ജന്നത്തിലെ മുഹബ്ബത്ത് 1

ജന്നത്തിലെ മുഹബ്ബത്ത് 1
Jannathikle Muhabath Part 1 രചന : റഷീദ് എം ആർ ക്കെ
ഭാഗം : 1

സ്നേഹിക്കുന്ന പെണ്ണ് പെട്ടെന്നൊരു ദിവസം മറ്റൊരു വിവാഹത്തിന് സമ്മതിച്ചതറിഞ്ഞത് മുതൽ തുടങ്ങിയതാണ് റൂമിലുള്ള എന്റെ ഉറ്റമിത്രം യാസിർ ലോകത്തുള്ള മുഴുവൻ കാമുകിമാരെയും തെറി വിളിക്കൽ .

നാട്ടിൽ ജോലിയൊന്നുമില്ലാതെ കറങ്ങി നടന്നിരുന്ന സമയത്ത് അടുത്തുള്ള ഏതോ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയുമായി ഇവൻ പ്രണയത്തിലാവുകയും ആ പെണ്ണിനെ കെട്ടാൻ ഗൾഫിലേക്ക് കിട്ടിയ വിസക്ക് കേറി വന്നവനുമാണ് യാസിർ.

കേട്ടിട്ട് ആത്മാർത്ഥമായിരുന്നു അവന്റെ പ്രണയം പക്ഷെ സ്നേഹിച്ച പെണ്ണ് അത് മനസ്സിലാക്കിയില്ലെന്ന്‌ തോന്നുന്നു പെട്ടെന്നൊരു ദിവസം ഇവനെ വിളിച്ച് ഇനി മേലിൽ വിളിക്കരുതെന്നും, മെസേജ് അയക്കരുതെന്നും മറ്റും പറഞ്ഞ് അവൾ വേറെ ഒരുത്തനുമായുള്ള കല്ല്യാണത്തിന് സമ്മതിച്ചു.

പ്രണയത്തിൽ പണ്ടേ വിശ്വാസമില്ലാത്ത എനിക്ക് ദിവസങ്ങൾ കഴിഞ്ഞിട്ടും അവന്റെ സങ്കടം പറച്ചിൽ കേട്ട് ആശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ അവന്റെ പരിഭവങ്ങൾ നിറഞ്ഞ പ്രാക്കുകൾ കേട്ടിരിക്കുമ്പോഴാണ്
” നമ്മൾ ആണുങ്ങൾ കാണിക്കുന്ന ആത്മാർത്ഥത ഒരിക്കലും ഈ പെണ്ണുങ്ങൾക്ക്‌ ഉണ്ടാവില്ലഡാ എന്ന് അന്നെന്നോട് കൂടെ നടന്നിരുന്ന ഒരുത്തൻ പറഞ്ഞിരുന്നു അന്ന് ഞാനത് വിശ്വസിച്ചില്ല ഇപ്പോൾ അനുഭവിച്ചു ” എന്നെല്ലാം പറഞ്ഞ് സങ്കടവും, ദേഷ്യവും കടിച്ചമർത്തുന്ന യാസിറിനെ നോക്കി ഞങ്ങളുടെ കമ്പനി മാനേജറും സുഹൃത്തും കൂടിയായ റൂമിലെ നവാസ്ക്ക പറഞ്ഞു …

“യാസിർ നീ സ്നേഹിച്ച പെണ്ണിനായിരുന്നു കുഴപ്പം അല്ലാതെ പെണ്ണുങ്ങൾ മുഴുവനും സ്നേഹിക്കുന്ന കാര്യത്തിൽ അങ്ങനെയല്ല യാസീ.” എന്ന് പറഞ്ഞ് ഇക്ക നിർത്തിയപ്പോൾ യാസിർ ദേഷ്യത്തോടെ
” ഇക്കാക്ക് അങ്ങനെ പറയാം എന്റെ ഇപ്പോഴത്തെ അവസ്ഥ ഇക്കാക്ക് മനസ്സിലാവാഞ്ഞിട്ടാ. അവളെ ഞാൻ എന്ത് മാത്രം സ്നേഹിച്ചിരുന്നു എന്നറിയാമോ.
പ്രാരാബ്ധങ്ങൾ ഒന്നുമില്ലാത്ത എനിക്ക് അവളെ കല്യാണം കഴിക്കാനുള്ള മോഹം ഒന്നു കൊണ്ട് മാത്രമാ ഞാനീ ഗൾഫിലേക്ക് വീട്ടുകാരെയും, കൂട്ടുകാരേയും എല്ലാം ഇട്ടെറിഞ്ഞു കേറി പോന്നത് എന്നിട്ട് അവളുടെ കല്ല്യാണം വീട്ടുകാർ ആലോചിക്കുന്നത് പോലും എന്നെയവൾ അറിയിച്ചില്ല, പറഞ്ഞില്ല …”

