“” അവളപ്പടിയൊൻറും അഴകില്ലെയ്…
യവളക്കുയാരും ഇണയില്ലെയ്…….”.
ബസ്സിനുള്ളിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ ഗിരി പാട്ടു കേട്ടു…
ബസ്സിനകം ഏറെക്കുറേ ശൂന്യമായിരുന്നു..
തിരുവമ്പാടി എത്താറായെന്നു തോന്നുന്നു…
ഇരുൾ പരന്നതിന്റെ അടയാളമെന്നവണ്ണം, വൈദ്യുത ബൾബുകൾ പിന്നോട്ടോടുന്നത് മയക്കത്തിലായിരുന്ന ഗിരി കണ്ണു തുറന്നപ്പോൾ കണ്ടു…
സ്റ്റാൻഡിലേക്ക് കയറി ബസ്സ് നിന്നു…
സ്ഥലമോ, എത്തിച്ചേരേണ്ട സ്ഥലമോ തിട്ടമില്ലാത്ത ഗിരി അവസാനമാണ് ബർത്തിലിരുന്ന ഷോൾഡർ ബാഗും വലിച്ച് പുറത്തിറങ്ങിയത്……
തണുപ്പു തോന്നുന്നുണ്ടായിരുന്നു…
ബസ് സ്റ്റാൻഡിൽ അധികമാരും ഉണ്ടായിരുന്നില്ല……
മൂന്നാല് ട്രാൻസ്പോർട്ട് ബസ്സുകൾ മാത്രം…
കുറച്ചു മുന്നിൽ ഒരു മദ്ധ്യവയസ്കനെ കണ്ട് ഗിരി, അയാളുടെയടുത്തേക്ക് ചെന്നു……
“ ചേട്ടാ… ഈ മുത്തപ്പൻ പുഴ… ?””
ഗിരി ഫോണിൽ എഴുതി വെച്ചത് നോക്കി ചോദിച്ചു..
“” അതാ……. “
അയാൾ ലൈറ്റിട്ടു കിടന്ന ഒരു ട്രാൻസ്പോർട്ട് ചൂണ്ടി പറഞ്ഞു…
അയാൾ വാ തുറന്നപ്പോൾ മദ്യത്തിന്റെ മണം ഗിരിക്ക് അനുഭവപ്പെട്ടു……
“” ഇവിടെ എവിടെയാ ബീവറേജ്… ?””
ഒന്നു പിൻ തിരിഞ്ഞ ശേഷം ഗിരി ചോദിച്ചു……
അയാളുടെ മുഖം ഒന്ന് പ്രകാശിച്ചു.
“” ഞാനും അങ്ങോട്ടാ… പോരേ… “
അയാൾ മുണ്ടു മടക്കി കുത്തി നടന്നു……
“ ബസ്സോ………?”
ഗിരി ചോദിച്ചു..
“ അതെട്ടേ മുക്കാലിനാ… …. “
മദ്യവും വാങ്ങി വരുമ്പോൾ ബസ്സിൽ കണ്ടക്ടർ കയറിയിരുന്നു…
ഒരു ഒഴിഞ്ഞ സീറ്റിൽ ഗിരി ഇരുന്നു…
സുധാകരേട്ടൻ………..!
പറയത്തക്ക പരിചയമൊന്നുമില്ല…
ജയിലിൽ വച്ച് അഞ്ചോ ആറോ കൂടിക്കാഴ്ച… !
മിക്കതും ആരുമില്ലാത്ത ലൈബ്രറിയിൽ വെച്ചാകും…
അയാൾ പറഞ്ഞതൊക്കെ ശരിയാണെങ്കിൽ ജീവിതം ഒന്ന് പച്ചപിടിക്കും……
ബസ്സ് സ്റ്റാർട്ട് ചെയ്തു……
കണ്ടക്ടർ വന്നപ്പോൾ ടിക്കറ്റെടുത്ത് ഗിരി വീണ്ടും ചിന്തകളിലേക്ക് വീണു…
അയാളിപ്പോഴും ജയിലിലായിരിക്കും……
മുന്നോട്ടു പോകുന്തോറും തണുപ്പ് കൂടിക്കൂടി വന്നു…
ഗിരി വിൻഡോ ഷട്ടർ താഴ്ത്തി…
ജയിൽ വാസവും സഹോദരിയുടെ കല്യാണം മുടങ്ങിയതും ഗിരിക്ക് ഓർമ്മ വന്നു..
ഗാഥ മോൾ………..!
ജീവനായ എട്ടനെയും അവൾ തള്ളിപ്പറഞ്ഞു……
അച്ഛനും ജ്യേഷ്ഠൻമാരും പണ്ടേ അങ്ങനെ ആയതിനാൽ പ്രത്യേകിച്ചു സങ്കടപ്പെടേണ്ട കാര്യമില്ല… ….
ഗാഥ മാത്രം… !
അവന്റെ കണ്ണുകൾ നനഞ്ഞു…
കയറ്റങ്ങളും വളവുകളും താണ്ടി, ബസ്സ് കിതച്ചു കയറിക്കൊണ്ടിരുന്നു…
ബസ്സ് തിരിച്ചു നിർത്തിയിടത്താണ് അവൻ ഇറങ്ങിയത്……
അഞ്ചാറാളുകൾ മാത്രം………!
ഒരു പെട്ടിക്കട പോലും കാണാനില്ല..
അവസാനം ഇറങ്ങിയ ആളുടെ നേരെ ഗിരി ബാഗുമെടുത്ത് നടന്നു……
“” ചേട്ടാ… …. ഒരു മിനിറ്റ്……………..”
അവൻ വിളിച്ചയാൾ ഒരു ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് തിരിഞ്ഞു നിന്നു…
“” എന്നതാ… ….?””
അയാളിഷ്ടപ്പെടാത്ത മട്ടിൽ തിരിഞ്ഞു നിന്നു….
“” സുധാകരൻ ചേട്ടൻ…… ?””
ഗിരി അയാളോട് ചോദിച്ചത് അബദ്ധമായെന്ന മട്ടിൽ നിന്നു…
“ എത് സുധാകരൻ…….? ഇവിടെ നാലഞ്ചു സുധാകരൻമാരുണ്ട്………. “
“” ആള് ജയിലിലായിരുന്നു… ….”
അയാൾ ഗിരിയെ ഒന്ന് തുറിച്ചു നോക്കി…
അയാളുടെ മിഴികൾ ഇടം വലം പിടഞ്ഞ് ചെറുതാകുന്നത് ഗിരി കണ്ടു… ….
“” എവിടുന്നാ…………….?”
“ നാട്ടിൽ നിന്നാ………. “
ഒരു വഴി പോക്കനോട് കാര്യങ്ങൾ പറയുന്നത് ശരിയല്ലാത്തതിനാൽ ഗിരി, അങ്ങനെയാണ് പറഞ്ഞത്..
“ എന്റെ വകയിൽ ഒരമ്മാവനാ… ….”
അയാൾ ഇനിയും എന്തെങ്കിലും ചോദിക്കുമെന്ന് കരുതി ഗിരി കൂട്ടിച്ചേർത്തു…
“ ഞാനും അതിനടുത്തു തന്നാ……. വാ… …. “
അയാളുടെ സ്വരം മയപ്പെട്ടു……
അയാൾ ഫോണെടുത്ത് ഫ്ളാഷ് ലൈറ്റ് ഓണാക്കി..
അയാൾക്കൊപ്പം ഗിരിയും നടന്നു തുടങ്ങി…
“” നല്ല തണുപ്പാണല്ലേ… …. “
ഗിരി ചോദിച്ചു..
“” ആ… ഇവിടെ ഇങ്ങനെയാ………. “
അയാൾക്കവന്റെ സംസാരം ഇഷ്ടപ്പെടാത്തതു പോലെ തോന്നി…
പിന്നീട് സംസാരങ്ങളൊന്നും ഉണ്ടായില്ല…
പുഴയുടെ ഇരമ്പം അടുത്തു വരുന്നതു ഗിരി കേട്ടു തുടങ്ങി…
അയാൾ കെട്ടുപോയ ബീഡി രണ്ടു തവണ നടപ്പിനിടയിൽ കൊളുത്തിയിരുന്നു.
വഴി പിരിഞ്ഞതും അയാൾ നിന്നു…
“”ദാ… ഇതവരുടെ വീട്ടിലേക്കുള്ള വഴിയാ……. “
അയാൾ ഇരുട്ടിൽ മുനിഞ്ഞു കത്തുന്ന പ്രകാശത്തിലേക്ക് കൈ ചൂണ്ടി പറഞ്ഞു…
അയാൾ യാത്ര പോലും പറയാതെ ഇടവഴിയിലേക്ക് കയറിപ്പോകുന്നത് നോക്കി ഒരു നിമിഷം ഗിരി നോക്കി നിന്നു…
നീളത്തിൽ ഫ്ലാഷ് ഒന്ന് നീട്ടിയടിച്ച് വഴി പരിശോധിച്ച ശേഷം അവൻ പതിയെ ഒതുക്കുകല്ലുകൾ കയറി ….
വീട്ടിലേക്ക് അടുക്കുന്തോറും വഴിയുടെ വശങ്ങളിലായി നിന്ന പൂച്ചവാലൻ ചെടികൾ അവന്റെ ദേഹത്തുരുമ്മി……
അവസാന പടിയും കയറി ഗിരി മുറ്റത്തെത്തി..
അടുത്ത നിമിഷം ഒരു നായ കുരച്ചു കൊണ്ട് അവനടുത്തേക്ക് വന്നു…
വലിയ വലുപ്പമില്ലാത്ത ഒരു നായ…….!
ഒന്നു ഞെട്ടിയ ഗിരി ഷോൾഡർ ബാഗ് ഊരി പട്ടിയുടെ നേരെ വീശി…
അതൊന്നു കൂടി അവനു നേരെ ചാടി..
