ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 3

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 3
Bahrainakkare Oru Nilavundayirunnu Part 3 | Previous Parts

എന്റെ അവസ്ഥകൾ എവിടെ നിന്ന് പറഞ്ഞു തുടങ്ങണമെന്ന് എനിക്കറിയില്ല . ഒരുകാലത്ത് നാട്ടിലെ പ്രമാണിയായിരുന്ന ഒരാളുടെ മകനാണ് ഞാൻ . ഒരു ഇത്താത്തയും മൂന്നു അനുജത്തിമാരും ഉമ്മയും അടങ്ങുന്ന കുടുംബം . ചോദിക്കുന്നവരുടെ മുഖം നോക്കാതെ എല്ലാവരെയും സഹായിക്കുന്ന കൂട്ടത്തിലായിരുന്നു ഉപ്പ. അത് മുതലെടുത്ത്‌ പലരും ഉപ്പയെ ചതിച്ചു. കടം വാങ്ങിയ പലരും തിരിച്ചു കൊടുക്കാതെ വാങ്ങിയിട്ടില്ലെന്നൊക്കെ പറഞ്ഞു വാങ്ങിയ കാഷ് തിരികെ കൊടുത്തില്ല . അവസാനം എന്തോ ബിസിനസ്സ് ചെയ്ത് പൊളിഞ്ഞ ഉപ്പ ഞങ്ങൾ താമസിക്കുന്ന ചെറിയ വാർപ്പിന്റെ വീടല്ലാത്ത എല്ലാം വിറ്റു .

വീടിന്റെ മുകളിൽ ലോണെടുത്താണ് ഇത്താത്തയെ കല്ല്യാണം കഴിപ്പിച്ചു വിട്ടത് എന്നൊക്കെ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു ദിവസം ക്ലാസ് കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ഉമ്മ നീട്ടിയ ബാങ്ക് നോട്ടീസ് കണ്ടപ്പോഴാണ് ഞാനറിയുന്നത് .

ആർമാദിച്ചു നടക്കുന്ന പ്രായത്തിൽ അന്നാദ്യമായി ഞാനറിഞ്ഞു എന്റെ വീട്ടുകാരുടെ അവസ്ഥ . മറ്റുള്ളവരെ പോലെയല്ല എന്റെ ലൈഫ് എന്ന് തോന്നി തുടങ്ങിയതും കോളേജിലെ എല്ലാ കാര്യങ്ങളിൽ നിന്നും പിന്മാറി, അവസാനം ഫീസ് കൊടുക്കാനില്ലാതെ വന്നപ്പോൾ കോളേജ് നിർത്തി വീട്ടിലൊതുങ്ങി കൂടിയപ്പോഴാണ് ഞാനെന്റെ ഉപ്പയുടെ അവസ്ഥ കാണുന്നത് , ഉമ്മയുടെ കണ്ണീര് കണ്ടത് , താഴെയുള്ള പെങ്ങന്മാരുടെ ഭാവി ചിന്തിക്കുന്നത്. ഇരട്ടകളായ രണ്ട് പേർ പ്ലസ് ടുവിലും ഒരാൾ ഏഴിലും പഠിക്കുന്നു ഒന്ന് രണ്ട് വർഷം കൊണ്ട് ഇവരെയെല്ലാം കെട്ടിക്കാൻ പ്രായമാകും . എങ്ങനെ ഇതൊക്കെ എന്ന് ചിന്തിച്ച് ചിന്തിച്ച് ടെൻഷൻ കൂടുമ്പോൾ റൂമിൽ കയറും ഉച്ചത്തിൽ പാട്ട് വെച്ചു ആരും കേള്ക്കാതെ കരയും .