നവാസ്ക്ക വീണ്ടും പറഞ്ഞു ” യാസീ നിന്റെ വിഷമം എനിക്ക് മനസ്സിലാവും അവൾ നിന്നോട് ചെയ്തത് ചെയ്യാൻ പാടില്ലാത്ത ക്രൂരത തന്നെയാണ് കല്ല്യാണം നോക്കുന്നുണ്ട് എന്നെങ്കിലും അവള്ക്ക് നിന്നോട് പറയാമായിരുന്നു പക്ഷെ ഈ ലോകത്ത് ആരൊക്കെ പറഞ്ഞാലും എല്ലാ പെണ്ണുങ്ങളും സ്നേഹിക്കുന്ന കാര്യത്തിൽ ആത്മാർത്ഥത ഇല്ലാത്തവരാണ് എന്ന് പറഞ്ഞാൽ അത് ഞാൻ സമ്മതിച്ചു തരില്ല..! “

കട്ടിലിൽ കൈ കുത്തിയിരുന്ന് സംസാരിക്കുന്ന നവാസ്ക്കയോട്
” അതെന്താ ഇക്ക അങ്ങനെ പറഞ്ഞത്.. ? ” എന്ന് ഞാൻ ചോദിച്ചപ്പോൾ
മുഖത്ത് വിടർന്ന സന്തോഷം മറച്ചു വെക്കാതെ നവാസ്ക്ക എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു. “എന്റെ ജീവിതാനുഭവമായത് കൊണ്ടാണ് ഞാനിങ്ങനെ തീർത്ത് പറയാൻ കാരണം കേട്ടാൽ നിങ്ങൾക്കൊന്നും പെട്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല പക്ഷെ വിശ്വസിച്ചേ പറ്റൂ ഇന്നും ഞാൻ പോലും വിശ്വസിക്കാൻ പ്രയാസപ്പെടുന്ന കാര്യങ്ങളാണ് കുറച്ചു കാലം മുൻപ് എന്റെ ജീവിതത്തിൽ സംഭവിച്ചത് .. !!
ഗൾഫിലേക്ക് കയറി വരുന്നതിന് മുൻപ് ഞാനൊരു ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. നല്ല ശമ്പളവും മറ്റും ഉള്ള ആ ജോലി ഉപേക്ഷിച്ച് ഈ ചുട്ടു പഴുക്കുന്ന മരുഭൂമിയിലേക്ക് കയറി വരാനുള്ള ഒരൊറ്റ കാരണം ഒരിക്കലും പ്രണയിക്കില്ല എന്ന് തീരുമാനിച്ച് പഠിച്ച് വലുതായി അവസാനം ജോലി കിട്ടിയപ്പോൾ അറിയാതെ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു പ്രണയമായിരുന്നു അല്ല ഒരിഷ്ടമായിരുന്നു…

ഇപ്പോൾ യാസിർ വന്നത് പോലെ പ്രണയിച്ച പെണ്ണിനെ കെട്ടാൻ ഗൾഫിലേക്ക് കേറി വന്നതൊന്നുമല്ലായിരുന്നു ഞാൻ കിട്ടാതെ വന്നപ്പോൾ അവളെ മറക്കാൻ വേണ്ടി കയറി വന്നതാ.

‘ഏത് മാറാത്ത ദു:ഖങ്ങളും, വിഷമങ്ങളും മാറ്റാനും, മറക്കാനും സഹായിക്കുന്ന മണ്ണ് മരുഭൂമിയാണല്ലോ’ എന്ന തോന്നല് കൊണ്ടാണ് കയറി വന്നത് പക്ഷെ കാലത്തിന്റെ കണക്ക് കൂട്ടൽ മറ്റൊന്നായിരുന്നു..

