ഋതുമതി

ഋതുമതി
തച്ചാടന്
നേരം പാതിരാത്രി ആയിരിക്കുണു .അശ്രീകരം പിടിക്കാനായിട്ട് നിനക്കിത് നേരത്തെ അറിയാമായിരുന്നില്ലേ പെണ്ണേ…രണ്ടീസം മുമ്പേ കല്ല്യാണീടെ അവടെ പോയി നിക്കാരുന്നില്ല്യേ ?” കെട്ടഴിഞ്ഞ് അലങ്കോലമായ മുടി ഉച്ചിയില് വാരിക്കെട്ടി അച്ഛമ്മ പിറുപിറുത്തു.”ഇനിയിപ്പൊ അവിടേം ഇവിടേമൊക്കെ കൂട്ടിത്തൊട്ട് അശുദ്ധാക്കണ്ട.ചായിപ്പിലെ തട്ടിന്റെ മോളീന്നൊരു ചൂട്ടെടുത്തോ ഞാന് വെളക്കു കത്തിക്കാം”അമ്മുക്കുട്ടിക്ക് കരച്ചില് വന്നു.ഇന്നലെവരെ കാച്ചിയ എണ്ണ തേപ്പിച്ച് കുളിപ്പിച്ച് മുടി മാടിക്കെട്ടി തന്നിരുന്ന അച്ഛമ്മയാണ് ഇന്നിപ്പൊ പടിക്കലെ ചെറുമികളോടെന്നോണം പെരുമാറുന്നത്.ചൂട്ടുമെടുത്ത് ഉമ്മറത്തെത്തിയപ്പോഴേക്കും അച്ഛമ്മ വിളക്ക് കൊളുത്തി ഉമ്മറപ്പടിയില് വച്ചിരുന്നു.

അച്ഛമ്മ രണ്ടടി മാറിയാണ് നില്ക്കുന്നത് തീണ്ടണ്ടാ എന്നു കരുതിയാവും.” ഇനിയിപ്പൊ അച്ഛനെ ഒണര്ത്താനൊന്നും നിക്കണ്ട ഈ തണുപ്പത്തിനി അവന് കുളിക്ക്യാന്നൊക്കെ വെച്ചാ ബുദ്ധിമുട്ടാവും ഇവിടെ അുത്തല്ലെ നീയാ ചൂട്ടുകത്തിച്ച് നടന്നോ .. ഇടവഴി കേറുമ്പോ സൂക്ഷിച്ചോളു എഴജന്തുക്കളുണ്ടാവും ”അമ്മുക്കുട്ടി ദയനീയമായി അച്ഛമ്മയെ നോക്കി അവരപ്പോഴേക്കും വാതിലടച്ചിരുന്നു.അടിവയറ്റിലാകെ പടരുന്ന വേദന.എവിടെയെങ്കിലും കിടന്നാല് മതിയെന്നായിരിക്കുന്നു.ഈ കൂറ്റാകൂറ്റിരുട്ടത്ത് ഇളയമ്മയുടെ വീട്ടിലേക്ക് ഒറ്റക്ക് നടന്നു പോവുന്ന കാര്യമോര്ത്തപ്പോള് ഭയവും വേദനയും ഇടകലര്ന്ന് അവള് കൂടുതല് വിവശയായി.കാവുമ്പാട്ടെ പെണ്ണുങ്ങളുടെ വിധിയാണിതെന്ന് അച്ഛമ്മ പറയും.രജസ്വലയാവുന്ന പെണ്ണുങ്ങളെ രായ്ക്കുരാമാനം ഇല്ലം കടത്തുന്ന വിചിത്രമായ വിശ്വാസത്തെ ഉള്ക്കൊള്ളാന് അമ്മുക്കുട്ടിക്ക് ഒരിക്കലും സാധിച്ചിരുന്നില്ല.തറവാടിനോട് ചേര്ന്ന കാവ് അശുദ്ധമാവാതിരിക്കാന് തറവാട്ടിലെ സ്ത്രികള് ദിവസമെത്തുന്നതിന് മുമ്പേ ബന്ധുവീടുകളില് പോയി പാര്ത്തു പോന്നു.