കാൽ വീശി, അവൻ ഒരു തൊഴി കൊടുത്തതും പട്ടി മോങ്ങിക്കൊണ്ട് , തിണ്ണയ്ക്ക് താഴെ, പടികളോട് ചേർന്നുള്ള ഇളം തിണ്ണയിലെ ചണച്ചാക്കിൽ കയറിയിരുന്ന് മുരണ്ടുകൊണ്ടിരുന്നു……
ഇവിടെ ആരുമില്ലേ……?
ഗിരി ഒന്ന് സംശയിച്ചു……
ലൈറ്റ് മൂന്ന് ഭാഗത്തും തെളിഞ്ഞു കിടപ്പുണ്ട്……
ഓടിട്ട വീടാണ്…
ജനലുകളും വാതിലും അടഞ്ഞു തന്നെ… !
അവൻ മുന്നോട്ടാഞ്ഞപ്പോൾ മുറ്റത്ത് നീളത്തിൽ കെട്ടിയ അഴ മുഖത്തു തട്ടി……
ജയിലിൽക്കിടക്കുന്ന സുധാകരേട്ടന്റെ പേരെടുത്ത് വിളിക്കാൻ നിർവ്വാഹമില്ല…
വീട്ടിലുള്ളവരുടെ പേര് അറിയാനും വയ്യ… !
പട്ടി കുരച്ചിട്ടും ആരും വാതിൽ തുറന്ന് വരാത്തതിൽ ഗിരിക്ക് അത്ഭുതം തോന്നി…
ഇനി വീട്ടിലുള്ളവർ ഉറക്കമായോ എന്നൊരു സംശയം അവനുണ്ടായി……
അവൻ പതിയെ പടിയിലേക്ക് കയറിയതും നായ ഒന്നുകൂടി മുരണ്ടു…
അവൻ തിണ്ണയിലേക്ക് കയറി…
തന്റെ സ്ഥലം കയ്യടക്കാൻ വന്നയാളല്ല, എന്നത് മനസ്സിലാക്കിയാകണം നായ ചണച്ചാക്കിലേക്ക് തന്നെ ചുരുണ്ടു കൂടി..
ഒരു മടക്കു കട്ടിൽ തിണ്ണയിൽ ചാരി വെച്ചിട്ടുണ്ടായിരുന്നു……
കസേരയില്ല……….
എതിർ ഭാഗത്തുള്ള ചെറിയ മുറി പൂട്ടിയിട്ടിരിക്കുന്നു…
വീതി കുറഞ്ഞ ഒരു അരഭിത്തി…
അതിലേക്ക് ബാഗ് വെച്ച ശേഷം ഗിരി വാതിലിനടുത്തേക്ക് ചെന്നു…
മൂന്നാലു തവണ മുട്ടിയിട്ടും ഒരു പ്രതികരണവും അകത്തു നിന്ന് ഉണ്ടായില്ല..
ഗിരി ചെവി വട്ടം പിടിച്ചു…
എഫ്.എം റേഡിയോ പാടുന്നുണ്ട് …
“” കേൾക്കൂ.. കേൾക്കൂ… കേട്ടുകൊണ്ടിരിക്കൂ…””
പരസ്യ വാചകം കേട്ടുകൊണ്ട് ഗിരി അരഭിത്തിയിൽ ചെന്നിരുന്നു…
രാത്രി വന്നു കയറിയത് അബദ്ധമായെന്ന് അവനു തോന്നി……
രാത്രിയായിപ്പോയതാണ്…
ക്ഷീണമുണ്ട്……….
ബസ്സിലിരുന്നതിന്റെ ശരീര വേദനയുമുണ്ട്…
മടക്കു കട്ടിൽ നിവർത്തിയപ്പോഴാണ് അതിന് ഒരു കാലില്ലായെന്ന് ഗിരിക്ക് മനസ്സിലായത്…
നടുവ് നിവർത്താമെന്നുള്ള മോഹം പൊലിഞ്ഞു……
ബലം പ്രയോഗിച്ച് മറ്റേക്കാലും കൂടി വളച്ചു വെച്ച് , ഗിരി കട്ടിൽ നിലത്തേക്കിട്ടു……
പട്ടി കടിക്കാതെ ചെരുപ്പ് ഒരു മൂലയിലേക്ക് അഴിച്ചു വെച്ച് ബാഗ് തല ഭാഗത്തേക്ക് വെച്ച് ഗിരി കിടന്നു……
റേഡിയോ പാടുന്നതും കേട്ട് ഗിരി ഉറങ്ങിപ്പോയി…
“” അമ്പൂട്ടാ… …. ടാ ,അമ്പൂട്ടാ… …. മുന്നിലെ വാതിലു തൊറക്കെടാ… …. “
ഒരു യുവതിയുടെ ശബ്ദം കേട്ടാണ് ഗിരി കണ്ണു തുറന്നത്…
ഒരു മിനിറ്റ് വേണ്ടി വന്നു, സ്ഥലകാല ബോധമറിഞ്ഞെടുക്കാൻ ഗിരിക്ക്…
ഒടിച്ച വേലിച്ചീരയും കയ്യിൽ പിടിച്ച് യുവതി തിണ്ണയിലേക്ക് ഓടിക്കയറി വന്നു……
ഒടിഞ്ഞ കട്ടിലിൽ നിലത്തു കിടക്കുന്ന ഗിരിയെ കണ്ടതും അവളൊന്നു നിന്നു…
പിന്നെ പിന്നോട്ട് രണ്ടു ചുവടിറങ്ങി പടിയിൽ നിന്നു… ….
“” ആരാ… ….?””
അവളെ നോക്കി ചിരിച്ചു കൊണ്ട് ഗിരി എഴുന്നേറ്റിരുന്നു…
വലിയ നിറമില്ലാത്ത യുവതി…
സുധാകരേട്ടന്റെ ഒരു ചെറിയ ഛായ അവന് തോന്നി…
കുളിച്ച് കുറി തൊട്ടാണ് നിൽപ്പ്…
ഇറക്കമുള്ള ടോപ്പ് മാത്രമാണ് വസ്ത്രം…
“”ഗിരീന്ദ്രൻ… ഗിരീന്ന് വിളിക്കും…… “
അവളെ ശ്രദ്ധിച്ചു കൊണ്ട് അവൻ പറഞ്ഞു…
“” ഏത് ഗിരി………?””
ചോദ്യത്തോടൊപ്പം അവൾ ഒന്നു കൂടി പുറകിലേക്ക് അടി വെച്ചു……
“” നീ ചീരയൊടിച്ചില്ലേ ഉമേ……..?”
ചോദ്യത്തോടൊപ്പം മുൻവശത്തെ വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു…
നൈറ്റി എളിയിൽ എടുത്തു കുത്തി ഒരു സ്ത്രീ തിണ്ണയിലേക്ക് വന്നു……
ഗിരിയെ കണ്ടതും അവർ നൈറ്റി വലിച്ചു താഴ്ത്തി ഭയന്നു നിന്നു…
“ ആ… …. രാ… ?””
“ ഞാൻ സുധാകരേട്ടന്റെ ഒരു സുഹൃത്താ… “
അരഭിത്തിയിൽ കൈ കുത്തി ഗിരി എഴുന്നേറ്റു..
സ്ത്രീയുടെ മുഖത്ത് നേരിയ ആശ്വാസം പരന്നത് ഗിരി കണ്ടു..
പക്ഷേ ഉമയുടെ മുഖത്ത് അതൊന്നും കണ്ടില്ല…
“” ഇയാളോടാരാ വീടിനകത്ത് കേറിക്കിടക്കാൻ പറഞ്ഞത്……?””
സഹായത്തിന് ആളെത്തിയപ്പോൾ ഉമ നിന്ന് ജ്വലിച്ചു തുടങ്ങി..
“” ഞാൻ വന്നത് രാത്രിയിലാ… വിളിച്ചിട്ട് നിങ്ങളാരും കേട്ടില്ല… അതാ ഇവിടെ കയറി കിടന്നത്. “
നിലത്തു കിടന്ന മടക്കു കട്ടിൽ എടുത്ത് ചാരി വെച്ചു കൊണ്ട് ഗിരി പറഞ്ഞു.
“”താനിവിടെ നിന്ന് സ്ഥലം കാലിയാക്കിക്കേ…… “.
ഉമ വീണ്ടും ദേഷ്യപ്പെട്ടു……
“” നീയൊന്നടങ്ങുമേ… …. അയാള് പൊയ്ക്കോളില്ലേ…… “”
“” എങ്കിൽ കുഞ്ഞമ്മ പിടിച്ച് അകത്തേക്കിരുത്ത്…… കൂട്ടുകാരൊക്കെ പാതിരാത്രിയാണോ വീടും തിരക്കിപ്പിടിച്ച് വരുന്നത്… “
ചണച്ചാക്കിൽ നിന്ന് ഒന്ന് തലയുയർത്തി നോക്കിയ ശേഷം നായ ഒന്നുകൂടി ചുരുണ്ടു കൂടുന്നത് ഗിരി കണ്ടു…
“ ഞാനും അങ്ങേരുടെ ഒപ്പം ജയിലിലായിരുന്നു … ഒരു കാര്യം എന്നെ പറഞ്ഞേല്പിച്ചിട്ടുണ്ട്…… അത് നടത്തിയാൽ ഞാനങ്ങ് പൊയ്ക്കോളാം…… “
ഗിരി അരഭിത്തിയിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു……
ഇരുവരുടെയും മുഖത്ത് ഒരു ഞെട്ടലുണ്ടായി……
ഉമ ആ ഞെട്ടലോടെ തന്നെ അയാളെ വീക്ഷിച്ചു…
അലസമായിക്കിടക്കുന്ന മുടികൾ…
സുന്ദരനാണ്……
വെളുത്ത വട്ടമുഖം…
കട്ടിമീശയാണ്…
അയാൾ ജയിലിൽക്കിടന്നു എന്ന് പറഞ്ഞത് എന്തോ ഉമയ്ക്കത്ര വിശ്വാസം തോന്നിയില്ല…
“ ഇയാളിവിടെ സ്ഥിരമാക്കാനാണോ പ്ലാൻ… ?””
