അവനെക്കാൾ ഭാഗ്യവാൻ വേറാരും ഉണ്ടാവില്ല.

21-1-2019,അവളുടെ വിവാഹമാണ്.”റീന”ഒരായുസ്സിന്റെ സ്നേഹം പങ്കിട്ടവർ.ഇനി ഒരു
കൂടിക്കാഴ്ച്ച വേണ്ട,എന്ന് തീരുമാനിച്ചിരുന്നു.മനസ്സിനെ മറക്കാൻ
പഠിപ്പിച്ചുതുടങ്ങിയിരുന്നു.
എന്നിട്ടും എന്തിനാണവൾ അവസാനമായി കാണണം എന്ന് ആവശ്യപ്പെട്ടത്.ആ കൂടിക്കാഴ്ച്ച
എന്തിന് എന്ന ചോദ്യവുമായി അവൻ
തന്റെ ബുള്ളറ്റ് മുന്നോട്ടെടുത്തു.

സോളനിൽനിന്നും ഷിംലയിലേക്കുള്ള
പ്രധാനപാതയിലൂടെ അവൻ യാത്ര തുടങ്ങി.മലകളും കുന്നുകളും വെട്ടിയൊരുക്കി അതിനിടയിലൂടെ
പരന്നുകിടക്കുന്ന പാതയിലൂടെ അവന്റെ ബുള്ളറ്റ് കുതിച്ചുപാഞ്ഞു.
യാത്രയിലുടനീളം തണുത്ത കാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നുപോയി.കത്തുന്ന പച്ചപ്പുള്ള
ഭൂപ്രകൃതി.പ്രകൃതി ഒരുക്കിവച്ച മനോഹരമായ കാഴ്ച്ചകൾ കണ്ടും ക്യാമറയിൽ പകർത്തിയും
അവന്റെ യാത്ര തുടർന്നു.ആദ്യം ചെന്നുനിന്നത് ഷിംലയിൽ ഫ്രഞ്ച് നിയോ ഗോഥിക് ശൈലിയിൽ
നിർമ്മിച്ച ഉത്തരേന്ത്യയിലെ തന്നെ പഴക്കംചെന്ന പള്ളിയുടെ മുൻപിൽ.
അകത്തുകയറി ക്രൂശിതന്റെ മുൻപിലിരിക്കുമ്പോൾ അവന്റെ മനസ്സ് കുറച്ചു പിറകിലേക്ക്
സഞ്ചരിച്ചു.

അവളെ,റീനയെ അടുത്തറിയുന്നത് ഒരു നിമിത്തമെന്നപോലെയാണ്.
ഡൽഹിയിലെ കോർപ്പറേറ്റ് ഹോസ്പിറ്റലിൽ അവന്റെ ജൂനിയർ ആയി ചേരുമ്പോൾ,ഡ്യൂട്ടിയിൽ ഉള്ള
ആവശ്യം സംഭാഷണങ്ങളിൽ അല്ലെങ്കിൽ പുറത്ത് കാണുമ്പോഴുള്ള ഒരു ഹായ് പറച്ചിലിൽ
ഒതുങ്ങിനിന്നു അവരുടെ ബന്ധം.അവൾ വന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു
സൗത്ത്-നോർത്ത് കോൺഫ്ലിക്റ്റ് അവർക്കിടയിൽ നിറഞ്ഞുനിന്നു. അവന്റെ ഓർമ്മ ആ
രാത്രിയിലേക്ക് ഊളിയിട്ടു.
************
അവളുമൊത്തുള്ള നൈറ്റ്‌ ഡ്യൂട്ടിയിൽ നഴ്സസ് സ്റ്റേഷനിൽ തന്റെ ജോലിയൊതുക്കുകയാണ്
റിനോഷ്.
സമയം അർദ്ധരാത്രി പിന്നിട്ടു.
‘ഭയ്യാ’അവളുടെ വിളിയിൽ അവൻ തിരിഞ്ഞുനോക്കി

എന്താ റീന,എനി പ്രോബ്ലം.

അത്,ആ റൂം നമ്പർ സിക്സിലെ പേഷ്യന്റ് ബാക്ക് പെയിൻ പറയുന്നുണ്ട്.ലോവർ ബാക്ക് ആണ്
ഒറിജിൻ.

ഏത് ആ ബ്ലഡ്‌ ഇട്ട പേഷ്യന്റ് ആണോ

അതെ……..അത് തന്നെ.

കേട്ടതും വളരെവേഗത്തിൽ അവിടെയെത്തി,അവൻ .ബ്ലഡ്‌ നിർത്തി ഫ്ലൂയിഡ് തുടങ്ങുമ്പോൾ അവൾ
ഒരു പകപ്പോടെ നോക്കിനിന്നു.
കൂട്ടിരിപ്പുകാരനോട് അപൂർവം അവസരങ്ങളിൽ അലർജിക് റിയാക്ഷൻസ് ഉണ്ടാവാം എന്ന്
ആശ്വസിപ്പിച്ച അവൻ റിയാക്ഷൻ ഫോം നിറക്കാൻ തുടങ്ങിയപ്പോൾ ഞെട്ടി.ബ്ലഡ്‌ ഗ്രൂപ്പ്‌
മാറിയിരിക്കുന്നു.
പിറ്റേന്ന് സർജറിയുള്ള രോഗിക്ക് വേണ്ടി വാങ്ങിവച്ച രക്തവുമായി
തിരിഞ്ഞുപോയിരിക്കുന്നു.ഏകദേശം അൻപതു മില്ലിലിറ്ററിനുമേൽ രക്തം
അകത്തെത്തിയിരുന്നു.കാര്യങ്ങൾ ഏകദേശം പിടികിട്ടിയ റീന,ഒരു വശത്തേക്ക്
തളർന്നിരുന്നു.കണ്ണ് നിറഞ്ഞുതുടങ്ങി.

എന്ത് ചെയ്യണം എന്നാലോചിച്ചുനിന്ന നിമിഷങ്ങൾ.ഒരുവശത്ത് പിഴവുമൂലം
ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന ക്ലൈന്റ്,മറുവശം ജീവിതവും കയ്യില്പിടിച്ചു തന്റെ
സഹപ്രവർത്തക. ആരെ തള്ളും, ആരെ കൊള്ളും എന്ന് ചിന്തിച്ചുനിന്ന സമയം.
മനസിനുള്ളിൽ നടന്ന വടംവലിയിൽ ഒടുക്കം അവൾക്കൊപ്പം നിൽക്കാൻ
തീരുമാനിച്ചു.നീതിന്യായങ്ങൾ നോക്കി അവളുടെ ഭാവിയും ജീവിതവും ചുവപ്പുനാടയിൽ
കുരുങ്ങിക്കിടക്കാൻ,അവളെ ഒറ്റപ്പെടുത്താൻ തോന്നിയില്ല.തൻ കൂടെ നിന്നില്ല എങ്കിൽ……..
അവിടെ അവൻ എത്തിക്സ് മറന്നു.

റീന,എന്ത് സംഭവിച്ചു എന്ന് ഞാൻ ചോദിക്കുന്നില്ല.പക്ഷെ നിന്റെ അസൈമെന്റിൽ ഉള്ള
ക്ലൈന്റ്, തന്റെ ഉത്തരവാദിത്വം ആണ്.

ഭയ്യാ,ഒന്നും മനപ്പൂർവം അല്ല.പേര് രണ്ടാളുടെയും ഒന്നാണ്. പെട്ടെന്ന് എടുത്തപ്പോ
ബോക്സ്‌ മാറിപ്പോയി.

ഇനിയിപ്പോ എന്താകുമെന്ന് വല്ല നിശ്ചയം ഉണ്ടോ.

അറിയില്ല,എന്തുതന്നെയായാലും ഞാൻ സബ്മിറ്റ് ചെയ്തോളാം ഭയ്യ പേടിക്കണ്ട.

എന്നാ ഇയാളൊന്ന് കൂൾ ആയിക്കെ.നമ്മുക്ക് ചുരുങ്ങിയ സമയം മാത്രേ ഉള്ളു.പോയി ബ്ലഡ്‌
ആൻഡ് യൂറിൻ സാമ്പിൾ എടുക്കാനുള്ള വഴി നോക്ക്.

ഭയ്യാ……..

പകച്ചുനിക്കാൻ സമയമില്ല.
പെട്ടെന്നാവട്ടെ.ഏതായാലും കുറച്ചു നേരത്തിനുള്ളിൽ കാര്യങ്ങൾ വഷളാവും.എന്തേലും
ചെയ്യണേ അതിനുമുന്നേ വേണം.വേഗം ആയിക്കോട്ടെ .ഞാൻ മാഡത്തിനെ ഇൻഫോം ചെയ്യാം.ഷിഫ്റ്റ്‌
ചെയ്യേണ്ടി വരും.

ഭയ്യാ എനിക്ക്, ആകെ……

ഇവിടെ നോക്ക് റീന,
സംഭവിക്കാനുള്ളത് നടന്നുകഴിഞ്ഞു.
ഇനി അങ്ങോട്ടുള്ളത് നോക്ക്.
സാമ്പിൾ എടുക്കുന്ന കൂടെ വൈറ്റൽസ് ഒന്നുടെ നോക്കിയേക്ക്.ഇങ്ങനെ പേടിച്ചുനിന്നാൽ
കൈവിട്ടുപോകും. അതിനുമുന്നെ ഒന്ന് ശ്രമിക്കാം.മനസ്സിലാവുന്നുണ്ടോ.

ഡോക്ടർ എന്തുപറ്റി എന്നു ചോദിച്ചാൽ….

ഞാൻ ഒന്ന് സംസാരിക്കട്ടെ.നീ ചെന്ന് ഞാൻ പറഞ്ഞത് ചെയ്യ്.

ക്ലൈന്റിന്റെ ബ്ലഡ്‌ ആൻഡ് യൂറിൻ സാമ്പിൾ എടുക്കാൻ പറഞ്ഞേൽപ്പിച്ചുകൊണ്ട് റിനോഷ്
ഡ്യൂട്ടി റൂമിലേക്ക് നടന്നു.

ഇതേസമയം ഡ്യൂട്ടിറൂമിൽ അല്പം മയങ്ങുകയാണ് ഡോക്ടർ അർച്ചന.വാതിൽ മുട്ടുന്നത് കേട്ട്
അവനുമുന്നിൽ അവ തുറക്കപ്പെട്ടു.

എന്താ റിനോഷ്,എനി അർജന്റ്

ഉണ്ട് മാം, ഞാൻ അകത്തേക്ക് വന്നോട്ടെ.അല്പം സംസാരിക്കണം.

ഇപ്പോഴോ,നാളെ പോരെ?

അല്ല ഡോക്ടർ,ഇപ്പൊത്തന്നെ

വാ,ഇരിക്ക്.പറയു,എന്തുപറ്റി?

അത് മാം റൂം നമ്പർ ഏഴിലെ ക്ലൈന്റ്, നാളെ സർജറി ഉള്ളത്.അതിനു ബ്ലഡ്‌ ഇപ്പോഴേ
ഇട്ടോട്ടെ.അല്പം ഹീമോഗ്ലോബിൻ കുറവാ.

