പൂവാകകളുടെ കാവൽക്കാരൻ

എയ്ഞ്ചൽ ഫെഡറിക് എന്നെഴുതിയ കല്ലറയിലേയ്ക്ക് ഒരു പിടി പനിനീർപ്പൂക്കൾ വെയ്ക്കുമ്പോൾ വാകപ്പൂക്കളാൽ മൂടിക്കിടന്നിരുന്ന ആ കല്ലറയ്ക്ക് അതൊരു അഭംഗിയാണെന്ന് ആനിയമ്മയ്ക്ക് തോന്നി. ഒരു പക്ഷെ ഈ പനിനീർപ്പൂക്കൾ വെച്ചത് എയ്ഞ്ചലിനും ഇഷ്ട്ടമായിട്ടുണ്ടാവില്ല. പണ്ടും ഈ വാകപ്പൂക്കളോട് തന്നെയായിരുന്നു എയ്ഞ്ചലിന് പ്രണയം. കല്ലറയിലെ പേരിന് മുകളിൽ കിടന്നിരുന്ന വാകപ്പൂക്കൾ വശങ്ങളിലേയ്ക്ക് വകഞ്ഞ് വെച്ച് ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു ആനിയമ്മ. കണ്ണാടിക്കനാലിന്റെ ഇരുവശങ്ങളിലും ചുവന്ന് തുടുത്ത് കിടക്കുന്ന നാട്ടുവഴികളിലേയ്ക്ക് നോക്കി കല്ലറയ്ക്കരികിൽ നിന്നുമെഴുന്നേറ്റ് ആനിയമ്മ കല്ലറയോട് ചേർന്നുള്ള വാകയുടെ ചുവട്ടിലെ സിമെന്റ് ബെഞ്ചിലിരുന്നു. കണ്ണാടിക്കനാലും ഈ നാട്ടുവഴികളും കനാലിന് കുറുകേയുള്ള നാലടിമാത്രം വീതിയുള്ള പാലവുമെല്ലാം ഒരിക്കൽ തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നു. അതിനൊക്കെ കാരണമായവനാണ് പൂത്തുലഞ്ഞ് നിൽക്കുന്ന ഈ പൂവാകകളുടെയൊക്കെ കാവൽക്കാരനായി പൊട്ടിയടർന്ന ഈ കല്ലറയ്ക്കുള്ളിൽ ഉറങ്ങുന്നത്. തൂവാനതുമ്പികൾ ഇറങ്ങിയ സമയത്താണ് എയ്ഞ്ചൽ അപ്രതീക്ഷിതമായി തന്നിലേയ്ക്കെത്തപ്പെടുന്നത്. ഒരു ആസ്വാദകനും അപ്പുറം ഒരു മികച്ച ചലച്ചിത്രനിരൂപകനും കൂടിയായിരുന്നു അയാൾ. വായനശാലയിലെ വൈകുന്നേരങ്ങളിൽ ക്ലാരയോടും ജയകൃഷ്ണനോടുമുള്ള പലരുടേയും സദാചാര നിലപാടുകളെ തല്ലിയുടച്ച് തീ പാറുന്ന വാഗ്മയ സാമർത്ഥ്യത്താൽ ഉറച്ച നിലപാടുകളോടെ അയാൾ ജ്വലിച്ച് നിൽക്കുന്ന കാഴ്ച്ച ഇന്നും കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല..
ക്ലാരയുടേയും ജയകൃഷ്ണന്റേയും പ്രണയത്തെ, നിലപാടുകളെ ഇത്ര മനോഹരമായി തനിക്ക് മുന്നിൽ വാക്കുകളാൾ വരച്ചിട്ടൊരാൾ വേറെയില്ല. ആ ഒറ്റ സംഭവത്തോടെയാണ് എയ്ഞ്ചലിനോടുള്ള വല്ലാത്ത ഹരം കൊള്ളിക്കുന്ന ആരാധനയുടെ ആരംഭം. അതോടെ എല്ലാ വെള്ളിയാഴ്ച്ചയും വൈകുന്നേരം വായനശാലയുടെ നോട്ടീസ് ബോർഡിൽ പതിക്കുന്ന എയ്ഞ്ചലിന്റെ ചലച്ചിത്ര നിരൂപണങ്ങളുടെ സ്ഥിരം വായനക്കാരിയായി താൻ മാറുകയും ചെയ്തു. ശനിയാഴ്ച്ച രാവിലെ തന്നെ വായനശാലയിൽ നിന്നെടുത്ത പുസ്തകം വായിച്ചോ എന്നുപോലും നോക്കാതെ അതുമെടുത്ത് വെച്ചുപിടിക്കും എയ്ഞ്ചലിന്റെ ചലച്ചിത്രനിരൂപണങ്ങൾ വായിക്കാൻ. വായനശാലയിലേയ്ക്ക് പോകുമ്പൊ ഈ വഴിയരികിലെവിടെയെങ്കിലും ഉണ്ടാവും അയാൾ. ഈ കാണുന്ന പൂവകകളൊക്കെയും എയ്ഞ്ചൽ നട്ടുപിടിപ്പിച്ചതാണ് ആ സമയത്ത്. അതിനൊക്കെ കനാലിൽ നിന്ന് വെള്ളം തേവിയും വേലികൾ കെട്ടിയും തൈകൾ തിന്നാൻ വരുന്ന പൈക്കളെയോടിച്ചും ഈ വഴിയോരങ്ങളിലെ പൂവാകതൈകളുടെ

