നിഴൽനൃത്തം

നിഴൽനൃത്തം
Nizhal Nrutham Author : Sharath

Image may contain: 1 person, text

പത്തു വർഷങ്ങൾക്കു മുൻപുള്ള ഒരു മഴക്കാല രാത്രി.

★★★★ ★★★★

കണ്ണുകൾ തുറക്കുമ്പോൾ ചുറ്റുമിരുട്ടാണ്. ശരീരത്തിൽ എവിടെയൊക്കെയോ അസഹ്യമായ
നീറ്റൽ.തലക്കു പിന്നിൽ ശക്തമായ വേദന. ഒരു നടുക്കത്തോടെ ജാനകി തിരിച്ചറിഞ്ഞു, ശരീരം നഗ്നമാണെന്ന്.

കൈയ്യിൽ കിട്ടിയ തുണി കൊണ്ട് ദേഹം മറച്ച് ഇരുട്ടിൽ തീപ്പെട്ടി തിരയുമ്പോൾ കൈകൾ
വിറക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് ഒരു കൊള്ളിയെടുത്ത് നിലത്തു വീണു കിടന്ന മണ്ണെണ്ണ വിളക്ക് തെളിയിച്ചു.

മുറിയിൽ നിറഞ്ഞ വെളിച്ചെത്തിൽ ജാനകി കണ്ടു
നിലത്ത് വിരിച്ച പായയിൽ കിടന്നുറങ്ങുന്ന കണ്ണനെ. ദേഷ്യമിരച്ചു കേറിയ ജാനകി അവനെ തലങ്ങും വിലങ്ങും തല്ലി.

ഞെട്ടലോടെ എഴുന്നേറ്റ കണ്ണൻ ,

”എന്നെ തല്ലല്ലേ അമ്മേ”

എന്നു പറയുന്നുണ്ടായിരുന്നു.
ജാനകി അക്ഷരാർത്ഥത്തിൽ ഒരു ഭ്രാന്തിയെപോലെയായി മാറി.

അസഹ്യമായ വേദനയും നീറ്റലും ചെവിയിൽ അനുഭവപ്പെട്ടിട്ട് കൈകൊണ്ട് തൊട്ടപ്പോഴാണ് ആ കാതിലെ കമ്മൽഅവിടെയില്ലാ എന്നു മനസ്സിലായതവർക്ക്.

കണ്ണനെ എത്ര തല്ലിയിട്ടും അവളുടെ കലി തീരുന്നില്ലായിരുന്നു. പുറത്തു പെയ്യുന്ന മഴയും, വീടിന് സമീപത്ത് കൂടി ഒഴുകുന്ന കൈത പുഴയിൽ മലവെള്ളം കുത്തിയൊലിച്ചു പോകുന്ന ശബ്ദവും
കണ്ണന്റെ കരച്ചിലിനെ ഇല്ലാതാക്കി.

ഒരു കിതപ്പോടെ ജാനകി ഭിത്തിയിലേക്ക് ചാരി ഇരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. കണ്ണന്റെ മിഴികളിൽ അപ്പോൾ കണ്ട ദൈന്യതയിൽ അവൾക്കൊട്ടും
അലിവ് തോന്നിയില്ല.

ഇരുപത് വയസ്സായെങ്കിലും പത്തു വയസ്സിന്റെ മാനസ്സിക വളർച്ചപോലും ഇല്ലെന്നു കരുതിയവന്റെ
പ്രവർത്തി ഓർക്കും തോറും മേലാകെ പുഴു അരിച്ചിറങ്ങും പോലെ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു.

പാറമടയിൽ കല്ലു പൊട്ടിക്കുന്ന ജോലിയാണ് ജാനകിക്ക്.കണ്ണന് രണ്ടു വയസ്സുള്ളപ്പോൾ പുറപ്പെട്ട് പോയതാണ് അവളുടെ ഭർത്താവ്. പിന്നീടൊരിക്കലും അയാൾ തിരികെ വന്നില്ല.

ബുദ്ധിവളർച്ചയില്ലാത്ത കണ്ണനെയും കൊണ്ട്കൈതപുഴയുടെ തീരത്ത് ജാനകി ജീവിച്ചു. അയൽവാസിയായ സുഭദ്ര ടീച്ചറും മകൻ രാഹുലും
അവർക്കൊരു താങ്ങായിരുന്നു.

കുറച്ചു നാളായി കണ്ണനിൽ പല മാറ്റങ്ങളും ഉണ്ടാകുന്നുണ്ടെന്ന് സുഭദ്ര ടീച്ചർ പറഞ്ഞ് ജാനകി അറിഞ്ഞിരുന്നു. രാവിലെ പാറമടയിൽ പണിക്കു പോയാൽ നേരമിരുട്ടുമ്പോഴാണ് അവർ തിരികെ വരിക.

കണ്ണൻ പുഴയിൽ കുളിക്കാൻ വരുന്ന സ്ത്രീകളെ ഒളിഞ്ഞു നോക്കുന്നു എന്ന് ചിലരെല്ലാം പരാതി പറഞ്ഞെന്ന് സുഭദ്ര ടീച്ചർ പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ തോന്നിയില്ല.