ഗിരി ഇരുന്നതു കണ്ട് ഉമ ചോദിച്ചു…
“ കാര്യം ഞാൻ പറഞ്ഞല്ലോ… …. “
ഗിരി ഇരുവരുടെയും മുഖത്തേക്ക് നോക്കി……
“” ഇവിടെ ഞങ്ങൾ പെണ്ണുങ്ങളു മാത്രമേയുള്ളൂ…… “
കുഞ്ഞമ്മ എന്ന് ഉമ വിളിച്ച സ്ത്രീയാണ് അത് പറഞ്ഞത്…
“” അറിയാം… “
അറിയില്ലെങ്കിലും ഗിരി അങ്ങനെയാണ് പറഞ്ഞത്…
“” ഇനി എല്ലാം വിസ്തരിക്ക്…… സ്വസ്ഥത എന്നു പറഞ്ഞ സാധനമേ വീട്ടിലില്ല… ഇനി മാനം കൂടിയെ ബാക്കിയൊള്ളൂ… “
ഉമ കുഞ്ഞമ്മയെ നോക്കി……
“ ഉമേ………. “
കുഞ്ഞമ്മ താക്കീതിന്റെ സ്വരത്തിൽ വിളിച്ചു…
“ ഈശ്വരാ…………! സമയം പോയി… …. “
അകത്തേ മുറിയിലെ ക്ലോക്കിലേക്ക് നോക്കിയാകണം ഉമ പറഞ്ഞു കൊണ്ട് അകത്തേക്ക് ധൃതിയിൽ കടന്നുപോയി…
“ അമ്പൂട്ടാ… …. ടാ അമ്പൂട്ടാ…….”
അകത്തു നിന്ന് ഉമയുടെ അലർച്ചയും ഒരടിയുടെ ശബ്ദവും കേട്ടു…
പിന്നാലെ ഒരു ബാലന്റെ ചിണുങ്ങിക്കരച്ചിലും കേട്ടു…
കുഞ്ഞമ്മ ഗിരിയെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് വലിഞ്ഞു..
ഗിരി പുറത്തേക്ക് നോക്കി…
കോടമഞ്ഞ് പുതച്ച പ്രകൃതി..!
കാഴ്ചകളൊന്നും വ്യക്തമല്ല… ….
മുറ്റത്ത് പഴുത്തു തുടങ്ങാറായ ഫലങ്ങളോടു കൂടി ഒരു ചാമ്പമരം നിൽക്കുന്നു…
അതിൽ നിന്നാണ് അഴ വലിച്ചു കെട്ടിയിരിക്കുന്നത്..
അകത്തു നിന്ന് പാത്രങ്ങൾ ഒച്ചയെടുത്തു തുടങ്ങി……
“” സമയം കളയാൻ ഓരോന്ന് വന്ന് കേറിക്കോളും… “
ഉമ പറയുന്നത് ഗിരി കേട്ടു……
“” നീയൊന്നുമിണ്ടാതിരി ഉമേ… അയാള് വന്ന കാര്യം നടത്തി പൊയ്ക്കോളില്ലേ………. “
“” നിങ്ങളെന്തിനാ അയാളുടെ പക്ഷം പിടിക്കുന്നേ…….””
“” ഞാനാരുടെയും പക്ഷം പിടിച്ചതല്ല… വീട്ടിലൊരാൾ വന്നു കേറുമ്പോൾ ഇങ്ങനെയാണോ പെരുമാറുന്നത്……….?””
“” ഓ………. അച്ഛനെ തിരക്കി വന്നോരെല്ലാം ബെസ്റ്റ് പാർട്ടിയായിരുന്നല്ലോ… “”
പിന്നാലെ വീണ്ടും അമ്പൂട്ടനെ വിളിക്കുന്നതു കേട്ടു……
പിന്നാലെ അടിയുടെ ശബ്ദം…
ചിണുങ്ങിക്കരച്ചിൽ…
“” നീയെന്തിനാ ദേഷ്യം അവനോട് തീർക്കുന്നത്…?”
കുഞ്ഞമ്മയുടെ സ്വരം കേട്ടു……
“”എനിക്ക് എന്നോട് തന്നെയാ ദേഷ്യം… “
ഉമയുടെ പിറുപിറുക്കൽ കേട്ടു…
പത്തു മിനിറ്റിനകം ചെറിയ ബാഗുമായി തിണ്ണയിലേക്ക് ഉമ വന്നു…
പാന്റും ഷാളും ധരിച്ചതല്ലാതെ വസ്ത്രത്തിന് വലിയ മാറ്റമൊന്നുമില്ല…
രൂക്ഷമായി ഗിരിയെ അവളൊന്നു നോക്കി…
“” ഞാൻ വരുമ്പോൾ ഇവിടെ കണ്ടേക്കരുത്… …. “
പിന്നാലെ അന്ത്യശാസനം വന്നു…
ഗിരി അവളെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു…
“” ഇയാളെന്താ പൊട്ടനാ , ഇറങ്ങിപ്പോകാൻ പറഞ്ഞാലും ഇരുന്ന് കിണിക്കുന്നത്… “
പടിയിറങ്ങുമ്പോൾ ഉമ പിറുപിറുക്കുന്നത് ഗിരി കേട്ടു……
“” ഉമേ……. ടിയേ… ഇതു കൊണ്ടു പോടീ… “
വിളിച്ചു കൊണ്ട് ഒരു വട്ടപാത്രവുമായി കുഞ്ഞമ്മ തിണ്ണയിലേക്ക് വന്നു…
“” കറിയില്ലാതെ എന്നാ കാണാൻ കൊണ്ടുപോകുവാ… “
ഉമ തിരിഞ്ഞു നിന്നു…
കുഞ്ഞമ്മ ജാള്യതയോടെ ഗിരിയെ നോക്കി…
“” പട്ടിണിയിരിക്കണ്ടേടീ………. “
ജാള്യത മറയ്ക്കാൻ കുഞ്ഞമ്മ ചോദിച്ചു…
“” അല്ലെങ്കിൽ എന്നും മൃഷ്ടാന്നമാണല്ലോ… “
പറഞ്ഞിട്ട് ഉമ ഒതുക്കു കല്ലുകൾ ഓടിയിറങ്ങിപ്പോകുന്നത് ഗിരി കണ്ടു..
“ അമ്പൂട്ടനോട് പൈസ കൊണ്ടു കൊടുക്കാൻ പറയണേ… “
പകുതി വഴിയിൽ നിന്ന് വീണ്ടും ഉമയുടെ ഉച്ചത്തിലുള്ള സ്വരം കേട്ടു…
വട്ടപ്പാത്രവുമായി അകത്തേക്ക് പോയ കുഞ്ഞമ്മ വന്നത് ഒരു ഗ്ലാസ്സ് കട്ടൻ ചായയുമായിട്ടായിരുന്നു…
“”ന്നാ… ചായ… “
ഗിരിക്കരികിൽ അരഭിത്തിയിൽ ഗ്ലാസ്സ് വെച്ച് അവർ പറഞ്ഞു……
ഗിരി, തിരിഞ്ഞ് ചായ ഗ്ലാസ്സ് കയ്യിലെടുത്തു…
“” അവളങ്ങനാ… ആരോടാ എന്താ പറയേണ്ടത് എന്ന് ഒരു നിശ്ചയവുമില്ല……””
ക്ഷമാപണം പോലെ കുഞ്ഞമ്മ പറഞ്ഞു…
ഗിരി ചായ ഒന്ന് മൊത്തി…
പ്രതീക്ഷിച്ച പോലെ മധുരം ഇല്ലായിരുന്നു…
എങ്കിലും മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ ഗിരി ചായ കുടിച്ചു…
“” എങ്ങനെയാ പരിചയം……… ?””
കുഞ്ഞമ്മ ഭിത്തിയിലേക്ക് ചാരി നിന്നു…
“ പറഞ്ഞല്ലോ … ജയിലിൽ വെച്ചാ… “
അവരത് വിശ്വസിക്കാൻ പ്രയാസപ്പെടുന്നതു പോലെ ഗിരിക്ക് തോന്നി…
“” അധികം പരിചയമൊന്നും ഉണ്ടായില്ല…… ഞാൻ കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളൂ… ! “
ഗിരി ചായ ഗ്ലാസ്സ് തിരികെ അരഭിത്തിയിലേക്ക് വെച്ചു……
“” ചതിയായിരുന്നു………. എന്താ സംഭവിച്ചതെന്ന് ഞങ്ങൾക്കാർക്കുമറിയില്ല… “
അതു തന്നെയാണ് സുധാകരേട്ടൻ പറഞ്ഞതെന്നും ഗിരി ഓർത്തു …
ചതിയായിരുന്നു… ….
“” അവസാനം മക്കൾക്ക് അച്ഛനില്ലാതെയായി… …. “
കുഞ്ഞമ്മയുടെ വാക്കുകൾ കേട്ടതും ഗിരി ഒന്ന് നടുക്കം കൊണ്ടു…
സുധാകരേട്ടൻ മരിച്ചെന്നോ ….!!!
നിർവ്വികാരമായ അയാളുടെ മുഖം ഗിരിയുടെ പ്രജ്‌ഞയിലൊന്നു മിന്നി…
ഒരു പാവം മനുഷ്യൻ… ….
“” അതറിഞ്ഞില്ലായിരുന്നോ………?””
ഗിരിയുടെ നടുക്കമറിഞ്ഞ് കുഞ്ഞമ്മ വീണ്ടും ചോദിച്ചു……
ഗിരി ഉത്തരം കൊടുക്കാതെ പുറത്തേക്ക് നോക്കിയിരുന്നു…
“”ങ്ഹാ……. എഴുന്നേറ്റോ… ?””
