ജീവിത ചക്രം 1

അന്ന് മേഘനാഥന്റെ ആദ്യത്തെ കച്ചേരിയാണ് .

വെളുത്ത ജുബ്ബയും മുണ്ടും ധരിച്ചു പക്കമേളക്കാരുടെ നടുവിൽ സൂര്യതേജസ്സോടെ അതാ അവനിരിക്കുന്നു !

അവനു മുന്നിൽ അനന്തസാഗരമായ സദസ്സ് . അവൻ സദസ്സിനെ വന്ദിച്ചു . ഒരു നിമിഷം കണ്ണുകളടച്ചു കൈകൂപ്പി വിശ്വചൈതന്യത്തെ സ്മരിച്ചു .ആദ്യ കീർത്തനം തേന്മഴയായി ശ്രവണപുടങ്ങളിൽ ഇറ്റിവീണു .

അടുത്ത കീർത്തനം തുടങ്ങുന്നതിനു മുമ്പ് വെറുതേ അവൻ സദസ്സിലേക്ക് നോക്കി . അതാ വാതിലിൽ ചാരി ഊന്നുവടിയുമായി നിൽക്കുന്നു ഒരു വൃദ്ധൻ ! നീണ്ട താടിയും മുടിയും ജുബ്ബയും പൈജാമയും ധരിച്ച തോളിൽ തുണിസ്സഞ്ചിയുമായി നിൽക്കുന്ന ആ രൂപം കണ്ട് അവനൊന്നു ഞെട്ടി .

ശരീരത്തിലാകെ ഒരു വിറയൽ !

ഒരു വിധം മനസ്സിനെ നിയന്ത്രിച്ചു അവൻ പാടാനൊരുങ്ങി . ദൈവമേ ! സ്വരം പുറത്തേക്കു വരുന്നില്ലല്ലോ ! കണ്ണിൽ ഇരുട്ട് പടരുന്നു ! അശ്രുവിന്റെ ഗംഗാനദി അവൻ്റെ കവിളുകളാകുന്ന താഴ്വരകളിലൂടെ ഒഴുകാൻ തുടങ്ങിയോ ? അവസാനം കൈകൾ കൂപ്പി ഇടറുന്ന സ്വരത്തിൽ അവൻ പറഞ്ഞൊപ്പിച്ചു .

“എനിക്ക് …. എനിക്ക് … പാടാനാകില്ല …. മാപ്പ് … മാപ്പ് ….” അവൻ മുഖം താഴ്ത്തി തേങ്ങിക്കരഞ്ഞു .

“ഇത്രയ്ക്കു ആത്മവിശ്വാസമില്ലാത്ത ആളുടെ കച്ചേരിക്ക് വന്നു സമയം മെനക്കെടുത്തിയ നിന്നെയൊക്കെ തല്ലിക്കൊല്ലുകയാണ് വേണ്ടത് !” ആക്രോശിച്ചുകൊണ്ടു കാണികളിലൊരാൾ മേഘനാഥന്റെ നേരെ കുതിച്ചു .

“നിൽക്കൂ ! അയാളും ഒരു മനുഷ്യനാണ് ! മനസ്സിനെ തളർത്തുന്ന എന്തെങ്കിലും കാരണമുണ്ടായിക്കാണും ! ദയവായി അയാളെ ഒന്നും

ചെയ്യരുത് !” വൃദ്ധന്റെ സ്വരം ആ കുതിപ്പിനെത്തടഞ്ഞു . കാണികൾ ശാന്തമായി വിടവാങ്ങി . പക്കമേളക്കാർ തങ്ങളുടെ വാദ്യോപകരണങ്ങളുമായി സ്റ്റേജിന്റെ ഇരുവശങ്ങളിലേക്കുമായി പിൻവാങ്ങി .

മേഘനാഥൻ പതുക്കെ കലങ്ങിയ കണ്ണുകൾ ഉയർത്തി വൃദ്ധനെ നോക്കി . പതുക്കെ എഴുന്നേറ്റു അയാളുടെ അടുത്തേക്ക് വന്നു .

“ഗുരോ … മാപ്പ് …..!” കൈകൾ കൂപ്പി അവൻ വൃദ്ധന്റെ കാൽക്കൽ വീണു .

“എഴുന്നേൽക്കൂ . ആദ്യമായി തട്ടകത്തിൽ കയറുമ്പോൾ ഗുരുവിന്റെ അനുഗ്രഹം നിനക്ക് വേണ്ട അല്ലേ ?”

“ഞാൻ കരുതി …..”

” ഞാൻ മരിച്ചുപോയെന്ന് … അല്ലേ ?”

“അല്ല ! അങ്ങയെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്തതു കൊണ്ട് !ശാപവാക്കുകളെ ഭയക്കുന്നത് കൊണ്ട് !”

” ശപിക്കാൻ ഒരു യഥാർത്ഥ ഗുരുവിനു കഴിയില്ല കുട്ടീ ! അഥവാ ശപിച്ചാൽ അതിൻ്റെ ഫലം സഹിക്കാൻ ഒരു ശിഷ്യനുമാകില്ല ! വാ എൻ്റെ കൂടെ എൻ്റെ വീട്ടിലേക്ക് ! ചില സത്യങ്ങൾ നീ അറിയാനുണ്ട് !”