ഇപ്പൊ വേണ്ടെടാ,എന്തിനാ ഈ രാത്രിക്ക്.ആഫ്റ്റർ സർജറി ഇട്ടാലും മതി.

നെഗറ്റീവ് ഗ്രൂപ്പ്‌ ആയതുകൊണ്ട് പുറത്തുനിന്നാ കിട്ടിയേ,അതാ ഞാൻ.

പോർട്ടബിൾ ഫ്രീസറിൽ അല്ലേ.ഇതിനാണോ അത്യാവശ്യം എന്ന് പറഞ്ഞത്.

അതല്ല ഡോക്ടർ,ചെറിയൊരു പ്രശ്നംഉണ്ട്.ഒന്ന് ഹെല്പ് ചെയ്യണം പറ്റില്ലാന്ന് പറയരുത്
പ്ലീസ്.

ഓഹ്.നിന്റെ ഉരുണ്ടുകളി കണ്ടപ്പോഴേ സ്മെൽ ചെയ്തതാ ഞാൻ.കാര്യം പറ

മാം ഈ വെള്ളം കുടിച്ചേ.എന്നിട്ട് ഞാൻ പറയുന്നത് സമാധാനമായി
കേൾക്കണം.ചാടിക്കടിക്കരുത്.

വളച്ചുകെട്ടാതെ പറയ്‌ നീ.

അത് ഡോക്ടറെ റീന,അവളുടെ ക്ലൈന്റിനു ബ്ലഡ്‌ ഇട്ടത് ഒന്ന് മാറിപ്പോയി.ആറിലെ ക്ലൈന്റ്
ബാക്ക് പെയിൻ പറഞ്ഞപ്പോഴാ അറിഞ്ഞത്.

ഓഹ് മൈ ഗോഡ്……..

ഡോക്ടറെ,ബ്ലഡ്‌ സ്റ്റോപ്പ്‌ ചെയ്തു.ഫ്ലൂയിഡ് തുടങ്ങിയിട്ടുണ്ട്.ഫസ്റ്റ് ലൈൻ
വൈറ്റൽസ് ഓക്കേ ആണ്. അല്പം ചിൽസ് ഒഴിച്ചാൽ.സാമ്പിൾ എടുത്തു.
ഇനി മാമിന്റെ കയ്യിലാ എല്ലാം.

നീയിത് എന്താ പറയുന്നേ.ഇത്രയും വലിയൊരു നെഗ്‌ളിജൻസ് നീ എത്ര കൂളായി
ന്യായീകരിക്കുന്നു.ഞാനിത് റിപ്പോർട്ട്‌ ചെയ്യും.

ഡോക്ടറെ,അവൾ മനസറിഞ്ഞു ചെയ്തതല്ല.

എന്തായാലും,ആ ക്ലൈന്റ് ഇപ്പൊ ഗുരുതരാവസ്ഥയിലാ.ജീവൻ തന്നെ അപകടത്തിലാ.എനിക്ക്
ന്യായീകരിക്കാൻ പറ്റില്ല.

ഞാൻ കാലുപിടിച്ചു പറയാം.ഒന്ന് കണ്ണടചൂടേ

നീ നിന്റെ കാര്യം നോക്ക്. അവളായി വരുത്തിയത് അവളുതന്നെ അനുഭവിക്കട്ടെ.

ഡോക്ടറെ,പ്ലീസ്. ഒന്ന് കണ്ണടച്ചാൽ അവളുടെ ലൈഫ്…… കരിയർ….

മിണ്ടരുത് നീ.ഒരു വലിയ തെറ്റിനെ ന്യായീകരിക്കാൻ നോക്കരുത് റിനോഷ്.

അവളൊരു പെണ്കുട്ടിയല്ലേ ഡോക്ടർ, ആ ഒരു പരിഗണന കൊടുത്തൂടെ.ഒന്ന് കണ്ണടച്ചുകൂടെ.

ഇനി ഒരു സംസാരം വേണ്ട.നീ ചെന്ന് ക്രിട്ടിക്കൽ കെയറിൽ ഷിഫ്റ്റ്‌ ചെയ്യാനുള്ള കാര്യം
നോക്ക്.ഞാൻ വരുന്നു.

തീരുമാനിച്ചോ??????എങ്കിൽ ഒപ്പം എന്റെ പേരും വക്കണം.ഈ പ്രശ്ത്തിൽ എന്തുതന്നെ ആയാലും
ഞാൻ കൂടെനിക്കും.എന്താന്ന് വച്ചാൽ ചെയ്തോ.

ക്ലൈന്റിനെ ഷിഫ്റ്റ്‌ ചെയ്യാൻ തയ്യാറെടുക്കുമ്പോൾ അവർ പരസ്പരം നോക്കിയതുകൂടിയില്ല.
ഡോക്ടർ കൂടെയുള്ളവരോട് കാര്യം പറഞ്ഞുമനസിലാക്കുമ്പോഴും ഒരു പ്രതീക്ഷയുമില്ലാതെ അവർ
കേട്ടുനിന്നു.പറ്റിയ അബദ്ധം അവരെ അറിയിച്ചില്ല എങ്കിൽകൂടി.അവൾ ക്ലൈന്റിനൊപ്പം
പോകുമ്പോൾ ഡോക്ടർ അവനെ പിടിച്ചുനിർത്തി.

നീയെന്തു ഭാവിച്ചാ റിനോഷ് ഓരോന്നിലും തലയിടുന്നെ.

ചില കാര്യങ്ങളിൽ വരുംവരായ്ക നോക്കാറില്ല ഡോക്ടർ.അത് ഡോക്ടറെക്കാൾ നന്നായി ആർക്കാ
അറിയുക.

ഈ ലോകത്തിൽ ഒരാളോടെനിക്ക് കടപ്പാട് ഉണ്ട്. എന്ത് തന്നെ ചെയ്താലും അതിന് പരിഹാരം
ആവില്ല.നിന്റെ അമ്മ പകുത്തുകൊടുത്ത കരളിലാ എന്റെ മോള്……അതിനായി ഒന്നും
ആവശ്യപ്പെട്ടിട്ടില്ല,ഈ നിമിഷം വരെ.അതുകൊണ്ട് മാത്രം ഞാനൊന്ന് കണ്ണടക്കുവാ.ഫയൽ
രണ്ടും തന്നെ.

ഈ സമയം ക്രിട്ടിക്കൽ കെയറിലും സീനിയർ ഡോക്ടറെയും
കാര്യങ്ങൾ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു ഡോക്ടർ അർച്ചന.ഒരുവിധം എല്ലാവരെയും
കൺവിൻസ് ചെയ്യാൻ അവർക്കായി.

“റിനോഷ് ഇത് നോക്കിയേ ഞാൻ നോട്ട് ഇട്ടത് ശരിയായ ഗ്രൂപ്പിന്റെ ആണ്.പിന്നിതെങ്ങനെ?ഈ
ലേബൽ ഓടിച്ചത് ഞാനല്ലല്ലോ,മറിയാ ഒട്ടിച്ചിരിക്കുന്നത്”

അത് ഡോക്ടർ,നോട്സിനു ശേഷം ബ്ലഡ്‌ പോർട്ടബിൾ ഫ്രീസറിൽ വച്ചിരുന്നു.ക്ലൈന്റിന് അല്പം
പനിച്ചത് കാരണം സെറ്റിൽ ആയിക്കഴിഞ്ഞാണ് അവൾ സ്റ്റാർട്ട്‌ ചെയ്തേ.അങ്ങനെ
മാറിപ്പോയതാ.

ദാ നോട്ട് എഴുതിയിട്ടുണ്ട്.പഴയ നോട്ട് മാറ്റി വേണ്ടത് ചെയ്യ്.പിന്നെ പുറത്തൊരാൾ
ഇതറിയരുത്.സർജന്
ഇൻഫർമേഷൻ കൊടുത്തിട്ടുണ്ട്. ഇപ്പൊ ആ ബ്ലഡ്‌ അങ്ങ് ഇട്ടേക്ക്.

താങ്ക്സ് ഡോക്ടറെ……..

അതൊക്കെ അവിടെ നിക്കട്ടെ.
ഫയലിൽ വല്ലോം ചെയ്യാനുണ്ടെൽ ചെയ്തു കൊടുത്തുവിടാൻ നോക്ക്. അല്ലേല് വിളിക്കാൻ
തുടങ്ങും…..

ഡോക്ടർ പോയതും,അവൻ തെറ്റായി ഓടിച്ചിരുന്ന ലേബൽ മുഴുവൻ ഇളക്കിയെടുത്തു.ആ പേപ്പറുകൾ
മുഴുവൻ കീറി ഫ്ലഷ് ചെയ്തുകളഞ്ഞു.രണ്ടു ഫയലുകളിലും ശ്രദ്ധയോടെ നോട്ട്സും ലേബലും
അറ്റാച്ച് ചെയ്തു.ബ്ലഡ്‌ സെറ്റിൽ കണക്ട് ചെയ്ത് കുറച്ച് ടോയ്‌ലെറ്റിൽ
ഒഴുക്കിയശേഷമാണ് റീയാക്ഷൻ ഫോമിനൊപ്പം ബ്ലഡ്‌ ബാങ്കിൽ കൊടുത്തുവിട്ടത്.ഷിഫ്റ്റിംഗ്
കഴിഞ്ഞു റീന എത്തിയപ്പോഴേക്കും റൂം നമ്പർ ഏഴിൽ ബ്ലഡ്‌ ചലിച്ചുതുടങ്ങിയിരുന്നു.

ഭയ്യാ ഡോക്ടർ എന്തേലും…..

ഒരുവിധം സമ്മതിച്ചു.പേടിക്കണ്ട,
നാലാമതൊരാൾ അറിയരുത്.
പിന്നൊരു കാര്യം ആരേലും എന്തേലും ചോദിച്ചാൽ ബ്ലഡ്‌ റിയാക്ഷൻ ഉണ്ടായി,അതിൽ കൂടുതൽ
ഒന്നും അറിയില്ല.അങ്ങനെ പറയാവു.

എനിക്കെന്തോ പേടിപോലെ.

പേടിക്കരുത്,അബദ്ധത്തിൽ എന്തേലും പറഞ്ഞുപോയാൽ ഭാവി കൂമ്പടഞ്ഞുപോവും.നാളെ എന്തായാലും
വിളിപ്പിക്കും.ബ്ലഡ്‌ ബാങ്ക് മാനേജർ തൊട്ട് എല്ലാ അടകോടനും കാണും.ഓരോ മറുപടിയും
സൂക്ഷിച്ചു പറയുക.പിന്നെ ഡോക്ടറെ ഒന്ന് കണ്ടേക്ക്,ഒരു താങ്ക്സും പറഞ്ഞോ.
ഇപ്പൊ അവര് കൂടെനിന്നില്ലേൽ പെട്ടു പോയേനെ.

