വിയർപ്പിന്റെ വില Part 2

ചില ഉറച്ച നടത്തങ്ങൾ വഴിമാറി ഒഴുകാറില്ല…. ചില മഴത്തുള്ളികൾ ചിലരുടെ ആശീർവാദങ്ങളും ആകുന്നു…..
” നമുക്കൊരു ചായ കുടിച്ചാലോ ജിതേഷ്? ” രാജേട്ടൻ ചോദിച്ചു….

“ശെരി ഏട്ടാ ”

ചായ കുടിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് അനീഷിന്റെയും അനഘയുടെയും കാര്യം വീണ്ടും ചോദിച്ചു….

” അവരെന്തായി പിന്നീട്…. ഇന്ന് ഇനി ജോലിയില്ലല്ലോ…. എനിക്കതൊന്ന് അറിയണം എന്നുണ്ട്… ”

ഓർമകളെ അവരിലേക്ക് പിന്നെയും എന്നെ വലിച്ചു….

***************************

അനഘ അച്ഛന്റെയും അമ്മയുടെയും സ്നേഹ ശിക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്റെ പഠനം ഭംഗിയായി പൂർത്തിയാക്കി…

മനസ്സിൽ ആതുരസേവനം എന്ന ആഗ്രഹം ഒരു കളങ്കവും ചേർക്കാതെ നടത്താൻ അവളാ സ്തെതസ്കോപ്പ് കഴുത്തിൽ അല്ലായിരുന്നു അണിഞ്ഞത് ….. ആ മനസ്സിന്റെ കുറുകെ ആയിരുന്നു…..

പക്ഷെ അമ്മയുടെ ആഗ്രഹം പോയത് മറ്റുളള വഴികളിലൂടെ ആയിരുന്നു…..

പണം കുമിഞ്ഞു കൂടുന്നത് ദിനവും സ്വപ്‍നം കണ്ടു ഉണരുന്നതിനെ നിരന്തരം തടയാൻ ശ്രമിച്ചു…. പക്ഷെ അതിൽ ഒരു മാറ്റവും ഉണ്ടായില്ല….

ആദ്യത്തെ വീടിനു തലയെടുപ്പ് ഇല്ലാത്തതുകൊണ്ട് അത് മാറ്റി അവിടെ തന്നെ പുതിയ വീട് വെക്കുന്നതിനും…. വീടിനു മുന്നിലെ ബോർഡിന്റെ വലുപ്പത്തിൽ വരെ അമ്മ തന്നെ ആയിരുന്നു മുൻകൈ എടുത്തത്….. ഫീസ് കാര്യങ്ങൾ പോലും അമ്മ ഇടപെടുന്നത് മകൾ തടഞ്ഞു….

ഗ്രാമ സേവനം കഴിഞ്ഞു അവൾ കോഴിക്കോട് തന്നെ തിരിച്ചെത്തി അവിടെ തന്നെ ജോലിക്കും കയറി…..

*******************************

” അതൊക്കെ പോട്ടെ ഇപ്പോഴും അവളുടെ കാര്യം മാത്രം….. അപ്പൊ അനീഷ്….. ” രാജേട്ടൻ അക്ഷമനായി ചോദിച്ചു……

******************************

അനീഷ്…. മരിച്ചു പോയ അച്ഛന്റെ ആഗ്രഹം അവനും എതിർത്തില്ല……

അവനും പഠിച്ചു…. രാത്രി കാലങ്ങളിൽ അവധി ദിനങ്ങളിൽ പഠനത്തിനും വീട്ടിലെ കാര്യങ്ങൾക്കും ഒക്കെ ആയി അവൻ

പരിശ്രമിച്ചു….. അവധി ദിവസങ്ങളിൽ അവൻ കെട്ടിടം പണിയും ഓട്ടോ ഓടിക്കാനും അവൻ മുൻപ് ചെയ്തതൊക്കെ ചെയ്യാനും ഇറങ്ങിതിരിച്ചു…..

