താരയുടെ പാവക്കുട്ടി

താരയുടെ പാവക്കുട്ടി
Tharayude Pavakkutty Author : Anish
ട്രെയിനിലിരിക്കുമ്പോള്‍ താര ഒരല്‍പം ടെന്‍ഷനിലായിരുന്നു. അവള്‍ ഇടയ്ക്കിടെ പുറത്തേക്ക് നോക്കും.പിന്നെ ഫോണില്‍ വാട്ട്സാപ്പ് തുറന്നു നോക്കും.ട്രെയിനിലായത് കൊണ്ട് മൊബൈലില്‍ പലപ്പോഴും സിഗ്നല്‍ കാണിച്ചില്ല.പിന്നെ ബാഗ് തുറക്കും .അതില്‍നിന്ന് ഒരു വനിതാ മാസിക എടുത്തു തുറന്നു പേജുകള്‍ മറിക്കും.പിന്നെ തിരികെവയ്ക്കും.ഇതിനിടയില്‍ ചുറ്റുമുള്ള യാത്രക്കാരെ വെറുതെ അവരറിയാതെ ശ്രദ്ധിക്കും.

താരക്ക് മുപ്പത്തഞ്ചു വയസ്സ് കഴിഞ്ഞു.വയലറ്റ് ബോര്‍ഡര്‍ ഉള്ള, നീലയില്‍ വലിയ കറുത്ത പൊട്ടുകള്‍ വിതറിയ ഒരു ജ്യൂട്ട് സാരിയാണ് അവള്‍ ധരിച്ചിരിക്കുന്നത്‌.തലമുടി ഉയര്‍ത്തിക്കെട്ടിയിരിക്കുന്നു.തീരെ കട്ടികുറഞ്ഞ ഇളം ഗോള്‍ഡ്‌ കളര്‍ ഫ്രെയിം ഉള്ള കണ്ണാടിയില്‍ അവളുടെ ബുദ്ധി മയങ്ങന്ന കണ്ണുകള്‍ സുരക്ഷിതമാണ്.ഒരേ സമയം ഒരു ബുദ്ധിജീവിയുടെയും അതെ സമയം ഒരു ചിന്തകയുടെയും രൂപം.നിങ്ങള്‍ താരയെ കണ്ടാല്‍ അങ്ങോട്ട്‌ കയറി മിണ്ടില്ല.മുല്ലപ്പൂ സ്പ്രേ പൂശിയ സുന്ദരിയായ ഒരു ടീച്ചര്‍ തന്റെ സമീപം നിന്ന് സംശയം തീര്‍ത്തുതരുമ്പോള്‍ ,ബഹുമാനവും ,തിരിച്ചറിയാന്‍ കഴിയാത്ത അഭിനിവേശവും കൂടിക്കുഴഞ്ഞു ഒരു കൗമാരക്കാരന്റെ നെഞ്ചിടിക്കുന്നത് പോലെ നിങ്ങളുടെ നെഞ്ചിടിക്കാന്‍ സാധ്യതയുണ്ട്.

അവള്‍ അവിവാഹിതയാണ്.ഇതിനുമുന്‍പ് പല ആവശ്യങ്ങള്‍ക്കും ,തനിച്ചു പലയിടങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഈ യാത്രയില്‍ അവള്‍ക്ക് ഒരു ചെറിയ ടെന്‍ഷന്‍ ഉണ്ടെന്നുള്ളത് സത്യമാണ്.ഇതിനു മുന്‍പ് നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനെ ആദ്യമായി കാണാന്‍ പോകുന്നു.പിന്നെ അയാളുടെ കൂടെ,അയാളുടെ സ്ഥലത്തേക്ക് ഒരു യാത്ര പോകുന്നു.

പാവകള്‍.

പാവകളെ തിരഞ്ഞാണ്,താര കൂടുതലും യാത്ര ചെയ്തിടുള്ളത്.അത് അവളുടെ ഹോബിയാണ്.നഗരത്തിലെ ,അവള്‍ തനിച്ചു കഴിയുന്ന ഫ്ലാറ്റിലെ മുറികള്‍ വിവിധതരം പാവകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

പല നിറത്തില്‍ .പല ആകൃതിയില്‍.പെണ്‍പാവകളും.ആണ്‍ പാവകളും.

