തിരുവട്ടൂർ കോവിലകം 4

തിരുവട്ടൂർ കോവിലകം 4
Story Name : Thiruvattoor Kovilakam Part 4

Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

പൊടുന്നനെ കോവിലകവും പരിസരവും
കൊടുങ്കാറ്റിൽ മൂടപ്പെട്ടു..,
മരങ്ങളിൽ പലതും കടപുഴകി വീഴുമെന്നായി..

കോവിലകത്തിന്റെ നാല് ദിക്കുകളിൽ നിന്നും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആ പ്രദേശത്തെ മുഴുവൻ നായകളും ഒരിയിടുന്നുണ്ട്. ഇരതേടി ഇറങ്ങിയ പാമ്പുകൾ തിരികെ മാളത്തിലേക്ക്
തന്നെ ഊളിയിട്ടു.

മരപ്പൊത്തിലെ മൂങ്ങ കണ്ണ് മിഴിച്ചുകൊണ്ട്
നാല് ദിക്കിലേക്കും നോക്കുന്നുണ്ടായിരുന്നു.
കുളത്തിൽ നിന്നും കരക്ക് കയറിയ കറുത്ത രൂപം ഞൊടിയിടകൊണ്ട് സുന്ദരിയായ ഒരു സ്ത്രീയായി മാറി. അരക്കെട്ടോളം മുടിയും, വെള്ളാരം കണ്ണുകളും,വടിവൊത്ത ശരീരവും ഉള്ള അതി സുന്ദരിയായ ഒരു സ്ത്രീ.

ഈ സമയവും നിർത്താതെ വീശിയടിച്ചുകൊണ്ടിരിക്കുന്ന കാറ്റില്‍ പാലപ്പൂവിന്റെ മണം കോവിലകത്തിന്റെ പരിസരത്താകെ പരന്നൊഴുകി.

അപ്പോഴും നായ്കളുടെ ഓരിയിടലിന് ശക്തി കൂടിക്കൊണ്ടേയിരുന്നു.
ചിലങ്കയണിഞ്ഞ കാല്പാദങ്ങളുമായി
കോവിലകത്തിന്റെ പിന്നിലെ വാതിലിനു മുന്നിലേക്ക് ആ സ്ത്രീ രൂപം നടന്നടുത്തതും, ഒരുവലിയ ഞരക്കത്തോടെ വാതില്‍ തനിയെ രണ്ട് ഭാഗത്തേക്കായി മലർക്കെ തുറന്ന് കിടന്നു.

ആരെയോ ഉന്നം വെച്ചിറങ്ങിയ പരെതാത്മക്കളെ പോലെ അവൾ ഓരോ മുറിയിലും കയറിയിറങ്ങി.
ഒടുവിൽ അവന്തികയുടെ മുറിയിലേക്ക് പതിയെ പ്രവേശിച്ചു. പുറത്ത് നടക്കുന്നതൊന്നും അറിയാതെ അവന്തിക ഗാഢമായ നിദ്രയിലായിരുന്ന അപ്പോള്‍ . ഒരു നിമിഷം അവളെ നോക്കി നിന്ന ശേഷം ആ സ്ത്രീ രൂപം നടുത്തളവും കടന്ന് പൂമുഖത്തേ ആട്ടു കട്ടിലില്‍ കയറിയിരുന്നു.

ആട്ടു കട്ടിലില്‍ ഇരിക്കുന്ന സ്ത്രീ രൂപത്തേ കണ്ടതും ഇര കണ്ട വേട്ട മൃഗങ്ങളെ പോലെ ഡോബർമാൻ നായകൾ രണ്ടും കുരച്ചു കൊണ്ട് കുതിച്ചെത്തി .

വളർത്തു നായകൾ പൂമുഖ മുറ്റത്ത് എത്തിയതും അവളുടെ കണ്ണുകളില്‍ നിന്നും അഗ്നി ചീളുകൾ തെറിച്ചു . പെട്ടെന്ന് ആ സ്ത്രീ രൂപം ഒരു കൂറ്റന്‍ കറുത്ത നായയായി രൂപാന്തരം പ്രാപിച്ച് വളർത്തു നായകളുടെ മേലേക്ക് പേടിപ്പെടുത്തുന്ന ശബ്ദം ഉണ്ടാക്കി കൊണ്ട് ചാടിവീണു.

ക്രമാതീതമായി വളർന്നു നിൽക്കുന്ന ഉളിപ്പല്ലും ശക്തിയും വളർത്തു നായകളേ കടിച്ചു കുടഞ്ഞിട്ടു.

ശൗര്യത്തോടെ പാഞ്ഞു വന്ന വളര്‍ത്തു നായകൾ മോങ്ങിക്കൊണ്ട് തിരിഞ്ഞോടി . പെട്ടെന്ന് ആ കറുത്ത നായ വളര്‍ത്തു നായകൾക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വീണ്ടും അവയെ ആക്രമിക്കാൻ തുടങ്ങി .

നായകളുടെ ദീനരോധനം കേട്ട വാച്ച്മാൻ ഈ സമയം പുറത്തേക്ക് ഇറങ്ങി നോക്കി .
കയ്യിലുള്ള ലൈറ്റ് തെളിച്ചു നോക്കിയ അയാള്‍ കണ്ടത് ആ കറുത്ത നായ വളർത്തു നായകളെ ആക്രമിക്കുന്നതാണ്. തിരിച്ച് കയറി ഒരു വടിയുമായി പുറത്തേക്ക് വന്നു .

