കണ്ണുകളിൽ – Part 2

നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും സപ്പോർട്ടിനും നന്ദി… പേജുകൾ കുറവാണെന്നാലും
ഓരോ ഭാഗങ്ങളും കഴിയുന്നത്ര വേഗത്തിൽ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കാം.. ഓരോ
സന്ദർഭങ്ങളും വളരെ വിശദീകരിച്ച് എഴുതിയിട്ടുണ്ട്. ഞാൻ അനുഭവിച്ച ഓരോ ചെറിയ
കാര്യങ്ങൾക്കും അതിന്റെതായ പ്രാധാന്യം ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ആണ് ആ രീതിയിൽ
എഴുതിയത്.. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

—————————

സുഹ്റ എന്നാണ് ഇത്താന്റെ പേര്… ചുരുക്കി സൂറത്ത എന്ന് വിളിക്കും. ഉമ്മാന്റെ വലം കൈ
ആയത് കൊണ്ട് തന്നെ വിഷമമായാലും സന്തോഷമായാലും ഉമ്മച്ചി ആദ്യം ഓടി എത്തുക ഇത്താന്റെ
അടുത്തേക്ക് തന്നെ ആണ്. എന്നെ വല്ലാത്ത കാര്യം ആണ് ആൾക്ക്, ഞാൻ ഇത്ത എന്ന്
തന്നെയാണ് വിളിക്കാറ് ചെറുപ്പത്തിലേ വിളിച്ച് ശീലമായത് കൊണ്ട് പിന്നെ വിളി
മാറ്റാനും പോയില്ല.
ഇത്താന്റെ മക്കളിൽ ഒരാളായി തന്നെയാണ് എന്നെ കണ്ടിരുന്നതും… ആ ഒരു സ്വാതന്തവും
എനിക്ക് ആ വീട്ടിൽ ഉണ്ടായിരുന്നു. ഇത്തയും മൂത്ത മകൻ സൽമാനും ഇളയമകൾ സ്വാലിഹയും
ഇത്തയുടെ ഉമ്മയും ആണ് തറവാട്ടിൽ താമസം. ഇത്തയുടെ ഭർത്താവ് മൊയ്തീൻ കുട്ടിക്ക
കോയമ്പത്തൂര് എന്തോ ബിസിനസ് ആണ് എന്ന് ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആളെ ഞാൻ ഓർമ
വെച്ചതിന് ശേഷം ഒരു വട്ടം മാത്രമേ കണ്ടിട്ടുള്ളൂ…
ഇത്തയുടെ മക്കളുമായി എനിക്ക് അത്രക്ക് അടുത്ത ബന്ധം ഒന്നുമില്ല… ഇടക്ക് വരുമ്പോൾ
മാത്രമുള്ള പരിചയം പുതുക്കലുകൾ മാത്രം… പക്ഷേ ഇത്താനോട് വീട്ടിൽ ഉള്ളപ്പോൾ എല്ലാം
ഫോണിൽ സംസാരിക്കും, ഉമ്മ ഫോൺ വിളിച്ച് നേരെ എനിക്ക് തരും ബാക്കി ഉള്ള തള്ള് മുഴുവൻ
ഞാൻ സഹിക്കണം… ഉമ്മ ആവശ്യത്തിന് മാത്രമേ സംസാരിക്കുകയുള്ളൂ… അങ്ങനെയാണ് ഞങ്ങൾ
ഇത്രത്തോളം അടുത്തത്…
ഇത്താടെ വീട്ടിൽ അതവാ തറവാട്ടിൽ ചെന്നാൽ ഞാൻ നേരെ കയറി ചെല്ലുക അടുക്കളയിലേക്കാണ്…
എനിക്ക് വേണ്ടത് എന്താണോ ഞാൻ തന്നെ എടുത്ത് തിന്നും… സ്വാലിഹ ഞാൻ അടുക്കളയിൽ കയറി
കാണിക്കുന്ന പേകൂത്ത് കണ്ടിട്ട് അന്തം വിട്ട് നിൽക്കുന്നത് ഞാൻ എത്രയോ പ്രാവശ്യം
കണ്ടിട്ടുണ്ട്. കാരണം ഇത്താക്ക് അടുക്കളയിൽ ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്. അതിൽ
കൈകടത്താൻ ഞാൻ മാത്രമേ ഇതു വരെ ദൈര്യം കാണിച്ചിട്ടുള്ളൂ… അത് കൊണ്ടുള്ള അന്തം വിടൽ
ആണ്…
സ്വാലിഹയും ഞാനും സമപ്രായക്കാർ ആണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി
ചെയ്യാണ് കക്ഷി. അവളെ കെട്ടിയോൻ ഫിൻലാൻഡിൽ ഫിസിക്സിൽ പി എച്ച് ഡി ചെയ്യുന്നു.