ട്രെയിന്‍ കോട്ടയത്ത് എത്തി എന്ന അറിയിപ്പ് വന്നു.അവള്‍ സ്റ്റേഷനില്‍ ഇറങ്ങി.മൊബൈല്‍ ഫോണ്‍ തുറന്നു നോക്കി.
വാട്സാപില്‍ അയാളുടെ ചിരിക്കുന്ന സെല്‍ഫി .ഒപ്പം “ഞാന്‍ വെളിയില്‍ നില്‍പ്പുണ്ട് “എന്ന മെസേജും.
അവള്‍ ധൃതിയില്‍ നടന്നു.വെളിയില്‍ അയാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.സെല്‍ഫി ഉണ്ടായിരുന്നത് കൊണ്ട് ആളെ മനസ്സിലാക്കാന്‍ വിഷമം ഉണ്ടായില്ല.
ക്രീം കളര്‍ പാന്റ്.വെളുത്ത ലിനന്‍ ഷര്‍ട്ട്.മധ്യവയസ്ക്കന്‍.നരച്ച ബുള്‍ഗാന്‍ താടിയില്‍ അയാള്‍ക്ക് ചെറുപ്പം തോന്നിച്ചു.
രണ്ടുപേരും പരസ്പരം നോക്കിചിരിച്ചു.അയാള്‍ ഷേക്ക് ഹാന്‍ഡിനായി കൈനീട്ടി.

“താര ,ഞാന്‍ ഐസക്ക്.നമ്മള്‍ ഒരുപാട് ചാറ്റ് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി നേരിട്ട് കാണുകയല്ലേ .ഫോര്‍മാലിറ്റി കീപ്‌ ചെയ്തേക്കാം.”

ഐസക് സെബാസ്റ്റ്യന്‍.അയാളുടെ വിരലുകള്‍ മൃദുവായി താരക്ക് തോന്നി.

“താരക്ക് വിശക്കുന്നുണ്ടാവും.സ്റ്റേഷന് വെളിയില്‍ ഒരു ഉഡുപ്പി ഹോട്ടലുണ്ട്.നല്ല രുചിയുള്ള ഉപ്പുമാവ്,മസാലദോശ…ഒക്കെയുണ്ട്.നമ്മുക്ക് കഴിച്ചിട്ട് പോകാം.”

ഹോട്ടലില്‍ ആഹാരം കഴിക്കുന്നതിനിടയില്‍ രണ്ടുപേരും ചിരകാലസുഹൃത്തുക്കളെ പോലെ സംസാരിക്കാന്‍ തുടങ്ങിയിരിന്നു.അല്ലെങ്കിലും നേരിട്ട് കാണാതെ രണ്ടുപേരും എന്നേ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.

ഒരു പാവയുടെ പെന്‍സില്‍ ഡ്രോയിംഗ് പ്രൊഫൈല്‍ ചിത്രമായി ഫെയ്സ്ബുക്കില്‍ അവള്‍ പോസ്റ്റ് ചെയ്തിരുന്നു.അത് അയാള്‍ ലൈക്ക് ചെയ്തായിരുന്നു തുടക്കം.

അവളുടെ ഫെയ്സ്ബുക്ക് ഫോട്ടോകള്‍ മുഴുവന്‍ അവള്‍ ശേഖരിച്ച പാവകളില്‍ ചിലതായിരുന്നു
.
അയാള്‍ ആ ചിത്രങ്ങളുടെ കീഴില്‍ നല്ല കമന്റുകള്‍ പോസ്റ്റ് ചെയ്യും.അങ്ങിനെയാണ് അവര്‍ അടുത്തത്.
അയാള്‍ ബിസിനസ്സില്‍ നിന്ന് റിട്ടയര്‍ ചെയ്തത് ശേഷം വാഗമണില്‍ ഒരു ഫാം നടത്തുകയാണ്.അവളുടെ അപ്പനാകാന്‍ പ്രായമുണ്ട് ഐസക്കിന്.ആ സ്നേഹബഹുമാനം അവര്‍ക്കിടയില്‍ എപ്പോഴുമുണ്ടായിരുന്നു.അയാള്‍ അവളെ മോളെ എന്നാണു എപ്പോഴും വിളിച്ചത്.അയാളെ അവള്‍ അങ്കിള്‍ എന്നും.

