യാത്രാമൊഴി

ഈ മഴക്കാലവും എല്ലായിപ്പോഴുമെന്ന പോലെ നിന്നിലേക്കുള്ള പിൻനടപ്പാണ് രേവതി. എവിടെയോ വെച്ചു മറന്നു പോയൊരു കളിപ്പാട്ടം തിരിച്ചു കിട്ടുന്നത് പോലെ ആവും ഇനിയൊന്നു നിന്നെ കണ്ടാൽ… കണ്ടാൽ മാത്രം മതി പെണ്ണേ….ഒന്നു കാണണം.. അതിനാണ് ഈ യാത്ര…

അവസാനം നാം കണ്ടു പിരിഞ്ഞതീ കാവിന്റെ നടയിൽ വെച്ചാണ്. മഴപ്പാറൽ ചീറിയടിച്ച ആ വൈകുന്നേരത്ത് ചുറ്റു വിളക്കിന്റെ പ്രഭയിൽ മറ്റൊരു നെയ് വിളക്ക് പോലെ രേവതീ നിന്നെ ആദ്യം കണ്ടതും ഇവിടെ വെച്ച് തന്നെ എന്നത് നിയോഗമാണല്ലേ? പറഞ്ഞു പിരിയാൻ നേരവും നാം കണ്ടതെവിടെ തന്നെ. യോഗമാവും അതും. ജാതിയിൽ താണ എന്നെ കെട്ടാൻ, എന്നോടൊപ്പം ഇറങ്ങി വരാൻ, എന്നാണ് അച്ഛനും അമ്മയും അനിയത്തിയുമൊക്കെ തടസ്സമായത്?

ഞാൻ ആദ്യം കൈമാറിയ പ്രണയലേഖനവും ഒപ്പം തന്ന കരിവളകളും, മുല്ലപ്പൂമാലയും വാങ്ങിയപ്പോൾ ജാതിയും പണവും ജോലിയും ഒന്നും നിന്റെ മനസിൽ വന്നിരുന്നില്ലേ ? ഇന്നിപ്പോൾ ചോദ്യങ്ങൾ മാത്രമേ ഉള്ളൂ നെഞ്ചിൽ..

അന്ന് ലോകം വെട്ടി പിടിച്ചവനെ പോലെ ഞാൻ നെഞ്ചു വിരിച്ചു നടന്നത് രണ്ടു കൊല്ലം. ആരും കൊതിക്കുന്ന നെയ്തലാമ്പൽ പോലത്തെ നിന്നെ എന്റെ പെണ്ണായി, ഭാര്യയായി മക്കളുടെ അമ്മയായി ഒരു നൂറു വട്ടം ഞാൻ സങ്കല്പിച്ചിട്ടുണ്ട്.. നാം ഒപ്പം നടത്തിയ യാത്രകൾ എന്റെ കൈ വിടാതെ മുറുകെ പിടിച്ച് നീ ഒരു മുയൽ കുഞ്ഞിനെ പോലെ പതുങ്ങിയിരുന്നിരുന്നു…

ഞാനൊരിക്കലും മറിച്ച് ചിന്തിച്ചിട്ടില്ലായിരുന്നു നീ എന്നെ മറന്നു വേറെ ഒരു കല്യാണം കഴിക്കാൻ സമ്മതം മൂളുമെന്ന് .. ഒരു മഴ മുടിയഴിച്ചിട്ട് കലി തുള്ളിയ വൈകുന്നേരത്താണ് കരിമഷി എഴുതിയ കണ്ണു നിറച്ചു കൊണ്ട് പറഞ്ഞത്, “”അമ്മയേം അച്ഛനേം വിട്ടു വരാൻ വയ്യ, ഉണ്ണിയേട്ടൻ വേറെ വിവാഹം കഴിക്കണം. ഞാൻ ഇറങ്ങി വന്നാൽ അച്ഛൻ ആത്മഹത്യ ചെയ്യുമെന്നാ പറയുന്നേ.. വയ്യ ഉണ്ണിയേട്ടാ, ഉണ്ണിയേട്ടനോടൊപ്പം ജീവിക്കാൻ വയ്യ, യോഗമില്ല, വിധിയാണ്, ഇനി ഉണ്ണിയേട്ടൻ എന്നെ കാണണ്ട” എന്നൊക്കെ. എന്റെ തലയിൽ ഒരായിരം കതിന ഒന്നിച്ചു പൊട്ടിയ പോലെ, ചുറ്റും വെളിച്ചം, ഇരുട്ട്, ശബ്ദങ്ങൾ കേൾക്കാൻ വയ്യ .. അത്രയും പറഞ്ഞു അവൾ വളരെ നിസ്സാരം ആയി തിരിഞ്ഞു നടന്നു. എത്ര നേരം അവിടെ നിന്നെന്നോ, എപ്പോൾ ഘനം കൂടിയ കാലുകൾ വലിച്ചു കൊണ്ട് വീടെത്തിയെന്നോ ഓർമ്മയില്ല .. പുൽപ്പായയിൽ കമിഴ്ന്നു