പിന്നീടുള്ള ദിവസങ്ങളിൽ റീന അല്പം ഗ്ലൂമിയായി കാണപ്പെട്ടു.ബ്ലഡ്‌ റിയാക്ഷൻ
ഉണ്ടായതും ക്ലൈന്റ് വൃക്ക തകരാറിലായി പൾമൊണറി എഡിമ മൂലം ഇഹലോകം വെടിഞ്ഞതും അവളെ
തളർത്തിയിരുന്നു.ബോഡി മോർച്ചറിയിലേക്ക് മാറ്റുമ്പോൾ അവളുടെ കണ്ണീർ പൊഴിഞ്ഞുവീണത്
അധികമാരും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഉള്ളിലെ നുറുങ്ങുന്ന ഹൃദയവേദന അവന്
മനസിലാകുമായിരുന്നു.മുറപ്രകാരം അന്വേഷണം വന്നെങ്കിലും പ്രമാണരേഖകളുടെ ബലത്തിൽ
അവയൊക്കെ അടഞ്ഞ അധ്യായങ്ങളായി.വല്ലപ്പോഴും ഒന്നിച്ചു ഡ്യൂട്ടി ചെയ്തിരുന്ന അവർ
അതിനുശേഷം സിംഹഭാഗവും ഒന്നിച്ചായി.ദിനങ്ങൾ കൊഴിഞ്ഞുവീണു.അമ്പലത്തിന്റെ നടയിൽ
അവളെയും കാത്തുനിൽക്കുകയാണ് റിനോഷ്.

നീയെന്താടി ഇനിത്രേം ലേറ്റ്,കട്ട പോസ്റ്റ്‌ ആയിപ്പോയി.ഇതിനുംമാത്രം എന്താ ഇന്ന്
പറയാൻ

ഒന്നുല്ല,അവിടെ കുറച്ചുനേരം ഇരിക്കാൻ തോന്നി.

എന്തു പറ്റിയെടോ?

എന്തോ,അറിയില്ല

അല്ല ഇന്നലെ അവരെ കണ്ടപ്പോൾ തുടങ്ങിയതാണല്ലോ.നീയിതെന്ത് ഭാവിച്ചാ.പറഞ്ഞിട്ടില്ലേ
ഞാൻ.

അങ്ങനല്ല ഭയ്യ.ആ സ്ത്രീയെ കണ്ടപ്പൊ ഓർമ്മകൾ പോയത് ആ രാത്രിയിലേക്കാ.

നീ ഒരു കാര്യം മനസ്സിലാക്കണം.
ചില സമയത്തുള്ള നമ്മുടെ പെരുമാറ്റം പോലും,നമ്മൾ മറച്ചുപിടിക്കുന്ന സത്യങ്ങൾ
പുറത്തുകൊണ്ടുവരും.ഇപ്പൊ എല്ലാം അടഞ്ഞ അധ്യായങ്ങളാണ്.സൊ ബീ കൂൾ.വെറുതെ സീൻ
ഉണ്ടാക്കി ആൾക്കാർക്ക് സംശയത്തിന് ഇടവരുത്തരുത്.

ശ്രമിക്കാം ഭയ്യ.ഇനി അങ്ങനെ ഉണ്ടാവില്ല.

ഉണ്ടാവരുത്.അങ്ങനെയൊന്ന് നടന്നിട്ടില്ല,നമുക്കറിയില്ല.അങ്ങനെയെ പെരുമാറാവു.ആ രാത്രി
മറന്നേ പറ്റു തന്റെ ലൈഫിൽ നിന്ന്.താൻ വന്നപ്പോ എങ്ങനാരുന്നു
എന്നോർമ്മയുണ്ടോ,കാണുന്നവരോടൊക്കെ ഓരോന്ന് ചോദിച്ചും തറുതല പറഞ്ഞുനടന്നതും ഒക്കെ

ഭയ്യ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ.
അല്ലേലും ഈ ആമ്പിള്ളേർ ഇങ്ങനാ. സദാ സമയോം പെണ്ണുങ്ങൾ എന്നാ ചെയ്യുവാന്നു
നോക്കിയിരുന്നോളും

ഡീ മറ്റവളെ.മുറത്തിൽ കേറി കൊത്തല്ലേ.

ഇപ്പൊ അങ്ങനായോ.ഞാൻ പഴയപോലെ ആവണമെന്നു പറഞ്ഞിട്ട് ഇപ്പൊ കണ്ടോ.

അത് നിന്നെക്കാൾ ഓണം കൂടുതൽ ഉണ്ടവരോടല്ല.(ഛെ അവൾക്ക് എന്ത് ഓണം)അതായത് തന്നിൽ
മുതിർന്നവരോടല്ല.

അയ്യേ,ഭയ്യക്ക് മൂക്കിൽ പല്ല് വന്നതറിഞ്ഞില്ല.ഹോസ്റ്റലിന്റെ മുന്നിലെത്തിയതും
നാക്ക് നീട്ടി കൊഞ്ഞനം കുത്തി അവൾ ഓടി.

ഡീ പുല്ലേ നിന്നെ എന്റെ കയ്യിൽ കിട്ടും. ഞാൻ എടുത്തോളാം.

എടുത്തോ പക്ഷെ താഴെ ഇടാതിരുന്നാൽ മതി.വീണ്ടും എന്തൊക്കെയോ ഗോഷ്ഠികാണിച്ച് അവൾ
റൂമിലേക്ക് മറഞ്ഞു.
************
പള്ളിയിൽ ഉച്ചമണി മുഴങ്ങി.
അതിന്റെ പ്രഭാവം എന്നപോലെ അവൻ ചിന്തയിൽ നിന്നുണർന്നു. കൈവിരിച്ചുനിന്ന നസ്രായന്റെ
കരങ്ങൾ പിടിച്ചു തൊഴുത് അവൻ ഇറങ്ങി.വയറു വിശന്നു,ചീത്തവിളി
തുടങ്ങിയിരുന്നു.ഉള്ളിൽനിന്ന് പല ശബ്ദങ്ങളും കേൾക്കുന്നുണ്ട്. എടാ പുല്ലേ ഒന്നടങ്ങ്
നിന്നെ പ്രീതിപ്പെടുത്തിയിട്ടേ ഇനി എന്തുമുള്ളു.പറ്റിയ സ്ഥലം നോക്കട്ടെ.
അവൻ നടന്നകലുംമ്പോൾ പിന്നിൽനിന്നൊരു വിളി കേട്ടു.
കപ്യാർ ആരിക്കും,പരിചയമില്ലാതെ ആരോ പോകുന്നത് കണ്ടുള്ള പതിവ് വിളി.

നോക്കുമ്പോൾ ആള് പുറകിലുണ്ട്.
പക്ഷെ കപ്യാര് അല്ലെന്ന് മാത്രം.അച്ചൻ ആണ്. എന്തുവാടെ ഇങ്ങനെ നോക്കുന്നെ.ഞാൻ തന്നെ.
എന്നൊരു പറച്ചിലും.

ഫാദർ മാത്യു കല്ലുമറ്റം,അവൻ മത്തായി എന്നുവിളിക്കുന്ന സുഹൃത്തുക്കളിൽ ഒരാൾ.അവർ
തമ്മിലുള്ള പരിചയം പറയാൻ നിന്നാൽ അങ്ങ് ബനാറസ് മേജർ സെമിനാരിയിൽ തുടങ്ങേണ്ടി
വരും.(അവിടുന്നുള്ള സൗഹൃദം ഇന്നുമുണ്ട്.ഫ്ലാഷ് ബാക്ക് പറയാൻ നിന്നാൽ….)

മത്തായിച്ചാ, ഇതൊരു വൻ സർപ്രൈസ് ആയിട്ടോ.

നിന്നെ എത്രയായി കണ്ടിട്ട്. ഇപ്പൊ കാണുന്നു കരുതിയെ ഇല്ല.രണ്ടു കൊല്ലം കഴിഞ്ഞു
ഇപ്പൊ അല്ലേടാ.

അതെ,ഇറ്റ് ഷുഡ് ബി എ ഗ്രേറ്റ്‌ മൊമെന്റ്.

എന്തായാലും വാ, വല്ലോം തട്ടിയിട്ട് ബാക്കി പറയാം.

കുശിനിക്കാരൻ വിളമ്പിയ നല്ല കോഴിയും പോർക്കും ഒക്കെ അടിച്ചുകേറ്റി ഒരു നീണ്ട
ഏമ്പക്കവും വിട്ട് അവർ എഴുന്നേറ്റു.മുറിയിലെത്തി നീറ്റായി രണ്ട് ലാർജ് ഒഴിച്ച്
ചിയേർസ് പറഞ്ഞു അവർ.

അച്ചോ ഏതായാലും കൊള്ളാം.നല്ല ഉഗ്രൻ ശാപ്പാട്.പിന്നെ ഒരു കാര്യം ചോദിക്കാൻ
വിട്ടു,എന്നുതുടങ്ങി ഈ മണിയടി.

എടാ നമ്മൾ ഏത് സാഹചര്യത്തിലും ജീവിക്കാൻ പഠിക്കണം.അത് നിനക്ക് കാണിച്ചുതന്നതല്ലെടെ.

അല്ലാതെ കപ്യാര് മുങ്ങിയത് കൊണ്ടല്ല.ഏതായാലും സെമിനാരിയിൽ നന്നായി മണിയടിക്കാൻ
ശീലിച്ചതുകൊണ്ട് ഉപകാരം ഉണ്ടായി.

ഡേയ്, ഊതല്ലേടെ.ഇത് കപ്യാര് ഭാര്യെനേം കൊണ്ട് ആശൂത്രി പോയകൊണ്ട്.പിന്നെ നിന്റെ
ചിറ്റപ്പൻ ഇപ്പൊ എവിടെടെ.

ഇപ്പോഴേലും തിരക്കീല്ലോ.ഇപ്പൊ നമ്മുടെ അടുത്തുതന്നെയുണ്ട്.
പക്ഷെ ആളിപ്പോ ബനാറസിൽ പോയേക്കുവാ ക്ലാസ്സ്‌ എടുക്കാൻ.

പിന്നെ,എങ്ങോട്ടാ ഇപ്പൊ ഒരു യാത്ര. ഒറ്റക്ക് പതിവില്ലല്ലോ.

ഒന്നുല്ല മത്തായിച്ചാ.സാഹചര്യം അങ്ങാനായിപ്പോയി.

എന്താടാ,എന്തുപറ്റി?

ഇതിപ്പോ അവളെ, ആ റീനയെ ഒന്ന് കാണാൻ ഇറങ്ങിയതാ.അവൾക്ക് ഒന്ന് കാണണം പോലും.

ഇടക്കെപ്പോഴോ അച്ചൻ പറഞ്ഞിരുന്നു,ബ്രേക്ക്‌ അപ്പ്‌ ആയിന്ന്.എന്താന്നൊന്നും
പറഞ്ഞില്ല.എന്നിട്ടും ഇപ്പൊ എന്തിനാ ഒരു കൂടിക്കാഴ്ച്ച.