ഒരു പകല്‍ അയാളുടെ ഫാമില്‍ ചെലവഴിക്കാന്‍ അവളാണ് ആദ്യം താത്പര്യം പറഞ്ഞത്.അയാള്‍ക്ക് ഒരു മൈല്‍ഡ് ഹാര്‍ട്ട് അറ്റാക്ക് വന്നു കുറച്ചു ദിവസം ഹോസ്പിറ്റലിലായിരുന്നു എന്നറിഞ്ഞതിനുശേഷം അയാളെ നേരിട്ട് കാണണമെന്ന് അവള്‍ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.

ഐസക്കിന്റെ ചോക്കലേറ്റ് നിറമുള്ള ഡസ്റ്ററില്‍ അവര്‍ കയറി.യാത്രയിലുടനീളം മഴ പെയ്തു കൊണ്ടിരുന്നു.

കെ.കെ.റോഡിന്റെ ഇരുവശവും റബ്ബര്‍തോട്ടങ്ങള്‍.പ്ലാസ്റ്റിക്ക് ഉടുപ്പുകള്‍ ധരിച്ച സ്കൂള്‍ കുട്ടികളെ പോലെ നിരനിരയായി നനഞ്ഞുനില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍.പൊന്‍കുന്നം എത്താറായപ്പോള്‍ വഴിയരികിലെ ഒരു ചെറു ചായക്കടക്കരികില്‍ അവര്‍ ചായ കുടിക്കാന്‍ വണ്ടി ഒതുക്കി.അതിനു പുറകില്‍ വിശാലമായ ഒരു പൈനാപ്പിള്‍ പാടമായിരുന്നു.മഴ അല്പം കുറഞ്ഞിരിക്കുന്നു. മഴത്തുള്ളികൾ പറ്റിപ്പിടിച്ച കൈതയോലകൾക്കിടയിൽ പച്ച നിറമുള്ള പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ വിടരാൻ തുടങ്ങുന്ന കൈതമൊട്ടുകളുടെ നീണ്ട നിര.

“നമ്മള്‍ ഒരുപാട് ചാറ്റ് ചെയ്തിട്ടുണ്ടെങ്കിലും താര ഇതു വരെ പറയാത്ത ഒരു കാര്യമുണ്ട്.”ചായ കുടിച്ചു കൊണ്ട് ഐസക്ക് പറഞ്ഞു.

അവള്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കി.

“എങ്ങിനെയാ താരക്ക് ഈ പാവകളോട് ഇത്ര ക്രേസ് വരാന്‍ കാരണം.?”അയാള്‍ ചോദിച്ചു.

“ഓ ,അതിനു പ്രത്യേകിച്ച് കാരണം ഒന്നുമില്ല അങ്കിള്‍..ചുമ്മാ ഒരു ക്രേസ്..”

അയാള്‍ അത് കേട്ട് ചിരിച്ചു.

അങ്ങിനെ പറഞ്ഞുവെങ്കിലും വണ്ടിയിലിരുന്നു ഐസക്ക് ചോദിച്ചതിനെക്കുറിച്ച് താര ആലോചിക്കുകയായിരുന്നു.

എന്താണ് താന്‍ ഈ പാവകളുടെ പുറകെ ഇങ്ങനെ നടക്കുന്നത്?
>>>>>>>>>>>>>>>
അവള്‍ക്ക് ആറു വയസ്സുള്ളപ്പോഴാണ് ആദ്യമായി ഒരു പാവയോട് ഇഷ്ടം തോന്നിയത്.ചുവന്ന മുടിയുള്ള ,ചിരിക്കുന്ന കണ്ണുകള്‍ ഉള്ള മെറൂണ്‍നിറമുള്ള ഒരു കൊച്ചുപെണ്‍പാവ.അതിനെ കയ്യില്‍ കിട്ടിയ ദിവസം മുതല്‍ അവളുടെ ഊണും ഉറക്കവും ആ പാവക്കൊപ്പം ആയിരുന്നു.

അവളുടെ പപ്പക്ക് ജുവലറി ബിസിനസ് ആയിരുന്നു.വീട്ടില്‍ മിക്കവാറും പപ്പയുടെ കൂട്ടുകാര്‍ വരും.മമ്മി അവര്‍ക്കായി വിരുന്നൊരുക്കും.കട്ടി പുരികങ്ങള്‍ ഉള്ള സുന്ദരിയായ തന്റെ മമ്മി.
ഓര്‍മ്മകളിലെ അവ്യക്തമായ ചിത്രങ്ങളില്‍ പപ്പക്ക് നല്ല കട്ടിമീശയുണ്ടായിരുന്നു.തീരാത്ത സ്നേഹവും.

