പ്രേതം

പ്രേതം | Pretham
Author : Sanal SBT

സർ,
എന്താ വിളിപ്പിച്ചത്?

ആ സനൽ നീ നാളെ കോട്ടയത്ത് പോണം.

കോട്ടയത്തോ? അതിന് drawing ഒന്നും ശരിയായിട്ടില്ല.

അതല്ല ഇത് വെറെ ഒരു വർക്കാണ് സ്വാമിയുടെ പഴയ ഒരു ഫ്ലാറ്റ് അത് ഇപ്പോൾ ഒരു പത്ത് വർഷം ആയി പൂട്ടിക്കിടക്കുകയാണ് അതൊന്ന് നമ്മൾ ചെയ്തു കൊടുക്കണം.

അല്ല സർ ഈ drawing ഒന്നും ഇല്ലാതെ എങ്ങനെയാണ്.

പത്ത് വർഷം മുൻപ് ഉള്ളതാണ് drawing ഒന്നും ഇല്ല നീ പോയി അതൊക്കെ ഒന്ന് നോക്കിയിട്ട് നന്മുടെ ഇലക്ട്രിക്കൽ ഒരു drawing ഉണ്ടാക്ക് എന്നിട്ട് വേണം വർക്ക് തുടങ്ങാൻ. പഴയ കെട്ടിടമല്ലേ നാട്ടുകാർ വയറ് മുതൽ പാനൽ ബോർഡ് മുതൽ അടിച്ചു കൊണ്ടുപോയി.

സർ ഒരു ദിവസം കൊണ്ട് നടക്കില്ല’

കുഴപ്പമില്ല രണ്ട് മൂന്ന് ദിവസം എടുത്തോ കൂടെ നന്മുടെ അനീഷിനേയും കൊണ്ടു പോയ്ക്കോ നിങ്ങൾ പിന്നെ ചങ്കുകൾ അല്ലേ. ആ പിന്നെ താമസം സ്വാമി ശരിയാക്കിത്തരും.

ഉം. ശരി സർ.

ടാ എല്ലാം എടുത്ത് വെച്ചോ ഒരു 4 ദിവസത്തിന് ഉള്ളത്.

ആ എടുത്തു രാവിലെ നേരത്തെ പോണം വൈറ്റില ഹബ്ബിൽ നിന്നും 6 മണിക്ക് ആൻമരിയ ഒരു ബസ് ഉണ്ട് അതിൽ പോകാം

ഉം. ശരിടാ എന്നാൽ നേരത്തെ കിടക്കാം രാവിലെ എണീക്കണ്ടേ.

ആ ശരി.

സമയം രാവിലെ എട്ട് മണി കോട്ടയം തിരുനക്കര ബസ് സ്റ്റാന്റ്

നീ ആസ്വാമിയെ ഒന്ന് വിളിച്ച് നോക്ക്

ആ ഇപ്പോൾ വിളിക്കാടാ.

സർ, ഞാൻ സനൽ electro connection ൽ നിന്നുമാണ് എർണാകുളം .എങ്ങനെയാണ് അങ്ങോട്ട് വരേണ്ടത്.

ഹായ് സനൽ വേണു പറഞ്ഞ ഡിസൈനർ അല്ലേ?

അതെ സർ

ഒരു 5 മിനിറ്റ് ഞാൻ ഇപ്പോൾ അവിടെ എത്താം .

ശരി സർ

എന്താടാ അയാള് പറഞ്ഞത്.

ഇപ്പോ വരും വാ ഒരു ചായ കുടിക്കാം.

അൽപസമയത്തിന് ശേഷം ഒരു കാറ് വന്ന് നിന്നു .

സനൽ ഇതല്ലേ?

അതെ സർ.

കയറൂ സൈറ്റിലേക്ക് പോകാം.

ശരി. സർ.