ദൈവത്തിനെന്താണ് പെണ്ണുങ്ങളെ കണ്ടുകൂടാത്തതെന്ന് ചെറുപ്പത്തിലെപ്പോഴോ അമ്മുക്കുട്ടി അച്ഛമ്മയോട് ചോദിച്ചിരുന്നു.ദൈവദോഷം പറയാണ്ട് അടങ്ങിയിരുന്നോ പെണ്ണേ എന്നായിരുന്നു അച്ഛമ്മയുടെ മറുപടി.കാവിലെ നാഗങ്ങളും ഭഗവതിയും ക്ഷിപ്രപ്രസാദികളും അതുപോലെ തന്നെ ക്ഷിപ്രകോപികളുമാണെന്നാണ് കേട്ടുകേള്വി. വിശ്വാസപ്രമാണങ്ങളില് നിന്ന് കടുകിട വ്യതിചലിക്കാന് കാരണവന്മാര് ഒരുക്കമായിരുന്നില്ല. നാഗശാപമാണ് തറവാട് ക്ഷയിച്ച് അന്യം നിന്നുപോവും.അശുദ്ധി കല്പ്പിച്ച് അകറ്റിനിര്ത്തപെടുമെങ്കിലും തറവാട്ടിലെ സ്ത്രികള് കാവിലെ ഭഗവതിയേയും നാഗങ്ങളേയും പരദേവതകളായി കണ്ട് ആരാധിച്ചുപോന്നു.പരിഭവങ്ങളേതുമില്ലാതെ അവര് കാവില് നിത്യവും വിളക്കു വച്ചു.

ഇരുട്ട് കണ്ണിനുള്ളിലേക്കിരച്ചുകയറി ഉറഞ്ഞുകൂടുന്ന പോലെ തോന്നി അമ്മുക്കുട്ടിക്ക്.ചൂട്ടു വീശാനുള്ള ശക്തിയവള്ക്കുണ്ടായിരുന്നില്ല.അടിവയറ്റില് കയ്യമര്ത്തി പറങ്കിമാവിലകള് വീണു നിറഞ്ഞ ഇടവഴിയിലൂടെ അവള് നടന്നു.ചൂട്ടിന്റെ നാളങ്ങള് കാറ്റത്ത് ശ്വാസംമുട്ടി പിടഞ്ഞു.പറങ്കിമാവിന്റെ കൊമ്പിലിരുന്ന ഒരു പുള്ളിന്റെ കണ്ണുകള് ചാരക്കനലുകള് പോലെ തിളങ്ങി .അത് ഇടക്കിടെ മൂളി അമ്മുക്കുട്ടിയെ ഭയപ്പെടുത്തി.കരിയിലകളമരുന്ന സ്വരം അവളുടെ തളര്ന്ന ശരീരത്തില് ഭീതിയുടെ കൊള്ളിയാനുകള് പായിച്ചു.കരുണയില്ലാത്ത ദൈവം.അമ്മുക്കുട്ടി മനസ്സില് പ്രാകി.”ചൂട്ട് കെട്ടുപോയല്ലോ തമ്പ്രാട്ടികുട്ട്യേ…” പിന്നിലെ ഇരുട്ടില് നിന്നൊരു ശബ്ദം.ഒപ്പമൊരു ബലിഷ്ടാകാരം അവളെ മറികടന്ന് മുന്നിലെത്തി.ചുണ്ടത്തെരിയുന്ന ബീഡിയുടെ അരണ്ടവെളിച്ചത്തില് അവ്യക്തെമെങ്കിലും ആ മുഖമവള് തിരിച്ചറിഞ്ഞു.ചെത്തുകാരന് രാരു.പൊന്നൈരിന്റെ തഴമ്പുകെട്ടിയ വിരിഞ്ഞ മാറും പേശികള് തുടിക്കുന്നമാറും അരണ്ട വെളിച്ചത്തിലും വ്യക്തമായിരുന്നു.

