അറിയാതെ പോയ മുഹബത്ത്

അറിയാതെ പോയ മുഹബത്ത്
Ariyathe poya muhabath Author : Safa Sherin
പലവട്ടം അവളോട് സംസാരിക്കണമെന്ന് കരുതി, അടുത്ത് ചെന്നപ്പോഴെല്ലാം അവൾ എന്നെ അറിയാത്ത പോലെ എന്നെ മറികടന്ന് പോയി.
എന്നും കാണുന്നത് കൊണ്ട് ബസിലാണ് സ്ഥിരം പോയി വരുന്നതെന്ന് മനസിലായി, ഇടയ്ക്കിടെ ട്രെയിൻ പോവുന്നതും കാണാറുണ്ട്.
ഇന്നെങ്കിലും അവളോട് സംസാരിക്കണമെന്ന് കരുതിയാണ് ട്രെയിൽ കയറിയത്. അവൾക്ക് അഭിമുഖമായി സീറ്റും കിട്ടി. എന്നിട്ടും അവൾ മൈന്റ് പോലും ചെയ്തില്ല.
ഇടയ്ക്ക്‌ അടുത്ത് ഇരിക്കുന്നവരോട് സംസാരിക്കുന്നുണ്ട്, അതും അവർ ചോദിക്കുന്നതിന് മറുപടി എന്ന് പോലെ..

സംസാരിക്കേണ്ടത് എന്റെ ആവശ്യമായത് കൊണ്ട് ഞാന്‍ തന്നെ അതിന് തുടക്കം കുറിച്ചു.

“ഹായ്.. ”
അവൾ ഒന്നു നോക്കി.

“ഹാവു.. ഇപ്പോഴെങ്കിലും ഒന്ന് നോക്കിയല്ലോ.. ”
മറുപടി തരണോ വേണ്ടയോ എന്ന് ആലോചിച്ച് വീണ്ടും പുറം കാഴ്ചകളിലേക്ക് തന്നെ തിരിഞ്ഞു. മറുപടി കിട്ടിയതുമില്ല..

“തനിക്ക് ഒന്നു മിണ്ടിക്കൂടെ.. എത്ര ദിവസമായി നിന്റെ പിറകെ നടക്കുന്നു. ”
അവൾ ആദ്യമായി കാണുന്നത് പോലെ നോക്കി നിൽക്കുന്നു.

“ഞാന്‍ പറഞ്ഞോ നിങ്ങളോട് എന്റെ പിറകെ നടക്കാൻ..? “

അവളുടെ ആ ചോദ്യം കേട്ടപ്പോൾ ശരിക്കും എനിക്ക് ദേഷ്യം വന്നു. എന്നാലും ഞാന്‍ കുറച്ചു മയത്തിൽ ചോദിച്ചു
“നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ.? “

“നിങ്ങളാരാ…? “

എന്നു ചോദിച്ചപ്പോഴേക്കും ട്രെയിൻ അവൾക്ക് ഇറങ്ങേണ്ട സ്റ്റേഷനിലെത്തി. അവൾ എഴുന്നേറ്റ് ഇറങ്ങാന്‍ നേരം അവളുടെ പിറകില്‍ തന്നെ ഞാനും ഇറങ്ങാന്‍ നിന്നു. ഒരു രഹസ്യം എന്ന പോലെ അവളുടെ കാതുകളിൽ ഒന്നു മാത്രം ഞാന്‍ മൊഴിഞ്ഞു. “അഭിനയം നന്നായിരിക്കുന്നു.. “എന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും നടന്നകന്നു.
ഒന്നും മനസ്സിലാവാതെ ഞാന്‍ പോവുന്നതും നോക്കിയവൾ നിന്നു…

അവളോട് അങ്ങനെ പറഞ്ഞതിൽ ചെറിയ വിഷമം തോന്നിയെങ്കിലും അവൾ കാണിക്കുന്ന ജാഡ കുറച്ചു കുറയുമലോ എന്ന് കരുതി അങ്ങനെ പറയുകയും ചെയ്തു.

ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞവളാണ് ഇന്ന് എന്റെ മുഖത്ത് നോക്കി ആരാ എന്ന് ചോദിച്ചത്..
ഒരു പെണ്ണിന് ഇങ്ങനെയൊക്കെ മാറാൻ കഴിയോ..?
എന്തൊക്കെയോ ആലോചിച്ചു വീട് എത്തിയത് അറിഞ്ഞില്ല. രാത്രി ഭക്ഷണം കഴിച്ചു കിടന്നിട്ടും അവളുടെ ആ ചോദ്യം മാത്രം ആയിരുന്നു മനസ്സില്‍ “നിങ്ങളാരാ…? “എന്ന്..
ഉറക്കം പോലും എന്നോട് അകലം കാണിക്കുന്ന പോലെ തോന്നി. അവളുടെ ആ വട്ട മുഖമായിരുന്നു മനസ്സ് മുഴുവന്‍. എപ്പോഴും ഒരു ചെറു പുഞ്ചിരി കാത്തു സൂക്ഷിക്കുന്ന മുഖം. ?
മദ്രസയിലെ പൊതുപരീക്ഷയ്ക്കാണ് ഞാന്‍ ആദ്യമായി കാണുന്നത് എന്നൊന്നും പറയാന്‍ പറ്റില്ല എന്നാലും അന്നാണ് അവളെ ശ്രദ്ധിക്കുന്നത്. അന്ന് ശ്രദ്ധിക്കാനും കാരണമുണ്ട്….
പത്താം ക്ലാസ് ജയിക്കാൻ വേണ്ടി കഷ്ടപ്പെട്ട് നമ്മൾ പരീക്ഷയ്ക്ക് കോപ്പി അടച്ചിട്ട് അത് ഉസ്താദിനോട് ചെന്ന് പറഞ്ഞ് കൊടുത്ത ആർക്കെങ്കിലും സഹിക്കോ.. അതും ഒരു അഞ്ചാം ക്ലാസുക്കാരിയും..
പടച്ചോന്റെ കാരുണ്യം കൊണ്ട് ഉസ്താദ് ഞമ്മക്ക് സപ്പോർട്ടായി..
“ആ ചെക്കന്‍ എങ്ങനെയെങ്കിലും ജയിച്ച് പോയ്ക്കോട്ടെ ” എന്ന് മൂപ്പര് പറഞ്ഞപ്പോൾ മനസ്സില്‍ അവളുടെ മുന്നില്‍ ജയിച്ച പോലെ തോന്നി.
അവളുടെ മുഖത്ത് ഒരു ലോഡ് പുച്ഛവും ?.
നമ്മള് അതൊന്നും കാര്യമാക്കിയില്ല.
പിന്നീടാണ് ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത്. അത്യാവശ്യം നല്ലോണം പഠിക്കുന്നവൾ ആണ് അവൾ എന്ന് മനസ്സിലായി. അപ്പോ തോന്നി അവളെ പറഞ്ഞിട്ടും കാര്യമില്ല. പഠിക്കുന്നവർ പഠിച്ച് മാർക്ക് വാങ്ങുമ്പോ നമ്മള് പഠിക്കാതെ മാർക്ക് വാങ്ങുമ്പോ ആരാണേലും ഇതേ ചെയ്യൂ എന്ന്..

പീന്നീട് പലവട്ടം അവളെ ഞാന്‍ കണ്ടു. അപ്പോഴേക്കും അവൾ മദ്രസയൽ ആറാം ക്ലാസില്‍ എത്തിയിരുന്നു. സ്ക്കൂള്‍ അവധി ദിവസങ്ങള്‍ മാത്രം എന്റെ വീടിന്റെ മുന്നിലൂടെ മദ്രസ വിട്ട് പോവുന്നത് കാണാം. ഒപ്പം ഒന്ന് എന്റെ പുന്നാര പെങ്ങളും പിന്നെ എന്റെ സ്വന്തം അയൽവാസിയും..

ഞാന്‍ പത്താം ക്ലാസ് സ്ക്കൂള്‍ പഠിക്കുമ്പോഴാണ് അവൾ ഞാന്‍ പഠിക്കുന്ന സ്ക്കൂളിൽ വരുന്നത്. അത് അവളുടെ യൂണിഫോമിൽ നിന്ന് മനസ്സിലായി ഞങ്ങള്‍ രണ്ടുപേരും ഒരേ സ്ക്കൂളിലാണെന്ന്.
ആറാം ക്ലാസ് മുതല്‍ പത്ത് വരെയുള്ളത് കൊണ്ട് അവളെ മാത്രം കണ്ടുപിടിക്കായെന്നത് കുറച്ചു ബുദ്ധിമുട്ടായിരുന്നു. വേറെ ഒന്നുകൊണ്ടല്ല പത്ത് നാലായിരം കുട്ടികൾ പഠിക്കുന്ന സ്ക്കൂളിലാവുമ്പോ ഓളെ ഞാന്‍ എവിടുന്നു കണ്ടുപിടിക്കാനാ.. ?ആറാം ക്ലാസ് തന്നെയുണ്ട് A-N വരെ(ചില ക്ലാസ് കൂടുതലും ഉണ്ട്). അതുകൊണ്ട്‌ സ്ക്കൂളിൽ നിന്ന് ഓളെ കണ്ടുപിടിക്കുന്ന തീരുമാനം ഒന്നു മാറ്റി. സ്ക്കൂൾ വിട്ട് നാട്ടില്‍ നിന്ന് ഓളെ കാണാം എന്ന് തീരുമാനിച്ചു?. എപ്പോഴെങ്കിലും ഒരു മിന്നായം പോലെ കാണാം സ്ക്കൂളിൽ നിന്ന് അപ്പോഴേക്കും കറക്റ്റ് സമയം നോക്കി പ്യൂൺ ബെല്ലടിക്കും?.

പിന്നെ നമ്മുടെ കാര്യം പറയണോ.. ?

അവൾ സ്ക്കൂൾ ബസ് വന്ന് ഇറങ്ങുമ്പോഴേക്കും ലൈൻ ബസിൽ ഞാനും അങ്ങാടിയിൽ എത്തും.
അവളുടെ ഒപ്പം ഞാനും പോകും. ആദ്യമൊക്കെ പുറകിലുള്ള എനിക്ക് വഴിമാറി തരും. ചിലപ്പൊ വഴിമാറി തന്നാലും ഞാന്‍ അത് മൈന്റ് ചെയ്യില്ല.

