സ്വത്തുവിന്റെ സ്വന്തം – 3

ഇവിടെയെത്തും വരെ ആ ചിരി ഞാൻ കേട്ടതാണല്ലോ!.. നിധിയേട്ടനെവിടെ?? സ്വത്തുവിന് തല ചുറ്റും പോലെ തോന്നി…
***********

ചേച്ചിയേ.. ഇവിടെ ആരുമില്ലേ?

ആരായിത്? വേലായുധനോ?

ചേച്ചി, സേതുവേട്ടനില്ലേ?

വേലായുധന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ജയന്തി തെല്ലൊന്നു അന്ധാളിച്ചു…

എന്താ വേലായുധാ… എന്തുപറ്റി?

ചേച്ചി, പേടിക്കാനൊന്നുമില്ല… സ്വത്തു ആ പാടത്തു ബോധം ഇല്ലാതെ വീണു കിടക്കുവായിരുന്നു…. തെന്നി വീണതാണെന്നാണ് തോന്നുന്നത്… കാല് കുറച്ചു പൊട്ടിയിട്ടുണ്ടായിരുന്നു….
അവിടെ നിറയെ പടർപ്പു ആയതുകൊണ്ട് ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല.. ഞാൻ കള്ളെടുക്കാൻ തെങ്ങിൽ കയറിയപ്പോൾ യൂണിഫോമിന്റെ കളർ കണ്ടാണ് ശ്രദ്ധിച്ചത്….

അയ്യോ എന്നിട്ടെന്റെ മോളെവിടെ?… ജയന്തി തളർന്നു നിലത്തേക്കിരുന്നു….

ഇലഞ്ഞിപ്പറമ്പിലെ ഭാസ്കരേട്ടന്റെ മോനെ അറിയില്ലേ.. ശ്രീനാഥ്‌! ആ പയ്യനും അവന്റെ രണ്ടു കൂട്ടുകാരും ചേർന്നാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കുന്നത്‌…

ചേച്ചി സേതുവേട്ടനെ വിവരം അറിയിക്കൂ.. വേലായുധൻ തിരിഞ്ഞു നടന്നു…

രണ്ടടി നടന്നു തിരിഞ്ഞു നിന്നു ചോദിച്ചു…

അല്ല ചേച്ചി, ഈ സ്വത്തുകൊച്ചു എന്തിനാ പാടം വഴി സ്കൂളിൽ പോകുന്നത്? നല്ലൊരു റോഡുള്ളപ്പോൾ… ഇത്തിരി അധികം നടക്കണമെന്നല്ലേയുള്ളു… ആരും കൂടെയില്ലാത്ത ആ വഴി തനിച്ചു പോകാൻ അനുവദിക്കരുത് ചേച്ചി.. നിറയെ പാമ്പുകൾ ഉണ്ട് അവിടെയൊക്കെ … മഴ പെയ്താൽ നടവഴി പോലും തെന്നും…. വേലായുധൻ ഗേറ്റ് കടന്നുപോയി….

ജയന്തി കരഞ്ഞു കൊണ്ടാണ് സേതുവിനെ വിളിച്ചത്…

“പേടിക്കണ്ട ജയന്തി ഞാൻ ഹോസ്പിറ്റലിലുണ്ട് അവൾക്കൊന്നുമില്ല.. കാലിലെ മുറിവ് ഒന്ന് ഡ്രസ്സ് ചെയ്തിട്ട് ഞങ്ങളിപ്പോൾ എത്തും”…

അന്ന് വൈകിട്ട് ദിയയെ സ്വത്തുവിന് അടുത്തിരുത്തി, “ ഞങ്ങൾ വരും വരെ നീ ഇവിടെത്തന്നെ കാണണം… കളിക്കാനൊന്നും പോകരുത്” എന്ന് പറയുമ്പോൾ ദിയയും സ്വത്തുവും തമ്മിലുള്ള ആത്മബന്ധമായിരുന്നു ജയന്തിക്ക് ആശ്വാസം.

