തിരുവട്ടൂർ കോവിലകം 21

തിരുവട്ടൂർ കോവിലകം 21
Story Name : Thiruvattoor Kovilakam Part 21
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

കിഴക്കൻ മലയിൽ എത്തിയപ്പോൾ ആ പാലമരം അവിടെ കാണുന്നില്ല
പകരം വളർന്നു വരുന്ന റബ്ബർ തൈകൾ കൊണ്ട് അവിടെ എസ്റ്റേറ്റായി രൂപാന്തരം പ്രാപിച്ചിരിന്നു.

അതിനുള്ളിലേക്ക് കയറുന്ന വഴിയിൽ കൂറ്റൻ ഇരുമ്പ് ഗെയ്റ്റിൽ എസ്.എസ് പ്ലാന്റേഷൻ എന്നെഴുതിയിട്ടുണ്ട്.
ഉള്ളിൽ നിന്നും പൂട്ടിയ ഗെയ്റ്റിൽ രണ്ട് മൂന്നു തവണ തട്ടി ശബ്ദമുണ്ടാക്കിയപ്പോൾ അതിന്റെ മധ്യത്തിൽ കെട്ടിയുണ്ടാക്കിയ ഷെഡിൽ നിന്നും ഒരാൾ ഇറങ്ങി വന്നു.

ഗെയിറ്റിനടുത്തെത്തിയ അയാൾ തിരുമേനിയോട് ചോദിച്ചു

“ആരാ?”

“കുറച്ച് ദൂരേന്നാ”

“ഈ എസ്റ്റേറ്റ് ആരുടേതാണ്”

തിരുമേനി അയാളോട് ചോദിച്ചപ്പോൾ

“ഞാൻ ഇവിടെ പുതിയതാ ഇതിന്റെ നോട്ടക്കാരൻ സേവ്യറച്ചായനാ അദ്ദേഹത്തോട് ചോദിച്ചാൽ അറിയാൻ കഴിയും”.

എന്നയാള്‍ മറുപടി പറഞ്ഞു

” അയാളുടെ വീടെവിടെയാണ്”
ഈ മലയിറങ്ങി കാണുന്ന അങ്ങാടിയിൽ ചോദിച്ചാൽ മതി”

“ശരി ഞങ്ങൾ മടങ്ങട്ടെ”

അയാൾ അകത്തേക്ക് കയറി പോയി.

മലയിറങ്ങിയെത്തിയ ആ ചെറിയ അങ്ങാടിയിലുള്ള ഒരു കടയില്‍ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട് പറഞ്ഞു തന്നു.

രണ്ട് വളവ് തിരിഞ്ഞതും ആ കടക്കാരന്‍ പറഞ്ഞ കുരിശടിക്കെതിർവശത്തായി വെള്ള ചായം പൂശിയ വീട് കണ്ടു.
തിരുമേനി വണ്ടിയിൽ നിന്നും ഇറങ്ങി സേവ്യറിന്റെ വീട്ടിലേക്ക് നടന്നു ചെന്നു.ബെല്ലമർത്തിയതും മധ്യവയസക്നായ ഒരാൾ വന്ന് വാതിൽ തുറന്നു.

“ആരാ”

“ഞാൻ മൂത്തടം തിരുമേനി”

“തിരുമേനിയോ”

അയാൾ അദ്ഭുതത്തോടെ ചോദിച്ചു.

“കയറി വരൂ അകത്തേക്കിരിക്കാം കുടിക്കാൻ എന്താ വേണ്ടത്”

അയാൾ ചോദിച്ചു.

മഹാമാന്ത്രികനാണ് തന്റെ വീടു തേടി വന്നിരിക്കുന്നത്.

“ഇപ്പോൾ ഒന്നും വേണ്ട” ഞാനൊരു കാര്യമറിയാനാണ് വന്നത്.

തിരുമേനി സോഫയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

“എന്താണ് തിരുമേനിക്കെന്നിൽ നിന്നുമറിയേണ്ടത് ചോദിച്ചോളൂ”

“കിഴക്കൻ മലയിലെ നിങ്ങൾ നോക്കി നടത്തുന്ന എസ്റ്റേറ്റ് ആരുടേതാണ്?

” അത് എസ്.എസ് ബിൽഡേഴ്സ് ഉടമ ശ്യാം സുന്ദർ സാറിന്റെ ഭാര്യുടെ പേരിലുള്ളതാണ്.എന്തേ തിരുമേനി എന്തെങ്കിലും പ്രശ്നം”

“പറയാം”

“അവരിവിടെ വന്നിട്ടുണ്ടോ?

“ഒരു തവണ വന്നിട്ടുണ്ട് അവരുടെ പേരിൽ പ്രമാണം തീറാക്കിയതിന് ശേഷം”

“ഒന്ന് വിശദമായി പറയാമോ?

“പറയാം”

ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം സേവ്യർ പറഞ്ഞു തുടങ്ങി.