ആൺ കുട്ടികൾ കരയുന്നത് ആരും കാണാൻ പാടില്ല എന്നുമ്മ പണ്ട് പറഞ്ഞു പഠിപ്പിച്ചത് എനിക്ക്‌ വരാനിരിക്കുന്ന ജീവിതാവസ്ഥകൾ മുൻകൂട്ടി ഉമ്മാക്ക് പടച്ചോൻ കാണിച്ചിട്ടായിരിക്കണം . ദിവസങ്ങൾ ആരേയും നോക്കാതെങ്ങനെ പോയി കൊണ്ടിരുന്നു. കടം കയറിയവന്റെ വീട്ടിൽ ആളുകൾ കയറുമെന്നു പറഞ്ഞ അവസ്ഥയാണ് പിന്നീട് മുന്നിൽ കണ്ടത്‌. ഉപ്പ കാശ് കൊടുക്കാനുള്ളവർ വീട്ടിൽ വന്നു ചീത്ത വിളിക്കുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ട അവസ്ഥ . നമുക്ക് ഒന്നും ചെയ്യാനോ , പറയാനോ കഴിയാത്ത വല്ലാത്തൊരു നിമിഷമാണത്.

ജോലിയോ, മറ്റു വരുമാന മാർഗങ്ങളോ ഇല്ലാതെ വന്ന ഉപ്പയുടെ അവസ്ഥയും , കുടുംബം പട്ടിണിയിലേക്കാണ് പോകുന്നത് എന്നുമൊക്കെ തോന്നി തുടങ്ങിയപ്പോൾ ഞാൻ കൂലിപ്പണിക്കിറങ്ങി . ആളുകൾ കുറെ പരിഹാസം നിറച്ച ചോദ്യങ്ങളുമായി വന്നെങ്കിലും അതൊന്നും എന്റെ കുടുംബത്തിന്റെ കണ്ണീര് കണ്ട ഈ മനസ്സിനെ വേദനിപ്പിക്കാൻ കെൽപ്പുള്ളതായിരുന്നില്ല.

ഉപ്പ കൊണ്ട് വന്ന് ഉമ്മയുണ്ടാക്കി തരുന്ന ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയിരുന്ന എനിക്ക്‌ നാട്ടിലെ പരുക്കൻ ജോലികൾ ചെയ്യാൻ ആദ്യമൊക്കെ ഒരുപാട് ബുദ്ധിമുട്ടുണ്ടായെങ്കിലും വീട്ടുകാരെ അറിയിച്ചില്ല . കുറെ ദിവസങ്ങളെടുത്തു എന്റെ ശരീരവും ജോലികളും തമ്മിൽ പൊരുത്തപ്പെടാൻ .

ആയിടക്കാണ് എന്റെ അകന്ന ബന്ധു വഴി സൗദിയിലേക്ക് വിസ വരുന്നത്. ഹൗസ് ഡ്രൈവർ വിസ ആണെന്നും അവിടെ ചെന്നിട്ട് ലൈസൻസ് എടുത്ത് തരുമെന്നും വിസക്ക് ഒരു ലക്ഷത്തിനടുത്ത് കൊടുക്കണം എന്നൊക്കെ പറഞ്ഞു ഉപ്പ എന്നെയൊന്നു നോക്കി . കാഷ് കൊടുത്തൊരു വിസക്ക് താൽപ്പര്യമില്ല എന്ന് പറയാൻ തോന്നിയെങ്കിലും ഒരുപാട് പ്രതീക്ഷയോടെ എന്നെ മാത്രം നോക്കി എന്റെ മറുപടിക്ക് കാത്തിരിക്കുന്ന അവരോട് എതിര് പറയാൻ കഴിഞ്ഞില്ല. പോകാമെന്നു സമ്മതിച്ചെങ്കിലും കാഷ് എവിടുന്നുണ്ടാക്കും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഉമ്മ പെങ്ങന്മാരുടെ കമ്മലും ഉമ്മയുടെ കമ്മലും ഊരി എല്ലാം ചേർത്ത് വിൽക്കാനായി പറഞ്ഞത്.

അവരുടെ ഗ്യാരണ്ടിയാഭരണങ്ങൾക്കിടയിൽ ആകെയുള്ള പൊന്നിന്റെ കമ്മലും കൂടി വാങ്ങി വിൽക്കാൻ മനസ്സ് സമ്മതിച്ചില്ല . വേറെ എന്തെങ്കിലുമൊരു വഴി പടച്ചോൻ കാണിച്ചു തരുമെന്ന് പറഞ്ഞു അങ്ങാടിയിലേക്കിറങ്ങി കൂട്ടുകാരനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവനെന്തോ ആവശ്യത്തിനായി കരുതി വെച്ചിരുന്ന പൈസ എടുത്ത് തന്ന് വിസക്ക് കൊടുക്കാൻ പറഞ്ഞു .