വേഗം വാ ശ്യാമേ..(ദിയയുടെ അമ്മയായിരുന്നു ശ്യാമ…)

സേതുവേട്ടന് ഇതിലൊന്നും ഒരു വിശ്വാസവുമില്ല. പക്ഷെ എനിക്കങ്ങനെ വിടാനൊക്കില്ല… കുറച്ചു ദിവസമായി സ്വത്തുവിന് എന്തോ മാറ്റമുണ്ട് ശ്യാമേ..

ഏതുനേരവും ഓരോ ചിന്തയാണ്… ഉറക്കത്തിൽ ഗന്ധർവ്വൻ എന്നൊക്കെ പറയുന്നത് കേട്ടു…

ഇന്നലെ രാവിലെ ഉറക്കമുണരുമ്പോൾ കാലിൽ പച്ചമണ്ണ് പറ്റിച്ചേർന്നിരുന്നു… അവൾ പുറത്തു പോയിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു… പേടിപ്പിക്കണ്ടാന്നു കരുതി ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു…. പക്ഷെ ആ നേരം മുതൽ നെഞ്ചിലൊരാധിയാണ്…

ജയന്തി പേഴ്സിലെടുത്തു വച്ച സ്വത്തുവിന്റെ ജാതകം, ഒന്നുകൂടി ഉണ്ടോന്നു ഉറപ്പു വരുത്തി വേഗത്തിൽ നടന്നു….

രാധാകൃഷ്ണൻ തന്ത്രികൾ, വൃന്ദാവനം എന്നെഴുതി വച്ച വലിയ വീടിനു മുന്നിൽ എത്തുമ്പോഴും, ജയന്തിയുടെ മനസ്സ് മുഴുവൻ സ്വത്തുവിൽത്തന്നെ ആയിരുന്നു…

വരാന്തയിലിട്ട ബെഞ്ചിൽ ഊഴം കാത്തിരിക്കുമ്പോൾ, ഒരു പയ്യൻ രണ്ടു ഗ്ലാസിൽ ചായയുമായി വന്നു… ജയന്തിയും ശ്യാമയും ചായ എടുത്തെങ്കിലും, രണ്ടുപേർക്കും അത് കുടിക്കാനുള്ള മനസ്സ് തോന്നിയില്ല…

ചുമന്ന പരവതാനി വിരിച്ച മുറിയിൽ, ഒരറ്റത്തു നിരത്തിവെച്ച കവടികൾക്കു മുന്നിൽ, തീക്ഷ്ണമായ കണ്ണുകളോടെ, ആജാനുബാഹുവായ തന്ത്രിയുടെ മുന്നിലെത്തിയതും, ജയന്തിക്ക് എന്ത്പറഞ്ഞു തുടങ്ങണമെന്നറിയില്ലായിരുന്നു…

“ ഇരിക്കൂ.. നിങ്ങളുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.”

പഴ്സിൽ നിന്നും എടുത്തു നീട്ടിയ സ്വത്തുവിന്റെ ജാതകം വാങ്ങാതെ, തന്ത്രികൾ പറഞ്ഞു തുടങ്ങി …

സ്വാതി, തിരുവാതിര നക്ഷത്രം ….

ഈ നക്ഷത്രക്കാരിയെ കുറിച്ച് നിങ്ങൾ പറയാതെ തന്നെ എല്ലാം എനിക്കറിയാം …

എന്റെ നിയോഗമാണ് ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ അറിയിക്കേണ്ടത്.. എന്നെ തേടി വരുമ്പോൾ മാത്രമേ എനിക്കത് പറയാൻ അവകാശമുള്ളൂ…

കഴുത്തിലണിഞ്ഞ രുദ്രാക്ഷമാലയിൽ പിടി മുറുക്കി കൊണ്ട് അയാൾ പറഞ്ഞു… ഏകദേശം തൊണ്ണൂറു വർഷങ്ങൾക്കു മുൻപ് …

ചന്ദ്രമംഗലം തറവാട്ടിൽ, ഏവരുടെയും കണ്മണിയായി തറവാടിന്റെ ഐശ്വര്യമായി, പവിത്ര എന്നൊരു പെൺകൊടി ജീവിച്ചിരുന്നു…
പേര് പോലെ തന്നെ പവിത്രമായവൾ…

അവൾ വിളക്ക് തെളിയിച്ചാൽ മാത്രമേ കാവിലെ ദേവതകൾ സ്വീകരിക്കൂ…. തറവാട്ടു ക്ഷേത്രത്തിൽ അവൾ കെട്ടിയ മാലയെ പൂജയ്ക്കു എടുക്കൂ…

അവളുടെ മാസമുറയ്ക്കു അടച്ചിടുന്നു ക്ഷേത്രവും, തിരി തെളിയാത്ത കാവും…..