കാവൽക്കാരനായുണ്ടാവും അയാൾ. എയ്ഞ്ചലിനോടുള്ള ആരാധന മൂർദ്ധന്യാവസ്ഥയിലെത്തി താൻ പോലുമറിയാതെ ആ വികാരം പ്രണയത്തിലേയ്ക്ക് വഴിമറിയൊരു ഉന്മാദാവസ്ഥാക്കാലമായിരുന്നു അത്. ഓർമ്മകളിൽ പ്രണയത്തിന്റെ മണമുള്ള ഒരു കാലം. തെറുപ്പ് ബീഡിയുടെ എരിയുന്ന മണമുള്ള കാലത്തിന്റെ ഓർമ്മയിൽ അപ്പൻ, ചെത്ത് കള്ളിന്റെ മണമുള്ള കാലത്തിന്റെ ഓർമ്മയിൽ അപ്പന്റെ സന്തത സഹചാരി ചന്ദ്രേട്ടൻ. നാടൻ പന്തുകളി മൈതാനത്തെ പൂഴിമണ്ണിന്റെ മണമുള്ള കാലത്തിന്റെ ഓർമ്മയിൽ തന്റെ ചേട്ടായി ആന്റപ്പൻ. അങ്ങിനെ തനിക്ക് പരിചയമുണ്ടായിരുന്ന ഓരോ മണങ്ങളിലും ഭൂതകാലത്തിലെ ഓരോരുത്തരും ഓരോ കാലവും ഒളിഞ്ഞിരിക്കുന്നുണ്ട്. എയ്ഞ്ചലിനെക്കുറിച്ചെപ്പോഴൊക്കെ ഓർക്കാറുണ്ടോ ആ ഓർമ്മകളുടെയെല്ലാം അവസാനം പ്രണയത്തിന്റെ ഗന്ധം ഉള്ളിൽ നിറയ്ക്കുകയാണ് അയാൾ….