അവർ പുറത്തേക്കു കടന്നു .

ഗുരുവിനെ മുൻസീറ്റിൽ ഇരുത്തി മേഘനാഥൻ കാറിന്റെ ഡ്രൈവറുടെ സീറ്റിൽ വന്നിരുന്നു .

കാർ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അവരുടെ മനസ്സ് പിറകോട്ടായിരുന്നു സഞ്ചരിച്ചിരുന്നത് .

ഭാഗം -2-

മേഘനാഥൻ ഇപ്പോഴും ചിന്തകളുടെ കടലാഴങ്ങളിൽ നീന്തിത്തുടിക്കുകയാണ് .

അച്ഛനാരെന്നോ അമ്മയാരെന്നോ സ്വന്തം പേരെന്തെന്നു പോലും അറിയാത്ത ശരീരം മുഴുവൻ ചളി കട്ട പിടിച്ചു ഒരു ചെറിയ മുണ്ടും ധരിച്ച ഒരു കുട്ടിയുടെ രൂപം അവൻ്റെ മുന്നിൽ തെളിഞ്ഞുവന്നു . ആരും

സഹായിക്കാനില്ല ! ആരോടും കൂട്ടില്ല ! വീണേടം വിഷ്‌ണുലോകമായ

ഒരു ജീവിതം !കുപ്പത്തൊട്ടിയിൽ വന്നു വീഴുന്ന പേരറിയാത്ത ഭക്ഷണസാധനങ്ങളും ഓടയിലൂടെ ഒഴുകിവരുന്ന കറുത്ത വെള്ളവുമാണ്

ജീവനെ നിലനിർത്തിയിരുന്നത് .

അന്ന് അലഞ്ഞുതിരിഞ്ഞു രാത്രിയായപ്പോൾ എത്തിച്ചേർന്നത് ഒരു ബസ് സ്റ്റോപ്പിലാണ് .കൈകാലുകൾ കുഴയുന്നു . കാത്തിരിപ്പുകേന്ദ്രത്തിലെ

കോൺക്രീറ്റ് ബെഞ്ചിൽ അവൻ കിടന്നു .
പെട്ടെന്നാണ് ഒരു ജീപ്പിന്റെ ശബ്ദം അവൻ കേട്ടത് . അവൻ ഞെട്ടി എഴുന്നേറ്റു .

ജീപ്പ് നിർത്തി ഒരു പോലീസുകാരൻ ഇറങ്ങി .

“എന്താടാ ഇവിടെ ? ഇവിടെ കിടന്നുറങ്ങാൻ പാടില്ലെന്ന് അറിയില്ലേ ? ഓടെടാ !”

അവൻ എങ്ങോട്ടെന്നില്ലാതെ ഓടി . ലക്ഷ്യമില്ലാത്ത ഓട്ടം !

വയ്യ ! ഇനി ഓടാൻ വയ്യ ! അവൻ തളർന്നു റോഡിന്റെ നടുവിൽത്തന്നെയിരുന്നു !

പെട്ടെന്നാണ് ഒരു കാർ സഡൻ ബ്രേക് ഇട്ടു നിന്നത് .

“ഓരോ ശവങ്ങള് വരും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ !” ഡ്രൈവർ പിറുപിറുത്തുകൊണ്ട് പുറത്തിറങ്ങി .

“എന്താ പ്രശ്‍നം ?” പിന്നിലിരുന്ന ഒരു ആജാനുബാഹുവായ ആൾ പുറത്തിറങ്ങി .

അയാൾ കുട്ടിയെ ഒറ്റതവണയേ നോക്കിയുള്ളൂ ! അയാൾ അത്ഭുതപ്പെട്ടു നിന്ന് പോയി . മരിച്ചു പോയ തൻ്റെ മകന്റെ ഏകദേശം സാമ്യമുള്ള മുഖം !

“അവനെ ഒന്നും ചെയ്യേണ്ട !” ആ പരുക്കൻ സ്വരത്തെ അനുസരിക്കാതിരിക്കാൻ ഡ്രൈവർക്കായില്ല .

“എന്താ കുട്ടീ ഈ രാത്രീല് ഇറങ്ങി നടക്കണത് ? വീട്ടിൽ പോയ്ക്കൂടെ ?”

“എനിക്ക് വീടില്ല ! “

“എന്തിനാ പേടിച്ചു വിറക്കുന്നത് ?”

” പോലീസ് എന്നെ ഓടിച്ചതാ !”

“എന്തിന് ?”

“ബസ് സ്റ്റോപ്പിൽ ഉറങ്ങാൻ നോക്കിയതിന് !”

“പേടിക്കേണ്ട ! ആരും ഒന്നും ചെയ്യില്ല ! മോന്റെ പേരെന്താ ?”

“അറിയില്ല്യ ! ആരും എന്നെ ഒന്നും വിളിച്ചു കേട്ടിട്ടില്ല്യ . ആരുമായും

എനിക്ക് കൂട്ടില്യാ !”