അങ്ങനെ അവളുടെ ഒപ്പം നടന്ന് വരുമ്പോഴാണ് എന്റെ വീടിന്റെ അടുത്തുള്ള സീനത്ത ഞങ്ങൾക്ക് എതിരെയായി നടന്ന് വരുന്നത് കണ്ടത്.

“എന്താ സിനു , ആദി നിന്നോട് പറയുന്നേ..? “എന്ന് സീനത്ത ചോദിച്ചപ്പോഴാ സത്യം പറഞ്ഞ അവളുടെ പേര് ഞാന്‍ അറിയുന്നത്.. ഒരു കൊല്ലം അവളുടെ പുറകെ നടന്നിട്ട് ഞാന്‍ പേര് ചോദിച്ചിട്ട് ഓള് പറഞ്ഞ് തന്നിട്ടില്ല..

“ഇന്നോട് ഒന്നും പറഞ്ഞിട്ടില്ല സീനത്ത “എന്ന് പറഞ്ഞ് ഓള് പോയി.
വേഗം നടന്ന് ഓള്ടൊപ്പം ഞാനും എത്തി.
“അപ്പോ അന്റെ പേര് സിനു എന്നാണ്ല്ലെ…?
“മ്മ്”.
അവൾ വേറെ വഴിയിലൂടെ പോവാൻ നിന്നപ്പോ ഞാന്‍ ചോദിച്ചു
“നിനക്കെന്താ ഈ വഴിയിലൂടെ പോയാ”.
എന്റെ വീട് വരെയെങ്കിലും അവളോട് സംസാരിക്കാം എന്ന് കരുതിയാ ചോദിച്ചത്.
“അതിലൂടെ പോവുന്നതിലേറെ ഇതിലൂടെ പോയാ ഒരു അഞ്ചു മിനിറ്റ് നേരത്തെ ഇനിക്ക് ഇന്റെ വീട്ടിലെത്താം”.
പിന്നെ തൊട്ട് അവളുടെ വീടിന്റെ അടുത്തുള്ള മരച്ചുവട്ടിൽ പോയി അവളെ കാത്ത് നിൽക്കും. അങ്ങനെ ഒരു ദിവസം ഞാന്‍ അവളോട് പറഞ്ഞു “എനിക്ക് നിന്നെ ഇഷ്ടമാണ്”എന്ന്
ഒന്ന് ആലോചിച്ച് നോക്കാതെ തന്നെ ഓള് എന്റെ മുഖത്ത് നോക്കി പറഞ്ഞു ?
“ഓള്ക്ക് എന്നെ ഇഷ്ടമില്ല “എന്ന്
പിന്നെയും ഇടയ്ക്കിടെ ഞാന്‍ പോയി ഇഷ്ടമാണ് എന്ന് പറയും. അവളുടെ മറുപടിക്കും ഒരു മാറ്റവും ഇല്ലായിരുന്നു. അപ്പോഴേക്കും ഞാന്‍ ആ സ്ക്കൂളിൽ നിന്നും പത്ത് കഴിഞ്ഞ് പോന്നു. അവൾ ഏഴാം ക്ലാസിലും..

ഇടയ്ക്കിടെ അവൾ ക്ലാസ് കഴിഞ്ഞ് വരുമ്പോ ഞാന്‍ നോക്കും.മൈന്റ് പോലും ചെയ്യാതെ അവൾ നടന്ന് പോവും. പിന്നെ ഒരിക്കൽ കൂടി ഞാന്‍ ആ മരച്ചുവട്ടിൽ പോയി നിന്നു. അന്ന് അവൾ വന്നപ്പോൾ ഒരു പ്രാവശ്യം കൂടി ചോദിച്ചു ഇഷ്ടമാണോ എന്ന്.

“ഇനിയും ഇതും പറഞ്ഞ് വന്ന ഞാന്‍ ന്റെ ഉപ്പാനോട് പറഞ്ഞ് കൊടുക്കും” എന്നായിരുന്നു അവളുടെ മറുപടി.
അന്നതോടെ അവളെ കാത്ത് നിൽക്കുന്ന പണി ഞാന്‍ അവസാനിപ്പിച്ചു?.
രണ്ടര കൊല്ലം പുറകെ നടന്നിട്ട് ഓള്ടെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ലെങ്കിൽ ഞാനെന്താ ചെയ്യാ.. ?

എന്നാലും ഇടയ്ക്കിടെ കാണാറൊക്കെയുണ്ട്?
ഇടയ്ക്ക്‌ വീടിന്റെ മുന്നിലൂടെ നടന്ന് പോവുന്നത് കാണാറുണ്ട്. രാവിലെ സ്ക്കൂളിലേക്ക് പോവുന്നതും.
പിന്നെ തൊട്ട് എന്നെങ്കിലും ഓക്കെയായി കാണും.
എപ്പോഴും ഞങ്ങൾക്കിടയിൽ സംസാരം കുറവായിരുന്നു.
രണ്ട് കൊല്ലം കഴിഞ്ഞിട്ടും ഇതേ അവസ്ഥ തന്നെ.
എന്തു കൊണ്ടാണ് ഇവൾ ഇഷ്ടമില്ല എന്ന് പറയുന്നത് എന്നറിയില്ല..
അങ്ങനെ ഒരു ദിവസം ഞാന്‍ അങ്ങാടിയിൽക്ക് നടന്ന് പോവുമ്പോഴാണ് അവൾ വരുന്നത് കാണുന്നത്. അതും കളർ ഡ്രസിൽ?.
” ഇന്നെന്താ ക്ലാസ് ഉണ്ടോ? ”
“മ്മ്.. ട്യൂഷനുണ്ട് ”
എന്ന് പറഞ്ഞു അവൾ നടന്ന് പോയി..

ആ വർഷം പത്താം ക്ലാസ് കഴിഞ്ഞ് റിസള്‍ട്ട് വന്നപ്പോഴാ അവളും പത്താം ക്ലാസിലാണ് എന്നോർക്കുന്നേ.. സിനു എന്ന പേര് മാത്രം അറിയുന്നത് കൊണ്ട് എന്തു ചെയ്യാനാ. അപ്പോഴാണ് അവളുടെ അയൽവാസി പറയുന്നത്
” എന്റെ അയൽവാസി സിനു പത്തിലാണ് എന്ന്.. “

എല്ലാവർക്കും സിനു എന്ന പേര് അറിയാം പക്ഷേ ശരിക്കുള്ള പേര് മാത്രം അറിയില്ല. എന്തായാലും അവളുടെ ഫ്രണ്ട് ന്റെ അയൽവാസിയായത് കൊണ്ട് അവളോട് പോയി ചോദിച്ചു. വീടിന്‌ പുറത്ത് തന്നെയിരിക്കുന്നുണ്ട് ചെന്നപ്പോ..

“ടീ.. അന്റെ ഒരു ഫ്രണ്ടില്ലെ സിനു ഒാൾടെ ശരിക്കുള്ള പേരെന്താ.. ”
“അതെന്തിനാ നീയറിയുന്നേ…? ”
അയൽവാസിയാണെങ്കിലും എന്നെ നല്ല ബഹുമാനമാണ് ട്ടോ. ?.

“അത് ഒാൾടെ എസ്. എസ്. എൽ. സി റിസള്‍ട്ട് നോക്കാനാണ്”.
“മ്മ്. സന എന്നാണ് ഓൾടെ പേര്. ”
എന്തായാലും റിസള്‍ട്ട് നോക്കിയപ്പോ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് അവൾക്കായിരുന്നു.

അവളുടെ വീട്ടില്‍ നിന്ന് ഫോട്ടോ ഒക്കെ സംഘടിപ്പിച്ചു ഫ്ലലക്ക്സ് ഒക്കെ വച്ചു. ?
പത്താം ക്ലാസ് നല്ല മാര്‍ക്ക് വാങ്ങിയവരുടെ കൂട്ടത്തിൽ അവൾക്കുള്ള സമ്മാനവും വാങ്ങി.

പിന്നെ തൊട്ട് അവളുടെ വീടിന്‌ അടുത്തൂടെ പോവുമ്പോഴൊക്ക അവളെ നോക്കും. ചിലപ്പൊ കാണും ചിലപ്പൊ കാണാറില്ല. അതെങ്ങനെയാ.. പെണ്ണ് വല്ലപ്പോഴൊള്ളു ഒന്ന് പുറത്തിറങ്ങാ… പിന്നെ എങ്ങനെ കാണാനാ..

ഇടയ്ക്കിടെ അതിലൂടെ പോവുമ്പോഴൊക്ക അവളുടെ ഉമ്മാനോട് പോയി കുടിക്കാൻ വെള്ളം ചോദിക്കും. ശരിക്കും പറഞ്ഞാല്‍ അവളെ കാണാനാണ് അവിടെ എത്തുമ്പോൾ ഒരു ദാഹം?.

അങ്ങനെ ഒരു ദിവസം ചെന്നു ചോദിച്ചപ്പോൾ അവളായിരുന്നു വെള്ളം തന്നത്..
എവിടെയോ പോവാൽ നിൽക്കായിരുന്നു വീട്ടിലുള്ളവർ..
“എവിടെക്കാ പോവുന്നേ”. വെള്ളം തന്നപ്പോൾ ഞാന്‍ ചോദിച്ചു
“ഉമ്മാന്റെ വീട്ടില്‍ക്ക്”.

ഒരേ നാട്ടിലുള്ളവരായിട്ട് പോലും വല്ലപ്പോഴൊള്ളു അവളെ ഒന്ന് കാണാറുള്ളത്.. ?

വല്ലപ്പോഴുമായി മാത്രം അവളെ കാണും..

