ന് അവളറിഞ്ഞു തുടങ്ങി…

ഒരു സംശയത്തോടെ മാത്രമേ അവനെ ഇനി കാണാനാകൂ…

പഴയ സല്ലുവിനെ തിരികെ കിട്ടില്ല…

സൽമാൻ ഒരേ കിടപ്പു തന്നെയായിരുന്നു……

അബ്ദുറഹ്മാൻ വീണ്ടും പുറത്തേക്ക് പോയി..

അതിനാൽത്തന്നെ ഫാത്തിമയെ നേരിടാനുള്ള മടി കൊണ്ട് സുഹാനയും താഴേക്കിറങ്ങിയില്ല…

കാൽമുട്ടിന് നീരും വേദനയും ഉള്ളതിനാൽ ഫാത്തിമ പടികൾ കയറാറില്ല…

ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല……

നാണക്കേടും അകം പൊടിയുന്ന നൊമ്പരവുമായി സുഹാന മുറിയിൽ തന്നെ കഴിച്ചു കൂട്ടി……

ഇടയ്ക്കവൾ സല്ലുവിന്റെ മുറിയുടെ വാതിൽക്കൽ പോയി നോക്കിയിരുന്നു..

അവനതേ കിടപ്പു തന്നെ…

ഫാത്തിമ രണ്ടുമൂന്നു തവണ സ്റ്റെയർകേസിന്റെ ചുവട്ടിൽ വന്ന് സുഹാനയെ പേരെടുത്ത് ഇതിനിടയിൽ വിളിച്ചിരുന്നു……

അവളത് കേട്ട ഭാവം നടിച്ചില്ല…

കുടുംബത്ത് ഒരു പ്രശ്‌നം വന്നപ്പോൾ ഇടയുകയും കയ്യൊഴിയുകയും ചെയ്ത ഫാത്തിമയെ അവൾ വെറുത്തു തുടങ്ങിയിരുന്നു……

മകൻ ചെയ്ത തെറ്റിനെ വെറുക്കുകയും അതേ സമയം അവന്റെ അവസ്ഥയിൽ സഹതപിക്കുന്ന, ഉരുകുന്ന ഒരുമ്മയായും ഒരേ സമയം സുഹാന മാറിക്കൊണ്ടിരുന്നു…

ആറു മണിയായപ്പോഴാണ് സുഹാന താഴേക്കിറങ്ങിച്ചെന്നത്..

തലവേദന തോന്നിയതിനാൽ അവൾ കടുപ്പത്തിൽ കട്ടൻചായയിട്ടു കുടിച്ചു..

കട്ടൻ ചായ അവൾക്ക് പതിവില്ലാത്തതാണ് .

പക്ഷേ, വിശപ്പില്ല…….!

ഒന്നും കഴിക്കാനും തോന്നുന്നില്ല…

പുറത്തെയും അകത്തേയും ലൈറ്റുകൾ തെളിഞ്ഞതൊഴിച്ചാൽ ഒരു മാറ്റവും പകലത്തേതിൽ ഉണ്ടായില്ല……

ചായ കുടി കഴിഞ്ഞ് സുഹാന കുളിച്ചു……

വസ്ത്രം മാറി അവൾ ചെല്ലുമ്പോഴും സല്ലു ഒരേ കിടപ്പു തന്നെ…

“” ടാ………. “

അവൾ കിടക്കയ്ക്കടുത്ത് ചെന്ന് വിളിച്ചു..

സല്ലു അനങ്ങിയതു കൂടെയില്ല…

“” ആരേക്കാണിക്കാനാ അന്റെയീ കിടപ്പ്… ?””

അവൾ ദേഷ്യപ്പെട്ടു……

“” ഓരോന്ന് ഒപ്പിച്ചിട്ട് വന്നു കിടന്നാൽ മതിയല്ലോ… …. “

സല്ലുവിൽ ഒരിളക്കമുണ്ടായി…

“” ഉമ്മാ………….””

അവൾ തിരിഞ്ഞതും അവന്റെ പതറിയ ശബ്ദം പിന്നാലെ വന്നു..