“മോന് എന്താ അറിയുന്നത് ഉള്ളത് ?”

” വിശപ്പ് ! വിശപ്പ് മാത്രം ! സാർ എന്താ എന്നെ ചീത്ത പറഞ്ഞു ഓടിക്കാത്തെ ?”

“എൻ്റെ കൂടെ വാ ! തിന്നാൻ ബുദ്ധിമുട്ടില്ല ! ആരും നിന്നെ ഉപദ്രവിക്കില്ല !”

“എനിക്ക് എഴുന്നേൽക്കാൻ വയ്യ !”

അയാൾ അവനെ കൈകളിൽ കോരിയെടുത്തു പിൻസീറ്റിൽ കൊണ്ടുവന്നിരുത്തി കാറിൽ കയറി .

“സാറെ , വേണ്ടാത്ത വയ്യാവേലി ഏറ്റെടുക്കണോ ?” ഡ്രൈവർ ചോദിച്ചു .

“നീ വണ്ടി ഓടിക്കുന്നത് മാത്രം നോക്കിയാൽ മതി !”

കാർ മുന്നോട്ടു നീങ്ങി .

നേരം പുലർന്നു . കാർ ഒരു വലിയ തറവാടിന്റെ മുന്നിൽ വന്നു നിന്നു .

കുട്ടിയോടൊപ്പം അയാൾ കാറിൽനിന്നിറങ്ങി . പൂമുഖത്തു ഒരു സ്ത്രീയും പെൺകുട്ടിയും നിൽപ്പുണ്ടായിരുന്നു .

“എവിടെനിന്നു കിട്ടീ നമ്മുടെ മോനെപ്പോലെയൊരു കുട്ടിയെ ?”

“എല്ലാം ഞാൻ പിന്നീട് പറയാം ! നീ അവനെ കുളിപ്പിച്ച് വല്ലതും തിന്നാൻ കൊടുക്ക് !”

“വാ !” സ്നേഹത്തോടെ ആ സ്ത്രീ ആ കുട്ടിയുടെ കൈ പിടിച്ചു .

കുളം . തെളിഞ്ഞ വെള്ളം കണ്ടു അവൻ അത്ഭുതപ്പെട്ടു നിന്നു .

“വാ , വെള്ളത്തിൽ ഇറങ്ങിക്കോ !”

” വേണ്ട ! വെള്ളം ചീത്തയാവും !”

ആ സ്ത്രീ അവനെ പൊക്കിയെടുത്തു പതുക്കെ കുളത്തിൽ മുക്കി സോപ്പു തേക്കാൻ തുടങ്ങി . ചെളിയുടെ കട്ടകൾ ആ ശരീരത്തിൽ നിന്ന് ഒഴുകാൻ തുടങ്ങി .

കുളിപ്പിക്കാനായി അവൻ്റെ നാറിയ മുണ്ട് ആ സ്ത്രീ ഊരി .

അവൻ കുനിഞ്ഞിരുന്നു .

“നാണിക്കേണ്ട ! മോന്റെ അമ്മയാണെന്ന് കരുതിയാൽ മതി !”

“അമ്മ .. അമ്മ ..” അവൻ്റെ കണ്ണുകൾ നിറഞ്ഞത് സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്ന് അവനു പോലും അപ്പോൾ അറിയില്ലായിരുന്നു !

.കുളി കഴിഞ്ഞു . അവനെ ഒരു തോർത്തുമുണ്ടുടുപ്പിച്ചു അവർ മുറിയിൽ കൊണ്ട് വന്നു . അലമാര തുറന്ന് ഒരു ട്രൗസറും ഷർട്ടും നൽകി . അവനു അത് വളരേ പാകം !

“മോന്റെ കുപ്പായമായിരിക്കും . മോൻ വന്നാൽ എന്നെ ചീത്ത പറയില്യേ ?”

“ഇല്യ ! അവൻ പോയി !” അവർ ഒന്ന് വിതുമ്പിയോ ?

“എങ്ങടാ പോയെ ?”

“ഈശ്വരന്റെ അടുത്തേക്ക് !”

“ഒറ്റയ്ക്ക് പോയിയോ ?”

“ഒറ്റക്കേ പോകാൻ പറ്റൂ മോനെ . മോന് അതൊന്നും ഇപ്പൊ മനസ്സിലാവില്യ . വാ ! കഴിക്കാൻ തരാം ! മോളേ , കഴിക്കാൻ വന്നോ !”

അടുക്കള . ആ പെൺകുട്ടിയും അവനും ദോശ കഴിക്കുകയാണ് .

“മോളേ , ദൈവം അനിയൻകുട്ടന് പകരം നമുക്ക് തന്നതാ ഇവനെ ! മോനെ , ഇനി മുതൽ ഇവള് നിന്റെ ചേച്ചിയാ !”

അവൻ തലയാട്ടി .

“എങ്ങന്യാ അനിയൻ കുട്ടൻ ദൈവത്തിന്റെ അടുത്തേക്ക് പോയേ ?”

ആ ചോദ്യം കേട്ട് അമ്മയും മകളും പരസ്പരം നോക്കി .

(തുടരും )