ഒരുനാള്‍ പപ്പയുടെ ബിസിനസ് അവസാനിച്ചു.
പിന്നെ പപ്പയുടെ സ്നേഹം കുറഞ്ഞു.വീട്ടില്‍ പപ്പ താമസിച്ചു വരാന്‍ തുടങ്ങി.

പപ്പയെ ബിസിനസില്‍ കൂട്ടുകാരന്‍ ചതിച്ചു എന്ന് മമ്മിയുടെ കരച്ചിലുകള്‍ക്കിടയില്‍ ചിതറിയ വാക്കുകളില്‍നിന്ന് അവള്‍ക്ക് മനസ്സിലായി.

ആ ദിവസം രാത്രിയില്‍ ,അവള്‍ തന്റെ ചുവന്ന മുടിയുള്ള പാവയെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുകയായിരുന്നു.വിരലുകള്‍ക്കിടയില്‍ നിന്ന് തന്റെ പാവയെ ആരോ ഊരിയെടുക്കുന്നത് അവള്‍ അറിഞ്ഞു.
പപ്പ.

പപ്പക്ക് തന്റെ പാവ എന്തിനാണ് ??

തന്റെ മുടിയിഴകള്‍ക്കിടയിലൂടെ തലോടുന്ന പപ്പയുടെ ക്ഷീണിച്ച വിരലുകള്‍…

“ഉറങ്ങിക്കോ മോളൂ…”പപ്പയുടെ സ്വരം.

പപ്പാ എന്റെ പാവക്കുട്ടിയെ തിരിച്ചുതാ…പക്ഷെ സ്വരം പുറത്തുവന്നില്ല.അപ്പോഴേക്കും കണ്ണടഞ്ഞു പോയി.ഒരു സ്വപ്നത്തിലേക്ക്…

ഒരു തടാകത്തിന്റെ കരയിലെ നീലനിറമുള്ള ഒരു വീട്ടിലാണ് താന്‍.പിന്നെ പപ്പയും മമ്മിയും.മനോഹരമായ ഒരു കൊച്ചുവീട്.അതിന്റെ മുന്നിലിരുന്നു തടാകത്തിന്റെ മുകളിലൂടെ തുഴഞ്ഞു പോകുന്ന അരയന്നങ്ങളുടെ കൂട്ടത്തെ കാണാന്‍ എന്ത് ഭംഗി.

പെട്ടെന്ന് ഒരു കാറ്റ് വീശി.ഒരു മഞ്ഞുകാറ്റ്.ആ വീട് തകര്‍ന്നു വീഴുകയാണ്.എങ്ങും എന്തൊക്കെയോ പൊട്ടിതകരുന്ന ശബ്ദങ്ങള്‍..

കണ്ണ് തുറക്കുമ്പോള്‍ വീട്ടില്‍ ആരുടെയോ നിഴലുകള്‍.ആ കറുത്ത നിഴലുകള്‍ എല്ലാം തട്ടിപ്പോട്ടിക്കുകയാണ്.അവര്‍ എന്തോ തിരയുകയാണ്.മമ്മി തന്നെ വാരിയെടുത്ത് കട്ടിലിനടിയില്‍ ഒളിപ്പിച്ചു.

“മോളെ..ശബ്ദം ഉണ്ടാക്കരുത്..അവര് കൊല്ലും..”മമ്മിയുടെ പതുങ്ങിയ ശബ്ദം.

“എവിടെയാടാ ഡയമണ്ട്സ് ഒളിപ്പിച്ചു ഒളിപ്പിച്ചിരിക്കുന്നത്?”ആരോ പപ്പയോടും മമ്മിയോടും ആക്രോശിക്കുന്നു.

കട്ടിലിനടിയില്‍ കിടന്നുകൊണ്ട് അവള്‍ കണ്ടു.നിലത്തു തന്റെ പാവക്കുട്ടി.

മെല്ലെ കൈനീട്ടി പാവയെ എടുക്കാന്‍ ഒരുങ്ങിയതും മറ്റൊരു ബലിഷ്ടമായ കൈ ആ പാവക്കുട്ടിയെ ഉയര്‍ത്തിയെടുക്കുന്നത് അവള്‍ കണ്ടു.