അതെ ആറു മാസം കഴിഞ്ഞു.
അവളെ കണ്ടിട്ടും.ഇനി വേണ്ട എന്നുതന്നെ ഉറപ്പിച്ചതാ പക്ഷെ… ഇതിപ്പൊ അവളുടെ കല്യാണമാ
ഈ 21ന്.അതാ ഇറങ്ങിയെ.ഒന്ന് കാണണം എന്നൊരാഗ്രഹം പറയുമ്പോൾ എങ്ങനാ പറ്റില്ലാന്ന്
പറയുക.

അപ്പോഴേക്കും ചാടി പുറപ്പെട്ടു അല്ലേ.

വിളിച്ചത് അവളുടെ ഗ്രാൻഡ് പാ ആണ്.കേണൽ ഉജ്വൽ ടാക്കൂർ.അങ്ങേർക്കും ഒന്ന്
കാണണംപോലും.നമ്മുക്ക് ഒരാളുടെ ഒരാഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞാൽ…എന്താ പറയുക
അപ്പൊ അത്രേ ചിന്തിച്ചുള്ളൂ.

എന്താ നിങ്ങളുടെ ഇടയിൽ ഉണ്ടായത് എന്നൊന്നും ചോദിക്കുന്നില്ല.
അല്ലേലും ഇനി അതൊക്കെ ചികഞ്ഞിട്ട് എന്തിനാ.നീ അതോർത്തു ലൈഫ് സ്പോയ്ൽ
ചെയ്യാതിരുന്നാൽ മതി.

ആദ്യം ബുദ്ധിമുട്ടായിരുന്നു
അച്ചോ.പിന്നെ ഒന്നാലോചിച്ചപ്പോൾ
നഷ്ട്ടപെട്ടതോർത്ത് വിഷമിക്കുന്നതിനേക്കാൾ വരാനുള്ള നല്ല നാളുകൾ സ്വപ്നം
കാണുന്നതാണെന്ന് തോന്നി.ഇപ്പൊ ആ സ്വപ്‌നങ്ങൾ പിന്തുടരുമ്പോൾ വല്ലാത്തൊരു ഫീൽ.ഇപ്പോ
എനിക്കതിൽ ഒരു വിഷമോം ഇല്ലച്ചോ. എന്റെ സ്നേഹം അവൾക്ക് വിധിച്ചിട്ടില്ല എന്നു ഞാൻ
കരുതി അതങ്ങ് മറന്നു.

അതൊക്കെ പോട്ടെ. ഇനി നീയവിടെ ചെല്ലുമ്പൊ വല്ല പ്രശ്നോം?ഞാൻ വരണോടാ.

വേണ്ട മത്തായിച്ചാ,ഒന്നും ഉണ്ടാവില്ല.
അദ്ദേഹത്തിന്റെ ഉറപ്പാ.അവിടുത്തെ അവസാന വാക്ക്.ഞാനത് വിശ്വസിക്കുന്നു.

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.

അതെ വിശ്വാസം,അതിന്റെ ഒരു ഉറപ്പിലല്ലേ മത്തായിച്ചാ ഓരോ ജീവിതവും.നാളെയുടെ പ്രതീക്ഷ
നശിച്ചാൽ,ഇനി മുന്നോട്ട് എന്ത് എന്നുള്ള വിശ്വാസം ഒരുവന് നഷ്ടപ്പെടുമ്പോ അല്ലേ
അവന്റെ പതനം.

ഓഹ് സമ്മതിച്ചു.ചിറ്റപ്പന്റെ ഫിലോസഫി കുറെയൊക്കെ നിനക്കും കിട്ടീട്ടുണ്ട്.
എനിക്കാണേൽ ആ മാങ്ങാത്തൊലി ഒന്നും മനസിലാവത്തുമില്ല.അതിന് കേട്ട ചീത്ത,
എന്റമ്മച്ചീ….

കള്ളും കുടിച്ചു വാർത്താനോം പറഞ്ഞു സമയം പോയി.ഞാൻ ഇറങ്ങാട്ടച്ചോ.ഇവിടുന്നൊരു മൂന്ന്
മണിക്കൂർ ഉണ്ട്.വൈകിട്ട് എത്താം എന്ന് പറഞ്ഞിട്ടുള്ളതാ.

അപ്പൊ സാവധാനം പോയി വാ.തിരിച്ചു വരുമ്പൊ കേറണം.
നമ്മുക്ക് ഷിംലയുടെ ആത്മാവിലേക്ക് ഇറങ്ങണം.വരുന്നവഴിക്ക് അവളെക്കുറിച്ചുള്ള
ഓർമ്മകളുടെ അവശേഷിക്കുന്ന തരിമ്പും അങ്ങ് കാറ്റിൽ പറത്തിയെക്കണം.
നാലഞ്ചു ദിവസം നിന്ന് അടിച്ചുപൊളിച്ചൊരു കറക്കം.പഴയ ഡെറാഡൂൺ -നൈനിറ്റാൾ
പോലെ.എന്നിട്ടേ നിന്നെ വിടുന്നുള്ളു.

ശരിയച്ചോ.തിരിച്ചുള്ള വരവിൽ ഇവിടെ നിന്നിട്ടേ പോകുന്നുള്ളൂ.
ഉറപ്പ്.അപ്പൊ എന്തേലും പറയാനായി എന്റെ ഫ്ലാഷ് ബാക്ക് ഇരിക്കട്ടെ.
അപ്പൊ പോയി വരാം പ്രാർത്ഥിക്കുമ്പോൾ ഒന്ന് ഓർത്തേക്കണം.

സേഫ് ജെർണി ഡിയർ ആൻഡ് ഗോഡ് ബ്ലെസ്
************
ഇളം വെയിൽ നിറം ചാർത്തിയ വഴികളിലൂടെ അമ്പാല റോഡിൽ. അവൻ യാത്ര തുടർന്നു
ഒടുവിൽ ലക്ഷ്യം നേടുമ്പോൾ ഇരുട്ട് വീണുതുടങ്ങിയിരുന്നു.
പ്രകാശത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.
വീട്ടിലേക്ക് പ്രവേശിക്കാൻ ഒന്ന് മടിച്ചുനിന്നു.കാര്യം ഒരു പഞ്ചായത്തിലുള്ള ആളുകൾ
തന്നെ വീട്ടുകാരായി ഉണ്ട്.ആരോട് ചോദിക്കും.ഓരോ കാര്യങ്ങൾക്കായി
ഓടുന്നവർ ഇവനാര് എന്ന മട്ടിൽ നോക്കുന്നുണ്ട്.ഒടുവിൽ രണ്ടും കൽപ്പിച്ചു അതിലെ
നടന്നുപോയ ആളോടുതന്നെ ചോദിച്ചു.

ബാപ്പുനെ കാണാനോ,ആരാ?എവിടുന്നാ?വന്നത് കട്ടിയിലൊരു മറുചോദ്യം.

ഇവിടെ റീനയുടെ കൂടെ ജോലിനോക്കിയിരുന്നതാ.പേര് റിനോഷ്.

ആ ഒരു മറുപടിയുടെ അനന്തരഫലം എന്നവണ്ണം കുറച്ചുപേർ അവനുചുറ്റും കൂടി.ഘടാഘഡിയരായ
കുറച്ചുപേർ.വിശന്നിരിക്കുന്ന സിംഹത്തിന്റെ മുന്നിൽ മാനിനെ കിട്ടുമ്പോഴുള്ള ഭാവമാണ്
ഓരോ മുഖങ്ങളിലും.ചെറിയരീതിയിൽ കയ്യാങ്കളി തുടങ്ങിയപ്പോൾ തന്നെ ആരുടെയോ കനത്തിലുള്ള
ശബ്ദം മുഴങ്ങി.”എന്താ അവിടെ,എന്താ അവിടൊരു ഒച്ചപ്പാടും ബഹളവും”

അത് ബാപ്പൂ,എന്ത് ധൈര്യത്തിലാ ഇവൻ ഇവിടെ?

അവനെ വിളിച്ചത് ഞാനാ.എന്റെ അഥിതി.ആ മാന്യത അവന് കിട്ടണം.
ടാക്കൂർ സാബിന്റെ ഗാംഭീര്യമുള്ള ശബ്ദം കേട്ട് ചുറ്റുമുള്ളവർ ഒരു വശത്തേക്ക് മാറി.

ക്ഷമിക്കണം മോനെ,വിട്ടുകള.
വകതിരിവില്ലാതെ ഓരോന്ന് ചെയ്യുന്നതാ.

ബാപ്പു ഇവൻ? ആജാനുബാഹുവായ ഒരാൾ എന്തോ ചോദിച്ചപ്പോഴേക്കും ബാപ്പുവിന്റെ കൈകൾ
ഉയർന്നു.പറയാൻ വന്നത് അതുവഴി ഇറക്കുന്നതവൻ കണ്ടത് അന്നാദ്യമായിരിക്കും.

നിങ്ങൾ ഉദ്ദേശിച്ച ആള് തന്നെയാ ഇത്.ഇവനെ വിളിച്ചത് ഞാനും.ഇവൻ
ഇവിടെയുണ്ടാവും.നിങ്ങളുടെ സംശയം പോലെ ആയിരുന്നെങ്കിൽ ഇവനത് എന്നെ ആവാമായിരുന്നു.
എടുത്തുചാട്ടം അത് നാശത്തിലെ എത്തിക്കൂ.അത് എല്ലാരും ഓർത്താൽ നന്ന്.ഒരുഗ്രശാസനയും
കൊടുത്ത് അയാൾ അവനെയും കൂട്ടി അകത്തേക്ക് നടന്നു.

ബാപ്പുവുമൊത്തു അകത്തേക്ക് നടക്കുമ്പോൾ കണ്ണുകൾ ചുറ്റും പരതിനടന്നു.”മോനിപ്പൊ അവളെ
തിരയുകയാവും അല്ലേ”
ഇത് മനസ്സിലാക്കിയെന്നവണ്ണം അദ്ദേഹം ചോദിക്കുമ്പോൾ അവനൊന്നു മൂളുകമാത്രം ചെയ്തു.

മോനെ അവളിവിടെ അടുത്ത് ശിവക്ഷേത്രത്തിൽ പോയിരിക്കുന്നു.
കുറച്ചു പൂജയും ചടങ്ങുകളും ഒക്കെയുണ്ട്.അതാ കാണാത്തെ.വൈകാതെ വരും.

ഉത്തരം വീണ്ടും ഒരു മൂളലിൽ ഒതുങ്ങി.

ഒരു യാത്ര കഴിഞ്ഞു വന്നതല്ലേ.ഒന്ന് ഫ്രഷ് ആയി വാ.ദാ ഇതാണ് മോനുള്ള മുറി.അവൾ
ഒരുക്കിയിട്ടാ പോയത്.കഴിയുമ്പോൾ താഴേക്ക് വന്നോളൂ.ആരും ഒന്നും പറയില്ല. സ്വന്തം
വീടാണ്.അങ്ങനെയെ
കരുതാവു.