സുഹാന തിരിഞ്ഞു നിന്നു…

“” ഇങ്ങളെങ്കിലും ന്നെ വിശ്വസിക്കുമ്മാ… “

സുഹാന അവന്റെ കുറ്റബോധം നിറഞ്ഞ മുഖത്തേക്ക് നോക്കി…

“” ഞാനതിന് പോയതല്ലുമ്മാ… ….”

കിടന്ന കിടപ്പിൽ തന്നെ അവൻ പറഞ്ഞു……

സുഹാനയിൽ ഒരു തരിപ്പുണ്ടായി… ….

അതിന് പോയതല്ലെന്ന്… ….

ഏതിന്… ?

പറഞ്ഞു കഴിഞ്ഞാണ് സല്ലുവിനും അബദ്ധം മനസ്സിലായത്…

അവൻ വീണ്ടും കിടക്കയിലേക്ക് മുഖം താഴ്ത്തി…



**** ***** ***** ***** *****



മൂഢനേപ്പോലെ മൂസ ബസ് സ്റ്റാൻഡിൽ നിന്നു .

കീശയിൽ കിടന്ന ഗാന്ധിയുടെ മുഖം അവൻ ഒന്നു കൂടി എടുത്തു നോക്കി…

നൂറു രൂപ… !

“” അന്ന് ഞാൻ എസ്. ഐ…… ഓൺ പ്രൊബേഷൻ… …. “

ഇനി കാണുന്ന കാലത്ത് അയാളെങ്ങാനും ഈ ഡയലോഗും പറഞ്ഞു വരുമോ എന്നൊരു ചിന്ത മൂസയിലുണ്ടായി..

എവിടേക്ക് പോകും…….?
നോ ഐഡിയ……….

ഗോളടിക്കാൻ വഴി തേടുന്ന ഫോർവേഡിനേപ്പോലെ മൂസ ബസുകൾക്കിടയിലൂടെ നടന്നു……

വീട്ടിലേക്ക് പോയാൽ വാപ്പ വെട്ടിക്കൊല്ലും……….

സുൾഫിയുടെ മുഖം ഓർമ്മയിൽ വന്നതും എതിർകളിക്കാരൻ പന്തു റാഞ്ചിയതു പോലെ മൂസ തകർന്നു നിന്നു…

ഇക്കാ പച്ചയ്ക്ക് കത്തിക്കാനേ വഴിയുള്ളൂ…

പല തവണ ഗൾഫിലേക്ക് ക്ഷണിച്ചതാണ്……

വിസയും പേപ്പറും ടിക്കറ്റും റെഡിയാക്കി വെച്ചിട്ട് പോകാതെ സീനത്തിന്റെ കട്ടിലിനടിയിൽ ( എങ്ങനെയും വായിക്കാം..😀) ഒളിച്ചിരുന്നത് മൂസ ഓർത്തു……

വിസിലടി കേട്ടതും മൂസ കളിയിലേക്ക് വന്നു…

പന്തെവിടെ… ….?

പിന്നിൽ കിടക്കുന്ന ബസിലെ റഫറി വിസിലടിച്ച് തെറി പറഞ്ഞതും മൂസ ഒതുങ്ങി നിന്നു…

സുൾഫിക്കാ വരുന്നതിനു മുൻപ് ഗ്രൗണ്ട് വിട്ടേ മതിയാകൂ… ….

അതെവിടേക്ക് ……………..?

വേൾഡ് കപ്പും കോപ്പയും ഒരേ ദിവസം തോറ്റ ബ്രസീൽ ആരാധകനേപ്പോലെ മൂസ സർവ്വതും തകർന്ന് നിന്നു…..



**** ***** ***** ***** ******



ഷെരീഫ് വന്നു…….

സല്ലുവിനെ തല്ലാനൊന്നും നിന്നില്ല……

വിസയുടെ കാര്യങ്ങളുമായിട്ടായിരുന്നു വരവ്…

നിസാമുമായിട്ടുള്ള ഷോപ്പിന്റെ ഷെയർ ഒഴിവായി……

സുഹാന പ്രതീക്ഷിച്ചതു പോലെ അബ്ദുറഹ്മാന്റെ എതിർ പാർട്ടിക്കാർ സംഭവം കുത്തിപ്പൊക്കുകയുണ്ടായില്ല..