ഗിരി തിരിഞ്ഞതും വാതിൽക്കൽ എട്ടോ ഒൻപതോ വയസ്സ് തോന്നിക്കുന്ന ഒരു ബാലനെ കണ്ടു……
ഒരു പഴയ യൂണിഫോം ഡ്രസ്സാണ് വേഷം……
വലത്തേക്കവിളിൽ ഈത്ത ഒലിച്ചിറങ്ങിയ ഒരുപാട് കണ്ടു……
“” പോയി മുഖം കഴുകിയിട്ടു വാടാ… “
കുഞ്ഞമ്മ അവനെ പിടിച്ച് ഉന്തിതള്ളി മുറ്റത്തേക്കിറക്കി വിട്ടു…
ഗിരിയെ നോക്കിക്കൊണ്ട് തന്നെ അമ്പൂട്ടൻ മുറ്റത്തേക്കിറങ്ങി……
ഒരു തവണ വായിൽ ടൂത്ത്ബ്രഷ് ഇട്ടുരച്ചുകൊണ്ട് അവൻ അവരുടെയടുത്തേക്ക് വന്ന് തിരിച്ചു പോയി…
അടുത്ത തവണ അവൻ മുഖം കഴുകിയാണ് കയറി വന്നത്…
“” നിന്നോട് ലോണിന്റെ പൈസ കൊണ്ടു കൊടുക്കാൻ ഉമ പറഞ്ഞു……””
“ ചേച്ചിക്ക് പോണ വഴിക്ക് കൊടുക്കാൻ പാടില്ലേ.. എന്നെ നടത്തിക്കാനായിട്ട്… “
അകത്തേക്കു കയറുന്നതിനിടെ അമ്പൂട്ടൻ പിറുപിറുത്തു…
ഗിരി പതിയെ മുറ്റത്തേക്കിറങ്ങി…
നായ അവനെ ഒന്ന് നോക്കിയ ശേഷം വീണ്ടും ചുരുണ്ടു കൂടി…
“” ചായക്ക് മതുരമില്ലേ അമ്മേ… ?””
“” പഞ്ചാര തീർന്നു…… “
“” എന്നാലെനിക്കു വേണ്ട… “
അകത്തെ സംഭാഷണം ഗിരിക്ക് കേൾക്കാമായിരുന്നു…
കുഴി കുത്തി പടുതയിറക്കിയിട്ട ടാങ്കിലേക്ക് ഹോസിൽ നിന്ന് വെള്ളം ചാടുന്നുണ്ടായിരുന്നു…
ചിലപ്പോൾ ശക്തിയായും പതുക്കെയും വെള്ളം വരുന്നതിനനുസരിച്ച്, ഹോസ് കുത്തി നിർത്തിയ കമ്പിൽക്കിടന്ന് തുള്ളി വിറച്ചു കൊണ്ടിരുന്നു……
ഒരു നിമിഷം അത് നോക്കി നിന്ന ശേഷം ഗിരി, അടുത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കപ്പെടുത്ത് മുഖം കഴുകി…
തണുത്ത വെള്ളം…….!
ഒരു കൊതി തോന്നിയ ഗിരി ഹോസിൽ നിന്ന് കപ്പിലേക്ക് കുറച്ചു വെള്ളം പിടിച്ച് കുടിച്ചു…
ശരീരത്തിനകത്തു കൂടെ ഒരു കുളിർ പാഞ്ഞിറങ്ങിയ പോലെ ഗിരി ചെറുതായി ഒന്നു വിറച്ചു……
മുടിയിഴകൾ കൂടി നനഞ്ഞ വിരലാൽ ഒന്ന് കോതിയെടുത്ത് ഗിരി നിവർന്നു…
തന്നെ നോക്കി നിൽക്കുന്ന അമ്പൂട്ടനെ അവൻ കണ്ടു..
പാന്റുയർത്തി കാൽപാദങ്ങളിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് ഗിരി അവനടുത്തേക്ക് ചെന്നു……
നായ കിടക്കുന്നതിന്റെ അപ്പുറത്തു നിന്ന് ഹോസ് വൃത്താകൃതിയിലാക്കിയ വണ്ടിയും മരക്കമ്പിൽ കുടക്കമ്പി വളച്ച കൊക്കയുമെടുത്ത് അമ്പൂട്ടൻ തിരിഞ്ഞു……
“” അമ്പൂട്ടൻ എവിടേക്കാ… ?””
തന്നെ പേരു വിളിച്ചു കാര്യം തിരക്കിയ ഒരു സന്തോഷം ഗിരി അവന്റെ മുഖത്തു കണ്ടു……
“ ലോൺ പൈസ കൊടുക്കണം…… “
“” ഞാനുമുണ്ട്……. “
ഗിരി തിണ്ണയിൽ കയറി ബാഗിൽ നിന്ന് പേഴ്സെടുത്ത് കീശയിൽ തിരുകി……
“” എന്തെങ്കിലും വാങ്ങണോന്ന് അമ്മയോട് ചോദിച്ചിട്ടു വാ……. “
ഗിരി കുനിഞ്ഞ് അവന്റെ ചെവിയിൽ പറഞ്ഞു……
“” ഇവിടെ ഒന്നും വാങ്ങാനില്ല… വൈകിട്ട് ചേച്ചി വാങ്ങിച്ചോളും… “
അഭിമാനം അടിയറ വെക്കാൻ ഇഷ്ടമില്ലാതെ അമ്പൂട്ടൻ പറഞ്ഞു……
ഗിരി പിന്നെ ഒന്നും മിണ്ടിയില്ല……
അമ്പൂട്ടനു പിന്നാലെ ഗിരിയും ഒതുക്കുകളിറങ്ങി……
പകൽ വെളിച്ചത്തിൽ താൻ രാത്രി വന്ന വഴി ഗിരി കണ്ടു…
കൃഷിയിടങ്ങളാണ് അധികവും……
ജാതിയും കൊക്കോയും ഇടകലർന്നു നിൽക്കുന്നു..
ഗിരിയുള്ളതിനാൽ “” കൊക്കവണ്ടി “” പതിയെ ഉരുട്ടിയാണ് അമ്പൂട്ടൻ നടന്നത്……
കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ അമ്പൂട്ടൻ നിന്നു…
“” ഞാനിവിടെ വരേ ഉള്ളൂ… “
കയ്യാലകൾക്കു മുകളിലുള്ള വീട് നോക്കി അവൻ പറഞ്ഞു……
“ നീ പോയിട്ടു വാ…””
ഗിരി അനുവാദം കൊടുത്തതും അവൻ ഓടിപ്പോയി…
മൂന്ന് മിനിറ്റിനകം ആൾ തിരിച്ചെത്തി…
“” നമുക്ക് കവല വരെ ഒന്ന് പോയാലോ … ?””
ഗിരി അവന്റെ മുഖത്തേക്ക് നോക്കി…
“” എനിക്ക് സ്കൂളുണ്ട്………. “
“” പെട്ടെന്ന് വരാന്ന്… …. “
അവൻ സമ്മതമെന്ന മട്ടിൽ തലയാട്ടി……
“ ചേട്ടന്റെ പേരെന്താ… ?””
കവലയിലേക്ക് നടക്കുമ്പോൾ അവൻ ചോദിച്ചു…
“” ഗിരി………. “
“” അത്രയേള്ളൂ……….?””
“”ഗിരീന്ദ്രൻ… …. “
ഗിരി പുഞ്ചിരിയോടെ പറഞ്ഞു…
ഇപ്പോഴാണ് പേര് ശരിയായത് , എന്ന രീതിയിൽ അമ്പൂട്ടൻ ചിരിച്ചു കൊണ്ട് തലയാട്ടി……
“” നിന്റെയോ……….?””
“” അഭിജിത്………. “
“” പിന്നെ അമ്പൂട്ടനോ… ?””
“” എനിക്കാ സിൽമ വലിയ ഇഷ്ടാ… റിമ്പോച്ചെ………. അതിങ്ങനെ പറഞ്ഞു പറഞ്ഞ് ചേച്ചിയിട്ടതാ… “
“” ചേച്ചി ദേഷ്യക്കാരിയാണല്ലേ…””
“ ഏയ്… പാവാ………. “
“” എന്നിട്ടു അമ്പൂട്ടനെ രാവിലെ തല്ലിയാരുന്നല്ലോ…””
“” അതെന്നുമുള്ളതാ… ചേച്ചി തല്ലിയില്ലേൽ എനിക്കും എന്തോ പോലാ… “
അമ്പൂട്ടൻ ചിരിച്ചു…
കവലയിലെത്തിയിരുന്നു…
“ ഒരു ചായ കുടിച്ചാലോ……….?””
“ അതൊന്നും വേണ്ട… “
ചെക്കന്റെ അഭിമാന ബോധത്തിൽ ഗിരിക്ക് മതിപ്പു തോന്നി..
“” ഒരു കാലിച്ചായ കുടിക്കാന്ന്… …. “
അമ്പൂട്ടൻ ഒരു നിമിഷം സംശയിച്ചു നിന്നു…
“” ചേച്ചിയോട് പറഞ്ഞേക്കല്ല്………. “
ആ ഉറപ്പിലാണ് അമ്പൂട്ടൻ ഗിരിക്കൊപ്പം ചായക്കടയിലേക്ക് കയറിയത്……
ഗിരി രണ്ട് ചായ പറഞ്ഞു……
ബഞ്ചിലും കസേരയിലുമായി ഇരുന്നവർ ഗിരിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
ഒരു യുവാവ് ഫോറസ്റ്റ് ഡ്രസ്സിൽ ചായ കുടിച്ചു കൊണ്ട് ഇരിക്കുന്നത് ഗിരി കണ്ടു…
യുവാവും ഗിരിയേയും അമ്പൂട്ടനെയും ഒന്ന് നോക്കി…
പൊറോട്ട വെളിച്ചെണ്ണ വീണ കല്ലിൽ കിടന്നു മൊരിയുന്ന ഗന്ധം പരന്നതും അമ്പൂട്ടൻ ഗിരിയെ നോക്കി…
“” പൊറോട്ട വേണോ……….?”.