താഴെയെത്തുമ്പോൾ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.അവനെ കണ്ടതും ബാപ്പു ഓരോരുത്തരെയായി
പരിചയപ്പെടുത്തി.അവളുടെ അച്ഛനും അനുജന്മാരും ആയി അഞ്ചുപേർ.അവരുടെയെല്ലാം മുഖത്ത്
ഒരു ഇഷ്ടക്കേട് നിഴലിച്ചിരുന്നു.ഇതിന്റെയിടയിൽ ഒരു സ്ത്രീ കോഫി കൊണ്ടുവന്നിരുന്നു.
റീനയുടെ അമ്മ. അവരെ പരിചയപ്പെടുമ്പോൾ അധികം സംസാരിച്ചില്ലെങ്കിലും അവരുടെ
വാക്കുകളിൽ എവിടെയോ ഒരു സ്നേഹം ഒളിഞ്ഞുകിടന്നു.

മുഷിച്ചിലായോ ഇവിടെ വന്നത്?

ഹേയ് അങ്ങനൊന്നും ഇല്ല സാബ്.

അല്ല,ബാപ്പു.അങ്ങനാ എല്ലാരും വിളിക്കുക.

ഓഹ് സോറി പെട്ടെന്ന്,അങ്ങനെ വിളിച്ചാൽ എന്തേലും ഇഷ്ട്ടക്കേട് തോന്നിയാലോ
എന്നുകരുതി.

ഒരിഷ്ടക്കേടും ഇല്ല.അങ്ങനെതന്നെ വിളിച്ചാൽ മതി.മോനിങ്ങു വാ നമ്മുക്ക് അങ്ങോട്ട്
മാറി ഇരിക്കാം.പരിചയമില്ലാത്ത ഇടമല്ലേ ബോറടിക്കുന്നുണ്ടാവും.തല്ക്കാലം ഈ വയസൻ
കമ്പനി തരാം.ഇഷ്ടമാകുമോ എന്തോ.

അതെന്താ ബാപ്പു അങ്ങനെ.എനിക്ക്
മിക്കവാറും എല്ലാ എയ്ജ് ഗ്രൂപ്പിലും ഫ്രണ്ട്‌സുണ്ട്. അവൾക്ക് അറിയാം.

അറിയാടോ അവൾ എന്നോട് എല്ലാം പറയും.തന്നെ കണ്ടതുമുതൽ എല്ലാം ഒരു പുള്ളി കുറയാതെ
പറഞ്ഞിട്ടുണ്ട്.

പറയാറുണ്ട് അവൾ ബാപ്പുവിനെക്കുറിച്ചും.പക്ഷെ ഇപ്പോഴാ കാണുന്നതെന്ന് മാത്രം.

ദാ ഇതാണ് എന്റെ സാമ്രാജ്യം.മോൻ എങ്ങനാ കഴിക്കുന്നോ ഇപ്പൊ. ഒരു മൂഡിന്.

ഹേയ് ഞാൻ,….. അങ്ങനൊരു ശീലം…

പരുങ്ങണ്ട,ഞാനും കൂടാഡോ.മോള്‌ പറഞ്ഞിട്ടുണ്ട് നല്ല കീറായിരുന്നു എന്ന്.എന്നാലും ഈ
വയസൻ ഒരു ഉപദേശം തരാം.അല്ലേല് ഒരു ഫ്രണ്ട് സ്നേഹത്തോടെ പറയുന്നതായി കണക്കാക്കിയാൽ
മതി.
കഴിക്കുന്നതിൽ തെറ്റില്ല. പക്ഷെ മദ്യം നമ്മളെ ഭരിക്കാതെ നോക്കണം.

ഒത്തിരി കുറഞ്ഞു ബാപ്പു.കള്ള് എന്നെ കുടിക്കുകയായിരുന്നു അതൊക്കെ മാറ്റി ഒരു
കണ്ട്രോൾ ലെവലിൽ എത്തിച്ചത് റീനയാ. ഒത്തിരി പിച്ചും മാന്തും ഒക്കെ കിട്ടീട്ടുണ്ട്
അതിന്റെ പേരിൽ.

അത് അങ്ങനൊരു കുറുമ്പി.ഇവിടെ എന്റടുക്കലും ഉണ്ട്.കൂടുതലാകുമ്പോ ഒന്ന് വിരട്ടിവിടും.

നല്ല കൂട്ടാണല്ലേ നിങ്ങൾ.

അതെ,എന്റെ അടുക്കൽ അല്പം സ്വാതന്ത്ര്യം കൂടുതൽ അവൾക്കുണ്ട്. കുടുംബത്തിൽ ആകെയൊരു
പെൺതരിയാ.അതിന്റെ ഒരു വാത്സല്യക്കൂടുതൽ.അതാ നിങ്ങളുടെ ഇഷ്ട്ടം അറിഞ്ഞപ്പോൾ
എതിർക്കപ്പെടാൻ ഉണ്ടായ പ്രധാനകാരണം.

മനസ്സിലാവും ബാപ്പു.എനിക്കിപ്പൊ സങ്കടം ഒന്നുമില്ല.

ദാ തന്റെ ഇഷ്ട്ടപ്പെട്ട ബ്രാൻഡ്. 100പൈപ്പർസ്.കൂടാതെ ആപ്പിളിട്ട് കാച്ചിയ നല്ല
നാടനും ഇരിപ്പുണ്ട്. നൗ ചോയ്സ് ഈസ്‌ യുവേഴ്സ്.

നാടൻ ശീലമില്ല എന്നാലും ഒന്ന് ട്രൈ ചെയ്യാം.

കേട്ടതും കനത്തിൽ ഒരെണ്ണം ഒഴിച്ച് ബാപ്പു നീട്ടി.ഒപ്പം അദ്ദേഹവും
ഒഴിച്ചു.ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടി.ഒരിറക്ക് അകത്തേക്ക് ചെന്നതും ഒരു
ഏരിച്ചിൽ.കണ്ണുംപൂട്ടി പിടിപ്പിക്കുമ്പോൾ അത് ഉള്ളിലേക്ക് കത്തിയിറങ്ങി.

ബാപ്പു ഓഹ് ഉഗ്രൻ സാധനം.
സായിപ്പിന്റെ മാറിനിക്കും.

ഇത് ഞാൻ പ്രത്യേകം വാറ്റുന്നതാ.
എനിക്ക് ഇതാ പതിവ്.

കഴിക്കുന്നു അറിയില്ലായിരുന്നു

എപ്പോഴും ഇല്ലെടോ വല്ലപ്പോഴും ഇങ്ങനെ ആരേലും വരുമ്പോഴേ ഉള്ളു

ഇവനിത്തിരി കട്ടിയാ.ശീലിച്ചത് തന്നെ കഴിക്കുന്നതാ എപ്പോഴും നല്ലത്.

വീണ്ടും ഗ്ലാസ്സുകളിലേക്ക് മദ്യം നിറഞ്ഞു.പക്ഷെ ഈ പ്രാവശ്യം അവന്റെ ഇഷ്ടം ആയിരുന്നു
എന്നുമാത്രം.പതിയെ മദ്യവും നുണഞ്ഞിറക്കി അവരുടെ സംസാരം തുടർന്നു.

മോനറിയുവോ,എന്റെ കുട്ടിയുടെ മനസ്സ് നീറുന്നത് എനിക്ക് സഹിക്കില്ല. എന്നിട്ടും
എനിക്ക് അവളെ വിഷമിപ്പിക്കേണ്ടി വന്നു.

പോട്ടെ ബാപ്പു.ചില സമയങ്ങളിൽ അങ്ങനാ.

തനിക്കറിയുവോ,പണ്ട് പട്ടാളത്തിൽ ആയിരിക്കുമ്പോൾ ഒട്ടുമിക്ക സ്ഥലത്തും ജോലി
ചെയ്തു.അവിടുത്തെയൊക്കെ സംസ്കാരവും ആളുകളും എനിക്ക് സുപരിചിതം.അതിൽ തന്റെ നാടും
പെടും.

ഓഹ് ലൗലി…..

തനിക്ക് എങ്ങനെ പറ്റുന്നു.
ഇതൊക്കെ ഉള്ളിലൊതുക്കി ഇങ്ങനെ സന്തോഷിക്കാൻ.

ആരു പറഞ്ഞു ബാപ്പു എനിക്ക് സങ്കടം ഇല്ലാന്ന്.അവളെപ്പോലൊരു കുട്ടിയെ ആരും കൊതിക്കും.
നഷ്ട്ടപ്പെടുമ്പോൾ വിഷമം തോന്നും. പക്ഷെ യാഥാർഥ്യം അത് അംഗീകരിച്ചല്ലേ പറ്റു.

മോൻ നല്ല സെന്സിബിൽ ആയി സംസാരിക്കുന്നുണ്ട്.അവൾ ചിരിക്കുന്നു എന്നേയുള്ളു,ഉള്ളിലെ
കരച്ചിൽ എനിക്ക് കേൾക്കാം.

എങ്കിൽ മോളുടെ ഇഷ്ട്ടം,അത്‌ നടത്തിക്കൂടെ.

അത്‌ നടക്കില്ലടോ.കാരണം തന്റെ നാടുപോലെ സാസ്കാരികമായി വളർന്നിട്ടില്ല ഇവിടെയൊന്നും.
ഇവിടെയെല്ലാം ജാതിക്കും തീവ്രരാഷ്ട്രീയത്തിലും ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.
ഞാനൊരാൾ മാറി ചിന്തിച്ചതുകൊണ്ട് മാത്രം ഒന്നുമാവില്ലഡോ. അത്‌ അങ്ങനാ.

അവളെയൊന്നു പറഞ്ഞു മസസ്സിലാക്കരുതോ.

സംസാരിച്ചു അവളോട് എന്നാലും പൂർണ്ണമായും അവൾക്ക് ഉൾക്കൊള്ളാൻ ആയോ എന്നറിയില്ല.

ആയിക്കോളും ബാപ്പു.ഞാൻ പറഞ്ഞോളാം അവളോട്.

നിനക്കറിയുവോ,നിന്റെ കാര്യം എനിക്ക് അറിയാമായിരുന്നു എങ്കിലും ഈ ആലോചന വന്നപ്പോൾ
അവൾ കുറെ എതിർത്തുനോക്കി.
പക്ഷെ താഴെ കണ്ടില്ലേ അവളുടെ അച്ഛനും ചിറ്റപ്പൻമാരും.എല്ലാരും രാഷ്ട്രീയമായും
ജാതിയിലും ഉന്നതസ്ഥാനം വഹിക്കുന്നവർ.ഈ കുടുംബത്തിൽ അവസാനവാക്ക് എന്റെയാണ് എങ്കിലും
കുടുംബം ശിഥിലമാകും എന്ന അവസ്ഥ വന്നാൽ…..എനിക്ക് അവരെ ചേർത്തുപിടിച്ചല്ലേ പറ്റു.

മനസ്സിലാവുന്നുണ്ട് ബാപ്പു.
കുടുംബത്തിലെ ഒരെ ഒരു പെൺതരി.അതും രണ്ടു തലമുറക്ക് ശേഷം.എല്ലാർക്കും അവരുടെ കുടുംബം
വലുതാണ്.എങ്കിലും ഒന്ന് ചോദിക്കട്ടെ നിങ്ങൾ അവളെ നന്നായി നോക്കി,വളർത്തി അവളുടെ
ഇഷ്ടങ്ങൾക്ക് നിങ്ങളുടെ ഇടയിൽ ഒരു വിലയുമില്ലേ.