ഇതാണ് നന്മുടെ സ്ഥലം ഈ ഫ്ലാറ്റാണ് നിങ്ങൾ ചെയ്യേണ്ടത് ഇവിടുത്തെ ഇലക്ട്രിക്കൽ പരിപാടി ചെയ്തിട്ട് വേണം ബാക്കി എല്ലാം ചെയ്യാൻ.

സർ, ഇത് ആകെ കാടുപിടിച്ച് കിടക്കുകയാണല്ലോ?

അത് ഇപ്പോൾ തന്നെ ശരിയാക്കാം രണ്ട് പേരെ പറഞ്ഞ് ഏർപ്പാടാക്കിയിട്ടുണ്ട്.

ഉം ശരി സർ

എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി

സർ താമസം ഒക്കെ എവിടെയാണ്?

ഇവിടെ താമസിച്ചോളൂ അപ്പുറത്തെ ഗോഡൗണിൽ ബാത്ത്റും ഉണ്ട്.

ഇവിടേയോ?

ആ ഇവിടെ അതിനെന്താ കുഴപ്പം.

ഞങ്ങൾ ആ കെട്ടിടം അടിമുടി ഒന്നു നോക്കി കഴിഞ്ഞ പത്തു വർഷമായി ഒരു മനുഷ്യൻ പോലും താമസമില്ലാത്ത ഒരു ശവക്കോട്ട ആകെയുള്ള സമാധാനം തൊട്ടടുത്ത് കാണുന്ന കെട്ടിടം ബീവറേജസ് കോർപറേഷനാണ് രണ്ടും കൽപിച്ച് ഞങ്ങൾ അവിടെ താമസിക്കാൻ തീരുമാനിച്ചു.

ടാ ആദ്യം നീ പോയി രണ്ട് ട്യൂബ് ലൈറ്റ് റെഡിയാക്ക് നല്ലൊരു മുറി തപ്പിടെയുക്കാം.

അങ്ങിനെയാണേൽ ഈ മുറി മതി ഇതാവുമ്പോൾ ജനൽ തുറന്നാൽ അടുത്തുള്ള കോളനി കാണാം.

എന്നാൽ ഇതുമതി പക്ഷേ എവിടെ കിടക്കും ഈ കട്ടിലിൽ എന്താടാ ഒരു രക്തക്കറ പൊലെ

ഈ കട്ടിൽ പുറത്തിടാം അപ്പുറത്തെ റൂമിൽ നിന്ന് രണ്ട് കട്ടിൽ കൊണ്ടുവന്നിട്ടാൽ പോരെ?

അതു ശരിയാണ്.പിന്നെ നീ പോയി ആദ്യം സാധനം മേടിച്ചോണ്ട് വായോ?

ഏതാ എം സിയോ ഹണീ ബിയോ?

ഹണീബി മതി അര ലിറ്റർ മേടിച്ചോ പിന്നെ ഗ്ലാസ് വെള്ളം ടെച്ചിംങ്ങ്സ് അത് മറക്കണ്ട ?

വൈകുന്നേരം ഒരു ഏഴ് മണി ഞങ്ങൾ രണ്ടു പേരും അടി തുടങ്ങി പഴയ കാര്യങ്ങൾ ഒക്കെ സംസാരിച്ച് സമയം പോയതറിഞ്ഞില്ല.

അനീഷേ വിശക്കുന്നുണ്ടെടാ.

വാ പോയി കഴിക്കാം

അതിന് പുറത്ത് നല്ല മഴയാടാ

അത് തോർന്നിട്ട് പോകാം നീ ബാക്കി കൂടെ ഒഴിക്ക്.

ഉം ശരി.

മഴ മാറിയില്ല അതുകൊണ്ട് ഞങ്ങൾ രാത്രി ഭക്ഷണം കഴിക്കാൻ അന്ന് പുറത്ത് പോയില്ല ഉറങ്ങാൻ തീരുമാനിച്ചു.