“ആാാാാാ” പുറത്ത് ഉമ്മാന്റെ അടി കിട്ടിയപ്പോഴാ ഉറക്കത്തിൽ നിന്ന് എണീക്കുന്നെ..
“ഇജ്ജെന്തിനാ കിടന്ന് അലറുന്നെ..? ”
” എങ്ങനെ അലറാതിരിക്കും അങ്ങനെത്തെ അടിയല്ലെ ഇന്നെ അടിച്ചത് ?”
“ഓ… അതിന് മാത്രം ഞാന്‍ അടിച്ചോ ഒന്ന് അന്റെ പുറത്ത് കൊട്ടി വിളിച്ചതല്ലേയൊള്ളൂ.. ”
“ഹാാ.. ഇങ്ങക്ക് കൊട്ടി വിളിച്ചാ മതിയല്ലോ. വേദന കൊള്ളുന്നവനല്ലേ അറിയൂ… ?”
“ചിലക്കാതെ പോയി പല്ല് തേച്ച് ചായ കുടിക്കാൻ നോക്ക്”.
അതും പറഞ്ഞ് ഉമ്മ മുറിയിൽ നിന്ന് പോയി.

പല്ല് തേച്ചു കുളിയൊക്കെ കഴിഞ്ഞ് ചെന്നപ്പോ എല്ലാവരും ചായ കുടിക്കാൻ എന്നെ കാത്തുനിൽക്കാണ്.
ചൂടുള്ള പുട്ടും കടലയും കണ്ടപ്പോ വായയിൽ വെള്ളം വന്നു..ചായയൊക്കെ കുടിച്ചു നജീബിന്റെ വീട്ടില്‍ക്ക് നടന്നു. അവിടെ ചെന്നപ്പോൾ അവൻ എണീക്കുന്നൊള്ളു.. അവനെയും കൂട്ടി പുറത്ത് പോയി.
“ഡാ.. ആദി ഞാന്‍ വീട്ടില്‍ക്ക് പോവാ.. നീയുണ്ടോ..? ”
“ഇല്ല ”
“പിന്നെ നീയെങ്ങോട്ടാ.? ”
“എനിക്ക് അങ്ങാടിപ്പുറം വരെയൊന്ന് പോവണം”
“അവിടെ എന്താ പരുപാടി ? ”
“ഒരാളെ കാണാനുണ്ട് അവിടെ”
“മ്മ്. നീ പോയ്ക്കോ. എനിക്ക് ഉമ്മാനെയും കൊണ്ട് ആശുപത്രിയിലൊന്ന് പോവണം”
“എന്ന ഞാന്‍ ഒറ്റയ്ക്ക് പോവാ”

അങ്ങനെ കോളേജ് വിട്ടിട്ടും അവളെ കണ്ടില്ല. രണ്ടാമത്തെ ദിവസവും അവൾ വരുന്നതും നോക്കി നിന്നു.
“ആദിൽ അല്ലെ”
“അതെ”
“ഞാന്‍ സനയുടെ ഫ്രണ്ടാണ് രേവതി. ഇയാള് കുറച്ച് ദിവസമായി ഇവിടെ ചുറ്റികറങ്ങുന്നതായി ഞാന്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് വന്നു ചോദിച്ചത്. ”
“പക്ഷേ എന്നെ എങ്ങനെയാ തനിക്ക് അറിയുന്നേ.? ”
“അതിനുത്തരം ഈ ഡയറിയിലുണ്ട്.. എനിക്കുള്ള ബസ് വരുന്നുണ്ട് ഞാന്‍ പോവാണ്. പിന്നെ ഇത് എനിക്ക് തന്നെ തിരിച്ചു തരണം വായിച്ച് കഴിഞ്ഞാല്‍. വേറെ ഒരു കാര്യം കൂടിയുണ്ട് പറയാൻ. അത് ഇത് തരുമ്പോൾ പറയാ.. “

എന്ന് പറഞ്ഞ് അവള്‍ക്കുള്ള ബസിൽ കയറി പോയി.രാത്രി ഭക്ഷണം കഴിച്ചു മുറിയിൽ ചെന്നപ്പോ ആദ്യം ഓർമ്മ വന്നത് ആ ഡയറിയായിരുന്നു.

“എന്തായിരിക്കും ഈ ഡയറിയില്‍.? ”
ഡയറി തുറന്ന്‌ അതിലുള്ള പേര് കണ്ടപ്പോൾ ശരിക്കും ഞെട്ടി…..

ഡയറി തുറന്ന്‌ പേര് കണ്ടപ്പോളൊന്ന് ഞെട്ടി. പ്രതീക്ഷിക്കാതെയാണ് ആ പേര് കണ്ടത്..

” SANA “

ഒരു നിമിഷം കൊണ്ട് ഒരായിരം ചിന്തകളാണ് മനസ്സിലൂടെ മിന്നി മറഞ്ഞത്..

“സനയുടെ ഡയറി എങ്ങനെ രേവതിയുടെ കൈയ്യില്‍ വന്നു…?? ഇത് ശരിക്കും സനയുടെ ഡയറി തന്നെയാണോ…?? ”
എന്നിങ്ങനെ നൂറു ചോദ്യം മനസിലുണ്ട്.

“എന്തായാലും വായിച്ച് നോക്കാം “.

ഡയറിയുടെ ഒരു പേജ് മറിച്ച് നോക്കിയപ്പോൾ കണ്ണിൽ പതിഞ്ഞത് പെൻസിലുപയോഗിച്ച് മനോഹരമായി എഴുതി രണ്ട് വാക്കിലാണ് “നീയും ഞാനും “. എഴുത്തിനെ കുറച്ചധികം ഭംഗി നൽകുന്ന വിധം ഒരു ആൺകുട്ടയുടെ തോളിൽ തല വെച്ച് ഇരിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം വരച്ച് വെച്ചിട്ടുണ്ട്.

ഒട്ടും കൌതുകം തോന്നത്ത ഒരു ചിത്രം.. കുറച്ച് നേരം അതിന്റെ ഭംഗി നോക്കിയിരുന്നു..

“ഇങ്ങനെ ഒരു ചിത്രം എന്തിനാണ് ഈ ഡയറിയില്‍ വരച്ചത്..? “

കുറച്ച് പേജുകള്‍ മറിച്ച് നോക്കി.. എല്ലാം ശൂന്യമായിരുന്നു.. എന്നാലും എവിടെയോ ഒരു പ്രതീക്ഷ. പിന്നെയും മറിച്ചപ്പോൾ കണ്ടു പല നിറങ്ങളെ കൂട്ടുപിടിച്ച് എഴുതിയ കുറെ അക്ഷരങ്ങളെ…

അവിടെയും “SANA” എന്ന് വെച്ച് കൊണ്ടായിരുന്നു അക്ഷരങ്ങളുടെ തുടക്കം…

എന്നും മറ്റുള്ളവർക്ക് നിറഞ്ഞ മനസ്സോടെ ഒരു ചെറു പുഞ്ചിരി സമ്മാനിക്കുന്നവളായിരുന്നു ഈ സന… ഇന്നും ആ പുഞ്ചിരി സമ്മാനിക്കാൻ മറക്കാറില്ല.. (പരിജിത മുഖങ്ങൾക്ക് മാത്രം ?). എന്നാൽ ഇന്ന് ആ പുഞ്ചിരിക്ക് പഴയ തിളക്കമില്ല. എവിടെയോ അത് നഷ്ടപ്പെട്ടത് പോലെ…

ഒരു പരീക്ഷാ കാലത്താണ് നേരിൽ കാണുന്നത്. അല്ല ശ്രദ്ധിക്കുന്നത്. നിത്യം നമ്മൾ എത്ര മുഖങ്ങൾ കാണാറുണ്ട്.. അവയിൽ പലതും നമ്മൾ ഓർക്കാറില്ല.. ചില മുഖങ്ങള്‍ നമ്മൾ ഓർക്കാൻ എന്തെങ്കിലും കാരണമുണ്ടാവും.. ചിലപ്പോൾ വഴക്കാവാം.. അല്ലെങ്കിൽ മറ്റു പല കാരണങ്ങളാവാം… അതുവരെ ശ്രദ്ധിക്കാത്ത ഞങ്ങൾ ശ്രദ്ധിക്കുന്നതും ആ പരീക്ഷാ ഹാളില്‍ വെച്ചാണ്. ഒട്ടുമിക്ക പ്രണയ കഥയിലുള്ള പോലെ ഞങ്ങളും വഴക്കിലായിരുന്നു തുടക്കം..

പീന്നീട് എനിക്ക് കാണുന്നതെ കലിയായിരുന്നു… എന്റെ ഫ്രണ്ട് അവന്റെ അയൽവാസിയായത് കൊണ്ട് പേര് അറിയാനൊന്നും ബുദ്ധിമുട്ടില്ല… ഞാന്‍ ചോദിക്കാതെ തന്നെ ഞാന്‍ അറിഞ്ഞു പേര് “ആദിൽ”. അതിന് കാരണവും അവന്റെയും കൈയ്യിലിരിപ്പ് തന്നെ. അവന്റെ മാത്രമല്ല കൂടെ എപ്പോഴുമുണ്ടാവുന്ന രണ്ട് കൂട്ടുകാരുടേയും.. മൂന്ന് പേരിലും കുറച്ച് കൂടി എല്ലാവരും നല്ലത് പറഞ്ഞിരുന്നത് ആദിലിനെയായിരുന്നു..
മദ്രസ വിട്ട് പോവുമ്പോഴും സ്ക്കൂള്‍ വിട്ട് പോവുമ്പോഴും എല്ലാവരും ഈ മൂന്ന് പേരുടെയും ലൈനിനെ പറ്റി പറയാനൊള്ളു നേരം…

എന്നതെയും പോലെ ക്ലാസ് കഴിഞ്ഞ് വരുന്ന വഴി എന്നോടും പറഞ്ഞു ഇഷ്ടമാണ് എന്ന്.. സകല വീരകഥകള്‍ അറിയുന്നത് ഇഷ്ടമില്ല എന്ന് തന്നെ പറഞ്ഞു. ഒരുവട്ടമല്ല.. ഒരുപാട് പ്രാവശ്യം പറഞ്ഞു.. പഠനത്തിൽ മാത്രം ശ്രദ്ധിച്ചു… പത്താം ക്ലാസില്‍ നല്ല മാര്‍ക്കോടെ ജയിച്ചു… അതിനിടയിൽ തന്നെ അവനോടു ഒരിഷ്ടം തോന്നിയിരുന്നു.. എന്നാലും പറഞ്ഞില്ല.. കാരണങ്ങള്‍ പലതാണ്. ചില കാരണങ്ങള്‍ കേൾക്കുമ്പോൾ മറ്റുള്ളവർക്ക് അത് വെറും ഞാന്‍ എന്നെ തന്നെ ന്യായികരിക്കുകയാണ് എന്നു തോന്നും. പക്ഷേ എന്റെ ഉത്തരവാദിത്ത്വം എന്റേത് മാത്രമല്ലേ. പറയുന്നവർക്ക് പറയാം. എന്റെ കടമ ഞാന്‍ തന്നെ ചെയ്യണം..