കനാലിലെ വെള്ളക്കെട്ടിൽ ഊളിയിട്ടുയരുന്ന നീർക്കാക്കകളെ നോക്കിയിരുന്നു ആനിയമ്മ. ആ നീർക്കാക്കകളെപ്പോലെയാണ് താനും, ഓർമ്മകളുടെ നിലയില്ലാക്കയങ്ങളിലേയ്ക്കിങ്ങനെ ഊളിയിട്ട് കൊത്തിയെടുക്കുന്ന ഓർമ്മകളെ ഹൃദയത്തിലിട്ട് താലോലിച്ച് ജീവിക്കുകയാണ്. ആനിയമ്മ ചുറ്റിനും നോക്കി ഓരോ പൂവാകകളുടേയും ചുവട്ടിൽ ഓരോ സിമെൻ്റ് ബെഞ്ചുണ്ട്. ഒട്ടുമിക്കതിലും ഓരോ പ്രണയജോഡികൾ ചേക്കേറിയിരിക്കുന്നു. ചുറ്റും പൂത്തുലയുന്ന പ്രണയത്തിലേയ്ക്ക് ചുവന്ന ഇതളുകൾ പൊഴിച് നിൽക്കുന്ന പൂവാകകളും. എത്ര മനോഹരമായാണ് എയ്ഞ്ചൽ ഈ കണ്ണാടിക്കനാലിന്റെ കരകളിൽ അയാളിലെ വറ്റാത്ത പ്രണയത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. എയ്ഞ്ചലിന് നേരെയുളള തന്റെയോരോ നോട്ടങ്ങളിലും പ്രണയമുണ്ടായിരുന്നു. ഒരിക്കൽ പോലും അയാളത് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലേ.?.. വായനശാലയിൽ കണുമ്പോൾ ഒന്നോ രണ്ടോ വാക്കുകളിലൊതുങ്ങുന്ന വിശേഷാന്വേഷണങ്ങളും വഴിവക്കിൽ കാണുമ്പൊ നീളുന്ന ഒരു പുഞ്ചിരിയും മാത്രമായിരുന്നു എയ്ഞ്ചൽ തനിക്കായ് നൽകിയ ഔദാര്യങൾ. എന്നിട്ടും അത്രമേൽ പ്രിയപ്പെട്ടതായി തന്നിൽ കുടിയേറി കാലങ്ങളോളം ഒളിവിൽ കഴിയുകയായിരുന്നു അയാൾ. മറ്റാർക്കും ഒറ്റുകൊടുക്കാതെ ഈ കനാൽകരയിൽ ഒരുനാൾ അയാൾ തനിക്കായ് പങ്കുവെക്കപ്പെടുന്ന പ്രണയവും സ്വപ്നം കണ്ട് ഇവിടെയാകെ ചുറ്റി നടന്നൊരു പെൺകുട്ടി!. നെടുവീർപ്പോടെ ആനിയമ്മ

ഓർമ്മകളുടെ തോളിൽ നിന്നും കൈയ്യെടുത്ത് സിമെന്റ് ബെഞ്ചിന്റെ ചാരിൽ തല ചായ്ച്ചിരുന്നു…

പ്രീഡിഗ്രി അവസാന വർഷം കലാലയത്തിൽ സംഘടിപ്പിക്കപ്പെട്ട നാടകോൽസവത്തിന്റെ പ്രധാന സംഘാടകൻ പൂർവ്വവിദ്യാർത്ഥിയായിരുന്നിട്ട് കൂടി എയ്ഞ്ചലായിരുന്നു. വേണ്ട നിർദ്ദേശങ്ങളും പ്രവർത്തനങ്ങളുമായി കലാലയമാകെ അന്ന് നിറഞ്ഞ് നിന്നിരുന്ന അയാളെ ഇന്നും ഓർക്കുന്നു. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമിടയിൽ എയ്ഞ്ചലിനുള്ള സ്വീകാര്യത തെല്ലൊന്നുമല്ല അന്ന് തന്നെ അമ്പരപ്പിച്ചത്. ആ സ്വീകാര്യതയ്ക് പിന്നാലെയുള്ള അന്വേഷണത്തിന്റെ ഉത്തരം തന്നെ തേടിയെത്തിയത് കോളേജ് ലൈബ്രറിയിലെ പൊടി പിടിച്ച പുസ്തകക്കെട്ടുകൾക്കിടയിലെ പഴയൊരു കോളേജ് മാഗസിനിൽ നിന്നാണ്. എയ്ഞ്ചൽ ഫെഡറിക് എന്ന പേരിനും പഴയൊരു ചിത്രത്തിനുമൊപ്പം എഴുതിച്ചേർകപ്പെട്ടിരുന്ന ഭാരവാഹിത്വങ്ങൾ ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ആർട്‌സ് ക്ലബ്ബ് സെക്രട്ടറി, മാഗസിൻ എഡിറ്റർ, ബ്രായ്ക്കറ്റിൽ കണ്ട “യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടർ” പട്ടം. അറിയുംതോറും അത്ഭുതങ്ങൾ മാത്രം സമ്മാനിക്കുന്ന ഒരു മായാജാലക്കാരനായി എയ്ഞ്ചൽ. മാഗസിന്റെ ആ ഒരു പേജ് കീറിയെടുത്ത് കുറേയേറെക്കാലം താൻ സൂക്ഷിച്ചിരുന്നു…..