കുട്ടാ ലൈറ്റ് ഓഫ് ചെയ്യണ്ട എനിക്ക് പേടിയാ ടാ

ഒന്നു പോയേ ടാ എനിക്ക് ലൈറ്റ് ഓഫ് ചെയ്യാതെ ഉറക്കം വരില്ല

ഞാൻ ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. ഒരു 10 മിനിറ്റ് കഴിഞ്ഞു എങ്ങും കനത്ത നിശബ്ദത.

അനീഷേ നീ ഉറങ്ങിയോ ?

ഇല്ലെടാ ഉറക്കം വരുന്നില്ല.

എന്റെ വലതുകാലിന് എന്തോ ഭയങ്കര പെരുപ്പ് പൊലെ

അത് കാല് തരിച്ചതാവും

അല്ലെടാ ശരിക്കും എന്തോ പൊലെ

നീ പേടിപ്പിക്കാണ്ട് കിടന്നേ

ഞാൻ പാതി മയക്കത്തിലേക്ക് വഴുതി വീണു.

കുട്ടാ ഡാ കുട്ടാ

എന്താടാ

ഒരു ഒരു ശബ്ദം കേട്ടോ?

എന്ത് ശബ്ദം

ആരോ സ്റ്റെപ്പ് കയറി വരുന്നുണ്ട്

ഞാൻ എന്റെ കാതുകൾ കൂർപ്പിച്ചു. ശരിയാണ് ആ ശബ്ദം ഇങ്ങ് അടുത്തെത്തി. കുടിച്ച കള്ള് മുഴുവൻ ഒറ്റനിമിഷത്തിൽ ഇറങ്ങിപ്പോയി. എന്റെ തൊണ്ട വരണ്ടതു പൊലെ ആയി. ഒടുവിൽ ആ കാലൊച്ച ഞങ്ങളുടെ റൂമിന്റെ മുന്നിൽ വന്ന് അവസാനിച്ചു.അപ്പോഴേക്കും ഒരു കട്ടിലും ഒരു പുതപ്പിന്റെ അടിയിലായി ഞങ്ങൾ. എന്റെ ധൈര്യമാണ് അവന്റെ ശക്തി ഞാൻ ഒന്നും മിണ്ടിയില്ല പയ്യേ എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തു.

അനീഷേ കറന്റ് പോയെടാ

നാശം കറൻറ് പോകാൻ കണ്ട സമയം.

നീ ആ ജനലിലേക്ക് നോക്കിയോ അവിടെ ആരോ ഉണ്ട്

കുട്ടാ സത്യം പറ നിനക്ക് കാണാൻ ഉണ്ടോ?

ഇല്ലെടാ ഞാൻ ചുമ്മാ പറഞ്ഞതാ.

പക്ഷേ ഞാൻ കണ്ടത് എന്താണെന്ന് എനിക്കും വലിയ രൂപമില്ല.

വീണ്ടും കണ്ണുകൾ അടച്ച് ഞങ്ങൾ കിടന്നു. സാധാരണ കടവാവലുകളുടെ ശബ്ദം ആണ് കേൾക്കാറുള്ളത് പക്ഷേ അന്ന് അവിടെ കേട്ടത് മുഴുവൻ പ്രാവിന്റെ കുറുകൽ ആയിരുന്നു.

രാവിലെ അനീഷിന്റെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.

കുട്ടാ എണീക്ക് നീ റൂമിന്റെ പുറത്ത് വന്നു നോക്കിയെ.

എന്താ ഇത്.

നോക്കട ഒരു പ്രാവിനെ ആരോ കൊന്നിട്ടിരിക്കുന്നു.

വല്ല പൂച്ചയോ മറ്റോ പിടിച്ചതാവും.

പൂച്ച പിന്നെ എന്തിനാ ഈ പ്രാവിന്റെ ചോര ഭിത്തിയിൽ തേച്ചിരിക്കുന്നത്. അതും ഒരാള് ഹൈറ്റിൽ?

ഇവിടെ എന്തോക്കെയോ നടക്കുന്നുണ്ട്?

വാടാ നന്മക്ക് പോകാം ഈ സ്ഥലം അത്ര ശരിയല്ല.