നാളെ ഇത്താടെ വീട്ടിൽ ഒരു വിശേഷം നടക്കാൻ പോവാ.. ഇത്താടെ കുഞ്ഞാങ്ങള ശരീഫ്ക്കാടെ
ഇളയ മോളെ നിക്കാഹ് ആണ് നാളെ വെള്ളിയാഴ്ച. ശനിയാഴ്ച കല്യാണവും…
ശരീഫ്ക്ക മരിച്ചിട്ട് 10 വർഷത്തിന് അടുത്താവാൻ ആയി. ഇക്കാനെ വളരെ ചുരുക്കം
പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂ… ഒരു പാവം മനുഷ്യൻ… അദ്ദേഹത്തിന്റെ ചിരിയും
ചിരിക്കുന്ന മുഖവും എന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്… ആള്
ചിരിക്കുമ്പോൾ കണ്ണിന് വല്ലാത്ത ഒരു പ്രത്യേകതയാണ്… പുഞ്ചിരിക്കുമ്പോൾ ആണ് ഏറെ
സുന്ദരം…
ഇത്തയുടെ ഉമ്മാക്ക് പേരക്കുട്ടിയെ തറവാട്ടിൽ നിന്ന് തന്നെ കൈപിടിച്ച് കൊടുക്കണം
എന്ന ഒറ്റ വാശിയുടെ പേരിലാണ് കല്യാണം തറവാട്ടിൽ വെച്ച് കയിക്കുന്നത്…
പേരകുട്ടികളുടെ കൂട്ടത്തിൽ അവസാനത്തെ സന്തതിയാണ്… അതും പെൺകുട്ടി… പിന്നെ പറയേണ്ട
കാര്യമില്ലല്ലോ….

ഉമ്മ കല്യാണ പുരയിലേക്ക് പോയതാണ്… ഞാനാണ് ഇറക്കി കൊടുത്തത്… പിന്നെ എന്താപ്പോ ഇത്ര
പെട്ടെന്ന് വിളിക്കാൻ..
ഞാൻ ആണ് എങ്കിൽ ഒരു ലുങ്കിയും ഉടുത്തു കൊണ്ടാണ് പുറത്തേക്ക് ഇറങ്ങിയത്… കല്യാണ
വീട്ടിൽ ആളും ബഹളവും ആയത് കൊണ്ട് ഉമ്മാനെ ഇറക്കി കൊടുത്തതേ ഉള്ളൂ… ഞാൻ ഇറങ്ങിയില്ല…
നേരെ വിട്ട് പിടിച്ചത് കടപ്പുറത്തേക്ക് ആണ്… ഒന്ന് പുകക്കണം എങ്കിൽ എന്തൊക്കെ
കഷ്ടപ്പാടാ… വലിക്കുന്ന കാര്യം വീട്ടിൽ അറിയില്ല അറിഞ്ഞാൽ ഉമ്മ എന്നെ കൊല്ലും…