“” ചേച്ചി… ….?””
“” നീ കഴിച്ചോ…””,
ഗിരി ഉറപ്പു കൊടുത്തു…
“” ആരാടാ അമ്പൂട്ടാ വിരുന്നുകാര്……….?””
കടക്കാരൻ ഗിരിയെ നോക്കി ചോദിച്ചു…
“” നാട്ടീന്നാ………. “
അമ്പൂട്ടൻ മറുപടി കൊടുത്തു…
പതറാതെ, സന്ദർഭോചിതമായ അവന്റെ ഉത്തരം കേട്ട് ഗിരിയും ഒരു നിമിഷം അമ്പരന്നു…
ഗിരി ചായ കുടി കഴിഞ്ഞ് ആദ്യമിറങ്ങി……
അടുത്തുള്ള പലചരക്കു കടയിൽ കയറി കുറച്ചു സാധനങ്ങൾ അവൻ വാങ്ങിക്കൂട്ടി…
“” ചിക്കൻ കിട്ടുമോടാ ഇവിടെ… ?””
“”ദേണ്ടെ… അവിടുണ്ട്… “
അമ്പൂട്ടൻ കൈ ചൂണ്ടി…
കോഴിയും രാവിലെ കശാപ്പു ചെയ്ത കോഴിയുടെ കാലുകളും കൂടി വാങ്ങിയാണ് അവർ കവല വിട്ടത്……
“” സാധനമൊക്കെ വാങ്ങിയാൽ ചേച്ചി വഴക്കുണ്ടാക്കും…… “
അമ്പൂട്ടൻ പറഞ്ഞു……
“” നിന്റെ ചേച്ചിക്കെന്നാ ജോലി…… ?””
“” തുണിക്കടേലാ………. “
“” അതിന്റെ പത്രാസാണോ കാണിക്കുന്നത്… ?””
“” ആർക്കറിയാം… “
ടാർ റോഡ് കഴിഞ്ഞതും അമ്പൂട്ടൻ തന്റെ വണ്ടി ഉരുട്ടിത്തുടങ്ങി..
“” നിന്റെ അമ്മയുടെ പേരെന്താ… ?””
“” മല്ലിക…””
“” ചേട്ടൻ ചുമ്മാ വന്നതാണോ ഇവിടെ… ?””
“ ചെറിയൊരു കാര്യം ഉണ്ട്… …. “
“” അത് കഴിഞ്ഞാൽ പോകുമോ… ?””
“ പോണം…””
“” എന്നാ കാര്യമാ……….?””
“” അത് നടന്നിട്ടു പറയാം അമ്പൂട്ടാ… പറഞ്ഞാൽ ഫലം കിട്ടത്തില്ല…””
അവൻ ശിരസ്സിളക്കി…….
കൈയ്യിലും ചുമലിലും വീട്ടുസാധനങ്ങളുമായി ഗിരി പിന്നിലും അമ്പൂട്ടൻ മുന്നിലുമായി വരുന്നത് മല്ലിക കണ്ടു..
മുറ്റമടിച്ചു കൊണ്ടിരുന്ന ചൂലിന്റെ മട ഭാഗം ഇടതു കൈവെള്ളയിൽ കുത്തി , നൈറ്റി താഴ്ത്തിയിട്ട് മല്ലിക അകത്തേക്ക് വലിഞ്ഞു…
സാധനങ്ങളെല്ലാം ഗിരി തിണ്ണയിൽ വെച്ചു……
“” അമ്മയോട് ഇതകത്ത് വെക്കാൻ പറ അമ്പൂട്ടാ… …. “
തനിക്ക് എടുക്കാൻ പറ്റിയ ഒരു കവർ തൂക്കിപ്പിടിച്ച് അമ്പൂട്ടൻ അകത്തേക്ക് പോയി…
തിരികെ വരുമ്പോൾ കൂടെ മല്ലികയും ഉണ്ടായിരുന്നു……
“” ഇതൊന്നും വാങ്ങണ്ടായിരുന്നു… “
“” അത് അമ്പൂട്ടൻ പറഞ്ഞു…… “
എന്ത് എന്ന അർത്ഥത്തിൽ മല്ലിക ഗിരിയെ നോക്കി…
“ ചേച്ചി വലിയ അഭിമാനിയാണെന്ന്… “
മല്ലിക മറുപടിയായി ചിരിച്ചു……
“” മൂന്നാലു ദിവസം ഞാൻ ഇവിടുണ്ടാകും…… എനിക്കും വല്ലതും കഴിക്കണം…… ഉമയേപ്പോലെ ഞാനും അഭിമാനിയാ………. “”
ഗിരിയും ചിരിച്ചു…
“ അതവള് വൈകുന്നേരം വരുമ്പോൾ നേരിട്ടു പറഞ്ഞാൽ മതി… “
മല്ലിക സാധനങ്ങളടങ്ങിയ കവറുകളുമായി അകത്തേക്ക് പോകുന്നതിനിടയിൽ പറഞ്ഞു.
ഉമയെ അവർക്കും പേടിയാണെന്ന് ഗിരിക്കു മനസ്സിലായി……
ഗിരി വീണ്ടും അരഭിത്തിയിലേക്കിരുന്നു……
ഇറച്ചിയുടെ മണം കിട്ടിയതിനാൽ നായ പതിയെ മുഖമുയർത്തി…
ഗിരി ഒന്ന് വിരൽ ഞൊടിച്ചതും നായ വാലാട്ടി…
പുതിയ ആളാണ് ഇറച്ചി കൊണ്ടുവന്നത് എന്ന് ചിന്തിക്കാനുള്ള ബോധമൊക്കെ പട്ടിക്കുമുണ്ടായിരുന്നു…
പത്തു മിനിറ്റിനകം വീണ്ടും ഒരു ഗ്ലാസ്സ് ചായ കൂടി എത്തി..
അതിൽ പഞ്ചസാര ചേർത്തിട്ടുണ്ടാകുമെന്ന് ഗിരിക്ക് ഉറപ്പായിരുന്നു……
“” എന്തിനാ ഈ കോഴിക്കാലൊക്കെ…?””
ചായ അരഭിത്തിയിൽ വെച്ച് മല്ലിക ചോദിച്ചു..
“” ഇന്നലെ ഞാനിവനൊരു തൊഴി കൊടുത്തിരുന്നു.. അവനും ഹാപ്പിയായിക്കോട്ടെ…………”
ഗിരി പട്ടിയെ നോക്കി പറഞ്ഞു……
“” ഇന്നലെ വീടെങ്ങനെ കണ്ടുപിടിച്ചു… ? “”
“” ഒരാളെ വഴിയിൽ വെച്ച് കണ്ടു… അയാൾ താഴെ വരെ ഉണ്ടായിരുന്നു… “
“” ആര്……..? സോമനോ………?””
മല്ലിക എടുത്തു ചോദിച്ചു…
“” പേരൊന്നും ഞാൻ ചോദിച്ചില്ല…””
“” അയാൾ തന്നെയാകും…: “
മല്ലിക പറഞ്ഞതും അകത്തു നിന്ന് വിളി കേട്ടു..
“” അമ്മേ… ഇത് മതിയോ… ?””
മല്ലിക വേഗം അകത്തേക്ക് കയറിപ്പോയി…
രണ്ടു മിനിറ്റ് കഴിഞ്ഞ് അമ്പൂട്ടൻ ഇരു ചുമലുകളിലും കണ്ണുകൾ തുടച്ച് വരുന്നത് കണ്ടു…
അവൻ സവാള അരിഞ്ഞു കഴിഞ്ഞുള്ള വരവാണെന്ന് ഗിരിക്ക് മനസ്സിലായി……
ഗിരിയെ ശ്രദ്ധിക്കാതെ അവൻ നേരെ പുറത്തേക്കാണ് പോയത്……
തിരികെ വന്നത് കറിവേപ്പിലയുമായിട്ടായിരുന്നു…
“” സ്കൂളിൽ പോണില്ലേ…: ?”
അവൻ കയറി വന്നതും ഗിരി ചോദിച്ചു…
“” ഇന്ന് പോകണ്ടാന്ന് അമ്മ പറഞ്ഞു … “
പറഞ്ഞിട്ട് അവൻ അകത്തേക്ക് കയറിപ്പോയി…
ഗിരി ചായ കുടി കഴിഞ്ഞ് ഗ്ലാസ്സ് തിരികെ വെച്ച് മുറ്റത്തേക്കിറങ്ങി…
ചണച്ചാക്കിൽ നിന്ന് നായയും എഴുന്നേറ്റു…
അകത്ത് മസാലയുടെ ഗന്ധം പരന്നു തുടങ്ങി…
ഗിരി ചുറ്റുപാടുകൾ ഒന്ന് വീക്ഷിച്ചു……
വലിയ അടുപ്പത്തിനു നിന്നില്ലെങ്കിലും നായയും അവന്റെ പിന്നാലെ കൂടി…
“” ചോറുണ്ടാലോ…?”
മല്ലികയുടെ ശബ്ദം കേട്ട് ഗിരി തിരിഞ്ഞു നോക്കി…
തിണ്ണയിൽ മല്ലിക നിൽക്കുന്നു…
“” രാവിലെയോ… ?””
“ ഞങ്ങളിവിടെ മൂന്നു നേരവും ചോറാ തിന്നുന്നത്… “
മല്ലിക ചിരിച്ചുകൊണ്ട് പറഞ്ഞു…
“ കഴിക്കാം… അതിനു മുൻപ് ഒന്ന് കുളിക്കണം…………. “
ഇരു കൈകളും വായുവിൽ ഉയർത്തി, ഗിരി പറഞ്ഞു…
“” ബാത്റൂം പുറകിലുണ്ട്… പിന്നെ പുഴയുണ്ട്… “
“” പുഴയിലാക്കിയേക്കാം… “
“” അമ്പൂട്ടനെയും കൂട്ടിപ്പൊയ്ക്കോ…… “
“” അല്ലെങ്കിൽ ഞാനും വരാം… പുതപ്പൊക്കെ അലക്കാനുണ്ട്…””
ഒരു നിമിഷം കഴിഞ്ഞ് മല്ലിക പറഞ്ഞു..