വായില് നിന്നും ബീഡിയെ സ്വതന്ത്രമാക്കി അയാളൊരു പിശാചിനെപ്പോലെ ചിരിച്ചു.” തമ്പ്രാട്ടി പൊറത്തായില്ലേ …എളയമ്മടെ അടുത്തേക്ക് പോവാവ്വും പേടിണ്ടേല് ഞാന് കൊണ്ടാക്കാം ”വേണ്ട ഞാനൊറ്റക്ക് പൊയ്ക്കൊളാം പറഞ്ഞുതീരും മുമ്പ് കൈയിലെ ചൂട്ടയാള് പിടിച്ചു വാങ്ങി കെട്ടുപോയ മുറിബിഡി കത്തിക്കാന് തുടങ്ങി.പിന്നെ ചൂട്ട് വായുവില് രണ്ടുവട്ടം തലങ്ങും വിലങ്ങും വീശി ജ്വലിപ്പിച്ച് അയാള് മുമ്പേ നടക്കാന് തുടങ്ങി.ചൂട്ടിന്റെ കൊഴിഞ്ഞു വീണ കറ്റകളിലെ കനലുകളില് ഏതോ അദൃശ്യ കരം അജ്ഞാതമായ ലിപിയില് എന്തൊക്കെയോ എഴുതുകയും കാറ്റ് അത് ക്ഷണനേരം കൊണ്ട് മായ്ച്ചുകളയുകയും ചെയ്തു.അദൃശ്യസന്ദേശങ്ങള് !!!!അയാള് അമ്മുക്കുട്ടിയുടെ തോളിലുരുമി നടക്കാന് തുടങ്ങി.

തെങ്ങിന് കൊതുമ്പിന്റെയും ബീഡിപ്പുകയുടേയും ഇടകലര്ന്ന ഗന്ധം അവള്ക്ക് മനംപുരട്ടലുണ്ടാക്കി.ദൂരെ ഇടവഴി അവസാനിക്കുന്നിടത്ത്ഇളയമ്മയുടെ വീട്.കാലുകള്ക്ക് വേഗതയില്ലാത്തപോലെ.അടുത്ത് നടക്കുന്ന മനുഷ്യന്റെ ശ്വാസഗതി അനിയന്ത്രിതമായി വര്ദ്ധിക്കുന്നു.ഇരയെ മണത്ത വ്യാഘ്രത്തെപ്പോലെ അയാള് അടക്കിപിടിച്ച ശബ്ദത്തില് മുരണ്ടു.അമ്മുക്കുട്ടി നടത്തത്തിന്റെ വേഗത കൂട്ടാന് ആവതും ശ്രമിച്ചുനോക്കി.ഇലഞ്ഞിത്തറയുടെ ചുവട്ടില് വച്ച് അയാളുടെ തഴമ്പിച്ച കൈകള് തന്റെ തണുത്ത വയറിലമരുന്നത് അവളറിഞ്ഞു.

ഒന്നു കുതറി മാറാന് ഇടകിട്ടും മുമ്പേ അയാള് പിടി മുറുക്കിയിരുന്നു.ഇരുട്ടില് അയാളുടെ ഏറ്റുകത്തി അമ്മുക്കുട്ടിയുടെ കഴുത്തിനോട് ചേര്ന്നു നിന്നു തിളങ്ങി.”മിണ്ടരുത് ”അയാളുടെ അടക്കിപിടിച്ച സ്വരം.മുഖം ഇലഞ്ഞിത്തറയില് ഉരഞ്ഞുപ്പൊട്ടി.മാറിടങ്ങളില് അയാളുടെ പരുക്കന് കയ്കള് മേഞ്ഞുനടന്നു.അടിവയറ്റിലൊരു അഗ്നിപര്വ്വതം പുകയുന്ന പോലെ.ചോരയുടെ ചെത്തിപ്പൂക്കള് ഇറുത്തെറിയുന്നപോലെ വേദന.ആകാശത്തിലെ ക്ഷയിച്ച ചന്ദ്രബിംബത്തിലേക്ക് മിഴികള് പാറി ആരും കേള്ക്കാനില്ലാത്ത നിലവിളികള് അന്തരീക്ഷത്തില് അലിഞ്ഞുചേരുമ്പോള് പിറകില് ഒരു കാട്ടുകുതിര കിതച്ചു.ഇടക്കെപ്പോഴോ കാതോളം വന്ന അതിന്റെ ചുണ്ടുകള് ജല്പ്പിച്ചു”സുഖണ്ടോ തമ്പ്രാട്ടികുട്ട്യേ ??”ചെവിക്കും തലച്ചോറിനുമുള്ളില് പുഴുക്കള് നുരച്ചുപൊന്തുന്ന പോലെ അമ്മുക്കുട്ടി കണ്ണുകള് ഇറുക്കിയടച്ചു.ഇലഞ്ഞിച്ചുവട് കുരുതി കഴിഞ്ഞ തറപോലെ രക്തപങ്കിലമായി കിടന്നു.