അങ്ങനെയാണ് ഞാനീ മണ്ണിലെത്തുന്നത് . ആദ്യത്തെ വർഷങ്ങളിൽ വളരെ ദയനീയമായിരുന്നു ഈ ജോലി . വന്ന സമയത്ത് ഇപ്പോഴുള്ള കഫീലിന്റെ ഉമ്മയുടെ ഡ്രൈവറായിരുന്നു ഞാൻ . അന്നിയാൾ വിദേശത്ത് പഠിക്കുകയോ മറ്റോ ആയിരുന്നു. അറബിയുടെ ഉമ്മ ഒരുപാടെന്നെ കഷ്ടപെടുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് പഠിക്കാൻ വൈകിയതിൽ കുറെ ബുദ്ധിമുട്ടുകൾ അവരിൽ നിന്നും അനുഭവിച്ചു . ഭക്ഷണം തരില്ല , വീട്ടിലെ ജോലിക്കാരുടെ ഇടയിലിട്ട് ചീത്തപറയും , അറബിയിൽ പറഞ്ഞത് മനസ്സിലായില്ലെങ്കിൽ പിടിച്ച് തള്ളും അങ്ങനെ ഒരാണിന്റെ ക്ഷമയെ എത്രത്തോളം പരീക്ഷിക്കാൻ കഴിയുമോ അതിനേക്കാൾ കൂടുതൽ ആ സ്ത്രീയെന്നെ ഉപദ്രവിച്ചു.

എന്നിട്ടും ഞാൻ പിടിച്ചു നിന്നു. ഇടക്ക് ‘ഞാൻ നാട്ടിലേക്ക് വരികയാണ് എനിക്ക്‌ കഴിയില്ലുമ്മാ ഈ ജോലി ചെയ്യാൻ’ എന്ന് എഴുതി കൊടുത്തയച്ച കത്തിന് എന്റെ ഉമ്മ അയച്ച മറുപടിയിൽ ഒരു വരിയുണ്ടായിരുന്നു ” ന്റെ കുട്ടി ജോലി ഇട്ടേച്ചു നാട്ടിലേക്ക് വരരുത് നമ്മുടെ അവസ്ഥ അറിയാമല്ലോ നിനക്ക് . നമുക്കാരും ഇനിയൊരു വിസ തരില്ല… ഞങ്ങള്ക്ക് ആകെയൊരു പ്രതീക്ഷ മോനിലാണ് . ഉമ്മാന്റെ ദുആ എപ്പോഴും ഉണ്ടാവും ക്ഷമിച്ചു നിൽക്കണം. ഇങ്ങനെ പറയുന്നത് ഉമ്മാന്റെയും, ഉപ്പാന്റെയും നിവർത്തികേടുകൊണ്ടാ ” എന്നുള്ള വരികൾ. പിന്നീടെന്ത് വേദന നിറഞ്ഞ അനുഭവങ്ങൾ ഉണ്ടായാലും പെട്ടിയിൽ സൂക്ഷിച്ച് വെച്ച ആ കത്തെടുത്ത് അതിലെ വരികൾ ഞാനിരുന്നു വായിക്കും . അതോടെ ദുഃഖങ്ങൾ ഒഴിഞ്ഞു പോകും . .

രണ്ടര കൊല്ലം കഷ്ടപെട്ടിട്ടാണെങ്കിലും കടങ്ങൾ കുറെ വീട്ടി. ആ സമയത്തായിരുന്നു ഇരട്ടകളായ എന്റെ രണ്ട് പെങ്ങൻമാരിൽ ഒരാളുടെ കല്ല്യാണം ശരിയാവുന്നത്. കടങ്ങൾ വീട്ടി കയ്യിൽ പത്ത് പൈസ ഇല്ലാത്ത സമയം . ഒന്നര ലക്ഷവും നാൽപ്പത് പവനുമാണ് അന്നവർ സ്ത്രീധനമായി ചോദിച്ചത് . എവിടുന്നു കൊടുക്കും എന്നറിയില്ലെങ്കിലും ഞാനയക്കാം എന്ന് പറഞ്ഞു ഉറപ്പിക്കാൻ പറഞ്ഞു.