താഴെ വളർന്ന് വരുന്ന കൂടെപിറപ്പുകളുടെ പഠനത്തിന് വേണ്ടി സ്വന്തം പഠനം നിര്‍ത്തി കല്ല്യാണം കഴിഞ്ഞ ഇത്ത. ഞങ്ങളില്‍ പ്രതീക്ഷകൾ നെയ്തു കൂട്ടുന്ന ഉപ്പയും ഉമ്മയും.
എല്ലാവരോടും ഇഷ്ടമാണ് എന്നു പറയുന്ന കൂട്ടത്തിൽ എന്നെയും കൂട്ടിയിട്ടുണ്ടാവുമെന്ന ചിന്ത.. അവന്റെ പേര് വിളിച്ചു ഫ്രണ്ട്സ് കളിയാക്കി. പലപ്പോഴും എന്റെ പുസ്തകങ്ങളിലും അവന്റെ പേര് ഫ്രണ്ട്സ് എഴുതാൻ തുടങ്ങി… ഈ പ്രവർത്തികളിലെല്ലാം എനിക്ക് അവനോട് ദേഷ്യമായിരുന്നു… പക്ഷേ ആ ദേഷ്യങ്ങളെല്ലാം ഞാന്‍ പോലുമറിയാതെ ഇഷ്ടമായി മാറുകയായിരുന്നു…

ഞാന്‍ പോലും അറിയാതെ അവൻ എന്റെ മനസ്സില്‍ ഇടം നേടി.എന്റെ മിഴികള്‍ പോലും അനുസരണയില്ലാതെ അവനെ മാത്രം തിരഞ്ഞു അവന് പോലും പിടികൊടുക്കാതെ.

കാണുമ്പോഴെല്ലാം അവന്റെ മുന്നിൽ ഞാന്‍ മൌനമായ്.സ്വപ്നങ്ങളിൽ പോലും അവന്റെ മുഖമായി.. മനസ് കൊണ്ട് ഒരായിരം തവണ ഇഷ്ടമാണ് എന്ന് പറഞ്ഞു.

എന്റെ സ്വാർത്ഥതയാകാം അല്ലെങ്കിൽ ഞാന്‍ എന്റെ വീട്ടുകാർക്ക് എന്റെ ജീവിതത്തിൽ സ്ഥാനം നൽകി. അതുകൊണ്ടാവാം അവനോടുള്ള പ്രണയം ഞാന്‍ പറയാതെ പോയത്.

5 വർഷക്കാലയളവിൽ നിന്നോടുള്ള പ്രണയം മനസിൽ നിന്ന് പിഴുതെറിയാൻ ശ്രമിച്ചു. സ്നേഹം കൂടുകയല്ലാതെ ഒരിക്കൽ പോലും കുറഞ്ഞില്ല.

നല്ല മാര്‍ക്ക് ഉള്ളത് കൊണ്ട് തന്നെ ഗവൺമെന്റ് സ്ക്കൂളിൽ +1, +2 വിന് അഡ്മിഷൻ കിട്ടി.

ആ സ്ക്കൂള്‍ ഫസ്റ്റ് ഓപ്പഷനായി തിരഞ്ഞെടുക്കാൻ കാരണം ഒന്ന് ആ സ്ക്കൂളിൽ പഠിക്കണം എന്ന ഒരു ആഗ്രഹമായിരുന്നു. മറ്റൊന്ന്‌ അവന്റെ കാണാതിരിക്കുമ്പോഴെങ്കിലും മറക്കുമല്ലോ എന്ന പ്രതീക്ഷ. അവിടെയും ഞാന്‍ തോറ്റുപ്പോയി..

എന്റെ സീനിയറായി അവന്റെ അനിയത്തി വന്നു. ഒരു നാട്ടിലായത് കൊണ്ട് തന്നെ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു ക്ലാസിന് പോയിരുന്നത്. അത് ശരിക്കും അവനെ കുടുതൽ അറിയാനുള്ള അവസരങ്ങളായിരുന്നു. വീട്ടിലെ ആദിൽ പക്ക ഡീസന്റായിരുന്നു.

അതിനിടയിൽ ഒരു ഫോണ്‍ എനിക്കും കിട്ടി. +2 ലൈഫിൽ എത്തിയപ്പോഴെക്കും എന്റെ ഫോണ്‍ നമ്പര്‍ അവന്റെ കൈയില്‍ കിട്ടി.

മെസ്സേജസ്സിലൂടെ ഞങ്ങള്‍ സംസാരിക്കാൻ തുടങ്ങി. ഒരു ദിവസം പോലും മിണ്ടാതെയിരിക്കാൻ കഴിയാതായി. അപ്പോഴും ഞാന്‍ തന്നെ എനിക്ക് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചു.

സംസാരങ്ങൾക്കിടയിൽ പലപ്പോഴും അവന്റെ ഇഷ്ടം വീണ്ടും പറഞ്ഞു. അതൊക്കെ കണ്ടില്ലെന്ന് നടിച്ചു. ഇഷ്ടമില്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. ഒരു ഫ്രണ്ടായി നിന്നെ കാണാന്‍ പറ്റില്ലായെന്ന് പലവട്ടം എന്നോടു പറഞ്ഞു.

പലപ്പോഴും അവനില്‍ നിന്ന് അകലാന്‍ നോക്കി. അതിന്റെ ഇരട്ടിയായി ഞാന്‍ സ്നേഹിച്ചു. പ്രവാസികളിൽ ഒരാളായി അവനും മാറി..

8 വർഷം മനസ്സിൽ ഞാന്‍ കൊണ്ട് നടന്ന സ്നേഹം ഒരിക്കൽ ഞാന്‍ പറഞ്ഞു. ഇഷ്ടമായിരുന്നു എന്ന്… മരിക്കുവോളം ആ ഇഷ്ടം മനസിലുണ്ടാവും എന്ന്..
പലവട്ടം കുത്തുവാക്കിലൂടെ ആ സ്നേഹത്തിന്റെ പേരിൽ എന്നെ വേദനിപ്പിച്ചു.

ആ വേദനകളെല്ലാം കണ്ണീരോടെയാണ് ഞാന്‍ ഒഴുക്കി കളഞ്ഞത്.

ഇഷ്ടം പറഞ്ഞിട്ടും എന്നെ നീ മനസിലാക്കിയില്ല. എങ്ങനെ ആ ഇഷ്ടം നിന്നെ മനസിലാക്കി തരുന്നത് പോലും എനിക്കറിയില്ല. ഇഷ്ടം തുറന്ന് പറയാതെ ഇത്രയും കാലം ഞാന്‍ ജീവിച്ചു.. ഒരു കൊല്ലമാവാൻ നീ പ്രവാസിയായിട്ട്.

കാത്തിരിക്കാം ഈ മലബാറിന്റെ മണ്ണിലേക്ക് നീ വരുന്ന നാൾ വരെ..

കാലം എനിക്ക് വെച്ച് നീട്ടിയ മുറിവുകളിൽ ഒന്നാണ് നിന്നോടു എനിക്കുള്ള ഈ മുഹബത്ത്..

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ… അതുപോലെ ഈ മുറിവും എന്നെങ്കിലും ഉണങ്ങുമായിരിക്കും..

അപ്പോഴും സ്നേഹം നശിക്കില്ലല്ലോ…

നിന്നോടു എനിക്കുള്ള മുഹബത്ത് കാലം തന്നെ നിന്നെ മനസിലാക്കി തരട്ടെ…

എന്നെപ്പോലെ നിന്നെ സ്നേഹിച്ച മറ്റാരുമുണ്ടാവില്ല അതെനിക്കറിയാം.ഇന്ന് മുതല്‍ എന്റെ മനസ്സിലും ഈ ഡയറിയിലുമായി ഒതുക്കുകയാണ് എന്റെ പ്രണയം..

പ്രണയം എന്താണെന്ന് ഞാന്‍ അറിഞ്ഞു ജീവിക്കുകയായിരുന്നു നിന്നിലൂടെ.. അദ്യ പ്രണയം മറക്കില്ല എന്ന് പറയുന്നത് അതുകൊണ്ടാവും..

പലപ്പോഴും നിന്റെ വാക്കുകൾ എന്റെ സ്നേഹത്തെ മുതലെടുത്തിരുന്നു. അത് മനസിലാക്കി ഞാന്‍ ഒഴിഞ്ഞ് മാറിയിട്ടുണ്ട്..

എന്നെങ്കിലും ഈ ഡയറി നിന്റെ കൈയ്യില്‍ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ് ഞാനിപ്പോൾ..

ഒരിക്കലും നടക്കാത്ത ആശ..

നിന്നോടൊത്ത് ജീവിക്കാനാണ് ഞാനെന്നും ആഗ്രഹം. അത് സഫലമാവുമോയെന്ന് പോലുമറിയില്ല..

കാത്തിരിക്കാം…
നിനക്കായ് മാത്രം…
നിന്റെ ഒാർമമകളിലൂടെ..

ഒറ്റയിരുപ്പിൽ ആ ഡയറി വായിച്ചപ്പോൾ തനിക്ക് എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ തോന്നി. ഒരു നിമിഷം തന്റെ കൈകള്‍ കൊണ്ട് മുഖമൊന്ന് പൊത്തി പിടിച്ചു. പുറത്ത് കാണിക്കാതെ ഇത്രയും കാലം തന്നെ സ്നേഹിച്ചവളെ ഒന്ന് മനസിലാക്കിയില്ലല്ലോ.