പ്രീഡിഗ്രി തോറ്റ് നിൽക്കുന്ന സമയത്താണ് അപ്പന്റെ പ്രവചനം. “ഇനി പഠിത്തവും കോളേജുമൊന്നും വേണ്ട. കെട്ടിച്ച് വിട്ടാൽ ആ ആധിയങ്ങ് തീരുമല്ലൊ”!. മക്കളാരുടേയും ഇഷ്ട്ടമോ അഭിപ്രായമോ ചോദിക്കുന്ന ശീലം അപ്പന് പണ്ടേയില്ല. അപ്പന്റെ തീരുമാനങ്ങൾ ശിരസ്സാ വഹിച്ചുകൊള്ളുക അതാണ് അപ്പന്റെയൊരു രീതി. ആരോടും ഒന്നും പറയാതെ ഒരു പാലാക്കാരൻ അമേരിക്കക്കാരനുമായുള്ള മനസമ്മത തിയതി നിശ്ചയിച്ച ശേഷം വൈകിട്ട് അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ അപ്പൻ വീണ്ടും ഒരു പ്രവചനം കൂടി നടത്തി. “വരുന്ന ഞായറാഴ്ച്ച നമ്മുടെ പള്ളിയിൽ വെച്ച് കൊച്ചുപെണ്ണിന്റെ മനസമ്മതം നടത്താൻ ഞാൻ വാക്ക് കൊടുത്തു. ചെറുക്കൻ അമേരിക്കയിലാണ് “. തിരുവായ്ക്ക് എതിർവായില്ല എന്നാണല്ലൊ! അപ്പനോട് മറുത്തൊരക്ഷരം പറയാൻ പോയിട്ട് ആ മുഖത്ത് നേരെ നോക്കാൻ പേടിയായിരുന്ന താൻ ആ രാത്രി മുഴുവൻ കരഞ്ഞു. എയ്ഞ്ചലിനോട് തന്റെ ഇഷ്ടം ആ രാത്രി തന്നെ പോയി പറഞ്ഞാലോ എന്നുവരെ തോന്നിപ്പോയി. പക്ഷെ അയാളുടെ

പ്രതികരണം എന്തായിരിക്കുമെന്ന ഭയം തന്നെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചു. സൗഹൃദത്തോടെയല്ലാതെ അയാളിതുവരെ തന്നെയൊന്ന് നോക്കുക പോലും ചെയ്തിട്ടില്ല. അപ്പനോടുള്ള പേടിയ്ക്കും എയ്ഞ്ചലിന്റെ പ്രതികരണം എങ്ങനെയാവുമെന്നുള്ള ചിന്തയ്ക്കുമിടയിൽ കിടന്ന് തന്റെ ഇഷ്ടം അയാളോട് പറയാനുള്ള ധൈര്യം പിടഞ്ഞൊടുങ്ങി…..

വിവാഹശേഷം അമേരിക്കയിലെത്തപ്പെട്ടതോടെ എയ്ഞ്ചലും ഓർമ്മകളിൽ മാത്രമായി. വർഷങ്ങൾക്ക് ശേഷം തിരികെ വീട്ടിലേയ്ക്ക് വരുമ്പോൾ കനാൽക്കരയിൽ പൂത്ത് നിന്ന ഈ പൂവാകകളാണ് എയ്ഞ്ചലിന്റെ ഓർമ്മകളിലേയ്ക്ക് വീണ്ടും കൊണ്ടുപോയത്. അയാളെക്കുറിച്ച് വെറുതേയൊരു കൗതുകത്തിനായി അന്വേഷിച്ചപ്പോഴാണ് അയാൾ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടതും അയാളുടെ ആഗ്രഹപ്രകാരം ഈ കനാൽക്കരയിലെ ഒമ്പതാമത്തെ പൂവാകയുടെ ചുവട്ടിലാണയാളെ അടക്കം ചെയ്തിരിക്കുന്നതെന്നതും അറിഞ്ഞത്. വിവാഹം പോലും കഴിക്കാതെ കണ്ട കാലമത്രയും ഈ കനാൽക്കരയിൽ പ്രണയവസന്തം തീർത്തയാൾ ആർക്കുവേണ്ടിയാവും കാത്തിരുന്നത്!. പൂവാകകൾ തീർത്ത ചുവന്ന നാട്ടുവഴിയിലൂടെ കനാൽക്കരയിൽ നിന്നും നടന്നകലുമ്പോൾ ആനിയമ്മയുടെ മനസ്സിൽ പൂർത്തിയാക്കാൻ കഴിയാത്ത ഒരു പദപ്രശ്നമായി ആ ചോദ്യം അവശേഷിച്ചു..