കിടന്നു ഏങ്ങലടിച്ചു കരഞ്ഞതും, ആ രാത്രിക്കൊടുവിൽ ഒന്നൂടി രേവതിയെ കാണാൻ രാത്രി തന്നെ പോകണം തോന്നി. അവളുടെ വീടിനടുത്തു വരെ പോയി , ഇരുട്ടത്ത് അവളുടെ മുറിയുടെ ജന്നലയ്ക്കൽ കൊട്ടി, അവൾ ആ ജനവാതിൽ തുറക്കാതെ തന്നെ പറഞ്ഞു, ” ഉണ്ണിയേട്ടാ നാളെ എന്റെ നിശ്ചയമാണ് , ഉണ്ണിയേട്ടനായി അത് മുടക്കരുത്, ഇനി എന്നെ കാണാൻ ശ്രമിക്കരുത് .”

എങ്ങനെ എത്ര എളുപ്പത്തിൽ അവളത് പറഞ്ഞു തീർത്തു എന്നു ഞാനോർത്തു….. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് ഞാൻ നേരെ പോയത് ഷൊറണൂർ റയിൽ സ്റ്റേഷനിൽ, ബോംബയ്ക്ക് ടിക്കറ്റെടുത്തു അനിലിന്റെ സഹായത്തോടെ പത്ത് ദിവസത്തിനുള്ളിൽ ദുബൈക്ക്.

ഇത് നടന്നിട്ടു മൂന്നു കൊല്ലം ആകുന്നു. ഇതിനിടക്ക് അമ്മയ്ക്ക് മൂന്നോ നാലോ കത്തു സുഖമായിരിക്കുന്നു, പൈസ മാസാ മാസം ബാങ്കിൽ വരും. ചിലവുകൾ നടത്തുക. ബന്ധങ്ങൾ ഒന്നുമല്ലെന്ന് രേവതി പഠിപ്പിച്ചു തന്നിരിക്കുന്നു.

ഇത് വെറുതെ ഒരു മടക്കം. അമ്മയെ കാണണം എന്ന തോന്നലിൽ. അവൾ , അവളെ ഒന്നു കാണണം, വെറുതെ.. വെറുതെ.. മോഹം ആണ്…

മനഃപൂർവം അമ്മയോട് അവളെ പറ്റി ചോദിച്ചില്ല, അവളെ പറ്റി അമ്മ ഒന്നും പറഞ്ഞുമില്ല… ചെന്ന ദിവസം ചുറ്റുവിളക്ക് നേർന്നു അവിടെ ചുറ്റി പറ്റി ഇത്തിരി നേരം, അവൾ വന്നാലോ.. ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിൽ വന്നിട്ടുണ്ടേൽ അവൾ കാവിൽ വരാതിരിക്കില്ല…. ഇല്ല,വന്നിട്ടില്ല അവൾ.. ആരോടെങ്കിലും ചോദിക്കാനും ഒരു മടി…

അവളുടെ വീട്ടിലെ വടക്കേപ്പുറത്തെ ചക്കര മാവിന്റെ അടുത്ത് കൂടി ആണ് കൂട്ടുകാരൻ പ്രമോദിന്റെ വീട്ടിലേയ്ക്കുള്ള വഴി, വെറുതെ അങ്ങോട്ട് പോയി നോക്കാം.. ഒന്നു കാണാൻ വല്ലാത്ത കൊതി, തന്നെ തള്ളിപ്പറഞ്ഞതാണേലും അവൾ മനസിൽ നിന്നും പോയിട്ടില്ല..