ഒരു ഡയറിയെന്ന് പറയാനൊന്നും പറ്റില്ല. പക്ഷേ ചുരുക്കം വാക്കുകളിലൂടെ മാത്രം അവളുടെ ജീവിതാവസ്ഥയും മനസ്സിലുള്ളതും പകർത്തിയെന്ന് പറയാം..

“അപ്പോ അവൾക്ക് എന്നെ ഇഷ്ടമായിരുന്നോ.?
ഇഷ്ടമായിരിക്കാം.. അലെങ്കിൽ അവളിങ്ങനെയൊക്കെ എഴുതോ..? ആദിൽ സ്വയം ചോദിച്ചു.

എന്നും എല്ലാ പെൺകുട്ടികളെയും കാണുന്ന പോലെ അവളെയും ഞാന്‍ കണ്ടു. ഞാന്‍ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് പോലും തിരിച്ചു ഇഷ്ടമാണ് എന്ന് പറയാതത്ത് കൊണ്ട് കുറേ ദേഷ്യം തോന്നിയതാ അവളോട്..

പ്രവാസ ജീവിതത്തിനിടയിലും പല പെൺകുട്ടികളേയും ഞാന്‍ പരിചയപ്പെട്ടു , മുഖപുസ്തകമെന്ന വലിയ ലോകത്തിൽ നിന്ന്..
ചിലരെയൊക്കെ പ്രപ്പോസ് ചെയ്തിട്ടുമുണ്ട്. ചിലരൊക്കെ രണ്ട് മൂന്ന് മാസം കഴിയുമ്പോ ഒഴിഞ്ഞ് മാറും. ഇത്രയും വർഷമായിട്ടും ഇവൾ എന്നെ ഓർത്ത് ജീവിക്കാണോ..?

എന്നിട്ട് അവളെന്താ എന്ന അറിയാത്തത് പോലെ നോക്കുന്നതും സംസാരിക്കുന്നതും. ഇപ്പോ എന്തേ അവൾക്ക് പഴയ ഇഷ്ടം ഒന്നും ഇല്ലേ ആവോ..?
രണ്ടര വര്‍ഷം ചുട്ടു പൊള്ളുന്ന ആ നാട്ടില്‍ നിന്നിട്ട് എപ്പോഴോ മറന്ന് പോയതാ അവളുടെ ഓർമ്മകൾ. പക്ഷേ വീണ്ടും അവളെ കണ്ടു. വിധിയെന്നല്ലാതെ എന്താ ഇതിനൊക്കെ പറയാ..

രണ്ടര വര്‍ഷമായിട്ടും അവളെ കാണാന്‍ ഒരു മാറ്റവുമില്ല. പക്ഷേ എന്തുകൊണ്ട് മാത്രം അവൾ….?
പറഞ്ഞിട്ട് കാര്യമില്ല.. അവളെ ഓർക്കാത്ത എത്രയെത്ര രാവുകളും പകലുകളും ഞാന്‍ ജീവിച്ചു. എന്നിട്ട് ഞാനെന്തിനാ അവളെ കുറ്റപ്പെടുത്തുന്നേ.. അതിനുള്ള യോഗ്യത പോലും എനിക്കിന്നില്ല..

അവളെ ഒന്ന് കാണാന്‍ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട് ഇപ്പോ. ഒരു തവണ മാപ്പ് പറയണം…
അവളുടെ സ്നേഹം മനസിലാക്കാതെ പോയതാ എനിക്ക് പറ്റിയ തെറ്റ്. ഞാന്‍ പ്രപ്പോസ് ചെയ്തവരെ കുറിച്ചൊക്കെ പലതവണ പറഞ്ഞിട്ടില്ലേ അവളോട്? എന്നിട്ടും എന്തിനാ അവള് എന്നെ….

ചിന്തകൾ സാഗാരത്തിൽ തിരയടിക്കുന്നത് പോലെ കടന്നുപോയി…

ഈ ഡയറി എന്തായാലും മറ്റന്നാൾ രേവതിക്ക് കൊടുക്കാം.. നാളെ മൂത്തമാന്റെ വീട്ടില്‍ പോവണം എന്ന് പറഞ്ഞിട്ടുണ്ട് ഉമ്മ.. നാട്ടില്‍ വന്നിട്ട് ഉമ്മാക്ക് എന്നെ ഒന്ന് ശരിക്ക് കിട്ടിയിട്ടില്ല.. നാളെ പോവാതിരിക്കാനും പറ്റില്ല..

“നേരം എത്രയായീന്നാ അന്റെ വിചാരം.? എന്താ ഇയ്യ് ഉറങ്ങാത്തെ? ” ഉമ്മാന്റെ ശബ്ദം കേട്ട് റൂമിന്റെ വാതിലിന്റെ അവിടേക്ക് തിരിഞ്ഞ് നോക്കി.

“ഒന്നുല്ല ഉമ്മ”

“മ്മ്.. കിടന്നുറങ്ങാൻ നോക്ക്. നാളെ രാവിലെ നേരത്തെ പോവാനുള്ളതാ. ഉച്ചയാവുമ്പോഴേക്കും എത്തണം”

“മ്മ്. “

എന്നത്തിലേറെ ഇന്ന് നേരത്തെ എണീറ്റു.

“ന്റെ റബ്ബേ.. “

“എന്തിനാ ഉമ്മ ഇങ്ങള് ഈ നേരം വെളുക്കാൻ കാലത്ത് റബ്ബിനെ വിളിക്കുന്നേ.. “

“ആരായാലും വിളിക്കില്ലേ.. ഇജ്ജൊക്കെ ജനിച്ചിട്ടു ഈ നേരം കണ്ടിട്ടുണ്ടോ.. ?”

“അതെന്താ ഇങ്ങള് അങ്ങനെ പറഞ്ഞേ.. ?പണ്ട് ഈ നേരത്തല്ലെ ഞാനൊക്കെ മദ്രസയിലേക്കെ പോയീനത്. പിന്നെന്താ ഇങ്ങള് ഇങ്ങനെ പറയുന്നേ. ?”

രാവിലെ തന്നെ ഇന്നെ കൊണ്ട് ഇജ്ജ് പറയിക്കണ്ടട്ടോ. പോയി റെഡിയാവാൻ നോക്ക്..

അവിടെ ചെന്നപ്പോഴും സിനുവിനെ എങ്ങനെയെങ്കിലും കാണാനായിരുന്നു മനസ്സ് കൊതിച്ചത്. അതിനിടയിൽ പലരും വന്ന് എന്നോട് സംസാരിക്കുന്നുണ്ട്. പക്ഷേ എന്റെ ചിന്തകളിലെല്ലാം അവളായിരുന്നു.

“അല്ലടീ.. അന്റെ ചെക്കനെ കൊണ്ട് പെണ്ണ് കെട്ടിക്കുന്നില്ലേ..? “മൂത്താമ്മാന്റെ വകയായിരുന്നു ചോദ്യം

“അവൻ പോവുമ്പോഴേക്കും നിക്കാഹ് കഴിപ്പിക്കണം എന്നുണ്ട്.. വന്നിട്ട് രണ്ടാഴ്ചയായി ഇന്ന ഓനെ ന്റെ കൈയ്യിലൊന്ന് കിട്ടുന്നേ.. “ഉമ്മാന്റെ മറുപടി കേട്ടപ്പോൾ സിനുവിനെയാ ഓർമ്മ വന്നത്. ഉമ്മാനോട് സിനുവിനെ കുറിച്ചൊന്ന് പറഞ്ഞ് നോക്കായെന്ന് മനസ്സിൽ കരുതി. എന്തായാലും ഉമ്മാക്ക് ഓളെ ഇഷ്ടാവും.ഓളെ നാളെ കണ്ടിട്ട് ഉമ്മാനോട് പറയാന്ന് കരുതി.

വീട്ടില്‍ എത്തിയപ്പോ രാത്രിയായിട്ടുണ്ട്..
നാളെ അവളെ കാണണം എന്ന് മാത്രമായിരുന്നു മനസ്സ് മുഴുവന്‍. എപ്പോഴോ ഉറക്കമെന്നെ പിടികൂടി.

രാവിലെ എഴുന്നേറ്റ്. ചായയൊക്കെ കുടിച്ച് അങ്ങാടിയിലൊന്ന് പോയി. വൈകുന്നേരം അവളുടെ കോളേജ് വിടുന്ന നേരമായപ്പോഴേക്കും ഞാനുമെത്തി അവിടെ കൂടെ നജീബിനേയും കൂട്ടി.

നീയിത് ആരെ കാണാനാ ഇവിടെ വന്നു നിക്കുന്നെ..? ”
“സിനുനെ”.
“അപ്പോ നീ ഇപ്പോഴും ഓളെ വിട്ടില്ലേ..? ”
“അതൊക്കെ വിട്ടതയ്നു.. ”
“പിന്നെന്തിനാ ഓളെ കാണുന്നെ”.
“എടാ.. ഇൻക്ക് ഓളെ വേണം ന്റെ പെണ്ണായിട്ട്. ഓളെ കണ്ട് അത് പറയാനാ ഞാനിപ്പോ വന്നത്. പിന്നെ ഈ ഡയറി ഓൾക്ക് കൊടുക്കണം”. ഡയറി കാണിച്ച് കൊണ്ട് നജീബിനോടായി പറഞ്ഞു.
“അതിന് ഓൾക്ക് അന്നെ ഇഷ്ടാണ് എന്ന് പറഞ്ഞോ.?”
“നീ ഈ ഡയറി കണ്ടോ ഇത് അവളുടേതാ.. അവളുടെ ഫ്രണ്ട് തന്നതാ എനിക്ക്. ഈ ഡയറി വായിച്ച് കഴിഞ്ഞപ്പോ ഞാന്‍ കണ്ടത് ന്റെ സിനുവിനെയാ. ഇത്രയും കാലം ഞാന്‍ മനസിലാക്കാതെ പോയ അവളുടെ സ്നേഹമാണ്. “

“നിങ്ങളെന്താ ഇവിടെ നിൽക്കുന്നെ.? “രേവതിയുടെ ചോദ്യം കേട്ടാണ് തിരിഞ്ഞ് നോക്കിയത്.