കട്ടിലിൽ അതുവരെ മുകളിലേക്ക് നോക്കി കിടന്നിരുന്ന യാസിർ ഇക്കയുടെ കഥ കേട്ടു തുടങ്ങിയതും എഴുന്നേറ്റ് വന്ന് എന്റെ അരികത്തിരുന്നു. എന്നിട്ട് നവാസ്ക്കയോട് പറഞ്ഞു ” പറ ഇക്ക എങ്ങനെയാ തുടക്കം..?”

നവാസ്ക്ക തന്റെ ജീവിതം കാണിച്ചു കൊടുത്ത ആ ഇശ്ഖ്ന്റെ പറുദീസ ഓരോന്നായി ഓർത്തെടുത്ത് പറയാൻ തുടങ്ങി.

” പഠിക്കുന്ന സമയത്ത് എല്ലാ കുട്ടികൾക്കും ഇഷ്ട്ടമാകുന്ന ഒരു മാഷാവണമെന്ന് സ്വപ്നം കണ്ടിരുന്ന ഞാൻ ജോലി കിട്ടിയപ്പോൾ ആ സ്കൂളിലെ മറ്റുള്ള അധ്യാപകരിൽ നിന്നും വ്യത്യസ്തനായി കുട്ടികളോട് ക്ലാസ്സിലും, പുറത്തും കൂടുതൽ സൗഹൃദത്തോടെ അടുത്ത് നിൽക്കുമായിരുന്നു.

അവരുടെ പഠനത്തിൽ ശ്രദ്ധിക്കുന്നതിനോടൊപ്പം കുട്ടികളുടെ ജീവിതത്തെയും, ജീവിത പ്രയാസങ്ങളെയും കുറിച്ച് ചോദിക്കുകയും മറ്റും ചെയ്ത് നല്ല ഉപദേശങ്ങൾ നൽകും . അതിനാൽ പല കുട്ടികളും ആരോടും പറയാതെ മനസ്സിൽ കൊണ്ട് നടന്നിരുന്ന ദുഃഖങ്ങൾ എന്നോട് പങ്കുവെക്കുകയും ഇക്കാരണം കൊണ്ട് കുട്ടികൾക്കെല്ലാം എന്നെ നല്ല ഇഷ്ടവുമായിരുന്നു . അങ്ങനെ ഒന്നുരണ്ട് വർഷങ്ങൾ കഴിഞ്ഞ സമയത്താണ് ഞാനൊരു പ്ലസ് വണ്ണിൽ ക്ലാസ് ടെസ്റ്റ്‌ നടത്തുന്നത്.

അന്ന് കുട്ടികളുടെ ആൻസർ ഷീറ്റുകളുമായി വീട്ടിൽ പോയി രാത്രി മാർക്കിടാൻ തുടങ്ങുമ്പോഴാണ് ആ ക്ലാസ്സിൽ നന്നായി പഠിക്കുന്ന നജ്മ എന്ന കുട്ടി ആൻസർ ഷീറ്റിനോടൊപ്പം വെച്ച മറ്റൊരു പേപ്പർ കിട്ടുന്നത്. വായിച്ച് നോക്കിയപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ എഴുതിയ ഒരു പേപ്പർ. എന്നെ ആ കുട്ടിക്ക് ഇഷ്ട്ടമാണെനും, വിവാഹം കഴിക്കണമെന്നും.. ആരോടും ഇത് പറയരുതെന്നും പറഞ്ഞാൽ പിന്നെയവൾ ജീവിച്ചിരിക്കില്ല എന്നൊക്കെ എഴുതിയ ഒരു പേപ്പർ . ആകെ വിഷമിച്ചു പോയ സമയമായിരുന്നു അപ്പോൾ. ഞാൻ പഠിപ്പിക്കുന്ന ഒരു കുട്ടിയിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്ന് ചിന്തിച്ച് അന്നത്തെ ഉറക്കം എനിക്ക് നഷ്ടമായിട്ടുണ്ട്.