അയാളുടെ വലിയ നിഴല്‍ ആ പാവയെ പരിശോധിക്കുന്നുത് അവള്‍ വീര്‍പ്പാടക്കി കണ്ടു.അയാള്‍ ആ പാവയുടെ ചുവന്ന മുടി വലിച്ചുകീറി എറിഞ്ഞു.

“അതിബുദ്ധിമാന്‍.ഈ പാവയുടെ തലക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു…ഹഹ “..അയാള്‍ പൊട്ടിച്ചിരിക്കുന്നു.

രണ്ടു വെടിശബ്ദങ്ങള്‍ കേട്ടു.

പിടഞ്ഞു താഴെ വീഴുന്ന പപ്പയും മമ്മിയും.

“ആ കൊച്ചിനെ കണ്ടില്ലല്ലോ ..”ആരോ ചോദിക്കുന്നു.

“കൊച്ചു പൊക്കോട്ടെ …പാവം.നമ്മുക്ക് കൊച്ചിന്റെ പാവ മതി…”വീണ്ടും അയാളുടെ ചിരി.

കാറ്റില്‍ ആ പാവയുടെ ചുവന്ന മുടി പറന്നുവന്നു അവളുടെ ചുണ്ടില്‍ വന്നു തട്ടി..

“കരയരുത് ..താരെ.. നമ്മുക്ക് പിന്നെ കാണാം..”എന്നവള്‍ ആശ്വസിപ്പിക്കുന്നത് പോലെ..
>>>>>>>>>>>>>>.
“നമ്മള്‍ പൈന്‍കാട്ടില്‍ എത്താറായി.”ഐസക്കിന്റെ ശബ്ദം അവളെ ഉണര്‍ത്തി.

നല്ല മഞ്ഞുണ്ട്.

അവര്‍ ആ പൈന്‍മരങ്ങള്‍ക്കിടയിലൂടെ നടന്നു.ഓഫ് സീസണ്‍ ആയതിനാല്‍ ടൂറിസ്റ്റുകള്‍ കുറവ്..വഴിയരികിലെ വില്‍പ്പനക്കാരില്‍ നിന്ന് അയാള്‍ അവള്‍ക്ക് ഒരു തൂവല്‍തൊപ്പി വാങ്ങി.

“ഈ തൊപ്പിയും കൂടി വച്ച് കഴിയുമ്പോള്‍ മോളെ കാണാന്‍ ഒരു പാവക്കുട്ടിയെ പോലെയുണ്ട്.”അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
.
പിന്നെ അവര്‍ കോലാഹലമേട്ടിലേക്ക് പോയി. ചെറിയ പുല്‍ക്കുന്നുകള്‍.എപ്പോഴും വീശുന്ന തണുത്ത കാറ്റ്.കുന്നുകള്‍ക്ക് മുകളില്‍ മുയല്‍ക്കുഞ്ഞുങ്ങളെ പോലെ പറക്കുന്ന വെള്ളമേഘങ്ങള്‍.

“ഹോ അവിടെ എത്ര നേരം നിന്നാലും മതിയാകില്ല.”തിരികെ വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോള്‍ അവള്‍ പറഞ്ഞു
.
“മോള്‍ക്ക് ഇന്ന് തന്നെ പോണോ ?” അയാള്‍ ചോദിച്ചു.

“പോണം.ഞാന്‍ പിന്നെ ഒരു ദിവസം വരാം..”അവള്‍ പറഞ്ഞു.

“പിന്നെ ഒരു ദിവസം..”അയാള്‍ അത് ആവര്‍ത്തിച്ചു.

“മോള് തിരിച്ചു പോകുമ്പോള്‍ വണ്ടി കൊണ്ട് പൊക്കോ.ആ ഉഡുപ്പി ഹോട്ടല്‍ എന്റെ സുഹൃതിന്റെയാണ് .അവിടെ പാര്‍ക്ക് ചെയ്തിട്ട് കീ ഏല്‍പ്പിച്ചാല്‍ മതി.”ഐസക്ക് കീ താരയെ ഏല്‍പ്പിച്ചു.

ഫാമിലേക്ക് അവളാണ് ഡ്രൈവ് ചെയ്തത്.മഴയുടെ വെളുത്തപാടക്കുള്ളില്‍ റോഡ്‌ അവ്യക്തമാണ്.എങ്കിലും ഫാമില്‍ എത്തിയപ്പോള്‍ മഴ മാറി.