കുറേ നേരം തിരമാല ഒക്കെ എണ്ണി തിരിച്ച് അങ്ങാടിയിൽ എത്തുമ്പോൾ ആണ് ഉമ്മാന്റെ വിളി
വരുന്നത്.. ഇനി ഒന്നും നോക്കാൻ ഇല്ല…
ലുങ്കി എങ്കിൽ ലുങ്കി…
വീട്ടിൽ പോയി മാറ്റാൻ നിന്നാൽ അതിന്റെ തെറി വേറെ കേൾക്കേണ്ടി വരും…
എന്തിനാ വെറുതെ… ലുങ്കി മതി…

ഗേറ്റിനടുത്ത് എത്തിയപ്പോൾ വണ്ടി അവിടെ വെച്ച് നടന്ന് കയറിയാലോ എന്ന് വരെ ആലോചന
പോയി… എന്റെ തൊലിക്കട്ടിയിലുള്ള വിശ്വാസത്തിന്റെ പേരിൽ നേരെ വണ്ടി എടുത്ത്
മുറ്റത്തേക്ക് കയറ്റി നിർത്തി…
ബുള്ളറ്റ് സ്റ്റാന്റേർഡിൽ സൈലൻസർ ഗമയോടെ മുഴക്കി വന്നിറങ്ങിയ എന്നെ മുറ്റത്ത്
പന്തലു പണിക്കാരും, ഡക്കറേഷൻ വർക്കുകാരും, കണ്ട് പരിചയമില്ലത്ത ഏതാനും പേർ,
ബന്ധുക്കൾ ആണെന്ന് തോന്നുന്നു.
‘ഏതാടാ ഈ അലവലാതി’
എന്ന രീതിയിൽ പുഛത്തോടെ നോക്കുന്നുണ്ട്. ഇതൊക്കെ ഇപ്പോഴത്തെ ട്രെൻഡ് ആണെന്ന എന്റെ
സ്വദസിദ്ധമായ രീതിയിൽ, ലുങ്കിയും മടക്കി കുത്തി വീടിന് അകത്തേക്ക് കയറി. പൂമുഖത്ത്
ആരും തന്നെ ഇല്ല… കുറച്ച് കുട്ടികൾ കളിക്കുന്നത് അല്ലാതെ…

വീട്ടിന് ഉള്ളിലേക്ക് കയറിയ ഉടനേ എന്റെ തൊലിക്കട്ടി ഉരുകി ഇല്ലാതാകുന്നത് ഞാൻ
അറിഞ്ഞു…
ഇത് ഒരു ജാഥക്കുള്ള ആളുണ്ടല്ലോ??
ഞാൻ മനസ്സാലെ ചോദിച്ചു. ഡൈനിങ് ടേബിളിന് ചുറ്റും ഏതാനും പുരുഷ കേസരികൾ കൂടിയിരുന്ന്
വൻ ചർച്ചയിലാണ്…
സൂറത്തയുടെ മകൻ സൽമാൻ, ഭർത്താവ് മൊയ്തീൻ കുട്ടിക്ക, ആങ്ങളമാരായ കരീമിക്ക, സാജിക്ക
സഹോദരി ഭർത്താവായ ലത്തീഫിക്ക പിന്നെ സൽമാന്റെ അമ്മായപ്പൻ എന്നിവരെ എനിക്ക്
മനസ്സിലായി….
ചുറ്റിലും കൂട്ടം കൂടി നിൽക്കുന്ന ഒരു പെൺപട വേറെ…
അതിനിടയിൽ എന്നെ തന്നെ ചുഴിഞ്ഞ് നോക്കി കൊണ്ടിരിക്കുന്ന സ്വാലിഹയിൽ എന്റെ നോട്ടം
എത്തി നിന്നത്… അവളുടെ ആ നോട്ടം എനിക്ക് പരിചിതമായത് കൊണ്ട് ഞാൻ കാര്യമാക്കിയില്ല…
അപ്പോളാണ് ആ തിരക്കിനും ബഹളത്തിനും ഇടയിൽ അന്തംവിട്ട് കുന്തം പോയ പോലെ നിൽക്കുന്ന
എന്നെ സൽമാൻ കാണുന്നത്… എന്നേക്കാൾ രണ്ട് വയസ്സിന് മൂത്തത് ആണ് എങ്കിലും സൽമാൻ
എന്ന് വിളിച്ചാൽ മതി എന്നാണ് അവന്റെ പക്ഷം….