ഇളയമ്മയുടെ വീട്ടുപടിക്കല് അമ്മുക്കുട്ടി തളര്ന്നിരുന്നു.കൈകലുകളിലെ ചോരകക്കിയപാടുകള് നീറി വായാകെ കയ്ക്കുന്നു.കണ്ണില് ഇരുട്ട് കയറി.മുഖത്ത് തണുത്ത വെള്ളം ശക്തിയില് വീണപ്പോഴാണ് അമ്മുക്കുട്ടി കണ്ണുതുറന്നത് ”എന്തുപറ്റി ന്റെ കുട്ടിക്ക് ഏളേമ്മയെ വിളിക്കയിരുന്നില്ലേ മോളേ…”അവരുടെ കൈകളില് കിടന്ന് അവളൊന്ന് പുഞ്ചിരിക്കാന് ശ്രമിച്ചുസാരല്ല്യ കുട്ട്യേ ഇത് നമ്മുടെ തലേലെഴുത്താണ് തേച്ചാലും മായ്ച്ചാലും പോവില്ല ഈ സമയത്ത് ഇങ്ങനെ തലചുറ്റി വീഴുന്നതൊക്കെ സാധാരണയാണ് മോളു വാ വന്ന് കുളിക്ക്.അമ്മുക്കുട്ടി തലയില് വീണ്ടും വീണ്ടും വെള്ളം കോരിയൊഴിച്ചു.അവളുടെ കണ്ണുകള് നിറഞ്ഞൊഴുകി എത്ര കുളിച്ചാലും പോവാത്ത തെങ്ങിന്കൊതുമ്പിന്റെ ചൂര്.വിശുദ്ധിയുടെ ഒരു പാടലം നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു.അതോ എന്നെ തന്നെയോ നഷ്ട്ടപ്പെട്ടത് .ഇളയമ്മ വിളമ്പിയ കഞ്ഞി ചങ്കില് കെട്ടി കിടന്നു.വായില് അയാളുടെ ബീഡിക്കറപിടിച്ച ചുണ്ടുകളുടെ കയ്പ്പ്.എത്ര കാര്ക്കിച്ചു തുപ്പിയിട്ടും പോവാതെ അ ചവര്പ്പ് വീണ്ടും വീണ്ടും വായില് വന്ന് നിറയുന്നു.മനുഷ്യന്റെ ആര്ത്തിയേക്കാള് ദൈവങ്ങളുടെ നിസ്സംഗതയാണവളെ തളര്ത്തിയത്.

ദൈവം മുറിവേല്പ്പിച്ച ശരീരത്തെ പുരുഷന് ചവിട്ടിയരക്കുന്നു.പെണ്ണിനെ മാത്രം തേടിവരുന്ന കൂച്ചുവിലങ്ങുകള്.ഇരപിടിയന്മാരുടേത് മാത്രമായ ദൈവങ്ങള്.ഞാനൊരു ബലിശിഷ്ട്ടമാണോ ???ഏഴുപകലും രാത്രിയും പ്രതികാരത്തിന്റെ കനലുകള് ഊതിക്കാച്ചുകയായിരുന്നു.സുഖണ്ടോ തമ്പ്രാട്ടികുട്ട്യേ എന്ന സ്വരം കാതില് പുഴുക്കളെപ്പോലെ നുരഞ്ഞു.മാറ് വേദനയില് വിങ്ങി. തഴമ്പുകെട്ടിയ നെഞ്ചിലൊരു കത്തി താഴ്ത്തുന്ന രംഗം മനസ്സില് പലവുരു വരച്ചു നോക്കി.അടുത്ത 27 പകലുകള്ക്കിടയില് ഒരു ദിവസം കുറിക്കണം മനസ്സ് പ്രതിവചിച്ചു.കാവിലെ ഉല്സവത്തിന് കൊടിയേറ്റ് കഴിഞ്ഞു.