വിവാഹം വിധിക്കപെടാതെ, കാവിനും, ക്ഷേത്രത്തിനും വേണ്ടി ജീവിക്കേണ്ടിയിരുന്നവൾ….
സൗന്ദര്യവും, സ്വഭാവശുദ്ധിയും കൊണ്ട്, ഒരു നാടിന്റെ മുഴുവൻ ഹൃദയം കീഴടക്കിയവൾ…

ആയിടയ്ക്ക് തറവാട്ടിൽ ഐശ്വര്യപൂജ നടത്തുമ്പോൾ, വിഘ്‌നം വന്നതിനെ തുടർന്നുള്ള, പ്രശ്നപരിഹാരം നോക്കുമ്പോളാണ്, തറവാട്ടിൽ ഗന്ധർവ സാന്നിധ്യം കവടിയിൽ തെളിഞ്ഞത്… അപ്പോഴേക്കും പവിത്രയുടെ മനസ്സിൽ മറ്റാർക്കുമില്ലാത്ത സ്ഥാനം അവൾ കഥകളിൽ മാത്രം കേട്ടിരുന്ന ഗന്ധർവന് കൊടുത്തു കഴിഞ്ഞിരുന്നു….

കന്യകാത്വം കവർന്നു, ശാപമോക്ഷം നേടി, തിരിച്ചു ദേവലോകത്തേക്കു മടങ്ങേണ്ടിയിരുന്ന ഗന്ധർവന് തടസ്സമായി നിന്നതു, കാവിലെ നാഗദേവകളും, ക്ഷേത്രത്തിലെ ഉഗ്രമൂർത്തിയുമായിരുന്നു.

ഒരു അവസരത്തിനായി കാത്തുകാത്തിരുന്ന ഗന്ധർവ്വൻ പതിയെ അവളെ പ്രണയിച്ചു തുടങ്ങി…

കുന്നിൻ ചെരുവിൽ അവർ കണ്ടുമുട്ടി, നിലാവും, തെന്നലും, നീലക്കടമ്പും, പൂവിട്ട പാലമരങ്ങളും, ഒഴുകുന്ന പുഴയും സാക്ഷിയാക്കി പ്രണയം പങ്കിട്ടു… തിരിച്ചു മടങ്ങാൻ, ആഗ്രഹിക്കാതെ, കാലങ്ങളോളം അവളെ പ്രണയിക്കാനായി, ഗന്ധർവ്വൻ അവളുടെ കന്യകാത്വം കവർന്നില്ല…

കാവിൽ തിരി തെളിയിക്കാനും, ക്ഷേത്രത്തിലേക്കുള്ള മാലകെട്ടുന്നതിനും, പലപ്പോഴും അവൾ ഭംഗം വരുത്തി…

അവൾ കാരണം തറവാട് മുടിയുമെന്നായതോടെ, തറവാട്ടിലെ കുളത്തിൽ കുളിക്കാനിറങ്ങിയവൾ ഒരിക്കലും തിരിച്ചു കയറി വന്നില്ല…. കന്യകയായിത്തന്നെ അവൾ ജീവൻ വെടിഞ്ഞു…

തിരിച്ചു പോകാനാവാതെ, ഗന്ധർവ്വൻ കാലങ്ങളോളമായി അവളെ മാത്രം നിനച്ചു ചന്ദ്രമംഗലം തറവാട്ടിൽ ഇപ്പോഴും നിറസാന്നിധ്യമായിരിക്കുന്നു…

പവിത്രയുടെ മരണശേഷം, കാവും ക്ഷേത്രവും പലരും ഏറ്റെടുത്തെങ്കിലും ആർക്കുമതു നല്ലരീതിയിൽ നടത്തി കൊണ്ടുപോകാൻ കഴിയാതെ വന്നു..