“ആ മുത്തൂ നീ വന്നോ നിന്നെയും കാത്താണ് ഞങ്ങൾ ഇരുന്നത്”
അവൻ സ്നേഹത്തോടെ പറഞ്ഞു

എന്നെയോ??? എന്തിന്??
എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും മനസ്സിന്റെ വേലി കെട്ടുകൾ ബേധിച്ച്
തൊണ്ടക്കുഴി താണ്ടാൻ വാക്കുകൾക്ക് ആകാതെ എന്റെ ഉള്ളിൽ തന്നെ ഒതുങ്ങി….
ഞാൻ മിങ്ങ്യസ്യയായി നിൽക്കുന്നത് കണ്ടിട്ടെന്നോണം അവൻ എന്നോടായി പറഞ്ഞു

“നീ അകത്തോട്ട് ചെല്ല്… ഉമ്മ റൂമിൽ ഉണ്ട്”

അപ്പോളാണ് അവിടുത്തെ ശ്രദ്ധാകേന്ദ്രം ഞാൻ ആണെന്ന് മനസ്സിലായത്.. എല്ലാ സ്ത്രീ
ജനങ്ങളും എന്നെ തന്നെയാണ് നോക്കി കൊണ്ടിരിക്കുന്നത്… ഹൈ ലെവൽ സ്കാനിംങ് ആണ് നടന്ന്
കൊണ്ടിരിക്കുന്നു.
എനിക്ക് എന്തോ അരോചകമായി തോന്നി…. എന്തോ പെട്ടെന്ന് എന്റെ ശ്രദ്ധ പുരുഷ
ജനങ്ങളിലേക്ക് തിരിഞ്ഞപ്പോൾ അവിടെയും അവസ്ഥ മറിച്ചല്ല…
അടക്കി സംസാരങ്ങളുടെയും അടക്കി ചിരികളുടെയും ഇടയിൽ കൂടെ മന്ദം മന്ദം സൽമാൻ കാണിച്ച്
തന്ന റൂമിലേക്ക് വേച്ച് നടന്നു…

റൂമിലേക്ക് കാലെടുത്ത് വെച്ചപ്പോൾ ഉമ്മ കസേരയിൽ ഇരിക്കുന്നത് കണ്ടു…
സീരിയസ് മോഡ് ഓൺ ആണ്…
കാര്യമായി എന്തോ ആലോചിച്ച് കൊണ്ടിരിക്ക ആണ്…
കട്ടിലിൽ സൂറത്ത ഇരിക്കുന്നുണ്ട്..
ഇത്തയുടെ മടിയിൽ ഏതോ സ്ത്രീ കിടക്കുന്നുണ്ട്… മുഖം വ്യക്തമല്ല…
സൂറത്ത എന്നെ കണ്ടപ്പോൾ അവരെ തട്ടി വിളിച്ചു.. എന്നെ കണ്ടെന്നോണം അവർ
എണിച്ചിരുന്നു… അപ്പോൾ ആണ് ആളെ ശരിക്കും ഞാൻ കാണുന്നത്… ശരീഫ്ക്കാടെ ഭാര്യ… ജെസീത
ഇത്ത…. കല്യാണ പെണ്ണിന്റെ ഉമ്മ…
കരഞ്ഞ് കലങ്ങിയ കണ്ണുകൾ…
വിശാഖ മൂഖമായ മുഖ ഭാവം…
ഉമ്മ എന്നെ കണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു…
ചുറ്റിലും ആ മുറിയിൽ ആകെ മൊത്തം നിസ്സഹായത തളം കെട്ടി കിടക്കുന്നതായി എനിക്ക്
തോന്നി…
എന്നെ കട്ടിലിലേക്ക് പിടിച്ച് ഇരുത്തി ഉമ്മയും അടുത്തായി ഇരുന്നു… മറുവശത്തായി
സൂറത്തായും ഇരുന്നു…
റൂമിലെ നിഷബ്ദതക്ക് വിരാമം കുറിച്ച് കൊണ്ട് ഉമ്മ പതിഞ്ഞ സ്വരത്തിൽ പറയാൻ തുടങ്ങി