അതിനു മാത്രം എസ്.ഐ വിഷ്ണുനാഥിനെ അബ്ദുറഹ്മാൻ സ്വാധീനിച്ചിരുന്നു……

സല്ലുവിന്റെ മെഡിക്കൽ ടെസ്റ്റൊക്കെ വേഗത്തിൽ നടന്നു …



പിന്നാലെ സുൾഫിക്കർ എത്തി…

മൂസയെ തിരഞ്ഞുപിടിച്ച് രണ്ടെണ്ണം കൊടുത്തതു കൂടാതെ കടൽ കടത്താനുള്ള ഏർപ്പാടുകളും ശരിയാക്കി…

ബാപ്പയേയും ഉമ്മയേയും സ്വന്തം വീട്ടിലാക്കി, സുൾഫി തറവാട് അടുത്തറിയുന്ന ഒരു വീട്ടുകാർക്ക് വാടകയ്ക്ക് കൊടുത്തു.

ഇത്തവണ ഒളിച്ചിരിക്കാൻ സീനത്തിന്റെ കട്ടിലില്ല…

പോകുന്നതിന്റെ തലേ ദിവസം മൂസ അപാര ഫോമിലായിരുന്നു……

ഹാട്രിക്… ….!

പിറ്റേന്ന് തമിയുടെ ടീമിനെതിരെയുളള സെമിയിൽ മൂസ ഉണ്ടാവില്ല…….

സുൾഫി, ഡ്രസ്സെടുക്കാൻ കൊടുത്ത പണത്തിൽ നിന്ന് മിച്ചം വന്നതു കൊണ്ട് , മൂസ ലഡ്ഡു വാങ്ങി വിതരണം ചെയ്ത് തന്റെ അവസാന “ വയലോര”” മത്സരം അവിസ്മരണീയമാക്കി…

സുഹൃത്തുക്കൾ സംഘടിപ്പിച്ച വിടവാങ്ങൽ ചടങ്ങിൽ മൂസ വിങ്ങിപ്പൊട്ടി…

“കായിക മലപ്പുറത്തിനെന്നല്ല, കേരളത്തിനും രാജ്യത്തിനും നികത്താനാവാത്ത വിടവാണ് മൂസയുടെ അസാന്നിദ്ധ്യം…… ഖത്തറിലേക്ക് പോകുന്ന മൂസ അടുത്ത വേൾഡ് കപ്പിൽ ഖത്തറിനു വേണ്ടി കളിച്ചാലും അത്ഭുതപ്പെടാനില്ല… …. “

മൈക്ക് കിട്ടിയപ്പോൾ തമി ശത്രുതയെല്ലാം മറന്ന് പറഞ്ഞു…

കണ്ണു നിറഞ്ഞ് മൂസ അവനെ കെട്ടിപ്പിടിച്ചു..

പിറ്റേന്ന്, ഒരൊറ്റ ഫൗളിൽ വേൾഡ് കപ്പ് നഷ്ടപ്പെടുത്തിയ സിനദയ്ൻ സിദാനെപ്പോലെ മൂസ ഫ്ലൈറ്റ് കയറി…



സുൾഫി കയറി വന്നതും ഷെരീഫ് എഴുന്നേറ്റ് സിറ്റൗട്ടിലേക്ക് വന്നു…

“” കേറി വാ അളിയാ………. “

ഇരുവരും കൂടി ഹാളിലേക്ക് വന്നു….

“” മൂസയെ കയറ്റി വിട്ടു അല്ലേ…… ?””

“” ഓനെ പറഞ്ഞുവിട്ടില്ലായിരുന്നെങ്കിൽ ആ ഹറാം പിറന്നോളും മക്കളും വീട്ടിൽക്കയറിക്കൂടിയേനേ……. “

സുൾഫിക്കർ കസേരയിലേക്കിരുന്നു……

ഷെരീഫ് മനസ്സിലാവാതെ അളിയനെ നോക്കി..

സുഹാന ചായയുമായി വന്നു…

അവളുടെ പിന്നാലെ ഫാത്തിമയും …

“” ആ പെണ്ണ് കളിച്ച കളിയാ… മൂസക്കവളെ അറിയില്ലാന്നല്ല…… പിടിച്ചു കെട്ടിക്കാൻ വേണ്ടി , അവൾ തന്നെ ഫോൺ വിളിച്ച് ഒരുത്തനെ ഏർപ്പാടാക്കിയതാന്ന്…””

സുഹാന അവിശ്വസനീയതയോടെ ജ്യേഷ്ഠനെ നോക്കി…

സല്ലു തെറ്റുകാരനല്ലേ……..?