അങ്ങനെയിരിക്കുമ്പോഴാണ് ഇപ്പോഴുള്ള കഫീൽ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് വരുന്നത്.
എന്നെയെന്തോ നല്ല ഇഷ്ടമായിരുന്നു അവർക്ക്. ഞങ്ങളൊരു ദിവസം പുറത്ത് പോയപ്പോൾ പെങ്ങളുടെ കല്യാണമാണെന്നും കയ്യിൽ ഒന്നുമില്ലെന്നും പൈസ കുറച്ച് കിട്ടിയിരുന്നെങ്കിൽ അത് വീട്ടിയിട്ടേ ഞാൻ നാട്ടിൽ പോകൂ എന്നല്ലാം വെറുതെ പറഞ്ഞു നോക്കിയതാണ് പ്രതീക്ഷിക്കാതെ അറബി എത്ര വേണമെന്ന് ചോദിച്ചു. അങ്ങനെ അറബി കടമായി തന്ന ആ കാശ് നാട്ടിലേക്കയച്ച് കല്ല്യാണം ഭംഗിയായി നടത്തി .

അറബിയുടെ ആ കടങ്ങൾ വീട്ടാനാണ് പിന്നീട് നിന്നത് . രണ്ട് കൊല്ലം ചെലവിനുള്ള കുറച്ച് പൈസ മാത്രം നാട്ടിലേക്കയച്ച് ബാക്കി കൊണ്ട് അറബിയുടെ കടം വീട്ടി തുടങ്ങുമ്പോഴാണ് ഞാനൊരു ആക്സിഡന്റിൽ പെടുന്നത് . അറബി നാട്ടിൽ പോകാൻ പറഞ്ഞെങ്കിലും പോയില്ല. മൂപ്പർക്ക് കൊടുത്ത വാക്ക് പാലിക്കണമല്ലോ . എന്റെ കഫീൽ അയാളുടെ ഉമ്മയെ പോലെയായിരുന്നില്ല നല്ലൊരു മനസ്സിനുടമയായിരുന്നു .

കാലിലും, കയ്യിലും ചെറിയ
പരിക്കുണ്ടായിരുന്നതിനാൽ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അത്കാരണം ഒരു മാസമെങ്കിലും റസ്റ്റ്‌ വേണ്ട അവസ്ഥ. അറബി എന്നോട് ആ മാസം റൂമിലിരിക്കാൻ പറഞ്ഞു . ഞാനിവിടെയുണ്ടല്ലോ ഉമ്മയുടെ കൂടെ ഞാൻ പുറത്തു പോകാമെന്നൊക്കെ പറഞ്ഞു അയാളുടെ ആ വലിയ മനസ്സെനിക്ക് കാണിച്ചു തന്നു .

ഇതിനിടയിലാണ് എന്റെ രണ്ടാമത്തെ പെങ്ങളുടെ കല്യാണം ശെരിയാവുന്നത്. ആക്‌സിഡന്റായി കിടക്കുന്നത് നാട്ടിലറിയിച്ചിരുന്നില്ല. നല്ല ആലോചനയാണ് ഒരു മുപ്പത് പവനെങ്കിലും കൊടുക്കണം പൈസ വേണ്ടാന്ന് പറഞ്ഞിട്ടുണ്ട് എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ ആലോചിക്കട്ടെ എന്ന് പറഞ്ഞു ഫോൺ വെച്ചു.

വീണ്ടും കടം ചോദിച്ചു നോക്കാനുള്ള ആകെയുള്ള ഒരാൾ അറബിയാണ്. മുൻപ്‌ വാങ്ങിച്ച കടം ബാക്കിയുണ്ടെങ്കിലും നിവർത്തിയില്ലാതെ വീണ്ടും ചോദിച്ചു. ഒരു മൂന്നു മാസത്തെ സമയം വേണം കാഷ് ഞാൻ തരാമെന്നു അറബി വാക്ക് തന്നു . അങ്ങനെ വീട്ടിലേക്ക് വിളിച്ചു ജ്വല്ലറിക്കാരനോട് മൂന്നു മാസത്തെ കാലാവധി ചോദിച്ചു നോക്കി എങ്ങനെയെങ്കിലും ഗോൾഡ്‌ വാങ്ങാൻ പറഞ്ഞു ..