”എന്റെ കണ്ണൻ അങ്ങനെ ചെയ്യില്ല ടീച്ചർ” എന്നു പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

”ബുദ്ധി വളർച്ചയില്ലാത്ത
കുട്ടിയല്ലേ..?അവൻ ചെയ്യുന്നത് തെറ്റാണെന്ന് ചിന്തിക്കാനുള്ള ബോധം അവനില്ലാഞ്ഞിട്ടാവും, ജാനകി ഒന്ന് ശ്രദ്ധിച്ചോളൂ..”

സുഭദ്ര ടീച്ചർ അത് പറഞ്ഞപ്പോൾ മുതൽ മനസ്സിലൊരാധിയാണ് ജാനകിക്ക്. തന്റെ കൂടെ
കട്ടിലിൽ കിടന്നുറങ്ങിയിരുന്ന കണ്ണനെ അവൾ അതിനു ശേഷം നിലത്തു പായ വിരിച്ചാണ് കിടത്തിയിരുന്നത്.

”എനിക്കമ്മയുടെ കൂടെ കിടക്കണം”

എന്ന് പറഞ്ഞ് കരയുന്ന കണ്ണനെ കാണുമ്പോൾ ജാനകിക്ക് സങ്കടം തോന്നിയെങ്കിലും മനപൂർവ്വം
അത് അവഗണിച്ചു.ഇന്ന് വൈകിട്ട് പണി കഴിഞ്ഞു വന്നപ്പോൾ കണ്ണനിൽ കണ്ട മാറ്റം അവളെ ഞെട്ടിച്ചു.

അവൻ മദ്യപിച്ചിരിക്കുന്നു. കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.ഇത് എവിടുന്ന് കിട്ടി
എന്ന ചോദ്യത്തിനുത്തരം പറയാതെ വെറുതെ ചിരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സങ്കവും ദേഷ്യവും ഒരു പോലെ വന്നു.

പതിവ് അത്താഴ സമയമായിട്ടും കഞ്ഞി കൊടുക്കാത്തതിന് അവൻ ദേഷ്യം പിടിച്ചപ്പോഴാണ് വിളമ്പി കൊടുത്തത്. ജാനകി അന്നു രാത്രി ഭക്ഷണം കഴിച്ചില്ല.

തിമിർത്തു പെയ്യുന്ന മഴക്ക് കാതോർത്ത് കിടന്ന ജാനകി വേഗം ഉറങ്ങി പോയി. പകലത്തെ
അദ്ധ്വാനവും അതിന് കാരണമായി. രാത്രിയിൽ എപ്പോഴോ ശരീരത്തിലൂടെ കൈയ്യിഴഞ്ഞപ്പോഴാണ് അവൾ ഉറക്കത്തിൽ നിന്നുണർന്നത്. ഇരുട്ടിൽ ഒന്നും മനസ്സിലാകുന്നില്ല.

മുഖത്ത് മദ്യത്തിന്റെ രൂക്ഷഗന്ധമടിച്ചപ്പോൾ ജാനകി ഒരു ഞെട്ടലോടെ വിളിച്ചു ”കണ്ണാ….”
തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ ബലമായി തന്നിലേക്ക് അമരാൻ തുടങ്ങുന്നത് ജാനകി അറിഞ്ഞു. അവൾ
വീണ്ടും ബലമായി അവനെ എതിർത്തു.

പെട്ടന്നുള്ള തള്ളലിൽ ജാനകിയുടെ തല ഭിത്തിയിലിടിച്ചു. പിന്നെ അബോധത്തിന്റെ ആഴപരപ്പിലേക്കവർ ആണ്ടു പോയി….!!

തനിക്കു മുന്നിലിരുന്നു കരയുന്ന കണ്ണനെ വെറുപ്പോടെ നോക്കിയ ജാനകി പെട്ടന്നെന്തോ
തീരുമാനിച്ചുറപ്പിച്ച് അവന്റെ കൈയ്യിൽ പിടിച്ച് പുറത്തേക്ക് നടന്നു.

അടുക്കളവാതിൽ സാധാരണയായി അവർ
ചാരിയിടാറേയുള്ളു. കണ്ണന് രാത്രിയിൽ മൂത്രമൊഴിക്കാൻ പോകാനുള്ള സൗകര്യത്തിനായി. അല്ലെങ്കിൽ അവൻ തന്റെ ഉറക്കം കളയുമെന്ന്
ജാനകിക്കറിയാം.

ശക്തിയായി പെയ്യുന്ന മഴയിലേക്ക് കണ്ണനേയും കൊണ്ടവൾ ഇറങ്ങി. കൈതപ്പുഴ ലക്ഷ്യമാക്കി അവർ നടന്നു.

”വേണ്ടമ്മെ മഴ നനയും എനിക്കു തണുക്കുന്നു”എന്നെല്ലാം
കണ്ണൻ പറയുന്നുണ്ടായിരുന്നു.