നിക്ക് ഞാനൊരു കാര്യം പറയാം ഏത് നാടിന്റെയും ആദ്യത്തെ ന്യൂസ് ചാനൽ അവിടുത്തെ ചായക്കടയാണ് നമ്മുക്ക് അടുത്തുള്ള ചായക്കട തപ്പാം വാ എന്തേലും ന്യൂസ് കിട്ടാതിരിക്കില്ല.

വാ എന്നാൽ പോയി നോക്കാം.

ആ ചേട്ടാ രണ്ട് ചായ

കടുപ്പം വേണോ?

വേണ്ട നോർമൽ മതി

നിങ്ങളെ ഇവിടെ കണ്ടിട്ടില്ലല്ലോ.

ഞങ്ങൾ ആ സ്വാമിയുടെ പഴയ ഫ്ലാറ്റിൽ വർക്ക് ചെയ്യാൻ വന്നതാ.

ആ അത് നിങ്ങളാണോ?

അതെ ചേട്ടാ

അപ്പോൾ താമസം എവിടാ ?

അവിടെ തന്നെ

അതിന്റെ അകത്തോ?

അ അതെ എന്താ ചേട്ടാ

ഞാനൊന്നും പറയുന്നില്ല പൊന്നു മക്കളെ

ചേട്ടൻ കാര്യം പറ എന്തേലും പ്രശ്നം ഉണ്ടോ?

നിങ്ങളുടെ നാട് എവിടാ ?

മലപ്പുറം ജോലി ചെയ്യുന്ന കമ്പനി എർണാംകുളം

വെറുതെ അല്ല പൊന്നുമോനെ ശവക്കോട്ട ആണ് അത് ശവക്കോട്ട ഈ ഫ്ലാറ്റ് പണിയുന്ന സമയത്ത് ഒരു തമിഴൻ മുകളിൽ നിന്ന് വീണു മരിച്ചു. എന്നിട്ട് കുറെ കാലം പണി നിർത്തിവെച്ചു.പിന്നെ ഒരു പെണ്ണിനെ ആരാണ്ടൊക്കെ അതിനുള്ളിൽ കൊണ്ടുവന്ന് പീഡിപ്പിച്ച് കൊന്നു കേസും കൂട്ടവുമായി കുറെ അങ്ങിനെ കിടന്നു. അവസാനം ഒരു ഭിക്ഷക്കാരൻ അതിനുള്ളിൽ കിടന്നു മരിച്ചു . ആറാം ദിവസം ശവം അഴുകി നാറ്റം തുടങ്ങിയപ്പോഴാണ് നാട്ടുകാർ അറിയുന്നത്. ഇങ്ങനെ മരണം നടന്ന ശവക്കോട്ട ആണ് അത്.പിന്നീട് കുറെ കാലം അങ്ങിനെ കിടന്നു ബോട്ട് ജെട്ടി ഇവിടേ നിന്നും മാറ്റിയപ്പോൾ സ്വാമി അങ്ങോട്ട് തിരിഞ്ഞ് നോക്കാതായി അങ്ങിനെ കിടന്ന് നശിച്ചതാണ് അത്.

ഇത്രയും പറഞ്ഞ് കേട്ടപ്പോഴേക്കും ഞങ്ങൾ ഇടിവെട്ടെറ്റ പൊലെയായി.

ഇന്നലെ അവിടെ ആണ് കിടന്നത് എന്ന് ഓർത്തപ്പോൾ ദേഹമാസകലം ഒരു കോരിത്തരിപ്പ് തോന്നി.

സ്വാമി നിങ്ങളെ ചതിച്ചതാ അവിടെ ആൾ താമസം ഉണ്ട് കുഴപ്പം ഒന്നും ഇല്ലാ എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താൻ നിങ്ങള് വേണമെങ്കിൽ രക്ഷപ്പെട്ടോ മക്കളെ .

ഇത്ര കൂടിയായപ്പോൾ എന്റെ ചങ്കിടിപ്പ് കൂടി .