സ്കൂളിൽ പോയി മറ്റുള്ള ടീച്ചേഴ്സിനോട് ഇതെല്ലാം പറഞ്ഞാൽ അവരാ കുട്ടിയെ സ്റ്റാഫ് റൂമിലേക്ക്‌ വിളിപ്പിക്കും ചോദ്യം ചെയ്യും.അല്ലെങ്കിൽ ക്ലാസ്സിൽ പോയി ഞാൻ മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ച് അവളോട്‌ ചോദിച്ചാൽ പിന്നീട് കുട്ടികൾ അവളെ അതും പറഞ്ഞ് കളിയാക്കുകയും വേദനിപ്പിക്കുകയും
ചെയ്യുമെന്നറിയാമായിരുന്നു . ഇതിൽ മനംനൊന്ത് അവളെന്തെങ്കിലും കടുംകൈ ചെയ്‌താൽ അതിനുത്തരവാദി ഞാനായിരിക്കുമെന്നും, കുട്ടികളുടെ മനസ്സറിയാവുന്ന ഞാൻ തന്നെ പിന്നീട് ഖേദിക്കേണ്ടി വരും എന്നുള്ള ചിന്തകൾ എന്നെ കൊണ്ട് അതൊന്നും ചെയ്യാൻ സമ്മതിച്ചില്ല.

പിറ്റേന്ന് പതിവ് പോലെ സ്‌കൂളിലെത്തിയ ഞാൻ മനസ്സിനുള്ളിൽ നീറി പുകയുന്ന അസ്വസ്ഥത പുറത്ത് കാണിക്കാതെ ക്ലാസുകളിലേക്ക് ചെന്നു കൊണ്ടിരുന്നു. അവസാനം ആ കുട്ടിയിരിക്കുന്ന ക്ലാസ്സിലേക്ക്‌ എന്റെ പിരിയഡ് ചെന്നപ്പോൾ എന്റെ മുഖത്തേക്ക് ഇടക്കിടക്ക് ചമ്മലോടെ നോക്കുന്ന അവളെ ആ എഴുത്ത് ഞാൻ വായിക്കുകയോ കാണുകയോ ചെയ്യാത്ത രീതിയിൽ നോക്കി കൊണ്ടിരുന്നു. അതു തന്നെയാണ് ഞാനപ്പോൾ ചെയ്യേണ്ടത് എന്ന് തോന്നിയെങ്കിലും എന്റെ പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ടാണ് അന്ന് വൈകുന്നേരം സ്കൂൾ വിട്ട് നടന്നു പോകുമ്പോൾ വഴിയിൽ കാത്ത് നിൽക്കുന്ന അവൾ എന്റെ കൂടെ കൂടിയത്.

ഞാൻ മുഖത്തെ അന്താളിപ്പ് മറക്കാൻ ശ്രമിച്ച് അവളോട്‌ വിശേഷങ്ങൾ ചോദിച്ചു മുന്നോട്ട് പോകുമ്പോൾ അവൾ ” സാറ് ഞാൻ വെച്ച എഴുത്ത് വായിച്ചിട്ടുണ്ടാകും എന്നെനിക്കറിയാം. ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് സാറിനെ ഒരുപാട് ഇഷ്ട്ടമാണ്.. “

കുട്ടികളും ആളുകളും നടന്നു പോയി കൊണ്ടിരിക്കുന്ന റോഡരികിൽ വെച്ച് എന്നോട് ചാരി നിന്ന് ഒരു പേടിയുമില്ലാതെ ചിരിച്ച് കൊണ്ടെന്തോ പറയുകയാണെന്ന് മറ്റുള്ളവരെ തോന്നിപ്പിക്കും വിധം അവളെങ്ങനെ മെല്ലെ പറഞ്ഞപ്പോൾ ദേഷ്യം വന്ന ഞാൻ
” എന്താ ഇങ്ങനെയൊക്കെ ഞാൻ
നിന്റെ സാറല്ലേ.. ?” എന്ന് പറയാൻ തോന്നിയെങ്കിലും അവളെന്തെങ്കിലും തിരിച്ചു പറഞ്ഞ് ദേഷ്യം ആളികത്തിക്കുമെന്ന് ഭയന്ന് ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല.

പന്നീടങ്ങോട്ട് അവളെന്റെ സമനില തെറ്റിക്കുകയായിരുന്നു. ക്ളാസ്സെടുക്കുമ്പോൾ എന്നെ തന്നെ നോക്കിയിരുന്നുള്ള ഇമവെട്ടാതെയുള്ള നോട്ടം, ഇന്റർവെൽ സമയങ്ങളിൽ വരാന്തയിൽ കാത്ത് നിന്ന് പതിവില്ലാത്ത വിശേഷം തിരക്കൽ… അങ്ങനെ എന്റെ മനസ്സ് വായിക്കാൻ നിൽക്കാതെ അവളെന്നെ പിന്തുടർന്ന് കൊണ്ടിരുന്നു.