കാവും, ക്ഷേത്ര പരിസരവും, അശുദ്ധമാകാതെ ഇരുന്നത് കൊണ്ടും, കന്യകയായിത്തന്നെ ജീവൻ ത്യജിച്ചതു കൊണ്ടും, ദുർമരണങ്ങളൊന്നും അവിടെ ഉണ്ടായില്ല…

ഇതിലൊന്നും വിശ്വാസമില്ലാതെ തറവാട് വാങ്ങിയവർ പോലും സ്ഥിരമായവിടെ താമസിക്കാനാവാതെ മാറിപ്പോയി..

ഇവിടങ്ങളിലുള്ള പാടവും കുന്നുമൊക്കെ നികത്തലിന്റെ ഭീഷണി നേരിടുമ്പോഴും, പലയിടങ്ങളിലും ആഡംബര കെട്ടിടങ്ങൾ പണിതുയർത്തിയിട്ടും, കാലത്തിനു പോലും ഒരു ചെറുമാറ്റം വരുത്താനാവാതെ, ആ തറവാടും അതിനുള്ളിലെ ഏക്കറു കണക്കിന് സ്ഥലവും, അതിനു മുന്നിലെ പാടവും, കുന്നും, മാലിനമാകാത്ത പുഴയും, പവിത്രയുടെയും, ഗന്ധർവ്വന്റെയും, പ്രണയത്തിന്റെ മൂകസാക്ഷികളായതിന്റെ ഓർമയിൽ ഇപ്പോഴും നിലകൊള്ളുന്നു….

ആ കാലത്തിൽ പ്രശനവിധികളിൽ കേമനും, ചന്ദ്രമംഗലം തറവാട്ടിലെ പൂജകൾക്ക് നേതൃത്വം വഹിച്ച ആളെന്ന നിലയിലും, വിശ്വാസങ്ങൾക്കപ്പുറം, അനുഭവത്തിന്റെ നേർക്കാഴ്ചയ്ക്ക് കൂടി സാക്ഷ്യം വഹിക്കേണ്ടിവന്ന എന്റെ മുത്തശ്ശൻ…

അന്ന് മാസങ്ങളുടെ വ്രതശുദ്ധിയുടെയും, ഇരുപത്തിയൊന്ന് രാവുകളിലെ അഗ്നി അണയാതെയുള്ള ഹോമത്തിന്റെയും

പിൻബലത്തിൽ അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്..

പവിത്ര, തിരുവാതിര നക്ഷത്രത്തിൽ, ഒരു പൗർണമിരാവിൽ പുനർജനിക്കുമെന്ന്….

മരണത്തിനു കീഴടങ്ങും മുന്നേ, എന്റെ അച്ഛനെ ചേർത്ത് നിർത്തി മുത്തച്ഛൻ പറഞ്ഞതാണ് ഇതെല്ലാം … നിനക്ക് ജനിക്കാനിരിക്കുന്ന മകന് ഇതെല്ലാം പറഞ്ഞു കൊടുക്കണമെന്നും, ഇത് അവരെ അറിയിക്കേണ്ട നിയോഗം നിന്റെ മകനായിരിക്കുമെന്നും .. നിങ്ങളെ ഇതറിയിക്കാൻ നിയോഗിക്കപ്പെട്ട ആ മകനാണ് ഞാൻ…

ജയന്തി നെഞ്ചിൽ കൈവച്ചു… സ്വത്തുവിന്റെ ജനനം .. ഡോക്ടർ പറഞ്ഞ തീയതി ആകുന്നതിനു മുന്നേ, ഒരു രാത്രി വേദന സഹിക്കാനാവാതെ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ, റോഡിലേക്കെത്താനുള്ള ദൂരം തന്നെ എല്ലാവരും കൂടി താങ്ങിപിടിച്ചു കൊണ്ടുപോകുമ്പോൾ, കുറച്ചു മുന്നേ പെയ്ത മഴയിൽ നിലച്ച വൈദ്യുതിയിൽ, ഇരുൾ മൂടിയ വഴികളിൽ വെളിച്ചം പകർന്നു പൂർണ്ണചന്ദ്രൻ..

