“പ്രവാസിയാണോ എന്നാൽ ഈ വീട്ടിൽ പെണ്ണില്ല ”
പെണ്ണിന്റെ അഛന്റെ ഈ ഡയലോഗ് കേട്ട് കൂട്ടുകാര് രണ്ടും ഇരുന്ന കസേരയിൽ നിന്നും വെടികൊണ്ട പന്നിയെപ്പൊലെ ചാടിയേഴുന്നേറ്റു.
അല്ല ചേട്ടാ ഇവൻ ദുബായിൽ ഡിസൈനർ ആണ് എങ്ങനെ പോയാലും ചിലവ് എല്ലാം കഴിഞ്ഞ് മാസം പത്ത് നാൽപതു രൂപ അയയ്ക്കാം പിന്നെ എപ്പോൾ വേണമെങ്കിലും നാട്ടിൽ വരാം അതിനും പ്രശ്നം ഇല്ല.
ഡിസൈനർ അല്ല ദുബായി ഷെയ്ഖിന്റെ മാനേജർ ആണെന്ന് പറഞ്ഞാലും പ്രവാസികൾക്ക് എന്റെ മോളെ കൊടുക്കുന്നില്ല.
എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ ചേട്ടാ.
വന്ന സ്ഥിതിക്ക് ചായ കുടിച്ചിട്ട് പോകാം.
ഓ വേണ്ട ചായ ഞങ്ങൾക്ക് ഹോട്ടലിൽ നിന്നും കിട്ടും അതിന് വേണ്ടിയല്ലല്ലോ ഇവിടെ വന്നത്.
എന്നാൽ പിന്നെ അങ്ങിനെയാവട്ടെ .സുമതി ചായ എടുക്കണ്ട അവർ ഇറങ്ങി.
എന്ത് മനുഷ്യനാടാ അയാള് വീട്ടിൽ വിളിച്ച് വരുത്തി ആട്ടിയിറക്കിയ പൊലെയായി.
എനിക്ക് വന്ന ദേഷ്യത്തിന് അയാളെ കാലേ വാരി ഞാൻ നിലത്ത് അടിച്ചേനെ.
ശ്ശേ മോശമായിപ്പോയി എന്തായാലും നീ വണ്ടിയെടുക്ക്.
കാറിൽ കയറുന്നതിനിടയിൽ ഞാൻ ചുമ്മാ ഒന്ന് തിരിഞ്ഞ് നോക്കി റൂമിന്റെ ജനലഴിൽ കൂടി കരിവളയിട്ട രണ്ടു കൈകൾ മാത്രമാണ് ഞാൻ കണ്ടത്.
മുഖത്ത് ദേഷ്യവും സങ്കടവും ഒക്കെയുണ്ടെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.
ഡാ എന്നാലും അവർ കൊച്ചിനെപ്പോലും ഒന്ന് കാണിച്ച് തന്നില്ലല്ലോടാ .
നീ ഒന്ന് മിണ്ടാണ്ട് ഇരുന്നേ
ഉം. ഇനിയെങ്ങോട്ടാ പോകേണ്ടത്.
നീ നേരെ വല്ല ബാറിലേക്കും വണ്ടി തിരിക്ക് തണുത്ത ഓരോ ബിയറ് കഴിച്ചാലേ ഒന്ന് റീ ഫ്രഷ് ആവൂ
ഉം. എന്നാൽ ഒക്കെ
അതല്ലാ വീട്ടിൽ അമ്മയോട് എന്ത് പറയും എന്നാ എന്റെ പേടി.
കുട്ടിയെ കണ്ടു ഇഷ്ട്ടപ്പെട്ടില്ല എന്ന് പറ.
അപ്പോൾ തലക്കുറി ചോദിച്ചാലോ.
കുട്ടിയെ ഇഷ്ട്ടപ്പെടാത്തോണ്ട് മേടിച്ചില്ല എന്ന് പറ.
ഉം.
എന്നാലും നിന്റെ കാര്യം കഷ്ട്ടം തന്നെയാടാ നാട്ടിൽ പണിക്ക് വരുന്ന ബംഗാളികൾക്ക് വരെ പെണ്ണുണ്ട് പ്രവാസികൾക്ക് ഇല്ല.
വല്ല ഗവൺമെന്റ് ജോലിക്കാരെയും നോക്കിയിരിക്കുകയാവും അയാള്’.
പിന്നെ ബാക്കിയുള്ളവർക്ക് ഒന്നും പെണ്ണ് കെട്ടണ്ടേ എന്താ ഐശ്വര്യ റായിയെയല്ലേ അകത്ത് ഒളിപ്പിച്ച് വച്ചേക്കുന്നത് ഒന്ന് പോയേടാ.
മറുപടിയൊന്നും പറയാതെ ഞാൻ കാറിൽ തന്നെയിരുന്നു.
കഴിഞ്ഞ ഒന്നര മാസം കൊണ്ട് ഞാൻ കുടിച്ച് തീർത്തത് 46 ചായകൾ ആയിരുന്നു. ഇനി തിരിച്ച് പോകാൻ വെറും 15 ദിവസം.