അതിനിപ്പൊ എന്റെയടുക്കൽ ഒരുത്തരം ഇല്ല മോനെ.ചില കാര്യങ്ങൾ അങ്ങനെയാ.ഈ സാഹചര്യങ്ങൾ
മാറുമായിരിക്കും.
മാറണം.പക്ഷെ എന്ന്…… അതും ഒരു ചോദ്യമായിത്തന്നെ കിടക്കുന്നു.

ആഹാ രണ്ടാളും
ഇവിടിരിക്കുവാണോ.ബാപ്പുന്റെ കത്തി കേട്ട് മടുത്തോ ഭയ്യ.

ഡീ കാന്താരി,നിന്നെ ഞാൻ.

രണ്ടാളും നല്ല മൂഡിൽ ആണല്ലോ.
എത്ര റൗണ്ട് പോയി.

അധികം ഇല്ലഡോ, ഒരു നാലെണ്ണം.ഞങ്ങളിങ്ങനെ കുറച്ച് നാട്ടുകാര്യം
പറഞ്ഞിരിക്കുവാരുന്നു.
അല്ലെ ബാപ്പു.

പട്ടാളത്തിലെ പഴയ പുളുക്കഥ വല്ലോം ആരിക്കും.കേട്ട് ബോറായോ.

മറ്റുള്ളവരുടെ മുന്നിലെലും ഇത്തിരി ബഹുമാനിക്കെടി.നിന്റെ ഗ്രാൻഡ് പാ അല്ലെ.

അങ്ങനെ പറഞ്ഞുകൊടുക്ക് മോനെ.
മുതിർന്നു എന്നൊരു വിചാരം ഇല്ല.

ഒട്ടും ഇല്ല.കലാപരിപാടി തീർത്തു പെട്ടെന്ന് വാ.ഭക്ഷണം കഴിക്കണ്ടേ.
അതോ കള്ളും കുടിച്ചിരുന്നാൽ മതിയോ.

മോള് ചെല്ല് ഞങ്ങൾ വന്നേക്കാം.

ഓരോന്നു പിടിപ്പിച്ചു ഭക്ഷണവും കഴിഞ്ഞു പുറത്തു നിൽക്കുകയാണ് റിനോഷ്.നിലവിൽ
കുളിച്ചു നിൽക്കുന്ന അവനെ തണുത്ത കാറ്റ് തഴുകിക്കൊണ്ടിരുന്നു.പിന്നിൽ ഒരു മുരടനക്കം
കേട്ട് നോക്കുമ്പോൾ റീന.

ഭയ്യ ഉറങ്ങുന്നില്ലേ.ഈ തണുപ്പ് കൊണ്ട് അധികം നിൽക്കണ്ട.

സാരമില്ല,നീ പൊയ്ക്കോ.ഞാൻ ഇത്തിരി കഴിഞ്ഞേ ഉള്ളു.അല്ല ബാപ്പു കിടന്നോ.

മ്മം കിടന്നു. ഞാനും അങ്ങ് പോകുവാ.നാളെ ഒരു ചെറിയ ഔട്ടിങ് നമ്മൾ മാത്രം.അതൊന്ന്
പറയാന്നു കരുതി.

അതിന് എന്റെ കൂടെ പുറത്തു വരാൻ സമ്മതിച്ചോ.

ബാപ്പു അനുവാദം തന്നു.
ബാക്കിയൊക്കെ ബാപ്പു നോക്കിക്കോളും.അധികം തണുപ്പ് കൊള്ളാതെ കിടക്കുട്ടോ.ഞാൻ
പോയേക്കുവാ.ഗുഡ് നൈറ്റ്‌

മ്മം, ഗുഡ് നൈറ്റ്‌.

നിലവിൽ അങ്ങനെ നിൽക്കുമ്പോൾ അവന്റെ മനസ്സ് പിന്നെയും പഴയ കാലങ്ങളിലൂടെ
നടന്നുതുടങ്ങി.
ഓടിയെത്തിയത് തന്റെ ഡ്യൂട്ടിക്കിടയിൽ ഒരു ചീറലോടെ തന്റെ നേർക്കുവരുന്ന റീനയുടെ
ചിത്രമാണ്…..

ഭയ്യ………ഒരു അലർച്ചയായിരുന്നു.

എടീ ഒന്ന് പതിയെ.ഹോസ്പിറ്റൽ ആണ്.പേഷ്യന്റ്സ് ഉണ്ട്.

ഭയ്യ ആരോട് ചോദിച്ചാ ഡ്യൂട്ടി മാറിയേ.എന്നും എന്റെയൊപ്പം ചെയ്തുകൊണ്ടിരുന്നയാൾ
പെട്ടെന്നൊരു ദിവസം ഡ്യൂട്ടി ചേഞ്ച്‌ ചെയ്യിച്ചതിന്റെ കാരണം എനിക്കറിയണം.

അത്‌ ദേ ജെസ്സി ദീദി വരുന്നു അങ്ങോട്ട് ചോദിക്ക്.

ദീദി എന്തിനാ ഞങ്ങളുടെ ഡ്യൂട്ടി മാറ്റിയെ.ആര് പറഞ്ഞിട്ടാ.ഭയ്യ പറഞ്ഞിട്ടാണോ.ആര്
പറഞ്ഞിട്ടായാലും ശരി, എനിക്ക് പഴയപോലെ ഡ്യൂട്ടി കിട്ടിയേ പറ്റു.

അത്‌ റീന നഴ്സിംഗ് ഓഫീസർ പറഞ്ഞിട്ടാ.പുതിയ സ്റ്റാഫ്‌ അല്ലെ.അപ്പൊ സീനിയർ സ്റ്റാഫ്‌
രണ്ടുപേരെ ഒന്നിച്ചു ഡ്യൂട്ടിക്ക് ഇടണ്ടാ ന്ന് പറഞ്ഞു.റിനോഷ് സമ്മതിച്ചിട്ടാ ഞാൻ
ഡ്യൂട്ടി മാറ്റിയെ.ഇതിൽ എന്നെ പെടുത്തല്ലേ മോളെ.

എടൊ,ഇയാൾക്കിപ്പൊ എന്റെകൂടെ ഡ്യൂട്ടി പറ്റില്ലല്ലേ.കാണിച്ചുതരാം ഞാൻ.ഇവിടെ സീനിയർ
ഡ്യൂട്ടി ചെയ്യുന്ന എത്രപേരുണ്ട്.എന്നിട്ടും എന്റൂടെയുള്ള ഷിഫ്റ്റ്‌
മാറിയല്ലേ.കാട്ടിത്തരാം ഞാൻ.

ഡീ,ഒന്ന് അടങ്ങടി.ഞാൻ പറയട്ടെ.

ഒന്നും പറയണ്ട.ഡ്യൂട്ടി മാറ്റണം ഇപ്പൊ. എന്നിട്ട് മതി ബാക്കി.

ദാ ഈ വെള്ളം കുടിക്ക്.ഞാൻ പറയട്ടെ.

കേൾക്കണ്ടാന്ന് പറഞ്ഞില്ലേ.
പഴയപോലെ ആണേൽ ഞാൻ ഡ്യൂട്ടി ചെയ്യും.ഇല്ലേൽ ഞാൻ കേറില്ല.
എന്താന്നുവച്ചാൽ തീരുമാനിച്ചോ.
ഞാൻ പോണു.അവൾ ചാടിത്തുള്ളി ഇറങ്ങിപ്പോയി.

റിനോഷ്, ഇവളെന്താ ഇങ്ങനെ.ഞാൻ പറഞ്ഞതല്ലേ ഇവൾ ഉടക്കിടുന്ന്.

പിന്നെ വേറെ സ്റ്റാഫ്‌ എവിടിരിക്കുന്നു.
ചേച്ചിക്ക് അറിയാവുന്ന കാര്യം അല്ലെ
ആരോടാന്നാ പോയി സംസാരിക്ക്.
എന്റെ തലക്ക് വച്ചപ്പൊ സമാധാനം ആയല്ലോ ചേച്ചിക്ക്.ഇനി അവൾ എന്നെ ഒരു വഴിക്കാക്കും

അവൾക്കെന്താ നിന്റെ കാര്യത്തിൽ ഇത്രയും താല്പര്യം.നീ തലേൽ കേറ്റി
വച്ചതിന്റെയാ.ക്യാമ്പസ് മൊത്തം ഒരു കരക്കമ്പിയുണ്ട്,പ്രണയം മൊട്ടിട്ടു എന്ന്.

ചേച്ചിയോട് ആരുപറഞ്ഞു ഈ വേണ്ടാത്ത കാര്യമൊക്കെ.

ഡാ,ഫാമിലി കോർട്ടറിലെ പിള്ളേര് പറഞ്ഞു കേട്ടതാ.

ഓഹ് ചേച്ചിയും അവിടാണല്ലോ.
ചേച്ചീടെ മക്കളും ആ കൂടെയുണ്ടോ.

ആ എനിക്കെങ്ങും അറിയില്ല.
ഒന്നുറപ്പാ അവൾക്ക് നിന്റെ കാര്യത്തിൽ ഒരു സ്വാർത്ഥതയുണ്ട്.

വരുന്നിടത്തു വച്ചു കാണാം ചേച്ചി.ആദ്യം ഓഫീസിൽ ചെന്ന് ഡ്യൂട്ടിടെ കാര്യം ഒന്ന്
സെറ്റിൽ ചെയ്യ്. എന്നിട്ടാവാം ബാക്കി.

ആ ദിവസത്തിന് ശേഷം ഡ്യൂട്ടി പഴയതുപോലെ ആയി,എങ്കിലും പതിയെ പറഞ്ഞിരുന്ന അവരുടെ
റിലേഷൻ ക്യാമ്പസിൽ ഒന്നുടെ ഉറപ്പിച്ചു പറയാൻ തുടങ്ങി.എപ്പോഴോ ഒരു തമാശയെന്ന മട്ടിൽ
അവർ സമ്മതിച്ചുകൊടുക്കുമ്പോഴും അവരുടെയുള്ളിൽ ഒരു തീപ്പൊരി വീണിരുന്നു.ഒടുവിൽ ആ
പ്രണയദിനത്തിൽ നൈനിറ്റാൾ തടാകത്തിന്റെ കരയിൽ അവരുടെ പ്രണയം തുറന്നുസമ്മതിക്കുമ്പോൾ
ആ മലനിരകളിൽ നിന്നും വീശുന്ന തണുത്ത കാറ്റ് അവരെ തലോടിക്കൊണ്ട് കടന്നുപോയി.