മാറിയുടുക്കാനുള്ള മുണ്ടും ഷർട്ടും ഗിരി ബാഗിൽ നിന്ന് എടുത്തു…
അവൻ തിണ്ണയിൽ നിന്ന് ഇറങ്ങിയതും ബക്കറ്റിൽ തുണിയും, അതിൽ കൊള്ളാത്തത് കൈത്തണ്ടയിലും തൂക്കി മല്ലിക വന്നു…
“” ഞാൻ സോപ്പ് വാങ്ങിയത് കവറിലുണ്ടായിരുന്നു…… “
ഗിരി പറഞ്ഞു……
“” ഞാനെടുത്തിട്ടുണ്ട്…””
മല്ലിക തൂക്കിപ്പിടിച്ച ബക്കറ്റിലേക്ക് നോക്കി പറഞ്ഞു…
മുൻവശത്തു കൂടെ ഇറങ്ങിയ അമ്പൂട്ടൻ വാതിലിന്റെ ഓടാമ്പൽ വലിച്ചിട്ടു…
അവൻ നന്നായി എരിവു വലിക്കുന്നുണ്ടായിരുന്നു…
“ ഇവന്റെ പേരെന്താ… ?””
തനിക്കു മുൻപേ ഇറങ്ങിയ നായയെ നോക്കി ഗിരി ചോദിച്ചു……
“” ജാക്കി……. “
അമ്പൂട്ടൻ മറുപടി പറഞ്ഞു…
പേര് കേട്ടതും നായ ഒന്ന് തിരിഞ്ഞു നോക്കി……
ജാക്കി മുൻപേ നടന്നു……
“ കൊക്കവണ്ടി “യുമായി അമ്പൂട്ടൻ പിന്നാലെ…
ഏറ്റവും പിന്നിലായിരുന്നു മല്ലിക…
“” എത്രയുണ്ട് ഇവിടെ സ്ഥലം……… ?””
ഗിരി ചോദിച്ചു…
“” അരയേക്കറുണ്ട്… …. “
“” കൃഷിയൊന്നുമില്ലേ… ….?””
“” ആര് ചെയ്യാൻ… ? ചെയ്താൽ തന്നെ പന്നി വെച്ചേക്കില്ല… “
മല്ലിക പറഞ്ഞു…
പോകുന്ന വഴിക്ക് പറമ്പിന്റെ രണ്ടതിരുകൾ മല്ലിക ഗിരിക്ക് കാണിച്ചു കൊടുത്തു…
കാടു പടർന്നിരിക്കുന്ന ഭൂമി… !
“” കുറച്ചു വാഴ വെച്ചാലോ… ?””
തിരിഞ്ഞു നോക്കാതെ ഗിരി ചോദിച്ചു…
“” അതിനാണോ ഈ കാട്ടുമുക്കിലേക്ക് വന്നത്……….?””
മല്ലിക ചിരിച്ചു….
“” പറമ്പ് ചുമ്മാ കിടക്കുവല്ലേ…””
“” അതേ… ചുമ്മാ കിടക്കുവാ… …. “
മല്ലിക അതേ ചിരിയോടെ പറഞ്ഞു…
അവർ പറഞ്ഞതിൽ മറ്റൊരർത്ഥമുണ്ടോ എന്ന് ഗിരി ഒരു നൊടി സംശയിച്ചു……
പുഴയുടെ ഇരമ്പം അടുത്തു തുടങ്ങിയിരുന്നു.
“” കുറച്ചായി പുഴയിലേക്ക് വന്നിട്ട്…….”
ഗിരിയുടെ നിശബ്ദതയറിഞ്ഞ് മല്ലിക പറഞ്ഞു…
“” അതെന്താ… ? ഇത്ര അടുത്ത് ഉണ്ടായിട്ടും……….?””
ഗിരി ഒന്ന് തിരിഞ്ഞു…
“” ഗിരി ഇന്നലെ കണ്ട ആള് തന്നെ കാരണം… “
മല്ലിക ഒന്നു നിർത്തി…
ഗിരി തിരിഞ്ഞു നിന്നു …
“” നടന്നോ… പറയാം… “
മല്ലിക ചിരിയോടെ തന്നെ പറഞ്ഞു..
ഗിരി നടന്നു തുടങ്ങി…
“ ആള് ജയിലിലായ കാലം മുതലേ , വാതിലിൽ തട്ടും മുട്ടും പതിവായിരുന്നു…… പുറത്തിറങ്ങിയാലും ശല്യം…… “
ഗിരി മല്ലിക പറയുന്നത് ശ്രദ്ധിച്ചു…
“” ഈ ചെക്കനല്ലേ ഉള്ളൂ ഒരാൺതുണ……….
ഒരാളോടും പറയാൻ പറ്റില്ല… പറഞ്ഞാൽ വിളിച്ചു കേറ്റിയതാന്ന് അയാൾ പറഞ്ഞുണ്ടാക്കും…… “
പുഴക്കരയിൽ എത്തിയിരുന്നു…
ജാക്കി പുഴയിലേക്ക് തള്ളി നിൽക്കുന്ന ഒരു കല്ലിൽ കയറി ഇരിപ്പുണ്ടായിരുന്നു…
നായയുടെ ഇരിപ്പു കണ്ടിട്ട് അതവന്റെ സ്ഥിരം സ്ഥലമാണെന്ന് ഗിരിക്കു തോന്നി…
പുഴയുടെ ഒരു ഭാഗം മാത്രമാണ് അവരുടെ വശത്ത് ഉണ്ടായിരുന്നത്…
മറുഭാഗം പരന്നൊഴുകുന്നു…
ഇടയ്ക്കുള്ള തെളിഞ്ഞ ഭാഗത്ത് മണൽ കൂടിക്കിടക്കുന്നത് ഗിരി കണ്ടു……
ഫോണും പേഴ്സും വാച്ചും അഴിച്ചു വെച്ചിട്ട് ഗിരി വസ്ത്രം മാറാതെ തന്നെ വെള്ളത്തിലേക്കിറങ്ങി…
അമ്പൂട്ടൻ അതിനു മുൻപേ ചാടിയിരുന്നു…
ഗിരി ഒന്ന് മുങ്ങി നിവർന്നു…
നല്ല തണുപ്പ്…….
വസ്ത്രം ശരിക്കും നനയാത്തതിനാൽ ഗിരി ഒന്നു കൂടി മുങ്ങി..
മുങ്ങി നിവർന്നതും മുട്ടൊപ്പം വെള്ളത്തിൽ നൈറ്റി എടുത്തു കുത്തി നിൽക്കുന്ന മല്ലികയെ കണ്ടു…
അവരുടെ കാലുകളുടെ നിറവിത്യാസം ഒന്ന് ശ്രദ്ധിച്ചതും ഗിരി മുഖം വെട്ടിച്ചു…
പുതപ്പുകൾ വെള്ളത്തിൽ കുതിർത്ത് അവർ അലക്കു തുടങ്ങി…
കല്ലിലിരുന്ന തോർത്തെടുത്ത് ഗിരി ഒന്നുകൂടി മുങ്ങി നിവർന്നു……
വെള്ളത്തിൽ നിന്നു കൊണ്ട് ഗിരി തോർത്ത് ഉടുത്ത ശേഷം പാന്റും ഷർട്ടും അഴിച്ചു മാറ്റി…
സോപ്പ് അവരുടെ കയ്യിലാണ്……
“ ചേച്ചി ബാക്കി പറഞ്ഞില്ല… ?””
ഗിരി വായിൽ കൊണ്ട വെള്ളം തുപ്പിക്കളഞ്ഞ് ഓർമ്മപ്പെടുത്തി……
മല്ലിക തിരിഞ്ഞ് ഗിരിയെ നോക്കി…
കറുത്ത രോമങ്ങൾ തിങ്ങിയ അവന്റെ നെഞ്ചിൽ ഒരു നിമിഷം മല്ലികയുടെ നോട്ടം ഉടക്കി..
“”ങ്ഹാ………. അതോ… ….?””
മല്ലിക തിരിഞ്ഞു..
“” പുഴയ്ക്ക് അതിര് അയാൾ നോക്കുന്ന സ്ഥലമാ… പെണ്ണുങ്ങള് കുളിക്കാൻ വന്നാൽ അയാളൊരു വെട്ടുകത്തിയുമായി കാടു വെട്ടാനിറങ്ങും… അതുകൊണ്ട് ഞങ്ങളാരും ഇപ്പോൾ വരാറില്ല… …. “
ഇന്നലെ രാത്രി സോമന്റെ മുഖത്തു കണ്ട ഭാവം ഗിരി ഓർത്തെടുത്തു…
“” അതിനിവിടെ വേറെ വീടുകളുണ്ടോ… ?””
ഗിരി ചോദിച്ചു…
“” പിന്നേ… …. മൂന്നാലു വീടുകളുണ്ട്… “
പറഞ്ഞിട്ട് മല്ലിക അമ്പൂട്ടനെ വിളിച്ചു…
“” അമ്പൂട്ടാ… അതിങ്ങ് ഊരിത്താടാ…””
മണലിൽ ശില്പം തീർത്തു കൊണ്ടിരുന്ന അമ്പൂട്ടൻ ഒന്ന് മുഖമുയർത്തി……
പിന്നെ ധരിച്ചിരുന്ന ഷർട്ടും പാന്റും അഴിച്ചെടുത്ത് മല്ലികക്കു നേരെ എറിഞ്ഞു കൊടുത്തു…
പാന്റ് മല്ലികയുടെ കൈയ്യിൽ കിട്ടി.. ഷർട്ടിനു ഭാരം കുറവായതിനാൽ ഒഴുക്കിലേക്ക് വീണു…
അവളത് എത്തിപ്പിടിക്കാൻ ശ്രമിച്ചതും അരഭാഗം വരെ നനഞ്ഞു…
“ കുളിക്കുന്നില്ലാന്ന് കരുതിയതാ… മൊത്തം നനഞ്ഞു.. “
പിടിച്ചെടുത്ത ഷർട്ട് കല്ലിലേക്ക് വെച്ചു കൊണ്ട് മല്ലിക പറഞ്ഞു..