അവനും പഠിച്ചു…. നല്ല റാങ്കിൽ പാസ്സായി…. ഇപ്പൊ അവിടെയുണ്ട്….. പക്ഷെ വീടിപ്പോഴും ആ ചെറിയ വീട് തന്നെ ആണ്….. ഇന്നും ഓട്ടോ ഓടിക്കാൻ പോകുമ്പോൾ മറ്റുള്ളവർ ചോദിച്ചാൽ അവൻ ഒന്നേ പറയൂ…..

” വയറിന്റെ വിശപ്പ് അത് മാറ്റുന്നത് ….. നമ്മുടെ തൊഴിൽ നമ്മൾ നേടുന്നത്….. ഒന്നിലും ഒരു കുറച്ചിലും ഞാൻ കാണുന്നില്ല…. അച്ഛൻ പഠിപ്പിച്ചതോണ്ടാകും ഞാൻ ഇങ്ങനെ….. ”

അവൻ ഒരു ഡോക്ടർ ആയി വരുന്നത് കാണാൻ ആഗ്രഹിച്ച അമ്മയും ഇന്നവനെ വിട്ടു പോയി….

അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ അവൻ ഒന്ന് മാത്രം പ്രാർത്ഥിച്ചു …..

” എന്റെ അശ്രദ്ധകൊണ്ട് ഒരു ജീവനും ആപത്തുണ്ടാകരുത്….. ”

വീട് പൂട്ടി….. തന്റെ സഹചാരിയായ ആ പഴയ ബൈക്കിൽ അവൻ ഇറങ്ങി…..

” അനീഷേട്ട നിക്ക് ദേ ഞാനും ഉണ്ട്….. ”

തിരിഞ്ഞു നോക്കിയപ്പോൾ അനഘ ഓടിപ്പിടച്ചു വരുന്നു…..

” നീ ഇറങ്ങിയില്ലേ ”
” നമുക്കൊരുമിച്ചു ബൈക്കിൽ പോകാം ഏതായാലും ഒരു ഇടത്തേക്കല്ല അപ്പൊ നമുക്ക് ഇതിൽ പോകാം ”

” ആയിക്കോട്ടെ എന്നാ കയറിക്കോ….. നമ്മൾ വൈകിയിട്ട് ഒരാൾക്കും അസുഖം കൂടരുത്…. കാണാൻ വരുന്നവർ എത്തുന്നതിനു മുൻപ് അവിടെ നമ്മൾ ഉണ്ടാകണം ” അവൻ അതും പറഞ്ഞു ബൈക്ക് എടുത്തു……

ഇത് റൂമിൽ നിന്നും കണ്ട അവളുടെ അമ്മ അവളെ വിളിക്കാൻ ഓടി വരുന്നുണ്ടായിരുന്നു…… പക്ഷെ അവർ പോയി കഴിഞ്ഞിരുന്നു……

ഉമ്മറത്തു പത്രം വായിച്ചു കൊണ്ടിരുന്ന അവളുടെ അച്ഛൻ പറഞ്ഞു ” അവര് പോയി….. നീ ഇനി അതിനൊന്നും എഴുന്നള്ളിക്കണ്ട അവര് പൊക്കോട്ടെ “

” മ്മ് ബെസ്റ്റ്….. കല്യാണപ്രായം തികഞ്ഞ പെണ്ണാ നാട്ടുകാർക്ക്‌ ഇനി അതുമതി…. പ്രത്യേകിച്ചും അവന്റെ കൂടെ….. ഞാൻ പണ്ടേ പറയാറുള്ളതാ….. ഇവിടെ മുറ്റത്തു ഈ കാറുള്ളപ്പോ അവൾക്ക് എന്തിന്റെ കേടാ ഇത്…. ”

” വേണ്ട നീ നിർത്തിക്കോ….ഞാൻ പറമ്പിലേക്ക് പോക നിനക്ക് നിന്നെ അടക്കാൻ പറ്റില്ല….. ഞാൻ എങ്കിലും മാറി തരാം….. അവനെ എനിക്ക് വിശ്വാസം ആണ്….. എന്റെ മകൾക്കു അവളെയും….. ” അച്ഛൻ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി……