അലസം ആയി ആ ചെമ്മണ്ണ് വിരിച്ച പാതയിലൂടെ നടന്നു… അവളുടെ മുറി കാണാം.. അവൾ ഓമനിച്ച് വളർത്തിയ മുല്ല വള്ളിയും പാരിജാതവും ഒന്നും കാണാനില്ല.. പകരം പരിചയമില്ലാത്ത ഒരു അസ്ഥിത്തറ പോലെ എന്തോ ഒരു കെട്ടു

കാണുന്നല്ലോ?? അവളുടെ അച്ഛൻ മരിച്ചു കാണും.. പാവം,അവൾക്കു അച്ഛനെ വല്യ ഇഷ്ടായിരുന്നു…

പ്രമോദ് ജോലി കഴിഞ്ഞു വന്നിട്ടുണ്ട് വീട്ടിൽ, കൃഷി ആണ് അവനിപ്പോഴും.. ബിരുദം ഉണ്ടായിട്ടും കൃഷിപ്പണി, അവനൊരു അസ്സല് കൃഷിക്കാരൻ ആയി മാറിയിട്ടുണ്ടല്ലോ.. ചായ, വട ഒക്കെ കൊണ്ട് വന്നു അവന്റെ ഭാര്യ. സംസാര മധ്യേ രേവതി പോയത് നീ അറിഞ്ഞില്ലേ എന്ന ചോദ്യത്തിന് മറുപടി, അവൾ പറഞ്ഞിരുന്നു നിശ്ചയം ആണെന്ന്, എങ്ങോട്ടു കെട്ടി കൊണ്ട് പോയെന്നൊന്നും അറിയില്ല എന്നു ഞാനും.. പരസ്പരംനോക്കുന്നു പ്രമോദും ഭാര്യയും. ”നീ നാട് വിട്ടു അടുത്ത ആഴ്ച്ച അവൾക്ക് ഓപ്പറേഷൻ ആയിരുന്നു, തലയിൽ റ്റ്യുമർ, തലച്ചോറിലെ ഗ്രോത്ത് കളഞ്ഞു, അവൾ ആരെയും തിരിച്ചറിയാതെ ഒരു നാലു മാസം അത് കഴിഞ്ഞു.. അവൾ പോയി, ആ മാവിന്റെ താഴെ അവളുടെ അസ്ഥിത്തറയാണ്, നിനക്കത് കാണാമല്ലോ വരും വഴി.. നീ അറിഞ്ഞില്ലേ…?”’

കതിനകൾ പിന്നെയും ഒന്നിച്ചു പൊട്ടി..

അവൾ എന്തിനായിരുന്നു അന്ന് അങ്ങനെ പറഞ്ഞത്, കല്യാണം ആണെന്ന് നുണ പറഞ്ഞത്.. എന്നെ നോവിച്ചു അങ്ങു ഒഴിവാക്കിയാൽ ഞാനവളെ വെറുക്കും..അവളുടെ മരണം എന്നെ വേദനിപ്പിക്കില്ല എന്നൊക്കെ ചിന്തിച്ചിട്ടാവും… ”പെണ്ണേ എങ്കിൽ നിനക്ക് തെറ്റി, നിന്നെ സ്നേഹിച്ചതിനു അപ്പുറം ഈ മനസിലേയ്ക്ക് ആരും വന്നിട്ടില്ല.. ഇഷ്ടത്തിന്റെ ഉറവ നിനക്ക് തന്നിട്ടാണ് നിന്നെ ഞാൻ സ്നേഹിച്ചത്.. മരുഭൂമിയാണ് ഈ മനസ്സ്.. നിനക്കറിയില്ല നിന്റെ ഉണ്ണിയേട്ടനെ .. അല്ലേ ??ഒപ്പം നിന്നു ഞാൻ നോക്കില്ലായിരുന്നോ? ”’

ഇവിടെ ഇന്ന് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നെ നിന്റെ മനസിനെ പല തവണ അപഗ്രഥിക്കുവാൻ ശ്രമിച്ചു നോക്കിയിരുന്നു…

രേവതി.. യാത്ര പറയാതെ യാത്ര പറഞ്ഞവൾ….. ഞാനും മടങ്ങുകയാണ്.. നിന്നെ ഒന്നു കാണാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്..

അമ്പലപ്രാവുകൾ കുറുകുന്നുണ്ട് തലക്ക് മുകളിൽ…… നീയുണ്ടോ രേവതി അതിൽ?