“അത് പിന്നെ… ഈ ഡയറി തിരികെ തരണമെന്ന് പറഞ്ഞില്ലെ അത് തരാൻ വന്നതാ.. “

“ഓ.. ഞാനാ കാര്യം മറന്നിരുന്നു.. “എന്ന് പറഞ്ഞു ഡയറി വാങ്ങി അവളുടെ ബാഗില്‍ വെച്ചു.

“സന എവിടെ..? “ആദിലിന്റെ ചോദ്യം കേട്ട് രേവതി അവന്റെ മുഖത്തേക്കൊന്ന് നോക്കി.

“ടീ.. നീ ഇവിടെ ഉണ്ടായിരുന്നോ? ഞാന്‍ നിന്നെ എവിടെയൊക്കെ നോക്കിയെന്ന് അറിയോ? “എന്തെങ്കിലും തിരിച്ച് പറയുന്നതിനിടയ്ക്കാണ് സന രേവതിയോട് വന്ന് സംസാരിച്ചത്.

“ഞാന്‍ ഇവരെ കണ്ടപ്പോ ഇങ്ങ് പോന്നു ” ആദിലിനെയും നജീബിനേയും നോക്കി രേവതി പറഞ്ഞു.

ഇതാരൊക്കെയാ എന്ന മുഖഭാവത്തോടെ മൂവരെയും മാറി മാറി നോക്കി.

“ഇത് എന്റെ ചേച്ചിയുടെ ഫ്രണ്ട്സാണ്. ആദിൽ ആന്റ് നജീബ്. “എന്ന് പറഞ്ഞ് രേവതി അവരെ രണ്ട് പേരെയും പരിചയപ്പെടുത്തി.

“ഇവര് ചേച്ചിയുടെ ഒരു നോട്ട് തരാൻ വന്നതാ. അവള് ലീവിന് വന്നപ്പോ കൊടുത്തതാ. ഇനി അവള്‍ ലീവിന് വന്നിട്ടല്ലേ തിരിച്ച് കൊടുക്കാൻ പറ്റു. അതുകൊണ്ട്‌ ഇത് എന്നെ ഏൽപ്പിക്കാൻ ചേച്ചിയാ ഇവരോട് പറഞ്ഞത്. “

“എന്നാ ശരി നീ ഇവരോട് സംസാരിച്ചിരിക്ക് ഞാന്‍ പോവാ.. “

“നീയെന്താ നേരത്തെ പോവുന്നെ. ഇത്തിരി നേരം കാത്ത് നിന്ന രണ്ട് പേർക്കും ഒപ്പം പോവാ.. “

“വേണ്ടടി. എനിക്ക് വീട്ടില്‍ നേരത്തെ എത്തണം”

“എന്നാ ശരി നീ പോയ്ക്കോ. ബൈ”

“ബൈ”
എന്ന് പറഞ്ഞ് സന അവിടെ നിന്ന് പോയി.

ഇവിടെ എന്താ നടക്കുന്നത് എന്നറിയാതെ ആദിലും നജീബും രേവതിയെ തന്നെ നോക്കി നിൽക്കുന്നു. രേവതി എന്തൊക്കെയോ മറച്ച് വെക്തുന്നത് പോലെ അവർക്ക് തോന്നി..

“രേവതി നീ എന്താ ഞങ്ങളില്‍ നിന്ന് മറച്ച് വെക്കുന്നത്.? എന്തിനാ അവളോട് ഞങ്ങള്‍ നിന്റെ ചേച്ചിയുടെ ഫ്രണ്ട്സാണ് എന്ന് പറഞ്ഞത്.” ആദിലായിരുന്നു ചോദിച്ചത്

“ഇവിടെ നിന്ന് മാറി സംസാരിക്കാം നമ്മുക്ക്”രേവതി പറഞ്ഞു
“ഇവിടെ നിന്ന് സംസാരിച്ചാലെന്താ നിനക്ക്. “ആദി കുറച്ച് ദേഷ്യത്തോടെയാണ് ചോദിച്ചത്.
“ഇത് കോളേജാണ് ഇവിടെ നിന്ന് സംസാരിക്കുന്നത് പ്രിൻസിപ്പൽ കണ്ടാല്‍ എനിക്ക് പ്രശ്നമാണ്. ആദിയുടെ ദേഷ്യം മനസിലായത് കൊണ്ട് രേവതി പറഞ്ഞു.
“ടാ നമുക്കൊന്ന് മാറി നിന്ന് സംസാരിക്കാ. വെറുതെ അവള്‍ക്ക് പ്രശ്നമുണ്ടാക്കണ്ടാ.. “നജീബ്‌ ആദിലിനോട് പറഞ്ഞു.
അവർ മൂവരും ഒരു കോഫി ഷോപ്പിലേക്ക് പോയി. ഇരുപരുടേയും നേരെയായി രേവതി ഇരുന്നു.
“ഇനി നീ പറയ് എന്തിനാ നീ സനയോട് അങ്ങനെയൊക്കെ പറഞ്ഞത്. അതിന്റെ ആവശ്യമെന്താ നിനക്കുള്ളത്.? “ആദി രേവതിയോട് ചോദിച്ചു
“ഞാന്‍ പിന്നെയെന്താ അവളോട് പറയേണ്ടത്? “കുറച്ച് ദേഷ്യത്തിന്റെ സ്വരത്തോടെയാണ് രേവതി അവരോട്‌ ചോദിച്ചത്
രണ്ട് പേരും രേവതിയുടെ ചോദ്യം കേട്ട് ഒന്ന് ഞെട്ടി. പെട്ടെന്ന് അവൾക്ക് എന്താ പറ്റിയതെന്ന് അവർക്ക് മനസിലായില്ല..

“ഞാനെന്താ അവളോട് പറയേണ്ടത്.. ടീ സന നീ ഒരിക്കൽ ജീവന്റെ ജീവനായി സ്നേഹിച്ചയാളാണിത് എന്നോ..? അതോ നീ സ്നേഹിച്ചിട്ട് നിന്നെ ഒന്ന് മനസ്സറിഞ്ഞ് സ്നേഹിക്കാത്തവനായോ…? നിങ്ങൾ തന്നെ പറയ് മറുപടി.. “

മൌനമായിരുന്നു രണ്ട് പേരുടേയും മറുപടി. മൌനത്തെ മുറിച്ചു കൊണ്ട് രേവതി തുടർന്നു.
“ഇനി ഒരിക്കലും അവളെ കാണാന്‍ വരരുത്. വരരുത് എന്നല്ല ഒരിക്കൽ പോലും അവളുടെ ജീവിതത്തിലേക്ക് വരരുത് എന്ന് മാത്രമൊള്ളൂ എനിക്കിനി അവളുടെ നല്ല കൂട്ടുക്കാരി എന്ന നിലയില്‍ പറയാനൊള്ളൂ.. “

“നീയിത് എന്തൊക്കെയാ പറയുന്നേ..? “രേവതി പറയുന്നതൊന്നും ഉൾക്കൊള്ളാൻ കഴിയാതെ ആദി ചോദിച്ചു.
രേവതി തുടർന്നു..
“അതെ.. ആദിയെ ജീവനോളം സ്നേഹിച്ച സന എന്നേ മരിച്ചു.. ഇന്നവൾ പുതിയ സനയാണ്.. ആദിയോടുള്ള സ്നേഹം എന്നല്ല ആദിയെ പോലും അവൾക്കിന്നറിയില്ല..

എനിക്കറിയാം അവൾ ആദിയെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന്. ആറാം ക്ലാസ് മുതലാണ് ഞങ്ങൾ രണ്ട് പേരും ഒരു സ്കൂളിലാവുന്നത്. എന്നും കാണും ജസ്റ്റ് ഒന്നു ചിരിക്കും എന്നല്ലാതെ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ലായിരുന്നു. രണ്ട് പേരും രണ്ട് ക്ലാസിലായിരുന്നു. പിന്നെ പരിചയപ്പെടുന്നത് language ക്ലാസില്‍ വെച്ചാണ്.

പത്താം ക്ലാസില്‍ വെച്ചാണ് ഞാനും അവളും പഴയതിലേറെ നല്ല കൂട്ടുക്കാരാവുന്നത്. അങ്ങനെ സ൮സാരിക്കുന്നതിനിടയിലായിരുന്നു ആദിലിനെ കുറിച്ച് അവള്‍ പറയുന്നത്. എന്തൊക്കെയൊ സംസാരിക്കുന്നതിടയിൽ അറിയാതെ പറഞ്ഞു പോയതാണവൾ.

അവളുടെ ഓരോ വാക്കിലുമുണ്ടായിരുന്നു ആദിയോടുള്ള സ്നേഹം. നൂറു നാവാണ് അവള്‍ക്ക് ആദിയെ പറ്റി പറയാൻ. അതൊക്കെ കേൾക്കുമ്പോൾ ഞാന്‍ പറയും എന്ന നിനക്കവനോട് പറഞ്ഞൂടെ ഇഷ്ടമാണ് എന്ന്.
കണ്ണീരോടെയാ അവള്‍ അതിനുള്ള മറുപടി എനിക്ക് നൽകിയത്. എല്ലാ പെൺകുട്ടികളോടുമുള്ള പോലെ ഒരു ടൈം പാസ് മാത്രമാവും അവളെന്ന്. അതു കരുതിയിട്ടാ പറയാത്തത് എന്ന്.
പിന്നീട് നിങ്ങൾ മേസ്സേജ് അയക്കുന്നതുമൊക്കെ എന്നോട് പറഞ്ഞിരുന്നു. +1, +2 അവള്‍ വേറെ സ്കൂളിലേക്ക് പോയി. പിന്നെ ഇടയ്ക്ക് വിളിക്കും. അപ്പോഴും അവളുടെ ഇഷ്ട വിഷയം ആദിലെന്ന നീ തന്നെയായിരുന്നു..
അവളുടെ കുടുംബം നിന്റെ സ്വഭാവം എല്ലാ കൊണ്ടുമാണ് അവള്‍ അവളുടെ ഇഷ്ടം പറയാത്തത് എന്നൊക്ക അറിഞ്ഞിട്ടും ദേഷ്യം വരുമ്പോള്‍ ഞാന്‍ പറയും നീ ഇഷ്ടമാണ് എന്ന് പറയാത്ത കാലത്തോളം അവനെ കുറിച്ച് എന്നോട് പറയരുത് എന്ന്.