ആരെയും അസൂയപെടുത്തുന്ന ജോഡി,അതായിരുന്നു അവർ.
അവൻ ഒന്ന് താഴാൻ അവൾ സമ്മതിച്ചില്ല,അവസരം കൊടുത്തില്ല അവൾ.പ്രണയത്തിന്റെ തൂവലിൽ
ചിറകുകൾ വിടർത്തി പാറി നടന്നവർ.
അവൾക്ക് അവനോ അവന് അവളോ ഇല്ലാതെ കാണാൻപോലും കഴിയാതെ ചിറകടിച്ചു നടന്നവർ.യാത്രകൾ
ഇഷ്ട്ടപ്പെടുന്ന അവന് അവൾ സാഹയാത്രികയായി.
മനോഹരമായ പുൽത്തകിടികളിൽ ഒരുക്കപ്പെട്ട ചെറുകൂടാരത്തിൽ അവൾ അവന്റെ നെഞ്ചിലെ ചൂട്
പറ്റി
പ്രണയത്തിന്റെ തീവ്രതയിൽ ഇളം തെന്നലായി അവർ ഒഴുകി.പക്ഷെ കാലം കാത്തുവച്ചത്
മറ്റൊന്നായിരുന്നു.ഒരു വെക്കേഷൻ കഴിഞ്ഞ് അവനെത്തുമ്പോൾ അവളുടെ വിളികൾ കുറഞ്ഞു
എങ്കിലും നേരിൽ കണ്ട് പരിഭവം പറഞ്ഞുതീർക്കാം എന്നായിരുന്നു അവന്റെ
മനസ്സിൽ.കാത്തിരുന്നത് ഒരു കത്തും.ജെസ്സി അവനത് കൊടുക്കുമ്പോൾ ആ ഹൃദയതാളം
കച്ചേരിക്ക് കൊട്ടുന്ന ദ്രുതതാളം കൈവരിച്ചു.ആ എഴുത്തിലൂടെ സഞ്ചരിക്കുമ്പോൾ അവന്റെ
കണ്ണുകൾ അറിയാതെ നിറഞ്ഞു.

“ഭയ്യ ഒരു ഒളിച്ചോട്ടം ആണിത്, എന്നിൽനിന്നുതന്നെ.അറിയാല്ലോ എന്റെ വീട്ടിലെ
സാഹചര്യങ്ങൾ.അമ്മ വിളിച്ചിരുന്നു.പരിഭവം പറഞ്ഞുതുടങ്ങിയിട്ട് നാളുകളായി.ഒരുവിധം
പിടിച്ചുനിന്നു.ഒരിക്കലും ഭയ്യയെ ഒന്നും അറിയിച്ചു ബുദ്ധിമുട്ടിക്കാൻ
തോന്നിയില്ല.എല്ലാം ശരിയാവും എന്നു കരുതി.ഒടുവിൽ ജീവിതം അവസാനിപ്പിക്കും എന്നു അമ്മ
പറയുമ്പോൾ ഞാൻ എന്താ ചെയ്യാ.എല്ലാം ഉപേക്ഷിച്ചു പോരേണ്ടിവന്നു.ഇവിടെ എന്റെ വിവാഹം
ഉറപ്പിച്ചിരിക്കുന്നു.ആള് കാനഡയിൽ സെറ്റിൽഡ് ആണ്.അപ്പയുടെ ഫ്രണ്ടിന്റെ മകൻ.സ്വന്തം
ഉയർച്ചക്കായി മകളുടെ സ്വപ്‌നങ്ങൾ കണ്ടില്ലന്നു നടിക്കുന്നു.അറിയാം ഭയ്യ
ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഈ റീനയില്ല.പക്ഷെ ഈ അവസ്ഥയിൽ ഞാൻ ആരെ തള്ളും,ആരെ
കൊള്ളും.ജീവനുതുല്യം സ്നേഹിക്കുന്ന ഭയ്യയെയോ,അതോ എന്നെ പെറ്റു വളർത്തി എന്നെ
സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച അമ്മയെയോ.ഇവിടെ ഒരാളെ തഴഞ്ഞെ പറ്റു.ഹൃദയം മുറിയുന്ന
വേദനയോടെ ഞാൻ അത്‌ ചെയ്യേണ്ടിവന്നു.ഒരിക്കൽ കൈവിട്ട ജീവിതം വീണ്ടും മുന്നോട്ടു
നയിച്ച എന്റെ ഭയ്യയെ,എന്റെ അമ്മക്കുവേണ്ടി.ഒരു സോറി പറയുന്നതിൽ ഒരർത്ഥവും
ഇല്ലെന്നറിയാം എങ്കിലും അതുമാത്രമേ ഇപ്പോൾ പറയാൻ കഴിയു.ഇനി ഒരു കാൾ ഉണ്ടാകുമോ
എന്നറിയില്ല,എന്നാലും എന്നെയോർത്തു വിഷമിക്കുന്ന മനസ്സ്, അതെവിടെയായാലും
എനിക്കറിയാം.ഒന്ന് മാത്രമേ കഴിയു,ഭയ്യയുടെ നല്ലൊരു ഭാവിക്കായി പ്രാർത്ഥിക്കാം”

പഴയ ഓർമ്മകളിൽ നിന്ന് എപ്പോഴോ അവൻ പുറത്തുവന്നു.അന്നനുഭവിച്ച വ്യഥകൾ,അത്‌ തരണം
ചെയ്ത വഴികൾ അവൻ ഓർക്കുകയായിരുന്നു.ഇവിടെയെല്ലാം അവസാനിച്ചു എന്നു കരുതുമ്പോൾ
അല്ല,എന്റെ ലൈഫ് ഇവിടെ തുടങ്ങുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഒരു പോരാളി ജനിക്കുക.
അത്‌ മനസ്സിലാക്കുന്ന നിമിഷം ആയിരിക്കും ഒരാളുടെ ലൈഫിലെ ഗ്രേറ്റെസ്റ്റ് മൊമെന്റ്.
എപ്പോഴോ ഉറക്കം അവനെ മാടിവിളിച്ചു.അവനായി ഒരുക്കിയ മുറിയിൽ അവൻ നിദ്രയിൽ മുഴുകി.
************
രാവിലെ ഉറക്കം എണീറ്റപ്പോൾ അല്പം വൈകി.സമയം ഒൻപതു
കഴിഞ്ഞു.ഒന്ന് ഫ്രഷ് ആയി താഴെയെത്തുമ്പോൾ റീന അവനെയും കാത്തവിടെയുണ്ട്.
അവൾ വിളമ്പിയ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു റെഡിയായി വരുമ്പോൾ ഒരു കൂട്ടം തന്നെയുണ്ട്
മുന്നിൽ.

ബാപ്പു ഇതെന്തു ഭാവിച്ചാ.
നാളെകഴിഞ്ഞു ഇവളുടെ കല്യാണവാ.എല്ലാം അറിയുന്ന ബാപ്പു തന്നെ ഇപ്പോൾ ഇങ്ങനെ.

അവർ പോയി വരട്ടെ.അവരുടെ സങ്കടങ്ങൾ അവരായി പറഞ്ഞു തീർക്കട്ടെ.ഒന്നുല്ലേലും അവരോട്
അത്രേലും അനുകമ്പ കാട്ടിക്കൂടെ.

ഇവളെയും കൊണ്ട് ഇവൻ ഇവിടുന്ന് കടന്നുകളയില്ല എന്നെന്താ ഉറപ്പ്.

മോനെ,നീ എന്റെ മൂത്ത മകനൊക്കെയാ.കാര്യം ശരി.പക്ഷെ നിന്നിലും മാന്യനാ അവൻ.അതാ
അതിന്റെ ഉറപ്പ്.നിങ്ങൾ പോയി വാ.ആരും തടയില്ല.

അവൻ തിരിഞ്ഞ് ബാപ്പുവിന്റെ കരം പിടിച്ചു.ഇപ്പോ ഈ കാട്ടുന്ന വിശ്വാസം അത്‌ ഞാൻ
തിരിച്ചുതരും.ചതിക്കില്ല.
സമയത്തുതന്നെ തിരിച്ചെത്തിക്കാം.
ഉറപ്പ്.

അവളെയും കൊണ്ട് അവന്റെ ബുള്ളറ്റ് കുതിച്ചുപാഞ്ഞു.അവരുടെ കാഴ്ച്ച മറഞ്ഞതും പഴയ
ഓർമ്മയിൽ എന്നവണ്ണം അവൾ അവന്റെ വയറിൽ ചുറ്റിപ്പിടിച്ചു തോളിൽ മുഖം
ചേർത്തിരുന്നു.അവൾ പറഞ്ഞ വഴികളിലൂടെ കുറച്ചുദൂരം സഞ്ചരിച്ചു.ഇടക്ക് ഒരു ചെറിയ ടൌൺ
എത്തിയപ്പോൾ കണ്ട റെസ്റ്റോറന്റിലേക്ക് അവൾ അവനെയും കൂട്ടി കയറി.

ഭായിജാൻ,അവളുടെ വിളിയിൽ ടേബിൾ ബോയ് ഓടിയെത്തി.
കൊടുക്കുന്ന ഓർഡർ കേട്ട് അവന്റെ കണ്ണുതള്ളി.റുമാലി റൊട്ടി, മട്ടർ പുലാവ്, റൈസ്
തുടങ്ങി ബട്ടർ ചിക്കൻ, ചിക്കൻ കബാബിലൂടെ പനീർ മട്ടർ മസാലയും കടായ് പനീറും കടന്ന്
ഭക്ഷണത്തിന്റെ ഒരു നീണ്ട നിര.

ഇത് ആര് കഴിക്കാനാ പെണ്ണെ.

ഭയ്യ അല്ലാതെ ആരാ.ഒരു നുള്ള് ബാക്കി വരാതെ കഴിച്ചോണം.

എന്താ ശിക്ഷയാണോ. അത്‌ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ ചെറുതായൊന്നു നനഞ്ഞു.

ശിക്ഷ അതിനർഹ ഞാനല്ലേ ഭയ്യ.

ഹേയ് ബി കൂൾ.ആൾക്കാര് കാണും.

ഹേയ് ഒന്നുല്ല ഭയ്യ.വാ പാഴ്‌സൽ
റെഡിയായി.

ബില്ലും കൊടുത്ത് അവൾ അവനൊപ്പം കയറി.”ഇനി എങ്ങോട്ടാ ഒത്തിരി ഉണ്ടോ”

ഒരു അര മണിക്കൂർ.ഭയ്യ വണ്ടി എടുക്ക്

യാത്ര ചെന്നു നിന്നത് ഒരു ഫാം ഹൗസിൽ.ചുറ്റും കണ്ണെത്താ ദൂരത്തു ആപ്പിൾ മരങ്ങൾ
വിളഞ്ഞുകിടക്കുന്നു.നടുവിൽ മനോഹരമായ ഒരു കൊച്ചു വീടും.

ലവ്-ലി ഇതൊക്കെ തന്റെയാ.

അതെന്ന് പറയാം. കുടുംബവകയാ.

ആ കാഴ്ച്ചകൾ കണ്ട് ആ ആപ്പിൾ മരങ്ങൾക്കിടയിലൂടെ കുറച്ചു നടന്നു.വൈഡ് ലെൻസിൽ ലോങ്ങ്‌
ഷോട്ട് എടുത്തു തിരിച്ചുനടക്കുമ്പോൾ അവൾ ആ പഴയ കുറുമ്പിയായി മാറിയിരുന്നു.