അത് പോലെ മനോഹരമായ ഒരു സ്ഥലം അവള്‍ ആദ്യം കാണുകയായിരുന്നു.ഒരിഞ്ചു വിടാതെ എല്ലായിടത്തും കൃഷി ചെയ്തിരിക്കുന്നു.

മലകളുടെയും താഴ്വരകളുടെയും ഇടയില്‍ ഇരുപത്തിയഞ്ച് ഏക്കര്‍ സ്ഥലം.അതിനു നടുവില്‍ ഇളം ചുവപ്പ് പെയിന്റടിച്ച ഒരു കെട്ടിടം.അവിടേക്ക് കരിങ്കല്ല് പാകിയ റോഡ്‌.അതിന്റെ ഇരുവശങ്ങളും വളര്‍ന്നു നില്‍ക്കുന്ന മാങ്കോസ്റ്റിന്‍ മരങ്ങള്‍.കുറച്ചുമാറി തേയില.പിന്നെ പലതരം പച്ചക്കറികള്‍.അതിഥികള്‍ക്ക് താമസിക്കാന്‍ പര്‍ണ്ണശാലകള്‍ പോലെ തടികൊണ്ട് ഉണ്ടാക്കിയ കൊച്ചു ക്യാബിനുകള്‍.അവിടേക്ക് ചെറിയ ചെറിയ നടപ്പാതകള്‍.പശുവിനും ആടിനും മേയാന്‍ ഏക്കറുകള്‍ പരന്നുകിടക്കുന്ന പുല്‍മേടുകള്‍.

“എന്ത് രസമാ ഇവിടെ..അങ്കിള്‍ ഇവിടെ നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട് അല്ലെ..ബ്യൂട്ടിഫുള്‍..”

“വേറെ പണിയൊന്നുമില്ലല്ലോ..വയസ്സായില്ലേ..ഇനി സമയം പോകണ്ടേ..”അയാളുടെ മറുപടിയില്‍ വിഷാദത്തിന്റെ നേരിയ നിഴലുകള്‍ .ഐസക്കിന്റെ ഫാമിലിയെക്കുറിച്ച് മാത്രം അവര്‍ കാര്യമായി സംസാരിച്ചിട്ടില്ല.അയാള്‍ ഈ ഫാം ഹൗസില്‍ തനിച്ചു കഴിയുകയാണ്.

അയാള്‍ താരയെ ഫാം കൊണ്ട് നടന്നു കാണിച്ചു.ഉച്ചക്ക് ഭക്ഷണം കഴിച്ചതിനു ശേഷം അവള്‍ ഒന്ന് ഫ്രെഷായി.പോകാന്‍ നേരമായി.

അപ്പോഴാണ്‌ അവള്‍ കണ്ടത് ഫാം ഹൗസിനരികില്‍ ഒരു രണ്ടു വലിയ വൃക്ഷങ്ങള്‍ക്കിടയില്‍ ഒരു ഏറുമാടം.അവിടേക്ക് കയറിപോകുവാന്‍ ഏണിയുമുണ്ട്.

“വൌ..എനിക്കവിടെ ഒന്ന് കയറണം..അങ്കിള്‍ കയറണ്ട..”അവള്‍ പറഞ്ഞു.

“ഹഹ,അതെന്റെ ഒരു പ്രൈവറ്റ് ക്യാബിന്‍ ആണ്.അവിടെ നിന്ന് നോക്കിയാല്‍ ഈ വാഗമണ്‍ കുന്നുകള്‍ മുഴുവന്‍ കാണാം.ഞാനും വരാം..അവിടെ താരക്ക് തരാന്‍ ഒരു ഗിഫ്റ്റ് ഉണ്ട്.”

അവര്‍ ആ ഏണി മെല്ലെ കയറി.അയാളെ അണയ്ക്കുന്നുണ്ടായിരുന്നു.താരക്ക്‌ ചെറിയ ഒരു പരിഭ്രമം തോന്നി.ഐസക്കിന് എന്തെങ്കിലും സംഭവിച്ചാല്‍..ഒരു ചെറിയ അറ്റാക്ക് കഴിഞ്ഞ ആളാണ്‌.വേണ്ടായിരുന്നു.