” അപ്പോഴേക്കും എനിക്കു ഇത് കാണുമ്പോഴാ…. ദേ മനുഷ്യ ആരെങ്കിലും കാണും നിങ്ങളിങ്ങനെ ജോലി ചെയ്യാൻ ഒന്നും നിക്കണ്ട…… അപ്പുറത്തുള്ളോരൊക്കെ കണ്ടാൽ നാണക്കേട ” തലയിൽ കൈവെച്ചായിരുന്നു അമ്മ അത് പറഞ്ഞത്……

” മോളു പറഞ്ഞത്കൊണ്ട് ഞാനിപ്പോ ജോലിക്കു പോകുന്നില്ല….. ന്നാലും സ്വന്തം പുരയിടത്തില് വാഴയ്ക്ക് തടം കോരാനും പച്ചക്കറികൾ നട്ടുണ്ടാക്കാനും ഞാൻ ഇറങ്ങും….. അല്ലാണ്ട് മുതലാളി ചമഞ്ഞു പൊങ്ങച്ചം കാണിക്കാൻ എനിക്ക് വയ്യ…. പിന്നെ മരിച്ചാൽ ഉടലോടെ സ്വർഗത്തിൽ പോകാനൊന്നും പോകാനൊന്നും പോണില്ലല്ലോ….. ഈ മണ്ണ് തന്നെ തിന്നും എന്നെയും നിന്നെയും ഒക്കെ….. മറക്കണ്ട ഒന്നും ” അച്ഛൻ അതും പറഞ്ഞു പോകാൻ തുടങ്ങുമ്പോഴാണ് ഒരു വെള്ളിടി പോലെ അവർ അത് പറഞ്ഞത്…..

” പറഞ്ഞാൽ മനസ്സിൽ ആകില്ല….. സ്വന്തം മോളു കണ്ടവന്റെ ബൈക്കിൽ കേറി നടക്കുവാന്നു നാട്ടുകാര് ഇനി പറയണം…… അതും കേൾപ്പിക്കും അപ്പോഴും പറയണം എനിക്കറിയാം എന്റെ മോളെ എനിക്ക് വിശ്വാസാണ് ആ തന്തയും തള്ളയും ഇല്ലാത്ത ചെക്കനെ…… ”

അതുകേട്ടതും മുറ്റത്തേക്കിറങ്ങിയ അച്ഛൻ തിരിച്ചു കയറി…….

” നീ വന്നേ….. ”

” എന്തിനാ പറഞ്ഞത് കൊണ്ടോ നിങ്ങൾക്ക്…… അത് ആരെങ്കിലും കേട്ടാൽ കുറച്ചില് തോന്നുണ്ടോ ” അമ്മ ചോദിച്ചു…..

ഒന്നും പറയാതെ അച്ഛൻ അമ്മയുടെ കൈപിടിച്ച് ഉള്ളിലേക്ക് വലിച്ചു കൊണ്ടു പോയി…….

വീടിന്റെ അടുക്കളയിലെ തിണ്ണയിൽ കൊണ്ടുപോയി ഇരുത്തി……..

” ഇതുകൊണ്ടൊന്നും എന്റെ വായടക്കാം എന്ന് കരുതണ്ട…. ഞാൻ അവളുടെ അമ്മയാണ്…. അതുകൊണ്ട് എനിക്കുള്ള വേദന നിങ്ങൾക്ക് ഉണ്ടാകില്ല….. പെറ്റ വയറിന്റെ വേദന അത് നിങ്ങൾക്ക് അറിയില്ല…… ” അമ്മ പിന്നെയും വായിൽ വന്നതൊക്കെ പറഞ്ഞു……