ഭയ്യ,ഒരു മൂഡിന് ഒരെണ്ണം ഒഴിക്കട്ടെ.ബാപ്പുന്റെ സ്പെഷ്യൽ ആപ്പിളിട്ട് വാറ്റിയ ഐറ്റം
ഇരുപ്പുണ്ട്.

തലേന്നത്തെ ഒരെണ്ണം ഓർത്തുപോയി അവൻ എന്നാലും അവളുടെ ചോദ്യം തട്ടിക്കളഞ്ഞില്ല. അവൾ
പകർന്ന മധുവിൻചഷകം ചുണ്ടോടു ചേർത്തു പതിയെ നുണഞ്ഞുകൊണ്ട് അവന്റെ കണ്ണുകൾ ജനലയുടെ
പുറത്തേക്ക് സഞ്ചരിച്ചു.

ഭയ്യ…..

നിനക്കെന്തൊക്കെയോ സംസാരിക്കാൻ ഉണ്ട്.എന്ത് പറ്റിയെഡാ.

എന്തോ,ഒരു വല്ലായ്മ പോലെ.ഭയ്യയോട് ഞാൻ ചെയ്തത്..

ഓഹ് കുറ്റബോധം അല്ലെ.അതിന്റെ ആവശ്യം ഒന്നുമില്ല.

ഒരുതരത്തിൽ അതുതന്നെ.ഞാൻ കാരണം ഭയ്യയുടെ ലൈഫ് കൂടി ഇങ്ങനെയായി.

കഴിഞ്ഞത് ഓർത്തിട്ട് എന്തിനാടാ.
നഷ്ടപ്പെട്ട നിമിഷങ്ങൾ ഇനി തിരിച്ചു കിട്ടില്ലല്ലോ.ഒരൊറ്റ സങ്കടം മത്രേ ഉള്ളു, നീ
പോരുമ്പോൾ നിനക്കെന്നോട് നേരിട്ട് പറയാരുന്നു.
ഒരു ഒളിച്ചോട്ടം ആയിരുന്നില്ലേ എന്നിൽനിന്ന്.

അന്നെനിക്ക് ഭയ്യയെ നേരിടാനുള്ള ധൈര്യം ഇല്ലാതെപോയി.
എനിക്കറിയാം ഭയ്യ എന്ത് മാത്രം മനസ്സ് നീറിക്കാണുമെന്ന്.ഞാൻ തന്ന വേദനക്ക് പകരം
തരാൻ എന്റെ കയ്യിൽ ഒന്നുമില്ല.ഈ ശരീരം അല്ലാതെ.

നീയെന്നെ അങ്ങനെയാ മനസ്സിലാക്കിയത് അല്ലെ.അങ്ങനെ ആയിരുന്നേൽ എനിക്ക് എന്നെ
കഴിയുമായിരുന്നു.സ്ത്രീകളെ വെറും ഉപഭോഗവസ്തുവായി കണ്ടിട്ടില്ല ഞാൻ,എനിക്ക് കഴിയില്ല
അതിന്.

അത്‌ എന്നെപ്പോലെ വേറാരും മനസ്സിലാക്കിയിട്ടില്ല.പക്ഷെ ആ മനസ്സിലെ കനൽ കെടാൻ
എങ്കിലും എന്നെ സ്വീകരിച്ചുടെ.

ഡീ,ഒരെണ്ണം ഒഴിച്ചേ….

ദാ ഒന്നുടെ തരാം.ഇനിയില്ല,ഇവൻ ഇത്തിരി മുറ്റാ.തിരിച്ചു പോവേണ്ടതാ.
ഇന്നലെ കഴിച്ചപ്പോ മനസിലായല്ലോ.

അവനൊന്നു ചിരിക്കുക മാത്രം ചെയ്തു.വീണ്ടും അവന്റെ കണ്ണുകൾ പുറത്തെ ദൃശ്യങ്ങളിലേക്ക്
പതിഞ്ഞു. കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ അവൻ പറഞ്ഞുതുടങ്ങി”റീന നിന്റെ കഴുത്തിൽ
ഒരു മിന്നു കെട്ടി അങ്ങകലെ പുഴയുടെ തീരത്ത് നിനക്കായ്‌ തീർത്ത വള്ളിക്കുടിലിൽ
തിങ്കൾ നൽകുന്ന കുളിരുപറ്റി നിന്നെ എന്റെ സ്വന്തമാക്കുന്നത് സ്വപ്നം കണ്ടവനാ
ഞാൻ.പക്ഷെ ഇന്നതില്ല.നാളെ നിന്റെ നെറുകയിൽ സിന്ധുരം അണിയിക്കുന്നവനും ഉണ്ടാവും ഒരു
മിനിമം ആഗ്രഹം.
പിന്നെ നിന്റെ ഈ തോന്നലൊക്കെ സ്വാഭാവികം.എന്നെ തേച്ചു എന്നൊരു തോന്നൽ.പക്ഷെ
എനിക്കതില്ല,
കാരണം ഇതിനേക്കാൾ നല്ലത് എനിക്കായി കാലം കരുതിവച്ചിരിക്കാം.ഞാൻ അതിൽ
വിശ്വസിക്കുന്നു.പിന്നെ നിന്റെ ഈ തോന്നലൊക്കെ മാറും.കുടുംബമായി കുട്ടികളൊക്കെ
ആകുമ്പോൾ,
അപ്പൊ അവർക്ക് പറഞ്ഞുകൊടുക്കാൻ എന്നെക്കുറിച്ചുള്ള നല്ല ഓർമ്മകൾ നിന്നിലുണ്ട്
അതുമതി എനിക്ക്. നാളെ ഒരിക്കൽ എന്റെ കുഞ്ഞിനെ നെഞ്ചിൽ കിടത്തി ഒരു കുറുമ്പിയുടെ കഥ
പറയാൻ എനിക്കും.സൊ സന്തോഷത്തോടെ പിരിയാം.”

മ്മം,എനിക്ക് മനസ്സിലാവുന്നുണ്ട്.ഭയ്യ എന്റെ മനസ്സിൽനിന്ന് ഒരിക്കലും
മാഞ്ഞുപോവില്ല.അത്രക്കുണ്ട് ഓർമ്മകൾ.പക്ഷെ ഞാൻ ശ്രമിക്കും ഒരു നല്ല
ഭാര്യയാവാൻ.ഭയ്യക്ക് കിട്ടും എന്നിലും നല്ലൊരു കുട്ടിയെ.ഇപ്പൊ അങ്ങനല്ലേ പറയാൻ
പറ്റു.

റീന നേരം വൈകുന്നു.നിന്നെ പറഞ്ഞ സമയത്ത് അവിടെ എത്തിക്കാനുള്ളതാ.

മ്മ്,ഭക്ഷണം കഴിഞ്ഞു ഇറങ്ങാം ഭയ്യ.

അവിടുന്നിറങ്ങുമ്പോൾ മൗനം ആയിരുന്നു അവരുടെ ഭാഷ. ഒരുപിടി നല്ല ഓർമ്മകളും പേറി
അവരൊന്നിച്ചുള്ള അവസാനയാത്ര ആ വീട്ടുമുറ്റത്ത് അവസാനിച്ചു.
************
തിരിച്ചെത്തുമ്പോൾ വഴിക്കണ്ണുമായി പുറത്തുനിന്നിരുന്നു ബാപ്പു.അവളെ
തിരിച്ചേല്പിച്ചു പുറപ്പെടാൻ തുടങ്ങുമ്പോൾ അദ്ദേഹം അവന്റെ കരം കവർന്നിരുന്നു.

നിനക്കിന്നുതന്നെ പോണോ മോനെ?

പോണം ബാപ്പു,അല്ലാതെ എന്താ.ഒന്ന് നാട്ടിലൊക്കെ പോണം.അതാ ഇപ്പൊ മനസ്സില്.കൂടാതെ
എന്റെ ജീവിതത്തിൽ ഓർത്തിരിക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ ഇവിടുന്ന് കിട്ടി.അതിന് ആ
നല്ല മനസ്സിന് ഞാനെന്താ പകരം തരുക.

മനസ്സിലാവും മോനെ,എന്തുപറയണം എന്നെനിക്ക് അറിയില്ല.ഇടക്കൊക്കെ ഈ ബാപ്പുനെ കാണാൻ
വരണം.ഞാൻ പ്രതീക്ഷിക്കും.
അതുമതി എനിക്ക്.
നീയും എന്റെ മോൻതന്നെയാ.
ടാക്കൂർ ഒരാലിംഗനത്തിനു ശേഷം പറഞ്ഞു.ഒപ്പം ശിരസ്സിൽ ഒരു തലോടലും.

തീർച്ചയായും വരും.എന്നെ കാത്തിരിക്കുന്നവരുടെ കൂടെ ഇനി ഒരാൾകൂടി……

മഞ്ഞുപെയ്യുന്ന വഴിയിലൂടെ അവൻ തിരിച്ചിറങ്ങുന്നു.
സ്വന്തമാവാൻ കൊതിച്ചവളുടെ നെറുകയിൽ മറ്റൊരാൾ സിന്ദുരം അണിയിക്കുന്നത് കാണാനുള്ള
വ്യസനം,അവൾ സ്വയംസമർപ്പിക്കാൻ ഒരുക്കമായിരുന്നു എങ്കിൽകൂടി അവന്റെ ചിന്തകൾക്കും
അപ്പുറമായിരുന്നു.അവളുടെ നന്മ അതുമാത്രം പ്രാർത്ഥനയാക്കി അവന്റെ ബുള്ളറ്റ്
മരംകോച്ചുന്ന തണുപ്പിനെയും കീറിമുറിച്ചു
മുന്നോട്ടുനീങ്ങി……….

അല്ലേലും ചില കാര്യങ്ങൾ അങ്ങനാ. നമ്മൾ ഒന്നാഗ്രഹിക്കും.കിട്ടുന്നത്
മറ്റൊന്നും.കിട്ടുന്ന സൗഭാഗ്യങ്ങളിൽ സന്തോഷിച്ചു ചുറ്റുമുള്ളത് ആസ്വദിച്ചാൽ
ഉണ്ടല്ലോ,
അവനെക്കാൾ ഭാഗ്യവാൻ വേറാരും ഉണ്ടാവില്ല.

???ശുഭം???
ആൽബി
(വെറും ഒരു വായനക്കാരനായി ഒതുങ്ങിയ എനിക്ക് എഴുതാനുള്ള പ്രചോദനവും പ്രേരണയും നൽകി
ഇപ്പോഴും സ്നേഹപൂർവ്വം പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്മിത ചേച്ചിക്ക് എന്നാൽ
കഴിയുന്ന സ്നേഹ സമ്മാനം ഇവിടെ സമർപ്പിക്കുന്നു)
????????????



37870cookie-checkഅവനെക്കാൾ ഭാഗ്യവാൻ വേറാരും ഉണ്ടാവില്ല.