തറവാട്ടിലെല്ലാവരും തിരക്കിലാണ് .അമ്മുക്കുട്ടിക്ക് വന്ന മാറ്റമൊന്നും ആരുടെയും കണ്ണിലുടക്കിയില്ല .അച്ഛമ്മ മാത്രം ഇടക്ക് എന്തുപറ്റി കുട്ട്യേ എന്നു ചോദിക്കയുണ്ടായി മറുപടിക്ക് കള്ളങ്ങള് തിരയും മുമ്പേ അവര് പോവുകയും ചെയ്തു.ഉല്സവത്തിന് ഒരാഴ്ച്ച മാത്രമുള്ളപ്പോഴാണ് ദേശത്ത് വസൂരി പടര്ന്നു പിടിച്ചത് മനുഷ്യര് കൂട്ടത്തോടെ ചത്തുവീഴാന് തുടങ്ങി.ഭഗവതി വിളയാടിയാതാണെന്ന് പറഞ്ഞ് കാരണവന്മാര് നെഞ്ചുഴിഞ്ഞു.

അനുഗ്രഹത്തിന്റെ കുന്നിക്കുരുമണികള് വാരിയെറിഞ്ഞ് ഭഗവതി പരിവാരസമേതം നാടുചുറ്റി .പാടത്തും പറമ്പിലും ഒലക്കീറുകള് കുത്തിമറിച്ചുണ്ടാക്കിയ കൂരകള് പൊന്തി .വസൂരി പിടിപെട്ടവരെ മരിക്കാനായി അതിനുള്ളില് കൊണ്ടിട്ടു.കുരിപ്പു പൊന്തി പണ്ടാരമടങ്ങിയ ശവങ്ങളെ പറയന്മാര് പഴംമ്പായില് പൊതിഞ്ഞ് കെട്ടി കൊണ്ടുപോയി കുഴിച്ചിട്ടു.കുറുക്കന്മാര് പാതി ചീഞ്ഞ ശവങ്ങള് മാന്തി പുറത്തെടുത്ത് തിന്നുവിശപ്പടക്കി.വസൂരി വന്നു മരിച്ചവര് പരലോകത്തേക്കു പോവാതെ ശിവന്റെ ഭൂതഗണങ്ങളായി മാറി മോക്ഷം പ്രാപിക്കുകയാണ് ചെയ്യുകയെന്ന് അച്ഛമ്മ പറഞ്ഞു.മുറ്റത്ത് നിന്ന് വെറുതേ പാടത്തേക്കൊന്ന് കണ്ണോടിച്ചപ്പോഴാണ് പാടവക്കത്ത് പുതിയൊരു ഒലപ്പുര പൊന്തിയിരിക്കുന്നത് അമ്മുക്കുട്ടി കണ്ടത്.”ആരാണതിനകത്ത് ?”

അവള് വല്ലാത്തൊരു ജിജ്ഞാസയോടെ ചോദിച്ചു.” അത് നമ്മടെ ചെത്തുകാരന് രാരുക്കുട്ടി അവന് ഇന്നലെ പൊന്തി ”നെറ്റിയില് ഭസ്മക്കുറി വരച്ചുകൊണ്ട് അച്ഛമ്മ പറഞ്ഞു.ഒരിടിവെട്ടേറ്റ പോലെ അവള് മൂറ്റത്തുനിന്നു. ഒരു പ്രതികാരത്തിനുപോലും ഇടകൊടുക്കാതെ ഇരപിടിയന്മാരെ രക്ഷിച്ചെടുക്കുന്ന ദൈവങ്ങള്.പാടത്തെ ചെറ്റപ്പുര സുഖണ്ടോ തമ്പ്രാട്ടികുട്ട്യേ എന്നുറക്കെ വിളിച്ചു കളിയാക്കി.മനസ്സിന് കനം ക്കുന്നു.വൈകരുത് അവള് മന്ത്രിച്ചു.എണ്ണ മൂക്കാലും വറ്റിയ ഒരല്പ്പം മാത്രം ജീവന് ശേഷിക്കുന്ന ഒരു റാന്തല് ആ ചെറ്റപ്പുരക്കകത്ത് തൂക്കിയിട്ടിരുന്നു.ഒരു മുള്ളങ്കട്ടിലില് മേലാകെ മൂടി പുതപ്പിച്ച് രാരുക്കുട്ടിയെ കിടത്തിയിരിക്കുന്നു.