അരയ്ക്കു കീഴെ അവരുടെ നനഞ്ഞ വസ്ത്രം കണ്ണിലുടക്കിയതും ഗിരി ഒന്നുകൂടി മുങ്ങി നിവർന്നു…
“”ന്നാ……. സോപ്പ് തേച്ചോ………. “
മല്ലിക സിന്തോൾ ഗോൾഡിന്റെ സോപ്പടങ്ങിയ കവർ ഗിരിക്ക് ഇട്ടു കൊടുത്തു……
അത് പിടിച്ചെടുത്ത് ഗിരി കവറിളക്കി…
“” അതിങ്ങ് തന്നേക്ക്… ഞാൻ കഴുകിക്കോളാം… “”
ഗിരി അഴിച്ചു വെച്ച വസ്ത്രങ്ങൾ നോക്കി മല്ലിക പറഞ്ഞു……
“” വേണ്ട… ഞാൻ കഴുകിക്കോളാം… “
ഗിരി തടസ്സം പറഞ്ഞു …
“” എനിക്ക് ബുദ്ധിമുട്ടില്ലാന്ന്..””
ചിരിയോടെ മല്ലിക ഷർട്ടും പാന്റും ഏന്തിയെടുത്തു…
ഒരു നീന്തലിന് അമ്പൂട്ടൻ മല്ലികയ്ക്ക് അരികിലേക്ക് വന്നു…
“” അമ്മേ… …. അയാളവിടുണ്ട്……. “
മല്ലികയോടൊപ്പം ഗിരിയും തിരിഞ്ഞു നോക്കി…
കുറച്ചകലെ വെട്ടുകത്തിയുമായി സോമൻ നിൽക്കുന്നത് ഇരുവരും കണ്ടു…
“” അയാളാ കക്ഷി………. “
മല്ലിക ശബ്ദമമർത്തിയാണ് പറഞ്ഞതെങ്കിലും ഗിരി കേട്ടു…
ഇന്നലെ രാത്രി കണ്ട ആൾ തന്നെ…….!
ഇരുവരും കണ്ടു എന്നറിഞ്ഞതും സോമൻ ദൃഷ്ടികൾ മാറ്റി…
“” ഒരു ദിവസം ഞാനൊറ്റക്കായിരുന്നു…
അയാളവിടെ നിൽക്കുന്നത് കണ്ടതാ… പിന്നെ നോക്കിയപ്പോൾ കണ്ടില്ല… അയാള് പോയല്ലോന്ന് സമാധാനിച്ച് കുളിക്കാനിറങ്ങിയതാ…”
ഒന്നു നിർത്തി മല്ലിക തിരിഞ്ഞു…
“” വെള്ളത്തിലൂടെ ഊളിയിട്ടു വന്ന് എന്റെ കാലിന്റെ മുകളിൽ ഒരു പിടുത്തം…… എന്റെ നല്ല ജീവൻ പോയി…””
ഗിരിയിൽ ഒരു നടുക്കമുണ്ടായി..
രണ്ട് സ്ത്രീകളും അമ്പൂട്ടനും നേരിടുന്നത് ദാരിദ്ര്യം മാത്രമല്ല എന്നവന് മനസ്സിലായി……
ഇവരേയോർത്തുള്ള ഭയവും ആവലാതിയും സുധാകരേട്ടന്റെ വാക്കുകളിൽ നിന്ന് പലപ്പോഴും വായിച്ചിട്ടുള്ളത് ഗിരി ഓർത്തു…
പലപ്പോഴും തന്റെ സ്വപ്നങ്ങളിൽ സുധാകരേട്ടന്റെ ദൈന്യതയാർന്ന മുഖവും കടന്നു വന്നിട്ടുള്ളതായി ഗിരി ഉള്ളാലറിഞ്ഞു…
രണ്ടു പേരും യൗവനയുക്തരാണ്…
ദാരിദ്ര്യം മാറിയാൽ ആ മേനിക്കൊഴുപ്പ് ഇരട്ടിക്കാവുന്നതേയുള്ളൂ…
“” അതിൽപ്പിന്നെയാണ് ഇവിടേക്ക് വരാത്തത്… …. “
മല്ലിക പറഞ്ഞു…
അതിന് മറ്റൊരർത്ഥം കൂടിയുണ്ടെന്ന് ഗിരി തിരിച്ചറിഞ്ഞു…
സുധാകരേട്ടന്റെ പരിചയക്കാരൻ…
അതും ജയിലിൽ വെച്ച്……….!
ഏതു തരക്കാനാണ് താനെന്നു പോലും അവർക്കറിയണ്ട..
ഒരു രക്ഷകനെയാണവർ തേടുന്നത്……
അല്ലെങ്കിൽ മണിക്കൂറുകൾ മാത്രം പരിചയമുള്ള തന്നോട് ഇതൊക്കെ പറയാൻ മറ്റു കാരണങ്ങളൊന്നും തന്നെയില്ല….
അല്ലെങ്കിൽ ഇന്നിവിടേക്ക് വരേണ്ട കാര്യം അവർക്കില്ലായിരുന്നുവല്ലോ……
മല്ലിക വസ്ത്രങ്ങൾ ഒന്ന് കുത്തിപ്പിഴിഞ്ഞെടുത്ത് തിരിഞ്ഞതും ഗിരിയെ കണ്ടില്ല… ….
അമ്പൂട്ടൻ ദൃഷ്ടി പായിച്ചു നിൽക്കുന്നിടത്തേക്ക് അവളും നോക്കിപ്പോയി…
താഴെ സോമനടുത്ത് ഗിരി…….
ഗിരി വെള്ളത്തിൽ തന്നെയാണ് നിൽക്കുന്നത്…
തിരിഞ്ഞു നിൽക്കുന്നതിനാൽ സോമന്റെ മുഖഭാവം വ്യക്തമല്ല…
മല്ലികയ്ക്ക് ചെറിയ ഭയം തോന്നി…
മൂന്നാലു നിമിഷങ്ങൾക്കകം ഗിരി തിരികെ നീന്തി വരുന്നത് കണ്ടപ്പോൾ അവൾക്കാശ്വാസമായി…
ജലപ്പരപ്പിനു മീതെ ഇരുകൈകളും വീശി, വായിൽ കൊണ്ട വെള്ളം തുപ്പിക്കളഞ്ഞു കൊണ്ട് ഗിരി നീന്തിക്കയറി വന്നു……
അവന്റെ ചുമലുകളിലെ മസിലുകളിൽ ചെന്നിടിച്ച് ജലപാത വഴി മാറുന്നുണ്ടായിരുന്നു…
അമ്പൂട്ടൻ അവനരികിലേക്ക് , നിന്ന കല്ലിൽ നിന്നും എടുത്തു ചാടി…
ഗിരിയുടെ പുറത്തേക്ക് ചാടിക്കയറിക്കൊണ്ട് അവൻ പറഞ്ഞു…
“ രണ്ടിടി കൊടുക്കാമായിരുന്നു ചേട്ടായിയേ… …. “
“” മിണ്ടാതിരിയെടാ…;””
മല്ലിക അവനെ ശാസിച്ചു…
ഗിരി അമ്പൂട്ടനെ ചുമലിൽ നിന്നും ഇറക്കി…
“” എന്നാത്തിന് പോയതാ അയാളുടെയടുത്തേക്ക്…….?””
കാര്യം ഊഹിച്ചുവെങ്കിലും മല്ലിക ചോദിച്ചു…
“ ചുമ്മാ… ഒന്ന് പരിചയപ്പെടാൻ… “.
വെള്ളത്തിൽ നിന്നു കൊണ്ട് തന്നെ തോർത്ത് അഴിച്ചുടുത്ത് ഗിരി പറഞ്ഞു……
“” അതൊന്നുമല്ല… “
മല്ലിക ചിരിച്ചു…
.“ ആന്ന്…… ഇന്നലെ വീടു കാണിച്ചു തന്ന ആളല്ലേ… ഒരു നന്ദി പറഞ്ഞേക്കാമെന്ന് കരുതി…””
ഗിരിയും ചിരിച്ചു…
അമ്പൂട്ടൻ അതു കേട്ട് നിരാശയോടെ ഗിരിയെ നോക്കി……
ഗിരി അവനെ നോക്കി കണ്ണിറുക്കി…
“” ആ……. വിശ്വസിച്ചു………..”
മല്ലിക ചിരിയോടെ തിരിഞ്ഞ് അലക്കു തുടങ്ങി…
ഗിരി കുളി കഴിഞ്ഞിരുന്നു…
ജാക്കി കിടന്നിരുന്ന പാറയുടെ മറവിലേക്ക് മാറി അവൻ മുണ്ടു മാറ്റിയുടുത്തു..
“” ചേച്ചി അലക്കും കുളിയും കഴിഞ്ഞോ… ?””
ഗിരി വസ്ത്രം ധരിച്ച് മറവിൽ നിന്ന് പുറത്തേക്ക് വന്നു…
“ കഴിഞ്ഞില്ല… ….””
മല്ലിക പറഞ്ഞു……
ഗിരി ഒരു നിമിഷം കൂടി മല്ലികയുടെ മറുപടി പ്രതീക്ഷിച്ചു നിന്നു…
“” ഗിരി പൊയ്ക്കോ………. ഞങ്ങള് വന്നോളാം………. “
മല്ലിക കൂട്ടിച്ചേർത്തു……
“” ഡ്രസ്സ്… ….?””
ഗിരി മല്ലികയെ നോക്കി…
“” ഞാൻ കൊണ്ടുവന്നോളാമെന്ന്… ….”
മല്ലിക ചിരിയോടെ പറഞ്ഞു..