കാറിൽ നിന്ന് ഇറങ്ങി കൂട്ടുകാരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് നടന്നു.കയറിച്ചെന്നതും അവൻന്മാർ പറഞ്ഞ നുണ ഞാൻ അത് പൊലെ അമ്മയോട് പറഞ്ഞു.
അമ്മയ്ക്ക് ഒട്ടും വിശ്വാസം ആയില്ലെങ്കിലും എന്റെ മുഖഭാവം കണ്ടിട്ടാവണം തിരിച്ച് ഒന്നും ചോദിച്ചില്ല.
വിഷാദ വിണ്ണനായി ഞാൻ ബഡ്റൂമിൽ കയറി കതക് അടച്ച് കിടന്നു.
രണ്ട് മൂന്ന് ദിവസo പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല വെറെ ഒന്നുമല്ല കാണുന്നവർക്കെല്ലാം ഇന്ന് ചായ കുടിക്കാൻ പോയില്ലേ എന്ന ഒറ്റ ചോദ്യമേ കാണൂ എന്റെ കഥ നാട്ടിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം.
ഗൾഫിലേക്ക് തിരിച്ച് പോകുമ്പോൾ കൊണ്ടു ചെല്ലാൻ കൂട്ടുകാർ ഒരു ലിസ്റ്റ് തന്നിരുന്നു അത് മേടിക്കാൻ ബൈക്കുമെടുത്ത് ഞാൻ ബേക്കറിയിലോട്ട് നീങ്ങി.
ലിസ്റ്റിലുള്ള സാധനങ്ങൾ ഓരോന്നായി അവിടുത്തെ പെൺകൊച്ച് പായ്ക്ക് ചെയ്ത് തുടങ്ങി.
പുറകിൽ നിന്നൊരു ഹലോ വിളി ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.
എന്താ ഇവിടെ.?
ഞാൻ കുറച്ച് ബേക്കറി മേടിക്കാൻ ഇറങ്ങിയതാ. ആരാ മനസ്സിലായില്ല.
ചേട്ടാൻ ഒരിക്കൽ എന്നെ പെണ്ണുകാണാൻ വന്നിരുന്നു.
പത്ത് നാൽപത്തിയാറ് വീട് കയറി ഇറങ്ങിയിട്ടുണ്ടേ അത് കൊണ്ട് എനിക്ക് അങ്ങ്ട് പിടി കിട്ടിയില്ല.
കഴിഞ്ഞ ആഴ്ച മഞ്ചേരി വന്നില്ലേ അവിടെയാണ് എന്റെ വീട് പക്ഷേ എന്നെ ചേട്ടൻ കണ്ടില്ല അപ്പോഴേക്കും അച്ഛൻ’
ഓഹോ അതാണോ താൻ. തന്റെ അച്ഛന് എന്താ തലക്ക് വട്ടുണ്ടോ.
ബേക്കറിയിൽ ഇരുന്നവരെല്ലാം എന്നെ രൂക്ഷമായി നോക്കി ഞാൻ ശബ്ദം താഴ്ത്തിക്കൊണ്ട് തുടർന്നു.
ഒരു വീട്ടിൽ വന്നു കയറുന്നവരോട് ഇങ്ങനെയാണോ സംസാരിക്കുന്നത്.
അതിന് സോറി പറയാൻ കൂടിയാണ് ഞാൻ വന്നത്.
എന്തിന് എനിക്ക് ആരുടേയും സോറി ആവശ്യമില്ല.
എന്താ പ്രവാസികൾക്ക് ഒരു കുറവ് നാടും വീടും കൂട്ടവും കുടുംബവും എല്ലാം വിട്ട് ഒരാള് പ്രവാസിയാവുന്നത് സ്വന്തം സുഖത്തിന് വേണ്ടിയല്ല’ താൻ സ്നേഹിക്കുന്നവരുടെ സന്തോഷം കാണാനാണ്.അതുകൊണ്ടാണ് എനിക്ക് സ്വന്തമായൊരു വീടും രണ്ട് പെങ്ങന്മാരുടെ വിവാഹവും നടത്താൻ കഴിഞ്ഞത്. മാത്രമല്ല ഒരു മാസം കേരളത്തിലേക്ക് തന്നെ എത്ര കോടി രൂപ പ്രവാസികൾ മാത്രം അയയ്ക്കുന്നുണ്ട് എന്ന് അറിയാമോ? കേരളത്തിന്റെ പാതി വികസനത്തിന്റെ കാശും പ്രവാസി അവിടെ ചോര നീരാക്കി ഉണ്ടാക്കിയ കാശാണ്. എന്നിട്ടും പ്രവാസി എന്ന് കേട്ടാൽ നിങ്ങൾക്ക് പുശ്ചം ല്ലേ.
അയ്യോ ചേട്ടാ അതല്ല.