അങ്ങനെ നീ ഗൾഫിൽ പോയതൊക്കെ അവൾ പറഞ്ഞ് ഞാനറിഞ്ഞിരുന്നു. +2 കഴിഞ്ഞ് നിമിത്തം എന്ന പോലെ വീണ്ടും ഞങ്ങള്‍ കോളേജിൽ ഒരുമിച്ചായി..
പിന്നീട് നിന്നെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു മറുപടി. ഞാന്‍ പിന്നെ അത് ചോദിക്കാനും നിന്നില്ല.
കോളേജിൽ പോവുന്നതും മടങ്ങുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. അങ്ങനെയൊരു ദിവസം കോളേജിൽ പേവുമ്പോഴാണ് പതിവിലും വിപരീതമായി അവള്‍ മിണ്ടാതെയിരിക്കുന്നത്. എന്താ പ്രശ്നം എന്ന് ചോദിച്ചിട്ടൊന്നും ആദ്യം അവള്‍ പറഞ്ഞില്ല.
“എന്താടീ.. നിന്റെ പ്രണയം പൊളിഞ്ഞോ…? ”
“പൊളിയാൻ അതിന് പ്രണയം എന്നൊക്കെ പറയോ.. ?. എനിക്ക് മാത്രം ഇഷ്ടമുണ്ടായിട്ട് കാര്യമില്ലല്ലോ.. ഇപ്പോ അവന് വേറെയും ആളുണ്ട് സ്നേഹിക്കാൻ.. ”
“നീ എന്താ ഈ പറയുന്നത് ? ”
“അതെടീ അവന് വേറെ ആരെയോ ഇഷ്ടമാണ് എന്ന്.”
“അതെങ്ങനെയാ നീ അറിഞ്ഞത്…? ”
“വളർന്ന് വരുന്ന സാങ്കേതിക സൌകര്യങ്ങൾ ഉള്ള ഈ കാലത്താണോ ഇതറിയാൻ ഇത്ര ബുദ്ധിമുട്ട്.. പിന്നെ അവനും പറഞ്ഞു. ”
“അവനോ..? അതെങ്ങനെ..? ”
“മ്മ്.. അവൻ തന്നെ എന്നും അങ്ങനെ പറയുമ്പോൾ ഞാന്‍ അത് തമാശയായി എടുത്തിരുന്നു. കാരണം എന്ത് പറഞ്ഞാലും എന്നും എന്നോട് സംസാരിക്കുമായിരുന്നു. അവൻ എന്നോട് സംസാരിച്ചിട്ടിപ്പോ 5 മാസമായി. പിന്നെ അവനോടു തന്നെ ഞാന്‍ ചോദിച്ചപ്പോൾ അറിഞ്ഞത് സത്യമാണ് എന്ന് പറഞ്ഞു ഞാന്‍ കൂടെ അവളുടെ ഫോട്ടോയും അയച്ചു. ”
“ഫോട്ടോ അയച്ചു തന്നു എന്നോ..?”
സംശയ രൂപത്തിൽ അവളോട് ഞാന്‍ ചോദിച്ചു. കാരണം ഒരു പെൺകുട്ടിയുടെ ഫോട്ടോ അവൾക്ക് സെന്റ് ചെയ്തു എന്ന് പറഞ്ഞപ്പോൾ വിശ്വാസിക്കാൻ കഴിഞ്ഞില്ല.
“അതെടീ.. ഞാനത് ആർക്കും കൊടുക്കില്ല എന്ന് അവന് ശരിക്ക് അറിയാ.. അതുകൊണ്ട്‌ തന്നെ നല്ല ധൈര്യത്തോടെ അയച്ചു തരും. ”
“എന്നിട്ട് നീ എന്ത് പറഞ്ഞു? ”
“ഞാനെന്ത് പറയാനാ അവന് പറയുന്നതൊക്കെ കേട്ടിരുന്നു. “

പെയ്യാന്‍ കൊതിക്കുന്ന കാർമേഘം പോലെയായിരുന്നു അവളുടെ കണ്ണുകള്‍. ശബ്ദം പോലും ഇടറുന്നുണ്ടായിരുന്നു അവളത് പറയുമ്പോൾ. അതെല്ലാം മറച്ച് വെക്കാൻ ചുണ്ടിലൊരു ചെറു പുഞ്ചിരിയും..
അന്ന്‌ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് മടങ്ങിയപ്പോഴാണ് അത് സംഭവിച്ചത്….

“അന്ന് എന്താ സംഭവിച്ചത്? “ആദിലായിരുന്നു ചോദിച്ചത്. നജീബ്‌ എല്ലാം ഇരുന്നു കേൾക്കുന്നു.
രേവതി തന്റെ മുന്നിലിരുന്ന ഗ്ലാസിൽ നിറച്ചിരിക്കുന്ന വെള്ളം കുറച്ച് കുടിച്ച് കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി..
താൻ അറിയാത്ത പലതും അവൾക്ക് പറയാനുണ്ടെന്ന് അവളുടെ കണ്ണുകളിൽ നിന്ന് ആദി മനസ്സിലാക്കി.. രേവതിയുടെ മനസിലൂടെ അന്ന് നടന്നത് തെളിഞ്ഞു വന്നു..
——————— ——————– ——————–
“ടീ.. നീയെന്താ ഇവിടെ ഇരിക്കുന്നത്? ”
“ഒന്നുല്ല രേവു.. ക്ലാസിലിരുന്നിട്ട് ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല. അപ്പോ ലാസ്റ്റ്‌ പീരിയഡ് കട്ട് ചെയ്തു. ഇവിടെ ഈ മരച്ചുവട്ടിലിരുന്നപ്പോൾ ചെറിയ ഒരു ആശ്വാസം കിട്ടി. ”
“മതി ഇരുന്നത്. പോവാം നമുക്ക്. “

രണ്ട് പേരും സംസാരിച്ച് റോഡ് സൈഡിലെത്തി. മറുവശത്തേക്ക് മുറിച്ച് കടക്കാന്‍ നോക്കി നിൽക്കുകയായിരുന്നു. ഞങ്ങൾക്ക് പോവാനുള്ള ബസ് മറുവശത്ത്‌ വന്ന് നിന്നു. ബസ് കിട്ടില്ല എന്ന് കരുതി രണ്ട് പേരും ധൃതിയില്‍ റോഡ് ക്രോസ് ചെയ്യുമ്പോഴാണ് സനയുടെ ഫോണ്‍ റിംഗ് ചെയ്തത്. റോഡ് ക്രോസ് ചെയ്യുന്നതിനിടയ്ക്ക് അവൾ ഫോണ്‍ അറ്റന്റ് ചെയ്തു.. അപ്പോഴേക്കും ഞാന്‍ മറുവശത്ത് എത്തി തിരിഞ്ഞ് സനയെ നോക്കിയപ്പോഴേക്കും ഒരു ബസ് വന്ന് അവളെ……
രേവതി പറയുന്നത് മുഴുവനാക്കാതെ രണ്ട് കൈകള്‍ കൊണ്ട് മുഖം പൊത്തി കരയുകയായിരുന്നു..
“എന്റെ അശ്രദ്ധ കാരണം കൊണ്ടല്ലേ അവൾ??”
അവൾ സ്വയം പറയുന്നുണ്ടായിരുന്നു..
കരഞ്ഞു കലങ്ങിയ കണ്ണുമായി രേവതി ഞങ്ങളെ നോക്കി.

“രേവതി താൻ കരയല്ലെ ആളുകളൊക്കെ ശ്രദ്ധിക്കും”. നജീബ്‌ അങ്ങനെ ഓരോന്ന് പറഞ്ഞ് അവളുടെ കരച്ചില്‍ നിർത്താൻ നോക്കി..

“പിന്നീട് എന്താ ഉണ്ടായത്. “ആദി ചോദിച്ചു.
അവൾ കരച്ചില്‍ അടക്കി പിടിച്ചു കൊണ്ട് വീണ്ടും തുടര്‍ന്നു.

കോളേജ് വിട്ട നേരമായത് കൊണ്ട് സ്റ്റുഡന്റ്സ് എല്ലാവരും കൂടി ഹോസ്പ്പിറ്റലിൽ എത്തിച്ചു. ആക്സിഡന്റ് നടന്നിടത്ത് നിന്നു അവളുടെ ബാഗ് ഒക്കെ കിട്ടി. അതിൽ നിന്നാണ് എനിക്ക് ആ ഡയറി കിട്ടുന്നത്. ആ ഡയറി അവൾ എപ്പോഴും കൂടെ കൊണ്ട് നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട്‌ തന്നെ അത് ഞാന്‍ ഇത്രയും കാലം സൂക്ഷിച്ച് വെച്ചത്.

ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട്, മാത്രമാണ്‌ ഇന്ന് അവൾ ജീവിക്കുന്നത്. അവളുടെ ആരോഗ്യനിലയിൽ ഒരു മാറ്റവും കാണാതെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ നോക്കിയപ്പോഴാണ് അവളുടെ വിരലുകളെങ്കിലും ഒന്ന് ചലിപ്പിക്കുന്നത്. പിന്നെയും ഒരാഴ്ച്ചയുടെ കാത്തിരിപ്പിനൊടുവിലാണ് അവൾ സംസാരിക്കുന്നത്.
എല്ലാവരുടെയും കണ്ണീരിന്റെയും പ്രാർത്ഥന കൊണ്ടാവാം അവളുടെ ആരോഗ്യനിലയും പുരോഗതി കണ്ടുതുടങ്ങി.
പിന്നീടാണ് ഡോക്ടർ ഞങ്ങളോട് മറ്റൊരു സത്യം പറയുന്നത്. അവളെ മാത്രമാണ്‌ തിരിച്ച് കിട്ടിയത്. അവളുടെ ഓർമ്മകൾ അവളിൽ നിന്ന് നഷ്ടമായിയെന്ന്.
സംസാരിക്കാൻ കഴിഞ്ഞിട്ടും ആരോടും സംസാരിക്കാതെ അവൾ ദിവസങ്ങൾ കഴിച്ചു കൂട്ടി.
സ്വന്തം മകൾ തങ്ങളെ പോലും തിരിച്ചറിയുന്നില്ല എന്ന വേദനയില്‍ അവളുടെ ഉപ്പയും ഉമ്മയും..