ഗിരി പാറ കടന്ന് നടവഴിയിലേക്ക് കയറിയതും ജാക്കി എഴുന്നേറ്റു…
ഞാനും പോവുകയാണ് എന്ന് ഒരു സൂചന കോട്ടുവായിട്ട് മല്ലികയ്ക്ക് നൽകിക്കൊണ്ട് ജാക്കി ഒരു കുതിപ്പിന് ഗിരിക്ക് മുന്നിൽക്കയറി …
ഗിരി നടന്ന് വീട്ടിൽച്ചെന്നതിനു തൊട്ടു പിന്നാലെ അമ്പൂട്ടനും മല്ലികയും പരിഭ്രാന്തിയോടെ പാഞ്ഞെത്തി..
നനഞ്ഞ വേഷത്തിലായിരുന്നു മല്ലിക…….
അമ്പൂട്ടന്റെ കയ്യിൽ “” കൊക്കവണ്ടി “” ഉണ്ടായിരുന്നില്ല….
“” എന്താ പറ്റിയത്…… ?””
ഗിരി അരഭിത്തിയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ചോദിച്ചു……
“ അയാള് പിന്നേം വന്നു ചേട്ടായീ…””
അമ്പൂട്ടനാണ് മറുപടി പറഞ്ഞത്…
അവൻ വാതിൽ തുറന്ന് ഗിരിയെ നോക്കി..
ഗിരിയിൽ ഒരമ്പരപ്പുണ്ടായി…
പിൻ വശം വഴി നനഞ്ഞ വേഷത്തിൽ മല്ലിക അകത്തേക്ക് കയറിപ്പോയി……
അഞ്ചു മിനിറ്റിനുള്ളിൽ വസ്ത്രം മാറി മല്ലിക മുൻവാതിലിലൂടെ തിണ്ണയിലേക്ക് വന്നു…
ഒരു തോർത്ത് അവൾ തലയിൽ കെട്ടിവെച്ചിരുന്നു…
“” ഗിരി ഇനി വഴക്കിനൊന്നും പോകണ്ട…… ഇത് ഞങ്ങളുടെ വിധിയാ… “”
പറഞ്ഞു കൊണ്ട് മുറ്റത്തിരുന്ന ബക്കറ്റുമായി മല്ലിക അഴയ്ക്കരുകിലേക്ക് നീങ്ങി…
“അയാളെന്താ പറഞ്ഞത്… ? “
ഗിരി മുറ്റത്തേക്കിറങ്ങി…
“” അതെന്തെങ്കിലുമാകട്ടെ… ഇനി അങ്ങോട്ട് പോകാതിരുന്നാൽ മതിയല്ലോ……”
“” ചേച്ചി കാര്യം പറ…””
ഗിരി അല്പം ശബ്ദമുയർത്തി..
“” ഗിരി രണ്ടു ദിവസം കഴിഞ്ഞ് പോകും… വെറുതെ വഴക്കിനും വക്കാണത്തിനും പോകാതിരിക്കുകയാ നല്ലത്………. “
“” അയാള് നിങ്ങളെ ഉപദ്രവിച്ചോട്ടെന്ന്……….”
ഗിരി മുണ്ടെടുത്ത് മടക്കിക്കുത്തി …
“” അങ്ങനെയല്ല ഗിരീ… നമ്മളായിട്ട് ഒന്നിനും നിൽക്കണ്ടല്ലോ……. “
മല്ലിക വസ്ത്രങ്ങൾ കുനിഞ്ഞെടുത്ത് നിവർന്നു…
ഗിരി കുറച്ചു നേരം ആലോചനയോടെ നിന്ന ശേഷം വീണ്ടും തിണ്ണയിലേക്ക് കയറി..
അരഭിത്തിയിൽ , അവൻ പുറത്തേക്ക് വെറുതെ നോക്കിയിരുന്നു…
തന്റെ വരവ് വെറുതെയാകാൻ പാടില്ല… !
സുധാകരേട്ടൻ ഒരിക്കലും കള്ളം പറയില്ല…… അത്രമാത്രം വ്യക്തമായിട്ടാണ് അയാളത് പറഞ്ഞു തന്നിരിക്കുന്നത്……
ഒരു സുപ്രഭാതത്തിൽ വന്ന് നേടാൻ പറ്റിയ കാര്യവുമല്ല അത്…
ആരും അറിയാനും പാടില്ല…….!
പുറത്ത് അറിഞ്ഞാൽ ജീവൻ വരെ അപകടത്തിലാകുമെന്ന സുധാകരേട്ടന്റെ മുന്നറിയിപ്പ് ഗിരി ഓർത്തു…
ഓരോ ചുവടുകളും സൂക്ഷ്മതയോടെ മുന്നോട്ടു വെയ്ക്കണം…
ഒഴിഞ്ഞ ബക്കറ്റുമായി മല്ലിക അരഭിത്തിക്ക് അരികിലേക്ക് വന്നു…
“” ഗിരി അത് കാര്യമാക്കണ്ട… ഒരു പ്രാവശ്യമെങ്കിലും ചോദിക്കാനും പറയാനും ഒരാൾ വന്നല്ലോ എന്നൊരു സന്തോഷം ഞങ്ങൾക്കുണ്ട്… “”
ഗിരി മല്ലികയെ നോക്കുക മാത്രം ചെയ്തു…
ചോറുണ്ടതിനു ശേഷം ഗിരി തിണ്ണയിൽ കിടന്നു…
ജാക്കി കോഴിക്കാലും എല്ലും കടിച്ചു പറിച്ച് വീണ്ടും ചണച്ചാക്കിനു മുകളിൽ ചുരുണ്ടു……
ഉമയെ പേടിച്ചാണ് തന്നെ അകത്തേക്ക് മല്ലിക കയറ്റാത്തതെന്ന് ഗിരിക്ക് അറിയാമായിരുന്നു..
മുന്നിലെ പൂട്ടിയിട്ട വാതിലിനു നേർക്ക് ഗിരി വെറുതെ നോക്കി….
തിരികെ പോകാനും വയ്യ……….!
ഓരോ ചിന്തകളിൽ കിടന്ന് അവൻ മയങ്ങിപ്പോയി…
ഉമയുടെ ബഹളം കേട്ടാണ് ഗിരി കണ്ണു തുറന്നത്…
നേരം സന്ധ്യയായിത്തുടങ്ങിയിരുന്നു…
“” അമ്പൂട്ടാ…….. പോയി അയാളെ വിളിച്ചെഴുന്നേൽപ്പിക്കടാ………. “
ഉമയുടെ സ്വരം ഗിരി കേട്ടു……
ഗിരി പതിയെ എഴുന്നേറ്റിരുന്നു…
അമ്പൂട്ടന്റെ തല വാതിൽക്കൽ കണ്ടു…
ഗിരി പുറത്തിറങ്ങി മുഖം കഴുകി വന്നപ്പോഴേക്കും മൂന്നുപേരും തിണ്ണയിൽ ഉണ്ടായിരുന്നു……….
“” എന്താ ഇയാളുടെ പ്ലാൻ… ….?””
എളിയിൽ കൈ കൊടുത്ത് ഉമ ചോദിച്ചു…
ഗിരി, അവളെ നോക്കി…
രാവിലെ കണ്ട വസ്ത്രം തന്നെയാണ് വേഷം… ഷാൾ ഇല്ല എന്ന് മാത്രമേ ഉള്ളൂ…
“” രാവിലെ പറഞ്ഞതു തന്നെ… …. “
ഗിരി മറുപടി കൊടുത്തു…
“” ഇയാളെന്താ ഞങ്ങളെ പൊട്ട് കളിപ്പിക്കുകയാണോ… ? അച്ഛൻ മരിച്ചു… അതുകൊണ്ട് അച്ഛന്റെ പേരിലുള്ള ഒരു ബന്ധവും ഞങ്ങൾക്കു വേണ്ട..”
ഗിരി അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി…
“” താൻ രക്ഷകൻ ചമഞ്ഞ് , ഇവിടെക്കൂടേണ്ട ഒരു കാര്യവുമില്ല…… വെറുതെ ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാൻ… ….””
ഉമ അത്രയും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി…
ഗിരിയുടെ നോട്ടം മല്ലികയുടെ മുഖത്തേക്ക് വീണു…
“ അവളെ വഴിയിൽ സോമൻ തടഞ്ഞു നിർത്തീന്ന്… ബോഡിഗാർഡിനെ ഒക്കെ ഇറക്കിയല്ലോന്ന് ചോദിച്ചു… “
മല്ലിക പതിയെ പറഞ്ഞു……
ഗിരിയിൽ ചെറിയ ഒരു നടുക്കമുണ്ടായി…
“ ചേട്ടൻ മരിച്ച ശേഷം മരിക്കാൻ പേടിയായിട്ട് ജീവിക്കുവാ ഞങ്ങള്… ഇതിനിടയിൽ ഗിരിയുടെ ജീവിതം കൂടി ഇല്ലാതാക്കണ്ട… “
ഗിരി മല്ലികയെ നോക്കിക്കൊണ്ടു തന്നെ അരഭിത്തിയിലേക്കിരുന്നു…
“” ചേട്ടൻ പറഞ്ഞു വിട്ട ആളിനെ ഇറക്കി വിടുകയാണെന്ന് ഒന്നും കരുതണ്ട… ഗിരി അറിയാത്ത കുറേ കാര്യങ്ങൾ വേറെയുമുണ്ട്… ….”
മല്ലിക ഭിത്തിയിലേക്ക് ചാരി……..
“” സ്നേഹം കൊണ്ട് പറയുവാ… …. ഗിരി പൊയ്ക്കോ……….. അതാ നല്ലത്… …. “
പറഞ്ഞിട്ട് മല്ലിക വാതിലിനു നേർക്ക് തിരിഞ്ഞു… ….
പുറത്ത് സന്ധ്യ കനത്തു തുടങ്ങിയിരുന്നു… ….
( തുടരും……….)