“നാളത്തെ നിക്കാഹ് നടക്കില്ല”

ചെറു ഞെട്ടലോടെ ഞാൻ ഉമ്മാന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അതു മനസ്സിലാക്കി എന്നോണം
ഉമ്മ തുടർന്നു…

“ചെക്കന്റെ സ്വഭാവദൂശ്യത്തെ കുറിച്ച് ഇന്ന് രാവിലെയാണ് എല്ലാവരും അറിയുന്നത്”

“എല്ലാം അറിഞ്ഞിട്ടും ആ തെമ്മാടിക്ക് എങ്ങനാ മോളെ കൈപിടിച്ച്‌ കൊടുക്കാ…”

തെമ്മാടി എന്ന് പറയുമ്പോൾ അവനോടുള്ള അമർഷം ഉമ്മാന്റെ മുഖത്ത് വ്യക്തമായിരുന്നു….

“കുട്ടി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഒന്നും അന്വേഷിക്കാൻ പോയില്ല… കുടംബ
മഹിമയും സാമ്പത്തികവും എല്ലാം ഒത്തുവരികയും ചെയ്തു… നമ്മുടെ ഭാഗത്തും തെറ്റ് ഉണ്ട്”

ഇതൊക്കെ എന്തിനാ എന്നോട് പറയണേ എന്ന ഭാവത്തിൽ ഞാൻ ഉമ്മാനെ നോക്കി കൊണ്ടിരുന്നു

“മോനെ… നമ്മളെ കൊണ്ട് ഒരാളുടെ കണ്ണീരൊപ്പാൻ സാധിക്കുകയാണെങ്കിൽ അതിലും വലിയ
ഇബാദത്ത് വേറെ എന്താ ഉള്ളത്… ഇതിപ്പോ ഈ കുടുംബത്തിന്റെ മൊത്തം സങ്കടമാണ്”

എല്ലാം കേട്ട് കിളികൾ കൂട്ടമായി തലക്ക് മീതെ വട്ടമിട്ട് പറക്കുന്ന അവസ്ഥയിലും
ദൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു…

“ഉമ്മ എന്താ ഉദ്ദേശിക്കുന്നേ???”

“നീ വിചാരിച്ചാൽ ഈ പ്രശ്നം ഇവിടെ പരിഹരിക്കാം… എല്ലാവർക്കും പൂർണ സമ്മതമാണ്… നിന്റെ
സമ്മതം കൂടി അറിഞ്ഞാൽ മതി… നിനക്ക് റുബീനയെ നിക്കാഹ് ചെയ്തൂടെ??”

ഉമ്മ ഒറ്റ ശ്വാസത്തിലാണ് എല്ലാം പറഞ്ഞത്. പറഞ്ഞ് കഴിഞ്ഞപ്പോൾ, പറഞ്ഞ് മുഴുമിക്കാൻ
ഉമ്മ അനുഭവിച്ച മാനസിക സമ്മർദ്ദം വളരെ പ്രകടമായിരുന്നു..
വളരെ അപ്രദീക്ഷിതമായത് കൊണ്ട് എന്ത് പറയണം എന്ത് ചെയ്യണം എന്ന് ഒരു ധാരണയും ഇല്ലാതെ
ശരീരമാകെ തളർന്ന് നിൽക്കുന്ന സമയത്താണ് കുപ്പിവളയിട്ട മൈലാഞ്ചി മൊഞ്ചുള്ള ഒരു
വെളുത്ത കൈ എന്റെ നേരെ അടുത്ത് വരുന്നത്…
കയ്യ് മാത്രമല്ല… കയ്യിൽ ഒരു ഗ്ലാസും ഗ്ലാസിൽ ജ്യൂസും…