എന്റെ ചേച്ചിയെ കെട്ടിയത് ഒരു ഗൾഫ് കാരൻ ആയിരുന്നു ആദ്യം പറഞ്ഞു അവിടെ ബിസിനസ്സ് ആണെന്ന് പിന്നെ പറഞ്ഞു ഒരു കമ്പനിയിൽ സൂപ്പർവൈസർ ആണെന്ന് വെള്ളമടിച്ച് ജോലിക്ക് ചെന്ന് ഉള്ള ജോലി പോയി നാട്ടിൽ വന്ന് ബിസിനസ്സ്
ചെയ്ത് ഇപ്പോൾ ഉള്ള കിടപ്പാടവും പോയി അതു കൊണ്ടാ അച്ഛൻ അങ്ങനെ പറഞ്ഞത്.
അത് കൊണ്ട് എല്ലാവരും അങ്ങിനെയാവണമെന്നുണ്ടോ?
അതില്ല പക്ഷേ നിങ്ങൾ പറയുന്നതല്ലേ ഞങ്ങൾക്ക് അറിയു ജോലിയും കൂലിയും എന്താന്ന് അവിടെ വന്ന് നോക്കാൻ പറ്റില്ലല്ലോ?
അതില്ല പക്ഷേ എനിക്ക് വേണ്ടത് എന്റെ വീട്ടിൽ അമ്മയോടൊപ്പം അടങ്ങി ഒതുങ്ങി ജീവിക്കുന്ന ഒരു കുട്ടിയാണ്. അതിന് ജാതിയും മതവും സൗന്ദര്യവും പണവും ഒന്നും എനിക്കൊരു പ്രശ്നമല്ല.
ചേട്ടൻ ഒന്നുകൂടി വീട്ടിലേക്ക് വരുമോ അത് പറയാനാ ഞാൻ വന്നത്.
ഇല്ല മോളെ തന്റെ അച്ഛന്റെ സ്വഭാവത്തിന് പറ്റിയ ഒരു മരുമോനാകില്ല ഞാൻ പിന്നെ ഏച്ചുകെട്ടിയാൽ അത് മുഴച്ചിരിക്കും. അതു കൊണ്ട് നല്ല മഴ വരുന്നുണ്ട് മോള് ചെല്ലാൻ നോക്ക്.
ആ പിന്നെ ഇനിയെങ്കിലും വീട്ടിൽ വരുന്നവരോട് കുറച്ച് മര്യാദയ്ക്ക് പെരുമാറാൻ പറ തന്റെ അച്ഛനോട് ഇല്ലെങ്കിൽ നീ പുരനിറഞ്ഞ് നിന്നു പോകും
ദി കിംങ് സിനിമയിലെ മമ്മുട്ടിയെപ്പൊലെ ബേക്കറിലേക്ക് ഒരു രണ്ടായിരത്തിന്റെ നോട്ടും വലിച്ചെറിഞ്ഞ് ഞാൻ സ്ലോ മോഷനിൽ നടന്നു.
ചേട്ടാ ബാക്കി.
സഡൻ ബ്രേക്കിട്ട് ഞാൻ തിരിഞ്ഞു നിന്നു രൂപ രണ്ടായിരമാണേ.
‘
ഇതാ ചേട്ടാ ബാക്കി.
ഉം. താങ്ക്സ്.
ആ പിന്നെ ചേട്ടാ പറഞ്ഞതൊക്കെ ഞാൻ കേട്ടുട്ടോ. ഡയലോഗ് സൂപ്പർ. ലാസ്റ്റ് പറഞ്ഞില്ലേ ജാതിയും മതിയും ഒന്നും ഒരു പ്രശ്നമല്ല വീട്ടിൽ അടങ്ങി നിൽക്കുന്ന ഒരു കൊച്ച് മതിയെന്ന് .
അങ്ങിനെയാണെങ്കിൽ ഈ വരുന്ന ഞായറാഴ്ച ആ നോട്ടിന്റെ പിറകിൽ കാണുന്ന അഡ്രസ്സിലേക്ക് പോരെ പിന്നെ ഇറക്കിവിടാൻ വീട്ടിൽ അച്ഛൻ ഇല്ല അമ്മയും ഞാനും അനിയനും മാത്രമേ ഉള്ളൂ അത് കൊണ്ട് പേടിക്കണ്ട.
ഇത്രയും പറഞ്ഞവൾ ചിരിച്ച് കൊണ്ട് തിരിഞ്ഞ് നടന്നു.
മഹേഷിന്റെ പ്രതികാരത്തിലെ ജിൻസിയെയാണ് അപ്പോൾ എനിക്ക് ഓർമ്മ വന്നത്.
ആ സംഭവത്തോടു കൂടി എനിക്ക് ഒരു കാര്യം മനസ്സിലായി. കുറെ പ്രണയിക്കു നടന്നു കുറെ പെണ്ണ് കണ്ട് നടന്നു എന്നിട്ടൊന്നും കാര്യമില്ല. തലേവര തലേവര എന്ന് പറയുന്ന ഒരു സംഭവം ഉണ്ട് അത് പൊലെ നടക്കൂ എന്റെ തലേന്ന് വരച്ചത് ദേ ആ പോയ മൊതലാണ്.
“സംഭവാമീ യുഗേ യുഗേ “
251100cookie-checkആ പിന്നെ ചേട്ടാ പറഞ്ഞതൊക്കെ ഞാൻ കേട്ടുട്ടോ