ഓർമയിൽ ആദിവസം തെളിഞ്ഞു വന്നതോടെ ജയന്തി മനമുരുകി പ്രാർത്ഥിച്ചു.

ജയന്തിയുടെ കണ്ണുകളിലെ ഭയത്തിന്റെ തീവ്രത കണ്ണുകളാൽ അളന്നു അയാൾ തുടർന്നു..

സ്വാതി വയസ്സറിയിച്ചൊരു മുതിർന്ന പെണ്ണാകാൻ കാത്തിരിക്കുകയായിരുന്നു ഗന്ധർവ്വൻ… അവളുടെ മനസ്സിലിടം നേടാൻ ആ തറവാട്ടിലെ ഏതെങ്കിലും വസ്തുക്കൾ അവളുടെ കൈവശം എത്തിച്ചേരണമായിരുന്നു…

അവളിൽ വന്നു ചേർന്ന ആ മഞ്ചാടിമണികളിലൂടെയാണ് ഗന്ധർവ്വൻ, അവളുടെ ചിന്തകളെ തൊട്ടത്…

എന്നാൽ അവൾടെയുള്ളിൽ, അവളറിയാതെ കയറിയ ഏതോ ഒരാളുടെ രൂപത്തിലാണ് ഗന്ധർവ്വൻ അവളെ സ്വാധീനിക്കാൻ തുടങ്ങിയത്…

സ്വപ്നങ്ങളിലൂടെ അവളറിയാതെ അവളെ, തന്റെ വഴികളിലൂടെ സഞ്ചരിപ്പിക്കാനും, തന്റെ കാഴ്ചകളെ കാണിച്ചു കൊടുക്കാനും, ഗന്ധർവന് കഴിയുന്നത് കൊണ്ടാണ്, സ്വാതിയുടെ കാലിലെ പച്ചമണ്ണ് നിങ്ങളെ അസ്വസ്ഥമാക്കിയത്..

ഇനിയെന്തെങ്കിലും ചെയ്യണമെങ്കിൽ, ആ ആൾ വിചാരിക്കണം.. ആരുടെ രൂപത്തിലാണോ ഗന്ധർവ്വൻ അവളെ സ്വാധീനിക്കാൻ തിരഞ്ഞെടുത്തത്, ആ ആൾ..

ഇത്രയും കാലത്തിനിടയ്ക്കു, അവളുടെ വായിൽ നിന്ന് ഒരേയൊരു ആൺകുട്ടിയുടെ പേര് മാത്രമേ വന്നു കേട്ടിട്ടുള്ളു … ശ്രീലക്ഷ്മിയുടെ ഏട്ടൻ നിധിയേട്ടൻ… ജയന്തി ഓർത്തെടുക്കാൻ ശ്രമിച്ചു … ഇന്ന് വേലായുധൻ പറഞ്ഞത്, ഇലഞ്ഞിപ്പറമ്പിലെ ഭാസ്കരേട്ടന്റെ മകൻ ശ്രീനാഥാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയതെന്ന്..

ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വന്നപ്പോൾ നിധിയേട്ടനാണമ്മേ അച്ഛനെ ഫോണിൽ വിളിച്ചതെന്ന് പറയുമ്പോൾ, അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു ….

ഉച്ചതിരിയും മുന്നേ ആ പയ്യൻ വന്നു സേതുവേട്ടനെ മാറ്റി നിർത്തി സംസാരിച്ചു മടങ്ങുമ്പോൾ, “നിധിയേട്ടൻ എന്താ പറഞ്ഞത് അച്ഛാ” എന്ന് ഓടിവന്നു ചോദിക്കുമ്പോൾ ആ കാലിന്റെ വേദന വരുത്തിയ മങ്ങൽ സ്വത്തുവിന്റെ മുഖത്തുനിന്നും പാടേ മാഞ്ഞിരുന്നു …

ശ്രീനാഥ്, നിധിയേട്ടൻ, ഗന്ധർവ്വരൂപം, സ്വത്തുവിന്റെ മനസ്സുടക്കിയതിലേക്കു താൻ എത്തിക്കഴിന്നുവെന്നു ജയന്തിക്ക് തോന്നി….