” മിണ്ടരുത് നീ….. പെറ്റ വയറു…. ആ വാക്ക് പറയാൻ നിനക്ക് എന്ത് യോഗ്യതയാണ്…… എന്റെ മകൾ അവനെ ഏട്ടനും അവൻ അവളെ അനിയത്തിയേയും പോലെ ആണ് കാണുന്നെ…. നിന്റെ കണ്ണിൽ എന്നും മഞ്ഞയാ അത് വെച്ചു തന്നെ നീ എല്ലാരേം കാണരുത്…… ഇനി അവൾക്ക് അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ അത് ഞാനങ്ങു നടത്തും എല്ലാരും അറിഞ്ഞു തന്നെ മനസ്സിലായോ നിനക്ക്….. പിന്നെ….. അവനെ നീ എന്താ വിളിച്ചേ….. അച്ഛനും അമ്മയും ഇല്ലാത്തവൻ എന്നോ….. എങ്ങനെയാ അവന്റെ അമ്മ മരിച്ചേ…… പറയ് നീ ” അച്ഛൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു…..

” അസുഖക്കാരി എങ്ങനെയാണ് മരിച്ചേ എന്ന് ഞാനാണോ അറിയുന്നേ….. ” അമ്മയുടെ വാക്കുകളിൽ പതർച്ച വന്നിരുന്നു…..

” നിനക്കറിയില്ലെങ്കിൽ ഞാൻ പറയാം….. അന്ന് നല്ല റാങ്കിൽ അവൻ പാസ്സായ ആ സമയം….. ആ സമയം ഭാനുവിന് അസുഖമ് ആയി കിടക്കുന്ന ആ സമയത്തു നീ പോയി അവരോടു പറഞ്ഞത് ഞാൻ അറിഞ്ഞില്ലെന്ന് കരുതരുത്….. അവരെ വിഷമിപ്പിച്ചു ചങ്കു പൊട്ടിയ അവര് മരിച്ചേ…… സ്വന്തം മകനെ പറയുന്നതും അവനെ വിടാതെ പിന്തുടർന്ന് നീ കാണിച്ചു കൂട്ടുന്നതും എല്ലാം ആ അമ്മയെ പറഞ്ഞു നീ കൊല്ലാതെ കൊന്നു വാക്കുകൾ കൊണ്ട്…… ” അച്ഛൻ പറഞ്ഞു നിർത്തി…..

” ദേ നിങ്ങള്….. നിങ്ങള് വേണ്ടാദീനം പറയരുത്…… “അമ്മ മുഖത്തു നോക്കാതെ പറഞ്ഞു…..

” അതെ ഞാൻ പറഞ്ഞത് തെറ്റ്….. ഇതെല്ലാം ആ മകൻ അറിഞ്ഞാൽ അന്ന് തീരും നീ നോക്കിക്കോ…… എല്ലാം അറിഞ്ഞ ഞാൻ അതു അവനോടു പറയേണ്ടത് തന്നെയാണ്…… പക്ഷെ ആ സമയം ഞാൻ ഒരു ഭർത്താവായി അച്ഛനായി…… ഒരു പക്ഷെ അതാകണം ഞാൻ ഒരു പരാജയം ആണെന്ന് എനിക്ക് തന്നെ വിശ്വസിച്ചു ജീവിക്കുന്നത്…… ” അതും പറഞ്ഞു അച്ഛൻ പുറത്തേക്കിറങ്ങി……

അമ്മ അപ്പോഴും ചിന്തിച്ചു അവിടെ തന്നെ ഇരിക്കുകയായിരുന്നു…… അന്ന് താൻ അങ്ങനെ ഒക്കെ പറഞ്ഞിരുന്നു പക്ഷെ അതൊക്കെ ഇങ്ങേരു എങ്ങനെ അറിഞ്ഞു…… അതിന്റെ പിറ്റേ ദിവസം അവർക്കു അസുഖം കൂടി അവര് മരിച്ചു……
അതിനു ഒരുപാട് സന്തോഷിച്ചിരുന്നു……. പക്ഷെ ഇപ്പോ അങ്ങേരു ഇത് അറിഞ്ഞിരിക്കണം…… അവൻ ഇത് അറിഞ്ഞാൽ അത് പാടില്ല……