എനിക്ക് എന്തോ അവരെ അപ്പോൾ ഒരു മാലാഖയെ പോൽ തോന്നി…
ഒറ്റവലിക്ക് ജ്യൂസ് വലിച്ച് കുടിച്ച് ഒരു ദീർഘ നിശ്വാസം എടുത്തു…
ഇപ്പോൾ എന്റെ ചുറ്റും എന്താണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് ഒരു ധാരണയുണ്ട്…
ഉമ്മ എല്ലാം ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. ഉമ്മയുടെ വാക്കുകളിൽ അത് വൃക്തം.
റുബീനയുടെ വീട്ടുകാർക്കും പൂർണ സമ്മതം.
ഇല്ല…. എന്നെ കൊണ്ട് സാധിക്കില്ല…
ഇനി ഒരു പെണ്ണിന് എന്റെ ജീവിതത്തിൽ സ്ഥാനമില്ല…
വാതിലുകൾ കൊട്ടി അടച്ചിട്ട് വാർഷങ്ങളായി… ഇനി ഒരാൾക്ക് പ്രവേശം അസാധ്യം…
ഇവിടെ എന്നെ കൊണ്ട് ജയിക്കാൻ സാധിച്ചാൽ ജീവിതകാലം മുഴുവൻ എന്നെ കൊണ്ട് പിടിച്ച്
നിൽക്കാൻ സാധിക്കും…
എന്റെ കുരുട്ടുബുദ്ധി പ്രവർത്തിക്കാൻ തുടങ്ങി…
ഇപ്പോഴും എന്തോ ഒന്ന് എന്നെ പിന്നോട്ട് വലിക്കുന്നു. എനിക്ക് ഒരു പക്ഷേ ജയിക്കാൻ
സാധിച്ചാൽ തോൽക്കുന്നത് എന്റെ ഉമ്മയാകും…
ഉമ്മ തോൽക്കാനും പാടില്ല ഞാൻ ജയിക്കുകയും വേണം….
എങ്ങനെ????
നിശ്ചയിച്ച പോലെ നാളെ നിക്കാഹ് നടത്തണം അതാണ് എല്ലാവരുടെയും ഉദ്ദേശം…
നാളെ നടത്താൻ പറ്റിയ ഒരു സാഹചര്യം എനിക്കില്ലാതെ വരികയാണ് എങ്കിൽ ചിലപോൾ ഞാൻ ഈ
കുടുക്കിൽ നിന്ന് രക്ഷപെട്ടേക്കാം…
എന്റെ കൊച്ചു ബുദ്ധിയിൽ മൂന്നു വഴികൾ തെളിഞ്ഞ് വന്നു…..

“പടച്ചോനേ…. ചങ്ക് തകർന്ന് നിൽക്കുന്ന സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും ഇത് വരെ
നിന്നെ തള്ളി പറഞ്ഞിട്ടില്ല.. ചേർത്ത് നിർത്തിയിട്ടേ ഉള്ളൂ… പങ്ക് വെക്കാൻ നീയേ
ഉണ്ടായിട്ടുള്ളൂ.. എന്നെ കൈവിടരുത്…”

ഇത്രക്ക് ആത്മാർഥമായി ഞാൻ എന്റെ ജീവിതത്തിൽ പ്രാർത്ഥിച്ചിട്ട് ഉണ്ടോ സംശയമാണ്… ഇല്ല
ഒരിക്കലും അല്ല..