പുഴയിലേക്കിറങ്ങുന്ന ഒതുക്കു കല്ലിൽ കൂടി അവനെയും കൊണ്ട് അവൾ ഇറങ്ങി. കാലിൽ പുഴയുടെ തണുപ്പ് അരിച്ചു കേറുന്നു. അരക്കൊപ്പം,കഴുത്തൊപ്പം പിന്നെ
നിലയില്ലാതെ ആഴങ്ങളിലേക്ക്……..!!!

കൈതപ്പുഴ ഒന്നുമറിയാതെ ഒഴുകുകയായിരുന്നപ്പോഴും…….!!!!

★★★★ ★★★★

പത്തു വർഷങ്ങൾക്കു ശേഷമുള്ള മറ്റൊരു രാത്രി..!!

ആ വലിയ വീടിന്റെ ഉള്ളിൽ നിറയേ ശൂന്യത തളം കെട്ടി നിൽക്കുന്നത് സുഭദ്ര ടീച്ചർ
അറിയുന്നുണ്ടായിരുന്നു . എല്ലാം എത്ര പെട്ടന്നാണ് മാറിമറിഞ്ഞത്. രാഹുൽ ലീവിനു വരുന്നു എന്നു കേട്ടപ്പോൾ കരുതിയതാണ് ഇത്തവണ അവന്റെ
കല്ല്യാണം നടത്തണമെന്ന്.

വന്ന അന്നു മുതൽ അവനിലെ മാറ്റം താൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒന്നിലും ഒരു ഉൽസാഹമില്ലാതെ, ഏതോ ചിന്തയിൽ ലയിച്ചങ്ങനെ….ഒരു
പാടു ക്ഷീണിക്കുകയും ചെയ്തിരുന്നു അവൻ. എന്താണ് അവനെ അലട്ടുന്നതെന്നു ചോദിക്കണമെന്നു കരുതിയ രാത്രിയിലാണ് അവൻ ആരോടും പറയാതെ യാത്ര പോയത്.

ഇനി ഒരിക്കലും തിരികെ വരാത്ത യാത്ര. റൂമിലെ ഫാനിന്റെ കൊളുത്തിൽ കയറിൽ തൂങ്ങി നിൽക്കുന്ന ആ രൂപം ഓർമ്മിക്കുമ്പോൾ സഹിക്കുന്നില്ല. എന്താരുന്നു എന്റെ കുട്ടിക്ക്. എല്ലാവർക്കും അവനെ പറ്റി നല്ലതു
മാത്രമേ പറയാനുള്ളു.

സുഭദ്ര ടീച്ചർ രാഹുലിന്റെ മുറിയിലേക്ക് കടന്നു ചെന്നു. മുംബൈയിലെ ഔദ്യോഗിക ജീവിതം അവനെ മൊത്തത്തിൽ മാറ്റി മറിച്ചിട്ടുണ്ട്. അവന്റെ അഭിരുചികളിൽ വന്ന മാറ്റം ആ മുറിയിൽ പ്രതിഫലിക്കുന്നുണ്ട്.

ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ അവന്റെ ഓർമ്മകൾ വലയം ചെയ്യുമ്പോലെ തോന്നുന്നു. അവർ ആ മുറിയിലുണ്ടായിരുന്ന മേശവലിപ്പു തുറന്നു നോക്കി. അവന്റെ
സർട്ടിഫിക്കറ്റുകളും മറ്റെന്തൊക്കെയോ കടലാസുകളുമുണ്ടായിരുന്നു അതിൽ.

അതിന്റെ ഏറ്റവുമടിയിൽ ഒരു ഫയൽ ഉണ്ടായിരുന്നു. എതോ ഡോക്ടറുടെ മെഡിക്കൽ
റിപ്പോർട്ടാണ്. അവർ അതെടുത്ത് നോക്കി. അത് വായിച്ചപ്പോൾ, കണ്ണുകളിൽ ഇരുട്ട് കയറും പോലെ ..!!

അത് Enzime linked immuno sorbant (elisa) ടെസ്റ്റ് നടത്തിയതിന്റെയും അത് ഉറപ്പിക്കാൻ

വേണ്ടി നടത്തുന്ന Western bolt test- ന്റേയും റിസൽട്ടായിരുന്നു.എലിസാ ടെസ്റ്റ് positive എന്നു കാണിക്കുമ്പോൾ തന്റെ മോന് എയ്ഡ്സ് ആയിരുന്നൊണോ..?

അതാണോ തന്റെ മകൻ ജീവിതമവസാനിപ്പിക്കാൻ കാരണം. സത്യങ്ങൾ തനിക്കു ചുറ്റും നിഴൽ നൃത്തം നടത്തുമ്പോൾ
ഉൾക്കൊള്ളാനാകാതെ അവർ മരവിച്ചു നിന്നു.

ആ മേശവലിപ്പിൽ ഉണ്ടായിരുന്ന മറ്റൊരു ബോക്സിൽ അവരുടെ കൈ തട്ടി താഴെ വീണു. അതിൽ നിന്നും ഒരു കമ്മൽ തെറിച്ചു വീണു.

ഒരു ഒറ്റ കമ്മൽ!!.