ഒരു ചിരട്ടയില് അല്പ്പം വെള്ളം ഒരോലക്കീറിലൂടെ കുറച്ചു മാത്രകളുടെ ഇടവേളകളില് അയാളുടെ വായിലേക്ക് ഇറ്റുവീഴാന് പാകത്തില് ക്രമികരിച്ചിരുന്നു.പക്ഷെ ചിരട്ടയിലെ വെള്ളം വറ്റിയിരുന്നു.വരണ്ട ചുണ്ടുകള് വെള്ളത്തിനു കേണു.അമ്മുക്കുട്ടി കട്ടിലിനരികില് നിന്നു. പിന്നില് മറച്ചു പിടിച്ച കഠാരയില് പിടിമുറുക്കിക്കൊണ്ട് അയാളുടെ ഈച്ചയാര്ക്കുന്ന ശരീരത്തെ അവള് അപാദചൂഡം വീക്ഷിച്ചു.പുതപ്പ് വലിച്ചുമാറ്റിയപ്പോള് അയാള് ദയനീയമായി ഞരങ്ങി.പേശികള് തുടിച്ചു നിന്നിരുന്ന അയാളുടെ ഉറച്ച ശരീരം ഉടഞ്ഞു കോടി ഒരു വിറകുകഷ്ണം പോലെ ദുര്ബലമായി തീര്ന്നിരുന്നു.ശരീരം മുഴുവന് പവിഴമണികള് വിതറിയിട്ടപോലെ,രക്തവും ചലവുമൊലിച്ച് ഭഗവതി കളിയാടിയ ദേഹം കിടന്നു.അയാള് വെള്ളം വെള്ളം എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു.കഠാര നെഞ്ചിന്കൂടിന് മുകളില് പിടിച്ചപ്പോള് രാരു കണ്ണുതുറന്നു.

അമ്മുക്കുട്ടിയെ കണ്ട് അയാള് ചിരിച്ചു.ദുര്ബലമായിരുന്നെങ്കിലും ആ ചിരിയില് പഴയ പൈശാചികത നിഴലിച്ചിരുന്നോ ??ജയിച്ചവന്റെ കണ്ണുകള്.അയാളുടെ കണ്ണുകളില് വിജയലഹരി വന്നു നിറയുന്നു.അമ്മുക്കുട്ടി കഠാര വലിച്ചെറിഞ്ഞു.അയാളുടെ കട്ടിലിനരികിലെ ചിരട്ട കയ്യിലെടുത്ത് അതിലവശേഷിച്ച ജലം അയാളുടെ വരണ്ട ബീഡിക്കറപിടിച്ച ചുണ്ടുകളിലേക്ക് പകര്ന്നു കൊടുത്തു.അവള് ചിരിച്ചു.പിന്നെ പതുക്കെ അയാളുടെ ചെവിയില് ചുണ്ടു ചേര്ത്തു വച്ചു.”സുഖം തോന്നുന്നുണ്ടോ രാരു…??” അതു കേട്ട മാത്രയില് അയാളുടെ ശരീരം പ്രാണവേദനയില് പിടഞ്ഞു.