പതിയെ ചായയുടെ കാശ് കൊടുത്ത് അവിടെ നിന്നും ഞങൾ ഇറങ്ങി.

കുട്ടാ നന്മൾ വിചാരിച്ച പൊലെ അല്ല കാര്യങ്ങൾ നന്മുക്ക് തിരിച്ച് പോകാടാ.

ഇതൊക്കെ സാറ് പറഞ്ഞാൽ വിശ്വസിക്കുമോടാ’

പിന്നെ എന്താ ചെയ്യുക.

ഒരു കാര്യം ഉണ്ടെടാ

എന്ത് കാര്യം

പുളളി കുറെ ഒക്കെ തള്ളിയതാണോ എന്നൊരു സംശയം.

ഹേയ് അയാൾക്ക് നന്മളെ ഇവിടെ നിന്നും ഓടിച്ചിട്ട് എന്താ നേട്ടം.

അതെല്ലെടാ വർഷങ്ങളായി പൂട്ടി കിടക്കുന്ന ഒരു കെട്ടിടം അത് കൈവിട്ടു പോയാൽ മറ്റ് പലർക്കും ചില നഷ്ട്ടങ്ങൾ സംഭവിച്ചാലോ?

നീ ഒന്ന് തെളിയിച്ച് പറ

നീ അപ്പുറത്തെ ആ കോളനി കണ്ടോ. പലരുടെയും വിഹാരകേന്ദ്രമായിരിക്കും അത് അപ്പോൾ അത് പെട്ടെന്ന് നഷ്ട്ടപ്പെട്ടാൽ ചിലർക്ക് ചൊറിയില്ലേ?

അതിന് ഇവിടെ എന്ത് നടത്താനാ

കോട്ടയം സിറ്റിയിൽ നിന്ന് അധികം ദൂരം ഇല്ല ഇവിടേക്ക് ഇവിടെ എന്തേലും നടത്താനാണോ പാട്.

നീ പറഞ്ഞത് ശരിയാണെങ്കിൽ ഇന്നലെ നന്മളെ പേടിപ്പിക്കാൻ മനപൂർവ്വം ചെയ്തതാവുമോ അത് .

അതിനും സാധ്യത കുറവാണ്. കാരണം മെയിൽ ഷട്ടർ തുറക്കാതെ ആർക്കും അകത്ത് കടക്കാൻ പറ്റില്ല.

പിന്നെ എങ്ങനെ അത് സംഭവിച്ചു.

അതാ പറഞ്ഞേ ഇന്ന് കൂടി നന്മുക്ക് നോക്കാം എന്ന്.

ടാ കുട്ടാ അത് വേണോ? എനിക്ക് അയാൾ പറഞ്ഞത് കേട്ടിട്ട് പേടിയാകുന്നുണ്ട്.

ഇല്ലെടാ ഇന്നു കൂടി നോക്കാം.

ശരി നീ ഉള്ള ഒറ്റ ധൈര്യത്തിലാണ് ഞാൻ.

നീ പേടിക്കല്ലേ ഇന്ന് എന്താ സംഭവം എന്ന് നമുക്ക് നോക്കാം.

മനസ്സിൽ പേടി ഉണ്ടെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല. രണ്ടു പേരും നേരം ഇരുട്ടാൻ കാത്തിരുന്നു.

സമയം ഏകദേശം 12 മണി കഴിഞ്ഞു.ജനാലിലൂടെ അപ്പുറത്തെ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചം റൂമിൽ അലയടിച്ചു.

പെട്ടെന്നാണ് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടത് ഞങ്ങൾ ഞെട്ടി ഉണർന്നു.

ഡാ കുട്ടാ സത്യമാണ് ഇവിടെ പ്രേതം ഉണ്ടെടാ.

നീ കരച്ചിൽ കേട്ടില്ലേ

ഉം കേട്ടു

ഈ പ്രേതം ഉണ്ടോ ടാ

നിനക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടോ?