ഓടിയടുത്ത ആയാൾ പെട്ടെന്ന് നിന്നു ആ കറുത്ത നായ നിന്ന സ്ഥലത്ത് അതി സുന്ദരിയായ ഒരു സ്ത്രീ രണ്ട് കൈകളിലും ഡോബർമാൻ നായകളെ എടുത്തുയർത്തി തന്റെ അടുത്തേക്ക് വരുന്നു .

വായുവില്‍ ഒന്ന് കറക്കി രണ്ട് നായകളേയും രണ്ട് ഭാഗത്തേക്കായി എറിഞ്ഞു കളഞ്ഞു
ഞെരങ്ങി കരഞ്ഞു കൊണ്ട് വാലും ചുരുട്ടി അവ എങ്ങോട്ടോ ഓടി മറഞ്ഞു .

വാച്ച്മാന്റെ അടുത്തെത്തിയതും ആ സ്ത്രീ രൂപം ഒന്നട്ടഹസിച്ചു . വായിൽ നിന്നും തീ ഗോളങ്ങൾ തുപ്പി വരുന്ന ആ രൂപത്തേ കണ്ട് അയാള്‍ പിന്തിരിഞ്ഞോടാൻ ഒരു ശ്രമം നടത്തി.
അയാള്‍ തിരിഞ്ഞതും ആ സ്ത്രീ രൂപം ദിഗന്ദങ്ങൾ നടുങ്ങുമാറുറക്കേ പൊട്ടിച്ചിരിച്ചുകൊണ്ട് അവിടേയും പ്രത്യക്ഷപ്പെട്ടു. അയാൾക് ചുറ്റിലും അവൾ
ഒരു തീ ഗോളം സൃഷ്ടിച്ചു. അയാളുടെ ഉള്ളില്‍ നിന്നും വന്ന നിലവിളി തൊണ്ടക്കുഴിയിൽ കിടന്ന് പിടഞ്ഞു മരിച്ചു .

എങ്ങോട്ടും ഓടി രക്ഷപ്പെടാൻ കഴിയാതെ
തീഗോളത്തിനുള്ളിൽ കിടന്ന് വാവിട്ട് കരയുന്ന അയാളെ
ഒരു പൂച്ചകുഞ്ഞിനെയെന്നപോലെ തൂക്കി എടുത്ത് ആ സ്ത്രീ രൂപം ഇരുളിലേക്ക് ഊളിയിട്ടു.ക്ഷോഭിച്ചു നിന്നിരുന്ന പ്രകൃതി പെട്ടെന്ന് നിശ്ചലമായി. കാറ്റും മിന്നലും അപ്രത്യക്ഷമായി.

പുറത്ത് നടന്ന കോലാഹലങ്ങളൊന്നും അറിയാതെ കോവിലകത്തുള്ളവർ ഗാഡനിദ്രയിലായിരുന്നു ഈ സമയമെത്രയും.

പുലർക്കാല സൂര്യന്റെ പൊൻകിരണങ്ങൾ കോവിലകത്തിനു മുകളില്‍ തട്ടിയപ്പോഴാണ് അവന്തിക ഉറക്കമുണർന്നത്. അഴിഞ്ഞു കിടുന്ന കേശഭാരങ്ങൾ വാരിക്കെട്ടി അടുക്കളയിലേക്ക് നടന്നു .
അടുക്കളയില്‍ പ്രാതലിനുള്ള വിഭവങ്ങള്‍ ഒരുക്കി കൊണ്ടിരിക്കുന്ന ജോലിക്കാരിയോട് ചോദിച്ചു .

“അമ്മു അച്ഛനും ചാരുവും ഉണർന്നില്ലേ”

“ഉവ്വ്, അവര്‍ പൂമുഖത്തുണ്ട്”

ഒന്ന് മൂളിക്കൊണ്ട് അവന്തിക പൂമുഖത്തേക്ക് നടന്നു . അവള്‍ പൂമുഖത്ത് എത്തിയപ്പോള്‍ അച്ഛനും ചാരുവും ഗെയ്റ്റിൽ നിന്നും നടന്നു വരുന്നത് കണ്ടു .

“എന്താ അച്ഛാ അവിടെ “

“ഒന്നൂല്ല ഗെയ്റ്റ് തുറന്ന് കിടക്കുന്നു . പട്ടിക്കൂടിൽ പട്ടികളേയും കാണാനില്ല “

“ആ വാച്ച്മാനില്ലേ അവിടെ “

“അയാളേയും കാണാനില്ല മോളെ “

“പുറത്തേക്ക് എങ്ങോട്ടെങ്കിലും പോയതാവും”

“എന്നാൽ ആ ഗെയ്റ്റ് അടച്ച് പോയ്ക്കൂടെ”

ചാരു കസേരയില്‍ ഇരിക്കുന്നതിനിടെ കൃഷ്ണന്‍ മേനോന്‍ പറഞ്ഞു .
അച്ഛനും മകളും വീട്ടുകാര്യങ്ങൾ പറഞ്ഞിരിക്കുന്നതിനിടെയാണ് ജോലിക്കാരി അമ്മു നിലവിളിച്ചു കൊണ്ട് അങ്ങോട്ടോടി വന്നത് .

“എന്താ… എന്തു പറ്റി കുട്ടി”

“ദാ … അവിടെ …”

അമ്മു ചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഓടിയെത്തിയ കൃഷ്ണന്‍ മേനോന്‍
“ചതിച്ചല്ലോ ഭഗവതി ” എന്ന് നിലവിളിച്ചു .!!!

( തുടരും ………… )