ആനിയമ്മയറിയാതെ പോയ പൂവാകകളുടെ രഹസ്യം:-

കലാലയ ജീവിത കാലഘട്ടത്തിൽ എയ്ഞ്ചലിനെ തേടി വന്ന കുറച്ച് കവിതകളായിരുന്നു കനാൽക്കരയിലെ പൂവാകകൾക്ക് ജന്മം നൽകിയത്. നിശബ്ദമായി അയാളോട് പ്രണയം പറഞ്ഞിരുന്ന കവിതകൾ. “അപരിചിത” എന്ന പേരിൽ ആ വന്ന ഓരോ വരികളേയും അത്രമേൽ പ്രണയിച്ചിരുന്നു അയാൾ. ഓരോ വരികളും അയാളുടെ നെഞ്ചിലേയ്ക്ക് അത്രമേൽ വേരാഴ്ത്തിയിരുന്നു. ആർട്‌സ് ക്ലബ് സെക്രട്ടറിയായും മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചത് അവസാന വർഷമാണ്. ആ വർഷാദ്യമാണ് അവസാന കവിത എയ്ഞ്ചലിനെ തേടിയെത്തിയത്. കനാൽക്കരയും പൂവാകകളുടെ വസന്തവും അവിടെ എയ്ഞ്ചലിനായി കാത്തിരിക്കുന്ന പ്രണയവുമായിരുന്നു ആ കവിതയുടെ ഉള്ളടക്കം. പിന്നീട് കവിതകളോ കുറിപ്പുകളോ അയാളെ തേടിയെത്തിയില്ല. കവിതകളെത്താതായതോടെ എയ്ഞ്ചൽ ആ അപരിചിതയെക്കുറിച്ച് കുറേ അന്വേഷിച്ച് നടന്നു, നിരാശയായിരുന്നു ഫലം. എന്നാൽ അവസാനം വന്ന ആ കവിതയ്ക്ക് എയ്ഞ്ചൽ ഒരു മറുപടി കവിതയെഴുതി. മാഗസിൻ

പ്രിന്റ്‌ ചെയ്യാൻ കൊടുത്തപ്പോൾ അവസാനം വന്ന ആ കവിതയും അയാളെഴുതിയ മറുപടി കവിതയും ഉൾപ്പെടുത്തി. ആ മാഗസിനിൽ നിന്നും കീറിയെടുത്ത പേജാണ് ആനിയമ്മ കുറേകാലം സൂക്ഷിച്ചിരുന്നത്. അയാളെഴുതിയ മറുപടി കവിതയുടെ അവസാന വരികൾ ഇങ്ങനെയായിരുന്നു…

“എന്നിൽ നീ നുള്ളിയിട്ട പ്രണയവസന്തം പൂവാകകളായി ആ കനാൽക്കരയിൽ തളിർക്കും…
നീ തന്ന ഓർമ്മകളുടെ കാവൽക്കാരനായി അവിടെയാ ഒമ്പതാം പൂവാകച്ചോട്ടിൽ ഞാൻ കാത്തിരിക്കും….
അതിന്റെ വേരുകളെന്നിലാഴ്ന്നിറങ്ങി വരിഞ്ഞ് മുറുകുമ്പോഴും ഞാനാ പൂവാകത്തുമ്പുകളിൽ പൂത്ത് നിൽക്കും..”