പെങ്ങളെ കല്ല്യാണം കഴിഞ്ഞ് ഒന്ന് സമാധാനത്തോടെ ഇരിക്കുമ്പോഴാണ് ഇവിടെ അടുത്തെവിടെയോ ജോലി ചെയ്യുന്ന നാട്ടിലുള്ള കുറച്ച് പേർ പ്രതീക്ഷിക്കാതെ എന്നെ കാണാൻ വരുന്നത്. എന്റെ അവസ്ഥ കണ്ട അവർ ഞാൻ ആക്സിഡന്റ് ആയി കിടക്കുകയാണെന്നും ജോലിയില്ലെന്നുമൊക്കെ നാട്ടിൽ വിളിച്ചു പറഞ്ഞു എല്ലാരും അറിഞ്ഞു.

എന്റെ അസുഖങ്ങൾ ഏകദേശം ബേധമായപ്പോൾ നടക്കാൻ തുടങ്ങിയ ഞാൻ കുറച്ചപ്പുറത്തുള്ള മലപ്പുറത്തുകാരൻ ഷൌക്കത്ത് ഭായിയുടെ ബക്കാലയിൽ നിന്ന് മൂപ്പരുമായി സംസാരിച്ചു കൊണ്ട് നില്ക്കുമ്പോഴാണ് ഒരു ദിവസം ഉമ്മയുടെ ഫോൺ പതിവില്ലാതെ വരുന്നത് . ” കുറച്ച് മുൻപ്‌ വിളിച്ചു വെച്ചതാണല്ലോ ഇന്നെന്താ പതിവില്ലാതെ ” എന്നും പറഞ്ഞു തിരികെ വിളിച്ചപ്പോൾ എന്റെ സമനിലയാകെ തെറ്റുന്നത് പോലെ തോന്നി “.

ഞാൻ ആക്സിഡന്റായി കിടക്കുന്ന വിവരം നാട്ടുകാരിൽ നിന്നും അറിഞ്ഞ സ്വർണ്ണം തന്ന ജ്വല്ലറിക്കാരൻ പൈസ കിട്ടില്ലെന്ന് പേടിച്ചു പതിനഞ്ചു ദിവസത്തിനുള്ളിൽ അയാളുടെ പൈസ കൊടുക്കണമെന്നും അല്ലെങ്കിൽ പെങ്ങളെ കെട്ടിച്ചയച്ച വീട്ടിൽ കയറി ഗോൾഡ്‌ തിരികെ വാങ്ങുമെന്ന് പറഞ്ഞു ഭീഷണി പെടുത്തിയിരിക്കുന്നു എന്നുമ്മ പറഞ്ഞപ്പോൾ ” ഞാൻ വിളിക്കാം ” എന്ന് പറഞ്ഞു ഫോൺ വെച്ച് പുറത്തേക്കിറങ്ങി .

എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ നടക്കുമ്പോഴാണ് ഷൌക്കത്ത് ഭായി കടയിൽ നിന്നും ഇറങ്ങി വന്ന് എന്നെ പിടിച്ചു ഷോപ്പിലേക്ക് തന്നെ തിരിച്ചു കൊണ്ട് പോയി സംഭവം ചോദിച്ചത് .

കാര്യങ്ങൾ കേട്ടപ്പോൾ അവര് പറഞ്ഞു ” ഞങ്ങളൊക്കെ ഇല്ലടാ ഇവിടെ നീ നിന്റെ അഡ്രെസ്സ് പറ അല്ലെങ്കി ഉപ്പാന്റെ നമ്പർ താ ന്റെ ചെക്കൻ പൈസ നിന്റെ വീട്ടിലെത്തിക്കും പേടിക്കണ്ട നീ നിന്റെ കയ്യിൽ ഉള്ളപ്പോ തന്നാ മതി “…

എന്റെ വീട് പോലും കാണാത്ത ആ മനുഷ്യൻ ഒരു പരിചയത്തിന്റെ പുറത്ത് അത്രയും സംഖ്യ തരാമെന്നു പറഞ്ഞപ്പോൾ എനിക്കെന്റെ ഉപ്പയെ ആണ് ഓർമ്മ വന്നത്. പലരേയും
എന്റുപ്പ ഇങ്ങനെ സഹായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .

പടച്ചോനെ സ്തുതിച്ച് ഷൌക്കത്ത് ഭായിയുടെ മുഖത്ത് നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകൾ ഒഴുകാതെ നോക്കാൻ ഞാൻ വല്ലാതെ പ്രയാസപ്പെട്ടെങ്കിലും കഴിഞ്ഞില്ല.

ജ്വല്ലറിക്കാരന്റെ കടം വീട്ടാൻ കാഷ് തന്ന ഷൌക്കത്ത് ഭായിയുടെ പൈസ മൂന്നു മാസത്തിന് ശേഷം അറബി തരാമെന്നേറ്റ പൈസ കിട്ടിയതും ഞാൻ തിരികെ കൊടുത്തു.

അങ്ങനെ കടങ്ങളെല്ലാം വീട്ടി ഒന്ന് നെടുവീർപ്പിട്ടപ്പോഴേക്കും അഞ്ചര കൊല്ലം കഴിഞ്ഞതറിഞ്ഞില്ല . വീട്ടിലേക്ക് വിളിക്കുമ്പോൾ എല്ലാവരും നാട്ടിൽ വരാൻ പറയുമെങ്കിലും പോയില്ല . ഒരു കൊല്ലം കൂടി നിൽക്കണമായിരുന്നു കാരണം നാട്ടിൽ ചെന്നാൽ കല്ല്യാണം കഴിപ്പിക്കുമെന്നറിയാമായിരുന്നു . മനസ്സിലാണെങ്കിൽ പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നും ഒരു കുട്ടിയെ ജീവിത പങ്കാളിയാക്കണം എന്നൊരു സ്വപ്നമുണ്ട് .

പക്ഷേ രണ്ട് പെങ്ങന്മാരെ കെട്ടിക്കാൻ ഞാനും എന്റെ കുടുംബവും അനുഭവിച്ച നൊമ്പരങ്ങളും, കഷ്ടപ്പാടും, ടെൻഷനും എന്താണെന്നും,
എങ്ങനെയാണന്നും അറിയുന്നത് കാരണം ഞാൻ കെട്ടുന്ന പെണ്ണിന്റെ വീട്ടുകാർക്ക് അതുണ്ടാകാ ൻ പാടില്ല എന്നുണ്ടായിരുന്നു .

മഹറുണ്ടാക്കാനും , കല്യാണ ചെലവിനും പെണ്ണിനത്യാവശ്യം വേണ്ട സ്വർണ്ണം വാങ്ങാനും വേണ്ടി ഒരു കൊല്ലം കൂടി നിന്നു .

അൻവറിന്റെ ജീവിത കഥ നെടുവീർപ്പിട്ടും, സങ്കടത്തോടെയും ശ്രദ്ധിച്ചിരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു ” നിനക്ക് പ്രേമം ഒന്നും ഉണ്ടായിരുന്നില്ലേ . ? “

കേട്ടതും അവൻ പറഞ്ഞു ” ഉണ്ടായിരുന്നു ആദ്യമായും അവസാനമായും ഒന്ന് മാത്രം “.

” ഓർക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം പറഞ്ഞാൽ മതിയെടാ നിർബന്ധം ഒന്നുമില്ല . നിന്റെ പ്രണയം കൂടി അറിയാൻ എനിക്ക്‌ താൽപ്പര്യമുണ്ട് അതോണ്ട് ചോദിച്ചതാ ” എന്ന് ഞാൻ പറഞ്ഞപ്പോളവൻ ചിരിച്ചു കൊണ്ട് പറഞ്ഞു ” ആദ്യ പ്രണയം ആരാടാ മറക്കുക . എന്റെ വീടിന് തൊട്ടടുത്തുള്ള പറമ്പു വാങ്ങി അതിൽ വീട് വെച്ച്
കുറച്ചപ്പുറത്തുള്ള ഒരു നാട്ടിൽ നിന്നും താമസം മാറി വന്ന ഒരു ഫാമിലിയുണ്ട് . അവർ വീട് വെച്ച് വീട് കുടിയിരിക്കുന്നതിന്റെ തലേ ദിവസം എന്നോട് പറഞ്ഞതനുസരിച്ചു ഞാനവരുടെ വീട്ടിലെ റൂമിൽ സീലിംഗ് ഫാൻ ഫിറ്റ് ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് ഞാനവളെ ആദ്യമായി കാണുന്നത് .