പരീക്ഷകളിൽ നല്ല മാർക്ക്‌ വാങ്ങുന്ന സ്കൂളിലെ തന്നെ മിടുക്കിയായ അവളോട് ദേഷ്യപ്പെട്ട് എന്തെങ്കിലും പറഞ്ഞ് വേദനിപ്പിച്ചാൽ തകർന്നു പോകുമോ എന്ന് പേടിച്ച് ഞാൻ കാത്തിരുന്നു എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ലെന്ന സത്യമൊന്ന്‌ തുറന്ന് പറയാൻ.

ഫോൺ നമ്പർ ചോദിച്ചെങ്കിലും ഞാൻ കൊടുത്തിരുന്നില്ല പക്ഷെ എങ്ങനെയോ എന്റെ നമ്പർ സങ്കെടുപ്പിച്ച് രാത്രികളിൽ വിളിക്കും ആദ്യത്തെ ഒന്നുരണ്ട് ദിവസം ഞാൻ അറ്റൻഡ് ചെയ്‌തെങ്കിലും അവളുടെ പ്രണയം സത്യമാണെന്ന് തോന്നിപ്പിക്കുന്ന വിധം സംസാരം തുടങ്ങിയതോടെ പിന്നീട് ഞാൻ ഫോൺ എടുക്കാതെയായി. അതിന് ശേഷം എസ് എം എസ് വിടാതെ അയച്ചു കൊണ്ടിരിക്കും.

‘അവളെ ഇഷ്ടമാണോ..?’ എന്നെന്നോട് ഒരുവട്ടം ചോദിച്ചിരുന്നെങ്കിൽ അല്ലെന്ന്‌ ഞാൻ തുറന്ന് പറയുമായിരുന്നു പക്ഷെ അവളാ ചോദ്യം മാത്രം അന്നെന്നോട് ചോദിച്ചിരുന്നില്ല. എന്നെ അവൾക്കിഷ്ട്ടമാണ് എന്ന് മാത്രമേ അവൾ എപ്പോഴും പറയാറുള്ളൂ.

എന്റെ സബ്ജെക്റ്റിന്റെ

പരീക്ഷാ പേപ്പറുകളിൽ എനിക്കവൾ എന്തൊക്കെയോ എഴുതി അയക്കും ഞാൻ മറ്റൊരാളോട് പറയാൻ അന്നും മടിച്ചത് മറ്റൊന്നും കൊണ്ടല്ലായിരുന്നു ഇതെല്ലാം ചെയ്യുമ്പോഴും എന്റെ വിഷയത്തിലടക്കം അവൾ സ്കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിയായിരുന്നു .

ഒരു കുട്ടിയുടെ മനസ്സിൽ തോന്നിയ ചെറിയൊരു അറിവില്ലായ്മ്മയായി കണ്ട് അവൾ കാണിക്കുന്നതെല്ലാം ആരോടും പറയാതെ ഞാൻ നടക്കുന്നത് അവളോടെനിക്കും പ്രണയമുള്ളത് കൊണ്ടാണെന്ന് അവളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കുന്നുണ്ട് എന്നെനിക്ക് തോന്നി തുടങ്ങിയപ്പോൾ എത്രയും പെട്ടെന്ന് ആ കുട്ടിയോട് എല്ലാം തുറന്ന് പറയണമെന്നുറപ്പിച്ച് ഞാനൊരു അവസരത്തിനായി കാത്തിരുന്നു.