ഓൻ പറഞ്ഞത് സുഹാന ഓർത്തു..

“” അതിലൊരുത്തനാണ് കൂട്ടുകാരെ വിളിച്ച്‌ ഏർപ്പാടാക്കിയത്…… “

സുൾഫി ചായക്കപ്പ് എടുത്തു…

“” അളിയനെങ്ങനെ അറിഞ്ഞു…… ? “”

ഷെരീഫ് ചോദിച്ചു…

“” അന്ന് രാത്രി ഓലെ പിടിക്കാൻ വന്ന ഒരുത്തനുണ്ട്… തമീം…, അവന്റെ ചേട്ടനും ഞാനും ഒരുമിച്ച് പഠിച്ചതാ… അവൻ അനിയനോട് ചോദിച്ചറിഞ്ഞതാ… “

ഷെരീഫും ചായ കുടിച്ചു തുടങ്ങി…

“” ഓളോട് ഞാനൊരാളെ പറഞ്ഞു വിട്ടു ചോദിപ്പിച്ചു…… ആദ്യമൊന്നും സമ്മതിച്ചില്ല…… പിന്നെ സല്ലുവിന്റെ കാര്യം……….”,
പറഞ്ഞിട്ട് സുൾഫി ഒന്ന് നിർത്തി…

അയാൾ എഴുന്നേറ്റതും ഷെരീഫും പിന്നാലെ സിറ്റൗട്ടിലേക്ക് ചെന്നു……

“” സല്ലുവിന് പതിനെട്ടായില്ല , പോക്സോയാ എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചപ്പോൾ സംഗതി പുറത്തു വന്നു…… “

സുൾഫി പറഞ്ഞു..

“” ഒന്നുകിൽ കെട്ടണം… അല്ലെങ്കിൽ കാശായിരുന്നു ഡിമാന്റ്………. “

“” ഒരു കണക്കിന് അങ്ങനെ തീർന്നതു നന്നായി… …. “

ഷെരീഫ് നെടുവീർപ്പിട്ടു…

“” ഏതായാലും മൂസയെ പിടികിട്ടി.. ഇനി കുറച്ചു കാലം കഴിഞ്ഞേ ഞാൻ അവനെ വിടൂ… ന്റെ കായ് കൊറച്ചൊന്നുമല്ല അവൻ തീർത്തത്…… അത് വസൂലാക്കണ്ടേ… ?”

സുൾഫി ചിരിച്ചു…



വ്യാഴാഴ്ചയായിരുന്നു ടിക്കറ്റ്… ….

മുറിയിൽ നിന്ന് വസ്ത്രം മാറി ഇറങ്ങിയ സല്ലുവിനെ കാത്ത് സുഹാന നിൽപ്പുണ്ടായിരുന്നു…

“” സംഭവ””ത്തിനു ശേഷം ആരോടും വലിയ അടുപ്പത്തിലല്ലായിരുന്നു സല്ലു…

അവൻ ബാഗുമായി അവളെ മറികടന്ന് പോകാനിറങ്ങിയതും അവൾ വിളിച്ചു…

“” സല്ലൂ………. “

ഉമ്മയുടെ സ്വരത്തിലെ മാർദ്ദവം അറിഞ്ഞെങ്കിലും അവൻ മുഖം തിരിക്കാതെ നിന്നു… ….

“ ന്നോടും പറയാതെ പോകാ നീയ്… ….?””

സുഹാനയുടെ വാക്കുകളിൽ നൊമ്പരം വിങ്ങി… ….

“” എല്ലാ ഉമ്മമാരും മക്കള് നന്നാവാനല്ലേ പറയാ… …. ഇയ് നന്നാവാനല്ലേ കുരിപ്പേ ഞാൻ തച്ചത്… ….?””

അവളുടെ സ്വരം ഇടറിയിരുന്നു…

അത് ശ്രദ്ധിക്കാതെ സൽമാൻ പടികളിറങ്ങി……..



(തുടരും…….)