എന്റെ കയ്യിലുള്ള ഒന്നാമത്തെ അസ്ത്രം….
എനിക്ക് പകരം ഒരു യോഗ്യനെ ചൂണ്ടികാണിച്ച് കൊടുക്കുക…
ആരെ കാണിച്ച് കൊടുക്കും.. അവർക്ക് കൂടെ വിശ്വാസവും അറിവും ഉള്ള ഒരാളെ വേണം…
ഈ അവസാന നിമിഷം അതൊന്നും സാധ്യമല്ല.
ഇല്ല.. ഈ ഐഡിയ സാഹചര്യത്തിന് അനുകൂലമല്ല…

അടുത്തത് എടുത്ത് പ്രയോഗിക്കുക തന്നെ..
ഉമ്മാടെ അടുത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു…

“ഉമ്മാ എന്റെ കയ്യിൽ മഹറിനായി ഒന്നും തന്നെ ഞാൻ കരുതിയിട്ടില്ല”

ഇസ്ലാം മത നിയമ പ്രകാരം മഹറ് വരൻ സ്വന്തം അദ്ധ്യാനത്തിൽ നിന്ന് കണ്ടെത്തേണ്ടതാണ്…
പൊതുവെ മഹറായി സ്വർണം ആണ് കൊടുക്കാറ്… വധു എന്താണോ, എത്രയാണോ ആവശ്യപെടുന്നത് അത്
മഹറായി കൊടുക്കണം… വധു പുസ്തകമോ ചിലവ് കുറഞ്ഞ ഇഷ്ടപെട്ട മറ്റു വസ്തുക്കളോ ചോദിച്ചാൽ
അത് മഹറായി കണക്കാക്കും…
ഇനി ആ താടക അങ്ങനെ വല്ല പുസ്തകം എങ്ങാനും ചോദിക്കുമോ??
ഹേയ്… അങ്ങനെ ഒക്കെ ചിന്തിക്കണം എങ്കിൽ അത്രക്ക് ചിന്താഗതി ഉള്ള കുട്ടി ആകണം…
ആ ലെവൽ ഒന്നും ഉണ്ടാക്കാൻ ഒരു ചാൻസും ഇല്ല…
സ്വയം സമാധാനിച്ച് നിൽക്കുമ്പോൾ ആണ് ഉമ്മ എന്തോ ആലോചിച്ചെന്നോണം പറയുന്നത്…
“ഇയ്യ് അത് വിചാരിച്ച് പേടിക്കണ്ട.. നീ ഇത് വരെ അയച്ച പൈസക്ക് കണക്ക് ഒന്നും
ചോദിച്ചില്ല എങ്കിലും നല്ലൊരു പങ്ക് എല്ലാ മാസവും ബാങ്കിൽ ഞാൻ മിച്ചം വെക്കാറുണ്ട്…
എല്ലാം കൂടി നാല് ലക്ഷത്തിന് അടുത്ത് വരും… നിന്റെ കല്യാണത്തിന് അത് മതിയാകും”
ഉമ്മ അഭിമാനത്തോടെ പറഞ്ഞ് നിർത്തി…
‘എടീ ദുഷ്ടേ.. എന്നിട്ട് ആണോ ഞാൻ ബിസിനസ് തുടങ്ങാൻ കൂട്ടുകാരോട് ഒക്കെ കടം
വാങ്ങിയത്’
എന്ന് മനസ്സിൽ ചോദിച്ച് കൊണ്ട് ഉമ്മാനെ തുറിച്ചു നോക്കി.
അതിന്റെ അർത്ഥം മനസ്സിലായെന്നോണം കക്ഷി ഒരു ഇളിഞ്ഞ ഇളി മുഖത്ത് വരുത്തി…
പ്രതീക്ഷകളുടെ ചീട്ട് കൊട്ടാരങ്ങൾ തകർന്ന് വീഴുമ്പോഴും ആത്മവിശ്വാസത്തോടെ
ആവനാഴിയിലെ അവസാന അസ്ത്രം എടുത്ത് പ്രയോഗിക്കാൻ തീരുമാനിച്ചു…

തുടരും….