വാര്യർ മുഖേന ഞാനാണ് ഈ എസ്റ്റേറ്റ് ശ്യാം സാറിന് വാങ്ങി കൊടുത്തത്.അന്ന് അവിടെ നിറച്ചും മരങ്ങളായിരുന്നു.ഏതോ കോവിലകം വകയായിരുന്നു ആ സ്ഥലം.പ്രമാണം തീറാക്കി റബർ വെയ്ക്കാൻ എന്നെ ഏൽപ്പിച്ചിട്ട് അതിനുള്ള ചെക്കും തന്നാണ് ശ്യാം സാറ് പോയത്.

എല്ലാ കാര്യങ്ങളും തുടർന്നും എന്നോട് തന്നെ നോക്കാനും പറഞ്ഞേൽപ്പിച്ചിരുന്നു.

റബർ വെയ്ക്കുന്നതിന് മരങ്ങളെല്ലാം മുറിച്ച് മാറ്റുന്ന ദിവസം ശ്യാം സാറേൽപിച്ച കാശ് തീർന്നതു കൊണ്ടാണ് ഞാൻ വാര്യർ സാറിനെ വിളിച്ചത്.ശ്യാം സാർ സ്ഥലത്തുണ്ടായിരുന്നില്ല.അതാണ് വാര്യർ സാറിനെ വിളിക്കാൻ കാരണം.പക്ഷേ വാര്യർ സാറന്ന് തിരുപ്പതിയിൽ പോയിരുന്നു.സാറാണ് മാഡത്തിനോട് വിളിച്ച് പറയാൻ പറഞ്ഞ് മാഡത്തിന്റെ നമ്പർ തന്നത് അങ്ങനെയാണ് ഞാൻ മാഡത്തിനെ വിളിക്കുന്നത് .

ഞാൻ ചെക്ക് കൊണ്ട് വന്ന് തരാം സ്ഥലമൊന്ന് കാണുകയും ചെയ്യാമല്ലൊ എന്ന് മാഡം എന്നോട് പറഞ്ഞു .ഉച്ചയോടടുത്ത സമയമാണ് മാഡമിവിടെ എത്തിയത്. മാഡം എസ്റ്റേറ്റിൽ എത്തുമ്പോൾ ഞാൻ പണിക്കാരുമായി വാക്കു തർക്കത്തിലായിരുന്നു.
അപ്പോൾ അങ്ങോട്ട് വന്ന മാഡം ചോദിച്ചു

“എന്താ പ്രശ്നം?”

അപ്പോൾ മരം വെട്ടുകാരുടെ മേസ്ത്രി പറഞ്ഞു

“മാഡം ആ നിൽക്കുന്ന പാലമരം കണ്ടില്ലേ അത് വെട്ടാൻ പറ്റില്ല എന്ന് പറഞ്ഞതാണ്.അതിൽ ഒരു സ്ത്രീ രൂപം തറച്ചിട്ടുണ്ട്.

“എവിടെ ഞാനൊന്ന് നോക്കട്ടെ”

മാഡം ആ പാലമരത്തിനടുത്തേക്ക് ചെന്നു.ആ പാലമരത്തിൽ നെഞ്ചിൽ ആണി തറച്ച സ്ത്രീ രൂപമുണ്ടായിരുന്നു. പാലമരം വെട്ടാതെ റബറിന് കുഴിവെട്ടിനും ഒക്കുമായിരുന്നില്ല

മരത്തിനടുത്തെത്തിയ മാഡം ആ സ്ത്രീ രൂപം നോക്കി കൊണ്ട് പറഞ്ഞു.

“നിങ്ങളൊക്കെ ഏത് യുഗത്തിലാ ജീവിക്കുന്നത് ആരോ പണ്ടെങ്ങോ തറച്ച ഒരു രൂപം അതിന്റെ ഫലമെല്ലാം പോയിട്ടുണ്ടാകും ആ മരം അങ്ങ് വെട്ടി മാറ്റൂ”.

കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുത്തൻ മുന്നോട്ട് വന്നു പാല മരത്തില്‍ കയറി അതിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി.

കോടാലി മരത്തിൽ വീണതും പ്രകൃതി ഇളകിയാടാൻ തുടങ്ങി ഈ സമയമെത്രയും ഞാനും മാഡവും താഴെ കാറിനരികെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പാലമരം നിലം പൊത്തിയതും പിന്നീട് അവിടെ നടന്ന സംഭവങ്ങൾ ഞങ്ങളെ എല്ലാവരെയും പേടിപ്പെടുത്തി.
സേവ്യർ അത് പറഞ്ഞു നിർത്തുമ്പോൾ അന്നത്തെ സംഭവം അയാളുടെ കണ്ണിനു മുന്നിൽ കണ്ട പോലെ ഒരു ഭയം അയാളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.

(തുടരും…….)