കാണുമ്പോഴെല്ലാം
വരാന്തയിൽ തടഞ്ഞു നിർത്തിയുള്ള അവളുടെ സംസാരം മറ്റു ടീച്ചേർസ് കാണുകയും ചെയ്തതോടെ അവരെല്ലാം ആ കുട്ടിയോട് എനിക്കെന്തോ ഉണ്ടെന്ന് പറഞ്ഞ് കളിയാക്കലും മറ്റും തുടങ്ങിയപ്പോൾ എല്ലാമങ്ങോട്ട് തുറന്ന് പറഞ്ഞാലോ എന്ന് തോന്നിയെങ്കിലും പറഞ്ഞില്ല കാരണം അവൾ അന്ന് പരീക്ഷാ പേപ്പറിൽ എഴുതിയ ആ കുറച്ച് വരികൾ അപ്പോഴും എന്നെ പിറകിൽ നിന്നും പിടിച്ചു വലിച്ചു കൊണ്ടിരുന്നു ” ഞാൻ സാറിനെ ഇഷ്ടപ്പെടുന്നത് മറ്റുള്ള ടീച്ചേർസ് അറിഞ്ഞാൽ അവരെന്റെ വീട്ടുകാരെ അറിയിക്കുകയും വീട്ടിലും, ക്‌ളാസ്സിലും എന്റെ മാനം പോവുകയും ചെയ്യും. അങ്ങനെ ഒരവസ്ഥ എനിക്ക് ഉണ്ടാക്കരുതെന്നും, ഞാൻ ഇഷ്ട്ടപ്പെട്ടതിൽ സാറിനെന്നോടു ദേഷ്യം തോന്നി അവരോടെല്ലാം ഇത് പറയുകയാണെങ്കിൽ പിന്നീട് ഈ നജ്മ ജീവിച്ചിരിക്കില്ല “.
എന്നെഴുതിയ
ആ വാക്കുകൾ മനസ്സിലുള്ളത് കാരണം കൂടെയുള്ളവരോട് ഒന്നും പറയാൻ നിൽക്കാതെ “നിങ്ങൾക്കൊക്കെ വെറുതെ ഓരോന്ന് തോന്നുന്നതാ.” എന്ന് മാത്രം പറഞ്ഞ് അവരുടെ ഇടയിൽ നിന്നും എഴുന്നേറ്റു പോകേണ്ടി വന്നിട്ടുണ്ട് .

നല്ലോണം പക്വതയുള്ള അവളുടെ ആ വാക്കുകൾക്ക് ഞാൻ പുറത്ത് പറഞ്ഞാൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ദോഷങ്ങളെ സൂചിപ്പിക്കാനുള്ള കെൽപ്പുണ്ടായിരുന്നു.

അങ്ങനെ അവളുടെ പ്ലസ്‌ടു അവസാന മാസങ്ങളിലേക്ക് കടക്കുമ്പോഴാണ്‌ എനിക്കൊരു വിവാഹാലോചന വരുന്നത് എന്റെ ഉപ്പയുടെ സ്നേഹിതന്റെ മകളാണ്‌ എന്ന് പറഞ്ഞ് ഉപ്പ തന്നെ കൊണ്ടുവന്ന ഒരാലോചന. കൂടുതൽ വൈകാതെ വീട്ടുകാരുടെ കൂടെ പോയി കുട്ടിയെ കണ്ടു ഇഷ്ട്ടപ്പെട്ടു.

കല്ല്യാണം പെട്ടെന്ന് വേണമെന്നൊക്കെ പറഞ്ഞ് രണ്ടു വീട്ടുകാരും സംസാരിച്ച് നിൽക്കുമ്പോഴും നജ്മയുടെ സംസാരത്തിലെ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു .

എന്റെ നിക്കാഹ് കഴിഞ്ഞിട്ട് എല്ലാം പറയാം എന്നും ചിന്തിച്ച് അവളുടെ ചോദ്യങ്ങൾക്കും, മറ്റും മറുപടിയായി കൂടുതൽ സംസാരിക്കാതെ ഒരു ചെറു പുഞ്ചിരി മാത്രം നൽകി ഞാൻ ഒഴിഞ്ഞു മാറി കൊണ്ടിരിക്കുന്ന ആ സമയത്താണ് ഒരു ദിവസം രാത്രി ഉറങ്ങാൻ കിടന്ന സമയത്ത് വന്ന അവളുടെ എസ് എം എസിൽ പതിവില്ലാതെ എഴുതിയ വരികൾ ഞാൻ വായിക്കുന്നത്. അന്നുമുതലാണ് എന്റെ മനസ്സിലും, ജീവിതത്തിലും മാറ്റങ്ങളുടെ പെരുമഴ തോരാതെ ഇടിവെട്ടി പെയ്തിറങ്ങിയത് …

തുടരും..
°°°°°°°°°
( ഖൽബിന് മൗത്തിന്റെ വേദന നൽകാൻ. കെൽപ്പുള്ള നൊമ്പരങ്ങളിൽ മുന്നിലാണ് ആത്മാർത്ഥമായ ചില മുഹബ്ബത്തുകൾ.. )

സ്നേഹത്തോടെ
റഷീദ് എം ആർ ക്കെ – സലാല.