പത്തിക്കടിയേറ്റ നാഗത്തെപ്പോലെ ആ ശരീരം കട്ടിലില് കിടന്നു പുളഞ്ഞു.പുറത്തേക്കുന്തി വന്ന കണ്ണുകളില് ഭയം തിളച്ചു മറിഞ്ഞു.ആ കാഴ്ച്ച നോക്കി നില്ക്കെ അടിവയറ്റില് വേദനയുടെ വേലിയേറ്റങ്ങള് മുറതെറ്റിച്ചാഞ്ഞടിക്കാന് വെമ്പല്കൊണ്ടു.

അമ്മുക്കുട്ടിഇറങ്ങി നടന്നു.കാവിന്റെ പടിക്കലെത്തിയപ്പോള് അവളൊരു ഉള്പ്രേരണയാലെന്ന പോലെ നിന്നു.ചിത്രകൂടങ്ങള്ക്കും ദൈവത്തറക്കും നിലാവില് ഇരുണ്ട നീലനിറം വന്നിരുന്നു.അമ്മുക്കുട്ടി ദൈവത്തറയിലേക്ക് കയറി .പൊടുന്നനെ മണ്പ്പുറ്റുകള് വിറകൊണ്ടു.അതിനകത്തു നിന്നും അസംഖ്യം പാമ്പുകള് ഇഴഞ്ഞിറങ്ങി വന്നു.അവയെല്ലാം അവളുടെ ചുറ്റും പത്തിവിടര്ത്തി കടിക്കാനെന്നോണം തല പിന്നോട് ചരിച്ച് ഒരനുവാദത്തിന് കാത്തിട്ടെന്നപോലെ നിന്നു.അമ്മുക്കുട്ടി ചിരിച്ചു.കഴിഞ്ഞ കൂറേ പകലുകളില് അവള്ക്കന്യമായി തീര്ന്ന ചിരി.വിശുദ്ധിയുടെ തടവറ ഭേദ്ധിച്ച് ഒരു ചുവപ്പുരാശി പുറത്തു ചാടി.

അതൊരു ചുവന്ന നാഗമായി അവളുടെ തുടയിലൂടെ , കണങ്കാലിലൂടെ ഇഴഞ്ഞിറങ്ങി വന്ന് ദൈവത്തറയില് പത്തി വിടര്ത്തി നിന്നു.തന്റെ ചുറ്റും നില്ക്കുന്ന പരസഹസ്രം നാഗങ്ങളെ നോക്കി അത് ചീറ്റി.അശുദ്ധിയുടെ സീല്ക്കാരം !!! പാമ്പുകള് പത്തിതാഴ്ത്തി ഇഴഞ്ഞു പോയി.ചുവന്ന നാഗം മാത്രം പത്തിവിടര്ത്തി ഒരു വലിയ ചോദ്യചിഹ്നം പോലെ അവിടെത്തന്നെ നിലകൊണ്ടു.പിറ്റേന്ന് കാലത്ത് കാവുമ്പാട്ടെ തറവാട്ടിലാകെ ബഹളമായിരുന്നു.കാവിലെ തറയില് നിറയെ രക്തം കടപിടിച്ചു കിടക്കുന്നു.കാരണവര് പണിക്കരെ വിളിക്കാന് ആളെവിട്ട് അക്ഷമനായി ഉമ്മറക്കോലായില് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി .രാശിപ്പലകയില് നോക്കി തെല്ലിട ചിന്താമഗ്നനായി നിന്ന ജോതിഷി പ്രഖ്യാപിച്ചു .”ദേവി ഋതുമതിയായിരിക്കുന്നു.”കാരണവര് കണ്ണുകളടച്ച് കൈകൂപ്പി.ഇളയമ്മയുടെ വീടിന്റെ ചാരുപടിയിലിരുന്ന് അമ്മുക്കുട്ടി തന്റെ സമൃദ്ധമായ മുടി ചീകിയൊതുക്കി.ചുണ്ടോളം ഓടിയെത്തിയ ഒരു പുഞ്ചിരിയെ അവള് കുടുക്കിട്ട് പിടിച്ചു.മനസ്സിന്റെ കയങ്ങളിലൊന്നില് മുക്കി കൊന്നു കളഞ്ഞു.കാവിനു നേരെ ചോദ്യഭാവത്തില് നോക്കി അവള് നിശബ്ദം പറഞ്ഞു.