അവളുടെ ആ ഡയറി വായിച്ചപ്പോൾ അതവൾക്ക് തിരിച്ച് കൊടുക്കാൻ തോന്നിയില്ല. മറവിയെന്നത് ദൈവം അവൾക്ക് കൊടുത്ത അനുഗ്രഹമായിട്ട എനിക്ക് തോന്നുന്നത്. കോളേജിൽ പോകുന്നില്ല എന്ന് പറഞ്ഞ അവളെ എല്ലാവരും കൂടി കോളേജിൽ വരാൻ വേണ്ടി കുറെ നിർബന്ധിച്ചു.
ആർക്കും അറിയില്ല അവളുടെ ഓർമ്മകൾ നഷ്ടപ്പെട്ടത്. ചുരുക്കം ചിലര്‍ക്ക് മാത്രം. ഞങ്ങൾ കുറച്ച് ഫ്രണ്ട്സിനും അവളുടെ ബന്ധുക്കൾക്കും മാത്രം. അതുകൊണ്ടാണ് അവൾക്ക് ആദിലിനെ അറിയാത്തത്…
“നേരം ഒരുപാടായി ഞാന്‍ പോവാ.”. രേവതി പോവാണ് എന്ന് പറഞ്ഞ് പോയി.
“ടാ.. ആദി നീയെന്ത് ആലോചിച്ചിരിക്കാ ഇവിടെ. രേവതി പോയി. നമുക്ക് പോവാം”.
എന്ന് പറഞ്ഞ് ആദിലിനെ എണീപ്പിച്ചു.
“നീയെന്താ ഒന്നും മിണ്ടാത്തത്.? “നജീബ്‌ ചോദിച്ചു
“അന്ന് ആരാ അവളെ വിളിച്ചത് എന്ന് നിനക്കറിയോ? ”
“അത് എങ്ങനെയാ എനിക്കറിയാ”
“അന്ന് വിളിച്ചത് ഞാനാ.. ”
“എന്ത് ? “ഒരു ഞെട്ടലോടെയാണ് നജീബ്‌ അത് കേട്ടത്. “അതെടാ.. അന്ന് വിളിച്ചത് ഞാനാ. ഫോൺ എടുത്ത് ഹലോ എന്ന് മാത്രമാണ് സന പറഞ്ഞത്. പിന്നെ ഒരു അലർച്ച മാത്രമാണ് കേട്ടത്. എന്താ സംഭവം എന്ന് അറിയാൻ വേണ്ടി ആ നമ്പറിലേക്ക് വിളിച്ചു അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫായി. പിന്നെ പലപ്പോഴും വിളിച്ചു നോക്കി. ആ നമ്പര്‍ നിലവിലില്ല എന്നായിരുന്നു മറുപടി. പതിയെ ഞാനും ആ കാര്യം മറന്നു”.
എല്ലാം പറഞ്ഞു വീട്ടില്‍ എത്തിയത് അറിഞ്ഞില്ല നജീബ്‌ തട്ടി വിളിച്ചപ്പോഴാ അറിയുന്നത്. ഒന്നും കഴിക്കാതെ റൂമിൽ പോയി കിടന്നു..

പെട്ടെന്ന് ഫോൺ റിംങ് ചെയ്യുന്നത് കേട്ടാണ് എണീറ്റത്. ഫോൺ എടുത്ത് ഡിസ്പ്ലേയിൽ നോക്കി.
“നജീബ്‌ “..
ഫോൺ അറ്റന്റ് ചെയ്തു..
“നീ ഉറങ്ങിയോ..? ”
“ഉറങ്ങിയാ പിന്നെ നിന്റെ ഫോൺ ഞാന്‍ എടുക്കോ..? ”
“നീ ഇപ്പോഴും അവളെ ഓർത്ത് കിടക്കാണോ..? ”
“മ്മ്.. മനസ്സില്‍ നിന്ന് ഒരിക്കൽ മായ്ച്ചു കളഞ്ഞതാ അവളുടെ മുഖം. പക്ഷേ ഇപ്പോ അവളും എന്റെ ഒപ്പം വേണം എന്ന് തോന്നുന്നു. ഇപ്പോ അവളറിയാതെയല്ലെ ഞാന്‍ സ്നേഹിക്കുന്നത്.. ”
“മ്.. “നജീബ്‌ മറുപടി ഒരു മൂളലിൽ ഒതുക്കി..
“അപ്പോ നീയൊന്ന് ആലോചിച്ച് നോക്ക് അവൾ എത്രമാത്രം എന്നെ സ്നേഹിച്ചിട്ടുണ്ടാവും. എന്റെ
കൈ അകലെ ഉണ്ടായിട്ട് തട്ടി തെറിപ്പിച്ചതല്ലെ. അവളൊരു പാവമാണെടാ.. എല്ലാവരേയും സ്നേഹിക്കാനൊള്ളു അറിയാ.. ആ അവളെ ഓരോന്ന് പറഞ്ഞു എത്രതവണ വിശമിച്ചിട്ടുണ്ട് എന്നറിയോ..
ഒരിക്കൽ ഞാന്‍ വിളിച്ചു കുറേ ചീത്തവിളിച്ചിട്ടുണ്ട്. അന്നവൾ ഫോണിലൂടെ കരയുകയായിരുന്നു.. ”
“മതിയെടാ.. ഒക്കെ കഴിഞ്ഞതല്ലെ.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. ”
“എനിക്ക് സിനുനോട് ഒരു സോറിയെങ്കിലും പറയണം”
“എന്തിനാ എന്ന് അവള്‍ ചോദിച്ചാൽ നീയെന്താ പറയാ..? ”
“അറിയില്ല.. എന്തെങ്കിലും വഴി പറഞ്ഞു താ.. ”
“നീയിപ്പോ ഉറങ്ങാൻ നോക്ക്.. നട്ട പാതിരാക്കാ വഴി ചോദിക്കുന്നത്.. “എന്ന് പറഞ്ഞു ഫോൺ വെച്ചു.
രാത്രിയുടെ ഏതോ യാമങ്ങളിൽ ഉറക്കം എന്നേയും കൂടെ കൂട്ടി..
“നിങ്ങളെല്ലാവരും വരണം..എന്ന ശരി ഞാനിറങ്ങാ.. ബാക്കി വീടുകളിലും കയറി പറയണം.”
ഹാളിൽ നിന്ന് ആരോ സംസാരിക്കുന്നത് കേട്ടാണ് എണീക്കുന്നത്..
“ആരാ ഉമ്മ ഇവിടെ വന്നത്.. ”
“ഹാാ.. അത് നമ്മുടെ മൂസാക്കയാ.. ”
“പടച്ചോനേ… സിനൂന്റെ വാപ്പ… ?“മനസ്സില്‍ പറഞ്ഞു
“അല്ല ഉമ്മ.. മൂപ്പരെന്തിനാ ഇങ്ങോട്ട് വന്നത് ”
“മൂപ്പരെ മോള്ടെ കല്യാണമാണ് അടുത്ത വെള്ളിയാളഴ്ച്ച”

ഒരു ഞെട്ടലോടെയാണ് അത് കേട്ടത്.
“എന്താ ഉമ്മ ഇങ്ങള് പറഞ്ഞത് ”
“വന്ന് വന്ന് അനക്ക് ചെവി കേൾക്കാതെയായോ.. സനന്റെ കല്യാണമാണ് എന്നാ ഞാന്‍ പറഞ്ഞത്. അതിന് ഇയ്യെന്തിനാ ബേജാറാവുന്നേ..? ”

“ഒന്നുല്ല ഉമ്മ… ഞാന്‍ വേറെ എന്തോ ആലോചിച്ചതാ”.
********************* *********************
ദിവസങ്ങൾ നിമിഷങ്ങളെ പോൽ കടന്നു പോയി..

ഇന്നാണ് സിനൂന്റെ കല്യാണം.. ഇന്ന് മുതല്‍ അവൾ മറ്റൊരാൾക്ക് സ്വന്തം..

മനസിനെന്തോ ഒരു വിങ്ങൽ.. എന്തോ നഷ്ടപ്പെട്ടത് പോലെ..
ഇന്നീ പന്തലിൽ നിൽക്കുമ്പോ ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോവാ..

കല്യാണ വേശത്തിൽ അവളെ കണ്ടപ്പോ മനസിൽ ആരോ കത്തി കുത്തിയത് പോലെയൊരു വേദന..

അവളുടെ കല്യാണമാണ് എന്ന് പോലും വിശ്വാസിക്കാൻ കഴിയുന്നില്ല..
ഒരു പക്ഷെ അവളുടെ മറവി പടച്ചോന് അവൾക്ക് കൊടുത്ത ഒരു അനുഗ്രഹമാവും…

കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ… ഓരോ ഓർമ്മകളും മുറിവുകൾ മാത്രമൊള്ളൂ സമ്മാനിക്കാറ്…
ഞാന്‍ മനസിലാക്കാതെ പോയ സ്നേഹത്തിന് റബ്ബെനിക്ക് തന്ന ശിക്ഷയാ ഇത്..

അവളുടെ ജീവിതമെങ്കിലും സന്തോഷമുള്ളതാവട്ടെ…ഈയൊരുപ്രാത്ഥന മാത്രമാണ് എനിക്ക് അവൾക്ക് വേണ്ടി ചെയ്യാൻ കഴിയാ..

എന്റെ ജീവിതത്തിലെ നഷ്ടങ്ങളുടെ താളുകളിൽ”അറിയാതെ പോയ ഈ മുഹബ്ബത്തിനെ”ഇന്ന് ഞാന്‍ കുറിച്ച്‌ വെക്കുകയാണ്.. താൻ സ്നേഹിക്കുന്നവളെയല്ല.. തന്നെ സ്നേഹിക്കുന്ന പെണ്ണിനെ നഷ്ടമാകുന്നതാ തീരാനഷ്ടം…
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി..
“സന”…….
******** ******** *********

ആദ്യമായി എഴുതിയതിന്റെ തെറ്റുകൾ ഒരുപാടുണ്ട് എന്നറിയാം. കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ?..