കയ്യിൽ നിന്നും നിലത്തേക്ക് വീണ സ്ക്രൂ ഡ്രൈവർ എടുക്കാൻ കോണിയിൽ നിന്നും ഇറങ്ങേണ്ട മടിക്ക് അവിടെ ആരെങ്കിലും ഉണ്ടോ..? എന്ന് വിളിച്ചു ചോദിച്ചപ്പോൾ ആ ബാഗത്തെക്ക് വന്ന അവളോട്‌ ‘ ഡീ ആ സാധനം ഇങ്ങട്ട് എടുത്തേ ‘ എന്ന് പറഞ്ഞതും സ്ക്രൂ ഡ്രൈവർ എടുത്ത് നീട്ടി കൊണ്ട് അവള് ചൂടായി പറഞ്ഞു ‘ഡീന്നു നിന്റെ കെട്ട്യോളെ പോയി വിളിക്ക് ‘ എന്ന്… ! . ‘ന്നാ നീ എന്റെ കെട്ട്യോളായിക്കോ ഡീ ‘ എന്ന് ഞാൻ വീണ്ടും തമാശിച്ചപ്പോൾ ഞാൻ നിൽക്കുന്ന കോണി പിടിച്ചു കുലുക്കി എന്നെ പേടിപ്പിച്ചു ഓള് അപ്പുറത്തേക്ക് പോയി.

ഫാൻ ഫിറ്റ് ചെയ്തപ്പോഴേക്കും അവളെന്റെ ഖല്ബിലും ഫിറ്റായിരുന്നു . ആരാണ് പടച്ചോനെ ഈ പെണ്ണ് എന്ന് നോക്കാൻ ധൃതിയിൽ അവിടെ തിരയുമ്പോഴാണ് അവളെന്റെ വീട്ടിൽ കൂടി നിന്ന് വർത്താനം പറയുന്ന പെണ്ണുങ്ങളുടെ സംസാരം കേട്ട് നിൽക്കുന്നത് .

അപ്പുറത്തുണ്ടായിരുന്ന എന്റെ ചെറിയ പെങ്ങളോട് മുഖത്തെ ആകാംക്ഷ കാണിക്കാതെ ആരൊക്കെയാ നമ്മുടെ വീട്ടിൽ ആ നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ പെങ്ങള് പറഞ്ഞു ‘അവര് നമ്മുടെ പുതിയ അയൽവാസികളാണെന്ന് ‘.

അറിഞ്ഞു വന്നപ്പോൾ ഞാൻ പഠിക്കുന്ന അതെ കോളേജിൽ അവൾ പ്ലസ് വൺ . കോളേജിൽ വെച്ച് എന്നും കാണുമെങ്കിലും കോണി പിടിച്ചു കുലുക്കിയ പരിചയം പോലും കാണിക്കില്ലായിരുന്നു . നല്ല അച്ചടക്കമുള്ളവൾ. അതെല്ലാം കൂടി അവളോടുള്ള എന്റെ പ്രണയം വർദ്ധിപ്പിച്ചു . എന്നും കൂടെ നടക്കുമെങ്കിലും ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല .

വെറുതെ പോലും അവളെന്നെ നോക്കില്ലായിരുന്നു . ഉപേക്ഷിക്കാനും കഴിയാത്ത അവസ്ഥ . അവൾ കയറുന്ന ബസ്സിൽ ഞാനും കയറും അവൾ ലീവ് എടുത്താൽ ഞാനും ലീവ് ചുരുക്കി പറഞ്ഞാൽ വൺ സൈഡ് പ്രണയം കത്തി നിൽക്കുന്ന സമയത്താണ് അന്നൊരു ദിവസം ഞാനവളുടെ പിന്നാലെ അവൾ കയറിയ ബസ്സിൽ കയറുന്നത് .

” തുടരും ”
_______________________

” ചിലരെ വിധി ദയയില്ലാതെ വേദനിപ്പിക്കുന്നത് കാണുമ്പോൾ വിധിയോട് നമുക്കും വെറുപ്പ് തോന്നിപോകും “