ഉണ്ട്.

അപ്പോൾ പ്രേതത്തേയും വിശ്വസിക്കണം.

അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആത്മാക്കൾക്ക് നമ്മോട് എന്തോ പറയാനുണ്ട് അത് പ്രകടിപ്പിക്കുന്ന വിധം ഇങ്ങനെയാണെന്ന് മാത്രം.

ഡാ പിന്നേം കേട്ടോ നീ ആ കരച്ചിൽ

ഉം. ഞാൻ പയ്യേ എഴുന്നേറ്റ് ആ ജനവാതിൽ തുറന്നു.അനീഷേ ഇപ്പോ മനസ്സിലായോ ആ കരച്ചിൽ എവിടുന്നാണെന്ന്.

അവൻ പയ്യേ എഴുന്നേറ്റ് വന്ന് എന്നെയും അപ്പുറത്തെ കോളനിയിലേക്കും ഒരു ജാള്യതയോടെ നോക്കി.

ശ്ശേ ടി വി യിൽ നിന്നായിരുന്നു ല്ലേ.ഞാൻ ഒന്ന് പേടിച്ചു.

ഒന്ന് പോടാ ഇവിടെ ഈ പ്രേതവും മണ്ണാങ്കട്ടയും ഒന്നും ഇല്ലെടാ

അപ്പോൾ ഇന്നലെ കേട്ട തോ?

അതോ. ഇന്നലെ വന്ന് കേറിയപ്പോൾ തന്നെ നമ്മുടെ രണ്ട് പേരുടെയും ചിന്ത ഇതായിരുന്നു അത് കൊണ്ടാണ് അങ്ങിനെ തോന്നിയത് . നന്മൾ എന്താണോ കൂടുതൽ ചിന്തിക്കുന്നത് അത് മനസ്സ് അത് കണ്ടെത്താൻ ശ്രമിക്കും അത്രള്ളൂ.

അപ്പോൾ ഇവിടെ കുഴപ്പം ഒന്നും ഇല്ലാല്ലേ.

ഇല്ലെടാ അതൊക്കെ വെറും തോന്നലാ.

വാ എന്നാൽ കിടക്കാം സമയം ഒരു മണികഴിഞ്ഞു. നാളെ മുതൽ വർക്ക് തുടങ്ങണം.

ആ കിടക്കാം.

കിടന്ന് ഒരു അര മണിക്കൂറിന് ശേഷം വീണ്ടും ആ കാലടി ശബ്ദം ഞമുടെ മുറിയിന്റെ മുന്നിൽ വന്ന് നിന്നു.
ഞാൻ നോക്കിയപ്പോൾ അവൻ നല്ല ഉറക്കമാണ്. ഞാൻ മനസ്സില്ലാ മനസ്സോടെ പയ്യേ എണീക്കാൻ ശ്രമിച്ചു. എനിക്ക് കഴിയുന്നില്ല.

പെട്ടെന്നാണ് ഒരു മുത്തശ്ശി വാതിൽ തുറന്ന് വന്നത്. വെള്ള വേഷ്ടിയും മുണ്ടും നെറ്റി നിറയെ ഭസ്മം തൂവെള്ള മുടി മോണകാട്ടിയുള്ള ചിരി. മുത്തശ്ശി എന്റെ അടുത്ത് വന്നു.

മോൻപേടിക്കണ്ടാട്ടോ ഉറക്കം വരുന്നില്ലേ?

ഞാൻ ആ നക്ഷത്ര കണ്ണുകളിലേക്ക് തന്നെ നോക്കി എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല.

മുത്തശ്ശി എന്റെ തലമടിയിൽ വെച്ചു. പയ്യേ എന്റെ മുടിയിഴകൾ തലോടി എന്റെ കണ്ണുകൾ പയ്യേ അടഞ്ഞു ഞാൻ സുഖമായൊരു നിദ്രയിലേക്ക് വഴുതി വീണു.

രചന: സനൽ SBT