ക്യാബിനുള്ളില്‍ ഒരു ചെറിയ അലമാരയും കിടക്കയും ഉണ്ടായിരുന്നു.തടിപലകകള്‍ക്കിടയിലെ ചെറിയ കിളിവാതില്‍ അവള്‍ തുറന്നു.മഞ്ഞുകാറ്റ് അവളുടെ മുടി പാറിപ്പറത്തി.
ദൂരെ ഒരു പെയിന്റിങ്ങില്‍ എന്ന പോലെ മഞ്ഞുമൂടിയ മലനിരകള്‍.കാറ്റില്‍ മെല്ലെമെല്ലെ നിറംമാറുന്ന കുന്നുകള്‍.

“നമ്മള്‍ തമ്മിലുള്ള പരിചയം തുടങ്ങുന്നത് താരയുടെ ആ പ്രൊഫൈല്‍ പിക്ചര്‍ കണ്ടിട്ടാണ്.ഒരു പാവയുടെ പെന്‍സില്‍ ഡ്രോയിംഗ്.”

ഐസക്കിന്റെ ശബ്ദം കേട്ട് അവള്‍ തിരിഞ്ഞു.

അയാള്‍ കട്ടിലില്‍ ഇരിക്കുകയാണ്.

“വര്‍ഷങ്ങളായി എന്റെ കൈവശം അത്തരം ഒരു പാവയുണ്ട്.ഓരോ തവണയും ആ പാവ ദൂരെയെറിയുമ്പോള്‍ എനിക്കൊരോ നഷ്ടങ്ങള്‍ സംഭവിച്ചു.ആദ്യം ഭാര്യ.പിന്നെ മക്കള്‍.എനിക്കാ പാവയെ പേടിയാണ്.ആ പാവ കാണുമ്പോള്‍ സങ്കടമാണ്.ആ അലമാരയുടെ അവസാന ഡ്രോവറില്‍ അതിരിപ്പുണ്ട്.”

താര അയാള്‍ പറഞ്ഞത് കേട്ടു ഒന്നമ്പരന്നു..പിന്നെ ആ ഡ്രോവര്‍ മെല്ലെ തുറന്നു.

മുടിയില്ലാത്ത മെറൂണ്‍ നിറമുള്ള ആ പെണ്‍പാവ അവളെ നോക്കികിടക്കുകയായിരുന്നു.അവള്‍ വരുന്നത് കാത്തു കിടന്നത് പോലെ.കിളിവാതിലിലൂടെ വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്ന് ഒരു മഞ്ഞുകാറ്റ് അവളെ മൂടി.

“ഇതിനു ചുവന്ന മുടിയല്ലായിരുന്നോ ?”അവള്‍ മുറിഞ്ഞ വാക്കുകളില്‍ ചോദിച്ചു.

“അതേ..”അയാളുടെ അവിശ്വസനീയത നിറഞ്ഞ സ്വരം.
എന്ത് കൊണ്ടാണ് തനിക്ക് ഈ സ്വരം തിരിച്ചറിയാന്‍ കഴിയാതെ പോയത്.?അവളുടെ കണ്ണ് നിറഞ്ഞു.

“നിങ്ങള്‍..നിങ്ങള്‍ അല്ലെ ഇവളുടെ മുടി വലിച്ചു കീറിയത് ?”അവള്‍ ചോദിച്ചു.

“അതെ..”ഒരുനിമിഷം അയാളുടെ കണ്ണുകള്‍ തിരിച്ചറിവിന്റെ അമ്പരപ്പില്‍ തിളങ്ങി.പിന്നെ പരാജയത്തിന്റെ ,തകര്‍ച്ചയുടെ ഇരുളിമ കൈക്കൊണ്ടു.ആ ആഘാതം താങ്ങാനാവാതെ അയാള്‍ നെഞ്ചില്‍ കൈവച്ച് കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞുവീഴുന്നത് അവള്‍ നിര്‍വികാരതയോടെ നോക്കിനിന്നു.

അയാള്‍ ഒരു ചത്ത പാവയെ പോലെ കിടന്നു.

ഇത്രനാളും അവള്‍ തിരഞ്ഞ മെറൂണ്‍നിറമുള്ള പാവയുമായി ആ കാര്‍ മഴയിൽ മുങ്ങിനിന്ന താഴ്വരകൾക്കിടയിലെ വളഞ്ഞുപുളഞ്ഞ പാതയിലൂടെ സാവധാനം നീങ്ങി. പിന്നെ ഒരു പൊട്ടുപോലെ അത് കുന്നുകള്‍ക്കിടയില്‍ മറഞ്ഞു.